സ്വാഗതം
WELCOME

News Update..

Wednesday, March 13, 2013

വൃക്കരോഗികള്‍ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ Madhyamam News Feeds

വൃക്കരോഗികള്‍ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ Madhyamam News Feeds

Link to

വൃക്കരോഗികള്‍ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

Posted: 13 Mar 2013 12:19 AM PDT

Image: 

ഹൃദയവും ശ്വാസകോശവും കരളും പോലെ തന്നെ ഒരു വ്യക്തിയുടെ സുഖകരമായ ജീവിതത്തിന് ആരോഗ്യമുള്ള വൃക്കകളും ആവശ്യമാണ്. ശ്വാസകോശത്തിന് താഴെ നട്ടെല്ലിന് ഇരുവശത്തുമായാണ് വൃക്കകളുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും രക്തത്തെ ശുചീകരിക്കുകയുമാണ് ഇവയുടെ പ്രധാന ധര്‍മം. നെഫ്രോണുകള്‍ എന്ന സൂക്ഷ്മ രക്തക്കുഴലുകളാണ് വൃക്കകളുടെ പ്രധാന ഭാഗം. അരിപ്പപോലെ പ്രവര്‍ത്തിക്കുന്ന ഇവ ശരീരത്തിലും രക്തത്തിലുമുള്ള അനാവശ്യവസ്തുക്കളെ വേര്‍തിരിച്ച് മൂത്രത്തിലൂടെ പുറത്തുവിടുന്നു.
 
രക്തത്തിലെ അസിഡിറ്റി അഥവാ അമ്ളാംശങ്ങളും ശരീരത്തിലെ ജലാംശത്തിന്റെനിയന്ത്രണവും ശരീരത്തിന് ആവശ്യമുള്ള ചില ഹോര്‍മോണുകളുടെ ഉല്‍പാദനവും നിയന്ത്രണവുമാണ് വൃക്കകളുടെ മറ്റൊരു ധര്‍മം.

രണ്ടു തരത്തിലുള്ള തകരാറുകളാണ് സാധാരണഗതിയില്‍ വൃക്കകള്‍ക്ക് സംഭവിക്കുന്നത്്. താല്‍ക്കാലികമായി സംഭവിക്കുന്നവയും സ്ഥായിയായി നിലനില്‍ക്കുന്നവയും.

ചിലരില്‍ ജന്മനാ വൃക്കകള്‍ക്ക് വൈകല്യങ്ങള്‍ കണ്ടുവരാറുണ്ട്. ഇത്തരം തകരാറുകള്‍ നേരത്തേ കണ്ടെത്തിയാല്‍ ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകളിലൂടെ പരിഹരിക്കാനാവും. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഇടക്കിടെ മൂത്രത്തില്‍ പഴുപ്പ് കണ്ടെത്തിയാല്‍ കുട്ടിയുടെ വൃക്കകള്‍ക്ക് തകരാറില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതാണ്്. പൊതുവെ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും വൃക്കരോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം.

പാമ്പുകടിയേല്‍ക്കല്‍, എലിപ്പനി ബാധ, വേദനസംഹാരികളുടെ ഉപയോഗം, വയറിളക്കം, ഛര്‍ദ്ദി എന്നിവ മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍ തുടങ്ങിയ അവസ്ഥകള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഇത്തരം അവസ്ഥകളില്‍ നിന്ന് വിമുക്തിനേടുകയും കൃത്യമായ പരിചരണം ലഭിക്കുകയും ചെയ്താല്‍ വൃക്കകളും പൂര്‍വസ്ഥിതി പ്രാപിക്കും. എന്നാല്‍ താല്‍ക്കാലികമായ ഇത്തരം വൃക്കരോഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ ആവശ്യമാണ്.
അതേസമയം, സ്ഥായിയായ വൃക്കരോഗങ്ങള്‍ക്ക് ഡയാലിസിസോ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയോ വേണ്ടിവരും.

നോണ്‍ സ്റ്റിറോയ്ഡല്‍ ആന്‍്റി  ഇന്‍ഫ്ളമേറ്ററി ഡ്രഗ് എന്ന ഗണത്തില്‍പ്പെട്ട വേദനാസംഹാരികളുടെ ഉപയോഗം ചിലരുടെ വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കും. വൃക്കരോഗങ്ങളുടെ ചികിത്സയിലുള്ളവരും പ്രായമേറിയവരും എന്തെങ്കിലും കാരണവശാല്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞവരും ഇത്തരം വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ സൂക്ഷിക്കണം. വൃക്കകള്‍ക്ക് തകരാറുള്ളവര്‍ പല്ലുവേദന, പല്ലെടുക്കല്‍, ഒടിവ്, ചതവ് തുടങ്ങി, വേദനസംഹാരികള്‍ ആവശ്യമാകുന്ന അവസരങ്ങളില്‍ വൃക്കരോഗത്തെകുറിച്ച് സൂചന നല്‍കണം. ഇത്തരം രോഗികള്‍ക്ക് കുറേക്കൂടി സുരക്ഷിതമായ വേദനസംഹാരികള്‍ നിലവിലുണ്ട്.

വേദനസംഹാരികള്‍ പോലുള്ള മരുന്നുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നമുക്ക് അറിയാവുന്നതാണെങ്കില്‍ ചില നാടന്‍ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ എന്താണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണ്. ചില നാട്ടുമരുന്നുകളില്‍ വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ലോഹങ്ങളും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ടായേക്കാം. ഇത്തരം മരുന്നുകളുടെ നിരന്തരമായ ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. ചിലതരം ലേഹ്യങ്ങളിലും അരിഷ്ടങ്ങളിലും ഇത്തരം ലോഹാംശങ്ങള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെത്തന്നെ ചില വ്യാജ ആയുര്‍വേദ മരുന്നുകളില്‍ വേദനസംഹാരികള്‍ പൊടിച്ചു ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വൃക്കരോഗികള്‍ ഇത്തരം മരുന്നുകളെയും കരുതിയിരിക്കണം.
പ്രമേഹം, ഗ്ളോമേറുലോ നെഫ്രൈറ്റിസ്  എന്നിവയാണ് വൃക്കകളെ തകരാറിലാക്കുന്ന പ്രധാന പ്രശ്നങ്ങള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായി കൂടിനില്‍ക്കുന്ന പ്രമേഹ രോഗികളില്‍ കാലക്രമേണ അത് രക്തക്കുഴലുകളെ ബാധിക്കുന്നു. രക്തത്തിലെ അമിതമായ പഞ്ചസാരയുടെ സാന്നിധ്യം അവഗണിച്ചാല്‍ അത് നെഫ്രോണുകള്‍ അഥവാ സൂക്ഷ്മങ്ങളായ രക്തക്കുഴലുകളെ ബാധിച്ച് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും.

ഒരു വ്യക്തിയില്‍ പ്രമേഹം കണ്ടെത്തിയാല്‍ അത് ഫലപ്രദമായി നിയന്ത്രിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. രക്തവും മൂത്രവും ഇടക്കിടെ പരിശോധിച്ച് രക്തത്തില്‍ ക്രിയാറ്റിനിന്‍െറ അംശവും മൂത്രത്തില്‍ പ്രോട്ടീന്‍ അഥവാ അല്‍ബൂമിന്‍െറ അംശവും അളവില്‍ കൂടുതലായി ഇല്ല എന്ന് ഉറപ്പുവരുത്തണം. പരിശോധനകളില്‍ ഇവയുടെ അമിതമായ സാന്നിധ്യം കണ്ടെത്തുന്ന പക്ഷം പ്രമേഹം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയതായി സംശയിക്കണം. ഈ അവസ്ഥയില്‍ ഏറ്റവും വേഗത്തില്‍ വിദഗ്ധ ചികിത്സ ആരംഭിക്കേണ്ടതാണ്്. വൃക്കകളുടെ പ്രവര്‍ത്തനത്തെ രോഗം കൂടുതല്‍ ബാധിക്കാതിരിക്കാനുള്ള ചികിത്സകള്‍ കൃത്യമായി ചെയ്താല്‍ ഒരു പരിധിവരെ രോഗിക്ക് ആരോഗ്യത്തോടെ ജീവിക്കാനാവും.

പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന സാധാരണ രക്തസമ്മര്‍ദം നല്ല രീതിയില്‍ നിയന്ത്രിക്കാനായാല്‍ സാധാരണയായി വൃക്കകളെ ബാധിക്കാറില്ല. എന്നാല്‍, സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍െറ ഒരു പ്രധാന കാരണം വൃക്കരോഗങ്ങളാണ്. പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ പൊതുവെ 35 വയസ്സിനു മുകളിലുള്ളവരിലാണ് കണ്ടുവരുന്നതെങ്കില്‍ സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ കുറേക്കൂടി നേരത്തേ കണ്ടുവരുന്നു. 25 വയസ്സിനു മുമ്പായി രക്തസമ്മര്‍ദം കണ്ടെത്തിയാല്‍ ഗൗരവമായ പരിശോധനകള്‍ ആവശ്യമാണ്. ഇത്തരം കേസുകളില്‍ വൃക്കരോഗത്തിന്‍െറയോ മറ്റെന്തെങ്കിലും രോഗങ്ങളുടെയോ ലക്ഷണമായാണ് രക്തസമ്മര്‍ദം കണ്ടുവരാറുള്ളത്.

ശരീരത്തിലെ ലവണാംശങ്ങളും രാസവസ്തുക്കളും അടിഞ്ഞുകൂടി പരലുകളായി രൂപപ്പെടുന്ന അവസ്ഥയാണ് വൃക്കകളെ തകരാറിലാക്കുന്ന മറ്റൊരു അവസ്ഥ. മൂത്രത്തില്‍ കല്ല് അല്ലെങ്കില്‍ വൃക്കയിലെ കല്ല് എന്ന് വിളിക്കുന്ന ഈ രോഗം സാധാരണ കണ്ടുവരുന്നതും താരതമ്യേന എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാവുന്നതുമാണ്. അസഹ്യമായ വേദനയും മൂത്രത്തില്‍ രക്തത്തിന്‍െറ സാന്നിധ്യവുമാണ് ഈ രോഗത്തിന്‍െറ ലക്ഷണം. മരുന്നുകള്‍ കഴിച്ച് ഇത്തരം കല്ലുകളെ മൂത്രത്തിലൂടെ പുറത്തുകളയുകയോ യന്ത്രസഹായത്താല്‍ പൊടിച്ചുകളയുകയോ ആണ് പ്രധാന ചികിത്സകള്‍. വൃക്കയില്‍ കല്ലുകള്‍ കണ്ടെത്തിയാല്‍ ഉടനെ ചികിത്സ തേടിയില്ലെങ്കില്‍ പിന്നീടത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

ചില അവസരങ്ങളില്‍ വൃക്കകള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍ മരുന്നുകള്‍കൊണ്ട് ചികിത്സിച്ചു മാറ്റാനാവാത്ത അവസ്ഥ വന്നേക്കും. ഇത്തരം രോഗികള്‍ക്ക് ഡയാലിസിസ് അല്ലെങ്കില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

യന്ത്രസഹായത്താല്‍ രക്തം ശുചീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഇതുതന്നെ രണ്ടു തരത്തിലുണ്ട്. ഹീമോ ഡയാലിസിസും പെരിട്ടോണിയല്‍ ഡയാലിസിസും. ഹീമോ ഡയാലിസിസില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ രോഗി ആശുപത്രിയിലെത്തി പ്രത്യേക യന്ത്രസഹായത്താല്‍ ഡയാലിസിസിന് വിധേയമാകുമ്പോള്‍ പെരിട്ടോണിയല്‍ ഡയാലിസിസില്‍ രോഗിക്കിത് വീട്ടില്‍ വെച്ചുതന്നെ സ്വയമോ ആരുടെയെങ്കിലും സഹായത്തോടെയോ ചെയ്യാവുന്നതാണ്. വയറിനുള്ളിലെ പെരിട്ടോണിയം എന്ന ആവരണത്തിന്‍െറ സഹായത്തോടെ പെരിട്ടോണിയല്‍ ഫ്ളൂയിഡ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. രക്തത്തിലെ മാലിന്യം ഈ ഫ്ളൂയിഡിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

എട്ടു മണിക്കൂറിനു ശേഷം ഈ ഫ്ളൂയിഡ് മാറ്റി പുതിയത് നിറക്കുന്നു. രണ്ട് ഡയാലിസിസിന്‍െറയും ഫലം ഒരേ പോലെയാണെങ്കിലും പെരിട്ടോണിയല്‍ ഡയാലിസിസിന് ചെലവ് കൂടുതലാണ്. പെരിട്ടോണിയല്‍ ഫ്ളൂയിഡിന്‍െറ വില വളരെ അധികമായതാണ് ഇതിന് കാരണം.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണെങ്കിലും വൈദ്യശാസ്ത്രത്തിന്‍െറ പുരോഗതി ഇതും ഒരു പരിധിവരെ എളുപ്പമാക്കിയിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ല എന്ന് ഉറപ്പായവരുടെ വൃക്കയും മറ്റ് അവയവങ്ങളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയാറായാല്‍ ഒരു പരിധിവരെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയോടനുബന്ധിച്ച് ഉയര്‍ന്നു കേള്‍ക്കുന്ന വൃക്ക വ്യാപാരം പോലുള്ള വിവാദ പ്രവര്‍ത്തനങ്ങളെ നേരിടാനാവും.

(കോഴിക്കോട്ടെ പ്രമുഖ നെഫ്രോളജിസ്റ്റാണ് ലേഖകന്‍)
 

ബജറ്റില്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേകം പദ്ധതികളെന്ന് മാണി

Posted: 13 Mar 2013 12:17 AM PDT

Image: 

തിരുവനന്തപുരം: പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ബജറ്റില്‍ പ്രത്യേകം പദ്ധതികളുണ്ടാകുമെന്ന് ധനമന്ത്രി കെ.എം മാണി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കേണ്ടതുണ്ട്. ധനവകുപ്പ് ഇക്കാര്യത്തില്‍ ജാഗരൂകരാണെന്നും അദ്ദേഹ പറഞ്ഞു.

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളിയാഴ്ചയാണ് കെ.എം മാണി തന്‍െറ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്.

ചൈനയില്‍ കല്‍ക്കരി ഖനി അപകടത്തില്‍ 21 മരണം

Posted: 12 Mar 2013 11:50 PM PDT

Image: 

ബെയ്ജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. തെക്കന്‍ പ്രവിശ്യയായ ഗൈസൗയിലെ മഷാങ് കല്‍ക്കരി ഖനിയിലാണ് ചൊവ്വാഴ്ച രാത്രി അപകടമുണ്ടായത്.

അപകടം നടക്കുമ്പോള്‍ 83 തൊഴിലാളികള്‍ ഖനിയില്‍ ഉണ്ടായിരുന്നു. 58 തൊഴിലാളികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.

സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ചൈനയിലെ ഖനികളില്‍ അപകടം സാധാരണയാണ്. 2011ല്‍ 1973 പേരാണ് ഖനി അപകടങ്ങളില്‍ മരിച്ചത്. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദന രാജ്യമാണ് ചൈന.

 

നാടോടി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതിയെ തിരൂരില്‍ എത്തിച്ച് തെളിവെടുത്തു

Posted: 12 Mar 2013 11:48 PM PDT

Image: 

തിരൂര്‍: തിരൂരില്‍ മൂന്നുവയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പെണ്‍കുട്ടിയും അമ്മയും കിടന്നുറങ്ങിയ ജില്ലാ ആശുപത്രി പരിസരത്തെ കടവരാന്തയും പീഡനം നടത്തിയ സ്ഥലവും ബാലികയെ ഉപേക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് കാട്ടിക്കൊടുത്തു.

അതീവ രഹസ്യമായാണ് ബുധനാഴ്ച രാവിലെ ഏഴു മണിയോടെ പൊലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചത്. വളരെ പെട്ടെന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം മടങ്ങുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായ ജാസിമിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചത്.  

 

ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted: 12 Mar 2013 11:17 PM PDT

Image: 

ജമ്മു: ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. അഞ്ച് ജവാന്മാരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ഏഴു ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെമിന മേഖലയില്‍ പബ്ലിക് സ്‌കൂളിനടുത്തുള്ള സി.ആര്‍.പി.എഫ് ക്യാമ്പ് ലക്ഷ്യമിട്ട് മൂന്നംഗ തീവ്രവാദി സംഘാണ് ആക്രമണം നടത്തിയത്.

ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തീവ്രവാദികള്‍ വെടിവെപ്പ് ആരംഭിച്ചത്. ജവാന്മാര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. തീവ്രവാദികളും ജവാന്മാരും അരമണിക്കൂറോളം ഏറ്റുമുട്ടി. രാവിലെ 11.15ഓടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് മൂന്നുവര്‍ഷത്തനിടെയുണ്ടാകുന്ന ആദ്യ തീവ്രവാദിആക്രമണമാണിത്.

ആക്രമിക്കപ്പെട്ട സൈനിക ക്യാമ്പിന് സമീപം സ്‌കൂള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കുട്ടികള്‍ സ്‌കൂളിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. എന്നാല്‍ കുട്ടികള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ശ്രീനഗര്‍ ഐ.ജി എസ്.എം സഹായ് പറഞ്ഞു.

സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല നിയമസഭയില്‍ പ്രസ്താവനയിറക്കി. ആക്രമണത്തെ അപലപിക്കുന്നതായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്ത് 100ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 

‘എം.വി റോയല്‍ ഗ്രേസ്’ സലാലയിലെത്തി

Posted: 12 Mar 2013 11:12 PM PDT

Image: 

മസ്കത്ത്: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച ‘എം.വി റോയല്‍ ഗ്രേസ്’ എന്ന എണ്ണ ടാങ്കര്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മലയാളികളടക്കമുള്ള ജീവനക്കാരുമായി സലാല തുറമുഖത്തെത്തി. ജീവനക്കാരുടെ സുരക്ഷാ പരിശോധന നടക്കുകയാണിപ്പോള്‍. ഇതിന് ശേഷം ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കും.
സലാല തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി ലഭ്യമാക്കേണ്ട ഷിപ്പിങ് കമ്പനി ഇവരെ കൈയൊഴിഞ്ഞതാണ് കാരണം ചൊവ്വാഴ്ച ഏറെ നേരം കപ്പലിന് കടലില്‍ തന്നെ കഴിയേണ്ടിവന്നിരുന്നു. ‘റോയല്‍ ഗ്രേസി’ന്‍െറ ഒമാനിലെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കപ്പലിന്‍െറ ഉടമസ്ഥരായ ദുബൈയിലെ ഓയിസ്റ്റര്‍ ഷിപ്പിങ് കമ്പനി സലാലയിലെ കാനൂ ഷിപ്പിങ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ഈ ആവശ്യം നിരാകരിച്ചുവെന്ന് കാനൂ ഷിപ്പിങ് കമ്പനി പ്രതിനിധി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒടുവില്‍ ‘അല്‍ ബദര്‍’ ഷിപ്പിങ് കമ്പനി കപ്പലിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് തുറമുഖത്തെത്താന്‍ വഴിയൊരുങ്ങിയത്.

യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

Posted: 12 Mar 2013 10:02 PM PDT

Image: 

അബൂദബി: നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും പുതിയ മന്ത്രാലയം രൂപവത്കരിച്ചും യു.എ.ഇ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തയാറാക്കിയ പുതിയ പട്ടികക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. പ്രമുഖര്‍ക്ക് വകുപ്പുമാറ്റമുള്ള പുതിയ മന്ത്രിസഭയെ കുറിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ പുതിയ മന്ത്രിമാര്‍ക്ക് സാധിക്കട്ടെയെന്ന് പ്രസിഡന്‍റ് ആശംസിച്ചു. രാജ്യസേവനത്തിന് അവര്‍ നല്‍കുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഊര്‍ജ മന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ഹംലി മന്ത്രിസഭയില്‍നിന്ന് പുറത്തായി. പകരം പുതുമുഖം സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൗഇ ഇടംപിടിച്ചു. പൊതുമരാമത്ത് മന്ത്രി അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ഹൈഫ് അല്‍ നുഐമി, സഹമന്ത്രിമാരായ മസ്ദര്‍ സി.ഇ.ഒ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, അബ്ദുല്ല ബിന്‍ മുഹമ്മദ് സഈദ് അല്‍ ഗോബാഷ് എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍.
വികസന-അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് പുതുതായി രൂപവത്കരിച്ചത്. വിദേശ വ്യാപാര മന്ത്രിയായിരുന്ന ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിക്കാണ് ചുമതല. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായങ്ങളുടെ ഉത്തരവാദിത്തം പുതിയ മന്ത്രാലയത്തിനാണ്. അതേസമയം, വിദേശ വ്യാപാര്യ മന്ത്രാലയത്തിന്‍െറ ചുമതല സാമ്പത്തിക മന്ത്രാലയത്തിന് നല്‍കി. ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനാണ് വകുപ്പ് മാറ്റം ലഭിച്ച മറ്റൊരു പ്രമുഖന്‍.
1992ല്‍ മന്ത്രാലയം രൂപവത്കരിച്ചത് മുതല്‍ ഈ വകുപ്പ് കൈകാര്യം ചെ യ്തിരുന്ന അദ്ദേഹത്തിന് സാംസ്കാരിക, യുവജന, സാമൂഹിക വികസന വകുപ്പാണ് നല്‍കിയത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനാണ് പുതിയ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രി.
സാംസ്കാരിക, യുവജന, സാമൂഹിക വികസന മന്ത്രിയായിരുന്ന ഡോ. അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് ആരോഗ്യ മന്ത്രിയായി ചുമതലയേല്‍ക്കും. 2011 മുതല്‍ താല്‍ക്കാലികമായി ഈ വകുപ്പ് അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.
ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനും രാജ്യത്തിന്‍െറ വികസനക്കുതിപ്പിന് ആക്കം കൂട്ടാനും പുതിയ ആശയങ്ങളും ഊര്‍ജവുമുള്ള യുവനിരയെ ഉള്‍പ്പെടുത്തിയത് സഹായകമാകുമെന്ന് കരുതുന്നതായി ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. ‘പഴയ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം തങ്ങളുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച് രാജ്യത്തോടുള്ള കര്‍ത്തവ്യം നിറവേറ്റി. അവര്‍ ഉണ്ടാക്കിത്തന്ന നേട്ടങ്ങള്‍ രാജ്യം മറക്കില്ല. രാജ്യത്തിന്‍െറ വികസനത്തിന് ആക്കം കൂട്ടുന്നതിനും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുമാണ് ഇത്തരം പുന:സംഘാടനം വേണ്ടിവരുന്നത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ മന്ത്രിസഭ
ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍: ഉപ പ്രധാനമന്ത്രി, ആഭ്യന്തരം
ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍: ഉപപ്രധാനമന്ത്രി, പ്രസിഡന്‍ഷ്യല്‍കാര്യം
ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം: ദുബൈ ഉപഭരണാധികാരി, ധനകാര്യം
ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍: വിദേശകാര്യം
ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍: സാംസ്കാരിക-യുവജന-സാമൂഹിക വികസനം
ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍: ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണം
ശൈഖ ലുബ്ന അല്‍ ഖാസിമി: വികസന-രാജ്യാന്തര സഹകരണം
മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി: മന്ത്രിസഭാ കാര്യം
സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി: സാമ്പത്തികം
മറിയം അല്‍ റൗമി: സാമൂഹികം
ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖാത്തമി: വിദ്യാഭ്യാസം
അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ്: ആരോഗ്യം
സഖര്‍ ഗൊബാഷ് സഈദ് ഗൊബാഷ്: തൊഴില്‍
ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്: വിദേശകാര്യ-ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍കാര്യ സഹമന്ത്രി
ഡോ. ഹാദിഫ് ജുആന്‍ അല്‍ ദാഹിരി: നിയമം
ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദ്: പരിസ്ഥിതി-ജലം
സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂഇ: ഊര്‍ജം
അബ്ദുല്ല ബില്‍ഹൈഫ് അല്‍ നുഐമി: പൊതുമരാമത്ത്
ഉബൈദ് ഹുമൈദ് അല്‍ തായര്‍: ധനകാര്യ സഹമന്ത്രി
ഡോ. മൈത സാലിം അല്‍ ശംസി: സഹമന്ത്രി
റീം ഇബ്രാഹിം അല്‍ ഹാശിമി: സഹമന്ത്രി
സുല്‍ത്താന്‍ മുഹമ്മദ് അല്‍ ജാബിര്‍: സഹമന്ത്രി
അബ്ദുല്ല മുഹമ്മദ് സഈദ് അല്‍ ഗൊബാഷ്: സഹമന്ത്രി

കടല്‍ക്കൊല: ഇറ്റാലിയന്‍ സ്ഥാനപതിയെ തിരിച്ചയച്ചേക്കും

Posted: 12 Mar 2013 10:01 PM PDT

Image: 

ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ തിരിച്ച് വിളിക്കണമെന്ന് ഇറ്റലിയോട്് ആവശ്യപ്പെട്ടേക്കും. ഇറ്റലിയിലെയും റോമിലെയും ഇന്ത്യന്‍ സ്ഥാനപതിമാരെ പിന്‍വലിക്കാനും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഒരാഴ്ചക്കകം ഉണ്ടാവും. ചൊവ്വാഴ്ച ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, ഇറ്റലിയുടെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിയില്‍ കേരളത്തിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായിട്ടാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. തല്‍ക്കാലം സുപ്രീംകോടതിയില്‍ വിഷയം ഉന്നയിക്കേണ്ടെന്നാണ് ചര്‍ച്ചയിലുണ്ടായ ധാരണ. ഇറ്റലിയുടെ തീരുമാനം അവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഔദ്യോഗികമായി അറിയിക്കുമ്പോള്‍ മറുപടി നല്‍കാമെന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. തുടര്‍നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും ധാരണയായി.

 

ട്രാഫിക് വാരാചരണം: സന്ദര്‍ശകരുടെ തിരക്കേറുന്നു

Posted: 12 Mar 2013 09:48 PM PDT

Image: 

ദോഹ: ദര്‍ബ് അല്‍ സായി ഗ്രൗണ്ടില്‍ നടന്നുവരുന്ന 29ാമത് ഗള്‍ഫ് ട്രാഫിക് വാരാചരണ പരിപാടികളും പ്രദര്‍ശനങ്ങളും വീക്ഷിക്കാന്‍ സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരുടെ തിരക്കേറുന്നു. ഗ്രൗണ്ടിലെ വിവിധ കൂടാരങ്ങളിലായി നടക്കുന്ന വ്യത്യസ്ത പരിപാടികള്‍ കാണാന്‍ രാവിലെ മുതല്‍ സ്കൂള്‍ കുട്ടികളടക്കമുള്ളവരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഡോഗ് ഷോ, കുതിരപ്പട പ്രദര്‍ശനം, ഒട്ടക പ്രദര്‍ശനം എന്നിവ കുടുംബങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
പ്രൈമറി, സെക്കന്‍ഡി, ഇന്‍ഡിപെന്‍ഡന്‍റ്, കിന്‍റര്‍ഗാര്‍ട്ടന്‍ സ്കൂളുകള്‍, പ്രവാസി സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടെ 45 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞദിവസങ്ങളില്‍ പരിപാടികള്‍ വീക്ഷിക്കാനെത്തിയത്. ഡോഗ്സ്ക്വാഡിനെ ഉപയോഗിച്ച് മയക്കുമരുന്നും സ്ഫോടകവസ്തുക്കളും കുറ്റവാളികളെയും പിടികൂടുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന പ്രത്യേക പ്രദര്‍ശനമാണ് വിദ്യാര്‍ഥികളെ കൂടുതലും ആകര്‍ഷിക്കുന്നത്. കുട്ടികളും പോലിസ് നായകളും തമ്മിലുള്ള ടെന്നീസ് ബാള്‍ തട്ടല്‍ മല്‍സരവും വടംവലി മല്‍സരവും കഴിഞ്ഞദിവസം നടന്നു.
ആഭ്യന്തരമന്ത്രാലയത്തിന്‍െറ വിവിധ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രപവ്ലിയനുകളിലും കൂടാരങ്ങളിലും വിദ്യാര്‍ഥികളടക്കം നിരവധി സന്ദര്‍ശകരെത്തുന്നുണ്ട്. റോഡ്സുരക്ഷയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ക്വിസ്് മല്‍സരവും സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ച് സജ്ജീകരിച്ചിട്ടുള്ള ട്രാഫിക് വില്ലേജാണ് മറ്റൊരു ആകര്‍ഷണം.
 ട്രാഫിക് അടയാളങ്ങളും ട്രാഫിക് സിഗ്നലുകളും നടപ്പാതകളും റൗണ്ട് എബൗട്ടുകളുമെല്ലാം ക്രമീകരിച്ചിട്ടുള്ള ഈ ഗ്രാമത്തില്‍ കുട്ടികള്‍ക്കായി ചെറിയ കാറുകളും ബൈക്കുകളും സജ്ജമാക്കിയിട്ടുണ്ട്. ട്രാഫിക് ബോധവത്കരണവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററികളും റോഡപകടങ്ങളുടെ ദൃശ്യങ്ങളും ഇവിടെ കൂറ്റന്‍ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. അശ്രദ്ധമായ ഡ്രൈവിങിന്‍െറ ദുരന്തങ്ങളെക്കുറിച്ച് വിനോദത്തിലൂടെ കുട്ടികളെ ബോധവത്കരിക്കുകയാണ് ട്രാഫിക് വില്ലേജിന്‍െറ ലക്ഷ്യം.

പന്നിയങ്കര അക്രമം: അക്രമികള്‍ക്കായി ഊര്‍ജിത തിരച്ചില്‍

Posted: 12 Mar 2013 09:41 PM PDT

കോഴിക്കോട്: പൊലീസിന്‍െറ വാഹനപരിശോധനക്കിടെ തിരുവണ്ണൂരില്‍ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പന്നിയങ്കര, തിരുവണ്ണൂര്‍, നല്ലളം മേഖലയിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികള്‍ക്കായി ഊര്‍ജിത തിരച്ചില്‍. ചൊവ്വാഴ്ച ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും അക്രമത്തില്‍ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. അക്രമസംഭവങ്ങളിലായി മുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ 18 പേരേ അറസ്റ്റിലായിട്ടുള്ളൂ.
ഞായറാഴ്ച രാത്രി നല്ലളം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് മണല്‍ മാഫിയയുടെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണിലും മറ്റും ചിത്രീകരിച്ച ഫോട്ടോകള്‍ പരിശോധിച്ചാണ് അക്രമത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞത്. പൊലീസുമായി ഇടക്കിടെ കടവുകളില്‍ ഏറ്റുമുട്ടിയവരെയടക്കം തിരിച്ചറിഞ്ഞതായും ഇവര്‍ മുങ്ങിയിരിക്കുകയാണെന്നും നല്ലളം പൊലീസ് പറഞ്ഞു.
പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിരുവണ്ണൂരില്‍ സ്ഥിരം ശല്യക്കാരായ ചില യുവാക്കള്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകളെ കമന്‍റടിക്കുന്ന ഇവര്‍ക്കെതിരെ പന്നിയങ്കര എസ്.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന്‍െറ വിദ്വേഷത്തില്‍ യുവാക്കള്‍ സംഘടിച്ച് അക്രമത്തിന് നേതൃത്വം നല്‍കിയതായി വീഡിയോ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അക്രമികളില്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, മുസ്ലിംലീഗ്, എന്‍.ഡി.എഫ് തുടങ്ങി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ടവരുമുണ്ട്. മൊബൈലില്‍ സന്ദേശം നല്‍കി ജില്ലാ അതിര്‍ത്തിയിലുള്ളവരെപ്പോലും വിളിച്ചുവരുത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതുവരെ അറസ്റ്റിലായവരില്‍ പന്നിയങ്കര സ്വദേശികളാരും ഇല്ലെന്നും അക്രമത്തിന് പിന്നില്‍ ചിലരുടെ ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു. ഇടത് യുവജന പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്‍െറ നേതൃത്വത്തില്‍ ജനക്കൂട്ടത്തെ പൊലീസിനെതിരെ തിരിച്ചുവിട്ടതിന്‍െറ വീഡിയോദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP