സ്വാഗതം
WELCOME

News Update..

Monday, February 17, 2014

കുന്നത്തൂരില്‍ വയല്‍ നികത്തല്‍ തുടരുന്നു; നെടിയാട്ടുപുറം ഏലായും വിസ്മൃതിയിലേക്ക് Madhyamam News Feeds

കുന്നത്തൂരില്‍ വയല്‍ നികത്തല്‍ തുടരുന്നു; നെടിയാട്ടുപുറം ഏലായും വിസ്മൃതിയിലേക്ക് Madhyamam News Feeds

Link to

കുന്നത്തൂരില്‍ വയല്‍ നികത്തല്‍ തുടരുന്നു; നെടിയാട്ടുപുറം ഏലായും വിസ്മൃതിയിലേക്ക്

Posted: 17 Feb 2014 12:51 AM PST

Subtitle: 
ശാസ്താംകോട്ടതടാകത്തിലെ ജലനിരപ്പ് താഴാതെ സൂക്ഷിക്കുന്നതില്‍ ഏലായ്ക്ക് പ്രധാന പങ്ക്

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ രണ്ട് ജൈവപ്രധാന മേഖലകളില്‍ വന്‍തോതില്‍ നെല്‍പ്പാടവും ചതുപ്പുനിലവും മണ്ണിട്ട് നികത്തുന്നു. ജില്ലാകലക്ടര്‍ക്ക് ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശപ്രകാരം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റപ്പെട്ട അനുകൂല സാഹചര്യം ചില ഉദ്യോഗസ്ഥരും മണ്ണുമാഫിയയും ചേര്‍ന്ന് ചൂഷണംചെയ്യുകയാണെന്നാണ് ആക്ഷേപം. നെടിയാട്ടുപുറം ഏലായില്‍ ഞായറാഴ്ച നൂറുകണക്കിന് ലോഡ് കരമണ്ണാണ് നികത്താന്‍വേണ്ടി ഇറക്കിയത്. ശാസ്താംകോട്ട ശുദ്ധജലതടാകത്തിനും കല്ലടയാറിനും മധ്യേയുള്ള ഏല അതീവപരിസ്ഥിതിപ്രാധാന്യമുള്ളതാണ്. ശുദ്ധജലതടാകത്തിലെ ജലനിരപ്പ് താഴാതെ സൂക്ഷിക്കുന്നത് ഈ ഏലാ കല്ലടയാറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. 18 വര്‍ഷമായി കല്ലടയില്‍ നടക്കുന്ന വയല്‍മണല്‍ ഖനനത്തില്‍ ഏതാണ്ട് എല്ലാ ഏലാകളും വന്‍ വെള്ളക്കെട്ടായിരിക്കുകയാണ്.
ശാസ്താംകോട്ട പഞ്ചായത്തിലെ ചതുപ്പായ മുസ്ലിയാര്‍ ഫാം പ്രദേശത്ത് മണ്ണിട്ട് കരയാക്കപ്പെടുന്ന ഭൂമിക്ക് സെന്‍െറാന്നിന് 10 ലക്ഷത്തിനുമേല്‍ വിലകിട്ടും.
ഭരണിക്കാവ് ടൗണിന് തൊട്ടു ചേര്‍ന്നുകിടക്കുന്ന ഈ ഭൂമിയുടെ മൂല്യത്തിനനുസരിച്ചാണ് കോഴനിരക്ക്.
വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍പെട്ട് പുനരധിവസിക്കപ്പെട്ട 50 ലധികം കുടുംബങ്ങള്‍ ഇപ്പോള്‍ ഫാമിനോടു ചേര്‍ന്ന് താമസിക്കുന്നുണ്ട്. ഇവരുടെ എതിര്‍പ്പുകള്‍ ഉദ്യോഗസ്ഥ സഹായത്തോടെ നിര്‍വീര്യമാക്കിയാണ് മൂന്ന് ദിവസമായി നികത്തല്‍ നടക്കുന്നത്.
നികത്തലുകള്‍ സംബന്ധിച്ച പരാതികള്‍ക്ക് ഉദ്യോഗസ്ഥര്‍ ചെവികൊടുക്കാത്തതിനുപിന്നില്‍ ഓഫിസിനുപുറത്ത് നടക്കുന്ന ഇടപാടുകളാണെന്ന് കുന്നത്തൂര്‍ നിവാസികള്‍ ആരോപിക്കുന്നു.

പരിസ്ഥിതിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നടപ്പാക്കണം –കോടിയേരി

Posted: 17 Feb 2014 12:44 AM PST

പാലോട്: പരിസ്ഥിതിസംരക്ഷണത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരിസ്ഥിതിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. 51 ാമത് പാലോട് കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അങ്ങനെയല്ല. ഗാഡ്ഗിലാകട്ടെ പരിസ്ഥിതി സംബന്ധമായ കാര്യങ്ങള്‍മാത്രമാണ് പരിഗണിച്ചത്. ശാസ്ത്രീയപഠനം നടത്തി തയാറാക്കാത്ത ഇവരണ്ടും ഉദ്യോഗസ്ഥ മേധാവിത്വപരമായ റിപ്പോര്‍ട്ടാണ്.
കര്‍ഷക സംഘടനകളെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പ്രായോഗികമായ റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്. കാര്‍ഷികമേഖലയെക്കുറിച്ച് പഠിച്ച് കൃഷ്ണന്‍കുട്ടി കമീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും നിയമസഭക്ക് കഴിഞ്ഞിട്ടില്ല. ഇത് കൃഷിയോടുള്ള സര്‍ക്കാറിന്‍െറ നിലപാടിനെയാണ് വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
യോഗത്തില്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മനേഷ് ജി.നായര്‍ സ്വാഗതം പറഞ്ഞു. വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് വി.കെ. മധു, ഗുരുരത്നം ജ്ഞാനതപസ്വി, പേരയം ശശി, കെ.ശിവന്‍കുട്ടി നായര്‍, ഡി.രഘുനാഥന്‍ നായര്‍, കെ.സന്തോഷ്, വി.പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു. മേളയോടനുബന്ധിച്ച് നടന്ന വിവിധ കലാമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മികച്ച കാര്‍ഷിക വിളകള്‍ പ്രദര്‍ശിപ്പിച്ച മൈലമൂട് പ്രഭാകരനും റോബിന്‍സണും ഉപഹാരങ്ങള്‍ നല്‍കി.

വ്യവസായ മുരടിപ്പ് അകറ്റുന്നതിന് ബജറ്റില്‍ ഊന്നല്‍

Posted: 17 Feb 2014 12:29 AM PST

Image: 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീകത്തെക്കാള്‍ ധനമന്ത്രി പി.ചിദംബരം ഇക്കുറി ഊന്നല്‍ നല്‍കിയത് മാന്ദ്യവും വ്യവസായ വളര്‍ച്ചാ മുരടിപ്പും നേരിടുന്നതിന്. ആദായ നികുതി ഉള്‍പ്പെടെയുള്ള പ്രത്യക്ഷ നികുതി നിരക്കുകളില്‍ ഒരു ഇളവും പ്രഖ്യാപിക്കാതിരുന്ന ധനമന്ത്രി ഇടക്കാല ബജറ്റില്‍ ഊന്നല്‍ നികിയത് വ്യവാസയികളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കാണ്. ഇതോടൊപ്പം വ്യാവസായി വളര്‍ച്ചക്ക് താങ്ങാവുന്ന നികുതി ഇളവുകളും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

വിവിധ തരം വാഹനങ്ങളുടെ തീരുവയില്‍ ഗണ്യമായ കുറവ് വരുത്തിയതിന് പുറമെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും മൂലധന വസ്തുക്കളും അടക്കമുള്ളവയുടെ എക്സൈസ് തീരുവ നിലവിലെ 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും അധികം വില്‍ക്കുന്ന ചെറുകാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും എക്സൈസ് തീരുവ 12 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറച്ചു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ തീരുവ 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമായും കുറച്ചു. നിലവില്‍ 24 ശതമാനവും 27 ശതമാനവും തീരുവ ചുമത്തുന്ന വലിയ കാറുകളുടെ തീരുവ യഥാക്രമം 20ഉം 24ഉം ശതമാനമായി കുറച്ചു.ധനമന്ത്രിയുടെ ഈ തീരുമാനം വിപണിയില്‍ കാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും ഡിമാന്‍റ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം നിരാശയുടെ വര്‍ഷമായിരുന്നു. അടിക്കടി വില്‍പ്പന കുത്തനെ ഇടിയുന്നത് പ്രമുഖ നിര്‍മാതാക്കളെയടക്കം കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ബജറ്റില്‍ ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നികുതി കുറച്ചത്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 2013 ആദ്യമായി ഇന്ത്യയില്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായിരുന്നു. ഏകദേശം 10 ശതമാനത്തോളമായിരുന്നു ഇടിവ്.

കേന്ദ്ര സര്‍ക്കാര്‍ നികുതി നിരക്കില്‍ ലഭ്യമാക്കിയ ഇളവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യയിലെ മുന്‍ നിര കാര്‍ നിര്‍മാതാക്കള്‍ വ്യക്തമാക്കള്‍ പ്രതികരിച്ചു.കഴിഞ്ഞ ബജറ്റില്‍ ഒരു കോടിയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം സര്‍ച്ചാര്‍ജും കോര്‍പ്പറേറ്റുകള്‍ക്ക് അടക്കുന്ന നികുതിക്ക് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം സര്‍ചാര്‍ജും തുടരേണ്ടെന്ന് തീരുമാനിച്ചതാണ് പ്രത്യക്ഷ നികുതി മേഖലയില്‍ നല്‍കിയ പ്രധാന ഇളവ്.

ഇതോടൊപ്പം മൊബൈല്‍ ഫോണുകള്‍, ഭക്ഷ്യേതര എണ്ണകള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നികുതി ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു.

 

സ്പെക്ട്രം വില: എല്ലാ വര്‍ഷവും നിരക്ക് വര്‍ധന വേണ്ടി വരും -വൊഡാഫോണ്‍

Posted: 16 Feb 2014 11:24 PM PST

Image: 

മുംബൈ: ഏറ്റവും ഒടുവിലത്തെ സ്പെക്ട്രം ലേലത്തിന്‍െറ ഭാരം കൂടിയായതോടെ ഇന്ത്യയിലെ മൊബൈല്‍ സര്‍വീസ് ദാതാക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് വൊഡാഫോണ്‍ ഇന്ത്യയുടെ മേധാവി. വരും വര്‍ഷങ്ങളിലെ സ്പെക്ട്രം ലേലം കൂടി പരിഗണിക്കുമ്പോള്‍ എല്ലാ വര്‍ഷവും നിരക്ക് വര്‍ധന വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.  
കഴിഞ്ഞ 18 വര്‍ഷമായി നിരക്കുകള്‍ പടപടിയായി കുറയുകയായിരുന്നു. എന്നാല്‍ ഇത് എക്കാലവും തുടരാനാവില്ല. ചെലവുകള്‍ ഉയരുന്നതിനനുസരിച്ച് നിരക്ക് വര്‍ധനയും വേണ്ടിവരും.
ഫെബ്രുവരിയില്‍ നടന്ന സ്പെക്ട്രം ലേലത്തിന്‍െറ പണം നല്‍കുന്നതിന് വായ്പ എടുക്കേണ്ടിവരും. കോള്‍ നിരക്ക് വര്‍ധിപ്പിക്കാതെ ഇത് അടച്ചു തീര്‍ക്കാനാവില്ല -വൊഡാഫോണ്‍ ചീഫ് എക്സിക്യൂട്ടീവ് മാര്‍ടെന്‍ പീറ്റേഴ്സ് പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനിശ്ചിതത്വത്തില്‍

Posted: 16 Feb 2014 11:22 PM PST

Subtitle: 
യു.ഡി.എഫില്‍ തര്‍ക്കം

തൃശൂര്‍: യു.ഡി.എഫിലെ തര്‍ക്കം മൂലം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് രൂപവത്കരണം അനിശ്ചിതത്വത്തിലായി. തെരഞ്ഞെടുപ്പിലൂടെ 12പേരും നാമനിര്‍ദേശത്തിലൂടെ എത്തുന്ന ആറുപേരും ഉള്‍പ്പെടെ 18 പേരാണ് സിന്‍ഡിക്കേറ്റിന്‍െറ അംഗബലം. ഇതില്‍ നാമനിര്‍ദേശത്തിലൂടെ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു പ്രതിനിധിയെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.
കഴിഞ്ഞ ഡിസംബറില്‍ 12 അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് നാല്, മുസ്ലിംലീഗ് അഞ്ച്, എല്‍.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസ് എം പ്രതിനിധി പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ് പത്രിക നല്‍കിയിരുന്നുവെങ്കിലും   മത്സരരംഗത്തുനിന്ന് പിന്മാറി. നാമനിര്‍ദേശത്തിലൂടെ ഇദ്ദേഹത്തെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി സിന്‍ഡിക്കേറ്റില്‍ എത്തിക്കാമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജും   ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയത്്.
ഇതിന്‍െറ അടിസ്ഥാനത്തില്‍ നിര്‍ണായക ഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന്‍െറ വോട്ട്കൂടി നേടിയാണ് ലീഗ് അംഗങ്ങള്‍ വിജയിച്ചത്. എന്നാല്‍ മുന്‍ ധാരണപ്രകാരം പ്രഫ. സെബാസ്റ്റ്യന്‍ ജോസഫിനെ ഇനിയും സിന്‍ഡിക്കേറ്റംഗമായി നാമനിര്‍ദേശം ചെയ്തിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തോളം തെരഞ്ഞെടുപ്പ് വഴിയോ നാമനിര്‍ദേശത്തിലൂടെയോ കേരള കോണ്‍ഗ്രസ് അംഗം സിന്‍ഡിക്കേറ്റില്‍ എത്തിയിട്ടുണ്ട്. സി.ഡി. ജോര്‍ജും അഡ്വ. കെ. വി. മണിയുമായിരുന്നു സിന്‍ഡിക്കേറ്റംഗങ്ങള്‍.
മുന്നണിയിലെ മൂന്നാം കക്ഷിയായ തങ്ങളുടെ ഒരു പ്രതിനിധി സിന്‍ഡിക്കേറ്റില്‍ ഉണ്ടാകണമെന്നതാണ് കേരള കോണ്‍ഗ്രസിന്‍െറ ആവശ്യം. 35 സെനറ്റ് അംഗങ്ങളെയും സിന്‍ഡിക്കേറ്റംഗങ്ങളെയും നാമനിര്‍ദേശം ചെയ്തപ്പോഴും കേരള കോണ്‍ഗ്രസിനെ പരിഗണിച്ചില്ല.
പ്രഫ. സെബാസ്റ്റ്യന്‍ ജോസഫിനെ നാമനിര്‍ദേശം ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.എം.മാണിയും ചീഫ് വിപ്പും വിദ്യാഭ്യാസ മന്ത്രിക്ക് കത്തും നല്‍കി. കേരള കോണ്‍ഗ്രസിന്‍െറ ഈ ആവശ്യം നിലനില്‍ക്കുന്നുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കേരള കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. നാമനിര്‍ദേശം ചെയ്യുമ്പോള്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാമെന്നും അന്ന് പറഞ്ഞിട്ടുണ്ട്. നാമനിര്‍ദേശം വഴി കോണ്‍ഗ്രസിന് നല്‍കാമെന്ന് പറഞ്ഞിട്ടുള്ള ഒരു സീറ്റാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അത് കേരള കോണ്‍ഗ്രസിന് നല്‍കുന്ന കാര്യം കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. അല്ലെങ്കില്‍ നാമനിര്‍ദേശഅംഗങ്ങളുടെ എണ്ണം ഏഴാക്കി വര്‍ധിപ്പിക്കണം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി എന്നിവര്‍ ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്- സലാം പറഞ്ഞു.
അതിനിടെ അഞ്ചംഗങ്ങളെ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എന്‍.വി.പി. ഉണിത്തിരി നല്‍കിയ ഹരജി ഹൈകോടതി പരിഗണനയിലാണ്. കീഴ്വഴക്കം അട്ടിമറിച്ച് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിന് മുമ്പ് നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസവുമായി ബന്ധമില്ലെന്ന് ആരോപിച്ചാണിത്. മുസ്ലിംലീഗിന്‍െറ മൂന്നുപേരെയും കോണ്‍ഗ്രസിന്‍െറയും സോഷ്യലിസ്റ്റ് ജനതയുടെ ഓരോരുത്തരെയുമാണ് നാമനിര്‍ദേശം ചെയ്തത്.

പ്രഖ്യാപനങ്ങള്‍ ഇനിയെങ്കിലും സഫലമാകുമോ...?

Posted: 16 Feb 2014 11:11 PM PST

Subtitle: 
കൊച്ചി നഗരസഭ ബജറ്റ് ഇന്ന്

കൊച്ചി: കൊച്ചി നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിയുടെ നാലാമത് ബജറ്റ്  ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ മൂന്ന് ബജറ്റുകളിലും പ്രഖ്യാപിച്ച പദ്ധതികളില്‍ വിരലിലെണ്ണാവുന്നത് മാത്രമാണ് നടപ്പാക്കിയതെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ ബജറ്റ്.
കഴിഞ്ഞതവണ പ്രഖ്യാപിച്ച പ്രധാന പദ്ധതി നഗരത്തിലെ ഗതാഗതസൗകര്യങ്ങളെ ഏകോപിപ്പിച്ച് ബസ്-ബോട്ട് സര്‍വീസിനുള്ള മെട്രോ കൊച്ചിന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ രൂപവത്കരണമാണ്. അര്‍ബന്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് ഇതിന്‍െറ ചുമതല ഏല്‍പിക്കാനായിരുന്നു നിര്‍ദേശം. ഇതുവരെ പദ്ധതി എങ്ങുമെത്തിയില്ല. കോര്‍പറേഷനിലെ മുഴുവന്‍ ആളുകള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ്, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള ‘ഇത് എന്‍െറ വീട്’ പദ്ധതി യും ഫയലിലുറങ്ങുകയാണ്.
ഷെയര്‍ ഓട്ടോ, കോള്‍ ടാക്സി തുടങ്ങി കഴിഞ്ഞ ബജറ്റിലെ പദ്ധതികളും വെളിച്ചം കണ്ടില്ല. ഇ-വേസ്റ്റ് സ്ഥാപിക്കാന്‍ പദ്ധതിരേഖ ഉണ്ടാക്കാന്‍ 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കിലും ഇതുവരെ പദ്ധതിരേഖ തയാറായിട്ടില്ല. ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് സൈക്കിള്‍ പാര്‍ക്കിങ്ങിന് മൂന്നുലക്ഷം രൂപ മാറ്റിവെച്ചെങ്കിലും നടന്നില്ല.
സ്ത്രീസുരക്ഷക്കായി ‘സബല’  പേരില്‍ പ്രഖ്യാപിച്ച പദ്ധതിയും  മറന്നു. വിമന്‍സ് ലോഡ്ജ്, വനിത ബസ് തുടങ്ങി സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച മറ്റ് പദ്ധതികളും കടലാസിലൊതുങ്ങി.കൊച്ചി മെട്രോയുടെ പണി ആരംഭിക്കുന്നതിന് മുമ്പ് ഗതാഗതത്തിരക്ക് കുറക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങുമെന്ന് പറഞ്ഞ തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പോലും നഗരസഭക്കായില്ല. ഗോശ്രീ- മാമംഗലം റോഡ് വികസനവും എങ്ങുമെത്തിയില്ല. സ്വകാര്യ- പൊതുജന പങ്കാളിത്തത്തോടെ ഹൈകോടതി ജങ്ഷന്‍ മുതല്‍ മേനകവരെയുള്ള ഭാഗം വീതികൂട്ടി സൗന്ദര്യവത്കരിക്കുമെന്ന പ്രഖ്യാപനവും നഗരസഭ മറന്നു. ഇ-ഗവേണ്‍സ്, നഗരസഭ ആസ്ഥാന മന്ദിരത്തിന്‍െറ നിര്‍മാണം തുടങ്ങി നടപ്പിലാക്കാത്ത പദ്ധതികള്‍ വേറെയുമുണ്ട്.
കുടിവെള്ള വിതരണത്തിന് കളമശേരിയില്‍ പുതിയ പ്ളാന്‍റ് നിര്‍മിക്കുമെന്ന്  പ്രഖ്യാപിച്ചെങ്കിലും പ്ളാന്‍റ് നിര്‍മിച്ചില്ലെന്ന് മാത്രമല്ല പശ്ചിമകൊച്ചിയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല.
എളമക്കര ഗ്രൗണ്ട് നവീകരണം, കല്‍വത്തി കമ്യൂണിറ്റി ഹാള്‍ നവീകരണം, പൊന്നുരുന്നി മേല്‍പാലം തുടങ്ങി ചുരുക്കം ചില പദ്ധതികള്‍ മാത്രമാണ് നടപ്പാക്കാന്‍ കഴിഞ്ഞത്.കഴിഞ്ഞ മൂന്ന് ബജറ്റുകളിലും സ്വപ്ന പദ്ധതികളാണ് ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത്. മുന്‍വര്‍ഷത്തെ ബജറ്റിലെ പദ്ധതികളെല്ലാം ഒരു സാമ്പത്തികവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് ഡെപ്യൂട്ടി മേയര്‍ കഴിഞ്ഞ ബജറ്റവതരണത്തില്‍ പറഞ്ഞത്.
ഇക്കുറിയും പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റസമ്മതത്തോടെയായിരിക്കും ഡെപ്യൂട്ടി മേയര്‍ ബജറ്റ് അവതരിപ്പിക്കാനെത്തുക.
നിരവധി പദ്ധതികള്‍ പതിവുപോലെ പുതിയരൂപത്തില്‍ ഇക്കുറിയും ബജറ്റിലുണ്ടാവുമെന്നല്ലാതെ പുതിയ പദ്ധതികള്‍ ഒന്നുംതന്നെ ഉണ്ടാവില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍തന്നെ പറയുന്നു.
 

അസൗകര്യങ്ങള്‍ക്ക് നടുവില്‍ മാവേലിക്കര താലൂക്ക് ഗവ. ആയുര്‍വേദാശുപത്രി

Posted: 16 Feb 2014 10:51 PM PST

Subtitle: 
മരുന്നുകളില്ല, ജീവനക്കാര്‍ കുറവ്, ജലവിതരണം മുടങ്ങുന്നു

മാവേലിക്കര: താലൂക്ക് ഗവ. ആയുര്‍വേദാശുപത്രി അസൗകര്യങ്ങള്‍ക്ക് നടുവില്‍. മരുന്നുകള്‍ ലഭ്യമാകാതെ നിര്‍ധന രോഗികള്‍ പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങേണ്ടിവരുന്നെന്ന് പരാതി. കിടത്തിച്ചികിത്സയുള്ള ആശുപത്രിയാണിത്. ആയുര്‍വേദ വകുപ്പ് ഇവിടേക്ക് നല്‍കുന്ന മരുന്ന് അപര്യാപ്തമാണ്. പോരായ്മ നികത്തേണ്ട മാവേലിക്കര നഗരസഭയാകട്ടെ സാമ്പത്തിക ഞെരുക്കത്തിലുമാണ്.
നാല് ഡോക്ടര്‍മാരുടെ തസ്തികകളുണ്ടെങ്കിലും മൂന്ന് ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഇവരില്‍ ഒരാള്‍ ദീര്‍ഘകാല അവധിയിലാണ്. രണ്ട് ഡോക്ടര്‍മാരുടെ സേവനമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. വിഷം, ത്വഗ്രോഗ ചികിത്സക്ക് നിരവധി രോഗികള്‍ എത്തുന്നുണ്ടെങ്കിലും തസ്തികകളില്ല.  മൂന്ന് നഴ്സുമാരുണ്ടെങ്കിലും രണ്ടുപേരുടെ കൂടി സേവനം ഇവിടെ ആവശ്യമാണ്. വൈദ്യുതി വിതരണം നിലക്കുമ്പോള്‍ ആശുപത്രി ഇരുട്ടിലാകുന്നത് ഒഴിവാക്കാന്‍ അനര്‍ട്ടിന്‍െറ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു. ജലവിതരണം മുടങ്ങുന്ന അവസ്ഥയുമുണ്ട്.
വാട്ടര്‍ അതോറിറ്റി പൈപ് ലൈനാണ് കുടിവെള്ളത്തിന് ആശ്രയം. വെള്ളക്കരം കുടിശ്ശിക കാരണം ഏതുസമയവും കണക്ഷന്‍ വിച്ഛേദിക്കാം. ആശുപത്രി വളപ്പില്‍ കിണറുമില്ല. വാഹനത്തില്‍നിന്ന് രോഗികള്‍ക്ക് നേരിട്ട് ആശുപത്രിക്കകത്തേക്ക് കയറാന്‍ കഴിയുമായിരുന്ന സൗകര്യം ഒരു മെഡിക്കല്‍ സ്റ്റോര്‍ നിര്‍മാണം ആരംഭിച്ചതോടെ തടസ്സപ്പെട്ടു. ആശുപത്രിയോട് ചേര്‍ന്ന് ന്യായവില മരുന്നുഷോപ്പ് ഉണ്ടായിട്ടും ഒരു സ്വകാര്യ മരുന്നുവില്‍പനക്കാരനെ സഹായിക്കാനാണത്രെ വഴി തടസ്സപ്പെടുത്തിയുള്ള നിര്‍മാണം. ഇതിനെതിരെ ആശുപത്രി സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ആശുപത്രി അറ്റകുറ്റപ്പണിക്ക് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ അനുവദിച്ച നാലുലക്ഷം രൂപ വകമാറ്റി കടമുറി നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ആശുപത്രിയിലെ സ്ഥലസൗകര്യം കുറക്കുന്നതായും പരാതിയുണ്ട്. രണ്ടരലക്ഷം രൂപ കടമുറി നിര്‍മാണത്തിനും ശേഷിച്ച തുക ഇന്‍റര്‍ലോക്-ഡ്രെയിനേജ് സൗകര്യങ്ങള്‍ക്കുമാണ് ഉപയോഗപ്പെടുത്തുന്നത്. വാടകക്കെട്ടിടത്തിലായിരുന്ന ആശുപത്രി നഗരസഭ അനുവദിച്ച 22 സെന്‍റ് സ്ഥലത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍നിന്ന് 43 ലക്ഷം രൂപ ചെലവഴിച്ചാണ് 30 കിടക്കകളുള്ള ആശുപത്രി മന്ദിരം നിര്‍മിച്ചത്. ജീവനക്കാരുടെയും മറ്റും അപര്യാപ്തത കാരണം മന്ദിരം പൂര്‍ണമായി ഉപയോഗപ്പെടുത്താനുമാകുന്നില്ല.
 

നെല്‍കൃഷി ജലസേചനം അവതാളത്തില്‍

Posted: 16 Feb 2014 10:46 PM PST

Subtitle: 
നൂറിലധികം കുളങ്ങള്‍ വേനലെത്തുംമുമ്പേ ഉപയോഗശൂന്യമായി

കൊല്ലങ്കോട്: തണ്ണീര്‍ത്തട സംരക്ഷണം അവതാളത്തില്‍. കാര്‍ഷികാവശ്യത്തിനും ഭൂഗര്‍ഭ ജലസംരക്ഷണത്തിനുമായി വര്‍ഷം തോറും കോടികള്‍ വകയിരുത്തി കുളങ്ങളും ചിറകളും ആഴംകൂട്ടുന്ന പദ്ധതി കൊണ്ടുവന്നെങ്കിലും കൊല്ലങ്കോട്, പല്ലശ്ശന, വടവന്നൂര്‍, മുതലമട പഞ്ചായത്തുകളില്‍ തണ്ണീര്‍തട സംരക്ഷണ സംവിധാനം അവതാളത്തിലാണ്. ജലഅതോറിറ്റി, മണ്ണ് സംരക്ഷണ വകുപ്പ്, കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയാണ് കുളങ്ങള്‍ ആഴം കൂട്ടാനും കനാല്‍ നവീകരണം, തെന്മലയോരത്തെ മണ്ണൊലിപ്പ് തടയല്‍ എന്നിവക്കുമായി ഫണ്ട് വകയിരുത്തുന്നത്. കൊല്ലങ്കോട് മേഖലയില്‍ 20 ലക്ഷത്തിലധികം രൂപ ഉപയോഗിച്ച് ആഴം കൂട്ടിയ കുളങ്ങള്‍ ഉണ്ടെങ്കിലും നൂറിലധികം കുളങ്ങള്‍ ആഴം കൂട്ടാതെ വേനലെത്തും മുമ്പേ ഉപയോഗശൂന്യമായി.
മണ്ണും മാലിന്യവും അടിഞ്ഞ കുളങ്ങളും ചിറകളും പരിപോഷിപ്പിക്കാന്‍ പാടശേഖര സമിതികള്‍ കൃഷിവകുപ്പിനും പഞ്ചായത്തുകള്‍ക്കും  അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
ചുള്ളിയാര്‍, മീങ്കര ഡാമുകളിലെ വെള്ളം, ഡാമുകള്‍ തുറന്നുവിടുന്ന സമയങ്ങളില്‍ സംരക്ഷിച്ച് കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന 60ഓളം കുളങ്ങള്‍ അധികൃതരുടെ കനിവുകാത്ത് കിടക്കുകയാണ്.
മിക്ക കുളങ്ങളും കര്‍ഷകരുടെ ഉടമസ്ഥതയിലുള്ളതാണ്.
കൊല്ലങ്കോട് മണലിപാടത്തെ പൊട്ടക്കുളം ആഴം കൂട്ടാത്തതിനാല്‍ കര്‍ഷകര്‍ പ്രയാസത്തിലാണ്. ചുള്ളിയാര്‍ഡാമിലെ വെള്ളം ഇവിടെ നിറച്ച് കൃഷിക്കായി ഉപയോഗിക്കുന്നവരുണ്ട്. ആഴം കൂട്ടാത്ത കുളങ്ങളില്‍ ഡാമിലെ വെള്ളം നിറക്കാന്‍ സാധിക്കാതെ നിരവധി കര്‍ഷകരാണ് പ്രതിസന്ധിയിലായത്.
വേനലിലെങ്കിലും കുളങ്ങള്‍ ആഴം കൂട്ടി തണ്ണീര്‍ത്തട സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

രാധയുടെ കൊലപാതകം: ദുരൂഹത ബാക്കി

Posted: 16 Feb 2014 10:37 PM PST

Subtitle: 
നിര്‍ണായക ഘട്ടം പൂര്‍ത്തിയായെന്ന് പൊലീസ്

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുമ്പോഴും കേസന്വേഷണത്തിന്‍െറ നിര്‍ണായക ഘട്ടം പൂര്‍ത്തിയായതായി പൊലീസ്.  കേസിന്‍െറ സുപ്രധാന ഘട്ടം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയാണ്അന്വേഷണ സംഘം മേധാവി ഐ.ജി ഗോപിനാഥ്  ഞായറാഴ്ച രാത്രി പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
രാധയെ കൊലപ്പെടുത്തിയത് തന്‍െറ പേരില്‍ പരസ്ത്രീ ബന്ധം ആരോപിച്ച് പണം തട്ടുന്നതിനാലാണെന്ന പ്രതിയുടെ മൊഴിയിലാണ് പ്രധാന ദുരൂഹത. ഇക്കാരണംകൊണ്ട് രാധയെ കൊല്ലാന്‍ ഒന്നിലധികം തവണ ആസൂത്രിത ശ്രമം നടത്തുമെന്നത് വിശ്വാസയോഗ്യമല്ലെന്ന്  രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, രാധക്കുനേരെ മുമ്പുണ്ടായ വധശ്രമങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടന്നില്ല. ഇതടക്കം നിരവധി വൈരുധ്യങ്ങള്‍ നിലനില്‍ക്കെയാണ് പൊലീസിന്‍െറ തിരക്കിട്ട നടപടി.
ഏഴ് ദിവസത്തേക്കായിരുന്നു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 19 ന് രാവിലെ 11 മണിവരെ കസ്റ്റഡിയില്‍ വെക്കാന്‍ സമയമുണ്ട്.  രാധക്കുനേരെ മുമ്പ് നടന്ന വധശ്രമം ബിജു നടത്തിയതല്ലെന്നാണ് ഐ.ജി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഇതു സംബന്ധിച്ച ് പരാതി നല്‍കാതിരിക്കാന്‍ ബിജു ഇടപെട്ടതായും ഐ.ജി സ്ഥിരീകരിച്ചു. ബിജുവിനെതിരെ ആരോപണം വന്ന സാഹചര്യത്തില്‍ പിന്നെ ആരാണ് രാധയെ അപായപ്പെടുത്താന്‍ ശ്രമിച്ച കാറില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണം നടത്തിയില്ല. അന്ന് പ്രശ്നം തീര്‍ക്കാന്‍ ഇടനിലക്കാരനായി വന്ന ബിജുവിനോട് കാറില്‍ ഉണ്ടായിരുന്നത് ആരാണെന്ന് ചോദിക്കാന്‍ പോലും പൊലീസ് തയാറായില്ലെന്നു വേണം അനുമാനിക്കാന്‍. മുമ്പ് നടന്ന വധശ്രമങ്ങളില്‍ ഒരു അന്വേഷണവും നടത്താതെ, ബിജുവല്ല അതിന് പിന്നിലെന്ന്   പൊലീസ് വിധിയെഴുതുകയായിരുന്നു.  
ഇതിനു പുറമെ,  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ ബലാല്‍സംഗം നടന്നില്ലെന്ന് പൊലീസ് പ്രവചിച്ചു. റിപ്പോര്‍ട്ട് ശനിയാഴ്ച രാത്രിയാണ് ലഭിച്ചതെന്ന് ഐ.ജി തന്നെ വ്യക്തമാക്കി. കൊലപാതകത്തിന് മുമ്പ് ക്രൂരമായ പീഡനം നടന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതുപ്രകാരം പ്രതികള്‍ ചെയ്ത കുറ്റങ്ങളില്‍ ലൈംഗിക പീഡനവും  പൊലീസിന് ഉള്‍പ്പെടുത്തേണ്ടതായി വന്നു.   2013-ലെ നിയമ ഭേദഗതി പ്രകാരം ശാരീരിക പീഡനം നടന്നാലും അത് ലൈംഗിക പീഡനമായി കണക്കാക്കണമെന്നതിനാലാണ് ഈ കുറ്റം ചുമത്തിയതെന്നാണ് ഐ.ജി വ്യക്തമാക്കിയത്.  
അതേസമയം, എന്തോ കണ്ടതിന്‍െറ തുടര്‍ച്ചയാണ് സഹോദരിയുടെ കൊലപാതകമെന്ന ഭാസ്കരന്‍െറ വെളിപ്പെടുത്തല്‍ ബലപ്പെടുന്നതിലേക്കാണ് ഈ സംശയങ്ങള്‍ നീങ്ങുന്നത്.  കൊലപാതക സംഘത്തില്‍ രണ്ടിലധികം പേരുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും ഭാസ്കരന്‍.
 

നിലമ്പൂര്‍ കൊല: അന്വേഷണസംഘത്തലവന് പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍െറ റോള്‍ -പിണറായി

Posted: 16 Feb 2014 10:28 PM PST

Image: 

പാലക്കാട്: നിലമ്പൂര്‍ സംഭവം അന്വേഷിക്കുന്ന ഐ.ജി, പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍െറ റോളാണോ വഹിക്കുന്നതെന്ന് സംശയിക്കുന്നതായി  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷായാത്രയുടെ ഭാഗമായത്തെിയ അദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. രാധയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം നടന്നിട്ടില്ളെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്ത്രീയുടെ സ്വകാര്യഭാഗത്തെ പരിക്ക് ചൂലിന്‍െറ പിടി കുത്തിതാഴ്ത്തിയതുകൊണ്ടാണെന്നാണ് ഐ.ജിയുടെ വാദം. ഒരു അവിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തശേഷം തെളിവു നശിപ്പിക്കാന്‍ കൊടുംക്രിമിനലുകള്‍ ചെയ്ത പ്രവൃത്തിയായിരിക്കാം ഇതെന്ന് പൊലീസ് ഓഫിസര്‍ സംശയിക്കാതിരുന്നത് എന്തുകൊണ്ടാണ്? കഴിയാവുന്ന രീതിയില്‍ പ്രതികളെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ പുറത്തുവരുന്നത്. അന്വേഷണസംഘത്തലവന്‍െറ ഇത്തരമൊരു നിലപാട് സര്‍ക്കാറിന്‍െറയും ആഭ്യന്തരവകുപ്പിന്‍െറയും കള്ളകളികളെ ബലപ്പെടുത്തുന്നതാണ്. ഇത് പ്രതിഷേധാര്‍ഹമാണ്.

ടി.പിക്കെതിരെ പ്രസ്താവന നടത്തിയതിന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്കരനെതിരെ കേസെടുത്ത നടപടി ശുദ്ധ അസംബന്ധമാണെന്ന് പിണറായി ആവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടയാളെ കുറിച്ച് മറ്റേതെങ്കിലും രീതിയില്‍ പറയേണ്ട കാര്യമില്ല. എന്നാല്‍ പ്രദേശത്തുകാര്‍ക്ക് ചന്ദ്രശേഖരനെ നന്നായി അറിയാം. ചന്ദ്രശേഖരന് അവസാനമായി വന്ന കോളിനെകുറിച്ച് എന്തേ പ്രോസിക്യൂഷന്‍ അന്വേഷിച്ച് വ്യക്തത വരുത്താതിരുന്നതെന്ന് പിണറായി ചോദിച്ചു. ടി.പി. വധവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രത്യേകം താല്‍പര്യമെടുത്ത് വഴിവിട്ടു അന്വേഷിച്ചിട്ടും അന്നൊന്നും ലഭ്യമല്ലാത്ത വീഡിയോകള്‍ ഇപ്പോള്‍ എവിടുന്നു വരുന്നുവെന്ന് അന്വേഷിക്കണം. രമയുടെ കേരളയാത്ര ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല.  വി.എസ്. രമക്ക് അനുകൂലമായി സര്‍ക്കാറിന് നല്‍കിയ കത്തിനെകുറിച്ചുള്ള ചോദ്യത്തിന് മനുഷ്യന് തെറ്റു പറ്റുമല്ളോ, ഇപ്പോള്‍ പറ്റിയ തെറ്റ് തെറ്റാണെന്ന് പാര്‍ട്ടി കണ്ടു, അത്രയേയുള്ളുവെന്ന് പിണറായി പറഞ്ഞു.

നിര്‍ഭയ പദ്ധതി രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 5,000രൂപ പ്രതിമാസവേതനത്തില്‍ 12,000 പേരെയാണ് നിയമിക്കുന്നത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം ഉപയോഗിച്ച് പ്രത്യേകം കക്ഷിയില്‍പ്പെട്ടവര്‍ക്കാന് നിയമനം നല്‍കുന്നത്. പക്ഷപാതപരമായ ഈ നിലപാട് സര്‍ക്കാര്‍ ഒഴിവാക്കണമെന്നും മാനദണ്ഡം പാലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.  മഅ്ദനിയുടെ ജയില്‍വാസം നീളുന്നതിനെകുറിച്ചുള്ള ചോദ്യത്തിന് ഇവ്വിഷയത്തില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയതാണല്ളോയെന്ന് അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലബാര്‍ സിമെന്‍റ്സും ഇതിനാവശ്യമായ ചുണ്ണാമ്പ് ഖനനവും നിര്‍ത്തലാക്കേണ്ട അവസ്ഥാണുള്ളതെന്നും ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി  കൈകൊള്ളണമെന്നും പിണറായി ആവശ്യപ്പെട്ടു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP