സ്വാഗതം
WELCOME

News Update..

Saturday, June 14, 2014

ഐ.എന്‍.എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു Madhyamam News Feeds

ഐ.എന്‍.എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു Madhyamam News Feeds

Link to

ഐ.എന്‍.എസ് വിക്രമാദിത്യ രാജ്യത്തിന് സമര്‍പ്പിച്ചു

Posted: 14 Jun 2014 01:15 AM PDT

Image: 
പനാജി: വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും പുതിയതും ഏറ്റവും വലുതുമായ വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ് വിക്രമാദിത്യ.  
 
44,500 ടണ്‍ ഭാരമുള്ള കപ്പല്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ വാങ്ങിയത്. 15,000 കോടി രൂപയാണ് കപ്പല്‍ നിര്‍മാണത്തിന്‍െറ മുതല്‍മുടക്ക്. കഴിഞ്ഞ നവംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ് റഷ്യയിലെ സെവ്മാഷ് കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ ഇത് കമ്മീഷന്‍ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായിരുന്ന ഐ.എന്‍.എസ് വിക്രാന്തിനെ പിന്തള്ളിയാണ് വിക്രമാദിത്യ വലുപ്പത്തില്‍ ഒന്നാം സ്ഥാനത്തത്തെിയത്. 
 
ചടങ്ങില്‍ സൈനിക ഉദ്യോഗസ്ഥന്‍മാരെ മോദി അഭിനന്ദിച്ചു. സൈന്യത്തില്‍ ഒറ്റ റാങ്ക്-ഒറ്റ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് യുദ്ധ മ്യസിയം ആരംഭിക്കും. മറ്റൊരു രാജ്യത്തിനെയും ഭീഷണിപ്പെടുത്തില്ല. എന്നാല്‍ ആരുടെയും മുന്നില്‍ മുട്ടുമടക്കില്ളെന്നും മോദി പറഞ്ഞു. 
 
 
ഗോവയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് മോദി കപ്പലിലത്തെിയത്. കപ്പലുമായി ബന്ധപെട്ട കാര്യങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥരുമായി മോദി ചര്‍ച്ച നടത്തി. 

അമീരി കാരുണ്യം: 88 ഇന്ത്യന്‍ തടവുകാര്‍ക്ക് ആനുകൂല്യം ലഭിച്ചു

Posted: 14 Jun 2014 12:51 AM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ, വിമോചന ദിനങ്ങളോടനുബന്ധിച്ച് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്വബാഹിന്‍െറ പ്രത്യേക കാരുണ്യത്തിന്‍െറ ഭാഗമായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവര്‍ക്കുള്ള ആനുകൂല്യം ലഭിച്ചവരില്‍ 88 ഇന്ത്യക്കാരുമുള്‍പ്പെട്ടതായി ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു.
അമീരി കാരുണ്യത്തിന്‍െറ ഭാഗമായി 16 ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചു. മയക്കുമരുന്ന്, മദ്യം വില്‍പന തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരായിരുന്നു ഇവര്‍. 38 പേര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവ് ലഭിച്ചു. ജീവപര്യന്തം തടവ് 15 വര്‍ഷമായി കുറച്ചുകിട്ടിയവരും മറ്റു ശിക്ഷകള്‍ പകുതിയും നാലിലൊന്നുമൊക്കെയായി കുറഞ്ഞുകിട്ടിയവരും ഇതിലുണ്ട്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, പെരുമാറ്റദൂഷ്യം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരായിരുന്നു ഇവര്‍. മദ്യം, മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിയുന്ന 33 പേരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ട്രാഫിക് നിയമ ലംഘനത്തിന് തടവില്‍ കഴിയുന്ന ഒരാളെ നാടുകടത്തലില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഫെബ്രുവരി 25,26 തിയതികളിലായുള്ള ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും അമീരി കാരുണ്യം പ്രഖ്യാപിക്കാറുണ്ട്. വിവിധ കുറ്റങ്ങളില്‍ ശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ നല്ലനടപ്പ് ബോധ്യപ്പെട്ടവര്‍ക്കാണ് ശിക്ഷയില്‍ ഇളവ് നല്‍കാറുള്ളത്. ഇത്തവണ ആയിരത്തോളം പേര്‍ക്കാണ് ഇതിന്‍െറ ആനുകൂല്യം ലഭിച്ചത്.

നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ 213
കുവൈത്ത് സിറ്റി: വിവിധ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് കുവൈത്തിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 213 ആണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. രാജ്യത്തെ സെന്‍ട്രല്‍ ജിയിലിലും മറ്റു ജയിലുകളിലുമായി 205 പുരക്ഷന്മാരും സെന്‍ട്രല്‍ ജയിലില്‍ എട്ട് സത്രീകളുമാണ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ജയില്‍ ശിക്ഷാ കാലാവധി സ്വന്തംനാട്ടിലെ ജയിലുകളില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തമ്മില്‍ അടുത്തിടെ ഒപ്പുവച്ച കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ ജയിലുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് എംബസി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നവംബറില്‍ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്വബാഹിന്‍െറ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍, കുവൈത്ത് സര്‍ക്കാറിന്‍െറ അംഗീകാരം ലഭിക്കാത്തതിനാല്‍ കരാര്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.

സീറ്റ് ബെല്‍റ്റ് നിയമം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് തിരുവഞ്ചൂര്‍

Posted: 14 Jun 2014 12:16 AM PDT

Image: 

തിരുവനന്തപുരം: പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റുബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിയമം അടിച്ചേല്‍പിക്കാനാവില്ലെന്ന്
ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചത് ജനങ്ങളുടെ ബുന്ധിമുട്ടൊഴിവാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് പിന്‍വലിച്ചതുകൊണ്ട് സ്ഥാനമൊഴിയുമെന്ന് ഋഷിരാജ് സിങ് അറിയിച്ചിട്ടില്ല. നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ തന്നെ നേരിട്ടറിയക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളത്തില്‍ 80 ശതമാനം വാഹനങ്ങള്‍ക്കും പിന്‍സീറ്റ് ബെല്‍റ്റില്ല. ഇല്ലാത്ത ബെല്‍റ്റ് ഇടാത്തതിന്‍്റെ പേരില്‍ ആരെയും ശിക്ഷിക്കാനാവില്ല.
ഇന്ത്യയില്‍ ഒരിടത്തും നടപ്പിലാവാത്ത നിയമം കേരളത്തില്‍ വേണമെന്ന് പറഞ്ഞാലെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. നാം ചെയ്യുന്നത് മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാനാവില്ല. ജനങ്ങളെ വിഷമിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് ബെല്‍റ്റ് : സര്‍ക്കാര്‍ നിലപാടില്‍ ഋഷിരാജ് സിങ്ങിന് വിയോജിപ്പ്

Posted: 13 Jun 2014 11:16 PM PDT

Image: 

തിരുവനന്തപുരം: വാഹനങ്ങളിലെ  പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റു ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയോട് ട്രന്‍സ്പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് വിയോജിപ്പ്. തന്‍്റെ അവധി ഒരുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാറിന് കത്തുനല്‍കി.
പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിലുള്ള അതൃപ്തിയാണ് അവധീ നീട്ടാനുള്ള  തീരുമാനത്തിലേക്ക് ഋഷിരാജ് സിങ്ങിനെ  നയിച്ചതെന്നാണ് സൂചന.
സീറ്റ് ബെല്‍റ്റ് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നതതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ദിവസം നിയമസഭയെ അറിയിച്ചിരുന്നു.
അതേസമയം നാലു ദിവസം മുമ്പ് തന്നെ ഋഷിരാജ് സിങ്  കത്തു നല്‍കിയെന്ന്  സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മുന്‍ കാമുകന്‍ അപമാനിച്ചെന്ന് പ്രീതി സിന്‍റയുടെ പരാതി

Posted: 13 Jun 2014 11:09 PM PDT

Image: 
മുംബൈ: വ്യവസായിയും മുന്‍ കാമുകനുമായ നെസ് വാഡിയ തന്നെ അപമാനിച്ചെന്ന് കാണിച്ച് നടി പ്രീതി സിന്‍റ പൊലീസില്‍ പരാതി നല്‍കി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിനുള്ളില്‍ ഐ.പി.എല്ലിലെ പഞ്ചാബ്-ചെന്നൈ മത്സരത്തിനിടെ തന്നെ വാഡിയ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് സിന്‍റ പരാതിയില്‍ പറയുന്നു. ഐ.പി.എല്ലിലെ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ ഉടമകളാണ് സിന്‍റയും വാഡിയയും. 
 
എന്നാല്‍ പ്രീതിയുടെ പരാതി തന്നെ ഞെട്ടിച്ചെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നെസ് വാഡിയ പ്രസ്താവനയില്‍ പറഞ്ഞു. 
 
പ്രീതിയുടെ പരാതിപ്രകാരം പൊലീസ് വാഡിയക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തല്‍, പ്രകോപനം, മാനഭംഗം, അപമാനശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

സ്വര്‍ണവിലയില്‍ വര്‍ധനവ്

Posted: 13 Jun 2014 10:01 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വില പവന് 120 രൂപ കൂടി 20,520 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2565 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അറീന ആമസോണിയയില്‍ ഇന്ന് ഇറ്റലി x ഇംഗ്ളണ്ട് മരണക്കളി

Posted: 13 Jun 2014 09:22 PM PDT

Image: 

റിയോ ഡെ ജനീറോ: ഗ്രൂപ് മത്സരങ്ങളിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് വേദിയാകുന്ന മനാസിലെ അറീന ആമസോണിയയില്‍ ഒരുക്കങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നേയുള്ളൂവെങ്കിലും ഇംഗ്ളണ്ടും ഇറ്റലിയും എപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. ഒരു സമനിലപോലും നിലനില്‍പ് അപായപ്പെടുത്തുന്ന ഗ്രൂപ്-ഡിയില്‍ ഇന്ന് ഇരുടീമുകളും ബൂട്ടുകെട്ടിയിറങ്ങുന്നത് ജയം മാത്രം ലക്ഷ്യമിട്ടാണ്.
ആന്ദ്രേ പിര്‍ലോയും മരിയോ ബലോട്ടലിയും ഒരുവശത്തും വെയ്ന്‍ റൂണിയും സ്റ്റീവന്‍ ജെറാര്‍ദും മറുവശത്തും അണിനിരക്കുന്ന പോരാട്ടത്തിന് ഗ്ളാമര്‍ പരിവേഷം എപ്പോഴേ ലഭിച്ചുകഴിഞ്ഞു. വ്യാഴാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ് ഇടതു വിങ് ബാക് മാറ്റിയ ഡി സിഗ്ളിയോ പുറത്തായത് ഇറ്റലിയെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും പ്രതിരോധത്തിന് പണ്ടേ പേരുകേട്ട ടീമിന് ഈ പൊസിഷനില്‍ പകരം വെക്കാന്‍ എത്രപേര്‍ വേണമെങ്കിലുമുണ്ടെന്നതാണ് ആശ്വാസം.
32 ഡിഗ്രി ചൂടും 80 ശതമാനം അന്തരീക്ഷ ഈര്‍പ്പവും പ്രതീക്ഷിക്കുന്ന മനാസിലെ കടുത്ത കാലാവസ്ഥയില്‍ 90 മിനിറ്റും ഒരേ ഊര്‍ജത്തോടെ പന്തുതട്ടാനാകുമോ എന്നതാണ്  ഇതൊന്നും അത്ര പരിചയമില്ലാത്ത യൂറോപ്യന്‍ ടീമുകളുടെ വെല്ലുവിളി.
35 കാരനായിട്ടും താരമൂല്യത്തിന് തെല്ലും കോട്ടം പറ്റിയിട്ടില്ലാത്ത പിര്‍ലോയുള്‍പ്പെടെ വമ്പന്മാരേറെയുള്ള ഇറ്റലിക്കു തന്നെയാണ് കളിയില്‍ നേരിയ മുന്‍തൂക്കം. ആഷ്ലി കോളുള്‍പ്പെടെ വെറ്ററന്‍സിനെ കരക്കിരുത്തി റഹീം സ്റ്റെര്‍ലിങ്, റോസ് ബാര്‍ക്ലി, അലക്സ് ഓക്സ്ലേഡ് തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി റോയ് ഹോഡ്ജ്സണ്‍ പരീക്ഷണത്തിന് മുതിര്‍ന്നത് ഇംഗ്ളണ്ടിനും പ്രതീക്ഷ നല്‍കുന്നുണ്ട്. ബാര്‍ക്ലി പക്ഷേ, ഇന്നത്തെ മത്സരത്തില്‍ ഇറങ്ങിയേക്കില്ളെന്നാണ് സൂചന.
സന്നാഹ മത്സരങ്ങളില്‍ ഇംഗ്ളണ്ട് എക്വഡോറിനോടും ഹോണ്ടുറാസിനോടും ഇറ്റലി അയര്‍ലന്‍ഡിനോടും ലക്സംബര്‍ഗിനോടും സമനില പിടിച്ചത് നിര്‍ണായക ഘട്ടത്തിലെ ഇരു ടീമുകളുടെയും ദൗര്‍ബല്യം വ്യക്തമാക്കുന്നുവെന്നത് വേറെ കാര്യം. ഈ മത്സരത്തിലും ഇറ്റലിക്കെതിരെ സമനില തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇംഗ്ളീഷ് കോച്ച് ഹോഡ്ജ്സണും പറയുന്നു.
മോശം പ്രകടനത്തിന്‍െറ പേരില്‍ ഏറെ പഴികേട്ട വെയ്ന്‍ റൂണിയെ പുറത്തിരുത്തണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ശക്തമാണെങ്കിലും അവസാന ഇലവനില്‍ താരം ഉണ്ടാകുമെന്ന് കോച്ച് വ്യക്തമാക്കിക്കഴിഞ്ഞു. വ്യക്തിഗത നേട്ടങ്ങളല്ല, ടീമിന്‍െറ ജയമാണ് ലക്ഷ്യമെന്ന് റൂണി പറയുന്നെങ്കിലും മികച്ച വിജയമൊരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നാട്ടിലിറങ്ങേണ്ടിവരില്ളെന്ന് അദ്ദേഹത്തിനും നന്നായറിയാം.
ഇരു ടീമും 24 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഇംഗ്ളണ്ടും ഒമ്പതുതവണ ഇറ്റലിയും ജയിച്ചതാണ് പഴയ കഥയെങ്കിലും അവസാന 11 മത്സരങ്ങളില്‍ രണ്ടുതവണ മാത്രമാണ് ഇംഗ്ളണ്ട് ജയം കണ്ടത്. ലോകകപ്പില്‍ അവസാനമായി മുഖാമുഖം കണ്ട 1990ലും അസൂറികള്‍ തന്നെയായിരുന്നു ജേതാക്കള്‍.

കേരളത്തില്‍ കിട്ടുന്നത് സ്വപ്നതുല്യ സൗകര്യങ്ങള്‍

Posted: 13 Jun 2014 08:54 PM PDT

Image: 
Subtitle: 
കേരളം ബാലവേലക്ക് അയക്കുന്ന കുരുന്നുകള്‍-4

കാലികളെ വളര്‍ത്തിയും കൈവശമുള്ള തുണ്ടുഭൂമിയില്‍ കൃഷി ചെയ്തും കുടുംബം പോറ്റുന്ന മുഹമ്മദ് ഇര്‍ഫാന്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കൊതിച്ച് പല വാതിലിലും മുട്ടിയിരുന്നു. ഒടുവിലാണ് മൂന്ന് ആണ്‍മക്കളില്‍ രണ്ടാമനായ മുഹമ്മദ് ഇഹ്സാനെ കഴിഞ്ഞവര്‍ഷം മുക്കം ഓര്‍ഫനേജിലേക്ക് പറഞ്ഞുവിട്ടത്. അറസ്റ്റിലായ മുഹമ്മദ് ശക്കീലിന്‍െറ കൂടെ അന്ന് മകനെ വിട്ടതല്ലാതെ മുക്കം എവിടെയാണെന്നോ കേരളം എവിടെയാണെന്നോ ഗൊഡ്ഡ ജില്ലക്കപ്പുറത്തുള്ള ലോകം കാണാത്ത ഇര്‍ഫാനറിയില്ല. ആറുവയസ്സുള്ള മകനെ പൊലീസ് പിടിച്ചുവെച്ചതും പിന്നീട് യതീംഖാനയിലേക്ക് അയച്ചതും അറിഞ്ഞിട്ട് കേരളത്തിലേക്ക് പോകണമെന്നാലോചിക്കാനുള്ള സാമ്പത്തികശേഷിപോലും ഇര്‍ഫാനില്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും യാത്രച്ചെലവ് വഹിച്ചത് യതീംഖാനക്കാരാണ്.  തന്‍െറ മകനൊന്നും പറ്റില്ളെന്നും യതീംഖാനക്കാര്‍ അവനെ നന്നായി നോക്കുമെന്നുമുള്ള ഉറപ്പിലാണ് ഇര്‍ഫാന്‍. അതിന് ന്യായമായി ഇര്‍ഫാന്‍ പറയുന്നത് മടക്കയാത്രക്ക് അവന്‍ കാണിച്ച ആവേശമാണ്. യതീംഖാനയെടുത്ത റിട്ടേണ്‍ ടിക്കറ്റുമായി വന്ന മകന്‍ ദിവസങ്ങള്‍ക്കുമുമ്പേ മടക്കയാത്രക്ക് ധിറുതി കാണിക്കുകയായിരുന്നു.
മടങ്ങാന്‍ മകന്‍ എങ്ങനെ ധിറുതി കാണിക്കാതിരിക്കുമെന്ന് ചാണകം പത്തിരിരൂപത്തിലാക്കി അലങ്കാരമെന്ന മട്ടില്‍ ചുറ്റിലും പതിച്ചുവെച്ച മണ്‍കൂര കാണിച്ച് ഇര്‍ഫാന്‍ ചോദിച്ചു. ഞങ്ങള്‍ കേള്‍ക്കുകകൂടി ചെയ്യാത്ത സൗകര്യങ്ങളാണ് അവന്‍ അനുഭവിക്കുന്നത്.  ഒരു വര്‍ഷംകൊണ്ട് അവനുണ്ടായ മാറ്റം വേനലവധിക്ക് വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. ഞാനൊരിക്കല്‍പോലും വാങ്ങിക്കൊടുക്കാത്ത വസ്ത്രമാണവന്‍ ധരിക്കുന്നതെന്ന് പറഞ്ഞ് രണ്ടു കണ്ണുകളും തുടച്ച് ഇര്‍ഫാന്‍ അല്‍പനേരം നിശ്ശബ്ദനായി.
നിരക്ഷരനായ ഗ്രാമീണനാണെങ്കിലും മക്കളെ പഠിപ്പിച്ച് വലുതാക്കാന്‍ ഉല്‍ക്കടമായ ആഗ്രഹമുള്ളയാളാണ് ഇര്‍ഫാന്‍. മകന് പ്രവേശം കിട്ടുമോയെന്നറിയാന്‍ സനോലയിലെ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പോയിനോക്കിയത് ഗ്രാമവാസികള്‍ക്കിപ്പോഴും ചിരിക്കാനുള്ള വകയാണ്. ദരിദ്രരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം കിട്ടുമെന്ന് ആരോ പറഞ്ഞതുകേട്ട് പോയതാണ് ഇര്‍ഫാന്‍. 3500 രൂപ പ്രവേശഫീസും മാസന്തോറും 300 രൂപയും നല്‍കിയാല്‍ വിദ്യാഭ്യാസം മാത്രമല്ല, യൂനിഫോമും പുസ്തകങ്ങളും ഒക്കെ നല്‍കുമെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ മറുപടി. സ്വന്തം നാട്ടില്‍ രക്ഷയില്ളെന്ന് കണ്ടതോടെ അന്യസംസ്ഥാനത്തേക്ക് കുട്ടികളെ പഠിക്കാന്‍ വിടുന്നതറിഞ്ഞു. അങ്ങനെ മൂത്ത മകനെ വാരാണസിയിലെ മതപാഠശാലയിലേക്ക് വിട്ടു. എട്ടുവയസ്സായ ആ മൂത്തമകനെ ഇര്‍ഫാന്‍ ചേര്‍ത്തുനിര്‍ത്തി കാണിച്ചുതന്നു. ഖേത്പുരയിലുള്ള ബന്ധുവാണ് അലിഗഢില്‍ പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ശകീലിനെക്കുറിച്ച് പറഞ്ഞത്. മതവിജ്ഞാനവും സ്കൂള്‍ വിദ്യാഭ്യാസവും ഒരുപോലെ കിട്ടുമെന്നും പറഞ്ഞു.  അങ്ങനെ അഞ്ച് വയസ്സായപ്പോള്‍ രണ്ടാമത്തെ മകനെ കേരളത്തിലേക്ക് വിട്ടു. രണ്ട് മക്കളുടെയും സ്ഥാപനങ്ങളുടെ പേരോ, പഠിക്കുന്ന ക്ളാസുകളോ പിതാവിനറിയില്ല. അക്കാര്യം അന്വേഷിച്ചപ്പോള്‍ അതൊന്നും ചോദിച്ചറിയാനുള്ള വിവരം തനിക്കില്ളെന്ന് തല താഴ്ത്തി.
ഇര്‍ഫാന്‍െറ മകനെപ്പോലെ നിരവധി കുരുന്നുകള്‍ പഠിപ്പും പത്രാസുമായി തിരിച്ചത്തെിയ വര്‍ത്തമാനങ്ങളാണ് വസന്ത്റായ്, മഹാഗാമ ഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിന് മക്കളെ ശകീലിനൊപ്പം വിടാന്‍ രക്ഷിതാക്കള്‍ക്ക് പ്രേരണയായത്. യതീംഖാനക്കാര്‍ ടിക്കറ്റെടുക്കുന്നതറിയാതെ ചില രക്ഷിതാക്കള്‍ മക്കള്‍ക്ക് ടിക്കറ്റെടുക്കാനുള്ള കാശും ശകീലിന് കൊടുത്തിരുന്നു. ഇര്‍ഫാന്‍െറ മകന് യതീംഖാനക്കാര്‍ ടിക്കറ്റ് എടുത്തത് അറിഞ്ഞവരൊന്നും ശകീലിന് പണം കൊടുത്തിട്ടില്ല.  എന്നിട്ടും അവന്‍ ചില കുട്ടികള്‍ക്ക് ടിക്കറ്റെടുത്തില്ല. യതീംഖാനക്കാര്‍ ടിക്കറ്റെടുക്കാന്‍ കാശ് കൊടുത്തിട്ടും അവനിപ്പണി ചെയ്തതെന്തിനാണെന്ന് അയല്‍വാസി സുലൈമാന്‍ ചോദിച്ചു.  
തിരിച്ചുവന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ പലരും ഇതുതന്നെ ചോദിക്കുന്നു. ഭര്‍ത്താവുപേക്ഷിച്ച മഹാഗാമയിലെ സബീലക്ക് മക്കളുടെ ഭാവി ഇരുളടഞ്ഞതിന്‍െറ സങ്കടം അടക്കാനാകുന്നില്ല്ള. 1500 രൂപ കൊടുത്താണ് മകളെ പറഞ്ഞുവിട്ടത്. അവളുടെ ഈ വര്‍ഷത്തെ അവസ്ഥ മനസ്സിലാക്കി ഇളയ മകളെ അടുത്തവര്‍ഷം  അയക്കാമെന്ന് കരുതിയതാണ്. അനാഥ മക്കളെ ശകീല്‍ ഇങ്ങനെ വഞ്ചിക്കുമെന്ന് കരുതിയില്ളെന്നും സബീല പറഞ്ഞു.
പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് നേടിയ വിദ്യാര്‍ഥികളും അവിടെ പഠിപ്പിക്കുന്ന അധ്യാപകരും പുതിയ കുട്ടികളെ സ്ഥാപനത്തിലത്തെിച്ചുകൊടുക്കാന്‍ കമീഷന്‍ പറ്റുന്ന ഏര്‍പ്പാട് ഏറക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍, അതിപ്പോള്‍ മതസ്ഥാപനങ്ങളിലേക്കും കടന്നിരിക്കുകയാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അനീസുര്‍റഹ്മാന്‍ ഖാസിമി പറഞ്ഞു. മതസ്ഥാപനങ്ങള്‍ക്കുവേണ്ടി പിരിവ് നടത്തുന്നവര്‍ക്ക് സ്ഥാപനങ്ങള്‍ ശതമാനക്കണക്കില്‍ കമീഷന്‍ നല്‍കാറുണ്ട്. പല മതസ്ഥാപനങ്ങളിലെ തൊഴിലാളികളും ജീവിച്ചുപോകുന്നത് ഈ കമീഷന്‍ കൊണ്ടാണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശത്തിന്  ‘മത തൊഴിലാളി’കള്‍ക്ക് കമീഷന്‍ നല്‍കുന്നേടത്തേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണമെന്ന് ഖാസിമി പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് കേരളത്തിലെ മതസ്ഥാപനത്തിലേക്ക് കുട്ടികളെ ക്ഷണിച്ച് ഇന്നാട്ടുകാരനായ ഒരാള്‍    ബഹുവര്‍ണ ചിത്രങ്ങളും സൗകര്യങ്ങളും വിശദീകരിക്കുന്ന ലഘുലേഖയുമായി വന്നിരുന്നു. ആ സ്ഥാപനവുമായി ബന്ധപ്പെട്ട ആളല്ളെന്ന് മനസ്സിലായപ്പോള്‍ സ്ഥാപനത്തിന്‍െറ വിലാസം വാങ്ങി ഡയറക്ടര്‍ക്ക് കത്തയച്ചു.
കുട്ടികളെ അയക്കാനുള്ള ശരിയായ വഴിയേതാണെന്ന് ചോദിച്ചായിരുന്നു കത്ത്. ഉത്തരവാദപ്പെട്ടവര്‍ വഴിയല്ലാതെ ആരെങ്കിലും വഴി ഇങ്ങനെ കുട്ടികളെ ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍,  ഇന്നുവരെ തന്‍െറ കത്തിന് മറുപടി ലഭിച്ചിട്ടില്ളെന്ന് ഖാസിമി പറഞ്ഞു.
(തുടരും)  
 

104 രക്തദാനം നടത്തിയ കാസിം 65ലും ജീവരക്ഷക്കു തയാര്‍

Posted: 13 Jun 2014 08:00 PM PDT

Image: 

പൊന്‍കുന്നം: മാതാവിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ രക്തത്തിനായി പല വാതിലുകള്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന്, സ്വന്തം രക്തം നല്‍കേണ്ടിവന്ന  ആ 18 കാരന്‍ അന്നൊരു തീരുമാനമെടുത്തു. ഇനി രക്തം കിട്ടാതെ ആരും വിഷമിക്കരുത്. ആ പ്രതിജ്ഞയുടെ ബലത്തില്‍ പി.എം. കാസിം   65 ന്‍െറ നിറവിലും  ആവേശത്തോടെ രക്തദാനം നടത്തി ജീവന്‍ രക്ഷിക്കാന്‍ ഓടി നടക്കുകയാണ്. ഇതിനോടകം 104 പ്രാവശ്യം രക്തം ദാനം ചെയ്തുകഴിഞ്ഞു. കാസിമിനെതേടി ചേനപ്പാടിയില്‍ എത്തിയാല്‍  എന്താ പറ്റിയത്? ആര്‍ക്കാണ് അപകടം?  എന്ന ചോദ്യമായിരിക്കും ആദ്യം എത്തുക.
 ജീവിതത്തില്‍ ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത പലരും തന്‍െറ രക്തത്തുള്ളികളില്‍ ഇന്നും ജീവിക്കുന്നു എന്നത്  ഏറെ  സന്തോഷം നല്‍കുന്നതായി കൃഷിക്കാരനായ കാസിം പറയുന്നു. രക്തദാനത്തിന്‍െറ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജന്മദേശമായ ചേനപ്പാടി കേന്ദ്രീകരിച്ച് രക്തദാന സേനയും അദ്ദേഹം  രൂപവത്കരിച്ചിട്ടുണ്ട്.
കാസിമിന്‍െറ രക്തം തേടി  നെടുങ്കണ്ടം, ഇരിട്ടി, മുണ്ടക്കയം, പഴയിടം,കാഞ്ഞിരപ്പള്ളി,കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് നിരവധിയാളുകള്‍ എത്തിയിട്ടുണ്ട്. ഈ പ്രായത്തിലും  മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താന്‍  രക്തം നല്‍കാന്‍ ഓടിനടക്കുന്ന കാസിമിനെ നിരവധി സംഘടനകള്‍ ആദരിച്ചിട്ടുണ്ട്. ശനിയാഴ്ച വീണ്ടുമൊരു രക്തദാനദിനമത്തെുമ്പോള്‍  കാസിമിന് ചെറുപ്പക്കാരോട് പറയാന്‍ ഒന്നേയുള്ളൂ, നിങ്ങള്‍ നല്‍കുന്ന രക്തം   ഒരാളുടെ ജീവന്‍മാത്രമല്ല,  ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നത്. പരേതയായ എന്‍.എ. സല്‍മയാണ് ഭാര്യ. ഷിഫാന, ഷിഫര്‍  എന്നിവര്‍ മക്കളാണ്.

അവര്‍ക്ക് കുടിക്കാന്‍ അകിടുകളുണ്ട്

Posted: 13 Jun 2014 07:40 PM PDT

Image: 

‘Law is an ass’ അഥവാ നിയമം ഒരു കഴുതയാണെന്ന ചാള്‍സ് ഡിക്കന്‍സിന്‍െറ പ്രസിദ്ധമായ വാചകം ഉരുവിട്ടത് ലണ്ടനിലെ ഒരനാഥശാല കാര്യവാഹിയായ മിസ്റ്റര്‍ ബംബ്ള്‍ എന്ന കഥാപാത്രമാണെന്നതിന് വര്‍ത്തമാന മലയാള സാഹചര്യത്തില്‍ പ്രത്യേക പ്രസക്തിയില്ല. മിസ്റ്റര്‍ ബംബ്ള്‍ നിയമത്തിന്‍െറ കുരുക്കുകളിലകപ്പെട്ടത് അയാളുടെ കെട്ട്യോളുടെ കുരുത്തക്കേടൊന്നുകൊണ്ടു മാത്രമായിരുന്നു. പക്ഷേ, ഝാര്‍ഖണ്ഡില്‍നിന്നും ബിഹാറില്‍നിന്നും വയറുനിറയെ അന്നവും അക്ഷരത്തിന്‍െറ വെള്ളിവെളിച്ചവും സ്വപ്നം കണ്ട് കേരളത്തിന്‍െറ റെയില്‍ത്തീരങ്ങളിലടിഞ്ഞ അനാഥബാല്യങ്ങള്‍ വിധിയുടെ രാക്ഷസീയതക്കുമുന്നില്‍ വാ പൊളിക്കേണ്ടിവന്നത് ഭാരവാഹികളുടെ നിയമപരിജ്ഞാനമില്ലായ്മയും അധികാരികളുടെ കനിവില്ലായ്മയും നിമിത്തമാണ്.
പ്രൈം ടൈമിലെ സൗണ്ട് ബൈറ്റുകള്‍ കൊഴുപ്പിക്കാന്‍ വ്രതമെടുത്തിരിക്കുന്ന നമ്മുടെ ബുദ്ധിജീവികള്‍ക്കും ശോഭാ സുരേന്ദ്രന്‍ മുതല്‍ അച്യുതാനന്ദന്‍ വരെയുള്ള രാഷ്ട്രീയ പ്രഭൃതികള്‍ക്കും ഏതായാലും ആശ്വാസത്തിന്‍െറ നെടുവീര്‍പ്പിടാം. അനാഥശാലാ നടത്തിപ്പുകാരായ ഡാകിനിമാരുടെ കരവലയങ്ങളില്‍നിന്ന് എത്രയോ അനാഥബാല്യങ്ങളെ അവര്‍ മായാവിയെപ്പോലെ രക്ഷിച്ചിരിക്കുന്നു... ഓം ഫ്രീ അച്ചുമാമ്മാ...ശോഭച്ചേച്ചീ...
കുറ്റംപറയരുത്. ജോലിത്തിരക്കിനിടയില്‍, ഒരുപക്ഷേ, അവര്‍ക്കതിന് സമയം കിട്ടിക്കാണില്ല. ഏതാനും മാസം മുമ്പ് വരെ ‘യു ട്യൂബി’ല്‍ വലിയ ഹിറ്റായിരുന്ന ഒരു വീഡിയോ ക്ളിപ്പിങ്ങാണ് സംഭവം. അത് കണ്ടിരുന്നെങ്കില്‍ ഒരമ്മയായ ശോഭച്ചേച്ചിയുടെയെങ്കിലും കരളലിയുമായിരുന്നു. ബംഗാളിലെ അച്യുമാമ്മന്‍െറ തൊഴിലാളി പ്രസ്ഥാനം നാലു ദശാബ്ദം അടക്കിവാണ അതേ പുണ്യഭൂവിലെ- മുര്‍ശിദാബാദില്‍ അലഞ്ഞത്തെുന്ന ഒരു പട്ടിയുടെ അകിടില്‍ വായവെച്ച് പാല് ചുരത്തുന്ന ഒരു കുട്ടിയുടെ വീഡിയോ ആയിരുന്നു അത് (ആക്ഷേപം കാരണമാവാം ചിത്രം അധികൃതര്‍ നീക്കിയിരിക്കുന്നു. പക്ഷേ, ഝാര്‍ഖണ്ഡില്‍നിന്നുള്ള ഒരു കുട്ടി ഇതേ പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ദൃശ്യം ഇപ്പോഴും യു ട്യൂബിലുണ്ട്).
ഝാര്‍ഖണ്ഡിലേക്കും ബിഹാറിലേക്കും എ.സി കോച്ചില്‍ പാര്‍സലാക്കി വിട്ട കുട്ടികളെ എത്രനാള്‍ ശിശുക്ഷേമ വകുപ്പും ബാലാവകാശ വ്യവഹാരികളും ചിറകുവിരിച്ച് സംരക്ഷിക്കും? അംബേദ്കര്‍ ബാലഭവനുകളടക്കമുള്ള ശിശുപരിചരണ കേന്ദ്രങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെയും ബാലപീഡനങ്ങളെയും കുറിച്ച് വായിച്ച ആര്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യക്ഷമതയില്‍ മതിപ്പ് തോന്നാതിരിക്കുക? കാട്ടിപെറ്റ കുട്ടികളെപ്പോലെ ശിശുക്ഷേമക്കാര്‍ തള്ളുന്ന ഈ കുട്ടികളെ കാത്ത് നിറഞ്ഞ അകിടുകളുമായി തെരുവുപട്ടികളുണ്ടാവില്ളെന്ന് എന്തുറപ്പ്?
മുര്‍ശിദാബാദ് സിന്‍ഡ്രോം
പട്ടിപ്പാലില്‍ സായുജ്യം കണ്ടത്തെിയ ആ അഗതിബാല്യങ്ങള്‍ വസിക്കുന്ന മുര്‍ശിദാബാദില്‍നിന്ന് ഏതാനും നാഴികപോയാല്‍ ആനന്ദ നഗറിലത്തൊം. ‘സിറ്റി ഓഫ് ജോയ്’ എന്ന പ്രഖ്യാത കൃതിയിലൂടെ ഡൊമിനിക് ലാപ്പിയര്‍ അനശ്വരമാക്കിയ നഗരമാണിത്. അവിടെ വസിച്ചിരുന്ന മൈമൂനയെന്ന യുവതിയുടെ കഥ ലാപ്പിയര്‍ വിവരിക്കുന്നു. മൈമൂന ഗര്‍ഭിണിയാണ്. ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ അവര്‍ക്ക് നിവൃത്തിയേതുമില്ല. പൂര്‍ണവളര്‍ച്ചയത്തെിയ ഭ്രൂണങ്ങളെ പടിഞ്ഞാറന്‍ നാടുകളിലെ വൈദ്യവിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒരു റാക്കറ്റ് അവരെ വലവീശുന്നു. പെറ്റ കുട്ടികളെ പോറ്റാന്‍ വയറ്റിലെ കുട്ടിയെ വില്‍ക്കുകയേ ആ ഉമ്മക്ക് നിര്‍വാഹമുള്ളൂ. കരിഞ്ചന്തക്കാരായ ആ ഭ്രൂണ വാണിഭ സംഘം എട്ടുമാസം തികഞ്ഞപ്പോള്‍ അവരെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു. മൈമൂന ആ ശസ്ത്രക്രിയ അതിജീവിച്ചില്ല; പക്ഷേ, പൂര്‍ണ വളര്‍ച്ചയത്തെിയ അവരുടെ ഭ്രൂണം ശീതീകരണിയുടെ അകമ്പടിയോടെ പടിഞ്ഞാറന്‍ സര്‍വകലാശാലയുടെ ചില്ലലമാരയില്‍ സ്ഥിരം വിലാസം കണ്ടത്തെി. ജനിച്ചുവീഴാന്‍ ഭാഗ്യദോഷമുണ്ടായിരുന്നെങ്കില്‍ ഏതോ ചത്തെലപ്പട്ടിയുടെ അകിടില്‍, അല്ളെങ്കില്‍ യതീംഖാന മാഫിയകളുടെ വലയത്തില്‍ അവന്‍/ള്‍ എത്തിപ്പെടുമായിരുന്നു!
ആനന്ദനഗറില്‍നിന്ന് താര്‍ത്തോല തെരുവിലേക്കുള്ള ദൂരമെത്രയെന്ന് അറിയില്ല. പക്ഷേ, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പട്ടിണിയുടെ മായാത്ത വിരലടയാളം പതിഞ്ഞ കൊല്‍ക്കത്തന്‍ തെരുവുകളിലൊന്നാണത്. അവിടത്തെ ചാളകളിലൊന്നില്‍ വിരലമര്‍ത്തിയാല്‍ അകത്തുനിന്ന് മണിനാദം കേള്‍ക്കില്ല. പക്ഷേ, ഉറക്കെ കൊട്ടിയാല്‍ വാതില്‍ തുറക്കുന്നത് ഒരു പാവം മധ്യവയസ്കയാവും. ദൈന്യത മുറ്റിയ അവരുടെ മുഖത്ത് പതിഞ്ഞുകിടക്കുന്നത് വര്‍ത്തമാന ഇന്ത്യാ ചരിത്രത്തിന്‍െറ ദുരിതം നിറഞ്ഞ ഒരു പാഠമാണ്. അവരുടെ നിരക്ഷരരായ മുതിര്‍ന്ന ആണ്‍മക്കള്‍ അകത്തുനിന്ന് അടക്കംപറയുന്നത് കമ്പ്യൂട്ടറിനെയോ സിംപ്യൂട്ടറിനെയോ കുറിച്ചായിരിക്കില്ല. പക്ഷേ, ചിലപ്പോള്‍ അവര്‍ പറയുന്ന കുടുംബ പുരാണങ്ങളില്‍ ഇന്ത്യാ മഹാരാജ്യത്തിന്‍െറ രാജകുമാരനെന്ന് നരേന്ദ്ര മോദി കളിയാക്കുന്ന രാഹുല്‍ജിയുടെ പ്രപിതാക്കള്‍, കശ്മീരിലെ ഏതോ പുഴക്കടവില്‍നിന്നു വന്ന് തങ്ങളുടെ പിന്മുറക്കാരെ വണങ്ങിയതിന്‍െറയും സേവിച്ചതിന്‍െറയും കഥാംശങ്ങളുണ്ടാവും. കാരണം, ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചതിന്‍െറ പേരില്‍ റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട  മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ഷാ സഫറിന്‍െറ പിന്മുറക്കാരാണ് ദാരിദ്ര്യത്തിന്‍െറ ആ പ്രേതരൂപങ്ങള്‍. അവര്‍ക്ക് രാപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്ല; കൊള്ളയടിക്കാന്‍ ക്ഷേത്ര നിലവറകളില്‍ ഭക്തര്‍ സമര്‍പ്പിച്ച കാണിക്കകളില്ല. അവരുടെ പ്രപിതാക്കളുണ്ടാക്കിയ താജ്മഹലിന്‍െറയും ഫത്തേപൂര്‍ സിക്രിയുടെയും ഗന്ധംപോലും അവരുടെ വരുമാന പരിധിക്ക് പുറത്താണ്.
ഒരുകാലത്ത്, ലോകത്തിലെ ഏറ്റവും പ്രതാപികളായിരുന്ന ആ രാജവംശത്തിന്‍െറ പതനം അടയാളപ്പെടുത്തുന്നത് ദേശാഭിമാനികളായ ഒരു സമുദായത്തിന്‍െറ മൊത്തം തകര്‍ച്ചയുടെ ആഴമാണ്. ചക്രവര്‍ത്തിമാര്‍ മീന്‍വില്‍ക്കുകയും ഭിക്ഷയെടുക്കുകയും ചെയ്യുന്ന ഒരു സമുദായത്തിലെ സാധാരണക്കാരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
മുര്‍ശിദാബാദിന്‍െറ വര്‍ത്തമാന പരിതോവസ്ഥയില്‍ അതിന്‍െറ രത്നസാരമുണ്ട്. 18ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ മുര്‍ശിദാബാദിലത്തെിയപ്പോള്‍ റോബര്‍ട്ട് കൈ്ളവ് പറഞ്ഞ വാചകങ്ങള്‍ പ്രസിദ്ധം: ഈ മഹാനഗരവുമായി താരതമ്യം ചെയ്യുമ്പോള്‍ ലണ്ടന്‍ വെറും ഒരുള്‍നാടന്‍ പട്ടണം. ഇവിടത്തെ ഗവര്‍ണറുടെ ആസ്തിയുമായി തുലനം ചെയ്യുമ്പോള്‍ ബ്രിട്ടീഷ് രാജാവ് വെറുമൊരു നാട്ടുപ്രമാണി.
സമ്പന്നതയുടെ ആ ഇന്നലെകള്‍ മുര്‍ശിദാബാദിന് ഇന്നോര്‍മപോലുമല്ല. മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന അവിടത്തെ വരുമാന കണക്കുകള്‍ സബ് സഹാറന്‍ ആഫ്രിക്കയെ ലജ്ജിപ്പിക്കുന്നത്; സര്‍വകലാശാലയുടെ വാതില്‍പ്പടി കണ്ടവര്‍ നാലുശതമാനം മാത്രം.
അഷ്ടിക്ക് വകതേടാന്‍ ഗര്‍ഭാശയത്തിലെ ഭ്രൂണം മാത്രമല്ല, മരണം കാത്തുകിടക്കുന്ന സ്വന്തം അസ്ഥികൂടങ്ങള്‍ക്ക് വരെ വിലയുറപ്പിച്ച് കഴിയുന്ന മനുഷ്യജന്മങ്ങള്‍ ഈ ചേരികളിലുണ്ടെന്നതിന് ലാപ്പിയര്‍ സാക്ഷി. ബാലവേല ചൂഷണംചെയ്ത് കൊഴുക്കുന്ന ടെക്സ്റ്റൈല്‍ സ്രാവുകള്‍ക്കും സര്‍ക്കസ് കമ്പനികള്‍ക്കും അടിമവേലയെ ഉപജീവിക്കുന്ന പുകയില ഭീമന്മാര്‍ക്കും വേണ്ട അസംസ്കൃത വിഭവശേഷി ലഭിക്കുന്നത് ഇത്തരം സൂകര മാളങ്ങളില്‍നിന്നാണ്.
ഇവിടങ്ങളിലധിവസിക്കുന്ന ന്യൂനപക്ഷക്കാര്‍ ദലിതരേക്കാള്‍ പിറകിലാണെന്ന പകല്‍സത്യം കണ്ടുപിടിക്കാന്‍ കമീഷനുകളെ നിയോഗിച്ചവര്‍ക്കോ, കമീഷന്‍ കണ്ടത്തെിയ ക്രൂരമായ സത്യങ്ങളത്രയും കള്ളമാണെന്ന് പെരുമ്പറ മുഴക്കുന്നവര്‍ക്കോ അവരുടെ ഉന്നമനത്തില്‍ ഒരൗത്സുക്യവുമില്ല; അഥവാ വല്ലവരും ആ നിലക്ക് വല്ലതും ചെയ്തുപോയാല്‍ അത് പ്രീണനത്തിന്‍െറയും ഭീകരതയുടെയും കണക്കില്‍ അവര്‍ വരവുവെക്കും.
അധികാരിവര്‍ഗത്തിന് അടിമപ്പണി ചെയ്യാന്‍ നിസ്സഹായതമാത്രം കൈമുതലായുള്ള ഒരു കീഴാളവര്‍ഗം വേണമെന്ന സത്യം മേലാള ദര്‍ശനം എന്നോ മന$പാഠമാക്കിയതാണ്. ഫാനന്‍െറ അഭിപ്രായത്തില്‍, ഇവ്വിധം ഒരു കീഴാളനെ പ്രതിഷ്ഠിച്ചേ മേലാളര്‍ക്ക് സ്വന്തം സ്വത്വംപോലും നിര്‍വചിക്കാനാവൂ.
ആത്മശാക്തീകരണത്തിലൂടെ ഇന്നത്തെ ദലിതര്‍ പിടിച്ചുനിര്‍ത്താനാവാത്തവിധം സാമൂഹിക ശ്രേണിയില്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ശൂന്യമാവുന്ന അധോതലങ്ങളില്‍ നാളത്തെ മുസ്ലിമിനെ കുടിയിരുത്തുകയെന്നത് അതിനാല്‍ വരേണ്യവര്‍ഗം നിയോഗമായി കാണുന്നു.
ഉത്തരേന്ത്യയിലെ ദലിതരെ വിളിക്കാന്‍ മേലാളരുപയോഗിക്കുന്ന ഒരധിക്ഷേപ വാക്കില്‍ സങ്കീര്‍ണമായ ഈ മന:ശാസ്ത്രത്തെ കുറിക്കുന്ന സൂചനയുണ്ട്: ‘ഗോബര്‍’ എന്നാല്‍ ചാണകം. അന്നം നിഷേധിക്കപ്പെട്ട ദലിതര്‍ ഉത്തരേന്ത്യയില്‍ ചാണകത്തില്‍ ദഹിക്കാതെ അവശേഷിക്കുന്ന ധാന്യമണികള്‍ പെറുക്കി ഭക്ഷിക്കാറുണ്ടായിരുന്നു. ഭോജനശീലത്തിന്‍െറ പേരില്‍ ദലിതരെ കളിയാക്കിയ പ്രമാണിമാര്‍ അവരെ ഇത്തരം പേരുകള്‍ വിളിച്ചാക്ഷേപിച്ചു.
പൂര്‍ണമായ വിഭവ നിരാസത്തിലൂടെയുള്ള അപമാനവീകരണത്തിലൂടെ ഒരു ജനതതിയെ അടിമകളാക്കി നിര്‍ത്തുക എളുപ്പമാണെന്ന സത്യം മനുസ്മൃതിക്ക് മുമ്പേ ഇന്ത്യന്‍ ബ്രാഹ്മണ്യം മനസ്സിലാക്കിയതാണ്. മുസ്ലിം ന്യൂനപക്ഷത്തിന്‍െറ കാര്യത്തില്‍ അവര്‍ പ്രയോഗിക്കുന്നത് ഈ പരമ്പരാഗത യുക്തിതന്നെ.
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
കെവിന്‍ കാര്‍ട്ടറോട് നമുക്ക് മാപ്പിരക്കാം. ആഫ്രിക്കയിലെ ഒരഭയാര്‍ഥി ക്യാമ്പില്‍ കഴുകന്മാര്‍ വളഞ്ഞ പട്ടിണിബാലനെ രക്ഷിക്കാന്‍ നോക്കുന്നതിനുപകരം അവന്‍െറ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് വലിയ അപരാധമായി ആ മാധ്യമ പ്രതിഭക്ക് തോന്നി. അതിലുള്ള മന$സ്താപം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചു. നമ്മുടെ പത്രക്കാര്‍ക്ക് പക്ഷേ, അന്യരുടെ പട്ടിണിയും ദുരിതവും പോര്‍ണോഗ്രഫി പോലെ വിറ്റഴിക്കാനുള്ള ഉരുപ്പടികള്‍ മാത്രം.
യതീംഖാനകളില്‍നിന്ന് ‘രക്ഷപ്പെടുത്തിയ’ കുട്ടികളുടെ ചിത്രം പ്രക്ഷേപണം ചെയ്യുന്നതില്‍ അവരുപയോഗിച്ച വ്യാകരണം കപട വരേണ്യതയുടേതായിരുന്നു. ബ്ളെണ്ടറില്‍വെച്ച് പരുവപ്പെടുത്തിയാണ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലത്തെിയത്. എല്ലാറ്റിലും കുട്ടികളുടെ മുഖം വായിച്ചെടുക്കാനാവാത്തവിധം അവ്യക്തം; ദുരൂഹം.
പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞ ഗിലിയന്‍ റോസ് എഴുതിയതോര്‍ക്കുന്നു. ചില പ്രത്യേക പോസില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് തങ്ങളുടെ പ്രതിനിധാനങ്ങളെ നന്മയുടെയും തിന്മയുടെയും മൂര്‍ത്ത രൂപങ്ങളായവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. കിഴക്കന്‍ ലണ്ടനിലെ ദരിദ്ര സ്ത്രീകളുടെ എല്ലാ അപമൃത്യുവും വേശ്യകളുടെ കൊലപാതകങ്ങളായാണ് ഒരു കാലത്ത് ലണ്ടന്‍ പത്രങ്ങള്‍ അവതരിപ്പിച്ചത്.
യതീംഖാനകളെയും അതുമായി ബന്ധപ്പെട്ട എന്തിനെയും ഇങ്ങനെ പ്രത്യേകമായൊരു കാചത്തിലൂടെ അവതരിപ്പിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ ശീലിച്ചിരിക്കുന്നു. ഈ മദംപൊട്ടലില്‍ തങ്ങള്‍ തന്നെ മുമ്പെഴുതിയ പലതും അവര്‍  വിസ്മരിക്കുന്നുവെന്നതാണ് കൗതുകം.
വയനാട് ഡെയ്റ്റ്ലൈനിലെ ആ വാര്‍ത്ത ‘ഇന്ത്യന്‍ എക്സ്പ്രസില്‍’ വായിച്ചത് ’90കളുടെ അവസാനത്തില്‍. ഖദീജ എക്സ് എന്ന പെണ്‍കുട്ടിയെ കുറിച്ചായിരുന്നു സ്റ്റോറി. ജനിച്ച ഉടനെ മാതാവുപേക്ഷിച്ച് പോയ പെണ്‍കുട്ടിയായിരുന്നു എക്സ്. അവര്‍ക്ക് ഊരോ പേരോ ഉറ്റവരോ ഇല്ലായിരുന്നു. ഈച്ചയാര്‍ക്കുന്ന പരുവത്തില്‍ കണ്ടത്തെിയ അവരെ വയനാട്ടിലെ പ്രസിദ്ധരായ യതീംഖാന അധികൃതര്‍ സ്വന്തം മകളെപ്പോലെ വളര്‍ത്തി. ഇന്നവര്‍ ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ മാതാവും ഓര്‍ഫനേജിന് കീഴിലുള്ള കോളജില്‍ സര്‍ക്കാര്‍ ശമ്പളക്കാരിയുമാണ്.
ഇന്നായിരുന്നു ഈച്ചയാര്‍ക്കുന്ന പരുവത്തില്‍ യതീംഖാന അധികൃതര്‍ ആ ചോരക്കുഞ്ഞിനെ കണ്ടതെങ്കില്‍, ആധാറില്ളെന്ന കാരണം പറഞ്ഞ് നമ്മുടെ മാധ്യമ പ്രഭൃതികള്‍ ആ മനുഷ്യസ്നേഹികളോട് മാനിഷാദ ഓതുമായിരുന്നു.
ഉത്തരാധുനിക ലോകത്ത് പിശാച് തൊഴില്‍ രഹിതനാകും. കാരണം, വിക്രസുണ്ടാക്കുക എന്ന അവന്‍െറ പാരമ്പര്യ തൊഴില്‍, പിശാചിന് സങ്കല്‍പിക്കാനാവുന്നതിനേക്കാള്‍ ഭംഗിയായി നമ്മുടെ മാധ്യമങ്ങള്‍ നിറവേറ്റും- ഇങ്ങനെ നിരീക്ഷിച്ച ടെറി ഈഗ്ള്‍ടണ്‍ അങ്ങേക്ക് സ്തുതി.
 

വാല്‍ക്കഷണം: ഝാര്‍ഖണ്ഡില്‍നിന്ന് കന്യകാത്വ പരിശോധനക്കുശേഷം കേരളത്തിലേക്ക് റിക്രൂട്ട് ചെയ്ത ആയിരത്തില്‍ പരം യുവതികളില്‍ പലരും ലൈംഗിക ചൂഷണത്തിനിരയായതായി വാര്‍ത്ത. ഞെട്ടണ്ട, ഇതുകേട്ട് മാധ്യമങ്ങള്‍ക്ക് ‘ഹാലി’ളകില്ല; ബന്ധപ്പെട്ട ടെക്സ്റ്റൈയില്‍ കമ്പനിയുടെ പരസ്യത്തിലാ മോനേ അവരുടെ കണ്ണ്!

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP