നഗരം നാറുന്നു Posted: 19 Jun 2014 11:52 PM PDT തൃശൂര്‍: സാംസ്കാരിക നഗരിയിപ്പോള്‍ മാലിന്യനഗരിയാണ്. മഴ കനത്തതോടെ കൂമ്പാരമായ മാലിന്യം നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകളിലും ഉള്‍റോഡുകളിലും പരിസരപ്രദേശങ്ങളിലും കിടന്ന് അഴുകുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയുമായി കൊതുകും എലിയും താണ്ഡവമാടുമ്പോഴും നഗരപരിധിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. ആരോഗ്യവകുപ്പ് അധികൃതരുമായി ചേര്‍ന്ന് മേയര്‍ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. കലക്ടറേറ്റ് മുതല്‍ നഗരത്തിലെ പ്രധാന തെരുവുകള്‍ വരെ മാലിന്യക്കൂമ്പാരമായി മാറി. മൂക്ക് പൊത്തി മാത്രമെ നഗരത്തിലിറങ്ങാന്‍ കഴിയൂ എന്ന അവസ്ഥയാണിപ്പോള്‍ എങ്ങും. മഴ നനഞ്ഞ് അഴുകിയ മാലിന്യങ്ങള്‍ കെട്ടിക്കിടക്കന്നത് മൂലം രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ഇതിന് പുറമെ ഈച്ചയും കൊതുകും എലിയും കൂടി വ്യാപിച്ചതോടെ തെരുവിലൂടെയുള്ള യാത്രകള്‍ ദുസ്സഹമാണ്. അഴുകിയ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വെള്ളം മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങുന്നതും കാല്‍നടയാത്രക്കാരെയാണ് വലക്കുന്നത്. കലക്ടറേറ്റ് വളപ്പും സ്കുളുകളുടെ പരിസരവും ബസ് സ്റ്റോപ്പുകള്‍ക്ക് സമീപവും മാലിന്യക്കൂമ്പാരങ്ങളുണ്ട്. പടിഞ്ഞാറേകോട്ടക്ക് സമീപത്തെ സ്കൂളിന് മുന്നിലാണ് മാലിന്യനിക്ഷേപത്തിന്‍െറ കേന്ദ്രം. ചാക്കിലും പ്ളാസ്റ്റിക് കൂടുകളിലുമായാണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്. പടിഞ്ഞാറേകോട്ടക്ക് സമീപത്തെ തിയറ്ററിന് എതിര്‍വശത്ത് റോഡരികും പ്രസ്ക്ളബ് റോഡും ഇപ്പോള്‍ മാലിന്യപ്പാതയായി മാറിയിരിക്കുകയാണ്. രാമഞ്ചിറ മഠം റോഡും തേക്കിന്‍കാട് മൈതാനവും മാലിന്യമലയാണ്. പകര്‍ച്ചവ്യധികളും പനിയും പടര്‍ന്ന് പിടിച്ചിട്ടും ആഴ്ചകളോളം കെട്ടിക്കിടന്ന മാലിന്യങ്ങള്‍ നീക്കാനോ സംസ്കരിക്കാനോ കോര്‍പറേഷന്‍ അധികൃതരോ മറ്റും തയ്യാറായിട്ടില്ല. |
ജില്ലയിലെ വൈദ്യുതി പ്രശ്ന പരിഹാരത്തിന് സ്ഥിരം സമിതി Posted: 19 Jun 2014 11:47 PM PDT കാസര്‍കോട്: ജില്ലയിലെ വൈദ്യുതി പ്രശ്നപരിഹാരത്തിന് ഉന്നതതല സ്ഥിരം സമിതി നിലവില്‍ വന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ എം.എല്‍.എമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലെ ചര്‍ച്ചയെത്തുടര്‍ന്നാണിത്. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, നിയമസഭാ പ്രാതിനിധ്യമുള്ള പാര്‍ട്ടി പ്രതിനിധികള്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളാണ്. സമിതി എല്ലാ മാസവും അവലോകന യോഗം ചേര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കും. ആദ്യ യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞയുടന്‍ കാസര്‍കോട് ചേരും. എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.കാസര്‍കോട് ഭൂഗര്‍ഭലൈന്‍ സ്ഥാപിച്ചങ്കെിലും വൈദ്യുതി പ്രസരിപ്പിക്കാന്‍ കഴിയാത്ത പ്രശ്നം ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജറുമായി സംസാരിച്ച് പരിഹാരം തേടുമെന്ന് മന്ത്രി അറിയിച്ചു. |
കനത്ത മഴയില്‍ വ്യാപകനാശം Posted: 19 Jun 2014 11:40 PM PDT ഇരിട്ടി\ഇരിക്കൂര്‍: കനത്ത മഴയില്‍ മലയോര മേഖലയില്‍ വ്യാപക നാശം. ഇരിട്ടി-പേരാവൂര്‍ റോഡില്‍ ബ്ളോക് ഓഫിസിനടുത്ത് തെങ്ങ് കടപുഴകിവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തെങ്ങ് വൈദ്യുതിലൈനില്‍ വീണതിനാല്‍ പോസ്റ്റ് തകരുകയും വൈദ്യുതി തടസ്സം നേരിടുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയുണ്ടായ കാറ്റിലാണ് തെങ്ങ് റോഡില്‍ വീണത്. ഗതാഗതതടസ്സം നേരിട്ടതിനാല്‍ കൊട്ടിയൂര്‍ ഉത്സവത്തിനുപോകേണ്ട തീര്‍ഥാടകര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ഒരു മണിക്കൂറിനുശേഷം ഗതാഗതം പുന$സ്ഥാപിച്ചു. പയഞ്ചേരി വികാസ് നഗറില്‍ ചിറാല്‍ കുഞ്ഞിപ്പാത്ത് കുഞ്ഞിമുഹമ്മദിന്‍െറ വീടിനടുത്ത കിണര്‍ കനത്ത മഴയില്‍ താഴ്ന്നു. വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കി. ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ കീഴൂര്‍കുന്നില്‍ കനത്ത മഴയില്‍ റോഡരിക് ഇടിഞ്ഞു. റോഡരിക് ഇടിഞ്ഞ് റോഡില്‍ വിള്ളല്‍ അനുഭവപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതത്തിനും ഭീഷണിയായി. ഇരിക്കൂര്‍ കോളോട് കനത്ത മഴയില്‍ ചേക്കിന്‍റകത്ത് അബ്ദുല്‍ഖാദര്‍ ഹാജിയുടെയും പള്ളിപ്പാത്ത് കാസിം ഹാജിയുടെയും ബ്ളോക് ഓഫിസിനു സമീപത്തെ കിണാക്കൂല്‍ അലീമ ഹജ്ജുമ്മയുടെയും പറമ്പിലെ ചെങ്കല്‍ ഭിത്തികള്‍ സമീപത്തെ റോഡിലേക്ക് പൊളിഞ്ഞുവീണു. കോളോട് റോഡില്‍ ഗതാഗത തടസ്സമുണ്ടായി. കോളോട് മസ്ജിദിനു സമീപത്തെ സമീറ മന്‍സില്‍ പറമ്പിലെ മതില്‍കെട്ട് പൊട്ടി റോഡിലേക്കുവീണു. പടിയൂര്‍ പഞ്ചായത്തിലെ നിടിയോടിയില്‍ ഓര്‍ക്കാട്ടേരി രാജീവന്‍െറ വീടോടു ചേര്‍ന്നതും 20 കോല്‍ ആഴമുള്ളതുമായ കിണര്‍ താഴ്ന്നു. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. താഴ്ന്ന കിണര്‍ പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. കനത്ത മഴയിലും കാറ്റിലും പൊലീസ് പരേഡ് ഗ്രൗണ്ടിലെ വലിയ മരത്തിന്‍െറ കൊമ്പ് വൈദ്യുതി ലൈനിലേക്കും റോഡിലേക്കും പൊട്ടിവീണതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതവും കാല്‍നട യാത്രയും മണിക്കൂറുകളോളം നിലച്ചു. കോളോട് പള്ളിക്കു സമീപത്തെ തേക്കുമരം പൊട്ടി തെങ്ങില്‍വീണു. കൂടാതെ മരങ്ങള്‍ വൈദ്യുതി ലൈനില്‍ പൊട്ടിവീണതിനാല്‍ രണ്ടു ദിവസമായി പ്രദേശത്ത് ഭാഗികമായി വൈദ്യുതി നിലച്ചിരിക്കയാണ്. ബ്ളോക് പഞ്ചായത്ത് ഓഫിസ് ഗ്രൗണ്ടില്‍ മരക്കൊമ്പ് ലൈനില്‍ പൊട്ടിവീണു. മൃഗാശുപത്രിക്കു പിന്നിലെ വലിയ പ്ളാവിന്‍െറ കൊമ്പുകള്‍ പൊട്ടി വൈദ്യുതിലൈനിലേക്ക് വീണതിനാല്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. മൊട്ടാമ്മല്‍ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുമുറ്റത്തെ പ്ളാവിന്‍കൊമ്പ് വൈദ്യുതിലൈനിലേക്ക് പൊട്ടിവീണു. കോളോട് സി.വി. സൈനബ, പി.പി. മുഹമ്മദ്കുഞ്ഞി എന്നിവരുടെ വാഴകളും നിലംപൊത്തി. കോളോട്, പട്ടുവം, പട്ടീല്‍, വളവുപാലം, മണ്ണൂര്‍ ഭാഗങ്ങളിലും മരംപൊട്ടിവീണ് കൃഷിനാശമുണ്ടായി. കോളോട്, പട്ടുവം, നിടുവള്ളൂര്‍, പൂഞ്ഞിടുക്ക്, സിദ്ദീഖ് നഗര്‍, ചൂളിയാട് റോഡ്, പെരുവളത്തുപറമ്പ്, കുളിഞ്ഞ, കുട്ടാവ് റോഡുകളിലും വെള്ളം നിറഞ്ഞു. ഓവുചാലുകള്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകുകയായിരുന്നു. ഉരുവച്ചാല്‍: ബുധനാഴ്ചയുണ്ടായ കനത്ത മഴയില്‍ വീടിന്‍െറ ചുറ്റുമതില്‍ തകര്‍ന്നു. പഴശ്ശി അങ്കണവാടിക്കടുത്ത് അസീനാസില്‍ ഉസ്മാന്‍െറ വീടിന്‍െറ ചുറ്റുമതില്‍ പൂര്‍ണമായും തകര്‍ന്നു. പുതിയ പുരയില്‍ മായന്‍െറ വീടിന്‍െറ മതിലും മഴയില്‍ തകര്‍ന്നു. |
പാലക്കാട് റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും Posted: 19 Jun 2014 11:37 PM PDT പാലക്കാട്: സംസ്ഥാന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറയും റെയില്‍വേയുടെയും സംയുക്ത സംരംഭമായ പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡിന് സമീപത്തെ റെയില്‍വേ മേല്‍പ്പാലം ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ വിശിഷ്ടാതിഥിയാകുന്ന ചടങ്ങില്‍ എം.ബി. രാജേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. 520 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലത്തിന് റെയില്‍വേ ട്രാക്കിന് മുകളില്‍ നടപ്പാത ഉള്‍പ്പെടെ 12 മീറ്റര്‍ വീതിയുണ്ട്. 21.29 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പട്ടിക്കര, മോയന്‍ ഗേള്‍സ് സ്കൂള്‍, ബസ്സ്റ്റാന്‍ഡ് എന്നീ ദിശകളിലേക്കായി മൂന്ന് കവാടങ്ങളുള്ള പാലത്തിന് 47.50 മീറ്റര്‍ നീളത്തില്‍ ബോസ്ട്രിങ് ആര്‍ച്ച് കൂടി നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് കൊച്ചി ആസ്ഥാനമായ കിറ്റ്കോ കണ്‍സല്‍ട്ടന്‍സിയാണ്. ഭൂമി ഏറ്റെടുക്കുന്നതിലും റെയില്‍വേയില്‍നിന്നുള്ള ഡിസൈന്‍ അംഗീകാരത്തിനുള്ള കാലതാമസവും മൂലം 2004ല്‍ പാലത്തിന്‍െറ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ജി.പി.ടി ഇന്‍ഫ്രാ പ്രോജക്ട്സ് എന്ന സ്ഥാപനത്തിന് 7.34 കോടി രൂപക്ക് കരാര്‍ നല്‍കി. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ദിശയിലേക്കുള്ള നിര്‍മാണത്തിന് സ്ഥലം ലഭിച്ചത് 2012ലാണ്. തുടര്‍ന്ന് മൂന്നാമത്തെ കവാടത്തിന്‍െറ നിര്‍മാണം ആര്‍.ഡി.എസ് പ്രോജക്ട്സ് എന്ന സ്ഥാപനത്തിന് 3.18 കോടി രൂപക്ക് കരാര്‍ നല്‍കി. പാലം പൂര്‍ണമായും ആര്‍.ബി.ഡി.സി.കെയാണ് നിര്‍മിച്ചത്. ആര്‍.ബി.ഡി.സി.കെയുടെ 28ാമത്തെ റെയില്‍വേ മേല്‍പ്പാലമാണിത്. |
അക്ഷയ സെന്‍ററില്ലാത്ത പഞ്ചായത്തുകളില്‍ ഉടന്‍ ആരംഭിക്കും Posted: 19 Jun 2014 11:21 PM PDT മലപ്പുറം: വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന ഇ-ജില്ല പദ്ധതി കൂടൂതല്‍ കാര്യക്ഷമമാകുന്നു. സേവനങ്ങള്‍ കൂടൂതല്‍ വേഗത്തില്‍ പരാതികളില്ലാതെ ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമം. നിലവില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് മലപ്പുറം. ഒരാഴ്ചക്കകം മലപ്പുറത്തെ മുന്നിലെത്തിക്കുമെന്ന് കലക്ടര്‍ കെ. ബിജു പറഞ്ഞു. വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇ-ജില്ല അവലോകന യോഗത്തിലാണ് സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച പെരിന്തല്‍മണ്ണ, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളുടെ അവലോകനയോഗമായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിനല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കണം സേവനങ്ങള്‍ നല്‍കേണ്ടത്. തഹസില്‍ദാര്‍മാര്‍ അയക്കുന്ന റിപ്പോര്‍ട്ടുകളും ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. നേരത്തേ ഓണ്‍ലൈന്‍ സംവിധാനമൊഴിവാക്കി പഴയ രീതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് ഉത്തരവിറങ്ങിയിരുന്നു. ഈ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ നിരവധി വില്ലേജുകളില്‍ ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായി ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ-ജില്ല പദ്ധതി കൂടൂതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ അക്ഷയ സെന്‍ററില്ലാത്ത പൊന്മള പഞ്ചായത്തില്‍ പൊന്മള, പള്ളിപ്പടി, ചാപ്പനങ്ങാടി, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അറവങ്കര, പുല്ലാര, കരുളായി പഞ്ചായത്തിലെ കരുളായി, ഉള്ളേരി എന്നിവിടങ്ങളില്‍ ആരംഭിക്കും. അക്ഷയസെന്‍ററുകളില്‍ മോണിറ്ററിങ് ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഐ.ടി സെല്‍ കോഓഡിനേറ്റര്‍നമാര്‍ എല്ലാ മാസവും പരിശോധന നടത്തും. അക്ഷയ സെന്‍ററുകളില്‍ ഒരുതവണ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച് വീണ്ടും അപേക്ഷിക്കാം. പിന്നീട് അക്ഷയയെ സമീപിക്കാതെ ഇ-ജില്ലയുടെ വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞു. വില്ലേജ് ഓഫിസില്‍നിന്ന് ലഭിക്കുന്ന 23 സേവനങ്ങള്‍ നിലവില്‍ അക്ഷയ വഴി നല്‍കുന്നുണ്ട്. ഇതിന്‍െറ വിവരങ്ങള്‍ അതാത് വില്ലേജ് ഓഫിസുകളിലും അക്ഷയ സെന്‍ററുകളിലും ലഭ്യമാണ്. വില്ലേജ് ഓഫിസുകളില്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് വന്നിട്ടില്ല. സോഫ്റ്റ്വെയര്‍ തകരാരാറാണെന്നും ഇന്‍റര്‍നെറ്റ് കണക്ഷനില്ലെന്നും യു.പി.എസില്ലെന്നും കമ്പ്യൂട്ടര്‍ അറിയില്ലെന്നും തുടങ്ങി പലതാണ് ഇതിന് പറയുന്ന കാരണങ്ങള്‍. അക്ഷയയുടെ ഭാഗത്തുനിന്നും ചില പ്രശ്നങ്ങളുള്ളതായും യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. അക്ഷയയും വില്ലേജ് ഓഫിസുകളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനായി താലൂക്ക്, വില്ലേജ് തലങ്ങളില്‍ യോഗം നടത്തും. കാവനൂര്‍ വില്ലേജിലാണ് ഇ-ജില്ലയില്‍ ഏറ്റവും കൂടൂതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 13800 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. |
ഗവര്‍ണര്‍മാരെ അഴിമതിക്കേസുകളില്‍ ചോദ്യം ചെയ്തേക്കും Posted: 19 Jun 2014 11:19 PM PDT ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് . ഇതിന്‍്റെ ഭാഗമായി വിവിധ ഗവര്‍ണര്‍മാരെ അഴിമതക്കേസുകളില്‍ ചോദ്യം ചെയ്യും. കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലും ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെയും ഗോവ ഗവര്‍ണര്‍ ഭരത് വീര്‍ വാന്‍ചുവിനെയും ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കോപ്ടര്‍ ഇടപാടിലും ചോദ്യം ചെയ്തേക്കും. ഗവര്‍ണര്‍ പദവിയില്‍ തുടര്‍ന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ കഴിയില്ളെന്നും കേസില്‍ നിഷ്പക്ഷ അന്വേഷണം നടത്താനാകില്ളെന്നുമാണ് കേന്ദ്രത്തിന്‍്റെ നിലപാട്.രാജിവെക്കാത്ത ഗവര്‍ണര്‍മാരെ സമ്മര്‍ദതന്ത്രങ്ങളിലൂടെ രാജിവെപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍്റെ ശ്രമം. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഏഴ് ഗവര്‍ണര്‍മരോട് സ്ഥാനം രാജിവെക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി വാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യു.പി ഗവര്‍ണര്‍ ബി.എല്‍ ജോഷിയും ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്തും സ്ഥാനം രാജിവച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണനും കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതും ഉള്‍പ്പെടെയുള്ള ഗവര്‍ണര്‍മാര്‍ നിര്‍ദേശം തള്ളി. ഗവര്‍ണര്‍മാരെ മാറ്റുന്നത് സംബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നിയമോപദേശം തേടിയിരുന്നു. ഭരണമാറ്റമുണ്ടായതിന്‍്റെ പേരില്‍ മാത്രം ഗവര്‍ണര്‍മാരെ ഒറ്റയടിക്ക് മാറ്റാനാകില്ളെന്നും ഗവര്‍ണര്‍മാരെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാറ്റാമെന്നും രാഷ്ട്രപതിയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഴിമതിക്കേസുകളില്‍ ഗവര്‍ണര്‍മാരെ ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. |
ആലുവ മുട്ടം യാര്‍ഡ് തുരങ്കപാത ആഗസ്റ്റില്‍ പൂര്‍ത്തിയാകും Posted: 19 Jun 2014 11:12 PM PDT കൊച്ചി: മെട്രോയുടെ ആലുവ മുട്ടം യാര്‍ഡിലേക്ക് നിര്‍മിക്കുന്ന തുരങ്കപാതയുടെ നിര്‍മാണം ആഗസ്റ്റ് പകുതിയോടെ പൂര്‍ത്തിയാകും. തുരങ്കപാതയും അനുബന്ധ റോഡുമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആഗസ്റ്റ് 15 നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. 24 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലും റെയില്‍വേ ലൈനിനടിയിലൂടെ നിര്‍മിക്കുന്ന തുരങ്കവും ദേശീയപാത 47മായി ബന്ധിപ്പിച്ചാണ് റോഡ് നിര്‍മിക്കുക. യാര്‍ഡ് നിര്‍മാണത്തിനായി സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നതിനു യാര്‍ഡിലേക്കുള്ള വാഹനഗതാഗതത്തിനുമാണ് തുരങ്കപാത നിര്‍മിക്കുന്നത്. എന്നാല്‍, പാത തയാറാവുന്നതോടെ മുട്ടം യാര്‍ഡിന് സമീപവാസികള്‍ക്കെല്ലാം മുഖ്യ ഗതാഗത മാര്‍ഗമാവും. ഇപ്പോള്‍ റെയില്‍വേ ലൈനിനടിയില്‍ ബോക്സ് കല്‍വര്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയായശേഷം റോഡ് നിര്‍മാണം ആരംഭിക്കുക. അതേസമയം കൊച്ചി മെട്രോയ്ക്ക് കോച്ചുകള്‍ നല്‍കുന്നതിന് ഹ്യുണ്ടായി റോട്ടം,അല്‍സ്റ്റോണ്‍ എന്നീ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കി. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി പൂര്‍ത്തിയായതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ ഡല്‍ഹി ആസ്ഥാനത്താണ് രണ്ട് പ്രമുഖ കമ്പനികളും ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ടെന്‍ഡര്‍ തുറക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ പിന്നീട് ഡല്‍ഹിയില്‍ നടക്കും. മെട്രോയുടെ സിഗ്നലിങ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷനുള്ള ടെന്‍ഡറിനും വന്‍കിട കമ്പനികള്‍ രംഗത്തുണ്ട്. അല്‍സ്റ്റാം, ബൊംബാഡിയര്‍,അന്‍സാന്‍േറാ,താലീസ് എന്നീ കമ്പനികളാണ് കൊച്ചി മെട്രോയില്‍ കണ്ണ് വെച്ചിട്ടുള്ളത്. 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി മെട്രോക്ക് ആദ്യഘട്ടത്തില്‍ 75 കോച്ചുകളാണ് ആവശ്യം വരിക. 700 കോടിയുടെ കരാറായിരിക്കും ഇതിനായി തയാറാക്കുക. കൊച്ചി മെട്രോയുടെ കോച്ചുകള്‍ക്കായി ഡി.എം.ആര്‍.സി ആദ്യം ക്ഷണിച്ച ടെന്‍ഡര്‍ കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് ഇടപെട്ട് റദ്ദാക്കിയത് വിവാദമായിരുന്നു. പിന്നീട് രണ്ടാമത് നല്‍കിയ ടെന്‍ഡര്‍ വിജ്ഞാപനം പ്രകാരമാണ് ഇപ്പോള്‍ രണ്ട് കമ്പനികള്‍ രംഗത്ത് വന്നിട്ടുള്ളത്. ആദ്യം ക്ഷണിച്ച ടെന്‍ഡര്‍ പ്രകാരം നാല് കമ്പനികള്‍ രംഗത്ത് വന്നിരുന്നെങ്കിലും ഒരു കമ്പനിക്ക് വേണ്ടി ഡി.എം.ആര്‍.സി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് മറ്റ് കമ്പനികള്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് കെ.എം.ആര്‍.എല്‍ ബോര്‍ഡ് യോഗം ആദ്യ ടെന്‍ഡര്‍ നടപടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. അതേസമയം ആദ്യ ടെന്‍ഡര്‍ നടപടി റദ്ദാക്കിയത് കോച്ചുകള്‍ എത്തിക്കുന്നത് വൈകിക്കുമെന്ന പരാതി ഡി.എം.ആര്‍.സിക്കുണ്ട്. |
ത്യാഗരാജ യോഗ വൈഭവം Posted: 19 Jun 2014 11:06 PM PDT വാഗേയകാരന്‍മാരായിരുന്ന ത്യാഗരാജസ്വാമിയും മുത്തുസ്വാമി ദീക്ഷിതരും മറ്റും സംഗീതത്തിലെന്ന പോലെ സാഹിത്യത്തിലും അതീവ പാണ്ഡിത്യമുള്ളവരായിരുന്നു. ഇപ്പോഴത്തെ സംഗീതജ്ഞരെയോ സാഹിത്യകാരന്മാരെയോ പോലെ പരസ്പരം അസൂയ വെച്ച്പുലര്‍ത്തുന്നവരായിരുന്നില്ല അവര്‍. പരസ്പരം അംഗീകരിക്കുന്നവരും ആദരിക്കുന്നവരുമായിരുന്നു. തന്നെയുമല്ല അവരുടെ ഭക്തി കേവലഭക്തിയല്ല, മറിച്ച് ഈശ്വരനിലുള്ള സമ്പൂര്‍ണ സമര്‍പ്പണമായിരുന്നെന്ന് അവരുടെ കൃതികളില്‍ നിന്നും ജീവിതത്തില്‍ നിന്നും വ്യക്തമാകും. ത്യാഗരാജസ്വാമികളുടെ ‘എന്തരോ മഹാനുഭാവുലു’ എന്ന കൃതി കേരളത്തില്‍ വളരെ പ്രസിദ്ധമാണ്. മലയാളിയായ സംഗീതജ്ഞന്‍ ഷഡ്കാലഗോവിന്ദ മാരാര്‍ ആറുകാലത്തിലും അനായാസമായി പാടുന്നത് അത്ഭുതാദരവോടെ കേട്ടിരുന്ന ത്യാഗരാജന്‍ അദ്ദേഹത്തോടുള്ള ആദരവായും സംഗീതസിദ്ധിയില്‍ മതിമറന്നുമാണത്രെ ‘എന്തരോ മഹാനുഭാവുലു’ എന്ന കൃതി രചിച്ചതെന്നാണ് ചരിത്രം. സ്വാതിതിരുന്നാളിന്റെആഗ്രഹപ്രകാരം ത്യാഗരാജനെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കാനായിരുന്നത്രെ ഗോവിന്ദമാരാര്‍ പ്രശസ്ത വയലിനിസ്റ്റായിരുന്ന വടിവേലുവുമൊത്ത് ത്യാഗരാജനെ കാണാനെത്തിയത്. എന്നാല്‍ അദ്ദേഹം ഇവിടേക്ക് വന്നിരുന്നില്ല. ഇതിന്റെവിഷമത്തില്‍ ഗോവിന്ദമാരാര്‍ പിന്നീട് കേരളത്തിലേക്ക് വന്നില്ലത്രെ. ത്യാഗരാജനും ഒരു നൂറ്റാണ്ട് മുന്നേ ആന്ധ്രാ ദേശത്ത് ജീവിച്ചിരുന്ന ഭക്ത കവിയായ വാഗേയകാരനാണ് ഭദ്രാചലം രാമദാസ്. ഭദ്രാചലം പിന്നീടുണ്ടായ ആന്ധ്രാ സംസ്ഥാനത്തും വിഭജനത്തോടെ തെലങ്കാനയിലുമാണ്. ഭദ്രാചലം ജില്ലയിലെ നലകൊണ്ടപ്പള്ളിയില്‍ 17 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാമദാസ് ത്യാഗരാജനെപ്പോലെതന്നെ തികഞ്ഞ രാമഭക്തനായിരുന്നു. അദ്ദേഹത്തിന്റെനിരവധി കീര്‍ത്തനങ്ങള്‍ ഇവിടെയും പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ‘പലുകേ ബംഗാരമായേന’, ‘യേതീരുഗ നനു ദയ ജൂചെഡവു’ എന്നീ കീര്‍ത്തനങ്ങള്‍ ശങ്കരാഭരണം എന്ന ചിത്രത്തിനുവേണ്ടി വാണീജയറാം ആലപിച്ചിട്ടുണ്ട്. സുരേഷ് ഗോപി അഭിനയിച്ച ‘സിന്ദൂരരേഖ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെപ്രശസ്തമായ ‘പാഹിരാമപ്രഭോ’ എന്ന കീര്‍ത്തനം സംഗീതസംവിധായകന്‍ ശരത് പാടിയിട്ടുണ്ട്. ഭദ്രാചലം എന്ന സ്ഥലത്തെ അക്കാലത്തെ തഹസില്‍ദാരായിരുന്നു രാമദാസ്. നികുതി പരിക്കുകയാണ് രാമദാസിന്റെഡ്യൂട്ടി. എന്നാല്‍ നികുതിപ്പിരിവിനുള്ള കണക്ക് പുസ്തകത്തിന്‍െറ ഒരുവശത്ത് കീര്‍ത്തനങ്ങളെഴുതുകയായിരുന്നു അദ്ദേഹത്തിന്റെവിനോദം. നികുതിപിരിവിന് പോകുന്ന വീടുകളില്‍ എഴുതിയ കീര്‍ത്തനങ്ങള്‍ പാടി കച്ചേരി അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെരീതിയായിരുന്നത്രെ. നികുതി പിരച്ചു കിട്ടിയ പണം അദ്ദേഹം ഭദ്രാചലത്ത്് ഇന്നത്തെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം പുതുക്കിപ്പണിയുന്നതിന് ഉപയോഗിച്ചെന്നാണ് ചരിത്രം. അതിന് അദ്ദേഹം നീണ്ടകാലം ഗോല്‍കോണ്ട ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അവിടെക്കഴിയുമ്പോഴും അദ്ദേഹം കീര്‍ത്തനങ്ങര്‍ എഴുതിക്കൊണ്ടേയിരുന്നു. തന്റെമുന്‍ഗാമിയായ സംഗീതജ്ഞനെ തന്റെകീര്‍ത്തനത്തിലൂടെ പ്രകീര്‍ത്തിക്കാന്‍ ത്യാഗരാജന്‍ മറന്നില്ല. അദേഹത്തിന്റെവളരെ പ്രശസ്തമായ ദേവഗാന്ധാരി രാഗത്തിലുള്ള ‘ക്ഷീരസാഗരശയന..’ എന്ന കീര്‍ത്തനത്തിലാണ് ഭദ്രാചലത്തെക്കുറിച്ച് പരാമര്‍ശമുള്ളത്്. യേശുദാസാണ് ഈ കീര്‍ത്തനം കേരളത്തില്‍ പാടി പ്രശസ്തമാക്കിയത്. ‘സോപാനം’ എന്ന ചിത്രത്തിനുവേണ്ടിയും അദ്ദേഹം ഇത് പാടിയിട്ടുണ്ട്. ഈ കീര്‍ത്തനത്തിന്റെചരണത്തില്‍ ‘ധീരുഡ രാമദാസു നിബന്ധമു ദീര്‍ച്ചിനിവിന്നാനുരാ’ എന്ന വരികളിലാണ് രാമദാസിനെ പ്രകീര്‍ത്തിക്കുന്നത്. ത്യാഗരാജന്റെഎതാണ്ടതേ കാലത്ത് ജീവിച്ചിരുന്ന മഹാപണ്ഡിതനായ വാഗേയകാരന്‍ മുത്തുസ്വാമി ദീക്ഷിതര്‍ ത്യാഗരാജസ്വാമിയുടെ മഹത്വത്തെ വിവരിച്ചുകൊണ്ട് കീര്‍ത്തനം രചിച്ചിട്ടുണ്ട്. ‘ത്യാഗരാജായ നമസ്തേ..കാഠ്യാനീപതേ പശുപതേ’എന്നാണ് ബേഗഡ രാഗത്തിലുള്ള ഈ കീര്‍ത്തനം ആരംഭിക്കുന്നത്. ‘ത്യാഗരാജയോഗ വൈഭവം’എന്ന ഏറെ പ്രത്യേകതകളുള്ള മറ്റൊരു കൃതിയും ദീക്ഷിതര്‍ രചിചിട്ടുണ്ട്. ത്യാഗരാജന്‍, ദീക്ഷിതര്‍, ശ്യാമാശാസ്ത്രികള്‍ എന്നീ ത്രിമൂര്‍ത്തികളെ ഉള്‍പ്പെടെ പാട്ടിപ്പുകഴ്ത്തുന്ന നിരവധി സിനിമാ-ലളിത-അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങള്‍ മലയാളത്തിലും നിരവധി രചയിതാക്കള്‍ എഴുതിയിട്ടുണ്ട്. |
പൗരബോധം വളര്‍ത്താന്‍ വായന സഹായിക്കും –കല്ലേലി രാഘവന്‍ പിള്ള Posted: 19 Jun 2014 10:58 PM PDT ആലപ്പുഴ: വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ - പബ്ളിക് റിലേഷന്‍സ്-പഞ്ചായത്ത്-വിദ്യാഭ്യാസ വകുപ്പുകളും ജില്ലാ ഭരണകൂടവും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ പരിപാടികള്‍ക്ക് പറവൂരില്‍ തുടക്കമായി. വായനദിന- വാരാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കല്ലേലി രാഘവന്‍ പിള്ള പറവൂര്‍ ഗവ. ഹൈസ്കൂളില്‍ നിര്‍വഹിച്ചു. ഗ്രന്ഥശാലകള്‍ക്ക് സമൂഹത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിച്ച പി.എന്‍. പണിക്കര്‍ കേരളത്തിലെ ഗ്രന്ഥശാലകളിലൂടെ ഇന്നും ജീവിക്കുന്നുവെന്നും ജനങ്ങളില്‍ പൗരബോധം വളര്‍ത്താന്‍ വായന ഉപകരിക്കുമെന്നും കല്ലേലി രാഘവന്‍ പിള്ള പറഞ്ഞു. വലിയ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും അധ്യാപകരെയും ഭരണകര്‍ത്താക്കളെയും സൃഷ്ടിക്കാന്‍ വായനശാലകള്‍ക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തകഴി സ്മൃതി മണ്ഡപത്തില്‍നിന്ന് സ്കൂളിലെത്തിച്ച അക്ഷരജ്യോതിയില്‍നിന്ന് പകര്‍ത്തിയ ജ്വാല ഉപയോഗിച്ചാണ് ജില്ലാതല പരിപാടികള്‍ക്ക് ദീപം കൊളുത്തിയത്. ഹെഡ്മാസ്റ്റര്‍ ടി. കുഞ്ഞുമോനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ സജീവ് ജ്യോതി ഏറ്റുവാങ്ങി. തുടര്‍ന്നായിരുന്നു അമ്പലപ്പുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. സുലേഖ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവര്‍ത്തകന്‍ പി. പുരുഷോത്തമന്‍ നായരെ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ഉണ്ണകൃഷ്ണപിള്ള പൊന്നാടയണിയിച്ച് ആദരിച്ചു. ജി. സുധാകരന്‍ എം.എല്‍.എ.യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍െറ ജില്ലാ ചെയര്‍മാന്‍ ദേവദത്ത് ജി. പുറക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ ഒരുക്കിയ ചിത്ര-പോസ്റ്റര്‍ പ്രദര്‍ശനം ശ്രദ്ധേയമായി. |
കുരുമുളക് തൈവിതരണം; കര്‍ഷക സംഘടനകള്‍ക്ക് പ്രതിഷേധം Posted: 19 Jun 2014 10:49 PM PDT പുല്‍പള്ളി: കുരുമുളക് കൂടത്തൈകള്‍ മറ്റ് ജില്ലകളില്‍നിന്ന് വയനാട്ടില്‍ എത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കം അഴിമതിക്ക് കളമൊരുക്കുമെന്ന് ആരോപണം. സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന നീക്കത്തിനെതിരെ കര്‍ഷക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. വേരുപിടിച്ചവ കുരുമുളക് തൈകള്‍ എന്ന പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ മറ്റ് ജില്ലകളില്‍നിന്ന് കൊണ്ടുവന്ന തൈകള്‍ വിതരണം ചെയ്തിരുന്നു. ഒരു ഗുണനിലവാരവുമില്ലാത്തവയായിരുന്നു ഇവ. നട്ട തൈകള്‍ ഭൂരിഭാഗവും ദിവസങ്ങള്‍ക്കകം നശിച്ചു. ഈ ഇടപാടില്‍ വന്‍ അഴിമതി നടന്നതായും അന്ന് ആരോപണമുയര്‍ന്നിരുന്നു. ജില്ലയില്‍ തന്നെ ആവശ്യത്തിന് കുരുമുളക് തൈ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. അമ്പലവയലിലെ കാര്‍ഷിക വിജ്ഞാപന കേന്ദ്രത്തില്‍ അഞ്ച് ലക്ഷത്തോളം തൈകളാണ് ഉല്‍പാദിപ്പിച്ചത്. ഇതിനുപുറമെ നിരവധി നഴ്സറികളും ജില്ലയിലുണ്ട്. ഇവിടങ്ങളില്‍ കുരുമുളക് തൈ ഉല്‍പാദിപ്പിക്കാനുള്ള ഓര്‍ഡര്‍ നല്‍കിയാല്‍ വന്‍ സാമ്പത്തിക ലാഭവും സര്‍ക്കാറിനുണ്ടാകും. എന്നാല്‍, ഇതെല്ലാം അവഗണിച്ച് തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, പാലക്കാട് തുടങ്ങിയ ജില്ലകളില്‍നിന്ന് തൈകള്‍ എത്തിക്കാനാണ് നീക്കം. വാഹന കൂലിയിനത്തില്‍ ഭീമമായ തുക നല്‍കിവേണം ഇവിടേക്ക് കുരുമുളക് തൈകള്‍ കൊണ്ടുവരാന്‍. ഈ തൈകള്‍ ഗുണനിലവാരമുള്ളവയാണോ എന്ന് ഉറപ്പുമില്ല. ദൂരെ സ്ഥലങ്ങളില്‍ നിന്ന് തൈകള്‍ കൊണ്ടുവരുമ്പോള്‍ വാഹനത്തിലിരുന്ന് വന്‍ തോതില്‍ നശിച്ചുപോകുമെന്നും ആശങ്കയുണ്ട്. മറ്റ് ജില്ലകളില്‍നിന്ന് കൊണ്ടുവരുന്ന തൈകള്‍ പലതും വയനാടന്‍ കാലാവസ്ഥക്ക് അനുയോജ്യവുമല്ല. മുമ്പ് മറ്റു ജില്ലകളില്‍നിന്ന് വള്ളിതലകള്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസും നിലവിലുണ്ട്. കുരുമുളക് പുനരുദ്ധാരണ പാക്കേജുകളുടെ മറവില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണങ്ങളും നടന്നിട്ടില്ല. ഓരോ വര്‍ഷവും കര്‍ഷകര്‍ക്ക് സഹായം എന്ന രീതിയില്‍ വിതരണം ചെയ്യുന്നത് കുറേ വളങ്ങളും കീടനാശിനികളുമാണ്. ധനസഹായം കര്‍ഷകര്‍ക്ക് പണമായി നല്‍കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം വരെ കൃഷിഭവനുകള്‍ വഴി വിതരണം ചെയ്ത തൈകള്‍ ജില്ലയില്‍ തന്നെ ഉല്‍പാദിപ്പിച്ചതായിരുന്നു. ഈ തൈകള്‍ക്ക് വന്‍ ഡിമാന്‍ഡുമായിരുന്നു. ഇത്തവണ കുരുമുളകിന് വില വര്‍ധിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കുരുമുളക് തൈകള്‍ക്ക് വിലയുയര്‍ന്നു. ഒപ്പം കടുത്ത ക്ഷാമവുമാണ്. ഈ സാഹചര്യം മുതലെടുത്താണ് മറ്റ് ജില്ലകളില്‍നിന്ന് കുരുമുളക് തൈകള്‍ ഇവിടെ എത്തിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമുണ്ടായത്. ഇറക്കുമതി കുരുമുളക് കൂടതൈകള്‍ ജില്ലയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റുജില്ലകളില്‍ നിന്നുമുള്ള തൈകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ തയാറല്ലെന്ന് അഗ്രിക്കള്‍ചറല്‍ അസിസ്റ്റന്‍റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ജീവനക്കാര്‍ക്കിടയിലും ഇക്കാര്യത്തില്‍ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. തൈ ഇറക്കുമതിക്കെതിരെ ജില്ലയില്‍ പ്രതിഷേധം ശക്തമാവുകയാണ്.സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ജില്ലക്ക് ആവശ്യമായ കുരുമുളക് ചെടികള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാന്‍ എടുത്ത തീരുമാനം നടപ്പാക്കാത്തത് അന്വേഷിക്കണം.പുറത്തുനിന്ന് കുരുമുളക് ചെടികള്‍ എത്തിച്ച് വയനാട്ടില്‍ വിതരണം ചെയ്യാനുള്ള കൃഷി വകുപ്പിന്‍െറ നീക്കം പുന$പരിശോധിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്‍റ് കെ.കെ. ഹംസ ആവശ്യപ്പെട്ടു. |
No comments:
Post a Comment