സ്വാഗതം
WELCOME

News Update..

Wednesday, March 12, 2014

വെള്ളക്കരം കുടിശ്ശിക: തൃശൂര്‍ കോര്‍പറേഷന്‍ 83 ലക്ഷം നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് Madhyamam News Feeds

വെള്ളക്കരം കുടിശ്ശിക: തൃശൂര്‍ കോര്‍പറേഷന്‍ 83 ലക്ഷം നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് Madhyamam News Feeds

Link to

വെള്ളക്കരം കുടിശ്ശിക: തൃശൂര്‍ കോര്‍പറേഷന്‍ 83 ലക്ഷം നഷ്ടപ്പെടുത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Posted: 12 Mar 2014 12:02 AM PDT

Subtitle: 
ജില്ലാ സഹകരണ ആശുപത്രി നല്‍കാനുള്ള തുകയാണ് നഷ്ടപ്പെടുത്തിയത്

തൃശൂര്‍: വെള്ളക്കരം കുടിശ്ശിക ഇനത്തില്‍ ജില്ലാ സഹകരണ ആശുപത്രി നല്‍കാനുള്ള 83.5 ലക്ഷം രൂപ തൃശൂര്‍ കോര്‍പറേഷന്‍െറ കെടുകാര്യസ്ഥത മൂലം നഷ്ടമായതായി കോര്‍പറേഷന്‍ ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. ജില്ലാ സഹകരണ ആശുപത്രിയില്‍ 1991 മുതല്‍ 2010 വരെ അടക്കേണ്ടിയിരുന്ന വെള്ളക്കര കുടിശ്ശികയായ 83,55,589 രൂപ നഷ്ടമായതായാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്. വെള്ളക്കരം യഥാസമയം കൃത്യമായി കണക്കാക്കുന്നതിനോ, ഈടാക്കുന്നതിനോ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  
ജില്ലാസഹകരണ ആശുപത്രിയിലെ വാട്ടര്‍ മീറ്ററുകള്‍ 1998 സെപ്റ്റംബര്‍ 22 മുതല്‍ പ്രവര്‍ത്തനരഹിതമാണ്.
ഈ കണക്ഷനുകളിലെ വെള്ളക്കര കുടിശ്ശികയും, മീറ്റര്‍ പ്രവര്‍ത്തനരഹിതമായത്  മുതല്‍ മീറ്റര്‍ ചാര്‍ജിന് തുല്യമായ പ്രതിമാസത്തുക സര്‍വീസ് ചാര്‍ജായും നിശ്ചയിച്ച് 2010ല്‍ 83,55,589 രൂപ കുടിശ്ശിക അടക്കുന്നതിനും, ഇല്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതിനും കോര്‍പറേഷന്‍ അറിയിപ്പ് നല്‍കിയിരുന്നു.
ഇതിനെതിരായി സംസ്ഥാന കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റിഡ്രസല്‍ കമീഷനില്‍ ജില്ലാ സഹകരണ ആശുപത്രി നല്‍കിയ പരാതിയില്‍ 2013 ജനുവരി ഒന്നിന് കമീഷന്‍ 83.55 ലക്ഷം അടക്കുന്നതില്‍ നിന്ന് ജില്ലാ സഹകരണ ആശുപത്രിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ റിവ്യൂ ഹരജി നല്‍കാനോ നടപടികള്‍ സ്വീകരിക്കാനോ കോര്‍പറേഷന്‍ അധികൃതര്‍ തയാറായില്ല.
കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റിഡ്രസല്‍ കമീഷനിലെ കേസുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ കേസ് പരാജയപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കോര്‍പറേഷന് വെളളക്കരം നിയമാനുസൃതം പലിശയോടുകൂടി ഈടാക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും, വിധിക്കെതിരെ 30 ദിവസത്തിനകം അപ്പീല്‍ അതോറിറ്റിയെ (ദേശീയ കമീഷന്‍) സമീപിക്കാമെന്നും വിധിയില്‍ നിര്‍ദേശിച്ചിരുന്നു.
30 ദിവസത്തിനകം അപ്പീല്‍ നല്‍കേണ്ടിയിരുന്നുവെങ്കിലും ഇതിനുള്ള നടപടികള്‍ കോര്‍പറേഷന്‍ സ്വീകരിച്ചില്ല. അതുകൊണ്ട്  തുകയൊന്നും അടക്കാതെ സ്ഥാപനം ഇപ്പോഴും ജലം ആവശ്യാനുസരണം ഉപയോഗിക്കുന്നതായും ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തുന്നു.
കുടിശ്ശിക തുക അടക്കണമെന്ന് ആവശ്യപ്പെട്ട്  2002 ആഗസ്റ്റ് 14, 2004 ജൂണ്‍ 22, 2006 ഒക്ടോബര്‍ 13, 2009 ആഗസ്റ്റ് 24 എന്നീ തീയതികളില്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം തുക അടക്കാതിരുന്നിട്ടും കണക്ഷന്‍ വിച്ഛേദിക്കുകയോ, കുടിശ്ശിക ഈടാക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
2006 ജൂണ്‍ 27ല്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി നോട്ടീസ് നല്‍കാനും കണക്ഷന്‍ വിച്ഛേദിക്കാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മൂന്നുവര്‍ഷം കഴിഞ്ഞ് 2009 ആഗസ്റ്റ് 11നാണ് പിന്നീടുള്ള നടപടി ഉണ്ടാകുന്നത്. ജില്ലാ സഹകരണ ആശുപത്രി അനധികൃതമായി ജലചൂഷണം നടത്തുന്നുവെന്ന് ആരോപിച്ച് പൂങ്കുന്നം കുലായില്‍ വീട്ടില്‍ ബേബി തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2012 ജൂണ്‍ 25ന് കേസ് നല്‍കിയിട്ടുണ്ട്.
 

ഇടത് -വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സമുദായത്തെ പൂര്‍ണമായും അവഗണിച്ചു

Posted: 11 Mar 2014 11:43 PM PDT

Subtitle: 
ആന്‍േറാ ആന്‍റണിയുടെ പ്രവര്‍ത്തനത്തില്‍ മതേതര കാഴ്ചപ്പാടില്ല

പത്തനംതിട്ട: ജില്ലയിലെ  അധികാരസ്ഥാനങ്ങളില്‍നിന്ന് ഇടത് -വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിം സമുദായത്തെ പൂര്‍ണമായും അവഗണിക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
 ജില്ലയിലെ 54 പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്‍റ്  സ്ഥാനങ്ങളില്‍ നിന്നും മുസ്ലിം സമുദായത്തെ ഒഴിവാക്കിയിരിക്കുന്നു. 80 ശതമാനവും ഭരിക്കുന്നത് യു.ഡി.എഫ് ആണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസ്ഥാനങ്ങളില്‍നിന്ന്  ജില്ലയില്‍ മുസ്ലിം സമുദായത്തെ പൂര്‍ണമായും ഒഴിവാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു മണ്ഡലം പ്രസിഡന്‍റ് സ്ഥാനം പോലും സമുദായത്തിന് നല്‍കിയിട്ടില്ല. അധികാര സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും ചില സമുദായത്തിനു മാത്രം വീതിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെയും പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്‍െറയും മതനേതാക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികളില്‍നിന്ന് സമുദായം പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. രണ്ട് സമുദായ നേതാക്കളെ മാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന കാഴ്ചയാണ് ജില്ലയില്‍ കാണുന്നത്.
ആന്‍േറാ ആന്‍റണി എം.പിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിലും മതേതര കാഴ്ചപ്പാടുണ്ടായിട്ടില്ല. പല ജമാഅത്ത് കമ്മിറ്റികള്‍ നല്‍കിയ നിവേദനവും ഒഴിവാക്കപ്പെട്ടു. ഫണ്ട് അനുവദിക്കുന്നതിലും പക്ഷപാതം കാണിച്ചു.
സി.പി.എം നേതൃത്വം കൊടുക്കുന്ന എല്‍.ഡി.എഫും സമുദായത്തെ അവഗണിച്ചു. സി.പി.എമ്മിന്‍െറ ലോക്കല്‍ കമ്മിറ്റിയിലോ ഏരിയ കമ്മിറ്റിയിലോ സമുദായത്തിന്  പ്രാതിനിധ്യം കിട്ടിയിട്ടില്ല. കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ള ബോര്‍ഡുകള്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അബ്ദുല്‍ അസീസ്, എന്‍.എ. നൈസാം, സലിം എച്ച്., സുലൈമാന്‍ റാവുത്തര്‍, സാലി, കെ.പി. ഇസ്മായില്‍, എം. മുഹമ്മദ് സാലി, അബ്ദുല്‍ സലാം, നൗഷാദ് എന്നിവര്‍ സംസാരിച്ചു.
 

ജില്ലയില്‍ ഭിക്ഷാടന മാഫിയ സജീവം

Posted: 11 Mar 2014 11:31 PM PDT

Subtitle: 
തമിഴ്നാട്്, ആന്ധ്ര, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് യാചകരെത്തുന്നത്

അടിമാലി: ബാലവേല നിരോധിത ജില്ലയായ ഇടുക്കിയില്‍ കുട്ടികള്‍ അടക്കം ഭിക്ഷാടന മാഫിയകള്‍ സജീവം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലുമാണ് യാചകരുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
 വാഹനങ്ങളില്‍ തമിഴ് നാട്ടില്‍നിന്ന് ഇത്തരക്കാരെ എത്തിക്കാന്‍ നിരവധി സംഘങ്ങള്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസിന്‍െറ ഭാഗത്തുനിന്ന് നടപടികള്‍ ഇല്ലാതായതോടെ യാണ് യാചകരുടെ ശല്യം വര്‍ധിച്ചത്. തമിഴ്നാടിന് പുറമെ ആന്ധ്ര, ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് യാചകര്‍ എത്തിയിട്ടുണ്ട്. ഹൈറേഞ്ചിലെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും വ്യാപാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആള്‍ത്തിരക്കുള്ള ഇടങ്ങളിലും വീടുകളിലും കയറിയുള്ള ഭിക്ഷാടനമാണ് വര്‍ധിച്ചിരിക്കുന്നത്.
 പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം, നേര്‍ച്ച തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം. തമിഴ്നാട്ടിലെ കമ്പം, മധുര, തേനി എന്നിവിടങ്ങളില്‍നിന്നാണ് യാചകര്‍ കൂടുതലായി എത്തുന്നതെന്നാണ് സൂചന. എല്ലാ ദിവസവും രാവിലെ ബസിലും ടാക്സി ജീപ്പുകളിലുമാണ് ഇവരെ എത്തിക്കുന്നത്. ഇതിനായി വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
 മാഫിയ സംഘങ്ങളില്‍ ഉള്‍പ്പെട്ട ഇവര്‍ രാവിലെ മുതലുള്ള കലക്ഷന്‍ വൈകുന്നേരം വാങ്ങുകയും ചെയ്യും. ഇതിനായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് പൊലീസിന് വിവരമുണ്ടെങ്കിലും പൊലീസ് അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സംഘങ്ങളാണ് പ്രധാന ടൗണുകളില്‍ വന്നിറങ്ങുന്നത്. ചില സംഘങ്ങള്‍ ഇവിടെ താമസിച്ചാണ് ഭിക്ഷാടനം നടത്തുന്നത്.
മോഷണം വ്യാപകമായിരിക്കുന്ന ഹൈറേഞ്ചില്‍ ഇത്തരക്കാരെ ഉപയോഗിക്കുന്ന മാഫിയകളുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
 ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത രീതിയിലാണ് ഭിക്ഷാടനം നടത്തുന്നത്.
 ചിലപ്പോള്‍ ദൈവങ്ങളുടെ ചിത്രവുമായെത്തി നേര്‍ച്ചയായി ചോദിക്കുന്നവര്‍ മാസങ്ങള്‍ക്ക് ശേഷം ദരിദ്രരും രോഗികളുമായവരുടെ വേഷത്തിലാകും പ്രത്യക്ഷപ്പെടുന്നത്.
ഭിക്ഷാടകരുടെ ശല്യം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ യാചന നിരോധിച്ചിരുന്നു. നേരത്തേ മോഷണവും പിടിച്ചുപറിയും വര്‍ധിച്ചപ്പോള്‍ പല സംഭവങ്ങള്‍ക്കും പിന്നില്‍ ഭിക്ഷാടന മാഫിയയാണെന്ന് കണ്ടെത്തിയിരുന്നു.
 ഇതേ സാഹചര്യമാണ് ഇപ്പോഴുള്ളത്. മുന്‍ എസ്.പി ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തപ്പോള്‍ ഭിക്ഷാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.
കൂടാതെ ഭിക്ഷ യാചിച്ച് നടന്നിരുന്നവരെ അഗതി മന്ദിരങ്ങളില്‍ എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ്  ഇപ്പോള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെവന്നതാണ് യാചകര്‍ വര്‍ധിക്കാന്‍ കാരണമത്രേ.
 

പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നത് മാര്‍ഗരേഖ കൊണ്ടുവരണം -സുപ്രീംകോടതി

Posted: 11 Mar 2014 11:17 PM PDT

Image: 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍്റെ ഭാഗമായി രാഷ്ട്രീയനേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് നിയമകമ്മീഷനോട് സുപ്രീംകോടതി. പ്രകോപനപരമായ  പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ റജിസ്ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
രാഷ്ട്രീയ മതനേതാക്കളുടെ  അപകീര്‍ത്തിപരവും മര്യാദയില്ലാത്തതുമായ പ്രസംഗവും പ്രസ്താവനകളും ഭരണഘനാവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി പ്രവാസി ബാലൈ സംഘനാഥ് എന്ന എന്‍.ജി.ഒ നല്‍കിയ ഹരജിലാണ് സുപ്രീംകോടതി നിര്‍ദേശം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

പൊന്‍കുന്നം സബ്ജയിലില്‍ സുരക്ഷ കുറവ്

Posted: 11 Mar 2014 11:15 PM PDT

Subtitle: 
രക്ഷപ്പെട്ടത് കട്ടില്‍ മതിലില്‍ ചാരിവെച്ച്

പൊന്‍കുന്നം: പൊന്‍കുന്നം സബ്ജയിലില്‍നിന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ തടവു ചാടിയത് രണ്ടുപേര്‍. ഇരുവരും രക്ഷപ്പെട്ടത് സമാന രീതിയില്‍. ഈ ജയില്‍ ചാട്ടങ്ങള്‍ ജയില്‍ അധികൃതരെയും നാട്ടുകാരെയും ഒരേപോലെ ആശങ്കയിലാക്കുന്നു.
 2011 ആഗസ്റ്റ് 31ന് തമിഴ്നാട് സ്വദേശിയായ രാജേഷ് (24) ആദ്യം ജയില്‍ ചാടിയത്. കുളിക്കാന്‍ ഇറക്കിയ സമയത്താണ് ജയില്‍ പരിസരത്ത് കിടന്ന കട്ടില്‍ മതിലില്‍ ചാരിവെച്ച് അതുവഴി  രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ജയില്‍ ചാടിയ റിമാന്‍ഡ് പ്രതി മണിമല താഴത്തുവടകര ബേബി (കുട്ടന്‍-39) രക്ഷപ്പെട്ടത് തൂമ്പ മതിലില്‍ ചാരിവെച്ചാണ്.
 അന്ന് രാജേഷ് ഉപയോഗിച്ചത് കട്ടിലാണെങ്കില്‍ ഇന്ന് തൂമ്പയാണെന്നുമാത്രം. മുമ്പ് ജയില്‍ ചാടിയ രാജേഷ്  രണ്ടു ദിവസത്തോളം ജയിലിന് സമീപത്തെ പുരയിടത്തിലെ റബര്‍ പുരയിലും മച്ചിലുമായി കഴിഞ്ഞെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.
 ഏതാനും നാളുകള്‍ക്ക് മുമ്പ് രാജേഷിനെ തമിഴ്നാട്ടില്‍നിന്ന് മറ്റൊരു മോഷണക്കേസില്‍ തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. ജയില്‍ ചാടിയ ബേബിക്ക് വേണ്ടി രാത്രി വൈകിയും പൊലീസും ജയില്‍ അധികൃതരും തിരച്ചില്‍ തുടരുകയാണ്. ജയില്‍ കോമ്പൗണ്ടിനുള്ളിലുള്ള പൊക്കം കുറഞ്ഞ മതിലാണ് ജയില്‍ പുള്ളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടാക്കുന്നതെന്ന അഭിപ്രായവുമുണ്ട്.
ആവശ്യത്തിന് ജീവനക്കാരില്ലെന്ന ആക്ഷേപവും ശക്തമാണ്. 71 ജയില്‍ പുള്ളികളാണ് ചൊവ്വാഴ്ച പകലുണ്ടായിരുന്നത്.
 ഇവരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആകെയുണ്ടായിരുന്നത് അഞ്ചു ജീവനക്കാര്‍ മാത്രം.
 പൊന്‍കുന്നം സബ്ജയിലില്‍ ആകെയുള്ള ഒമ്പത് വാര്‍ഡന്മാര്‍, മൂന്ന് ഹെഡ് വാര്‍ഡന്മാര്‍, രണ്ട് ദിവസവേതന ജീവനക്കാര്‍ എന്നിവര്‍ മാത്രമാണ്.
 കൂടുതല്‍ ജീവനക്കാരെ നിയമിച്ചാല്‍ തടവുപുള്ളികളെ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സബ്ജയിലിന്‍െറ ദൈനംദിന പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനും സാധിക്കുമെന്ന അഭിപ്രായവും ശക്തമാണ്.
 

നഗരസഭ ഭവനപദ്ധതിയില്‍ അര്‍ഹര്‍ തഴയപ്പെടാന്‍ സാധ്യത

Posted: 11 Mar 2014 11:00 PM PDT

Subtitle: 
പശ്ചിമകൊച്ചിയില്‍ ബഹുഭൂരിപക്ഷത്തിനും ബി.പി.എല്‍ കാര്‍ഡ് ലഭിച്ചിട്ടില്ല

മട്ടാഞ്ചേരി: കൊച്ചി നഗരസഭ ആവിഷ്കരിക്കുന്ന ഭവന പദ്ധതികളില്‍ അര്‍ഹരായവര്‍ തഴയപ്പെടുമെന്ന് ആശങ്ക.
കൊച്ചി നഗരസഭയുടെ ഭവനരഹിതര്‍ക്കുള്ള പദ്ധതികളായ ഇത് എന്‍െറ വീട്, ഇടക്കൊച്ചി സുസ്ഥിര വികസന പദ്ധതി എന്നിവക്ക് അപേക്ഷിക്കേണ്ടവര്‍ ബി.പി.എല്‍ കാര്‍ഡുടമകളായിരിക്കണമെന്നാണ് നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, പശ്ചിമകൊച്ചി മേഖലയില്‍ അര്‍ഹരായ ബഹുഭൂരിപക്ഷത്തിനും ബി.പി.എല്‍ കാര്‍ഡ് ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭവനരഹിതര്‍ താമസിക്കുന്നത് പശ്ചിമകൊച്ചിയിലാണ്. സീറോ ലാന്‍ഡ്ലെസ് പദ്ധതിയില്‍ അപേക്ഷിച്ചവരുടെ മാത്രം കണക്കെടുത്താല്‍തന്നെ പശ്ചിമകൊച്ചിയില്‍പ്പെട്ട ഫോര്‍ട്ടുകൊച്ചി വില്ലേജില്‍ മാത്രം ചതുരശ്ര കിലോമീറ്ററില്‍ 873 ഭൂരഹിത കുടുംബങ്ങാണുള്ളത്. മട്ടാഞ്ചേരി വില്ലേജിലെ ചേരികളിലെ താമസക്കാരുടെ കണക്കെടുത്താല്‍ ഭവനരഹിതരുടെ എണ്ണം ഇതിലുമേറെയാണ്. പശ്ചിമകൊച്ചിയിലെ പ്രധാന ചേരികളിലൊന്നായ ഫോര്‍ട്ടുകൊച്ചി വില്ലേജില്‍പ്പെട്ട തുരുത്തി കോളനി പ്രദേശത്തെ മാത്രം കണക്കെടുത്താല്‍തന്നെ ഈ അവഗണനയുടെ ചിത്രം വ്യക്തമാകും.  950 കുടുംബങ്ങള്‍ വസിക്കുന്ന തുരുത്തി മേഖലയില്‍ 705 കുടുംബങ്ങള്‍ ബി.പി.എല്‍ കാര്‍ഡിന് അര്‍ഹരാണെന്നിരിക്കെ 103 കുടുംബങ്ങള്‍ക്ക് മാത്രമാണ് ബി.പി.എല്‍ കാര്‍ഡ് ലഭിച്ചത്. അര്‍ഹരായ 85 ശതമാനത്തിനും ബി.പി.എല്‍ കാര്‍ഡ് ലഭിച്ചിട്ടില്ല. പശ്ചിമകൊച്ചിയിലെ മറ്റു ചേരികളിലും അവസ്ഥ ഇതുതന്നെയാണ്. 11മാസത്തെ പണയം, വാടക, പകിടി താമസത്തിനിടെ റേഷന്‍കാര്‍ഡ് പോലും ലഭിക്കാത്തവര്‍ നിരവധിയാണ്. നാലും അഞ്ചും കുടുംബങ്ങള്‍ക്ക് ഒറ്റ റേഷന്‍ കാര്‍ഡുള്ളതും ഒട്ടേറെയാണ്. മാറിമാറി താമസിക്കുന്നതിനാല്‍ തലമുറകള്‍ക്ക് പ്രത്യേക റേഷന്‍ കാര്‍ഡ് സമ്പാദിക്കാനാകുന്നില്ലെന്നതും ചേരികളിലെ മാത്രം പ്രത്യേകതയാണ്. നാലുകുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുമ്പോള്‍ ഫലത്തില്‍ ഇവ എ.പി.എല്‍ കാര്‍ഡായി മാറുന്നതും സ്വാഭാവികം.
തലമുറകളായി തലചായ്ക്കാന്‍ സ്വന്തമായി കൂരയില്ലാത്ത ആയിരങ്ങള്‍ അര്‍ഹരായിട്ടും ബി.പി.എല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതികളുടെ ബി.പി.എല്‍ മാനദണ്ഡം ഇവര്‍ക്ക് വിനയാകുന്നത്.

ചാരുംമൂട്ടില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമില്ല

Posted: 11 Mar 2014 10:51 PM PDT

Subtitle: 
നാട് വരള്‍ച്ചയിലേക്ക്

ചാരുംമൂട്: ചാരുംമൂട് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ജനം ബുദ്ധിമുട്ടുന്നു. പാലമേല്‍, താമരക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
പാലമേല്‍ പഞ്ചായത്തിലെ മൈലാടുംമുകള്‍, മേട്ടുംപുറം, ആദിക്കാട്ടുകുളങ്ങര, മുള്ളന്‍കുറ്റി, അക്വഡക്റ്റ് ജങ്ഷന്‍, ഞവരക്കുന്ന്, താമരക്കുളം പഞ്ചായത്തിലെ പച്ചക്കാട്, ചുടുകുറ്റി കോളനി, ചത്തിയറ ഹൈസ്കൂള്‍ ജങ്ഷന്‍, കിഴക്കേമുറി, നാലുമുക്ക്, ഒന്നാംമൈല്‍, വേടരപ്ളാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍  ക്ഷാമം അനുഭവപ്പെടുന്നത്.ഈ പ്രദേശങ്ങളിലൊക്കെ നിരവധി ചെറുകിട പദ്ധതികള്‍ ഉണ്ടെങ്കിലും  കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നില്ല. പല പദ്ധതികളിലും കപ്പാസിറ്റി കുറഞ്ഞ മോട്ടോറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതുമൂലം സമീപത്തുള്ളവര്‍ക്കുപോലും ആവശ്യമായ ജലം പമ്പുചെയ്യാന്‍ കഴിയാറില്ല. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ കിണറുകള്‍ വറ്റിവരണ്ടു.
 ഇതുമൂലം നാട്ടുകാര്‍ കിലോമീറ്ററുകള്‍ നടന്നും വാഹനങ്ങളിലും പോയാണ് വെള്ളം ശേഖരിക്കുന്നത്. വിവിധ പഞ്ചായത്തുകളില്‍ വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും നടപ്പാക്കുന്നില്ലെന്നും ആരോപണമുണ്ട്.
പരിഹാരമായി കെ.ഐ.പി കനാല്‍ തുറന്നുവിട്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിയിട്ടില്ല.
താമരക്കുളം പഞ്ചായത്തിന്‍െറ തെക്കന്‍ഭാഗങ്ങളില്‍ കനാല്‍ തുറന്നുവിട്ടിട്ടും വെള്ളം എത്താത്തത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
കെ.ഐ.പി കനാലില്‍നിന്നുള്ള സബ്കനാലായ പാവുമ്പ കനാലിലേക്ക് വെള്ളം എത്താത്തതാണ് കാരണം. കെ.ഐ.പി കനാലിന്‍െറ പല ഭാഗങ്ങളും അടച്ചുവെച്ച് ചെറിയ കനാലുകളിലേക്ക് വെള്ളം വഴിമാറ്റിവിടുന്നതാണ് പാവുമ്പ കനാലിലേക്ക് വെള്ളം എത്താത്തതിന് കാരണം.
ചത്തിയറ ഗവ. എല്‍.പി സ്കൂളില്‍ വെള്ളം കിട്ടാത്തതിനാല്‍ ക്ളാസ് മുടങ്ങുന്ന അവസ്ഥയാണ്. ഇവിടെ കുട്ടികള്‍ക്ക് കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ വെള്ളം ലഭിക്കാതായിട്ട് ആഴ്ചകളായി. ഉയര്‍ന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പ്രധാന കാരണം അനധികൃത ഖനനമാണ്.
പാലമേല്‍ പഞ്ചായത്തിന്‍െറയും താമരക്കുളം പഞ്ചായത്തിന്‍െറയും ഉയര്‍ന്ന പ്രധാന ഭാഗങ്ങളെല്ലാം അനധികൃത മണ്ണെടുപ്പും ചെങ്കല്‍ ഖനനവും മൂലം വന്‍ ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്. ഇപ്പോഴും അധികൃതരുടെ ഒത്താശയോടെ  ഇത് തുടരുകയാണ്.
 അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അനധികൃത ഖനനം നിര്‍ത്തലാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

ശുചീകരണം ഊര്‍ജിതമാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

Posted: 11 Mar 2014 10:47 PM PDT

Subtitle: 
കൊതുക് ശല്യം

പാലക്കാട്: നഗരത്തിലെ  കൊതുക് ശല്യം ഇല്ലാതാക്കാന്‍ ശുചീകരണ പ്രവൃത്തി ഊര്‍ജിതമാക്കാന്‍ പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ശുചീകരണ പ്രവൃത്തിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കേടുപാട് തീര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ഇതിന് മുന്‍കൂര്‍ അനുമതി നല്‍കും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും വാര്‍ഡുകളില്‍ സന്ദര്‍ശിച്ച് ശുചീകരണ പ്രവൃത്തി വിലയിരുത്തും. തൊഴിലാളികള്‍ കുറച്ചു സമയം മാത്രമാണ് ജോലിയെടുക്കുന്നതെന്നും തൊഴില്‍ സമയം ദീര്‍ഘിപ്പിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഫോഗിങ് മെഷീനിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി ഹെല്‍ത്ത് സൂപ്രണ്ട് അറിയിച്ചു മുസ്ലിംലീഗ് അംഗം എ.ഇ. മുഹമ്മദ് ഇസ്മയിലാണ് ശൂചീകരണ പ്രവൃത്തി ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടത്. നഗരത്തില്‍ കൊതുക് ശല്യം വര്‍ധിച്ചെന്നും മാരകരോഗങ്ങള്‍ പടരുന്നതിന് മുമ്പ് തന്നെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശുചീകരണ തൊഴിലാളികളുടെ കുറവാണ് ശുചീകരണം കാര്യക്ഷമമാക്കാന്‍ തടസ്സമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭവദാസ് പറഞ്ഞു. ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ ചുമതലകള്‍ ഇടക്കിടെ മാറ്റുന്നത് ശുചീകണ പ്രവൃത്തി അവതാളത്തിലാകാന്‍ കാരണമാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി ലിങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ഒ.വി. വിജയന്‍ പ്രതിമ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. തീരുമാനം പൊതുമരാമത്ത് വകുപ്പിനെ അറിയിക്കും. ജൈനിമേട് ഗ്യാസ് ക്രിമിറ്റോറിയം, വാഴക്കടവ് ഗ്യാസ് ക്രിമിറ്റോറിയം  എന്നിവയുടെ നിര്‍മാണച്ചുമതല തൃശൂരിലെ സെന്‍ര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്‍റ് എന്ന സ്ഥാപനത്തിന് നല്‍കാന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു. പി.വി. രാജേഷ്, വി.എ. നാസര്‍, ഒ.എം.  ഫിലോമിന, എന്‍. ശിവരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും -വി.എം സുധീരന്‍

Posted: 11 Mar 2014 10:43 PM PDT

Image: 

ന്യൂഡല്‍ഹി: അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍.  ഇടുക്കി സീറ്റ്  വിട്ടു നല്‍കുന്നതില്‍ കോണ്‍ഗ്രസിന്‍്റെ ബുദ്ധിമുട്ടുകളെ കുറിച്ച് കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. അവര്‍ അത് മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം അറിയിയില്ലെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്‍്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക  നാളെ പുറത്തുവിടും. കേരളത്തിലെ 15 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ  നാളെ പ്രഖ്യാപിക്കുമെന്നും വി.എം സുധീരന്‍ പറഞ്ഞു. ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം സോണിയാഗാന്ധിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്‍്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്നിവരാണ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

ആളായി; ഇനി അങ്കത്തട്ടിലേക്ക്

Posted: 11 Mar 2014 10:32 PM PDT

Subtitle: 
പാണക്കാട്ടെ ആശീര്‍വാദമേറ്റുവാങ്ങി അഹമ്മദും ബഷീറും ഗോദയില്‍

മലപ്പുറം/കോട്ടക്കല്‍: മുസ്ലിംലീഗ് ലോക്സഭാ സ്ഥാനാര്‍ഥികളായ ഇ. അഹമ്മദും ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി.
പൊന്നാനിയില്‍ വീണ്ടും ജനവിധി തേടുന്ന ബഷീര്‍ രാവിലെയും മലപ്പുറത്ത് വീണ്ടും പോരിനിറങ്ങുന്ന, കേന്ദ്ര വിദേശകാര്യ സഹമന്ത്രി അഹമ്മദ് വൈകുന്നേരവും പാണക്കാട്ടെത്തി. തങ്ങളുടെ ആശീര്‍വാദം ഏറ്റുവാങ്ങിയ ഇരുവരും ശുഭാപ്തിവിശ്വാസത്തോടെയാണ് മടങ്ങിയത്.
നേതാക്കളുടെ അകമ്പടിയില്ലാതെയായിരുന്നു അഹമ്മദ് എത്തിയത്. തലശ്ശേരിയില്‍നിന്ന് രാവിലെ യാത്ര തിരിച്ച അദ്ദേഹം അവിടെയും കോഴിക്കോട്ടും ചില സന്ദര്‍ശനങ്ങള്‍ നടത്തി 4.40ഓടെ പാണക്കാട്ടെത്തി. സന്ദര്‍ശകര്‍ക്കിടയിലായിരുന്ന ഹൈദരലി തങ്ങളെ ആശ്ളേഷിച്ച ശേഷം ഇരുവരും 15 മിനിറ്റോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു.
തന്‍െറ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഉണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ചുകാണേണ്ടെന്ന് അഹമ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2009നെക്കാള്‍ മികച്ച പ്രകടനം ഇക്കുറി യു.ഡി.എഫ് കാഴ്ചവെക്കും. തീര്‍ച്ചയായും ജനം നല്ല രീതിയില്‍ പിന്തുണക്കും. എം.പിയായിരിക്കെ ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്ന അഭിമാനത്തോടെയാണ് വീണ്ടും ഇറങ്ങുന്നത്. വനിതയാണ് എതിരാളിയെന്നത് തന്‍െറ സാധ്യതകളെ ബാധിക്കില്ല. ശുഭാപ്തി വിശ്വാസമാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞതിനപ്പുറം വിശദീകരിക്കാനില്ലെന്നും അഹമ്മദ് വ്യക്തമാക്കി. വീണ്ടും കേന്ദ്രമന്ത്രിയാവുമോ എന്ന ചോദ്യത്തിന് അതെല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം മറുപടി നല്‍കി. ജില്ലാ ലീഗ് ഓഫിസില്‍ നടന്ന മണ്ഡലം പ്രസിഡന്‍റ്, സെക്രട്ടറിമാരുടെ യോഗത്തിലും അഹമ്മദ് സംബന്ധിച്ചു.
രാവിലെ തങ്ങളെ സന്ദര്‍ശിച്ച ശേഷം ബഷീര്‍ 10.30ഓടെ കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യരെ അദ്ദേഹത്തിന്‍െറ വസതിയായ കൈലാസ മന്ദിരത്തില്‍ സന്ദര്‍ശിച്ചു. വിജയാശംസകള്‍ നേര്‍ന്ന വാര്യര്‍, തികഞ്ഞ വ്യക്തിത്വത്തിനുടമയാണ് ഇ.ടിയെന്ന് അഭിപ്രായപ്പെട്ടു. 10 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഉച്ചക്ക് ശേഷം തൃത്താലയിലെ മരണവീടും സന്ദര്‍ശിച്ചു. പ്രശ്നങ്ങളില്ലാതെയാണ് ലീഗിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതെന്ന് ബഷീര്‍ മാധ്യമത്തോട് പറഞ്ഞു. നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളോട് കൂടി താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. അഞ്ച് വര്‍ഷത്തെ സേവനങ്ങള്‍ മണ്ഡലത്തില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
അഹമ്മദിനെതിരെ നടന്ന പ്രകടനം വിഷയമായി കാണുന്നില്ലെന്നും പാര്‍ട്ടി തീരുമാനം ചേര്‍ത്ത് പിടിക്കുന്നവരാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP