സ്വാഗതം
WELCOME

News Update..

Saturday, March 2, 2013

ചെര്‍പ്പുളശ്ശേരിയില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ച് അഞ്ചു മരണം Madhyamam News Feeds

ചെര്‍പ്പുളശ്ശേരിയില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ച് അഞ്ചു മരണം Madhyamam News Feeds

Link to

ചെര്‍പ്പുളശ്ശേരിയില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ച് അഞ്ചു മരണം

Posted: 02 Mar 2013 12:04 AM PST

Image: 

പാലക്കാട്: ചെര്‍പ്പുളശ്ശേരിക്കടുത്ത് പന്ന്യന്‍കുറിശിയില്‍ പടക്കനിര്‍മാണശാലക്ക് തീപിടിച്ചു അഞ്ചു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മരിച്ചവരില്‍ ഒരാള്‍ ചെര്‍പ്പുളശേരി സ്വദേശി മുസ്തഫയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചക്ക് 12 മണിയോടെയാണ് പടക്കനിര്‍മാണ ശാലക്ക് തീപിടിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് തന്നെ കണ്ടെടുത്തു. മൂന്നുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കുന്നിന്‍മുകളിലാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. സാധാരണ 12 പേര്‍ ജോലിക്കെത്താറുണ്ടെങ്കിലും ഇന്ന് ആറുപേര്‍ മാത്രമാണ് എത്തിയിരുന്നത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ അണച്ചത്. കുന്നിന്‍ മുകളില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മണശാലയുടെ അടുത്തേക്ക് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. ഉത്സവ സീസണായതിനാല്‍ പടക്കങ്ങളുടെ അവസാന മിനുക്കു പണി നടക്കുന്നതിനിടെയാണ് തീപിടിച്ചത്.
 

റെയില്‍വേ ബജറ്റ്: ആന്റണി പ്രതിഷേധമറിയിച്ചു

Posted: 01 Mar 2013 11:58 PM PST

Image: 

ന്യൂദല്‍ഹി: റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രതിരോധമന്ത്രി എ.കെ ആന്റണി റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ നേരിട്ട് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബജറ്റിലെ അവഗണനക്കെതിരെ കേരളത്തില്‍ ശക്തമായ ജനവികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. കേരളം മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ബന്‍സല്‍ ആന്റണിക്ക് ഉറപ്പുനല്‍കി. ഇതിനായി ഉടന്‍ തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം യു.ഡി.എഫ് എം.പിമാരും റെയില്‍വെ മന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.
 

ഇടതുമുന്നണി വിപുലീകരിക്കും- പന്ന്യന്‍ രവീന്ദ്രന്‍

Posted: 01 Mar 2013 11:38 PM PST

Image: 

തൃശൂര്‍: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് വിപുലീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇടതു മുന്നണി വിപുലീകരിക്കുന്നതിനെ കുറിച്ച് അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണിയോട് ആഭിമുഖ്യമുള്ള ആര്‍ക്കും മുന്നണിയിലേക്ക് വരാം. സി.എം.പിയെ മുന്നണിയില്‍ എടുക്കുന്ന കാര്യവും എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന്  പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
 

ഹൈദരാബാദ് ടെസ്റ്റ്: ഓസീസിന് നാലു വിക്കറ്റ് നഷ്ടം

Posted: 01 Mar 2013 11:13 PM PST

Image: 

ഹൈദരാബാദ്: ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍  ആസ്ട്രേലിക്ക് മങ്ങിയ തുടക്കം. ബാറ്റിങ് തകര്‍ച്ച നേരിടുന്ന ഓസീസിന് 4 വിക്കറ്റുകള്‍ നഷ്ടമായി. ഡേവിഡ് വാര്‍നര്‍ (6) എഡ് കോവന്‍(4), ഫിലിപ്പ് ഹ്യൂസ്(19), ഷെയ്ന്‍ വാട്സണ്‍(23) എന്നിവരെയാണ്  നഷ്ടമായയത്.

ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറാണ് മൂന്നു വിക്കറ്റുകള്‍ നേടിയത്. ഫിലിപ്പ് ഹ്യൂസിനെ പുറത്താക്കി അശ്വിന്‍ രണ്ടാം ടെസ്റ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 

149 എന്ന സ്കോറില്‍ തുടരുന്ന ആസ്ട്രേലിയയെ കരകയറ്റാന്‍ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ക്ളാര്‍ക്കും (50) മാത്യു വെയ്ഡും(36) ക്രീസിലുണ്ട്.
 ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആസ്ട്രേലിക്കെതിരെ ഇന്ത്യ എട്ടു വിക്കറ്റ് ജയം നേടിയിരുന്നു.ചെന്നൈ ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്ന് ആസ്ട്രേലിയ ടീമില്‍ മാറ്റം വരുത്തിയിരുന്നു. നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാറക്ക് എന്നിവര്‍ക്കു പകരം സെവ്യേര്‍ ദെറോത്തി, ഗ്ളെന്‍ മാക്സ്വെല്‍ എന്നിവരെ ടീമിലെടുത്തിട്ടുണ്ട്.
ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ നിര ഹൈദരബാദില്‍ ഇറങ്ങിയിട്ടുള്ളത്. ഒന്നാം ഇന്നിങ്സിലെ ഓസീസിന്റെബാറ്റിങ് തകര്‍ച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

പ്രഭാകരന്റെ മകനെ കൊന്നത് സൈന്യമെന്നത് രാജ്പക്സെ നിഷേധിച്ചു

Posted: 01 Mar 2013 10:58 PM PST

Image: 

കൊളൊബോ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെമകന്‍ ബാലചന്ദ്രനെ കൊലപ്പെടുത്തിയത് ശ്രീലങ്കന്‍ സൈന്യമാണെന്ന വാര്‍ത്ത പ്രസിഡന്‍്റ് രാജ്പക്സെ നിഷേധിച്ചു. സൈന്യമാണ് ബാലചന്ദ്രനെ കൊലപ്പെടുത്തിയതെന്നത് പൂര്‍ണമായും നിഷേധിക്കുന്നു. അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും  ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ രാജ്പക്സെ പറഞ്ഞു.
2009 ലെ യുദ്ധത്തിന്റെഅവസാന ഘട്ടത്തില്‍  ശ്രീലങ്കന്‍ സൈന്യം വ്യാപകമായി കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. അത്തരം വാര്‍ത്തകള്‍ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച് പുറത്തുവിടുകയെന്നത് അവരുടെ ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയിലെ പ്രശ്നങ്ങളുടെ ഒരു ഭാഗം മാത്രമല്ല കാണുന്നത്.  ഇരു വിഭാഗത്തിന്റെും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.  പ്രതിപക്ഷം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയോടെ  ‘അറബ് വസന്തം’ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ അത് സംഭവിക്കില്ല.  
 ബാലചന്ദ്രനെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയത് യുദ്ധകുറ്റമാണെന്നും ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ ശക്തമായ തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍  കശ്മീരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ പോലും യു.എന്‍  മനുഷ്യാവകാശ കൗണ്‍സിലിനു മുന്നില്‍  അപമാനിക്കപ്പെട്ടിരിക്കയാണെന്ന് രാജ്പക്സെ പ്രതികരിച്ചു.   
പ്രഭാകരന്റെ12 വയസുള്ള മകന്‍ ബാലചന്ദ്രന്‍ വെടിയേറ്റു മരിക്കുന്നതിനു മുമ്പ് സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്നതിന്റെ ദൃശ്യങ്ങള്‍ 'ചാനല്‍ ഫോര്‍' എന്ന ബ്രിട്ടീഷ് ചാനല്‍ പുറത്തു വിട്ടിരുന്നു.  എന്നാല്‍, ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വാര്‍ത്ത തെറ്റാണെന്നുമാണ്  സൈന്യത്തിന്റെ വിശദീകരണം.
 

ഗര്‍ഭധാരണവും പ്രസവവും ഒരു രോഗമല്ല

Posted: 01 Mar 2013 10:45 PM PST

Image: 

നമ്മുടെ നാട്ടില്‍ ഗര്‍ഭധാരണവും പ്രസവവും ഒരു രോഗമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗര്‍ഭധാരണം മുതല്‍ പ്രസവശേഷമുള്ള എതാനും മാസങ്ങള്‍ വരെ മരുന്നുകള്‍ക്ക് മുഖ്യസ്ഥാനമാണ് നല്‍കിവരുന്നത്. ഗര്‍ഭധാരണത്തോടുകൂടി തുടങ്ങുന്ന മരുന്നു പ്രയോഗം പ്രസവത്തിനുശേഷം പ്രസവരക്ഷ എന്ന പേരില്‍ തുടരുന്നു. അലോപ്പതിയും ആയുര്‍വേദവും തുടങ്ങി നാടന്‍ മരുന്നുകളും മാറിമാറി കഴിച്ചാണ് പലരും അമ്മയുടെയും കുഞ്ഞിന്‍െറ ആരോഗ്യം പരിപാലിക്കുന്നത്.
പ്രസവ സമയത്ത് മാതാവിന്‍െറ ശരീരത്തില്‍ സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും കൂടുതല്‍ പാലുല്‍പാദിപ്പിക്കാനുമൊക്കെയാണ് പ്രസവരക്ഷ എന്നപേരിലുള്ള മരുന്ന് പ്രയോഗങ്ങള്‍.
എന്നാല്‍, ലളിതമായി ചിന്തിച്ചാല്‍ മനസ്സിലാവുന്ന ഒരു സത്യമുണ്ട്. അത് നമ്മുടെ പ്രകൃതിയിലേക്ക് നോക്കിയാല്‍ എളുപ്പത്തില്‍ മനസ്സിലാവും. എല്ലാ ജീവിവര്‍ഗങ്ങളും അവയുടെ വര്‍ഗം നിലനിര്‍ത്തിപ്പോരുന്നുണ്ട്. മനുഷ്യനെ കൂടാതെ എത്രയോ ജീവികള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്നു. അവയൊന്നും തന്നെ പ്രസവാനന്തര ശുശ്രൂഷ എന്ന പേരില്‍ മരുന്നുസേവ നടത്തുന്നില്ല. വിദേശരാജ്യങ്ങളിലും പ്രസവരക്ഷ എന്ന പേരില്‍ മരുന്നുകള്‍ നല്‍കാറില്ല. പ്രസവം വര്‍ഗം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ വരദാനമായതിനാല്‍ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പ്രകൃതിതന്നെ പരിഹാരം കണ്ടുകൊള്ളും. പ്രസവിച്ച സ്ത്രീക്ക് ശുചിത്വവും വിശ്രമവും  പോഷകാഹാരവുമാണാവശ്യം.
പ്രസവാനന്തരം രണ്ടിരട്ടി തീറ്റിപ്പിക്കുന്ന രീതി പലയിടത്തുമുണ്ട്. കൃത്യമായി ഭക്ഷണം കൊടുക്കാത്ത വീടുകളും ഉണ്ട്. പെറ്റ വയറിലേക്ക് ധാരാളം വേണമെന്ന് ആദ്യത്തെ കൂട്ടരും, ഭക്ഷണം വളരെ കുറക്കുന്നത് വയറ് ചുരുങ്ങാന്‍ നല്ലതാണെന്ന് രണ്ടാമത്തെ കൂട്ടരും വിശ്വസിക്കുന്നു. പിന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ അനുവദിക്കാത്തവരും ഉണ്ട്. ഇതെല്ലാം ബാധിക്കുന്നത് അമ്മയുടെ ശരീരത്തെയാണെങ്കിലും അതോടൊപ്പം കുഞ്ഞിന്‍െറ ആഹാരമായ മുലപ്പാലിനെയും ബാധിക്കുന്നുണ്ട്.
ഗര്‍ഭത്തിലിരിക്കുമ്പോള്‍ മാതാവില്‍നിന്ന് പൊക്കിള്‍ക്കൊടിവഴി കിട്ടുന്ന ഭക്ഷണംകൊണ്ടാണ് കുഞ്ഞ് വളരുന്നത്. പ്രസവത്തോടെ ആ വഴി അറ്റുപോവുകയും അതേ സമയംതന്നെ കുഞ്ഞിനായി മറ്റൊരുവഴി തുറക്കുകയും ചെയ്യുന്നു. അതാണ് മുലപ്പാല്‍.  പ്രസവിച്ച സ്ത്രീക്ക് മുലപ്പാലുണ്ടാവുന്നത് അവരുടെ രക്തത്തില്‍നിന്നാകുന്നു. അതുകൊണ്ടുതന്നെ രക്തത്തിന്‍െറ മേന്മയനുസരിച്ചായിരിക്കും മുലപ്പാലിന്‍െറയും ഗുണം. രക്തത്തിന്‍െറ മേന്മയില്‍ ആഹാരത്തിന് പങ്കുണ്ടെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
നമ്മുടെ നാട്ടില്‍ പ്രസവരക്ഷ എന്ന പേരില്‍ ലഭിക്കുന്നത് അനാവശ്യമായ ഔധ ചേരുവയും ദഹനക്കേടുണ്ടാക്കുന്ന എണ്ണയും നെയ്യും മാംസവും ചേര്‍ന്ന വസ്തുക്കളാണ്. ഇത്തരം വസ്തുക്കള്‍ അമ്മയില്‍ പ്രകടമായ ബുദ്ധിമുട്ടുകളൊന്നും കാണിച്ചില്ലെന്നു വരാം. അഥവാ ഉണ്ടായാല്‍തന്നെ അത് പേറ്റ് മരുന്നിന്‍െറയും പ്രസവരക്ഷയുടെയും അനന്തരഫലമാണെന്ന് തിരിച്ചറിയാതെ പോകുന്നു. വര്‍ഷങ്ങളായുളള തെറ്റായ ജീവിതചര്യമൂലം സഹനശക്തി വര്‍ധിച്ച ഒരു ശരീരമാണ് അമ്മയുടേത്. മാത്രമല്ല, അമ്പതും എഴുപത്തിയഞ്ചുമൊക്കെ  കിലോ തൂക്കമുള്ള വലിയ ശരീരവുമാണ്. എന്നാല്‍, കുഞ്ഞിന്‍െറ ശരീരം വെറും മൂന്നുകിലോയില്‍ താഴെ മാത്രമുള്ളതും മാസങ്ങള്‍ മാത്രം പ്രായമുള്ളതുമാണ്. സൂക്ഷ്മ സംവേദനശക്തിയുള്ളതുമായതിനാല്‍ ഉടനെതന്നെ പ്രതികരിക്കും. ഇത്തരം പ്രതികരണങ്ങള്‍ നവജാതശിശുക്കളില്‍ ജലദോഷം, ഛര്‍ദി, പനി, വയറിളക്കം, തുമ്മല്‍, ന്യൂമോണിയ തുടങ്ങി അപസ്മാരം പോലും ഉണ്ടാക്കുന്നു. അമ്മയുടെ തെറ്റായ ദിനചര്യയാണ് കുഞ്ഞിന്‍െറ രോഗത്തിനു കാരണമെന്നറിയാതെ കുഞ്ഞിനെയും കൊണ്ട് ശിശുരോഗവിദഗ്ധന്‍െറയടുത്തേക്ക് ഓടുകയാണ് പതിവ്. നവജാത ശിശുക്കള്‍ക്ക് വരുന്ന രോഗങ്ങള്‍ക്ക് മാതാവിനെകൂടി ചികിത്സിക്കേണ്ടതുണ്ട്.
പ്രസവിച്ച് ആറുമാസത്തിനുള്ളില്‍തന്നെ കുഞ്ഞ് ഇരട്ടിയായി വളരുന്നു. രണ്ട് വയസ്സാകുമ്പോള്‍ നാലിരട്ടിയും ആയിത്തീരുന്നു. ഇതിലെ ആദ്യകാലത്തെ ശിശുവിന്‍െറ വളര്‍ച്ചയില്‍ ഉറക്കത്തിന് പ്രധാനപങ്കുണ്ട്. ഈ സമയത്താണ് തലച്ചോറിന്‍െറ വേഗത്തിലുള്ള വളര്‍ച്ചയും സംഭവിക്കുന്നത്. പ്രസവിച്ച കുഞ്ഞ് പാലുകുടിക്കുക, മൂത്രമൊഴിക്കുക, മലവിസര്‍ജനം നടത്തുക, ബാക്കി സമയം ഉറങ്ങുക എന്നീ പ്രവൃത്തികള്‍ മാത്രമാണ് ചെയ്യുന്നത്.
  അവയവങ്ങള്‍ വളരാന്‍ വേണ്ടിയാണ് ഉറക്കമെന്ന ഈ മഹാവിശ്രമം പ്രകൃതി വിധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രസവിച്ച കുഞ്ഞിനെ ഉണര്‍ത്തരുത്. ബന്ധുക്കളോ മറ്റു സന്ദര്‍ശകരോ വരുമ്പോള്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഉണര്‍ത്തി കാണിക്കരുത്. കുഞ്ഞിനെ മാറോടുചേര്‍ത്തുപിടിച്ചാല്‍ കുഞ്ഞിന് അമ്മയുടെ മുഖം കാണാന്‍ കഴിയും. അത്രയേ കുഞ്ഞിന് കാഴ്ചയുള്ളൂ. പ്രസവം കാണാന്‍ വരുന്നവരെയൊന്നും കാണാന്‍ മാത്രമുള്ള കാഴ്ച അതിനില്ല.
പ്രസവിച്ച് അരമണിക്കൂറാവുമ്പോഴേക്കും പാലുകുടിപ്പിക്കണം. അമ്മയില്‍ ആദ്യം സ്രവിച്ചുവരുന്ന കൊളസ്ട്രം  ഒരായുസ്സിന് മുഴുവന്‍ വേണ്ട അമൃതാണ്. മികച്ച രോഗപ്രതിരോധ ശേഷിയുള്ള ആഹാരമാണിത്. പിന്നീട് കുഞ്ഞ് ആവശ്യപ്പെടുമ്പോഴോക്കെ പാലു കൊടുക്കേണ്ടതാണ്. നവജാതശിശു രണ്ടുമൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല് കുടിക്കാറുണ്ട്. പാലില്‍ 88 ശതമാനവും വെള്ളമായതുകൊണ്ട് പുറമെ വേറെ വെള്ളം കൊടുക്കേണ്ടതില്ല.
കുഞ്ഞിന് കഴിയുന്നത്ര കാലം പാലുകൊടുക്കേണ്ടതാണ്. മുലകുടി നിര്‍ത്തേണ്ടത് അമ്മയല്ല കുഞ്ഞാണ്. മറ്റാഹാരങ്ങള്‍ കഴിച്ചുതുടങ്ങി അവയില്‍നിന്ന് ശരീരത്തിനാവശ്യമായതെല്ലാം കിട്ടിത്തുടങ്ങിയാല്‍ പിന്നെ കുഞ്ഞ് പാലുകുടിക്കാതെയാവും. അപ്പോഴേക്കും മൂന്നുവര്‍ഷമെങ്കിലുമായിരിക്കും. മാത്രമല്ല, കൂടുതല്‍ കാലം പാലൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ കൂടുതല്‍ അടുപ്പവുമുണ്ടായിരിക്കും.
കുഞ്ഞിനെ ഒരു കാരണവശാലും തൊട്ടിലില്‍ കിടത്തരുത്. അമ്മയുടെ ചൂടും ചൂരും അറിഞ്ഞ് അമ്മയുടെ ഹൃദയത്തിന്‍െറ താളം കേട്ടുകൊണ്ടാണ് കുഞ്ഞ് കിടക്കേണ്ടത്. ഏതാണ്ട് 280 ദിവസക്കാലം ഗര്‍ഭപാത്രത്തില്‍ കിടന്ന് കേട്ട അമ്മയുടെ ഹൃദയത്തിന്‍െറ താളം പിന്നീട് കേള്‍ക്കുമ്പോഴും കുഞ്ഞിന് ആത്മവിശ്വാസം വര്‍ധിക്കും. കുഞ്ഞിനെ തൊട്ടിലിലേക്ക് മാറ്റുമ്പോള്‍ അത് മാനസികമായി ഒട്ടേറെ പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ട്.  സ്വന്തം അമ്മയെ തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞിനുണ്ട്. കുഞ്ഞ് ഇഷ്ടപ്പെടുന്നത് അമ്മയുടെ ചാരത്ത് കിടക്കാനുമാണ്.  
ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആറുമാസത്തിന് ശേഷം അല്‍പാല്‍പം പഴങ്ങള്‍ കൊടുത്തുതുടങ്ങാം. രുചികരവും പോഷകദായകവുമായ പഴത്തിന് പകരം ഇവ ഉണക്കി പൊടിച്ച് പഞ്ചസാരയോ കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്ത് വേവിച്ച് കൊടുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴത്തിന്‍െറ ഗുണം നശിക്കുന്നതോടൊപ്പം ഇതില്‍ ചേര്‍ക്കുന്ന മധുരത്തിന്‍െറ ദോഷം കുഞ്ഞിന്‍െറ ശരീരത്തെ ബാധിക്കുകയും ചെയ്യും.  ഇതിനിടയിലാണ് ബേക്കറികളിലും മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമാകുന്ന ടിന്നിലടച്ച ശിശു ആഹാരങ്ങള്‍ നല്‍കുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക ആഹാരമൊന്നും തയാറാക്കേണ്ടതില്ല എന്നതാണ് വാസ്തവം. പല്ല് മുളക്കുന്നതിനനുസരിച്ച് ആവശ്യമായതും കഴിക്കാന്‍ കഴിയുന്നതുമായവ കഴിച്ചുതുടങ്ങും. ഒരു വയസ്സിനുശേഷമേ വേവിച്ച ആഹാരം നല്‍കേണ്ടതുള്ളൂ. രണ്ട് വയസ്സുവരെയെങ്കിലും വേവിച്ചവ കഴിക്കാതിരിക്കുന്നതാണ് ശരി.
പ്രസവശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ ശിശു നന്നായി വളരും. ഏതൊരമ്മയും ശുദ്ധമായ ഭക്ഷണം, ശുദ്ധവായു, സൂര്യപ്രകാശം, ശുദ്ധജലം, ആവശ്യമായ വ്യായാമം, വിശ്രമം, നല്ല മാനസികാവസ്ഥ എന്നിവ കിട്ടത്തക്കരീതിയില്‍ ജീവിക്കേണ്ടതാണ്.  
പ്രകൃതിയുടെ മടിത്തട്ട് എപ്പോഴും നന്മക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതാണെന്ന് ഓര്‍ക്കുക. ആ മടിത്തട്ടില്‍ വളരുമ്പോള്‍ അതിന്‍െറ നിയമങ്ങള്‍ അനുസരിക്കുക. ആ നിയമങ്ങള്‍ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു വ്യക്തിയെ രൂപപ്പെടുത്താന്‍ കഴിയൂ.

(തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഡോക്ടറാണ് ലേഖിക)

മാന്‍ ചെള്ളിന്‍െറ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം വിദഗ്ധ സംഘം അന്വേഷണത്തിനെത്തി

Posted: 01 Mar 2013 10:34 PM PST

സുല്‍ത്താന്‍ ബത്തേരി: മാന്‍ ചെള്ളിന്‍െറ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പഠനത്തിനും തുടര്‍നടപടികള്‍ക്കുമായി ആരോഗ്യവകുപ്പിന്‍െറ വിദഗ്ധ സംഘം വയനാട്ടിലെത്തി. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യസംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും രോഗനിര്‍ണയം വൈകിയത് മരണത്തിന് കാരണമായെന്നും സംഘാംഗങ്ങള്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
നമ്പ്യാര്‍കുന്ന് കൂത്തുപറമ്പില്‍ ചന്ദ്രന്‍െറ ഭാര്യ ഓമന (52) ഫെബ്രുവരി 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഛര്‍ദി, വയറിളക്കം, പനി, ചൊറിച്ചില്‍ തുടങ്ങിയവയായിരുന്നു രോഗലക്ഷണം.
ഓമനയുടെ സഹോദരിമാരായ പാട്ടവയലില്‍ ചാലില്‍ കുട്ടപ്പന്‍െറ ഭാര്യ ലീല (57), അപ്പാട് അഴീക്കല്‍ രാമന്‍കുട്ടിയുടെ ഭാര്യ ശാന്ത (55) ഓമനയുടെ സഹോദരന്‍ ശശിയുടെ ഭാര്യ സിന്ധു (35) എന്നിവരെയും സമാനരോഗ ലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വനാതിര്‍ത്തിയിലുള്ള ചെട്ട്യാലത്തൂരിലെ തറവാട്ടുപറമ്പില്‍ നാലുപേരും ചേര്‍ന്ന് കാപ്പിക്കുരു പറിക്കാന്‍ പോയി തിരിച്ചുവന്നതിനു ശേഷമായിരുന്നു രോഗം പ്രകടമായത്. മാന്‍ചെള്ള് കടിച്ചതാണ് രോഗകാരണമെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
സംസ്ഥാന എപ്പിഡമിയോളജി വിഭാഗം തലവന്‍ ഡോ. എ. സുകുമാരന്‍, മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം തലവന്‍ ഡോ. ജി. അരുണ്‍കുമാര്‍, പ്രാണിശാസ്ത്ര വിദഗ്ധന്‍ പ്രഫ. ഉമറുല്‍ ഫാറൂഖ്, ജില്ലാ ഡെ. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. അജയന്‍, ബയോളജിസ്റ്റ് കെ. സത്യന്‍, ഡോ. എ.ബി. സന്തോഷ് തുടങ്ങി ഇരുപതോളം പേരാണ് വിദഗ്ധസംഘത്തിലുണ്ടായിരുന്നത്.
നമ്പ്യാര്‍കുന്ന്, ചെട്ട്യാലത്തൂര്‍, മുത്തങ്ങ വനാതിര്‍ത്തി പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മാന്‍ചെള്ളുകളെയും ചെള്ളിന്‍െറ കടിയേറ്റവരുടെ രക്ത സാമ്പിളുകളും സംഘം ശേഖരിച്ചു.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന സ്പൈറോകിറ്റ് വിഭാഗത്തില്‍പെട്ട ബൊറീലിയ ബാക്ടീരിയയാണ് രോഗത്തിന് കാരണമാവുന്നതെന്ന് വിദഗ്ധസംഘം അറിയിച്ചു.
1970കളില്‍ അമേരിക്കയിലെ വനാതിര്‍ത്തി പ്രദേശങ്ങളിലാണ്  രോഗം ആദ്യമായി കണ്ടെത്തിയത്. ഇത്തരം രണ്ടുലക്ഷത്തിലധികം കേസുകള്‍ അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ വനാതിര്‍ത്തികളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാറുണ്ടെങ്കിലും ഇതുവരെ മരണമുണ്ടായിട്ടില്ല.
രോഗം മാരകമല്ലെന്നും സാധാരണ ആന്‍റിബയോട്ടിക്കുകള്‍കൊണ്ട് ഭേദപ്പെടുത്താവുന്നതാണെന്നും ഡോ. അരുണ്‍കുമാര്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ്: എന്‍.ഒ.സി നല്‍കാന്‍ ശ്രമിച്ചത് ഫോര്‍സ്റ്റാര്‍ പദവി ലഭിക്കും മുമ്പ്

Posted: 01 Mar 2013 10:27 PM PST

കോഴിക്കോട്: നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി നല്‍കാന്‍ നഗരസഭയിലെ ഭരണ-പ്രതിപക്ഷ നേതൃത്വം രഹസ്യതന്ത്രം ആവിഷ്കരിച്ചതിന്‍െറ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
ഹോട്ടല്‍ മാനേജ്മെന്‍റ് സ്റ്റാര്‍ പദവിക്കുള്ള അപേക്ഷപോലും നല്‍കുന്നതിനുമുമ്പ് ഫെബ്രുവരി  15ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സപ്ളിമെന്‍ററി അജണ്ടയായി പാസാക്കിയെടുക്കാനായിരുന്നു ‘ജില്ലാ നേതൃത്വങ്ങളു’ടെ ഒത്താശയോടെ രഹസ്യനീക്കം നടന്നത്. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ നിലവില്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. തൊണ്ടയാട് ബൈപാസിലെ കോപ്പര്‍ ഫോളിയോ, ഫോക്കസ് മാളിനടുത്ത ‘ഹോട്ടല്‍ ഡീ ഗ്രാന്‍ഡ് മലബാര്‍’ എന്നീ ഹോട്ടലുകളുടെ ഉടമകള്‍ ഫോര്‍ സ്റ്റാര്‍ പദവിക്കായി ഫെബ്രുവരി 22നാണ് കേന്ദ്ര ടൂറിസം വകുപ്പിന് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കുന്നതിന് ഒരാഴ്ചമുമ്പ് അതായത് ഫെബ്രുവരി 15ന് എന്‍.ഒ.സി നല്‍കാന്‍ നഗരസഭയില്‍ നടന്ന ഗൂഢനീക്കത്തിനുപിന്നില്‍ ലക്ഷങ്ങളുടെ ഇടപാടു നടന്നതിന്‍െറ വിശദാംശങ്ങളും പുറത്തുവരുകയാണ്.
എന്‍.ഒ.സി ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് മാത്രമാണ് ഉടമകള്‍ നഗരസഭാ കൗണ്‍സിലിനു മുമ്പാകെ അപേക്ഷ നല്‍കിയത്. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷക്കൊപ്പം കെട്ടിടത്തിന്‍െറ സൈറ്റ് പ്ളാനും നികുതി രശീതും മാത്രമേ സമര്‍പ്പിച്ചിട്ടുള്ളൂ. ഹോട്ടലിന് ഫോര്‍സ്റ്റാര്‍ പദവി ഉണ്ടോ, ഇല്ലേ എന്നുപോലും ഉറപ്പാക്കാതെയാണ് മൂന്നാംദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ എന്‍.ഒ.സി നല്‍കാന്‍ ഒത്തുകളി നടന്നത്. യു.ഡി.എഫിലെ കൃഷ്ണദാസ്, വിദ്യാ ബാലകൃഷ്ണന്‍, ബാലഗോപാല്‍, സി.പി. സലീം എന്നീ കൗണ്‍സിലര്‍മാര്‍ ശക്തമായി എതിര്‍ത്തതാണ് അന്ന് ‘ഐകകണ്ഠ്യേന’ അജണ്ട പാസാകാതിരിക്കാന്‍ കാരണം.
ഇതിനിടെ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അടിയന്തര യോഗംചേര്‍ന്ന് എത്രയുംവേഗം എന്‍.ഒ.സി നല്‍കാന്‍ ഐകകണ്ഠ്യേന തീരുമാനമെടുക്കുകയായിരുന്നു. അടിയന്തര പ്രധാന്യമുള്ള നിരവധി അപേക്ഷകള്‍ തീര്‍പ്പാകാതെ കിടക്കുമ്പോഴാണ് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി യുദ്ധകാലാടിസ്ഥാനത്തില്‍ എന്‍.ഒ.സി നല്‍കാന്‍ ശ്രമംനടത്തിയത്. യു.ഡി.എഫിലെ ഒരംഗം, തന്‍െറ ബന്ധുവാണ് ഒരപേക്ഷകനെന്ന് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി എന്‍.ഒ.സി ഫയലില്‍ ആറുതവണ കുറിപ്പെഴുതിയതായും രേഖയുണ്ട്. ചില കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ എന്‍.ഒ.സി നല്‍കാമെന്നായിരുന്നു കുറിപ്പുകള്‍.
ഇതേതുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിന്നല്‍വേഗതയില്‍ സ്ഥലപരിശോധന നടത്തി. കോപ്പര്‍ ഫോളിയോ ഹോട്ടലില്‍ സാനിറ്ററി സൗകര്യങ്ങള്‍ തൃപ്തികരമാണ്, 400 മീറ്റര്‍ ചുറ്റളവില്‍ ആരാധനാലയങ്ങളോ സ്കൂളോ ഓഫീസുകളോ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് 12ാം സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കുറിപ്പ്. ഡീഗ്രാന്‍ഡ് ഹോട്ടലിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി 17ാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെകടറും റിപ്പോര്‍ട്ട് നല്‍കിയ ഉടന്‍ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ‘കുതിച്ചെത്തി’ നേരില്‍ പരിശോധനയും നടത്തി. അടിയന്തരമായി എന്‍.ഒ.സി നല്‍കുന്നതിന് സഹായിക്കന്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ നാലംഗങ്ങള്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഡി.സി.സി പ്രസിഡന്‍റ് ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ ഒരംഗം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.ഡി.സി.സിയുടെ സ്ഥലം ഇടപാടിലേക്ക് മദ്യലോബിയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങിയതായി ചില ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുമ്പോള്‍, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട കോടതി ചെലവിന്‍െറ പേരില്‍ 20 ലക്ഷം രൂപ മറുപക്ഷം വാങ്ങിയതായി യു.ഡി.എഫ് കൗണ്‍സിലര്‍മാരും ആരോപിക്കുന്നു. ബാറില്‍ ചില നേതാക്കള്‍ക്ക് ഷെയര്‍ നല്‍കിയതായും കൗണ്‍സിലര്‍മാര്‍ പരസ്പരം ആരോപിക്കുന്നുണ്ട്.
ഫെബ്രുവരി 15ന്‍െറ കൗണ്‍സില്‍ യോഗത്തിനുശേഷം ഡി.സി.സി പ്രസിഡന്‍റ് നഗരസഭാ ഓഫിസിലെത്തി എന്‍.ഒ.സിക്കുവേണ്ടി ഇടപെട്ടതായി വ്യാഴാഴ്ച ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്‍.ഒ.സി അനുവദിച്ചാലുടന്‍ മറ്റ് രണ്ടു ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നേടാന്‍ പ്രമുഖ വ്യവസായ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്.
 

ഈമാസം പാകിസ്താനിലേക്ക് മടങ്ങുമെന്ന് മുശര്‍റഫ്

Posted: 01 Mar 2013 09:39 PM PST

Image: 

അബൂദബി: ആസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഈമാസാവസാനം സ്വരാജ്യത്തേക്ക് മടങ്ങുമെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫ് പറഞ്ഞു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാറിന്‍െറ കാലാവധി ഈമാസം 16ന് അവസാനിക്കും. തുടര്‍ന്ന് ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ചക്കുള്ളില്‍ താന്‍ മടങ്ങുമെന്ന് ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുശര്‍റഫ് പ്രഖ്യാപിച്ചു.
പി.പി.പി അധികാരത്തിലെത്തിയപ്പോള്‍ ഇംപീച്ച്മെന്‍റ് ഭയന്ന് 2009ലാണ് അദ്ദേഹം  യു.എ.ഇയിലേക്ക് കടന്ന് ദുബൈയില്‍ താമസമാക്കിയത്. ഒക്ടോബര്‍ 2011ല്‍ ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗ് (എ.പി.എം.എല്‍) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച മുന്‍ പ്രസിഡന്‍റ് കഴിഞ്ഞ വര്‍ഷം ജനുവരി 31ന് ‘സ്വയം പ്രഖ്യാപിത വിദേശ അഭയവാസം’ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അറസ്റ്റ് ഭീഷണി ഉണ്ടായിരുന്നതിനാലും പാകിസ്താന്‍ സേനയിലെ സുഹൃത്തുക്കള്‍ വിദേശത്ത് തന്നെ തുടരാന്‍ ഉപദേശിച്ചതിനാലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ പാകിസ്താനില്‍ തന്‍െറ രാഷ്ട്രീയ സാന്നിധ്യം അരക്കിട്ടുറപ്പിക്കാന്‍ തന്നെയാണ് മുശര്‍റഫിന്‍െറ തീരുമാനം.
‘എനിക്കെതിരെ നിലവിലുള്ള കേസുകളെയും പ്രശ്നങ്ങളെയും ഭയക്കുന്നില്ല. രാജ്യത്തെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാനുള്ള ഒരു കാരണവും കാണുന്നില്ല. കോടതിയെ നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. എന്‍െറ വിധി സ്രഷ്ടാവിന് വിട്ടിരിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്കുവേണ്ടിയാണ് ഞാന്‍ മത്സരിക്കുക’- മുശര്‍റഫ് പറഞ്ഞു. സുതാര്യത ഉറപ്പാക്കാന്‍ സൈന്യത്തിന്‍െറ മേല്‍നോട്ടത്തിലായിരിക്കും അടുത്ത തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുന്‍ സൈനിക മേധാവി അഭിപ്രായപ്പെട്ടു.   
അതിനിടെ, പാകിസ്താന്‍ ദിനമായ ഈമാസം 23ന് മാതൃരാജ്യത്തേക്ക് മടങ്ങാനാണ് മുശര്‍റഫ് ആലോചിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.  
 

ഹെലികോപ്ടര്‍ ഇടപാട്: എസ്.പി ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്യും

Posted: 01 Mar 2013 09:24 PM PST

Image: 

ന്യൂദല്‍ഹി: ഹെലികോപ്ടര്‍ കോഴ ഇടപാടില്‍ ആരോപണ വിധേയനായ വ്യോമ സേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അടുത്ത ആഴ്ച ചോദ്യം ചെയ്യും. കോപ്ടര്‍ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ വെസ്റ്റ്ലന്‍്റ് കരാര്‍ ലഭിക്കുന്നതിന് മുന്‍ വ്യോമസേനാ മേധാവി  എസ്.പി ത്യാഗിയുള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് കോഴ നല്‍കിയിരുന്നതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ത്യാഗിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചത്.
 എസ്.പി ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോസ്ക ത്യാഗി എന്നിവരെ കുറിച്ചും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ പ്രാഥമിക അന്വേഷണത്തിന് ഇറ്റലിയെത്തിയ സി.ബി.ഐ സംഘത്തിന് ലഭിച്ചിരുന്നു.
എന്നാല്‍, ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുമായി നടത്തിയ കോപ്ടര്‍ ഇടപാടില്‍  പങ്കുണ്ടെന്ന ആരോപണം ത്യാഗി നിഷേധിച്ചു.
താന്‍ വിരമിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഇടപാട് സംബന്ധിച്ച കരാറില്‍ ഒപ്പുവെക്കുന്നത്. ഇത്തരം ഇടപാടുകള്‍ നടത്തുന്നത് വ്യോമസേനയല്ലെന്നും  തങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന് മുമ്പില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും  ത്യാഗി വ്യക്തമാക്കി.
ആഗസ്ത വെസ്റ്റ്ലാന്‍്റില്‍ നിന്നും അതിവിശിഷ്ഠ വ്യക്തികള്‍ക്ക് സഞ്ചരിക്കാനുള്ള കോപ്ടറുകള്‍ വാങ്ങുന്നതിന്  2010 ല്‍ ഇന്ത്യ ഒപ്പിട്ട  3600 കോടി രൂപയുടെ കരാറിലെ അഴിമതി പുറത്തു വന്നിതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും കരാര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഇടപാടിലെ കോഴ ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന് ഫിന്‍മെക്കാനിക്ക മേധാവിയായ ഗിയുസിപ്പി ഓര്‍സിയെ അറസ്റ്റ് ചെയ്തി്രുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP