സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധിച്ച ജഡ്ജിയെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട് Posted: 23 Jun 2014 12:56 AM PDT ബാഗ്ദാദ്: മുന്‍ ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈനെ വധശിക്ഷക്ക് വിധിച്ച ജഡ്ജിയെ ഇസ് ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ.എസ്.ഐ.എല്‍) തൂക്കിക്കൊന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റഊഫ് അബ്ദുറഹ്മാനെയാണ് ആറു ദിവസം മുമ്പ് തൂക്കിക്കൊന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ഐ.എല്ലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇറാഖ് സര്‍ക്കാര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റഊഫിനെ വിമതര്‍ തട്ടിക്കൊണ്ടുപോയി എന്ന കാര്യം നിഷേധിക്കുന്നില്ല. സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതിന്‍െറ പ്രതികാരമായാണ് ജഡ്ജിയെ തൂക്കിക്കൊന്നതെന്ന് പറയുന്നു. ജൂലൈ 16ന് ഐ.എസ്.ഐ.എല്‍ അറസ്റ്റുചെയ്ത ജഡ്ജിയെ രണ്ടു ദിവസത്തിനകം തന്നെ തൂക്കിക്കൊല്ലുകയായിരുന്നു. |
ഇറാഖില്‍ പടിഞ്ഞാറന്‍ പട്ടണങ്ങള്‍ വിമതരുടെ നിയന്ത്രണത്തില്‍ Posted: 23 Jun 2014 12:20 AM PDT ബാഗ്ദാദ്: രൂക്ഷമായ പോരാട്ടം തുടരുന്ന ഇറാഖില്‍ പടിഞ്ഞാറന്‍ അതിര്‍ത്തി വിമതര്‍ നിയന്ത്രണത്തിലാക്കി. ഇറാഖിന്‍െറ സിറിയ, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങളാണ് ഐ.എസ്.ഐ.എല്ലിന്‍െറ നിയന്ത്രണത്തിലായതെന്ന് സിറിയ സ്ഥിരീകരിച്ചു. തന്ത്രപ്രധാനമായ തല്‍ അഫാര്‍ വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശവും വിമതര്‍ പിടിച്ചെടുത്തു. സിറിയന്‍ അതിര്‍ത്തി പ്രദേശമായ അനാര്‍, ഖൈം, റവാഹ്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ റുത്ബ എന്നിവയാണ് വിമതര്‍ കൈപിടിയില്‍ ആക്കിയത്. വിമത ആക്രമണം രൂക്ഷമായ പല പ്രദേശങ്ങളില്‍ നിന്നും സൈന്യം പിന്‍വലിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ ബെയ്ജി മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഐ.എസ്.ഐ.എല്‍ അവകാശപ്പെട്ടു. എന്നാല്‍, ഇത് ഇപ്പോഴും തങ്ങളുടെ അധീനതയിലാണെന്ന് സൈന്യവും അവകാശപ്പെടുന്നു. പുതിയ പട്ടണങ്ങള്‍ വിമതര്‍ പിടിച്ചെടുത്തതോടെ പ്രധാനമന്ത്രി നൂരി മാലികി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതേസമയം, ഇറാഖില്‍ യു.എസ്. ഇടപെടുന്നതിനെതിരെ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഈ രംഗത്തുവന്നു. ആഭ്യന്തരപ്രശ്നം രാജ്യത്തെ സര്‍ക്കാറും ജനങ്ങളും മതനേതാക്കളും ചേര്‍ന്ന് ആവസാനിപ്പിക്കുമെന്ന് ഖാംനഈ കഴിഞ്ഞ ദിവസം പറഞ്ഞു. |
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് Posted: 23 Jun 2014 12:20 AM PDT തൃശൂര്‍: അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാറിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത് വരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍നിന്ന് കരകയറാന്‍ മുഖംമിനുക്കി ജനങ്ങളെ സമീപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാരംഭിക്കാനിരിക്കെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണങ്ങളുണ്ടാവുന്നത് ദോഷകരമാവുമെന്ന വാദമുയര്‍ത്തിയാണ് ശ്രീകുമാറിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ഉരുത്തിരിയുന്നത്. ഈ വിഷയം ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണി പ്രചാരണം ആരംഭിക്കാനിരിക്കെയാണ് യുവനേതാവിനെതിരെ കലാപക്കൊടി ഉയരുന്നത്. 2000-05 കാലത്ത് ചൂണ്ടല്‍ പഞ്ചായത്തില്‍ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയില്‍പെടുത്തി റോഡ് നിര്‍മാണത്തിന് അരി അനുവദിച്ചതില്‍ വ്യാജരേഖ ഉണ്ടാക്കി ക്രമക്കേട് നടത്തിയെന്ന പരാതിയെക്കുറിച്ച നടത്തിയ അന്വേഷണത്തിലാണ് അന്ന് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ശ്രീകുമാര്‍ പ്രതിയായത്. ജോലിക്ക് കൂലി ഭക്ഷണം പദ്ധതി പ്രകാരം ആറു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങള്‍ കൈക്കലാക്കി പണം തട്ടിയെന്നാരോപിച്ച് 2005-10 കാലത്ത് ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്‍റായി വന്ന കെ.പി. രമേഷ് വിജിലന്‍സിന് നല്‍കിയ പരാതിയെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് ശ്രീകുമാറിനെയും അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.ജോസ് പോള്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരെയും പ്രതിചേര്‍ത്ത് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. കേന്ദസര്‍ക്കാര്‍ പദ്ധതിയായ സ്പെഷല്‍ എസ്.ജി.ആര്‍.വൈ സ്കീം ഉള്‍പ്പെടുന്ന തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോലിക്ക് കൂലി ഭക്ഷണം പദ്ധതി തയാറാക്കിയിരുന്നത്. പദ്ധതിപ്രകാരം ചൂണ്ടല്‍ പഞ്ചായത്തിലെ ആറ് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 75 ശതമാനം ഭക്ഷ്യധാന്യം വ്യാജരേഖയുണ്ടാക്കി സി.സി. ശ്രീകുമാറും പ്രസിഡന്‍റായിരുന്ന ജോസ്പോളും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. ഗുണഭോക്തൃ കമ്മിറ്റിയുടെ മിനുട്സ് സ്വയം തയാറാക്കി വ്യാജപ്പേരുകളില്‍ കണ്‍വീനര്‍മാരുടെ പട്ടിക ഉണ്ടാക്കി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് കൂലിയായി തൊഴിലാളികള്‍ക്ക് നല്‍കാന്‍ അനുവദിച്ച 46,572 കിലോ ഭക്ഷ്യധാന്യം മറിച്ചുവിറ്റതായാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതിലൂടെ സര്‍ക്കാറിന് 6.10 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിലെ രണ്ടാം പ്രതിയാണ് ശ്രീകുമാര്‍. ഒന്നാം പ്രതി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ജോസ് പോളും മൂന്നാം പ്രതി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പരേതനായ എം.ജി. സുരേന്ദ്രനുമാണ്. മഴുവഞ്ചേരി-പുത്തൂര്‍ റോഡ്, മേക്കാട് റോഡ്, അകംപാടം റോഡ്, പാറന്നൂര്‍-ചിറ്റണ്ട റോഡ്, പയ്യൂര്‍-ഡൊമിനിക് റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിലാണ് കൃത്രിമം കണ്ടെത്തിയത്. സി.സി. ശ്രീകുമാറിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.എം.പി അംഗം അഡ്വ. വിദ്യാ സംഗീതാണ് ആദ്യം രംഗത്ത് വന്നതെങ്കിലും ശീകുമാറിനെതിരെ വിജിലന്‍സ് കുറ്റപത്രം ഉണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജിയാവശ്യം ഉയര്‍ന്നത്. ് നേരത്തെ അഴീക്കോട് ജങ്കാര്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലും ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വിജിലന്‍സ് വിമര്‍ശിച്ചിരുന്നു. മുന്‍ഭരണസമിതിയുടെ കാലത്തുണ്ടായ അഴിമതിയിലാണ് ജങ്കാര്‍ സര്‍വീസിനെതിരെ വിജിലന്‍സ് വിമര്‍ശിച്ചതെങ്കിലും കഴിഞ്ഞ ആഴ്ചയിലാണ് ഈ റിപ്പോര്‍ട്ടും പുറത്തുവന്നത്. ഐ ഗ്രൂപ്പുകാരനാണ് ശ്രീകുമാര്‍. സെപ്റ്റംബറിലാണ് ശ്രീകുമാര്‍ പ്രസിഡന്‍റാവുന്നത്. പ്രസിഡന്‍റ് സ്ഥാനം സംവരണമാണെന്നതിനാല്‍ ശ്രീകുമാറിനെ മാറ്റിയാല്‍ വീണ്ടും പരിഗണിക്കാനുള്ളത് നേരത്തെ പ്രസിഡന്‍റായിരുന്ന എ ഗ്രൂപ്പിലെ കെ.വി. ദാസനെ തന്നെയാണ്. ഇതനുസരിച്ച് എ ഗ്രൂപ്പ് തന്നെയാണ് ശ്രീകുമാറിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയം എ ഗ്രൂപ്പിന്‍െറ നിയന്ത്രണത്തിലുള്ള ഡി.സി.സിയുടെ തലയില്‍വെക്കാനുള്ള ഐ ഗ്രൂപ്പിന്‍െറ നീക്കം ചെറുക്കാനും എ ഗ്രൂപ്പ് ഇതിനെ ഉപയോഗിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍, ശ്രീകുമാറിനെ പ്രതിചേര്‍ത്തുള്ള വിജിലന്‍സ് കുറ്റപത്രം സംബന്ധിച്ച് ഡി.സി.സി ആലോചിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് വ്യക്തമാക്കി. വിജിലന്‍സ് കേസ് നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ചതാണെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ക്ളോക്ക് റൂം കടമുറികളാക്കി വില്‍പന നടത്തിയ സംഭവത്തില്‍ കോര്‍പറേഷനിലെ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അഴിമതിയാരോപണത്തില്‍പെട്ടിരിക്കുകയാണ്. ഇവിടെയും രാജിയാവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടതുമുന്നണിയും രംഗത്ത് വന്നിട്ടുണ്ട്. കോര്‍പറേഷനിലെയും ജില്ലാപഞ്ചായത്തിലെയും അഴിമതിയിലും ശ്രീകുമാറിന്‍െറയും നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറയും രാജിയാവശ്യവുമായി ഇടതുമുന്നണി സമരമാര്‍ഗങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ്. |
മീന്‍ തൊട്ടാല്‍ കൈ പൊള്ളും Posted: 23 Jun 2014 12:12 AM PDT കാസര്‍കോട്: മീന്‍ തൊട്ടാല്‍ പൊള്ളും വിധം വിലയുയര്‍ന്നത് ഉപഭോക്താക്കള്‍ക്കൊപ്പം മത്സ്യവില്‍പന തൊഴിലാളികളെയും ബാധിച്ചു. സാധാരണക്കാരന്‍െറ മത്സ്യമെന്ന് പേരുവീണ മത്തിക്ക് ഇരട്ടിയിലേറെ വിലകയറി. കിലോഗ്രാമിന് 180 രൂപ നിരക്കിലാണ് ഞായറാഴ്ച കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ മത്തി ചില്ലറ വില്‍പന നടത്തിയത്. ഇത് റെക്കോര്‍ഡ് വിലയാണ്. കാസര്‍കോട്ട് 160 മുതല്‍ 140 വരെ നിരക്കിലായിരുന്നു വില്‍പന. അയലക്ക് 250 രൂപവരെയും നത്തലിന് 160 മുതല്‍ 180 രൂപവരെയും കൂന്തലിന് 260 രൂപവരെയും ചെമ്മീന് വലുപ്പമനുസരിച്ച് 350 മുതല്‍ 450 വരെയും ആവോലിക്ക് 450 മുതല്‍ 600 വരെയും വിലകയറി. കടല്‍ക്ഷോഭം കാരണം നാടന്‍ വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയാതായതും യന്ത്രബോട്ടുകള്‍ക്ക് ട്രോളിങ് നിരോധമുള്ളതും മത്സ്യവില അമിതമായി വര്‍ധിക്കാന്‍ കാരണമായി. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ തൈക്കടപ്പുറം, മടക്കര, കാസര്‍കോട് കസബ, കാഞ്ഞങ്ങാട്, പള്ളിക്കര എന്നിവിടങ്ങളില്‍ ദിവസങ്ങളായി തൊഴിലാളികള്‍ക്ക് കടലിലിറങ്ങാനായിട്ടില്ല. കണ്ണൂര്‍ ആയിക്കര, വടകര ചോമ്പാല എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടേക്ക് മത്സ്യമെത്തുന്നത്. ഇടനിലക്കാരാണ് മീനിന് കുത്തനെ വിലകയറ്റിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അമിത വിലക്കയറ്റം ഉപഭോക്താക്കളെ മത്സ്യമാര്‍ക്കറ്റില്‍ നിന്ന് അകറ്റുകയാണ്. വില കേട്ട് പലരും മത്സ്യം വാങ്ങാതെ മടങ്ങുന്നു. മത്സ്യവില്‍പന ഉപജീവന മാര്‍ഗമാക്കിയവരുടെ വരുമാന മാര്‍ഗം അടയുന്ന സ്ഥിതിയാണ്. മൊത്തക്കച്ചവടക്കാരില്‍ നിന്ന് വന്‍ വിലകൊടുത്ത് വാങ്ങുന്ന മീന്‍ വിറ്റുതീര്‍ക്കാനാവാത്തതിന്‍െറ പ്രയാസത്തിലാണ് വില്‍പനക്കാരായ സ്ത്രീകളില്‍ ഏറെപ്പേരും. മീന്‍ മൊത്തമായി വാങ്ങുമ്പോള്‍ തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നതായും വില്‍പനക്കാരികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം 30 കിലോ മത്തി വാങ്ങിയത് വിറ്റു കഴിഞ്ഞപ്പോള്‍ 24 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വിശ്വാസത്തോടെ ഇടപാട് നടത്തുന്നവര്‍ വെട്ടിപ്പ് നടത്തുന്നത് പ്രയാസമുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു. |
തീര്‍ഥാടക പ്രവാഹത്തില്‍ വീര്‍പ്പുമുട്ടി കൊട്ടിയൂര്‍ Posted: 23 Jun 2014 12:06 AM PDT കേളകം: അനിയന്ത്രിതമായ തീര്‍ഥാടക പ്രവാഹത്തില്‍ കൊട്ടിയൂര്‍ വൈശാഖോത്സവ നഗരി അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഭക്തരുടെ ഒഴുക്ക് വൈകീട്ടും തുടര്‍ന്നപ്പോള്‍ പ്രധാന പാതകളും ഇടവഴികളും വാഹനങ്ങള്‍ നിറഞ്ഞ് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിലായി. കൊട്ടിയൂരിലെ ഏറ്റവും വലിയ തിര്‍ഥാടക പ്രവാഹമാണ് ഇന്നലെയുണ്ടായതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ ഒഴുക്കില്‍ അക്കരെ സന്നിധാനവും ഇടബാവലിയും, മന്ദംചേരിയും ഇക്കരെ കൊട്ടിയൂര്‍ പ്രദേശങ്ങളും നിറഞ്ഞപ്പോള്‍ ഉത്സവനഗരിയിലെ കുരുക്കഴിക്കാന്‍ ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രംഗത്തെത്തി. തിരുവഞ്ചിറയിലും കിഴക്ക്, പടിഞ്ഞാറ് നടുകളിലും വടം കെട്ടിയാണ് വളന്‍റിയര്‍മാര്‍ ഭക്തരെ നിയന്ത്രിച്ചത്. മലബാറിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ ലക്ഷക്കണക്കിന് ഭക്തര്‍ കൊട്ടിയൂരിലെത്തി. മലബാര്‍ ദേവസ്വം കമീഷണര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും കൊട്ടിയൂരിലെത്തിയിരുന്നു. തിരക്ക് മൂലം പ്രസാദ വഴിപാട് കേന്ദ്രങ്ങളിലും ഭക്തര്‍ക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടി വന്നു. തിരക്കില്‍പെട്ടവര്‍ക്ക് അധികൃതര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ ഭക്തര്‍ പരാതിയുമായി രംഗത്തെത്തി. ഇക്കരെ കൊട്ടിയൂരിലും പരിസരത്തും തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടപെട്ടെങ്കിലും ഇടബാവലിയിലും പരിസരങ്ങളിലും പൊലീസിന്‍െറ സേവനം വേണ്ടത്രയുണ്ടാകാത്തതാണ് ഭക്തരുടെ ദുരിതത്തിന് കാരണമെന്ന് ഭക്ത സംഘടനകള്‍ പരാതിപ്പെട്ടു. ഉത്സവ നഗരിമുതല്‍ തലശ്ശേരി റോഡില്‍ പത്ത് കിലോമീറ്ററും കൊട്ടിയൂര്‍ വയനാട് റോഡില്‍ ഒമ്പത് കിലോമീറ്റര്‍ പാതകളിലും ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടുനിന്നു. കൊട്ടിയൂര്‍ തലശ്ശേരി പാതയിലെ കുരുക്കഴിക്കാന്‍ വാഹനങ്ങള്‍ സമാന്തര പാതവഴിയാണ് തിരിച്ചുവിട്ടത്. |
ചെങ്ങന്നൂരില്‍ തെരുവുനായ ശല്യം രൂക്ഷം Posted: 22 Jun 2014 11:50 PM PDT ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമായി. രണ്ട് വഴിയാത്രക്കാര്‍ക്കും നിരവധി വളര്‍ത്തുനായകള്‍ക്കും മൃഗങ്ങള്‍ക്കും കടിയേറ്റു. പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ജനം പരിഭ്രാന്തിയിലാണ്. ബുധനൂര്‍ പെരിങ്ങാട് കരീപ്പുഴ പടിഞ്ഞാറേതില്‍ വീട്ടില്‍ സുധാകരനും (55) ഒരു അന്യസംസ്ഥാന തൊഴിലാളിക്കുമാണ് കടിയേറ്റത്. സുധാകരന്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലും അന്യസംസ്ഥാന തൊഴിലാളി ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയിലും ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11ന് തോപ്പില്‍ ചന്തക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടറില്‍ വീട്ടിലേക്കുപോയ സുധാകരനെ വഴിയരികില്‍ നിന്ന നായ കടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു. ഇതിനുശേഷമാണ് അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചത്. തുടര്‍ന്ന് സമീപത്തെ വീടുകളിലെ നായകളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ചു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ നായയെ കൊല്ലാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. മാന്നാര്‍-പുലിയൂര്‍ റോഡില്‍ ബുധനൂര്‍ ഭാഗത്ത് നൂറില്‍പരം തെരുവുനായകളാണുള്ളത്. അടിയന്തര നടപടി ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. |
കുന്നിടിക്കല്‍ നവോദയ ഹോസ്റ്റലിന് ഭീഷണിയാകുന്നു Posted: 22 Jun 2014 11:18 PM PDT പൂക്കോട്: വെറ്ററിനറി ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റിയുടെ കെട്ടിട നിര്‍മാണത്തിനുള്ള മണ്ണെടുപ്പ് ലക്കിടി ജവഹര്‍ നവോദയ വിദ്യാലത്തിന്‍െറ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് ഭീഷണിയാകുന്നു. ഹോസ്റ്റലിന്‍െറ മുകളിലുള്ള വലിയ കുന്ന് അശാസ്ത്രീയമായ രീതിയിലാണ് ഇടിക്കുന്നത്. ഒരു മാസമായി രാപ്പകല്‍ ഭേദമില്ലാതെ മൂന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണെടുപ്പ് തുടരുന്നത്. കാലവര്‍ഷം കനക്കുന്ന സമയത്ത് മണ്ണെടുക്കുന്നത് കൂടുതല്‍ ഭീഷണിയാവുകയാണ്. മണ്ണും ചളിയും കല്ലും വന്‍തോതില്‍ കുന്നിന്‍ ചെരിവിലേക്ക് കുത്തിയൊഴുകുകയാണ്. കുന്നിന്‍ ചെരിവിലാണ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ 150ഓളം വരുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റലുള്ളത്. വന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് മണ്ണെടുപ്പ് തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലിനിടയാക്കും. കുന്നിന്‍ ചെരിവിലൂടെ ഒഴുകുന്ന അരുവി വൈത്തിരി പുഴയുടെ മുഖ്യ കൈവഴിയാണ്. നിരവധി കുടുംബങ്ങള്‍ ഇവിടെനിന്നാണ് വെള്ളമെടുക്കുന്നത്. കൂടാതെ ജയില്‍, വൈത്തിരി ഹൈസ്കൂള്‍, താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വെള്ളമെടുക്കുന്നത് ഈ പുഴയില്‍നിന്നാണ്. |
മാമ്പുഴയില്‍ ശുചീകരണ പ്രതിഷേധം Posted: 22 Jun 2014 11:14 PM PDT പന്തീരാങ്കാവ്: മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ പുഴ ശുചീകരിച്ച് നാട്ടുകാരുടെ പ്രതിഷേധം. പുഴയില്‍ കെട്ടിക്കിടന്ന പായലും മാലിന്യങ്ങളും പുഴയുടെ ഒഴുക്കിന് തടസ്സമായിനിന്ന കൈതക്കൂട്ടങ്ങളും കരക്കുകയറ്റിയാണ് നാട്ടുകാര്‍ സ്വന്തം ചെലവില്‍ പുഴ ശുചീകരിച്ച് പ്രതിഷേധിച്ചത്. കോടിച്ചിറ മുതല്‍ കണ്ണംചിന്നം പാലംവരെയാണ് ശുചീകരിച്ചത്. രണ്ട് വര്‍ഷത്തിലധികമായി നടക്കുന്ന പുഴ സര്‍വേയില്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് കൈയേറ്റം അവസാനിപ്പിക്കാനോ, പുഴ സംരക്ഷണത്തിന് പദ്ധതികളാവിഷ്കരിക്കാനോ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലൂടെയും കോഴിക്കോട് കോര്‍പറേഷന്‍െറ അതിര്‍ത്തികളിലൂടെയും ഒഴുകി കല്ലായിയുമായി ചേരുന്ന മാമ്പുഴക്ക് വേണ്ടിയുള്ള നാട്ടുകാരുടെ മുറവിളിയെ തുടര്‍ന്നാണ് സര്‍വേ പ്രഖ്യാപിച്ചത്. എന്നാല്‍, പലതവണ മുടങ്ങിയ സര്‍വേ മാമ്പുഴ സംരക്ഷണ സമിതിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് ഏറെക്കുറെ പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷത്തിലധികം സമയമെടുത്താണ് സര്‍വേ നടത്തിയത്. പുഴയോരത്ത് കൈയേറിയ സ്ഥലത്ത് നിരവധി തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും സര്‍വേയിലൂടെ കണ്ടെത്തിയെങ്കിലും അവ തിരിച്ചുപിടിക്കാന്‍ നടപടിയൊന്നുമെടുത്തിട്ടില്ല. കൈയേറ്റമെന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍ പലതും വീണ്ടും സ്വകാര്യവ്യക്തികള്‍ വളച്ചുകെട്ടുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതിര് നിര്‍ണയിച്ച് പുഴ സംരക്ഷിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് മാമ്പുഴ സംരക്ഷണ സമിതി. പ്രതിഷേധ ശുചീകരണത്തിന് സി. ഹനീഫ, ടി. മുനീര്‍, വി.കെ. അനില്‍ കുമാര്‍, സി. മുഹമ്മദ്, ടി. സുധീര്‍, സി. അബ്ബാസ്, എന്‍. പ്രമോദ്, ഷാഫി, ഷിഹാബ് തുടങ്ങിയവരും മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ്, സെക്രട്ടറി പി. കോയ, ബ്ളോക് പഞ്ചായത്തംഗം എ. പുരുഷോത്തമന്‍, പി. ഹരിദാസ് തുടങ്ങിയവരും നേതൃത്വം നല്‍കി. |
ലോകകപ്പ് ഖത്തറില്‍ നിന്ന് മാറ്റാന്‍ കഴിയില്ല- എ.ഒ.സി പ്രസിഡന്‍റ് Posted: 22 Jun 2014 10:42 PM PDT ദോഹ: 2022 ലെ ലോകകപ്പ് ഫുട്ബാള്‍ ഖത്തറില്‍ നിന്ന് മാറ്റാമെന്ന് ഒരാളും വിചാരിക്കേണ്ടതില്ളെന്ന് ഏഷ്യന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് അഹ്മദ് അല്‍ ഫഹ്ദ് അസബാഹ് മുന്നറിയിപ്പ് നല്‍കി. കുവൈത്ത് ടെലിവിഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ലോകകപ്പിന് ഖത്തര്‍ അപേക്ഷിച്ചത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടി തന്നെയാണ്. ഖത്തറിന് ലോകകപ്പ് അനുവദിച്ച് കിട്ടിയപ്പോള്‍ സന്തോഷിച്ചത് ഖത്തറോ ഗള്‍ഫ് രാജ്യങ്ങളോ മാത്രമല്ല ഏഷ്യന്‍ രാജ്യങ്ങള്‍ മൊത്തമാണ്. നേരത്തെ കൊറിയയിലും ജപ്പാനിലും നടന്നപ്പോള്‍ പ്രകടിപ്പിച്ചത് പോലെ തന്നെ ഒരു ഏഷ്യന്‍ രാജ്യത്ത് കളി നടക്കുമെന്നത് വലിയ പ്രതീക്ഷയോടെയാണ് എല്ലാരും നോക്കി കണ്ടത്. 2008 ലെ ബീജിങ് ഒളിമ്പിക്സിന് വലിയ പ്രതിസന്ധികളാണ് പാശ്ചാത്യരുണ്ടാക്കിയത്. ഖത്തര്‍ ചെറിയ രാജ്യമാണ്, അവര്‍ക്ക് ഇത്തരമൊരു മേള നടത്താന്‍ കഴിയില്ളെന്നാണ് വാദം. എന്നാല്‍ ഖത്തര്‍ എല്ലാ നിലക്കും ലോകകപ്പ് നടത്താന്‍ കഴിവുള്ള രാഷ്ട്രമാണ്. സൗകര്യങ്ങളും പിന്തുണയും ഇക്കാര്യത്തില്‍ ഖത്തറിനുണ്ടെന്നും ശൈഖ് അല്‍ ഫഹദ് വ്യക്തമാക്കി. ഖത്തറിലെ സഹോദരങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ് നിങ്ങള്‍ സമാധിച്ചോളൂ, ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കും. ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ നടത്തുന്ന കാമ്പയിന്‍ അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. |
ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങുന്നു Posted: 22 Jun 2014 10:07 PM PDT ഷാര്‍ജ: പുണ്യറമദാന്‍െറ വരവറിയിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇഫ്താര്‍ കൂടാരങ്ങള്‍ തയാറായി. റെഡ്ക്രസന്‍റ്, വിവിധ എമിറേറ്റുകളിലെ ചാരിറ്റി സംഘടനകള്‍, വ്യക്തികള്‍, മതകാര്യ വിഭാഗങ്ങള്‍ തുടങ്ങിയവയാണ് കൂടാരങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ശക്തമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് കൂടാരങ്ങള്‍ ഒരുക്കുന്നത്. കൊടുംചൂട് കണക്കിലെടുത്ത് കൂടാരത്തിനകത്തെ ശീതീകരണികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. പള്ളികളോട് ചേര്‍ന്നാണ് മിക്ക ഇഫ്താര്‍ കേന്ദ്രങ്ങളും തീര്‍ത്തിരിക്കുന്നത്. ദീര്‍ഘദൂര റോഡുകളില്‍ യാത്രക്കാര്‍ക്കായി പ്രത്യേകം കൂടാരങ്ങള്‍ പ്രവര്‍ത്തിക്കും. ഇവ ഇല്ലാത്ത പ്രദേശങ്ങളില്‍ പൊലീസും സന്നദ്ധ സംഘടനകളും ഇഫ്താറൊരുക്കും. താമസ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പള്ളികളുണ്ട് ഷാര്‍ജയില്‍. ഇവിടെയും ഇഫ്താറുകള്‍ നടക്കും. തുറസ്സായ ഇടങ്ങളിലാണ് ഇത്തരം പള്ളികളിലെ ഇഫ്താറുകള്‍ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ചൂട് വലിയ പ്രശ്നമാകാറുണ്ട്. ഷാര്‍ജയിലെ പ്രധാന വ്യവസായ മേഖലയായ സജയിലെ 21 ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നോമ്പുതുറ ഒരുക്കുന്ന തിരക്കിലാണ് വിവിധ സംഘടനകള്‍. ഇവിടെ ഇഫ്താര്‍ സേവനം അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ളവര്‍ നോമ്പ് ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് മുമ്പായി സജ ക്യാമ്പില്‍ എത്തണമെന്ന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. 5000ഓളം തൊഴിലാളികളാണ് ഇവിടെ സ്ഥിരമായി നോമ്പുതുറക്കുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണിത്. സ്വദേശികളുടെ വീടിനോട് ചേര്‍ന്നും നിരവധി ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങുന്നുണ്ട്. അറബി ഭക്ഷണമായ അരീസ മാത്രം വിതരണം നടത്തുന്ന വീടുകളുമുണ്ട്. പുത്തന്‍ ചായം പൂശി സ്വദേശി വീടുകളെല്ലാം ഇപ്പോള്‍ വൈദ്യുത പ്രഭയിലാണ്. മലയാളികളുടെ താമസ കേന്ദ്രങ്ങളിലും തിരക്കിട്ട ഒരുക്കങ്ങളാണ് നടക്കുന്നത്. ഇഫ്താര്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ സുരക്ഷാപരിശോധനകള്‍ ശക്തമാക്കുമെന്ന് വിവിധ മുനിസിപ്പാലിറ്റികള്‍ അറിയിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. അറവുശാലകള്‍, പഴം-പച്ചക്കറി ചന്തകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടക്കും. രാവും പകലും പരിശോധന പ്രതീക്ഷിക്കാം. റമദാനില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ ഒരു ലക്ഷം വരെ പിഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യ മന്ത്രാലയവും അതത് എമിറേറ്റുകളിലെ ധനകാര്യ വിഭാഗവും ഇതിനായി രംഗത്തുണ്ടാകും. ഇഫ്താര്‍ സമയത്തെ പരക്കം പാച്ചില്‍ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റമദാനില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളത് ഇഫ്താര്‍ സമയങ്ങളിലാണ്. താമസ സ്ഥലത്ത് എത്താനുള്ള പരക്കം പാച്ചിലാണ് അപകടങ്ങള്‍ വരുത്തിവെക്കുന്നത്. ഇഫ്താര്‍ സമയമറിയിച്ച് ഷാര്‍ജയിലെ 12 കേന്ദ്രങ്ങളില്‍ നിന്ന് പീരങ്കികള്‍ ശബ്ദിക്കും. പൊലീസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. |
No comments:
Post a Comment