സൗദിയും ചൈനയും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു Posted: 15 Mar 2014 12:56 AM PDT റിയാദ്: സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ ചതുര്‍ദിന ചൈന സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. കിരീടാവകാശി, ചൈനീസ് വൈസ് പ്രസിഡന്‍റ് ലീ യുവാന്‍ഷോ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. സൗദി വാണിജ്യ-വ്യവസായ മന്ത്രാലയവും ചൈനീസ് പബ്ളിക് ഡിപ്പാര്‍ട്ടുമെന്‍റ് ഫോര്‍ ക്വാളിറ്റി കണ്‍ട്രോളും തമ്മിലാണ് ആദ്യ കരാര്‍ ഒപ്പുവെച്ചത്. സൗദിക്ക് വേണ്ടി മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ചൈനക്ക് വേണ്ടി വകുപ്പ് പ്രസിഡന്‍റ് ചി ഷേപിങുമാണ് ഒപ്പുവെച്ചത്. രണ്ടാമതായി കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയും (കാസ്റ്റ്) ചൈനയുടെ നാഷണല്‍ സ്പേസ് മാനേജ്മെന്‍റ് ഫോര്‍ സ്പേസ്, സയന്‍സ് ആന്‍റ് ടെക്നോളജീസും തമ്മില്‍ ബഹിരാകാശ ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലുള്ള ധാരണാ പത്രത്തിലാണ് ഒപ്പുവെച്ചത്. കാസ്റ്റിന് വേണ്ടി പ്രസിഡന്‍റ് ഡോ. മുഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍സുവൈലും ചൈനീസ് വ്യവസായ, വിവര സാങ്കേതിക വിദ്യ വകുപ്പ് സഹമന്ത്രി ചിയോ ഡാഷിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ചൈനയിലെ സാന്‍ഷെയിലുള്ള ലിയേലിയാങ് സര്‍വകലാശാലയുടെ ആസ്ഥാനം പണിയുന്നതിന് സൗദി ഡവലപ്മെന്‍റ് ഫണ്ടിന്‍െറ സാമ്പത്തിക സഹകരണം നല്‍കുന്നതിനുള്ള ധാരണാപത്രമാണ് മൂന്നമതായി ഒപ്പുവെച്ചത്. സൗദി ഡവലപ്മെന്‍റ് ഫണ്ട് ഡെപ്യൂട്ടി പ്രസിഡന്‍റ് എഞ്ചി. യുസുഫ് ബിന്‍ ഇബ്രാഹീം അല്‍ബസ്സാമും ചൈനീസ് ധനവകുപ്പ് സഹമന്ത്രി വാങ് ബവോനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും (സാജിയ) ചൈനീസ് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍വെസ്റ്റ്മെന്‍റ് ഡവലപ്മെന്‍റ് കമ്മീഷനും തമ്മിലുള്ള സഹകരണ കരാറാണ് അവസാനമായി ഒപ്പുവെച്ചത്. സാജിയ ഗവര്‍ണര്‍ എഞ്ചി. അബ്ദുല്ലത്തീഫ് ഉസ്മാനും ഡവലപ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാന്‍ ലിയോ ഡയന്‍ഷിയോണുമാണ് ഒപ്പുവെച്ചത്. തുടര്‍ന്ന് കിരീടാവകാശി അമീര്‍ സല്‍മാന്‍െറ ബഹുമാനാര്‍ഥം ചൈനീസ് വൈസ് പ്രസിഡന്‍റ് വിരുന്നൊരുക്കി. ചടങ്ങില്‍ സൗദി രാജകുടുംബാംഗങ്ങളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവര്‍ക്ക് പുറമെ ചൈനീസ് വിദേശകാര്യ സഹമന്ത്രി ജിയാന്‍ മിങ്, വാണിജ്യ സഹമന്ത്രി ജിയാങ് ജിന്‍, ഊര്‍ജവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലിയോ ചെ എന്നിവര്‍ സംബന്ധിച്ചു. ചൈനീസ് പ്രധാനമന്ത്രി ലീ ക്വയാകിങുമായി തലസ്ഥാനമായ ബീജിങിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ച് കിരീടാവകാശി കൂടിക്കാഴ്ച നടത്തി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആശംസകള്‍ ചൈനീസ് പ്രധാനമന്ത്രിയെ അദ്ദേഹം അറിയിച്ചു. പശ്ചിമ ഏഷ്യ, ആഫ്രിക്ക മേഖലയിലെ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദിയെന്നും കിരീടാവകാശിയുടെ സന്ദര്‍ശനത്തെ താല്‍പര്യപൂര്‍വമാണ് ചൈന കാണുന്നതെന്നും ചൈനീസ് പ്രധാനമന്ത്രി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കൂടിക്കാഴ്ചയില്‍ കിരീടാവകാശിക്കൊപ്പമുള്ള രാജകുടുംബാംഗങ്ങളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടക്കമുള്ള സംഘവും സംബന്ധിച്ചു. |
അഭിലാഷിന്‍െറ പത്ത് വര്‍ഷം അഥവാ എസ്. ജാനകിയുടെ മലയാള ഗാന ജീവിതം Posted: 15 Mar 2014 12:46 AM PDT അബൂദബി: ഒരു ഗായികക്കും ആരാധകനില്‍ നിന്ന് ഇതുപോലൊരു ഉപഹാരം ലഭിച്ചിട്ടുണ്ടാകില്ല. വിലപിടിപ്പുള്ള പല സമ്മാനങ്ങളേക്കാളും വലിയൊരു ഉപഹാരമാണ് അബൂദബിയില്‍ ജോലി ചെയ്യുന്ന പുതുക്കാട് സ്വദേശി അഭിലാഷ് ദക്ഷിണേന്ത്യയുടെ പ്രിയ ഗായിക എസ്. ജാനകിക്ക് സമ്മാനിക്കുന്നത്. ജാനകിയെന്ന പാട്ടുകാരിയോടും വ്യക്തിയോടുമുള്ള ആരാധനയാല്‍ അവരുടെ മലയാള ഗാന ജീവിതത്തിന്‍െറ ചരിത്രം പുസ്തകത്തിലാക്കുകയാണ് ഈ യുവാവ് . പത്ത് വര്‍ഷം നീണ്ട പ്രയത്നത്തിലൂടെയാണ് ജാനകിയുടെ മലയാള ഗാന ജീവിതം സമാഹരിച്ചത്. 2500ലധികം മലയാള ചലച്ചിത്ര ഗാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 2000ഓളം പാട്ടുകളുടെ ചരിത്രം ഉള്‍പ്പെടുത്തി അഭിലാഷ് തയാറാക്കുന്ന ‘ആലാപനത്തിന്‍െറ തേനും വയമ്പും’ എന്ന പുസ്തകത്തിന്‍െറ അവസാന മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ വായനക്കാരുടെ കൈകളിലത്തെും. ജോലിയാവശ്യാര്‍ഥം ബഹ്റൈനിലും കുവൈത്തിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുമെല്ലാം നടക്കുമ്പോഴും ജാനകി പാടിയ പാട്ടുകളുടെ ഈരടികളായിരുന്നു ഈ യുവാവിന് കൂട്ട്. ജോലി ചെയ്ത് സമ്പാദിച്ചതില്‍ നല്ളൊരു തുകയും കൂടി ചെലവാക്കിയാണ് ജാനകിയമ്മയുടെ പാട്ടുകളുടെ ചരിത്രം അഭിലാഷ് കണ്ടെടുത്തത്. അച്ഛന്‍ അയ്യപ്പന്‍െറയും അമ്മ രാധാമണിയുടെയും ‘ജാനകി പ്രേമം’ തന്നിലേക്ക് കൂടി പകരുകയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ലോറി ഡ്രൈവറായിരുന്ന അച്ഛന്‍ ജാനകിയുടെ തമിഴ് പാട്ടുകളുടെ ആരാധകനായിരുന്നുവെങ്കില്‍ വീട്ടമ്മയായ രാധാമണിക്ക് തൃശൂര്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന മലയാളം പാട്ടുകളോടായിരുന്നു പ്രിയം. ഓര്‍മ വെച്ച നാള്‍ മുതല്‍ ജാനകിയമ്മയുടെ പാട്ടുകളാണ് കേട്ടിരുന്നത്. കുട്ടിയായിരിക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍ക്ക് പകരം എസ്. ജാനകിയുടെ കാസറ്റുകളാണ് വാങ്ങിയിരുന്നത്. പത്താം ക്ളാസ് പൂര്‍ത്തിയാക്കിയതോടെ ജാനകിയമ്മയുടെ പാട്ടുകളെ ഗൗരവമായി കാണാന്‍ തുടങ്ങി. പഠനം പൂര്‍ത്തിയാക്കി കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്തു തുടങ്ങിയതോടെ ജാനകി പാടിയ പാട്ടുകള്‍ അന്വേഷിച്ചുകണ്ടത്തെിതുടങ്ങി. ഇന്ന് മലയാളം, തമിഴ്, കന്നട, തെലുങ്ക്, തുളു, ഹിന്ദി, സൗരാഷ്്ട്ര, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, ജാപ്പനീസ്, ജര്‍മന്‍ ഭാഷകളിലായി പാടിയ 10000ഓളം ഗാനങ്ങള്‍ ഈ പുതുക്കാടുകാരന്‍െറ കൈവശമുണ്ട്. പത്ത് വര്‍ഷം മുമ്പ് ഗള്‍ഫിലത്തെിയതോടെയാണ് ജാനകിയമ്മയുടെ പാട്ടുകളെ കുറിച്ച എഴുത്ത് ആരംഭിക്കുന്നത്. അബൂദബിയിലത്തെി ഏതാനും മാസങ്ങള്‍ക്കകം ഷാര്‍ജയില്‍ വെച്ച് ജാനകിയമ്മയെ നേരില്‍ കണ്ടതോടെ പാട്ടുപ്രേമത്തിന്‍െറ പുതിയൊരധ്യായം തുറക്കുകയായിരുന്നു. ജാനകിയെ കുറിച്ചോ അവരുടെ സംഗീത ജീവിതത്തെ കുറിച്ചോ കാര്യമായ രചനകള്‍ ഇല്ളെന്ന അറിവാണ് അഭിലാഷിനെ എഴുത്തുകാരനാക്കുന്നത്. തുടര്‍ന്ന് ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനിയായ ജാനകിയുടെ മലയാള പാട്ടുകള്‍ പൂര്‍ണമായി കണ്ടത്തെുകയും എഴുത്ത് ആരംഭിക്കുകയുമായിരുന്നു. ഓരോ പാട്ടിന്‍െറയും രൂപപ്പെടലും റെക്കോഡിങും മറ്റ് സാങ്കേതിക കാര്യങ്ങളും ഉള്‍പ്പെടുന്ന പൂര്‍ണ ചരിത്രമാണ് പ ുസ്തകത്തിലുള്ളത്. ആലാപനത്തിന്‍െറ പ്രത്യേകതകളും എഴുതിയിട്ടുണ്ട്. മലയാളത്തിലെ ഗാനരചയിതാക്കളും സംഗീത സംവിധായകരും സംവിധായകരും അടക്കമുള്ളവരുമായി സംസാരിച്ചാണ് ഓരോ പാട്ടിന്‍െറയും ചരിത്രം കണ്ടത്തെിയത്. പത്ത് വര്‍ഷം നീണ്ട അന്വേഷണത്തിനിടെ മലയാള ചലച്ചിത്ര സംഗീതത്തിലെ പ്രമുഖ വ്യക്തികളുമായി മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണമാണ് ഈ യുവാവ് നടത്തിയത്. പൂവച്ചല്‍ ഖാദര്‍, ശ്രീകുമാരന്‍ തമ്പി, എം.കെ. അര്‍ജുനന്‍, ശ്യം, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ബാലു കിരിയത്ത് തുടങ്ങി പുസ്തക രചനക്ക് പിന്തുണ നല്‍കിയ നിരവധി പേരുണ്ടെന്ന് അഭിലാഷ് പറഞ്ഞു. ഈ ആരാധകന് ഇഷ്ട പാട്ടുകാരിയും മികച്ച പരിഗണനയാണ് നല്‍കുന്നത്. അഭിലാഷിനെ മകനെ പോലെയാണ് എസ്. ജാനകി കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഫോണില്‍ വിളിക്കാനുള്ള അനുവാദവും ഈ യുവാവിനുണ്ട്. അടുത്തിടെ അഭിലാഷിന്‍െറ വിവാഹം കോഴിക്കോട് തളി ക്ഷേത്രത്തില്‍ നടന്നപ്പോള്‍ എസ്. ജാനകി എത്തിയിരുന്നു. അഭിലാഷിനെയും വധു സംഗീതയെയും അനുഗ്രഹിക്കാന്‍ മാത്രം ഹൈദരാബാദില്‍ നിന്ന് എത്തിയ ഈ ഗായിക വിവാഹ പന്തലില്‍ രണ്ടര മണിക്കൂര്‍ ചെലവഴിച്ചാണ് മടങ്ങിയത്. |
അബൂദബിയില്‍ കനത്ത മഴ; മുസഫയില്‍ ചുഴലിക്കാറ്റ് Posted: 14 Mar 2014 11:20 PM PDT അബൂദബി: തലസ്ഥാന എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം കനത്ത മഴ ചെയ്തു. അബൂദബി സിറ്റിയിലും മുസഫയിലും പശ്ചിമ മേഖലയിലും അടക്കം ശക്തമായ മഴയാണ് ലഭിച്ചത്. മുസഫയില്‍ വൈകുന്നേരം ശക്തമായ ചുഴലിക്കാറ്റുമുണ്ടായി. വൈകുന്നേരം അഞ്ചരയോടെയുണ്ടായ കാറ്റില്‍ നിരവധി സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകരുകയും പരസ്യബോര്‍ഡുകള്‍ നിലംപതിക്കുകയും ചെയ്തു. മുസഫയിലും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലുമുള്ള നിരവധി സ്ഥാപനങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. മുസഫയില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായതായി ജനങ്ങള്‍ പറഞ്ഞു. മുസഫയില്‍ സ്ട്രീറ്റ് നമ്പര്‍ 28ലെ ഗതാഗത സിഗ്നലുകളും ശക്തമായ കാറ്റില്‍ തകരാറിലായി. മസിയാദ് മാള്‍ മുതല്‍ ഷാബിയ വരെയുള്ള ഭാഗങ്ങളില്‍ സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. രാത്രിയും സിഗ്നലുകളുടെ തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരം അഞ്ചരക്ക് ശേഷമാണ് ചുഴലിക്കാറ്റ് വീശിയതെന്ന് മുസഫയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി അനീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട്- മൂന്ന് മിനിറ്റ് മാത്രം നീണ്ടുനിന്ന ശക്തമായ കാറ്റാണുണ്ടായതെന്നും അനീസ് പറഞ്ഞു. രാവിലെ മുതലുണ്ടായ പൊടിക്കാറ്റിനും മൂടിക്കെട്ടിയ അന്തരീക്ഷത്തിനും വിരാമമിട്ടാണ് ശക്തമായ മഴ പെയ്തത്. ശനിയാഴ്ചയും കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. |
ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ്പിന്‍്റെ ശകാരം Posted: 14 Mar 2014 11:16 PM PDT കട്ടപ്പന: ഇടുക്കി സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ബിഷപ്പിന്‍െറ ശകാരം. ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ് ഡീന്‍ കുര്യാക്കോസിനെ ശകാരിച്ച് രംഗത്ത് വന്നത്. വോട്ടിനു വേണ്ടി മാത്രമാണ് നേതാക്കള്‍ തങ്ങളെ കാണാനത്തെുന്നതെന്നും സ്ഥാനമാനങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും തങ്ങളെ മറക്കുന്നുവെന്നും ബിഷപ്പ് ഡീന്‍ കുര്യാക്കോസിനോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും അവര്‍ക്ക് എന്ത് സത്യസന്ധതയാണുള്ളതെന്നും ബിഷപ്പ് ചോദിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതെ പി.ടി. തോമസിന്‍്റെ ഗതി കണ്ടില്ളേ -ബിഷപ്പ് പറഞ്ഞു. പട്ടയ പ്രശ്നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ മന്ത്രിസഭയില്‍ നിന്ന് പറിച്ചറെിയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. |
‘ഒമാന്‍ പ്ളാസ സിനിമ’ കെട്ടിടവും ഓര്‍മ്മയാവുന്നു Posted: 14 Mar 2014 11:16 PM PDT മസ്കത്ത്: ഒമാനിലെ ആദ്യത്തെ സിനിമാ ടാക്കീസുകളിലൊന്നായ ‘ഒമാന്‍ പ്ളാസ സിനിമ’ കെട്ടിടം ഓര്‍മയാവുന്നു. റൂവിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന 40 വര്‍ഷത്തിലധികം പഴക്കമുള്ള ഈ കെട്ടിടം പൊളിക്കുകയാണ്. എട്ട് വര്‍ഷക്കാലം ഒമാനിലെ സിനിമാ പ്രേമികളെ ആകര്‍ഷിച്ച ഒമാന്‍ പ്ളാസയിപ്പോള്‍ കെ എഫ് സി ബില്‍ഡിങ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1974 കാലഘട്ടങ്ങളില്‍ പ്രവര്‍ത്തന മാരംഭിച്ച ഒമാന്‍ പ്ളാസ ഒമാനിലെ ആദ്യത്തെ ഏറ്റവും സൗകര്യമുള്ള ടാക്കീസായിരുന്നു. റെക്സ് സിനിമ എന്ന പേരില്‍ റെക്സ് റോഡില്‍ മറ്റൊരു സിനിമാ ടാക്കീസ് അതേ കാലത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇത്രയേറെ സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കെ.എം ട്രേഡിങ് പ്രവര്‍ത്തിക്കുന്ന ഭാഗത്ത് മസൂണ്‍ സിനിമ എന്ന പേരില്‍ ഓപ്പണ്‍ ഹാള്‍ സിനിമ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. അല്‍ നാസര്‍ തീയറ്റര്‍ നില്‍ക്കുന്ന ഭാഗത്തും മറ്റൊരു മേല്‍കൂരയില്ലാത്ത ഓപണ്‍ തീയേറ്റര്‍ സിനിമ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാലങ്ങളില്‍ അറബി, ഹിന്ദി, ഇറാനി, ഇംഗ്ളീഷ് സിനിമകളാണ് അന്ന് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നീട് കൂടുതലും ഹിന്ദി സിനിമകളാണ് പ്രദര്‍ശനത്തിനത്തെിയിരുന്നത്. അക്കാലത്ത് ഹിന്ദി സിനിമ കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നു. ചിലപ്പോള്‍ സ്വദേശികളും സിനിമ കാണാനത്തെും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഈ ദിവസങ്ങളില്‍ മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍റ് ഷോ എന്നിങ്ങനെ മൂന്ന് ഷോകള്‍ ഉണ്ടാവാറുണ്ട്. നല്ല സിനിമകളാണെങ്കില്‍ മാറ്റിനിയും ഉണ്ടാവും. 500 ബൈസ, 700 ബൈസ, ഒരു റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 1976ല്‍ ‘ഷോലെ’ സിനിമ ഈ തീയേറ്ററില്‍ കണ്ടതായി തലശ്ശേരി സ്വദേശി നിസാര്‍ ഓര്‍ക്കുന്നു. അന്ന് സിനിമ കാണാന്‍ വലിയ തിരക്കായിരുന്നു. ടിക്കറ്റ് കിട്ടാന്‍ വന്‍ ക്യൂ തന്നെ ഉണ്ടായിരുന്നു. ഒരു മാസത്തിലധികം സിനിമ ഓടിയതായി അദ്ദേഹം ഓര്‍ക്കുന്നു. രണ്ട് മൂന്ന് ഹിന്ദി സനിമകള്‍ ഇവിടെ നിന്ന് കണ്ടിരുന്നു. സിനിമാ ടാക്കീസ് കെട്ടിടം ഉയര്‍ന്ന് വരുന്നതിന് മുമ്പ് ഇത് ഒഴിഞ്ഞ സ്ഥലമായിരുന്നതയി ഇപ്പോള്‍ ഒമാന്‍ വിട്ട ആദ്യകാല പ്രവാസികളിലൊന്നായ ആര്‍. പി സിദ്ദീഖ് പറയുന്നു. അക്കാലത്ത് വലിയ കെട്ടിടങ്ങളൊന്നുമുണ്ടയിരുന്നില്ല. ആദ്യ കാലങ്ങളില്‍ ഏതാനും ഹിന്ദി സിനിമകള്‍ താനും കണ്ടിരുന്നു. ടാക്കീസ് തുടങ്ങിയതോടെ പ്ളാസ ഒരു പ്രധാന ലാന്‍റ് മാര്‍ക്കായി മാറി. ഒമാന്‍െറ പല ഭാഗത്തും പോവാനുള്ള ടാക്സികളും മറ്റും അവിടെയാണ് നിര്‍ത്തിയിട്ടിരുന്നത്. ജനത്തിരക്കമുള്ള പ്രശ്നങ്ങള്‍ കാരണം ടാക്കീസ് എമ്പതുകളുടെ ആദ്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. സിനിമ പ്രദര്‍ശനം നിര്‍ത്തിയതോടെ ഇവ റൂമുകളായി തിരിച്ച് ഷോപ്പിങ് സെന്‍ററായി മാറ്റുകയായിരുന്നു. ടാക്കീസിന്‍െറ ഗാലറികള്‍ പൊളിച്ചു മാറ്റാതെയാണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ആദ്യ കാലങ്ങളില്‍ ടൈപ്പിങ് സെന്‍ററുകള്‍, തപാല്‍ സ്റ്റാമ്പ് വില്‍പന കേന്ദ്രം, മുന്ന് കഫ്തീരിയകള്‍ തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്‍െറ മുന്‍ ഭാഗത്ത് കെ.എഫ്. സി ബില്‍ഡിങ് പിന്നീടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ കെ എഫ് സി ബില്‍ഡിങ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പ്ളാസ സിനിമ പ്രവര്‍ത്തിച്ചത് റൂവിയുടെ ഈ ഭാഗം പ്ളാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. |
കുവൈത്തില്‍ വീണ്ടും പന്നിപ്പനി Posted: 14 Mar 2014 11:12 PM PDT കുവൈത്ത് സിറ്റി: ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വയറിളക്കവും ചര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടി ജഹ്റ ആശുപത്രിയിലത്തെിയവരിലാണ് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് കണ്ടത്തെിയിരിക്കുന്നത്. രോഗബാധ കണ്ടത്തെിയ ആറു സ്വദേശികളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി രോഗം സ്ഥിരീകരിച്ച ശേഷം ഇവരെ പകര്‍ച്ചവ്യാധികള്‍ക്കായുള്ള പ്രത്യേക ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പന്നിപ്പനി കണ്ടത്തെിയ ആറുപേരും പരസ്പരം കുടുംബ ബന്ധമുള്ളവരാണെന്നാണ് മനസ്സിലാക്കാനായത്. വൈറസ് ബാധയേറ്റവരായി കണ്ടത്തെിയവര്‍ അപകടാവസ്ഥയിലത്തെിയിട്ടില്ളെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലും ഇവരെ ചികിത്സിക്കുന്ന വാര്‍ഡുകളിലും മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം കൈകൊണ്ടുവരുന്നുണ്ട്. രാജ്യത്തെ കാലാവസ്ഥ തണുപ്പില്‍നിന്ന് ചൂടിലേക്ക് മാറുമ്പോള്‍ പനിയോടൊപ്പം ചര്‍ദി, വയറിളക്കം പോലുള്ള അസുഖങ്ങള്‍ ഉണ്ടാവുക പതിവാണ്. എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിതര്‍ക്കും പനിയോടൊപ്പം ചര്‍ദിയും വയറിളക്കവും ഉണ്ടാവും. സാധാരണ പനി പിടിച്ചവര്‍ക്കുണ്ടാവുന്നതിനേക്കാള്‍ പന്നിപ്പനിയുള്ളവര്‍ക്ക് ചര്‍ദിയും വയറിളക്കവും കൂടുതലാവാനും അവയവങ്ങളില്‍ കടുത്തവേദന അനുഭവപ്പെടാനും ഇടയുണ്ട്. കാലാവസ്ഥ മാറുന്ന ഈ സാഹചര്യത്തില്‍ ഏത് പനിയാണെന്ന് തിരിച്ചറിയാന്‍ തുടക്കത്തിലേ ഇതുസംബന്ധിച്ച പരിശോധന നടത്തി രോഗം സ്ഥിരീകരിക്കണം. തുടക്കത്തില്‍ ഏതും നിയന്ത്രണ വിധേയമാണെന്നും ഒരു പരിധിവിട്ടാല്‍ അതിന് സാധിക്കാതെ വരുന്നതും അനുഭവമാണ്. വൃത്തി ഹീനമായ പരിസരവും ചുറ്റുപാടും വൈറസ് പടരുന്നതിന് എളുപ്പമാകും. ശരീരവും വസ്ത്രവും പരിസരവും പരമാവധി വൃത്തിയിലായിരിക്കാന്‍ ശ്രദ്ധിക്കുക, ഇടവിട്ട സമയങ്ങളില്‍ കൈയും മുഖവും സോപ്പുകളോ മറ്റോ ഉപയോഗിച്ച് കഴുകുക, വായയും മൂക്കും പ്രത്യേക സംവിധാനത്തിലൂടെ അടച്ചുവെക്കാന്‍ ശ്രമിക്കുക തുടങ്ങിയവ രോഗങ്ങള്‍ പടരാതിരിക്കാനുള്ള പ്രാഥമിക നിര്‍ദേശങ്ങളാണെന്നും അവ പാലിക്കാന്‍ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്ത് അവസാനമായി പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സ നടത്തിയിരുന്ന ഒരു നഴ്സ് അടക്കം നാലുപേരിലാണ് അന്ന് രോഗ ബാധ കണ്ടത്തെിയിരുന്നത്. അവരില്‍ ഒരു സ്വദേശി സ്ത്രീ ഇതേ തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. അതിനും നാലു വര്‍ഷം മുമ്പാണ് കുവൈത്തില്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അന്ന് സ്വദേശികളും വിദേശികളുമുള്‍പ്പെടെ നിരവധി പേര്‍ രോഗത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു. ലോകാരോഗ്യ സംഘടനയുടെയും മറ്റും നിര്‍ദേശങ്ങളെ തുടര്‍ന്ന് ശക്തമായ നടപടിക്രമങ്ങള്‍ കൈകൊണ്ടതിനെ തുടര്‍ന്നാണ് അന്ന് രോഗം നിയന്ത്രണ വിധേയമാക്കാനായത്. |
കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതായി സൂചന Posted: 14 Mar 2014 10:55 PM PDT ക്വാലാലംപൂര്‍: ഒരാഴ്ചയായി കാണാതായ മലേഷ്യയുടെ എം.എച്ച് 370 ബോയിങ് 777 വിമാനം റാഞ്ചിയതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. വിമാനത്തിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം ഓഫ് ചെയ്തതായാണ് വിവരം. വിമാനത്തിന്‍്റെ ഗതി റഡാറില്‍ സൂചിപ്പിക്കുന്ന സംവിധാനങ്ങളും ട്രാന്‍സ്പോണ്ടറുകളും ഓഫ് ചെയ്ത നിലയിലാണ്. റഡാറില്‍ നിന്ന് അവസാന സൂചന ലഭിച്ചതിനുശേഷവും വിമാനം പറന്നിട്ടുണ്ട്. എന്നാല്‍ റാഞ്ചലിന്‍്റെ പിന്നിലുള്ള ലക്ഷ്യമോ ആവശ്യങ്ങളെ കുറിച്ചോ ഇതു വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വിമാനം കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും എവിടെയെന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ളെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനം റാഞ്ചിയതാകാമെന്നത് ഊഹമല്ളെന്നും അത് ഒരു നിഗമനമാവണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ച് എട്ടിന് 239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പോകുകയായിരുന്ന വിമാനമാണ് പറന്ന് മണിക്കൂറുകള്‍ക്ക് ശേഷം കാണാതായത്. |
ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു Posted: 14 Mar 2014 09:21 PM PDT ആലുവ: ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു. ആലുവക്ക് സമീപം രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. ചൂര്‍ണിക്കര കമ്പനിപ്പടിക്ക് സമീപം താമസിക്കുന്ന നിഖില്‍(19), ഇയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സുധീരന്‍(50), ഭാര്യ ബിന്ദു(45) മകള്‍ അജില(14) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ റയില്‍വേ ഗ്യാരേജിന് പുറക് വശത്താണ് നിഖില്‍ ട്രെയിന്‍ തട്ടി മരിച്ചത്. രാവിലെ 8.45നാണ് സുധീരനും കുടുംബവും കമ്പനിപ്പടിക്കടടുത്ത് ട്രെയിന്‍ തട്ടി മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. |
നജീബ് പറയുന്നു; ക്രിക്കറ്റ് കളിച്ചാല്‍ ഈ ഗതി വരുമായിരുന്നില്ല Posted: 14 Mar 2014 09:06 PM PDT ദുബൈ: ‘ഞാന്‍ തെരഞ്ഞെടുത്ത കളി ശരിയായില്ല. ഫുട്ബാളായിരുന്നില്ല, ക്രിക്കറ്റാണ് കളിക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ ഗതികേട് ഉണ്ടാകുമായിരുന്നില്ല’-നിരാശപൂണ്ട ചിരി ചുണ്ടില്‍ വരുത്തി എം. നജീബ് പറഞ്ഞു. ഇന്ത്യക്ക് മലയാള നാട് സമ്മാനിച്ച എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ മുന്‍നിരക്കാരനെന്ന് ഏതാനും വര്‍ഷം മുമ്പുവരെ മാധ്യമങ്ങളും ഫുട്ബാള്‍ പ്രേമികളും ഒന്നടങ്കം വിളിച്ചുപറഞ്ഞ സാക്ഷാല്‍ നജീബ് തന്നെ. ആറു വര്‍ഷം ദേശീയ ടീമില്‍ കളിച്ചവന്‍. 2001ല്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കാലുകള്‍ കണ്ണൂര്‍ സിറ്റി സ്വദേശിയായ നജീബിന്‍േറതായിരുന്നു. കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്കു വേണ്ടി സന്തോഷ്ട്രോഫിയില്‍ ജഴ്സിയണിഞ്ഞവന്‍. ബൈച്യുങ് ബൂട്ടിയക്കും ഐ.എം.വിജയനുമൊപ്പം തോള്‍ചേര്‍ന്ന് കളത്തില്‍ നിന്നവന്‍- ചേര്‍ക്കാന്‍ ഇനിയും വിശേഷണങ്ങള്‍ ഒരുപാടുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്ത്? ഇടക്ക് അപകടത്തില്‍ പരിക്കേറ്റ് കളിക്ക് വിരാമമായതോടെ എല്ലാവരും നജീബിനെ മറന്നു. ഒരു ജോലിക്കായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഒരുപാട് നേതാക്കളെ കണ്ടു. ഫുട്ബാള്‍ മേധാവികളെ കണ്ടു. ഫലമില്ളെന്ന് കണ്ടതോടെ ജോലി തേടി ദുബൈയില്‍ എത്തിയിരിക്കുകയാണ് മൂന്നു കുട്ടികളുടെ പിതാവായ നജീബ്. ഐ.എം. വിജയനെപ്പോലെ കളിമികവും ഗോളടിമികവും ഒരുപോലെ പ്രകടമാക്കുന്ന സ്ട്രൈക്കറായി വിശേഷിപ്പിക്കപ്പെട്ട നജീബിനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. കണ്ണൂര്‍ ആയിക്കര മൈതാനത്ത് പന്തുതട്ടിവളര്‍ന്ന പരേതനായ അബ്ദുല്‍ മജീദിന്‍െറയും ഖദീജയുടെയും മകന്‍ ഒരു ദശകത്തിലേറെ ഇന്ത്യന്‍ ഫുട്ബാളിലെ നിറ സാന്നിധ്യമായിരുന്നു. കോച്ച് കെ. ഭരതന്‍ കണ്ടെടുത്ത ഈ മുത്ത് കണ്ണൂര്‍ ജില്ലാ ടീം വഴി വളരെപ്പെട്ടെന്ന് തന്നെ അണ്ടര്‍ 21 കേരള ടീമിലത്തെി. 1993-94 സീസണില്‍ അണ്ടര്‍ 21 കേരള ടീമിന്‍െറ ക്യാപ്റ്റനായ നജീബ് അടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിലത്തെി. ഐ.ടി.ഐക്ക് വേണ്ടി ബാംഗ്ളൂര്‍ ലീഗില്‍ കളിച്ച് ടോപ് സ്കോററായി നില്‍ക്കുന്ന സമയം. അന്ന് പ്രീ ഒളിമ്പിക് മത്സരങ്ങള്‍ക്കുള്ള ടീമുമായി ബാംഗ്ളൂരിലുണ്ടായിരുന്ന ഇന്ത്യന്‍ കോച്ച് റുസ്തം അക്രമോവ് നജീബിന്‍െറ കളി കണ്ട് നേരിട്ട് ടീമിലേക്ക് എടുക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ളാദേശിലും റഷ്യയിലും പര്യടനം. ജോപോള്‍ അഞ്ചേരിയായിരുന്നു ക്യാപ്റ്റന്‍. സഹ സ്ട്രൈക്കറാകട്ടെ ബൈച്യുങ് ബൂട്ടിയയും. ‘99ല്‍ നേപ്പാളില്‍ നടന്ന സാഫ് ഗെയിംസില്‍ നജീബിന്‍െറ ഗോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്ന ഇന്ത്യക്ക് വെങ്കലം ലഭിച്ചു. 2000ത്തില്‍ മലേഷ്യയില്‍ നടന്ന മെര്‍ദേക്ക കപ്പിലും അബൂദബിയില്‍ നടന്ന ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലും ഇന്ത്യന്‍ നിരയില്‍ നജീബുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം ലണ്ടന്‍ പര്യടനത്തിന് പോയ ടീമില്‍ ഐ.എം. വിജയനും ജോ പോള്‍ അഞ്ചേരിക്കുമൊപ്പം നജീബും സ്ഥാനം പിടിച്ചു. ഇതിനിടയില്‍ മൂന്നു സംസ്ഥാനങ്ങളെ സന്തോഷ്ട്രോഫിയില്‍ പ്രതിനിധാനം ചെയ്ത അപൂര്‍വതക്കും നജീബ് ഉടമയായി. 2000ത്തില്‍ തൃശൂരില്‍ നടന്ന സന്തോഷ്ട്രോഫി ഫൈനലില്‍ മഹാരാഷ്ട്രക്കുവേണ്ടി കേരളത്തിന്‍െറ നെഞ്ചുപിളര്‍ത്തിയ ഗോളടിച്ചത് നജീബായിരുന്നു. കേരളത്തിന്‍െറ വലയില്‍ ഗോളടിച്ചതില്‍ വിഷമമുണ്ടായിരുന്നെങ്കിലും കളിയില്‍ എതിര്‍വല എപ്പോഴും നിങ്ങളെ മോഹിപ്പിക്കുമെന്ന് നജീബ് പറയുന്നു. അന്ന് ഒമ്പത് ഗോളുമായി ടോപ് സ്കോററായ നജീബ് മികച്ച സ്ട്രൈക്കറായും തെരഞ്ഞെടുക്കപ്പെട്ടു. അതിനുമുമ്പ് 1997ല്‍ കര്‍ണാടകക്കും 98ല്‍ കേരളത്തിനും സന്തോഷ്ട്രോഫി കളിച്ചിരുന്നു. പിന്നീട് മൂന്നു കൊല്ലം മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്ക് വേണ്ടി. 1990കളുടെ അവസാനത്തില്‍ തന്നെ തേടി രാജ്യത്തെ വമ്പന്‍ ക്ളബുകള്‍ കണ്ണൂരിലത്തെിയ മനോഹര കാലം നജീബ് ഓര്‍ത്തെടുക്കുന്നു. മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് കൊല്‍ക്കത്ത, എഫ്.സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവ, ഫ്രാന്‍സ് ക്ളബ് ഗോവ എന്നിവക്കുവേണ്ടിയെല്ലാം നജീബ് ബൂട്ടുകെട്ടി. 1999 മുതല്‍ 2001 വരെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തുറുപ്പുശീട്ടായിരുന്നു നജീബ്. 2001 സീസണില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ കളിക്കാരന്‍ നജീബായിരുന്നു. അന്നു ദേശീയ മാധ്യമങ്ങളിലും ഈ കണ്ണൂര്‍ക്കാരന്‍ നിറഞ്ഞു നിന്നു. 2008ല്‍ തലശ്ശേരിക്കടുത്ത് ധര്‍മടത്തുണ്ടായ വാഹനാപകടത്തില്‍ നജീബ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നജീബ് ഓടിച്ച കാറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ കൈ ഒടിഞ്ഞ് മാസങ്ങളോളം വിശ്രമം. അതോടെ സര്‍ക്കാര്‍ ജോലിക്കായി ശ്രമം തുടങ്ങി. അതിനിടയില്‍ തളിപ്പറമ്പില്‍ കാര്‍ സാമഗ്രികളുടെ കട തുറന്നു. സര്‍വകലാശാലക്കും സംസ്ഥാനത്തിനും വേണ്ടി കളിച്ചവര്‍ക്ക് വരെ ജോലി ലഭിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി പന്തു തട്ടിയ തന്നോട് അധികൃതര്‍ അവഗണന കാട്ടുകയാണെന്ന് 41കാരനായ നജീബ് പറയുന്നു. നാട്ടുകാരനായ എം.എല്‍.എയെയും കായിക മന്ത്രിയെയും കണ്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന സമ്പര്‍ക്ക പരിപാടിയിലും നജീബ് അപേക്ഷ നല്‍കി. ഏറ്റവുമൊടുവില്‍ എ.ഐ.എഫ്.എഫ് മുന്‍ സെക്രട്ടറി പി.പി. ലക്ഷ്മണന്‍ മുഖേന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കണ്ടു. പ്രതീക്ഷപോലും അവര്‍ നല്‍കിയില്ല. തന്നെ മാതൃകയാക്കാന്‍ രക്ഷിതാക്കള്‍ മക്കളെ ഉപദേശിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ താന്‍ ജോലിക്ക് പ്രയാസപ്പെടുന്നത് കണ്ട് അവര്‍ തിരിച്ചുചോദ്യമുന്നയിക്കുന്നതായി നജീബ് വിഷമത്തോടെ പറയുന്നു. അങ്ങനെയാണ് ദുബൈയിലത്തെുന്നത്. ഇവിടെ ‘സെപ്റ്റ്’ സംഘാടകനായ സി.കെ.പി. ഷാനവാസ് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടതായി നജീബ്. ദുബൈ അല്‍അഹ്ലി ക്ളബിലെ മികച്ച സൗകര്യങ്ങളില്‍ പരിശീലിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ ഏറെ ഭാഗ്യവാന്മാരാണെന്ന് നജീബ് പറയുന്നു. രണ്ടു ദിവസമായി പരിശീലകന്‍െറ വേഷത്തില്‍ നജീബുമുണ്ട് മൈതാനത്ത്. |
വൃക്കരോഗം വന്‍ ഭീഷണി Posted: 14 Mar 2014 08:56 PM PDT പ്രായപൂര്‍ത്തിയത്തെിയ 10 ഇന്ത്യക്കാരില്‍ ഒരാള്‍ വീതം വൃക്കരോഗം ബാധിച്ചവരാണെന്ന് വെളിപ്പെടുത്തുന്നു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഫൗണ്ടേഷന്‍െറ അധ്യക്ഷനും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നെഫ്രോളജി വിഭാഗത്തിന്‍െറ തലവനുമായ ഡോ. സഞ്ജയ് കെ. അഗര്‍വാള്‍. ഇവരില്‍, അഞ്ചു ലക്ഷം പേര്‍ വൃക്കമാറ്റമോ ജീവപര്യന്തം ഡയാലിസിസോ അനുപേക്ഷ്യമായവരാണെന്നും അന്താരാഷ്ട്ര വൃക്കദിനം പ്രമാണിച്ച് ഒരു ദേശീയ മാധ്യമത്തോട് സംവദിക്കെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വൃക്കരോഗികളില്‍ വെറും 6,000 പേര്‍ക്കു മാത്രമാണ് കിഡ്നി മാറ്റിവെക്കാന്‍ കഴിഞ്ഞതെന്നും 30,000 പേര്‍ക്കേ ഡയാലിസിസിന് വിധേയരാവാന്‍ സാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അവശേഷിച്ച വൃക്കരോഗികളില്‍ മഹാഭൂരിപക്ഷവും മരണം കാത്തുകഴിയുന്നവരാണ്. ഹൃദ്രോഗത്തെക്കാളും പ്രമേഹത്തെക്കാളും വ്യാപകമാണ് വൃക്കരോഗം. അതിന്‍െറ ചികിത്സയാവട്ടെ രണ്ടിനെക്കാളും ചെലവേറിയതുമാണ്. സമീപകാലത്തായി വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള കാരണങ്ങള്‍ രക്തത്തിലെ പഞ്ചസാര വര്‍ധിക്കുന്നതും കൂടിയ രക്തസമ്മര്‍ദവുമാണെന്നാണ് വിദഗ്ധാഭിപ്രായം. കൂടാതെ, മൂത്രാശയക്കല്ലുകളും പഴുപ്പും വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. കുടിവെള്ളത്തിലെ വര്‍ധിത ലോഹാംശത്തിന്‍െറ സാന്നിധ്യം മറ്റൊരു ഭീഷണിയാണ്. പലതരം വേദന സംഹാരികളുടെ അനിയന്ത്രിത ഉപയോഗം വൃക്കകളെ പ്രവര്‍ത്തനരഹിതമാക്കുന്നതില്‍ പ്രധാനമായൊരു പങ്കുവഹിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാറിയ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളിലാണ് വൃക്കരോഗത്തെയും ആധുനിക വൈദ്യശാസ്ത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യത്തിന് തികച്ചും ഹാനികരവും വിഷാംശം കലര്‍ന്നതുമായ പാനീയങ്ങളുടെയും ഭക്ഷ്യപദാര്‍ഥങ്ങളുടെയും സാര്‍വത്രികമായ ഉപയോഗം, മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും വ്യാപനം, വ്യായാമരഹിതമായ ജീവിതചര്യ, അപകടകരമാംവിധം മലിനീകരണപ്പെട്ട ജലസ്രോതസ്സുകള്‍, ദുഷിച്ച അന്തരീക്ഷം തുടങ്ങി മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. നിരന്തര ബോധവത്കരണമോ മുന്നറിയിപ്പുകളോപോലും കാര്യമായ ഫലം ചെയ്യുന്നില്ല. അതോടൊപ്പം, സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ചികിത്സാചെലവ് കൂടിയാകുമ്പോള്‍ പത്തിലൊന്ന് മാറാവൃക്കരോഗികളാവുന്നതും പ്രമേഹ ബാധിതരുടെയും ഹൃദ്രോഗികളുടെയും എണ്ണം നാള്‍ക്കുനാള്‍ പെരുകുന്നതും സ്വാഭാവികം മാത്രം. ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ വളര്‍ച്ചയും മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളും കാരണമായി ശരാശരി മനുഷ്യായുസ്സ് വര്‍ധിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, ശാരീരികമോ മാനസികമോ ആയ ആരോഗ്യമില്ലാതുള്ള ദീര്‍ഘായുസ്സ് അനുഗ്രഹമായിട്ടല്ല, ശാപമായിട്ടാണ് അനുഭവപ്പെടുക. ദയാവധം നിയമവിധേയമാക്കാനുള്ള ആവശ്യം ശക്തിപ്പെട്ടുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. മറ്റുള്ളവര്‍ക്ക് ഭാരമായി ഭൂമിയില്‍ നിമിഷങ്ങളും ദിവസങ്ങളുമെണ്ണി ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുകയാണെന്ന് എത്രയോ പേര്‍ ആഗ്രഹിച്ചുപോകുന്നുണ്ട്. പക്ഷേ, മനുഷ്യ നിശ്ചയപ്രകാരം സംഭവിക്കുന്നതല്ലല്ളോ ജനനവും മരണവും. വൃക്കക്ഷയം പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും അത്തരം രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ചും സാര്‍വലൗകികമായി ബോധവത്കരണം നടക്കാനാണ് അന്താരാഷ്ട്ര ദിനാചരണങ്ങള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. വൃക്കമാറ്റം വൈദ്യശാസ്ത്രത്തിന്‍െറ വന്‍ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുമ്പോഴും അതിന്‍െറ സാങ്കേതികവും പ്രകൃതിപരവുമായ പരിമിതികള്‍ അവഗണിച്ചുകൂടാ. ഇന്ത്യയിലെ അഞ്ചു ലക്ഷം വൃക്കരോഗികളില്‍ 6,000 പേര്‍ക്ക് മാത്രമേ പ്രവര്‍ത്തനരഹിതമായ വൃക്ക മുറിച്ചുമാറ്റി പകരം അനുയോജ്യമായ വൃക്ക മാറ്റിവെക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നറിയുമ്പോള്‍ അവശേഷിക്കുന്ന മഹാ ഭൂരിപക്ഷത്തിന്‍െറ ഗതി ഇഞ്ചിഞ്ചായ മരണമല്ലാതെ മറ്റൊന്നുമല്ളെന്ന ദു$ഖസത്യം അവഗണിക്കാനാവില്ല. അവരില്‍ത്തന്നെ 30,000ത്തിനാണ് കുറച്ചു കാലത്തേക്കെങ്കിലും ആയുസ്സ് നീട്ടിക്കിട്ടുന്ന ഡയാലിസിസ് സൗകര്യം ലഭിക്കുന്നത്. ആശുപത്രികളുടെയും ഡയാലിസിസ് കേന്ദ്രങ്ങളുടെയും അപര്യാപ്തതയും സാമ്പത്തിക പരാധീനതകളുമാണ് കാരണം. രണ്ടിനും പ്രതിവിധി കാണാന്‍ സര്‍ക്കാറുകളും സമൂഹവും മനസ്സിരുത്തിയാല്‍ സാധിക്കും. പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കാന്‍ കൃത്യമായ ഫണ്ടും മതിയായ അളവില്‍ ഡയാലിസിസ് കേന്ദ്രങ്ങളും വേണം. മനുഷ്യസ്നേഹികളുടെ സത്വര ശ്രദ്ധ പതിയേണ്ട രംഗമാണിത്. ഒപ്പം, വൃക്കദാനത്തിന് ആരോഗ്യമുള്ള യുവതീ യുവാക്കളെ പ്രേരിപ്പിക്കാന്‍ മത-സാമൂഹിക യുവജന സംഘടനകള്‍ ശക്തവും വ്യാപകവുമായ കാമ്പയിന്‍ സംഘടിപ്പിക്കുന്നതും മഹത്തായ ജീവകാരുണ്യപ്രവര്‍ത്തനമാണ്. |
No comments:
Post a Comment