സ്വാഗതം
WELCOME

News Update..

Thursday, March 27, 2014

റൂബല്ല വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് Madhyamam News Feeds

റൂബല്ല വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് Madhyamam News Feeds

Link to

റൂബല്ല വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്

Posted: 27 Mar 2014 12:28 AM PDT

Image: 

കോഴിക്കോട്: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന വ്യാപകമായി നല്‍കി വരുന്ന റൂബല്ലാ വാക്സിന് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വകുപ്പ്. അഞ്ചു വര്‍ഷത്തിനിടക്ക്  കേരളത്തില്‍ 222 പെണ്‍കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നാണ് കണ്ടത്തെിയിരിക്കുന്നത്. വാക്സിന്‍ പ്രയോഗിക്കുന്നതിന് സംസ്ഥാനത്ത് പഠനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ളെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും റൂബല്ല വാക്സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിരുന്നു.  ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഈ രോഗം പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഹൃദയരോഗം, അന്ധത, ബധിരത എന്നിവക്ക് സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ സ്കൂളുകളിലെ ആറു ലക്ഷം പെണ്‍കുട്ടികളില്‍ വാക്സിന്‍ പ്രയോഗിക്കുന്നത്.

പഠനം നടത്താതെ പെണ്‍കുട്ടികളില്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പരാതികളും ആശങ്കകളും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പാര്‍ശ്വഫലങ്ങളെ കുറിച്ച് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് ‘കണ്‍ജന്‍റല്‍ റൂബല്ലാ സിന്‍ഡ്രോം’ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും ആരോഗ്യ  വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ പറയുന്നു.
 

സൂക്ഷിക്കുക; സൂര്യാതപം

Posted: 27 Mar 2014 12:27 AM PDT

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനല്‍ച്ചൂടും കടുത്തതോടെ ജനങ്ങള്‍ സൂര്യാതപമേറ്റ് തളരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെങ്കിലും വെയിലുകൊണ്ട് പരിചയമില്ലാത്തവര്‍ പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യാതപത്തെ ഭയപ്പെടേണ്ടതുണ്ട്. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുന്നതാണ് സൂര്യാതപത്തിനിടയാക്കുന്നത്.
നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സാധാരണ താപനില ആവശ്യമാണ്. ഈ താപം നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ തന്നെ ഉല്‍പാദിപ്പിക്കപ്പെടുകയും അധികം വരുന്ന താപം വിയര്‍പ്പായും മറ്റും അന്തരീക്ഷത്തിലേക്ക് കളയുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ താപത്തെ നിയന്ത്രിക്കുന്ന സംവിധാനം (തെര്‍മോ റെഗുലേറ്ററി മെക്കാനിസം) താറുമാറാകുന്നു. അന്തരീക്ഷതാപം വര്‍ധിച്ചതിനാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തില്‍ അധികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന താപം അന്തരീക്ഷത്തിലേക്ക് കളയാന്‍ കഴിയാതെ ഹൈപോതലാമസ് ബുദ്ധിമുട്ടുകയും ശരീരതാപത്തെ നിയന്ത്രിക്കുന്ന സംവിധാനം പരാജയപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ശരീരതാപം ക്രമാനുഗതമായി വര്‍ധിക്കുന്നു. ഇതാണ് സൂര്യാതപത്തിലേക്ക് നയിക്കുന്നത്.
 ഒരു വ്യക്തി അത്യുഷ്ണമുള്ള സമയം വെയിലത്തുനിന്ന് കഠിനമായ വ്യായാമങ്ങളോ വിയര്‍ക്കുംവിധം ജോലിയോ ചെയ്യുമ്പോള്‍ മസിലുകളില്‍ അസഹ്യമായ വേദനയനുഭവപ്പെട്ട് സൂര്യാതപത്തിന്‍െറ ഒരവസ്ഥയായ ‘ഹീറ്റ് ക്രാംപ്സ്’ എന്ന നിലയിലത്തെും. കുറേ സമയം വെയിലത്തു നില്‍ക്കുമ്പോള്‍ തലകറങ്ങി വീഴാന്‍ സാധ്യതയുണ്ട്. ഇത്് ഹീറ്റ് സിന്‍കോപി എന്നറിയപ്പെടുന്ന മറ്റൊരു അവസ്ഥയാണ്. ഈ രണ്ടവസ്ഥയിലും രോഗിയുടെ ശരീരതാപം വര്‍ധിക്കില്ല. മാത്രമല്ല, നന്നായി വിയര്‍ക്കുകയും ചെയ്യും.
ഈ അവസ്ഥകളില്‍പെടുന്ന ആളുകളെ പെട്ടെന്നുതന്നെ തണലത്തേക്ക് മാറ്റണം. അവരുടെ ശരീരത്തില്‍നിന്ന് വിയര്‍പ്പുവഴിയും നിര്‍ജ്ജലീകരണം വഴിയും നഷ്ടമായ ജലവും ഉപ്പും പുന$സ്ഥാപിക്കണം. ധാരാളം വെള്ളം നല്‍കണം. പാകത്തിന് ഉപ്പിട്ട വെള്ളം കൊടുക്കണം. വിശ്രമം ആവശ്യമാണ്. ഉടനെ തന്നെ വീണ്ടും ചൂടിലേക്കിറങ്ങുന്നത് ഒഴിവാക്കുക.
എന്നാല്‍, ഇതിനേക്കാള്‍ കുറെക്കൂടി മാരകമായ അവസ്ഥയാണ് ഹീറ്റ് എക്സോഷന്‍. വെയിലേല്‍ക്കുമ്പോള്‍ ആളുകളുടെ ശരീരതാപം വര്‍ധിച്ച് ഈ അവസ്ഥയിലത്തെും. രോഗി ആശങ്കാകുലനായിരിക്കും. അസാധാരണമായ പെരുമാറ്റം കാഴ്ചവെക്കുകയും ഛര്‍ദിക്കാന്‍ തോന്നുകയോ ഛര്‍ദിക്കുകയോ ചെയ്യും. രോഗിക്ക് തലവേദന, തലകറക്കം എന്നിവയും അനുഭവപ്പെടാം.
ഇതിലും മാരകവും മരണംവരെ സംഭവിക്കാവുന്നതുമായ അവസ്ഥയാണ് ഹീറ്റ് സ്ട്രോക് എന്നത്. ശരീരതാപം 40 ഡിഗ്രിയില്‍ കൂടുതലായിരിക്കും. എന്നാല്‍, അതുവരെ വിയര്‍ത്തിരുന്ന ശരീരത്തില്‍ പെട്ടെന്ന് വിയര്‍പ്പ് നിലക്കും. ശരീരതാപം കൂടി ശരീരം ചുവന്ന നിറത്തിലാകും. അത്യന്തം ഗുരുതരമാണ് ഈ അവസ്ഥ. രോഗിക്ക് പരവേശവും ഉത്കണ്ഠയും ഉണ്ടാവുകയും ഓര്‍മയില്ലാതാവുകയോ തലകറങ്ങിവീഴുകയോ ചെയ്യും. തലവേദന, തലകറക്കം, ഛര്‍ദി, ഛര്‍ദിക്കാന്‍ തോന്നുക തുടങ്ങിയവയെല്ലാം രോഗിക്ക് അനുഭവപ്പെടും. പെട്ടെന്നുതന്നെ രോഗിയെ തണലത്തേക്കു മാറ്റി ശരീരത്തില്‍നിന്ന് കട്ടികൂടിയ വസ്ത്രം മാറ്റി ശരീരം തണുപ്പിക്കുന്നതിനായി തുടര്‍ച്ചയായി വെള്ളം സ്പ്രേ ചെയ്യണം. ഫാനിടുന്നതും രോഗിയുടെ കക്ഷത്തില്‍ ഐസ്പാക്ക് വെക്കുന്നതും ഗുണകരമാണ്. വായുസഞ്ചാരത്തിനായി ജനവാതിലുകള്‍ തുറന്നിടാം. ഇത് ശരീരതാപം എളുപ്പത്തില്‍ കുറക്കാന്‍ സഹായിക്കും. രോഗിയെ ഉടന്‍ പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രിയില്‍ എത്തിക്കണമെന്നത് നിര്‍ബന്ധമാണ്. വിദഗ്ധ ചികിത്സ ഉടന്‍ നല്‍കിയില്ളെങ്കില്‍ മറ്റ് അവയവങ്ങളെ ബാധിച്ച്  രോഗി മരിക്കാനിടയാകും. സൂര്യാതപത്തിന്‍െറ ലക്ഷണങ്ങള്‍ മനസ്സിലാകാതെ വീണ്ടും വെയിലുകൊള്ളുന്നതും രോഗിയുടെ ജീവന് ഭീഷണിയാണ്.
ആര്‍ക്കുവേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാമെങ്കിലും കൊച്ചുകുട്ടികള്‍, പ്രായമായവര്‍, മറ്റ് ദീര്‍ഘനാളായ അസുഖബാധിതര്‍ തുടങ്ങിയവരില്‍ സൂര്യാതപത്തിന് സാധ്യത കൂടുതലാണ്. തടികൂടിയവര്‍, ശാരീരികമായി അനാരോഗ്യമുള്ളവര്‍, കായികാധ്വാനം ശീലമില്ലാത്തവര്‍, മുമ്പ് സൂര്യാതപമേറ്റവര്‍, മദ്യപന്മാര്‍, പുകയില ഉപയോഗിക്കുന്നവര്‍, ശീലമില്ലാതെ വെയിലുകൊള്ളുന്നവര്‍ എന്നിവര്‍ക്കും സൂര്യാതപമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
കഠിന വേനല്‍ക്കാലത്ത് അന്തരീക്ഷ താപം കൂടിയ സമയങ്ങളില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. കഠിന വെയിലില്‍ ജോലിചെയ്യുന്നവര്‍ ഇടക്കിടെ തണലില്‍ വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ശീലമില്ലാത്ത ജോലി വെയിലത്തിരുന്ന് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം. ഇടക്കിടെ ഉപ്പിട്ട നാരങ്ങാവെള്ളം കഴിക്കാം. വസ്ത്രധാരണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക. വെയിലേല്‍ക്കുന്നത് തടയാന്‍ എപ്പോഴും കുട ഉപയോഗിക്കാം.

തയാറാക്കിയത്: വി. ഗാര്‍ഗി

ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ വിഭജിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍

Posted: 27 Mar 2014 12:10 AM PDT

Subtitle: 
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഉദ്ഘാടനം നടത്തിയതിന്‍െറ ഫലമാണ് പ്രതിസന്ധി

മഞ്ചേരി: മെഡിക്കല്‍ കോളജിനായി മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ബെഡുകളുടെ മൂന്നിലൊരു ഭാഗം നല്‍കുന്നതിനെതിരെ രോഗികളിലും ആശുപത്രി വികസനസമിതി അംഗങ്ങളിലും എതിര്‍പ്പുയരുന്നു. 501 ബെഡുളള ജനറല്‍ ആശുപത്രിയില്‍ 148 ബെഡ് ഒഴിവാക്കി മെഡിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിന്‍െറ കീഴിലാകുന്നതോടെ ആരോഗ്യ ഡയറക്ടറേറ്റ് വഴിയെത്തുന്ന സഹായം കുറയും.
ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന മെഡിസിന്‍, സര്‍ജറി, ഗൈനക്ക് എന്നിവയില്‍ നിന്ന് 90 ബെഡ് ഒഴിവാകുന്നതോടെ നിലവില്‍ അഡ്മിറ്റ് ചെയ്തിരുന്ന അത്ര രോഗികളെ പ്രവേശിപ്പിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ കഴിയില്ല. ഇവ മൂന്നിലും കൂടി 210 ബെഡാണുളളത്. ഇതില്‍ 30 വീതം ബെഡുകള്‍ കുറയും. മെഡിക്കല്‍ കോളജിന്‍െറ പേരില്‍ പുതുതായി എന്ത് സൗകര്യങ്ങളാണ് ജില്ലയില്‍ ഉണ്ടാകുന്നതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
തിങ്കളാഴ്ച ഒ.പി നടത്തുന്ന മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ രോഗികളെ പ്രവേശിപ്പിച്ചാലും തുടര്‍പരിശോധനയും കാള്‍ ഡ്യൂട്ടിയും നടത്തേണ്ടത് ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ ഡയറക്ടറേറ്റിന്‍െറ ഭാഗമായ ഡോക്ടര്‍മാരാണ്. ഇതുസംബന്ധിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.
ഉത്തരവിനോട് സഹകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു. അഡ്മിറ്റിലാകുന്ന ഡോക്ടര്‍ തന്നെ വാര്‍ഡുകളിലെത്തി രോഗികളെ പരിശോധിക്കുകയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ പറഞ്ഞു. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പഴയ കെട്ടിടം നവീകരണത്തിന് പദ്ധതി തയാറായിട്ട് ഏറെയായി. ഈ കെട്ടിടം പൂര്‍ണമായും മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുകയും ജനറല്‍ ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ വെട്ടിക്കുറക്കരുതെന്നുമാണ് രോഗികള്‍ ആവശ്യപ്പെട്ടിരുന്നത്. മെഡിക്കല്‍ കോളജിന്‍െറ പേരില്‍ സൗകര്യങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താതെ ജനറല്‍ ആശുപത്രി നിലവിലുളള രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പുകളാണ് ബെഡുകള്‍ മൂന്നിലൊരുഭാഗം നല്‍കിയതോടെ ലംഘിച്ചത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ ഉദ്ഘാടനം നടത്തിയതിന്‍െറ ഫലമാണ് ഈ പ്രതിസന്ധി.
ഏതെങ്കിലും വിധത്തില്‍ ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിശ്ചിത കാലത്തേക്ക് പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുന്നത് വരെയാക്കണമെന്ന് ജനപ്രതിനിധികളും രോഗികളും ചൂണ്ടിക്കാട്ടുന്നു. അതേസമയം, മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയെ തന്നെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയതിനാല്‍ ഇപ്രകാരമേ ചെയ്യാനാകൂവെന്നും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇതിലൂടെ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു

Posted: 26 Mar 2014 11:25 PM PDT

Image: 

കോഴിക്കോട്:  മലയാളത്തിലെ പ്രഥമ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന്‍ പി. രാംദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മലയാള സിനിമ പുരാണ-ഇതിഹാസ-ചരിത്ര കഥാപാത്രങ്ങള്‍ക്കു ചുറ്റും കറങ്ങിത്തിരിഞ്ഞിരുന്ന കാലത്ത് പച്ചയായ ജീവിതത്തില്‍ നിന്ന് യഥാര്‍ഥ കഥാപാത്രങ്ങളെ തിരശ്ശീലയുടെ വെളുപ്പിലേക്ക് കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തില്‍ വിളിച്ചുവരുത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച ചലച്ചിത്രകാരനായിരുന്നു പി. രാംദാസ്.

ഇറ്റാലിയന്‍ നിയോറിയലിസത്തില്‍ നിന്നും ലോക സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്  1955ല്‍ തന്‍റെ 21ാം വയസ്സില്‍ ആണ് ‘ന്യൂസ്പേപ്പര്‍ ബോയി’യുമായി അദ്ദേഹം ചലച്ചിത്ര ലോകത്ത് ചരിത്രം രചിച്ചത്.  അതിന് അദ്ദേഹത്തിന് തുണയായി നിന്നത് ആദര്‍ശ് കലാമന്ദിറിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആയിരുന്നു.  വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച ആദ്യ ഫീച്ചര്‍ സിനിമയെന്ന നിലയില്‍ ലോക സിനിമാ ചരിത്രത്തില്‍ തന്നെ ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം പടിച്ചു.  

ന്യൂസ് പേപ്പര്‍ ബോയിക്കു പുറമെ നിറമാല,വാടക വീട്ടില്‍െ അതിഥി എന്നീ സിനിമകളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചു. 2007ല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് പി. രാംദാസ് അര്‍ഹനായി.

ഉപാധികളോടെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറിനില്‍ക്കാമെന്ന് ശ്രീനിവാസന്‍

Posted: 26 Mar 2014 11:13 PM PDT

Image: 

ന്യൂഡല്‍ഹി: ഉപാധികളോടെ ബി.സി.സി.ഐ പ്രസിഡന്‍്റ് സ്ഥാനത്തു നിന്നും മാറിനില്‍ക്കാമെന്ന് എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഐ.പി.എല്‍ വാതുവെപ്പു കേസില്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതു വരെ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാമെന്നാണ് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചത്. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും, ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും തടയരുതെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ഐ.പി.എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തയാറാണെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു.
ശ്രിനിവാസനെ മാറ്റാന്‍ കോടതിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്നും ക്രിക്കറ്റിന്‍്റെയും നിയമത്തിയെും  താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി കടുത്ത നടപടികള്‍ വേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ശ്രീനിവാസനെതിരെ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകാന്‍ സാധ്യതയില്ല.
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ശ്രീനിവാസന്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. എന്നാല്‍ അധ്യക്ഷസ്ഥാനത്തു നിന്ന് തന്നെ പുറത്താക്കാനാവില്ളെന്ന് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സുപ്രീംകോടതി പരാമര്‍ശത്തിനു പിന്നാലെ മുന്‍ താരങ്ങളും ഭാരവാഹികളും അടക്കമുള്ളവര്‍ ശ്രീനിവാസനെതിരെ നിലപാട് കര്‍ക്കശമാക്കിയിരുന്നു.  ബി.സി.സി.ഐയിലെ അഞ്ചു വൈസ് പ്രസിഡന്‍റുമാരില്‍ ശിവലാല്‍ യാദവ്, രവി സാവന്ത്, ചിത്രക് മിത്ര എന്നീ മൂന്നുപേരും ശ്രീനിവാസനെതിരെ ചൊവ്വാഴ്ച തന്നെ പരസ്യമായി രംഗത്തത്തെിയിരുന്നു. മുന്‍ താരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്, ബിഷന്‍ സിങ് ബേദി, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് കിഷോര്‍ രുങ്ദ എന്നിവരും ശ്രീനിവാസനെതിരെ രംഗത്തത്തെിയിരുന്നു.

ഇല്ലായ്മകളില്‍ ഓടിത്തളര്‍ന്ന് ഫയര്‍ ഫോഴ്സ്

Posted: 26 Mar 2014 11:11 PM PDT

തൃശൂര്‍: ജില്ലയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നഗരത്തിലും പരിസരങ്ങളിലും തീ പടരുമ്പോള്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നട്ടം തിരിയുകയാണ്. ബുധനാഴ്ചയുണ്ടായ തീപിടിത്തങ്ങളിലും അപകടങ്ങളിലും ഓടി എത്താന്‍ കഴിയാതെ ഫയര്‍ഫോഴ്സ് നന്നേ വിയര്‍ത്തു.
തൃശൂരിലെ ഫയര്‍ഫോഴ്സില്‍  വാട്ടര്‍ലോറിയും ആംബുലന്‍സും കേടായി കിടക്കുന്നത് ഇവരുടെ ജോലിയെ ഏറെ ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച വില്ലടത്ത് കിണറ്റില്‍ വീണയാളെ കരക്ക് കയറ്റിയെങ്കിലും ആംബുലന്‍സ് ഇല്ലാതെ ഏറെ പ്രയാസപ്പെട്ടു.
ഉടന്‍ തന്നെ ചൂലിശേരിയില്‍ ഉണ്ടായ വെടിക്കെട്ട് അപകട സ്ഥലത്തേക്ക് ഒരു യൂനിറ്റ് പോയി. രണ്ടാമത്തെ യൂനിറ്റിനെ വടക്കാഞ്ചേരിയില്‍ നിന്ന് വിളിച്ചെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതേ സമയം പുല്ലഴി ലക്ഷ്മി മില്ലില്‍ പുല്ലിന് തീ പിടിച്ചത് അണക്കാനും ഇവര്‍ തന്നെപോയി.
പറവട്ടാനിയിലെ വൃദ്ധസദനത്തിന് സമീപത്തെ തീ പിടിത്തം നിയന്ത്രിക്കാനും കാര്‍ഷിക സര്‍വകലാശാലയിലെ തീപിടിത്തം നിയന്ത്രിക്കാനും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ബി.എസ്.എഫില്‍ ഉണ്ടായ തീപിടിത്തത്തിനും തൃശൂരില്‍ നിന്നുള്ള യൂനിറ്റ് തന്നെയാണ് പോകാനുണ്ടായിരുന്നത്.
രാത്രി ഏഴ് വരെ നിന്ന് തീയണച്ച ശേഷം നഗരത്തില്‍ എത്തിയപ്പോഴേക്കും മാര്‍ത്ത് മറിയം വലിയ പള്ളിയുടെ സമീപത്തെ ചാര്‍ളി ജോണിന്‍െറ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ തീ പിടിത്തമുണ്ടായത് അണക്കാന്‍ അവിടേക്ക് തിരിച്ചു.
 ഇവിടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഈ തിരക്കുകള്‍ക്കിടയില്‍ ദയ ആശുപത്രിക്ക് സമീപം പുല്ലിന് തീപിടിച്ചത് അണക്കാന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നാണ് യൂനിറ്റുകള്‍ എത്തിയത്.
കുന്നംകുളത്തും പുതുക്കാടും ഗുരുവായൂരുമെല്ലാം ഓരോ യൂനിറ്റുകള്‍ മാത്രമാണ് ഉള്ളത്. തൃശൂരിലെ ആംബുലന്‍സും വാട്ടര്‍ലോറിയും പണിമുടക്കിയിട്ട് മാസം കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ലാലൂരിലെ തീയണക്കാനുള്ള ശ്രമത്തിലായിരുന്നു.
ലീഡിങ് ഫയര്‍മാന്‍ അനില്‍, സ്റ്റേഷന്‍ ഓഫിസര്‍ ലാസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ മുരളി, ജോര്‍ജ്, ഫയര്‍മാന്‍ന്മാരായ നൗഷാദ്, അന്‍സദ്, വിനൂപ്, ഹോംഗാഡ്മാരായ ബാബു, ഏല്യാസ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

കടല്‍ക്കൊല കേസ്: വിചാരണയുമായി സഹകരിക്കില്ളെന്ന് ഇറ്റലി

Posted: 26 Mar 2014 10:51 PM PDT

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ വിചാരണയുമായി സഹകരിക്കിലല്ളെന്ന് ഇറ്റലി. പ്രതികളായ നാവികരുടെ വിചാരണ വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന  മുന്‍നിലപാടില്‍ മാറ്റമില്ളെന്ന് ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര അറിയിച്ചു.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന വിചാരണയില്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ളെന്നും  കേസില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍്റെ പിന്തുണ തേടുമെന്നും മിസ്തുര വ്യക്തമാക്കി.  ഇറ്റാലിയന്‍ പാര്‍ലമെന്‍്റ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് നിഷേധാത്മകമാണെന്ന് ഇറ്റലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഇറ്റലി നയതന്ത്ര പ്രതിനിധിയെ നേരത്തെ പിന്‍വലിച്ചിരുന്നു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണുള്ളത്.

മുളങ്ങ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; മരണം എട്ടായി

Posted: 26 Mar 2014 10:46 PM PDT

Image: 

തൃശൂര്‍: പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശി ബാപ്പുവാണ് (28) ഇന്ന് രാവിലെ മരിച്ചത്. സാരമായി പൊള്ളലേറ്റ ഒമ്പതു പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുളങ്ങിലെ കൊറ്റിക്കല്‍ സലീഷിന്‍്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മ്മാണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആഭരണം വിളക്കുവാന്‍ ഉപയോഗിക്കുന്ന നോസില്‍ ഘടിപ്പിച്ചുള്ള രണ്ട് കിലോയുള്ള ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ഉപരോധം

Posted: 26 Mar 2014 10:44 PM PDT

Subtitle: 
ടാങ്കുകളില്‍ നിറക്കുന്നത് മലിനജലം

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസില്‍ കുടിവെള്ള പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ ചുമതലയുള്ള പ്രഫ. ജേക്കബ് ചാക്കോയെ ഉപരോധിച്ചു. കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസിലും വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
ഇവിടെ മലിനജലമാണ് ടാങ്കുകളില്‍ നിറക്കുന്നത്. ഇതിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഉപരോധം നടത്തിയത്. ഉപരോധത്തെ തുടര്‍ന്ന് പ്രഫ. ജേക്കബ് ചാക്കോയും വിദ്യാര്‍ഥി പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തി.
കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിച്ചത്.

സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണം -ഡി.എം.ഒ

Posted: 26 Mar 2014 10:31 PM PDT

Subtitle: 
സൂര്യാഘാതമേറ്റവരെ ഉടന്‍ ഡോക്ടറുടെ അടുത്ത് എത്തിക്കണം

കണ്ണൂര്‍:  ഏപ്രില്‍, മേയ് മാസങ്ങളില്‍  ചൂട് വര്‍ധിക്കാനിടയുള്ളതിനാല്‍ സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍  ഡോ. കെ.ജെ. റീന അറിയിച്ചു.
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, ബോധക്ഷയം തുടങ്ങിയവയാണ്      സൂര്യാഘാതത്തിന്‍െറ ലക്ഷണങ്ങള്‍.
സൂര്യാഘാതത്തേക്കാള്‍ കൂറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം.  കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്.  
ശക്തിയായ വിയര്‍പ്പ്, ഓക്കാനവും ഛര്‍ദിയും, ബോധം കെട്ടുവീഴല്‍ തുടങ്ങിയവയാണ് ഇതിന്‍െറ പ്രാരംഭ ലക്ഷണങ്ങള്‍.  ശരീരം തണുത്ത അവസ്ഥയിലും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസനനിരക്ക് വര്‍ധിച്ച തോതിലുമായിരിക്കും.  ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്‍െറ അവസ്ഥയിലേക്ക് മാറിയേക്കാം.  ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക, വിശ്രമം നല്‍കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക എന്നിവയാണ് സൂര്യാഘാതമേറ്റവര്‍ക്ക് പ്രാഥമിക ശൂശ്രൂഷയില്‍ ചെയ്യേണ്ടത്.   കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കേണ്ടതുമാണ്.  സൂര്യാഘാതം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍: ശുദ്ധജലം ധാരാളം  കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 2-4 ഗ്ളാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും കുടിക്കണം.  ജോലിസമയം ക്രമീകരിക്കല്‍, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, വെയിലത്ത് അധികനേരം ചെലവഴിക്കാതിരിക്കുക, വീടിനകത്ത് ധാരാളം വായു സമ്പര്‍ക്കം ഉണ്ടാക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.  സണ്‍ഗ്ളാസുകള്‍ ധരിക്കുന്നത് കണ്ണിന് ഗുണകരമാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP