വട്ടപറമ്പിലും കുറ്റിപ്പുറത്തും സംഘര്‍ഷാവസ്ഥ; നാലുപേര്‍ അറസ്റ്റില്‍ Posted: 14 Feb 2014 12:46 AM PST Subtitle: ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കല്‍ കരുനാഗപ്പള്ളി: ആരാധനാലയങ്ങള്‍ക്കുമുന്നിലും റോഡുവക്കിലും സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതിനെതുടര്‍ന്ന് തഴവ വട്ടപറമ്പിലും കുറ്റിപ്പുറത്തും സംഘര്‍ഷാവസ്ഥ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. തഴവ കുറ്റിപ്പുറത്ത് വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. കരുനാഗപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും കൊടികളും ഫ്ളക്സ് ബോര്‍ഡുകളുമാണ് രാത്രികാലത്ത് നശിപ്പിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ അഞ്ച് സ്ഥലങ്ങളില്‍ ഇവ നശിപ്പിച്ചു. വട്ടപറമ്പില്‍ ഫ്ളക്സുകള്‍ തകര്‍ത്ത തൊടിയൂര്‍ മുഴങ്ങോടി വെളുത്തമണല്‍ പള്ളിയുടെ വടക്കതില്‍ സജീര്‍ (24), തഴവ കടത്തൂര്‍ മീനത്തേരില്‍ വീട്ടില്‍ അജയഘോഷ് (25), ചെറുതിട്ട പടീറ്റതില്‍വീട്ടില്‍ കൃഷ്ണരാജ് (22), നിലയ്ക്കല്‍ വീട്ടില്‍ ശിവസുധന്‍ (23) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച സന്ധ്യയോടെ വട്ടപറമ്പിനുസമീപം ഒരു സംഘടനയുടെ കമാനത്തിനുതാഴെ മറ്റൊരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമത്രേ. പരിസരവാസികള്‍ പൊലീസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എസ്.ഐയും സംഘവുമെത്തി ചര്‍ച്ച നടത്തുന്നതിനിടെ പൊലീസിനുമുന്നില്‍വെച്ച് സുധീര്‍ എന്ന യുവാവ് ഫ്ളക്സ് ബോര്‍ഡ് കീറി. ഇയാളെ പൊലീസ് കൈയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാത്രി 8.30 ഓടെ ബൈക്കിലെത്തിയ മൂന്നംഗസംഘം വട്ടപറമ്പ് പള്ളിക്കുസമീപമുള്ള ഫ്ളക്സ് നശിപ്പിക്കുകയും കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രതികളായ അജയഘോഷിനെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥലത്തെത്തിയ ജനങ്ങളെ പിരിച്ചുവിടുകയും ചെയ്തു. രാത്രി 11 ഓടെ തഴവ കുറ്റിപ്പുറം ജമാഅത്ത് പള്ളിക്കുമുന്‍വശം സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ബൈക്കിലെത്തിയ ഒമ്പതംഗ സംഘം നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കരുനാഗപ്പള്ളി, തഴവ, തൊടിയൂര്‍, കുലശേഖരപുരം, നമ്പരുവികാല എന്നിവിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയടക്കം കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിക്കുന്നതായും പരാതിയുണ്ട്. സംഭത്തില്‍ നടപടിയാവശ്യപ്പെട്ട് തഴവ കുറ്റിപ്പുറത്ത് വ്യാപാരികളും നാട്ടുകാരും ഹര്‍ത്താല്‍ നടത്തി. വലിയകുളങ്ങരയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് തഴവ, തൊടിയൂര്‍ പ്രദേശങ്ങളില്‍ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. നാല് പ്രതികളെയും കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി എ.സി.പി. ആര്‍. ജയശങ്കര്‍, സി.ഐ വിദ്യാധരന്‍, എസ്.ഐ. ജസ്റ്റിന്‍ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രശ്നപ്രദേശങ്ങളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതി ഉദ്ഘാടനം നാളെ Posted: 14 Feb 2014 12:36 AM PST തിരുവ നന്തപുരം: സ്ത്രീകളുടെ സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് കേരള പൊലീസ് ആവിഷ്കരിച്ച ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതിക്ക് ശനിയാഴ്ച തുടക്കമാവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും സ്ത്രീകള്‍ക്ക് സുരക്ഷിതമായും നിര്‍ഭയമായും യാത്ര ചെയ്യാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കലുമാണ് ‘നിര്‍ഭയ കേരളം’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയുന്നതിനുമായി പ്രാദേശിക തലങ്ങളില്‍ വനിതാ വളണ്ടിയര്‍ ഗ്രൂപ്പുകളുടെ രൂപവത്കരണം, മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകലും തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, നിയമലംഘനങ്ങള്‍ തടയുന്നതിനുള്ള ബോധവത്കരണം, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് പരിശീലനം, കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസവും സംരക്ഷണവും എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. വിവിധ എജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍, വനിതാ ജാഗ്രതാ സമിതികള്‍ എന്നിവയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രാദേശിക തലങ്ങളില്‍ നിര്‍ഭയ വളണ്ടിയര്‍ സംഘങ്ങള്‍ക്ക് രൂപംനല്‍കുക. ഓരോ പഞ്ചായത്തില്‍നിന്നും 10 അംഗങ്ങളെ വീതവും മുനിസിപ്പാലിറ്റിയില്‍നിന്ന് 30 അംഗങ്ങളെയും കോര്‍പറേഷനുകളില്‍നിന്ന് 100 അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാതല വനിതാ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കും. യൂനിഫോം, ബാഡ്ജ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉണ്ടാകും. സ്ത്രീസുരക്ഷയും കുറ്റകൃത്യങ്ങളും സംബന്ധിച്ച് ഇവര്‍ക്ക് എസ്.പിമാര്‍വരെയുള്ള ഉദ്യോഗസ്ഥരെ വിവരങ്ങള്‍ അറിയിക്കാം. സംസ്ഥാനത്തൊട്ടാകെ 12000ഓളം നിര്‍ഭയ വളണ്ടിയര്‍മാര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും. അടിസ്ഥാനസൗകര്യങ്ങള്‍, മനുഷ്യ വിഭവശേഷി, വാര്‍ത്താവിനിമയം എന്നിവ നല്‍കി ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലുകള്‍ ശക്തിപ്പെടുത്തും. ഇതിന് വിശ്വാസ്യതയുള്ള എന്‍.ജി.ഒകളുടെ സഹകരണവും തേടും. ആദ്യഘട്ടമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്, കോഴിക്കോട്, കൊച്ചി നഗരം, എന്നിവിടങ്ങളില്‍ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്ലുകള്‍ ആരംഭിക്കും.രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കും. അതിക്രമങ്ങള്‍ക്കെതിരെ സധൈര്യം പരാതി നല്‍കുന്നതിനും അതിക്രമങ്ങള്‍ക്കിരയാവുന്നവരെ സാമൂഹിക മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഷോര്‍ട്ട് സ്റ്റേ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. പരാതിക്കാരോട് സൗമ്യമായി ഇടപെടുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമുള്‍പ്പെടെ പൊലീസ് സേനയില്‍ ക്രിയാത്മക മനോഭാവം സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും നിര്‍ഭയ കേരളം പദ്ധതിയുടെ ഭാഗമാണ്. സ്കൂളുകളിലും മറ്റും പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കും. 70 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. നാളെ എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 11 ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായിരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കും. |
"ഒഞ്ചിയം" ആവര്‍ത്തിക്കാനൊരുങ്ങി ബേഡകം Posted: 13 Feb 2014 11:20 PM PST കാസര്‍ക്കോട്: വിമതര്‍ പരസ്യ വിഭാഗീയ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ബേഡകത്ത് സി.പി.എം അനുനയത്തിന് വഴി തേടുന്നു. കാസര്‍ക്കോട്ട് ഒഞ്ചിയം ആവര്‍ത്തിക്കരുതെന്ന കരുതലോടെയാണിത്. "എം. ഗോപാലന്‍ പഠനകേന്ദ്രം" സ്ഥാപിച്ചാണ് വിമതര്‍ സമാന്തര പ്രവര്‍ത്തനം തുടങ്ങിയത്. മലയോര മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയ നേതാവായിരുന്നു എം. ഗോപാലന്‍. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക സമ്മേളനങ്ങള്‍ പാര്‍ട്ടി ഔദ്യോഗിക നേത്യത്വവും വിമതരും വേറിട്ട് നടത്തിയപ്പോള്‍ ആള്‍ബലത്തില്‍ വിമതര്‍ മേല്‍കൈ നേടി. എം. ഗോപാലന്റെ സഹപ്രവര്‍ത്തകനും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി. ഗോപാലന്‍ മാസ്റ്റര്‍ നേത്യത്വം നല്‍കിയ വിമത സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിഅംഗം പി. ദിവാകരനുള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ജന്മിത്വത്തിനെതിരായ സമരത്തില്‍ രക്തസാക്ഷികളുടെ രണഭൂമിയായതാണ് ഒഞ്ചിയത്തിന്റെ ചരിത്രമെങ്കില്‍ കോണ്‍ഗ്രസ്‌സി.പി.എം പോരാട്ടത്തിന്റെ രക്തസാക്ഷികള്‍ എമ്പാടുമുള്ള മലയോരമാണ് ബേഡകം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് നല്‍കാനുള്ള തീരുമാനമാണ് ഒഞ്ചിയം മേഖലയില്‍ ടി.പി. ചന്ദ്രശേഖരനും കൂട്ടരും പാര്‍ടി സംസ്ഥാന നേത്യത്വത്തിനെതിരെ തിരിഞ്ഞതെങ്കില്‍ ബേഡകത്ത് പാര്‍ട്ടി സമ്മേളനം തെരഞ്ഞെടുത്ത ഏരിയാ സെക്രട്ടറിയെ അംഗീകരിക്കില്ലെന്ന ശാഠ്യമാണ് പ്രശ്‌നം. സംഘടനാതലത്തില്‍ വിലയിരുത്തുമ്പോള്‍ ഒഞ്ചിയത്തേക്കാള്‍ ഗുരുതരമാണ് ബേഡകം. 2011ലെ ഏരിയാ സമ്മേളനമാണ് സി. ബാലനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതിനെതിരെ വിഭാഗീയ പ്രവര്‍തനം രൂക്ഷമായതിനാല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ. ബാലക്യഷ്ണന്‍, എം. രാജഗോപാല്‍ എന്നിവര്‍ക്ക് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൂന്ന് ദിവസം കാസര്‍ക്കോട് തങ്ങി ചര്‍ച്ച ചെയ്ത് പരിഹരിച്ച പ്രശ്‌നങ്ങളിലൊന്നായിരുന്നു ബേഡകം. എന്നാല്‍ സി. ബാലനെ ഏരിയാ സെക്രട്ടറിയായി ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെ പാര്‍ട്ടിയില്‍ കലാപവും തുടങ്ങി. ഒഞ്ചിയം പ്രശ്‌നം വന്നപ്പോള്‍ പിണറായി വിജയനും ഇ.പി. ജയരാജനും സി.പി.എം വേദികളിലെ പ്രസംഗങ്ങളില്‍ പ്രയോഗിച്ചത് 'വെട്ടും' ശൈലിയായിരുന്നു. സി.പി.എമ്മിനേക്കാള്‍ കരുത്തുള്ള പാര്‍ട്ടിയായി ഒഞ്ചിയം മേഖലയില്‍ ആര്‍.എം.പി മാറിയതായിരുന്നു ഫലം. ബേഡകത്ത് പി. ഗോപാലന്‍ മാസ്റ്ററുടെ നേത്യത്വത്തില്‍ സ്ഥാപിച്ച എം. ഗോപാലന്‍ പഠന കേന്ദ്രം മറ്റൊരു ആര്‍.എം.പിയായി രൂപപ്പെടാം. ഇതൊഴിവാക്കാന്‍ ഏതറ്റം വരെയും താഴ്ന്ന് വിമതരോട് രഞ്ജിപ്പിലെത്തധാന്‍ വഴി തേടുകയാണ് പാര്‍ട്ടി ജില്ലാ നേത്യത്വം. |
രണ്ടാം ടെസ്റ്റ്: ന്യൂസിലന്‍ഡ് 192ന് പുറത്ത്, ഇന്ത്യ രണ്ട് വിക്കറ്റിന് 100 റണ്‍സ് Posted: 13 Feb 2014 11:06 PM PST വെലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. ഒന്നാം ദിനം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡിനെ 192 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 100 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ മുരളി വിജയ് രണ്ട് റണ്‍സിനും ചേതേശ്വര്‍ പൂജാര 19 റണ്‍സിനുമാണ് പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ (71), ഇശാന്ത് ശര്‍മ (2) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടാന്‍ ടീം ഇന്ത്യക്ക് 92 റണ്‍സ് കൂടി വേണം. ആറ് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. വില്യംസ് (47), ജിമ്മി നിഷാം (33), ടിം സൗത്തി (32) മികച്ച പ്രകടനം പുറത്തെടുത്തു. മുരളി വിജയിയെ സൗത്തിയും ചേതേശ്വര്‍ പൂജാരയെ ബൗള്‍ട്ടിയുമാണ് പുറത്താക്കിയത്. |
മയിലുകളുടെ വിളയാട്ടം; പാടത്ത് കൃഷി മുടങ്ങി Posted: 13 Feb 2014 10:55 PM PST Subtitle: എളവള്ളി പാറമുതല്‍ പറക്കാട് വരെയാണ് മയില്‍ശല്യം കൂടുതല്‍ പാവറട്ടി: മയിലുകളുടെ ശല്യംമൂലം എളവള്ളി പഞ്ചായത്തിലെ അഞ്ച് ഏക്കര്‍ പാടത്ത് ഇത്തവണ കൃഷിയിറക്കിയില്ല. നെല്ല് വിളഞ്ഞാല്‍ കൂട്ടമായി എത്തുന്ന മയിലുകള്‍ വിളകള്‍ തിന്നും ചെടികള്‍ ചവിട്ടിയൊടിച്ചും നശിപ്പിക്കുന്നതിനാലാണ് കര്‍ഷകര്‍ കൃഷിയിറക്കാഞ്ഞത്. എളവള്ളി പാറമുതല്‍ പറക്കാട് വരെയുള്ള പടിഞ്ഞാറ് ഭാഗത്തെ അഞ്ച് ഏക്കര്‍ പാടമാണ് മയിലുകളുടെ വിളയാട്ടം കാരണം തരിശിട്ടത്. കൃഷി ഇറക്കിയ വാക കാക്കാതുരുത്ത് പാടം, കുണ്ടുപാടം, ബ്രാലായികാട്ടുപാടം എന്നിവിടങ്ങളിലെ നെല്ല് മുഴുവന്‍ കൊത്തിത്തിന്നും ചെടികള്‍ ചവിട്ടി ഒടിച്ചും നശിപ്പിക്കുന്നുണ്ട്. വീടുകളിലെയും പാടങ്ങളിലേയും പച്ചക്കറികളുടെ തളിരും കൂമ്പും ഇവ കൊത്തിത്തിന്നുന്നതിനാല്‍ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രദേശത്തെ കുന്നുകളും മരങ്ങളും മണ്ണ് മാഫിയ ഇടിച്ച്നിരത്തുകയും വെട്ടിനശിപ്പിക്കുകയും ചെയ്തതോടെ ഇവയുടെ വാസ സ്ഥലങ്ങള്‍ നഷ്ടപ്പെടുകയും ഭക്ഷണവും ലഭിക്കാതാവുകയും ചെയ്തു. ഇതോടെ ഇവ കൂട്ടത്തോടെ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കുടിയേറി. ദേശീയ പക്ഷിയായ മയിലിനെ ഉപദ്രവിക്കുന്നതും കെണിവെച്ച് പിടിക്കുന്നതും ഗുരുതരമായ കുറ്റമായതുകൊണ്ട് കര്‍ഷകര്‍ നിസ്സഹായരാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ലഭിക്കുന്ന ചുവന്ന റിബണ്‍ പാടശേഖരങ്ങളില്‍ വ്യാപകമായി കെട്ടിയാല്‍ മയിലുകള്‍ വരില്ലെന്ന് കൃഷി ഓഫിസര്‍ കെ.ജെ. ഒനില്‍ പറഞ്ഞു. വല കെട്ടിയും കൃഷിയിടം സംരക്ഷിക്കാം. എന്നാല്‍ ഇവക്ക് ഏറെ ചെലവ് വരുന്നതിനാല്‍ പ്രായോഗികമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. വനംവകുപ്പിന്‍െറ അനുമതിയോടെ മയിലുകളെ പിടികൂടി അകലെയുള്ള വനത്തില്‍ കൊണ്ടുവിടാന്‍ ശ്രമം നടത്തുമെന്ന് കൃഷിഓഫിസര്‍ പറഞ്ഞു. |
ഹൈടെക് കാലിത്തീറ്റ ഫാക്ടറി ശിലാസ്ഥാപനം ഇന്ന് Posted: 13 Feb 2014 10:40 PM PST Subtitle: ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം തൊടുപുഴ: മന്ത്രിസഭ 1000ദിനം പൂര്‍ത്തിയാക്കുന്നതിന്‍െറ ഭാഗമായി കേരള ഫീഡ്സ് ലിമിറ്റഡ് ജില്ലയില്‍ ആരംഭിക്കുന്ന ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകുന്നേരം 3.30ന് തൊടുപുഴ അരിക്കുഴ കേരള ഫീഡ്സ് നഗറില്‍ മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കും. മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. പി.ടി. തോമസ് എം.പി മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ റോഷി അഗസ്റ്റ്യന്‍, ഇ.എസ്. ബിജിമോള്‍, കെ.കെ. ജയചന്ദ്രന്‍, എസ്. രാജേന്ദ്രന്‍, ജോസഫ് വാഴക്കന്‍, ടി.യു. കുരുവിള, ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, കലക്ടര്‍ അജിത് പാട്ടീല്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല സ്റ്റീഫന്‍, തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോര്‍ജി ജോര്‍ജ്, തൊടുപുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ജോസ് എന്നിവര്‍ സംസാരിക്കും. നിര്‍ദിഷ്ട കാലിത്തീറ്റ ഫാക്ടറിയുടെ പ്രതിദിന ഉല്‍പാദനശേഷി 500 മെട്രിക് ടണ്‍ ആണ്. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 66.6 കോടി രൂപ മുതല്‍ മുടക്കിയാണ് ലോകോത്തര നിലവാരത്തില്‍ ഫാക്ടറി നിര്‍മിക്കുന്നത്. ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, ഐ.എഫ്.എസ് മാനേജിങ് ഡയറക്ടര്‍ പി.കെ. പഥക്, കേരള ഫീഡ്സ് ലിമിറ്റഡ് ഡയറക്ടര്‍ സലിം മടവൂര്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ കെ.ടി. സരോജിനി, ഫിനാന്‍സ് ഡിപ്പാര്‍ട്മെന്‍റ് അഡീഷനല്‍ സെക്രട്ടറി ടി.എസ്. ഷീജ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഒ.എം. മോഹനന്‍, എം.പി.ഐ മാനേജിങ് ഡയറക്ടര്‍ എം.സുരേഷ്കുമാര്‍, കെ.എല്‍.ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ജോസ് ജയിംസ്, കെ.എസ്.പി.ഡി.സി മാനേജിങ് ഡയറക്ടര്‍ കെ.എന്‍. നൗഷാദ് അലി, കിറ്റ്കോ മാനേജിങ് ഡയറക്ടര്‍ സിറിയക് ഡേവിസ്, ടി.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കല്ലട രമേശ്, എം.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ കെ.എന്‍. സുരേന്ദ്രന്‍ നായര്‍, ഇ.ആര്‍.സി.എം.പി.യു മാനേജിങ് ഡയറക്ടര്‍ സുശീല്‍ ചന്ദന്‍, പി.എം.എം സെല്‍ ഡയറക്ടര്‍ ബാലചന്ദ്രന്‍, ഇടുക്കി നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് മാനേജര്‍ ദീപ എസ്.പിള്ള, തൊടുപുഴ റബര്‍ മാര്‍ക്കറ്റിങ് പ്രസിഡന്‍റ് എം.ജെ. ജേക്കബ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉഷ കെ.മേനോന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ കെ.ജെ. മറിയാമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകണ്ഠന്‍ നായര്‍, അരീക്കുഴ കൃഷി ഫാം സൂപ്രണ്ട് ലിയോണി തോമസ്, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. |
അടൂര്‍ ടെലിഫോണ്‍ ഭവന്‍: എം.പിമാരുടെ വാഗ്ദാനം വീണ്‍വാക്കായി Posted: 13 Feb 2014 10:35 PM PST അടൂര്‍: അടൂരില്‍ ടെലിഫോണ്‍ ഭവന്‍ നിര്‍മിക്കണമെന്ന തദ്ദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നടപ്പായില്ല. ഇതു സംബന്ധിച്ച് എം.പിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയായി. കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് എം.പി ആയപ്പോഴാണ് അടൂരില്‍ ടെലിഫോണ്‍ ഭവന്‍ നിര്‍മിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ‘98ല്‍ സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്രനും ടെലിഫോണ്‍ ഭവന്‍ നിര്‍മാണത്തെക്കുറിച്ച് വാചാലനായി. ‘99ല്‍ വീണ്ടും വിജയിച്ച കൊടിക്കുന്നിലും 2004ല്‍ എം.പിയായ ചെങ്ങറയും ടെലിഫോണ്‍ ഭവന്‍ വാഗ്ദാനം തുടര്‍ന്നു. ഏറ്റവും ഒടുവില്‍ 2006 ഡിസംബറില്‍ അടൂര്‍ ഡിവിഷനിലെ മൊബൈല്‍ ടെലികോം സംവിധാനങ്ങളുടെ സമര്‍പ്പണവേളയില്‍ ചെങ്ങറയുടെ തനിയാവര്‍ത്തനം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ടെലിഫോണ്‍ ഭവന്‍ നിര്‍മിക്കുന്നതിന് നഗരത്തില്‍ സ്ഥലം കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആന്‍േറാ ആന്‍റണി എം.പിയായപ്പോള്‍ ടെലിഫോണ്‍ ഭവനെക്കുറിച്ച് ഒന്നും മിണ്ടിയതുമില്ല. നഗരത്തില്‍ പലയിടത്തായി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം ഓഫിസുകളും എക്സ്ചേഞ്ചും ഒരു കൂരക്കു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 14വര്‍ഷം മുമ്പ് ടെലിഫോണ്‍ ഭവന്‍ നിര്‍മിക്കാനുള്ള നടപടി തുടങ്ങിയത്. മറ്റു സ്ഥലങ്ങളില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ചുകള്‍ക്കും ഓഫിസുകള്‍ക്കും കെട്ടിടം പണിയുക എന്ന ലക്ഷ്യവും അന്നുണ്ടായിരുന്നു. എന്നാല്‍ ടെലികോം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ആയപ്പോള്‍ പഴയനയം തിരുത്തി. പ്രാദേശിക ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നായി ബി.എസ്.എന്‍.എല്‍ അധികൃതരുടെ നിലപാട്. അടൂരില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന 20 സെന്‍റ് സ്ഥലം മാത്രമാണ് ബി.എസ്.എന്‍.എല്ലിന് സ്വന്തമായുള്ളത്. പാര്‍ഥസാരഥി ക്ഷേത്രത്തിന് എതിര്‍വശത്തെ വാടകക്കെട്ടിടത്തിലാണ് ഉപഭോക്തൃസേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നയനം തിയറ്ററിനടുത്ത് ജൂനിയര്‍ ടെലികോം ഓഫിസും മൂന്നാളം റോഡരികില്‍ ടെലിഗ്രാഫ്സ് എസ്.ഡി ഓഫിസും പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം വാടകക്കെട്ടിടത്തിലാണ്. ഇവക്ക് പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലേറെ രൂപ വാടക നല്‍കുന്നുണ്ട്. മൂന്നാളം പാതയരികില്‍ ഒന്നര ഏക്കര്‍ സ്ഥലം ടെലിഫോണ്‍ ഭവന്‍ നിര്‍മിക്കാന്‍ കണ്ടെത്തിയിരുന്നു. ടെലികോം സിവില്‍ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തിരുവല്ല ടെലികോം ജനറല്‍ മാനേജറുടെ മറുപടി അടൂര്‍ ഡിവിഷന്‍ എന്‍ജിനീയര്‍ക്ക് വൈകിയാണ് ലഭിച്ചത്. മൂന്നുവര്‍ഷം കാത്തിരുന്ന സ്ഥലമുടമ വസ്തു നല്‍കിയില്ല. പിന്നീട് ഫയര്‍സ്റ്റേഷന് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ കഴിയില്ലെന്ന് സ്ഥലമുടമ പറഞ്ഞു. ടെലിഫോണ്‍ ഭവന്‍ പ്രാവര്‍ത്തികമായാല്‍ ബി.എസ്.എന്‍.എല്ലിന്റെവിവിധ ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് നെട്ടോട്ടമോടേണ്ടിവരില്ല. പള്ളിക്കല്‍, പെരിങ്ങനാട്, പഴകുളം, കിളിവയല്‍, പറക്കോട്, കുണ്ടോംവെട്ടത്തുമലനട, ഏഴംകുളം, ഇളമണ്ണൂര്‍, പുതുവല്‍ എക്സ്ചേഞ്ചുകളും വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം. കടമ്പനാട് എക്സ്ചേഞ്ചിനു മാത്രമാണ് സ്വന്തം കെട്ടിടമുള്ളത്. |
ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടം തുറന്നു Posted: 13 Feb 2014 10:28 PM PST ഗാന്ധിനഗര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കുന്ന കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അതീവജാഗ്രത പാലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതുതായി നിര്‍മിച്ച ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതിരഹിതമായി പ്രവര്‍ത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറാകണം. പൊലീസിന്‍െറ പ്രവര്‍ത്തനം ജനാധിപത്യപരമായിരിക്കണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിന്‍േറത്. ജനാധിപത്യ ക്രമത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവസരമുണ്ട്. പ്രതിഷേധങ്ങള്‍ നിയമലംഘനത്തിലേക്ക് തിരിയാതെ നോക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പൊതുപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, അനാവശ്യമായതും നിയമവിരുദ്ധമായതുമായ ഇടപെടലുകള്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുരേഷ്കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, തോമസ് ചാഴിക്കാടന്‍, ഏറ്റുമാനൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ ബാനര്‍ജി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. ജോര്‍ജ്, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് കോട്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് വാസന്തി തങ്കേശന്‍, കൗണ്‍സിലര്‍ ദേവസ്യാച്ചന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ് സ്വാഗതവും ഡിവൈ.എസ്.പി വി. അജിത് നന്ദിയും പറഞ്ഞു. 4625 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഷനാണ്. |
ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കരുതെന്ന് ഗവര്‍ണര്‍; വിട്ടു വീഴ്ചക്കില്ളെന്ന് കെജ് രിവാള്‍ Posted: 13 Feb 2014 10:23 PM PST ന്യൂഡല്‍ഹി: ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാവില്ളെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ്. നിയമസഭാ സ്പീക്കറെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. എന്നാല്‍, ബില്ല് പാസാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചക്കില്ളെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ബില്‍ അവതരണം ഇനിയും വൈകുന്നപക്ഷം താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വെക്കുമെന്ന് കഴിഞ്ഞ ദിവസം കെജ് രിവാള്‍ അറിയിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെ കോണ്‍ഗ്രസ് ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ബില്ല് അവതരിപ്പിക്കാനായില്ല. ബില്ലിനെ ചൊല്ലി കേന്ദ്രവും ഡല്‍ഹി സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത രൂക്ഷമാവുകയാണ്. ലെഫ്റ്റനന്‍റ് ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും അനുമതിയില്ലാതെ ജന ലോക്പാല്‍ ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബില്ലിനെ ചൊല്ലി സര്‍ക്കാര്‍ വീണാല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കി മുന്നോട്ടുപോവാനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. |
പൊതു –സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 50 കോടി വകയിരുത്തി Posted: 13 Feb 2014 10:21 PM PST Subtitle: തൃപ്പൂണിത്തുറ നഗരസഭ ബജറ്റ് തൃപ്പൂണിത്തുറ: കൊച്ചി മെട്രോ സര്‍വീസ് തൃപ്പൂണിത്തുറ നഗരത്തിലെത്തുന്നതോടെ അനുബന്ധ വികസന കുതിപ്പ് ലക്ഷ്യമിട്ടുള്ള നഗരസഭയുടെ നിര്‍ദിഷ്ട ബസ് ടെര്‍മിനല്‍ പദ്ധതിക്ക് മുന്‍ഗണന നല്‍കുന്ന 2014-15ലെ നഗരസഭ ബജറ്റ് ജനപ്രതിനിധികളുടെ അംഗീകാരത്തിനായി വ്യാഴാഴ്ച കൗണ്‍സില്‍ യോഗം മുമ്പാകെ അവതരിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ധനകാര്യകമ്മിറ്റി ചെയര്‍പേഴ്സണ്‍ തിലോത്തമ സുരേഷ് അവതരിപ്പിച്ച 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 1,25,90,55,570 രൂപ വരവും, 1,24,43,34,237 രൂപ ചെലവും 1,47,21,333 രൂപ നീക്കിയിരിപ്പും കാണിക്കുന്നു. ഈ കൗണ്‍സിലിന്‍െറ നാലാമത്തെ ബജറ്റാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപം ബസ് ടെര്‍മിനല്‍ സിറ്റി സ്റ്റാന്‍ഡ് അനുബന്ധ റോഡുകള്‍ എന്നിവയുള്‍പ്പെടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 50 കോടി രൂപയാണ് ബജറ്റില്‍ വകയിരിത്തിയിട്ടുള്ളത്. കൊച്ചി മെട്രോ റെയില്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് നീട്ടുന്നതോടെ വികസന കുതിപ്പാണ് നഗരസഭ ലക്ഷ്യമാക്കുന്നത്. വിവിധ ജനക്ഷേമവികസനം പട്ടികജാതി ക്ഷേമം എന്നിവക്ക് 15.13 കോടി നീക്കി വെച്ചിരിക്കുന്നു. പൊതു വിഭാഗത്തിന് വേണ്ടി 5.27 കോടിയും റോഡ് വികസനത്തിന് 1.67 കോടിയും മാറ്റിവെച്ചിട്ടുണ്ട്. വാര്‍ഡ് തലത്തിലുള്ള റോഡുകളുടെ വികസനത്തിനും കാനകള്‍ കെട്ടുന്നതിനും 5.83 കോടിയും ഏരൂര്‍ മേല്‍പാലം പണിയുന്നതിന് സ്ഥലമെടുക്കുമ്പോള്‍ ഒഴിപ്പിക്കുന്നവരുടെ പുനരധിവാസത്തിന് രണ്ട് കോടിയും പാലസ് അഡ്മിസ്ട്രേഷന്‍ ബോര്‍ഡിന്‍െറ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് നാല് കോടിയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. നഗരസഭയുടെ തനത് വരുമാനം കൂടുന്ന കണ്ണന്‍കുളങ്ങര ഷോപ്പിങ് കോംപ്ളക്സിന്‍െറയും കമ്യൂണിറ്റി ഹാളിന്‍െറയും നിര്‍മാണത്തിന് അഞ്ച് കോടി വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 287 പ്രവര്‍ത്തികള്‍ക്കായി 223 ലക്ഷവും ബയോഗ്യാസ് പദ്ധതി, മാലിന്യ സംസ്കരണം എന്നിവക്ക് 75 ലക്ഷവും വെള്ളക്കെട്ട് നിയന്ത്രണം, കനാല്‍ സംരക്ഷണം, കനാലുകളിലെ മാലിന്യ നിയന്ത്രണം എന്നിവക്ക് 10 കോടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നികുതിയേതര വരുമാനം ലക്ഷ്യമിട്ടുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക്, ടൗണ്‍ സ്വകയര്‍, വാട്ടര്‍ ടൂറിസം, തണ്ണീര്‍ചാല്‍ പദ്ധതി എന്നിവക്കായി 125 കോടിയും രാജീവ് ആവാസ് യോജന പദ്ധതിക്ക് മൂന്ന് കോടിയും വകയിരുത്തി. തിരുവാങ്കുളം ഭാഗത്തെ ഗുരുതരമായ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് മാമല-ചിത്രപ്പുഴ ബണ്ട് റോഡിന് (ബൈപാസ്) 25 ലക്ഷം, വൃദ്ധജന സംരക്ഷണത്തിനുള്ള സ്വാന്തനം പദ്ധതിക്ക് 25 ലക്ഷം, വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കായി 4.9 കോടി എന്നിങ്ങനെ വകയിരുത്തുന്നു. ഗ്യാസ് ക്രമറ്റോറിയത്തിലെ മൃതദേഹ സംസ്കരണത്തിന് 2500 രൂപ എന്നുള്ളത് കുറവ് ചെയ്ത് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രം 1000 രൂപയാക്കിയിട്ടുണ്ട്. അതേസമയം, സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ ദുരിതം പേറുന്ന ഹൃദ്രോഗികള്‍, കാന്‍സര്‍-വൃക്ക രോഗികള്‍ തുടങ്ങിയ ഗുരുതര രോഗികള്‍ക്കുള്ള ചികിത്സാസഹായ നിധി രൂപീകരിക്കുന്നതിന് രണ്ട് രൂപ മാത്രമാണ് ബജറ്റില്‍ നഗരസഭ നീക്കിവെച്ചിട്ടുള്ളത്. നഗരസഭ ഓഫിസിന്‍െറ ലായം ഡി ബ്ളോക്കിന് 1.25 കോടിയും നഗരസഭയുടെ മേക്കരയിലെ 4.71 ഏക്കറില്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ പ്രാരംഭ ജോലിക്ക് 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ബജറ്റ് ചര്‍ച്ച വെള്ളിയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നടക്കും. |
No comments:
Post a Comment