പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണം -ജെ.എസ്.എസ് Posted: 17 Mar 2013 01:26 AM PDT ആലപ്പുഴ: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ജെഎസ്എസ്. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗം ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിക്കും കത്തു നല്‍കാനും തീരുമാനമായി. കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഗൗരിയമ്മക്കെതിരെ പലതവണ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെതിരെ രൂക്ഷമായ വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. പലതവണ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും ജോര്‍ജിനെതിരെ നടപടിയെടുക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. ജോര്‍ജിനെതിരെ ഗൗരിയമ്മ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠേന പാസാക്കുകയായിരുന്നു. |
പി.സി ജോര്‍ജിന് നേരെ ചെരിപ്പോങ്ങല്‍: സുനില്‍കുമാറിനെതിരെ പരാതി Posted: 17 Mar 2013 12:07 AM PDT തിരുവനന്തപുരം: നിയമസഭയില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനു നേരെ ചെരിപ്പോങ്ങിയ വി.എസ്.സുനില്‍കുമാര്‍ എം.എല്‍.എക്കെതിരെ സ്പീക്കര്‍ക്ക് പരാതിനല്‍കി. കോണ്‍ഗ്രസ് അംഗം ജോസഫ് വാഴക്കന്‍ എം.എല്‍.എയാണ് പരാതിനല്‍കിയത്. സുനില്‍കുമാറിന്റെ പ്രതിഷേധം നിയമസഭാചട്ടങ്ങളുടെ ലംഘനമാണെന്നും സുനില്‍കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ബജറ്റ് അവതരണദിനത്തിലാണു സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗൗരിയമ്മക്കും ടി.വി. തോമസിനുമെതിരെ മോശമായ പരാമര്‍ശം നടത്തിയ ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി ബഹളം വെച്ചിരുന്നു. ഈ സമയത്താണ് വിഎസ് സുനില്‍കുമാര്‍ ജോര്‍ജിനു നേരെ ചെരിപ്പോങ്ങിയത്. അതേസമയം, സ്പീക്കര്‍ക്കു ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സുനില്‍കുമാര്‍ പ്രതികരിച്ചു. |
പറമ്പിക്കുളം -ആളിയാര്‍ പദ്ധതി: സുപ്രീംകോടതിയെ സമീപിക്കുന്നത് ഗുണകരമാവില്ലെന്ന് നിയമോപദേശം Posted: 16 Mar 2013 11:23 PM PDT ന്യൂദല്‍ഹി: പറമ്പിക്കുളം -ആളിയാര്‍ പദ്ധതിയില്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് കേരളത്തിന് ഗുണകരമാവില്ലെന്ന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കട്ടാര്‍ക്കിയാണ് നിയമോപദേശം നല്‍കിയത്. തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടികാട്ടി സുപ്രീംകോടതിയെ സമീപിക്കാന്‍ നേരത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. കരാര്‍ പ്രകാരം ജനുവരി 31 വരെ 5.6 ടി.എം.സി വെള്ളമാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് നല്‍കാന്‍ തമിഴ്‌നാട് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. |
ആര്‍.സി.സിയില്‍ സൗജന്യചികിത്സ താളംതെറ്റി Posted: 16 Mar 2013 10:46 PM PDT തിരുവനന്തപുരം: അര്‍ബുദരോഗികള്‍ക്കുള്ള സര്‍ക്കാറിന്‍െറ സൗജന്യ ചികിത്സാപദ്ധതി താളംതെറ്റുന്നു. കാരുണ്യ പദ്ധതിപ്രകാരമുള്ള ചികിത്സാ ഫണ്ടും കേന്ദ്ര സര്‍ക്കാറിന്‍െറ വിവിധ സഹായ പദ്ധതികളും നിലച്ചതോടെയാണ് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സ പ്രതിസന്ധിയിലായത്. കാരുണ്യഫണ്ട് ലഭിക്കാതായതോടെ വിലകുറഞ്ഞ മരുന്നുകള്‍ മാത്രം കുറിച്ചാല്‍ മതിയെന്ന് ആര്‍.സി.സി ഡയറക്ടര്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. പെട്ടെന്ന് വിലകുറഞ്ഞ മരുന്നുകളിലേക്ക് മാറിയതോടെ അര്‍ബുദരോഗികളില്‍ പലരിലും അലര്‍ജി ഉള്‍പ്പെടെ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് ആക്ഷേപം. കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വേണ്ടിയാണ് കാരുണ്യ ചികിത്സാ സഹായപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. പദ്ധതിപ്രകാരം രോഗിക്ക് രണ്ടുലക്ഷം രൂപയുടെ ചികിത്സാസഹായം ലഭിക്കും. തുക ആശുപത്രികള്‍ക്ക് കൈമാറുകയും അര്‍ഹരായവര്‍ക്ക് ചികിത്സയായോ മരുന്നായോ നല്‍കുകയുമാണ് ചെയ്യുക. കാരുണ്യ ഫണ്ടിനൊപ്പം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹായങ്ങളില്‍ കുടിശ്ശിക വന്നതോടെയാണ് കാര്യങ്ങള്‍ പ്രതിസന്ധിയിലായത്. ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിലകൂടിയ മരുന്നുകള്‍ സ്വന്തം നിലയില്‍ കുറച്ചുനാള്‍ ആര്‍.സി.സി നല്‍കിയെങ്കിലും പിന്നീട് കടം വര്‍ധിക്കുകയായിരുന്നു. ഉത്തരവ് ലംഘിച്ച് വില കൂടിയ മരുന്നുകള്‍ കുറിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ഡയറക്ടര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയത്രേ. ഇതോടെ കീമോതെറപ്പിക്കും മറ്റും വിലകുറഞ്ഞ മരുന്നുപയോഗിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരായി. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ രോഗികളുടെ കാര്യം കൂടുതല്‍ ദുരിതത്തിലാകും. അതേസമയം, കാരുണ്യ ബെനവലന്‍റ് ചികിത്സാ പദ്ധതിയില്‍ ആര്‍.സി.സിക്ക് ധനവകുപ്പ് കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. 11.5 കോടി ആര്‍.സി.സിക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും. ഫണ്ടില്ലെന്ന് പറഞ്ഞ് രോഗികളുടെ ചികിത്സ മുടങ്ങാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. |
കൊല്ലത്ത് മെഡിക്കല്‍ കോളജ് അനുവദിക്കും -മന്ത്രി ശിവകുമാര്‍ Posted: 16 Mar 2013 10:42 PM PDT കൊല്ലം: ജില്ലയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വിക്ടോറിയ ആശുപത്രിയിലെ പുതിയ മാതൃചികിത്സാ ബ്ളോക്കിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാന നഗരങ്ങളിലെ ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളജുകളാക്കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാകും കൊല്ലത്ത് മെഡിക്കല്‍ കോളജ് ആരംഭിക്കുക. ഇതിനാവശ്യമായ 20 ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കിയാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും. അമ്മയുടെയും കുഞ്ഞിന്‍െറയും ആരോഗ്യരക്ഷക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ശിശു മരണനിരക്കും പ്രസവാനന്തരമുള്ള മാതൃമരണനിരക്കും സംസ്ഥാനത്ത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഇവ വീണ്ടും കുറക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനനം മുതല്‍ കുഞ്ഞിന്‍െറ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും സര്‍ക്കാറിന്‍െറ ശ്രദ്ധയുണ്ടാകും. ജനിച്ച് മൂന്നു ദിവസത്തിനകം രക്തപരിശോധന നടത്തി അപസ്മാരം, ഓട്ടിസം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കണ്ടെത്തും. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത കുട്ടികളുടെ ചികിത്സക്കായി അഞ്ച് ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ട്രോമാകെയര്‍ യൂനിറ്റ് ആരംഭിക്കും. കരുനാഗപ്പള്ളി, കൊട്ടാരക്കര ആശുപത്രികളില്‍ ഡീ-അഡിക്ഷന്‍ സെന്‍ററുകളും ജില്ലാ ആശുപത്രി കേന്ദ്രമാക്കി മാനസികാരോഗ്യപദ്ധതിയും ആരംഭിക്കും. മാനസികരോഗ വിദഗ്ദര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയെത്തി ചികിത്സ നല്‍കുന്ന തരത്തില്‍ പദ്ധതി ക്രമീകരിക്കും. ജില്ലാ ആശുപത്രിയില്‍ ആര്‍.സി.സിയുടെ മേല്‍നോട്ടത്തില്‍ കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്‍ററും തുടര്‍ചികിത്സാ കേന്ദ്രവും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വിക്ടോറിയ ആശുപത്രികളില്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് അനുവദിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച പി.കെ. ഗുരുദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എന്‍. പീതാംബരക്കുറുപ്പ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, വൈസ് പ്രസിഡന്‍റ് കെ. ജഗദമ്മ ടീച്ചര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍. സജികുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ. സലില, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.ആര്‍. ജയശങ്കര്‍, എന്‍.ആര്‍.എച്ച്.എം ചീഫ് എന്‍ജിനീയര്‍ എസ്. ജയശങ്കര്‍, കണ്‍സള്‍ട്ടന്‍റ് എന്‍ജിനീയര്‍ വേണുഗോപാല്‍ വി. നായര്‍, പ്രോഗ്രാം ഓഫിസര്‍ ഡോ. എസ്. സുഭഗന്‍ എന്നിവര്‍ സംസാരിച്ചു. |
നഗരത്തിലെ ഒഴിപ്പിക്കലിനെതിരെ വ്യാപാരികള്‍ രംഗത്ത് Posted: 16 Mar 2013 10:36 PM PDT വണ്ടിപ്പെരിയാര്‍: നഗരത്തിലെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള ദേശീയപാത അധികൃതരുടെ നടപടി ചെറുക്കുമെന്ന് ടൗണിലെ വ്യാപാരികള്‍ പറഞ്ഞു. പീരുമേട്ടില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ചില ഉദ്യോഗസ്ഥര്‍ റോഡിന്‍െറ അളവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതുമൂലമാണ് 20 മീറ്റര്‍ എന്ന അളവിന് സമ്മതിക്കേണ്ടി വന്നത്. നിലവിലുള്ള റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള രണ്ട് മീറ്റര്‍ വീതിയില്‍ റോഡിന് സ്ഥലം വിട്ടുനല്‍കാനാണ് വ്യാപാരികള്‍ തയാറായതെന്നും ഭാരവാഹികള്‍ പറഞ്ഞു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നതിന് ശേഷം വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാര ഭവനില്‍ നിന്നാരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡ് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍, ജില്ലാ പ്രസിഡന്‍റ് മാരിയില്‍ കൃഷ്ണന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് പ്രസിഡന്‍റ് ജി. വിജയാനന്ദുമായി ചര്‍ച്ച നടത്തി. ടൗണിന് പുറത്ത് ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നേതാക്കള്‍ നിവേദനം നല്‍കി. പ ിന്നീട് പരിഗണിക്കുമെന്ന് പ്രസിഡന്‍റ് മറുപടി നല്‍കി. ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിനായി എം.എല്‍.എ, എം.പി തുടങ്ങി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വൈസ് പ്രസിഡന്‍റ് പി.എ.എം. ഇബ്രാഹിം, സംസ്ഥാന-ജില്ലാ ഭാരവാഹികളായ എസ്. അന്‍പുരാജ്, നജിബ് ഇല്ലത്തുപറമ്പില്‍, എസ്. ഉമ്മര്‍ ഫാറൂഖ്, വേണുഗോപാലാചാരി, പി.ഇ. സുലൈമാന്‍, സേതുമാധവന്‍, കെ.എച്ച്. ഇബ്രാഹിംകുട്ടി, എം. ആന്‍റണി, ബിലാല്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. |
അടവി പദ്ധതിക്ക് ഒരുകോടി: ടൂറിസം സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു Posted: 16 Mar 2013 10:32 PM PDT കോന്നി: സംസ്ഥാന ബജറ്റില്‍ അടവി ടൂറിസം പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചതോടെ ടൂറിസം രംഗത്ത് കോന്നിക്ക് പുതിയ പ്രതീക്ഷകള്‍. ആനത്താവളം കേന്ദ്രീകരിച്ച് ഇപ്പോള്‍ നിലവിലുള്ള ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തണ്ണിത്തോട് പഞ്ചായത്തില്‍ അടവി ടൂറിസം പദ്ധതി ആരംഭിക്കുന്നത്. കോന്നി ആനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കാടും കാട്ടാറും കാനന ഭംഗിയും ആവോളം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടാതെയുള്ള ടൂറിസം പദ്ധതി എന്ന തരത്തില്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കപ്പെടാനാണ് സാധ്യത. തണ്ണിത്തോട് പഞ്ചായത്തിലെ എലിമു ള്ളുംപ്ളാക്കലിന് സമീപം പേരുവാലി മുതല്‍ കല്ലാറും തീരപ്രദേശവും ഉള്‍പ്പെടുന്ന 300 ഏക്കറിലാണ് വിനോദ സഞ്ചാരപദ്ധതി നടപ്പാകുന്നത്. ബജറ്റില്‍ തുക വകകൊള്ളിച്ചതോടെ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കോന്നി ഡി.എഫ്.ഒ പി. പ്രദീപ് പറഞ്ഞു. കോന്നി വനം ഡിവിഷന്‍ പരിധിയിലാണ് അടവി ടൂറിസം മേഖല. പരമ്പരാഗത രീതിയില്‍ മുളയിലും തടിയിലുമായിരിക്കും ഇവിടെ നിര്‍മാണങ്ങള്‍ നടക്കുക. ആദ്യ ഘട്ടത്തില്‍ വിനോദസഞ്ചാരികള്‍ക്കുള്ള ഇരിപ്പിടവും കുളിക്കടവും രൂപവത്കരിക്കും. പരിസ്ഥിതി സൗഹൃദ ക്യാമ്പുകള്‍ ടൂറിസം പ്രവര്‍ത്തനത്തില്‍ ഇവിടെ പ്രധാനപ്പെട്ടവയാകും. കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്ളാസ്റ്റിക് നിരോധിത മേഖല എന്നതിനാല്‍ പ്രവേശ കവാടത്തില്‍ തന്നെ ഇവകള്‍ തടയും. സാഹസികതയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കല്ലാറിന്‍െറ തീരത്ത് ആനസവാരി, ട്രക്കിങ്, കല്ലാറില്‍ ഒഴുകി നീങ്ങാന്‍ റാഫ്റ്റിങ്, ശലഭപാര്‍ക്ക് എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കോന്നി ആനത്താവളത്തില്‍ നിന്നും വ്യത്യസ്തമായി ആനകളെ തുറസ്സായ സ്ഥലത്ത് തുറന്നുവിടുന്ന തരത്തിലാകും കൂടൊരുക്കുക. ആനകളുടെ ലഭ്യത കണക്കിലെടുത്ത് പദ്ധതി വിപുലപ്പെടുത്തും. സംസ്ഥാന ബജറ്റില്‍ അടവി ടൂറിസം പദ്ധതി ഇടം നേടിയതോടെ മലയോരവാസികള്‍ ഏറെ സന്തോഷത്തിലാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലയോര മണ്ഡലമായ കോന്നി ടൂറിസം ഭൂപടത്തില്‍ ഇടം നേടും. ഇപ്പോള്‍ കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി മാത്രമാണ് ടൂറിസ്റ്റുകള്‍ക്ക് കോന്നിയില്‍ ഉള്ളത്. അടവി പദ്ധതി കൂടി വരുന്നതോടെ കോന്നിയില്‍ എത്തുന്ന സന്ദര്‍ശകരെ ടൂറിസത്തിന്‍െറ കൂടുതല്‍ മേഖലയിലേക്ക് എത്തിക്കാന്‍ കഴിയും. ഇത് വികസനത്തിലേക്ക് കുതിക്കുന്ന കോന്നിക്ക് മറ്റൊരു മുഖഛായ കൂടി നല്‍കും. |
കോട്ടയം നഗരസഭാ കൗണ്‍സില്‍ യോഗം ‘മാലിന്യത്തില്‍ മുങ്ങി’ Posted: 16 Mar 2013 10:27 PM PDT കോട്ടയം: ശനിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം ‘മാലിന്യത്തില്‍ മുങ്ങി’. വടവാതൂര്‍ മാലിന്യപ്രശ്നം വാഗ്വാദങ്ങള്‍ക്കും ബഹളത്തിനും ഇടയാക്കി. നഗരസഭ ഡമ്പിങ് യാര്‍ഡിലെ പഴയ മാലിന്യങ്ങള്‍ ക്യാപിങ് നടത്തുന്ന പദ്ധതി ടെന്‍ഡര്‍ ഇല്ലാതെ നേരിട്ട് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് ഒച്ചപ്പാടിന് കാരണമായത്. പദ്ധതിക്കായി നഗരസഭ, ശുചിത്വ മിഷന് രണ്ടുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിരുന്നു. ഇതിന്‍പ്രകാരം ഒന്നരക്കോടിയോളം രൂപ വിവിധ പദ്ധതികള്‍ക്കായി ശുചിത്വമിഷന്‍ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കോസ്റ്റ്ഫോര്‍ഡ് എന്ന സിവില്‍ അക്രഡിറ്റഡ് സ്ഥാപനത്തെ ഏല്‍പ്പിക്കണമെന്നായിരുന്നു അജണ്ട. ഇതിന് ശുചിത്വമിഷന്‍െറ ശിപാര്‍ശയുണ്ടെന്നായിരുന്നു ചെയര്‍മാന്‍ എം.പി സന്തോഷ് കുമാറിന്‍െറ വാദം. ഇതിനെ പ്രതിപക്ഷത്തുനിന്ന് അഡ്വ.ഷീജാ അനില്‍കുമാര്‍ ചോദ്യം ചെയ്തതോടെയാണ് കൗണ്‍സിലില്‍ ഒച്ചപ്പാടുയര്‍ന്നത്. കോസ്റ്റ്ഫോര്‍ഡ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി മാത്രമാണെന്നും ഇവരെ നിര്‍മാണം ഏല്‍പ്പിക്കാന്‍ ശുചിത്വമിഷന്‍ ശിപാര്‍ശ ചെയ്യുകയല്ല, മറിച്ച് പേര് നിര്‍ദേശിക്കുക മാത്രമായിരുന്നെന്നും ഷീജ സൂചിപ്പിച്ചു. ഒപ്പം രാംകിയെ കൊണ്ടുവന്ന അനുഭവം മുമ്പുണ്ടല്ലോയെന്നും അവര്‍ സൂചിപ്പിച്ചു. നേരിട്ട് കോസ്റ്റ്ഫോര്‍ഡിനെ പദ്ധതി ഏല്‍പ്പിക്കാതെ ടെന്‍ഡര്‍ നടപടികളിലൂടെ സുതാര്യമായി കാര്യങ്ങള്‍ മുന്നോട്ടുപോവട്ടെയെന്നായിരുന്നു ഷീജയുടെ അഭിപ്രായം. ഒപ്പം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍പരിചയം കോസ്റ്റ്ഫോര്‍ഡിനുണ്ടെങ്കില്‍ ടെന്‍ഡറില്‍ സൂചിപ്പിക്കട്ടെയെന്നും അതിനനുസരിച്ച് കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതിയെന്നുമുള്ള ഷീജയുടെ അഭിപ്രായത്തോട് പ്രതിപക്ഷം യോജിച്ചു. എന്നാല്‍, രാംകിയെ കൊണ്ടുവന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് കൗണ്‍സിലര്‍ ഗോപകുമാര്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്‍െറ ബഹളം ഉയര്‍ന്നതോടെ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയത് മുന്‍ചെയര്‍മാന്‍ സണ്ണികല്ലൂരാണെന്നും അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുമെന്നുമായി സന്തോഷ് കുമാര്‍. എന്നാല്‍, പഴകിയ മാലിന്യങ്ങള്‍ റെയില്‍വേ പ്ളാറ്റ്ഫോം നിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് വേണ്ടതെന്നും ശുചിത്വമിഷന്‍ നല്‍കിയ ഒന്നരക്കോടി രൂപ വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് പ്രതിപക്ഷവും ഭരണപക്ഷത്തെ ഫ്രാന്‍സിസ് ജോര്‍ജും ആലീസ് ജോണും ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ യോജിച്ചതോടെ ചെയര്‍മാന്‍ ക്ഷുഭിതനായി, വിയോജനക്കുറിപ്പെഴുതി പുറത്തുപോകാന്‍ ആലീസ് ജോണിനോട് ആക്രോശിക്കുകയായിരുന്നു. ഇതോടെ താല്‍ക്കാലിക ലാഭത്തിന് ഒന്നരക്കോടി വെറുതെ കളയരുതെന്നായി ഭരണപക്ഷത്തെ ചില അംഗങ്ങള്‍. പ്രവൃത്തികള്‍ കോസ്റ്റ്ഫോര്‍ഡിനെ ഏല്‍പ്പിക്കാനാണ് നീക്കമെന്ന് കണ്ട പ്രതിപക്ഷാംഗങ്ങള്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന ആവശ്യവുമായി എഴുന്നേറ്റു. എന്നാല്‍, ഇതംഗീകരിക്കാന്‍ തയാറാകാതിരുന്ന ചെയര്‍മാന്‍ മറ്റ് അജണ്ടകള്‍ വായിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ചെയറിന് മുന്നിലെത്തി. ഇതോടെ കുപിതനായി എഴുന്നേറ്റ സന്തോഷ് കുമാര്‍ അജണ്ടകള്‍ എല്ലാം പാസാക്കിയതായി അറിയിച്ച് പുറത്തുപോവുകയായിരുന്നു. |
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു Posted: 16 Mar 2013 10:22 PM PDT അരൂര്‍: അമ്പലം ജങ്ഷന് സമീപം ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. അമ്പലം ജങ്ഷനിലെ പഴക്കടക്ക് മുന്നിലാണ് മൂന്നുമാസമായി വെള്ളം പാഴാകുന്നത്. വെള്ളം ഒഴുകി സമീപത്തെ പുരയിടത്തില്‍ നിറയുകയാണ്. പലതവണ അധികൃതരെ വിവരം അറിയിച്ചിട്ടും പൈപ്പ് അടക്കാന്‍ ആരും എത്തിയില്ല. തൈക്കാട്ടുശേരിയിലെ ശുദ്ധീകരണ പ്ളാന്‍റില്‍ നിന്ന് ശുദ്ധീകരിച്ച കുടിവെള്ളം അരൂരിലെ കൂറ്റന്‍ കുടിവെള്ള സംഭരണിയിലേക്ക് എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. |
ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍ Posted: 16 Mar 2013 10:17 PM PDT കാക്കനാട്: നിര്‍മിതി കേന്ദ്രയും കൈവിട്ടതോടെ മോട്ടോര്‍ വാഹന വകുപ്പിന്‍െറ ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് നിര്‍ മാണം അനിശ്ചിതത്വത്തില്‍. കാക്കനാട് തുതിയൂരിലാണ് ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവക്കുള്ള ഗ്രൗണ്ട് നിര്‍മിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ജില്ലാ ഭരണകൂടം രണ്ടര ഏക്കര്‍ സ്ഥലം അനുവദിച്ചത്. എന്നാല്‍, ചതുപ്പ് സ്ഥലമായതിനാല്‍ ഇവിടെ ഗ്രൗണ്ട് നിര്‍മിക്കാന്‍ ആദ്യം ഭൂമി ഉറപ്പുള്ളതാക്കണം. സ്ഥലം നികത്താന്‍ സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മിതി കേന്ദ്രയെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ അവര്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞ അവസ്ഥയാണ്. സ്ഥലം നികത്തല്‍ വൈകുന്നതനുസരിച്ച് ഡ്രൈവിങ് ഗ്രൗണ്ടിന്‍െറയും ട്രാക്കിന്‍െറയും നിര്‍മാണവും വൈകും. അത്താണിക്ക് സമീപത്തെ സ്വകാര്യ ഗ്രൗണ്ടിലാണ് നേരത്തേ ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍, ഒഴിവാകാന്‍ ഉടമ ആവശ്യപ്പെടുകയും സമീപത്തെ സ്ഥലം ഡ്രഗ്സ് വകുപ്പിന് നല്‍കുകയും ചെയ്തതോടെ ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമില്ലാതായി. ഇപ്പോള്‍ കലക്ടറേറ്റിന്‍െറ തെക്കുവശത്താണ് താല്‍ക്കാലികമായി ടെസ്റ്റ് നടത്തുന്നത്. ഈ സ്ഥലവും ഭരണകൂടം മറ്റൊരു വകുപ്പിന് നല്‍കിയിട്ടുള്ളതാണ്. അവര്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ പിന്നെ മോട്ടോര്‍ വാഹന വകുപ്പിന് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ടില്ലാതാകും. |
No comments:
Post a Comment