ശങ്കര നാരായണനും വക്കം പുരുഷോത്തമനും രാജിവെക്കണം- പന്തളം സുധാകരന്‍ Posted: 22 Jun 2014 01:03 AM PDT തിരുവനന്തപുരം: മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനും മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് പന്തളം സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍ കാലങ്ങളിലേതു പോലെ രാഷ്ട്രീയ നിയമനങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണം. എന്‍.ഡി.എയില്‍ നിന്ന് ഒൗദാര്യം സ്വീകരിക്കേണ്ടതില്ല. പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് പരിചയ സമ്പന്നരായ ഈ നേതാക്കള്‍ ഗവര്‍ണര്‍ പദവിയില്‍ ഒതുങ്ങിപ്പോവുകയാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും കോണ്‍ഗ്രസിനെ പ്രതാപത്തിലേക്ക് നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെടുന്നു. |
സലാലയില്‍ മഴക്കാലമത്തെുന്നു; വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങള്‍ Posted: 22 Jun 2014 12:38 AM PDT മസ്കത്ത്: അറേബ്യന്‍ ഉപഭൂഖന്ധം പൊരിഞ്ഞ ചൂടിലേക്ക് വഴുതുമ്പോള്‍ സലാല മഴക്കാലത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. സലാലയുടെ മഴക്കാല സീസണ്‍ ജൂണ്‍ 21 ആരംഭിച്ച് സെപ്തംബര്‍ 21 വരെയാണ്. മഴക്കാലത്തിന്‍െറ വരവറിയിച്ച് സലാലയില്‍ ശനിയാഴ്ച ആകാശം മൂടിക്കെട്ടാനും ചാറ്റല്‍ മഴ പെയ്യാനും തുടങ്ങി. ഇതോടെ അന്തരീക്ഷ ഉഷ്മാവ് 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ വരികയും തണുത്ത കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. ഒമാന്‍െറ മറ്റ് ഭാഗങ്ങളിലും ജി.സി.സിയിലും 45 നും 48 സെല്‍ഷ്യസിനുമിടക്ക് ചുട്് അനുഭവപ്പെടുമ്പോഴാണ് വരദാനം പേലെ ഈ അദ്ഭുത കാലാവസ്ഥ. മഴ ശക്തി പ്രാപിക്കുന്നതോടെ വരും നാളുകളില്‍ അന്തരീക്ഷം കുളിരണിയുകയും മലകളും താഴ്വരകളും പച്ചയണിയുകയും ചെയ്യും. കാഴ്ചക്കാര്‍ക്ക് ഹരിതക്കാഴ്ചയൊരുക്കി ഒരു പ്രദേശം മുഴുവന്‍ ഇലകളും പൂക്കളുമായി അണിഞ്ഞൊരുങ്ങും. അന്തരീക്ഷം മൂടികെട്ടാനും തുടങ്ങുന്നതോടെ നിലവിലെ ആവിയുള്ള കാലാവസ്ഥ മാറും. മഴ പെയ്യുന്നതോടെ കുഞ്ഞരുവികളും വെള്ളചാട്ടങ്ങളും രൂപപ്പെടും. പ്രകൃതിയുടെ വര്‍ണ സൗന്ദര്യം കാണാന്‍ നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും സന്ദര്‍ശകരത്തെുന്നതോടെ സലാല ആഘോഷ ലഹരിയിലാവും. സലാലയില്‍ നിന്ന് 160 കിലോമീറ്റര്‍ ദൈഹൂത്തിലാണ് മഴ ആദ്യം ആരംഭിക്കുന്നത്. മഴക്കാല സീസണ് ആരംഭമായെങ്കിലും മഴക്കാല ആഘോഷമായ സലാല ഫെസ്റ്റിവലിന് രണ്ടാം പെരുന്നാളിനാണ് തിരശ്ശീല ഉയരുന്നത്. പ്രകൃതി രമണീയതക്ക് പുറമെ നിരവധി കലാ സാംസ്കാരിക പരിപാടികളും ഫെസ്റ്റിവലിന്‍െറ ഭാഗമായി ഒരുക്കുന്നുണ്ട്. ഷോപ്പിങ് ഫെസ്റ്റിവല്‍, വെടിക്കെട്ട്, കായിക ഇനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വിനോദ പരിപാടികളും മെയ്യഭ്യാസ പ്രകടനങ്ങളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടിയെയാണ് ഫെസ്റ്റിവലിന്‍െറ ഭാഗമായി നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 4,33,639 സന്ദര്‍ശകരാണ് സലാലയിലത്തെിയത്. 2012 നെക്കാള്‍ 23.5 ശതമാനം കൂടുതലാണിത്. 3,51,195 സന്ദര്‍ശകരാണ് 2012ല്‍ സലാലയിലത്തെിയത്. കഴിഞ്ഞ വര്‍ഷം 2,98,749 ഒമാനില്‍ നിന്നുള്ള സന്ദര്‍ശകരും 72,940 യു എ ഇ യില്‍ നിന്നുള്ള സന്ദര്‍ശകരും സലാലയിലത്തെിയിരുന്നു. സൗദിയില്‍ നിന്ന് 16,723, കുവൈത്തില്‍ നിന്ന് 3510, ഖത്തറില്‍ നിന്ന് 3,449 , ബഹ്റൈനില്‍ നിന്ന് 2696 എന്നിങ്ങനെയാണ് ഫെസ്റ്റിവലിനത്തെിയ സന്ദര്‍ശകരുടെ എണ്ണം. ഈ വര്‍ഷം സന്ദര്‍ശകരില്‍ ഗണ്യമായ വര്‍ധനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ പെരുന്നാള്‍ അവധിക്കാലത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ സലാലയിലേക്ക് ഒഴുകുക. സലാല ഫെസ്റ്റിവല്‍ മലയാളികള്‍ക്കും ആഘോഷകാലമാണ്. ഇളനീരും പഴ വര്‍ഗ്ഗങ്ങളും വില്‍ക്കുന്ന പവലിയനുകളില്‍ പലതും മലയാളികളുടെ കൈകളിലാണ്. ഇളനീര് പറിക്കാന്‍ തെങ്ങില്‍ കയറുന്നതും തേങ്ങ പൊളിക്കുന്നതും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും മലയാളികളാണ്. അതിനാല്‍ പലരും ഫെസ്റ്റിവല്‍ കഴിഞ്ഞാണ് നാട്ടില്‍ പോവുന്നത്. |
രാജ്യത്ത് ഐ.എസ്.ഐ.എസിനെ പിന്തുണക്കുന്നവരില്ല -കുവൈത്ത് Posted: 21 Jun 2014 11:11 PM PDT കുവൈത്ത് സിറ്റി: ഇറാഖിലെ പുതിയ സായുധ പോരാളി ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയക്ക് (ഐ.എസ്.ഐ.എസ്) പിന്തുണയും സഹായവും പ്രോല്‍സാഹനവും നല്‍കുന്നവര്‍ രാജ്യത്തില്ളെന്ന് കുവൈത്ത്. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ജാറല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തില്‍നിന്ന് ഐ.എസ്.ഐ.എസിനോ സമാന സംഘങ്ങള്‍ക്കോ സാമ്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്. ഇത്തരം സംഘങ്ങള്‍ക്ക് ഒരുതരത്തിലുള്ള പിന്തുണയും സഹായവും പ്രോല്‍സാഹനവും നല്‍കുന്നവര്‍ കുവൈത്തിലില്ല -അല്‍ജാറല്ല പറഞ്ഞു. കുവൈത്തില്‍നിന്ന് സിറിയയിലേക്ക് ഒഴുകുന്ന സഹായങ്ങള്‍ ദുരിതമനുഭവിക്കുന്നവരെ മാത്രം ലക്ഷ്യമിട്ടാണെന്നും ഇവയില്‍നിന്ന് വല്ലതും വഴിതെറ്റി അക്രമികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ശിയാ, സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടെന്ന വാര്‍ത്തകള്‍ ജാറല്ല നിഷേധിച്ചു. രാജ്യത്തിന്‍െറ സുരക്ഷയുടെയും സമാധാനത്തിന്‍െറയും കാര്യത്തില്‍ ഇരുവിഭാഗങ്ങളും യോജിച്ചാണ് നീങ്ങിയിട്ടുള്ളതെന്നും ഇനിയുള്ള കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂരി അല്‍മാലികിയുടെ നേതൃത്വത്തിലുള്ള ഇറാഖ് സര്‍ക്കാറിന് പിന്തുണ നല്‍കുന്ന സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ളെന്നും കുവൈത്ത് സര്‍ക്കാറിനും ജനതക്കും ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണുള്ളതെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. |
ഈജിപ്തിന് സൗദിയുടെ പൂര്‍ണ സഹായവാഗ്ദാനം Posted: 21 Jun 2014 10:47 PM PDT റിയാദ്: ഈജിപ്തില്‍ അബ്്ദുല്‍ഫത്താഹ് സീസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് സൗദി അറേബ്യയുടെ പൂര്‍ണ സഹായവാഗ്ദാനം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹായസഹകരണം മെച്ചപ്പെടുത്താനും മേഖലയിലെ പ്രശ്നങ്ങളില്‍ ഇരുരാഷ്ട്രങ്ങളും യോജിച്ചു നീങ്ങാനും ധാരണയായി. വെള്ളിയാഴ്ച രാത്രി വൈകി കെയ്റോയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവും ഈജിപ്ത് പ്രസിഡന്‍റ് സീസിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. മൊറോക്കോയിലെ കാസാബ്ളാങ്കയില്‍ അവധിക്കാലം ചെലവിട്ട ശേഷം സ്വദേശത്തേക്കുള്ള മടക്കയാത്രയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് കെയ്റോയില്‍ സീസിയുമായി കൂടിക്കാഴ്ചക്ക് കളമൊരുക്കുകയായിരുന്നു. നേരത്തേ സീസിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പ്രതിനിധിസംഘത്തെ രാജാവ് നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി കെയ്റോ വിമാനത്താവളത്തിലത്തെിയ സൗദി ഭരണാധികാരിയെ പ്രസിഡന്‍റ് അബ്ദുല്‍ഫത്താഹ് സീസി, പ്രധാനമന്ത്രി എന്‍ജി. ഇബ്രാഹീം മിഹ്ലബ്, പ്രതിരോധ യുദ്ധകാര്യമന്ത്രി സിദ്ഖി സുബ്ഹി, വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി, ധനമന്ത്രി ഹാനി ദംയാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സൗദി രാജാവിന്‍െറ പ്രത്യേകവിമാനത്തിനകത്തു ചെന്നാണ് സീസിയും സഹപ്രവര്‍ത്തകരും അബ്ദുല്ല രാജാവിനെ സ്വീകരിച്ചത്. തുടര്‍ന്ന് രാജാവും സീസിയും പ്രത്യേക കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ സീസിയെ രാജാവ് അഭിനന്ദിച്ചു. പ്രതിസന്ധിഘട്ടത്തില്‍ രാജ്യത്തോടൊപ്പം നിലകൊണ്ട അബ്ദുല്ല രാജാവിനും സൗദി ജനതക്കും സീസി നന്ദിയും കടപ്പാടും അറിയിച്ചു. ഈജിപ്തിലെ രാഷ്ട്രീയ, സാമൂഹിക സ്ഥിതിഗതികളും മേഖലയിലെയും അറബ് മുസ്ലിം ദേശങ്ങളിലെയും സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി വിദേശകാര്യമന്ത്രി അമീര്‍ സുഊദ് അല്‍ ഫൈസല്‍, ദേശീയ സുരക്ഷാസമിതി സെക്രട്ടറി ജനറല്‍ അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍, രാജ ഉപദേഷ്ടാവ് അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ്, ധനമന്ത്രി ഇബ്രാഹീം ബിന്‍ അബ്ദുല്‍അസീസ് അസ്സാഫ്, ഈജിപ്തിലെ സൗദി അംബാസഡര്‍ അഹ്മദ് ഖത്താന്‍ എന്നിവര്‍ അബ്ദുല്ല രാജാവിനെ അനുഗമിച്ചിരുന്നു. സൗദി സംഘവുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഈജിപ്ത് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഹുസ്നി മുബാറകിന്‍െറ പതനത്തിനു ശേഷം സൗദി ഭരണാധികാരിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമായിരുന്നു ഇത്. സീസി പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തത്തെുന്ന ആദ്യ വിദേശ ഭരണാധികാരി അബ്ദുല്ല രാജാവാണ്. |
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് പരിഹരിക്കണം -കെ. മുരളീധരന്‍ Posted: 21 Jun 2014 10:27 PM PDT തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ വി.എസ് അച്യുതാനന്ദന്‍ എഴുതിനല്‍കണം. അല്ലാതെ കാടടച്ച് വെടിവെക്കുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. |
സുവര്‍ണറാണിക്ക് പിറന്നാളിന്‍െറ സുവര്‍ണ ജൂബിലി Posted: 21 Jun 2014 08:13 PM PDT കല്‍പറ്റ: രാജ്യത്തിന്‍െറ അഭിമാനമായ സുവര്‍ണറാണി ജീവിത ട്രാക്കില്‍ 50ാം വയസ്സിലേക്ക്. ഒളിമ്പിക്സ് അടക്കം വീരോചിത പോരാട്ടങ്ങളേറെ കണ്ട പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷയെന്ന മലയാളത്തിന്‍െറ സ്വന്തം പി.ടി. ഉഷക്ക് ഈ മാസം 27ന് അമ്പതാം പിറന്നാള്‍. കരിയറില്‍ മിന്നുന്ന ഒരുപാട് വിജയമുദ്രകളിലേക്ക് ഓടിയത്തെിയ ‘പയ്യോളി എക്സ്പ്രസ്’ പക്ഷേ, ജീവിതവഴിയില്‍ അക്കങ്ങളുടെ ഈ നാഴികക്കല്ലുകളിലൊന്നും ശ്രദ്ധയൂന്നുന്നില്ളെന്ന പക്ഷക്കാരിയാണ്. പിറന്നാളാഘോഷങ്ങളൊന്നും പതിവില്ലാത്ത ജീവിതത്തില്‍ അമ്പതിന്‍െറ പാകതയും പതിവു രീതികളിലൊതുങ്ങും. ‘പിറന്നാള്‍ സമയത്ത് സാധാരണ ഞാന്‍ പയ്യോളിയിലുണ്ടാകുന്നത് വിരളമാണ്. ഉണ്ടെങ്കില്‍തന്നെ പ്രത്യേകമായി ആഘോഷങ്ങളൊന്നുമുണ്ടാവാറില്ല. അമ്പലത്തില്‍ പോയി തൊഴുത് പ്രാര്‍ഥിക്കും. ആളുകളെ ക്ഷണിക്കുകയോ സദ്യ ഒരുക്കുകയോ ഒന്നും പതിവില്ല്ള. ഇക്കുറി വീട്ടില്‍തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാലും പതിവു ട്രാക്കില്‍നിന്നു മാറി പിറന്നാളാഘോഷിക്കാന്‍ തീരുമാനിച്ചിട്ടൊന്നുമില്ല. ജീവിതത്തില്‍ ഈ അക്കങ്ങള്‍ മാറിമറിയുന്നതിന് ഞാന്‍ വലിയ ശ്രദ്ധ കൊടുത്തിട്ടില്ളെന്നതാണു ശരി. 45, 50, 60 എന്നിങ്ങനെയൊക്കെയായി അതങ്ങനെ വന്നുപോകും’ -ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായ ഉഷ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭര്‍ത്താവ് ശ്രീനിവാസനും എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ഏകമകന്‍ ഉജ്ജ്വലും ഉഷയുടെ പിറന്നാളിന് ഇക്കുറി വീട്ടിലുണ്ട്. തിയറി പരീക്ഷ കഴിഞ്ഞതിനു പിന്നാലെ ലഭിച്ച ഇടവേളയിലാണ് ഉജ്ജ്വല്‍ വീട്ടിലത്തെിയത്. പിറന്നാളിനു പിറ്റേന്ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ ടി.കെ. സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഉഷ പോകും. ചിലപ്പോള്‍ പിറന്നാളിന്‍െറ അന്ന് വൈകീട്ടുതന്നെ കോട്ടയത്തേക്ക് പുറപ്പെടുമെന്നും ഉഷ പറഞ്ഞു. ‘മോന്‍െറ പിറന്നാള്‍ തുടക്കത്തില്‍ ആഘോഷിക്കാറുണ്ടായിരുന്നു. സഹോദരിമാരെയൊക്കെ ക്ഷണിക്കും. അഞ്ചെട്ട് പിറന്നാളുകള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിച്ചു. അവന്‍ പഠനത്തിരക്കിലായതോടെ അതും നിന്നു.ശ്രീനിയേട്ടനും എന്നെപ്പോലെ പിറന്നാള്‍ ആഘോഷിക്കുന്നതിലൊന്നും വലിയ താല്‍പര്യമില്ല.’ അമ്പതു താണ്ടുന്നതോടെ ജീവിതത്തിലെ അടുത്ത പദ്ധതികളെന്തൊക്കെയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. ‘സ്പോര്‍ട്സ് ആണ് എന്‍െറ എല്ലാം. എന്നെ ഞാനാക്കിയ സ്പോര്‍ട്സിന് ശിഷ്ടകാലം എന്നെക്കൊണ്ടാവുന്ന വിധത്തില്‍ തിരിച്ചെന്തെങ്കിലും നല്‍കാന്‍ ശ്രമിക്കും. ഉഷ സ്കൂളില്‍നിന്ന് രാജ്യാന്തരതലത്തില്‍ മെഡല്‍ കൊയ്യാന്‍ പ്രാപ്തരായവരെ വളര്‍ത്തിയെടുക്കുന്നതിലേക്കാണ് ശ്രദ്ധ മുഴുവന്‍. അറിയുന്ന കാര്യങ്ങള്‍ സമൂഹത്തിന്‍െറ നല്ലതിനുവേണ്ടി ഉപയോഗിക്കണം. അതിന് ആവുന്നത്ര കാലം ആക്ടീവാകും. കായിക മേഖലക്കുവേണ്ടി അവസാന ശ്വാസം വരെ എന്‍െറ സേവനമുണ്ടാകും’. |
പാവയുടെ പരിണാമം Posted: 21 Jun 2014 07:37 PM PDT ഏകാധിപതിയാവാന്‍ മിനിമം ചില യോഗ്യതകളൊക്കെ വേണം. എല്ലാംകൂടി ഒത്തിണങ്ങിയവര്‍ ചരിത്രത്തില്‍ കുറച്ചേയുള്ളൂ. ഈദി അമീനെപ്പോലെ, അഗസ്റ്റോ പിനോഷെയെപ്പോലെ, ചെഷസ്ക്യൂവിനെപ്പോലെ, ഹിറ്റ്ലറെയും മുസോളിനിയെയും പോലെ കുറച്ചുപേര്‍. സമകാലിക ലോകത്തും അവരുടെ പിന്തുടര്‍ച്ചക്കാരാവാന്‍ ശ്രമിക്കുന്നവരുണ്ട്. അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു, പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു എന്ന തിയറി അനുസരിച്ച് എല്ലാവരും ഏകാധിപതിയാവാന്‍ ശ്രമിക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്. എല്ലാ അധികാരങ്ങളും തന്നിലേക്ക് കൊണ്ടുവരണം എന്നാണ് അവരുടെ ആഗ്രഹം. അങ്ങ് നൂരി അല്‍മാലികി മുതല്‍ ഇങ്ങ് നരേന്ദ്ര മോദി വരെയുള്ള ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ നിലവിളികള്‍ ഒരുകാലത്തും പ്രശ്നമായിരുന്നില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം കണക്കിലെടുക്കാത്ത ഏതു ഭരണാധികാരിക്കും സ്വസ്ഥതയുണ്ടാവില്ല. അതാണിപ്പോള്‍ ഇറാഖില്‍ നൂരി അല്‍മാലികി അനുഭവിക്കുന്നതും. അത് വിചിത്രമായ ഒരു പരിണാമത്തിന്‍െറ കഥയാണ്. ഒരു പാവയുടെ പരിണാമത്തിന്‍െറ കഥ. ഒരാള്‍ ഏകാധിപതിയിലേക്കു വളരുന്നതിന്‍െറ നാള്‍വഴികളുണ്ട് അതില്‍. നൂരി അല്‍മാലികി ആരെയും അനുസരിക്കുന്നില്ല. ആരു പറയുന്നതും കേള്‍ക്കുന്നില്ല. അമേരിക്കയുടെ പാവയായാണ് അധികാരത്തില്‍ കയറിയത്. ആ അമേരിക്ക പറയുന്നതിനും ഇപ്പോള്‍ ചെവികൊടുക്കുന്നില്ല. ഇറാന്‍െറ ശിങ്കിടിയാണിപ്പോള്‍. എന്തു വിലകൊടുത്തും മാലികി ഭരണകൂടത്തെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് ഇറാന്‍െറ ആവശ്യമാണ്. മുസ്ലിംരാഷ്ട്രങ്ങള്‍ പറയുന്നതിന് ചെവികൊടുക്കുന്നില്ല. ഇറാഖിലെ സുന്നികള്‍ക്ക് ഒരുകാലത്തും മാലികി ഒരു പരിഗണനയും കൊടുത്തിരുന്നില്ല. ന്യൂനപക്ഷമായ തങ്ങളോട് നീതിയുക്തമായ പരിഗണന കാട്ടണമെന്ന് യാചിച്ചിരുന്നവരാണ് അവര്‍. എന്തിന്, ശിയാനേതാക്കള്‍ പറയുന്നതിനുപോലും ഇപ്പോള്‍ പുല്ലുവിലയാണ്. അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്, വടക്കന്‍ മേഖലകളില്‍ ഇപ്പോള്‍ ചൊരിയുന്ന രക്തത്തിനു പിന്നില്‍ മാലികിയുടെ പിഴച്ച നയങ്ങളാണെന്ന്. സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി സുന്നി ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയായിരുന്നു മാലികി. സദ്ദാം ശിയാക്കളോട് ചെയ്തത് സുന്നികളോട് മാലികി ചെയ്തു. അവര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളെ അയാള്‍ ഇരുട്ടിലാഴ്ത്തി. ഗള്‍ഫ് രാഷ്ട്രങ്ങളെയും സൗദി അറേബ്യയെയും തുര്‍ക്കിയെയും ശത്രുക്കളായി കണ്ടിട്ടുണ്ട് മാലികി. അവരെ വാക്കുകൊണ്ട് ആക്രമിച്ചിട്ടുമുണ്ട്. ഇറാഖിനെ നശിപ്പിക്കാന്‍ നോക്കുന്നവരെന്നായിരുന്നു എന്നും ഇവരെക്കുറിച്ച് മാലികി പറഞ്ഞിരുന്നത്. ഐ.എസ്.ഐ.എസുമായി ഒത്തുപ്രവര്‍ത്തിക്കുന്നതിന്‍െറ പേരില്‍ സുന്നി രാഷ്ട്രീയ നേതാക്കളെയും ഗോത്രവര്‍ഗനേതാക്കളെയും മാലികി ശത്രുപക്ഷത്തു നിര്‍ത്തി. വടക്കന്‍ മേഖലയില്‍ പരാജയപ്പെട്ട കമാന്‍ഡര്‍മാരെ പിരിച്ചുവിട്ടു. ഒരാളെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ ഉത്തരവിട്ടു. ആവശ്യമായ അന്വേഷണം നടത്തിയ ശേഷമായിരുന്നില്ല ഈ നീക്കങ്ങളൊന്നും. വംശീയതയെ വംശീയതകൊണ്ട് എതിര്‍ക്കുന്നതാണ് മാലികിയുടെ രീതി. ഇത്രനാളും ഭരിച്ചതും ആ രീതിയില്‍തന്നെ. വിദേശത്തുള്ള സഖ്യകക്ഷികളില്‍നിന്ന് മാലികിക്ക് ഇപ്പോള്‍ വേണ്ടത് ഉപദേശങ്ങളല്ല; രാഷ്ട്രീയ ശിപാര്‍ശകളോ വിമര്‍ശങ്ങളോ വിലയിരുത്തലുകളോ അല്ല; സൈനിക സഹായം മാത്രമാണ്. അസ്ഥിരമായ രാജ്യത്തെ സൈനികമായി അടിച്ചമര്‍ത്തി രക്തച്ചൊരിച്ചിലിലൂടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കുന്നത് വിവേകമുള്ള ഭരണാധികാരിയുടെ രീതിയല്ല. നൂരി കമീല്‍ മുഹമ്മദ് ഹസന്‍ അല്‍മാലികി ജനിച്ചത് 1950 ജൂണ്‍ 20ന് അല്‍ഹില്ല എന്ന ഇറാഖി നഗരത്തിന് സമീപമാണ്. പിതാമഹന്‍ മുഹമ്മദ് ഹസന്‍ കവിയും മതപണ്ഡിതനുമായിരുന്നു. ബ്രിട്ടന് എതിരായ ഇറാഖി വിപ്ളവത്തില്‍ പങ്കെടുത്തിരുന്നു ഹസന്‍. ബഗ്ദാദ് സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിരോധിത ഇസ്ലാമിക് ദഅ്വ പാര്‍ട്ടിയിലെ അംഗമായിരുന്നപ്പോള്‍ 1979ല്‍ ഇറാഖില്‍നിന്ന് പലായനം ചെയ്തു. 1990 വരെ തെഹ്റാനിലായിരുന്നു താമസം. പിന്നീട് സിറിയയില്‍. 2003ല്‍ അമേരിക്ക ഇറാഖ് ആക്രമിച്ച് കീഴടക്കി സദ്ദാമിനെ സ്ഥാനഭ്രഷ്ടനാക്കുന്നതുവരെ ഡമസ്കസിലായിരുന്നു. അവിടെ ദഅ്വ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ഓഫിസറായി. സദ്ദാമിന്‍െറ ഭരണകൂടത്തെ പിഴുതെറിയാന്‍ ഇറാനുമായി അടുത്തു പ്രവര്‍ത്തിച്ചു. പാര്‍ട്ടി പത്രത്തിന്‍െറ പത്രാധിപരുമായിരുന്നു. സദ്ദാമിന്‍െറ പതനത്തിനുശേഷമാണ് നാട്ടില്‍ തിരിച്ചത്തെിയത്. ഇറാഖി ഇടക്കാല സര്‍ക്കാറില്‍ സൈന്യത്തില്‍നിന്നും സര്‍ക്കാറില്‍നിന്നും ബഅസ് പാര്‍ട്ടി ഉദ്യോഗസ്ഥന്മാരെ പുറത്താക്കാന്‍ നിയുക്തനായ ഉപനേതാവായിരുന്നു. 2005 ജനുവരിയില്‍ ഇറാഖ് ദേശീയ അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം ഒക്ടോബറില്‍ പാസാക്കിയ പുതിയ ഭരണഘടനക്ക് രൂപംകൊടുത്ത സമിതിയില്‍ അംഗമായി. ഡിസംബറില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം ഇബ്രാഹീം അല്‍ജഅ്ഫരി ഇറാഖ് പ്രധാനമന്ത്രിയായി. അടുത്ത വര്‍ഷം ദുര്‍ബലമായ നേതൃത്വത്തിന്‍െറയും സ്വജനപക്ഷപാതത്തിന്‍െറയും പേരില്‍ ജഅ്ഫരിക്ക് പുറത്തേക്കുള്ള വഴി തുറന്നുകിട്ടിയപ്പോള്‍ ഉയര്‍ന്നുവന്ന പേര് മാലികിയുടേതായിരുന്നു. ഏകാധിപതികള്‍ ആദ്യം ചെയ്യുന്നത് വിമതശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയാണ്. 2006ല്‍ മാലികി ചെയ്തതും അതുതന്നെ. രാജ്യത്തെ രക്തച്ചൊരിച്ചിലിന്‍െറ പടങ്ങള്‍ കൊടുക്കുന്നതില്‍നിന്ന് ചാനലുകളെയും പത്രങ്ങളെയും വിലക്കി. പത്രക്കാരെ തടവിലിടുകയും പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുകയും ചെയ്തു. പല മാധ്യമസ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി നിര്‍ത്തി. 2009ല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പുതന്നെ സ്ഥാനമൊഴിയുമെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. പക്ഷേ, 2010 ഡിസംബറില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒമ്പതു മാസത്തിനുശേഷം പാര്‍ലമെന്‍റ് മാലികി സര്‍ക്കാറിന് ഐകകണ്ഠ്യേന അംഗീകാരം നല്‍കി. മൂന്നാമൂഴത്തിന് നില്‍ക്കില്ളെന്നാണ് തൊട്ടടുത്ത വര്‍ഷം മാലികിയുടെ വക്താവ് പറഞ്ഞത്. 2012 മുതല്‍ മാലികി ശക്തമായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ അദ്ദേഹത്തിന്‍െറ ഭരണകൂടത്തിനെതിരെ ആയുധവുമായി കലാപത്തിനിറങ്ങി. അത് അടിച്ചമര്‍ത്താനുള്ള വഴികളെല്ലാം മാലികി തേടി. ഗതിമുട്ടിയ ജനതയുടെ ചെറുത്തുനില്‍പായിരുന്നു അത്. സിറിയ-ഇറാഖ് അതിര്‍ത്തിയില്‍നിന്ന് ശക്തമായ പോരാട്ടമാണ് മാലികിക്ക് നേരിടേണ്ടിവരുന്നത്. ഫലീഹ ഖലില്‍ ആണ് ഭാര്യ. മൂന്നു പെണ്‍മക്കളും ഒരു മകനുമുണ്ട്. ‘സുസ്ഥിരമായ ജനാധിപത്യത്തിന്‍െറ പുന$സ്ഥാപന’ത്തിനുവേണ്ടിയാണ് അമേരിക്ക ആക്രമണം നടത്തിയത്. അവിടെ ഇപ്പോള്‍ പലരും വിതക്കുകയും കൊയ്യുകയും ചെയ്യുന്നു. ‘സുസ്ഥിരമായ ജനാധിപത്യം’ പുലരുന്നതിനാല്‍ ഇറാഖില്‍നിന്ന് വാര്‍ത്തകളൊഴിഞ്ഞ നേരമില്ല. നമ്മുടെ നഴ്സുമാരും നിര്‍മാണത്തൊഴിലാളികളും അവിടെ ഭീതിയുടെ നിഴലില്‍ കഴിയുന്നു. |
പൊതു വിദ്യാഭ്യാസത്തില്‍ ഇനി വേണ്ടത് ഘടനാമാറ്റങ്ങള്‍ Posted: 21 Jun 2014 07:30 PM PDT അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പാഠപുസ്തകം പരിഷ്കരിക്കുക കേരളത്തിലെ പതിവാണ്. പാഠ്യപദ്ധതിയും പരിഷ്കരിച്ചു എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത . ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കിയ പ്രശ്നാധിഷ്ഠിത പാഠ്യ പദ്ധതി പൂര്‍ണമായും ഇല്ലാതായി. ജ്ഞാനനിര്‍മിതിക്കൊപ്പം പഴയ ബിഹേവിയറിസവും തിരിച്ചുവന്നു. പ്രത്യേകിച്ചും ഇംഗ്ളീഷ് പാഠപുസ്തകങ്ങളില്‍. അവ്യക്തമായ പഠന ലക്ഷ്യങ്ങള്‍ക്കുപകരം നിര്‍ബന്ധമായും നേടേണ്ട പഠന നേട്ടങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകസഹായിയില്‍ ആയിരുന്ന പകുതി പാഠഭാഗങ്ങള്‍ പാഠപുസ്തകത്തിലേക്ക് തിരിച്ചുവന്നു. രക്ഷിതാക്കള്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി ഒഴിവാക്കി. കലാകായിക പ്രവര്‍ത്തനങ്ങള്‍ ഇനി പാഠ്യാനുബന്ധ പ്രവര്‍ത്തനമല്ല. പഠന പ്രവര്‍ത്തനം തന്നെയാണ്. അലീഗഢ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പി.കെ.അബ്ദുല്‍ അസീസ് ചെയര്‍മാനായ പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിയുടെ നിര്‍ദേശങ്ങളോടൊപ്പം വിദ്യാഭ്യാസ അവകാശ നിയമം കൂടി പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍. സമ്മിശ്ര പ്രതികരണമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ പൊതുവെ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ അധ്യാപകര്‍ രണ്ടു തട്ടിലാണ്. ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്,ക്ളാസുകളിലെ മാറിയ പാഠപുസ്തകങ്ങളുടെ നേട്ടകോട്ടങ്ങള്‍ വിലയിരുത്താന്‍ ഈ അധ്യയന വര്‍ഷം കഴിയുംവരെ കാത്തിരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതികളെയും പാഠപുസ്തകങ്ങളെക്കാളുമുപരി അധ്യാപകരെ ശാക്തീകരിക്കുന്നതിലുള്ള തടസ്സങ്ങളും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഘടനാപരമായ കുരുക്കുകളുമാണ് കേരളീയ പൊതു വിദ്യാഭ്യാസത്തിന്‍െറ നിലവാരം തകര്‍ക്കുന്ന പ്രധാന വില്ലനെന്ന് അനേകം പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ കമീഷന്‍ കടന്നു പോകുമ്പോഴും സര്‍ക്കാറുകള്‍ മാറിവരുമ്പോഴും അനേകം പദ്ധതികള്‍ അവശേഷിപ്പിച്ചിട്ടുണ്ടാവും. അവസാനം വന്ന ബൃഹത്തായ എസ്.എസ്.എ പദ്ധതികള്‍ ഒട്ടനവധി ഓഫിസ് ജോലികളാണ് അധ്യാപകരില്‍ കെട്ടിവെച്ചത്. ഓരോ ദിവസവും ഇതെല്ലാം അടിച്ചേല്‍പിക്കുന്ന കടലാസ് പണികള്‍ തീര്‍ക്കാന്‍ അവര്‍ നെട്ടോട്ടമാണ്. ഇതിനാവശ്യമായ ഓഫിസ് സംവിധാനം നിലവിലുണ്ടോ എന്ന ആലോചന പോലും നടന്നിട്ടില്ല. അങ്ങനെയാണ് ഉച്ചക്കഞ്ഞിയുടെ മാത്രമല്ല അതിന്‍െറ വിറകിന്‍െറയും ഉപ്പിന്‍െറയും പച്ചക്കറിയുടെയും മുതല്‍ വലിയ കെട്ടിട നിര്‍മാണങ്ങളുടെ എസ്റ്റിമേറ്റ് വരെ അധ്യാപകരുടെ ചുമലിലായത്. ഇതിനിടയില്‍ സൗകര്യപൂര്‍വം മാറ്റിവെക്കാന്‍ സാധിക്കുന്നത് അക്കാദമിക കാര്യങ്ങള്‍ മാത്രം. നിര്‍വഹണവും മേല്‍നോട്ടവും അക്കാദമിക് മോണിറ്ററിങ് അഥവാ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം എന്ന കാതലായ പണി ഇന്ന് സ്കൂളുകളില്‍ നടക്കുന്നേയില്ല എന്നുതന്നെ പറയാം. ഹെഡ് മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും അവരുടെ മേധാവികളുടെയും ഒന്നാമത്തെ ഉത്തരവാദിത്തം വിദ്യാലയങ്ങളുടെ സ്ഥാപനലക്ഷ്യമായ വിദ്യാഭ്യാസം ഫലപ്രദമായി നടക്കുന്നു എന്നുറപ്പു വരുത്തലാണ്. എന്നാല്‍ ഇന്ന് അവര്‍ ചെയ്യുന്ന ജോലി ഓഫിസ് കാര്യ നിര്‍വഹണവും സാമ്പത്തിക ക്രയ വിക്രയങ്ങളും മാത്രമാണ്. ഇതിന്‍െറ പ്രധാന കാരണം തന്‍െറ കീഴിലെ വിദ്യാലയത്തിലെ കുട്ടികളുടെ ഭാവി ഏതുവിധത്തില്‍ തകിടം മറിഞ്ഞാലും സ്ഥാപന മേധാവിക്ക് ആരോടും ഒരുത്തരവും ബോധിപ്പിക്കേണ്ടതില്ല എന്നതും അതേസമയം ഓഫിസിലെ ഒരു ഫയല്‍ നീങ്ങാതിരുന്നാലോ ഒരു ബില്ലില്‍ നിസ്സാരമായൊരു പിഴവുണ്ടായാലോ അയാളുടെ പ്രമോഷനും പെന്‍ഷനുമടക്കമുള്ള കാര്യങ്ങള്‍ തടഞ്ഞുവെക്കപ്പെടുന്ന അവസ്ഥ വരെയുണ്ടാവും എന്നതുമാണ്. സ്വാഭാവികമായും യഥാര്‍ഥ കടമയായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അഗണ്യമാവുകയും വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം രണ്ടാം സ്ഥാനത്തുള്ള ഓഫിസ് പ്രവര്‍ത്തനങ്ങള്‍ അതിപ്രധാനമായിത്തീരുകയും ചെയ്യുന്നു. എ.ഇ.ഒ മുതല്‍ ഡി.പി.ഐ വരെയുള്ളവരുടെയും പ്രവര്‍ത്തന സംസ്കാരം വിദ്യാഭ്യാസ കേന്ദ്രീകൃതമല്ല. പകരം കേവലം ഒഫിഷ്യലാണ്. പ്രധാനാധ്യാപകന് നല്‍കുന്ന പരിശീലനങ്ങളില്‍ സിംഹഭാഗവും അപഹരിക്കുന്നത് വിദ്യാഭ്യാസ സര്‍വീസ് ചട്ടങ്ങളും അതിന്‍െറ നൂലാമാലകളുമാണ്. യഥാര്‍ഥ പ്രവര്‍ത്തനമായ അക്കാദമിക് മോണിറ്ററിങ് പരിശീലനം നല്‍കപ്പെടുന്നില്ല എന്നു തന്നെ പറയാം. ഇങ്ങനെ വിദ്യാഭ്യാസ പ്രവര്‍ത്തനം നിസ്സാരവത്കരിക്കപ്പെടുകയും അധ്യാപകന്‍െറ സര്‍വീസ് കാര്യങ്ങളും സ്കൂള്‍ നടത്തിപ്പും മുഖ്യസ്ഥാനം നേടുകയും ചെയ്തിരിക്കുന്നു. പ്രധാനാധ്യാപകന്‍ ഓഫിസ് ജോലി ചെയ്യേണ്ടയാളാണ്. ക്ളാസിലെന്തു നടക്കുന്നു എന്ന് നോക്കേണ്ട കാര്യം അദ്ദേഹത്തിനില്ല എന്നൊരു മനോഭാവം തന്നെ അധ്യാപകരില്‍ വളര്‍ന്നുവന്നിട്ടുണ്ട്. പ്രധാനാധ്യാപകനെ ഓഫിസ് ചുമതലകളില്‍നിന്ന് നിയമപരമായിത്തന്നെ ഒഴിവാക്കുകയാണ് ഇതിനുള്ള പരിഹാരം. എല്ലാ ഹൈസ്കൂളുകളിലും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തിക സൃഷ്ടിക്കുകയും ഓഫിസ് ഭരണകാര്യങ്ങള്‍ അദ്ദേഹത്തിന് കൈമാറുകയും വേണം. പ്രൈമറി സ്കൂളുകളില്‍ പ്രധാനാധ്യാപകനെ ക്ളാസ് ചുമതലകളില്‍നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. അധ്യാപകനെ സ്വതന്ത്രനാക്കുക എല്‍.പിയില്‍ 200 ഉം യു.പിയില്‍ 220 ഉം പ്രവൃത്തി ദിവസങ്ങള്‍ വേണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. പലതരം പുറംജോലികള്‍ കഴിഞ്ഞ് ശരാശരി 150 ദിവസം പോലും ക്ളാസ് മുറിയില്‍ ചെലവഴിക്കാന്‍ ഒരു സാധാരണ അധ്യാപകന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ആഴ്ചകള്‍ തന്നെ അപഹരിക്കുന്ന ഒരിനമാണ് കലാ കായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകള്‍. സബ്ജില്ലാ , ജില്ലാ , സംസ്ഥാന , തലത്തിലേക്ക് കുട്ടികളെ ഒരുക്കാനും അതിന്‍െറ സംഘാടനത്തിനുമായി രണ്ടാം ടേം ഏകദേശം പൂര്‍ണമായും നഷ്ടപ്പെടുന്നു. സ്കൂള്‍തലമൊഴികെയുള്ള എല്ലാ മത്സരങ്ങളിലും വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും പ്രയോജനം ലഭിക്കുന്നവയാണ് സ്കൂള്‍ തലമേളകള്‍. കലാ , കായികമേളകള്‍ സ്കൂള്‍ തലങ്ങളില്‍ ഒരുവിധം നടക്കുന്നു. ശാസ്ത്ര, പ്രവൃത്തി പരിചയ മേളകള്‍ മിക്ക സ്കൂളുകളിലും നടക്കാറില്ല. മാധ്യമങ്ങളില്‍ പ്രചാരം ലഭിക്കുന്നതിനാല്‍ ഉപജില്ലാ, ജില്ലാ, സംസ്ഥാന മേളകളാണ് എല്ലാവര്‍ക്കും താല്‍പര്യം. മൂന്ന് പ്രധാന മേളകളുടെയും ഉപജില്ലാ, ജില്ലാ, സംസ്ഥാന, മത്സരങ്ങള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മൂന്ന് കൊല്ലത്തിലൊരിക്കല്‍ നടത്തുകയോ മേളകളെല്ലാം അവധിക്കാലത്ത് നടത്തുകയോ ആണ് പരിഹാരം. ഏതാണ്ടെല്ലാ സര്‍ക്കാര്‍ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും സംസ്ഥാനതലത്തില്‍ തന്നെ പലതരം മത്സരങ്ങള്‍ നടത്താറുണ്ട്. ഉപഭോക്തൃദിനത്തില്‍ ഭക്ഷ്യവകുപ്പ് കണ്‍സ്യൂമര്‍ഫെഡ്, വൈദ്യുതി ലാഭിക്കുന്നത് പഠിപ്പിക്കാന്‍ വൈദ്യുതി വകുപ്പ്, ബഹിരാകാശ വിജ്ഞാനം പകരാന്‍ ഐ.എസ്.ആര്‍.ഒ ,നിയമ വിജ്ഞാനം നല്‍കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തുടങ്ങി ഏതാണ്ടെല്ലാ വകുപ്പുകളും ഒപ്പം പത്രങ്ങളും സ്വകാര്യ വിദ്യാഭ്യാസ, കച്ചവട സ്ഥാപനങ്ങളുമെല്ലാം ക്വിസ് , ചിത്ര രചനാ, പെയിന്‍റിങ് തുടങ്ങിയ അനേകം മത്സരങ്ങള്‍ നടത്താറുണ്ട്. ഇവക്കെല്ലാം വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കാറുമുണ്ട്. ഇതിലെല്ലാം ഒന്നോ രണ്ടോ കുട്ടികള്‍ക്ക് ഒരു വിദ്യാലയത്തില്‍നിന്ന് പങ്കെടുക്കാന്‍ അവസരം ലഭിക്കുമെങ്കിലും ഒന്നോ രണ്ടോ അധ്യാപകരുടെ ജോലിസമയം കൂടി നഷ്ടപ്പെടുന്നു. അധ്യയന സമയം അപഹരിക്കുന്ന മറ്റൊരിനമാണ് സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കലും അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കലും. എല്ലാ ഉയര്‍ന്ന ഓഫിസുകളും വ്യത്യസ്ത ഇനം കണക്കുകള്‍ നിത്യേനയെന്നോണം സ്കൂളില്‍നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. സ്കൂള്‍ തുറന്നാല്‍ ആദ്യത്തെ ആഴ്ച ഇവയെല്ലാം തയാറാക്കുന്ന തിരക്കായിരിക്കും. ഇതിനെല്ലാം പുറമെയാണ് വിവരാവകാശം വഴി നല്‍കേണ്ട കണക്കുകളും രേഖകളും. ക്ളാസ് മുറികളില്‍ പഠിപ്പിക്കുന്നതിനു പകരം കണക്കുകള്‍ തയാറാക്കുന്ന അധ്യാപകര്‍ സ്ഥിരം കാഴ്ചയാണ്. സമയം അപഹരിക്കുന്ന മറ്റൊരു സ്ഥാപനമാണ് സ്കൂള്‍ സൊസൈറ്റികള്‍. പുസ്തകങ്ങളും പഠനോപകരണങ്ങളും ദുര്‍ലഭമായിരുന്ന 1950 കളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കറ്റിനെ അപേക്ഷിച്ച് കുറഞ്ഞവിലക്ക് അവയെല്ലാം ലഭ്യമാക്കി സൊസൈറ്റികള്‍ സ്തുത്യര്‍ഹ സേവനം നിര്‍വഹിച്ചിരുന്നു. എന്നാല്‍ എട്ടാം ക്ളാസുവരെ ടെക്സ്റ്റ് ബുക്കുകള്‍ സൗജന്യമാക്കുകയും എല്ലാ പഠനോപകരണങ്ങളും സുലഭമായി ലഭിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സൊസൈറ്റികള്‍ അനേകം അധ്യാപകരുടെ സമയം അപഹരിക്കുന്ന പൊല്ലാപ്പാണ്. കണക്ക്, ഇംഗ്ളീഷ് , ശാസ്ത്രം എന്നീ വിഷയങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്നിലാണെന്നാണ് എസ്.എസ്.എക്ക് വേണ്ടി പഠനം നടത്തുന്ന പ്രഥം എന്ന ഏജന്‍സി പറയുന്നത്. അറിയാതെയും കാണാതെയും പോവുന്ന ചെറുതും വലുതുമായ അനേകം സംഗതികള്‍ സ്കൂളുകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായുണ്ട്. ഹെഡ്മാസ്റ്ററും കീഴിലുള്ള അധ്യാപകരുമെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കാളുപരി ഓഫിസ് ജോലികളും മറ്റു പണികളും ചെയ്യുന്ന ഇന്നത്തെ അവസ്ഥക്ക് അടിയന്തരമായി മാറ്റം വരുത്തണം. പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മാറിയതുകൊണ്ടു മാത്രം വിദ്യാഭ്യാസ രംഗം മെച്ചപ്പെടില്ല.പാഠ്യപദ്ധതികളല്ല അതിനെ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളാണ് കേരള പൊതു വിദ്യാഭ്യാസത്തിന്‍െറ നിലവാരക്കുറവിന് മുഖ്യകാരണം. പാഠപുസ്തക മാറ്റങ്ങളോടൊപ്പം ഈയൊരു ഘടകത്തെക്കൂടി പരിഗണിക്കാന്‍ തയാറാവാത്തിടത്തോളം പൊതു വിദ്യാഭ്യാസ രംഗത്ത് പുരോഗതി പ്രതീക്ഷിക്കാനാവില്ല. |
ജര്‍മനിയെ ഘാന സമനിലയില്‍ തളച്ചു Posted: 21 Jun 2014 05:59 PM PDT ഫോര്‍ട്ടലേസ: കറുത്ത നക്ഷത്രങ്ങളായ ഘാനക്കെതിരെ ഗ്രൂപ്പ് ജിയില്‍ പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ച ജര്‍മനിക്ക് സമനില. 51ാം മിനിറ്റില്‍ മാരിയോ ഗോറ്റ്സെയിലൂടെ ജര്‍മനി ലീഡ് നേടി. 54, 63 മിനിറ്റുകളില്‍ ആന്ദ്രെ അയേയും അസമാവോ ഗ്യാനും ഘാനക്കായി സ്കോര്‍ ചെയ്ത് ജര്‍മനിയെ ഞെട്ടിച്ചു. എന്നാല്‍ പകരക്കാരനായത്തെിയ വെറ്ററന്‍ സ്ട്രൈക്കര്‍ മിറോസ്ളാവ് ക്ളോസെ ജര്‍മനിക്ക് സമനില നേടിക്കൊടുത്തു. നാലാം ലോകകപ്പില്‍ ഈ താരത്തിന്‍െറ 15ാം ഗോള്‍. ഇതോടെ ക്ളോസെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമത്തെി. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ജര്‍മനി പന്തുതട്ടിയപ്പോള്‍ ആഫ്രിക്കന്‍ നക്ഷത്രങ്ങളായ ഘാന 4-5-1 എന്ന ശൈലി സ്വീകരിച്ചു. തുടക്കത്തില്‍ ജര്‍മനി പന്തിന്‍െറ നിയന്ത്രണം ഏറ്റെടുത്തെങ്കിലും ലക്ഷ്യത്തിലേക്ക് പന്തുയര്‍ന്നത് ഘാനയില്‍നിന്നായിരുന്നു. അസമോവ ഗ്യാനിന്‍െറ ഷോട്ട് പക്ഷേ, ഉയര്‍ന്നുപോയി. ആറ് മിനിറ്റിന് ശേഷം ഗോളി മാനുവല്‍ നോയര്‍ ജര്‍മനിയുടെ മതിലായി. മുഹമ്മദ് റബിയുവിന്‍െറ ശ്രമമാണ് പാളിയത്. പിന്നാലെ മെസൂദ് ഒസീലിന്‍െറ പാസില്‍ സമി ഖദീറയുടെ ദുര്‍ബലമായ അടി ഘാന ഗോളി ദൗദക്ക് എളുപ്പം കൈയിലൊതുക്കാനായി. ജര്‍മനിക്ക് കോര്‍ണര്‍ കിക്ക് കിട്ടാന്‍ 29ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. കളി അരമണിക്കൂര്‍ പിന്നിട്ടയുടന്‍ സുലെ മുന്‍താരിയുടെ ശ്രമവും ജര്‍മന്‍ഗോളി മുനയൊടിച്ചു. 37ാം മിനിറ്റില്‍ കിട്ടിയ സുവര്‍ണാവസരം ദുര്‍ബലമായ ഷോട്ടിലൂടെ ജര്‍മനിയുടെ മാരിയോ ഗോറ്റ്സെ തുലച്ചു. ആദ്യപാതിയുടെ അവസാന നിമിഷങ്ങളില്‍ ഘാന ആഞ്ഞുശ്രമിച്ചെങ്കിലും ജര്‍മന്‍ പ്രതിരോധം ഉറച്ചുനിന്നു. ആദ്യപാതിയിലെ ഗോള്‍വരള്‍ച്ചക്ക് 51ാം മിനിറ്റില്‍ ഗോറ്റ്സെ ജര്‍മനിക്കായി ലീഡ് നേടി. തോമസ് മ്യൂളറുടെ പാസ് വഴി എത്തിയ പന്ത് ഹെഡ് ചെയ്താണ് ഘാനയുടെ വലയിലത്തെിയത്. ഹെഡര്‍ ഗോറ്റ്സയുടെ കാല്‍മൂട്ടില്‍ തട്ടിയാണ് ഗോളിലത്തെിയത്. മൂന്ന് മിനിറ്റിന് ശേഷം ആന്ദ്രെ അയേ ഉരുളക്കുപ്പേരി പോലെ ഹെഡറിലൂടെ തിരിച്ചടിച്ചു. ഈ ഗോളൊരു സൂചനയായിരുന്നു. ജര്‍മനിയുടെ അലസതക്കേറ്റ പ്രഹരമായിരുന്നു രണ്ടാം ഗോള്‍. മുന്‍താരിയുടെ പാസില്‍ അത്യൂഗ്രന്‍ ഫിനിഷിലൂടെ അസമാവോ ഗ്യാന്‍ ലീഡ് നേടിക്കൊടുത്തു. 69ാം മിനിറ്റില്‍ മിറോസ്ളാവ് ക്ളോസെ പകരക്കാരനായി കളത്തിലത്തെി. ഗോറ്റ്സെ പുറത്തേക്ക് പോയി. ക്ളോസെ കളംതൊട്ടയുടന്‍ ഗോളും പിറന്നു. സ്കോര്‍ നില 2-2. |
മനുഷ്യാവകാശ കമീഷന്‍ ഇടക്കാല റിപ്പോര്‍ട്ട്: ഉത്തരേന്ത്യന്‍ കുട്ടികളെ തിരിച്ചയച്ചത് തെറ്റ് Posted: 21 Jun 2014 12:16 PM PDT തിരുവനന്തപുരം: ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഡി.ഐ.ജി എസ്. ശ്രീജിത്ത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവാദമുണ്ടായപ്പോള്‍ കുട്ടികളെ തിരിച്ചയച്ച നടപടി ഒഴിവാക്കണമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ മനുഷ്യക്കടത്താണെന്ന പരാമര്‍ശമില്ല. കുട്ടികളെ പെട്ടെന്ന് തിരിച്ചയച്ചപ്പോള്‍ അവര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടിവന്നു. ജീവിക്കുന്ന സാഹചര്യത്തില്‍ നിന്ന് മാറ്റി കേരളത്തിലേക്ക് കൊണ്ടുവരികയും ഉടനെ തിരിച്ചയക്കപ്പെടുകയും ചെയ്തപ്പോള്‍ കുട്ടികളുടെ നടുക്കം ഇരട്ടിയായി. ഈ സാഹചര്യം ഒഴിവാക്കണമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനാഥാലയങ്ങളെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സാമൂഹികനീതി വകുപ്പിന്‍െറ പക്കല്‍ കേരളത്തിലെ അനാഥാലയത്തിലെ കുട്ടികളുടെ എണ്ണം മാത്രമാണുള്ളത്. അവര്‍ ഏത് സംസ്ഥാനക്കാരാണെന്നോ പ്രായക്കാരാണെന്നോ വിവരമില്ല. വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരവീഴ്ചയുണ്ടായി. അനാഥാലയങ്ങളിലെ കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കണം. ഇതിനായി അതാത് ജില്ലയിലെ കലക്ടറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും പ്രവര്‍ത്തിക്കണം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും വില്ളേജുകളുടെയും പൊലീസിന്‍െറയും സഹായംതേടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. |
No comments:
Post a Comment