സ്വാഗതം
WELCOME

News Update..

Thursday, March 14, 2013

വിവിധ തരം ഫണ്ടുകള്‍ Madhyamam News Feeds

വിവിധ തരം ഫണ്ടുകള്‍ Madhyamam News Feeds

Link to

വിവിധ തരം ഫണ്ടുകള്‍

Posted: 13 Mar 2013 11:53 PM PDT

Image: 
Subtitle: 
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ? -2

നിക്ഷേപലക്ഷ്യത്തെ അടിസ്ഥാനമാക്കി മ്യൂച്വല്‍ ഫണ്ടുകളെ വീണ്ടും തരം തിരിക്കാം. അവയില്‍ പ്രധാനപ്പെട്ടവ:

ഗ്രോത്ത് അഥവാ ഇക്വിറ്റി ഫണ്ട്
വളര്‍ച്ചാ (ഗ്രോത്ത്) ഫണ്ടുകളുടെ ലക്ഷ്യം മധ്യ-ദീര്‍ഘകാലത്തേക്ക് നിക്ഷേപകന് മൂലധന വളര്‍ച്ച ഉണ്ടാക്കിക്കൊടുക്കുകയാണ്. ഫണ്ടിലെ ഭൂരിഭാഗം തുകയും ഇതിനായി ഓഹരികളിലാണ് നിക്ഷേപിക്കുക. അതുകൊണ്ടുതന്നെ, ഇക്വിറ്റി ഫണ്ട് എന്നും ഇതറിയപ്പെടുന്നു. നിക്ഷേപം കൂടുതലും ഓഹരിയിലായതിനാല്‍ തന്നെ താരതമ്യേന റിസ്കും കൂടുതലാണ്. ദീര്‍ഘകാല നിക്ഷേപ വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ടാണിത്. ഫണ്ടിലുണ്ടാകുന്ന വളര്‍ച്ച ലാഭവിഹിതമായി കമ്പനി പ്രഖ്യാപിക്കുന്ന മുറക്ക് വാങ്ങുന്ന ഡിവിഡന്‍റ് ഓപ്ഷനും ലാഭവിഹിതം വാങ്ങാതെ നിക്ഷേപ വളര്‍ച്ച ലക്ഷ്യമിടുന്ന ഗ്രോത്ത് ഓപ്ഷനും നിക്ഷേപകന് തെരഞ്ഞെടുക്കാം. ലാഭവിഹിതം നേരില്‍ വാങ്ങാതെ അതേ ഫണ്ടില്‍ തന്നെ നിക്ഷേപിക്കുന്ന റീ ഇന്‍വെസ്റ്റ്മെന്‍റ് ഓപ്ഷനുമുണ്ട്.

ഡെബ്റ്റ് അഥവാ ഇന്‍കം ഫണ്ട്
അധികം റിസ്ക് എടുക്കാന്‍ തയാറല്ലാത്ത നിക്ഷേപകര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ഫണ്ട്. നിശ്ചിത വരുമാനം ഉറപ്പുതരുന്ന ബോണ്ട്, കടപ്പത്രം, സ്ഥിരനിക്ഷേപം, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലായിരിക്കും ഭൂരിഭാഗം ഫണ്ടും നിക്ഷേപിക്കുക. അതില്‍നിന്ന് ലഭിക്കുന്ന പലിശയാണ് പ്രധാന വരുമാനം. ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഇതിനെ ബാധിക്കില്ല. എന്നാല്‍, റിസര്‍വ് ബാങ്കിന്‍െറ പലിശനിരക്കിലെ മാറ്റം വരുമാനത്തെ ബാധിക്കും. നിക്ഷേപകന് കൃത്യമായ വരുമാനം ഉറപ്പുതരുന്നുണ്ടെങ്കിലും വളര്‍ച്ചയുടെ തോത് പരിമിതമാണ്. പലിശയധിഷ്ഠിതമായതിനാല്‍ വിശ്വാസപരമായി വിലക്കുള്ളവര്‍ക്ക് ഇത് അനുയോജ്യമല്ല.

ബാലന്‍സ്ഡ് ഫണ്ട്
ഓഹരികളിലും സ്ഥിരവരുമാനം ഉറപ്പുതരുന്ന ബോണ്ട്, കടപ്പത്രം, സ്ഥിരനിക്ഷേപം തുടങ്ങിയവയിലും ഒരുപോലെ നിക്ഷേപിക്കുന്ന ഫണ്ടുകളാണിത്. എത്ര ശതമാനം വീതം രണ്ടിനത്തിലുമായി നിക്ഷേപിക്കുമെന്നത് ഓഫര്‍ ഡോക്യുമെന്‍റില്‍ പറഞ്ഞിട്ടുണ്ടാകും. സാധാരണ ഗതിയില്‍ 40 ശതമാനം ഓഹരികളിലും 60 ശതമാനം പലിശയധിഷ്ഠിത സെക്യൂരിറ്റികളിലുമായാണ് നിക്ഷേപിക്കുക. മിതമായ വളര്‍ച്ച ആഗ്രഹിക്കുന്ന എന്നാല്‍, അധികം റിസ്ക് എടുക്കാന്‍ തയാറല്ലാത്ത നിക്ഷേപകര്‍ക്കുവേണ്ടിയുള്ള ഫണ്ടാണിത്. കാരണം, ഓഹരി വിപണിയിലെ വലിയ ഇടിവുകള്‍ നിക്ഷേപത്തെ പൂര്‍ണമായി ബാധിക്കില്ല.

മണി മാര്‍ക്കറ്റ് അഥവാ ലിക്വിഡ് ഫണ്ട്
ഒരുതരം ഡെബ്റ്റ് ഫണ്ട്  തന്നെയാണിത്. എന്നാല്‍, ഹ്രസ്വകാലത്തേക്ക് പണലഭ്യത ഉറപ്പുതരുന്നു. ഹ്രസ്വകാല നിക്ഷേപങ്ങളായ ട്രഷറി ബില്‍, കാള്‍ മണി, സര്‍ക്കാര്‍ ബോണ്ടുകള്‍ തുടങ്ങിയ ചാഞ്ചാട്ടം തീരെ കുറഞ്ഞ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുക. ഒരു ദിവസത്തേക്ക് പോലും ഇതില്‍ നിക്ഷേപം നടത്താം.

ഗില്‍റ്റ് ഫണ്ടുകള്‍
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളാണിത്. അതുകൊണ്ടുതന്നെ, റിസ്ക് തീരെയില്ല. പക്ഷേ, പലിശയധിഷ്ഠിതമാണ്.

ഇന്‍ഡക്സ് ഫണ്ടുകള്‍
ഓഹരി സൂചികകളായ സെന്‍സെക്സ്, നിഫ്റ്റി തുടങ്ങിയവയില്‍ ഉള്‍പ്പെടുന്ന ഓഹരികളില്‍ അതേ അനുപാതത്തില്‍ നിക്ഷേപിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഈ സൂചികകളിലെ കയറ്റിറക്കങ്ങള്‍ക്ക് ആനുപാതികമായി ഇവയുടെ അറ്റ ആസ്തി മൂല്യത്തിലും മാറ്റമുണ്ടാകും. ഓഹരി വിപണി വഴി വ്യാപാരം നടത്താവുന്ന ഇന്‍ഡക്സ് ഫണ്ടുകളും ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ പുറത്തിറക്കുന്നുണ്ട്.

സെക്ടര്‍ ഫണ്ട്
മുകളില്‍ പറഞ്ഞ ഫണ്ടുകളെല്ലാം വൈവിധ്യമാര്‍ന്ന മേഖലകളിലെ ഓഹരികളിലാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ചില പ്രത്യേക മേഖലയിലെ ഓഹരിയില്‍ മാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് സെക്ടര്‍ ഫണ്ടുകള്‍. ഉദാഹരണമായി ഔധ മേഖലയില്‍ മാത്രം നിക്ഷേപിക്കുന്നവ, ഐ.ടി.കമ്പനികളുടെ ഓഹരികളില്‍ മാത്രം, അല്ലെങ്കില്‍ പെട്രോളിയം കമ്പനികളില്‍ മാത്രം എന്നിങ്ങനെ. അതത് കാലത്ത് വലിയതോതില്‍ വളര്‍ച്ചകാണിക്കുന്ന മേഖലകളില്‍ നിക്ഷേപമിറക്കുന്ന സെക്ടര്‍ ഫണ്ടുകള്‍ മികച്ചപ്രകടനമാണ് കാഴ്ചവെക്കുക. എങ്കിലും, സര്‍ക്കാര്‍ നയത്തില്‍ വരുന്ന മാറ്റങ്ങളും ബാഹ്യസമ്മര്‍ദങ്ങളും വിപണിയിലെ അപകട സാധ്യതകളുമെല്ലാം ഒരു മേഖലയുടെ ലാഭത്തെ പെട്ടെന്ന് തടയാം. അതുകൊണ്ടുതന്നെ, വൈവിധ്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ റിസ്ക് കൂടുതലാണ് സെക്ടര്‍ ഫണ്ടുകളില്‍. അതേസമയം, വിവിധ മേഖലകളെ സൂക്ഷ്മമായി നിരീക്ഷിച്ച് വളര്‍ച്ചയുള്ളവയെ കണ്ടെത്തി നിക്ഷേപിക്കുകയും ഉചിത സമയത്ത് പിന്‍വലിക്കുകയും ചെയ്താല്‍ മികച്ച ലാഭമുണ്ടാക്കാനും സാധിക്കും.

ഫണ്ട് ഓഫ് ഫണ്ട്സ്
പ്രധാനമായും അതേ മ്യൂച്വല്‍ ഫണ്ടിന്‍െറ മറ്റു സ്കീമുകളിലോ മറ്റു മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപം നടത്തുന്ന രീതിയാണിത്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം  എങ്ങനെ? -1

ഓഹരി നിക്ഷേപം മ്യൂച്വല്‍ ഫണ്ടിലൂടെ

Posted: 13 Mar 2013 11:47 PM PDT

Image: 

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിലെ അപകടസാധ്യതയും സാങ്കേതിക പരിജ്ഞാനക്കുറവും കാരണം വിട്ടുനില്‍ക്കുന്ന ധാരാളം പേരുണ്ട്. ആദായനികുതിയില്‍ കിഴിവ് ലഭിക്കുന്നതിന് ഓഹരിവിപണിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാത്തവരും കുറവല്ല.
ഓഹരിവിപണിയില്‍ സാധാരണ നിക്ഷേപകര്‍ക്ക് വിജയം കൈവരിക്കുക എളുപ്പമല്ല. വിപണിയിലെ അനുകൂല-പ്രതികൂല ഘടകങ്ങള്‍ വിലയിരുത്തി മികച്ച ഓഹരികള്‍ കണ്ടെത്താനും നിക്ഷേപമിറക്കി ലാഭമുറപ്പിക്കാനും അപകടസാധ്യത മുന്‍കൂട്ടി കാണാനും എല്ലാവര്‍ക്കും സാധിക്കില്ലെന്നതുതന്നെ കാരണം. ഇത്തരക്കാര്‍ക്ക് ഓഹരിവിപണിയില്‍ നേരിട്ടല്ലാതെ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍, പലര്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ എന്താണെന്നോ അതില്‍ എങ്ങനെ നിക്ഷേപിക്കണമെന്നോ അറിയില്ല.
ഇവിടെ നാം ഏല്‍പിക്കുന്ന പണം മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങളിലെ ഫണ്ട് മാനേജര്‍മാര്‍ മികച്ച ലാഭം ലഭിക്കുന്ന ഓഹരികളിലും മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നു. അതില്‍നിന്ന് ലഭിക്കുന്ന ആദായം നിക്ഷേപകര്‍ക്കിടയില്‍ മുതല്‍മുടക്കിന്‍െറ അനുപാതത്തില്‍ ലാഭവിഹിതമായോ ആസ്തിയിലുണ്ടാകുന്ന വര്‍ധനയായോ പങ്കുവെക്കുന്നു. ലളിതമായി പറഞ്ഞാല്‍ പണം നമ്മുടേതാണെങ്കിലും ഓഹരികളും മറ്റു നിക്ഷേപവസ്തുക്കളും തെരഞ്ഞെടുക്കുക ഈ രംഗത്തെ അടിമുടി വിശകലനം ചെയ്യാനറിയുന്ന വിദഗ്ധരായിരിക്കും. അതുവഴി സങ്കീര്‍ണമായ ഉത്തരവാദിത്തത്തില്‍നിന്ന് സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാം.
മ്യൂച്വല്‍ ഫണ്ടുകളെ സംബന്ധിച്ചിടത്തോളം നിക്ഷേപകര്‍ക്ക് നല്ല ലാഭവിഹിതം നേടിക്കൊടുത്താലേ  വിപണിയില്‍ പിടിച്ചുനില്‍ക്കാനാകൂ എന്നതിനാല്‍ വളരെ സൂക്ഷ്മതയോടും ഗൗരവത്തോടെയുമായിരിക്കും അവരുടെ പ്രവര്‍ത്തനം. അപകടം ഒഴിവാക്കാന്‍ വൈവിധ്യമാര്‍ന്ന മേഖലകളിലെ ഓഹരികളിലായിരിക്കും പ്രഫഷനല്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപിക്കുക.
പലപ്പോഴും നാം നേരിട്ട് ഒന്നോ രണ്ടോ ഓഹരിയില്‍ നിക്ഷേപിച്ച് ഉണ്ടാക്കുന്നതിനേക്കാള്‍ മികച്ച ലാഭം മ്യൂച്വല്‍ ഫണ്ട് വഴി ലഭിക്കുകയും ചെയ്യും. വലിയ കമ്പനികളില്‍പോലും ചെറിയ തുകയില്‍ നിക്ഷേപം നടത്താമെന്നതും ഇതിന്‍െറ ഗുണമാണ്.
ഉദാഹരണത്തിന്, ഇന്‍ഫോസിസോ മാരുതിയോ പോലുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് താരതമ്യേന വില കൂടുതലായതിനാല്‍ അതില്‍ നിക്ഷേപമിറക്കണമെങ്കില്‍ വലിയൊരു തുക കൈയില്‍ വേണം. എന്നാല്‍, അഞ്ഞൂറോ ആയിരമോ രൂപയുണ്ടെങ്കില്‍ ഇത്തരം കമ്പനികളില്‍ ഉള്‍പ്പെടെ നിക്ഷേപമുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാനാകും. അതുവഴി അവരുടെ ലാഭത്തിന്‍െറ പങ്കുപറ്റുകയുമാകാം.
ഓഹരിവിപണിയെയും നിക്ഷേപകരെയും കൂട്ടിയിണക്കുന്ന ഇടനിലക്കാരനാണ് മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍. മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് നേരിട്ട് നാം വാങ്ങുക ഓഹരികളല്ല, യൂനിറ്റുകളാണ്. മിക്ക ഫണ്ടുകളുടെയും യൂനിറ്റ് വില 10 രൂപ മാത്രമാണ്. അതായത്, ഇത്തരം ലക്ഷക്കണക്കിന് യൂനിറ്റുകള്‍ വിറ്റ് ലഭിക്കുന്ന വലിയ തുകയാണ് വിവിധ ഓഹരികളില്‍ സ്ഥാപനങ്ങള്‍ നിക്ഷേപിക്കുക. ഓരോ യൂനിറ്റും ആ ഫണ്ടിലെ നിക്ഷേപകന്‍െറ ആനുപാതിക ഉടമസ്ഥാവകാശമാണ് കാണിക്കുന്നത്. ഓരോ യൂനിറ്റിന്‍െറയും മൂല്യമാണ് അറ്റ ആസ്തിമൂല്യം അഥവാ നെറ്റ് അസറ്റ് വാല്യൂ (എന്‍.എ.വി) എന്നറിയപ്പെടുന്നത്. ആകെ നിക്ഷേപമൂല്യത്തെ യൂനിറ്റുകളെകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന തുകയാണ് എന്‍.എ.വി. ഓഹരിയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറവിനനുസരിച്ച് എന്‍.എ.വിയിലും ദിനംപ്രതി മാറ്റം ഉണ്ടായിക്കൊണ്ടിരിക്കും. ഇതുവഴി നിക്ഷേപത്തിന്‍െറ മൂല്യം ഏതു സമയവും അറിയാന്‍ സാധിക്കും.
ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട് വിപണി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡസന്‍കണക്കിന് സ്ഥാപനങ്ങളുടെ നൂറുകണക്കിന് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. അതുകൊണ്ടുതന്നെ ഇവിടെയും ഓഹരിവിപണിയിലേതുപോലെ തെരഞ്ഞെടുപ്പ് സങ്കീര്‍ണമാകുന്നുണ്ട്. മികച്ച ലാഭവും സുരക്ഷിതത്വവും നല്‍കുന്ന ഫണ്ടുകള്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്നോര്‍ക്കുക. അതായത്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലും അപകടസാധ്യതയുണ്ടെന്നര്‍ഥം.
ഏത് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലുമുള്ളപോലെ നഷ്ടസാധ്യത മ്യൂച്വല്‍ ഫണ്ടിലുമുണ്ട്. ലാഭത്തില്‍ മാത്രമല്ല, നഷ്ടത്തിലും യൂനിറ്റ് ഉടമകള്‍ക്ക് പങ്കാളിത്തമുണ്ടെന്നോര്‍ക്കുക. ഓഹരികളിലും ബോണ്ടുകളിലും കടപ്പത്രങ്ങളിലും തുടങ്ങി ഇപ്പോള്‍ സ്വര്‍ണത്തില്‍ വരെ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളുണ്ട്. എവിടെയെല്ലാമാണ് നിക്ഷേപിക്കുകയെന്നും എന്താണ് ഫണ്ടിന്‍െറ ഉദ്ദേശ്യമെന്നുമെല്ലാം ഓഫര്‍ ഡോക്യുമെന്‍റില്‍ പറഞ്ഞിരിക്കും.
അതുകൊണ്ടുതന്നെ വിവിധ തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ഏതൊക്കെയാണെന്ന് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം. ഘടനാപരമായ രണ്ടു തരം മ്യൂച്വല്‍ ഫണ്ട് സ്കീമുകളാണുള്ളത്
1. ഓപണ്‍ എന്‍ഡഡ്: ഏതു സമയത്തും വിപണിയില്‍നിന്ന് വാങ്ങാവുന്നതും വില്‍ക്കാവുന്നതുമായ ഫണ്ടുകളാണിത്. അതത് ദിവസത്തെ എന്‍.എ.വി അടിസ്ഥാനമാക്കിയുള്ള വിലനിലവാരത്തിലായിരിക്കും വ്യാപാരം.
2. ക്ളോസ് എന്‍ഡഡ്:  ഇത്തരം ഫണ്ടുകള്‍ക്ക് നേരത്തേ നിശ്ചയിച്ച മച്യൂരിറ്റി കാലയളവുണ്ടായിരിക്കും. അഞ്ചു വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ. ഈ സ്കീം ആരംഭിക്കുന്ന സമയത്ത് മാത്രമേ നിക്ഷേപത്തിന് അവസരമുണ്ടാകൂ. അതിനുശേഷം വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍  ലിസ്റ്റ്ചെയ്ത സ്റ്റോക് എക്സ്ചേഞ്ച് വഴി മാത്രമേ സാധിക്കൂ. നിശ്ചിത കാലാവധിക്കുമുമ്പ് ഫണ്ടില്‍നിന്ന് ഒഴിവാകാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതിനായി ചില മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ യൂനിറ്റ് തിരിച്ചുവാങ്ങല്‍ പദ്ധതി പ്രഖ്യാപിക്കാറുണ്ട്.
നിക്ഷേപത്തെയും നിക്ഷേപ ലക്ഷ്യത്തെയും ലാഭവിഹിത വിതരണ രീതിയെയുമെല്ലാം അടിസ്ഥാനമാക്കി മ്യൂച്വല്‍ ഫണ്ട് സ്കീമുകളെ വീണ്ടും പലവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

mfiroskhan@gmail.com

കടല്‍ക്കൊല: ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി

Posted: 13 Mar 2013 11:03 PM PDT

Image: 

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ഈ മാസം 18 വരെ രാജ്യം വിട്ടുപോകരുതെന്നും സുപ്രീംകോടതി മാന്‍സീനിയോട് നിര്‍ദേശിച്ചു.

നേരത്തെ, ഇറ്റലിയുടെ നിലപാട് ആശങ്കാ ജനകമാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ഇറ്റാലിയന്‍ സ്ഥാനപതി സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പരമോന്നത നീതിപീഠം മാന്‍സീനിക്ക് നോട്ടീസയച്ചിരിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്റെനേതൃത്വത്തിലുള്ള ബെഞ്ചാണ്് മാന്‍സീനിക്ക് നോട്ടീസയച്ചിരിക്കുന്നത്. ഇറ്റലിയിലേക്ക് കടന്ന നാവികര്‍ക്കും സ്ഥാനപതി മുഖേന സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്്. വിചാരണയ്ക്കായി നാവികരെ തിരികെ എത്തിക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദശേം. വിശദീകരണം മാര്‍ച്ച് 18 ന് മുന്‍പ് നല്‍കണം.

അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതിയാണ് വിഷയം സുപ്രീംകോടതിക്ക് മുമ്പാകെ ഉന്നയിച്ചത്.

 

ഹമദ് വിമാനത്താവളം: പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരം

Posted: 13 Mar 2013 10:54 PM PDT

Image: 

ദോഹ: നിര്‍ദിഷ്ട ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിന്‍െറ ആദ്യഘട്ടം അടുത്ത മാസം ഒന്നിന് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ ഊര്‍ജിതമായി. ഇതിന്‍െറ ഭാഗമായി വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടന്നുവരുന്നതായി ഖത്തര്‍ എയര്‍വെയ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിരിക്കുന്ന പുതിയ വിമാനത്താവളത്തില്‍ യാത്രക്കാരുടെ നീക്കവും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമാണ് ഇപ്പോള്‍ വിവിധ ഘട്ടങ്ങളാലായി പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്നത്. ചെക്ക് ഇന്നും ഇമിഗ്രേഷനും മുതല്‍ അറൈവലും വിമാനത്തിലെ ബോര്‍ഡിംഗും വരെയുള്ള നടപടിക്രമങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേര്‍ ഇതിനകം പങ്കെടുത്തു. നിലവിലുള്ള ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി മാറ്റുന്നത് ഉറപ്പാക്കാന്‍ വരും ആഴ്ചകളില്‍ നടക്കുന്ന ട്രയലുകളില്‍ 2500ഓളം പേര്‍ പങ്കെടുക്കും. ചരിത്രപ്രധാനമായ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന പുതിയ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നടക്കുന്ന പരീക്ഷണ നടപടികള്‍ സുപ്രധാനമാണെന്ന് ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുന്നതോടെ പത്ത് കമ്പനികളുടെ വിമാന സര്‍വീസുകള്‍ ഹമദ് വിമാനത്താവളത്തില്‍ നിന്നായിരിക്കും. എന്നാല്‍, ഖത്തര്‍ എയര്‍വെയ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ മാത്രമേ പൂര്‍ണമായി പുതിയ വിമാനത്താവളത്തിലേക്ക് മാറുകയുള്ളൂ.
ഹമദ് വിമാനത്താവളത്തില്‍ നൂറ് കോടി ഡോളര്‍ ചെലവില്‍ സജ്ജമാക്കുന്ന ലോകോത്തര നിലവാരമുള്ള കാര്‍ഗോ ടെര്‍മിനല്‍ ഏപ്രില്‍ എട്ടിനായിരിക്കും ഉദ്ഘാടനം ചെയ്യുക. 2,90,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലിന് പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടായിരിക്കും. 42 എയര്‍സൈഡ് ലോഡിങ് ഡോക്കുകള്‍, 32 ലാന്‍റ്സൈഡ് ഡോക്കുകള്‍, ശീതീകരിച്ച വെയര്‍ഹൗസ്, ഓട്ടോമാറ്റിക് സ്റ്റോറേജ് സംവിധാനം, കാര്‍ഗോ ഏജന്‍റുമാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ പുതിയ ടെര്‍മിനലിലുണ്ട്.

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്താല്‍ വിദ്യാര്‍ഥി ആസൂത്രണം ചെയ്ത നാടകമെന്ന് പൊലീസ്

Posted: 13 Mar 2013 10:46 PM PDT

Image: 

മസ്കത്ത്: വാദി കബീറില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം കെട്ടുകഥയാണെന്ന് വ്യക്തമായി. മാര്‍ക്ക് കുറഞ്ഞാല്‍ പിതാവ് വഴക്ക് പറയുമെന്ന ഭയത്താല്‍ പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥി തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍ പെട്ട പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. താന്‍ കാറില്‍ നിന്നിറങ്ങി മലമുകളിലേക്ക് പോകുകയായിരുന്നുവെന്ന് വിദ്യാര്‍ഥി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മലമുകളില്‍ പലയിടത്തായി 26 മണിക്കൂര്‍ ഒളിച്ചുകഴിഞ്ഞു. ഒടുവില്‍ കൈയും കാലും കയര്‍ ഉപയോഗിച്ച് ബന്ധിച്ച ശേഷം നിലവിളിക്കുകയായിരുന്നുവത്രെ. കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ റൂവി പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി സുലൈമാന്‍ അല്‍ റഷീദി അറിയിച്ചു.
പത്തനം തിട്ട റാന്നി സ്വദേശി എബ്രഹാം സാമുവലിന്‍െറ മകന്‍ നോയല്‍ സാം എബ്രഹാമിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വാദി കബീറിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് പരിസരത്തുനിന്ന് കാണാതായത്. ശനിയാഴ്ച രാത്രി ഒരുമണിയോടെ ലുലുവിന് പുറകിലെ മലമുകളില്‍ കൈയും കാലും കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ലുലുവില്‍ മാതാപിതാക്കള്‍ക്കും ഇളയ സഹോദരനുമൊപ്പം ഷോപ്പിങിനെത്തിയതായിരുന്നു ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായ നോയല്‍. പരീക്ഷാക്കാലമായതിനാല്‍ നോയലിനോട് കാറിലിരുന്ന് പഠിക്കാന്‍ ആവശ്യപ്പെട്ട് മറ്റുള്ളവര്‍ ഷോപ്പിങിന് കയറി. ഇടക്ക് രണ്ടുമൂന്ന് തവണ പിതാവ് പുറത്തിറങ്ങി നോക്കിയപ്പോള്‍ നോയല്‍ കാറില്‍ തന്നെയുണ്ടായിരുന്നു. ഷോപ്പിങിന് ശേഷം തിരികെ വീട്ടിലേക്ക് പോകാനെത്തിയപ്പോഴാണ് നോയലിനെ കാണാതായത്. നോയലിന്‍െറ ചെരിപ്പും പുസ്തകങ്ങളും വസ്ത്രത്തിന്‍െറ ഭാഗവും കാറില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസും മറ്റുള്ളവരും ചേര്‍ന്ന് പരിസരത്ത് മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രി ഒരുമണിയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലുലുവിലെ ജീവനക്കാര്‍ മലമുകളില്‍ നിന്ന് കരച്ചില്‍ കേട്ട് ചെന്നപ്പോഴാണ് കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് ക്ളോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞത്. കാറില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ സൈറണ്‍ മുഴങ്ങിയിരുന്നുവെന്നും ആരും ശ്രദ്ധിച്ചില്ല. മലമുകളില്‍ പലയിടത്തായി കൊണ്ടുപോയി ഉപദ്രവിച്ചുവെന്നും വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നോയലിന്‍െറ മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍ പെട്ടു. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ നോയല്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതിനാല്‍ ജാമ്യം ലഭിക്കുന്നതുവരെയോ വിചാരണക്കെടുക്കുന്നതുവരെയോ നോയലിന് അല്‍ ബുസ്താനിലെ ജുവനൈല്‍ ഹോമില്‍ കഴിയേണ്ടിവരുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച വിശദാംശങ്ങളറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ നോയലിന്‍െറ പിതാവിനെ ബന്ധപ്പെട്ടെങ്കിലും ഒന്നുമറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കുട്ടിയെ കാണാതായതും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയതും പ്രവാസി മലയാളികളില്‍ ഭീതിയുണ്ടാക്കിയിരുന്നു.
സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റും സംഭവം സജീവ ചര്‍ച്ചാവിഷയമാവുകയും തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയടക്കം വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കടല്‍ക്കൊല: നാവികരുടെ ഒളിച്ചോട്ടം സുപ്രീംകോടതിയെ കബളിപ്പിച്ചു തന്നെ

Posted: 13 Mar 2013 10:21 PM PDT

Image: 

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് രക്ഷപ്പെട്ടത് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ചു തന്നെയായിരുന്നുവെന്നതിന് പുതിയ തെളിവ്. നാവികര്‍ക്ക് വോട്ടുചെയ്യാനായി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനി കോടതിയെ തെറ്റിധരിപ്പിച്ചാണ് ഇത്തരമൊരു വിധി നേടിയെടുത്തതെന്ന് വിധി പ്രസ്താവം വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വോട്ടുചെയ്യാന്‍ പ്രതികള്‍ക്ക് സാധ്യമല്ലെന്നും അതുകൊണ്ടു തന്നെ അവരെ നാട്ടിലേക്ക് അയക്കണമെന്നുമാണ് മാന്‍സീനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇക്കാര്യം ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ്ങിന് സൗകര്യമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് മാന്‍സീനി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ഇതോടെ വ്യക്തമായി. പോസ്റ്റല്‍ വോട്ടിങ് സൗകര്യമുള്ളപ്പോള്‍ നാവികര്‍ക്ക് ജാമ്യം അനുവദിച്ചതെന്തിന് എന്ന ചോദ്യം തുടക്കം മുതലേ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിധി പ്രസ്താവം പുറത്തുവന്നതോടെയാണ് ഇറ്റാലിയന്‍ സ്ഥാനപതി സുപ്രീംകോടതിയെ കബളിപ്പിച്ചതിന്റെകഥ വെളിപ്പെട്ടത്.

2001 വരെ ഇറ്റലിയില്‍ പോസ്റ്റല്‍ വോട്ടിങ് സൗകര്യമില്ലായിരുന്നു. വിദേശത്തുള്ള നിരവധി ഇറ്റാലിയന്‍ പൗരന്മാരുടെ ആവശ്യത്തെ തുടര്‍ന്ന് 2006ലാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഇറ്റലി ഉപയോഗപ്പെടുത്തി തുടങ്ങിയത്. 2013ല്‍െ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ ഇക്കാര്യം എടുത്തു പറയുന്നുമുണ്ട്. അന്താരാഷ്ട്ര ദൗത്യങ്ങളിലേര്‍പ്പെട്ടിട്ടുള്ള സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിജ്ഞാപനത്തില്‍ പ്രത്യേകം പരമാര്‍മശിക്കുന്നുമുണ്ട്. ഇക്കാര്യമെല്ലാം മറച്ചുവെച്ചാണ് മാന്‍സീനി കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത്.

 

സൗദിയിലെ പ്രവാസികളുടെ സേവനം അവഗണിക്കാനാവാത്തത് - അബ്ദുല്‍അസീസ് അല്‍ ഈസാ

Posted: 13 Mar 2013 10:19 PM PDT

Image: 

റിയാദ്: രാജ്യത്തെ പ്രവാസിസമൂഹം വിവിധ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്നും രാഷ്ട്രത്തിന്‍െറ സര്‍വതോമുഖമായ പുരോഗതിയില്‍ അവരുടെ പങ്ക് അവഗണിക്കാനാവില്ലെന്നും സൗദി ശൂറാ കൗണ്‍സില്‍ അംഗവും ‘അദ്ദഅ്വ’ പത്രത്തിന്‍െറ ചീഫ് എഡിറ്ററുമായ അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്‍കരീം അല്‍ ഈസാ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആതുരാലയങ്ങളിലും നിര്‍മാണമേഖലയിലും പ്രവാസി സമൂഹത്തിന്‍െറ വന്‍സാന്നിധ്യമുണ്ട്. സാമൂഹികജീവിതത്തില്‍ ഉണ്ടാകാറുള്ള സ്വാഭാവിക പ്രശ്നങ്ങളല്ലാതെ പ്രവാസിസമൂഹത്തെക്കുറിച്ച് ഭരണകൂടത്തിന് പരാതികളോ പരിഭവമോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍രംഗത്ത് പുതുതായി വന്നുകൊണ്ടിരിക്കുന്ന നിയമങ്ങള്‍ രാജ്യത്തിന്‍െറ സുഗമമായ മുന്നോട്ടുപോക്കിനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇത് ഏതെങ്കിലും വിഭാഗത്തെ പ്രയാസപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ളതല്ലെന്നും ചോദ്യത്തിനു മറുപടിയായി അബ്ദുല്‍അസീസ് ഈസാ പറഞ്ഞു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് അധികബാധ്യത തീരുമാനം തൊഴില്‍രംഗത്തെ പരിഷ്കരണങ്ങളുടെ ഭാഗമായി തൊഴില്‍ മന്ത്രാലയം കൈക്കൊണ്ട നടപടിയാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പരിഷ്കരണങ്ങള്‍ കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രതികൂലമായി ബാധിച്ചതായി അറിവില്ലെന്നു അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പരമോന്നത നിയമനിര്‍മാണ, മാര്‍ഗനിര്‍ദേശകവേദിയായ ശൂറാ കൗണ്‍സിലില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ തീരുമാനം ഇസ്ലാമിന്‍െറ മഹിതപാരമ്പര്യം ഉള്‍ക്കൊണ്ടുള്ളതാണ്. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനുള്ള തീരുമാനം വിജയപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചകന്‍െറ കാലം തൊട്ടുതന്നെ സ്ത്രീകള്‍ സമൂഹത്തില്‍ വിവിധ പദവികള്‍ വഹിച്ചുപോന്നിട്ടുണ്ട്. അധ്യയനം മുതല്‍ സാമൂഹികസേവന രംഗത്തും യുദ്ധരംഗത്തു പോലും അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അവരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു മുന്നേറ്റത്തിന് ഇസ്ലാം ശ്രമിച്ചിട്ടില്ല. ഈ പാരമ്പര്യം ഇസ്ലാമിന്‍െറ അടിസ്ഥാനങ്ങളിലൂന്നിയ രാജ്യം എന്ന നിലയില്‍ സൗദി അറേബ്യ നിലനിര്‍ത്തിപ്പോരുന്നു. ശൂറയില്‍ ഇപ്പോഴാണ് വനിതകള്‍ക്ക് അംഗത്വം ലഭിക്കുന്നതെങ്കിലും നേരത്തേ വിവിധ കണ്‍ട്ടള്‍ട്ടന്‍റ് കമ്മിറ്റികളിലും വിദഗ്ധ സമിതികളിലും സ്ത്രീകള്‍ക്ക് അംഗത്വമുണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്തും ഇതര സാമൂഹികമേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സൗദിയിലെ വനിതകള്‍ക്ക് ലഭിച്ച അര്‍ഹമായ ഈ അംഗീകാരം വിജയപ്രദമാകുമെന്നുറപ്പുണ്ടെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയും സൗദിയും തമ്മിലുള്ളത്. പണ്ടുകാലം തൊട്ടേ അറബ്നാടുകള്‍ വ്യാപാരബന്ധമുറപ്പിച്ച നാടാണത്. നാളിതുവരെയും ആ ബന്ധം പോറലേല്‍ക്കാതെ നിലനിന്നു വരുന്നു. 2006ല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ഇന്ത്യാസന്ദര്‍ശനം ഈ ബന്ധത്തിലെ സുപ്രധാനമായ ചുവടുവെപ്പായിരുന്നുവെന്നു അന്ന് സംഘത്തിലുണ്ടായിരുന്ന അബ്ദുല്‍അസീസ് ഈസാ അനുസ്മരിച്ചു. രണ്ടുനാള്‍ ഇന്ത്യയില്‍ തങ്ങിയ സംഘം രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാസ്പീക്കര്‍ തുടങ്ങി ഭരണ, രാഷ്ട്രീയമണ്ഡലങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൗദി അറേബ്യയും സന്ദര്‍ശിക്കുകയുണ്ടായി. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ സഹകരണം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമരംഗത്തെ വിസ്മയാവഹമായ പുരോഗതിയുടെ കാലത്ത് ജീവിക്കുന്ന പുതുതലമുറ അതിന്‍െറ സ്വാധീനത്തിന് വിധേയരാണെന്നും അതിനെ നല്ല നിലയിലേക്ക് വഴിതിരിച്ചുവിടുകയും പുതുതലമുറ അര്‍ഥവത്തായ കാര്യങ്ങള്‍ക്കായി മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കണമെന്നും മാധ്യമവിദഗ്ധന്‍ കൂടിയായ അബ്ദുല്‍അസീസ് ഈസ നിര്‍ദേശിച്ചു. പ്രവാസിസമൂഹത്തിനിടയില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്ന ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സേവനം ശ്ളാഘനീയമാണെന്നും ഹെല്‍ത്ത് കെയര്‍ പദ്ധതി പോലെ പത്രം ഏറ്റെടുത്തു നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.  
 

ജോര്‍ജ് മരിയോ ബെര്‍ഗോലിയോ പുതിയ മാര്‍പാപ്പ

Posted: 13 Mar 2013 09:46 PM PDT

Image: 

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുള്ള 120 കോടി കത്തോലിക്കാ വിശ്വാസികളുടെ കാത്തിരിപ്പിനറുതി. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി അര്‍ജന്‍റീനയില്‍നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോലിയോ  സഭയുടെ 266ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിന് പുറത്തുനിന്ന് പാപ്പയാകുന്ന ആദ്യ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെയാള്‍, ആദ്യ ജെസ്യൂട്ട് സഭാഗം എന്നീ വിശേഷണങ്ങളോടെയാണ് 76കാരനായ ബെര്‍ഗോലിയോ സഭയുടെ തലവനാകുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.


 ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11.30ന് നടന്ന നാലാംറൗണ്ട് വോട്ടെടുപ്പിലാണ് 115 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത് അറിയിച്ച് 11.40ഓടെ സിസ്റൈറന്‍ ചാപ്പലിന്‍െറ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നു. തുടര്‍ന്ന് സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ മണികള്‍ മുഴങ്ങി. ബസലിക്കയുടെ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ ആഹ്ളാദാരവങ്ങളോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. ഹബേമുസ് പാപ്പാംനമുക്കൊരു പുതിയ പാപ്പയുണ്ടായിരിക്കുന്നു എന്ന ആരവമുയര്‍ന്നു.
പുതിയ പാപ്പയെ തെരഞ്ഞെടുത്തശേഷം സ്ഥാനമേറ്റെടുക്കാന്‍ തയാറാണോ എന്ന് അദ്ദേഹത്തോട് ചോദിച്ച് സമ്മതം വാങ്ങിയശേഷമാണ് ഔദ്യാഗിക പ്രഖ്യാപനമുണ്ടായത്. സമ്മതത്തിനുശേഷം പുതിയ പാപ്പയെ ഔദ്യാഗിക വസ്ത്രവും സ്ഥാന ചിഹ്നവും അണിയിച്ചു. പുതുതായി ഏത് പേരാണ് സ്വീകരിക്കുകയെന്ന് ചോദിച്ചു. പുതിയ പാപ്പ താന്‍ സ്വീകരിക്കുന്ന പേര് അറിയിച്ചു. തുടര്‍ന്ന്  മുഴുവന്‍ കര്‍ദിനാള്‍മാരും ചേര്‍ന്ന് പ്രാര്‍ഥന നടത്തി. പിന്നീട് പുതിയ മാര്‍പ്പാപ്പ താനേറ്റെടുത്ത സ്ഥാനം വഹിക്കുന്നതിന് ധൈര്യവും കരുത്തും ദൈവത്തോട് യാചിക്കുന്നതിന് ‘കണ്ണുനീരിന്‍െറ മുറിയില്‍’ ഏകാന്തതയില്‍ പ്രാര്‍ഥന നടത്തി. ഇതിനുശേഷമാണ് രാത്രി 12.50ഓടെയാണ് പുതിയ പാപ്പ ബസലിക്കയുടെ  മട്ടുപ്പാവിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചത്.
നിങ്ങളുടെ ആശീര്‍വാദത്തോടെ പുതിയ സ്ഥാനമേറ്റെടുക്കുകയാണെന്ന് പ്രഥമ അഭിസംബോധനയില്‍ പുതിയ മാര്‍പാപ്പ പറഞ്ഞു. ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നെ അനുഗ്രഹിക്കുക. ലോകം സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും പാതയിലൂടെ മുന്നോട്ടുപോകട്ടെ അദ്ദേഹം പറഞ്ഞു.
ഈശോസഭാംഗമായ ബെര്‍ഗോഗ്ളിയോ 1936ല്‍ ബ്യൂണസ് അയേഴസിലാണ് ജനിച്ചത്. 1969ല്‍ വൈദികനായി. 1992ല്‍ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി നിയമിച്ചത്. 2005ലെ കോണ്‍ക്ളേവില്‍ ബെനഡിക്ട് പതിനാറാമന് പിന്നില്‍ രണ്ടാമനായി ഇദ്ദേഹം എത്തിയിരുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തപ്പെട്ടു.


 ബെനഡിക്ട് പതിനാറാമന്‍െറ പിന്‍ഗാമിയെ കണ്ടെത്താനുള്ള കര്‍ദിനാള്‍ കോണ്‍ക്ളേവിന്‍െറ രണ്ടാംദിവസം രാവിലെ നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പുകളില്‍ തീരുമാനമായിരുന്നില്ല.  കോണ്‍ക്ളേവിന്‍െറ ആദ്യ ദിവസമായ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പിലും ഇതുതന്നെയായിരുന്നു അവസ്ഥ. ബുധനാഴ്ചത്തെ രാവിലത്തെ വിധിയെഴുത്ത് പ്രതിഫലിപ്പിക്കുന്ന കറുത്ത പുക ഇന്ത്യന്‍സമയം വൈകീട്ട് നാലരയോടെയാണ് ചെമ്പുപുകക്കുഴലില്‍നിന്ന് ഉയര്‍ന്നത്. ചാപ്പലിനു പുറത്ത് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ചെറു മഴയത്തും തടിച്ചുകൂടിയ വിശ്വാസികളെ ഫലം നിരാശപ്പെടുത്തിയെങ്കിലും അടുത്ത വോട്ടെടുപ്പോടെ ബെനഡിക്ട് പതിനാറാമന്‍െറ പിന്‍ഗാമിയെ അറിയാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍.

 

 

ബെര്‍ഗോലിയോ പാവങ്ങളുടെ ഇടയന്‍

Posted: 13 Mar 2013 09:36 PM PDT

Image: 

വത്തിക്കാന്‍ സിറ്റി: കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്ക് അനുവദിക്കപ്പെട്ട ഔദ്യാഗിക മണിമേട ഒഴിവാക്കി ഒരു കൊച്ചു വീട്ടിലേക്ക് താമസംമാറ്റിയ ആ വൈദികന്‍ അര്‍ജന്‍റീനക്കാര്‍ക്ക് ശരിക്കും അദ്ഭുതമായിരുന്നു. ബസില്‍ യാത്രചെയ്യുന്ന, കുശിനിക്കാരെ ഒഴിവാക്കി സ്വന്തമായി ഭക്ഷണം പാചകംചെയ്യുന്ന ഒരു സാധാരണക്കാരില്‍ സാധാരണക്കാരന്‍.  പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മരിയോ ബെര്‍ഗോലിയോ അക്ഷരാര്‍ഥത്തില്‍ പാവങ്ങളുടെ ഇടയനാണ്.
2001ല്‍ കര്‍ദിനാളായി തന്നെ തെരഞ്ഞെടുക്കുന്നതുകാണാന്‍ അര്‍ജന്‍റീനയിലെ ബ്വേനസ് എയ്റിസില്‍നിന്ന് റോമിലേക്ക് വരാനിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം സ്നേഹപൂര്‍വം വിലക്കുകയായിരുന്നു. പണം അങ്ങനെ ദുര്‍വ്യയം ചെയ്യാനുള്ളതല്ലെന്നും ഈ പണം പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.
  അര്‍ജന്‍റീനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബെര്‍ഗോലിയോ എന്നും പാവങ്ങളുടെ പക്ഷത്തുള്ള വൈദികനായിരുന്നു. മുമ്പ് രാജ്യത്ത് ഭക്ഷ്യക്ഷാമവും കടുത്ത ദാരിദ്ര്യവും ഉണ്ടായപ്പോള്‍ അദ്ദേഹം ഭരണകര്‍ത്താക്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
 കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലാറ്റിനമേരിക്കയില്‍നിന്ന് മാര്‍പാപ്പ വരുന്നത്.  ബ്വേനസ് എയ്റിസില്‍ ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്‍െറ അഞ്ചുമക്കളില്‍ ഒരാളായിട്ടാണ് 1936 ഡിസംബര്‍ 17ന്് ജോര്‍ജ് മരിയോ ബെര്‍ഗോലിയോ ജനിച്ചത്. ബാല്യം കഷ്ടതകളിലൂടെയാണ് കടന്നുപോയത്. ചെറുപ്പത്തിലുണ്ടായ അസുഖം ശ്വാസകോശത്തിന്‍െറ ഒരു ഭാഗംപോലും  നഷ്ടമാക്കുന്നരീതിയില്‍ മാരകമായിരുന്നു.  വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധ്യാപകനായും അദ്ദേഹം ജോലിചെയ്തിരുന്നു.
വില്ലാ ഡിവോട്ടോയിലെ സെമിനാരി പഠനത്തിനുശേഷം സൊസൈറ്റി ഓഫ് ജീസസ് സഭയില്‍ 1958 മാര്‍ച്ച് 11 ന് ചേര്‍ന്നു.  ഇതിനിടയില്‍ തത്ത്വശാസ്ത്രത്തില്‍ ബിരുദം.  സാഹിത്യം, മന$ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു. 1969 ല്‍ വൈദികനായി.  ഇദ്ദേഹത്തിന്‍െറ നേതൃപാടവം അംഗീകരിച്ച സഭ  1973-79 വരെ സഭയുടെ അര്‍ജന്‍റീനിയന്‍ പ്രൊവിന്‍ഷ്യാളായി നിയമിച്ചു. 1980 ല്‍ സാന്‍ മിഗേല്‍ റെക്ടറായി പ്രവര്‍ത്തിച്ചു. 1986 വരെ തുടര്‍ന്നു. പിന്നീട് ജര്‍മനിയില്‍ നിന്ന് ഡോക്ടറേറ്റ്. തിരിച്ചുവന്ന് കൊര്‍ദോവയില്‍ ആത്മീയ ഡയറക്ടറായി.
1992 ജൂണ്‍ 27  മുതല്‍ സഹായ മെത്രാനായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി ഇദ്ദേഹത്തെ ഉയര്‍ത്തിയത്. സാമൂഹിക സേവനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു വൈദികനെ തെരഞ്ഞെടുത്തതോടെ കത്തോലിക്കാ സഭയുടെ പുതിയ മുഖമാണ് പുറത്തുവരുന്നതെന്ന് വിമര്‍ശകര്‍ക്കുപോലും സമ്മതിക്കേണ്ടിവരുന്നു. വൈദിക വൃത്തിയില്‍ തുടര്‍ന്ന അന്നുമുതല്‍ പിന്തുടരുന്ന മൂല്യങ്ങളും, പാവങ്ങള്‍ക്കുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടങ്ങളും മാര്‍പാപ്പാ പദവിയില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് തുടരാന്‍ കഴിഞ്ഞാല്‍ ലോകത്തിന്‍െറ മുഖം കൂടുതല്‍ സുന്ദരമാവുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
 

മുഗ്ധ കാല്‍പനികതയുടെ സൗന്ദര്യം

Posted: 13 Mar 2013 08:39 PM PDT

Image: 

മലയാളത്തിലെ മറ്റു കാഥികന്മാരില്‍നിന്ന് തികച്ചും വ്യത്യസ്തനായ കഥാകൃത്താണ് എസ്.കെ. പൊറ്റെക്കാട്ട്. സമകാലികരായ സുഹൃത്തുക്കളുടെ രചനാരീതിയോ വീക്ഷണമോ ജീവിതദര്‍ശനമോ അല്ല അദ്ദേഹം കൈക്കൊണ്ടത്. യഥാതഥ പ്രസ്ഥാനവും വിപ്ളവ ജീവിത ദര്‍ശനങ്ങളും ചുറ്റും ശക്തിപ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ പൊറ്റെക്കാട്ട് സ്വന്തമായ ഒരുവഴി തിരയുകയായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്‍െറ അഭികാമനയും മനുഷ്യജീവിതത്തോടുള്ള അനുകമ്പയും പ്രകൃതിയെയും മനുഷ്യനെയും ഏകസത്യത്തിന്‍െറ ദൈ്വതഭാവങ്ങളായി കാണുന്ന കാഴ്ചപ്പാടും പൊറ്റെക്കാട്ടിന്‍െറ രചനകളെ മുഗ്ധകാല്‍പനിക സൗന്ദര്യത്തിന്‍െറ അധിത്യകകളിലേക്കെത്തിക്കുന്നു.
‘നാടന്‍പ്രേമം’, ‘പ്രേമശിക്ഷ’, ‘മൂടുപടം’ എന്നീ മൂന്ന് നോവലുകളും ഘടനാപരമായ പൊരുത്തം ദീക്ഷിക്കുന്നവയാണ്. ഇതിവൃത്തത്തെ കേന്ദ്രമാക്കി കഥാപാത്രങ്ങളെയും സംഭവങ്ങളെയും നിബന്ധിച്ച് പടിപടിയായി ചിത്രീകരിച്ച് പരിസമാപ്തിയിലെത്തിക്കുന്ന നോവല്‍രചനാ സമ്പ്രദായമാണ് അവയിലുള്ളത്. അവിടെ ഇതിവൃത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ആരോഹാവരോഹങ്ങളും വൃദ്ധിക്ഷയങ്ങളും കാണാം. എന്നാല്‍, പൊറ്റെക്കാട്ടിന്‍െറ പ്രഖ്യാത നോവലുകളായി അറിയപ്പെടുന്ന ‘വിഷകന്യക’, ‘ഒരു തെരുവിന്‍െറ കഥ’, ‘ഒരു ദേശത്തിന്‍െറ കഥ’ എന്നിവ ഈ ജനുസ്സില്‍പെടുന്നതല്ല. അവിടെ കേന്ദ്രീകൃതമായ ഇതിവൃത്തങ്ങളോ പടിപടിയായി വളര്‍ച്ചയിലെത്തുന്ന കഥാപാത്രങ്ങളോ ഇല്ല. ബന്ധദാര്‍ഢ്യത്തിന് പകരം ബന്ധ ശൈഥില്യം; ഏതാനും വ്യക്തികള്‍ക്ക് പകരം സമൂഹം; നായകനോ നായികക്കോ പകരം മണ്ണോ തെരുവോ ദേശമോ മുഖ്യകഥാപാത്രം. ഇത് മലയാള നോവല്‍ ചരിത്രത്തിലെ വ്യക്തമായ വ്യതിയാനമാണ്. നോവല്‍ സങ്കല്‍പത്തിന് പൊറ്റെക്കാട്ട് ഈ കൃതികളിലൂടെ ഒരു തിരുത്ത് നല്‍കുന്നു. ഇത് കണക്കിലെടുക്കാതെ അദ്ദേഹത്തിന്‍െറ ആ മൂന്നു നോവലുകളെയും വിലയിരുത്താനാവില്ല. സഞ്ചാരിയായ പൊറ്റെക്കാട്ട് കാണുന്നതെല്ലാം വര്‍ണിച്ച് വര്‍ണിച്ച് പിന്തള്ളുന്നു.
മണ്ണിനുവേണ്ടിയുള്ള മനുഷ്യന്‍െറ അടങ്ങാത്ത അഭിലാഷത്തിന്‍െറ കഥയാണ് ‘വിഷകന്യക‘യില്‍(1948) അവതരിപ്പിക്കുന്നത്. കേരളത്തിന്‍െറ തെക്കന്‍ ദിക്കുകളില്‍നിന്ന് മണ്ണും തേടി മലബാറിലെത്തിയ മനുഷ്യരുടെ കഠിനമായ അധ്വാനത്തിന്‍െറയും ഇച്ഛാശക്തിയുടെയും ഐതിഹാസികമായ ചിത്രങ്ങളാണ് പൊറ്റെക്കാട്ട് വരച്ചിരിക്കുന്നത്. മലബാറിലെ മണ്ണാണ് വിഷകന്യക. അവളാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അവളുടെ പ്രതീകമെന്ന പോലെ സമാന്തരമായി ഒരു സ്ത്രീയെയും അവതരിപ്പിക്കുന്നുണ്ട് മാധവി. ഈശ്വരവിശ്വാസിയും സ്ത്രീവിരോധിയുമായിക്കഴിഞ്ഞ അന്തോണിയെ തന്‍െറ ആസുരമായ കാമാവേശത്താല്‍ കീഴ്പ്പെടുത്തിയ മാധവിയെപ്പോലെയാണ് അവിടത്തെ മണ്ണ്. അവള്‍ ആ വിഷകന്യകവിദൂരത്തില്‍ നിന്നുപോലും മനുഷ്യരെ മാടിവിളിച്ച് തന്നിലേക്കാകര്‍ഷിച്ച് ഞെരിച്ചമര്‍ത്തുന്നു. മലമ്പനിയും രോഗവും പിടിപെട്ട്, മനുഷ്യര്‍ മൃത്യുവിന്‍െറ കുഴിമാടങ്ങളിലേക്ക് മടങ്ങുന്നു. എല്ലാം കണ്ട് അവള്‍ ഒന്നുമറിയാത്തവളെപ്പോലെ ആസുരമായ കന്യകാത്വവും പേറിനില്‍ക്കുന്ന കന്നിമണ്ണ് മാധവിയെയും മാധവി കന്നിമണ്ണിനെയും പ്രതീകവത്കരിക്കുകയോ പ്രതിബിംബിപ്പിക്കുകയോ ചെയ്യുന്നു. പ്രകൃതി മനുഷ്യനെയും മനുഷ്യന്‍ പ്രകൃതിയെയും പ്രതിബിംബിപ്പിക്കുന്നതായുള്ള ചിത്രീകരണം ചാരുതയുള്ളതുതന്നെ. ഇത്രമാത്രം പ്രകടമാക്കാതെ ധ്വനിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ശക്തി വര്‍ധിക്കുമായിരുന്നില്ലേ എന്ന് തോന്നാം. കഥാപാത്രങ്ങളുടെ വളര്‍ച്ചയില്‍ പൊറ്റെക്കാട്ട് പ്രത്യേകം മനസ്സിരുത്തുന്നില്ലെങ്കിലും ഊര്‍ജ്വസ്വലതയുടെ പ്രതീകമായ മറിയം, അലസനായ മാത്തന്‍, കാമാതുരയായ മാധവി, വിശ്വാസിയായ അന്തോണി തുടങ്ങിയ കഥാപാത്രങ്ങളില്‍ വെളിച്ചം വന്നുവീണിട്ടുണ്ട്. അന്തോണിയും മേരിക്കുട്ടിയും തമ്മിലുള്ള മൂകപ്രണയവും മേരിക്കുട്ടിയുടെ മരണവും കാല്‍പനിക പ്രേമത്തിന്‍െറ മധുരമായ അനുഭൂതികള്‍ ഉണര്‍ത്തുന്നു. നോവലിന്‍െറ അന്ത്യഭാഗത്തോടടുക്കുമ്പോള്‍ കഥാകൃത്തിന്‍െറ കടിഞ്ഞാണ്‍ കൈയില്‍നിന്നു പോയോ എന്ന് സംശയംതോന്നാം. ചെറിയാച്ചന്‍െറ കള്ളനോട്ടടിയും വര്‍ഗീസിനെ കൊലപ്പെടുത്തലും മാത്തന്‍െറ വിക്രിയകളും എല്ലാം ചേര്‍ന്ന് വിഷകന്യകക്ക് ചേരാത്ത ഒരവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണുംതേടി വന്നവര്‍ മാറിപ്പോകുമ്പോള്‍ പുതിയ കൂട്ടര്‍ മലകളെ നഗ്നമാക്കി  വിത്തിടാന്‍ ഒരുമ്പെടുന്ന ചിത്രം ഭംഗിയായി. അന്തോണി അവസാനമായി മാധവിയെ ഓര്‍ത്തു. ‘അതെ പ്രേമപ്പിശാചികേ, ഈ പ്രകൃതിയുടെ ഉടപ്പിറപ്പായ നീയും മറ്റൊരു വിഷകന്യക തന്നെ’.
കര്‍ഷകരുടെ നാടായ കേരളത്തില്‍ മണ്ണിനെയും കുടിയേറ്റത്തെയും ഇതിവൃത്തമാക്കി രചിക്കപ്പെട്ട ശക്തമായ ആദ്യത്തെ നോവലാണ് ‘വിഷകന്യക’. ഈ നോവലില്‍ പൊറ്റെക്കാട്ടിന്‍െറ ശക്തിയും ദൗര്‍ബല്യവും ഒരേപോലെ കാണാം. ഇതേ ഇതിവൃത്തം വെച്ചുകൊണ്ടെഴുതിയ കാക്കനാടന്‍െറ ‘ഒറോത’ കൂടി വായിച്ചാല്‍ അക്കാര്യം വ്യക്തമാവും.
‘ഒരു തെരുവിന്‍െറ കഥ’ (1960) പേര് സൂചിപ്പിക്കുന്നതുപോലെ തെരുവുജീവിതങ്ങളുടെ കഥകളുടെ സമാഹാരമാണ്. ബന്ധശൈഥില്യത്തിലും ഇഴകള്‍ കോര്‍ത്തിടാനുള്ള ശ്രമം അവിടവിടെ ഈ കഥകളിലുണ്ട്. പ്രത്യേക കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ കഥാകൃത്ത് കേന്ദ്രമാക്കുന്നില്ല. തെരുവിലെ സ്ഥിരം വ്യക്തികളെ അനുഭാവപൂര്‍വം അവതരിപ്പിക്കുന്ന ചരിത്രകാരന്‍െറ ഭാവമാണ് പൊറ്റെക്കാട്ടിനുള്ളത്. എങ്കിലും, ചില കഥാപാത്രങ്ങള്‍ക്കും അവരുടെ ജീവിതത്തിനും മിഴിവും അര്‍ഥവും കൈവന്നിരിക്കുന്നു. സുധാകരന്‍, ഓമഞ്ചി, പൈലി, ശാരദ, പത്രക്കാരന്‍ കുറുപ്പ്, കുറുപ്പിന്‍െറ മകള്‍ രാധഇവരുടെയൊക്കെ ജീവിതം മറക്കാനാവാത്ത വിധം കൊത്തിവെച്ചിരിക്കുന്നു. വിടനെന്ന് കരുതുന്ന സുധാകരന്‍ മുതലാളി രാധാകൃഷ്ണന്‍െറ, ആത്മഹത്യക്ക് ശ്രമിച്ച സഹോദരിയെയും കൊണ്ട് അര്‍ധരാത്രി അയാളുടെ വീട്ടില്‍ച്ചെന്ന് കയറി ആ സ്ത്രീയെ അവിടെ ഏല്‍പിച്ചിട്ട് പോകുന്ന രംഗം അവിസ്മരണീയമാണ്. രാധാകൃഷ്ണന്‍െറ ഭാര്യ മാലതിയും സുധാകരനും പ്രേമബദ്ധരായിരുന്നുവെന്ന വസ്തുത, ഒരു വാക്കില്‍പോലും വ്യക്തമാക്കാതെ ധ്വനിപ്പിച്ചിരിക്കുന്നത് പൊറ്റെക്കാട്ടിന്‍െറ കാല്‍പനിക പ്രേമത്തോടുള്ള ആഭിമുഖ്യത്തിന് മികച്ചൊരു തെളിവാണ്. ശാരദയും റിക്ഷക്കാരന്‍ പൈലിയും തമ്മിലുള്ള ബന്ധത്തിലും ഇത്തരത്തിലൊരു  പ്രേമത്തിന്‍െറ മാധുര്യം ഉള്ളടക്കിയിരിക്കുന്നു. പച്ചിലകള്‍ പറിച്ച് കറിവെച്ച് ഭക്ഷിച്ച്, ഏകനായി ജീവിക്കുന്ന ഓമഞ്ചി, മരിച്ചുപോയ തന്‍െറ സഹോദരിയെ പത്രക്കാരന്‍െറ മകള്‍ രാധയില്‍ കണ്ടെത്തുകയും അവളെ പഠിപ്പിക്കാന്‍ 1,000 രൂപ നല്‍കണമെന്ന് മരിക്കാന്‍ സമയത്ത് തന്‍െറ അനുജന് നിര്‍ദേശം നല്‍കുകയും ചെയ്തതിലൂടെ മനുഷ്യത്വത്തിന്‍െറ നിഗൂഢമായ സ്നേഹവാത്സല്യങ്ങള്‍ കഥാകൃത്ത് ഹൃദയസ്പര്‍ശകമാംവിധം അവതരിപ്പിക്കുന്നു. പക്ഷേ, പണവുമായി ഓമഞ്ചിയുടെ അനുജന്‍ എത്തിയപ്പോഴേക്കും കുറുപ്പിന്‍െറ ‘എല്ലാമായിരുന്ന മകള്‍ മരുന്നു വാങ്ങിക്കഴിക്കാന്‍പോലും ഗതിയില്ലാതെ മണ്ണിനടിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ആ പണം വാങ്ങാന്‍ കുറുപ്പ് തയാറല്ല. തന്‍െറ മകള്‍ക്കുവേണ്ടി ഒരാള്‍ നല്‍കിയ പണം ആള്‍ മരിച്ചുകഴിഞ്ഞിട്ട് തനിക്കെന്തിന്? ദരിദ്രവാസിയെങ്കിലും തന്‍െറ മകളുടെ മരണത്തെ സമ്പാദ്യമാക്കാന്‍ കുറുപ്പ് തയാറല്ല. ഓമഞ്ചി രാധക്ക് നല്‍കിയ റോസാച്ചെടി അവളുടെ കുഴിമാടത്തില്‍ കുഴിച്ചിട്ടുകൊണ്ട് കുറുപ്പ് പറഞ്ഞു: ‘ലാസര്‍ സാര്‍ അവള്‍ക്ക് സമ്മാനിച്ച റോസ് ചെടിയാണിത്. ഇതിന്‍െറ ആദ്യത്തെ പൂവ് വിരിഞ്ഞുകാണാന്‍ കഴിയുന്നതിനുമുമ്പ് രണ്ടുപേരും മണ്ണിനടിയിലായി.’ ഇതേപോലെ എത്രയെത്ര കഥകളാണ് ‘ഒരു തെരുവിന്‍െറ കഥ’യില്‍ കോര്‍ത്തിരിക്കുന്നത്. ആദിമധ്യാന്തപ്പൊരുത്തം ഇല്ലാത്തതിന് കഥാകൃത്തിനോട് ഒരു സഹൃദയനും പരിഭവം തോന്നുകയില്ല. ഒറ്റയൊറ്റയാകലിനെ ചിത്രീകരിക്കുന്നതിനേക്കാള്‍ ഒരു സമൂഹത്തിന്‍െറ ഒട്ടാകെയുള്ള ആകുലികളെ തൊട്ടുകാട്ടി വ്യഥയുടെയും അസ്വാസ്ഥ്യത്തിന്‍െറയും നടുവില്‍ സഹൃദയനെ കൊണ്ടെത്തിക്കുക പൊറ്റെക്കാട്ടിന്‍െറ രീതിയാണ്.
‘ഒരു തെരുവിന്‍െറ കഥ’യില്‍ ‘സര്‍വജ്ഞാനി വീക്ഷണ’ത്തില്‍ കഥാകൃത്ത് കഥ പറയുന്നു. അവിടെ ചിത്രീകരിച്ചിട്ടുള്ള വ്യക്തികളുമായും സംഭവങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ഒരുകേന്ദ്ര കഥാപാത്രമില്ല. എന്നാല്‍, സര്‍വജ്ഞാനി വീക്ഷണത്തില്‍ കഥാകൃത്തുതന്നെയാണ് കഥപറയുന്നതെങ്കിലും വ്യക്തികളുമായും സംഭവങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന ശ്രീധരന്‍ എന്ന ഒരു മുഖ്യകഥാപാത്രം ഒരു ദേശത്തിന്‍െറ കഥയിലുണ്ട്. അത് കഥാകൃത്തുതന്നെയാകാം. കഥാകൃത്തിന്‍െറ ജീവിതം അറിയുന്നവര്‍ക്ക് ആത്മകഥയാണെന്നും തോന്നാം. പക്ഷേ, സ്വീകരിച്ചിരിക്കുന്ന രചനാ സമ്പ്രദായം ‘ഞാന്‍ വീക്ഷണ’മല്ല. കഥാകൃത്ത് മാറിനിന്നുകൊണ്ട് തന്നെത്തന്നെ ‘അവന്‍’ ആയി കാണുന്നു; അങ്ങനെ തന്നോടുതന്നെ നിസ്സംഗത പുലര്‍ത്താന്‍ സാധിക്കുന്നു. ആത്മകഥയും ആത്മകഥാനോവലും രണ്ടും രണ്ടുതന്നെ. ‘ആത്മകഥാനോവല്‍’ യാഥാര്‍ഥ്യത്തിന്‍െറയും ഭാവനയുടെയും സമാനരൂപമാണ്. ഒട്ടനേകം കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞ ‘ഒരു ദേശത്തിന്‍െറ കഥ’ സംഗ്രഹക്ഷമമല്ല. ഈ നോവലിലെ ഏറ്റവും മനോഹരമായ ഭാഗം ശ്രീധരന്‍െറ ബാല്യകാല ജീവിതാനുഭവങ്ങളുടെ ചിത്രീകരണമാണ്. ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള സംക്രമണം ഇതിവൃത്തമാക്കിയിട്ടുള്ള നോവലുകളെ Initiation Novels എന്ന് പാശ്ചാത്യ നിരൂപകന്‍ വിശേഷിപ്പിക്കുന്നു. ബാല്യത്തില്‍നിന്ന് യൗവനാരംഭത്തിലേക്കുള്ള ശാരീരികവും മാനസികവുമായ വളര്‍ച്ചക്കിടയില്‍ ശ്രീധരന്‍െറ മാനസിക പ്രതികരണങ്ങളുടെ പ്രത്യക്ഷവത്കരണം കാണാം. അയാളുടെ പില്‍ക്കാല ജീവിതത്തില്‍ ഉണ്ടാകാനിടയുള്ള അനുഭവങ്ങളുടെ മുന്‍കൂട്ടിയുള്ള സൂചനകള്‍ അവിടവിടെ നല്‍കിയിട്ടുണ്ട്. ഓരോ അനുഭവവും ശ്രീധരനെ സംബന്ധിച്ചിടത്തോളം വിഭ്രാമകമായ അനുഭൂതിയാണുളവാക്കുന്നത്. അത് അയാളുടെ മാനസികമായ വളര്‍ച്ചക്ക് ഉതകുന്നു. ശ്രീധരന്‍െറ അനുഭവങ്ങളെല്ലാം ആകസ്മികമായി വന്നുചേരുന്നതാണ്. അയാള്‍ സ്വയം ആസൂത്രണം ചെയ്യുന്നതല്ല. ബാല്യകാലാനുഭവങ്ങള്‍ അയാളുടെ ജീവിതത്തെ നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ വരും കാല ജീവിതത്തില്‍ ആഘാതമായി നില്‍ക്കുകയോ ചെയ്യുന്നു. ശ്രീധരന്‍െറ ജീവിതാനുഭവങ്ങള്‍ക്ക് പലതിനും ആവര്‍ത്തനസ്വഭാവമുണ്ട്. ശ്രീധരന്‍െറ വീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ കൗമാര സംക്രമണ പ്രമേയാന്വേഷണം ഭാഗികമായി ഒരു വീക്ഷണമായിത്തീരാനിടയുണ്ട്. എങ്കിലും, ഒരു ദേശത്തിന്‍െറ കഥയില്‍ അത് എത്രമാത്രം പരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അത്തരം ഒരന്വേഷണം സംഗതമാണോ എന്നും നോവല്‍ പഠിതാക്കള്‍ക്ക് ചിന്തിക്കാവുന്നതാണ്.
ശൈശവകൗമാര  മരണങ്ങളുടെയും മൂക പ്രണയങ്ങളുടെയും പ്രേമഭംഗങ്ങളുടെയും കാല്‍പനികമായ ഒരു ലോകം പൊറ്റെക്കാട്ട് അദ്ദേഹത്തിന്‍െറ നോവലുകളില്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലും ശുദ്ധമായ കാല്‍പനികത അദ്ദേഹം കാണുന്നു. യാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കുമ്പോഴും അദ്ദേഹം സ്വപ്നങ്ങളെ പുല്‍കുന്നത് അതുകൊണ്ടാണ്. ദു$ഖവും നഷ്ടബോധവും പ്രേമഭംഗവും മരണവും വാരിവിതറുന്ന ഹൃദയവ്യഥകളില്‍ പൊറ്റെക്കാട്ട് സൗന്ദര്യം കണ്ടെത്തുന്നു. ജീവിതത്തിന്‍െറ അര്‍ഥം കണ്ടെത്തുന്നു. അതുതന്നെയാണ് മനുഷ്യപ്രകൃതിയും പ്രകൃതിയുമെന്നറിയുന്നു. ആ അറിവാണ് അദ്ദേഹത്തിന്‍െറ ദര്‍ശനം.
l

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP