യശ്വന്ത് സിന്‍ഹയുടെ കസ്റ്റഡി കാലാവധി നീട്ടി Posted: 16 Jun 2014 12:09 AM PDT ഹസാരിബാഗ്: ഇലക്ട്രിക്സിറ്റി ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ കസ്റ്റഡി കാലാവധി നീട്ടി. 12 ദിവസത്തേക്കുകൂടി സിന്‍ഹ ജയിലില്‍ തുടരും. കേസ് വീണ്ടും ഈ മാസം 28ന് പരിഗണിക്കും. അതേസമയം, മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനി നാളെ യശ്വന്ത് സിന്‍ഹയെ ജയിലില്‍ സന്ദര്‍ശിക്കും. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളാരും തന്നെ യശ്വന്ത് സിന്‍ഹയെ സന്ദര്‍ശിക്കാനത്തെിയില്ല എന്ന ആക്ഷേപത്തിനിടയിലാണ് അദ്വാനിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം കസേര ഒടിഞ്ഞ് വീണ് സിന്‍ഹക്ക് പരിക്ക് പറ്റിയിരുന്നു. പവര്‍കട്ടിനെതിരെ ഹസാരിബാഗില്‍ വൈദ്യുതി ബോര്‍ഡിന്‍െറ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സിന്‍ഹയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. |
ബോംബ് കേസിലെ പ്രതി ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍ Posted: 16 Jun 2014 12:07 AM PDT തിരുവനന്തപുരം: സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന കോമ്പിങ്ങില്‍ ബോംബ് കേസിലെ പ്രതിയടക്കം നിരവധി പേര്‍ കുടുങ്ങി. ശാന്തി നഗറില്‍ നടന്ന ബോംബേറുമായി ബന്ധപ്പെട്ട് തുമ്പ പള്ളിത്തുറ മണക്കാട്ടുവിളാകം മനോജ് (24), മുക്കോലയ്ക്കല്‍ സ്വദേശി കുറ്റിവിളാകത്തു വീട്ടില്‍ ഹാഷിം (24) എന്നിവര്‍ തുമ്പ പൊലീസ് പിടിയിലായി. മല്‍സ്യത്തൊഴിലാളികളുടെ വല മോഷ്ടിച്ച് വില്‍ക്കുന്ന അടിമലത്തുറ പ്രീതി ഹൗസില്‍ സെല്‍വരാജിനെ (43) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിപിടി കേസുമായി ബന്ധപ്പെട്ട് പാച്ചല്ലൂര്‍ കല്ലടിച്ചാംമൂലയില്‍ മനോജ് (34) തിരുവല്ലം പൊലീസ് പിടിയിലായി. പിടികിട്ടാപ്പുള്ളി വി.കെ.സി നഗര്‍ കാഞ്ഞിരംപാറ കോളനിയിലെ കുട്ടപ്പന്‍ എന്ന രാജീവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി. വേങ്ങറ കൊല്ലംകോണം വിഷ്ണുഭവനില്‍ ഉണ്ണി, വഞ്ചിയൂര്‍ ചിറക്കുളം റോഡില്‍ മഹേഷ് മോഹനന്‍ എന്നിവരെ മ്യൂസിയം പൊലീസ് പിടികൂടി. വഞ്ചിയൂര്‍ ചിറക്കുളം റജിയെ വഞ്ചിയൂര്‍ പൊലീസും വെട്ടുകാട് കടകംപള്ളി ജെക്സനെ വലിയതുറ പൊലീസും കോട്ടപ്പുറം മധുവിനെ പൂന്തുറ പൊലീസും അറസ്റ്റ് ചെയ്തു. കൂടാതെ വിവിധ സ്റ്റേഷനുകളിലായി 133 വാറണ്ട് പ്രതികളും അറസ്റ്റിലായി. വാഹന പരിശോധനയില്‍ 834 പേര്‍ക്കെതിരെയും പൊതുജനശല്യം ഉണ്ടാക്കിയതിന് 97 പേര്‍ക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 95 പേര്‍ക്കെതിരെയും കേസെടുത്തു. പുകയില വില്‍പനയും ഉപയോഗവും തടയുന്നതിന്‍െറ ഭാഗമായി 96 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 13 പേര്‍ക്കെതിരെയും അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തു. 125 ലോഡ്ജുകളും പരിശോധിച്ചു. സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷിന്‍െറയും ഡി.സി.പി അജീതാ ബീഗത്തിന്‍െറയും നേതൃത്വത്തില്‍ സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും കോമ്പിങ്ങില്‍ പരിശോധന നടത്തി. ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന രാത്രി 11 വരെയായിരുന്നു. |
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളും -മുഖ്യമന്ത്രി Posted: 16 Jun 2014 12:03 AM PDT തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാറിന്‍്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുമെന്നും ഇതിനായി ബുധനാഴ്ച ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്‍്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം രോഗംബാധിച്ച കുടുംബം കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യചെയ്തിരുന്നു. ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാറാണെന്ന് വി.എസ് ആരോപിച്ചു. ദുരിത ബാധിതര്‍ക്ക് മുന്‍ സര്‍ക്കാരിന്‍്റെ കാലത്തും യാതൊരു സഹായവും നല്‍കിയിട്ടില്ളെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. |
സമ്പൂര്‍ണ സുരക്ഷിതത്വത്തിന് വി-കെയര്‍ പദ്ധതി –മന്ത്രി എം.കെ. മുനീര്‍ Posted: 15 Jun 2014 11:28 PM PDT തിരുനാവായ: സമ്പൂര്‍ണ സുരക്ഷിതത്വമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ വിദേശ ഫൗണ്ടേഷനുകളില്‍നിന്നുള്ള സഹായത്തോടെ വി -കെയര്‍ പദ്ധതി തുടങ്ങുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. എം.കെ. മുനീര്‍. തിരൂര്‍ മണ്ഡലത്തിലെ വിവിധ ധനസഹായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മണ്ഡലങ്ങളിലും സുരക്ഷ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ സാമ്പത്തിക പരാധീനതകളുള്ള കുടുംബങ്ങളിലെ യുവതികള്‍ക്ക് വിവാഹ സഹായം നല്‍കുന്ന പ്രത്യാശ പദ്ധതി നടപ്പാക്കുന്നത്. ഇത് വരും കാലങ്ങളിലും കൂടുതല്‍ സഹവര്‍ത്തിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം, അനാഥ കുട്ടികളുടെ വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിനായി പ്രതിമാസം നല്‍കുന്ന ധനസഹായമായ സ്നേഹപൂര്‍വം, പെണ്‍കുട്ടികളുടെ വിവാഹ സഹായമായി നല്‍കുന്ന പ്രത്യാശ പദ്ധതികളിലായി മൊത്തം 33 ലക്ഷം രൂപയാണ് മന്ത്രി വിതരണം ചെയ്തത്. ചേരൂരാല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. ടി.പി. അഷ്റഫ്, താനൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അടിയാട്ടില്‍ മുനീറ, കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. വഹീദ, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ കെ. സഫിയ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി. സൈനുദ്ദീന്‍ (വെട്ടം) , നഫീസ അസീസ് (വളവന്നൂര്‍), കെ.പി. നസീമ (കല്‍പകഞ്ചേരി), കെ.പി. ബീരാന്‍കുട്ടി, ആരിഫ പരപ്പില്‍, ഇ. സക്കീര്‍ മാസ്റ്റര്‍, എ.പി. മൈമൂന, അശോകന്‍, സുരക്ഷാ മിഷന്‍ റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് യൂനസ്, എം.പി. മുഹമ്മദ് കോയ, ആതവനാട് മുഹമ്മത് കുട്ടി, വെട്ടം ആലിക്കോയ, കണ്ടാത്ത് കുഞ്ഞിപ്പ, അടിയാട്ടില്‍ കോയാമു എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ ഭിന്ന ശേഷിയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്ന മെഡിക്കല്‍ ക്യാമ്പും നടത്തി. |
മരണംവിതച്ച് ബസുകള്‍; നോക്കുകുത്തിയായി അധികൃതര്‍ Posted: 15 Jun 2014 11:21 PM PDT ചെങ്ങമനാട്: യാത്രക്കാരുടെ ജീവന് വിലകല്‍പിക്കാതെ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. ഞായറാഴ്ച രാവിലെ ചെങ്ങമനാട് അമ്പലനട ഭാഗത്ത് ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ റോഡില്‍ തെറിച്ച് തലതല്ലി വീണ് മരിക്കാനിടയായ സംഭവം ബസ് ഡ്രൈവറുടെ അലംഭാവമാണെന്നാണ് ആക്ഷേപം. കുറുമശേരി സ്വദേശിനി ശാന്തമ്മയാണ് (65) മരിച്ചത്. അശ്രദ്ധമായി ബസ് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും അത് അവഗണിച്ച് അലക്ഷ്യമായി കൊടുംവളവ് തിരിയുന്നതിനിടെയാണ് യാത്രക്കാര്‍ ബസില്‍ വീഴുകയും ശാന്തമ്മ ഉരുണ്ട് റോഡില്‍ തെറിച്ചുവീഴുകയും ചെയ്തത്. ഡോര്‍ ചെക്കറോ ബസിന് വാതിലോ ഉണ്ടായിരുന്നുവെങ്കില്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അത്താണി ചെങ്ങമനാട് മേഖലയില്‍ നൂറിലേറെ ബസുകളാണ് സര്‍വീസ് നടത്തുന്നത്. അധിക ബസുകളും നിയമങ്ങള്‍ ലംഘിച്ചാണ് സര്‍വീസ് നടത്തുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇവരുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നതായും ആക്ഷേപമുണ്ട്. ഒന്നര വര്‍ഷം മുമ്പ് അയിരൂരിലുണ്ടായ അപകടമടക്കം നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. മത്സരയോട്ടത്തെ തുടര്‍ന്ന് അടുത്തിടെയാണ് കുന്നിശേരിയിലെ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറിയത്. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. സ്കൂള്‍ കുട്ടികളെയടക്കം കുത്തിനിറച്ച് പോകുന്ന ബസില്‍ വാതിലുകളില്ലാത്തതിനെതിരെ വ്യാപക പരാതിയാണ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളതെങ്കിലും ഒരു പരിഹാരവും ഇതുവരെയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. മനുഷ്യ ജീവന്‍ പന്താടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ അധികാരികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ജാഗ്രത സമിതിക്ക് രൂപം നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. |
കടല്‍ക്ഷോഭം: തീരമേഖലയില്‍ കനത്ത നാശം Posted: 15 Jun 2014 11:16 PM PDT ആലപ്പുഴ: കടല്‍ക്ഷോഭത്തില്‍ തീരമേഖലയില്‍ കനത്ത നാശം. ഒരാഴ്ചയിലേറെയായി തുടരുന്ന കടലാക്രമണം മൂലം ഇതിനകം നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. കടല്‍ക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ തീരദേശവാസികളാകെ കനത്ത ആശങ്കയിലാണ്. അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ തിരമാല ആഞ്ഞടിക്കുമെന്നാണ് ഞായറാഴ്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകള്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റവന്യൂ, പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫിഷറീസ്, പോര്‍ട്ട് വകുപ്പുകളൊക്കെ ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ്. ഇപ്പോള്‍ തന്നെ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി 150 ഏറെ വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ മാത്രം 54 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും കടലാക്രമണത്തില്‍ തകര്‍ന്നു. അമ്പലപ്പുഴ താലൂക്കില്‍ 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 11 വീടുകള്‍ക്ക് പൂര്‍ണമായും നാശമുണ്ടായി. രണ്ടുസ്ഥലത്തുമായി ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ തൃക്കുന്നപുഴയില്‍ മാത്രം 22 വീടുകള്‍ക്ക് നാശമുണ്ട്. ആറാട്ടുപുഴയിലും നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. പുറക്കാട് പുതുവലില്‍ തങ്കപ്പന്‍, ബാബു, ആബിദ, പുരുഷന്‍, സുദേവന്‍ എന്നിവരുടെയൊക്കെ വീടുകള്‍ ഏതുസമയവും കടലെടുക്കാവുന്ന നിലയിലാണ്. നാശംവിതച്ച് കടല്‍ക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ തീരമേഖലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനകം തുറന്നിട്ടുള്ളത്. ചേര്‍ത്തല താലൂക്കിലാണ് രണ്ട് ക്യാമ്പ്. ചേര്‍ത്തല സെന്‍റ് ഫ്രാന്‍സിസ് സ്കൂളിലെ ക്യാമ്പില്‍ 29 കുടുംബങ്ങളിലേതായി 130 പേരാണ് കഴിയുന്നത്. സെന്‍റ് ആന്‍റണീസ് എല്‍.പി സ്കൂളില്‍ 74 കുടുംബങ്ങളിലേതായി 404 പേരും അഭയം തേടിയിട്ടുണ്ട്. കാട്ടൂര്‍ ഹോളിഫാമിലി ഹൈസ്കൂളിലാണ് അമ്പലപ്പുഴ താലൂക്കിലെ ക്യാമ്പ്. ഇവിടെ 24 വീടുകളിലെ 119പേരാണ് കഴിയുന്നത്. ആറാട്ടുപുഴ: ഒരാഴ്ച കഴിഞ്ഞിട്ടും അടങ്ങാത്ത കടല്‍ തീരവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇതുവരെയുണ്ടാകാത്ത കലിപൂണ്ട കടല്‍ വലിയ ദുരിതങ്ങളാണ് തീരത്ത് ഉണ്ടാക്കിയത്. ദുര്‍ബലമായ കടല്‍ഭിത്തിയെ നിഷ്പ്രഭമാക്കി 'അറപ്പന്‍ കടല്‍' തീരം കവര്‍ന്നെടുത്ത് പോകുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് നാട്ടുകാര്‍. ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തില്‍ മണ്ണും പാറക്കഷണങ്ങളും മൂടിയതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ട ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് മീശമുക്ക് വരെ ഭാഗത്ത് ഗതാഗതം പുന$സ്ഥാപിക്കാനുള്ള ശ്രമം കടല്‍ക്ഷോഭം മൂലം പരാജയപ്പെട്ടു. കള്ളിക്കാട് മീശമുക്ക് ഭാഗത്ത് രണ്ടടിയിലേറെ ഉയരത്തില്‍ റോഡിലടിഞ്ഞ മണല്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് നീക്കംചെയ്യാനുള്ള ശ്രമം പി.ഡബ്ള്യു.ഡിയുട നേതൃത്വത്തില്‍ രാവിലെ 8.30ഓടെ ആരംഭിച്ചു. എന്നാല്‍, ഉച്ചയോടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് റോഡിന്‍െറ ഇരുവശത്തും കൂട്ടിവെച്ച മണല്‍ക്കൂന വീണ്ടും റോഡില്‍ മൂടി. വെള്ളം അടിച്ചുകയറുന്നതിനാല്‍ പണി തുടരാന്‍ കഴിയാതെ എക്സ്കവേറ്റര്‍ മടങ്ങി. വലിയഴീക്കല്‍ മുതല്‍ തൃക്കുന്നപ്പുഴ പല്ലന തോപ്പില്‍ ജങ്ഷന്‍ വരെ ഭാഗത്ത് കടല്‍വെള്ളം വന്‍തോതില്‍ കരയിലേക്ക് ഇരച്ചുകയറി. നിരവധി വീടുകളില്‍ വെള്ളം കയറി. ചേലക്കാട്-തോപ്പില്‍മുക്ക് തീരദേശറോഡ് പലയിടത്തും മുറിഞ്ഞു. തോപ്പില്‍മുക്കിന് വടക്കുഭാഗം മുതല്‍ മതുക്കല്‍ വരെ ഭാഗത്തെ വീട്ടുകാര്‍ കടുത്ത ഭീതിയിലാണ്. അടുത്തകാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച തങ്ങളുടെ വീടുകള്‍ കടലെടുക്കുമോയെന്ന ഭീതിയാണിവര്‍ക്ക്. വീടുകളുടെ ഭിത്തികളിലാണ് തിരമാല പതിക്കുന്നത്. മണ്ണ് ധാരാളമായി കടലിലേക്ക് പോവുകയും നിലവിലെ കടല്‍ഭിത്തി മണ്ണിലേക്ക് താഴുകയുമാണ്. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡ് കടലാക്രമണ ഭീഷണി നേരിടുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു |
വൈത്തിരി ടൗണില്‍ പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നു Posted: 15 Jun 2014 11:03 PM PDT വൈത്തിരി: വൈത്തിരി ടൗണില്‍ വെള്ളം റോഡരികിലൂടെ ഒഴുകുന്നു. ആശുപത്രി കവല പകല്‍ വീടിന്‍െറ താഴെ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് തകര്‍ന്നാണ് വെള്ളം ഒഴുകുന്നത്. വെള്ളം ഒഴുകി താഴെയുള്ള വീടുകളിലേക്കാണ് എത്തുന്നത്. ഇത് ഇവിടെയുള്ളവര്‍ക്ക് ദുരിതമായി. അയ്യപ്പന്‍കുന്ന് പോലുള്ള പ്രദേശങ്ങളില്‍ വെള്ളത്തിന് നാട്ടുകാര്‍ ബുദ്ധിമുട്ടുമ്പോഴാണ് ടൗണിലൂടെ വെള്ളം പാഴാകുന്നത്. വാട്ടര്‍ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കരാര്‍ ജീവനക്കാര്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്. വൈത്തിരിയില്‍ നിരവധി വീട്ടുകാര്‍ ആശ്രയിക്കുന്ന പൈപ്പാണ് പൊട്ടിയത്. കുടിവെള്ള വിതരണം ഉടന്‍ പുന$സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. |
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നശിക്കുന്നു Posted: 15 Jun 2014 10:28 PM PDT വടകര: കാലവര്‍ഷം കനത്തതോടെ കടലിന്‍െറ കലിയില്‍ മത്സ്യത്തൊഴിലാളി ജീവിതം ആടിയുലയുന്നു. കടല്‍രക്ഷാപ്രവര്‍ത്തനത്തിന് വഴികളില്ലാതെ ദുരിതം പേറുമ്പോള്‍ രണ്ടുവര്‍ഷം മുമ്പ് ഫിഷറീസ് വകുപ്പ് വിതരണംചെയ്ത ജീവന്‍രക്ഷാ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഫിഷറീസ് വകുപ്പിന്‍െറ കെടുകാര്യസ്ഥതയുടെ ഉദാഹരണമായിതു ചൂണ്ടിക്കാണിക്കപ്പെടുകയാണ്. ലഭിച്ച ഉപകരണത്തിന്‍െറ ഉപയോഗമെന്തെന്ന് പോലും മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞുകൊടുത്തിട്ടില്ല. സര്‍ക്കാര്‍ രേഖകളില്‍ കാണിക്കാന്‍ ഉപകരണം വിതരണം ചെയ്ത് ഉദ്യോഗസ്ഥര്‍ സ്ഥലം കാലിയാക്കി. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ലഭിച്ച ഉപകരണം കിട്ടിയ കാര്‍ഡ്ബോഡ് പെട്ടിയില്‍ അനക്കമില്ലാതെ സൂക്ഷിക്കുകയാണ് തൊഴിലാളികള്‍. ഇത് വിതരണംചെയ്യുന്ന വേളയില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ ക്ളാസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപകടാവസ്ഥ മുന്‍കൂട്ടി അറിയിക്കുന്ന ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍, അപകടസ്ഥലം കൃത്യമായി കണ്ടുപിടിക്കുന്ന എമര്‍ജന്‍സി പൊസിഷന്‍ ഐഡന്‍റിറ്റി റേഡിയോ ബീക്കണ്‍ തുടങ്ങിയ ഉപകരണങ്ങളും വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. ഉപകരണങ്ങള്‍ വള്ളത്തില്‍ ഘടിപ്പിക്കേണ്ടവയാണെന്നുപോലും മത്സ്യത്തൊഴിലാളികളില്‍ പലര്‍ക്കുമറിയില്ല. റേഡിയോ ബീക്കണ്‍ പല മത്സ്യത്തെഴിലാളി വീടുകളിലും കുട്ടികളുടെ കളിപ്പാട്ടമാണെന്നും പറയപ്പെടുന്നു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഇവ വിതരണം ചെയ്തിട്ടുമില്ല. ഓരോ പ്രദേശത്തെയും വിരലിലെണ്ണാവുന്നവര്‍ക്കാണിവ നല്‍കിയത്. ജില്ലയില്‍ ചോമ്പാല്‍, കൊയിലാണ്ടി, പുതിയാപ്പ, ബേപ്പൂര്‍ എന്നീ നാലു ഹാര്‍ബറുകളാണുള്ളത്. ഇവ കേന്ദ്രീകരിച്ച് 300ഓളം വലിയവള്ളക്കാരും 1000ത്തിലേറെ ചെറുവള്ളക്കാരുമാണുള്ളത്. ഇവരുടെ സുരക്ഷക്കായി ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ട്രോളിങ് നിരോധവുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി മൂന്നു ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതില്‍ ഫൈബര്‍വള്ളം ചോമ്പാല്‍ ഹാര്‍ബറിലേക്കും മറ്റുള്ളവ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി ഹാര്‍ബറിലേക്കുമാണ് നീക്കിവെച്ചത്. ചോമ്പാലില്‍ മാത്രം 60 അടിയുള്ള 125ഓളം ഫൈബര്‍ വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവ കടല്‍ക്ഷോഭത്തില്‍ പെട്ടാല്‍ രക്ഷിച്ചുവരാനാണ് നിലവില്‍ അനുവദിച്ച ഫൈബര്‍വള്ളം ഉപയോഗിക്കേണ്ടതെന്നാണ് നിര്‍ദേശം. എന്നാല്‍, 32 അടിമാത്രമുള്ള ഫൈബര്‍വള്ളത്തിന് എത്രമാത്രം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വെള്ളയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടു മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ചോമ്പാലില്‍നിന്ന് പോയി അപകടത്തില്‍പെട്ട രണ്ടുപേരെ കരയില്‍നിന്ന് മറ്റു തൊഴിലാളികള്‍ പോയാണ് രക്ഷപ്പെടുത്തിയത്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ഷേമനിധി, ഇന്‍ഷുറന്‍സ്, ലൈസന്‍സ് രജിസ്ട്രേഷന്‍ തുടങ്ങിയവയിലൂടെ വന്‍ തുക സര്‍ക്കാര്‍ പിരിച്ചെടുക്കുമ്പോള്‍ സുരക്ഷക്കാവശ്യമായതൊന്നും ചെയ്യുന്നില്ലെന്നാണ് പരാതി. വര്‍ഷകാലമായതിനാല്‍ രാവിലെ കടലില്‍ പോയി വൈകീട്ട് തിരിച്ചുവരുകയാണിപ്പോള്‍ ചെയ്യുന്നത്. അല്ലാത്ത സമയങ്ങളില്‍ ഒഴുക്കുവലക്കാര്‍ രണ്ടിലേറെ ദിവസങ്ങള്‍ പുറംകടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുകയാണ് പതിവ്. പൊതുവെ കടലില്‍ പോകുന്ന തൊഴിലാളികള്‍ ആരൊക്കെ എന്ന് രേഖപ്പെടുത്തുന്ന സംവിധാനം ഹാര്‍ബറുകളിലില്ല. ഇത്തരം സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാല്‍, ഇത്തരം വിവരം ലഭിക്കാന്‍ പഞ്ചിങ് പോലുള്ള സംവിധാനം ആവിഷ്കരിക്കണമെന്നും ഇതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും കടല്‍ കോടതി കണ്‍വീനര്‍ കുരിയാടി സതീശന്‍ ആവശ്യപ്പെട്ടു. |
റമദാനെ വരവേല്‍ക്കാന്‍ വിശുദ്ധ ഗേഹങ്ങള്‍ ഒരുങ്ങുന്നു Posted: 15 Jun 2014 10:26 PM PDT ജിദ്ദ: റമദാനില്‍ വിശുദ്ധ ഗേഹങ്ങളിലത്തെുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് ഇരുഹറം കാര്യാലയത്തിന് കീഴിലെ സേവന വകുപ്പുകള്‍ ഒരുക്കങ്ങള്‍ തുടങ്ങി. നമസ്കാരത്തിന് കൂടുതലാളുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മുറ്റം ഒരുക്കുക, നിര്‍മാണ ജോലികള്‍ നടക്കുന്ന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മുറ്റങ്ങള്‍ വൃത്തിയാക്കുക, കേടുപാടുകള്‍ സംഭവിച്ച മാര്‍ബിളുകളും ടൈല്‍സുകളും മാറ്റി പുതിയത് സ്ഥാപിക്കുക തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഹറമിന്‍െറ വടക്ക് മുറ്റം വികസന പദ്ധതിക്ക് കീഴിലെ പൂര്‍ത്തിയായ ഭാഗങ്ങള്‍ റമദാനില്‍ തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് നിലയും ഒന്നാം നിലയും രണ്ടാം നിലയിലെ പണി പൂര്‍ത്തിയായ ഏതാനും ഭാഗങ്ങളും ഇത്തവണ തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കാനാണ് പരിപാടി. കുറ്റമറ്റ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങളോടും ലോകോത്തര നിലവാരത്തോടും ഏറ്റവും മികച്ച രീതിയിലുമാണ് വികസനം നടപ്പിലാക്കുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. മുറ്റങ്ങളിലും നടപ്പാതകളിലും സ്ക്രീനുകളും മാര്‍ഗ നിര്‍ദേശ ബോര്‍ഡുകളും സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ നമസ്കാരത്തിന് തുറന്നു കൊടുക്കുന്നതോടെ റമദാനിലെ തിരക്ക് ഒരുപരിധിവരെ കുറക്കാനാകും. റമദാനിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാര്‍പ്പറ്റ്, സംസം വിതരണം, ഇഫ്താര്‍, ശുചീകരണം, കവാടങ്ങളിലെ തിരക്ക് നിയന്ത്രിക്കല്‍ തുടങ്ങിയവക്ക് കൂടുതല്‍ ജോലിക്കാരെ നിയോഗിച്ചു. ജോലികാര്‍ക്ക് പരിശീലനം നല്‍കലും പൂര്‍ത്തിയായി. തിരക്ക് നിയന്ത്രിക്കാനും പോക്കുവരവുകള്‍ വ്യവസ്ഥാപൃതമാക്കാനും ഹറമിന്‍െറ വിശുദ്ധിയെ കളങ്കപെടുത്തുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും ഹറം സുരക്ഷാ വിഭാഗവും പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. ഹറമിലേക്കുള്ള തീര്‍ഥാടകരുടെ പോക്കുവരവുകള്‍ എളുപ്പമാക്കുന്നതിന് ട്രാഫിക്, പൊലീസ്, ഗതാഗത വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കാല്‍നടക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കുന്ന വിധത്തിലാണ് റമദാന്‍ ട്രാഫിക് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്‍െറ മുന്നോടിയായുള്ള പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ചെയിന്‍ ബസ് സര്‍വീസ് ഭാഗികമായി തുടങ്ങിയിട്ടുണ്ട്. റമദാനില്‍ ഇത് കൂടുതല്‍ വിപുലമാക്കാനാണ് പരിപാടി. ഹറമിനടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി തടയുമെന്നും തീര്‍ഥാടകരുടെ കയറ്റിറക്ക് മാത്രമേ അനുവദിക്കൂവെന്നും ട്രാഫിക് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ പ്രവേശന കവാടങ്ങള്‍ക്ക് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമിലെ തറാവീഹ് സമസ്കാരം തത്സമയം കാണുന്നതിന് എട്ട് വലിയ സ്ക്രീനുകള്‍ സ്ഥാപിച്ചു. തീര്‍ഥാടകര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ഇതു ഉപയോഗിക്കും. മക്ക പ്രവേശന കവാടങ്ങള്‍ക്കടുത്തും തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ഗദര്‍ശനത്തിന് മാത്രമായി സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ്, ഇരുഹറം കാര്യാലയം, ഹറം പോലീസ് എന്നിവക്ക് കീഴില്‍ സ്ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. |
ഇറാഖില്‍ 1,700 സൈനികരെ വധിച്ചെന്ന് വിമത പോരാളികള്‍ Posted: 15 Jun 2014 10:22 PM PDT ബഗ്ദാദ്: ഇറാഖില്‍ 1,700 സൈനികരെ വധിച്ചെന്ന് സായുധ വിമത ഗ്രൂപ്പായ ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ.എസ്.ഐ.എല്‍) അവകാശപ്പെട്ടു. ട്വിറ്ററിലൂടെയാണ് സുന്നി വിമത സംഘടന അവകാശവാദമുന്നയിച്ചത്. അക്രമത്തിലെ ഇരകളുടെ ദാരുണമായ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ വിമതരുടെ അവകാശവാദത്തിന്‍െറ ആധികാരികതയില്‍ സംശയമുണ്ടെന്ന് ഇറാഖ് ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. വിമതരുടെ വാദം നേരാണെങ്കില്‍ അടുത്ത കാലത്ത് മേഖലയില്‍ നടന്ന ഏറ്റവും നികൃഷ്ടമായ കൂട്ടക്കൊലയാണിത്. കഴിഞ്ഞ വര്‍ഷം ഡമസ്കസില്‍ രാസായുധപ്രയോഗത്തില്‍1400 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ വീണ്ടും കനത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഐ.എസ്.ഐ.എല്‍ ഇറാഖിലെ പ്രമുഖ പട്ടണങ്ങള്‍ തങ്ങളുടെ അധീനതയിലാക്കിയത്. അതിനിടെ, തലസ്ഥാനമായ ബഗ്ദാദ് പിടിച്ചെടുക്കാനുള്ള വിമതരുടെ മുന്നേറ്റത്തിന് കഴിഞ്ഞ ദിവസം സൈന്യം കനത്ത പ്രതിരോധം തീര്‍ത്തു. 279 വിമതരെ കൊലപ്പെടുത്തിയതായി പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ സുരക്ഷാ വക്താവ് അവകാശപ്പെട്ടിരുന്നു. വിമതരില്‍ നിന്ന് ചില പട്ടണങ്ങള്‍ സൈന്യം തിരികെ പിടിച്ചെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. |
No comments:
Post a Comment