കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു Posted: 03 Jan 2014 12:43 AM PST Subtitle: പ്രധാന ആവശ്യത്തില്‍ തീരുമാനമായില്ല അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.സമരം ആരംഭിക്കുന്നതിനു മുമ്പുള്ള കരാര്‍ സംവിധാനം തുടരുമെന്നും സമരത്തില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ആറുമാസത്തിനകം ചര്‍ച്ച ചെയ്യാമെന്ന വ്യവസ്ഥയിലുമാണ് സമരം പിന്‍വലിച്ചത്്. പിന്തുണയര്‍പ്പിച്ച് സമരത്തിനിറങ്ങിയ സ്ഥിരം തൊഴിലാളികള്‍ക്ക് മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. ഇതേതുടര്‍ന്നാണ് വ്യാഴാഴ്ച കെ.കെ. നാരായണന്‍ എം.എല്‍.എയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. മിനിമം വേതനം നടപ്പാക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബര്‍ ആറു മുതലാണ് സമരം ആരംഭിച്ചത്.ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ ഷോപ്പ് എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തിലായിരുന്നു അനിശ്ചിതകാല സമരം തുടങ്ങിയത്. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്‍റ് ഭാരവാഹികളായ എം. അബ്ദുല്‍ ജബ്ബാര്‍, ഡോ. എം.എ. ഹാഷിം, സി.ഐ.ടി.യു പ്രതിനിധി കെ.പി. സഹദേവന്‍, വി.വി. ബാലകൃഷ്ണന്‍, സമരസമിതി ഭാരവാഹി പി.പി. ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍, തൊഴിലാളികള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യമായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നുള്ളതില്‍ തീരുമാനമായില്ല. നവംബര്‍ ആറ് മുതലാണ് കോളജിലെ 60ഓളം ശുചീകരണ അറ്റന്‍ഡര്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ ഷോപ്പ് എംപ്ളോയീസ് യൂനിയന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തിലായിരുന്നു അനിശ്ചിതകാല സമരം ആരംഭിച്ചത്. മിനിമം വേതനം നടപ്പാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു തൊഴിലാളികള്‍ പ്രധാനമായും ഉന്നയിച്ചത്. സമരം ആരംഭിച്ചതു മുതല്‍ നിരവധി തവണ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. കോഴിക്കോട് റീജനല്‍ ജോ. കമീഷണര്‍ ശ്രീശന്‍െറ മധ്യസ്ഥതയില്‍ അഞ്ച് തവണയും രണ്ടുതവണ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചും ഒത്തുതീര്‍പ്പ ചര്‍ച്ച നടന്നിരുന്നു. സി.ഐ.ടി.യുവിന്‍െറ കര്‍ശന നിലപാടുകളാണ് ചര്‍ച്ച പരാജയപ്പെടുന്നതിന് പ്രധാന കാരണമായത്. എന്നാല്‍, കഴിഞ്ഞ ദിവസം എം.എല്‍.എ കെ.കെ. നാരായണന്‍െറ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. |
മത്സരങ്ങള്‍ക്കുമുമ്പേ വേദികള്‍ തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം Posted: 03 Jan 2014 12:37 AM PST ചടയമംഗലം: ജില്ലാ കലോത്സവ വേദികള്‍ മത്സരം തുടങ്ങുംമുമ്പേ തകര്‍ന്നുവീണു. വേദികള്‍ തകര്‍ന്നത് അഴിമതിയെ തുടര്‍ന്നാണെന്നാരോപിച്ച് നാട്ടുകാര്‍ ഡി.ഡിയെയും സ്റ്റേജ് കമ്മിറ്റി കണ്‍വീനറെയും തടഞ്ഞുവെച്ചത് സംഘര്‍ഷത്തിനിടയാക്കി. ചടയമംഗലത്ത് നടക്കുന്ന 54ാമത് ജില്ലാ കലോത്സവത്തിനായി ഒരുക്കിയ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലെ എഴുത്തച്ഛന്‍ വേദിയും രണ്ടാംവേദിയായ എം.ജി.എച്ച്.എസ്.എസിലെ വേദിയും പൂങ്കോട് ജെംസ് എച്ച്.എസ്.എസിലെ ഒമ്പതാം നമ്പര്‍ പൊന്‍കുന്നം വര്‍ക്കിയുടെ നാമധേയത്തിലുള്ള വേദിയുമാണ് വ്യാഴാഴ്ച രാവിലെ തകര്‍ന്നുവീണത്. നിര്‍മാണത്തിലെ പാളിച്ചയും ബലക്ഷയവുമാണ് വേദികള്‍ നിലംപൊത്താന്‍ കാരണമായത്. പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍മിച്ച വേദിയുടെ മേല്‍ക്കൂരയായി ഉപയോഗിച്ചിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോവുകയായിരുന്നു. 1,82,000 രൂപയാണ് വേദി നിര്‍മാണത്തിനായി അനുവദിച്ചിരുന്നത്. മുസ്ലിംലീഗിന്‍െറ അധ്യാപകസംഘടനയായ കെ.എസ്.ടി.യുവാണ് വേദി നിര്‍മാണത്തിന്‍െറ ചുമതല വഹിച്ചിരുന്നത്. കുറഞ്ഞ തുകക്ക് കലോത്സവത്തിനാവശ്യമായ നാല് സ്റ്റേജുകള്‍ നിര്‍മിക്കുന്നതിനായി പുറത്ത് പണിയേല്‍പ്പിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. തുക കുറച്ചുപിടിച്ചതിനാല്‍ കരാറുകാരന്‍ തീരെ ബലം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാണത്രേ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തീകരിച്ച് മണിക്കൂറുകള്‍ പിന്നിടുംമുമ്പേ വേദികളെല്ലാം നിലംപൊത്തുകയായിരുന്നു. രാവിലെ സ്കൂളിലെത്തിയ കമ്മിറ്റി ഭാരവാഹികള്‍ക്ക് തകര്‍ന്ന വേദികളാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെ ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. സംഭവസ്ഥലത്തെത്തിയ ഡി.ഡിയെയും പബ്ളിസിറ്റി കണ്‍വീനറെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഭാരവാഹികളായ ചിലര്‍ക്കെതിരെ കൈയേറ്റശ്രമവും നടന്നു. നാട്ടുകാര്‍ ഡി.ഡിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നതിനിടെ പൊലീസും പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. ചര്‍ച്ചയില്‍ സ്റ്റേജുകള്‍ പുനര്‍നിര്‍മിക്കാതെ കലോത്സവം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണുയര്‍ന്നത്. ആര്‍.ഡി.ഒ ഇടപെട്ട് വേദികള്‍ താല്‍കാലികമായി നിര്‍മിക്കുന്നത് തടഞ്ഞിരുന്നു. ചര്‍ച്ചക്കൊടുവില്‍ തിരുവനന്തപുരത്ത് നിന്നുള്ള ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ഉപയോഗിച്ച് പ്രധാനവേദി മികവുറ്റ രീതിയില്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തു. കലോത്സവം തുടങ്ങിയശേഷമാണ് വേദികള്‍ നിലംപൊത്തിയതെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു. വേദി നിര്‍മാണത്തിലെ അഴിമതിക്കെതിരെ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രധാന കവാടത്തില്‍ പോലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തയാറാകാത്ത പബ്ളിസിറ്റി കമ്മിറ്റിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. |
ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; പന്തല്‍ സമര്‍പ്പണം 16ന് Posted: 02 Jan 2014 10:47 PM PST Subtitle: സംസ്ഥാന സ്കൂള്‍ കലോത്സവം പാലക്കാട്: 54ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. വേദികളിലും സ്കൂളുകളിലും ആവശ്യമായ ടോയ്ലറ്റ്, ജലലഭ്യത എന്നിവക്കുള്ള സംവിധാനം പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിലയിരുത്താന്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നഗരസഭാ ചെയര്‍മാന്‍െറ ചേംബറില്‍ യോഗം ചേരും. വേദികളില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് പരിപാടികളുടെ സമയക്രമവും മത്സരഫലവും പ്രദര്‍ശിപ്പിക്കുമെന്ന് പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. വേദികളില്‍ സി.സി കാമറ സ്ഥാപിക്കുമെന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. കര്‍ശനമായ ഗതാഗത നിയന്ത്രണം കലോത്സവദിനങ്ങളില്‍ ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ഊട്ടുപുരയുടെ സമീപത്തുള്ള പാര്‍ക്കിങ് സംവിധാനം മാറ്റണമെന്ന് ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ വി. ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു. സിവില്‍ സര്‍വീസ് അക്കാദമിക്കായുള്ള നാലേക്കര്‍ സ്ഥലത്തെ മതില്‍ നീക്കം ചെയ്ത് പാര്‍ക്കിങ് സൗകര്യമൊരുക്കാനും നിര്‍ദേശമുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ കര്‍ശനപരിശോധനക്കു വിധേയമാക്കിവേണം വേദിക്കരികിലുള്ള ഐസ്ക്രീം പാര്‍ലറുകളെന്ന് കെ. അച്യുതന്‍ എം.എല്‍.എ നിര്‍ദേശിച്ചു. വേദികളില്‍ ദിവസം രണ്ട് പരിപാടികള്‍ വീതം എന്ന ക്രമത്തില്‍ സമയബന്ധിതമായി മത്സരങ്ങള്‍ നടത്തി രാത്രി 12ന് മുമ്പ് പരിപാടികള്‍ അവസാനിപ്പിക്കുമെന്ന് സ്റ്റേജ് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. 18 വേദികളിലും താമസസ്ഥലങ്ങളിലും ജനറേറ്റര്‍ ഉപയോഗിച്ചായിരിക്കും വെളിച്ചമെത്തിക്കുന്നത്. പ്രധാന വേദിക്കരികില്‍ 54 മഹത്വ്യക്തികളുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കലോത്സവത്തിന്‍െറ പന്തല്‍ സമര്‍പ്പണം ജനുവരി 16ന് നടത്തും. സ്റ്റേഡിയം, വിക്ടോറിയ കോളജ്, കോട്ടമൈതാനം തുടങ്ങിയ വേദികളില്‍ 24 മണിക്കൂറും ജലം ലഭ്യമാക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പുനല്‍കിയതായി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു. 20 വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കും. സ്റ്റേഡിയം, കോട്ടമൈതാനം തുടങ്ങിയ ഇടങ്ങളില്‍ അധിക ടാങ്ക് സ്ഥാപിക്കും. തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം വിതരണം ചെയ്യണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചിട്ടുണ്ട്. 84 ആയുര്‍വേദ, ഹോമിയോ, അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ജില്ലാ ആശുപത്രിയില്‍ 10 കിടക്കകള്‍ അടിയന്തരാവശ്യത്തിനായി ഒഴിച്ചിടും. അഞ്ച് ആംബുലന്‍സ് സൗകര്യവുമുണ്ടാകും. പൊലീസ് കണ്‍ട്രോള്‍ റൂം പ്രധാന കവാടത്തിന് ഇടതുവശത്തായി സജ്ജമാക്കും. സ്റ്റേജുകളില്‍ പൊലീസിന് ഉച്ചഭാഷിണി വേണമെന്ന് ആവശ്യപ്പെട്ടതായും കണ്‍വീനര്‍ അറിയിച്ചു. സാംസ്കാരിക ഘോഷയാത്രയില്‍ 30 സ്കൂളുകളും 15 സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുക്കും. മൂന്നു ക്ളസ്റ്ററുകളിലായാണ് പരിപാടി. ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി ജി. സോമശേഖരന്‍ ഫ്ളാഗ് ഓഫ് ചെയ്യും. വേദികളിലും താമസസ്ഥലത്തും ടോയ്ലറ്റ് സംവിധാനം ഒരുക്കും. ‘നിര്‍ഭയം, സുരക്ഷിതം ബാല്യം’ എന്നായിരിക്കും കലോത്സവസന്ദേശം. ഓരോ സ്റ്റേജിന് സമീപത്തും ഐ.ടി അറ്റ് സ്കൂളിന്‍െറ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ആരംഭിക്കും. മോയന്‍ ഗേള്‍സ് ഹൈസ്കൂളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പെണ്‍കുട്ടികള്‍ക്ക് താമസം ഒരുക്കുന്ന മരുതറോഡ് സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ ചുറ്റുമതില്‍ ഇല്ലെന്നത് പരിഹരിക്കണമെന്നും പ്രധാന സ്റ്റേജിന് പിന്നിലെ ചതുപ്പുനിലം നികത്തണമെന്നും കണ്‍വീനര്‍ പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ ചലച്ചിത്രപ്രതിഭ ബാലചന്ദ്രമേനോനും സമാപനസമ്മേളനത്തില്‍ സിനിമാതാരം കാവ്യാമാധവനും വിശിഷ്ടാതിഥികളാകും. ഊട്ടുപുരയുടെ കാല്‍നാട്ടുകര്‍മം വെള്ളിയാഴ്ച രാവിലെ 10ന് വിക്ടോറിയ കോളേജ് മൈതാനത്ത് ഡി.പി.ഐ. ബിജുപ്രഭാകര്‍ നിര്‍വഹിക്കും. യോഗത്തില്‍ എം.എല്‍.എമാരായ എം. ഹംസ, കെ.വി. വിജയദാസ്, കെ. അച്യുതന്‍, ഷാഫി പറമ്പില്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, എം. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക് കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.എ. ചന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി ജി. സോമശേഖരന്‍, സംസ്കൃതോത്സവം ചെയര്‍മാന്‍ എന്‍. ശിവരാജന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ വിശ്വനാഥന്‍, ഡി.പി.ഐ ബിജുപ്രഭാകര്‍, ജനറല്‍ കണ്‍വീനര്‍ വി.കെ.സരളമ്മ, ഡി.ഡി. എം.ഐ. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. |
ജില്ലാ സ്കൂള്‍ കലോത്സവം അരങ്ങൊരുങ്ങി വേങ്ങര Posted: 02 Jan 2014 10:22 PM PST മലപ്പുറം: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി അഞ്ചുമുതല്‍ ഒമ്പതുവരെ വേങ്ങര ജി.വി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപജില്ലാടിസ്ഥാനത്തിലെ രജിസ്സ്ട്രേഷന്‍ വെള്ളിയാഴ്ച രാവിലെ 10ന് തുടങ്ങും. 16 വേദികളില്‍ 295 ഇനങ്ങളില്‍ 9003 കലാപ്രതിഭകള്‍ മാറ്റുരക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഘോഷയാത്ര തുടങ്ങും. നാലിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ലോഗോ രൂപകല്‍പ്പന ചെയ്ത സജി ചെറുകരക്ക് പി. ഉബൈദുല്ല എം.എല്‍.എ ഉപഹാരം നല്‍കും. ഉദ്ഘാടന ചടങ്ങിനുശേഷം വേദി ഒന്നില്‍ കഥകളി മത്സരം അരങ്ങേറും. രചനാമത്സരങ്ങള്‍ തിങ്കളാഴ്ച രാവിലെ 9.30മുതല്‍ വേങ്ങര ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. സ്റ്റേജ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് തുടങ്ങും. 19 ഇനങ്ങളില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ സംസ്കൃതോത്സവവും 32 ഇനങ്ങളില്‍ യു.പി, എച്ച്.എസ് വിഭാഗങ്ങളില്‍ അറബിക് കലോത്സവവും നടക്കും. മത്സരാര്‍ഥികള്‍, എസ്കോര്‍ട്ടിങ് ടീച്ചേഴ്സ്, ഒഫീഷ്യല്‍സ് എന്നിവര്‍ക്ക് ഭക്ഷണവിതരണത്തിന്സജ്ജീകരണം പൂര്‍ത്തിയായി. ആറിന് ഉച്ചക്കും മറ്റുദിവസങ്ങളില്‍ മൂന്ന് നേരവും ഭക്ഷണം നല്‍കും. ഓരോ ദിവസവും 9000ഓളം പേര്‍ക്കുള്ള ഭക്ഷണം പത്ത് കൗണ്ടറുകളിലായി വിതരണം ചെയ്യും. സംസ്ഥാന മത്സരത്തിന് അര്‍ഹത നേടുന്നവര്‍ക്ക് വ്യക്തിഗത ട്രോഫി നല്‍കും. മത്സരം രാത്രി വൈകുകയാണെങ്കില്‍ മത്സരാര്‍ഥികളെ ദേശീയപാതവരെ എത്തിക്കാന്‍ വാഹനം ഏര്‍പ്പെടുത്തും. സ്റ്റേജ്, പന്തല്‍ എന്നിവയുടെ ക്രമീകരണം പൂര്‍ത്തിയായി. ഒന്നാം വേദിക്ക് സമീപം മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാരുടെ സേവനവും വേദികള്‍ക്ക് സമീപം കുടിവെള്ള വിതരണത്തിനും സംവിധാനമുണ്ടാകും. കലോത്സവത്തിന്‍െറ സുഗമമായ നടത്തിപ്പിന് ടൗണില്‍ പൊലീസ് സ്റ്റേഷന്‍ മുതല്‍ കുറ്റാളൂര്‍വരെ പാര്‍ക്കിങും തെരുവുകച്ചവടവും നിരോധിച്ചു. ജനുവരി ഒമ്പതിന് വൈകുന്നേരം ഏഴിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു സമ്മാനദാനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ കെ.പി. ജല്‍സീമിയ, ഡി.ഡി.ഇ കെ.സി. ഗോപി, പ്രോഗ്രാം കണ്‍വീനര്‍ കെ.എം. അബ്ദുല്ല, ഹംസ കടമ്പോട്ട്, കെ. വീരാന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. |
മേളം വര്‍ണശബളം Posted: 02 Jan 2014 10:14 PM PST Subtitle: ഹൈസ്കൂള്‍ വിഭാഗത്തില്‍ കല്‍പറ്റ എന്‍.എസ്.എസ് മുന്നില്‍ കല്‍പറ്റ: ജില്ലാ സ്കൂള്‍ കലോത്സവത്തിന് മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂളില്‍ വര്‍ണശബളമായ തുടക്കം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. തങ്കമണി സ്കൂള്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തിയതോടെയാണ് വയനാടിന്‍െറ കലാമേളക്ക് തുടക്കമായത്. കലോത്സവത്തില്‍ വ്യാഴാഴ്ച ഹൈസ്കൂള്‍ വിഭാഗത്തില്‍ 30 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയന്‍റുമായി കല്‍പറ്റ എന്‍.എസ്.എസ് മുന്നേറുന്നു. കണിയാരം ഫാ. ജി.കെ.എം സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 45 പോയന്‍റുമായി ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഒന്നാം സ്ഥാനത്തുണ്ട്. 44 പോയന്‍റുമായി കല്‍പറ്റ എന്‍.എസ്.എസ് തൊട്ടുപിന്നിലാണ്. യു.പി വിഭാഗത്തില്‍ 12 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്കൂള്‍ 15 പോയന്‍റുമായി മുന്നേറുന്നു. 10 വീതം പോയന്‍റുകളുമായി ദ്വാരക എ.യു.പി.എസ്, വാളാട് ജി.എച്.എസ്.എസ്, തരിയോട് സെന്‍റ് മേരീസ്, മേപ്പാടി സെന്‍റ് ജോസഫ്സ്, പഴൂര്‍ സെന്‍റ് ആന്‍റണീസ് എന്നിവര്‍ രണ്ടാം സ്ഥാനത്തുണ്ട്. കല്‍പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര മുണ്ടേരി ജി.വി.എച്ച്.എസിലെത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. തായമ്പക, ശിങ്കാരിമേളം, കാവടിയാട്ടം, ചെണ്ടമേളം, മുത്തുക്കുട തുടങ്ങിയവ ഘോഷയാത്രക്ക് പകിട്ടേകി. എന്‍.എസ്.എസ്, എന്‍.സി.സി വളന്‍റിയര്‍മാര്‍, എസ്.പി.സി തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. 34ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ ഉദ്ഘാടനം എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കലോത്സവ ലോഗോ രൂപകല്‍പനചെയ്ത മീനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജീവനക്കാരന്‍ പി.എസ്. കൃഷ്ണന്‍, സ്വാഗതഗാനരചയിതാവ് മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂള്‍ അധ്യാപിക ഗീതാഭായ്, സംഗീതസംവിധായകന്‍ കണിയാമ്പറ്റ ജി.എച്ച്.എച്ച്.എസിലെ അധ്യാപകന്‍ എം.കെ. പ്രശാന്ത്, വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ലോഗോ രൂപകല്‍പന മത്സരത്തില്‍ ഒന്നാമതായ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ നിഹാല്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. അനില്‍കുമാര്‍, വല്‍സ ചാക്കോ, ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് ഉഷാകുമാരി, എം. മുഹമ്മദ് ബഷീര്‍, എ.പി. ശ്രീകുമാര്‍, ഉഷ വിജയന്‍, കെ.കെ. വത്സല, എ.പി. ഹമീദ്, കേയംതൊടി മുജീബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. |
സര്‍വത്ര ആശയക്കുഴപ്പം; ജില്ലയിലും പാചകവാതക വിതരണം നിലച്ചു Posted: 02 Jan 2014 10:04 PM PST കോഴിക്കോട്: വില സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ പാചകവാതക വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. ആധാര്‍ കാര്‍ഡ് ഉള്ളവരുടെയും ഇല്ലാത്തവരുടെയും വില സംബന്ധിച്ച് വ്യക്തമായ വിവരമൊന്നും ലഭിക്കാത്തതിനാല്‍ ഗ്യാസ് ഏജന്‍സികളില്‍ ഭൂരിഭാഗവും വ്യാഴാഴ്ച അടച്ചിട്ടു. പാചകവാതക സിലിണ്ടറിന് ജനുവരി ഒന്നുമുതല്‍ പുതിയ വിലയാണ് നിശ്ചയിച്ചിരുന്നത്. ആധാറുമായി ലിങ്ക് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ ഒരേ ബില്‍ നല്‍കുന്ന വിധത്തിലാണ് ഓണ്‍ലൈനില്‍ സോഫ്റ്റ്വെയര്‍ ക്രമീകരിച്ചത്. അതത് ഏജന്‍സികള്‍ തങ്ങളുടെ കോഡ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ എണ്ണക്കമ്പനികള്‍ നിര്‍ദേശവും നല്‍കി. ഇന്‍ഡേന്‍ ഗ്യാസ് സിലിണ്ടറിന് ജില്ലയില്‍ 1304.50 രൂപയാണ് ഒന്നുമുതല്‍ നിശ്ചയിച്ചത്. സിലിണ്ടര്‍ വീട്ടിലെത്തിക്കുന്നതിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജില്ലാതെയുള്ള കണക്കാണിത്. ഡിസംബര്‍ 31 വരെ ഇത് 1073 രൂപയായിരുന്നു. ആധാര്‍ ലിങ്ക് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ജനുവരി ഒന്നു മുതല്‍ പുതിയ വിലയില്‍ ബില്‍ നല്‍കണം. ഇതിനുള്ള ഒരുക്കങ്ങള്‍ ഏജന്‍സികളുടെ കമ്പ്യൂട്ടറില്‍ നടത്തേണ്ട ജോലി പുരോഗമിക്കുന്നതിനിടെയാണ് വിലകൂട്ടിയ വിവരമെത്തിയത്. ആധാര്‍ ലിങ്ക് ചെയ്യുന്നതിന് രണ്ടുമാസം സാവകാശം നല്‍കുന്ന വിവരവും ഇതിനിടെ വന്നു. എന്നാല്‍, ഇതുസംബന്ധിച്ച് വിവരമൊന്നും ഏജന്‍സികള്‍ക്ക് കമ്പനികള്‍ നല്‍കിയില്ല. അതിനാല്‍, കട തുറക്കാന്‍ ജില്ലയിലെ ഏജന്‍സികളാരും ധൈര്യപ്പെട്ടില്ല. പാചകവാതകം ലഭ്യമായിട്ടും വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണുണ്ടായത്. ഇതൊന്നുമറിയാതെ പതിവുപോലെ ഉപഭോക്താക്കള്‍ കടകള്‍ക്കു മുന്നിലെത്തി തിരിച്ചുപോയി. അതിനിടെ, ഗ്യാസ് സിലിണ്ടറിന്‍െറ വിലവര്‍ധനയില്‍ പ്രതിഷേധം വ്യാപകമായി. പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ വിഭാഗം വീട്ടമ്മമാരെ അണിനിരത്തി നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് സക്കീന ചേളന്നൂര്‍, സുമയ്യ കുന്ദമംഗലം, ജാനകി, സുഷമ, ഷെല്‍വി, സുഭാഷിണി എന്നിവര്‍ നേതൃത്വം നല്‍കി. പാചകവാതകത്തിന്‍െറ വില ക്രമാതീതമായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.വര്‍ധന പിന്‍വലിക്കണമെന്ന് കോഓഡിനേഷന്‍ ഓഫ് കാലിക്കറ്റ് റെസിഡന്‍സ് അസോസിയേഷന്‍ യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്‍റ് അഡ്വ. പി.ടി.എസ്. ഉണ്ണി, ബഷീര്‍ മൂസ, എം.എം. ഹംസ, ടി. രാധാകൃഷ്ണന്‍, ശ്രീനിവാസന്‍ ചാലിക്കര, ടി.പി. വാസു, കുഞ്ഞോത്ത് അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.വില വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ജയാ സദാനന്ദന്‍ കുറ്റപ്പെടുത്തി. |
നിതാഖാത്ത്: വിദേശികളെയും തട്ടുതിരിക്കാന്‍ ആലോചന Posted: 02 Jan 2014 10:00 PM PST റിയാദ്: നിതാഖാത് പരിഷ്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍െറ ഭാഗമായി വിദേശതൊഴിലാളികളെയും മൂല്യനിര്‍ണയം നടത്തി വിവിധ വിഭാഗങ്ങളായി തിരിക്കാന്‍ തീരുമാനം. വിദേശികള്‍ സൗദിയില്‍ തങ്ങുന്ന കാലാവധി, ശമ്പളം, ഫാമിലി സ്റ്റാറ്റസ്, കുടുംബാംഗങ്ങളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി നിതാഖാത് ഘടനയില്‍ ഗ്രൂപ്പ് തിരിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. രാജ്യത്ത് വിദേശികള്‍ക്കായി വ്യയം ചെയ്യേണ്ടി വരുന്ന മൂല്യം അറിയുകയാണ് ഈ തരം തിരിവിന്‍െറ ഉദ്ദേശ്യം. രാജ്യത്ത് തൊഴിലെടുക്കുന്ന സമയവും വേതനവും കുടുംബഘടനയും വളര്‍ച്ച പ്രാപിക്കുന്നതിനനുസരിച്ച് തൊഴിലാളിക്ക് വ്യത്യസ്ത പോയിന്‍റ് നല്‍കുന്നതാണ് പുതിയ പരിഷ്കരണ രീതി. ഇതനുസരിച്ച് ഫാമിലി സ്റ്റാറ്റസുള്ളവരില്‍ ഭാര്യയോ ഭര്‍ത്താവോ കൂടെയുള്ള വിദേശ ജോലിക്കാര്‍ക്ക് 1.5 പോയിന്‍റാണ് വെയിറ്റേജ് നല്‍കിയിരിക്കുന്നത്. ഒന്നിലധികം ഭാര്യമാര്‍ സൗദിയിലുണ്ടെങ്കില്‍ പോയിന്‍റിലും വര്‍ധനവുണ്ടാവും. കുടുംബാംഗങ്ങളുടെ എണ്ണവും പോയിന്‍റ് വര്‍ധനവിന് കാരണമാവും. വിദേശി ജോലിക്കാരുടെ ശമ്പളമാണ് പോയിന്‍റ് നിശ്ചയിക്കുന്നതില്‍ മറ്റൊരു മാനദണ്ഡം. 6,000 റിയാലില്‍ കൂടുതല്‍ ശമ്പളമുള്ള വിദേശിക്കു ഒന്നര പോയിന്‍റാണ് കണക്കാക്കുക. എന്നാല്‍ ഇതേ ശമ്പളക്കാരായ, രാജ്യത്തിന് സേവനം തുടര്‍ന്നും ആവശ്യമുള്ള ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ തൊഴില്‍ പരിചയ സാക്ഷ്യപത്രമുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കും. ഇത്തരം ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരിക്കണം. തൊഴില്‍മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളാണ് ഇതില്‍ പരിഗണിക്കുക. നാല് ഹിജ്റ വര്‍ഷത്തില്‍ കൂടുതല്‍ സൗദിയില്‍ ചെലവഴിച്ച വിദേശിക്കും നിതാഖാത്തില്‍ ഒന്നര പോയിന്‍റ് കണക്കാക്കും. വര്‍ക് പെര്‍മിറ്റ് ലഭിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ തൊഴില്‍മന്ത്രാലയത്തിന്‍െറ കണക്കില്‍ ഇത് ഒന്നര പോയിന്‍റായി മാറും. ഇതേ തൊഴിലാളി ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ രണ്ട് പോയിന്‍റായി വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി. സൗദിയില്‍ കഴിഞ്ഞ കാലയളവ് കണക്കാക്കുന്നതില്‍ തുടര്‍ച്ചയായോ വിവിധ ഘട്ടങ്ങളിലോ എന്നത് പരിഗണിക്കുന്നതല്ല. സാധാരണ ജോലിക്കാര്‍ സൗദിയില്‍ ശരാശരി 6.9 വര്‍ഷമാണ് തൊഴിലെടുക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം അവിദഗ്ധ ജോലിക്കാര്‍ ശരാശരി 7.7 വര്‍ഷം സൗദിയില്‍ നില്‍ക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. വിദേശ തൊഴിലാളിക്ക് ഏത് പ്രകാരവും പരമാവധി ലഭിക്കാവുന്ന പോയിന്‍റ് മൂന്ന് ആയിരിക്കും. അതിന് മുകളില്‍ പോയിന്‍റ് ലഭിക്കുന്നയാള്‍ക്ക് രാജ്യം വിടേണ്ടിവരുമെന്ന സൂചനയാണ് കരട് രേഖകളില്‍നിന്നും മനസ്സിലാകുന്നത്. മന്ത്രാലയത്തിന്‍െറ പഠനത്തിലിരിക്കുന്ന പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. |
നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നത് ഏറ്റവും വലിയ ദുരന്തം -മന്‍മോഹന്‍സിങ് Posted: 02 Jan 2014 09:47 PM PST ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ രാജി അഭ്യൂഹം പ്രചരിക്കുന്നതിനിടെ, തെരഞ്ഞെടുപ്പിന് ശേഷം പുതിയ നേതൃത്വത്തിന് ഭരണം കൈമാറുമെന്നും മൂന്നാം ഊഴത്തിനില്ളെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി. നരേന്ദ്രമോദി പ്രധാനമന്ത്രിയാവുന്നത് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നും അദ്ദേഹം ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മോദി ഇന്ത്യന്‍ പ്രധാനമന്ത്രി ആവുന്നത് രാജ്യത്തിന് വിനാശകരമാണ് എന്ന് പറഞ്ഞ മന്‍മോഹന്‍സിങ് നിരപരാധികളെ കൊന്നൊടുക്കുന്നതല്ല ശക്തമായ നേതൃത്വമെന്നും മോദിയെ കടന്നാക്രമിച്ചു. അടുത്ത പ്രധാനമന്ത്രി യു.പി.എയില്‍ നിന്നായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാല്‍, യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ തലമുറയിലെ നേതാക്കള്‍ രാജ്യത്തെ നയിക്കും. അവര്‍ക്ക് ഇന്ത്യയെ വിജയകരമായി മുന്നോട്ടു കൊണ്ടുപോവാനാവുമെന്ന് തനിക്ക് വിശ്വാസമുണ്ട്. രാഹുല്‍ ഗാന്ധി മികച്ച കഴിവുള്ള വ്യക്തിയാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കല്‍ക്കരിപ്പാടം,ടു- ജി സ്പെക്ട്രം അഴിമതി ആദ്യത്തെ യു.പി.എ സര്‍ക്കാറിന്‍്റെ കാലത്ത് ഉയര്‍ന്നതാണെന്നും അതിനുശേഷം ജനങ്ങള്‍ യു.പി.എയെ തന്നെ തിരഞ്ഞെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ-യു.എസ് ആണവ കരാര്‍ തന്‍്റെ സുപ്രധാന നേട്ടമാണെന്നും എന്നാല്‍, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നീ മൂന്ന് വിഷയങ്ങളില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നും മന്‍മോഹന്‍സിങ് സമ്മതിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവല്‍സരാശംസകള്‍ അര്‍പിച്ച് സംസാരം ആരംഭിച്ച അദ്ദേഹം ഭരണത്തിന്‍്റെ ആദ്യഘട്ടത്തില്‍ ഇന്ത്യ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി അറിയിച്ചു. എന്നാല്‍, ലോകം സാമ്പത്തിക മാന്ദ്യത്തില്‍ പതിച്ചപ്പോള്‍ ഇന്ത്യക്കും പിടിച്ചു നില്‍ക്കാനായില്ല. ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍്റെ നടപടികള്‍ ന്യായീകരിച്ച പ്രധാനമന്ത്രി ഭരണനേട്ടങ്ങള്‍ നിരത്തിയാണ് സംസാരിച്ചത്. രാജ്യത്തെ ദരിദ്രരുടെ എണ്ണം 13.89 കോടി കുറഞ്ഞു. പണപ്പെരുപ്പം തടയാനായില്ല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, വിലക്കയറ്റത്തേക്കാള്‍ വേഗത്തില്‍ വരുമാനം കൂടിയത് മറക്കരുത്. രാജ്യം കാര്‍ഷിക രംഗത്ത് റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചുവെന്നും മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടി. സുരക്ഷക്കും പ്രതിരോധത്തിനും വേണ്ടി നാം തുടര്‍ന്നും കൂടുതല്‍ പണം നിക്ഷേപിക്കും. ഇന്ത്യക്കാരുടെയും ഇന്ത്യയുടെ അതിര്‍ത്തിയുടെയും സുരക്ഷിതത്വം പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ആം ആദ്മിയുടെ വിജയം, ശ്രീലങ്കന്‍, പാക് പ്രശ്നം, ചെറുകിട രംഗത്തെ വിദേശ നിക്ഷേപം തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. ഇപ്പോള്‍ പാകിസ്താന്‍െറ ഭാഗമായ പടിഞ്ഞാറന്‍ പഞ്ചാബിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയെന്ന നിലയില്‍ പാകിസ്താന്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സാഹചര്യമില്ല. അതേസമയം, ഇക്കാര്യത്തില്‍ താന്‍ പ്രതീക്ഷ കൈവിടുന്നുമില്ല. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മല്‍സ്യതൊഴിലാളികള്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും തൃപ്തികരമായ ഫലമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിലവിലെ രണ്ട് പ്രധാന പ്രശ്നങ്ങളായ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗ്യാസ് സബ്സിഡിയും ഉന്നയിച്ചപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പല സംസ്ഥാനങ്ങളിലും ചര്‍ച്ചകള്‍ തുടരുകയാണെന്നും ഗ്യാസ് സിലിണ്ടര്‍ കൂടുതല്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ളെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. വിദേശ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ എന്നും ആഥിത്യമരുളിയിട്ടുണ്ട്. അത് പ്രോല്‍സാഹിപ്പിക്കുന്ന നയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. |
ദുബൈ ഷോപ്പിങ് മേളക്ക് വര്‍ണാഭ തുടക്കം Posted: 02 Jan 2014 09:35 PM PST Subtitle: ഇനി ഒരുമാസം ലോകത്തിന്‍െറ ഷോപ്പിങ്-വിനോദ ആസ്ഥാനമായി ദുബൈ മാറും ദുബൈ: ദുബൈ ക്രീക്കില്‍ വര്‍ണവേഷമിട്ട നൂറുകണക്കിന് കലാകാരന്‍മാര്‍ അണിനിരന്ന ഘോഷയാത്രയുടെയും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗത്തിന്‍െറയും അകമ്പടിയില്‍ 19ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തിരശ്ശീല ഉയര്‍ന്നു. ഔദ്യാഗിക ഉദ്ഘാടനത്തിന്‍െറ പതിവ് വിട്ട് വര്‍ണപ്പകിട്ടേറിയ ഘോഷയാത്രയോടെയാണ് ഇക്കുറി ഡി.എസ്.എഫ് ഉല്‍സവത്തിന് കേളികെട്ടുയര്‍ന്നത്. ആഗോളമേളയുടെ വൈവിധ്യം വിളിച്ചറിയിക്കുന്ന കലാരൂപങ്ങളായിരുന്നു ഘോഷയാത്രയുടെ പ്രത്യേകത. ഗ്ളോബല്‍ വില്ലേജില്‍ അണിനിരക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളും തനത കലാരൂപങ്ങളുമായി ഘോഷയാത്രയില്‍ ചുവടുവെച്ചു. വര്‍ണക്കാഴ്ചകള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ ക്രീക്കില്‍ തടിച്ചുകൂടി. പുതുവര്‍ഷ ദിനത്തില്‍ ലോകറെക്കോര്‍ഡിട്ട വിസ്മയ വെടിക്കെട്ടിന്‍െറ വര്‍ണപ്പൂത്തിരി മനസ്സില്‍ നിന്ന് മാറും മുമ്പ് മറ്റൊരു വിസ്മയ കരിമരുന്ന് പ്രയോഗത്തിന് ദുബൈ ഇന്നലെ സാക്ഷിയായി. 20 മിനിറ്റ് ആകാശത്ത് വര്‍ണവെളിച്ചം തൂകി അമിട്ടുകള്‍ നൃത്തം ചവിട്ടി. എക്സ്പോ 2020 ദുബൈക്ക് അനുവദിച ശേഷമുള്ള ആദ്യ ഡി.എസ്.എഫ് എല്ലാം കൊണ്ടും ഇതുവരെ കാണാത്ത പകിട്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇനിയുള്ള 32 ദിവസം ലോകമെങ്ങും നിന്നുള്ള സഞ്ചാരികളും ഷോപ്പിങ് പ്രിയരും ദുബൈയില്‍ തമ്പടിക്കും. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വരെ ഉത്സവാന്തരീക്ഷം സൃഷ്ടച്ചികൊണ്ട് വര്‍ണാലങ്കാരത്തിന്‍െറ തണലിലാണ്. വമ്പന്‍ സമ്മാന പദ്ധതികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ദിവസവും ഓരോ ഇന്‍ഫിനിറ്റി കാറും നിസാന്‍ കാറും സമ്മാനം നല്‍കുന്ന റാഫിള്‍ നറുക്കെടുപ്പാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. അതിന് പുറമെ ദിവസവും ഒരു കിലോ സ്വര്‍ണം സമ്മാനം നല്‍കുന്ന പ്രത്യേക പദ്ധതി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് (ഡി.ജി.ജെ.ജി) പ്രഖ്യാപിച്ചിട്ടുണ്ട്്. അല്‍സീഫ് സ്ട്രീറ്റ്, അല്‍ റിഖ സ്ട്രീറ്റ്, ജുമൈറ ബീച്ച് റസിഡന്‍സ്, ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്ളോബല്‍ വില്ലേജ് എന്നിവിടങ്ങളിലാണ് ഡി.എസ്.എഫിന്‍െറ പ്രധാന പരിപാടികള്‍ നടക്കുക. അല്‍ സീഫിലും അല്‍റിഖ സ്ട്രീറ്റിലും സ്റ്റേജ് പരിപാടികളും കുട്ടികള്‍ക്കുള്ള വിനോദങ്ങളും ഒഴുകുന്ന റസ്റ്റോറന്‍റും ഡി.എസ്.എഫ് കയോസ്ക്കുകളുമാണ് പ്രധാന ആകര്‍ഷണങ്ങള്‍. സമയം വൈകിട്ട് നാലു മുതല്‍ 12 വരെ. ജുമൈറ ബീച്ച് റസിഡന്‍സില്‍ വൈകിട്ട് അഞ്ചു മുതല്‍ സ്റ്റേജ് പരിപാടികള്‍ക്കുപുറമെ തെരുവു കലാകാരന്‍മാരുടെ പ്രകടനവുമുണ്ടാകും. ദേര സിറ്റി സെന്‍റര്‍, മാള്‍ ഓഫ് എമിറേറ്റ്സ്, അല്‍ സഫ പാര്‍ക്ക്, വില്ലേജ് മാള്‍, ദുബൈ മാള്‍ എന്നിവിടങ്ങളില്‍ ഫാഷന്‍ പരിപാടികളുണ്ടാകും.അല്‍ ശിന്ദഗ ഹെരിറ്റേജ് പ്രദേശത്തും വൈകിട്ട് അഞ്ചു മുതല്‍ പരമ്പരാഗത അറബ് കലാ വിരുന്നുണ്ടാകും. നഗരത്തിലെ വിവിധ മാളുകളില്‍ വിദേശ കലകാരന്‍മാരുടെയും തെരുവ് അഭ്യാസികളുടെയും പ്രകടനവുമുണ്ടാകും. |
അഞ്ച് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ബജറ്റ്; പ്രവാസിപ്പണത്തിന് നികുതിയില്ല Posted: 02 Jan 2014 09:30 PM PST മസ്കത്ത്: ഒമാന് അഞ്ച് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന ബജറ്റ്. 11.7 ബില്യന്‍ റിയാല്‍ വരവും 13.5 ബില്യന്‍ റിയാല്‍ ചെലവും ഉള്‍ക്കൊള്ളുന്ന 2014ലെ ബജറ്റ് വിശദീകരിച്ച് ധനകാര്യമന്ത്രി ദാര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്തി. എണ്ണ ബാരലിന് 85 യു.എസ് ഡോളര്‍ എന്ന നിരക്കില്‍ കണക്കാക്കിയാല്‍) 1.8 ബില്യന്‍ റിയാലിന്‍െറ കമ്മിയാണ് ബജറ്റ് കാണിക്കുന്നത്. പ്രവാസിപ്പണത്തിന് നികുതി ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദേശമില്ല. അതേസമയം, ഇതു സംബന്ധിച്ച് പഠനം നടത്തുമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രവാസിപ്പണത്തിന് നികുതി ഈടാക്കണമെന്ന ശിപാര്‍ശ ശൂറാ കൗണ്‍സിലായിരുന്നു മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, പ്രത്യാഘാതങ്ങള്‍ വിലയിരുത്താതെയും പഠനം നടത്താതെയും ശിപാര്‍ശ നടപ്പാക്കാനാവില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതു സംബന്ധിച്ച് ധനകാര്യമന്ത്രി നേരത്തെ നിലപാട് അറിയിച്ചിരുന്നു. സബ്സിഡികള്‍ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച പഠനം നടത്തുന്നതിന് കമ്മിറ്റി രൂപവത്കരിക്കും. സുകൂക് എന്ന പേരില്‍ ഇസ്ലാമിക് ബോണ്ടിറക്കുമെന്നും മന്ത്രി പറഞ്ഞു. വരവും ചെലവും എണ്ണയുല്‍പാദനത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നത്. എണ്ണ വരുമാനം 83 ശതമാനവും എണ്ണേതര വരുമാനം 17 ശതമാനവുമായിരിക്കും. എണ്ണേതര വരുമാനത്തില്‍ പകുതിയും നികുതിയില്‍നിന്നും ഫീസുകളില്‍നിന്നുമാണ്. പൊതു ചെലവിന്‍െറ 37 ശതമാനമാണ് ജീവനക്കാരുടെ ശമ്പളത്തിന് നീക്കിവെക്കേണ്ടി വരിക. അഞ്ച് ബില്യന്‍ റിയാലാണ് മൊത്തം ശമ്പള തുക. 3.2 ബില്യന്‍ റിയാലാണ് (24 ശതമാനം) നിക്ഷേപ ചെലവായി കണക്കാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും എണ്ണ-വാതക ഉല്‍പാദനത്തിനും സബ്സിഡിക്കുമുള്ള തുക ഇതില്‍ ഉള്‍പ്പെടും. മൊത്തം ചെലവിന്‍െറ പത്ത് ശതമാനത്തോളമായ 1.4 ബില്യനാണ് സബ്സിഡി നല്‍കുക. സ്വകാര്യവത്കരണം വ്യാപിപ്പിക്കും കൂടുതല്‍ ലാഭകരമാക്കാനും നിക്ഷേപകര്‍ക്ക് ബദല്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും കൂടുതല്‍ സര്‍ക്കാര്‍ കമ്പനികളുടെ സ്വകാര്യവത്്കരണം പരിശോധിച്ച് വരികയാണ്. നിലവില്‍ ഒമാന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ 19 ശതമാനം ഓഹരി സ്വകാര്യ സംരഭകര്‍ക്ക് വില്‍പന നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലക്ക് 2.6 ബില്യന്‍ വിദ്യാഭ്യാസ മേഖലക്ക് 2.6 ബില്യന്‍ റിയാലും (മൊത്തം പൊതു ചെലവിന്‍െറ 18.6 ശതമാനം), പരിശീലന പദ്ധതികള്‍ക്ക് 95 ദശലക്ഷം റിയാലും ആരോഗ്യ മേഖലക്ക് 1.3 ബില്യനും (ഒമ്പത് ശതമാനം) നീക്കിവെച്ചു. സാമൂഹിക സുരക്ഷക്കും ക്ഷേമത്തിനുമായി 133 ദശലക്ഷം റിയാലും പാര്‍പ്പിട മേഖലക്ക്് 2.8 ബില്യന്‍ റിയാലും മാറ്റിവെച്ചു. സബ്സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും 1.8 ബില്യന്‍ റിയാലാണ് നീക്കിയിരിപ്പ്. പാര്‍പ്പിട-വികസന ലോണ്‍ എന്നിവയിലെ പലിശയിളവ്, വൈദ്യുതി, ജലം, ഇന്ധനം, അടിസ്ഥാന ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവക്ക് നല്‍കുന്ന സബ്സിഡിയും ഇതിലുള്‍പ്പെടും. പ്രധാന പദ്ധതികള്‍ ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ എണ്ണശുദ്ധീകരണ ശാല-പെട്രോ കെമിക്കല്‍ ഫാക്ടറി, സൊഹാര്‍ എണ്ണശുദ്ധീകരണ ശാലയുടെ നവീകരണവും വിപുലീകരണവും, ഖത്തര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയുമായി ചേര്‍ന്ന് ബസ്നിര്‍മാണശാല, വിവിധ വിനോദസഞ്ചാര പദ്ധതികള്‍, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രധാന പദ്ധതികള്‍. ശുവൈമിയ, മിഹൂത് പോര്‍ട്ടുകളാണ് മത്സ്യബന്ധന രംഗത്തെ പ്രധാന പദ്ധതികള്‍. വിനോദസഞ്ചാര മേഖലയിലെ പദ്ധതികളില്‍ സൂറിലെ മാരിടൈം മ്യൂസിയവും വാദി ബനീ ഖാലിദിന്‍െറ വികസനവും ഉള്‍പ്പെടുന്നു. വിനോദസഞ്ചാര മേഖലയിലെ പദ്ധതികള്‍ക്ക് 11.5 ദശലക്ഷം റിയാലാണ് അനുവദിച്ചത്. വിവിധ വിലായത്തുകളിലെ ജലവിതരണത്തിന് 56 ദശലക്ഷം റിയാല്‍ അനുവദിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ വൈദ്യുതി വിതരണത്തിന് 450 ദശലക്ഷം റിയാലും വകയിരുത്തി. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും തുക അനുവദിച്ചു. ട്രെയിന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ഒരു ബില്യന്‍, വിവിധ റോഡുകള്‍ക്ക് 807 ദശലക്ഷം, ആശുപത്രികളുടെ നിര്‍മാണത്തിന് 384 ദശലക്ഷം, സ്പോര്‍ട്സ് കോംപ്ളക്സ്-സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് 61 ദശലക്ഷം റിയാല്‍ അനുവദിച്ചു. ദേശീയ സാമ്പത്തിക മേഖലയില്‍ വന്‍ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എണ്ണയുല്‍പാദനത്തിലെ വര്‍ധനയും അതിന്‍െറ വിലയിലെ സ്ഥിരതയും സര്‍ക്കാര്‍ തുടര്‍ച്ചയായി പിന്തുടരുന്ന സാമ്പത്തിക ഉത്തേജക നയങ്ങളുമാണ് ഇതിന് കാരണം. ദേശീയ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവൃദ്ധമായ വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. 2011ല്‍ 3.1 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച 2012ല്‍ 4.8 ശതമാനമായി. 2013ല്‍ ല്‍ ഇത് അഞ്ച് ശതമാനമായി. സമാന രീതിയിലുള്ള വളര്‍ച്ചയാണ് 2014ലും പ്രതീക്ഷിക്കുന്നത്. എണ്ണയിതര മേഖലയിലെ മാത്രം സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായി വളരുമെന്നാണ് കണക്കാക്കുന്നത്. 2013ല്‍ 5.6 ശതമാനവും 2012ല്‍ 5.4 ശതമാനവുമായിരുന്നു ഇത്്. രാജ്യത്തെ ബാങ്കിങ് മേഖലയിലെ വികസനവും സ്ഥായിയാണ്. 2013 ഒക്ടോബറില്‍ സുല്‍ത്താനേറ്റിലെ വാണിജ്യ ബാങ്കുകളുടെ മൊത്തം ആസ്തി 6.8 ശതമാനം വര്‍ധിച്ച് 15.1 ബില്യന്‍ റിയാലിലെത്തി. 2012ല്‍ ഇതേ കാലയളവില്‍ 14.2 ബില്യന്‍ റിയാലായിരുന്നു ആസ്തി. 2012നേക്കാള്‍ 11.1 ശതമാനമാണ് നിക്ഷേപത്തില്‍ 2013ലുണ്ടായ വളര്‍ച്ച. 2012ല്‍ 13.8 ബില്യന്‍ ഡോളറായിരുന്ന നിക്ഷേപം 2013ല്‍ 15.3 ബില്യന്‍ ഡോളറായി ഉയര്‍ന്നു. അതേസമയം, പലിശനിരക്കില്‍ കുറവുണ്ടായി. 2011ല്‍ 6.19 പലിശനിരക്കുണ്ടായിരുന്നത് 2013ല്‍ 5.46 ശതമാനമായാണ് കുറഞ്ഞത്. ആഗോള പ്രവണതക്കനുസരിച്ച് ഒമാനിലെയും പലിശനിരക്ക് വരും വര്‍ഷങ്ങളിലും കുറയുമെന്നാണ് കണക്കാക്കുന്നത്. ഇത് ബാങ്കുകളുടെ വളര്‍ച്ചക്ക് ഗുണകരമാകും. 2014ല്‍ എണ്ണയിതര കയറ്റുമതി വര്‍ധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇത് മിച്ച ബജറ്റ് നേടാന്‍ രാജ്യത്തെ പ്രാപ്തമാക്കും. ആഭ്യന്തരരംഗത്ത് വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് ഈ മിച്ചബജറ്റ് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. വ്യാപാര മിച്ചവും രാജ്യത്തെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയും തമ്മിലെ അനുപാതം 2014ല്‍ ഏകദേശം 24.9 ശതമാനമാകുമെന്ന് കരുതുന്നു. നിലവിലെ സൂചനകളനുസരിച്ച് മസ്കത്ത് സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ സൂചിക നില മെച്ചപ്പെടുത്തുമെന്ന് കരുതാവുന്നതാണ്. 2009 മുതലുള്ള ഏറ്റവും ഉയര്‍ന്ന സൂചികയാണ് 2013ല്‍ രേഖപ്പെടുത്തിയത്. 17.5 ശതമാനമായിരുന്നു ഇത്. |
No comments:
Post a Comment