വിദേശ വ്യാപാര കമ്മിയില്‍ വന്‍ വര്‍ധന Posted: 30 Mar 2013 12:12 AM PDT ന്യൂദല്‍ഹി: സമ്പദ്‌വ്യവസ്ഥക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തി സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിദേശ വ്യാപാര കമ്മിയില്‍ ഭീമമായ വര്‍ധന. എണ്ണ, സ്വര്‍ണം ഇറക്കുമതിക്ക് വന്ന ചെലവ് വന്‍ തോതില്‍ ഉയര്‍ന്നതാണ് കമ്മി കുതിച്ചുയരാന്‍ കാരണമായത്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപ സ്ഥപനങ്ങളുടെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണ് കടുത്ത പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ വ്യതാസമാണ് വിദേശ വ്യാപാര വരുമാന അന്തരം. സാമ്പന്മിക വര്‍ഷത്തിന്റെ ജൂലൈ-സെപ്തംബര്‍ പാദത്തിലെ വിദേശ വ്യാപാര കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ 5.4 ശതമാനമായിരുന്നു. ഇതിന് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് താങ്ങാന്‍ കഴിയുന്നതില്‍ ഏറെയാണെന്ന വിലയിരുത്തലിനിടെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍-സെപ്തംബര്‍ പാദത്തിലെ വിദേശ വ്യാപാര കമ്മി 6.7 ശതമാനമാണ്. ഇത് സര്‍വകാല റെക്കോര്‍ഡുമാണ്. മൂന്നാം പാദത്തില്‍ വിദേശ വ്യാപാര കമ്മി 5960 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 4860 കോടി ഡോളറും. കയറ്റുമതി 7.6 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ ഇറക്കുമതി 9.4 ശതമാനമാണ് വര്‍ധിച്ചത്. |
സൗദി സ്വദേശിവത്കരണം: ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി Posted: 29 Mar 2013 11:52 PM PDT തിരുവനന്തപുരം: സൗദി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാരും സൗദിയിലെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടതിന്റെഅടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദിയില്‍ നിന്ന് വന്‍ തോതില്‍ ആളുകള്‍ മടങ്ങി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി കാര്യമായി ഇടപെടുന്നുണ്ട്. നിതാഖത് നിയമം നടപ്പിലാക്കുന്നതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവര്‍ക്ക് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.സ്വദേശിവത്കരണം വഴി എത്ര മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന കാര്യത്തില്‍ കൃത്യമായ കണക്കുകളില്ല. അതിനാല്‍ സര്‍ക്കാരുമായി പ്രവാസികള്‍ ബന്ധപ്പെടുന്നതനുസരിച്ച് മാത്രമേ നടപടി കൈക്കൊള്ളാനാകൂവെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ നിയമം നടപ്പിലാക്കുന്നതിന് സൗദി സര്‍ക്കാര്‍ സമയപരിധി വെച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സൗദി സര്‍ക്കാരുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് ഇന്ത്യക്കാരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നയതന്ത്ര-വാണിജ്യ മേഖലകളില്‍ സൗദിയുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. അതുപയോഗിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. |
വിമാനത്താവളത്തിലെ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ് ചുവപ്പുനാടയില്‍ Posted: 29 Mar 2013 11:27 PM PDT വലിയതുറ: തിരുവനന്തപുരം വിമാനത്താവളം മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ് ആക്കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യത്തിന് കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍ പച്ചക്കൊടി കാണിച്ചെങ്കിലും എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ കത്ത് ചുവപ്പുനാടയില്‍. ടെര്‍മിനലിന്‍െറ കിഴക്കന്‍ അതിരായ പാര്‍വതീപുത്തനാര്‍ ശുചീകരിച്ച് ജലപാതയാക്കുക, സമീപത്തെ റെയില്‍-റോഡുകള്‍ ടെര്‍മിനലുമായി ബന്ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. 2010ല്‍ വി.എന്‍. ചന്ദ്രന്‍ എയര്‍പോര്‍ട്ട് ഡയറക്ടറായിരുന്നപ്പോഴാണ് ഈ ആശയം സര്‍ക്കാറിന് സമര്‍പ്പിച്ചത്. മൂന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ യോഗം ചേര്‍ന്ന് രൂപരേഖ തയാറാക്കി. ഇതിനിടെ ഇദ്ദേഹം സ്ഥലം മാറിപ്പോയി. രണ്ടുവര്‍ഷത്തിനുശേഷം തിരികെ എത്തിയപ്പോഴാണ് ആശയത്തിന് വീണ്ടും ജീവന്‍ വെച്ചത്. സംസ്ഥാന- കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും അനുകൂല തീരുമാനമുണ്ടാക്കുകയും ചെയ്തു. സര്‍ക്കാറിന് രണ്ടാമത് നല്‍കിയ കത്തിലാണ് അറബിക്കടലിന്‍െറ സാന്നിധ്യവും ദേശീയപാത, റെയില്‍വേ എന്നിവയുടെ സമീപ്യവും പ്രയോജനപ്പെടുത്തി വിമാനത്താവളത്തില്‍ കുറഞ്ഞ ചെലവില്‍ വിപുലമായ വികസനം ഒരുക്കാമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇതിന് സര്‍ക്കാറിന്‍െറ സഹകരണം അനിവാര്യമാണ്. |
ഗാന്ധിഗ്രാമത്തിന്‍െറ മറവില്‍ റോഡ് പണിക്ക് നീക്കം; നാട്ടുകാര്‍ തടഞ്ഞു Posted: 29 Mar 2013 11:23 PM PDT ശാസ്താംകോട്ട: കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഗാന്ധിഗ്രാമം പരിപാടിക്ക് എത്തുന്നതിന്‍െറ തലേന്നാള്‍ 13.5 ലക്ഷം രൂപ അടങ്കലുള്ള റോഡ് പുനര്‍നിര്‍മിച്ച് സ്ഥലം വിടാനുള്ള ഉദ്യോഗസ്ഥരുടെയും പഞ്ചായത്തിന്‍െറയും നീക്കം നാട്ടുകാര്‍ തടഞ്ഞു. പോരുവഴി പഞ്ചായത്തിലെ ശാസ്താംനട- കുറുമ്പേലില്‍ റോഡാണ് വിവാദത്തില്‍പ്പെട്ടത്. മെറ്റല്‍ ഇളകി കാല്‍നട പോലും ദുര്‍ഘടമായ റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാനാണ് 13.5 ലക്ഷം രൂപ അടങ്കല്‍ നിശ്ചയിച്ച് കരാര്‍ നല്‍കിയത്. ഇതില്‍ മൂന്നുലക്ഷം രൂപ മുന്‍കൂറായി ഉദ്യോഗസ്ഥരും പഞ്ചായത്തിലെ ചിലരും കൈപ്പറ്റിയതായുള്ള ആരോപണം നിലനില്‍ക്കെയാണ് ഇന്നലെ രാവിലെ ഏതാനും ബാരല്‍ ടാറുമായി കരാറുകാരനും സംഘവുമെത്തിയത്. പൊതു അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥരാരും എത്തിയിരുന്നില്ല. ജോലി നടപ്പാക്കുന്ന രീതി മനസ്സിലായതോടെയാണ് ജനം പ്രതിഷേധവുമായി വന്നത്. ഇതോടെ ഓവര്‍സിയറെത്തി. കെ.പി.സി.സി പ്രസിഡന്‍റിനും സംഘത്തിനും പോകേണ്ട റോഡ് ആയതിനാല്‍ പൂര്‍ണമായും തടയുന്നതിന് നാട്ടുകാര്‍ തയാറായില്ല. ഒടുവില്‍ കുഴികള്‍ മാത്രം അടയ്ക്കാന്‍ ധാരണയായി. നിര്‍മാണത്തിലെ അപാകതയില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി. എന്നാല്‍ ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും സന്ദര്‍ശനം കഴിഞ്ഞാലുടന്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കുമെന്നും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. രവി അറിയിച്ചു. ഈ ജോലി പൂര്‍ത്തിയാക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പാര്‍ട്ട് ബില്‍ മാറാന്‍ അനുമതി നല്‍കില്ലെന്ന് ഓവര്‍സിയര്‍ മണികണ്ഠന്‍ പറയുന്നു. |
വാഗമണ്ണിലെ ഭൂമി കൈയേറ്റം: അന്വേഷണം നിലച്ചു Posted: 29 Mar 2013 11:17 PM PDT പീരുമേട്: വാഗമണ്ണിലെ ഭൂമി കൈയേറ്റവും വ്യാജ പട്ടയവും അന്വേഷിക്കുന്ന സംഘത്തിന്‍െറ പ്രവര്‍ത്തനം നിലച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, താലൂക്ക് സര്‍വേയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധനയാണ് നിലച്ചത്. സര്‍ക്കാര്‍ രേഖകള്‍, സ്ഥലം കൈവശമുള്ളവരുടെ പക്കലുള്ള രേഖകള്‍ എന്നിവ ഒത്തുനോക്കിയാണ് പരിശോധന നടത്തിയിരുന്നത്. വ്യാജ രേഖകളുടെ മറവില്‍ വന്‍തോതില്‍ സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. കോലാഹലമേട്-കൊച്ചുകരിന്തരുവി റോഡ് സൈഡില്‍ റേഷന്‍കടയുടമ രണ്ടേക്കറോളം സര്‍ക്കാര്‍ ഭൂമി വ്യാജരേഖയില്‍ കൈവശം വെക്കുന്നതായി കണ്ടെത്തിയിരുന്നു. വന്‍കിടക്കാരുടെയും രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും കൈയേറ്റം അന്വേഷണത്തില്‍ കണ്ടെത്തുമ്പോള്‍ പരിശോധന നിലക്കുകയാണ് പതിവ്. കഴിഞ്ഞ 10വര്‍ഷത്തിനുള്ളില്‍ അഞ്ച് സംഘങ്ങളാണ് വാഗമണ്ണില്‍ പരിശോധനക്ക് വിവിധ ഘട്ടങ്ങളിലായി എത്തിയത്. ഇവയുടെ എല്ലാം പ്രവര്‍ത്തനം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. 2003 ഫെബ്രുവരിയിലാണ് ആദ്യ അന്വേഷണ സംഘം വാഗമണ്ണില്‍ എത്തിയത്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രുദ്ര ഗംഗാധരന്‍, ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, റവന്യൂ സെക്രട്ടറി സുന്ദരേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണമാരംഭിച്ചത്. വാഗമണ്ണിലെ നൂറില്‍പ്പരം പേരില്‍നിന്ന് തെളിവെടുത്ത് മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ച് മടങ്ങിയ സംഘത്തിന്‍െറ പ്രവര്‍ത്തനം തുടര്‍ന്നുണ്ടായില്ല. തുടര്‍ന്ന് പീരുമേട് താലൂക്കോഫിസില്‍ നിന്നുള്ള റീസര്‍വേ സംഘം പരിശോധനക്കെത്തി. ആളുകളുടെ കൈവശമുള്ള രേഖകള്‍, സര്‍ക്കാര്‍ രേഖകള്‍ എന്നിവ ഒത്തുനോക്കി സ്ഥലം അളന്ന് പരിശോധന ആരംഭിച്ചു. 3290 പട്ടയക്കേസുകളാണ് വാഗമണ്ണിലുള്ളത്. ഇതില്‍ 1600 എണ്ണം സ്ഥലം ഒത്തുനോക്കി പരിശോധിച്ചപ്പോള്‍ 1210 പട്ടയങ്ങളുടെ സര്‍വേ നമ്പറുകള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്നാല്‍, അന്വേഷണം അട്ടിമറിച്ചു. ഇതിനിടെ, പ്രമുഖരായ 10 കൈയേറ്റക്കാരുടെ പേരുള്‍പ്പെടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. വ്യാജ പട്ടയങ്ങളുടെ പരിശോധന വീണ്ടും 2007ല്‍ പുനരാരംഭിച്ചു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ഗോപാലമേനോന്‍െറ നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങളുമായി വന്‍സംഘം വീണ്ടുമെത്തി. കോലാഹലമേട് മൊട്ടക്കുന്നിന് സമീപമുള്ള പാലാ സ്വദേശിയുടെ കൈയേറ്റ ഭൂമിയിലാണ് ആദ്യദിവസം പരിശോധന ആരംഭിച്ചത്. അന്നും വൈകുന്നേരം തന്നെ പ്രതികൂല കാലാവസ്ഥയില്‍ അന്വേഷണം സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് സംഘം മടങ്ങി. തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം അന്വേഷണം തടസ്സപ്പെട്ടു. 2011 ജൂലൈയില്‍ പീരുമേട് താലൂക്കോഫിസിലെ രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, താലൂക്ക് സര്‍വേയര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. വാഗമണ്ണിലെ വ്യാജ പട്ടയത്തിന് ഉപയോഗിച്ച സീല്‍ താലൂക്കോഫിസില്‍നിന്ന് മോഷണം പോയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടത് മൂലം സംഘത്തിന്‍െറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. നാട്ടുകാരുടെ പട്ടയഭൂമിയില്‍ സര്‍ക്കാര്‍ വക സ്ഥലം എന്ന ബോര്‍ഡ് സംഘം സ്ഥാപിച്ചതും വിവാദമായി. 2012 ഒക്ടോബറില്‍ വാഗമണ്‍ വില്ലേജോഫിസില്‍ പട്ടയപരിശോധനക്ക് അദാലത്ത് നടത്തി. പരാതികള്‍ അന്വേഷിക്കാന്‍ താലൂക്ക് സര്‍വേയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചു. സംഘം നടത്തിയ പരിശോധനയിലും വ്യാജ രേഖകളുടെ മറവില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയത് കണ്ടെത്തിയിരുന്നു. എന്നാല്‍, സംഘത്തിന്‍െറ പ്രവര്‍ത്തനവും നിലച്ചു. വാഗമണ്ണിലെ വ്യാജപട്ടയം, കൈയേറ്റം എന്നിവ അന്വേഷിക്കാനെത്തുന്ന സംഘങ്ങള്‍ക്ക് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് ഭൂമാഫിയക്ക് സഹായമാണ്. |
ചെമ്പന്‍മുടിമലയില്‍ പാറമടലോബിയുടെ സ്വയംഭരണം Posted: 29 Mar 2013 11:12 PM PDT വടശേരിക്കര: ജില്ലയുടെ കിഴക്കന്‍ മേഖല പാറമട ലോബിയുടെ സ്വയംഭരണപ്രദേശം. നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ചെമ്പന്‍മുടിമലയിലാണ് നിയമങ്ങളെ വെല്ലുവിളിച്ച് പാറമടലോബി വേലികെട്ടിത്തിരിച്ച സ്വയംഭരണപ്രദേശം. നൂറുകണക്കിനേക്കര്‍ വ്യാപിച്ചുകിടക്കുന്ന മലമുകളില്‍ ക്രഷര്‍ യൂനിറ്റുകള്‍ സ്ഥാപിച്ച് 10 വര്‍ഷം മുമ്പാണ് ഇവര്‍ രംഗപ്രവേശം ചെയ്യുന്നത്. ലോഡിന് ചെല്ലുന്ന വാഹനജീവനക്കാരല്ലാതെ ആരും പാറമടക്കുള്ളില്‍ നടക്കുന്നതെന്തെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ശക്തിപ്രാപിച്ച ജനകീയസമരത്തെത്തുടര്‍ന്നാണ് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പാറമടകള്‍ക്കുള്ളിലേക്ക് കടക്കാന്‍കഴിഞ്ഞത്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഉള്ളില്‍ കാണാന്‍ കഴിഞ്ഞത്. |
കാഞ്ഞിരപ്പള്ളി ടൗണില്‍ മാലിന്യപ്രശ്നം രൂക്ഷം Posted: 29 Mar 2013 11:08 PM PDT കാഞ്ഞിരപ്പള്ളി: പകര്‍ച്ചവ്യാധി പടരുമ്പോഴും കാഞ്ഞിരപ്പള്ളി ടൗണില്‍ മാലിന്യപ്രശ്നം രൂക്ഷം. പ്രശ്നം പരിഹരിക്കുന്നതിന് ബാധ്യതയുള്ള പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നത് ചിറ്റാര്‍ പുഴയുടെ ഓരത്ത്. പകര്‍ച്ചവ്യാധികള്‍ക്ക് മുഖ്യ കാരണം വലിച്ചെറിയുന്ന മാലിന്യങ്ങളാണെന്ന് ജനങ്ങളെ ബോധവത്കരിക്കുമ്പോഴും ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ ഹാള്‍ പരിസരത്താണ് നിക്ഷേപിക്കുന്നത്. മഴപെയ്യുന്നതോടെ ഇവയില്‍ വലിയൊരു പങ്കും ചിറ്റാര്‍ പുഴയിലേക്ക് ഒഴുകിയിറങ്ങും. പാറക്കടവില്‍ ഡെങ്കിപ്പനി പടരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നതോടെ കാളകെട്ടി പി.എച്ച്.സി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത്, മാനവ സൗഹൃദ പുരുഷ സ്വാശ്രയ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ളാസും നടത്തിയിരുന്നു. ചികിത്സ തേടിയെത്തിയ 74 പേരും പനി ബാധിതരായിരുന്നു. കടുത്ത പനി ബാധിതരായ 24 പേരുടെ രക്തം കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിക്കുകയും ചെയ്തു. ഇത്രയേറെപ്പേര്‍ക്ക് പനി ബാധിക്കാന്‍ ഇടയാക്കിയത് റബര്‍ തോട്ടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് നിര്‍മിച്ച ജൈവ മാലിന്യസംസ്കരണ പ്ളാന്‍റ് ഉദ്ഘാടനം അനന്തമായി നീളുകയാണ്. ലക്ഷങ്ങള്‍ മുടക്കി വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ ജൈവമാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനമാണ് അധികൃതരുടെ അനാസ്ഥമൂലം അനന്തമായി നീളുന്നത്. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുകയും വൈദ്യുതി കണക്ഷന്‍ ലഭിക്കുകയും ചെയ്തെങ്കിലും പ്രവര്‍ത്തനം തുടങ്ങാത്തതിന്‍െറ കാരണം വിശദീകരിക്കാന്‍ അധികൃതര്‍ തയാറല്ല. സംസ്ഥാന സര്‍ക്കാറിന്‍െറ ചുമതലയിലുള്ള കോട്ടയത്തെ സോഷ്യോ എക്കോണമിക് ഫൗണ്ടേഷനാണ് 30 ലക്ഷം രൂപക്ക് ജൈവ മാലിന്യസംസ്കരണ പ്ളാന്‍റ് നിര്‍മിച്ചത്. കുരിശുകവലക്ക് സമീപം പഞ്ചായത്ത് ടൗണ്‍ ഹാളിനു മുന്‍വശത്തായി നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. മുന്‍ പഞ്ചായത്ത് ഭരണസമിതി 2010 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുന്നതിന് തീരുമാനിച്ചിരുന്ന പദ്ധതിയാണ് മൂന്നു വര്‍ഷത്തിനു ശേഷവും പ്രവര്‍ത്തനം ആരംഭിക്കാത്തത്. കാഞ്ഞിരപ്പള്ളി ടൗണിലെ മാലിന്യ പ്രശ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ടൗണിന്‍െറ വിവിധഭാഗങ്ങളില്‍ നിന്നും സംഭരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ഹാള്‍ പരിസരത്താണ് വര്‍ഷങ്ങളായി നിക്ഷേപിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കുന്നതിന് മുന്‍ പഞ്ചായത്ത് സമിതി വിഴിക്കിത്തോട്ടില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിഴിക്കിത്തോട് തോട്ടം കവലയിലെ സ്വകാര്യ റബര്‍ എസ്റ്റേറ്റില്‍ നിന്ന് ഒന്നര ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനും നടപടി സ്വീകരിച്ചു. സ്ഥലത്തിന്‍െറ മതിപ്പുവിലയായി 20 ലക്ഷം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് സ്ഥലം അളന്നു തിരിക്കുകയും ചെയ്തു. എന്നാല്‍, വിഴിക്കിത്തോട്ടില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കുന്നതിനെതിരെ സമീപവാസികള്‍ കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് (എം) സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ആരംഭിച്ചു. സമര സമിതി ആക്ഷന്‍ കാണ്‍സിലിന്‍െറ നേതൃത്വത്തില്‍ പ്ളാന്‍റിനെതിരെ ഹൈകോടതിയെ സമീപിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് താല്‍ക്കാലിക സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ വിഴിക്കിത്തോട്ടിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മാണം അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണ സമിതി വിഴിക്കിത്തോട്ടിലെ പ്ളാന്‍റ് നിര്‍മാണം തന്നെ ഉപേക്ഷിച്ചു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് ഇപ്പോഴത്തെ ഏക പ്രതീക്ഷ ടൗണ്‍ ഹാളിന് മുന്‍വശത്ത് നിര്‍മിച്ചിട്ടുള്ള ജൈവ മാലിന്യസംസ്കരണ പ്ളാന്‍റാണ്. |
കായല്‍ ദുരന്തം നാടിനെ നടുക്കി Posted: 29 Mar 2013 11:03 PM PDT പൂച്ചാക്കല്‍: വേമ്പനാട്ടുകായലില്‍ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ നടുക്കി. പാണാവള്ളി അംബികാതുരുത്തിന് സമീപം കുളിക്കാനിറങ്ങിയ ആറംഗസംഘത്തിലെ രണ്ടുപേരുടെ മരണമാണ് നാടിനെ ദു$ഖത്തിലാഴ്ത്തിയത്. അംബികാതുരുത്തില്‍ സുരേഷിന്‍െറ മകന്‍ സ്വരാജ് (15), പുറക്കാട് കണിയാംപറമ്പില്‍ റാവുവിന്‍െറ മകന്‍ ദീപു (21) എന്നിവരുടെ മൃതദേഹങ്ങള്‍ വൈകുന്നേരം 5.30ഓടെയാണ് നേവിയിലെ മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തിയത്. ദീപുവും സുഹൃത്ത് അജിത്തും ബന്ധുവീടായ അംബികാതുരുത്തിലെ സ്വരാജിന്‍െറ വീട്ടില്‍ വ്യാഴാഴ്ച എത്തിയതാണ്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതിനില്‍ക്കുന്ന സ്വരാജിന്‍െറ വീട്ടില്‍ ഒഴിവുസമയം ചെലവഴിക്കാന്‍ വടുതല ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സഹപാഠികളായ മൂന്നുപേരും വെള്ളിയാഴ്ച രാവിലെ എത്തിയിരുന്നു. സ്വരാജിന്‍െറ വീട് ദ്വീപിലായതിനാല്‍ കടത്തുവള്ളത്തിലാണ് സുഹൃത്തുക്കള്‍ അങ്ങോട്ട് പോയത്. 11 മണിയോടെ ആറംഗസംഘം സ്വരാജിന്‍െറ വീടിന്‍െറ സമീപത്ത് കുളിക്കാനിറങ്ങി. പെരുമ്പളം ദ്വീപിന്‍െറ തെക്കുഭാഗത്ത് നിരവധി ദ്വീപുകളുണ്ട്. കായലില്‍ ഒഴുക്ക് പലദിശയിലാണുള്ളത്. അപകടം നടന്ന സ്ഥലത്ത് പലപ്പോഴും ചുഴി ഉണ്ടാകാറുണ്ട്. ഈ ഭാഗത്ത് 15 മീറ്ററിലേറെ ആഴമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പന്ത് എറിഞ്ഞ് രസിക്കുന്നതിനിടെ അകലേക്ക് പോയ പന്തെടുക്കാനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്. നാലുപേര്‍ പന്തെടുക്കാന്‍ പോയതില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ബഹളംകേട്ട് സമീപവാസികളായ കൊച്ചുകരിയില്‍ പുരുഷനും സിജിത്തും ഉടനെ അപകടസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ രണ്ടുപേരെ രക്ഷിക്കാന്‍ കഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. ഫയര്‍ഫോഴ്സും പൊലീസും തുടക്കത്തില്‍ തിരച്ചിലില്‍ പങ്കെടുക്കാതിരുന്നത് ജനരോഷത്തിന് ഇടയാക്കി. ആറുപേരാണ് കായലില്‍ ഇറങ്ങിയതെങ്കിലും കാണാതായത് രണ്ടില്‍കൂടുതല്‍ പേരുണ്ടോയെന്ന സംശയം തുടക്കത്തില്‍ നാട്ടുകാര്‍ക്കുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും മുഴുനീളെ തിരച്ചിലില്‍ പങ്കെടുത്തെങ്കിലും കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പാണാവള്ളി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. രാജേഷ് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുമായി ബന്ധപ്പെട്ടു. മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വൈകുന്നേരം 3.30ഓടെ കൊച്ചിയില്‍ നിന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി. 5.30ഓടെ അവര്‍ ആഴമേറിയ കയത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുങ്ങല്‍വിദഗ്ധരായ രത്തന്‍, സന്ദീപ്, സി.എസ്. സിങ്, വിപിന്‍ ദഹല്‍, മന്‍വീത് എന്നിവരാണ് തിരച്ചില്‍ നടത്തിയത്. |
എറണാകുളം നഗരത്തില്‍ പോക്കറ്റടി സംഘം വിലസുന്നു Posted: 29 Mar 2013 11:01 PM PDT കൊച്ചി: എറണാകുളം നഗരത്തില്‍ പോക്കറ്റടി സംഘം വിലസുന്നു. വിദഗ്ധ പരിശീലനം ലഭിച്ച സംഘങ്ങളാണ് ബസ്സ്റ്റാന്‍ഡുകളും ബസ്സ്റ്റോപ്പുകളും കേന്ദ്രീകരിച്ച് സജീവമായത്. പൊലീസ് ഇടപെടലില്‍ കുറച്ചുകാലമായി നഗരം വിട്ട പോക്കറ്റടി സംഘമാണ് ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, വൈറ്റില മൊബിലിറ്റി ഹബ്, ഹൈകോടതി ജങ്ഷന്‍, മേനക ജങ്ഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സംഘങ്ങള്‍ കേന്ദ്രീകരിക്കുന്നത്. തിരക്കുള്ള സമയത്ത് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളിലും പോക്കറ്റടി നടക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള വേളകളില്‍ ബസ്സ്റ്റാന്‍ഡുകളില്‍ കൃത്രിമ തിരക്ക് കൂട്ടിയും പോക്കറ്റടി നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ് ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്‍െറ പോക്കറ്റടിച്ചു. പാന്‍റ്സിന്‍െറ പിന്‍വശത്തെ പോക്കറ്റില്‍ ഇട്ടിരുന്ന പഴ്സില്‍ 2000 രൂപയോളം ഉണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതിപ്പെട്ടെങ്കിലും പിന്‍പോക്കറ്റില്‍ പഴ്സ് ഇട്ടതിന് യുവാവിനെ ആക്ഷേപിച്ച് വിടുകയാണ് ചെയ്തത്. ചില പോക്കറ്റടി സംഘവുമായി പൊലീസുകാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. രാവിലെയും വൈകുന്നേരവും പശ്ചിമകൊച്ചിയില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും തിരക്കേറിയ സമയത്ത് സ്വകാര്യ ബസുകളില്‍ പോക്കറ്റടി പതിവാണ്. പോക്കറ്റടിക്കൊപ്പം ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാഹനങ്ങളുടെ പാര്‍ട്ട് എന്നിവയുടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്. പ്രായമായ സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നുണ്ട്. |
200 ഏക്കര്‍ വടക്കേപ്പാടം നികത്തല്‍ : കളിമണ്‍- ഭൂമാഫിയ സംഘത്തിന് മൂക്കുകയര്‍ Posted: 29 Mar 2013 10:55 PM PDT തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ കളിമണ്‍ ഖനനത്തിന്‍െറ മറവില്‍ പാടശേഖരം അനധികൃതമായി മണ്ണിട്ടുനികത്തിയ സംഭവ ത്തില്‍ കലക്ടറുടെ ഇടപെടലോടെ തുടര്‍നടപടിയുണ്ടാകുമെന്ന പ്രതീക്ഷയി ലാണ് കര്‍ഷകര്‍. നടത്തറ പഞ്ചായത്തിലെ മൂര്‍ക്കനിക്കരയില്‍ 200 ഏക്കര്‍ വടക്കേപ്പാടമാണ് കളിമണ്‍-ഭൂമാഫിയ സംഘങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. കൊഴുക്കള്ളി വില്ലേജിലെ കൃഷി ഭൂമിയില്‍ നടന്ന നിലം നികത്തല്‍ നേരില്‍ പരിശോധിച്ച കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ തൃശൂര്‍ അഡീ. തഹസില്‍ദാറെ പ്രത്യേകം ചുമതലപ്പെടുത്തിഉത്തരവിട്ടിരിക്കുകയാണ്. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പുള്ള പെര്‍മിറ്റിന്‍െറ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രവര്‍ത്തനം നീതീകരിക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. കര്‍ശന നിബന്ധനകളോടെ 15 ദിവസത്തിനകം 1000 മെട്രിക്ക് ടണ്‍ കളിമണ്ണ് ഖനനം ചെയ്യാന്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് 2008ല്‍ നല്‍കിയ അനുമതിയുടെ മറവിലാണ് നാലുകൊല്ലം തുടര്‍ച്ചയായി തട്ടിപ്പ് അരങ്ങേറിയത്. സ്വകാര്യവ്യക്തിയുടെ 1.64 ഏക്കറിലെ 25 സെന്‍റില്‍നിന്ന് കളിമണ്ണെടുക്കാനാണ് അനുമതി. എന്നാല്‍, പരിസരത്തെ ഇരട്ടിയോളം വരുന്ന ഭൂമിയില്‍നിന്ന് അനുവാദമുള്ളതിന്‍െറ പതിന്മടങ്ങ് കളിമണ്ണെടുത്തതായാണ് വിവരം. ചട്ടപ്രകാരം പാടത്തിന്‍െറ മൂന്നടിയെ താഴ്ത്താന്‍ പാടുള്ളൂ. എന്നാല്‍, 10 അടി വരെ താഴ്ചയില്‍ മണ്ണെടുത്തിരി ക്കുകയാണ്. കളിമണ്ണെടുത്ത പ്രദേശം അഗാധ ഗര്‍ത്തമായി. നികത്തിയ ഭൂമിയില്‍ നിയമവിരുദ്ധമായി റോഡും കുളവും മോട്ടോര്‍ ഷെഡും ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളും നടത്തിയിട്ടുണ്ട്. അനുവദിച്ചതിനേക്കാര്‍ കൂടുതല്‍ കളിമണ്ണെടുത്തുവെന്ന് 2008ല്‍ തന്നെ അധികൃതര്‍ക്ക് ബോധ്യപ്പെടുകയും 25,000 രൂപ കുറ്റക്കാരില്‍നിന്ന് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. നെല്‍കര്‍ഷകരുടെ മനോവീര്യം തകര്‍ക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് 2008 മുതല്‍ അരങ്ങേറിയിരുന്നത്. ചീരക്കാവില്‍ ഭഗവതി ക്ഷേത്രത്തിന് തെക്കുകിഴക്കും മുളയം എസ്.ഒ.എസ് ഗ്രാമത്തിന് പടിഞ്ഞാറുമായുള്ള ഫലഭൂയിഷ്ഠവും പ്രകൃതി രമണീയവുമായ 200 ഏക്കര്‍ നെല്‍കൃഷി നടക്കുന്ന പാടശേഖരം റിയല്‍ എസറ്റേറ്റ് മാഫിയ തട്ടിയെക്കാനുള്ള ശ്രമമാരംഭിച്ചിട്ട് വര്‍ഷങ്ങളായി.നാട്ടുകാരുടേയും കര്‍ഷകരുടെയും ജാഗ്രത കൊണ്ടാണ് ഇത്രയും നാള്‍ ഇതുതടയാനായത്. അനധികൃതമായി പാടത്തിട്ട മണ്ണുനീക്കാന്‍ കലക്ടറുടെ ഉത്തരവില്‍ മുമ്പ് നടപടി സ്വീകരിച്ചതാണ്. എന്നാല്‍, അധികൃതരുടെ കണ്ണില്‍ പൊടിയിടാന്‍ പേരിന് മൂന്നുലോഡ് മണ്ണുമാത്രം നീക്കുകയും ബാക്കി മണ്ണ് അവിടെത്തന്നെ നിരപ്പാക്കുകയുമായിരുന്നു. ഇതിനെതിരെ പരിസരവാസികള്‍ രംഗത്തുവരികയും ഫെബ്രുവരി 23ന് നടത്തറ കൃഷിഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നോട്ടീസ് ലഭിച്ച് രണ്ടാഴ്ചക്കകം നിലം കൃഷിഓഫിസറുടെ നേതൃത്വത്തില്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ മൂര്‍ക്കനിക്കര വടാശേരി പുഷ്ക്കരന്‍െറ ഭാര്യ കാര്‍ത്യായനിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കൃഷി ചെയ്യുന്നില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ വില്ലേജോഫിസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.നിലം നികത്താനുള്ള ചെലവ് റവന്യൂ റിക്കവറിയിലൂടെ സ്ഥലമുടമയില്‍നിന്ന് ഈടാക്കണമെന്നും വസ്തു ഉടമസ്ഥ കൃഷി ചെയ്യാത്ത പക്ഷം കൃഷി ചെയ്യിക്കാന്‍ കൃഷിഓഫിസര്‍ നടപടിയെടുക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്. പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം മണ്ണ് നീക്കുന്ന മുറക്ക് വിട്ടുനല്‍കാനാണ് ഉത്തരവില്‍ പറയുന്നതെങ്കിലും വളരെ പെട്ടെന്ന് മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യ വ്യവസ്ഥയില്‍ വിട്ടുനല്‍കി. നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വാഹനം തിരിച്ചുപിടിക്കണമെന്ന് കലക്ടറുടെ ഉത്തരവിലുണ്ട്. നടപടി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും കൃഷിക്കാര്‍ക്കുണ്ട്. |
No comments:
Post a Comment