സ്വാഗതം
WELCOME

News Update..

Tuesday, February 4, 2014

രാജീവ് വധം: പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യരുതെന്ന് സര്‍ക്കാര്‍ Madhyamam News Feeds

രാജീവ് വധം: പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യരുതെന്ന് സര്‍ക്കാര്‍ Madhyamam News Feeds

Link to

രാജീവ് വധം: പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യരുതെന്ന് സര്‍ക്കാര്‍

Posted: 03 Feb 2014 11:54 PM PST

Image: 

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവുചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയല്‍  ആവശ്യപ്പെട്ടു.  വധശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
ദയാഹരജികളില്‍ കാലതാമസമുണ്ടാകുന്നത് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പേരറിവാളന്‍ , ശാന്തന്‍, മുരുകന്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്. ദയാഹരജികളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസുമുണ്ടാകുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ അത് ശിക്ഷയിളവ് നല്‍കുന്നതയിന് ന്യായീകരണമല്ളെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പശ്ചാത്താപം എന്ന വാക്കുപോലും പ്രതികള്‍ സമര്‍പ്പിച്ച ഹരജയിലില്ളെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗൂലാന്‍ ഇ വഹന്‍വതി വാദിച്ചു.

ഇതോടെ രാജീവ് ഗാന്ധി വധക്കേസില്‍ വാദം പുര്‍ത്തിയായി വിധി പറയാന്‍ മാറ്റിവച്ചു.

ദയാഹരജികള്‍ പരിഗണിക്കുന്നതിലും  ശിക്ഷ നടപ്പിലാക്കുന്നതിലും  അകാരണ കാലതാമസം നേരിടുന്നത് വധശിക്ഷ ജീവപര്യന്തമാക്കാനുള്ള മതിയായ കാരണമാണെന്ന്   മൂന്നംഗ സുപ്രീം കോടതി ബഞ്ച് ജനുവരി 21വിധിച്ചിരുന്നു. ഇതനുസരിച്ച് 15 പേരുടെ  വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി ഇളവുചെയ്തിരുന്നു.

ബോഗി തകര്‍ന്നത് കാലപ്പഴക്കത്താലെന്ന നിഗമനത്തില്‍ റെയില്‍വേ

Posted: 03 Feb 2014 11:31 PM PST

Subtitle: 
15 വര്‍ഷം പഴക്കമുള്ള ബോഗികളുടെ സുരക്ഷാ ഓഡിറ്റ് കര്‍ശനമാക്കും

തിരുവനന്തപുരം: കൊച്ചുവേളി-ബാംഗ്ളൂര്‍ എക്സ്പ്രസിന്‍െറ ബോഗി തകരാന്‍ കാരണം കാലപ്പഴക്കവും സാങ്കേതികവീഴ്ചയുമെന്ന് നിഗമനം.
തിരവനന്തപുരം റെയില്‍വേ ഡിവിഷന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിജയകുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രാഥമിക തെളിവെടുപ്പിന്‍െറ അടിസ്ഥാനത്തിലാണിത്. കൂടുതല്‍ പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലുണ്ടായ ദുരന്തത്തിന് സമാനമാണ് കൊച്ചുവേളിയിലേതെന്നും റെയില്‍വേ അധികൃതര്‍ വിലയിരുത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബോഗികള്‍ പിന്‍വലിച്ച് അറ്റകുറ്റപ്പണി നടത്താനുള്ള സുരക്ഷാ ഓഡിറ്റ്  ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
ആലപ്പുഴ സംഭവത്തെ തുടര്‍ന്ന് കാലപ്പഴക്കമുള്ള ബോഗികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ആവശ്യമായ ബോഗികളുടെ ലഭ്യതക്കുറവ് കാരണം ഇടക്കാലത്ത് നിര്‍ത്തിവെക്കുകയായിരുന്നു.
 അതാണ് അപകടം ആവര്‍ത്തിക്കാനിടയാക്കിയത്. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പായതിനാല്‍ വന്‍ദുരന്തം ഒഴിവായി. തെളിവെടുപ്പിന്‍െറ ഭാഗമായി കൊച്ചുവേളി സ്റ്റേഷനിലുണ്ടായിരുന്ന ഷണ്ടിങ് ജീവനക്കാര്‍, ലോക്കോ പൈലറ്റുമാര്‍, സറ്റേഷന്‍ മാസ്റ്റര്‍ എന്നിവരെ ചോദ്യംചെയ്യും. സംഭവ സമയത്തെ സ്പീഡ് റെക്കോഡ് പരിശോധിച്ചശേഷമേ ബോഗിയുടെ സാങ്കേതിക തകരാറും മറ്റും വിലയിരുത്തൂ.
അതേസമയം, ഷണ്ടിങ് കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ വിശദീകരിച്ചു. ബോഗികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉരുക്ക് ദണ്ഡിലുണ്ടായ ആഘാതത്താലാവണം ബോഗി തകര്‍ന്നതെന്നാണ് നിഗമനം. വേഗത്തിലുള്ള സഞ്ചാരത്തില്‍ ഉണ്ടാവുന്ന വലിയ ആഘാതം കാലപ്പഴക്കമുള്ള ബോഗികള്‍ തകരുന്നതിനിടയാക്കുമെന്നും പറയുന്നു.
 യാര്‍ഡില്‍നിന്ന് പ്ളാറ്റ്ഫോമിലേക്ക് നീങ്ങുമ്പോഴുണ്ടാകുന്ന കുലുക്കം സെന്‍ട്രല്‍ ഷാഫ്റ്റിലും ലോക്കോയിലും മറ്റും പൊട്ടലിനിടയാക്കിയേക്കും.
ഇതും ബോഗിയുടെ തകര്‍ച്ചക്ക് കാരണമാകും. ഈ വശങ്ങളെല്ലാം പരിശോധിച്ചാലേ അപകട കാരണം വ്യക്തമാകൂ.  ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കൊച്ചുവേളി-ബാംഗ്ളൂര്‍ എക്സ്പ്രസിന്‍െറ ബോഗി തകര്‍ന്നുവീണത്. സംസ്ഥാനത്തോടുന്ന 100 ഓളം ട്രെയിനുകളില്‍ പഴകിയ ബോഗികളാണുള്ളതെന്ന് റെയില്‍വേ അറിയിച്ചതിന് പിന്നാലെയാണ് രണ്ട് അപകടങ്ങളുണ്ടായത്.
 അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സംസ്ഥാനത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പ്രവര്‍ത്തനം മന്ദഗതിയിലാണ്. റെയില്‍വേ ബജറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആവശ്യാനുസരണം പുതിയ കോച്ചുകള്‍ ലഭിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ യാത്രികര്‍.
 

സമ്പൂര്‍ണ പെന്‍ഷന്‍ പ്രഖ്യാപനം തകൃതി; പെന്‍ഷന്‍ കിട്ടിയിട്ട് ഒരുവര്‍ഷം!

Posted: 03 Feb 2014 11:28 PM PST

Subtitle: 
വികലാംഗ, വിധവ, അവിവാഹിത പെന്‍ഷനുകള്‍ മിക്കയിടത്തും അഞ്ചുമാസത്തെ കുടിശ്ശികയുണ്ട്

കയ്പമംഗലം: സമ്പൂര്‍ണ പെന്‍ഷന്‍ പ്രഖ്യാപനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും നിലവിലുള്ള പെന്‍ഷനുകള്‍ ലഭിക്കാതെ ഗുണഭോക്താക്കള്‍ നട്ടംതിരിയുന്നു. ഓണം, ക്രിസ്മസ്, വിഷു പോലുള്ള ആഘോഷാവസരങ്ങളില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ ഗഡുവായാണ് ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയിരുന്നത്. എന്നാല്‍, ക്രിസ്മസിന് പഞ്ചായത്തുകളില്‍ ഒരു പെന്‍ഷന്‍ തുകയും എത്തിയില്ല. അഞ്ച് ക്ഷേമ പെന്‍ഷനുകളാണ് പഞ്ചായത്തുകള്‍ വഴി ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതില്‍ വാര്‍ധക്യ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാറും കാര്‍ഷിക പെന്‍ഷന്‍ സംസ്ഥാന കൃഷിവകുപ്പും വികലാംഗ, വിധവ, അവിവാഹിത പെന്‍ഷനുകള്‍ സാമൂഹികക്ഷേമ വകുപ്പുമാണ് നല്‍കുന്നത്. വാര്‍ധക്യ പെന്‍ഷന്‍ പല പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷവും ഫെബ്രുവരിയിലെ വിതരണം ചെയ്തിട്ടുള്ളൂ. രോഗം, അനാഥത്വം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ ദുരിതമനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് ഏറെ ആശ്വാസമാണ് പെന്‍ഷന്‍. എടത്തിരുത്തി പഞ്ചായത്തിലടക്കം നിരവധി വയോധികര്‍ പെന്‍ഷന്‍ അന്വേഷിച്ച് ദിനേന എത്തുന്നുണ്ടെങ്കിലും അധികൃതര്‍ കൈമലര്‍ത്തുന്നു. കാര്‍ഷിക പെന്‍ഷനുകളാണ് ഏറ്റവും അവസാനം വിതരണം ചെയ്തത്. അതാകട്ടെ, കഴിഞ്ഞ സെപ്റ്റംബറിലാണ്. വികലാംഗ, വിധവ, അവിവാഹിത പെന്‍ഷനുകള്‍ മിക്കയിടത്തും അഞ്ചുമാസത്തെ കുടിശ്ശികയുണ്ട്. പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, കാട്ടൂര്‍ പഞ്ചായത്തുകള്‍ ഉദാഹരണം. അനുവദിക്കേണ്ട തുകയുടെ കണക്ക് അതത് സമയം പഞ്ചായത്തുകള്‍ കലക്ടറേറ്റിലേക്ക് കൈമാറിയെങ്കിലും തുക മാത്രം എത്തിയിട്ടില്ല. പുതുവര്‍ഷത്തില്‍ കുടിശ്ശികയുള്ള തുകയുടെ കണക്ക് കലക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് റിക്വസ്റ്റ് മെമ്മോ നല്‍കി കാത്തിരിക്കുകയാണ് പഞ്ചായത്തുകള്‍. സമ്പൂര്‍ണ പെന്‍ഷന്‍ ഗ്രാമം പദ്ധതി പ്രകാരം പെന്‍ഷന്‍ ഇനത്തില്‍ ഇരട്ടിയിലധികം ബാധ്യത സര്‍ക്കാറിനുണ്ടാവും. അതിനിടെയാണ് കുടിശ്ശികയുടെ ബാധ്യത. പ്രഖ്യാപനം കഴിഞ്ഞിട്ടും പെന്‍ഷന്‍ അപേക്ഷകള്‍ പഞ്ചായത്തുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
 

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Posted: 03 Feb 2014 11:05 PM PST

Subtitle: 
ആഹ്ളാദ പ്രകടനത്തിനിടെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

 തൊടുപുഴ: എം.ജി യൂനിവേഴ്സിറ്റി കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂമാന്‍ കോളജില്‍ വിദ്യാര്‍ഥി യൂനിയനുകള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ജെ. അനന്തു, കോളജ് യൂനിറ്റ് പ്രസിഡന്‍റ് ഫെബിന്‍, യൂനിയന്‍ ചെയര്‍മാന്‍ ജുബിന്‍ ജയിംസ്, കെ.എസ്.യു യൂനിറ്റ് സെക്രട്ടറി ഷിബി ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം ആഹ്ളാദപ്രകടനം നടത്തവെ കോളജ് ഗേറ്റിന് പുറത്ത് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. ന്യൂമാന്‍ കോളജില്‍ ചെയര്‍മാന്‍ സ്ഥാനവും മാഗസിന്‍ എഡിറ്റര്‍ സ്ഥാനവും കൈവിട്ടതിന്‍െറ അരിശം തീര്‍ക്കുകയായിരുന്നു കെ.എസ്.യുവെന്ന് എസ്.എഫ്.ഐയും കെ.എസ്.യു നേടിയ വിജയത്തില്‍ വിറളിപൂണ്ട എസ്.എഫ്.ഐക്കാര്‍ ആഹ്ളാദപ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് കെ.എസ്.യുവും ആരോപിച്ചു.  പൊലീസാണ് എത്തിയാണ് രംഗം ശാന്തമാക്കിയത്. നന്തുവിനെ ഒരു സംഘം കത്തികൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പിച്ചതായി എസ്.എഫ്്ഐ ആരോപിച്ചു. പരിക്കേറ്റവരെ തൊടുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടുകളിലെ മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

Posted: 03 Feb 2014 11:03 PM PST

വെള്ളത്തൂവല്‍: വീടുകള്‍ കുത്തിത്തുറന്ന്  പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളത്തൂവല്‍ വടക്കെ ശല്യാംപാറ തേക്കുംക്കാട്ടില്‍ അഷ്റഫ് (സേട്ട്-41), മലപ്പുറം നിലമ്പൂര്‍ മമ്പാട് തോട്ടിനക്കരെ കല്ലുമുറിവായില്‍ നഷീദ് ഖാന്‍ (വിഗ് ഖാന്‍-36), മന്നാങ്കാലയില്‍ അറക്കല്‍ സിദ്ദീഖ് (36) എന്നിവരെയാണ് മൂന്നാര്‍ ഡിവൈ.എസ്.പി വി.എന്‍. സജി, അടിമാലി സി.ഐ എ.ഇ. കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി കൊത്തോടന്‍ വീട്ടില്‍ അസ്കര്‍ (നാണി അസ്കര്‍-35) മോഷണത്തിന് ശേഷം ഒളിവിലാണ്. കഴിഞ്ഞ ജനുവരി 28ന് രാത്രിയാണ് ശല്യാംപാറ, അടിമാലി മേഖലയില്‍ മോഷണം നടന്നത്.
വെള്ളത്തൂവല്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വടക്കേ ശല്യാംപാറ മങ്ങാട്ട്് റസാഖിന്‍െറ വീട്ടില്‍നിന്ന് ഒരു ലക്ഷം രൂപയും 17.5 പവന്‍ സ്വര്‍ണവും അടിമാലി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട കാംകോ ജങ്ഷനില്‍ താമസിക്കുന്ന മൂലേതൊട്ടിയില്‍ ജമാലിന്‍െറ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് ഇവരെ പിടികൂടിയത്. വീടുകളിലുള്ളവര്‍ മതപ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു മോഷണം നടത്തിയത്.
കഴിഞ്ഞ 27ന് മലപ്പുറത്തുനിന്ന് വാടകക്കെടുത്ത കാറില്‍ നഷീദ് ഖാന്‍, അസ്കര്‍ എന്നിവര്‍ അടിമാലിയിലെത്തി. കാംകോ ജങ്ഷനിലെ  ടൂറിസ്റ്റ് ഹോമില്‍ ഇവര്‍ക്ക് അഷ്റഫിന്‍െറ നേതൃത്വത്തില്‍ മുറിയെടുത്ത് നല്‍കി.
കൂടാതെ മോഷണം നടന്ന ജമാലിന്‍െറ വീട് നഷീദിനും അസ്കറിനും സിദ്ദീഖ് ബൈക്കുമായെത്തി കാണിച്ചുകൊടുത്തു. അടിമാലി ടൗണിലെ കടകളില്‍നിന്ന് കമ്പിപ്പാരയും കൈയ്യുറകളും വാങ്ങിയ ശേഷം ഹോട്ടല്‍ മുറിയില്‍വെച്ച് ഗൂഢാലോചന നടത്തിയ സംഘം 28ന് രാത്രി ഏഴോടെ ജമാലിന്‍െറ വീട്ടില്‍ അഷ്റഫിനോടൊപ്പം കാറിലെത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു.
നഷീദും അസ്കറുമാണ് വീടിന്‍െറ വാതില്‍ പൊളിച്ച് മേശയില്‍നിന്ന് പണം കവര്‍ന്നത്. പിന്നീട് സിദ്ദീഖ് നല്‍കിയ വിവരം അനുസരിച്ച് ശല്യാംപാറയിലെത്തിയ സംഘം റസാഖിന്‍െറ വീട്ടിലും മോഷണം നടത്തി.
മുന്‍ വാതിലിന്‍െറ പൂട്ടുപൊളിച്ച് അകത്തുകടന്ന ശേഷം മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും പണം നിക്ഷേപിച്ചിരുന്ന കുടുക്കയും കവര്‍ന്നു. സംഭവ ശേഷം അഷ്റഫ്, നഷീദ് ഖാന്‍, അസ്കര്‍ എന്നിവര്‍ പനംകൂട്ടി വഴി പെരുമ്പാവൂരിലെത്തി ലോഡ്ജില്‍ തങ്ങി.
 ഇവിടെവെച്ച് പണം നാലായി ഭാഗിച്ച ശേഷം 29ന് രാവിലെ നിലമ്പൂരിലേക്ക് കടന്നു. സിദ്ദീഖിനുള്ള വിഹിതം അസ്കറിനെ സൂക്ഷിക്കാനേല്‍പിച്ചതായി പൊലീസ് പറഞ്ഞു. സ്വര്‍ണം കോഴിക്കോട് താമരശേരി തിരുവമ്പാടിയിലെ സ്വര്‍ണക്കടയില്‍ വിറ്റു. എന്നാല്‍, പണം വാങ്ങിയിരുന്നില്ല.
അടിമാലിയിലെ ലോഡ്ജിലെത്തിയ വാഹനം സംബന്ധിച്ച് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പര്‍ പിന്തുടര്‍ന്ന് മലപ്പുറത്തെത്തിയ പൊലീസ് സംഘം നഷീദ് ഖാനേയും അഷ്റഫിനെയും കുടുക്കുകയായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞ അസ്കര്‍ കടന്നുകളഞ്ഞു.
മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുടുക്കിയത്്. പ്രതികളില്‍നിന്ന് 2.20 ലക്ഷം രൂപയും നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കൃത്യത്തിന് ഉപയോഗിച്ച റിറ്റ്സ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ അടിമാലി, ശല്യാംപാറ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തു.താമരശേരി ഡിവൈ.എസ്.പി ജെയ്സ് എബ്രഹാം, നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജി എന്‍.പോള്‍, സി.ആര്‍. സന്തോഷ്, സി.വി. ഉലഹന്നാന്‍, എം.എം. നൗഷാദ്, കെ.ആര്‍. സുബാഷ്, പി.എ. സിദ്ദീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

സച്ചിനും റാവുവും ഭാരതരത്ന ഏറ്റുവാങ്ങി

Posted: 03 Feb 2014 10:57 PM PST

Image: 

ന്യൂഡല്‍ഹി: രാജ്യം ആ രണ്ടു മഹാ പ്രതിഭകളെ ആദരിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രഗല്‍ഭ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സി.എന്‍.ആര്‍ റാവുവും രാഷ്ട്രപതിയില്‍ നിന്ന് ഭാരതരത്ന ഏറ്റുവാങ്ങി.
പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിക്കുന്ന രാജ്യത്തെ ആദ്യ കായിക താരമെന്ന ആര്‍ക്കും തിരുത്താനാവാത്ത പുതിയ റെക്കോര്‍ഡ് കൂടി സച്ചിന് പിറന്ന അപൂര്‍വ നിമിഷമായിരുന്നു അത്. ബഹുമതിക്കര്‍ഹനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സച്ചിന്‍. സച്ചിന്‍്റെ ഭാര്യ അഞ്ജലിയും മകള്‍ സാറയും ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയിരുന്നു.
മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും വേണ്ടി താന്‍ ഈ ബഹുമതി സമര്‍പിക്കുന്നതായി സച്ചിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നീണ്ട 24 വര്‍ഷത്തോളം രാജ്യത്തിനു വേണ്ടി കളിച്ച സച്ചിന്‍ 100 സെഞ്ച്വറികളും നിരവധി റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ക്രിക്കറ്റ് ജീവിതത്തിലെ അവസാന മല്‍സരം  മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അവസാനിച്ചതിനു തൊട്ടുടന്‍ ആണ് അദ്ദേഹത്തിന് ഭാരതരത്ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍്റെ നേരിട്ടുള്ള നാമനിര്‍ദേശം അംഗീകരിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവും രാജ്യം കണ്ട പ്രമുഖ രസതന്ത്രജ്ഞനുമായ സി.എന്‍.ആര്‍ റാവു അഞ്ചു പതിറ്റാണ്ടിലേറെയായി ശാസ്ത്രമേഖലയില്‍ മികച്ച സംഭാവനകള്‍ അര്‍പിച്ചുകൊണ്ടിരിക്കുന്ന പ്രതിഭയാണ്. പദ്മശ്രീ, പദ്മവിഭൂഷണ്‍ അടക്കം നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങളും 50,000ത്തോളം പ്രശംസാപത്രങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

റുബെല്ല കുത്തിവെപ്പ്: രക്ഷാകര്‍ത്താക്കളും അധ്യാപകരും ആശങ്കയില്‍

Posted: 03 Feb 2014 10:48 PM PST

കോന്നി: റുബെല്ല കുത്തിവെപ്പ് നടത്തുന്നതില്‍ രക്ഷാകര്‍ത്താക്കളും അധ്യാപകരും ആശങ്കയില്‍. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നടത്തുന്ന കുത്തിവെപ്പുകാരണം പല കുട്ടികള്‍ക്കും പരീക്ഷ എഴുതാനോ ഉയര്‍ന്ന വിജയം നേടാനോ കഴിയില്ലെന്നതാണ് ആശങ്കക്ക് കാരണം. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ 23,953 പെണ്‍കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചത്.
ഗര്‍ഭാവസ്ഥയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന അംഗവൈകല്യം, ബുന്ദിമാന്ദ്യം, കാഴ്ച, കേള്‍വി എന്നീ വൈകല്യങ്ങള്‍ തടയുന്നതിനാണ് ആരോഗ്യവകുപ്പ് റുബെല്ല വാക്സിനേഷന്‍ നല്‍കുന്നത്.
കുത്തിവെപ്പിനെ തുടര്‍ന്ന് പനി, തൊണ്ടവേദന, മുട്ടുവേദന, ശരീരം ചൊറിഞ്ഞുതടിക്കല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യ വകുപ്പുതന്നെ സമ്മതിക്കുന്നു.
പരീക്ഷാകാലത്തുതന്നെ ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതോടെ കുട്ടികള്‍ ക്ഷീണാവസ്ഥയിലാകുമെന്നും പഠനത്തില്‍നിന്ന് ശ്രദ്ധപോകുമെന്നും രക്ഷിതാക്കളും അധ്യാപകരും പറയുന്നു.
അണ്‍ എയ്ഡഡ് സ്കൂളുകളെ പിന്തള്ളിയാണ് ജില്ലയിലെ പല സര്‍ക്കാര്‍ സ്കൂളുകളുടെയും എസ്.എസ്.എല്‍.സി,  ഹയര്‍ സെക്കന്‍ഡറി വിജയം. ഇനിയുമുള്ള ഓരോ മണിക്കൂറും കുട്ടികള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഫെബ്രുവരി 10 ന് പത്താംതരം മോഡല്‍ പരീക്ഷ ആരംഭിക്കും. 14 ന് പരീക്ഷ അവസാനിക്കും. തുടര്‍ന്ന് മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷക്കുള്ള തയാറെടുപ്പിലാണ് കുട്ടികള്‍.
പ്ളസ്വണ്‍ മോഡല്‍ പരീക്ഷകള്‍ ഈ മാസം 17 മുതല്‍ 28 വരെയും പ്ളസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12 മുതലും നടക്കും. മാര്‍ച്ച് മൂന്നുമുതല്‍ 20 വരെയാണ് പ്രധാന പരീക്ഷ. ഊണും ഉറക്കവും നഷ്ടപ്പെടുത്തി പരീക്ഷച്ചൂടിന്‍െറ പിടിയിലായ കുട്ടികളെ പ്രതിരോധ കുത്തിവെപ്പില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
മാര്‍ച്ച് 20 നുശേഷം പ്രതിരോധ കുത്തിവെപ്പ്് എടുക്കേണ്ട കുട്ടികളെ സ്കൂളില്‍ എത്തിച്ചുനല്‍കാനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും സ്കൂള്‍ അധികൃതരും തയാറാണ്. ഇതേ സമയം, അണ്‍എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ  ഇതില്‍നിന്ന് ഒഴിവാക്കി പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മാത്രം കുത്തിവെപ്പ്  നടത്തുന്നതും സംശയത്തിന് ഇടനല്‍കുന്നു.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണെങ്കിലും രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങി മാത്രമെ പ്രതിരോധ കുത്തിവെപ്പിന് കുട്ടികളെ അയക്കൂ എന്ന നിലപാടിലാണ് അധ്യാപകര്‍.
 

കുടിവെള്ളമില്ല; നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

Posted: 03 Feb 2014 10:39 PM PST

Subtitle: 
വൈകിയെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

ഹരിപ്പാട്: കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടീവ് ഓഫിസ് ഉപരോധിച്ചു. വൈകിയെത്തിയ ഉദ്യോഗസ്ഥരെ ഗേറ്റിന് പുറത്ത് തടഞ്ഞുവെച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് ഹരിപ്പാട് ബി.എച്ച്.എസ്.എസിന് സമീപം പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസ് പടിക്കലാണ് ഉപരോധസമരം നടന്നത്.
പത്തുദിവസത്തിലേറെയായി വെട്ടുവേനി, മണ്ണുര്‍, പാപ്പാരം, സുരേഷ് മാര്‍ക്കറ്റ്, സംഗമം ജങ്ഷന്‍ എന്നിവിടങ്ങളിലെ വീട്ടുകാര്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്. വീട്ടുകണക്ഷന്‍ എടുത്തവര്‍ക്കും പൊതുടാപ്പ് ഉപയോഗിക്കുന്നവര്‍ക്കുമാണ് വെള്ളം കിട്ടാത്തത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സമരത്തിന് മുതിര്‍ന്നതെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് അംഗം വൃന്ദാകുമാര്‍ പറഞ്ഞു. ആദ്യം പമ്പ് കേടായതാണ് തകരാറിന് കാരണമെന്ന് പറഞ്ഞ അധികൃതര്‍ പിന്നീട് അത് പരിഹരിച്ചുവെന്നും വെള്ളം വിതരണം ചെയ്തുവെന്നും അറിയിച്ചു. എന്നിട്ടും വെള്ളം ലഭിക്കാതെ വന്നപ്പോള്‍ എവിടെയാണ് തകരാറെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് ലൈനില്‍ ചോര്‍ച്ചയാണെന്നും അത് പരിഹരിക്കുമെന്നും പറഞ്ഞു. തുടര്‍ന്നും ജലം കിട്ടാതെ വന്നപ്പോഴാണ് സമരവുമായി രംഗത്തെത്തിയത്. രാവിലെ 11 മണിയോടെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുളസീധരനുമായി നടത്തിയ ചര്‍ച്ചയില്‍ ബുധനാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ്  പിരിഞ്ഞുപോയത്. പഞ്ചായത്ത് അംഗം വൃന്ദാകുമാര്‍, സുരേഷ് വെട്ടുവേനി, ബേബി, കരുണാകരന്‍പിള്ള, നഫീസ റഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.

വിതുര പെണ്‍വാണിഭം; 15 കേസുകളിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Posted: 03 Feb 2014 10:31 PM PST

Image: 

കോട്ടയം: രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ രണ്ടാംഘട്ട വിചാരണയിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി. രണ്ടാംഘട്ടത്തില്‍ പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയാണ് വിട്ടത്. കേസില്‍ ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍ ഉള്‍പ്പെടെ മൂന്നു പേരെ കോടതി തിങ്കളാഴ്ച വെറുതെവിട്ടിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 30ന് ഉണ്ടായ ഈ കേസുകളിലെ ആദ്യ വിധിയില്‍ പ്രതി ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോടതി വെറുതെവിട്ടിരുന്നു. വിചാരണയില്‍ പ്രതിയെ ഓര്‍മയില്ളെന്നാണ് കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കേസിന്‍്റെ വിചാരണയുടെ ആദ്യ ഘട്ടത്തില്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. കേസിന്‍്റെ ഒന്നാംഘട്ട വിചാരണയില്‍ 2007ല്‍ നടന്‍ ജഗതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.

1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

അതേസമയം, കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇപ്പോഴും പരിഗണനയില്‍ ആണ്. അവശേഷിക്കുന്ന ഏഴു കേസുകള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്നുവരികയാണ്. കേസില്‍ ഇതുവരെ ആറു പേര്‍ ഒളിവില്‍ പോയിട്ടുണ്ട്.

കയര്‍തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കണം –മന്ത്രി വേണുഗോപാല്‍

Posted: 03 Feb 2014 10:25 PM PST

ആലപ്പുഴ: കയര്‍ തൊഴിലാളികളുടെ തൊഴില്‍ദിനങ്ങള്‍ കൂട്ടണമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍. കയര്‍ കേരള 2014നോടനുബന്ധിച്ച് നടന്ന കയര്‍ സഹകരണ മേഖലയിലെ സാധ്യതകളെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ വേതനം 150ല്‍ നിന്ന് 260 രൂപയായി ഉയര്‍ത്തിയെങ്കിലും മാസത്തില്‍ തുച്ഛമായ ദിനങ്ങള്‍ മാത്രമെ അവര്‍ക്ക് തൊഴിലിന് ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ സഹകരണസംഘങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ഫെഡ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കെ.എം. രാജു വിഷയം അവതരിപ്പിച്ചു. കയര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, എസ്.സി.ഡി.എസ് പ്രസിഡന്‍റ് കെ.ആര്‍. ഭഗീരഥന്‍, വി.എസ്. മണി, മുകുന്ദന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍ സ്വാഗതവും പി.വി. ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
കയര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള കലാസൃഷ്ടികള്‍ വ്യാപകമാക്കേണ്ടതുണ്ടെന്ന് സെമിനാറില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഡോ. സജിത് ഗോപിനാഥ് ചൂണ്ടിക്കാട്ടി. കയര്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ലളിതവും മനോഹരങ്ങളുമായ വസ്തുക്കളെപ്പറ്റി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും അവബോധം വളര്‍ത്തേണ്ടതുണ്ട്. ഇതിനായി ഔ് റീച്ച് പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ചൊവ്വാഴ്ച രണ്ട് സെമിനാറുകള്‍ നടക്കും. രാവിലെ 10ന് മന്ത്രി എ.പി. അനില്‍കുമാര്‍ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സംരംഭകര്‍ക്കായുള്ള നൈപുണ്യവികസനത്തെപ്പറ്റി ഡിസൈന്‍ രംഗത്തെ സംരംഭകനായ രാജന്‍ ടി. നായരും ഉച്ചക്ക് 2.30ന് കേരളത്തിലെ പ്രകൃതിദത്ത നാരുല്‍പാദനരംഗം -വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ആലപ്പി കമ്പനിയിലെ എന്‍. വേണുഗോപാലും സംസാരിക്കും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP