സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 Posted: 15 Mar 2013 01:19 AM PDT തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 2013 ഏപ്രില്‍ ഒന്നു മുതല്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി. സംസ്ഥാന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ബജററ് അവതരിപ്പിച്ച ധനമന്ത്രി കെ.എം മാണി ഈ ഭാഗം വായിക്കാന്‍ വിട്ടുപോയി. മൂന്ന് മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ നടുവേദന വന്നു ഇടക്ക് അഞ്ചു മിനിറ്റോളം മാണി ക സരയില്‍ ഇരുന്നാണ് ബജറ്റ് അവതരിപ്പിച്ചത്. ഈ ഘട്ടത്തിലാണ് വായിക്കാന്‍ വിട്ടുപോയതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആയി തുടരും. |
പിറന്നാള്‍ പണം ദുരിതാശ്വാസ നിധിക്ക് നല്‍കി എട്ടു വയസ്സുകാരന്‍ Posted: 14 Mar 2013 09:32 PM PDT മുംബൈ: കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന മഹാരാഷ്ട്രയില്‍ പിറന്നാള്‍ ആഘോഷത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എട്ടു വയസ്സുകാരന്‍ മാതൃകയായി. സര്‍ക്കാറിന്‍െറ പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഫോട്ടോഗ്രാഫറായ രാജു ഡോഗ്രെയുടെ മകന്‍ കനിഷ്കയാണ്, തന്‍െറ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ അച്ഛന്‍െറ സഹായത്തോടെ കരുതിവെച്ച 5,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മുഖ്യമന്ത്രി പൃഥ്വീരാജ് ചവാനെ സെക്രട്ടേറിയറ്റില്‍ ചെന്ന് കണ്ടാണ് ചെക്ക് കൈമാറിയത്. മാര്‍ച്ച് 12നാണ് കനിഷ്കയുടെ ഒമ്പതാം പിറന്നാള്‍. പിറന്നാളിന് നാളുകള്‍ക്കു മുമ്പേ പണം സ്വരൂപിച്ച് ജന്മദിനത്തില്‍ പുതുതായി എന്തെങ്കിലും വാങ്ങുകയായിരുന്നു കനിഷ്കയുടെ പതിവ്. മഹാരാഷ്ട്രയുടെ ഗ്രാമങ്ങളില്‍ കുടിവെള്ളം കിട്ടാത്തവരെക്കുറിച്ചുള്ള വാര്‍ത്ത ടി.വിയില്‍ കണ്ടതാണ് കനിഷ്കക്ക് പ്രചോദനമായത്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കാണ് മഹാരാഷ്ട്രയുടെ പോക്ക്. ക്രമസമാധാനത്തിനുപോലും ഭീഷണിയായി മാറിയിരിക്കുകയാണ് കുടിവെള്ളക്ഷാമം. ഇതത്തേുടര്‍ന്ന്, വരള്‍ച്ചാ പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വെള്ളം കിട്ടാതെ ജനങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ്. 15 ജില്ലകളിലായി 11,000ത്തിലേറെ ഗ്രാമങ്ങളാണ് കടുത്ത വരള്‍ച്ചയുടെ പിടിയിലമര്‍ന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 1,207 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മന്ത്രിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളവും അലവന്‍സും നല്‍കിയിരുന്നു. തുടര്‍ന്ന്, വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാരും സംഭാവന നല്‍കി. |
സ്കോര്‍ 1 : 1: ഇക്കുറി കുരുങ്ങിയത് ഇറ്റലി Posted: 14 Mar 2013 09:25 PM PDT ന്യൂദല്‍ഹി: ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇറ്റലി കുരുങ്ങി. കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികരെ കോടതിക്കു മുമ്പിലെത്തിക്കുകയോ, സ്ഥാനപതി കോടതിയലക്ഷ്യ നടപടിക്കു വിധേയനാവുകയോ മാത്രമാണ് ഇറ്റലിക്കു മുന്നില്‍ ഇപ്പോഴുള്ള പോംവഴി. ഇറ്റലിയുടെ വശത്തുനിന്നു ചിന്തിച്ചാല്‍ രണ്ടും ആ രാജ്യത്തിനു നാണക്കേടാണ്. കേന്ദ്രസര്‍ക്കാറിനെയും പരമോന്നത നീതിപീഠത്തെയും വാക്കുമാറ്റി വെട്ടിലാക്കിയ ഇറ്റലിക്ക്, തക്ക മറുപടിയാണ് കിട്ടിയത്. സുപ്രീംകോടതി വിധിയാണ് കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ സ്വദേശത്തേക്ക് കടന്നുകളയാന്‍ വഴിയൊരുക്കിയതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. അവരെ തിരിച്ചെത്തിക്കാന്‍ പറ്റുന്ന ഇടപെടലാണ് സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വാക്കു പാലിക്കുന്നതിന് ഇറ്റലിക്കു മേല്‍ എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുനിന്നത്. പ്രതികളായ സൈനികരെ തിരിച്ചെത്തിച്ചു കൊള്ളാമെന്ന് സുപ്രീംകോടതിക്ക് രേഖാമൂലം ഉറപ്പു നല്‍കിയ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നതായിരുന്നു ആ ക്രമപ്രശ്നം ഉയരാന്‍ കാരണം. എന്നാല്‍, ഇവിടത്തെ പരമോന്നത കോടതിക്ക് ഉറപ്പുനല്‍കുന്നത് ആരായാലും, ആ പ്രവൃത്തിയിലൂടെ ഇന്ത്യയുടെ നിയമവ്യവസ്ഥക്കും കോടതിക്കും സ്വാഭാവിക വിധേയനാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാര്‍ ലംഘനം നടത്തിയാല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ പരിരക്ഷയും ലഭിക്കില്ല. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നീക്കം. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറെ പുറത്താക്കുക, അവിടത്തെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചു വിളിക്കുക എന്നിങ്ങനെയുള്ള നടപടികളിലൂടെ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഉരസല്‍ ഉണ്ടാകാമെന്നല്ലാതെ, ഇതുകൊണ്ടൊന്നും ഇറ്റലി വഴങ്ങണമെന്നില്ല. എന്നാല്‍, ഇന്ത്യയെ വെട്ടിലാക്കിയതുപോലെ തന്നെ, സുപ്രീംകോടതി ഇടപെടല്‍ ഇറ്റലിയേയും ഇപ്പോള്‍ വെട്ടിലാക്കി. അന്താരാഷ്ട്ര സമൂഹത്തില്‍ ഇറ്റലിയുടെ വിശ്വാസ്യതക്ക് വലിയ ഇടിവേല്‍പിച്ച സംഭവമാണിത്. കബളിപ്പിക്കപ്പെട്ടുവെന്ന ബോധത്തില്‍നിന്ന്, നമ്മുടെ നിയമസംവിധാനത്തിന്‍െറ അന്തസ്സ് വീണ്ടെടുക്കുന്നതിനാണ് ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടല്‍ വഴിയൊരുക്കിയത്. സുപ്രീംകോടതിക്ക് വിധേയമായി തന്നെ മധ്യസ്ഥ ശ്രമങ്ങള്‍ക്കാണ് ഇറ്റലി ഇപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, വോട്ടു ചെയ്യാനെന്ന പേരില്‍ ഇറ്റലിക്കുപോയ സൈനികര്‍ 22ന് മടങ്ങിവരുമെന്ന് ഉറപ്പിക്കാറായിട്ടില്ല. 18ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍നിന്ന് കൂടുതല്‍ സാവകാശം സമ്പാദിക്കുന്നതിനുള്ള വഴി ഇറ്റലി തേടാനാണ് സാധ്യത. അംബാസഡര്‍ രാജ്യം വിടരുതെന്ന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിക്കൊണ്ടു പോകാന്‍ ഇന്ത്യക്കും സാങ്കേതികമായി പ്രയാസമുണ്ട്. കോടതിക്കു പുറത്തൊരു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് ഈ സാഹചര്യം ഇറ്റലി ഉപയോഗപ്പെടുത്തിയേക്കും. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി വിഷയത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് വാദിക്കുന്ന ഇറ്റലി, ആ നിലപാട് വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. |
പി.സി. ജോര്‍ജിനെതിരെ നിയമസഭയില്‍ പ്ളക്കാര്‍ഡ് Posted: 14 Mar 2013 09:21 PM PDT തിരുവനന്തപുരം: മുന്‍കാല രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം ഗവ. ചീഫ് വിപ്പിനെതിരെ നിയമസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. സഭതുടങ്ങി ധനമന്ത്രി കെ.എം മാണി ബജറ്റ് പ്രസംഗം ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷം പ്ളക്കാര്‍ഡ് ഉയര്‍ത്തി ചീഫ് വിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചത്. മുന്‍കാല നേതാക്കളെ അവഹേളിക്കുന്ന ചീഫ് വിപ്പിന്റെ നടപടിയോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെനിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ താന്‍ ഖേദം പ്രകടിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. അംഗങ്ങള്‍ക്ക് സഭക്ക് അകത്തു മാത്രമല്ല, പുറത്തും പെരുമാറ്റചട്ടം ബാധകമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിനാല്‍ സഭാ ചട്ടങ്ങള്‍ അനുശാസിക്കുന്ന നടപടി സ്വീകരിക്കണമെന്ന്് അദ്ദേഹം ആവശ്യപ്പെട്ടു. ചട്ടം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീകര്‍ ഉറപ്പുനല്‍കിയതോടെയാണ് ബഹളം അവസാനിച്ച് സഭ ബജറ്റിലേക്ക് കടന്നത്. |
രാജ്യസഭയില്‍ സര്‍ക്കാറിന് പരാജയം: മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാനുള്ള ബില്‍ സ്ഥിരംസമിതിക്ക് Posted: 14 Mar 2013 09:18 PM PDT ന്യൂദല്‍ഹി: ലോക്സഭ, നിയമസഭ മണ്ഡലങ്ങള്‍ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ജനസംഖ്യ അടിസ്ഥാനമാക്കി പുനഃക്രമീകരിക്കാന്‍ കൊണ്ടുവന്ന ബില്‍ പാസാക്കാനാകാതെ രാജ്യസഭയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പാസാക്കാനായി പരിഗണിച്ച ‘പട്ടികജാതിപട്ടികവര്‍ഗ മണ്ഡല പുന$ക്രമീകരണ ജനപ്രാതിനിധ്യ ബില്‍’ പാര്‍ലമെന്‍റിന്‍െറ സ്ഥിരംസമിതിക്ക് വിടുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നേരത്തേ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരംവെക്കാനുള്ള ബില്ലില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പറയാനുള്ളത് കേള്‍ക്കണമെന്ന പ്രതിപക്ഷ ശാഠ്യത്തിനാണ് കേന്ദ്ര സര്‍ക്കാറിന് മനസ്സില്ലാമനസ്സോടെ വഴങ്ങേണ്ടിവന്നത്. സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ വഴിയൊരുക്കണമെന്ന കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറിന്‍െറ നിരന്തര അഭ്യര്‍ഥന മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി തള്ളി. സര്‍ക്കാറിനെ നാണക്കേടില്‍നിന്ന് രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യ മന്ത്രിയുമായ വയലാര്‍ രവി മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഫോര്‍മുലയും പ്രതിപക്ഷ നേതാക്കള്‍ തിരസ്കരിച്ചു. സഭ അല്‍പസമയം നിര്‍ത്തിവെച്ച് എല്ലാ കക്ഷിനേതാക്കളും യോഗം ചേര്‍ന്ന് ധാരണയുണ്ടാക്കാമെന്നായിരുന്നു രവിയുടെ ഫോര്‍മുല. നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാറിന്‍െറ രക്ഷക്കെത്തുന്ന ബി.എസ്.പിയും സമാജ്വാദി പാര്‍ട്ടിയും എതിരെ തിരിഞ്ഞതാണ് സര്‍ക്കാറിന് വിനയായത്. പട്ടികവര്‍ഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ ജനസംഖ്യകൂടി പരിഗണിച്ച് രാജ്യത്തെ മുഴുവന്‍ പട്ടികജാതിപട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും പുനഃക്രമീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍. 2002ലുള്ള പട്ടികജാതിപട്ടികവര്‍ഗക്കാരുടെ പട്ടികപ്രകാരമാണ് നിലവില്‍ സംവരണ മണ്ഡലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഇതിനുശേഷം വിവിധ ജാതികളെ പട്ടികവിഭാഗത്തില്‍പ്പെടുത്തി 11 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചുവെന്നും നിയമ മന്ത്രി അശ്വിനി കുമാര്‍ പറഞ്ഞു. ഈ ഉത്തരവുപ്രകാരം പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയ ജാതിക്കാരുടെ ജനസംഖ്യകൂടി കണക്കിലെടുത്ത് ലോക്സഭ, നിയമസഭ മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താനാണ് സുപ്രീംകോടതി വിധിച്ചത്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹജിയിലായിരുന്നു ഈ വിധി. സുപ്രീംകോടതി നിര്‍ദേശിച്ചതുകൊണ്ടാണ് സാധാരണ കീഴ്വഴക്കങ്ങള്‍ പാലിക്കാതെ ഇത്തരമൊരു നിയമനിര്‍മാണം നടത്തേണ്ടിവന്നതെന്നും ബില്‍ അടിയന്തരമായി പാസാക്കാന്‍ വഴിയൊരുക്കണമെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞുനോക്കിയെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. കോടതി ഉത്തരവിറക്കിയാലും നിയമനിര്‍മാണത്തിന്‍െറ കാര്യം പാര്‍ലമെന്‍റ് തീരുമാനിക്കുമെന്നും ഈ വിഷയത്തിലുള്ള പരമാധികാരം പാര്‍ലമെന്‍റിനാണെന്നും സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും നിലവിലുള്ള രാഷ്ട്രീയ ഘടനയിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്തിലും മാറ്റംവരുന്ന വിഷയമായതിനാല്‍ ബില്‍ സ്ഥിരംസമിതിക്ക് വിട്ട് എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും ഇക്കാര്യത്തില്‍ പറയാനുള്ളത് കേട്ടേ മതിയാകൂ എന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ബി.എസ്.പി നേതാവ് സതീശ്ചന്ദ്ര മിശ്രയും സമാജ്വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവും ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദും ഈ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ സഭയുടെ വികാരം മാനിക്കുകയാണെന്നും ബില്‍ സ്ഥിരംസമിതിക്ക് വിടുകയാണെന്നും അശ്വനികുമാറിന് നിലപാട് മാറ്റേണ്ടിവന്നു. |
മാണിയുടെ ക്ഷേമ ബജറ്റ് Posted: 14 Mar 2013 08:32 PM PDT തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച 2013-14 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാത്തതും സാധാരണക്കാര്‍ക്ക് ഒട്ടേറെ ക്ഷേമ പദ്ധതികള്‍ അനുവദിക്കുന്നതുമാണ്. ബജറ്റില്‍ കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങളും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്ക് ഒട്ടേറെ ക്ഷേമപദ്ധതികളുമാണ് പ്രഖ്യാപിച്ചത്. കര്‍ഷക പെന്‍ഷന്‍ 400 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിച്ചു. ഒരു ലക്ഷത്തില്‍ താഴെയുള്ള കാര്‍ഷിക വായ്പകളുടെ കുടിശ്ശിക എഴുതിത്തള്ളും, ഇതിനായി 50 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റോഡ് വികസനത്തിന് ബജറ്റില്‍ 885 കോടി, വിദ്യാഭ്യാസ മേഖയ്ക്ക് 581 കോടി, പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി എന്നിങ്ങനെ വകയിരുത്തി. ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ക്കും വിദേശ മദ്യത്തിനു വില കൂടും. ആഡംബര കാറുകളുടെയും വില വര്‍ധിക്കും. പൊടിയരി, അരിപ്പൊടി എന്നിവയുടെ വില കുറയും. 500 രൂപ വരെയുള്ള ചെരുപ്പുകളുടെ വില കുറയും. നിര്‍ധനരുടെ വിവാഹങ്ങള്‍ക്ക് 20,000 രൂപ ധനസഹായം നല്‍കും. നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യനിധി പദ്ധതി നടപ്പാക്കും. ചെലവേറിയ വിവാഹത്തിന്റെമൊത്തം ചെലവിന്‍െറ മൂന്നു ശതമാനം മഗല്യനിധി പദ്ധതിയിലേക്ക് സ്വരൂപിക്കും. ശബരിമല മാസ്റ്റര്‍ പ്ളാനിന് 25 കോടി രൂപ അനുവദിച്ചു. പാരമ്പര്യ ഊര്‍ജത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി എനര്‍ജി പാര്‍ക്കുകള്‍ സ്ഥാപിക്കും. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ള കുടുംബങ്ങളിലെ ഐ.ഐ.ടി., ഐ.ഐ.എം, ഐ.ഐ.എസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ ഫീസിന്റെ75 ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേര്‍ത്ത് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. സാമ്പത്തിക മാന്ദ്യം കേരളത്തെയും സാരമായി ബാധിച്ചു. എങ്കിലും എല്ലാവര്‍ക്കും ഭക്ഷണവും ആരോഗ്യവും ജീവിത ഭദ്രതയും ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പദ്ധതികള്‍ കൃത്യമായി നടപ്പാകുന്ന കാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡുള്ള കെ.എം മാണിയുടെ പതിനൊന്നാമത് ബജറ്റാണിത്. അതേസമയം, രണ്ടു മണിക്കൂറും 50 മിനിറ്റും മാണിയുടെ ബജറ്റ് അവതരണം നീണ്ടു. ബജറ്റ് അവതരണം നീണ്ടതില്‍ നിയമസഭയില്‍ പ്രതിഷേധമുണ്ടായി. രണ്ടര മണിക്കൂറായെന്ന് ചില അംഗങ്ങള്‍ വിളിച്ചു പറഞ്ഞു. അവതരണം ദീര്‍ഘിച്ചപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അബ്ദുള്‍ റസാഖ് എം.എല്‍.എയ്ക്ക് സഭ വിട്ടുപോകാന്‍ സ്പീക്കര്‍ അനുമതി നല്‍കി. |
സര്‍ക്കാര്‍ ജോലിക്ക് മാതൃഭാഷ മറ്റ് സംസ്ഥാനങ്ങളില്‍ പണ്ടേ നിര്‍ബന്ധം Posted: 14 Mar 2013 08:28 PM PDT കേരളത്തില്‍ സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടാന്‍ മാതൃഭാഷ എഴുതാനും വായിക്കാനും അറിയണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചില കോണുകളില്‍ പ്രതിഷേധമുയരുമ്പോള്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ കാലങ്ങളായി ഈ വ്യവസ്ഥ നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ജോലിക്ക് മാതൃഭാഷ അറിയണമെന്നത് തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കാലങ്ങളായി നിലവിലുള്ള വ്യവസ്ഥയാണ്. ഇതു സംബന്ധിച്ച് ഏതാനും സംസ്ഥാനങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ഒരന്വേഷണം... 1956 മുതല്‍ മറാത്തി നിര്‍ബന്ധം മുംബൈ: മഹാരാഷ്ട്രയില്‍ 1956 മുതല്‍ ഈ നിയമം നിലവിലുണ്ടെന്ന് മലയാളിയായ മുന്‍ സംസ്ഥാന ചീഫ്സെക്രട്ടറി പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്‍ഡ്, സര്‍വകലാശാല അധ്യാപകര്‍, എന്‍ജിനീയറിങ്, ഫോറന്‍സിക് രംഗങ്ങളിലെ ജോലി പ്രവേശത്തിന് മറാത്തി നിര്‍ബന്ധമല്ല. എന്നാല്‍, ജോലിയില്‍ പ്രവേശിച്ച് മൂന്നുവര്‍ഷത്തിനുള്ളില്‍ എസ്.എസ്.സി സിലബസ് പ്രകാരമുള്ള മറാത്തി പരീക്ഷ ജയിച്ചിരിക്കണം. മറാത്തി മീഡിയങ്ങളിലൊഴികെ ഭാഷ പഠിക്കല്‍ മുമ്പ് നിര്‍ബന്ധമായിരുന്നില്ല. 2010 അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകള്‍ക്കും മറാത്തി ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാന പി.എസ്.സി പരീക്ഷകളും പ്രവേശ പരീക്ഷകളും മറാത്തിയിലാണ്. മഹാരാഷ്ട്ര വൈദ്യുതി ബോര്‍ഡിലും അധ്യാപക, വൈദ്യ, എന്‍ജിനീയറിങ്, പൊലീസ് മേഖലകളിലൊക്കെ നിരവധി മലയാളി ഉദ്യോഗസ്ഥരുണ്ട്. മറാത്തി അനായാസം കൈകാര്യം ചെയ്യുന്നവരാണ് ഇവര്‍. തമിഴ് പഠിച്ച് പത്ത് ജയിക്കണം ചെന്നൈ: തമിഴ്നാട് പബ്ളിക് സര്‍വീസ് കമീഷന്‍െറ നിയമനങ്ങള്‍ക്ക് തമിഴ് ഭാഷാ യോഗ്യത നിര്‍ബന്ധം. ടി.എന്‍.പി.എസ്.സി മുഖേന നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാന്‍ മിനിമം യോഗ്യത എസ്.എസ്.എല്‍.സിയാണ്. അപേക്ഷകര്‍ വിജ്ഞാപന തീയതിക്കുമുമ്പ് തമിഴ് മീഡിയത്തിലോ, ഹൈസ്കൂള്‍ ക്ളാസുകളില്‍ തമിഴ് ഒരു വിഷയമായി പഠിച്ചോ എസ്.എസ്.എല്‍.സി പാസായിരിക്കണം. തമിഴ് വിഷയമല്ലാത്ത സിലബസുകളില്‍ പഠിച്ചവര്‍ക്കും തമിഴ് മാതൃഭാഷയല്ലാത്ത അന്യസംസ്ഥാനക്കാര്‍ക്കും ടി.എന്‍.പി.എസ്.സി പരീക്ഷയെഴുതി ജോലിയില്‍ പ്രവേശിക്കാന്‍ തടസ്സമില്ലെങ്കിലും രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവിനുള്ളില്‍ തമിഴ് യോഗ്യതാ പരീക്ഷ പാസായിരിക്കണം. ടി.എന്‍.പി.എസ്.സി ആറു മാസം കൂടുമ്പോള്‍ വകുപ്പുതലത്തില്‍ ഭാഷാ യോഗ്യതാ പരീക്ഷ നടത്തും. നിയമനം ലഭിച്ച് രണ്ടു വര്‍ഷത്തിനകം പരീക്ഷ പാസാകാത്തവരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടും. തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 20 ശതമാനം സംവരണവുമുണ്ട്. അന്യസംസ്ഥാനക്കാര്‍ക്ക് സാമുദായിക സംവരണത്തിന് അര്‍ഹതയില്ല. ആന്ധ്രപ്രദേശ് പബ്ളിക് സര്‍വീസ് കമീഷന്‍ മുഖേന നിയമനം ലഭിക്കാനും പ്രാദേശികഭാഷയില്‍ യോഗ്യതാ പരീക്ഷ പാസാവണം. ആന്ധ്ര പി.എസ്.സിയും ആറു മാസം കൂടുമ്പോള്‍ വകുപ്പുതല ടെസ്റ്റായി തെലുങ്ക് ഭാഷാ യോഗ്യതാപരീക്ഷ നടത്തിവരുന്നു. ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ കന്നട അറിയണം ബംഗളൂരു: എസ്.എസ്.എല്‍.സി വരെയോ പ്ളസ്ടുവോ കര്‍ണാടകയില്‍ പഠിച്ചിരുന്നവര്‍ക്കാണ് നേരത്തേ സര്‍ക്കാര്‍ സര്‍വീസിലെ ചില തസ്തികകളില്‍ നിയമനം ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കന്നട അറിയുന്ന ആര്‍ക്കും ഏതു സര്‍ക്കാര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അഡ്മിനിസ്ട്രേറ്റിവ് ഓഫിസേഴ്സും ഗസറ്റഡ് ഓഫിസേഴ്സും ഉള്‍പ്പെടുന്ന കര്‍ണാടക അഡ്മിനിസ്ട്രേറ്റിവ് സര്‍വീസില്‍ ജോലി ലഭിക്കണമെങ്കില്‍ യോഗ്യതാ പരീക്ഷയായ കന്നഡ പേപ്പര്‍ പാസാകണം. മുമ്പ്, നിയമനം ലഭിച്ച് നിശ്ചിത കാലാവധിക്കുള്ളില്‍ കന്നട ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ പാസായാല്‍ മതിയായിരുന്നു. എന്നാലിപ്പോള്‍ പ്രിലിമിനറിക്കുശേഷം നടത്തുന്ന മെയിന്‍ പരീക്ഷയില്‍ 150 മാര്‍ക്കിന്‍െറ കന്നട പേപ്പര്‍ പാസാകണം. പി.എസ്.സി നടത്തുന്ന ക്ളാസ് സി, ക്ളാസ് ഡി തസ്തികകളില്‍ നേരത്തേ കര്‍ണാടകക്കാര്‍ക്ക് മാത്രമാണ് ജോലി നല്‍കിയിരുന്നത്. ഇപ്പോള്‍ അല്ലാത്തവര്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇതിന് ഭാഷായോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം. ഈ യോഗ്യതക്കായി ആറു മാസത്തിലൊരിക്കല്‍, ഏഴാം ക്ളാസ് തത്തുല്യ ഭാഷാ യോഗ്യതാ പരീക്ഷ നടത്തുന്നുണ്ട്. കന്നടിഗര്‍ സി.ബി.എസ്.ഇ ,ഐ.സി.എസ്.ഇ സ്കൂളില്‍ പഠിച്ചാലും മാതൃഭാഷ നിര്‍ബന്ധിത ഓപ്ഷനായി എസ്.എസ്.എല്‍.സി വരെ പഠിക്കേണ്ടതുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ പോലും ഇവിടുത്തെ ജോലി സാധ്യതയും ജീവിത സാഹചര്യവും കണക്കിലെടുത്ത് ഓപ്ഷനല്‍ ലാംഗ്വേജായി കന്നട തെരഞ്ഞെടുക്കാറുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കന്നട അറിയുന്നവര്‍ക്ക് മുന്‍ഗണനയുള്ളതും ഇവരെ കന്നടയിലേക്ക് ആകര്‍ഷിക്കുന്നു. |
ഘടകകക്ഷികള്‍ക്കെതിരെ കര്‍ക്കശ നിലപാടുമായി കോണ്‍ഗ്രസ് Posted: 14 Mar 2013 08:23 PM PDT തിരുവനന്തപുരം: മുന്നണിക്കും സര്‍ക്കാറിനും ദോഷകരമായ നിലയില്‍ വീണ്ടുവിചാരമില്ലാതെ ഘടകകക്ഷികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നിലപാട് കര്‍ക്കശമാക്കുന്നു. ഭരണത്തില്‍ തുടരാന്‍ നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യം കണക്കിലെടുത്ത് അയഞ്ഞ സമീപനം തുടര്‍ന്നാല്‍ തിരിച്ചടി അനുഭവിക്കേണ്ടിവരുന്നത് തങ്ങളായിരിക്കുമെന്ന തിരിച്ചറിവാണ് നിലപാട് കര്‍ക്കശമാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. മന്ത്രി ഗണേഷ്കുമാറുമായി ബന്ധപ്പെട്ട ഊരാക്കുടുക്കില്‍നിന്ന് കരകയറുംമുമ്പ് അദ്ദേഹത്തിന്‍െറ ഉറ്റസുഹൃത്ത് കൂടിയായ മന്ത്രി ഷിബു ബേബിജോണ്‍ സര്‍ക്കാറിന്‍െറ ഭാവി സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കയാണ്. ഗവ. ചീഫ്വിപ്പ് പി.സി. ജോര്‍ജ് അടിക്കടി സൃഷ്ടിക്കുന്ന തലവേദനക്ക് പുറമെയാണിത്. സര്‍ക്കാര്‍ കാലാവധി തികക്കുമെന്ന് പ്രതീക്ഷയില്ലെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഷിബു, എ.കെ. ആന്‍റണിക്ക് മുഖ്യമന്ത്രിപദവി നഷ്ടപ്പെട്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പും നല്‍കി. ഒരു നിയന്ത്രണവുമില്ലാതെയുള്ള ചീഫ്വിപ്പിന്‍െറ പോക്കിനെതിരെ മുന്നണിയില്‍ കുറുമുന്നണി ഉണ്ടെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഷിബു മുന്നണിമര്യാദ പാലിക്കണമെന്ന് വ്യക്തമാക്കിയ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, അത് ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി. ഷിബുവിനെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആഞ്ഞടിച്ചു. മുന്നണിയില്‍ ആരെയും തടഞ്ഞുനിര്‍ത്തിയിട്ടില്ലെന്നും എതിര്‍പ്പുള്ളവര്‍ക്ക് വിട്ടുപോകാമെന്നും ആര്യാടന്‍ തുറന്നടിച്ചു. സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഘടകകക്ഷികള്‍ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് ഗൗരവമായി കാണുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്‍കി. ഘടകകക്ഷികളുടെ സമ്മര്‍ദങ്ങളെയും നേതാക്കളുടെ വിമര്‍ശങ്ങളെയും കാര്യമായി വിമര്‍ശിക്കാതെ ഭരണം നിലനിര്‍ത്താന്‍ പരമാവധി വിട്ടുവീഴ്ച ചെയ്യുകയെന്ന ശൈലിയില്‍നിന്ന് അതേനാണയത്തില്‍ പ്രതികരിക്കുകയെന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം മാറിയിട്ടുള്ളത്. വരാന്‍പോകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയമായ ചില ചലനങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മുന്നണിയിലെ ഒരു പ്രമുഖ ഘടകകക്ഷി മറുപക്ഷത്തെ ചില പ്രമുഖ നേതാക്കളുമായി രാഷ്ട്രീയചര്‍ച്ച നടത്തിയെന്ന കിംവദന്തിയും ശക്തമാണ്. അതിനാലാണ് ഭരണത്തിന്‍െറ പേരില്‍ അമിതമായ കീഴടങ്ങല്‍ വേണ്ടെന്ന നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് തയാറായത്. പി.സി. ജോര്‍ജ് നടത്തുന്ന പരസ്യ പ്രസ്താവനകളോടും കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്‍െറ പാര്‍ട്ടിയുടെ നേതാവ് കെ.എം. മാണിയെ കോണ്‍ഗ്രസ് ഉടന്‍ ധരിപ്പിക്കുമെന്നാണ് സൂചന. എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറായേക്കും. ് |
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സദാചാര പ്രതിസന്ധി Posted: 14 Mar 2013 08:15 PM PDT ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായ കെ.ബി. ഗണേഷ്കുമാറിനെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന അപവാദങ്ങളും അതിനോട് പ്രതികരിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ പരാമര്‍ശങ്ങളും സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് വലിയ കോട്ടം സൃഷ്ടിച്ചുവെന്നത് സംശയരഹിതമായ കാര്യമാണ്. ഒരു മന്ത്രിസഭാംഗത്തെക്കുറിച്ച് സദാചാരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നത് മാത്രമല്ല, അതേ മന്ത്രിസഭയുടെ ഭാഗമായ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയിലിരിക്കുന്ന ഒരാള്‍തന്നെ ആ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നതാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വാഗ്വാദങ്ങളും പലപ്പോഴും മാന്യതയുടെ സീമകള്‍ ലംഘിക്കുന്നതായിരുന്നു. പ്രശ്നങ്ങള്‍ അവസാനിച്ചിരിക്കുന്നുവെന്ന് ഒരുവിധം വരുത്തിത്തീര്‍ക്കുക മാത്രമാണ് സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ചെയ്തത്. ആകപ്പാടെ കലഹം നിറഞ്ഞൊരു കുടുംബവീട് എന്ന സര്‍ക്കാറിനെക്കുറിച്ച പ്രതീതി കൂടുതല്‍ ശക്തിപ്പെടുത്താനേ അദ്ദേഹത്തിന്‍െറ പരിഹാരശ്രമങ്ങള്‍ ഉപകരിച്ചിട്ടുള്ളൂ. ‘ഗണേഷ് പ്രശ്നം’ ഒരുവിധം അവസാനിച്ചുവെന്ന് കരുതിയിരിക്കവെയാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് വീണ്ടും വിവാദങ്ങളുടെ മാലപ്പടക്കത്തിന് തീകൊളുത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പലരെക്കുറിച്ചും ഇതുപോലൊരു കോളത്തില്‍ എഴുതാന്‍പോലും സാധ്യമല്ലാത്ത അങ്ങേയറ്റം ആഭാസകരമായ പ്രയോഗങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സാങ്കേതികമായി അതിന് അദ്ദേഹം മാപ്പ് പറഞ്ഞുവെന്നത് ശരി തന്നെ. അടുത്തിടെയായി അദ്ദേഹം നടത്തിയ രണ്ടാമത്തെ മാപ്പഭ്യര്‍ഥനയായിരിക്കും അത്. ചീഫ് വിപ്പ് പദവിയുടെ അര്‍ഥവും സ്ഥാനവും കളഞ്ഞുകുളിക്കുന്നതാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍. ഇതാകട്ടെ, ജോര്‍ജ് നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണുതാനും. നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ രക്ഷകനായാണ് പലപ്പോഴും ജോര്‍ജ് അവതരിക്കുന്നത്. കുപ്രസിദ്ധമായ ‘നെയ്യാറ്റിന്‍കര ശെല്‍വരാജ് ഓപറേഷന്‍’ സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. അതിനാല്‍തന്നെ, അദ്ദേഹത്തെ തിരുത്താനോ തള്ളിപ്പറയാനോ ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ല. ആര്‍ക്കും പിടിച്ചാല്‍കിട്ടാത്ത ഒറ്റയാന്‍ എന്ന സ്ഥാനം ജോര്‍ജ് സ്വയം ആര്‍ജിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഭരണവുമായി ബന്ധപ്പെട്ട പലരുടെയും സ്വകാര്യ ജീവിതങ്ങളും സ്വകാര്യ താല്‍പര്യങ്ങളുമെല്ലാം ഇത്തരം വിവാദങ്ങളുടെ പിറകിലുണ്ടാവാം. എന്നാല്‍, ഇവ സ്വകാര്യതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. അല്ലാതെ, അസഹ്യമായൊരു സാമൂഹിക നാറ്റമായി ഈ വിവാദങ്ങള്‍ വികസിക്കുമ്പോള്‍ അത് പൊതുപ്രശ്നമായി മാറും. ടെലിവിഷന്‍ തുറന്നാല്‍ ഇത്തരം അശ്ളീല വാക്കുകളും ആഭാസകരമായ പ്രയോഗങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ നിറഞ്ഞാടുന്നത് നമ്മുടെ കുട്ടികള്‍ കാണുന്നുണ്ട് എന്നെങ്കിലും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. സദാചാരത്തെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കുകയും സ്വയം ബ്രഹ്മചര്യം സ്വീകരിക്കുകയും ചെയ്ത നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പടത്തിന് താഴെയിരുന്നുകൊണ്ടാണ് ഇവര്‍ ഇത്തരം വൃത്തികേടുകള്‍ വിളിച്ചുപറയുന്നത്. സമൂഹത്തിന് മാതൃകയാവേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍ എന്നാണ് വെപ്പ്. നിലവിലെ യു.ഡി.എഫ് മന്ത്രിസഭയിലെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികള്‍ മുന്നില്‍വെച്ച് ഇക്കാര്യത്തെക്കുറിച്ച് നമുക്കെന്തു പറയാന്‍ കഴിയും? അതിനാല്‍, ഈ അറപ്പുളവാക്കുന്ന ഏര്‍പ്പാട് നിര്‍ത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും സദാചാരം കാത്തുസൂക്ഷിക്കാന്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ഇനി, സ്വകാര്യജീവിതത്തില്‍ അത് സൂക്ഷിക്കാന്‍ കഴിയാത്തവര്‍ വൃത്തികേടുകള്‍ വിളിച്ചുപറഞ്ഞ് സാമൂഹിക ആരോഗ്യത്തെ ദുഷിപ്പിക്കുന്നതില്‍നിന്ന് ദയവായി വിട്ടുനില്‍ക്കണം. സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ തകര്‍ക്കാന്‍ പുറത്തുനിന്ന് ആരും ശ്രമിക്കേണ്ടതില്ലാത്തവിധം, അകത്തുള്ളവര്‍തന്നെ ആ പണി വേണ്ടതുപോലെ എടുക്കുന്നുണ്ട്. മുഖ്യമന്ത്രി ഈ സാഹചര്യത്തെ ശരിയാംവണ്ണം മനസ്സിലാക്കുന്നുണ്ടോ ആവോ? |
ദുബൈ കടല്‍ക്കൊല: ജീവിതം വഴിമുട്ടി മൂന്ന് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ Posted: 14 Mar 2013 08:05 PM PDT Subtitle: അന്വേഷണ റിപോര്‍ട്ട് ലഭിച്ചില്ലെന്ന് എംബസി ദുബൈ: ഇന്ത്യന്‍ സുപ്രീംകോടതിയില്‍നിന്ന് ജാമ്യമെടുത്ത ഇറ്റാലിയന്‍ നാവികര്‍ മുങ്ങിയതിനെ കുറിച്ച് സജീവ ചര്‍ച്ച നടക്കുമ്പോള്‍, ദുബൈ കടല്‍ക്കൊല സംഭവത്തില്‍ ജീവിതം വഴിമുട്ടിയ മൂന്ന് മല്‍സ്യത്തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍. അമേരിക്കന്‍ നാവിക സേന വെടിവെച്ച് കൊന്ന തമിഴ്നാട് സ്വദേശിയുടെയും പരിക്കേറ്റ മൂന്നു തമിഴ്നാട് സ്വദേശികളുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പോലും ലഭിച്ചില്ല. 2012 ജൂലൈ 16ന് ഉച്ചക്ക് രണ്ടരയോടെയാണ്, ദുബൈ ജുമൈറ-നാലില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയി തിരിച്ചുവരികയായിരുന്ന ബോട്ടിന് നേരെ അമേരിക്കന്‍ നാവിക സേനയുടെ ‘യു.എസ്.എന്‍.എസ് റാപ്പഹാന്നക്ക്’ കപ്പലില്‍നിന്ന് വെടിവെപ്പുണ്ടായത്. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് രാമനാഥപുരം തിരുപ്പുല്ലാണി തോപ്പുവലസൈ ആറുമുഖത്തിന്‍െറ മകന്‍ എ. ശേഖര്‍ (27) തല്‍ക്ഷണം മരിച്ചപ്പോള്‍ മുള്ളിമുനൈ സ്വദേശികളായ എം. പാണ്ഡുവദനന്‍ (22), കെ. മുത്തുകണ്ണന്‍ (32), കരൈയൂര്‍ സ്വദേശി ആര്‍. മുത്തുമണിരാജ് (27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറെനാള്‍ ദുബൈ റാശിദ് ഹോസ്പിറ്റലില്‍ ഇവര്‍ ചികിത്സയിലായിരുന്നു. കപ്പലിന് തൊട്ടടുത്തേക്ക് കുതിച്ചെത്തിയ ബോട്ടിന് വഴിമാറി പോകാന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പെന്‍റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞത്. ആദ്യം ‘അപകടകരമല്ലാത്ത മുന്നറിയിപ്പ്’ നല്‍കിയെന്നും ഇത് അവഗണിച്ചപ്പോള്‍ യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവെച്ചെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, മുന്നറിയിപ്പില്ലാതെയാണ് വെടിവെച്ചതെന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ഉമശേഖരനും മുരുകനും പൊലീസിന് മൊഴി നല്‍കി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വെടിവെപ്പുണ്ടായതെന്ന് സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും വ്യക്തമാക്കുന്നതായി ദുബൈ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം സംഭവത്തിന്‍െറ തൊട്ടടുത്ത ദിവസം പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് യു.എസ്, യു.എ.ഇ അധികൃതര്‍ വെവ്വേറെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച റിപോര്‍ട്ട് ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കേസ് ഇപ്പോഴും യു.എ.ഇ പബ്ളിക് പ്രോസിക്യൂഷന്‍െറ പരിഗണനയിലാണെന്നും ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യക്ക് പരിമിതികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയും ഇതേ രീതിയിലാണ് പ്രതികരിച്ചത്. പരിക്കേറ്റവര്‍ നേരത്തിന് ഭക്ഷണവും വേതനവുമില്ലാതെ ഏഴു മാസം കടുത്ത ദുരിതത്തില്‍ കഴിഞ്ഞ ശേഷമാണ് ഫെബ്രുവരി 24ന് നാട്ടില്‍ പോയത്. ഇവരില്‍നിന്ന് തെളിവെടുത്ത ശേഷമാണ് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. മരിച്ചയാളുടെ കുടുംബത്തിന് 33,000 ദിര്‍ഹം, പരിക്കേറ്റവരുടെ കുടുംബത്തിന് 3,300 ദിര്‍ഹം എന്നിങ്ങനെയാണ് അമേരിക്ക നല്‍കിയത്. ഒരു ഇന്ത്യക്കാരന്‍ 1,000 ദിര്‍ഹം നല്‍കി. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യഥാക്രമം അഞ്ച് ലക്ഷം, അരലക്ഷം എന്നിങ്ങനെയാണ് നല്‍കിയത്. 2012 സെപ്റ്റംബറില്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നതിനിടെയാണ് ശേഖര്‍ വെടിയേറ്റു മരിച്ചത്. പരിക്കേറ്റവര്‍ നാട്ടില്‍ വിദഗ്ധ ചികിത്സ തേടാനോ ജോലിക്ക് പോകാനോ സാധിക്കാതെ ദുരിതത്തില്‍ കഴിയുകയാണ്. |
No comments:
Post a Comment