പ്രതി മദ്യം; പൊലീസ് കുഴങ്ങുന്നു Posted: 23 Feb 2014 12:45 AM PST കയ്പമംഗലം: തീരദേശത്ത് അക്രമപരമ്പര ആവര്‍ത്തിക്കുമ്പോള്‍ പഴികേള്‍ക്കുന്ന പൊലീസ്, യഥാര്‍ഥ വില്ലനെ പ്രതിരോധിക്കാനാവാതെ വിയര്‍ക്കുന്നു. മദ്യവും മയക്കുമരുന്നുമാണ് സമീപകാലത്തെ എല്ലാ അക്രമങ്ങള്‍ക്കും പിറകില്‍. കലക്ടര്‍ വിളിച്ചുചേര്‍ത്ത മതിലകത്തെ സര്‍വകക്ഷി യോഗത്തില്‍ കൊടുങ്ങല്ലൂര്‍ സി.ഐ എം. സുരേന്ദ്രന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനിടെ, തീരദേശത്തെ മദ്യഉപയോഗം 50 ശതമാനത്തിലധികം വര്‍ധിച്ചുവെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതുമൂലമുള്ള കുറ്റകൃത്യങ്ങളാവട്ടെ ഇരട്ടിയിലധികം കൂടി. കയ്പമംഗലം പഞ്ചായത്തിന്‍െറ തെക്ക്-വടക്ക് അതിര്‍ത്തികളിലെ അനധികൃത മദ്യശാലകള്‍ മേഖലയിലെ അക്രമസംഭവങ്ങളില്‍ വന്‍ വര്‍ധന ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. മദ്യശാലകള്‍ക്കെതിരെ സമരം നടത്തുന്ന സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പില്‍ മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളില്‍നിന്ന് കയ്പമംഗലത്തേക്ക് മദ്യപര്‍ എത്തുന്നുണ്ടെന്ന് കണ്ടെത്തി. മദ്യ ഉപയോഗം മൂലം മാരക വ്യാധികള്‍ പിടിച്ച 1000ത്തിലധികം ആളുകളെ നാല് പഞ്ചായത്തുകളിലായി കണ്ടെത്തി. സമീപകാലത്ത് ചാമക്കാല ചക്കുഞ്ഞി കോളനിയില്‍ കുടുംബത്തെ തീയിട്ടതും കയ്പമംഗലം പഞ്ചായത്തോഫിസിന് പടിഞ്ഞാറ് വീട്ടമ്മ തീകൊളുത്തി മരിച്ചതും മദ്യം വരുത്തിയ ദുരന്തങ്ങളില്‍ ചിലത് മാത്രം. ഇത്തരത്തില്‍ പ്രദേശത്ത് 110ത്തോളം കുടുംബഛിദ്രങ്ങള്‍ മദ്യത്തിന്‍െറ സംഭാവനയാണ്. കോവിലകത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് കഞ്ചാവിനടിമയായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ, 40ലധികം മരണങ്ങള്‍ മദ്യം മൂലം ഉണ്ടായതായി സമിതി പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചാവക്കാട്, ഇരിങ്ങാലക്കുട, കോട്ടപ്പുറം ഭാഗത്തുനിന്നുള്ള കഞ്ചാവ് ലോബികളുടെ പ്രധാന താവളം കൂടിയാണ് തീരദേശം. പെരിഞ്ഞനം കോവിലകം തുടങ്ങി എടമുട്ടം പുളിഞ്ചോട് വരെ കഞ്ചാവിന്‍െറയും പാന്‍മസാലകളുടെയും വില്‍പന തകൃതിയാണ്. മതിലകം സ്റ്റേഷന്‍ പരിധിയില്‍ ദിനേന 10ല്‍ താഴെ കേസുകള്‍ മദ്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നു. വാഹനമോടിച്ചതും കുടുംബാംഗങ്ങളെ മര്‍ദിച്ചതും റോഡില്‍ കശപിശയുണ്ടാക്കിയതുമായ കേസുകളില്‍ പലതും പൊലീസ് അപ്പോള്‍ത്തന്നെ വിട്ടയക്കും. കല്യാണപ്പാര്‍ട്ടികള്‍, മതാഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ചും മദ്യസേവ വര്‍ധിക്കുകയാണെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സന്ധ്യയായാല്‍ കിഴക്ക് -പടിഞ്ഞാറ് ടിപ്പുസുല്‍ത്താന്‍ റോഡുകളിലും ഉള്‍നാടന്‍ റോഡുകളിലും സ്ത്രീകളടക്കമുള്ളവര്‍ക്ക് സഞ്ചാരം ദുഷ്കരമാണ്. കെട്ടിടങ്ങളിലെ കതകില്ലാത്ത ഒഴിഞ്ഞ മുറികള്‍, തെരുവുവിളക്കുകളില്ലാത്ത ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ മദ്യപരുടെയും അക്രമികളുടെയും താവളമാണ്. കയ്പമംഗലം പള്ളിനടയില്‍ കപ്പേളക്ക് എതിര്‍വശത്തെ കെട്ടിടത്തില്‍ മദ്യപര്‍ സംഘടിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഒഴിഞ്ഞ മദ്യ-സോഡാക്കുപ്പികള്‍ കൂട്ടിയിട്ടത് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയുടെ സന്ദര്‍ശനത്തിനിടെ കണ്ടെത്തി. കുറ്റിലക്കടവ്, പള്ളിനട, പള്ളിവളവ്, ചാമക്കാല ഭാഗങ്ങളില്‍ മദ്യക്കുപ്പികളാണ് അക്രമികള്‍ എറിയാനുപയോഗിച്ചത്. പള്ളിത്താനം, ഓണപ്പറമ്പ്, ഗ്രാമലക്ഷ്മി, എടത്തിരുത്തി ഭാഗങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും പ്രതിസ്ഥാനത്തുണ്ട്. പ്രചാരണ സാമഗ്രികള്‍ തകര്‍ക്കുന്നതിലൂടെ ആരംഭിക്കുന്ന വാക്കേറ്റം സംഘട്ടനങ്ങളിലേക്കും വീട് -ഓഫിസ് അക്രമങ്ങളിലേക്കും എത്തുന്നു. ജനുവരി ഒന്നിനുശേഷം മതിലകം സ്റ്റേഷന്‍ പരിധിയില്‍ മാത്രം 16ലധികം സംഘട്ടനങ്ങള്‍ കേസായി. ഇവ മുഴുവനും മദ്യലഹരിയിലായിരുന്നു. കാളമുറി ബീച്ച് റോഡില്‍ ടാറിങ് പൂര്‍ത്തിയായ ഉടന്‍ എഴുതാനെത്തിയ സി.പി.എം -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന കൈയാങ്കളി പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്.പൊലീസുകാരുടെ എണ്ണത്തിലുള്ള കുറവ് കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിന് തടസ്സമാണ്. 60ഓളം പൊലീസുകാര്‍ വേണ്ട മതിലകത്ത് 30 പേരാണുള്ളത്. മദ്യവിരുദ്ധ നിലപാടെടുത്താല്‍ അണികള്‍ കൊഴിയുമെന്നതിനാല്‍ രാഷ്ട്രീയക്കാരും അക്രമങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയാണ്. |
ഇടുക്കി സീറ്റ് ലഭിച്ചില്ളെങ്കില്‍ സൗഹൃദമത്സരം -കേരള കോണ്‍ഗ്രസ് Posted: 22 Feb 2014 11:42 PM PST ഇടുക്കി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇടുക്കി സീറ്റ് നല്‍കണമെന്ന് പാര്‍ട്ടി നേതാവ് ആന്‍്റണി രാജു. സീറ്റ് വേണമെന്നത് പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി സീറ്റ് നിഷേധിച്ചാല്‍ കേരള കോണ്‍ഗ്രസ് (എം) സൗഹൃദ മത്സരത്തിന് തയാറാകും. പ്രവര്‍ത്തകര്‍ക്ക് ഇങ്ങനൊരു വികാരമുണ്ടെന്നും ആന്‍്റണി രാജു പറഞ്ഞു. യു.ഡി.എഫില്‍ സൗഹൃദ മത്സരം നടത്തിയ ചരിത്രമുണ്ട്. സൗഹൃദമത്സരത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുമെന്നും ആന്‍്റണി രാജു വ്യക്തമാക്കി. |
റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് തടഞ്ഞു Posted: 22 Feb 2014 11:09 PM PST Subtitle: മെട്രോ റെയില്‍ നിര്‍മാണം കളമശേരി: മെട്രോ റെയില്‍ നിര്‍മാണത്തെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡ് തകര്‍ന്നതായി ആരോപിച്ച് ഗുഡ് ഷെഡ് ജീവനക്കാരും ലോറി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മെട്രോ നിര്‍മാണം തടഞ്ഞു. കളമശേരി അപ്പോളോ ഗേറ്റിന് സമീപത്തുനിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡാണ് താറുമാറായത്. കളമശേരി റെയലില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ ഈ റോഡ് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. റെയില്‍വേ ഗുഡ് ഷെഡിലേക്കുള്ള ലോറികളും പ്രദേശത്തെ ലോറി പേട്ടയിലെ ലോറികള്‍ പോകുന്നതും ഈ റോഡുവഴിയാണ്. കൂടാതെ, റെയിലിന്‍െറ തൂണുകള്‍ നിര്‍മിക്കുന്ന ഭാഗങ്ങളില്‍ സംരക്ഷണ കവചങ്ങളില്ലാത്തതും ഭീഷണിയാണെന്നാണ് നാട്ടുകാരുടെ പരാതി. നിര്‍മാണത്തിന് മുമ്പ് റീടാര്‍ ചെയ്ത് സഞ്ചാരപ്രദമാക്കുമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഉറപ്പ് പാലിക്കാതെ നിര്‍മാണവുമായി മുന്നോട്ടുപോവുകയായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.എ. സക്കീര്‍ഹുസൈന്‍െറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈ ഭാഗത്തെ മെട്രോ നിര്‍മാണം രാവിലെ മുതല്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി റോഡിലെ തടസ്സങ്ങള്‍ മാറ്റി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരക്കാര്‍ പിന്മാറിയത്. |
എം.എല്‍.എ ഫണ്ട്; പദ്ധതി പുരോഗതി വിലയിരുത്താന്‍ പ്രതിമാസ യോഗം നടത്തും –കലക്ടര്‍ Posted: 22 Feb 2014 10:47 PM PST ആലപ്പുഴ: എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ പ്രതിമാസ യോഗം നടത്തുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍. കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമായി എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള പദ്ധതികളുടെ അവലോകനം നടത്തുന്ന മാതൃകയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെയും അവലോകനം നടത്താനാണ് തീരുമാനം. ദേശീയപാതയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറക്കുന്നതിന് റോഡ് സുരക്ഷാ ഓഡിറ്റ് നടത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനുള്ള തുക അനുവദിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചതായി കലക്ടര്‍ പറഞ്ഞു. ചില വകുപ്പുകള്‍ക്ക് സ്ഥിരമായി ജില്ലാതല ഉദ്യോഗസ്ഥരെ നിയമിക്കാത്തത് പദ്ധതികളെ ബാധിക്കുന്നുവെന്നും ഇക്കാര്യം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. സുരക്ഷിത പാതയായി പ്രഖ്യാപിച്ച ചേര്‍ത്തല-മണ്ണുത്തി ദേശീയപാതയിലെ മീഡിയനുകളിലും യുടേണുകളിലും റിഫ്ളക്ടറുകള്‍ സ്ഥാപിക്കണമെന്ന് അഡ്വ. എ.എം. ആരിഫ് എം.എല്‍.എ ആവശ്യപ്പെട്ടു. റോഡ് സുരക്ഷക്കായി സ്വീകരിച്ച നടപടികളെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കൃഷ്ണപുരം, പാലമേല്‍ പഞ്ചായത്തുകള്‍ പദ്ധതിവിഹിതം 60 ശതമാനത്തിനുമേല്‍ ചെലവഴിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. ബ്ളോക് പഞ്ചായത്തുകളില്‍ 96 ശതമാനം വിനിയോഗിച്ച വെളിയനാടാണ് മുന്നില്‍. പഞ്ചായത്തുകള്‍ ഫെബ്രുവരി 18 വരെ 42.57 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചു. നഗരസഭകള്‍ 32.27 ശതമാനവും ജില്ലാ പഞ്ചായത്ത് 33.34 ശതമാനവും ചെലവഴിച്ചു. തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ക്കടിയില്‍ കല്ല് കയറ്റിവെച്ച് മത്സ്യബന്ധനം നടത്തുന്നത് മൂലം ഓരുവെള്ളം കയറുന്നുണ്ടെന്നും കൃഷിയെ ബാധിക്കുമെന്നും ഇത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്‍െറ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കത്ത് പട്രോളിങ്ങിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പട്ടണക്കാട്ടും ചിങ്ങോലിയിലും കുളമ്പുരോഗം റിപ്പോര്‍ട്ട് ചെയ്തതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയില്‍ കുളമ്പുരോഗം മൂലം 114 കന്നുകാലികള്‍ ചത്തു. 21 ലക്ഷം രൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വീടിന് മുകളിലൂടെയുള്ള വൈദ്യുതി ലൈനുകള്‍ കെ.എസ്.ഇ.ബിയുടെ ചെലവില്‍ മാറ്റാനുള്ള സാധ്യത ആരായണമെന്ന് അഡ്വ. എ.എം. ആരിഫ് എം.എല്‍.എ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ കൂലി മാത്രം ഈടാക്കി ലൈനുകള്‍ മാറ്റിനല്‍കുന്ന കാര്യം റെഗുലേറ്ററി കമീഷന്‍െറ പരിഗണനയിലുണ്ടെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കല്ലിശേരി, പുത്തന്‍വീട്ടില്‍പടി പാലങ്ങളുടെ നിര്‍മാണത്തിന് 11 കോടിയുടെ പദ്ധതിക്ക് ലഭിച്ച പഴയ ഭരണാനുമതി പുനര്‍നിര്‍ണയിക്കാനുള്ള നടപടിയെടുക്കാന്‍ പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പി.സി. വിഷ്ണുനാഥ് എം.എല്‍.എ നിര്‍ദേശം നല്‍കി. പാലങ്ങളുടെ നിര്‍മാണം കെ.എസ്.ടി.പി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും സാങ്കേതിക പ്രശ്നം മൂലം കാലതാമസമുണ്ടാകാന്‍ ഇടയുള്ളതിനാലാണ് ഭരണാനുമതി പുനര്‍നിര്‍ണയിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജലഗതാഗത വകുപ്പിന്‍െറ ഫൈബര്‍ ബോട്ടുകളുടെ സര്‍വീസ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ അനുവദിച്ച ബ്ളഡ്ബാങ്ക് ഇതുവരെ ആരംഭിക്കാനായിട്ടില്ലെന്ന് ആര്‍. രാജേഷ് എം.എല്‍.എ പറഞ്ഞു. ജനറേറ്റര്‍ ലഭിക്കാത്തതിനാലാണ് ബ്ളഡ് ബാങ്ക് ആരംഭിക്കാത്തതെന്ന് ഡി.എം.ഒ അറിയിച്ചു. ശബരിമല ഇടത്താവളമെന്ന നിലയില്‍ ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയുടെ സമഗ്രവികസനത്തിനുള്ള റിപ്പോര്‍ട്ട് തയാറാക്കി രണ്ടുമാസത്തിനകം സമര്‍പ്പിക്കാന്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഡി.എം.ഒക്ക് നിര്‍ദേശം നല്‍കി. മാവേലിക്കരയിലും ചെങ്ങന്നൂരിലും വാഹനങ്ങളില്‍ കുടിവെള്ളം ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു. സത്വരനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കെ.എ.പി കനാല്‍ തുറന്നാല്‍ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നും എല്ലാ പഞ്ചായത്തുകളിലും ചെറുവാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കണമെന്നും ആര്‍. രാജേഷ് എം.എല്‍.എ പറഞ്ഞു. സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടമില്ലാത്ത അങ്കണവാടികളുടെ പട്ടിക നല്‍കിയാല്‍ കെട്ടിടം അനുവദിക്കാമെന്നും ഫണ്ടിന്‍െറ ക്ഷാമമില്ലെന്നും സ്ഥല ലഭ്യതയാണ് പ്രശ്നമെന്നും ജില്ലാ സാമൂഹികനീതി ഓഫിസര്‍ യോഗത്തെ അറിയിച്ചു. കെട്ടിടമില്ലാത്ത അങ്കണവാടികളുടെ പട്ടിക തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനാല്‍ ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്ന് വെള്ളം ലഭ്യമാക്കണമെന്നും പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അടിയന്തര ശ്രദ്ധപതിയണമെന്നും കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിന്‍െറ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു. ക്ഷേത്രപരിസരത്തെ പൊതുടാപ്പുകളിലൂടെ പകല്‍ ആവശ്യത്തിന് വെള്ളം ലഭ്യമാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്് കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
സമഗ്ര ജലസേചന–കൃഷി മാര്‍ഗരേഖ തയാറാക്കണമെന്ന് ആവശ്യം Posted: 22 Feb 2014 10:42 PM PST പാലക്കാട്: വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജില്ലക്ക് പ്രത്യേക സമഗ്ര ജലസേചന-കൃഷി മാര്‍ഗരേഖ തയാറാക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ഡാമിലെ ജലം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തത് വരള്‍ച്ച രൂക്ഷമാക്കുന്നതായി യോഗം വിലയിരുത്തി. കാര്‍ഷിക കലണ്ടര്‍ തയാറാക്കണം. ഇതുസംബന്ധിച്ച കാര്യങ്ങള്‍ കര്‍ഷകരും പദ്ധതി അഡൈ്വസറി സമിതികളും കൂടിയാലോചിക്കണം. വിഷയം ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അന്തിമരൂപം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഡാമുകള്‍ നിറഞ്ഞിട്ടും വെള്ളം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തത് ശാസ്ത്രീയ മാനേജ്മെന്‍റ് സംവിധാനമില്ലാത്തതിനാലാണെന്ന് സി.പി. മുഹമ്മദ് എം. എല്‍.എ പറഞ്ഞു. ആളിയാര്‍ പദ്ധതി പ്രകാരമുള്ള വെള്ളം തമിഴ്നാടില്‍ നിന്ന് ലഭിച്ചാലും ജലസേചനത്തിന് തികയില്ലെന്ന് ജലസേചനവകുപ്പ് എക്സി. എന്‍ജിനീയര്‍ അറിയിച്ചു. ജനുവരിയില്‍ വിളവെടുക്കുന്ന രീതിയില്‍ കൃഷിരീതിയില്‍ മാറ്റം അഭികാമ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശിരുവാണി പ്രദേശത്തെ ഫോറസ്റ്റ്-ഇറിഗേഷന്‍ വകുപ്പ് തര്‍ക്കം ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, കെ.വി. വിജയദാസ് എന്നിവര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വത്ത് ഏതെങ്കിലും വകുപ്പുകളുടേതാണെന്ന് പറഞ്ഞ് തര്‍ക്കിക്കുന്നത് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രണ്ട് ടൂറിസ്റ്റ് ബംഗ്ളാവുകളെ ആശ്രയിച്ചുള്ളതാണെന്ന് കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ വൈകി കിട്ടുന്ന തുകക്ക് പിഴപലിശ ഉറപ്പാക്കണമെന്ന് ചെന്താമരാക്ഷന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 14 കോടി രൂപ ലഭിക്കാനുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. പലിശ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയില്‍ 15 കോടി ആവശ്യപ്പെട്ടിട്ടും രണ്ടര കോടിയാണ് ലഭിച്ചതെന്ന് എം. ചന്ദ്രന്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതുകൊണ്ട് 5000 ഏക്കര്‍ കൃഷി ഉണങ്ങിയതായും യോഗത്തില്‍ അറിയിച്ചു. കുളമ്പുരോഗം മൂലം ചത്ത കാലികള്‍ക്കുള്ള നഷ്ടപരിഹാരമായി 30 ലക്ഷം ലഭിച്ചതില്‍ 24.15 ലക്ഷം വിതരണം ചെയ്തു. ‘ഒരു കുളം’ പദ്ധതിയില്‍ ജില്ലയില്‍ എട്ട് പദ്ധതികള്‍ക്ക് അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക ജില്ലകള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക സഹായപദ്ധതിയില്‍ (ബി.ആര്‍.ജി.എഫ്) നിന്ന് ജില്ലയെ ഒഴിവാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രവീന്ദ്രനാഥന്‍, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് ഗൗരി, ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കൃഷ്ണദാസ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവര്‍ പങ്കെടുത്തു. |
എടപ്പാളിലെ ഫൈ്ള ഓവറിന് 21 കോടിയുടെ ഭരണാനുമതി Posted: 22 Feb 2014 10:31 PM PST എടപ്പാള്‍: സംസ്ഥാന സര്‍ക്കാര്‍ ഹൈവേകളില്‍ നടപ്പാക്കുന്ന 1000 കോടി രൂപയുടെ വികസന പ്രവൃത്തികളില്‍ ജില്ലയിലെ ആദ്യ സംരംഭമായ എടപ്പാളിലെ ഫൈ്ള ഓവറിന് 21 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ടെന്‍ഡര്‍ നോട്ടീസ് രണ്ടുദിവസത്തിനകം പുറത്തിറങ്ങും. വികസന പ്രവൃത്തികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നത് വന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടയില്‍ പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് എടപ്പാളില്‍ ഫൈ്ള ഓവര്‍ നര്‍മിക്കുന്നതെന്നതാണ് പ്രത്യേകത. തൃശൂര്‍-കോഴിക്കോട് റോഡില്‍ 200 മീറ്റര്‍ നീളത്തില്‍ ഇരുറോഡുകളിലുമായി മൊത്തം 400 മീറ്റര്‍ ദൂരത്തിലാണ് ഫൈ്ള ഓവര്‍ നിര്‍മിക്കുക. ഏഴ് മീറ്റര്‍ വീതിയാണ് ഫൈ്ള ഓവറിന് ഉണ്ടാകുക. ഫൈ്ള ഓവറിന്‍െറ രൂപരേഖ നാറ്റ്പാക്കിന്‍െറ നേതൃത്വത്തില്‍ തയാറാക്കിക്കഴിഞ്ഞു. ഫൈ്ള ഓവര്‍ നിര്‍മിക്കുന്ന സ്ഥലത്തിന്‍െറ മണ്ണ് പരിശോധന കഴിഞ്ഞിട്ടുണ്ട്. നിര്‍മിച്ചതിനുശേഷം നടപ്പാക്കേണ്ട ഗതാഗത പരിഷ്കാരങ്ങളുടെ ഏകദേശ ധാരണയും രൂപപ്പെടുത്തിയിട്ടുണ്ട്. ഫൈ്ള ഓവറിന്‍െറ രൂപഘടനയും ഫൈ്ള ഓവര്‍ സംബന്ധിച്ച ആശയകുഴപ്പങ്ങളും പൊതുജനങ്ങള്‍ക്ക് ദൂരീകരിക്കുന്നതിനായി സ്കെച്ച് പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് നേരത്തെ നടന്ന വിവിധ സംഘടനകളുടെ യോഗത്തില്‍ എം.എല്‍.എ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലും പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തിലും ഫൈ്ള ഓവറിന്‍െറ രേഖാചിത്രം പ്രദര്‍ശിപ്പിക്കുന്നതിനും സംശയങ്ങള്‍ പങ്കുവെക്കുന്നതിനുമായി മാര്‍ച്ച് മൂന്നിന്വൈകുന്നേരം മൂന്നിന് എടപ്പാള്‍ ബ്ളോക്ക് ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങള്‍ക്കായി യോഗം നടത്തുമെന്ന് എം.എല്‍.എ അറിയിച്ചു. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഫൈ്ള ഓവറിന്‍െറ നിര്‍മാണ ചുമതല. സംസ്ഥാനത്ത് പത്ത് മണ്ഡലങ്ങളിലാണ് ഈ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജില്ലയില്‍ ആദ്യത്തെ ഫൈ്ള ഓവര്‍ പദ്ധതിയാണ് എടപ്പാളിലേത്. |
പാണ്ടിക്കണ്ടം റഗുലേറ്ററിനും കൊടങ്കൈ തടയണക്കും ശിലയിട്ടു Posted: 22 Feb 2014 10:10 PM PST കാസര്‍കോട്: പാണ്ടിക്കണ്ടത്ത് 20.80 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറയും ഉപ്പള ശുദ്ധജല വിതരണ പദ്ധതിക്ക് കൊടങ്കൈയില്‍ 6.05 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന തടയണയുടെയും ശിലാസ്ഥാപനം ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. ബേഡഡുക്ക, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും ഗതാഗതത്തിനും ഉപകരിക്കുന്ന തരത്തിലാണ് പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുന്നത്. 2010 ഏക്കറോളം ഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. പയസ്വിനി പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവില്‍ 20 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം പുഴയുടെ മറുകരയിലെത്താന്‍. 104.75 മീറ്റര്‍ നീളത്തിലാണ് റഗുലേറ്റര്‍ നിര്‍മിക്കുന്നത്. ഒരു മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ച് അതിനു മുകളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ യന്ത്ര ഷട്ടറും സ്ഥാപിക്കും. 4.27 മീറ്റര്‍ വീതിയില്‍ പാലത്തിന്‍െറ സൗകര്യവും ഉണ്ടായിരിക്കും. ഒന്നരവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും. പാണ്ടിക്കണ്ടത്ത് പയസ്വിനി പുഴയുടെ തീരത്ത് ഒരുക്കിയ ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ കെ.വി. കുഞ്ഞിരാമന്‍, പി. രാഘവന്‍, കാറഡുക്ക ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.എം. പ്രദീപ്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്‍റ് സി. കാര്‍ത്യായനി, വൈസ് പ്രസിഡന്‍റ് എം. അനന്തന്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. ഭവാനി, പഞ്ചായത്ത് മെംബര്‍ സുഗതകുമാരി, കാറഡുക്ക ബ്ളോക് പഞ്ചായത്ത് മെംബര്‍മാരായ സി. സുശീല, ബേഡഡുക്ക പഞ്ചായത്ത് മെംബര്‍മാരായ കെ. മുരളീധരന്‍, കെ. കാര്‍ത്യായനി, എ. രാധ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ചെറുകിട ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍.എസ്. ഹരിനാരായണന്‍ സ്വാഗതം പറഞ്ഞു. മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പള ശുദ്ധജല വിതരണ പദ്ധതിയുടെ ജലസ്രോതസിനായി കൊടങ്കൈയില്‍ നിര്‍മിക്കുന്ന തടയണയുടെയും ശിലാസ്ഥാപന കര്‍മം സോങ്കാലില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്നു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ് സമീറ, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആയിഷത്ത് താഹിറ, വൈസ് പ്രസിഡന്‍റ് എം.കെ. അലി മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.എം. അഷ്റഫ്, ബ്ളോക് പഞ്ചായത്ത് കമ്മിറ്റി ചെയര്‍പേഴ്സന്‍ മുംതാസ് നാസര്‍, പഞ്ചായത്ത് മെംബര്‍ ഇഖ്ബാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പി.സി. രാജു സ്വാഗതം പറഞ്ഞു. ഉപ്പള പുഴയിലെ കൊടങ്കൈയിലാണ് തടയണ നിര്‍മിക്കുന്നത്. നിലവില്‍ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും വേനലാവുന്നതോടെ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് തടയണ നിര്‍മിക്കുന്നത്. മൂന്നര മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന തടയണയുടെ നിര്‍മാണം മേയ് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 5000 പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കഴിയും. |
സ്ഥലം ലഭ്യത തടസ്സമാകുന്നു Posted: 22 Feb 2014 09:59 PM PST Subtitle: സംസ്ഥാന-കേന്ദ്ര ഗവ. ഓഫിസുകള്‍ ഒരു കുടക്കീഴിലാക്കാന്‍ കണ്ണൂര്‍: നഗരത്തിലെ സംസ്ഥാന-കേന്ദ്ര ഗവ. ഓഫിസുകള്‍ ഒരു കുടക്കീഴില്‍ എന്ന ഉദ്ദേശ്യത്തോടെ നഗരത്തില്‍ ബഹുനില ഓഫിസ് സമുച്ചയം ഉണ്ടാക്കണമെന്ന വികസന സമിതി നിര്‍ദേശം നടപ്പാക്കുന്നതില്‍ സ്ഥല ലഭ്യത തടസ്സമാകുന്നതായി എ.ഡി.എം ഒ. മുഹമ്മദ് അസ്ലം ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, കെ.കെ. നാരായണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന വികസന സമിതി യോഗത്തില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയായിരുന്നു നിര്‍ദേശം മുന്നോട്ടുവെച്ചത്. സ്ഥലം കണ്ടെത്താമെന്ന് എ.ഡി.എം ഉറപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് പഴയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനടുത്തെ മൃഗസംരക്ഷണ വകുപ്പിന്‍െറ ഒരേക്കറോളം വരുന്ന സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും സ്ഥലം വിട്ടുനല്‍കാന്‍ വകുപ്പ് വിമുഖത കാട്ടുകയായിരുന്നു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് ജയില്‍ പള്ളിക്കുന്നിലേക്ക് മാറ്റുകയും ആ സ്ഥലം സമുച്ചയം നിര്‍മിക്കുന്നതിന് ഉപയോഗിക്കാമെന്നുമായിരുന്നു മറ്റൊരു നിര്‍ദേശം. എന്നാല്‍, ജയില്‍വകുപ്പിന്‍െറ സ്ഥലം വിട്ടു നല്‍കേണ്ടതില്ലെന്ന് വകുപ്പ് മേധാവിയുടെ നിര്‍ദേശം ലഭിച്ചതായി ബന്ധപ്പെട്ടവര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എന്‍.ജി.ഒ ഹോസ്റ്റല്‍ സ്ഥാപിക്കാനും സ്ഥലം കണ്ടെത്തുന്നതിനായി വികസന സമിതിയില്‍ നിര്‍ദേശമുണ്ടായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെ മറ്റിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കായി ബാച്ചിലര്‍ ഹോസ്റ്റലുകളുണ്ട്. എന്നാല്‍, കണ്ണൂരില്‍ സ്വകാര്യ മുറികളും ലോഡ്ജുകളുമാണ് ആശ്രയം. ഇക്കാര്യം അടിയന്തരമായി പരിഗണിക്കുമെന്ന് കലക്ടര്‍ പി. ബാലകിരണ്‍ യോഗത്തില്‍ പറഞ്ഞു. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ കുടിവെളള പദ്ധതികളുടെയും റോഡ് പ്രവൃത്തികളുടെയും പുരോഗതി റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി എക്സി. എന്‍ജിനീയര്‍ അവതരിപ്പിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള എളയാവൂര്‍ പഞ്ചായത്തിലെ കുടിവെളള പദ്ധതി നവീകരണത്തിന് 200 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും റീടെന്‍ഡറിങ് നടപടിയായതായും അറിയിച്ചു. കെ.കെ. നാരായണന്‍ എം.എല്‍.എ യുടെ ഫണ്ടിലുള്‍പ്പെടുത്തിയ കടമ്പൂര്‍ പഞ്ചായത്തിലെ വിവിധ പൈപ്ലൈന്‍ നീട്ടല്‍ പദ്ധതികളില്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയതായും സി. കൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള പെരളം പഞ്ചായത്തിലെ പുത്തൂര്‍ കുടിവെളള പദ്ധതിക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചതായും എക്സി. എന്‍ജിനീയര്‍ അറിയിച്ചു. കണ്ണൂര്‍ സമാജ്വാദി കോളനിയില്‍ കക്കൂസ് നിര്‍മാണത്തിന് ഫണ്ട് ലഭ്യമാണെന്ന് അബ്ദുല്ലക്കുട്ടി എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. പരിശോധിച്ച് നടപടിയുണ്ടാക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ജില്ലാ ഓഫിസറോ പ്രതിനിധികളോ എത്താത്തത് യോഗത്തില്‍ ചര്‍ച്ചയായി. വിവിധ വകുപ്പുകളുടെ കഴിഞ്ഞമാസം വരെയുള്ള പദ്ധതി പുരോഗതിയും ജില്ലയിലെ എം.പി ഫണ്ട് വിനിയോഗ പുരോഗതിയും വിലയിരുത്തി. ജില്ലാ പ്ളാനിംഗ് ഓഫിസര്‍ മുഹമ്മദ് ഉസ്മാന്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, കെ.പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. |
യുവാക്കള്‍ക്ക് സൈനിക സേവനം: സ്വാഗതം ചെയ്ത് സ്വദേശികള്‍ Posted: 22 Feb 2014 09:48 PM PST ദോഹ: യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്താനുള്ള മന്ത്രിസഭ തീരുമാനത്തെ സ്വദേശികള്‍ സ്വാഗതം ചെയ്തു. 18 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് സൈനികസേവനം നിര്‍ബന്ധമാക്കുന്നത്. രാജ്യത്തെ വ്യത്യസ്ത സര്‍വകലാശാലകളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നുമുള്ള 2, 000 വിദ്യാര്‍ഥികള്‍ ഒന്നാംഘട്ടത്തില്‍ സൈനിക പരിശീലനം നേടും. ആദ്യഘട്ടം ഏപ്രില്‍ ആദ്യത്തില്‍ ആരംഭിക്കാനാണ് തീരുമാനം. നിര്‍ബന്ധിത സൈനികസേവനവുമായി ബന്ധപ്പെട്ട് യുവാക്കളുടെ രജിസ്ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിക്കാനിരിക്കുകയാണ്. സര്‍ക്കാരിന്‍െറ ദേശീയ സേവനപരിശീലന പരിപാടിയില്‍ പങ്കാളികളാകാന്‍ സന്നദ്ധമാണെന്ന് ഒട്ടനവധി ഖത്തരി യുവാക്കള്‍ വ്യക്തമാക്കിയതായി പ്രാദേശിക അറബിപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും ഉത്തരവാദിത്ത ബോധവും പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമായിട്ടാണ് സര്‍ക്കാര്‍ തീരുമാനത്തെ നോക്കിക്കാണുന്നതെന്ന് ഖത്തരി യുവസമൂഹം പ്രതികരിച്ചു. ഉത്തരവാദിത്ത ബോധമുള്ള പൗരനായി പരിവര്‍ത്തിപ്പിക്കാന്‍ പരിപാടിക്ക് കഴിയുമെന്ന് ഖത്തരി യുവാവ് മുഹമ്മദ് അല്‍ അലി വ്യക്തമാക്കി. സ്കൂള്‍, കോളജ്, സര്‍വകലാശാലകളില്‍ പഠിക്കാത്തവര്‍ക്കും ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കത്തവര്‍ക്കുമെല്ലാം സൈനികസേവനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്കൂള്‍, കോളജ്, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിയവരെയും സേവനപരിധിയില്‍ ഉള്‍പ്പെടുത്തും. ശമാലിലെ സൈനിക ക്യാമ്പിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം. ഇതുമായി ബന്ധപ്പെട്ട് വിപുലമായ മറ്റൊരു മിലിട്ടറി ക്യാമ്പ് രൂപവല്‍കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കുള്ള സൈനിക പരിശീലനം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. ദേശീയ സേവന പദ്ധതിയുടെ കാലാവധി പൂര്‍ത്തീകരിക്കുന്ന ഏതൊരു ഖത്തരിക്കും രാജ്യത്തെ സൈനിക സുരക്ഷ വിഭാഗങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഖത്തറിലെ എല്ലാ സുരക്ഷാ വകുപ്പുകള്‍ക്കും പിന്തുണ നല്‍കുന്നതിനായിക്കൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നടപ്പാക്കുമ്പോള്‍ ജനങ്ങളില്‍നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ വിലയിരുത്തലുകള്‍ നടത്തും. നിര്‍ബന്ധിത സൈനികസേവനം നിഷേധിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുണ്ടാകില്ല. അവരുടെ തൊഴിലവസരം നിഷേധിക്കണമെന്നും നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് അവരെ ഉള്‍പ്പെടുത്തണമെന്നുമാണ് നിയമം നിഷ്കര്‍ഷിക്കുന്നത്. നിയമപ്രകാരം ബിരുദധാരികളായ ഖത്തരി യുവാക്കള്‍ക്ക് മൂന്ന് മാസത്തെ സൈനികസേവനം നിര്‍ബന്ധമാണ്. ബിരുദമില്ലാത്ത യുവാക്കള്‍ക്ക് നാല് മാസത്തെ സൈനിക സേവനം നിര്‍ബന്ധം. സുപ്രീം എജുക്കേഷന്‍ കൗണ്‍സിലാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുക. അറുപത് ദിവസത്തിനകം പരിശീലനത്തിനായി ഹാജരാകണം. ജോലിയുള്ള ഖത്തരി പൗരന്‍മാര്‍ക്ക് സൈനികസേവന കാലയളവിലും അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അവരുടെ സേവന കാലാവധിയില്‍ സൈനിക സേവനവും ഉള്‍പ്പെടുത്തും. യുദ്ധമോ അതുപോലെയുള്ള അടിയന്തരഘട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഇവരുടെ സേവനവും പ്രയോജനപ്പെടുത്തും. നിര്‍ബന്ധിത സേവനത്തില്‍ സൈനിക പരിശീലനവും പ്രതിരോധ സേനയിലെ ഏതെങ്കിലുമൊരു യൂണിറ്റിലെ സജീവ സേവനവും ഉള്‍പ്പെടും. രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിന്‍െറ ഭാഗമായും സുരക്ഷിതത്വം പരിപാലിക്കുന്നതിന്‍െറയും ഭാഗമായാണ് സൈനികസേവനം നിര്‍ബന്ധമാക്കിയത്. യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനികസേവനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് ഖത്തര്‍. |
മഞ്ഞില്‍ മുങ്ങി യു.എ.ഇ Posted: 22 Feb 2014 09:31 PM PST അബൂദബി/ദുബൈ: വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച രാവിലെ വരെ രാജ്യത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. രാവിലെ ഒമ്പത് വരെയുണ്ടായ മൂടല്‍മഞ്ഞില്‍ റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞു. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുബൈ, അബൂദബി, ഷാര്‍ജ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മഞ്ഞ് മൂലം തടസ്സപ്പെട്ടു. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അര്‍ധരാത്രിയും പുലര്‍ച്ചെയുമായുള്ള 11 വിമാനങ്ങളാണ് മണിക്കൂറുകള്‍ വൈകിയത്. ചൈനീസ് നഗരമായ ചെംഗ്ഡുവില്‍ നിന്നുള്ള നാല് വിമാനങ്ങളും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള ഏഴ് വിമാനങ്ങളുമാണ് വൈകിയത്. ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി ഇറങ്ങേണ്ടിയിരുന്നതാണ്. ശനിയാഴ്ച ഉച്ചക്കാണ് ലാന്‍ഡ് ചെയ്തത്. ജര്‍മനിയില്‍ നിന്നുള്ള വിമാനങ്ങള്‍ ശനിയാഴ്ച രാവിലെ 7.45ന് ഇറങ്ങേണ്ടിയിരുന്നതാണെങ്കിലും ഉച്ചക്ക് ശേഷമാണ് എത്തിയത്. ഇത്തിഹാദ് എയര്‍വേസ്, അല്‍ ഇറ്റാലിയ, എയര്‍ ബെര്‍ലിന്‍, ഹൈനാന്‍ എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് വൈകിയത്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് രാത്രി 7.45ന് കൊച്ചിക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പുലര്‍ച്ചെ 2.30ന് മാത്രമേ പുറപ്പെടൂവെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണത്തെിയത്. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചക്ക് 2.45ന് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം 5.40നാണ് യാത്രയായത്. വെളുപ്പിന് 3.50നുള്ള വിമാനം 7.36നാണ് പോയത്. കോഴിക്കോട്ടേക്ക് ഉച്ചക്ക് 1.30നുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് 4.39ന്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവിങും ദുഷ്കരമായിരുന്നു. ദൂരക്കാഴ്ച കുറഞ്ഞിരുന്നതിനാല്‍ വാഹനങ്ങള്‍ സാവധാനമാണ് ഡ്രൈവ് ചെയ്തത്. മൂടല്‍ മഞ്ഞിന്‍െറ സാഹചര്യത്തില്‍ സൂക്ഷിക്കണമെന്ന് പൊലീസ് സോഷ്യല്‍ സൈറ്റുകളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമ മേഖലയിലെ ലിവയില്‍ ദൂരക്കാഴ്ച 50 മീറ്ററും അബൂദബിയില്‍ 250 മീറ്ററുമാണ് അനുഭവപ്പെട്ടത്. |
No comments:
Post a Comment