സ്വാഗതം
WELCOME

News Update..

Monday, February 10, 2014

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ്; സതീശന്‍ വൈസ് പ്രസിഡന്‍റ് Madhyamam News Feeds

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ്; സതീശന്‍ വൈസ് പ്രസിഡന്‍റ് Madhyamam News Feeds

Link to

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ്; സതീശന്‍ വൈസ് പ്രസിഡന്‍റ്

Posted: 09 Feb 2014 11:16 PM PST

Image: 

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്‍റായി വി.എം സുധീരനെയും വൈസ് പ്രസിഡന്‍റായി വി.ഡി സതീശന്‍ എം.എല്‍.എയും എ.ഐ.സി.സി നേതൃത്വം  തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ ആണ് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ സാരഥിയെ തെരഞ്ഞെടുത്തത്.

ജി.കാര്‍ത്തികേയനും സുധീരനും ആയിരുന്നു സാധ്യതാപട്ടികയില്‍ ഒരുപോലെ ഇടംപിടിച്ചവര്‍. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെയും പ്രതിരോധ മന്ത്രി .എ.കെ ആന്‍റണിയുടെയും പ്രത്യേക താല്‍പര്യമാണ് സുധീരനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്.

കോണ്‍ഗ്രസിനകത്ത് താരതമ്യേന ക്ളീന്‍ ഇമേജ് ഉള്ള സുധീരന്‍റെ പേര് നേരത്തെ നിരവധി തവണ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

അഴിമതിക്കറ പുരളാത്ത, നിലപാടുകളില്‍ ഊന്നിയ സജീവ രാഷ്ട്രീയക്കാരന്‍  എന്ന നിലയില്‍ അറിയപ്പെടുന്ന സുധീരന്‍ ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ പാര്‍ലമെന്‍റിലും 1980 മുതല്‍ 1996 വരെ നാലു തവണ  കേരള നിയമ സഭയിലും എത്തി. സംസ്ഥാന നിയമസഭാ സ്പീക്കര്‍, ആരോഗ്യ മന്ത്രി എന്നീ  പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ കളരിയില്‍ കാലെടുത്തുവെച്ച സുധീരന്‍ 1971മുതല്‍ 1973 വരെയുള്ള കാലയളവില്‍ കെ.എസ്.യു വിന്‍റെ പ്രസിഡന്‍റ് ആയിരുന്നു. 1975ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 77 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. ആലപ്പുഴയില്‍ നിന്നും ആറാമത് ലോക്സഭയിലേക്ക് 1977ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 80തില്‍ കേരള നിയമ സഭയില്‍ സാമാജികന്‍ ആയി എത്തി. 1966വരെ അദ്ദേഹം  സഭയില്‍ സജീവ സാന്നിധ്യമായി. 1985-87കാലയളവില്‍ കേരള നിയമസഭാ സ്പീക്കര്‍ ആയി. 95ല്‍ എ.കെ ആന്‍റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായും ഇരുന്നു.

പാര്‍ട്ടിയിലെ ഹരിതവാദി എം.എല്‍.എ ആയി അറിയപ്പെടുന്ന വി.ഡി സതീശന്‍ എറണാകുളം ജില്ലയിലെ പറവുര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കേരള നിയമ സഭയില്‍ എത്തിയത്. തമിഴ്നാടിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്. സ്കൂള്‍ തലം മുതല്‍ വി.ഡി സതീശന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍റെ ചെയര്‍മാനായിരുന്നു. കെ.എസ്.യുവിലും സജീവമായി. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍റെ സെക്രട്ടറിയായി. കെ.പി.സി.സിയിലും എ.ഐ.സി.സിയിലും അംഗമായിരുന്നു.

വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ സഭക്കകത്തും പുറത്തും ശ്രദ്ധേയനായിരുന്നു സതീശന്‍. പരിസ്ഥിതി വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ത്ത് നിരവധി തവണ പരസ്യമായി രംഗത്തുവന്നിരുന്നു അദ്ദേഹം.

വാഴൂരില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ചൊല്ലി തര്‍ക്കം

Posted: 09 Feb 2014 11:15 PM PST

വാഴൂര്‍: വാഴൂര്‍ ബ്ളോക് പഞ്ചായത്തില്‍ മുന്നണി ധാരണയനുസരിച്ച് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ പരസ്പരം വെച്ചുമാറിയെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ സ്ഥാനങ്ങള്‍ മാറാത്തതിനെച്ചൊല്ലി  കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് എം തര്‍ക്കം രൂക്ഷമാകുന്നു. മുന്നണി ധാരണയനുസരിച്ച് ആദ്യ രണ്ടരവര്‍ഷം പ്രസിഡന്‍റ് സ്ഥാപനം കേരള കോണ്‍ഗ്രസ് എമ്മിനും വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു. ധാരണയനുസരിച്ച് ഇവര്‍ രാജിവെക്കുകയും തുടര്‍ന്ന് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ എസ്. ശൈലജകുമാരിയും വൈസ് പ്രസിഡന്‍റായി കേരള കോണ്‍ഗ്രസ് എമ്മിലെ ഷാജി പാമ്പൂരിയും സ്ഥാനമേറ്റു. എന്നാല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഒറ്റക്കുള്ള മത്സരവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെക്കാതിരുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ രാജിവെച്ചുകൊണ്ട് സമിതികളില്‍ അഴിച്ചുപണി നടത്തുവാനായിരുന്നു യു.ഡി.എഫ് തീരുമാനം. എന്നാല്‍, ഇതിന് മുമ്പ് തന്നെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കേരള കോണ്‍ഗ്രസ് എം പ്രതിനിധി സണ്ണി നീലത്തുംമുക്കിലൂം ആരോഗ്യ ചെയര്‍പേഴ്സണായ കോണ്‍ഗ്രസിലെ മീനുരാജുവും രാജിവെച്ചു. ഇവരുടെ രാജി ആദ്യമായതിനാല്‍  പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥിരം സമിതി തെരഞ്ഞെടുപ്പ് നടന്നു. ആരോഗ്യ ചെയര്‍പേഴ്സണായി മീനു രാജു വീണ്ടും തെരഞ്ഞെടുത്തു. മൂന്നംഗ ക്ഷേമകാര്യ സമിതിയില്‍ കേരള കോണ്‍ഗ്രസിലെ സജിക്ക് പുറമെ കോണ്‍ഗ്രസിലെ കെ.പി. മുകുന്ദന്‍, സി.പി.എമ്മിലെ അമ്മിണിയമ്മ എന്നിവരാണ് അംഗങ്ങള്‍. യു.ഡി.എഫ് ധാരണയനുസരിച്ച് കെ.പി. മുകുന്ദന് സ്ഥാനം നല്‍കാനായിരുന്നു ധാരണയെന്നറിയുന്നു. എന്നാല്‍,  തെരഞ്ഞെടുപ്പില്‍ മൂവരും മത്സരിക്കുകയും എല്ലാവര്‍ക്കും ഓരോ വോട്ടുകള്‍ വീതം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ സജി വി. ചെയര്‍മാനായി. ഇദ്ദേഹം വീണ്ടും മത്സരരംഗത്ത് എത്തിയതും വികസന സമിതി ചെയര്‍പേഴ്സണായ ശ്രീലേഖ രാജിവെക്കാതിരിന്നതുമാണ് കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് എം ബന്ധത്തില്‍  ഉലച്ചില്‍ തട്ടുവാന്‍ കാരണം. പ്രശ്നം യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് മുന്നില്‍ എത്തിച്ചെങ്കിലും ഇതുവരെയും പ്രശ്ന പരിഹാരമുണ്ടായിട്ടില്ല.
പ്രശ്നം ഈ രീതിയില്‍ തുടര്‍ന്നുപോയാല്‍ ബ്ളോക് പഞ്ചായതിന്‍െറ ഭരണസമിതി പ്രവര്‍ത്തനത്തെയും ബധിക്കുമെന്ന് പല നേതാക്കളും പറയുന്നു. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്  5, കേരള കോണ്‍ഗ്രസ് എം 5, സി.പി.എം  3 എന്നിങ്ങനെയാണ് കക്ഷിനില. 

കൊച്ചിയില്‍ സെലിബ്രിറ്റി ആവേശം

Posted: 09 Feb 2014 11:05 PM PST

കൊച്ചി: വായകൂട്ടാതെ ആര്‍ത്തിരമ്പിയ കാണികളും നിര്‍ത്താതെ അലമുറയിട്ട വാദ്യഘോഷങ്ങളും ചേര്‍ന്നതോടെ  നിശ്ശബ്ദത എന്തെന്ന് സ്റ്റേഡിയം അറിഞ്ഞില്ല. മള്‍ട്ടി സ്റ്റാര്‍ സിനിമയുടെ റിലീസ് ദിന തിയറ്റര്‍ പൊലെ പുരുഷാരത്തെ സാക്ഷിയാക്കി കൊച്ചിയില്‍ സെലിബ്രിറ്റി ലീഗ് ക്രിക്കറ്റ് മത്സരം അരങ്ങേറി. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീര്‍ മറാത്തിയും കര്‍ണാടക ബുള്‍ഡോസേഴ്സ്ും തമ്മിലെ മത്സരം ആരംഭിച്ചപ്പോഴേക്കും കലൂര്‍ സ്റ്റേഡിയം പരിസരം നിറഞ്ഞിരുന്നു. മത്സരം പാതി പിന്നിട്ടതോടെ സ്റ്റേഡിയത്തിന്‍െറ പകുതിയോളം കാണികള്‍ കവര്‍ന്നു. നിലക്കാത്ത ആരവത്താല്‍  ഗാലറി തിമിര്‍ക്കുന്നതിനിടെ 5.45ഓടെ കേരള സ്ട്രൈക്കേഴ്സ് ടീം സ്റ്റേഡിയത്തിലെത്തി. ഗാലറികളെ അഭിവാദ്യം ചെയ്ത് ടീം കളികണ്ടു. തൊട്ടുപിന്നാലെ ബ്രാന്‍ഡ് അംബാസഡര്‍ ഭാവന എത്തിയതോടെ വീണ്ടും ആരവം. ഇതിനിടെ, കോടിയേരി ബാലകൃഷ്ണനും സ്റ്റേഡിയത്തിലെത്തി.
ആദ്യമത്സരത്തിന് ശേഷം  കേരള സ്ട്രൈക്കേഴ്സ് താരങ്ങള്‍ വാം അപ്പിനായി മൈതാനത്തിറങ്ങിയതോടെ മിനിറ്റുകള്‍ നീണ്ട  കാതടപ്പിക്കുന്ന ശബ്ദഘോഷം. ആവേശം നൃത്തമായും ജയ് വിളികളുമായി തുടരുന്നതിനിടെ,  നിശ്ചയിച്ചതിലും 25 മിനിറ്റ് വൈകി കേരള സ്ട്രൈക്കേഴ്സ് -ചെന്നൈ മത്സരത്തിന് തുടക്കമായി. പാലക്കാട്ട് ചികിത്സയിലായതിനാല്‍  നോണ്‍ പ്ളെയിങ് ക്യാപ്റ്റനും കേരള ടീമിന്‍െറ ഉടമകളില്‍ ഒരാളുമായ മോഹന്‍ലാലും  മംഗലാപുരത്ത് ഷൂട്ടിങ്ങിലായതിനാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മത്സരം കാണാന്‍ എത്തിയില്ല.  കഴിഞ്ഞ തവണ  നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന് മുന്നിലായിരുന്നു മത്സരമെങ്കില്‍ ഇത്തവണ കാല്‍ ഭാഗത്തോളം ഒഴിഞ്ഞുകിടന്നു. പ്രമുഖ താരങ്ങളൊന്നും  കളിക്കാനില്ലാത്തതാണ് കാണികളെ അകറ്റിയത്. സ്ക്രീനില്‍ ക്രിക്കറ്റ് താരമായി നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന നിവിന്‍ പോളിയും കൊച്ചിയില്‍ കളിക്കാനിറങ്ങിയില്ല്ള.
ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്  ബാറ്റിങ് തെരഞ്ഞെടുത്തതോടെ സ്റ്റേഡിയം അത്യാവേശത്തിലായി. ആദ്യപന്ത് എറിഞ്ഞതോടെ ആരംഭിച്ച ആര്‍ത്തലക്കല്‍ പെട്ടെന്ന് നിന്നു. രണ്ടാം പന്തില്‍ ബിനീഷ് കോടിയേരിയുടെ വിക്കറ്റ് റണ്ണൗട്ടിലൂടെ നഷ്ടമായതോടെ സ്റ്റേഡിയം നിശ്ശബ്ദമായി. രാജീവ് പിള്ളക്ക് കൂട്ടായി അര്‍ജുന്‍ നന്ദകുമാര്‍ എത്തിയതോടെ ഗാലറിക്ക് വീണ്ടും ജീവന്‍വെച്ചു. ഒരോ റണ്ണിനും നിലക്കാതെ ആരവം. ചെന്നൈ റൈനോസിന്‍െറ ബ്രാന്‍ഡ് അംബാസഡറായ തൃഷ സ്ക്രീനില്‍ മിന്നിത്തെളിഞ്ഞതോടെ നിറഞ്ഞകൈയടി. ഇരുടീമിന്‍െറയും ബ്രാന്‍ഡ് അംബാസഡര്‍മാരായ ചലച്ചിത്ര താരങ്ങളായ സോണിയ അഗര്‍വാള്‍, മൈഥിലി തുടങ്ങിയവരും ഇന്ദ്രജിത്, പ്രിയദര്‍ശന്‍, ടിനി ടോം തുടങ്ങിയവരും   ആവേശം പകര്‍ന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നു. വിക്കറ്റ് വീഴുമ്പോഴും റണ്‍സെടുക്കുമ്പോഴും  ഒരുപോലെ ആഘോഷിച്ച കൊച്ചി, ചെന്നൈക്കാരുടെ സുന്ദരനിമിഷങ്ങളില്‍ അവര്‍ക്കൊപ്പവും നിന്നു. ചെന്നൈ ബാറ്റിങ്ങിനിറങ്ങിയപ്പോഴും കാഴ്ചകാര്‍ക്ക് മാറ്റമുണ്ടായിരുന്നില്ല.  ശിങ്കാരിമേളത്തിനൊപ്പം താളംചവിട്ടിയും മെക്സിക്കന്‍ തിരമാലകള്‍ തീര്‍ത്തും കൊച്ചി കളി ആഘോഷിച്ചു. കൊടികളും വിശ്രമമില്ലാതെ ഗാലറിയിലൂടെ ഓടിനടന്നു. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ ഫ്ളക്സുകളുമായാണ്  കാണികള്‍ എത്തിയത്്. മലയാള ചലച്ചിത്രതാരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സില്‍ രാജീവ് പിള്ള, മണിക്കൂട്ടന്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയവരായിരുന്നു പ്രധാനികള്‍. ചെന്നൈക്കായി വിശാല്‍, ഭരത്, ശന്തനു എന്നിവരും മൈതാനത്തിറങ്ങി.

‘ഗോള്‍ഡന്‍ മെഡി ഫെസ്റ്റ്’ സമാപിച്ചു

Posted: 09 Feb 2014 10:50 PM PST

ആലപ്പുഴ: ടി.ഡി മെഡിക്കല്‍ കോളജ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്  ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ സ്പെഷാലിറ്റി മെഗ മെഡിക്കല്‍ ക്യാമ്പ് ‘ഗോള്‍ഡന്‍ മെഡിഫെസ്റ്റ്’ സമാപിച്ചു. രണ്ടുദിവസമായി നടന്ന മെഡി ഫെസ്റ്റില്‍ 51,732 പേര്‍ ചികിത്സതേടി.
ചികിത്സതേടിയവര്‍ക്ക് ഭാരതീയ ചികിത്സ വിഭാഗം, ഹോമിയോ, അലോപ്പതി വിഭാഗങ്ങളിലായി 30 ലക്ഷം രൂപയുടെ മരുന്നാണ് സൗജന്യമായി നല്‍കിയത്. അലോപ്പതി വിഭാഗത്തില്‍ 27,677 പേരും ഭാരതീയ ചികിത്സ വിഭാഗത്തില്‍ 12,170 പേരും ഹോമിയോ വിഭാഗത്തില്‍ 11,885 പേരും ചികിത്സതേടി.
സ്കാനിങ് അടക്കമുള്ള പരിശോധനകള്‍ സൗജന്യമായിരുന്നു. 527 പേരെ അള്‍ട്രസൗണ്ട് സ്കാനിങ്ങിനും 883 പേരെ ഇ.സി.ജിക്കും വിധേയരാക്കി.
4539 പേരുടെ രക്തപരിശോധന നടത്തി. 300 പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ പരിശോധന നടത്തി. കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ ചെയര്‍മാനായ സംഘാടക സമിതിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എറ്റവുമധികം പേര്‍ ചികിത്സതേടിയത് ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഗൈനക്കോളജി, അസ്ഥി, നേത്രചികിത്സ, ആയുര്‍വേദ വിഭാഗങ്ങളിലാണ്. നേത്രചികിത്സ  വിഭാഗത്തില്‍ ചികിത്സതേടിയ മൂവായിരത്തോളം പേരില്‍ 1124 പേര്‍ക്ക് കണ്ണട സൗജന്യമായി നല്‍കി.
അത്യാഹിതവിഭാഗത്തില്‍ 45 പേരാണ് എത്തിയത്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവരെ കൂടാതെ 15,300 പേരാണ് പുതുതായി പേര് രജിസ്റ്റര്‍ ചെയ്ത് ചികിത്സതേടിയത്.
സമാപന സമ്മേളനത്തോടനുബന്ധിച്ച് 50 വീല്‍ചെയറും 20 വാട്ടര്‍ ബെഡും 50 വാക്കറും 20 എയര്‍ബെഡും രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. അലോപ്പതി വിഭാഗത്തില്‍ 300 സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനമുണ്ടായിരുന്നു. ആയുര്‍വേദ വിഭാഗത്തില്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജില്‍നിന്ന് 80 ഡോക്ടര്‍മാരുടെയും ഹോമിയോ വിഭാഗത്തില്‍ 70 ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കിയിരുന്നു.
വിവിധ ജില്ലകളിലെ മെഡിക്കല്‍ കോളജുകളുടെയും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെയും സര്‍ക്കാര്‍ ആശുപത്രികളുടെയും സഹകരണ-സ്വകാര്യ ആശുപത്രികളുടെയും പങ്കാളിത്തവുമുണ്ടായിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് മെഡിഫെസ്റ്റിന്‍െറ മുഖ്യസ്പോണ്‍സര്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഒ.എന്‍.ജി.സി, എച്ച്.എല്‍.എല്‍, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി, കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണമുണ്ടായിരുന്നു.
 

തൃശൂര്‍–ഗോവിന്ദാപുരം പാതയില്‍ വാഹനാപകടം പതിവ്

Posted: 09 Feb 2014 10:47 PM PST

Subtitle: 
നിയന്ത്രിക്കാന്‍ സംവിധാനമില്ല

നെന്മാറ: ഗോവന്ദാപുരം പാതയില്‍ എന്‍.എസ്.എസ് കോളജ് മുതല്‍ വിത്തനശ്ശേരി വരെയുള്ള ഭാഗത്ത് ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങള്‍ തടയാന്‍ നടപടി ഉണ്ടാവുന്നില്ലെന്ന് പരാതി.
ഗോവിന്ദാപുരം പാതയിലെ അയിനംപാടം വളവില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് നാല് പേരാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇവിടെ സിഗ്നല്‍ ലൈറ്റ ്സ്ഥാപിച്ച് മാര്‍ഗ നിര്‍ദേശം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇവിടെ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യാതൊരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ല.
പൊലീസ് പട്രോളിങ് ഏതാനും ദിവസം ഏര്‍പ്പെടുത്തിയതൊഴിച്ചാല്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി ഇവിടെ വാഹനങ്ങളെ നിരീക്ഷിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തുമെന്ന പൊലീസ് ഉറപ്പ് പാലിക്കപ്പെട്ടില്ല.
കോളജിന് മുന്നില്‍ ഹോംഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഗോവിന്ദാപുരം പാതയില്‍ ഗോമതി എസ്റ്റേറ്റ് മുതല്‍ കോളജ് പരിസരം വരെയുള്ള റോഡോരത്ത് മരങ്ങള്‍ കാഴ്ച മറയ്്ക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. ചെറുവാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ ഇത് കാരണമാകുന്നു.
അയിനംപാടം, കല്ലന്‍കോട് റോഡിന്‍െറ ഭാഗങ്ങളില്‍ ജലവിതരണപൈപ്പുകള്‍ നന്നാക്കാനായി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴികള്‍ ശരിയാംവണ്ണം അടക്കാത്തത് ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴാന്‍ ഇടയാക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ റോഡിലെ കുഴികള്‍ അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. റോഡിന്‍െറ വളവുകളിലാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നതെന്നതിനാല്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

ജനസാഗരം സാക്ഷി, മുജാഹിദ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

Posted: 09 Feb 2014 10:28 PM PST

എടരിക്കോട്: നവോത്ഥാനമുന്നേറ്റത്തിന് പുതിയ കരുത്തും ഊര്‍ജവും പകര്‍ന്ന് എട്ടാമത് മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്  ഉജ്ജ്വല സമാപനം.  മതം, മാനവികത, നവോത്ഥാനം എന്ന പ്രമേയത്തില്‍ നാല് ദിവസമായി എടരിക്കോട് നവോത്ഥാന നഗറില്‍ നടന്ന സമ്മേളനത്തിന്‍െറ അവസാനദിവസം ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. കാലത്തിന്‍െറ  മാറ്റത്തിനനുസരിച്ച് ജീവിത രീതികളിലുണ്ടായ പുതിയ മാറ്റങ്ങളുടെ ഗതിവിഗതികള്‍ ചര്‍ച്ചചെയ്താണ് ആറ് വര്‍ഷത്തിന് ശേഷം നടന്ന എട്ടാമത് മുജാഹിദ് സംസ്ഥാനസമ്മേളനം സമാപിച്ചത്.    ആറ് വേദികളില്‍ 41 സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ അഞ്ച് ലക്ഷത്തോളം പേരാണ് എടരിക്കോട് നവോത്ഥാന നഗറിലെത്തിയത്. സ്ഥിരം പ്രതിനിധികളായി വനിതകളടക്കം ഒരു ലക്ഷത്തോളം ആളുകളുമുണ്ടായിരുന്നു.  സമ്മേളനം നിയന്ത്രിക്കാനായി 1000 വനിതകളുള്‍പ്പെടെ 3500 വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു.  പ്രധാനവേദിയില്‍ നടന്ന സമാപന സമ്മേളനം  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍ എം.പി, അബ്ദു റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ,മുസ്ലീം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി,  ആദം  മുല്‍സിഅശൈഖ് മന്‍സൂര്‍ അല്‍ ഗുസ്ന്‍(സൗദി അറേബ്യ), അശൈഖ് ഹമ്മാദ് അല്‍ ഉമര്‍, ഉബൈദുല്ല താനാളൂര്‍, സി.പി. ഉമര്‍ സുല്ലമി, ഇസ്മായില്‍ കരിയാട്, ജലീല്‍ മാമങ്കര, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം. സ്വലാഹുദ്ദീന്‍ മദനി എന്നിവര്‍ സംസാരിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ സ്വാഗതവും സി. മമ്മു കോട്ടക്കല്‍ നന്ദിയും പറഞ്ഞു.  സമ്മേളനത്തിന്‍െറ അവസാനദിവസം വിവിധ സെഷനുകളിലായി മന്ത്രിമാരായ മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, എം.എല്‍.എമാരായ പി.കെ. ബഷീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു.
 

സിറിയയില്‍ നൂറുകണക്കിന് പേരെ കുടിയൊഴിപ്പിച്ചു

Posted: 09 Feb 2014 10:11 PM PST

Image: 

ഡമസ്കസ്:പ്രതിസന്ധി രൂക്ഷമായ സിറിയയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം നൂറുകണക്കിന് പേരെ വീടുകളില്‍ നിന്ന് കുടിയൊഴിപ്പിച്ചു. ബശ്ശാര്‍ അല്‍ അസദിന്‍റെ സൈന്യവും വിമത സംഘവും തമ്മില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ ഭക്ഷണ വിതരണം അടക്കം മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കുകയാണ് തങ്ങള്‍ എന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു. വെടിവെപ്പും മോര്‍ട്ടാര്‍ അക്രമണവും അതിജീവിച്ചാണ് ഇവര്‍ സഹായം എത്തിക്കുന്നത്. മുവായിരത്തോളം പേര്‍ വിവിധയിടങ്ങളില്‍ കുടങ്ങിയിരിക്കുകയാണ്. അറുനൂറോളം പേരെ ഇതിനകം കുടിയൊഴിപ്പിച്ചു. ഇരുവിഭാഗങ്ങളെയും സമവായത്തില്‍ എത്തിക്കാനുള്ള സമാധാന ചര്‍ച്ച സ്വിറ്റ്സര്‍ലാന്‍റിലെ ജനീവയില്‍ നടന്നുവരുന്നുണ്ട്.

 

 

ഇരുട്ടടിയായി പൊടിക്കുമിള്‍ രോഗം

Posted: 09 Feb 2014 10:08 PM PST

Subtitle: 
റബര്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിയുന്നു

കേളകം: റബര്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. വിലത്തകര്‍ച്ചക്കു പുറമെ മരങ്ങള്‍ക്ക് പൊടിക്കുമിള്‍ രോഗവും. കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന പൊടിക്കുമിള്‍ കീടബാധ പടരുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കയാണ്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ കീടബാധ മൂലം റബറിന്‍െറ ഉല്‍പാദനം 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
കടുത്ത തണുപ്പും  മഞ്ഞും തുടര്‍ന്നുണ്ടായ ചാറ്റല്‍ മഴയുമാണ് ഇലകള്‍ ചുരുണ്ടുണങ്ങുന്ന കീടബാധക്ക് കാരണമായത്.
കീടബാധയുടെ തുടക്കത്തില്‍ റബറിന് ഗന്ധകം സ്പ്രേ ചെയ്താല്‍ മതിയെങ്കിലും കീടബാധ അധികരിച്ചാല്‍ ചില്ലകള്‍ ഉണങ്ങുകയും റബറിന്‍െറ ഇലകള്‍ കരിയുകയും ചെയ്യും.
വിലയിടിവില്‍ നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന കീടബാധ കൂടിയായതോടെ പ്രതിസന്ധി ഇരട്ടിച്ചിരിക്കയാണ്.

ബിന്ദുകൃഷ്ണക്കെതിരെ കേസ്; കോണ്‍ഗ്രസില്‍ അമര്‍ഷം

Posted: 09 Feb 2014 09:59 PM PST

Subtitle: 
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

മാനന്തവാടി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണക്കെതിരെ പൊലീസ് കൈക്കൊണ്ട നിലപാടില്‍  മാനന്തവാടി ഭാഗത്ത് കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം. ഫെബ്രുവരി അഞ്ചിന് സ്ത്രീ മുന്നേറ്റ യാത്രയുമായി മാനന്തവാടിയിലെത്തിയ ബിന്ദുകൃഷ്ണ ടൗണിലെ ഗാന്ധി പാര്‍ക്കില്‍ സംസാരിച്ചുകൊണ്ടിരിക്കെ സമയം കഴിഞ്ഞെന്നു പറഞ്ഞ് എസ്.ഐ മൈക്ക് ഓഫാക്കി. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ബിന്ദുകൃഷ്ണക്കെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് ആദ്യം നിലപാടെടുത്തത്. അന്ന് രാത്രിയോടെ നിലപാട് മാറ്റിയ പൊലീസ് ബിന്ദുകൃഷ്ണക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, മറ്റു നേതാക്കള്‍ക്കെതിരെയോ മൈക്ക് ഓപറേറ്റര്‍ക്കെതിരെയോ കേസില്ല. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍െറ നിര്‍ദേശ പ്രകാരമാണത്രെ കേസെടുത്തത്. മഹിളാ കോണ്‍ഗ്രസിന്‍െറ സംസ്ഥാന പ്രസിഡന്‍റും ഐ ഗ്രൂപ്പുകാരിയുമായിട്ടും ബിന്ദുവിനെതിരെ മാത്രം പൊലീസ് കേസെടുത്തത് ഐ ഗ്രൂപ്പിലും ഭിന്നതക്ക് കാരണമായി. ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ഒരു വിഭാഗം വിമര്‍ശവുമായി രംഗത്തുണ്ട്. സംഭവം കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്.

കടല്‍ക്കൊല: പ്രതികളായ നാവികരെ ആദരിക്കാനാവില്ലെന്ന് എ.ജി, അന്തിമവാദം അടുത്തയാഴ്ച

Posted: 09 Feb 2014 09:52 PM PST

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി അന്തിമവാദം കേള്‍ക്കും. കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ ഒഴിവാക്കാനാവില്ളെന്ന് അറ്റോര്‍ണി ജനറല്‍ (എ.ജി) ഗുലാം ഇ വഹന്‍വതി കോടതിയെ അറിയിച്ചു.

രണ്ട് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയവര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കാനാവില്ല. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണം. കടല്‍ കൊള്ളക്കാര്‍ക്കെതിരായ നിയമമായതിനാല്‍ നാവികര്‍ക്കെതിരെ "സുവ" നിയമം ചുമത്താനാവില്ളെന്നും എ.ജി വ്യക്തമാക്കി.  

എ.ജിയുടെ വാദത്തെ ഇറ്റലിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. കേസില്‍ നാവികര്‍ക്കെതിരെ വധശിക്ഷ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ "സുവ" നിയമത്തിലെ ചില വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. നാവികരെ ഇറ്റലിയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സുപ്രീംകോടതി നിര്‍ദേശിക്കുന്ന അവസരത്തില്‍ വിചാരണക്കായി നാവികരെ ഹാജരാക്കാമെന്നും ഇറ്റലി അറിയിച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP