ജില്ലാ സ്കൂള്‍ കലോത്സവത്തിന് വെണ്ണിക്കുളത്ത് ഇന്ന് തിരശ്ശീല ഉയരും Posted: 06 Jan 2014 12:37 AM PST വെണ്ണിക്കുളം: പത്തനംതിട്ട റവന്യൂജില്ലാ സ്കൂള്‍ കലോത്സവത്തിന് വെണ്ണിക്കുളത്ത് തിങ്കളാഴ്ച തിരശ്ശീല ഉയരും സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസ്, എം.ഡി.എല്‍.പി.എസ്, സെന്‍റ് മേരീസ് ഇ. എം.യു പി എസ് എന്നീ മൂന്ന് സ്കൂളുകളിലായി 10 വേദികളില്‍ ജില്ലയിലെ 4254 കൗമാര കലാ പ്രതിഭകള്‍ നാല് രാപകലുകള്‍ കലാവസന്തം തീര്‍ക്കും. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 272 ഇനങ്ങളിലാണ് മത്സരം. 2438 പെണ്‍കുട്ടികളും 1816 ആണ്‍കുട്ടികളുമാണ് മത്സരത്തിനെത്തുക. കലോത്സവത്തിന്‍െറ ഉദ്ഘാടനം രാവിലെ 10ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സജി ചാക്കോ അധ്യക്ഷത വഹിക്കും. ആന്‍േറാ ആന്‍റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായിക ചന്ദ്രലേഖ നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് കോമളം ജങ്ഷനില്‍ നിന്ന് സെന്‍റ് ബഹനാന്‍സ് സ്കൂളിലേക്ക് ഘോഷയാത്ര നടത്തും. വിവിധ സ്കൂളുകളുടെ ബാന്‍ഡ് സെറ്റ്, എന്‍.എസ്.എസ്,എന്‍.സി.സി, എസ്.പി.സി, എന്നിവ ഘോഷയാത്രയില്‍ അണിചേരും. ജില്ലാ പൊലീസ് സൂപ്രണ്ട് രോഹിത് ആര്‍. നായര്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ലോഗോമത്സര വിജയി ‘മാധ്യമം’ കൊച്ചി യൂനിറ്റിലെ സീനിയര്‍ ഡി.ടി.പി ഓപറേറ്റര്‍ ജോഷി വിന്‍സെന്‍റിനും ഘോഷയാത്രയില്‍ മികച്ച പ്രകടനം നടത്തിയ സ്ഥാപനങ്ങള്‍ക്കുമുള്ള സമ്മാനവിതരണം കെ.എന്‍. ബാലഗോപാല്‍ എം.പി നിര്‍വഹിക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിന് ഭക്ഷണം തയാറാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഭക്ഷണം ഒരുക്കുന്നത്. സമാപന സമ്മേളനം ഒമ്പതിന് അഞ്ചിന് നടക്കും. അഡ്വ. മാത്യു ടി. തോമസിന്‍െറ അധ്യക്ഷതയില്‍ കൂടുന്ന യോഗം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കലോത്സവ വിവരങ്ങള്‍ www. kalolsavampta.in വെബ് സൈറ്റില്‍നിന്ന് അറിയാം. അപ്പീല്‍ മുഖേന 42 പേരാണ് മത്സരത്തിനെത്തുന്നത്. തിരുവല്ല ഡി.ഇ.ഒ 13 അപ്പീലും പത്തനംതിട്ട ഡി.ഇ.ഒ 29 അപ്പീലുമാണ് അംഗീകരിച്ചത്. ജില്ലാ കലോത്സവത്തില്‍ അപ്പീലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എസ്. മാത്യു അറിയിച്ചു. 2500 രൂപ ആയിരിക്കും അപ്പീലിനുള്ള ഫീസ്. |
സന്നിധാനത്തും പമ്പയിലുമായി അന്നദാനം പ്രതിദിനം 15,000 പേര്‍ക്ക് Posted: 06 Jan 2014 12:36 AM PST ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഭിമുഖ്യത്തില്‍ അന്നദാനപ്രഭുവായ അയ്യപ്പസ്വാമിയുടെ സന്നിധിയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ഈ സീസണില്‍ നടത്തിവരുന്ന അന്നദാനം ഈമാസം 19 വരെ നീളും. സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിലാണ് ഇത് നല്‍കുന്നത്. പ്രഭാതഭക്ഷണം രാവിലെ മൂന്നിന് നടതുറക്കുന്നതുമുതല്‍ ആരംഭിക്കും. ഉപ്പുമാവും കടലക്കറിയുമാണ് നല്‍കുന്നത്. ഇത് 11 വരെ തടരും. തുടര്‍ന്ന് 11.30 മുതല്‍ ഉച്ചഭക്ഷണം ആരംഭിക്കും. ഉച്ചയൂണിന് ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍,രസം എന്നിവയാണ് വിഭവങ്ങള്‍. നാലുവരെ ഇവ നല്‍കും. അത്താഴം ആറിന് തുടങ്ങി 12 വരെ നീളും. കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവയാണ് നല്‍കുന്നത്. രാവിലെയും ഉച്ചക്കും രാത്രിയിലുമായി ഒരു ദിവസം ഒരു നേരം ശരാശരി 5000 പേര്‍ ഭക്ഷണം കഴിക്കുന്നു. ഏറ്റുമാനൂര്‍ അസി. കമീഷണര്‍ ജി. ഹരികേസരിയാണ് അന്നദാന സ്പെഷല്‍ ഓഫിസര്‍. അസിസ്റ്റന്‍റായി സബ് ഗ്രൂപ് ഓഫിസര്‍ ഗോവിന്ദന്‍ നമ്പൂതിരിയുണ്ട്. 12 ക്ഷേത്ര ജീവനക്കാരും 40 വേലക്കാരും 79 ദിവസജോലിക്കാരും സേവനത്തിനുണ്ട്. ഹരിപ്പാട് സ്വദേശി പത്മനാഭപിള്ളയാണ് മുഖ്യപാചകക്കാരന്‍. 13 സഹപാചകക്കാരുമുണ്ട്. അന്നദാനത്തിനുള്ള പണം സ്വരൂപിക്കാന്‍ ശ്രീ ധര്‍മ ശാസ്ത അന്നദാന ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. അന്നദാനത്തിനുള്ള സംഭാവനകള്‍ സന്നിധാനത്തുള്ള അന്നദാന മണ്ഡപത്തിലും മഹാ കണിക്ക കൗണ്ടറിലും എക്സിക്യൂട്ടീവ് ഓഫിസിന് മുന്നിലും പമ്പ, പന്തളം, എരുമേലി എന്നിവിടങ്ങളിലും സ്വീകരിക്കും. അന്നദാനത്തിനുള്ള സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ആദായനികുതി ഇളവ് ലഭിക്കും. ഏറ്റവും ഗുണനിലവാരമുള്ള അരിയും പലവ്യഞ്ജനങ്ങളുമാണ് അന്നദാനത്തിന് ഉപയോഗിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ രുചികരമായ ഭക്ഷണമാണ് ഭക്തജനങ്ങള്‍ക്ക് നല്‍കുന്നത്. ഭക്തരെ കൂടാതെ സന്നിധാനത്ത് സേവനം അനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും അന്നദാനം സേവിക്കാന്‍ എത്തുന്നു. അന്നദാന മണ്ഡപത്തില്‍ അത്താഴം കഴിക്കാനെത്തുന്ന അവസാനത്തെ അയ്യപ്പഭക്തനും അന്നം നല്‍കിയ ശേഷം മാത്രമേ അതതുദിവസത്തെ അന്നദാനം അവസാനിപ്പിക്കൂ. പമ്പയില്‍ അന്നദാനത്തിന് രണ്ട് മണ്ഡപം സജ്ജമാക്കിയിട്ടുണ്ട്. അതില്‍ ഒരു മണ്ഡപത്തില്‍ 24 മണിക്കൂറും ഭക്ഷണം നല്‍കുന്നു. രാവിലെ ഇഡ്ലിയും തുടര്‍ന്ന് പൊങ്കലും നല്‍കിവരുന്നു. പൊങ്കല്‍ പ്രസാദം സേവിക്കാന്‍ മാത്രം പതിനായിരക്കണക്കിന് ഇതര സംസ്ഥാന അയ്യപ്പഭക്തരാണ് എത്തുന്നത്. പമ്പ തീരത്താണ് പുതിയ അന്നദാനമണ്ഡപം. ഗണപതി ക്ഷേത്രത്തിന്‍െറ പടിക്കു താഴെയുള്ള പഴയ അന്നദാന മണ്ഡപത്തില്‍ മൂന്ന് നേരം അന്നം നല്‍കുന്നു. ഇവിടെ രാവിലെ കാപ്പി, ഉച്ചക്ക് ഊണ്, രാത്രി കഞ്ഞി എന്നിവയാണ് നല്‍കുന്നത്. പന്തളത്ത് രാവിലെയും രാത്രിയും ദേവസ്വം ബോര്‍ഡ് അന്നദാനം ഉണ്ട്. ഉച്ച ക്ക് ക്ഷേത്രോപദേശക സമിതി ഭക്ഷണം നല്‍കുന്നു. എരുമേലിയില്‍ രാവിലെ മുതല്‍ രാത്രിവരെയും കഞ്ഞിയും പയറും നല്‍കും. ദേവസ്വം ബോര്‍ഡാണ് ഇതു നല്‍കുന്നത്. ശബരിമലയില്‍ തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനത്തെ കൂടാതെ അയ്യപ്പസേവ സംഘം, അയ്യപ്പസേവ സമിതി, എസ്.എം ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളും അന്നദാനം നടത്തിവരുന്നു. |
തേന്‍പുഴ-വെംബ്ളി പാലം ഇനിയും യാഥാര്‍ഥ്യമായില്ല Posted: 06 Jan 2014 12:31 AM PST Subtitle: പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി മുണ്ടക്കയം: തെരഞ്ഞെടുപ്പ് കാലങ്ങളില്‍ രാഷ്ട്രീയക്കാരുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ തേന്‍പുഴ കോണ്‍ക്രീറ്റ് പാലം നിര്‍മാണം കടലാസിലൊതുങ്ങി. കോട്ടയം -ഇടുക്കി ജില്ലകളെയും കൂട്ടിക്കല്‍-കൊക്കയാര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന തേന്‍പുഴ-വെംബ്ളി തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലമെന്ന വെംബ്ളി നിവാസികളുടെ ആഗ്രഹത്തിന് എട്ടുപതിറ്റാണ്ട് പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ നടപടിയായില്ല. 70 വര്‍ഷംമുമ്പാണ് ഇവിടെ പുല്ലകയാറിന്‍െറ മറുകരയെത്താന്‍ ബ്രിട്ടീഷുകാര്‍ കമ്പി പാലം നിര്‍മിച്ചത്. പിന്നീട് എസ്റ്റേറ്റ് വില്‍പന നടത്തിയപ്പോള്‍ തോട്ടം ഉടമയായ എ.വി. ജോര്‍ജ് കമ്പനി പാലം അല്‍പം കൂടി മെച്ചപ്പെട്ട രീതിയില്‍ നിര്‍മിച്ചു. പുല്ലകയാറില്‍നിന്ന് നൂറടിയോളം ഉയരത്തിലും എഴുപതടിയോളം നീളത്തിലുമായിരുന്നു തൂക്കുപാലം. കാലവര്‍ഷത്തില്‍ പലകകള്‍ ദ്രവിച്ചും കമ്പികള്‍ തുരുമ്പിച്ചും അപകടാവസ്ഥയിലാകുന്ന പാലത്തിന്‍െറ അറ്റകുറ്റപ്പണി തോട്ടം ഉടമകള്‍ നടത്തിയിരുന്നത് പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു. കാലാകാലങ്ങളില്‍ മാറിവരുന്ന കൊക്കയാര്‍ പഞ്ചായത്ത് അധികൃതര്‍ പാലത്തിന്‍െറ തകരാറുകള്‍ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് കോണ്‍ക്രീറ്റ് പാലമെന്ന ആശയം നാട്ടുകാര്‍ ജനപ്രതിനിധികള്‍ക്കുമുന്നില്‍ വെക്കുന്നത്. വിവിധ തലങ്ങളിലെ സ്ഥാനാര്‍ഥികള്‍ പാലത്തില്‍ കയറി വികസന സാധ്യതകള്‍ പങ്കുവെച്ചു മടങ്ങുന്നത് പതിവു തെരഞ്ഞെടുപ്പ് കാഴ്ചയാണ്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ കാലത്ത് കോണ്‍ക്രീറ്റ് പാലത്തിനായി രണ്ടുകോടി അനുവദിച്ചതായി ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു. ബജറ്റില്‍ തുക അനുവദിച്ച പ്രഖ്യാപനം ഗ്രാമവാസികള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഫണ്ടിന്‍െറ അവകാശവാദവുമായി വിവിധ പാര്‍ട്ടികളും ജനപ്രതിനിധികളും രംഗത്തുവന്നെങ്കിലും പ്രാഥമിക കടലാസ് നടപടികള്‍ പോലും നടന്നില്ല. ഒരുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലം നിര്‍മാണത്തിനായി പുല്ലകയാര്‍ പരിശോധനയെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ വീണ്ടും രണ്ടു കോടി രൂപ വകയിരുത്തിയെങ്കിലും അതും പാതി വഴിയില്‍ മുടങ്ങി. തേന്‍പുഴയില്‍നിന്ന് അപ്രോച്ച് റോഡിനായി സ്വകാര്യ തോട്ടം ഉടമ സ്ഥലം വിട്ടുനല്‍കാന്‍ തയാറാകാതിരുന്നതാണ് പദ്ധതി മുടങ്ങാന്‍ കാരണം. കൂട്ടിക്കല്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് എല്ലാ രാഷ്ട്രീയക്കാരുടെയും സഹകരണത്തോടെ സ്ഥലം ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. റവന്യൂ വകുപ്പ് ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങുന്നതിന് നടപടിയുമായി മുന്നോട്ടു പോയെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി. ഇതിനിടെ പി.സി.ജോര്‍ജ് എം.എല്‍.എ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോള്‍ പാലം സന്ദര്‍ശിച്ച് ഉടന്‍ നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. സ്വകാര്യ തോട്ടം ഉടമ സ്ഥലം വിട്ടുനല്‍കാന്‍ തയാറായില്ലെങ്കില്‍ ഇവിടെ നിന്ന് 200 മീറ്റര്‍ അകലെ വെട്ടിക്കാനം ഭാഗത്ത് പാലം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. |
‘നിയമം അതിന്‍്റെ വഴിക്കു പോവട്ടെ’- ഗാംഗുലി വിഷയത്തില്‍ കോടതി Posted: 05 Jan 2014 11:46 PM PST ന്യൂദല്‍ഹി: നിയമം അതിന്‍്റേതായ വഴി തേടട്ടെയെന്ന് സുപ്രീംകോടതി. ലൈംഗിക പീഡനാരോപണം നേരിടുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ ഗാംഗുലിയെ എതിര്‍ത്തും അനുകൂലിച്ചും സമര്‍പിച്ച രണ്ട് പൊതു താല്‍പര്യ ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ പ്രസ്താവിച്ചത്. ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിയെടുക്കണമെന്നതാണ് ഒരു ഹരജി. ഗാംഗുലിക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് സര്‍ക്കാറിനെ വിലക്കണമെന്നാവശ്യപ്പെട്ടാണ് മറ്റൊരു ഹരജി. എന്നാല്‍, ഈ ഹരജികളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ളെന്ന് ഗാംഗുലി പ്രതികരിച്ചു. താന്‍ ഒരു ഹരജിയും സമര്‍പിച്ചിട്ടില്ളെന്നും മറ്റാരെങ്കിലും സമര്‍പിച്ചതായി അറിയില്ളെന്നും ഗാംഗുലി പറഞ്ഞു. പീഡനാരോപണത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ ഗാംഗുലിക്കുമേല്‍ സമ്മര്‍ദം മുറുകുന്നതിനിടെയാണ് സുപ്രീംകോടതി ഒരു ഇടപെടലും നടത്താതെ ഹരജികള്‍ തള്ളിയത്. |
മോഹന്‍ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് Posted: 05 Jan 2014 11:36 PM PST ചങ്ങനാശ്ശേരി: മോഹന്‍ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. രാവിലെ 10 മണിയോടെ പെരുന്നയിലത്തെിയ മോഹന്‍ലാല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. നിര്‍മ്മാതാവ് സുരേഷ്കുമാര്‍, നടന്‍ പി.ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി അംഗം കൃഷ്ണപ്രസാദ് എന്നിവരോടൊപ്പമാണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മോഹന്‍ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്തത്തെിയത്. ജി.സുകുമാരന്‍ നായര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷം സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ശതാബ്ദി ആഘോഷിക്കുന്ന എന്‍.എസ്.എസിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും ആഗ്രഹമുണ്ടായിരുന്നു. മന്നം ജയന്തിക്ക് പെരുന്നയില്‍ എത്താന്‍ കഴിഞ്ഞില്ല. സൗഹൃദപരമായ കൂടിക്കാഴ്ചയാണിതെന്നും മറ്റ് താല്‍പര്യങ്ങളൊന്നുമില്ളെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു മണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം യാത്രതിരിച്ചത്. |
പെരിയാറ്റില്‍ ഉപ്പുവെള്ളം; കുടിവെള്ളം മുട്ടുമെന്ന ഭീതിയില്‍ കൊച്ചി Posted: 05 Jan 2014 11:27 PM PST ആലുവ: വിശാലകൊച്ചിയടക്കം ജില്ലയുടെ ഭൂരിഭാഗം പ്രദേശത്തെയും കുടിവെള്ള വിതരണത്തിന് ഭീഷണിയായി പെരിയാറ്റില്‍ ഉപ്പുവെള്ളം വ്യാപകമായി. പുറപ്പിള്ളിക്കാവിലെ താല്‍ക്കാലിക മണല്‍ബണ്ട് തകര്‍ന്നതോടെയാണ് ഓരുവെള്ളക്കയറ്റം ശക്തമായത്. ഇതോടെ ആലുവ ജലശുദ്ധീകരണശാലയുടെ പമ്പ് ഹൗസ് പരിധിയില്‍ വരെ ശക്തമായി ഓരുവെള്ളം കയറുന്നുണ്ട്. പമ്പിങ് നിര്‍ത്തിവെക്കേണ്ട പരമാവധി പരിധിയായ 200 പി.പി.എം വരെ ഉപ്പ് കയറുകയുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വേലിയേറ്റം ശക്തമായ സമയത്താണ് ഈ അളവിലെത്തിയത്. പിന്നീട് വേലിയിറക്കസമയത്ത് കുറഞ്ഞതിനാല്‍ പമ്പിങ് നിര്‍ത്തിവെക്കേണ്ടി വന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരുവെള്ളക്കയറ്റം ശക്തമായതോടെ അരമണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. ബണ്ടിന്‍െറ തകര്‍ന്നഭാഗം പുനര്‍നിര്‍മിക്കാത്തതിനാല്‍ ഓരുവെള്ളക്കയറ്റം കൂടുമോ എന്ന ഭയം നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ശുദ്ധജലം കൂടുതലായി ഒഴുകി എത്തിയാലേ ഓരുവെള്ളം തിരിച്ച് ഒഴുക്കിക്കളയാനാകൂ. ഞായറാഴ്ച ഉച്ചക്ക് ജലസേചന വകുപ്പിന് കീഴിലെ ഭൂതത്താന്‍ കെട്ട് ഡാം കുറച്ചുനേരം തുറന്ന് വെള്ളം വിട്ടതായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി എറണാകുളം സൂപ്രണ്ടിങ് എന്‍ജിനീയര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് ഡാം തുറന്നത്. എങ്കിലും രാത്രി വേലിയേറ്റം ശക്തമായാല്‍ വീണ്ടും ഓരുവെള്ളം കയറും. 200 പി.പി.എമ്മില്‍ കൂടുതല്‍ ലവണാംശം വന്നാല്‍ ശുചീകരണശാലയിലെ ഉപകരണങ്ങളെ ബാധിക്കും. കുടിവെള്ളത്തിലും ഉപ്പ് കലരും. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ലവണാംശം കൂടുമ്പോള്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് നിര്‍ത്തുന്നത്. പമ്പിങ് നിലച്ചാല്‍ വിശാല കൊച്ചിയടക്കമുള്ള ഭാഗങ്ങളില്‍ കുടിവെള്ളം മുട്ടും. കുടിവെള്ളത്തിന് പെരിയാറല്ലാതെ മറ്റ് ആശ്രയകേന്ദ്രങ്ങളില്ലാത്ത കൊച്ചി കോര്‍പറേഷന്‍ മേഖലയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് ഇതിന്‍െറ ദുരിതമനുഭവിക്കേണ്ടി വരിക. നവംബര്‍ 15ന് നിര്‍മാണം ആരംഭിച്ച ബണ്ട് ക്രിസ്മസ് ദിനത്തിലാണ് പൂര്‍ത്തിയായത്. ഇതാണ് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നത്. കുന്നുകര ഭാഗത്താണ് തകര്‍ച്ചയുണ്ടായത്. തീരത്തോട് ചേര്‍ന്ന 10മീറ്ററോളം ഭാഗമാണ് തുടക്കത്തില്‍ ഒലിച്ചുപോയതെങ്കിലും മണ്ണൊലിപ്പ് ശക്തമായതോടെ കൂടുതല്‍ ഭാഗത്ത് തകര്‍ച്ചയുണ്ടായി. ഈവര്‍ഷം ബണ്ട് നിര്‍മാണം വൈകിയാണ് ആരംഭിച്ചത്. ഇതുമൂലം വൃശ്ചികത്തില്‍ ഓരുവെള്ളം വന്‍തോതില്‍ പെരിയാറ്റിലേക്ക് കയറിയിരുന്നു. 400 പി.പി.എം വരെ ലവണാംശം ഉയര്‍ന്നതോടെ അന്ന് പമ്പിങ് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ആ സമയത്ത് കയറിയ ഉപ്പിന്‍െറ അംശം പൂര്‍ണമായി ഒഴുകിപ്പോയിട്ടില്ലെന്നിരിക്കെയാണ് വീണ്ടും കയറിയത്. |
താളം പിടിച്ച് വേദിയുണര്‍ന്നു Posted: 05 Jan 2014 11:15 PM PST Subtitle: ചേര്‍ത്തല, കായംകുളം ഉപജില്ലകള്‍ മുന്നില്‍ അമ്പലപ്പുഴ: കൗമാരം വേദിയില്‍ പീലിവിടര്‍ത്തിയപ്പോള്‍ പ്രതിഭകളുടെ പ്രകടനം കാണികളെ വിസ്മയിപ്പിച്ചു.ഒന്നാംവേദിയില്‍ സംഘനൃത്തം നിറഞ്ഞുനിന്നപ്പോള്‍ സദസ്സും സമ്പുഷ്ടമായിരുന്നു. രണ്ടാംവേദിയില്‍ ഓട്ടന്തുള്ളലും മൂന്നാംവേദിയില്‍ ഭരതനാട്യവുമായി പ്രതിഭകള്‍ നൃത്തച്ചുവടുകള്‍ വെച്ചു. 40ഓളം ഇനങ്ങളിലാണ് ഞായറാഴ്ച മത്സരം നടന്നത്. ഹൈസ്കൂള്‍ ജനറല്‍ വിഭാഗത്തില്‍ 94 പോയന്‍റുനേടി ചേര്‍ത്തല ഉപജില്ലയും ഹയര്‍ സെക്കന്‍ഡറിയില്‍ 114ഉം യു.പിയില്‍ 46ഉം പോയന്‍റുനേടി കായംകുളവും മുന്നിലാണ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 79 പോയന്‍റുള്ള ആലപ്പുഴക്കാണ് രണ്ടാംസ്ഥാനം. ഹയര്‍ സെക്കന്‍ഡറിയില്‍ 111 പോയന്‍റുമായി തുറവൂരും യു.പിയില്‍ 39 പോയന്‍റുമായി അമ്പലപ്പുഴയുമാണ് പിന്നില്‍. ഹൈസ്കൂള്‍ വിഭാഗം അറബി കലോത്സവത്തില്‍ 48 പോയന്‍റുമായി ആലപ്പുഴ ഉപജില്ലയാണ് മുന്നില്‍. 44 പോയന്‍റ് വീതമായി ചേര്‍ത്തലയും അമ്പലപ്പുഴയും തൊട്ടുപിന്നിലുണ്ട്. യു.പിയില്‍ 20 പോയന്‍റ് വീതം നേടി ആലപ്പുഴയും അമ്പലപ്പുഴയും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. 15 പോയന്‍റുവീതം നേടി മാവേലിക്കരയും ഹരിപ്പാടും തൊട്ടുപിന്നിലുണ്ട്.ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ 35 വീതം പോയന്‍റുമായി ചെങ്ങന്നൂരും മാവേലിക്കരയും ഒപ്പത്തിനൊപ്പമാണ്. 33 പോയന്‍റുമായി ആലപ്പുഴയും തുറവൂരും തൊട്ടുപിന്നിലുണ്ട്. യു.പി വിഭാഗത്തില്‍ 53 പോയന്‍റുള്ള ഹരിപ്പാടാണ് മുന്നില്‍. 51 പോയന്‍റുമായി തുറവൂരും അമ്പലപ്പുഴയും രണ്ടാംസ്ഥാനത്തുണ്ട്. |
പാചകവാതക വില വര്‍ധന: സി.പി.എം അനിശ്ചിതകാല സമരത്തിന് Posted: 05 Jan 2014 10:42 PM PST തിരുവനന്തപുരം: പാചകവാതക വില വര്‍ധനക്കെതിരെ സി.പി.എം ഈ മാസം 15 ന് 1400 കേന്ദ്രങ്ങളില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരാള്‍ വീതം എല്ലാ കേന്ദ്രങ്ങളിലും നിരാഹാരം കിടക്കും. വില വര്‍ധനക്കെതിരായ നിരാഹാര സമരം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. സമരത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു. പാചകവാതക സബ്സിഡി ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു. ദേശാഭിമാനിയുടെ കെട്ടിടവും ഭൂമിയും വില്‍പന നടത്തിയത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. കെട്ടിടം വാങ്ങിയത് ഡാനിഷ് ചാക്കോ എന്ന വ്യക്തിയാണ്. വി.എം രാധാകൃഷ്ണന്‍ അല്ല. തന്‍്റെ കൈവശമാണ് ഇപ്പോഴും കെട്ടിടമുള്ളതെന്ന് ഡാനിഷ് ചാക്കോ വ്യക്തമാക്കിയുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. സോളാര്‍ സമരം പിന്‍വലിച്ചത് ന്യായമാണെന്നും ജനശ്രദ്ധ ജനവിധിയിലേക്ക് തിരിക്കാനാണെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടിക്കു പുറത്തുള്ള ഒരാള്‍ക്ക് വാഗ്ദാനം ചെയ്തിട്ടില്ളെന്നും ആരോപണം വസ്തുതാ വിരുദ്ധമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഇടതുമുന്നണി തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു. |
ഫണ്ട് ദുര്‍വിനിയോഗമാരോപിച്ച് ടീസ്റ്റ സെറ്റല്‍വാദിനെതിരെ കേസ് Posted: 05 Jan 2014 10:31 PM PST അഹ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന് നിയമപോരാട്ടം നടത്തി ശ്രദ്ധേയയായ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെതിരെ അഹ്മദാബാദ് ക്രൈംബ്രാഞ്ചിന്‍്റെ കേസ്. അഹ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കലാപത്തിലെ ഇരകള്‍ക്കെന്ന് പറഞ്ഞ് ശേഖരിച്ച വിദേശഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. 2002ല്‍ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫ്രിയടക്കം 69മുസ്ലിംകള്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ ഗോധ്രാനന്തര കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയടക്കം 61 പേര്‍ക്ക് പങ്കുള്ളതായി ചൂണ്ടിക്കാട്ടി ഇഹ്സാന്‍ ജാഫ് രിയുടെ വിധവ സക്കിയ ജാഫ് രി നല്‍കിയ പരാതിയില്‍ ടീസ്റ്റ സക്കിയക്ക് നിരന്തരമായ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍്റെ അന്വേഷണ റിപ്പോര്‍ട്ട് സ്വകീരിച്ച അഹ്മദാബാദ് കോടതി അടുത്തിടെ മോദിക്ക് ക്ളീന്‍ചിറ്റ് നല്‍കുകയുണ്ടായി. കലാപബാധിതര്‍ക്കുവേണ്ടി ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍റ് പീസ് എന്ന തങ്ങളുടെ സംഘടന വഴി രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ശേഖരിച്ച പണം തങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തില്ളെന്ന് കാണിച്ച് ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ 12പേര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ടീസ്റ്റക്കും ഭാര്‍ത്താവിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പ്രതികാര നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ടീസ്റ്റ പ്രതികരിച്ചു. പകപോക്കലിന്‍്റെ ഭാഗമായി വ്യാജമായ കേസ് കെട്ടിച്ചമച്ചിരിക്കുയാണെന്നും അവര്‍ പറഞ്ഞു. |
മേള ഇന്ന് പൂരക്കാഴ്ചകളിലേക്ക് Posted: 05 Jan 2014 10:30 PM PST Subtitle: രചനാ മത്സരങ്ങള്‍ക്കൊപ്പം 11 വേദികളും ഇന്നുണരും വേങ്ങര: കഥകളിവേഷക്കാര്‍ ചൊല്ലിയാടിയ ഒന്നാംദിനത്തിനുശേഷം കലാമേള തിങ്കളാഴ്ച പൂരക്കാഴ്ചകളിലേക്ക്. ജനപ്രിയ ഇനങ്ങള്‍ തിങ്കളാഴ്ച കൗമാര കലോത്സവത്തെ ആവേശത്തിരയിലേറ്റും. ഇതാദ്യമായാണ് വേങ്ങരയില്‍ ജില്ലാ കലോത്സവം വിരുന്നെത്തുന്നത്. മേളയെ വരവേറ്റ വേങ്ങരക്കാര്‍ ഞായറാഴ്ച വൈകീട്ട് ഒന്നാം വേദിയില്‍ അരങ്ങേറിയ കഥകളി കാണാന്‍ ജനം ഒഴുകിയെത്തി. കഥകളി എച്ച്.എസ്, എച്ച്.എസ്.എസ് പെണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ രണ്ട് മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എച്ച്.എസില്‍ ആരുമുണ്ടായില്ല. എച്ച്.എസ്.എസില്‍ ഒരാള്‍ മാത്രവും. കഥകളി ഗ്രൂപ്പില്‍ രണ്ട് ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അരങ്ങേറിയത് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനികള്‍ മാത്രം. രചനാ മത്സരങ്ങള്‍ക്കൊപ്പം 11 വേദികളും ഉണരുന്നതോടെ തിങ്കളാഴ്ച മേളപ്പറമ്പ് സജീവമാകും. ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ഓട്ടന്തുള്ളല്‍ തുടങ്ങിയ ക്ളാസിക്കല്‍ ഇനങ്ങള്‍ ഒന്നാംവേദിയെ സജീവമാക്കും. ട്രിപ്പിള്‍ ജാസും വൃന്ദവാദ്യവും രണ്ടാംവേദിയെ സംഗീതസാന്ദ്രമാക്കും. മൂന്നാം വേദിയില്‍ വടക്കന്‍ കേരളത്തിന്‍െറ തനത് കലാരൂപമായ പൂരക്കളി പൂരക്കാഴ്ച സമ്മാനിക്കും. തുടര്‍ന്നിവിടെ പരിചമുട്ടുകളി അരങ്ങേറും. ചെണ്ടമേളവും പഞ്ചവാദ്യവും അഞ്ചാം വേദിയില്‍ മേളപെരുക്കം തീര്‍ക്കും. സംസ്കൃതം വിഭാഗത്തില്‍ കൂടിയാട്ടവും പാഠകവും തിങ്കളാഴ്ച എട്ടാം വേദിയില്‍ അരങ്ങിലെത്തും. കഴിഞ്ഞവര്‍ഷം മാത്രം മത്സരയിനമായ ചിവിട്ടുനാടകം അരങ്ങേറുന്നതും തിങ്കളാഴ്ചയാണ്. ഒമ്പതാം വേദിയായ വ്യാപാര ഭവനിലാണ് ചവിട്ടുനാടക സംഘങ്ങള്‍ അരങ്ങേറുന്നത്. എച്ച്.എസില്‍ മൂന്നും എച്ച്.എസ്.എസില്‍ അഞ്ചും നാടകങ്ങളാണുള്ളത്. ചേറൂര്‍ ജി.എം.യു.പി.എസ് മൈതാനത്ത് വേദി 17ല്‍ രാവിലെ 9.30ന് ബാന്‍ഡ് മേളം തുടങ്ങും. എച്ച്.എസില്‍ പത്തും എച്ച്.എസ്.എസില്‍ അഞ്ചും ടീമുകള്‍ മാറ്റുരക്കുന്ന ബാന്‍ഡ് മേളത്തില്‍ ഇക്കുറിയും മത്സരം പൊടിപാറും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒന്നാമതെത്തിയത് മലപ്പുറം സെന്‍റ് ജമ്മാസ് സ്കൂളാണ്. മേളയുടെ ആദ്യദിനം വരെ 193 അപ്പീലുകളാണ് എത്തിയത്. |
No comments:
Post a Comment