സ്വാഗതം
WELCOME

News Update..

Tuesday, March 5, 2013

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി Madhyamam News Feeds

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി Madhyamam News Feeds

Link to

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി

Posted: 05 Mar 2013 01:01 AM PST

Image: 

തിരുവനന്തപുരം: അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി. നേരത്തെ  24 ദിവസമായിരുന്നത് എട്ടു ദിവസമാക്കിയാണ് കുറച്ചത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ എട്ട് ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമെ ഇനി അനുവദിക്കൂ. ഉത്തരവിന് മുന്‍കാല പ്രാബല്യമുള്ളതിനാല്‍ ലീവ് സറണ്ടര്‍ ചെയ്ത് കൈപ്പറ്റിയ തുക   തിരിച്ചടക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മധ്യവേനലവധിക്ക് അധ്യാപകര്‍ 48 ദിവസം സെന്‍സസ് ജോലി ചെയ്തിരുന്നു. ദിവസത്തെ ലീവ് സറണ്ടര്‍ അധ്യാപകര്‍ക്ക് ലഭിച്ചു. എന്നാല്‍ ഇത് എട്ടു ദിവസമായി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ 16 ദിവസത്തെ ശമ്പളം അധ്യാപകര്‍ തിരിച്ചു നല്‍കണം.  ഒന്നര ലക്ഷത്തോളം അധ്യാപകരാണ് ഈ ഉത്തരവിനെ തുടര്‍ന്ന് 16 ദിവത്തെ ശമ്പളം തിരിച്ചടയ്ക്കേണ്ടി വരിക.
 

ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സ് ജയം

Posted: 04 Mar 2013 10:39 PM PST

Image: 

ഹൈദരാബാദ്: ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം.  ഇന്നിങ്സിനും 135 റണ്‍സിനും ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ഒന്നാമിന്നിങ്സില്‍ 266 റണ്‍സ് ലീഡ് വഴങ്ങിയ ഓസീസ് നാലാം ദിവസം തോല്‍വി ഒഴിവാക്കാന്‍  ശ്രമിച്ചുച്ചെങ്കിലും  രണ്ടാമിന്നിങ്സില്‍  131 റണ്‍സിന് പുറത്താവുകയായിരുന്നു. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടു വിക്കറ്റ് ജയം നേടിയിരുന്നു.

 രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് പുന:രാരംഭിച്ച ഓസീസ് ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ കൂപ്പുകുത്തുകയായിരുന്നു. തലേ ദിവസം ഒന്‍പത് റണ്‍സെടുത്ത് ക്രീസിലിറങ്ങിയ ഷെയ്ന്‍ വാട്സന്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനാകാതെ ഇശാന്ത് ശര്‍മ്മയുടെ പന്തില്‍  പുറത്തായി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കാണ് വാട്സന് പകരക്കാരനായി ക്രീസിലെത്തിയത്.

വാട്സന്‍ പുറത്താകുമ്പോള്‍ 27 റണ്‍സുമായി  ക്രീസിലുണ്ടായിരുന്ന കോവന്‍ 44 റണ്‍സെടുത്ത്  പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തുപോയി. മൈക്കല്‍ ക്ളാര്‍ക്കിനെ (16) മടക്കിയതും ജഡേജയാണ്. ഹെന്‍്റിക്കസ്(0) റണ്‍ ഔട്ടായി. മാക്സ് വെല്‍ലിനെ അശ്വിനും സിഡിലിനെ ജഡേജയും പുറത്താക്കി. അശ്വിന്റെ അഞ്ചാം വിക്കറ്റായി പാറ്റിസണ്‍ മടങ്ങിയതോടെ ജയം ഇന്ത്യക്കു സ്വന്തമായി.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(26) ഫിലിപ്പ് ഹ്യൂസും(0) ആണ് മൂന്നാം ദിവസം പുറത്തായ ഓസീസ് ബാറ്റസ്മാന്മാര്‍. അശ്വിനാണ് ഇരുവരെയും മടക്കിയത്. അശ്വിന്‍ അഞ്ചും ജഡേജ മൂന്നും വിക്കറ്റുകളാണ് നേടിയത്.

മാര്‍ച്ച് 14 ന് മൊഹാലിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ആശങ്കകളില്ലാതെ ജയം ആവര്‍ത്തികാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

 

ചാവെസിന്റെ നില അതീവ ഗുരുതരമെന്ന് വെനസ്വേല സര്‍ക്കാര്‍

Posted: 04 Mar 2013 10:13 PM PST

Image: 

കാറക്കസ്: അര്‍ബുദ ശസ്ത്രക്രിയക്കു ശേഷം തുടര്‍ചികില്‍സയില്‍ കഴിയുന്ന വെനസ്വേല പ്രസിഡന്റ് ഊഗോ ചാവെസിന്റെ നില അതീവ ഗുരുതരമെന്ന് വെനസ്വേല സര്‍ക്കാര്‍. ശ്വാസകോശത്തില്‍ പുതുതായി രൂപം കൊണ്ട അണുബാധ കാരണം ശ്വാസതടസ്സം നേരിടുന്നതായും വാര്‍ത്താവിതരണ മന്ത്രി എണസ്‌റ്റോ വില്ലഗാസ് അറിയിച്ചു. ചികില്‍സയുടെ ഭാഗമായി കനത്ത തോതില്‍ കീമോതെറപ്പിക്കു വിധേയനാകുന്ന ചാവെസിന്  മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുള്ള ചികിത്സകളും നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്യൂബയില്‍ അര്‍ബുദചികിത്സക്ക് വിധേയനായ ചാവെസ് രണ്ടാഴ്ച മുന്‍പാണ് വെനസ്വേലയിലേക്കു മടങ്ങിയെത്തിയത്. എന്നാല്‍ ചാവെസ് ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. കാറക്കസിലെ സൈനിക ആശുപത്രിയില്‍ കനത്ത സുരക്ഷാ വലയത്തിലാണ് ചാവെസ് കഴിയുന്നത്. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ചാവെസിന് അനാരോഗ്യം കാരണം ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാനും കഴിഞ്ഞിട്ടില്ല.

അതേസമയം, ചാവെസിന്റെ യഥാര്‍ത്ഥ ആരോഗ്യനില സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
 

പൈപ്പ് പൊട്ടല്‍: പമ്പിങ് ആരംഭിച്ചു

Posted: 04 Mar 2013 09:52 PM PST

തിരുവനന്തപുരം: അരുവിക്കരയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പമ്പിങ് വീണ്ടും പുനരാരംഭിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പമ്പിങ് ആരംഭിച്ചതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വൈകുന്നേരത്തോടെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയോടെയും കുടിവെള്ളമെത്തി.
തിങ്കളാഴ്ച രാവിലെയോടെ പമ്പിങ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചക്ക് ഒരുമണിയോടെയാണ് തുടങ്ങിയത്. വാല്‍വുകള്‍ പരിശോധിക്കുന്ന ജോലികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതിനാലാണ് മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്ന് മൂന്ന് മണിക്കൂര്‍ പമ്പിങ് വൈകാന്‍ കാരണമായതെന്ന് ജലഅതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ. ശശി പറഞ്ഞു. അതേസമയം പൈപ്പ് പൊട്ടലിനെത്തുടര്‍ന്നുണ്ടായ കുടിവെള്ള ക്ഷാമത്തില്‍ ജനം വലഞ്ഞത് രണ്ട് ദിനങ്ങളാണ്.
അരുവിക്കരക്ക് സമീപം കുമ്മിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊട്ടലുണ്ടായ സ്ഥലത്താണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ചോര്‍ച്ച കണ്ടെത്തിയത്. 1200 എം.എം ഫ്രീ സ്ട്രസ്ഡ് കോണ്‍ക്രീറ്റ് പൈപ്പാണ് പൊട്ടിയത്. സമീപത്തെ പറമ്പിലൂടെ വെള്ളം കുത്തിയൊഴുകി നാശനഷ്ടങ്ങളും സംഭവിച്ചു.
പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മെഡിക്കല്‍കോളജ്, ജനറല്‍ ആശുപത്രി, സ്റ്റാച്യു, പാറ്റൂര്‍, പി.എം.ജി, എയര്‍പോര്‍ട്ട്, ഉള്ളൂര്‍, വഴുതക്കാട്, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങിയത്. പകരം സംവിധാനമെന്ന നിലക്ക് ടാങ്കറുകളിലും മറ്റും കുടിവെള്ളം എത്തിച്ചെങ്കിലും നഗരവാസികളുടെ ദുരിതത്തിന് അറുതി ഉണ്ടായില്ല. കുടിവെള്ള ക്ഷാമം മെഡിക്കല്‍കോളജ് ഉള്‍പ്പെടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. നഗരത്തില്‍ ഹോട്ടലുകളും കാര്യമായി പ്രവര്‍ത്തിച്ചില്ല.
പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള പണികള്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ തന്നെ ആരംഭിച്ചു. സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും വൈകുന്നേരം മൂന്ന് മണിയോടെയാണ് മണ്ണ് പൂര്‍ണമായും മാറ്റി പൊട്ടല്‍ കണ്ടെത്തിയത്. പൊട്ടിയ പൈപ്പിന് പകരം മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ അഞ്ച് മണിയോടെ ആരംഭിച്ചു.
വാല്‍വുകളെല്ലാം തുറന്നുവെച്ചശേഷമാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വാല്‍വ് ചെക്കിങ് നടത്തിയ ശേഷമാണ് ഒരുമണിയോടെ പമ്പിങ് പുനരാരംഭിച്ചത്. വെള്ളം തുറന്നുവിട്ട ശേഷം വാല്‍വുകള്‍ ഒരോന്നും അടയ്ക്കുകയും വീണ്ടും തുറക്കുകയും ചെയ്ത ശേഷമാണ് പമ്പിങ് പൂര്‍വസ്ഥിതിയില്‍ പുനരാരംഭിച്ചത്.  
അഞ്ച് മീറ്റര്‍ നീളത്തിലുള്ള പൊട്ടിയ കോണ്‍ക്രീറ്റ് പൈപ്പ് മാറ്റി പകരം മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് ഉറപ്പിക്കുകയായിരുന്നു. വെല്‍ഡിങ് ജോലി പൂര്‍ത്തീകരിക്കാന്‍ ആറ് മണിക്കൂറിലേറെ സമയമെടുത്തു. ജല അതോറിറ്റി എം.ഡി അശോക് കുമാര്‍ സിങ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം നല്‍കി.
പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയതോടെ നഗരസഭയുടെ നേതൃത്വത്തില്‍ സ്വന്തം നിലക്കും ജില്ലാഭരണകൂടത്തിന്‍െറ മേല്‍നോട്ടത്തില്‍ ജലഅതോറിറ്റിയുടെ നേതൃത്വത്തിലുമാണ് നഗരത്തില്‍ കുടിവെള്ളം എത്തിച്ചത്.
ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം അരുവിക്കര നിന്ന് കുടിവെള്ളമെത്തിക്കുന്ന ജലവിതരണ പൈപ്പില്‍ നാലിടത്ത് പൊട്ടലുണ്ടായത് ജനത്തെ ദുരിതത്തിലാക്കിയിരുന്നു. അത് പിന്നീട് ഒട്ടേറെ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
ഈ സംഭവത്തിലെ അട്ടിമറി സാധ്യതയും അടിക്കടി പൈപ്പ്പൊട്ടല്‍ ഒഴിവാക്കാനുള്ള പരിഹാരമാര്‍ഗങ്ങളും മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്‍െറ നേതൃത്വത്തിലെ സമിതി പഠിക്കാനിരിക്കെയാണ് വീണ്ടും പൊട്ടലുണ്ടായത്.

വിദ്യാര്‍ഥിനിയുടെ മരണം: യുവാവ് അറസ്റ്റില്‍

Posted: 04 Mar 2013 09:49 PM PST

കുണ്ടറ: ആറുവര്‍ഷം മുമ്പ് റെയില്‍വേപാളത്തില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ യുവാവ് പിടിയില്‍. മണ്‍റോതുരുത്ത് റെയില്‍വേ സ്റ്റേഷന് സമീപം പൊന്നാംവാതുക്കല്‍ വീട്ടില്‍ രതീഷ് (28) ആണ് പിടിയിലായത്.  
മണ്‍റോതുരുത്ത് മാപ്പിള വയലില്‍ വീട്ടില്‍ ബോട്ട് ജീവനക്കാരനായ രഘുവിന്‍െറയും കശുവണ്ടിത്തൊഴിലാളിയായ ലിസയുടെയും  മകള്‍ റോസു(17) ആണ് മരിച്ചത്. 2007 ഡിസംബര്‍ ഒന്നിനാണ് റോസുവിന്‍െറ മൃതദേഹം മാട്ടേല്‍ ഭാഗത്തെ റെയില്‍വേ ട്രാക്കില്‍ സഹവിദ്യാര്‍ഥികള്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ഒമ്പതാംക്ളാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി രതീഷിനെ പരിചയപ്പെട്ടത്. പലപ്രാവശ്യം രതീഷ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആത്മഹത്യ ചെയ്യുന്നതിന്‍െറ തലേന്ന് രാത്രി നടന്ന സംഭവം ബന്ധുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഇത് മനസ്സിലാക്കിയ പെണ്‍കുട്ടി പിറ്റേന്ന് രതീഷിനെ കണ്ട് ചില കാര്യങ്ങള്‍ സംസാരിക്കണമെന്ന് പറഞ്ഞു.
എന്നാല്‍  രാത്രി ഏറെ വൈകിയിട്ടും രതീഷ് എത്തിയില്ല. വീട്ടുകാരും നാട്ടുകാരും സംഭവങ്ങള്‍ അറിഞ്ഞതിലെ നാണക്കേടും രതീഷ് കൈവിട്ടതിലെ നിരാശയും മൂലം രാത്രി തിരുവനന്തപുരത്തുനിന്നെത്തിയ ട്രെയിനിനുമുന്നില്‍ ചാടി റോസു അത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എ.ഡി.ജി.പി വിന്‍സന്‍എം.പോളിന്‍െറ നിയന്ത്രണത്തിലുള്ള ക്രൈംബ്രാഞ്ച് സ്പെഷല്‍ സ്ക്വാഡ് എസ്.പി. ഉമബഹ്റയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആറുവര്‍ഷത്തിന് ശേഷം പ്രതി പിടിയിലായത്.
രതീഷ് ഇപ്പോള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രതീഷിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടു വന്നു. ഡിവൈ.എസ്.പി. സി.ജി. സുരേഷ്കുമാര്‍, എസ്.ഐ. രാജീവന്‍പിള്ള, മധു, വിജയന്‍, സമദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കോംഗോയില്‍ വിമാനം തകര്‍ന്നുവീണ് 36 മരണം

Posted: 04 Mar 2013 08:53 PM PST

Image: 

ഗോമ (കോംഗോ): കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 36 പേര്‍ മരിച്ചു. ലോഡ്ജാ നഗരത്തില്‍ നിന്നു വരികയായിരുന്ന സി.എ.എ കമ്പനിയുടെ ഫോക്കര്‍ 50 എന്ന ഇരട്ട എന്‍ഞ്ചിന്‍ യാത്രാവിമാനമാണ് ഗോമയില്‍ ഇറക്കാനുള്ള ശ്രമത്തിനിടെ തകര്‍ന്നുവീണത്. മൂന്നു പേര്‍ രക്ഷപ്പെട്ടു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 പേര്‍ക്ക് ഇരിക്കാവുന്ന വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

കനത്ത മഴയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നുണ്ട്.

വ്യോമയാന സുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലുള്ള കോംഗോയുടെ 50 വിമാനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കരിമ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വ്യോമമാര്‍ഗത്തില്‍ നിന്ന് ഈ വിമാനങ്ങളെ വിലക്കിയിട്ടുണ്ട്.
 

നീരൊഴുക്ക് കുറഞ്ഞു; പാമ്പാര്‍ മലിനം

Posted: 04 Mar 2013 08:43 PM PST

മറയൂര്‍: പാമ്പാറില്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന്  മലിനമാകുന്നു. പൊങ്ങംപുള്ളി, ആലാംപെട്ടി, ചമ്പക്കാട്, പാളപെട്ടി തുടങ്ങിയ ആദിവാസി കുടികളിലെ ജനങ്ങള്‍ പാമ്പാറ്റിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ചിന്നാറിലെത്തുന്ന വിനോദ സഞ്ചാരികളും ട്രീ ഹൗസില്‍ താമസിക്കുന്നവരും ഉപയോഗിക്കുന്നത് പാമ്പാറ്റിലെ ജലമാണ്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പുഴയിലാണ്. നീരൊഴുക്ക് കുറവായതിനാല്‍ മാലിന്യം പുഴയില്‍ തന്നെ തങ്ങിനില്‍ക്കുന്ന സ്ഥിതിയാണ്. റിസോര്‍ട്ടുകളിലെ മാലിന്യങ്ങളും പാമ്പാറ്റിലെ കൈവരിയായ കരുമുട്ടി ആറിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങള്‍ ഒഴുകാതെ കിടക്കുന്നതിനാല്‍ പുഴ മലിനവും ദുര്‍ഗന്ധപൂരിതവുമാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. പാമ്പാറ്റിലെ നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്നാട്ടിലെ അമരാവധി ഡാമിന്‍െറ ജലനിരപ്പ് താഴ്ന്നു. പാമ്പാറ്റില്‍ നിന്ന് ഒഴുകിയെത്തുന്ന ജലമാണ് കുടിവെള്ളത്തിനായും കൃഷി ആവശ്യത്തിനായും ഉപയോഗിക്കുന്നത്. ഒഴുകിയെത്തുന്ന മലിനജലം നിത്യാവശ്യത്തിനായി ഉപയോഗിക്കുന്ന ആദിവാസി മേഖലകളിലും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളിലും ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
 

കണ്‍സെഷന്‍ തര്‍ക്കം: വിദ്യാര്‍ഥിയെ വനിതാ കണ്ടക്ടര്‍ അടിച്ചതായി പരാതി

Posted: 04 Mar 2013 08:40 PM PST

റാന്നി: കണ്‍സെഷന്‍ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയെ  സ്വകാര്യബസിലെ വനിതാ കണ്ടക്ടര്‍ ടിക്കറ്റ് റാക്കറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. മൂക്കിന് പരിക്കേറ്റ വെണ്ണിക്കുളം പൊളിടെക്നിക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷിജുവിനെ താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ന്  ഇട്ടിയപ്പാറ സ്വകാര്യബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം.
റാന്നി-പെരുനാട് റൂട്ടില്‍ ഓടുന്ന ചെത്തോങ്കര ബസിലെ കണ്ടക്ടറാണ്  വിദ്യാര്‍ഥിയെ അടിച്ചത്. കണ്‍സെഷന്‍ നിരക്കായ മൂന്ന് രൂപക്ക് പകരം നാല് രൂപ ചോദിച്ചതാണ് തര്‍ക്കത്തിന് കാരണം. ബസില്‍ ആര്‍.ടി.ഒയുടെ നിര്‍ദേശം എഴുതിവെച്ച നോട്ടീസ് കാണിച്ചെങ്കിലും ക്ഷുഭിതയായ വനിതാകണ്ടക്ടര്‍ നോട്ടീസ് കീറിക്കളഞ്ഞശേഷം  മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. അതേ സമയം വിദ്യാര്‍ഥി കണ്ടക്ടറോട് മോശമായ രീതിയില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രശ്നം ഏറ്റെടുക്കുകയും 3.45 ഓടെ തിരികെ എത്തിയ ബസ് ബസ്സ്റ്റാന്‍ഡില്‍ തടയുകയും ചെയ്തു. വിവരമറിഞ്ഞ് റാന്നി സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തി നടപടി കൈക്കൊള്ളാമെന്ന ഉറപ്പിന്മേല്‍ വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയി.
സംഭവത്തില്‍ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.  എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് ഷാനു സലിം, റിജോമോന്‍, അച്ചു മാത്യു എന്നിവര്‍  പ്രതിഷേധയോഗത്തില്‍ സംസാരിച്ചു.

യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Posted: 04 Mar 2013 08:32 PM PST

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങള്‍ തട്ടിയതായി പരാതി. നിരവധിയുവാക്കളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം രൂപ വരെ ഓരോരുത്തര്‍ക്കും നഷ്ടമായിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
 ചങ്ങനാശേരി വെട്ടിത്തുരുത്ത് താമസിക്കുന്ന അറുപറയില്‍ കുഞ്ഞൂഞ്ഞുകുട്ടിക്കെതിരേയും ഇയാളുടെ വിദേശത്തുള്ള മകന്‍ ബിനോച്ചനെതിരേയുമാണ് യുവാക്കള്‍ പരാതി നല്‍കിയത്. മകന്‍ യു.കെയില്‍ ജോലിചെയ്യുകയാണെന്നും യു.കെയില്‍ നഴ്സിങ് ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ച് പലരില്‍നിന്നായി 11.5 ലക്ഷം രൂപ  കുഞ്ഞൂഞ്ഞുകുട്ടി കൈപ്പറ്റിയതായാണ് പരാതി.
 പരാതിക്കാരായ കൈപ്പുഴ സ്വദേശികളായ സുനീഷ്( രണ്ട് ലക്ഷം), പ്രദീപ് ഗോപിനാഥ്(2.5 ലക്ഷം),  പത്തനംതിട്ട ജില്ലക്കാരനായ സുജിത്ത്(മൂന്ന് ലക്ഷം), തൃക്കൊടിത്താനം സ്വദേശിനി ഷൈനി സേവ്യര്‍(രണ്ട് ലക്ഷം), മറിയപ്പള്ളി സ്വദേശി സുധീര്‍( രണ്ട് ലക്ഷം)  എന്നിവരാണ് പരാതി നല്‍കിയത്. ഇതിനു പുറമേ ഇരുപത്തിയഞ്ചിലധികം ആളുകള്‍ ഇയാളുടെ കെണിയില്‍  കുടുങ്ങിയിട്ടുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.  സുനീഷ്, ജയലക്ഷ്മി എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. പണം വാങ്ങുമ്പോള്‍ മുദ്രപത്രത്തിലും വെള്ളക്കടലാസിലും സ്റ്റാമ്പ് പതിച്ചു ഒപ്പിട്ട് നല്‍കുകയും പല ദിവസങ്ങളിലായി ചങ്ങനാശേരിയില്‍ വെച്ചാണ്  തുക കൈമാറിയതെന്നും ഇവര്‍ വിശദീകരിച്ചു. എന്നാല്‍, നാളിതുവരെയായി ഇന്‍റര്‍വ്യൂ നടത്തിയിട്ടില്ല.
 പണം തിരികെ ചോദിച്ചപ്പോള്‍ നിരവധി അവധി പറഞ്ഞു . ഇതേ തുടര്‍ന്നാണ് പാതി നല്‍കിയത്. ചിലരെ യു.കെയിലേക്കും മറ്റും റിക്രൂട്ട് ചെയ്തെങ്കിലും എല്ലാം സ്റ്റുഡന്‍റ്സ് വിസയിലായിരുന്നു. ഇവര്‍ക്കെല്ലാം മടങ്ങിപ്പോരേണ്ടതായി വന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
 

കൊച്ചി റിഫൈനറി രണ്ടാംഘട്ട വികസനം; 50 ഏക്കര്‍ ഏറ്റെടുക്കാന്‍ ധാരണ

Posted: 04 Mar 2013 08:20 PM PST

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ കൊച്ചി റിഫൈനറിയുടെ രണ്ടാംഘട്ട വികസനത്തിന്‍െറ ഭാഗമായി 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകളുമായി  അന്തിമ ധാരണയായതായി ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. കൊച്ചി റിഫൈനറി അധികൃതരും സ്ഥലമുടമകളുമായി കലക്ടര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു.
പുത്തന്‍കുരിശ് വില്ലേജിലെ അടൂക്കര, പുളിയാമ്പിള്ളിമുകള്‍ എന്നിവിടങ്ങളിലാണ് റിഫൈനറിയുടെ രണ്ടാംഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത്. ഭൂമിയുടെ സ്വഭാവവും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് സെന്‍റിന് ഒരു ലക്ഷം രൂപ മുതല്‍ 3.60 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
നിലം, പുരയിടം, ഭാഗികമായി നികത്തിയ ഭൂമി, നിരപ്പാക്കിയ സ്ഥലം, കൃഷിഭൂമി, റോഡ് സാമീപ്യം തുടങ്ങിയ ഘടകങ്ങളാണ് വില നിര്‍ണയത്തിന് പരിഗണിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. അടൂക്കര ഭാഗത്ത് കാറ്റഗറി ഒന്നില്‍ പെട്ട സ്ഥലത്തിനാണ് സെന്‍റിന് 3.60 ലക്ഷം രൂപ നല്‍കുക. കാറ്റഗറി രണ്ടില്‍ പെട്ട സ്ഥലത്തിന് 3,22,500 രൂപ ലഭിക്കും. കാറ്റഗറി മൂന്നില്‍ സെന്‍റിന് ഒരു ലക്ഷം രൂപയും 25000 രൂപ എക്സ്ഗ്രേഷ്യയും അനുവദിക്കും. ചര്‍ച്ചയിലെ തീരുമാനങ്ങളോട് യോജിക്കാത്തവരുടെ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് റിഫൈനറിക്ക് കൈമാറും. സ്ഥലം ഏറ്റെടുക്കലിനുള്ള പൊന്നുംവില നടപടിയില്‍ ഉള്‍പ്പെടാത്തതും സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്നതുമായ 20 ഏക്കറോളം നിലം ഭൂ ഉടമകളുടെ ആവശ്യപ്രകാരമാണ് ഏറ്റെടുക്കുന്നത്. സെന്‍റിന് ഒരു ലക്ഷം രൂപയും ഈ ഭൂമിയിലെ കൃഷിക്കും മറ്റും നഷ്ടപരിഹാരമായി 7000 രൂപയുമാണ് യോഗത്തില്‍ ധാരണയായത്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍െറ ബോര്‍ഡ് യോഗത്തിന് വിധേയമായാണ്  തീരുമാനം നടപ്പാക്കുകയെന്ന് കലക്ടര്‍ വ്യക്തമാക്കി.
റിഫൈനറിയുടെ വികസനത്തിനും പാരിസ്ഥിതികാഘാതം കുറക്കുന്നതിനുള്ള ഗ്രീന്‍ ബെല്‍റ്റ് സജ്ജമാക്കുതിനുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്ത് വീടുള്ള കുടുംബങ്ങള്‍ക്ക് പകരം മൂന്ന് സെന്‍റ് സ്ഥലം കൊച്ചി റിഫൈനറി നല്‍കാനും യോഗത്തില്‍ ധാരണയായി.
പെറ്റ് കോക്കില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനവും പെട്രോകെമിക്കല്‍ കോംപ്ളക്സുമടക്കം 25000 കോടി രൂപയുടെ വികസന പദ്ധതികളാണ് കൊച്ചി റിഫൈനറി നടപ്പാക്കുന്നതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം. ലത, ബി.പി.സി.എല്‍ ജനറല്‍ മാനേജരുടെ ചുമതല വഹിക്കുന്ന പ്രസാദ് എം. പണിക്കര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ്. ഷാനവാസ്, കെ.ആര്‍.എല്‍ സ്പെഷല്‍ തഹസില്‍ദാര്‍ കെ.എക്സ്. ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP