ഇടുക്കി സീറ്റ്: യു.ഡി.എഫിന് വേണ്ടി ത്യാഗം ചെയ്തെന്ന് കെ.എം. മാണി Posted: 24 Mar 2014 03:17 AM PDT കോട്ടയം: ഇടുക്കി ലോക്സഭ സീറ്റ് വേണ്ടെന്നുവെച്ചത് യു.ഡി.എഫിന് വേണ്ടി ചെയ്ത ത്യാഗമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. ഇടുക്കി സീറ്റ് നിഷേധിച്ചതിന്‍െറ പേരില്‍ മുന്നണിവിടുന്ന ഘട്ടം വരെ എത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫിന് വേണ്ടി തീരുമാനം മാറ്റുകയായിരുന്നു. ഇടുക്കി സീറ്റിന് വേണ്ടി താനും പി.ജെ. ജോസഫും കൂട്ടായ ശ്രമമാണ് നടത്തിയതെന്നും മാണി പറഞ്ഞു. ഇടുക്കിക്ക് പകരം സീറ്റെന്ന കച്ചവടത്തിന് പാര്‍ട്ടി ശ്രമിച്ചിട്ടില്ല. സീറ്റിനായി സമര്‍ദം ചെലുത്തുന്നതിന് ഒരു ലക്ഷ്മണരേഖയുണ്ട്. ഈ വിഷയത്തില്‍ പാര്‍ട്ടി ലക്ഷ്മണരേഖ ലംഘിച്ചിട്ടില്ല. എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്‍െറ ദൗര്‍ബല്യമായി കാണരുത്. ഇടുക്കി സീറ്റ് വിട്ടുതരുന്നതിലുള്ള ബുദ്ധിമുട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളെ കിട്ടാനില്ലാതെ ഇടതുമുന്നണിക്ക് സ്വതന്ത്രനെ നിര്‍ത്തേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ വാക്കുകള്‍ക്ക് വിലയില്ലാതായി. മുന്‍ നിലപാടുകളില്‍ നിന്ന് വി.എസ് മാറുന്നു. സി.പി.എമ്മിനൊപ്പം നിന്ന് പാര്‍ട്ടിക്ക് വിധേയനാകുന്ന നേതാവാകുന്നതാണ് വി.എസിന് നല്ലതെന്നും മാണി ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പലതും പറയും. ഒരിക്കലും നല്ല കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. സംസ്ഥാനത്തേത് മാതൃകാ ഭരണമാണ് നടക്കുന്നതെന്നും കെ.എം. മാണി അവകാശപ്പെട്ടു. |
ബി.ജെ.പി സീറ്റ് നിഷേധിച്ച ജസ്വന്ത് സിങ് സ്വതന്ത്രനായി പത്രിക നല്‍കി Posted: 24 Mar 2014 01:04 AM PDT ബാര്‍മര്‍ ( രാജസ്ഥാന്‍ ): ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ് ബാര്‍മര്‍ ലോക് സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി പത്രിക നല്‍കി. ബി.ജെ.പി സ്ഥാനാര്‍ഥി കേണല്‍ സോന റാം ചൗധരിക്കെതിരെയാണ് മുന്‍ വിദേശ കാര്യ മന്ത്രി കൂടിയായ ജസ്വന്ത് സിങ് മല്‍സരിക്കുക. തന്‍െറ ജന്‍മനാടായ ബാര്‍മറില്‍ മല്‍സരിക്കണമെന്ന് ജസ്വന്ത് സിങ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്‍െറ അവസാനത്തെ മല്‍സരമാണ് ഇതെന്നും അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍, പത്രിക സമര്‍പ്പിക്കുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന കേണല്‍ സോന റാം ചൗധരിക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയുടെ നോമിനിയാണ് സോന റാം ചൗധരി എന്നതാണ് ജസ്വന്തിനെ തഴയാന്‍ കാരണം. ജസ്വന്ത് സിങ് എന്‍.ഡി.എ സര്‍ക്കാരില്‍ വിദേശകാര്യത്തിന് പുറമെ ധനകാര്യം. പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. |
ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണം -സുപ്രീംകോടതി Posted: 24 Mar 2014 12:53 AM PDT ന്യൂഡല്‍ഹി: സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡിലെ വ്യക്തിവിവരങ്ങള്‍ ഉടമസ്ഥന്‍്റെ അനുവാദമില്ലാതെ മറ്റൊരു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൈമാറരുതെന്നും സുപ്രീംകോടതി യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)ക്ക് നിര്‍ദേശം നല്‍കി. ആധാറിന്‍്റെ ഭരണഘടനാപരമായ നിയമസാധുത ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. പാചകവാതക സബ്സിഡി ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പാചക വാതക സബ്സിഡി നല്‍കിയിരുന്നത്. എന്നാല്‍ ഏതു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് കോടതി ഉത്തരവ്. |
കടമ്പനാട് മോതിരച്ചുള്ളി മലയില്‍ കുന്നിടിച്ച് മണ്ണെടുക്കാന്‍ കലക്ടറുടെ അനുമതി Posted: 24 Mar 2014 12:12 AM PDT അടൂര്‍: കടമ്പനാട് മോതിരച്ചുള്ളി മലയില്‍ കുന്നിടിച്ച് മണ്ണെടുക്കാന്‍ കലക്ടറുടെ അനുമതി. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവിടെ മണ്ണെടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ അനുമതി നല്‍കിയത്. മാര്‍ച്ച് 13 നാണ് കടമ്പനാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മോതിരച്ചുള്ളിമലയിലെ നെല്ലിമുകള്‍സ്വദേശി വിദേശമലയാളി രാജീവിന്‍െറ 50 സെന്‍േറാളം സ്ഥലത്തെ മണ്ണ് എടുത്ത് മാറ്റാന്‍ എന്‍.ഒ.സി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെനിന്ന് ആയിരകണക്കിന് ലോഡ് മണ്ണാണ് കടത്തിക്കൊണ്ടുപോയത്. അന്ന് ജിയോളജിക്കല്‍ വകുപ്പിന്‍െറ വ്യാജ പാസ് ഉപയോഗിച്ചായിരുന്നു മണ്ണെടുപ്പ്. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് അന്നത്തെ എസ്. പി പുട്ടവിമലാദിത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഷാഡോ പൊലീസ് പാസ് പരിശോധിച്ച് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ടിപ്പറുകളും എക്സ്കവേറ്ററും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിന് ശേഷം വീണ്ടും ജിയോളജിക്കല്‍വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മണ്ണെടുപ്പാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ അടൂര്‍ ഡിവൈ. എസ്. പി ആയിരുന്ന അനില്‍ദാസ് ഇടപെട്ട് മണ്ണെടുപ്പ് നിര്‍ത്തി വെക്കുകയായിരുന്നു. ഇപ്പോള്‍ ഒരാഴ്ചയായി വീണ്ടും മണ്ണെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുദിവസം മുമ്പ് അടൂര്‍ ഡിവൈ.എസ്.പി നസീമിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഏനാത്ത് എസ്.ഐ ജയകുമാര്‍ മണ്ണെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചെങ്കിലും വീണ്ടും തുടങ്ങിയിട്ടുണ്ട്. കലക്ടറേറ്റില്‍നിന്നുളള ഡെപ്യൂട്ടികലക്ടറുടെ എന്‍.ഒ.സി പകര്‍പ്പ് പൊലീസിന് നല്‍കിയാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്. ഈ കാരണത്താല്‍ പൊലീസ് ഇവിടേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. ഇവിടെനിന്ന് ലോഡുകണക്കിന് മണ്ണാണ് രാപകലില്ലാതെ കടത്തിക്കൊണ്ട് പോകുന്നത്. ഇതിന് റവന്യൂ-വില്ലേജ് അധികൃതരും ഒത്താശ ചെയ്യുന്നുണ്ട്. മണ്ണെടുക്കുന്ന വസ്തുവില്‍നിന്ന് കഷ്ടിച്ച് 75 മീറ്റര്‍ മുകളിലാണ് കടമ്പനാട് കുടിവെള്ളപദ്ധതിയുടെ 1.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം കൊള്ളുന്ന വാട്ടര്‍ടാങ്ക്് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പിനെതുടര്‍ന്ന് ഈ ടാങ്ക് അപകടാവസ്ഥയിലാണ്. മുന്‍ കലക്ടര്‍ പി. വേണുഗോപാല്‍ പത്തനംതിട്ട ജില്ലയില്‍ മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണമെന്ന നിയമം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം അവധിയില്‍ പ്രവേശിച്ചപ്പോള്‍ കലക്ടറേറ്റിലെ അന്നത്തെ എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ ഉത്തരവ് മറച്ചുവെച്ച് പലര്‍ക്കും അനുമതി നല്‍കിയിരുന്നു. |
തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പാഠം പഠിപ്പിക്കും –ഉമ്മന്‍ ചാണ്ടി Posted: 24 Mar 2014 12:03 AM PDT വണ്ടിപ്പെരിയാര്‍: അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാത്ത സി.പി.എമ്മിനെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വണ്ടിപ്പെരിയാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ജനങ്ങളുടെ ആശങ്കയിപ്പോള്‍ മാറിയിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങള്‍, തോട്ടങ്ങള്‍, കൃഷിഭൂമികള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കപ്പെടും. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ച് ഇപ്പോള്‍ വിജയിപ്പിച്ചെടുക്കാന്‍ വേണ്ടി മണ്ഡലം തേടി നടക്കേണ്ട അവസ്ഥയാണ് ബി.ജെ.പി. മൂന്നാം മുന്നണിയെന്നത് അപ്രസക്തമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ടീമില്‍പെട്ടയാളാണ് ഡീന്‍ കുര്യാക്കോസെന്നും സമാധാനവും രാജ്യപുരോഗതിക്കും വേണ്ടി യു.പി.എ സര്‍ക്കാറിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ യു.ഡി.എഫ് സാരഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.എച്ച്. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസ്, കെ.പി.സി.സി എക്സി. അംഗം ഇ.എം. ആഗസ്തി, ഐ.എന്‍.ടി.യു.സി നേതാവ് പി.എ. ജോസഫ്, നാട്ടകം സുരേഷ്, അഡ്വ. സിറിയക് തോമസ്, പി.ആര്‍. അയ്യപ്പന്‍, പി.കെ. ഗോപി, എസ്.എ. മണി, എം.ടി. സുരേന്ദ്രന്‍, പി. നളിനാക്ഷന്‍, പി.എ. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. പീരുമേട്: പാമ്പനാറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തു. കര്‍ഷകര്‍ ഉയര്‍ത്തിയ ആശങ്കകള്‍ മുഴുവന്‍ പരിഹരിച്ചശേഷവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി എന്തിനാണ് സര്‍ക്കാറിനെ എതിര്‍ക്കുകയും സമരം ചെയ്യുകയും ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ രാവിലെ പെരുവന്താനത്ത് മുഖ്യമന്ത്രി പങ്കെടുത്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ നിലപാട് മാറ്റിയാലും കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരള ജനത സ്വീകരിച്ച നിലപാട് മാറ്റില്ലെന്നും പ്രലോഭനങ്ങളും സമ്മാനങ്ങളും ഭീഷണിയും ചെലുത്തിയാണ് വി.എസിനെക്കൊണ്ട് സി.പി.എം നേതൃത്വം നിലപാട് തിരുത്തിച്ചതെന്നുംഅദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ എസ്. അശോകന്‍, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, എം.ടി. തോമസ്, ഇ.എം. ആഗസ്തി, അലക്സ് കോഴിമല എന്നിവര്‍ സംസാരിച്ചു. നെടുങ്കണ്ടം: കസ്തൂരിരംഗന്‍ വിഷയത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും ഇനിയും പരാതിയുള്ളവര്‍ക്ക് എന്തുവേണമെന്ന് തുറന്നുപറഞ്ഞാല്‍ നടത്തിത്തരാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തൂക്കുപാലത്ത് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിശ്വാസത്തിലെടുത്തെ എന്തു കാര്യങ്ങളിലും തീരുമാനമെടുക്കൂ. ജി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹനാന്‍, ജോയി തോമസ്, നാട്ടകം സുരേഷ്, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. |
2009ലെ തെരഞ്ഞെടുപ്പ്; കൂടുതല്‍ പോളിങ് പറവൂരിലെ ബൂത്തില്‍ Posted: 23 Mar 2014 11:48 PM PDT Subtitle: കൂടുതല്‍ പേര്‍ വോട്ടുചെയ്തത് പറവൂര്‍ 77 അങ്കണവാടി ബൂത്തില്‍ കൊച്ചി: 2009 ലെ പൊതു തെരഞ്ഞെടുപ്പില്‍ എറണാകുളം ലോക്സഭ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്തത് പറവൂര്‍ നിയമസഭ മണ്ഡലത്തിലെ 77 ഐ.സി.ഡി.എസ് അങ്കണവാടി ബൂത്തില്‍. ആകെയുണ്ടായിരുന്ന 1476 വോട്ടര്‍മാരില്‍ 1246 പേര്‍ വോട്ടുചെയ്തു. 84.42 ശതമാനമാണിത്. എന്നാല്‍, വോട്ടുശതമാനത്തില്‍ മുമ്പില്‍ പറവൂരിലെ തന്നെ 41ാം ബൂത്തായ എസ്.എന്‍.ഡി.പി.ശാഖ ഗുരുമന്ദിരം ബൂത്താണ്. ആകെയുള്ള 918 പേരില്‍ 878 പേരും അവിടെ വോട്ടുചെയ്തു. ശതമാനം 95.64. കൊച്ചി നിയോജകമണ്ഡലത്തില്‍ രാമന്‍ തുരുത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച രണ്ടാം നമ്പര്‍ ബൂത്തിലായിരുന്നു ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 18 വോട്ടര്‍മാരില്‍ 15 പേരാണ് അന്ന് വോട്ടു ചെയ്തത്. 83.33 ശതമാനം. എന്നാല്‍, പോളിങ് ശതമാനത്തില്‍ ഏറ്റവും കുറവ് എറണാകുളം പള്ളിമുക്കിലെ സെന്‍റ് ജോര്‍ജ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ 85ാം നമ്പര്‍ ബൂത്തായിരുന്നു. ആകെയുള്ള 677 വോട്ടര്‍മാരില്‍ 332 പേരാണ് അന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 49.04 ശതമാനം മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുണ്ടായത് പറവൂരിലും കുറവ് എറണാകുളത്തുമായിരുന്നു. പറവൂരില്‍ 77.59 ശതമാനം പേര്‍ വോട്ടുചെയ്തപ്പോള്‍ എറണാകുളത്ത് 67.01 ശതമാനം മാത്രമാണ് ബൂത്തിലെത്തിയത്. പറവൂരില്‍ ആകെ 1,58,295 വോട്ടര്‍മാരില്‍ 1,22,833 പേരും വോട്ടു ചെയ്തു. പുരുഷവോട്ടര്‍മാരില്‍ 79.55 ശതമാനവും സ്ത്രീവോട്ടര്‍മാരില്‍ 75.73 ശതമാനവും അന്ന് വോട്ടുചെയ്തു. എറണാകുളത്ത് ആകെയുള്ള 1,23,896 വോട്ടര്‍മാരില്‍ 1,02,292 പേരാണ് വോട്ടുചെയ്തത്. പുരുഷവോട്ടര്‍മാരില്‍ 70.47 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ സ്ത്രീ വോട്ടര്‍മാരില്‍ 63.62 ശതമാനമാണ് പോളിങ്ബൂത്തുകളിലെത്തിയത്. സ്ത്രീവോട്ടര്‍മാരുടെ പോളിങ് ശതമാനത്തിലും ഏറ്റവും മുമ്പില്‍ പറവൂരും പിന്നില്‍ എറണാകുളവുമായിരുന്നു. പറവൂരില്‍ സ്ത്രീവോട്ടര്‍മാരില്‍ 75.73 ശതമാനം പേര്‍ വോട്ടുചെയ്തപ്പോള്‍ എറണാകുളത്ത് 63.62 ശതമാനം സ്ത്രീവോട്ടര്‍മാരാണ് വോട്ടു ചെയ്തത്. കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ പോളിങ് 79 ശതമാനത്തില്‍ താഴെയായിരുന്നു. കൊച്ചിയില്‍ ആകെയുള്ള 73,025 സ്ത്രീവോട്ടര്‍മാരില്‍ 67.07 ശതമാനം പേര്‍ വോട്ടുചെയ്തപ്പോള്‍ തൃപ്പൂണിത്തുറയില്‍ ഇത് 69.49 ശതമാനമായിരുന്നു. അവിടെ ആകെ 80,707 സ്ത്രീവോട്ടര്‍മാരില്‍ 56,090 പേരാണ് പോളിങ് ബൂത്തിലെത്തിയത്. തൃക്കാക്കരയില്‍ ആകെയുണ്ടായിരുന്ന 73,724 സ്ത്രീവോട്ടര്‍മാരില്‍ വോട്ടുചെയ്തവരുടെ എണ്ണം 49,025 ആയിരുന്നു. പോളിങ് ശതമാനം 66.49. കളമശേരില്‍ സ്ത്രീവോട്ടര്‍മാരില്‍ 72.11 ശതമാനവും വൈപ്പിനില്‍ 72.18 ശതമാനവും പേര്‍ വോട്ട് ചെയ്തു. പുരുഷവോട്ടര്‍മാരുടെ പോളിങ് ശതമാനത്തിലും മുന്നില്‍ പറവൂരും പിന്നില്‍ എറണാകുളവും തന്നെ. പറവൂരില്‍ 77,251 വോട്ടര്‍മാരില്‍ 61,454 പേര്‍ വോട്ടുചെയ്തപ്പോള്‍ എറണാകുളത്ത് ഇത് യഥാക്രമം 61,343ഉം 43,230 ഉം ആയിരുന്നു. കളമശേരിയില്‍ പുരുഷവോട്ടര്‍മാരില്‍ 78.47 ശതമാനം പേര്‍ പോളിങ് ബൂത്തിലെത്തിയപ്പോള്‍ വൈപ്പിനില്‍ ഇത് 76.98 ശതമാനമായിരുന്നു. കൊച്ചിയില്‍ 73.94 ശതമാനം പുരുഷവോട്ടര്‍മാരാണ് വോട്ടു ചെയ്തത്. തൃപ്പൂണിത്തുറയില്‍ 76.96 ശതമാനവും തൃക്കാക്കരയില്‍ 73.57 ശതമാനം പേരും വോട്ടുചെയ്തു. പറവൂരില്‍ പുരുഷവോട്ടര്‍മാരുടെ പോളിങ് ശതമാനം 75.73 ശതമാനവും എറണാകുളത്ത് 70.47 ശതമാനവുമായിരുന്നു. |
ഇടതു കോട്ടയില്‍ പഴുത് നോക്കി Posted: 23 Mar 2014 11:28 PM PDT പാലക്കാട്: ഇടതു കോട്ടയായ ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ പഞ്ചായത്തുകളധികവും യു.ഡി.എഫിന്‍െറ കൈവശം. രണ്ട് നഗരസഭാ ഭരണവും യു.ഡി.എഫിന്. ഈയൊരു കണക്ക് വെച്ച് കൂട്ടിക്കിഴിച്ചാണ് ഇടതുതട്ടകം വലത്തോട്ടുതിരിക്കാമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രത്യാശിക്കുന്നത്. എന്നാല്‍, എല്‍.ഡി.എഫ് ഇത് ഒട്ടും മുഖവിലക്കെടുക്കുന്നില്ല. നെല്ലറയുടെ ആഭ്യമുഖ്യം എന്നും ചെങ്കൊടിയോടാണെന്നും ഇക്കുറിയും ഇതാവര്‍ത്തിക്കുമെന്നും ഇടതു കേന്ദ്രങ്ങള്‍ വാദിക്കുന്നു. സി.പി.എമ്മിന് സംസ്ഥാനത്തുതന്നെ സുശക്തമായ അടിത്തറയുള്ള മണ്ഡലമെന്ന് ആലത്തൂര്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 2009ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.കെ. ബിജു നേടിയ 20960 വോട്ടിന്‍െറ ഭൂരിപക്ഷം അത്ര അഭിമാനിക്കാവുന്ന ഒന്നായിരുന്നില്ല. ഇതിനുകാരണമായി പാര്‍ട്ടിയിലെ വിഭാഗീയതയും മറ്റു പ്രാദേശിക പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടാറുണ്ടെങ്കിലും തൊട്ടടുത്ത വര്‍ഷം നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ യു.ഡി.എഫിന് മേല്‍കൈ ലഭിക്കുന്നതാണ് കണ്ടത്. ചിറ്റൂര്‍-തത്തമംഗലം, കുന്നംകുളം, നഗരസഭകളും 56 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. നിലവില്‍ രണ്ട് നഗരസഭയും 30 പഞ്ചായത്തും യു.ഡി.എഫിനൊപ്പമാണ്. 26 പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണം. കോണ്‍ഗ്രസിന് മേല്‍കൈയുള്ള ചിറ്റൂര്‍ മണ്ഡലത്തില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലും നാല് പഞ്ചായത്തുകളിലും യു.ഡി.എഫാണ് ഭരണത്തില്‍. പെരുമാട്ടി, പൊല്‍പ്പുള്ളി, പെരുവമ്പ്, നല്ലേപ്പുള്ളി പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് നിലവെച്ച് ചിറ്റൂരില്‍ യു.ഡി.എഫിന് 12,330 വോട്ടിന്‍െറ ലീഡുണ്ട്. അതേസമയം, കെ. കൃഷ്ണന്‍കുട്ടി വിഭാഗം ജനതാദള്‍ എസ്സില്‍ തിരിച്ചെത്തിയത് ചിറ്റൂരില്‍ എല്‍.ഡി.എഫിന് ആശ്വാസത്തിന് വകയാണ്. നെന്മാറയില്‍ ആറ് പഞ്ചായത്തുകളില്‍ യു.ഡി.എഫാണ് ഭരണത്തില്‍. ശേഷിച്ച നാലില്‍ മാത്രമാണ് എല്‍.ഡി.എഫിന് മേധാവിത്വം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് ഇവിടെ 8694 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ട്. 2009ല്‍ പി.കെ. ബിജുവിന് നെന്മാറയില്‍ 5106 വോട്ടിന്‍െറ ലീഡുണ്ടായിരുന്നു. ഇടതുകോട്ടയായ തരൂരിലെ മൂന്ന് പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പമാണ്. പെരിങ്ങോട്ടുകുര്‍ശ്ശി, കുത്തനൂര്‍, പുതുക്കോട് എന്നിവയാണിവ. ബാക്കി നാല് പഞ്ചായത്തുകളിലാണ് ഇടതിന് മേധാവിത്വം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി എ.കെ. ബാലനിലൂടെ എല്‍.ഡി.എഫിന് 25756 വോട്ടിന്‍െറ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. അതേസമയം, ആലത്തൂരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതുകുത്തകക്ക് പോറലേറ്റിട്ടില്ല. ഏഴ് പഞ്ചായത്തില്‍ മേലാര്‍കോട് ഒഴിച്ച് ആറിലും എല്‍.ഡി.എഫാണ് ഭരണത്തില്‍. അതേസമയം, കുന്നംകുളത്ത് എത്തുമ്പോള്‍ കഥമാറി. ചൊവ്വന്നൂരും കടവല്ലൂരും മാത്രമാണ് ചുവപ്പ് തുരുത്തുകള്‍. കുന്നംകുളം നഗരസഭയും ബാക്കി അഞ്ച് പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം 481വോട്ടിന്‍െറ ഭൂരിപക്ഷത്തിന് കഷ്ടിച്ച് കടന്നുകൂടിയ മണ്ഡലമാണിത്. ഇടതുപക്ഷ ഏകോപന സമിതിയുടെ സാന്നിധ്യം ഇവിടെ ഇടതിന് തലവേദനയാണ്. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മണ്ഡലമായ വടക്കാഞ്ചേരിയിലും സ്ഥിതി ഭിന്നമല്ല. ആകെയുള്ള ഒമ്പത് പഞ്ചായത്തില്‍ എട്ടിടത്തും യു.ഡി.എഫാണ് ഭരണം കൈയാളുന്നത്. എല്‍.ഡി.എഫിന് മേധാവിത്വം മുളങ്കുന്നത്തുകാവില്‍ മാത്രം. 2011ന് മുമ്പ് എല്‍.ഡി.എഫ് കൈവശമുണ്ടായിരുന്ന വടക്കാഞ്ചേരിയില്‍ പി.കെ. ബിജുവിന് 1745 വോട്ടിന്‍െറ മുന്‍തൂക്കമുണ്ടായിരുന്നു. അതേസമയം മുന്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന ചേലക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫിന്‍െറ നില താരതമ്യേന മെച്ചമാണ്. ഇവിടെ അഞ്ച് പഞ്ചായത്തില്‍ എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും ഭരണത്തിലുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മേല്‍കൈ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും മന്ത്രി സി.എന്‍. ബാലകൃഷ്ണനിലൂടെ വടക്കാഞ്ചേരി യു.ഡി.എഫ് തിരിച്ചുപിടിക്കുകയും ചിറ്റൂരില്‍ ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, കുന്നംകുളത്തൊഴിച്ച് ബാക്കി നാല് മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡുയര്‍ത്തി. നിയമസഭയില്‍ വിവിധ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ലഭിച്ച ലീഡ്: (ബ്രാക്കറ്റില്‍ പി.കെ. ബിജുവിന് ലഭിച്ച ലീഡ്) തരൂര്‍-25756 (11423) നെന്മാറ-8694 (5106) ആലത്തൂര്‍-24741 (20532), ചേലക്കര-24676 (2459). അതേസമയം, കുന്നംകുളത്ത് ബിജുവിന് കിട്ടിയ 4989 വോട്ടിന്‍െറ ലീഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ 481ആയി കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലായി എല്‍.ഡി.എഫിന് 84348 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫിന് ചിറ്റൂരിലും വടക്കാഞ്ചേരിയിലുമായി 18715 വോട്ടിന്‍െറ മുന്‍തൂക്കവുമുണ്ട്. ഇതുവെച്ച് നോക്കിയാല്‍, എല്‍.ഡി.എഫിന് 65633 വോട്ടിന്‍െറ വ്യക്തമായ മുന്‍തൂക്കം ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലുണ്ട്. ഇതിനാല്‍, യു.ഡി.എഫിന്‍െറ കവടിനിരത്തിയുള്ള കണക്കുകൂട്ടലിലൊന്നും എല്‍.ഡി.എഫിന് കുലുക്കമില്ല. പി.കെ. ബിജുവിന്‍െറ പ്രതിച്ഛായയുടെ തിളക്കത്തില്‍ ഇക്കുറി ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് എല്‍.ഡി.എഫിന്‍െറ അവകാശവാദം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹഭരണത്തിനും വിലക്കയറ്റത്തിനുമെതിരായ വിധിയെഴുത്താവും ഇത്തവണ ഉണ്ടാവുകയെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു. അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. ഷീബ, പി.കെ. ബിജുവിന് ശക്തമായ പ്രതിയോഗിയാകുന്നതാണ് പ്രചാരണത്തിന്‍െറ ആദ്യഘട്ടം പിന്നിടുമ്പോള്‍ കാണുന്ന ചിത്രം. വനിത, നാട്ടുകാരി എന്നിവയാണ് ഷീബക്ക് അനുകൂലഘടകങ്ങളായി യു.ഡി.എഫ് കാണുന്നത്. കത്തുന്ന സൂര്യന് താഴെ വിശ്രമമില്ലാതെയാണ് യുവ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും ഓടിയെത്തുന്നത്. ഒന്നാംഘട്ട പ്രചാരണം അവസാനിക്കുമ്പോള്‍ ഇരു മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ്. പുതിയ ഒരു ലക്ഷത്തോളം വോട്ടര്‍മാരിലും ഇരുമുന്നണികളും കണ്ണുവെക്കുന്നു. |
നവമാധ്യമങ്ങളിലെ പ്രചാരണം: നിരീക്ഷണം ഊര്‍ജിതമാക്കുന്നു Posted: 23 Mar 2014 11:15 PM PDT Subtitle: അപകീര്‍ത്തികരമായ പ്രചാരണങ്ങളെ കുറിച്ച് അറിയിക്കാന്‍ സെല്‍ മലപ്പുറം: സോഷ്യല്‍ നെറ്റ്വര്‍ക്സൈറ്റുകളിലും നവമാധ്യമങ്ങളിലും കാണുന്ന ആശാസ്യമല്ലാത്തതും നിയമവിരുദ്ധവുമായ രാഷ്ട്രീയ പ്രചാരണം തടയുന്നതിന് നിരീക്ഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി തീരുമാനിച്ചു. സമിതി അംഗങ്ങളായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത് മീണ, മഞ്ചേരി ആകാശവാണി മേധാവി എം. ബാലകൃഷ്ണന്‍, മലപ്പുറം പ്രസ്ക്ളബ് പ്രസിഡന്‍റ് അബ്ദുല്ലത്തീഫ് നഹ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭ എന്നിവരടങ്ങുന്ന സമിതി മോണിറ്ററിങ് സെല്ലിന്‍െറ ഒരാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ കെ.വി. വാസുദേവന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം. മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ വരുന്ന സ്ഥാനാര്‍ഥികളെയും നേതാക്കളെയും വ്യക്തിപരമായി അപമാനിക്കുന്ന പോസ്റ്റുകളില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സമിതി ചര്‍ച്ച ചെയ്തു. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം സംബന്ധിച്ച് സമിതി തുടര്‍നിരീക്ഷണം നടത്തും. സോഷ്യല്‍ വെബ്സൈറ്റുകളില്‍ അനധികൃതമായ അക്കൗണ്ടുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സെല്ലില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2734934. കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സെല്ലില്‍ നേരിട്ടും വിവരം നല്‍കാം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ ഫോറം 26ല്‍ ഇ-മെയില്‍ വിലാസം, സോഷ്യല്‍ മീഡിയകളിലുള്ള അക്കൗണ്ട് എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടാത്ത അക്കൗണ്ടിലൂടെയുള്ള പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നത് കൂടാതെ ക്രിമിനല്‍ നിയമ നടപടി പ്രകാരം ശിക്ഷാര്‍ഹവുമാണ്. |
റോഡ് നിര്‍മാണത്തില്‍ മാതൃകയായി തൊഴിലുറപ്പ് തൊഴിലാളികള്‍ Posted: 23 Mar 2014 11:07 PM PDT Subtitle: തൊഴിലുറപ്പില്‍ 3.86 ലക്ഷം വകയിരുത്തിയാണ് റോഡ് പണി ആരംഭിച്ചത് കാസര്‍കോട്: കരാര്‍ പ്രവൃത്തികളെ വെല്ലുന്ന റോഡ് നിര്‍മാണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍ അണി നിരന്നപ്പോള്‍ യാഥാര്‍ഥ്യമായത് പുത്തന്‍ റോഡ്. ചൂരിക്കോട് നിന്നും കൊളത്തൂര്‍ സ്കൂള്‍ വഴി കടുവനത്തൊട്ടി പട്ടികവര്‍ഗ കോളനിയിലേക്കുള്ള പത്ത് ലക്ഷം ചെലവ് വരാവുന്ന റോഡ് പണിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി യാഥാര്‍ഥ്യമാകുന്നത്. വര്‍ഷകാലത്ത് ശക്തമായ ഒഴുക്കുള്ള പാറത്തോടിന് കുറുകെ പാലമില്ലാത്തത് നാട്ടുകാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. കുത്തിയൊലിച്ചുപോകുന്ന വെള്ളം കടന്ന് കുട്ടികള്‍ക്ക് സ്കൂളിലെത്താനും നാട്ടുകാരുടെ യാത്രയും അങ്ങേയറ്റം പ്രയാസമായിരുന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ലക്ഷം ചെലവില്‍ കള്‍വര്‍ട്ട് നിര്‍മിച്ചുവെങ്കിലും റോഡ് യാഥാര്‍ഥ്യമാകാത്തതിനാല്‍ യാത്ര പിന്നെയും പ്രയാസം തന്നെയായി. തുടര്‍ന്നാണ് തൊഴിലുറപ്പില്‍ 3.86 ലക്ഷം വകയിരുത്തി റോഡ് പണി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 86,000 രൂപയുടെ പണിയാണ് നടന്നുവരുന്നത്. പഞ്ചായത്ത് സെക്രട്ടറി എം. ഗംഗാധരന്‍ നായര്‍, എന്‍ജിനീയര്‍ അഞ്ജലി രാജന്‍, പഞ്ചായത്തംഗങ്ങളായ കെ. ബാലകൃഷഷ്ണന്‍, കെ. കാര്‍ത്യായണി, മേറ്റുമാരായ ബിന്ദു ഭാസ്കരന്‍, സരോജിനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഇവരെ സഹായിക്കാനായി സി. കുഞ്ഞിക്കണ്ണന്‍ കണ്‍വീനറും രാജന്‍ മടന്തക്കോട് ട്രഷററുമായി നാട്ടുകാരുടെ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കാനും മണ്ണ് കൊണ്ടുവന്ന് നിറക്കാനുമുള്ള സഹായങ്ങളാണ് സഹായ സമിതി നിര്‍വഹിക്കുക. |
അതിര്‍ത്തി വനങ്ങളില്‍ വ്യാപക മരംകൊള്ള Posted: 23 Mar 2014 10:58 PM PDT Subtitle: വനമേഖലയില്‍ പ്രത്യേക ടെന്‍റുകള്‍ കെട്ടി താമസിച്ച് മരംമുറിയും വന്യമൃഗ വേട്ടയും ശ്രീകണ്ഠപുരം: കേരള-കര്‍ണാടക അതിര്‍ത്തി വനങ്ങളില്‍ മരംകൊള്ളയും വന്യമൃഗവേട്ടയും വ്യാപകമായി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത വനംകൊള്ളക്കാര്‍ക്ക് സഹായകരമായതായാണ് ആക്ഷേപം. രാപ്പകല്‍ ഭേദമന്യേ പ്രത്യേക സമയങ്ങളില്‍ അനധികൃതമായി മുറിക്കുന്ന മരങ്ങള്‍ മില്ലുകളിലേക്ക് എത്തിക്കുകയാണ്. തേക്ക്, പ്ളാവ്, ഈട്ടി, മാവ്, മരുത്, മറ്റു കാട്ടുമരങ്ങള്‍ എന്നിവയെല്ലാം മുറിച്ചു കടത്തുന്നവയില്‍പെടും. രാത്രികാലങ്ങളില്‍ പോലും വനമേഖലയില്‍ പ്രത്യേക ടെന്‍റുകള്‍ കെട്ടി താമസിച്ച് മരംമുറിയും വന്യമൃഗ വേട്ടയും നടക്കുന്നുണ്ട്. വനപാലകര്‍ വനത്തിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നറിയാവുന്ന സംഘങ്ങളാണ് മരംമുറിയുള്‍പ്പെടെ നടത്തുന്നത്. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി ചിറ്റാരി വനമേഖലയിലടക്കം വലിയ മരങ്ങള്‍ മുറിച്ചുമാറ്റിയ കുറ്റികള്‍ കാണാം. ആരെങ്കിലും മരംമുറി ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും ടെന്‍റര്‍ നല്‍കി മുറിച്ചുനീക്കുന്നതാണെന്നും കള്ളപ്രചാരണവും നടത്തും. കാഞ്ഞിരക്കൊല്ലി, വഞ്ചിയം, അരീക്കാമല പ്രദേശങ്ങളോടുചേര്‍ന്ന കര്‍ണാടക വനമേഖലയിലും മരംകൊള്ള നടക്കുന്നുണ്ട്. വന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയും മരംകൊള്ളക്ക് ലഭിക്കുന്നുണ്ട്. അതിര്‍ത്തിയില്‍നിന്നും മുറിച്ച് അനധികൃതമായി കടത്തുകയായിരുന്ന വലിയ ലോറി ലോഡ് മരങ്ങള്‍ കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം പൊലീസ് പിടികൂടിയിരുന്നു. വലിയ മരുത് മരങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ലോറി ഡ്രൈവര്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. നികുതി വെട്ടിച്ചാണ് മരംകടത്തെന്നും വ്യക്തമായതോടെ നടപടി സ്വീകരിച്ചു. പൊലീസ് വാഹന പരിശോധനക്കിടെ മാത്രമാണ് മരംകടത്ത് പിടികൂടുന്നത്. വനംവകുപ്പിന്‍െറ പരിശോധന പലപ്പോഴും പ്രഹസനമാവുകയാണ്. അതുകൊണ്ടുതന്നെ വനമേഖലയില്‍നിന്നും റോഡരികില്‍നിന്നും മറ്റു സര്‍ക്കാര്‍ ഭൂമിയില്‍നിന്നും ടെന്‍റര്‍ നല്‍കിയെന്ന വ്യാജേന മരങ്ങള്‍ മുറിച്ചു കടത്തുന്ന സംഘങ്ങള്‍ വിലസുകയാണ്. അതിര്‍ത്തി വനമേഖല കേന്ദ്രീകരിച്ച് സ്ഥിരം നായാട്ടുസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളത്തോക്കുകളും തിരകളുമുപയോഗിച്ച് വന്യജീവികളെയും പക്ഷികളെയും കൊന്ന് ഇറച്ചി വില്‍പന നടത്തുകയാണ് പതിവ്. രാത്രികാലങ്ങളിലാണ് കാട്ടുപന്നി, മലാന്‍, കേഴ തുടങ്ങിയ മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്നത്. മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന സ്ഥിരം സംഘങ്ങള്‍ രംഗത്തുവന്നതോടെ ആവശ്യക്കാരും നിരവധിയാണ്. വന്‍ വിലക്കാണ് കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍പന നടത്തുന്നത്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നിരവധി പേരെ കാട്ടിറച്ചിയുമായി പിടികൂടുകയും ചെയ്തിരുന്നു. |
No comments:
Post a Comment