സബ്സിഡിയില്ലാത്ത സിലിണ്ടറിന്‍െറ വില 53.5 രൂപ കുറച്ചു Posted: 02 Mar 2014 12:05 AM PST ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്‍െറ വില എണ്ണ കമ്പനികള്‍ കുറച്ചു. സിലണ്ടര്‍ ഒന്നിന് 53.5 രൂപയായാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ പാചക വാതകത്തിന് വില കുറഞ്ഞതാണ് ഇപ്പോള്‍ വില കുറക്കാന്‍ കാരണം. സബ്സിഡി വഴി ലഭിക്കുന്ന 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകള്‍ക്കാണ് കുറഞ്ഞ വില ബാധകമാവുക. ഫെബ്രുവരി മുതല്‍ രണ്ടാം തവണയാണ് സിലിണ്ടറിന്‍െറ വില എണ്ണ കമ്പനികള്‍ കുറക്കുന്നത്. ഫെബ്രുവരി ഒന്നിന് വില 220 രൂപയില്‍ നിന്ന് 107 രൂപയായി കുറച്ചിരുന്നു. ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 1,080.50 രൂപയാകും വില. നേരത്തെ 1,134 രൂപയായിരുന്നു. അതേസമയം വിമാന ഇന്ധനത്തിന്‍െറ വില കിലോ ലിറ്ററിന് 753.34 രൂപയായി വര്‍ധിപ്പിച്ചു. ഒരു ശതമാനം വര്‍ധന വന്നതോടെ വിമാന ഇന്ധന (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂയല്‍) വില കിലോ ലിറ്ററിന് 74,825.54 രൂപയായി. |
സചിന് മുംബൈയില്‍ "ക്രിക്കറ്റ് ബാറ്റ്" സ്മാരകം Posted: 01 Mar 2014 11:04 PM PST മുംബൈ: ക്രിക്കറ്റ് ഇതിഹാസമായ സചിന്‍ ടെണ്ടുല്‍കറിന് മുംബൈയില്‍ "ക്രിക്കറ്റ് ബാറ്റ്" കൊണ്ടുള്ള സ്മാരകം. 25 അടി ഉയരത്തില്‍ രണ്ട് ടണ്‍ സ്റ്റൈന്‍ലെസ് സ്റ്റീലിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബാറ്റ് പണി കഴിപ്പിച്ചത്. മുംബൈയില്‍ സചിന്‍െറ വസതി സ്ഥിതി ചെയ്യുന്ന ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിന് സമീപത്താണ് സ്മാരകം നിര്‍മിച്ചിട്ടുള്ളത്. സചിന്‍െറ സാന്നിധ്യത്തില്‍ സ്മാരകം അനാശ്ചാദനം ചെയ്തു. ജീവിതത്തിലെ സന്തോഷകരമായ അവസരമാണിതെന്ന് സചിന്‍ പറഞ്ഞു. സചിന്‍െറ തിളക്കമാര്‍ന്ന ക്രിക്കറ്റ് കരിയറിന്‍െറ ഓര്‍മ്മക്കായാണ് ദ് നെറ്റ് വര്‍ക്ക്-18 ഗ്രൂപ്പ് ബാറ്റ് സ്മാരകം സ്ഥാപിച്ചത്. |
ഇന്ത്യയില്‍ വ്യോമയാനരംഗത്ത് നിക്ഷിപ്ത താല്‍പര്യക്കാരെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ Posted: 01 Mar 2014 10:21 PM PST ഷാര്‍ജ: ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് അപ്പുറം രാജ്യത്തിന്‍െറ നേട്ടത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍. ഖത്തര്‍ എയര്‍വേസിന് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുന്നതിന് ചില രാഷ്ട്രീയക്കാരുടെ വ്യക്തി താല്‍പര്യം തടസ്സം നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ദോഹ-ഷാര്‍ജ പുതിയ സര്‍വീസിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വരുന്ന പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമയാന നയം പുന: പരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാകണം. ഇന്ത്യ ലോകത്തിലെ അവഗണിക്കാനാവാത്ത സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരാണ്. പലപ്പോഴും ആളെ ഇറക്കിവിടേണ്ട അവസ്ഥ. വ്യോമയാന രംഗത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ട സമയമാണിത്. ആകാശം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയക്കാരടക്കമുള്ള ചില ലോബികള്‍ ഖത്തര്‍ എയര്‍വേസിനെപോലുള്ള ലോകത്തെ തന്നെ മികച്ച കമ്പനികളെ തടയുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിക്ഷിപ്ത താല്‍പര്യമുള്ള ചിലരാണ് ഇതിന് പിന്നില്‍. ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ആരെയും പേരെടുത്ത്പറയാനോ കൂടുതല്‍ വിശദീകരിക്കാനോ തയാറായില്ല. ജനങ്ങള്‍ക്ക് കുടുതല്‍ യാത്രാ സൗകര്യവും മികച്ച സേവനവും നല്‍കാന്‍ തടസ്സം നില്‍ക്കുകയാണ് ചിലര്‍. ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ അവര്‍ക്ക് പ്രധാനം വ്യക്തി താല്‍പര്യങ്ങളാണ്. കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നത് രാജ്യത്തിന് നേട്ടമേ ഉണ്ടാക്കൂ. ദുബൈയും അബൂദബിയും ഖത്തറും ഷാര്‍ജയുമെല്ലാം ഇതിന് തെളിവാണ്. തൊഴില്‍ രംഗത്തും ടൂറിസം മേഖലയിലും സമ്പദ്ഘടനയിലും പുതിയ ഉണര്‍വിന് ഇത് കാരണമാകും. നിലവില്‍ ഇന്ത്യയിലെ 13 കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ വ്യോമയാന രംഗത്തെ നിലപാടിനെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിമാനക്കമ്പനികളോട് വിവേചന നയമാണ് സ്വീകരിക്കുന്നത്. ഇവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഗള്‍ഫില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് വിമാനം പറന്നില്ളെങ്കില്‍ അവര്‍ക്കു തന്നെയാണ് നഷ്ടം. അവിടത്തെ വിപണികളെയും സമ്പദ്ഘടനയെയും വരെ അത് പ്രതികൂലമായി ബാധിക്കും. ഇതേ നയം ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചാല്‍ യൂറോപ്യന്‍ കമ്പനികളുടെ സ്ഥിതിയെന്താകും. എമിറേറ്റ്സ് എയര്‍ലൈന്‍സ് എ 380 വിമാനം വേണ്ടെന്ന് വെച്ചാല്‍ എയര്‍ബസ് കമ്പനിക്ക് ഇതിന്‍െറ ഉത്പാദനം തന്നെ നിര്‍ത്തേണ്ടിവരും. സാഹചര്യങ്ങള്‍ ഈ അവസ്ഥയില്‍ എത്തിയിട്ടില്ളെങ്കിലും താന്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞെന്നേയുള്ളൂവെന്ന് അക്ബര്‍ അല്‍ ബേക്കര്‍ വ്യക്തമാക്കി. |
ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ്: ഫെഡറര്‍ക്ക് ആറാം കിരീടം Posted: 01 Mar 2014 10:11 PM PST Subtitle: ഡബിള്‍സില്‍ ബൊപ്പണ്ണ-ഖുറേശി സഖ്യം ചാമ്പ്യന്‍മാര്‍ ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് ആറാം കിരീടം. ദുബൈ ഏവിയേഷന്‍ ക്ളബ്ബില്‍ ശനിയാഴ്ച നടന്ന വാശിയേറിയ ഫൈനലില്‍ മുന്‍ ചാമ്പ്യനായ ഫെഡറര്‍ 3-6, 6-4, 6-3 ന് ചെക് റിപ്പബ്ളിക്കില്‍ നിന്നുള്ള തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി. ലോക ആറാം നമ്പര്‍ തോമസ് ബെര്‍ഡിച്ച് ഇതുവരെ ദുബൈയില്‍ കിരീടം നേടിയിട്ടില്ളെങ്കിലും കഴിഞ്ഞവര്‍ഷം സെമിയില്‍ ഫെഡററെ തോല്‍പിച്ചിരുന്നു. കഴിഞ്ഞദിവസം നിലവിലെ ജേതാവ് സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ കീഴ്പ്പെടുത്തി ഫൈനലിലത്തെിയ ഫെഡറര്‍ ആ മത്സരത്തിന്‍െറ ആവര്‍ത്തനം തന്നെയാണ് ഇന്നലെയും പുറത്തെടുത്തത്. ആദ്യ സെറ്റ് കൈവിട്ട ശേഷം ഫെഡറര്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കുടുതല്‍ നേടിയ കളിക്കാരനാണ് ഫെഡറര്‍. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ, പാകിസ്താന്‍െറ ഐസാമുല്‍ ഹഖ് ഖൂറേശിയുമായി ചേര്‍ന്ന് കിരീടം ചൂടി. ഫൈനലില്‍ കാനഡയില്‍ നിന്നുള്ള ടോപ്പ് സീഡായ ഡാനിയര്‍ നെസ്റ്റര്‍-നെനാദ് സിനേമിച്ച് സഖ്യത്തെ ഇന്ത്യ-പാക് കൂട്ടുകെട്ട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-4, 6-3. കഴിഞ്ഞമാസം സിഡ്നി ടൂര്‍ണമെന്‍റിന്‍െറ ഫൈനലിലേറ്റ പരാജയത്തിനുള്ള പകരം വീട്ടലായി ബൊപ്പണ്ണ-ഖുറേശി ജോഡിയുടെ വിജയം. |
പതിനേഴിന്‍െറ പൂങ്കരളുമായി കബീറിന്‍െറ പാട്ടുജീവിതം മുന്നോട്ട് Posted: 01 Mar 2014 10:03 PM PST അബൂദബി: സംഗീതമാണ് കബീറിന്‍െറ ജീവിതത്തില്‍ എല്ലാം. പാട്ടിനോടുള്ള അടങ്ങാത്ത പ്രണയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൃഢനിശ്ചയവുമാണ് സംഗീത ലോകത്ത് കബീറിനെ പിടിച്ചുനിര്‍ത്തിയത്. ഇതിന്‍െറ പ്രതിഫലനമെന്നോണമാണ് വെള്ളരിപ്രാവിന്‍െറ ചങ്ങാതി എന്ന അക്കു അക്ബര്‍ ചിത്രത്തിലെ ‘പതിനേഴിന്‍െറ പൂങ്കരളിന്‍’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം കബീറിനെ തേടിയത്തെിയത്. മലയാളിയെ ഗൃഹാതുരത്വത്തിന്‍െറ ആഴങ്ങളിലേക്ക് കൊണ്ടുപോയ വയലാര്‍ ശരത്ചന്ദ്രവര്‍മ- മോഹന്‍ സിതാര കൂട്ടുകെട്ടിന്‍െറ ഈ ഗാനം കബീറിന് വഴിത്തിരിവാകുകയായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ ലഭിക്കാത്ത പ്രശസ്തിയാണ് ശ്രേയാ ഘോഷാലിനൊപ്പം പാടിയ ഒറ്റപ്പാട്ട് കബീറിന് നല്‍കിയത്. പിന്നണി ഗാന രംഗത്ത് കൂടുതല്‍ അവസരങ്ങളും ഇദ്ദേഹത്തെ തേടി വരുന്നുണ്ട്. സംവിധായകന്‍ അക്കു അക്ബര്‍, അദ്ദേഹത്തിന്‍െറ ജ്യേഷ്ഠന്‍ കമറുദ്ദീന്‍, കവി ഒ.എന്‍.വി. കുറുപ്പ്, ഗായിക കെ.എസ്. ചിത്ര എന്നിവരൊക്കെ തന്‍െറ സംഗീത വഴികളില്‍ പ്രോല്‍സാഹനം തന്നിട്ടുണ്ടെന്ന് കബീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തളിക്കുളത്തെ ചെറുപ്പകാലത്ത് കമറുദ്ദീന്‍ പാടുന്ന പാട്ടുകളോടുള്ള ആരാധനയായിരുന്നു സംഗീത വഴിയിലേക്ക് തിരിച്ചുവിട്ടത്. ചെറുപ്പത്തിലേ പാടിത്തുടങ്ങിയ കബീര്‍ നാട്ടിക എസ്.എന്‍. കോളജിലും തൃശൂര്‍ കേരള വര്‍മയിലും പഠിക്കുമ്പോഴേക്കും അറിയപ്പെടുന്ന ഗായകനായി. ഇതിനിടെ നാല് വര്‍ഷം തൃശൂര്‍ ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. 81-82 കാലഘട്ടത്തില്‍ തൃശൂര്‍ ആകാശവാണിയില്‍ ലളിതഗാനത്തിന് ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഗള്‍ഫിലത്തെിയതോടെ ജീവിതം മാറിത്തുടങ്ങി. മരുഭൂമിയുടെ ഊഷരതയിലും സംഗീതം കൈവിടാതിരിക്കാന്‍ സുഹൃത്തുക്കളുടെ പ്രോല്‍സാഹനമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വേദികളില്‍ പാടി. ഒ.എന്‍.വി കുറുപ്പും കെ.എസ്. ചിത്രയുമായി പരിചയപ്പെടുന്നത് പാട്ട് ജീവിതത്തില്‍ ഏറെ ഗുണം ചെയ്തു. 1991ല്‍ അബൂദബിയിലത്തെിയ ഒ.എന്‍.വിയെ കണ്ട കബീറിന് അദ്ദേഹം പാട്ടുകള്‍ എഴുതി നല്‍കി. ചിത്രക്കൊപ്പം പാടാനും ഇതിലൂടെ സാധിച്ചു. 92ല്‍ ഇറങ്ങിയ ‘ഋതുമംഗലം’ എന്ന ആല്‍ബത്തില്‍ കബീറിനും ചിത്രക്കും പുറമെ രാജീവ് ഒ.എന്‍.വിയും മായാദേവി ഒ.എന്‍.വിയും പാടിയിട്ടുണ്ട്. വിദ്യാധരന്‍ മാസ്റ്ററാണ് സംഗീതം. 1995ല്‍ ഒ.എന്‍.വി-ശരത് കൂട്ടുകെട്ടില്‍ ‘ചിത്രപൗര്‍ണമി’ എന്ന ആല്‍ബത്തിലും ചിത്രയോടൊപ്പം പാടി. 2001ല്‍ ചിത്രയോടൊപ്പം ഏറെ ശ്രദ്ധേയമായ ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിക്കാനും സാധിച്ചു. വെള്ളരിപ്രാവിന്‍െറ ചങ്ങാതിക്ക് ശേഷം ഏതാനും സിനിമകളില്‍ പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഉടന്‍ പുറത്തിറങ്ങുന്ന അക്കു അക്ബറിന്‍െറ ‘ഉല്‍സാഹ കമ്മിറ്റി’ സിനിമയില്‍ റഫീക്ക് അഹമ്മദിന്‍െറ രചനയില്‍ ബിജിബാല്‍ സംഗീതം നല്‍കിയ ‘മിന്നും നീലകണ്ണിണയോ’ എന്നു തുടങ്ങുന്ന ഗാനമാണ് ഒടുവില്‍ പാടിയത്. മൃദുല വാര്യരോടൊപ്പം പാടിയ ഈ ഗാനം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പുറത്തിറങ്ങിനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും കൂടി പാടിയിട്ടുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം ഏതാനും പ്രമുഖരുടെ ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ കബീര്‍ ഭാര്യ റെജ്ന മക്കളായ അനീസ്, നിസ എന്നിവരോടൊപ്പം അബൂദബിയിലാണ് താമസം. |
‘ഹോളി ഹെല്‍’ കണ്ണ് തുറപ്പിക്കണം -ബെന്യാമിന്‍ Posted: 01 Mar 2014 09:52 PM PST മനാമ: അവനവനിലെ ആത്മീയ ചൈതന്യം പോഷിപ്പിക്കാന്‍ ശ്രമിക്കാതെ കുറുക്കവഴികള്‍ തേടുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ ഉതകുന്നതാണ് ‘ഹോളി ഹെല്‍’ എന്ന പുസ്തകമെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ‘മതഭേദമില്ലാത്ത ആത്മീയ തട്ടിപ്പുകള്‍’ എന്ന വിഷയത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച പൊതുചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തി പൂണ്ട മനുഷ്യനെ ചൂഷണം ചെയ്യാനുളള എല്ലാ സംവിധാനങ്ങളുമായാണ് വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ അകപ്പെടുന്നവരുടെ ദയനീയസ്ഥിതിയാണ് പുസ്തകം വരച്ചു കാട്ടുന്നത്. ആര്‍ത്തിയുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയുളള ആത്മീയാന്വേഷണങ്ങളാണ് സമൂഹത്തില്‍ വ്യാപകമാവുന്നതെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുമ്പോള്‍ മതവും ജാതിയും സമുദായവും ഉയര്‍ത്തിക്കൊണ്ട് വന്ന് പ്രതിരോധിക്കുന്ന രീതി അത്യന്തം അപടകരമാണെന്ന് വിഷയം അവതരിപ്പിച്ച എന്‍. സിറാജ് അഭിപ്രായപ്പെട്ടു. അമൃതാനന്ദമയിയുടെ ശിഷ്യയായി 20 വര്‍ഷം കൂടെ നടന്ന വിദേശ വനിതയുടെ വെളിപ്പെടുത്തലുകള്‍ രണ്ട് വരി വാര്‍ത്തയായി പോലും പരിഗണിക്കാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍ മഠത്തിന്‍െറയും അമൃതാനന്ദമയിയുടെയും പ്രതികരണങ്ങള്‍ സമയം തെറ്റിക്കാതെ സമൂഹത്തിന് എത്തിച്ചു കൊടുക്കാന്‍ കാണിച്ച ശുഷ്കാന്തി അറപ്പുളവാക്കുന്നതാണെന്നും വിഷയാവതാരകന്‍ കുറ്റപ്പെടുത്തി. നിയമാതീതമായി പ്രവര്‍ത്തിക്കുന്നവയാണ് നാട്ടിലെ മിക്ക ആത്മീയ കേന്ദ്രങ്ങളുമെന്ന് സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. ഇത്തരം ആത്മീയ കേന്ദ്രങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ തങ്ങളുടെ മക്കള്‍ പഠിക്കുന്നതിനാലാണ്് രാഷ്ട്രീയക്കാര്‍ ഇതിനെതിരെ കണ്ണടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാന്തര സര്‍ക്കാരുകളെപ്പോലെയാണ് കേരളത്തിലെ ആത്മീയ തട്ടിപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അനില്‍വേങ്കോട് അഭിപ്രായപ്പെട്ടു. സേവനമേഖലകളില്‍ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഇത്തരം സംഘങ്ങള്‍ മേല്‍ക്കൈ നേടുന്നത് ഒഴുകി വരുന്ന കളളപ്പണത്തിന്‍െറ ചെറിയൊരംശം മാത്രം ചെലവഴിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് വി.ടി. മുഹമ്മദ് ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. എന്‍. റിയാസ് സ്വാഗതവും ഷെരീഫ് നന്ദിയും പറഞ്ഞു. |
ഓണ്‍ലൈനായി വാടക അടക്കാന്‍ സംവിധാനം വരുന്നു Posted: 01 Mar 2014 09:31 PM PST ദമ്മാം: കെട്ടിട വാടക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം അധികം വൈകാതെ നടപ്പില്‍ വരും. ഹൗസിങ് മന്ത്രാലയവും ചേംബര്‍ ഓഫ് കോമേഴ്സും ചേര്‍ന്നാണ് ഈ സൗക്യര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന ഗൃഹമന്ത്രാലയത്തിന്‍െറയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഇതോടെ പ്രവാസികളുള്‍പ്പെടെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും അവരുടെ വാടക ഉടമസ്ഥര്‍ക്ക് ഓണ്‍ലൈനായി അടക്കാനാവും. നാഷണല്‍ നെറ്റ്വര്‍ക് സര്‍വീസ് ലീസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളോട് പദ്ധതിയുടെ ഭാഗമാവാന്‍ ഗൃഹ മന്ത്രാലയം അടുത്തിടെ ഉത്തരവിറക്കിയിരിക്കുന്നു. ഇതു പൂര്‍ത്തിയാവുന്നതോടെ സംവിധാനം നിലവില്‍ വരും. ഇതിനായി ഓരോ കെട്ടിട ഉടമകളെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കും. ഉടമകള്‍ക്കും ഓരോ വാടകക്കാര്‍ക്കും പ്രത്യേക പാസ്വേര്‍ഡും യൂസര്‍നെയിമും നല്‍കും. ഇതുപയോഗിച്ച് ലോഗിങ് ചെയ്ത് വാടക അടക്കാനാവും. ഓരോ കെട്ടിട ഉടമക്കും ലഭിക്കുന്ന വാടക എത്രയാണെന്നും ആരൊക്കെ തുക അടക്കുന്നുണ്ടെന്നും വീഴ്ചവരുത്തുന്നവര്‍ ആരെന്നും മന്ത്രാലയത്തിന് അറിയാനാവും. വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ പിടികൂടാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയുമെന്നതും ഇതിന്‍െറ മേന്മയാണ്. വാടക നല്‍കുന്നതില്‍ സ്ഥിരമായി വീഴ്ച വരുത്തുകയും പിന്നീട് ഇതേ ചൊല്ലി ഉടമയുമായി തര്‍ക്കമുണ്ടാവുകയും ചെയ്യുന്നത് പലയിടങ്ങളിലും പതിവാണ്. ഇത്തരം തര്‍ക്കത്തില്‍ ഫലപ്രദമായി ഇടപെടാന്‍ അധികൃതര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ സാധ്യമാവും. കൂടാതെ ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് വാടക ഏകീകരിക്കാനും ഇതിലൂടെ ഗൃഹമന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ നിശ്ചയിക്കുന്നതാണ് പലയിടങ്ങളിലും വാടകയായി താമസക്കാര്‍ നല്‍കുന്നത്. ഇതിന് പരിഹാരം കാണാനും ഓരോ പ്രദേശത്തും നിശ്ചയിട്ടുള്ള തുക തന്നെയാണോ ഈടാക്കുന്നതെന്ന് കൃത്യമായി അറിയാനും ഓണ്‍ലൈന്‍ സംവിധാനം ഉപകരിക്കും. വാടകയിനത്തില്‍ താമസക്കാരില്‍ നിന്ന് നിശ്ചയിച്ചതിലും കൂടുതല്‍ തുക വാങ്ങുന്നതും ഇതോടെ ഇല്ലാതാവും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാനാവുമെന്നും ഗൃഹ മന്ത്രാലയം പ്രതീക്ഷിക്കുന്നു. |
വി.എസുമായി പ്രശാന്ത് ഭൂഷണ്‍ കൂടിക്കാഴ്ച നടത്തി Posted: 01 Mar 2014 08:45 PM PST ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ആം ആദ്മി പാര്‍ട്ടി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കൂടിക്കാഴ്ച നടത്തി. പാമോലിന്‍ കേസില്‍ ഹൈകോടതി സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് പ്രശാന്ത് ഭൂഷണ്‍ എത്തിയത്. കേസില്‍ വി.എസിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്ന രാജ്യത്തെ ഏക രാഷ്ട്രീയ നേതാവാണ് വി.എസ്. ആം ആദ്മി പാര്‍ട്ടിയിലേക്ക് വി.എസിനെ ചെയര്‍മാന്‍ അരവിന്ദ് കെജ് രിവാള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ധാര്‍മിക പിന്തുണ അറിയിച്ചിട്ടുണ്ട്. അഴിമതി കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന വി.എസിന് പിന്തുണ അറിയിച്ചെന്നും പ്രശാന്ത് ഭൂഷണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
ചൈനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ആക്രമണം: 33 പേര്‍ കൊല്ലപ്പെട്ടു Posted: 01 Mar 2014 08:38 PM PST ബെയ്ജിങ്: ചൈനയിലെ കുന്‍മിങ് റെയില്‍വേ സ്റ്റേഷനില്‍ കത്തി ചുഴറ്റി ഒരു സംഘം നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. 130 ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് കറുത്ത വേഷം ധരിച്ചത്തെിയ പത്തോളം അക്രമികള്‍ യുന്‍നാന്‍ പ്രവിശ്യയിലെ കുന്‍മിങ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആക്രമണം നടത്തുകയായിരുന്നു. കത്തി ഉപയോഗിച്ചാണ് ഇവര്‍ ആക്രമണം നടത്തിയത്. പൊലീസിന്‍്റെ പ്രത്യാക്രമണത്തില്‍ നാല് അക്രമികള്‍ കൊല്ലപ്പെട്ടതായും ഒരാളെ അറസ്റ്റു ചെയ്തായും റിപ്പോര്‍ട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് ചൈന പറഞ്ഞു. ആക്രമണത്തിന്‍്റെ കാരണമോ പിന്നില്‍ ആരാണെന്നോ വ്യക്തമല്ല. പോലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. |
ഇവര്‍ ചരിത്രം മറക്കുന്നു Posted: 01 Mar 2014 07:49 PM PST ഒരു മതേതരവാദിയാണ് നരേന്ദ്ര മോദിയെന്ന് എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചിരിക്കുന്നു. എനിക്കിഷ്ടപ്പെട്ട ഒരു സാമുദായിക നേതാവാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന് ഇങ്ങനെയൊരു അബദ്ധം പറ്റുമോ എന്ന് ഞാന്‍ ആലോചിച്ചുപോയി. കേരളത്തിന് പുറത്തുള്ള സമുദായങ്ങള്‍ ഒന്നും മോദിയെ മതേതരവാദിയായി കാണുന്നില്ല. അദ്ദേഹത്തിന്‍െറ മതേതരബോധം സംശയിക്കപ്പെടുകയും ചെയ്യുന്നു. അത് എന്തുകൊണ്ട് എന്ന് ആലോചിക്കേണ്ട വിഷയംതന്നെ. പൊതുവെ മോദിയുടെ മതേതരത്വത്തെക്കുറിച്ചുള്ള സംശയം നിലനില്‍ക്കുമ്പോഴാണ് വെള്ളാപ്പള്ളി കയറി മോദിയെ മതേതരവാദിയുടെ പ്രതീകമായി ചിത്രീകരിച്ചത്. ശരിയായ മതേതരത്വത്തിന്‍െറ ഉടലടയാളം ബി.ജെ.പിക്കാരനായ ഈ മോദിയാണെങ്കില്‍, നമുക്ക് ശ്രീനാരായണനെ ഉപേക്ഷിച്ച് മോക്ഷം തേടേണ്ടിവന്നേക്കും. 2002ല്‍ ഗുജറാത്തില്‍ നടന്ന വംശീയകലാപത്തിന്‍െറ ഓര്‍മ നിറംമങ്ങാതെ നിലനില്‍ക്കുകതന്നെയാണ്. ഏതൊക്കെ കോടതിവിധികളുണ്ടായാലും, മോദിയുടെമേല്‍ പുരണ്ട കരി കഴുകിയാല്‍പ്പോലും പോകില്ല. കോടതി വിധിന്യായം ഒരു സാങ്കേതികത മാത്രമാണ്. അതുകൊണ്ട് സാധാരണക്കാരുടെ മനസ്സില്‍ നിറഞ്ഞുകഴിഞ്ഞ വര്‍ഗീയതയുടെ നിറം മാഞ്ഞുപോവില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന് മുമ്പും പിമ്പുമായി ചെറിയ വര്‍ഗീയസംഘര്‍ഷങ്ങള്‍ രാജ്യത്തിന്‍െറ പല ഭാഗത്തും നടന്നിരിക്കാം. ആ വര്‍ഗീയസംഘര്‍ഷത്തെ വംശീയമാക്കി വളര്‍ത്തി അതിനെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഭാഗമാക്കിയതാണ്, ഗുജറാത്ത് കലാപത്തിലൂടെ നാം കണ്ടത്. പിന്നീട് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറും വംശീയകലാപത്തിന് വിധേയമായി. ഇതില്‍നിന്നൊക്കെ മോദി വിമോചിതനായോ? സംശയമാണ്. ഗുജറാത്ത് കലാപത്തിന്‍െറ പേരില്‍ മോദി മന്ത്രിസഭയിലെ ഒരംഗം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. നിരവധി പേര്‍ ജയിലിലാണ്. എന്നിട്ടും മുഖ്യമന്ത്രി കുറ്റക്കാരനല്ലത്രെ. ഈ കലാപത്തില്‍ മോദിക്കും അദ്ദേഹത്തിന്‍െറ മന്ത്രിസഭക്കുമുള്ള പങ്ക് എല്ലാവര്‍ക്കുമറിയാം. മാധ്യമങ്ങള്‍ അത് എടുത്തുപറഞ്ഞിട്ടുമുണ്ട്. തെരഞ്ഞെടുപ്പായപ്പോള്‍, അദ്ദേഹം കലാപത്തില്‍ ദു$ഖം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സത്യം മറച്ചുവെക്കാനാകാം ഈ വിദ്യകള്‍. വെള്ളാപ്പള്ളിക്ക് ചരിത്രപരമായ അബദ്ധം പറ്റിയിരിക്കുന്നു. ഒരു സാമുദായികജീവിതം വ്യത്യസ്തമായ ഒരു രാഷ്ട്രീയജീവിതത്തിലേക്ക് പരിണമിക്കുന്നതിന്‍െറ പൊരുളാകാം ഈ അബദ്ധങ്ങള്‍. ഒരു പിന്നാക്കക്കാരന്‍ എന്ന നിലയിലാണ് മോദിയെ പുകഴ്ത്തിയതെങ്കില്‍, പിന്നാക്കക്കാരെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയം ലക്ഷ്യം വെക്കുന്നുണ്ടാവണം. പക്ഷേ, കേരള സാമൂഹികാവസ്ഥയില്‍ അത് വെറും ഒരു ശീട്ടുകൊട്ടാരമായി അവശേഷിക്കാനാണിട. എസ്.ആര്‍.പിയുണ്ടാക്കി എം.കെ. രാഘവനും കൂട്ടരും പരാജയപ്പെട്ടതിന്‍െറ ചരിത്രം നമ്മുടെ മുന്നിലുണ്ട്. മാത്രവുമല്ല, എല്ലാ പാര്‍ട്ടിയുടെയും നേതാക്കളെ മാറിമാറി പുകഴ്ത്തേണ്ടിയും വരും. കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റായി വി.എം. സുധീരന്‍ നിയമിതനായപ്പോള്‍, അതുവരെ പറഞ്ഞതെല്ലാം മറന്ന്, സുധീരനെ അംഗീകരിക്കുന്നതായും നാം കണ്ടു. മോദിയെ പുകഴ്ത്തിയതിന്‍െറ പിറ്റേന്നുതന്നെ സുധീരനെയും വെള്ളാപ്പള്ളി തിരിച്ചറിഞ്ഞതില്‍ ഗംഭീരമായ ഒരു തമാശ നിറഞ്ഞിരിക്കുന്നു. ആരുമാകട്ടെ, രാഷ്ട്രീയത്തില്‍ വേണ്ടത് സൂക്ഷ്മമായ നിരീക്ഷണശക്തിയും ദിശാബോധവുമാണ്. പുലയര്‍മഹാസഭയുടെ സംസ്ഥാന സമ്മേളനത്തില്‍വെച്ച് വെള്ളാപ്പള്ളി പറഞ്ഞതെല്ലാം ഒന്നുരണ്ടുവട്ടമെങ്കിലും ആലോചിച്ചതിനുശേഷമാണോ? ആ പ്രഭാഷണം കേട്ടവരൊക്കെ സംശയിക്കുന്നു. ശരിയായ ശ്രീനാരായണീയര്‍ തലതാഴ്ത്തി ഇരുന്നുപോയി. മോദിയിലെ തെറ്റുകള്‍ നേരില്‍ കാണാത്തതിനാല്‍ കേള്‍വികള്‍ വിശ്വസിക്കുന്നില്ല എന്നാണ് യോഗം പ്രസിഡന്‍റിന്‍െറ അഭിപ്രായം. അത് വാദത്തിനുവേണ്ടി നമുക്കും അംഗീകരിക്കാം. എന്നാല്‍, ചില സംശയങ്ങള്‍ ബാക്കിയാവുന്നു. വെള്ളാപ്പള്ളി ശ്രീനാരായണനെ കണ്ടിട്ടില്ലല്ളോ. മോദിയുടെ കാലം നമ്മുടെതന്നെ കാലമാണ്. നേരില്‍ അനുഭവിക്കാത്ത ഗുരുവിന്‍െറ പ്രതിഷ്ഠാപ്രവര്‍ത്തനവും, സംസ്കാരസമരവും ഉള്‍ക്കൊള്ളുന്ന ഗുരുചരിത്രം സത്യസന്ധമായിരുന്നുവെന്ന് വെള്ളാപ്പള്ളി വിശ്വസിക്കുന്നല്ളോ. അത് ചരിത്രമാണ് എന്ന് വാദിക്കാം. ഗുജറാത്ത് കലാപം മുസ്ലിം സമൂഹത്തിനെ വേരോടെ പിഴുതെറിയാന്‍ നടത്തിയ ഗൂഢാലോ ചനയാണ് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നിട്ടും നരേന്ദ്ര മോദിയുടെ വര്‍ഗീയതാല്‍പര്യത്തെ നിഷേധിച്ച്, ഗുജറാത്ത് അകലെയാണ് എന്ന് വ്യാഖ്യാനിച്ച് പറയുന്നതെന്തും ഗുരുവിന്‍െറ ആശയത്തെ ധര്‍മസങ്കടത്തിലാക്കുന്ന പ്രവൃത്തികൂടിയാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് താല്‍പര്യം. നമ്മുടെ പല ചരിത്രസത്യങ്ങളും ബോധപൂര്‍വം വിസ്മരിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് എന്നുണ്ടോ? ചില അനുഭവങ്ങള്‍ അപ്രകാരം ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പിയുടെ ചരിത്രം ഇടക്കെങ്കിലും ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. മുന്നോട്ടുള്ള യാത്രയില്‍ അത് ഉപകരിക്കും. സ്വയം തിരുത്താന്‍ അത് സഹായകമാകും. പല മുദ്രാവാക്യങ്ങളും സമയോചിതമല്ല എന്ന് ചരിത്രം ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. നാം പറഞ്ഞുവരുന്നത് 30കളിലെ ചരിത്രമാണ്. അന്ന് നാം സ്വതന്ത്രരായിട്ടില്ല. സാമൂഹിക നവോത്ഥാനസമരങ്ങള്‍ ശ്രീനാരായണ ഗുരുവിന്‍െറ നേതൃത്വത്തില്‍ സമാരംഭിച്ചുകഴിഞ്ഞിരുന്നു. എസ്.എന്‍.ഡി.പി രൂപപ്പെട്ടു. പിന്നീട് എന്‍.എസ്.എസും ദലിത് സംഘടനകളും രൂപവത്കൃതമായി. നവോത്ഥാനത്തിന്‍െറ അലയൊലികള്‍ സാമുദായിക സംഘടനകളെ നവീകരിക്കാന്‍ പര്യാപ്തമായി. ആ സാമുദായിക സംഘടനകളെല്ലാം ഒരു സെക്കുലര്‍ രീതിയിലാണ് അന്ന് പ്രവൃത്തിച്ചതും വികസിച്ചതും എന്ന് കാണാം. കവികള്‍പോലും ആ സാമുദായിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്നു. കുമാരനാശാന്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകനായി. അതിനിടയിലാണ് 1936ല്‍ ഒരു സംഘം ഈഴവ യുവാക്കള്‍ ചേര്‍ത്തലയില്‍ യോഗം ചേര്‍ന്ന്, ‘ഞങ്ങള്‍ ഹിന്ദുക്കളല്ല’ എന്ന പ്രമേയം പാസാക്കിയത്. ആ പ്രമേയത്തിന്‍െറ ചരിത്രപരമായ പ്രസക്തി അക്കാലത്തും പിന്നീടും ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴും നിലനില്‍ക്കുന്നു. ഇ. മാധവന്‍ ‘സ്വതന്ത്രസമുദായം’ എന്ന പുസ്തകം എഴുതുന്നതുതന്നെ ആ സമ്മേളനത്തിന്‍െറ ബാക്കിപത്രം എന്ന നിലയിലാണ്. ഗുരുവിന്‍െറ ഏകമതദര്‍ശനം പൊതുസമൂഹം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍െറ പൗരോഹിത്യത്തോടുള്ള എതിര്‍പ്പ് ഒരു രാഷ്ട്രീയ മനോഭാവമായി വളരാനും തുടങ്ങിയിരുന്നു. പൗരോഹിത്യം അംഗീകരിക്കുന്നില്ല എന്നേ ആ പ്രമേയത്തിന് അര്‍ഥമുള്ളൂ. ഒരു പക്ഷേ, സ്വാതന്ത്ര്യപൂര്‍വം സമൂഹത്തിലെ മതേതര മനോഭാവത്തിന്‍െറ ഉദാത്തമായ കാഴ്ചകൂടി, ആ പ്രമേയം വെളിപ്പെടുത്തുന്നു. ബ്രാഹ്മണ്യാധിപത്യത്തിനെതിരായ ആ രാഷ്ട്രീയ പ്രയോഗത്തെക്കുറിച്ച് ഇന്നത്തെ എസ്.എന്‍.ഡി.പി നേതൃത്വത്തിന് എന്തു പറയാനുണ്ട്? ചരിത്രവിദ്യാര്‍ഥികള്‍ ആവര്‍ത്തിക്കുന്ന ഒന്നാണ് ആ ചോദ്യം. ഹിന്ദുത്വത്തിന്‍െറ പൂര്‍വകാല പ്രതിനിധാനങ്ങളെ പ്രതിരോധിച്ച ഗുരുവിനെയും യോഗത്തെയും സ്വീകരിച്ച കേരളീയ സമൂഹം, വെള്ളാപ്പള്ളിയുടെ മോദിപുകഴ്ത്തല്‍ കേട്ട് അമര്‍ന്ന് ചിരിച്ചിരിക്കാനാണ് ഇടയുള്ളത്. ആ പൂര്‍വകാല പ്രതിനിധാനത്തിന്‍െറ അഥവാ ഹിന്ദുത്വത്തിന്‍െറ തുടര്‍ച്ചയാണ് നരേന്ദ്ര മോദിയെന്നറിയാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല. ഇതരമതസമൂഹങ്ങളില്‍, അദ്ദേഹത്തിന്‍െറ രാഷ്ട്രീയ നിലപാടുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവും. ഗുജറാത്ത് കലാപവും അവിടെ നടന്നിട്ടുള്ള എന്‍കൗണ്ടറുകളും മോദിയെ കേന്ദ്രമാക്കിയാണ് വിലയിരുത്തപ്പെടുന്നത്. മുസഫര്‍നഗര്‍ കലാപം സൃഷ്ടിച്ചവരെ നരേന്ദ്ര മോദി യു.പിയിലെ രാഷ്ട്രീയപ്രചാരണയോഗത്തില്‍ ആദരിക്കുകയുണ്ടായി. അത് മാധ്യമങ്ങളും സമൂഹവും ഗൗരവമായി ചര്‍ച്ചചെയ്ത മറ്റൊരു വിഷയമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് യോഗം പ്രസിഡന്‍റും ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരും മോദിയെ കാണാന്‍ ക്യൂ നില്‍ക്കുന്നത്. അതിന്‍െറ രഹസ്യമാണ് അറിയേണ്ടത്. മതമേലധ്യക്ഷന്മാരെയും സാമുദായിക നേതാക്കളെയും നേരില്‍ കാണുന്നതിലൂടെ, എല്ലാ സമുദായവും സംഘ്പരിവാറിനെ അംഗീകരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ നരേന്ദ്ര മോദിയും കേരളത്തിലെ ബി.ജെ.പിയും ശ്രമിച്ചു എന്നതാണ് നേര്. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് അതില്‍ വീണുപോയി. അല്ളെങ്കില്‍ രഹസ്യമായ ഒരു അജണ്ട നിര്‍മിച്ചെടുത്തിരിക്കണം എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ പുലയര്‍മഹാസഭയിലെ പ്രസംഗത്തിലൂടെ മോദിക്ക് കഴിഞ്ഞിരിക്കുന്നു. കുമാരനാശാന്‍ ‘ജാതിസങ്കടം’ എന്ന പേരില്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട് (1917). എല്ലാവരെയും കുഴക്കുന്ന പ്രശ്നമാണ് ‘ജാതി’ എന്ന് അദ്ദേഹം പറയുന്നു. അസംതൃപ്തി ധാരാളമുണ്ടെങ്കിലും, ജ്ഞാനപരമായ ഉയര്‍ച്ച പ്രധാനമാണ് എന്നും കരുതുന്നു. മാത്രവുമല്ല, ഘടത്വം, പടത്വം എന്നിവപോലെയാണ് ബ്രാഹ്മണത്വവും ക്ഷത്രിയത്വവുമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. ‘ഉല്‍കൃഷ്ടമായ മനോഭാവത്തിന്‍െറ അഭാവമായി’ ജാതിയെ നിര്‍വചിക്കുകയും ചെയ്യുന്നു. ആ കവിഭാഷയില്‍ രാഷ്ട്രീയമുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം. ഈ അഭാവത്തെ ഇല്ലാതാക്കിയത് ബഹുത്വം അംഗീകരിക്കുന്ന സാമുദായിക പരിഷ്കര്‍ത്താക്കളായിരുന്നു. അധികാരരാഷ്ട്രീയം ആ അഭാവം നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതും ഒരു മതം മറ്റൊരു മതത്തിനെതിരെ ചിന്തിക്കുന്നതും ആ ഉല്‍കൃഷ്ടമായ മനോഭാവത്തിന്‍െറ അഭാവത്തിലാണ്. ആ അഭാവം ജാതീയതയെയും വര്‍ഗീയതയെയും തിരിച്ചറിയുന്നതിന് തടസ്സമാവുകയും ചെയ്യും. മോദി എവിടെ നില്‍ക്കുന്നു? മറ്റുള്ളവര്‍ മോദിയെ എങ്ങനെ വീക്ഷിക്കുന്നു? ഈ അന്വേഷണം അതിനാല്‍ പ്രധാനമാണ്. മോദി നില്‍ക്കുന്നത് ജനാധിപത്യത്തിന്‍െറ ഭാഗത്തല്ല. മനുഷ്യമൗലികതയെ അദ്ദേഹം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. ചിലര്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനാകുന്നത്, മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള എതിര്‍നിലപാടുകൊണ്ടുമാത്രമാണ്. ഫാഷിസത്തിന്‍െറ ഒരടവുനയം അദ്ദേഹം പ്രകടിപ്പിക്കുന്നു. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കാന്‍ അദ്ദേഹം തയാറാവുന്നില്ല. കുറച്ചുനാള്‍ മുമ്പ്, സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലില്‍ കരണ്‍ ഥാപറുമായി സംസാരിക്കാന്‍ ചെന്ന നരേന്ദ്ര മോദി അഭിമുഖത്തിനിടെ ‘ഇറങ്ങിപ്പോയ’ വാര്‍ത്ത അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന ഒരു ചോദ്യത്തിന് മറുപടി പറയാനാവാതെ വിയര്‍ത്തുകുളിച്ച്, വെള്ളം ചോദിക്കുന്ന ഒരു ‘പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ’ പ്രേക്ഷകര്‍ കാണുകയുണ്ടായി. സിംഹത്തെ എലിയാക്കാനുള്ള മാന്ത്രികവിദ്യ മാധ്യമങ്ങള്‍ക്കുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. ആ ഇറങ്ങിപ്പോക്കിനെ ഒരു ഭീരുത്വമായി ഞാന്‍ കാണുന്നില്ല. ഇങ്ങോട്ട് ചോദിക്കരുത്, പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി എന്ന് സ്വയം ആവിഷ്കരിക്കുന്ന ഫാഷിസത്തിന്‍െറ രീതിശാസ്ത്രം ആ പെരുമാറ്റത്തില്‍ പ്രകടമായിരുന്നു. മാത്രവുമല്ല, ഒരു ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇതര പ്രസ്ഥാനങ്ങള്‍ ഉണ്ടാകരുത് എന്ന് ആശിക്കുമെന്ന് കരുതാന്‍ ന്യായമില്ല. എന്നാല്‍, നരേന്ദ്ര മോദി തന്‍െറ എല്ലാ പ്രസംഗങ്ങളിലും ആവര്‍ത്തിച്ചുപറയാറുള്ളത് കോണ്‍ഗ്രസില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഈ പ്രസ്ഥാനം മുന്നോട്ടുവെച്ച മൂല്യബോധങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. ഗാന്ധിപ്രതിമകള്‍ തകര്‍ത്തും അദ്ദേഹത്തെക്കുറിച്ചുള്ള കൃതികള്‍ ചുട്ടുകരിച്ചും ഗാന്ധിജിയെ ഇല്ലാതാക്കാമെന്ന് ശഠിച്ചവരുണ്ട്. ഗാന്ധിജി ഇല്ലാതാകുമെന്ന് കരുതിയവര്‍ക്ക് പറ്റിയ പരാജയം ദേശീയപ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ പാടുപെടുന്നവര്‍ക്ക് നാളെ സംഭവിക്കുമെന്ന് തീര്‍ച്ച. പട്ടേലിന്‍െറ പ്രതിമ സ്ഥാപിച്ചതുകൊണ്ട് ഗാന്ധിജി ഇല്ലാതാകുമോ? നമ്മുടെ സമൂഹത്തില്‍ അപ്പാടെ ഒരു തരം രാഷ്ട്രീയ സങ്കടം നിറഞ്ഞുനില്‍ക്കുന്നു. ‘കോണ്‍ഗ്രസില്ലാത്ത രാഷ്ട്രം’ എന്ന മോദിയുടെ പ്രയോഗത്തിന് വാച്യമായ അര്‍ഥം കല്‍പിച്ചുകൊടുത്താല്‍ മറ്റൊരബദ്ധംകൂടി പറ്റിപ്പോവും. ആ പ്രയോഗം ഗാന്ധിജിയിലേക്കു പോകുന്നു. വാസ്തവത്തില്‍ ഗാന്ധിജിയില്ലാത്ത ഒരു സമൂഹം മോദി ആഗ്രഹിക്കുന്നു. ബഹുസ്വരതയെ എതിര്‍ക്കുകയാണ്. ഹിന്ദു ഫണ്ടമെന്‍റലിസത്തിന്‍െറ ഏകതയിലേക്ക് സാമാന്യജനതയെ തിരിച്ചുവിടാന്‍, കോണ്‍ഗ്രസ് വൈരാഗ്യം പ്രയോജനപ്പെടുത്തുകയാണ് മോദി. ബഹുസ്വരതയെ അംഗീകരിക്കുന്ന രാഷ്ട്രീയക്കാരനുമാത്രമേ, പൂര്‍ണമായ ഒരു മതേതരവാദിയാകാന്‍ കഴിയൂ. ബഹുസ്വരതയോടുള്ള മോദിയുടെ താല്‍പര്യം ഇതുവരെ തെളിഞ്ഞിട്ടുമില്ല. ഒരു നല്ല ഫാഷിസ്റ്റിനുമാത്രമേ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി വേണ്ടെന്നു പറയാനാവൂ. ആ ശൈലി ജനാധിപത്യം അംഗീകരിക്കുന്നുമില്ല. മതസാമുദായിക നേതാക്കള്‍ ആരെയോ പേടിക്കുന്നു. ഫാഷിസം അവരെയും ഭയപ്പെടുത്തുന്നു. മോദി കേരളത്തില്‍ എത്തിയപ്പോള്‍ അവര്‍ കാണിച്ച അനുസരണ മനോഭാവം ആ ഭയത്തിന്‍െറ അടയാളപ്പെടുത്തലാണ്. ഫാഷിസം അങ്ങനെയാണ്, മനുഷ്യമനസ്സുകളില്‍ ഭയം സൃഷ്ടിച്ച് അവരെ വരുതിയില്‍ നിര്‍ത്തുക. ചരിത്രം എത്രയോ വട്ടം ആ സത്യം പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മതസാമുദായിക സമൂഹങ്ങള്‍ ഈ യാഥാര്‍ഥ്യങ്ങളറിയാന്‍ വൈകിപ്പോകുന്നു. അതുകൊണ്ടാണ് ഒരാള്‍ ഇപ്രകാരം പറഞ്ഞത്: ‘അധികാരത്തിന്‍െറ ചെങ്കോലേന്താന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം. അതിന് ആരുടെയും വാലായും ചൂലായും നില്‍ക്കണ്ട’ (വാര്‍ത്ത 10.2.2014). വെള്ളാപ്പള്ളിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തതില്‍നിന്നാണ് ഈ വരികള്‍. ഭയത്തെ അദ്ദേഹം അധികാരമായി വ്യാഖ്യാനിച്ചു. അധികാരത്തെക്കുറിച്ചല്ല ശ്രീനാരായണ ഗുരു പറഞ്ഞതും പഠിപ്പിച്ചതും. ഗാന്ധിജിയും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും അതേ വഴി പിന്തുടര്‍ന്നവരാണ്. അവര്‍ ചിന്തിച്ചത് മനുഷ്യരെക്കുറിച്ചാണ്. അവര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തനനിരതമായത്. അങ്ങനെ രൂപപ്പെട്ടതാണ് നവോത്ഥാനത്തിന്‍െറ ആശയങ്ങള്‍. അതില്‍ അധികാരത്തിനുവേണ്ടിയുള്ള അടവുനയങ്ങളുടെ ഇടപെടലുകള്‍ ഇല്ലായിരുന്നു. അവിടെ മനുഷ്യസ്നേഹം ഉണ്ടായിരുന്നു പരസ്പരവിശ്വാസമുണ്ടായിരുന്നു. മതസ്പര്‍ധയില്ലായിരുന്നു. മോദിയെ മുന്നില്‍ നിര്‍ത്തി വെള്ളാപ്പള്ളി ഇതൊക്കെ ആലോചിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേരളീയ സമൂഹത്തിന്‍െറ പരാതിയും അതാണ്. |
No comments:
Post a Comment