വഴിവിളക്കുകളില്ല; വൈദ്യുതി ബോര്‍ഡിന് വിമര്‍ശം Posted: 27 Feb 2014 01:24 AM PST Subtitle: ക്രിമിറ്റോറിയങ്ങളില്‍ ശവദാഹത്തിനുള്ള ഫീസ് നിശ്ചയിച്ചു കൊല്ലം: പണമടച്ചിട്ടും വഴിവിളക്കുകള്‍ ലഭ്യമാക്കാത്ത വൈദ്യുതിബോര്‍ഡ് നിലപാടിനെതിരെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശം. ഇതേചൊല്ലി ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ നടന്ന വാദപ്രതിവാദം ഒരു മണിക്കൂര്‍ നീണ്ടു. ബോര്‍ഡിനെതിരെ കൗണ്‍സിലര്‍മാര്‍ സമരം നടത്തണമെന്ന് ഡെപ്യൂട്ടി മേയര്‍ ആര്‍.എസ്.പിയിലെ കെ. ഗോപിനാഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡെപ്യൂട്ടി മേയറുടെ അഭിപ്രായത്തോട് മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.എമ്മിലെ അഡ്വ. വി. രാജേന്ദ്രബാബു വിയോജിച്ചു. ബോര്‍ഡിന് നോട്ടീസ് നല്‍കുന്നതടക്കം നടപടി പൂര്‍ത്തിയാക്കിവേണം സമരത്തിലേക്ക് പോകേണ്ടതെന്ന് രാജേന്ദ്രബാബു പറഞ്ഞു. ട്യൂബ് ലൈറ്റുകള്‍ വാങ്ങാന്‍ കെ.എസ്.ഇ.ബിയില്‍ പണമടച്ചതാണ് പ്രശ്നമായതെന്നും കോര്‍പറേഷന്‍ സ്വന്തം നിലക്ക് ഇതിന് തയാറാവാത്തത് വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് ജോര്‍ജ് ഡി. കാട്ടില്‍ പറഞ്ഞത് ഭരണപക്ഷത്ത് ബഹളത്തിനിടയാക്കി. വഴിവിളക്കുകള്‍ വാങ്ങിനല്‍കാനും മീറ്റര്‍ ഘടിപ്പിക്കാനുമടക്കം 1.35 കോടിയോളം കോര്‍പറേഷന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് അറിയിച്ചു. 19 ലക്ഷത്തിലധികം രൂപ വൈദ്യുതി ചാര്‍ജിനത്തിലും നല്‍കുന്നു. എന്നാല്‍, മീറ്റര്‍ സ്ഥാപിക്കുന്നതില്‍ അനാസ്ഥ കാട്ടുന്നതിലൂടെ വന്‍നഷ്ടമാണ് കോര്‍പറേഷനുണ്ടാകുന്നത്. മീറ്റര്‍ ഘടിപ്പിക്കുകയാണെങ്കില്‍ ഇപ്പോള്‍ നല്‍കുന്നതിന്‍െറ പകുതിയില്‍താഴെ പണം മാത്രം നല്‍കിയാല്‍ മതിയാവും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ക്കും ഇപ്പോള്‍ പണം നല്‍കേണ്ടിവരുന്നു. മീറ്റര്‍ സ്ഥാപിക്കുന്നതില്‍ ബോര്‍ഡ് കാലതാമസം വരുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. വൈദ്യുതിബോര്‍ഡിന്‍െറ പേരുപറഞ്ഞ് കോര്‍പറേഷന്‍ ഭരണാധികാരികള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിനെ അനുകൂലിക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷം ചോദ്യംചെയ്തതോടെയാണ് കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായാമെന്നും സമയപരിധി നിശ്ചയിച്ചുനല്‍കിയശേഷവും നടപടിയുണ്ടായില്ലെങ്കില്‍ നോട്ടീസ് നല്‍കാമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി. രാജേന്ദ്രബാബു ചര്‍ച്ചക്കുള്ള മറുപടിയില്‍ വിശദീകരിച്ചു. കോര്‍പറേഷന്‍െറ കീഴിലെ പോളയത്തോട്, മുളങ്കാടകം ഗ്യാസ് ക്രിമിറ്റോറിയങ്ങളില്‍ ശവദാഹത്തിനുള്ള ഫീസ് നിശ്ചയിക്കുന്ന അജണ്ടക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് 2,500 രൂപയും പുറത്തുള്ളവര്‍ക്ക് 3,000 രൂപയുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. പരമ്പരാഗതരീതിയിലെ ശവദാഹത്തിനുള്ള നിലവിലെ ഫീസ് നിരക്ക് തുടരും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. നൗഷാദ്, ഉളിയക്കോവില്‍ ശശി, പ്രഫ. എസ്. സുലഭ, ഹണി ബഞ്ചമിന്‍, കൗണ്‍സിലര്‍മാരായ എസ്. ശ്രീകുമാര്‍, ഹംസത്ത്ബീവി, മുരളീബാബു, സി.വി. അനില്‍കുമാര്‍, ആര്‍. റോബിന്‍, എം. കമാലുദ്ദീന്‍, എസ്. ജയന്‍, ഉദയാ സുകുമാരന്‍, സ്റ്റാന്‍ലി വിന്‍സെന്‍റ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. |
സഹ.ബാങ്ക് ഉദ്ഘാടനവേദിയില്‍ തെരുവ്യുദ്ധം; എം.എല്‍.എക്ക് നേരെ കൈയേറ്റം Posted: 27 Feb 2014 01:07 AM PST Subtitle: മാസ്റ്റര്‍പ്ളാന്‍ പ്രതിഷേധം കഴക്കൂട്ടം: ഉപഗ്രഹ നഗരനിര്‍മാണത്തിന്‍െറ പേരില്‍ കുടിയൊഴിപ്പക്കല്‍ ഭീഷണി നേരിടുന്നവരുടെ വികാരം അണപൊട്ടി. ഉദ്ഘാടനവേദി തെരുവുയുദ്ധ സമാനമായി. എം.എ വാഹിദ് എം.എല്‍.എക്ക് നേരെ കൈയേറ്റവും കല്ലേറും. ലാത്തിച്ചാര്‍ജിലും തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്ക് . മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ബുധനാഴ്ച അയിരുപ്പാറ സഹകരണബാങ്ക് മന്ദിരോദ്ഘാടനമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനശേഷമാണ് കൈയാങ്കളിയുണ്ടായത് . അഞ്ച്മണിയോടെയായിരുന്നു ഉദ്ഘാടനം. ശേഷം എം.എല്‍.എ മാരായ പാലോട് രവി, കോലിയക്കോട് കൃഷ്ണന്‍നായര്‍, മുന്‍ എം.എല്‍.എ കടകമ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചതിന് ശേഷമാണ് വാഹിദ് എം.എല്‍.എ എത്തിയത്. സ്ഥലത്തെത്തിയ എം.എല്‍.എയെ ജനം കൂവിവിളിക്കുകയും വേദിയില്‍ കയറുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് എം.എല്‍.എ സംസാരിക്കാന്‍ എഴുന്നേറ്റതോടെ രംഗം പ്രക്ഷുബ്ധ മാവുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ വേദിയിലേക്ക് കല്ലെറിഞ്ഞു. വേദിയിലേക്ക് ഇടിച്ചുകയറാനും ശ്രമം നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ കാട്ടായിക്കോണം സ്വദേശികളായ ചന്ദ്രിക(50), രാജേഷ് (35) ,പൊലീസുകാരായ സുമേഷ് ഷിബു,അനില്‍കുമാര്‍ എന്നിവര്‍ ആശുപത്രിയിലാണ്. ചന്ദ്രികക്കും രാജേഷിനും തലക്കാണ് പരിക്ക്. ഇതിനിടയില്‍ പൊലീസ് വലയത്തില്‍ വേദിയില്‍ നിന്ന് എം.എല്‍.എ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എം.എല്‍.എയെ പ്രതീക്ഷിച്ച് സ്ഥലവാസികളായ 500 ഓളം പേര്‍ കാത്തുനിന്നിരുന്നു. വേദിയിലെത്തിയാല്‍ തടയുമെന്ന് നേരത്തേ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. എം.എല്‍.എയുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നാരോപിച്ച് കഴക്കൂട്ടം-വെഞ്ഞാറൂട് റോഡ് ഉപരോധിച്ചു. വ്യാഴാഴ്ച പ്രദേശത്ത് ഹര്‍ത്താലാചരിക്കുമെന്ന് ജനകീയ സമരസമിതിക്കാര്‍ അറിയിച്ചു. ലാത്തിച്ചാര്‍ജ് നടത്തിയ കഴക്കൂട്ടം എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന ഡിവൈ.എസ്.പി യുടെ ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞത്. |
നഗരസഭാ ബജറ്റ്: കുടിവെള്ളത്തിന് എട്ടുകോടി, നഗരവികസനത്തിന് പത്തുകോടി Posted: 27 Feb 2014 12:59 AM PST Subtitle: വരുമാന വര്‍ധനക്ക് നിര്‍ദേശങ്ങള്‍ തൃശൂര്‍: വരുമാനം വര്‍ധിപ്പിക്കാനുള്ള വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച നഗരസഭാ ജനറല്‍ ബജറ്റില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് എട്ടുകോടി വകയിരുത്തി. വിദ്യാഭ്യാസ മേഖലക്ക് അഞ്ചുകോടിയും നഗരവികസനത്തിന് പത്തുകോടിയും വകയിരുത്തി. ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി അവതരിപ്പിച്ച ബജറ്റ് 346.27 കോടി വരവും 340.14 കോടി ചെലവും 6,62,86,267 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.വിവിധ ഡിവിഷനുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് എട്ടുകോടി വകയിരുത്തി. കിണര്‍ കുഴിച്ചും കുളങ്ങള്‍ ശുദ്ധിയാക്കിയും മറ്റുമുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ലോറിയില്‍ വെള്ളം വിതരണം ഘട്ടംഘട്ടമായി കുറക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മാണം ഉള്‍പ്പെടെയാണ് വിദ്യാഭ്യാസ മേഖലക്ക് അഞ്ചുകോടി വകയിരുത്തിയത്. |
മുങ്ങിക്കപ്പലില്‍ നിന്ന് കാണാതായ നാവികരുടെ മൃതദേഹം കണ്ടെത്തി Posted: 26 Feb 2014 11:42 PM PST മുബൈ: അപകടത്തില്‍പ്പെട്ട ഐ.എന്‍.എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പലില്‍ നിന്നും കാണാതായ നാവിക ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെടുത്തു. ലഫ്റ്റനന്‍്റ് കമാന്‍്റര്‍ കിപിഷ് മൂവാല്‍, ലഫ്റ്റനന്‍്റ് മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കപ്പലിലെ അടച്ചിട്ട കാബിനില്‍ നിന്നാണ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മുംബൈ തുറമുഖത്ത് ഇന്നു രാവിലെ എത്തിച്ച മുങ്ങിക്കപ്പലില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കപ്പലിലെ മൂന്നു കാബിനുകള്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. |
മുങ്ങിക്കപ്പല്‍ ദുരന്തം: നാവികസേനാ ഉപമേധാവിയും രാജിവെച്ചേക്കും Posted: 26 Feb 2014 11:30 PM PST ന്യൂഡല്‍ഹി: മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് സിന്ധുരത്ന’ അപകടത്തില്‍പ്പെട്ടിതിന്‍െറ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൂടുതല്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുമെന്നാണ് സൂചന. ഇപ്പോള്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍റ് ഫ്ളാഗ് ഓഫീസര്‍ കമാന്‍റിങ് ഇന്‍ ചീഫാണ് ശേഖര്‍ സിന്‍ഹ. അപകടത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബുധനാഴ്ച സേനാ മേധാവി ഡി.കെ. ജോഷി രാജിവെച്ചിരുന്നു. സര്‍വീസില്‍ ശേഖര്‍ സിന്‍ഹയെക്കാള്‍ ജൂനിയറായ റോബിന്‍ കെ. ധോവാനാണ് സേനാ മേധാവിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ജോഷിയുടെ രാജി. കൂടാതെ ഇത്തരത്തില്‍ രാജിവെക്കുന്ന രാജ്യത്തെ ആദ്യ സേനാ മേധാവിയാണ് ജോഷി. സീനിയോറിറ്റി അടിസ്ഥാനത്തില്‍ അടുത്ത നാവികസേനാ മേധാവിയാകേണ്ടത് വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ്. എന്നാല്‍ എട്ട് മാസങ്ങളിലായി തുടരുന്ന നാവിക അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ശേഖര്‍ സിന്‍ഹക്ക് സാധിക്കില്ല. 1998ല്‍ കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അഡ്മിറല്‍ വിഷ്ണുഭഗവത് മേധാവി സ്ഥാനം രാജിവെച്ചിരുന്നു. |
കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍ Posted: 26 Feb 2014 11:26 PM PST Subtitle: ഹൈറേഞ്ചിലെ അരുവികളിലും തോടുകളിലും ഒഴുക്കു നിലച്ചതോടെ ശുദ്ധജലം കിട്ടാക്കനിയായി അടിമാലി: കുംഭച്ചൂടില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ഹൈറേഞ്ചിലെ ഗ്രാമപ്രദേശങ്ങളിലും ആദിവാസി കോളനികളും മറ്റ് പിന്നാക്ക പ്രദേശങ്ങളിലുമാണ് ദാഹജലത്തിനായി പരക്കം പായുന്നത്. അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട്, രാജകുമാരി, കൊന്നത്തടി, ശാന്തന്‍പാറ, മാങ്കുളം, മൂന്നാര്‍, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലാണ് വരള്‍ച്ച ഏറെ ബാധിച്ചിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാലവര്‍ഷം ശക്തമായിരുന്നെങ്കിലും തുലാവര്‍ഷം ചതിച്ചതാണ് മാര്‍ച്ചിന് മുമ്പേ കുടിവെള്ളം മുട്ടാന്‍ കാരണം. വേനല്‍ കടുത്തതായിരിക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് ഹൈറേഞ്ചിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് മേഖലയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടത്. അന്ന് ഹൈറേഞ്ചിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പന്നിയാര്‍ പുഴ വറ്റിവരണ്ടിരുന്നു. ഇത്തവണയും പന്നിയാറില്‍ ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞതിനാല്‍ കഴിഞ്ഞദിവസം ആനയിറങ്കല്‍ ഡാം തുറന്നുവിട്ടു. സാധാരണയായി മാര്‍ച്ച് അവസാനത്തോടെയാണ് പുഴയില്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ ഡാം തുറന്നുവിടാറുള്ളത്. ജലനിധി പദ്ധതി നടപ്പാക്കായി വെള്ളത്തൂവല്‍ പഞ്ചായത്തിലടക്കം കൂടിവെള്ളപദ്ധതികള്‍ക്കായി കോടികളാണ് മുടക്കിയതെങ്കിലും ഇവയൊക്കെ പാഴായതായി പൊതുജനം പറയുന്നു. ഹൈറേഞ്ചിലെ അരുവികളിലും തോടുകളിലും ഒഴുക്കു നിലച്ചതോടെ ശുദ്ധജലം കിട്ടാക്കനിയായി. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈറേഞ്ചിലെ ചിലയിടങ്ങളില്‍ വേനല്‍ മഴ പെയ്തിറങ്ങിയെങ്കിലും ഇത് ഗുണം ചെയ്തില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ജലസ്രോതസ്സുകളില്‍നിന്നും അരുവികളില്‍ നിന്നും റിസോര്‍ട്ടുകാരും വന്‍തോതില്‍ ജലം കടത്തുന്നതിനാല്‍ തൊഴിലാളികളും കര്‍ഷകരും ദുരിതത്തിലാണ്. ക്ഷീര മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. കാലികള്‍ക്ക് കുടിക്കാന്‍ പോലും വെള്ളം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ശാന്തന്‍പാറ, സേനാപതി പഞ്ചായത്തുകളില്‍ തോടുകളില്‍നിന്ന് ക്രഷര്‍ യൂനിറ്റുകളും മറ്റും വന്‍തോതില്‍ ജലം പമ്പ് ചെയ്യുന്നതായി ആരോപണമുണ്ട്. ശാന്തന്‍പാറ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ടാര്‍ പ്ളാന്‍റ് യൂനിറ്റ് സമീപത്തെ പുഴയില്‍നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വന്‍പമ്പ്സെറ്റ് ഉപയോഗിച്ച് കൊണ്ടുപോകുന്നത് പുഴയുടെ നാശത്തിന് കാരണമാകുന്നു. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നിട്ടുണ്ട്. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍നിന്ന് സ്വാഭാവിക ഒഴുക്കിലൂടെ ശാന്തന്‍പാറ, പൂപ്പാറ മേഖലകളില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയും പാതി നിലച്ച മട്ടാണ്. വന്‍കിട ഏലത്തോട്ടം ഉടമകള്‍ ഈ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പുകള്‍ ചോര്‍ത്തി കൃഷി നനക്കാന്‍ വെള്ളമെടുക്കുന്നതാണ് ഇതിന് കാരണം. ഹൈറേഞ്ചില്‍ ഏലം ആവര്‍ത്തന കൃഷിക്ക് വേണ്ടി വന്‍തോതില്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ചതും വനനശീകരണം അനിയന്ത്രിതമായി വ്യാപിച്ചതുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയതെന്ന് പ്രകൃതി സ്നേഹികള്‍ വാദിക്കുന്നു. |
ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി Posted: 26 Feb 2014 11:20 PM PST Subtitle: തയാറെടുപ്പുകള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു പത്തനംതിട്ട: ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായി നിര്‍വഹിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ബി.മോഹനന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. തെരഞ്ഞെടുപ്പ് ജോലികളില്‍ ഒരുപക്ഷപാതവും ഉണ്ടാകാന്‍ പാടില്ലെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജോലി സംശയാതീതമായി നിര്‍വഹിക്കണം. നിഷ്പക്ഷത പുലര്‍ത്തണം. വോട്ടര്‍മാരെ സ്വാധീനിക്കരുത്. തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളില്‍ തെറ്റുണ്ടാകാന്‍ പാടില്ല. വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തയാറാക്കണം. അര്‍ഹതപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. ആരെയും മന$പൂര്‍വം ഒഴിവാക്കരുത്. പൗരന്‍െറ വോട്ടവകാശം നിഷേധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ പോളിങ് ബൂത്തുകളും ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് കുടിവെള്ളം, റാമ്പ്, വെളിച്ചം, ഫര്‍ണിച്ചര്‍ തുടങ്ങിയവ ഉറപ്പാക്കണം. ബൂത്തുകള്‍ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് തഹസില്‍ദാര്‍മാര്‍ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മാതൃക പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിന്‍െറ സുഗമമായ നടത്തിപ്പിന് എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കണം. പ്രശ്നബാധിത ബൂത്തുകള്‍ പൊലീസ് നിശ്ചയിക്കും. തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് അന്തിമ രൂപം നല്‍കും. അച്ചടിശാലകളുടെ വിവരം ശേഖരിച്ച് ലൈസന്‍സില്ലാത്തവ അടച്ചുപൂട്ടണമെന്ന് കലക്ടര്‍ തഹസില്‍ദാര്‍മാരോട് നിര്‍ദേശിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രം പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും പരിചയപ്പെടുത്താനും വില്ലേജ്, റവന്യൂ ഡിവിഷന്‍, താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും മാര്‍ച്ച് ഒന്നുമുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള വോട്ടര്‍മാരും പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണം. ELE സ്പേസ് വോട്ടര്‍കാര്‍ഡ് നമ്പര്‍ 54242, 537252 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചാല്‍ വോട്ടറുടെ പേരും അസംബ്ളി മണ്ഡലത്തിന്‍െറ പേരും ബൂത്ത്, ക്രമനമ്പറുകളും ബൂത്തിന്‍െറ പേരും അറിയാം. അസിസ്റ്റന്‍റ് കലക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം വി.ആര്‍.വിനോദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഒ.രാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ബി.രാജമോഹന്‍, ഇ.സി.സ്കറിയ, ജയപ്രകാശ്, തിരുവല്ല ആര്‍.ഡി.ഒ എ.ഗോപകുമാര്‍, അടൂര്‍ ആര്‍.ഡി.ഒ എം.എ.റഹീം, പാല ആര്‍.ഡി.ഒ സി.കെ.പ്രകാശ് എന്നിവര്‍ പങ്കെടുത്തു. |
രോഗികളുടെ ഉറക്കംകെടുത്തി വ്യാജ ഡോക്ടര്‍മാര്‍ Posted: 26 Feb 2014 10:52 PM PST Subtitle: പിടികൂടാനെത്തിയ പൊലീസുകാരന് 'കരളിനും വാരിയെല്ലിനുമിടയില്‍ വായു' കാഞ്ഞിരപ്പള്ളി: ആയിരങ്ങള്‍ ചികിത്സ തേടുന്ന പ്രമുഖ സ്വകാര്യ ആശുപത്രികളില്‍പ്പോലും വ്യാജ ഡോക്ടര്‍മാര്‍ ഉണ്ടെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കാഞ്ഞിരപ്പള്ളിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ കൊല്ലം ഇരവിപുരം സ്വദേശി എം. സരസിജന്‍ കഴിഞ്ഞദിവസം അറസ്റ്റിലായതാണ് ആശങ്കക്കിടയാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങള്‍ ജോലി നോക്കിയശേഷം ഇദ്ദേഹം സ്വന്തമായി തുടങ്ങിയ ചെറിയ ആശുപത്രിയിലും നിരവധി രോഗികളാണ് എത്തിയിരുന്നത്. വ്യാജഡോക്ടറുടെ ചികിത്സക്കും വിധേയരായവര്‍ ഇപ്പോള്‍ ആശങ്കയിലാണ്. കിഴക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ അപര്യാപ്തതയാണ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് നയിക്കുന്നത്. കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ക്ളിനിക്കുകള്‍ക്ക് പിന്നിലെ നടത്തിപ്പുകാരുടെ യോഗ്യതകള്‍ പരിശോധിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്. ഷാഡോ പൊലീസ് ചികിത്സക്കെന്ന വ്യാജേനയെത്തിയാണ് സരസിജനെ വലയിലാക്കിയത്. വയര്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെടുന്നെന്നും വിശപ്പ് ഇല്ലെന്നുമായിരുന്നു ‘രോഗി’യുടെ പരാതി. കരളിനും വാരിയെല്ലിനുമിടയില്‍ വായു നിറഞ്ഞുനില്‍ക്കുന്നതാണ് പ്രശ്നമെന്നായിരുന്നു ‘ഡോക്ടറുടെ’ കണ്ടെത്തല്‍. കുറെ പരിശോധനകള്‍ക്ക് എഴുതിനല്‍കുകയും ചെയ്തു. കുത്തിവെപ്പിന് നിര്‍ദേശിച്ചെങ്കിലും ഭയമാണെന്നും ഗുളികള്‍ നല്‍കിയാല്‍ മതിയെന്നും ‘രോഗി’ ആവശ്യപ്പെട്ടതോടെ കുറെ ഗുളികകള്‍ നല്‍കി 200 രൂപയും വാങ്ങിയിരുന്നു. |
ശിവരാത്രി: മണപ്പുറത്ത് വന്‍ സുരക്ഷസന്നാഹം Posted: 26 Feb 2014 10:44 PM PST Subtitle: താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍ തുറന്നു; ഗുണ്ടകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ് ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റൂറല്‍ എസ്.പി സതീഷ് ബിനോ അറിയിച്ചു. 10 ഡിവൈ.എസ്.പിമാര്‍, 30 സി.ഐമാര്‍ 165 എസ്.ഐ - എ.എസ്.ഐമാര്‍, വനിത പൊലീസുകാര്‍ ഉള്‍പ്പെടെ 1500ഓളം പൊലീസുകാര്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. പോക്കറ്റടിക്കാരെയും സാമൂഹികവിരുദ്ധരെയും മറ്റും നിരീക്ഷിക്കാനായി വിവിധ ജില്ലകളില്‍നിന്നുള്ള മഫ്തി പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചു. തിരക്ക് കുറക്കാനും സുരക്ഷ ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ ഉണ്ടാകും. അഞ്ച് പൊലീസുകാര്‍ വാച്ച് ടവറുകളില്‍ ബൈനോക്കുലര്‍ സൗകര്യങ്ങളോടുകൂടി സദാ നിരീക്ഷണം നടത്തും. മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍െറ ഉദ്ഘാടനം എ.ഡി.ജി.പി പത്മകുമാര്‍ നിര്‍വഹിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ ചികിത്സിക്കാനുള്ള മെഡിക്കല്‍ യൂനിറ്റും ആംബുലന്‍സ് സര്‍വീസും ലഭ്യമാണ്. മണപ്പുറത്ത് അമ്പലത്തിന് 50 മീറ്റര്‍ ചുറ്റളവില്‍ കച്ചവടങ്ങള്‍ അനുവദിക്കില്ല. ശനിയാഴ്ച മുതല്‍ നഗരപരിധി യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. കുളിക്കടവുകളിലും പുഴയിലും ലൈഫ് ബാഗുകള്‍ ഉള്‍പ്പെടെയുള്ള ബോട്ടുകളുടെയും പൊലീസ്, നേവി മുതലായ വിഭാഗങ്ങളുടെ നീന്തല്‍ വിദഗ്ധരുടെയും സേവനമുണ്ടായിരിക്കും. മണപ്പുറത്തും മറ്റു പ്രധാന സ്ഥലങ്ങളിലും മെഡിക്കല്‍ സംഘത്തിന്‍െറയും ആംബുലന്‍സുകളുടെയും സേവനവും ഒരുക്കും. ഗുണ്ടകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാന ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ചു. പട്ടണത്തിലും പരിസരപ്രദേശത്തും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മദ്യ വില്‍പനയും ഉപഭോഗവും നിരോധിച്ചു. മണപ്പുറത്തേക്ക് ബലിയിടാനും ബലിതര്‍പ്പണത്തിനും പോകുന്ന ഭക്തര്‍ താല്‍ക്കാലിക പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അമിതമായ തിരക്ക് ഒഴിവാക്കാനായി ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. എസ്.പിയുടെ നേതൃത്വത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. അനില്‍കുമാര്‍, ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. സനില്‍കുമാര്‍ എന്നിവര്‍ക്കാണ് ക്രമസമാധാന ചുമതല. |
ആറന്മുള: പ്രമാണിമാര്‍ സര്‍ക്കാറുകളെ സ്വാധീനിക്കുന്നെന്ന് വി.എസ് Posted: 26 Feb 2014 10:43 PM PST ആറന്മുള: ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് കുത്തക പ്രമാണിമാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ സ്വാധീനിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആറന്മുള സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രമാണിമാരുടെ ആകാശ സഞ്ചാരത്തിന് വേണ്ടിയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. പദ്ധതിക്ക് അനുമതി നേടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ജനങ്ങളെ വിലക്ക് വാങ്ങാനാണ് കുത്തക മുതലാളിമാര്‍ ശ്രമിക്കുന്നതെന്നും വി.എസ്. ആരോപിച്ചു. ആറന്മുളയിലെ ജനങ്ങള്‍ കൃഷിസ്ഥലങ്ങളും വയലോലകളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കണം. എത്ര കാലം നീണ്ടുപോയാലും പ്രതിരോധത്തിന്‍െറ കോട്ട കെട്ടി ജനങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങളും സംരക്ഷിക്കണമെന്നും വി.എസ് ആഹ്വാനം ചെയ്തു. |
No comments:
Post a Comment