സ്വാഗതം
WELCOME

News Update..

Tuesday, February 18, 2014

കരട് പദ്ധതി രേഖക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം Madhyamam News Feeds

കരട് പദ്ധതി രേഖക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം Madhyamam News Feeds

Link to

കരട് പദ്ധതി രേഖക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം

Posted: 18 Feb 2014 01:02 AM PST

Subtitle: 
15 ഇനങ്ങളിലായി നിരവധി നിര്‍ദേശങ്ങള്‍ •കോര്‍പറേഷന്‍ ബജറ്റ് ഇന്ന്

കൊല്ലം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ 2014-15 വര്‍ഷത്തെ കരട് പദ്ധതി രേഖക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 15 ഇനങ്ങളിലായി നിരവധി നിര്‍ദേശങ്ങള്‍ കരട് പദ്ധതിരേഖയിലുണ്ട്.
പുള്ളിക്കട ചേരിയുടെ ഇപ്പോഴുള്ള അവസ്ഥ മാറ്റണമെന്ന് രേഖയില്‍ നിര്‍ദേശിക്കുന്നു.
പുള്ളിക്കട ചേരി നിലവില്‍ റെയില്‍വേയുടെ അധീനതയിലായതിനാല്‍ ഈ സ്ഥലം കോര്‍പറേഷന്‍ വില നല്‍കി ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. ചേരിയിലെ നിലവിലുള്ള ഷെഡുകള്‍ പൊളിച്ചുമാറ്റി ഫ്ളാറ്റുകള്‍ സ്ഥാപിക്കുകയും വേണം.
ഇ.എം.എസ് ഭവനപദ്ധതിയില്‍ രണ്ടും മൂന്നും ഗഡുലഭിച്ച് പണി പൂര്‍ത്തിയാകാനുള്ള വീടുകള്‍ക്ക് ബാക്കി തുക നല്‍കി സമ്പൂര്‍ണ ഭവനപദ്ധതിയായി ഇതിനെ മാറ്റണമെന്ന് നിര്‍ദേശവുമുണ്ട്.
ഈ പദ്ധതി പ്രകാരം വീട് വെച്ചതില്‍ 600 ചതുരശ്ര അടിയില്‍ കൂടിയവര്‍ക്ക് ചെറിയ പിഴ ഈടാക്കി വീട്ട് നമ്പര്‍ നല്‍കണം. അഞ്ച് സെന്‍റില്‍ താഴെയുള്ള വീടുകളുടെ മുറ്റത്ത് ഇന്‍റര്‍ലോക്കിടാന്‍ അനുവദിക്കരുതെന്ന ക്രിയാത്മക നിര്‍ദേശവും കരട് പദ്ധതി രേഖയിലുണ്ട്. മഴവെള്ളം ഭൂമിയില്‍ താഴാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് നടത്തുന്ന എല്ലാ പ്രവൃത്തികളും നിരുത്സാഹപ്പെടുത്തണം. അനധികൃതമായി കുഴല്‍കിണര്‍ നിര്‍മിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം. മഴവെള്ളച്ചാലുകളിലേക്കും ഓടകളിലേക്കും തുറന്നിരിക്കുന്ന എല്ലാ മലിനജല കുഴലുകളും കേരള മുനിസിപ്പാലിറ്റീസ് ആക്ടിന്‍െറ അധികാരം ഉപയോഗിച്ച് തടയണം.
ടാര്‍ റോഡിന്‍െറ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കി ഇന്‍റര്‍ലോക്ക് കോണ്‍ക്രീറ്റ് ബ്ളോക് ഇടുന്ന കാര്യം പരിഗണിക്കണം. നിര്‍മാണ വേളകളിലുണ്ടാകുന്ന വേസ്റ്റ് നിക്ഷേപിക്കുന്നതിന് നഗരസഭാതലത്തില്‍ യാര്‍ഡുകള്‍ കണ്ടെത്തേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
ഓരോ പി.എച്ച് സെന്‍റര്‍ പരിധിയിലും രണ്ട് കാന്‍സര്‍ നിര്‍ണയക്യാമ്പുകള്‍ സംഘടിപ്പിക്കണം. യോഗാസെന്‍ററുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശമുണ്ട്.
 ലഹരി ഉപയോഗത്തിന്‍െറ ദോഷവശങ്ങള്‍ സംബന്ധിച്ച് ബോധവത്കരണ ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളിലും ഗവ. സ്ഥാപനങ്ങളിലും സ്ഥാപിക്കാനും പദ്ധതി നിര്‍ദേശമുണ്ട്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൗണ്‍സലിങ്, പെണ്‍കുട്ടികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനം, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരകിറ്റ് വീടുകളില്‍ നല്‍കുന്ന പദ്ധതി, കുടുംബനാഥനോനാഥയോ ഇല്ലാത്ത കുടുംബത്തിലെ കുട്ടികള്‍, വൃദ്ധരോഗികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക, ഡിവിഷനുകളിലെ പാവപ്പെട്ടവരുടെ വിശദമായ ഡേറ്റാബേസ് തയാറാക്കുക, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന എല്ലാ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, തരിശായി കിടക്കുന്ന ഭൂമിയില്‍ കരനെല്‍കൃഷി ചെയ്യുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ അടങ്ങുന്ന കരട് പദ്ധതി രേഖക്കാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
കോര്‍പറേഷന്‍ ബജറ്റ് ചൊവ്വാഴ്ച രാവിലെ 10.30ന് കൗണ്‍സില്‍ ഹാളില്‍ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ഗോപിനാഥന്‍ അവതരിപ്പിക്കും.
 ചര്‍ച്ച 20ന് രാവിലെ 11.30 മുതല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും.

കഠിനംകുളം കായലിലെ ബോട്ട് സര്‍വീസ് പദ്ധതി ഫയലില്‍ ഉറങ്ങുന്നു

Posted: 18 Feb 2014 12:49 AM PST

Subtitle: 
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നുവര്‍ഷമായിട്ടും തുടര്‍നടപടിയില്ല

ചിറയിന്‍കീഴ്: തീരദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമായിരുന്ന ബോട്ട് സര്‍വീസ് പദ്ധതി ഫയലില്‍ ഉറങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കഠിനംകുളം കായലില്‍ 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ട് സര്‍വീസ് പദ്ധതിക്കാണ് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചത്. ജനങ്ങള്‍ക്ക് സമയ-സാമ്പത്തിക ലാഭമുണ്ടാക്കാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പദ്ധതിക്കാവും.
കഠിനംകുളം കായലിന്‍െറ കിഴക്കുള്ളവര്‍ക്ക് പടിഞ്ഞാറുള്ള കഠിനംകുളം, ചാന്നാങ്കര, പുതുക്കുറിച്ചി, പെരുമാതുറ എന്നിവിടങ്ങളിലേക്ക് പോകാന്‍ ബസ് മാര്‍ഗം ഏഴ് കിലോമീറ്റര്‍ മുതല്‍ 24 കിലോമീറ്റര്‍ വരെ യാത്ര ചെയ്യണം. 20 മിനിറ്റ് മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ ഇതിന് വേണ്ടിവരും. എന്നാല്‍, ജലമാര്‍ഗം 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ മതി. പ്രദേശത്തെ മത്സ്യ-കയര്‍-ഈറ്റത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദിവസവും ഇത് അനുഗ്രഹമാകും. ട്രെയിനില്‍ യാത്ര ചെയ്യുന്ന തദ്ദേശവാസികള്‍ക്കും പ്രയോജനമാണ്. മംഗലപുരം, കഠിനംകുളം, അഴൂര്‍, ചിറയിന്‍കീഴ്, കടക്കാവൂര്‍, അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളുടെ ബഹുമുഖ വികസനത്തിനും ഉപകരിക്കും. പദ്ധതിക്കായി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫിസിന് കരിച്ചാറയില്‍ കെട്ടിടം വാടകക്ക് എടുത്ത് നല്‍കാമെന്നും തുടര്‍ന്ന് സ്ഥിരം കെട്ടിടത്തിന് സ്ഥലം കണ്ടെത്താന്‍ സഹായിക്കാമെന്നും കഠിനംകുളം പഞ്ചായത്തധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു.
കായലിലെ പ്രധാനകടവുകളായ കരിച്ചാറ, ചാന്നാങ്കര, കഠിനംകുളം, മുരുക്കുംപുഴ, മുണ്ടുച്ചിറ, പെരുങ്ങുഴി സൗത്ത്, പെരുങ്ങുഴി നോര്‍ത്ത്, ചേരമന്‍തുരുത്ത്, മാടന്‍വിള, അഴൂര്‍കടവ്, പെരുമാതുറ, പുളിമൂട്ടില്‍കടവ്, അഞ്ചുതെങ്ങ്, തോണിക്കടവ്, കടക്കാവൂര്‍ എന്നിവിടങ്ങളില്‍ ഇറിഗേഷന്‍ വകുപ്പിനെക്കൊണ്ട് ബോട്ട്ജെട്ടി ബോട്ട് സര്‍വീസിന് ആവശ്യമായ ആഴമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പുതിയ ജെട്ടികളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ പഞ്ചായത്തുകളുടെ സഹായത്തോടെ താല്‍കാലിക ജെട്ടി നിര്‍മിച്ച് സര്‍വീസ് നടത്താമെന്നും പദ്ധതി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായി പുളിമൂട്ടില്‍കടവില്‍ ബോട്ടുജെട്ടി നിര്‍മിച്ചിട്ടുണ്ട്. മുരുക്കുംപുഴ, പുളുന്തുരുത്തി, താഴംപള്ളി, കായിക്കര എന്നിവിടങ്ങളില്‍ ജെട്ടികളുടെ നിര്‍മാണം ടെന്‍ഡര്‍ ചെയ്തു. 20 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കായലില്‍ സര്‍വീസ് നടത്താന്‍ മൂന്ന് ബോട്ടുകള്‍ ആവശ്യമാണ്. തുടക്കത്തില്‍ ഡീസല്‍, ലൂബ്രിക്കന്‍റ് എന്നിവക്ക് സ്വകാര്യ പമ്പുകളെ ആശ്രയിക്കാനും പെരുമാതുറയിലെ പമ്പ് ഇതിന് കൂടുതല്‍ സൗകര്യപ്രദമാണെന്നും നിര്‍ദേശമുണ്ട്.
ജലഗതാഗത വകുപ്പിന്‍െറ ഡോക്ക് ആന്‍ഡ് റിപ്പയര്‍ വിഭാഗം ആലപ്പുഴയിലും എറണാകുളത്തും മാത്രമാണുള്ളത്. അതിനാല്‍ ആദ്യഘട്ട അറ്റകുറ്റപ്പണിക്ക് സ്വകാര്യ വര്‍ക്ക് ഷോപ്പുകളെ ആശ്രയിക്കണം. 37 തസ്തികകളില്‍ നിയമനം നടത്തണമെങ്കിലും 22 തസ്തികകള്‍ മാത്രം സൃഷ്ടിച്ചാല്‍ മതി. നിലവില്‍ ജലഗതാഗത വകുപ്പിലെ ജീവനക്കാരെ പുന$ക്രമീകരിച്ച് ബാക്കി തസ്തികകള്‍ നികത്താനും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. ബോട്ട് മാസ്റ്റര്‍ -ആറ്, കാഷ്യര്‍ -ഒന്ന്, സ്രാങ്ക് -ആറ്, ഡ്രൈവര്‍ -ആറ്, മെക്കാനിക് -ഒന്ന്, ഇലക്ട്രീഷ്യന്‍ -ഒന്ന്, ബ്ളാക്ക് സ്മിത്ത് -ഒന്ന് എന്നിവയാണ് സൃഷ്ടിക്കേണ്ട തസ്തികകള്‍. ഡീസലിന്‍െറയും ലൂബ്രിക്കന്‍റിന്‍െറയും വില പാസാക്കല്‍, അത്യാവശ്യ റിപ്പയറുകളുടെ ബില്ല് പാസാക്കല്‍, ജീവനക്കാരുടെ ശമ്പളം, പി.എഫ് തുടങ്ങിയവ നല്‍കല്‍ എന്നിവക്കുള്ള അധികാരം കൊല്ലം ബില്ലിങ് സെക്ഷന്‍ സൂപ്രണ്ടിന് നല്‍കും. ജലഗതാഗത വകുപ്പിന് കീഴിലെ എടത്വാ സ്റ്റേഷന്‍ നിര്‍ത്തലാക്കി എടത്വായിലെ ബോട്ടുകളെ നെടുമുടിയില്‍നിന്ന് ഓപറേറ്റ് ചെയ്യിച്ച് സ്റ്റേഷന്‍മാസ്റ്ററെ കഠിനംകുളത്തേക്ക് മാറ്റി നിയമിക്കും. രണ്ട് ചെക്കര്‍മാരെയും എറണാകുളം, ആലപ്പുഴ മേഖലകളില്‍ ക്രമീകരണം നടത്തി നിയമിക്കുമെന്നായിരുന്നു നിര്‍ദേശം.  സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. സമര്‍പ്പിച്ചിട്ട് മൂന്നുവര്‍ഷമായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല.
 

കേന്ദ്രം അനുവദിച്ചില്ലെങ്കിലും നെല്ലിന്‍െറ താങ്ങുവില വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

Posted: 17 Feb 2014 11:01 PM PST

Subtitle: 
ചെമ്പൂക്കാവില്‍ കാര്‍ഷിക സമുച്ചയത്തിന് ശിലയിട്ടു

തൃശൂര്‍: കേന്ദ്രം അനുവദിച്ചില്ലെ്ളങ്കിലും സംസ്ഥാനം നെല്ലിന്‍െറ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  താങ്ങുവില 18ല്‍നിന്ന് 20 രൂപയാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ അപേക്ഷ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വില വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെമ്പൂക്കാവില്‍ കാര്‍ഷിക സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ ആളുകളെ, പ്രത്യേകിച്ചും ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന അവസ്ഥ വന്നിട്ടുണ്ട്. കാര്‍ഷിക- അനുബന്ധ മേഖലയിലെ വികസനം വഴി ആളോഹരി വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനാകും. കര്‍ഷകന് ന്യായവിലയും ഉല്‍പാദനത്തോടൊപ്പം വിപണിയും കണ്ടെത്തിയാലേ കാര്‍ഷിക വികസനം പൂര്‍ണമാവൂ. അതിനുള്ള ഇടപെടലിന്‍െറ ഭാഗമാണ് ഹൈടെക് കൃഷിവ്യാപനം. ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വരവ് ഹൈടെക് കൃഷിക്ക് ഉണര്‍വേകും. കാര്‍ഷികമേഖല മുമ്പ് അനുഭവിച്ച പ്രതിസന്ധി ഇപ്പോഴില്ല.
കാര്‍ഷിക സമുച്ചയത്തിന്‍െറ നിര്‍മാണം പാതിവഴിയില്‍ കിടക്കില്ലെന്നും അതിനുള്ള അനുമതിയും നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കര്‍ഷകന് ഉയര്‍ന്ന വിലയും ഉപഭോക്താവിന് കുറഞ്ഞ വിലയില്‍ ഉല്‍പന്നവും ലഭ്യമാവുന്ന കാലമാണ് കാര്‍ഷികമേഖല ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിലൂടെ വിപണിയിടപെടല്‍ നടത്തിയത് ഇതിന്‍െറ ഭാഗമായിരുന്നു. കൃഷി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അവാര്‍ഡ് നല്‍കി. മേയര്‍ രാജന്‍ ജെ. പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. എം.എല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി. വിന്‍സെന്‍റ്, പി.എ. മാധവന്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും സംസാരിച്ചു.
17.365 കോടി ചെലവിട്ട് എട്ട് നിലകളില്‍ നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ജില്ലാ കൃഷി ഓഫിസ്, സംസ്ഥാന വിത്തുവികസന അതോറിറ്റി, മണ്ണുപരിശോധന ശാലകള്‍, കാര്‍ഷിക എന്‍ജിനീയറിങ് ഓഫിസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസ്, ജില്ലാ ഫിഷറീസ് ഓഫിസ്, ജില്ലാ ക്ഷീരവികസന ഓഫിസ്, കോണ്‍ഫറന്‍സ് ഹാള്‍, വിജ്ഞാന വ്യാപന കേന്ദ്രം, വിപണനകേന്ദ്രം തുടങ്ങിയ ജില്ലാതല കാര്യാലയങ്ങള്‍ കാര്‍ഷിക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും.
 

ആശങ്കകള്‍ പരിഹരിക്കുന്ന ഉത്തരവ് ഉടനെന്ന് ആന്‍േറാ ആന്‍റണി

Posted: 17 Feb 2014 10:53 PM PST

Subtitle: 
ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്

പത്തനംതിട്ട: ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് മലയോര മേഖലയിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ആന്‍േറാ ആന്‍റണി എം.പി പ്രസ്താവനയില്‍ പറഞ്ഞു.  പരിസ്ഥിതി ലോല പ്രദേശങ്ങളെ നിര്‍ണയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കുന്നതായിരിക്കും പുതിയ ഉത്തരവ്.
 വനപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലെ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് ഒഴിവാക്കും. മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കുന്ന ഉത്തരവായിരിക്കും പുറപ്പെടുവിക്കുക എന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലി ഉറപ്പ് നല്‍കിയതായി ആന്‍േറാ ആന്‍റണി പറഞ്ഞു.
 പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഇതുസംബന്ധിച്ച് നേരത്തേ ഇറങ്ങിയ  എല്ലാ ഉത്തരവും അസാധുവാകുമെന്ന് മന്ത്രി അറിയിച്ചതായി എം.പി പറഞ്ഞു.
പരിസ്ഥിതി ലോല മേഖലകളെ നിര്‍ണയിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ചെയര്‍മാനായ ഉമ്മന്‍ വി. ഉമ്മനും എം.പിമാരായ എം.ഐ. ഷാനവാസും താനും വീരപ്പമൊയ്ലിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരള സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിക്ക് കൈമാറിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിന് രൂപം നല്‍കിയതെന്ന് ആന്‍േറാ ആന്‍റണി എം.പി  പറഞ്ഞു.
 

18.95 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

Posted: 17 Feb 2014 10:36 PM PST

Subtitle: 
കോട്ടയത്തെ മാലിന്യപ്രശ്നത്തിന് പരിഹാരമാകുന്നു

കോട്ടയം: നഗരത്തിലെ മാലിന്യസംസ്കരണത്തിന് 18.95 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെറുകിട പട്ടണങ്ങളുടെ വികസനത്തിനായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന പദ്ധതിയുടെ 80 ശതമാനം കേന്ദ്രവും പത്തു ശതമാനം വീതം സംസ്ഥാന സര്‍ക്കാറും മുനിസിപ്പാലിറ്റിയും വഹിക്കണം.
 ബോധവത്കരണം ഉള്‍പ്പെടെ വിപുല പദ്ധതികളാണ് ഈ തുക ഉപയോഗിച്ച് നടപ്പാക്കുന്നത്. ഓടകള്‍ വൃത്തിയാക്കുന്നതിന് 50 ലക്ഷം രൂപ വില വരുന്ന രണ്ട് ഡ്രെയ്നേജ് ക്ളീനര്‍, ജെ.സി.ബി, മിനി ടിപ്പര്‍, സംഭരിച്ച മാലിന്യങ്ങളിലെ ജലാംശം ഒഴിവാക്കി കംപ്രസ് ചെയ്ത് അളവ് കുറക്കുന്നതിനുള്ള 40 ലക്ഷം രൂപ വില വരുന്ന കോംപാക്ടര്‍ വെഹിക്കിള്‍ എന്നിവയും ലഭിക്കും. വടവാതൂരിലെ മാലിന്യപ്രശ്നം ശാസ്ത്രീയമായി പരിഹരിക്കുന്നതിന് 2.15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാണ് ഈതുക വിനിയോഗിക്കുന്നത്. വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലെ പ്ളാന്‍റിന് ചുറ്റും 900 മീറ്ററോളം മലിനജലം ഒഴുകിപ്പോകുന്നതിന് ഓടയും നിര്‍മിക്കും.
ഉറവിട മാലിന്യസംസ്കരണത്തിനായുള്ള ഏഴുകോടി രൂപയുടെ പദ്ധതി പ്രകാരം 4000 വീടുകള്‍ക്ക് ബയോഗ്യാസ് പ്ളാന്‍റുകള്‍ നിര്‍മിക്കും. നിലവില്‍ 2300 ലേറെ പ്ളാന്‍റുകളുടെ നിര്‍മാണം നടന്നുവരികയാണ്. ഇതിനുപിന്നാലെയാണ് 4000 വീടുകളില്‍ കൂടി ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കുന്നത്. കാല്‍ലക്ഷം വീടുകളില്‍ പൈപ് കമ്പോസ്റ്റ് യൂനിറ്റുകളും 2000 റിങ് കമ്പോസ്റ്റ് യൂനിറ്റുകളും സ്ഥാപിക്കും. പ്രാദേശികമായുള്ള മാലിന്യസംസ്കരണത്തിന് 50 ലക്ഷം രൂപ വീതം ചെലവ് പ്രതീക്ഷിക്കുന്ന, രണ്ടു ടണ്‍ വീതം സംഭരണ ശേഷിയുള്ള പത്ത് ബയോഗ്യാസ് പ്ളാന്‍റുകള്‍ വിവിധസ്ഥലങ്ങളില്‍ നിര്‍മിക്കും. ഒരുകോടി രൂപയോളം ചെലവുവരുന്ന അഞ്ച് ടണ്‍ സംഭരണ ശേഷിയുള്ള ഒരു ബയോഗ്യാസ് പ്ളാന്‍റും നിര്‍മിക്കും.
എട്ടു ലക്ഷം രൂപ ചെലവുവരുന്ന മൂന്ന് ഇന്‍സിനറേറ്ററുകള്‍, പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിന് 25 ലക്ഷം രൂപ ചെലവുവരുന്ന മൂന്ന് പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റുകള്‍ എന്നിവയും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
ബോധവത്കരണത്തിനുമാത്രം 57 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സമര്‍പ്പിച്ച പദ്ധതിക്ക് ശുചിത്വമിഷന്‍ ഉള്‍പ്പെടെ ഒട്ടേറെ വകുപ്പുകളുടെ സൂക്ഷ്മ പരിശോധനക്കുശേഷമാണ് കേന്ദ്ര നഗരമന്ത്രാലയം അനുമതി നല്‍കിയത്. കോടിമത പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് ‘ഫിര്‍മ’ നിര്‍മിച്ച ബയോഗ്യാസ് പ്ളാന്‍റ് നഗരസഭ ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരിയാണ്. ശുചിത്വ മിഷന്‍ ഡയറക്ടര്‍ നടത്തിയ പരിശോധനയില്‍ 20 ലേറെ ന്യൂനതകള്‍  കണ്ടെത്തി. ഇത് പരിഹരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഉറവിടമാലിന്യ സംസ്കരണത്തിന്  സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍  വൈസ് ചെയര്‍പേഴ്സണ്‍ രാജം ജി. നായര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായ അഡ്വ. എന്‍.എസ്. ഹരിശ്ചന്ദ്രന്‍, സിന്‍സി പാറേല്‍, ജാന്‍സി ജേക്കബ്, ടി.സി. റോയി, കൗണ്‍സിലര്‍ ടിനോ കെ. തോമസ്, ബിന്ദു സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

നാവികര്‍ക്കെതിരെ "സുവ": അന്തിമ നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി

Posted: 17 Feb 2014 10:30 PM PST

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ "സുവ" നിയമം പൂര്‍ണമായി ഒഴിവാക്കുന്നതിനെകുറിച്ച് നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്.

നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തരുതെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി നല്‍കിയ ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കേസ് നീണ്ടുപോകുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഇറ്റലിയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞു. കടല്‍ക്കൊള്ളക്കാര്‍, തീവ്രവാദികള്‍ എന്നിവര്‍ക്കെതിരെ ചുമത്തുന്ന "സുവ" നിയമം നാവികര്‍ക്ക് ബാധകമല്ളെന്നാണ് ഇറ്റലിയുടെ വാദം.
 

സ്വകാര്യ മേഖലയില്‍ ആറ് ശതമാനം വിദേശികളെ കുറക്കും -മാനവവിഭവ മന്ത്രി

Posted: 17 Feb 2014 10:30 PM PST

Image: 

മസ്കത്ത്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 33 ശതമാനമായി കുറക്കുമെന്ന് മാനവവിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി. നിലവില്‍  39 ശതമാനം വിദേശികള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ സ്വകാര്യമേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളികളുടെ എണ്ണം ക്രമീകരിക്കുന്നതിനും തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികളുടെ വിസ സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി ഇലക്ട്രോണിക് ബന്ധം സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ മേഖലയില്‍ 244,698 സ്വദേശികള്‍ ജോലി ചെയ്യുമ്പോള്‍ 1,308,981 വിദേശികളാണ് ജോലി ചെയ്യുന്നത്. പ്രത്യേക സേവന മേഖലകളില്‍ 242,904 വിദേശികളും പ്രവര്‍ത്തിക്കുന്നു.
തൊഴിലാളി നിയമന നിയന്ത്രണത്തിനും മേഖലയിലെ നിയമപരിഷ്കരണത്തിനും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കഠിന പ്രയത്നമാണ് നടത്തിയത്. വ്യവസായികളുടെ പ്രതിനിധികള്‍, ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ), ഒമാന്‍ ജനറല്‍ ട്രേഡ് യൂനിയന്‍ ഫെഡറേഷന്‍ തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തില്‍ തേടി.
ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍മേഖലയിലെ നിയമങ്ങള്‍ പരിഷ്കരിക്കും. നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (എന്‍.സി.എസ്.ഐ) കണക്ക് പ്രകാരം 2013 അവസാനിക്കുമ്പോള്‍ രാജ്യത്തെ മൊത്തം ജനസംഖ്യ 3.876 ദശലക്ഷത്തിലത്തെിയിട്ടുണ്ട്. ഇതില്‍ 44 ശതമാനം വിദേശികളാണ്. 2010ല്‍ വിദേശികള്‍ 34.9 ശതമാനവും 2003ല്‍ 27.7 ശതമാനവുമായിരുന്നു.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളില്‍ 64 ശതമാനവും പൊതു വിദ്യാഭ്യാസ ഡിപ്ളോമയും ഉന്നത വിദ്യാഭ്യാസവുമുള്ളവരാണ്. 36 ശതമാനമാണ് പൊതു വിദ്യാഭ്യാസ ഡിപ്ളോമ യോഗ്യതയില്ലാത്തവര്‍. അതേസമയം, വിദേശികളില്‍ 71.8 ശതമാനം പേരും പൊതു വിദ്യാഭ്യാസ ഡിപ്ളോമ യോഗ്യത ഇല്ലാത്തവരാണ്. 28.2 ശതമാനം മാത്രമാണ് കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍.
സ്വകാര്യ മേഖലയില്‍ 147,438 സ്വദേശി ജീവനക്കാര്‍ വര്‍ധിച്ചതായി മന്ത്രി പറഞ്ഞു.  57,980 പേര്‍ക്കാണ് പുതുതായി മേഖലയില്‍ നിയമനം നല്‍കിയത്. ഇതില്‍ 43,921 പേര്‍ ജോലിയില്‍നിന്ന് രാജിവെക്കുകയോ പിരിച്ചുവിടപ്പെടുകയോ ആയിരുന്നു. സ്വദേശികള്‍ക്കും  വിദേശികള്‍ക്കുമായി സ്വകാര്യ മേഖലയില്‍ തൊഴില്‍ നല്‍കുന്ന മൊത്തം സ്ഥാപനങ്ങളുടെ എണ്ണം 147,438 ആണ്.
2013ല്‍ 15,885 തൊഴിലാളികളുടെ പേരിലാണ് തൊഴില്‍നിയമ ലംഘന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 7447 പേര്‍ സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവരാണ്. 15 പരിശോധനാ കാമ്പയിനിലൂടെയാണ് ഇത്രയും പേരെ പിടികൂടിയത്.
 തൊഴില്‍ സംബന്ധമായ 4072 പരാതികളാണ് മന്ത്രാലയത്തിലത്തെിയത്. ഇതില്‍ 2217 കേസുകള്‍ (55 ശതമാനം) ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കി. 949 പരാതികള്‍ കോടതിക്ക് വിട്ടു. 906 പരാതികളില്‍ നടപടി പുരോഗമിക്കുകയാണ്.
സ്വകാര്യമേഖലയില്‍ വിവിധ തൊഴിലാളിക്ഷേമ പദ്ധതികള്‍ക്ക് മന്ത്രാലയം നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ ശമ്പളം 325 റിയാലാക്കി ഉയര്‍ത്തി, സാമൂഹിക ഇന്‍ഷുറന്‍സ് പൊതു അതോറിറ്റിയുടെ പെന്‍ഷന്‍ സംവിധാനം ഭേദഗതി ചെയ്തു, വാരാന്ത്യ അവധികള്‍ ഏകീകരിച്ചു, വാഷിക ശമ്പള വര്‍ധന മൂന്ന് ശതമാനത്തില്‍ കുറയരുതെന്ന് നിഷ്കര്‍ഷിച്ചു തുടങ്ങിയ നടപടികളാണ് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
 

കേന്ദ്ര ബജറ്റ്: വ്യവസായമേഖലക്ക് തണുപ്പന്‍ പ്രതികരണം

Posted: 17 Feb 2014 10:25 PM PST

കൊച്ചി: പ്രതീക്ഷിച്ചത് മുഴുവന്‍ നല്‍കിയില്ലെങ്കിലും വ്യവസായ ആസ്ഥാനത്തെ തട്ടിത്തലോടുന്നതായി കേന്ദ്ര ബജറ്റ്. ഏറെ പ്രതീക്ഷക്ക് വകയില്ലാത്തതിനാല്‍ ബജറ്റിനോടുള്ള വ്യാപാര -വ്യവസായ -വാണിജ്യ മേഖലയുടെ പ്രതികരണവും തണുത്തതായി.
കൊച്ചി കേന്ദ്രീകരിച്ച കേരളത്തിന്‍െറ വ്യവസായമേഖലയുടെ വളര്‍ച്ചക്ക് ഗുണകരമായ നിരവധി നിര്‍ദേശങ്ങള്‍ ഉള്ളപ്പോഴും പുനരുദ്ധാരണത്തിനും നവീകരണത്തിനും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത് ഉചിതമല്ലെന്ന നിലപാടിലാണ് വ്യവസായലോകം.
പ്രവാസിക്ഷേമത്തിനും കാര്യമായ പദ്ധതികളും പ്രഖ്യാപിച്ചില്ല. കൊച്ചിയില്‍ വ്യവസായ വികസനത്തിന് ഗുണകരമാകുന്ന പുതിയ പദ്ധതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. കൊച്ചി മെട്രോക്ക് 462.17 കോടി അനുവദിച്ചതാണ് പ്രധാനം.
മെട്രോ റെയിലിന് കേന്ദ്ര വിഹിതം കൃത്യമായി അനുവദിച്ചത് സ്വാഗതാര്‍ഹമാണെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു. കൊച്ചി തുറമുഖത്തിന് 42.84 കോടിയും  കപ്പല്‍ശാലക്ക് 41.10 കോടിയും കേന്ദ്ര ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കൊച്ചിയുടെ വ്യാവസായിക വികസനത്തിന് ഇത് മുതല്‍ക്കൂട്ടാണ്.
അതേസമയം, തുറമുഖത്തിന് അനുവദിച്ച തുക കുറഞ്ഞുപോയി എന്ന അഭിപ്രായമുണ്ട്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്‍െറ പ്രവര്‍ത്തനം ഇനിയും പൂര്‍ണതോതില്‍ എത്താത്ത സാഹചര്യത്തില്‍ അതിന് പ്രത്യേക തുക അനുവദിക്കാത്തതിലും അതൃപ്തിയുണ്ട്. ഏറെ പ്രതിസന്ധി നേരിടുന്ന കൊച്ചി ഫാക്ടിന് കേവലം 42.66 കോടി മാത്രമാണ് അനുവദിച്ചത്. ഫാക്ട് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രധാന ആവശ്യം പ്രകൃതിവാതകത്തിന്‍െറ ഇറക്കുമതി ചുങ്കം ഇല്ലാതാക്കണമെന്നതാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ബജറ്റ് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബജറ്റില്‍ വലിയ കാര്യമൊന്നുമില്ലെങ്കിലും കൂടുതല്‍ ഉപദ്രവം ചെയ്തിട്ടില്ലെന്നത് മാത്രമാണ് ആശ്വാസകരമെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ കെ.എന്‍. മര്‍സൂക് അഭിപ്രായപ്പെട്ടു. റബര്‍ ഇറക്കുമതിക്ക് നിയന്ത്രണമെന്ന റബര്‍ കര്‍ഷകരുടെ ആവശ്യം ഇക്കുറിയും പരിഗണിച്ചിട്ടില്ല. റബര്‍ വില അടിക്കടി ഇടിയുന്നതിന് തടയിടാന്‍ ഇറക്കുമതി നിയന്ത്രണം വേണമെന്ന് കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു. പ്രതീക്ഷക്ക് വിപരീതമായി ആസന്നമായ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് സൗജന്യങ്ങള്‍ ഒന്നും പ്രഖ്യാപിക്കാതെ യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു ഇടക്കാല ബജറ്റാണ് ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചതെന്ന് കേരള മര്‍ച്ചന്‍റ്സ് യൂനിയന്‍ അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ക്ക് പ്രത്യേകിച്ച്,ഇലക്ട്രോണിക്സ്, ഓട്ടോ മൊബൈല്‍ വ്യവസായത്തിന് സെന്‍ട്രല്‍ എക്സൈസ് തീരുവ നിരക്കില്‍ കുറവ് വരുത്തിയത് ഇപ്പോള്‍ മാന്ദ്യം അനുഭവപ്പെടുന്ന ഈ മേഖലക്ക് ഉത്തേജകമാകും. അരി സൂക്ഷിക്കുന്ന ഗോഡൗണുകളെ സര്‍വീസ് ടാക്സില്‍നിന്ന് ഒഴിവാക്കിയത് സ്വാഗതാര്‍ഹ നടപടിയാണെന്നും യൂനിയന്‍ പ്രസിഡന്‍റ് വി.എ. മുഹമ്മദ് അഷ്റഫ് പറഞ്ഞു.
ഇടക്കാല യൂനിയന്‍ ബജറ്റില്‍ സ്പൈസസ് ബോര്‍ഡിന് 104.35 കോടി അനുവദിച്ചതിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ. ജയതിലക് സ്വാഗതം ചെയ്തു. സാമ്പത്തികമാന്ദ്യം നേരിടുന്ന ഈ സാഹചര്യത്തില്‍ തുക വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഇടക്കാല ബജറ്റ് പൊതുവെ സംതൃപ്തി നല്‍കുന്നതാണെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഇ.പി. ജോര്‍ജ് പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ബജറ്റിനെ സ്വാഗതം ചെയ്തു. ഉല്‍പാദക മേഖലക്ക് ഗുണകരമാകുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങളെന്ന് സി.ഐ.ഐ പ്രസിഡന്‍റ് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.മലയാളികളടക്കമുള്ള വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിന് പദ്ധതികളൊന്നും ഇല്ലാത്തത് പ്രവാസി സംഘടനകളെ നിരാശരാക്കിയിട്ടുണ്ട്.
 

പിണറായിയുടെ മാര്‍ച്ച് കൊലയാളികളെ രക്ഷിക്കാന്‍ –ബിന്ദു കൃഷ്ണ

Posted: 17 Feb 2014 10:22 PM PST

ചേര്‍ത്തല: സി.പി.എം നേതാവ് പിണറായി വിജയന്‍ നയിക്കുന്നത് കേരള രക്ഷാമാര്‍ച്ചല്ലെന്നും കൊലയാളി രക്ഷാ മാര്‍ച്ചാണെന്നും മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ബിന്ദു കൃഷ്ണ.
 മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീമുന്നേറ്റ യാത്രക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ടി.പി വധക്കേസില്‍ ജയിലില്‍ കിടക്കുന്ന കൊടിസുനിയെയും കാനായി രാജനെയും പോലുള്ള കൊലയാളികളെ രക്ഷിക്കാനുള്ള മാര്‍ച്ചാണ് പിണറായി വിജയന്‍ നടത്തുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അമ്മമാരും സഹോദരിമാരും കൊലയാളി സംരക്ഷകര്‍ക്കെതിരെ വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ മാമോഗ്രാം മെഷീനും കുടിവെള്ള പദ്ധതിയും

Posted: 17 Feb 2014 10:14 PM PST

Subtitle: 
ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

കാസര്‍കോട്: ജില്ലാ ആശുപത്രിയില്‍ സ്താനാര്‍ബുദ പരിശോധനക്ക്  മാമോഗ്രം സ്ഥാപിക്കുന്നതിന് 2.75 കോടിയുടെയും കുടിവെള്ള സൗകര്യം വര്‍ധിപ്പിക്കാന്‍ രണ്ടുകോടിയുടെയും പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത്   കരട് രൂപരേഖ തയാറാക്കി. എച്ച്.ഐ.വി ബാധിതര്‍ക്കും ക്ഷയരോഗികള്‍ക്കും പോഷകാഹാര വിതരണ പദ്ധതി, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭവന നിര്‍മാണ പദ്ധതി ’തണല്‍’ എന്നിവ നടപ്പാക്കും.  
പട്ടികജാതി -വര്‍ഗ മേഖലയില്‍ രണ്ടുകോടി രൂപ വകയിരുത്തി. ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനും പ്രഫഷനല്‍ വിദ്യാഭ്യാസത്തിനും ധനസഹായം, സാംസ്കാരിക കേന്ദ്രങ്ങള്‍, വിദേശ ജോലിക്ക് സന്നദ്ധമാകുന്നവര്‍ക്ക് ധനസഹായം എന്നിവ നടപ്പാക്കും. ജില്ലയിലെ ഗതാഗത പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് 55 റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തും.
തുളു ഭാഷയുടെ ഉന്നമനത്തിന് ഒരുലക്ഷം രൂപ വിനിയോഗിക്കും. മതസൗഹാര്‍ദം പരിപോഷിപ്പിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലിന് പൈതൃക സംരക്ഷണ പദ്ധതിയും കരട് പദ്ധതിരേഖയുടെ ഭാഗമായി വികസന സെമിനാര്‍ ചര്‍ച്ച ചെയ്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ജില്ലാതല കര്‍മപദ്ധതിക്ക് 60 ലക്ഷം രൂപയും ഈ വിഭാഗത്തില്‍ സ്കോളര്‍ഷിപ്പിനും മറ്റുമായി 15 ലക്ഷം രൂപയും വകയിരുത്തണമെന്ന് നിര്‍ദേശമുണ്ട്.
കവുങ്ങ് കൃഷി വികസനത്തിനും നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും പദ്ധതി തയാറാക്കി. ജലസേചന സൗകര്യം മെച്ചപ്പെടുത്താന്‍ നബാര്‍ഡിന്‍െറ സഹായത്തോടെ ചെക്ഡാമുകളുടെ നിര്‍മാണത്തിനായി നാലുകോടി രൂപ നീക്കിവെക്കും. ഇന്ദിരാ ആവാസ് യോജനയുടെ അധിക വിഹിതം അനുവദിക്കുന്നതിന് പൊതുവിഭാഗത്തിന് രണ്ടുകോടിയും പ്രത്യേക ഘടകപദ്ധതിയില്‍ കൂടുതല്‍ വീടുകള്‍ ഗുണഭോക്താകള്‍ക്ക് അനുവദിക്കുന്നതിന് മൂന്നുകോടി രൂപയും നീക്കി വെക്കണമെന്ന് വികസന സെമിനാര്‍ നിര്‍ദേശിച്ചു.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജനം, പാലിയേറ്റിവ് കെയര്‍, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ ആസ്തി സംരക്ഷണം എന്നിവക്കും പദ്ധതി രൂപവത്കരണത്തില്‍ പ്രാമുഖ്യം നല്‍കും.  
 വികസന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഓമന രാമചന്ദ്രന്‍ വികസന രൂപരേഖയും ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത് മാര്‍ഗനിര്‍ദേശ രേഖയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, പി. ജനാര്‍ദനന്‍, മമതാ ദിവാകര്‍, കെ. സുജാത, പാദൂര്‍ കുഞ്ഞാമു, ഫരീദ സക്കീര്‍ അഹമ്മദ്, പ്രമീള സി. നായക്, എ.കെ.എം. അഷ്റഫ്, ഹരീഷ് പി. നായര്‍, എ. ജാസ്മിന്‍, എം. ശങ്കര്‍ റായി, നസീറ അഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സോമന്‍, കില ഫാക്കല്‍റ്റി പപ്പന്‍ കുട്ടമത്ത് എന്നിവര്‍ സംബന്ധിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP