സ്വാഗതം
WELCOME

News Update..

Wednesday, March 5, 2014

പ്രവൃത്തി വീണ്ടും നിര്‍ത്തി; റിലയന്‍സിനെതിരെ കൗണ്‍സിലര്‍മാര്‍ കത്തിക്കയറി Madhyamam News Feeds

പ്രവൃത്തി വീണ്ടും നിര്‍ത്തി; റിലയന്‍സിനെതിരെ കൗണ്‍സിലര്‍മാര്‍ കത്തിക്കയറി Madhyamam News Feeds

Link to

പ്രവൃത്തി വീണ്ടും നിര്‍ത്തി; റിലയന്‍സിനെതിരെ കൗണ്‍സിലര്‍മാര്‍ കത്തിക്കയറി

Posted: 05 Mar 2014 12:58 AM PST

Subtitle: 
കൗണ്‍സില്‍ യോഗം

തൃശൂര്‍: റിലയന്‍സിന് ഭൂഗര്‍ഭ കേബ്ളിടാന്‍ അനുമതി കൊടുത്തത്  നഗരസഭക്ക് തീരാ തലവേദനയായി മാറുന്നു. റിലയന്‍സ് തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തി റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ച്ചയായെന്നും ഗതാഗത പ്രശ്നമുണ്ടാക്കുന്നെന്നും പറഞ്ഞ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം പ്രതിഷേധ ഗര്‍ജനം മുഴക്കി. ഇത് സഭയെ പ്രക്ഷുബ്ധമാക്കി. ഒരുഘട്ടത്തില്‍ മേയര്‍ക്കുനേരെ അവര്‍ തിരിഞ്ഞു. ഒടുവില്‍ കൗണ്‍സിലര്‍മാരുടെ സമ്മര്‍ദത്തിന് വഴങ്ങി റിലയന്‍സിന്‍െറ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിക്കാന്‍ വീണ്ടും നഗരസഭ തീരുമാനിച്ചു. റിലയന്‍സിന്‍െറയും നഗരസഭയുടെയും ഉദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും സംയു്തയോഗം വിളിച്ചുകൂട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനും തീരുമാനമായി.
ഭൂഗര്‍ഭ കേബ്ളിടാന്‍ റിലയന്‍സിന് അനുമതി നല്‍കുമ്പോള്‍ ആലോചിക്കണമായിരുന്നെന്ന് മേയര്‍ പറഞ്ഞു. അവര്‍ കരാറും വ്യവസ്ഥകളും ലംഘിക്കുന്നുണ്ടോ എന്നാണ് ഇനി നോക്കേണ്ടത്. അല്ലാതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല.
റിലയന്‍സ് കരാറും വ്യവസ്ഥകളും ലംഘിക്കുന്നുവെന്ന് കണ്ടപ്പോള്‍ നേരത്തെ പ്രവൃത്തി നിര്‍ത്തിവെപ്പിച്ചിരുന്നു. ഫെബ്രുവരി 21ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ റിലയന്‍സ് ഉദ്യോഗസ്ഥരോട് പ്രശ്നം പറഞ്ഞു. അതിനുശേഷം കരാര്‍ വ്യവസ്ഥ ലംഘിച്ചോ എന്നാണ് പരിശോധിക്കേണ്ടത്. നേരത്തെ കൊടുത്ത അനുമതി പ്രകാരം കരാര്‍ ഉണ്ടാക്കിയശേഷം അത് റദ്ദാക്കാന്‍ താന്‍ വിഡ്ഢിയല്ല. പ്രശ്നം പരിഹരിക്കുകയാണോ പ്രവൃത്തി നിര്‍ത്തിവെപ്പിക്കുകയാണോ വേണ്ടത്? -മേയര്‍ ചോദിച്ചു.
ഉടന്‍ പ്രവൃത്തി നിര്‍ത്തിവെപ്പിച്ച് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്ന് ഭൂരിഭാഗം കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. അഡ്വ. നാന്‍സി അക്കരപ്പറ്റിയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്. ഇത് മറ്റു കൗണ്‍സിലര്‍മാര്‍ ഏറ്റുപിടിക്കുകയായിരുന്നു.
തന്‍െറ ഡിവിഷനില്‍ കാലുകള്‍ കുഴിച്ചാണ് കേബ്ള്‍ വലിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗിരീഷ്കുമാര്‍ പറഞ്ഞു. എവിടെയോ ചീഞ്ഞുനാറുന്നുണ്ട് -അദ്ദേഹം ആരോപിച്ചു. കൈക്കൂലി വാങ്ങിയാണ് റിലയന്‍സിന് അനുമതി നല്‍കിയത് എന്നാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നതെന്ന് അഡ്വ. എം.പി. ശ്രീനിവാസന്‍ പറഞ്ഞു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയത് താനാണെന്ന് ബൈജു വര്‍ഗീസ് പറഞ്ഞു. റിലയന്‍സിന്‍െറ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
കെ. രാമനാഥന്‍, ലാലി ജേക്കബ്, ലിനി ഹാപ്പി, റീന, സാറാമ്മ റോബ്സണ്‍, ഫ്രാന്‍സിസ് ചാലിശേരി, വല്‍സല ബാബുരാജ്, പ്രതിപക്ഷ നേതാവ് പി.എ. പുരുഷോത്തമന്‍, ഗിരിജ, പ്രഫ. അന്നം ജോണ്‍, ജോണ്‍ കാഞ്ഞിരത്തിങ്കല്‍, സദാനന്ദന്‍ വാഴപ്പുള്ളി എന്നിവര്‍ റിലയന്‍സിന്‍െറ പ്രവൃത്തി വരുത്തിയ വിന വിശദീകരിച്ചു. റിലയന്‍സില്‍നിന്ന് കോടികള്‍ വാങ്ങിയ പ്രവൃത്തി റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ ലജ്ജയില്ലേയെന്ന് ഒരു ഘട്ടത്തില്‍ മേയര്‍ ആവശ്യപ്പെട്ടു. ഇത് അംഗങ്ങളെ പ്രകോപിപ്പിച്ചു. അഡ്വ. എം.പി. ശ്രീനിവാസന്‍ മേയറുടെ മുന്നിലേക്ക് ഇറങ്ങിവന്ന് പ്രതിഷേധിച്ചു. ഒപ്പം ഭരണകക്ഷി കൗണ്‍സിലര്‍മാരുമെത്തി. ബഹളമയമായി. സ്റ്റിയറിങ് കമ്മിറ്റി യോഗശേഷമല്ല പ്രശ്നങ്ങള്‍ എന്നുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ താനില്ലെന്ന് മേയര്‍ പറഞ്ഞു. മേയര്‍ പ്രശ്നങ്ങള്‍ ലളിതമാക്കുകയാണെന്നായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ്കുമാര്‍. കൗണ്‍സിലിസില്‍ എടുത്ത തീരുമാനത്തില്‍ സ്റ്റിയറിങ് കമ്മിറ്റി വിളിച്ച് നടപടിയെടുക്കുന്നത് തെറ്റാണെന്ന് അഡ്വ. എം.പി. ശ്രീനിവാസന്‍ വാദിച്ചു. പ്രവൃത്തി റദ്ദാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ കുട്ടത്തോടെ ആവശ്യപ്പെട്ടപ്പോള്‍ മേയര്‍ അക്കാര്യം അംഗീകരിക്കുകയായിരുന്നു. പോസ്റ്റിട്ട് കേബ്ള്‍ വലിച്ചത് നീക്കം ചെയ്യുമെന്നും അജണ്ടയിലേക്ക് പ്രവേശിക്കും മുമ്പ് നടന്ന രണ്ടു മണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ മേയര്‍ അറിയിച്ചു.
 

ഒറ്റപ്പാലത്ത് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതിനെചൊല്ലി വീണ്ടും സംഘര്‍ഷം

Posted: 05 Mar 2014 12:52 AM PST

Subtitle: 
ഒന്നര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

ഒറ്റപ്പാലം: വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നതിനെചൊല്ലി സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഒറ്റപ്പാലത്ത് വീണ്ടും സംഘര്‍ഷം. ഇതേതുടര്‍ന്ന് ഒന്നര മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചത് യാത്രക്കാരെ വലച്ചു.
പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ കുട്ടികള്‍ കയറുന്നത് തടസ്സപ്പെടുത്തിയതിനെ ചൊല്ലി ബസ് ജീവനക്കാരും എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളും തമ്മില്‍ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് പ്രശ്നം രമ്യതയിലെത്തിക്കുകയും പരാതിയുണ്ടെങ്കില്‍ സ്റ്റേഷനില്‍ അറിയിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രകടനമായി സ്റ്റാന്‍ഡിലെത്തി. വിദ്യാര്‍ഥികളെ വെയിലത്ത് വരി നിര്‍ത്തുന്ന ബസ് ജീവനക്കാരുടെ നടപടിയെ വിദ്യാര്‍ഥികള്‍ എതിര്‍ത്തു.  ഇതോടെ ബസ് ജീവനക്കാര്‍ ഓട്ടം നിര്‍ത്തിവെച്ച് മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. തിങ്കളാഴ്ചയുണ്ടായ ഒത്തു തീര്‍പ്പിന്‍െറ അടിസ്ഥാനത്തില്‍ 15 വീതം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കയറ്റുന്നുണ്ടെന്ന് ബസ് ജീവനക്കാര്‍ അവകാശപ്പെട്ടു.
സര്‍വീസ് പുനരാരംഭിക്കാന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല.
നീണ്ട വാക്കുതര്‍ക്കങ്ങള്‍ ഏറ്റുമുട്ടലിന്‍െറ വക്കോളമെത്തി. ഒടുവില്‍ പൊലീസ് ഇടപെട്ട് അഞ്ചേമുക്കാലോടെ ബസോട്ടം പുന$സ്ഥാപിച്ചു.

പൊന്നാനിയില്‍ ശ്രീധരന്‍ ടച്ചിന് ഫലം കണ്ടുതുടങ്ങി

Posted: 05 Mar 2014 12:46 AM PST

Subtitle: 
പള്ളപ്രം പാലത്തിന് ഭരണാനുമതി

പൊന്നാനി: പൊന്നാനിയുടെ വികസന സ്വപ്നങ്ങള്‍ പൂവണിയാന്‍ തുടങ്ങുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്‍െറ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങി. 20 വര്‍ഷത്തോളമായി അനുമതി കിട്ടാതെ കിടന്നിരുന്ന ചമ്രവട്ടം-പുതുപൊന്നാനി ഹൈവേയില്‍ പള്ളപ്രത്ത്  കനോലി കനാലിന് കുറുകെ നിര്‍മിക്കുന്ന പാലത്തിനാണ് കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ നടന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭരണാനുമതി നല്‍കിയത്.
1990 മുതല്‍ പള്ളപ്രത്ത് കനോലി കനാലിന് കുറുകെ പാലം നിര്‍മിക്കാന്‍ എന്‍.എച്ച് അധികൃതര്‍ പ്ളാനും എസ്റ്റിമേറ്റും ന്യൂഡല്‍ഹിയിലേക്ക് അയക്കാറുണ്ട്. പക്ഷെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയാണ് പതിവ്. ഒടുവില്‍ ‘കര്‍മ’ പൊന്നാനിയുടെ പ്രവര്‍ത്തകര്‍ ഇ. ശ്രീധരനുമായി ബന്ധപ്പെടുകയായിരുന്നു. ശ്രീധരന്‍ തന്നെ നേരിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടതോടെയാണ് പാലത്തിന് ഭരണാനുമതിയായത്. 40 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചതെന്ന് എന്‍.എച്ച് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
32 മീറ്റര്‍ ഉയരമുള്ള പാലത്തിന് ഇരുവശത്തുമായി ആറ് സ്പാനുകളുണ്ടാവും. 47 മീറ്ററിന്‍െറ ഒരു സ്പാനുള്ളത് കനാലിലായിരിക്കും.
പാലത്തിന് 239 മീറ്റര്‍ നീളമുണ്ടാകും. അപ്രോച്ച് റോഡും പാലത്തിനടിയിലൂടെ കൊല്ലന്‍ പടി ഭാഗത്തേക്ക് അടിപ്പാതയുമുണ്ടാകും.
ചമ്രവട്ടം ജങ്ഷന്‍ മുതല്‍ പള്ളപ്രം വരെ റോഡ് ടാര്‍ ചെയ്തിട്ടുണ്ടെങ്കിലും പാലം നിര്‍മിക്കാത്തതിനാല്‍ പള്ളപ്രത്തുനിന്ന് ഇടുങ്ങിയ പൊതുമരാമത്ത് റോഡിലൂടെയാണ് ബസ്സ്റ്റാന്‍ഡിലേക്കും ചാവക്കാട് ഭാഗത്തേക്കും ഇപ്പോള്‍ പോവുന്നത്. പാലം വരുന്നതോടെ പള്ളപ്രത്തുനിന്ന് തിരിയാതെ നേരെ ആനപ്പടിയില്‍ ഹൈവേയിലേക്ക് കയറാം.
കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള നിര്‍ദിഷ്ട ഹൈവേയുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്.
 

കാര്‍ കള്ളക്കടത്ത്: കസ്റ്റംസ് ഓഫിസില്‍ സി.ബി.ഐ പരിശോധന

Posted: 04 Mar 2014 11:28 PM PST

Subtitle: 
കൊച്ചി വഴി ചെന്നൈയിലെത്തിയത് 15 കാറുകള്‍

കൊച്ചി: 500 കോടിയിലേറെ രൂപയുടെ കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് ഓഫിസില്‍ സി.ബി.ഐ പരിശോധന. ചെന്നൈയില്‍നിന്നുള്ള സി.ബി.ഐ സംഘമാണ് വെലിങ്ടണ്‍ ഐലന്‍ഡിലെ കസ്റ്റംസ് കമീഷണറേറ്റ് ഓഫിസില്‍ ചൊവാഴ്ച പരിശോധന നടത്തിയത്. കൊച്ചി തുറമുഖം വഴി 2010 മുതല്‍ നടത്തിയ കാര്‍ ഇറക്കുമതിയുടെ വിശാദാംശങ്ങള്‍ തേടിയാണ് പരിശോധന. നികുതിവെട്ടിച്ച് കാര്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ അടുത്തിടെ സി.ബി.ഐ ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്ത അലക്സ് സി. ജോസഫിന്‍െറ മൊഴിയെത്തുടര്‍ന്നാണ് അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചത്. സി.ബി.ഐയുടെ ചോദ്യംചെയ്യലില്‍ തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ക്ക് വിതരണം ചെയ്ത 57 കാറുകളില്‍ 15 എണ്ണവും കൊച്ചി തുറമുഖം വഴിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് സി.ബി.ഐ പലതവണ ഈ കാറുകളുടെ ഇറക്കുമതി വിശദാംശങ്ങള്‍ കസ്റ്റംസ് അധികൃതരില്‍നിന്ന് ആരാഞ്ഞെങ്കിലും നല്‍കാത്തതിനെത്തുടര്‍ന്നാണ് സംഘം നേരിട്ടെത്തിയത്. ഇതുവരെയുള്ള പരിശോധനയില്‍ നാല് കാറുകളുടെ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ചെന്നൈ യൂനിറ്റ് ഇന്‍സ്പെക്ടര്‍ പി.ഐ. അബ്ദുല്‍ അസീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പരിശോധനക്കായി ഏതാനും ദിവസംകൂടി കൊച്ചിയില്‍ ക്യാമ്പ് ചെയ്യാനാണ് സി.ബി.ഐയുടെ തീരുമാനം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അന്ന് കസ്റ്റംസ് ക്ളിയറന്‍സിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ചോദ്യംചെയ്യാനാണ് തീരുമാനം. കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ ഏതാനും കേസുകളില്‍ അന്വേഷണം നടത്തിയ ഡി.ആര്‍.ഐ അധികൃതരെയും ചോദ്യംചെയ്യാനും ആലോചിക്കുന്നുണ്ട്. ഡി.ആര്‍.ഐ അന്വേഷണം നടത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകള്‍ കൈമാറാനാവശ്യപ്പെട്ട് സി.ബി.ഐ അടുത്തദിവസം അധികൃതര്‍ക്ക് നോട്ടീസ് നല്‍കും. നികുതി വെട്ടിപ്പിലൂടെ ഡി.എം.കെ നേതാവ് സ്റ്റാലിനും ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസനും നിരവധി സിനിമ താരങ്ങളുമടക്കമുള്ളവര്‍ കാര്‍ വാങ്ങിയതായാണ് കണ്ടെത്തല്‍. സി.ബി.ഐയുടെ ചോദ്യംചെയ്യലിനെത്തുടര്‍ന്ന് അലക്സ് സി. ജോസഫ് 33 ദിവസമായി ചെന്നൈയില്‍ ജയിലില്‍ കഴിയുകയാണ്. ഇതിനിടെ, അലക്സ് രണ്ടുതവണ ചെന്നൈ പ്രത്യേക സി.ബി.ഐ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ മദ്രാസ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

ആലപ്പുഴയുടെ വികസനത്തോട് സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിക്കുന്നു –ജി. സുധാകരന്‍ എം.എല്‍.എ

Posted: 04 Mar 2014 11:03 PM PST

ആലപ്പുഴ: കാപ്പിത്തോട് പുനര്‍നിര്‍മിക്കാനും വളഞ്ഞവഴി ഭാഗത്തെ പീലിങ് ഷെഡുകളില്‍നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് തോട്ടില്‍ ഒഴുക്കാനുമുള്ള വന്‍ പദ്ധതി എം.എല്‍.എയും ത്രിതല പഞ്ചായത്തുകളും നഗരസഭയും ചേര്‍ന്ന് നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ അധികാരം ഉപയോഗിച്ച് അതിനെ അട്ടിമറിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആലപ്പുഴയുടെ ശത്രുവായി മാറിയിരിക്കുകയാണെന്ന് ജി. സുധാകരന്‍ എം.എല്‍.എ ആരോപിച്ചു. രാഷ്ട്രീയപ്രതിബദ്ധതയുള്ള ആലപ്പുഴയുടെ വികസനത്തിനെതിരെ അദ്ദേഹത്തിന്‍െറ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാപ്പിത്തോടിന്‍െറ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിലുള്ള കടുത്ത തെറ്റുകള്‍ തിരുത്തണം. കാപ്പിത്തോട് പ്രശ്നം  പരിഹരിക്കാന്‍ 16.5 കോടിയുടെ എ.എസ് അനുമതി നല്‍കിയതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചതായി പറയുന്നത് വലിയ തമാശയാണ്. ഒരുപൈസപോലും മുഖ്യമന്ത്രി തന്‍െറ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടില്ല. 16 കോടി ആവശ്യപ്പെട്ട് ധനമന്ത്രിക്ക് ഫയല്‍ അയച്ചിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്‍െറ ബന്ധപ്പെട്ട രേഖയിലും ബജറ്റില്‍ ഈ തുക അനുവദിച്ചതായി കാണുന്നില്ല.  ശുചിത്വമിഷന്‍ രണ്ടുവര്‍ഷം മുമ്പ് ജില്ലാപഞ്ചായത്തിന് നല്‍കിയ 40 ലക്ഷം രൂപ മാത്രമാണ് അനുമതി ലഭിച്ച ഏക തുക. ഇപ്രകാരം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുവദിക്കാത്ത 16 കോടിക്ക് മുഖ്യമന്ത്രി എ.എസ് നല്‍കിയെന്ന് പ്രചരിപ്പിക്കുന്ന പി.ആര്‍.ഡി ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണം. മാര്‍ച്ച് മൂന്നിന് മുഖ്യമന്ത്രി വിളിച്ച യോഗം സ്ഥലം എം.എല്‍.എയായ തന്നെ  നേരിട്ടോ ഫോണിലൂടെയോ അറിയിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
 

രാജിക്കില്ളെന്ന് പി.സി ജോര്‍ജ്

Posted: 04 Mar 2014 10:57 PM PST

Image: 

തിരുവനന്തപുരം:മന്ത്രിസഭയിലെ മറ്റ്  അംഗങ്ങളോടുള്ള അവഗണനയാകുമെന്നതിനാല്‍ തത്കാലം രാജിക്കില്ളെന്ന് പി.സി ജോര്‍ജ്. താന്‍ ഒറ്റക്ക് രാജിവെച്ചാല്‍ എം.എല്‍ എമാരെ അവഹേളിച്ചതായി കരുതും. ഇത് ആഗ്രഹിക്കാത്തതിനാലാണ് രാജി വെക്കാത്തതെന്നും കത്ത് മുഖ്യമന്ത്രിക്ക് നല്‍കാത്തതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇത് സംബന്ധിച്ച് കൊണ്ടുള്ള കത്ത് അദ്ദേഹം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് കൈമാറി. കത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേരാന്‍ മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള കരട് വിജ്ഞാപനം ഇറക്കിയില്ളെങ്കില്‍ രാജി വെക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗാഡ്ഗില്‍ കമ്മറ്റി അംഗവും ജൈവ വൈവിദ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ വി.എസ് വിജയനും മകനും ചേര്‍ന്ന് പശ്ചിമഘട്ട സംരക്ഷണത്തിന്‍െറ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതേ പറ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. പരിസ്ഥിതിവാദികള്‍ പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ പുട്ടടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

 

സത്യഗ്രഹത്തിന് പിന്തുണയുമായി സി.പി.എമ്മും ബി.ജെ.പിയും

Posted: 04 Mar 2014 10:56 PM PST

Subtitle: 
മാലിന്യ പ്രശ്നം

മഞ്ചേശ്വരം: അപാര്‍ട്മെന്‍റില്‍നിന്നുള്ള മലിനജലം മൂലം കുടിവെള്ളം ഉപയോഗശൂന്യമായതിനെതിരെ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാലിന്യ നിര്‍മാര്‍ജന നിയമ സഹായ സംരക്ഷണ സമിതി മംഗല്‍പാടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 16 ദിവസം പിന്നിട്ടു. പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ചെയ്തു.നയാബസാറില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് സാദിഖ് ചെറുഗോളി, റഫീഖ് സോങ്കാല്‍, ഹിദായത്ത്, ഹാരിസ് ഉപ്പള, കബീര്‍, ഫൈസല്‍ കൈക്കമ്പ, അശ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
 തുടര്‍ന്ന് നടന്ന പൊതുയോഗം സി.പി.എം ലോക്കല്‍ സെക്രട്ടറി രമണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ഷിറിയ അധ്യക്ഷത വഹിച്ചു. ബി.എ. ബഷീര്‍, ശിവപ്രസാദ്, സുബൈര്‍ കുക്കാര്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതി നേതാക്കളായ കെ.പി. മുനീര്‍ സ്വാഗതവും മഹ്മൂദ് കൈക്കമ്പ നന്ദിയും പറഞ്ഞു.മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് മുന്നില്‍ മഹ്മൂദ് കൈക്കമ്പ നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ സമരം ബി.ജെ.പി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് കെ.പി. വത്സരാജ്, സീതാരാം ഭണ്ഡാരി, വിജയ്കുമാര്‍ റൈ, സുരേഷ് ഷെട്ടി, ഗിരി വീരനഗര്‍, പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷ്മി മയ്യ, ജയന്തി ഷെട്ടി, ബാബു, ഹേമലത, പുഷ്പരാജ് എന്നിവരും സമരപ്പന്തലില്‍ എത്തി. മാലിന്യ പ്രശ്നം സങ്കീര്‍ണമായതോടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മംഗല്‍പാടി പഞ്ചായത്തിലെത്തി വിവരം ശേഖരിച്ചു.
കൈക്കമ്പയിലെ അപാര്‍ട്മെന്‍റ് മാലിന്യ പ്രശ്നം സംബന്ധിച്ച് കാസര്‍കോട് മുന്‍സിഫ് കോടതിയിലും ഹൈകോടതിയിലും കേസ് നിലവിലുള്ളതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഡി.ഡി.പി എം. ഗോവിന്ദന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അപാര്‍ട്മെന്‍റ് പ്രശ്നത്തില്‍ ആരോപണവിധേയനായ അപാര്‍ട്മെന്‍റ് സ്ഥലം ഉടമക്കും 38 താമസക്കാര്‍ക്കുമെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഡി.ഡി.പി പറഞ്ഞു. ഇതുസംബന്ധിച്ച് വിജിലന്‍സ് നല്‍കിയ കത്തിന് മറുപടിയായാണ് വിജിലന്‍സിനോട് നടപടിക്ക് ശിപാര്‍ശ നല്‍കിയതെന്നും ഡി.ഡി.പി കൂട്ടിച്ചേര്‍ത്തു.

ആറളം ഫാം ആദിവാസി ഭൂമിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പാട്ടകൃഷി

Posted: 04 Mar 2014 10:48 PM PST

Subtitle: 
കൃഷിയുടെ മറവിലെ ചൂഷണം തടയണമെന്ന് ആദിവാസി സംഘടനകള്‍

കേളകം:  ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം ബ്ളോക് ഒമ്പതില്‍  ചട്ടങ്ങള്‍ ലംഘിച്ചും  പുനരധിവാസ കുടുംബങ്ങളെ ചൂഷണം ചെയ്തും  പുറത്തുനിന്നെത്തുന്നവരുടെ പാട്ട കൃഷി.  ബ്ളോക്  ഒമ്പതിലെ വളയഞ്ചാല്‍ ബാബു, ഭാസ്കരന്‍, നാരായണന്‍ എന്നിവരുടെ കൈവശമുള്ള ഭൂമികള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉഴുതു മറിച്ചും  മുളകളും മരങ്ങളും തീയിട്ട്  നശിപ്പിച്ചുമാണ്  പുറമെ നിന്നെത്തിയ പാട്ടക്കാര്‍ കൃഷിയിടമൊരുക്കുന്നത്.
ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്‍കുന്ന ഭൂമി പാട്ടകൃഷിക്ക് നല്‍കാനോ കൃഷിയിടത്തിലെ മരങ്ങള്‍ മുറിക്കാനോ പാടില്ലെന്നാണ് ചട്ടം. ഈ വ്യവസ്ഥ ആദിവാസികള്‍ക്ക് നല്‍കുന്ന കൈവശാവകാശ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ അജ്ഞത മുതലെടുത്താണ് പുറത്ത് നിന്നെത്തുന്ന സംഘത്തിന്‍െറ ചൂഷണം.
പട്ടിണിപ്പാവങ്ങളായ പുനരധിവാസ കുടുംബങ്ങള്‍ക്ക് നാമമാത്രമായ തുക നല്‍കിയാണ് ആദിവാസി ഭൂമിയില്‍ പാട്ടക്കാരുടെ വിളവെടുപ്പ്.
 ഇഞ്ചി കൃഷിക്കായാണ് ഇപ്പോള്‍ കൃഷിയിടം മണ്ണു മാന്തി യന്ത്രം കൊണ്ട് ഉഴുത് മറിക്കുകയും മുളങ്കാടുകള്‍ മറിച്ചിട്ട് കത്തിക്കുകയും  മരങ്ങള്‍ വ്യാപകമായി തീയിട്ട് നശിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ ആദിവാസി സംഘടനാ നേതാക്കളും ജനപ്രതിനിധികളും ട്രൈബല്‍ മിഷന്‍ അധികൃതരെയും  ആറളം പൊലീസിനെയും വിവരമറിയിച്ചിരുന്നു.
എന്നാല്‍, നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ആദിവാസികളെ ചൂഷണം ചെയ്ത് നാമമാത്ര പണം നല്‍കി ഫാമില്‍ പാട്ടകൃഷി നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ബ്ളോക് ഒമ്പത് ഊരുമൂപ്പന്‍ ഭാസ്കരന്‍, ഗോത്ര ജന സഭ നേതാവ് എടാന്‍ ചന്ദ്രന്‍, ആദിവാസി ക്ഷേമ സമിതി നേതാവ് പി.കെ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
 പാട്ട കൃഷിക്കാര്‍ക്ക് പുറമെ, ആറളത്ത് പുനരധിവാസ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വളര്‍ത്തുമൃഗങ്ങളെയും ഇടനിലക്കാര്‍ കടത്തിയതായി പരാതിയുണ്ട്. എന്നാല്‍, കൃഷിയിടം പാട്ടകൃഷിക്ക് നല്‍കിയതല്ലെന്നും തങ്ങള്‍ സ്വന്തമായി കൃഷിയിറക്കാനാണ് യന്ത്രം ഉപയോഗിച്ച് ഭൂമി നിരത്തിയതെന്നുമാണ് ഭൂവുടമകളുടെ നിലപാട്. മുമ്പ് ആദിവാസി ഭൂമിയില്‍ ചെങ്കല്‍ ഖനനത്തിനെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
 

പൊഴുതനയില്‍ അനധികൃത മണല്‍വാരല്‍ വ്യാപകം

Posted: 04 Mar 2014 10:30 PM PST

Subtitle: 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ മറവില്‍ കൊള്ള ലാഭത്തിലാണ് വില്‍പന

വൈത്തിരി: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പറത്തിയുള്ള അനധികൃത മണല്‍വാരല്‍ പൊഴുതന പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യാപകമാകുന്നു.
 ആറാംമൈല്‍, പൊഴുതന, കല്ലുൂര്‍, സുഗന്ധഗിരി തുടങ്ങിയ പ്രദേശങ്ങളിലെ ചെറുതോടുകളും പുഴകളും കേന്ദ്രീകരിച്ചാണ് മണല്‍വാരല്‍ തകൃതിയായി നടക്കുന്നത്.
പഞ്ചായത്തില്‍നിന്ന്  മണല്‍ പാസ് സംഘടിപ്പിച്ച പാസില്‍ അനുവദിച്ചതിലും കൂടുതല്‍ മണല്‍ വാരുന്നു.
രാത്രികാലങ്ങളിലാണ് ഇത് കൂടുതല്‍. ലോഡുകണക്കിന് മണല്‍ ഇത്തരത്തില്‍ പിക്കപ്പിലും ചെറുവാഹനങ്ങളിലുമായി കടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അനധികൃതമായി മണല്‍ കടത്തിയതിന് തോണിയും മണലും പൊലീസ് പിടിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മണലൂറ്റ് തടയുന്നതിന് പഞ്ചായത്ത് പ്രധാന പുഴയോരങ്ങളില്‍ ഗേറ്റ് നിര്‍മിച്ച് വാച്ചര്‍മാരെ നിര്‍ത്തിയിരുന്നു.
 മണല്‍ ലോബികളുടെ സമ്മര്‍ദം കാരണം ഇത് കൂടുതല്‍ കാലം നീണ്ടില്ല.
സാധാരണക്കാര്‍ക്ക് ആവശ്യത്തിന് മണല്‍ കിട്ടാതെയാകുമ്പോള്‍ രാഷ്ട്രീയ സ്വാധീനവും പണസ്വാധീനവും ഉപയോഗിച്ച് വിവിധ സംഘങ്ങള്‍ മണല്‍ കടത്തുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ മറവില്‍ കള്ള പ്രചാരണങ്ങള്‍ നടത്തി കൊള്ളലാഭത്തിലാണ് വില്‍പന നടത്തുന്നത്.

രണ്ടാം ബാച്ച് നിരാഹാര സമരം തുടങ്ങി

Posted: 04 Mar 2014 10:21 PM PST

Subtitle: 
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്

കോഴിക്കോട്: പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയര്‍പ്പിച്ച് കൂടുതല്‍ വ്യക്തികളും സംഘടനകളും ചൊവ്വാഴ്ചയും എത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ സമരക്കാരെ അറസ്റ്റ്ചെയ്തു നീക്കിയതിലുള്ള പ്രതിഷേധം അറിയിക്കാന്‍ മലയോരം നഗരത്തിലേക്ക് ഒഴുകി. പുതിയ സമരഭടന്മാരായ ഫാ. ജില്‍സണ്‍ തയ്യില്‍ (താമരശ്ശേരി രൂപതാംഗം), ഗിരീഷ് ജോണ്‍ (പുതുപ്പാടി), സിജോ കരിനാട്ട് (നെല്ലിപ്പൊയില്‍), ബാബു കുരിശിങ്കല്‍ (കട്ടിപ്പാറ), ജിജി ഇല്ലിക്കല്‍(തിരുവമ്പാടി) എന്നിവരെ കര്‍ഷകര്‍ മാലയിട്ട് സ്വീകരിച്ചു.
 മേരിക്കുന്ന് ഇടവക സമൂഹം, നിര്‍മല ആശുപത്രി, പെരുവണ്ണാമൂഴി കര്‍ഷക രക്ഷാസമിതി, തിരുവമ്പാടി മഹല്ല് കമ്മിറ്റി, കപ്പൂച്ചിന്‍ വൈദികര്‍, ചുങ്കത്തറ കെസിസി തുടങ്ങിയവയുടെ പ്രതിനിധികള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു. കൈതപ്പൊയില്‍ ലിസ കോളജ്, തൊണ്ടയാട് സ്റ്റാര്‍ട്ട് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി, ആനക്കാംപൊയില്‍ യൂനിറ്റ് അംഗങ്ങളും ഇന്നലെ സമരവേദിയിലെത്തി.
പ്രദേശത്തെ കടകളടച്ച് അനുഭാവം പ്രകടിപ്പിച്ചാണ് തിരുവമ്പാടിയില്‍നിന്നുള്ള വ്യാപാരികള്‍ കലക്ടറേറ്റിലെത്തിയത്. വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരുടെ പ്രതിനിധികളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. തിരുവല്ല ബിഷപ് തോമസ് മാര്‍ കൂറിലോസ് വൈകീട്ടോടെ സമരവേദിയിലെത്തി പിന്തുണയറിയിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സമരഭടന്മാരെ കാണാനെത്തിയിരുന്നു.
കെ.കെ. ലതിക എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, മുന്‍ എം.എല്‍.എ എം.കെ. പ്രേംനാഥ്, കേരള കോണ്‍ഗ്രസ് നേതാവ് വി.സി. ചാണ്ടിമാസ്റ്റര്‍ തുടങ്ങിയവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
 വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ബേബി കാപ്പുകാട്ടില്‍, എബ്രഹാം കുഴുമ്പില്‍,  കെ. സുനില്‍, സി.കെ. ശശി, മജീദ് പുത്തൂര്‍, പ്രഫ. എബ്രഹാം മാത്യു, എം. സുരേന്ദ്രന്‍, സി.സി. ആന്‍ഡ്രൂസ്, ജോണ്‍ പൂതക്കുഴി, ദീപക് സെബാസ്റ്റ്യന്‍, സജിന്‍ ജോസ് ചാലില്‍, അഡ്വ. ആനന്ദകനകം, ജോസ് ചെമ്പേരി തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP