ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക് Madhyamam News Feeds |
- ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്
- യു.പി.എക്ക് പുറത്തു നിന്നുള്ള പിന്തുണയും പിന്‍വലിക്കാന്‍ ഡി.എം.കെ തീരുമാനം
- ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ
- ജില്ലയില്‍ മീനച്ചൂട് കനക്കുന്നു
- വട്ടവടയിലും കോവിലൂരിലും കുടിവെള്ളക്ഷാമം രൂക്ഷം
- റോഡ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തി, കാല്‍നടയായി
- സമീപവാസിയെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം
- കടല്‍ക്കൊല: കൊല്ലത്ത് വിചാരണ നടത്തണം
- പാവക്കുള്ളിലും വാട്ടര്‍ കൂളറിലും മയക്കുമരുന്ന്: യുവാവ് പിടിയില്‍
- കോടികളുടെ പദ്ധതി പാതിവഴിയില്‍ തീരദേശത്ത് കുടിവെള്ളംകിട്ടാക്കനി
ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക് Posted: 25 Mar 2013 01:11 AM PDT Image: തൊടുപുഴ: ഇടുക്കി അടിമാലിക്ക് സമീപം തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. തിരുവനന്തപുരത്തുനിന്നും വിനോദസഞ്ചാരത്തിനെത്തിയ വെള്ളനാട് സാരാഭായ് എന്‍ജിനീയറിങ് കേളജ് വിദ്യാര്‍ഥികളുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 41 വിദ്യാര്‍ഥികളടക്കം 45 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടേക്കനാലില്‍ നിന്ന് സന്ദര്‍ശനം കഴിഞ്ഞ് മൂന്നാറിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുന്നു
|
യു.പി.എക്ക് പുറത്തു നിന്നുള്ള പിന്തുണയും പിന്‍വലിക്കാന്‍ ഡി.എം.കെ തീരുമാനം Posted: 25 Mar 2013 12:30 AM PDT Image: ചെന്നൈ: യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഒരാഴ്ച പിന്നിട്ടിരിക്കെ ഡി.എം.കെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. യു.പി.എക്ക് പുറത്തു നിന്ന് നല്‍കുന്ന പിന്തുണയും പിന്‍വലിക്കാന്‍ തിങ്കളാഴ്ച രാവിലെ ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡി.എം.കെയുടെ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. യോഗത്തിനു ശേഷം ഡി.എം.കെ നേതാവ് തിരുച്ചി ശിവയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പിന്തുണ പിന്‍വലിച്ചതില്‍ ഒരു മാറ്റവുമില്ലെന്നും പുറത്തു നിന്നുള്ള പിന്തുണയും പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ തമിഴര്‍ക്കു വേണ്ടി എങ്ങിനെയെല്ലാം പോരാടാം എന്നാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യു.പി.എ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ എം.കെ അഴഗിരി പങ്കെടുത്തില്ല. ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അഴഗിരി പിന്നീട് വ്യക്തമാക്കി. യു.പി.എ വിട്ടതില്‍ നേരത്തെ തന്നെ അഴഗിരിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്തുണ പിന്‍വലിച്ച കരുണാനിധിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി അഴഗിരി വൈകിപ്പിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള തന്‍െറ സൗഹൃദം ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കഴിഞ്ഞദിവസം ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ജി.കെ. വാസന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കുശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു. |
Posted: 25 Mar 2013 12:27 AM PDT
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം ചൊവ്വാഴ്ച. പദ്ധതി വിനിയോഗത്തിലൂടെ പത്തനംതിട്ടയെ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയ ബാബു ജോര്‍ജ് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യബജറ്റില്‍ എന്തൊക്കെയുണ്ടാകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനം. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 84 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചെന്ന റെക്കോഡ് നേട്ടത്തിലെത്തിക്കാന്‍ ബാബു ജോര്‍ജിന് കഴിഞ്ഞിരുന്നു. യു.ഡി.എഫ് ധാരണപ്രകാരം രണ്ട് വര്‍ഷത്തിനുശേഷം പ്രസിഡന്‍റ് സ്ഥാനം സജി ചാക്കോക്ക് കൈമാറുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച മിക്ക പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെങ്കിലും ഭരണമാറ്റത്തോടെ പലതും ഇഴഞ്ഞുനീങ്ങുകയാണ്. സംസ്ഥാനത്തിന് മാതൃകയായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കൊണ്ടുവന്ന പദ്ധതിയായിരുന്നു സീറോ വേസ്റ്റ്. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമായിരുന്നെങ്കിലും ഇപ്പോള്‍ ഇഴച്ചിലിലാണ്. 54 ഗ്രാമപഞ്ചായത്തിലും മൂന്ന് നഗരസഭയിലുമായി കൊണ്ടുവന്ന മാലിന്യസംസ്കരണ പദ്ധതികള്‍ മാര്‍ച്ച് 31 ന് മുമ്പ് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അനര്‍ട്ടിന്‍െറയും വൈദ്യുതി ബോര്‍ഡിന്‍െറയും സഹകരണത്തോടെയുള്ള ജലവൈദ്യുതി പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അനര്‍ട്ടിന്‍െറയും വൈദ്യുതി ബോര്‍ഡിന്‍െറയും നിസ്സഹകരണം പദ്ധതിയെ പിറകോട്ടടിച്ചെന്ന് ബാബു ജോര്‍ജ് പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തില്‍ ജില്ലാ പഞ്ചായത്ത് അതിവേഗം മുന്നിലെത്തി. ജനകീയാസൂത്രണ പദ്ധതികളുടെ വിഹിതം നഷ്ടപ്പെടുത്താതെ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയെ അക്രഡിറ്റേഷന്‍ ലഭിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി. ഡയാലിസിസ് യൂനിറ്റ്, മാതൃശിശു വാര്‍ഡ്, അള്‍ട്രാസൗണ്ട് സ്കാനിങ്, ആര്‍ട്ടിഫിഷല്‍ ലിമ്പ് സെന്‍റര്‍, പാലിയേറ്റിവ് കെയര്‍ യൂനിറ്റ് ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കി. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും ഇ-ടോയ്ലറ്റ് സ്ഥാപിച്ചതും നേട്ടമാണ്. പ്രധാന തീര്‍ഥാടന സ്ഥലങ്ങളിലും തിരക്കേറിയ കേന്ദ്രങ്ങളിലും മൊബൈല്‍ സാനിട്ടറി വാഗണുകള്‍ സ്ഥാപിച്ച് ശുചിത്വ പരിപാലനത്തിന് മുന്‍ഗണന നല്‍കി. കാര്‍ഷിക മേഖലക്ക് ഉണര്‍വുണ്ടാക്കിയ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. സമഗ്ര നെല്ല്,തെങ്ങ് കൃഷി വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഫിഷ് ഫെസ്റ്റ് നേട്ടമായി. പദ്ധതി വിനിയോഗത്തിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ജില്ലാപഞ്ചായത്തെന്ന ബഹുമതി നേടിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ അംഗീകാരത്തിന് തെരഞ്ഞെടുത്തതും ഭരണനേട്ടമായി ഉയര്‍ത്തി കാട്ടുന്നു. അതേസമയം, ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ സാംസ്കാരിക ഡയറക്ടറിയുടെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വാല്യങ്ങളായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് പുറത്തിറങ്ങിയത്. വ്യാപകമായ തെറ്റുകള്‍ വന്നതിനാല്‍ സാംസ്കാരിക ഡയറക്ടറി കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു. ചില പദ്ധതികളിലെ ഫണ്ട് കാണാതായെന്നതിന്‍െറ അന്വേഷണവും എങ്ങുമെത്തിയില്ല. കായിക രംഗത്തെ ഉയര്‍ച്ചക്ക് കൊണ്ടുവന്ന ഉണര്‍വ് പദ്ധതിക്കായി അനുവദിച്ച തുക എവിടെപ്പോയെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. തേന്‍ പദ്ധതിയില്‍ ക്രമക്കേടുകള്‍ ഉയര്‍ന്നു വന്നതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടക്കുണ്ടായ ഭരണമാറ്റം പദ്ധതി വിനിയോഗത്തിലും പ്രതിഫലിച്ചു. 84 ശതമാനത്തിലായിരുന്ന പദ്ധതി വിനിയോഗം പകുതിയായി കുറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റിലുള്ളതെന്നാണ് ഭരണപക്ഷം നല്‍കുന്ന സൂചന. പദ്ധതി വിനിയോഗത്തില്‍ സംസ്ഥാനത്തെ ഒന്നാമത്തെ പഞ്ചായത്താക്കി മാറ്റുന്ന തരത്തില്‍ പദ്ധതി നടത്തിപ്പിന് വേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍. പി. വിജയമ്മക്ക് പകരം വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തിയ കെ.ജി. അനിതയാണ് ബജറ്റ് അവതരിപ്പിക്കുക. ചൊവ്വാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് ബജറ്റ് അവതരണം. |
ജില്ലയില്‍ മീനച്ചൂട് കനക്കുന്നു Posted: 25 Mar 2013 12:17 AM PDT
പാലക്കാട്: മീനമാസ സൂര്യന്‍െറ അസഹ്യമായ ചൂടില്‍ ജില്ല ചുട്ടുപൊള്ളുന്നു. ഏഴ് ദിവസമായി ജില്ലയിലെ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുണ്ടൂര്‍ ഇന്‍ഡഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ (ഐ.ആര്‍.ടി.സി) രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയും 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. നഗര പ്രദേശങ്ങളിലാണ് വെന്തുരുകുന്ന ചൂട്. രാവിലെ 11 മുതല്‍ ഉച്ചക്ക് 3.30 വരെ പുറത്തിറങ്ങാന്‍ മടിക്കുകയാണ് ജനം. ആകാശം മൂടിക്കെട്ടി നില്‍ക്കുന്നതിനാല്‍ പുലര്‍കാലത്തുപോലും കനത്ത ചൂടുതന്നെ. വേനല്‍മഴ ലഭിക്കാത്തതിനാലും കഴിഞ്ഞ മഴക്കാലത്ത് മഴ കുറഞ്ഞതിനാലും തോടും പുഴകളും അടക്കമുള്ള പരമ്പരാഗത ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. പതിറ്റാണ്ടുകളായി ജലം നിറഞ്ഞു നിന്ന നിരവധി കുളങ്ങളാണ് ജില്ലയില്‍ വരണ്ടുണങ്ങിയത്.നെല്ലടക്കമുള്ള ഹൃസ്വകാലവിളകള്‍ കരിഞ്ഞുണങ്ങിയതോടെ കര്‍ഷകമനസ്സും ചുട്ടുപൊള്ളുകയാണ്. പുറം പ്രദേശങ്ങളില്‍ ഉച്ചക്കുള്ള ജോലിക്കാരുടെ പ്രവൃത്തിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സൂര്യാഘാതത്തില്‍ നിന്നുള്ള രക്ഷ എന്ന നിലക്കാണ് സമയക്രമീകരണം. കാട്ടുതീ പടരാതിരിക്കാന്‍ വനം വകുപ്പധികൃതര്‍ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം ഗ്രാമപ്രദേങ്ങളെ വലക്കുകയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ ലോറികളില്‍ കുടിവെളള വിതരണം നടത്തി വരുന്നുണ്ടെങ്കിലും ആവശ്യമായ ജലം ലഭിക്കുന്നില്ലെന്നാണ് പരാതി. |
വട്ടവടയിലും കോവിലൂരിലും കുടിവെള്ളക്ഷാമം രൂക്ഷം Posted: 25 Mar 2013 12:08 AM PDT
അടിമാലി: ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവട, കോവിലൂര്‍ മേഖലയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. പരിസ്ഥിതിയെ തകര്‍ത്ത് ഗ്രാന്‍റീസ് തോട്ടങ്ങള്‍ വ്യാപകമായതാണ് മേഖലയെ വരള്‍ച്ചയിലേക്ക് നീക്കിയത്. ഗ്രാന്‍റിസ് കൃഷിയുടെ വ്യാപനം ഭൂഗര്‍ഭ ജലദൗര്‍ലഭ്യത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമായി തീര്‍ന്നതോടെ ഈ വേനലില്‍ മേഖലയിലെ 90 ശതമാനം പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങിയതായി കര്‍ഷകര്‍ പറയുന്നു. ചെറുതും വലുതുമായ നൂറുകണക്കിന് ജലസ്രോതസ്സുകള്‍ ഉണ്ടായിരുന്ന മേഖലയാണ് വരണ്ടുണങ്ങിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു ഗ്രാന്‍റീസ് മരം 18 ലിറ്റര്‍ വരെ വെള്ളം വലിച്ചെടുക്കുന്നതായാണ് കണക്ക്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഈ മേഖലയില്‍ ഉള്ളത്. ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതിനാല്‍ മേഖലയിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. ഒരു തുള്ളി ജലത്തിനായി നാട്ടുകാര്‍ എട്ടും പത്തും കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ഇപ്പോള്‍ കുടിവെള്ളം വീടുകളിലെത്തിക്കാന്‍. വനത്തിന്‍െറ നടുഭാഗത്തുള്ള അരുവിയില്‍നിന്ന് വലിയ ഹോസില്‍നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് കാന്തല്ലൂര്‍ ടൗണ്‍ അടക്കമുള്ള മേഖലയിലെ ഏകാശ്രയം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പകുതി പേര്‍ക്കുപോലും ഈ വെള്ളം തികയുന്നുമില്ല. ഇതുകാരണം വെള്ളം ശേഖരിക്കാനെത്തുന്നവര്‍ തമ്മില്‍ സംഘട്ടനം പതിവായി. നേരത്തേ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതിലും വിവിധ ജീവജാലങ്ങളുടെ വളര്‍ച്ചക്കും മികച്ച സംഭാവന നല്‍കിയ പ്രദേശമാണ് ഇത്. 12 മാസവും ജലലഭ്യത ഉണ്ടായതിനാല്‍ സമൃദ്ധമായി പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പച്ചക്കറി ഇല്ലെന്നുതന്നെ പറയാം. കടുത്ത വേനലിനോടൊപ്പം ഗ്രാന്‍റിസ് കൃഷിയും പ്രദേശത്തെ വരള്‍ച്ചയിലേക്ക് നയിച്ചു. നാലുവശവുമുള്ള മലകളില്‍ നിന്നെത്തിയിരുന്ന നീര്‍ച്ചാലുകളാണ് കൃഷിയെ പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും കടുത്ത വേനലായി മാറിയത് ഇവിടത്തുകാരെ വറുതിയിലാക്കി.കോടമഞ്ഞും നൂല്‍മഴയും കനത്ത തണുപ്പും ലഭിച്ചിരുന്ന മൂന്നാറിന്‍െറ തനത് കാലാവസ്ഥയും മാറിയതോടെ വിനോദ സഞ്ചാരികള്‍ക്കും തിരിച്ചടിയായി. മൂന്നാറിലെ ചതുപ്പ് നിലങ്ങളില്‍ ബ്രിട്ടീഷുകാര്‍ വെച്ചുപിടിപ്പിച്ച ഗ്രാന്‍റീസ് പിന്നീട് വിറകാവശ്യത്തിന് വേണ്ടിയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നു.വ്യാവസായിക അടിസ്ഥാനത്തില്‍ ഹെക്ടര്‍ കണക്കിന് ഗ്രാന്‍റിസ് ചെടികള്‍ നട്ടുപിടിപ്പിച്ചത് മേഖലയിലെ കാലാവസ്ഥയെപോലും തകര്‍ത്തിരിക്കുകയാണ്. നിരവധി ഘട്ടങ്ങളില്‍ മേഖലയിലെ ഗ്രാന്‍റീസ് തോട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണെങ്കിലും വന്‍കിട വ്യവസായികള്‍ ഇവിടെ എത്തപ്പെട്ടതോടെ ഇതിന്‍െറ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ല. എച്ച്.എം.എല്ലിനും വനം വകുപ്പിനും ഇവിടെ ഹെക്ടര്‍ കണക്കിന് ഗ്രാന്‍റീസ് തോട്ടങ്ങളുണ്ട്. |
റോഡ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തി, കാല്‍നടയായി Posted: 24 Mar 2013 11:48 PM PDT
കോട്ടയം: നാട്ടുകാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തെ റോഡ്നിര്‍മാണപുരോഗതി വിലയിരുത്താന്‍ ജനനായകന്‍ കാല്‍നടയായി മുന്നിലെത്തിയതോടെ ജനം ഇളകിമറിഞ്ഞു. ആവേശത്തിമിര്‍പ്പിലേക്ക് വഴിമാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടത്തം ഒന്നരകിലോമീറ്റര്‍ നീണ്ടതോടെ പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണംചെയ്തും നാട്ടുകാരും ഒപ്പംചേര്‍ന്നു. പുതുപ്പള്ളി സെന്‍റ്ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഓശാന ഞായര്‍ ശുശ്രൂഷകഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം കുരുത്തോലയുമായി വിശ്വാസികള്‍ അനുഗമിച്ചതോടെ കനത്തവെയില്‍പോലും അവഗണിച്ചായിരുന്നു യാത്ര. പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ്-അങ്ങാടി-പാലൂര്‍ക്കടവ് റോഡിന്‍െറ നിര്‍മാണപുരോഗതി വിലയിരുത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച 12ന് ഔദ്യാഗികവാഹനം ഉപേക്ഷിച്ച് കാല്‍നടയാത്ര ആരംഭിച്ചത്. കുണ്ടുംകുഴിയും നിറഞ്ഞ മണ്‍പാതയിലൂടെ മുന്നേറിയ മുഖ്യമന്ത്രിയെ പടക്കംപൊട്ടിച്ചാണ് നാട്ടുകാര്‍ എതിരേറ്റത്. വീടുകളുടെ മതിലുകള്‍ പൊളിച്ചുമാറ്റാന്‍ വിമുഖത കാണിച്ച ചിലരെ നേരില്‍ക്കണ്ട് പരാതികേട്ട അദ്ദേഹം പരിഹാരം നിര്‍ദേശിക്കാനും മറന്നില്ല. അതിനിടെ, വഴിയില്‍ കാത്തുനിന്നവരെ പേരെടുത്ത് വിളിച്ച് കുശലാന്വേഷണം. തണലേകാന്‍ കുട വേണോയെന്ന് ചോദിച്ചവരോട് ചിരിച്ചും തമാശ പറഞ്ഞുമായിരുന്നു യാത്ര. മുഖ്യമന്ത്രിയെത്തിയപ്പോള്‍ പഞ്ചായത്ത് പിന്നിലായെന്ന പഞ്ചായത്ത് പ്രസിഡന്‍റ് ജെസിമോളുടെ കമന്‍റ് ചിരിപടര്‍ത്തി. നാരങ്ങാവെള്ളം നല്‍കിയും മറ്റുമായിരുന്നു ചിലര്‍ വരവേറ്റത്. അപ്രതീക്ഷിതമായി നടന്നെത്തിയ മുഖ്യമന്ത്രിയെ കണ്ടതോടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ ഓടിയെത്തി പൂക്കളും മറ്റും സമ്മാനിച്ചു. റോഡ് അവസാനിക്കുന്ന പാടശേഖരത്തിലെ താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈന്‍ ഉയര്‍ത്താന്‍ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ഏക പരാതി. മൂലമറ്റം പവര്‍ഹൗസില്‍നിന്ന് പള്ളത്തേക്ക് പോകുന്ന വൈദ്യുതിലൈന്‍ ഉയര്‍ത്താന്‍ 34 ലക്ഷം എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ജനം ആവേശത്തിലായി. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി മോള്‍ മനോജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു. പുതുപ്പള്ളി പള്ളിക്ക് സമീപം കൊട്ടാരക്കടവില്‍ ആരംഭിച്ച് കോട്ടയം മണ്ഡലത്തിന്‍െറ കിഴക്കുഭാഗത്തെ മാങ്ങാനം പാലൂര്‍പടിയുമായി ബന്ധിപ്പിക്കുന്ന മൂന്നരകിലോമീറ്റര്‍ റോഡിന് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് നബാര്‍ഡില്‍ നിന്ന് 5.5 കോടിയാണ് അനുവദിച്ചത്. റോഡ് പൂര്‍ത്തിയാവുന്നതോടെ കറുകച്ചാല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പുതുപ്പള്ളി ടൗണില്‍ കയറാതെ കോട്ടയത്ത് എത്താന്‍ കഴിയും. പ്രദേശവാസികള്‍ക്ക് പുതുപ്പള്ളി പള്ളിയിലേക്ക് എത്താന്‍കഴിയുന്ന മിനിബൈപാസ് കൂടിയാണിത്. 2013 ജനുവരി ഏഴിനാണ് നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. മണ്ണിട്ട് ഉയര്‍ത്തിയ പാതയില്‍ എട്ട് കലുങ്കുകളാണ് പൂര്‍ത്തിയായത്. ബാക്കി എട്ട് കലുങ്കുകളുടെ നിര്‍മാണവും ടാറിങും പൂര്‍ത്തിയാക്കി നവംബറില്‍ നാടിന് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. |
സമീപവാസിയെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം Posted: 24 Mar 2013 11:39 PM PDT
അരൂര്‍: സമീപത്തെ കെട്ടിടത്തിലെ താമസക്കാരനെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം. 30,000 രൂപയുടെ വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. അരൂരില്‍ ദേശീയപാതയോരത്ത് എസ്്.ബി.ടി ശാഖക്ക് എതിര്‍വശമുള്ള ഹസ്ന ജ്വല്ലറിയിലാണ് കഴിഞ്ഞരാത്രി മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്നിലുള്ള വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന്‍ പാലക്കാട് വടക്കംചേരി മുണ്ടാട്ട് ചുണ്ടയില്‍ ബിജിന്‍ (23) വര്‍ക്ക്ഷോപ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെ മേല്‍ക്കൂര വഴി അകത്തുകടന്ന അഞ്ചംഗ കവര്‍ച്ചാസംഘം ബിജിനെ കട്ടിലില്‍ കെട്ടിയിട്ടശേഷം വായും കണ്ണും മൂടിക്കെട്ടി കവര്‍ച്ചാസംഘത്തില്‍ ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം ബിജിന്‍െറ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചു. ഈസമയത്ത് ബാക്കിയുള്ളവര്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തിതുരന്ന് അകത്ത് കയറി. രണ്ടടി വ്യാസത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഒറ്റ ഇഷ്ടിക കനമേ ഭിത്തിക്കുണ്ടായിരുന്നുള്ളൂ. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങള്‍ കവരുകയായിരുന്നു. ബിജിന്‍െറ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്‍ ആഭരണവും സംഘം കവര്‍ന്നു. മോഷ്ടാക്കള്‍ എല്ലാവരും സ്ഥലം വിട്ടെന്ന് ബോധ്യമായ ശേഷമാണ് ബിജിന്‍ സ്വയം കെട്ടഴിച്ച് റോഡിലെത്തി ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. ഉടന്‍ അരൂര്‍ പൊലീസ് സ്ഥലത്തെത്തി. ഈ സമയം സംഘം വാഹനത്തില്‍ കടക്കുകയായിരുന്നു. കുത്തിയതോട് സി.ഐ പി.കെ. ശിവന്‍കുട്ടി, അരൂര്‍ എസ്.ഐ ആര്‍. ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്‍െറ ചാര്‍ജ് വഹിക്കുന്ന കൊച്ചി അസി. പൊലീസ് കമീഷണര്‍ മുഹമ്മദ് റഫീഖും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴയില്‍നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തിയിരുന്നു. പൊലീസ് നായ ജ്വല്ലറിയുടെ പടിഞ്ഞാറുഭാഗത്തെ മതില്‍ക്കെട്ടുവരെ പോയി തിരികെ ജ്വല്ലറിയുടെ മുന്നില്‍ത്തന്നെയെത്തി. 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ സേഫില്‍ ഉണ്ടായിരുന്നതായി ഉടമ പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് അരൂര്‍ പള്ളിക്ക് സമീപത്തെ ജ്വല്ലറിയിലും ഒരുവര്‍ഷം മുമ്പ് തുറവൂരിലെ ജ്വല്ലറിയിലും സമാനരീതിയിലെ മോഷണശ്രമം നടന്നിരുന്നു. ഇവിടങ്ങളിലും ഭിത്തി തുരന്ന് അകത്ത് കയറിയെങ്കിലും ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞില്ല. |
കടല്‍ക്കൊല: കൊല്ലത്ത് വിചാരണ നടത്തണം Posted: 24 Mar 2013 11:25 PM PDT
കൊല്ലം: കടല്‍ക്കൊലയില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൊല്ലം അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (യു.ടി.യു.സി) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലുള്ള സാക്ഷികള്‍ക്ക് അടിക്കടി ദല്‍ഹിക്ക് പോകേണ്ടിവരുന്നത് അധികസാമ്പത്തികബാധ്യതയും ബുദ്ധിമുട്ടുമുള്ള കാര്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫെഡറേഷന്‍ പ്രസിഡന്‍റ് അഡ്വ. ഫിലിപ്പ് കെ. തോമസ് അധ്യക്ഷതവഹിച്ചു. യു.ടി.യു.സി ദേശീയസെക്രട്ടറി പി. പ്രകാശ്ബാബു, ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി പുല്ലുവിള ലോറന്‍സ്, ജില്ലാപ്രസിഡന്‍റ് ടി.കെ. സുല്‍ഫി, സെക്രട്ടറി സൈമണ്‍ ഗ്രിഗറി, ഇളയിടത്ത് രവി, ശാന്തകുമാര്‍, പി. രാജു, ലിണ്ടന്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. |
പാവക്കുള്ളിലും വാട്ടര്‍ കൂളറിലും മയക്കുമരുന്ന്: യുവാവ് പിടിയില്‍ Posted: 24 Mar 2013 11:21 PM PDT Image: അബൂദബി: വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ച കേസില്‍ അബൂദബി പൊലീസ് യുവാവിനെ പിടികൂടി. ടെഡി ബിയര്‍ പാവക്കുള്ളിലും വീടിന്‍െറ മേല്‍ക്കൂരയിലെ വാട്ടര്‍ കൂളറിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മൂന്ന് കിലോ ഹഷീഷ്, 4,300 അനസ്തേഷ്യ ഗുളികകള്‍, കാല്‍ കിലോ ഹെറോയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിറച്ച നിരവധി സിറിഞ്ചുകളും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. |
കോടികളുടെ പദ്ധതി പാതിവഴിയില്‍ തീരദേശത്ത് കുടിവെള്ളംകിട്ടാക്കനി Posted: 24 Mar 2013 11:18 PM PDT
കഴക്കൂട്ടം: കഠിനംകുളം പഞ്ചായത്തിലും തുമ്പയിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ദേശീയപാതക്കായി പാര്‍വതി പുത്തനാര്‍ ആഴത്തില്‍ കൂഴിച്ചതിനൊപ്പം കഠിനംകുളത്തെ ടൂറിസം രംഗം ലാക്കാക്കി പെരുകുന്ന ഫ്ളാറ്റുകള്‍ നിര്‍മിക്കുന്ന കുഴല്‍ കിണറുകളും പ്രദേശത്തെ ജലലഭ്യതയെ തന്നെ തകിടംമറിക്കുന്ന രീതിയിലേക്ക് എത്തിക്കപ്പെട്ടു കഴിഞ്ഞു. വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളില്‍ ഭൂരിഭാഗവും പഞ്ചായത്ത് അധികൃതരുടെ അനുവാദമില്ലാതെയാണ് നിര്‍മിക്കുന്നത്. ജലക്ഷാമം രൂക്ഷമായിട്ടും ഇവക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് കോടികള്‍ ചെലവിട്ട് നിര്‍മിച്ച അയിലംകടവ് പദ്ധതി പാതി വഴിയിലാണ്. എട്ടോളം പഞ്ചായത്തുകള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. കഠിനംകുളം പഞ്ചായത്തിന് സമീപം പടുകൂറ്റന്‍ ടാങ്ക് നിര്‍മിച്ച് വിവിധ പ്രദേശങ്ങളില്‍ പൈപ്പ് കുറ്റികളും സ്ഥാപിച്ചു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞെങ്കിലും ജലമെത്തിയിട്ടില്ല. വാട്ടര്‍ അതോറിറ്റി അധികൃതരും പദ്ധതിയെ കുറിച്ച് മൗനം നടിക്കുകയാണ്. പഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് ടാങ്ക് നിര്‍മിച്ചത്. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കാത്തതില്‍ സ്ഥലം തിരികെ നല്‍കാന്‍ വാട്ടര്‍ അതോറിറ്റിയോട് പഞ്ചായത്ത് ആവശ്യപ്പെടണമെന്ന് പഞ്ചായത്തംഗം ലൈജു പറഞ്ഞു. പാര്‍വതീ പുത്തനാറില്‍ ദേശീയ ജലപാതക്കായി മണല്‍ മാറ്റുന്നതിനായി കുഴിച്ചതും ജലലഭ്യത പ്രദേശത്ത് കുറയാന്‍ കാരണമായി. പദ്ധതിയുടെ മറപിടിച്ച് കോടികളുടെ മണല്‍ കടത്താണ് നടന്നത്. പരിധിയിലധികം മണല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരി മാറ്റിക്കഴിഞ്ഞു. ഇതുമൂലം സമീപ പ്രദേശത്തെ കിണറുകള്‍ വറ്റിക്കഴിഞ്ഞു. പാര്‍വതി പുത്തനാറും കടലും തമ്മില്‍ ഒരു കിലോ മീറ്ററില്‍ താഴെ അകലമേയുള്ളൂ. പാര്‍വതീ പുത്തനാറില്‍ കടലില്‍ നിന്നും ഉപ്പുവെള്ളം പലപ്പോഴും കയറുന്നതായും നാട്ടുകാര്‍ പറയുന്നു. ഇത് പലപ്പോഴും കിണറുകളിലും ബാധിക്കാറുണ്ട്. കൃഷിയെയും ബാധിക്കുന്നു. ഫ്ളാറ്റുകള്‍ക്ക് പുറമെ നഗരത്തിലേതുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മാലിന്യം ലോറികളിലെത്തിച്ച് കഠിനംകുളം കായലിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒഴുക്കിവിടുന്നു. പലപ്പോഴും കക്കൂസ് മാലിന്യങ്ങളാണ് തള്ളുന്നത്. ഇത് നീരൊഴുക്ക് നിലച്ച കായലോര പ്രദേശത്തും പാര്‍വതീ പുത്തനാറിന്‍െറ അടിത്തട്ടില്ലും അടിയുന്നു. ഇത് പ്രദേശത്തെ മണ്ണിന്‍െറ ഘടനയനുസരിച്ച് ഒഴുകി കിണറുകളിലെത്തി മഴക്കാലത്തുപോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയാണ്. പ്രദേശത്ത് ജല ജന്യരോഗങ്ങള്‍ വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഠിനംകുളം, വെട്ടുതുറ, മര്യനാട്, പെരുമാതുറ, ചിറ്റാറ്റുമുക്ക്, ചേരമാന്‍തുരുത്ത് തുടങ്ങിയ പ്രദേശമാകെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. തീരദേശത്ത് ജല വിതരണമുള്ള പൈപ്പ് ലൈനുകളില്‍ ജലമെത്തുന്നത് നൂല്‍ കനത്തിലാണ് മിക്കപ്പോഴും. അതും പലപ്പോഴും അര്‍ധരാത്രിയിലാണ്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടും ബന്ധപ്പെട്ടവര്‍ കണ്ട മട്ടില്ലത്രെ. ജലക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment