സ്വാഗതം
WELCOME

News Update..

Friday, March 8, 2013

‘നിര്‍മല ’ സേവനത്തിന്‍െറ 75 വര്‍ഷങ്ങള്‍ Madhyamam News Feeds

‘നിര്‍മല ’ സേവനത്തിന്‍െറ 75 വര്‍ഷങ്ങള്‍ Madhyamam News Feeds

Link to

‘നിര്‍മല ’ സേവനത്തിന്‍െറ 75 വര്‍ഷങ്ങള്‍

Posted: 08 Mar 2013 12:40 AM PST

Image: 

കോഴിക്കോട്: 75 വര്‍ഷം മുമ്പ് ധര്‍മാശുപത്രിയായി തുടങ്ങി അര നൂറ്റാണ്ടായി സ്ത്രീശാക്തീകരണത്തിന്‍െറ സാക്ഷ്യപത്രമായി മേരിക്കുന്നിലെ നിര്‍മല ആശുപത്രി. ഇറ്റലി ആസ്ഥാനമായ ‘ഉര്‍സുലിന്‍ സിസ്റ്റേഴ്സ് ഓഫ് മേരി ഉമ്മാക്കുലറ്റ്’ സന്യാസിനി സഭയിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് ആശുപത്രിയുടെ നടത്തിപ്പ്. നഗരത്തിലും പരിസരത്തും കൂണുകള്‍ പോലെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികള്‍ മുളച്ചുപൊന്തിയിട്ടും ‘നിര്‍മല’യുടെ പവിത്രതക്ക് ഒരു കളങ്കവും സംഭവിച്ചിട്ടില്ലെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
മലേറിയയും കോളറയും ക്ഷയരോഗവും പടര്‍ന്നുപിടിച്ച 1930കളില്‍ മലബാറിലെ സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ലക്ഷ്യമിട്ട് ഈശോസഭയിലെ വൈദികര്‍ 1937ല്‍ സ്ഥാപിച്ച ചെറിയ ഒരു ക്ളിനിക്കാണ് 350 കിടക്കകളുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായി വളര്‍ന്നത്. വര്‍ഷങ്ങള്‍കൊണ്ട് ക്ളിനിക്കില്‍നിന്ന് ആശുപത്രിയിലേക്ക് വളര്‍ന്ന ‘നിര്‍മല’യുടെ നടത്തിപ്പ് 1964ല്‍ ഉര്‍സുലിന്‍ സന്യാസിനി സഭ ഏറ്റെടുക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുമെന്ന ദൃഢനിശ്ചയത്തോടെ ആദ്യ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ അലോഷ്യവാസിന്‍െറ നേതൃത്വത്തില്‍ ഒരു കൂട്ടം കന്യാസ്ത്രീകള്‍ മുന്നിട്ടിറങ്ങി. സിസ്റ്റര്‍ ജിയോവാന അല്‍ബറോണിയായിരുന്നു ആദ്യ മെഡിക്കല്‍ സൂപ്രണ്ട്.
സമീപ ജില്ലകളായ വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം രോഗികള്‍ ഒഴുകിയെത്തിയതോടെ ആശുപത്രി വികസനപാതയിലാണ്. വര്‍ഷംതോറും ജില്ലയില്‍ ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നാണിപ്പോള്‍ ‘നിര്‍മല’.
പുല്ലൂരാംപാറ സ്വദേശി സിസ്റ്റര്‍ ലീലയാണ് ആശുപത്രിയുടെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍. ‘സാധാരണ ഗതിയില്‍ ഒരു ആശുപത്രി നടത്തിക്കൊണ്ടുപോകാന്‍ ‘മാന്‍, മണി, മസില്‍ പവര്‍’ എന്നീ മൂന്ന് എമ്മുകള്‍ വേണം. ഞങ്ങള്‍ക്ക് ഇത് മൂന്നുമില്ല, പക്ഷേ, ദൈവ പരിപാലനമുണ്ട്. ആ പരിപാലനത്തിലാണ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ‘നിര്‍മല’ നടത്തിക്കൊണ്ടുപോകുന്നത്’-സിസ്റ്റര്‍ ലീല പറയുന്നു. മെഡിക്കല്‍ സയന്‍സിലെ എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്ന ‘നിര്‍മല’യുടെ മുതല്‍ക്കൂട്ട് സൗമ്യരായ നഴ്സുമാരാണ്. ‘ഏതു തരം രോഗികളായാലും മരുന്നിന് പുറമെ ‘സാന്ത്വനം’ എന്നൊരു മരുന്നുകൂടിയുണ്ട്. സൗമ്യരായ നഴ്സുമാരെ വാര്‍ത്തെടുക്കാന്‍  നഴ്സിങ് സ്കൂളും നഴ്സിങ് കോളജും നടത്തിവരുന്നു’-സിസ്റ്റര്‍ ലീല പറയുന്നു. സിസ്റ്റര്‍ മരിയ ഫെര്‍ണാണ്ടയാണ് വര്‍ഷങ്ങളായി ‘നിര്‍മല’യുടെ മെഡിക്കല്‍ ഡയറക്ടര്‍.
ഇന്ത്യക്ക് പുറമെ ബ്രസീല്‍, ആഫ്രിക്ക, ഇറ്റലി, കെനിയ, താന്‍സാനിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഉര്‍സുലിന്‍ സന്യാസിനി സഭക്ക് ഇന്ത്യയില്‍ മറ്റ് അഞ്ച് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികള്‍ കൂടിയുണ്ട്. മുംബൈയിലെ ഹോളിഫാമിലി, കാണ്‍പൂരിലെ മരിയമ്പൂര്‍ ഹോസ്പിറ്റല്‍, ഉത്തര്‍പ്രദേശ് ബാസ്പൂരിലെ മദര്‍ അലോഷ്യവാസ്, വയനാട് വൈത്തിരിയിലെ ഗുഡ് ഷെപ്പേഡ് എന്നിവയാണിവ.

പിള്ള-ഗണേഷ് തര്‍ക്കം തീരുന്നു

Posted: 08 Mar 2013 12:24 AM PST

Image: 

തിരുവനന്തപുരം: രണ്ടു വര്‍ഷമായി തുടരുന്ന പിള്ള-ഗണേഷ് തര്‍ക്ക പരിഹാരത്തിന് വഴി തുറന്നു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചു കൊള്ളാമെന്നു മന്ത്രി ഗണേഷ് കുമാര്‍ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ കണ്ട് അറിയിച്ചതോടെയാണ് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയത്. ശനിയാഴ്ച നടക്കുന്ന കേരള കോണ്‍ഗ്രസ് ബി യോഗത്തില്‍ ഗണേഷ് പങ്കെടുക്കും. പിള്ള ആവശ്യപ്പെടുന്നതിനുസരിച്ച് പേഴ്സണല്‍ സ്റ്റാഫില്‍ മാറ്റങ്ങള്‍ വരുത്തും. അതോടെ പാര്‍ട്ടിക്ക് ഭരണത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കും.

സ്ത്രീ വിവാദത്തില്‍ കുടുങ്ങി ഗതികെട്ടപ്പോള്‍ അവസാന ആശ്രയം എന്ന നിലയിലാണ് ഗണേഷ് പിള്ളയെ അഭയം പ്രാപിച്ചത്. ഇതിനു വഴിയൊരുക്കിയത് തൊഴില്‍ മന്ത്രി ഷിബു ബേബിജോണും. ചൊവ്വാഴ്ച രാത്രി തന്നെ ഗണേഷ് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി ജി. സുകുമാരന്‍ നായരെ കണ്ട് പ്രശ്നപരിഹാരത്തിന് തയ്യറാണെന്ന് അറിയിച്ചു. പിള്ളയെ കാണാന്‍ ആയിരുന്നു ഉപദേശം. അതനുസരിച്ച് യു.ഡി.എഫ് യോഗം കഴിഞ്ഞ് ഷിബു ബേബിജോണിനൊപ്പം പിതാവിനെ കണ്ടു. പാര്‍ട്ടിയുടെ മന്ത്രി ആയി പ്രവര്‍ത്തിക്കാമെന്ന് അറിയിച്ചു. അതോടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. പുതിയ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഗണേഷിന് മറ്റൊരു വഴിയും ഇല്ലായിരുന്നു. പരസ്ത്രീ വിവാദത്തില്‍ രാജി വെക്കേണ്ടി വന്നാല്‍ തീര്‍ത്താല്‍ തീരാത്ത കളങ്കവും രാഷ്ട്രീയ അന്ത്യവും ആകുമായിരുന്നു അത്.

അഴിമതിക്ക് കൂട്ടു നില്‍ക്കുന്നില്ല എന്നതാണ് തന്നില്‍ പാര്‍ട്ടി കാണുന്ന കുറ്റമെന്ന് ഗണേഷ് മുമ്പ് തുറന്നടിച്ചിരുന്നു. അതൊക്കെ ഇനി ഗണേഷിനെ തിരിഞ്ഞു കുത്താന്‍ തുടങ്ങും. പി.സി ജോര്‍ജിന് ഈ വിവാദത്തില്‍ വന്‍ ലാഭമാണ്. ഇടഞ്ഞു നിന്ന കൊമ്പനെ തളച്ചതിന്റെആഹ്ളാദം ജോര്‍ജിന്റെഉള്ളിലുണ്ട്. അഴിമതിക്കാരനല്ലാത്ത മന്ത്രി എന്ന് ഇനി എത്ര കാലം പറയാന്‍ ഗണേഷിനു കഴിയുമെന്ന് കണ്ടറിയണം.

ഉത്തരകൊറിയ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍മാറി

Posted: 07 Mar 2013 11:03 PM PST

Image: 

പ്യോങ്യാങ്: ദക്ഷിണകൊറിയയുമായുള്ള സമാധാന കരാറില്‍ നിന്ന് ഉത്തരകൊറിയ പിന്‍മാറി.  ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഉത്തരകൊറിക്ക് പുതിയ ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ്  ഉത്തരകൊറിയ സമാധാനകരാറില്‍ നിന്ന് പിന്‍മാറിയത്. ഐക്യരാഷ്ട്രസഭ വഴി സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കുന്ന പക്ഷം ദക്ഷിണ കൊറിയയുമായി 1953ല്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ നേരത്തെ അറിയിച്ചിരുന്നു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സ്ഥാപിച്ചിരുന്ന പ്രത്യേക ഹോട്ട് ലൈന്‍ സംവിധാനം ഉത്തരകൊറിയ നിര്‍ത്തലാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് നേരിട്ടുള്ള ആശയവിനിമയത്തിനായി 1971 ല്‍ ഹോട്ട് ലൈനില്‍ സസ്ഥാപിച്ച ടെലിഫോണ്‍ സംവിധാനവും ഉത്തരകൊറിയ വിഛേദിച്ചിട്ടുണ്ട്.
 ജനുവരിയില്‍ ആണവപരീക്ഷണം നടത്തിയ ഉത്തരകൊറിയക്ക് കടുത്തശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവന്നതിനു തൊട്ടുപിറകെയാണ്  ഉപരോധം പ്രഖ്യാപിച്ചത്.
ഉത്തരകൊറിയ ആണവപരിപാടികളും ഭൂഖണ്ഡാന്തര മിസൈല്‍ നിര്‍മാണ പദ്ധതികള്‍ സ്തംഭിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട സാങ്കതേികവിദ്യയുടെ കയറ്റുമതി തടയുക എന്നിവ ലക്ഷ്യമിടുന്ന നടപടികളാണ് രക്ഷാസമിതി വഴി നടപ്പാക്കുക.
 ദക്ഷിണ കൊറിയയും അമേരിക്കയും നടത്തിവരുന്ന സംയുക്ത സൈനികാഭ്യാസം വന്‍ഭീഷണിയാണെന്ന് കഴിഞ്ഞദിവസം ഉത്തര കൊറിയന്‍ സൈനിക വക്താവ് കിം യോങ് കോള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഉത്തര കൊറിയന്‍ നേതാവ് കിം ജോന്‍ ഉന്‍ സൈന്യനിക നിരയെ സന്ദര്‍ശിച്ചതായും വാര്‍ത്തകളുണ്ട്

ഒളിമ്പ്യന്‍ വിജേന്ദര്‍ സിങിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന്

Posted: 07 Mar 2013 10:53 PM PST

Image: 

ഛഢീഗഡ്: രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ബോക്‌സിങ് താരം വിജേന്ദര്‍ സിങിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അനൂപ് സിങ് ഖാലോന്‍ എന്നയാളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് വിജേന്ദറിന്‍െറ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. മറ്റൊരു ബോക്സര്‍ ആയ രാം സിങുമായും തനിക്ക് ബന്ധമുള്ളതായി അനൂപ് സിങ് ഖാലോന്‍ സമ്മതിച്ചിട്ടുണ്ട്.

ഞായറാഴ്ച മൊഹാലിയിലെ സിറാക്പൂരിലെ ഒരു ഫ്ളാറ്റില്‍ നിന്നും 130 കോടിയുടെ ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഫ്ളാറ്റിനു പുറത്ത് വിജേന്ദര്‍ സിങിന്‍െറ ഭാര്യയുടെ കാര്‍ കണ്ടെത്തിയെന്നും തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ 10 കിലോ മയക്കുമരുന്ന് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

കാനഡയില്‍ ട്രക്ക് ഡ്രൈവറായ അനൂപ് സിങ് ഖാലോന് അന്തരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. വിജേന്ദറിനെയും രാം സിങിനെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കും.

2008ലെ ബീജിങ് ഒളിമ്പിക്സിലും 2006ലെ ഏഷ്യന്‍ ഗെയിംസിലും വെങ്കല മെഡല്‍ ജേതാവായിരുന്നു വിജേന്ദര്‍.

സി.പി.ഐ ബന്ധത്തിന്‍െറ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യുദ്ധം

Posted: 07 Mar 2013 10:03 PM PST

പാരിപ്പള്ളി: ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ സി.പി.ഐയുമായി സഖ്യമുണ്ടാക്കിയതിന്‍െറ പേരില്‍ കല്ലുവാതുക്കല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ഇളംകുളം ക്ഷീരോല്‍പാദക സഹകരണസംഘം തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മിനെതിരെ കോണ്‍ഗ്രസ് -സി.പി.ഐ സഖ്യം മത്സരിച്ചത്. എന്നിട്ടും സി.പി.എം ഒറ്റക്ക് ഭൂരിപക്ഷം നേടിയിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും ഭൂരിപക്ഷമാളുകളുടെയും അഭിപ്രായമാരായാതെയും ഒരു വിഭാഗം നേതാക്കളുണ്ടാക്കിയ രഹസ്യധാരണയാണ് സി.പി.ഐ സഖ്യമെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പിന്ശേഷം ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇതേചൊല്ലി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. സ്വന്തം പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കാതെയും അവഗണിച്ചും സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനായി ഏതാനും നേതാക്കള്‍ നടത്തിയ രഹസ്യനീക്കം പാര്‍ട്ടിക്ക് പ്രദേശത്ത് തിരിച്ചടിയുണ്ടാക്കിയിരിക്കയാണെന്ന് ഒരുവിഭാഗം പറയുന്നു.അവസരവാദപരമായ സഖ്യത്തെതുടര്‍ന്ന് പ്രവര്‍ത്തകരിലുണ്ടായ നിരാശയാണ് ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ സി.പി.എമ്മിനെ സഹായിച്ചതെന്നാണ് ഒരു കൂട്ടരുടെ നിരീക്ഷണം. എ ഗ്രൂപ്പുകാരനായ  പ്രമുഖ നേതാവിന്‍െറ പിന്തുണയോടെ നാലാം ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്‍റും കൂട്ടാളികളും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനം മേഖലയില്‍ കോണ്‍ഗ്രസിന്‍െറ തകര്‍ച്ചക്ക് വഴിവെക്കുമെന്ന് ആരോപണമുയര്‍ന്നു. എ ഗ്രൂപ്പുകാര്‍ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇതോടെ ഗ്രൂപ്പിനുള്ളിലും ഗ്രൂപ്പ് പോര് രൂക്ഷമാകുന്ന അവസ്ഥയാണ്.
ഏതാനുംമാസം മുമ്പ് നടന്ന പ്ളാവിന്‍മൂട് ക്ഷീരസംഘം തെരഞ്ഞെടുപ്പിലും സി.പി.ഐയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. പാര്‍ട്ടി താല്‍പര്യങ്ങള്‍ നിരന്തരം അട്ടിമറിക്കുകയും എതിര്‍ചേരിയുമായി ചേര്‍ന്ന് സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നേതൃത്വത്തിനെതിരെ ഡി.സി.സി പ്രസിഡന്‍റിന് പരാതി കൊടുക്കാന്‍ ഒരു   വിഭാഗം ഒരുങ്ങുകയാണ്.
 

ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി

Posted: 07 Mar 2013 09:49 PM PST

കട്ടപ്പന: കടുത്ത വേനലിനെ തുടര്‍ന്ന് ജില്ല നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി തുടങ്ങി.
കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയിലെ പ്രധാന ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതിനെ തുടര്‍ന്നാണ് കര്‍മ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ ത്രിതല പഞ്ചായത്തുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനം തടസ്സപ്പെട്ട് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ആദ്യ ഘട്ടം. ഇതിന്‍െറ ഭാഗമായി 50 ഓളം കുഴല്‍ക്കിണറുകള്‍ അറ്റകുറ്റപ്പണി നടത്തിവരികയാണ്.
ജില്ലയില്‍ 2500 ഓളം കുഴല്‍ക്കിണറുകളാണ് ഉപയോഗശൂന്യമായ നിലയിലുള്ളത്.
ഇത് പ്രവര്‍ത്തന ക്ഷമമാക്കുകയും ത്രിതല പഞ്ചായത്തുകളുടെ കീഴിലുള്ള കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കാനും ശ്രമിച്ച് വരികയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്കാണ് ഇതിന്‍െറ ചുമതല. ജില്ലയുടെ ചില ഭാഗങ്ങളില്‍ നേരിയ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. വരള്‍ച്ച മൂലം ഉണങ്ങി യ കാര്‍ഷിക വിളകളെ രക്ഷിക്കാന്‍ ഇത് മതിയായില്ല.
ചാറ്റല്‍ മഴ കുടിവെള്ള സ്രോതസ്സുകളെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തു. തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം മൂലം കൂടതല്‍ ദുരിതമനുഭവിക്കുന്നത്. മുന്‍കാലങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിച്ചിരുന്നു. പല പഞ്ചായത്തുകള്‍ക്കും ഇതിന്‍െറ പണം ലഭ്യമായിട്ടില്ല. ആയതിനാല്‍ ഈ വര്‍ഷം ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.

നിയമം നോക്കുകുത്തി; അടൂര്‍ ബാറുകളുടെ പറുദീസ

Posted: 07 Mar 2013 09:46 PM PST

അടൂര്‍: നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറുകളും പ്രവര്‍ത്തനം ആരംഭിക്കാന്‍ കാത്തിരിക്കുന്ന ബാറുകളും അടൂരില്‍ വിവാദമാകുന്നു. ഹൈസ്കൂള്‍ കവലയില്‍ ലൈസന്‍സ് കാത്തുകിടക്കുന്ന പ്രമുഖരുടെ ബാറിന് നഗരസഭ ചെയര്‍മാന്‍ കാട്ടിയ പച്ചക്കൊടിക്കെതിരെ വെള്ളിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങളില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് അംഗങ്ങള്‍ വിഷയത്തില്‍ മൗനം നടിക്കുകയാണ്.  ഹൈസ്കൂള്‍ ജങ്ഷന് കിഴക്കുവശം എം.സി റോഡും കെ.പി റോഡും ഒന്നായി കടന്നുപോകുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹോട്ടലിനാണ് ബാര്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് വിവാദം. കേരള സര്‍വകലാശാല യു.ഐ.ടി, കരുവാറ്റ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, കരുവാറ്റ ഗവ. എല്‍.പി.എസ്, സിന്ധു ഐ.ടി.സി എന്നിവയുടെ അടുത്താണ് ഹോട്ടല്‍. സ്കൂളിലേക്കുള്ള വഴി ഹോട്ടലിനു അടുത്തുകൂടിയാണ്.  ദൂരപരിധി ലംഘിച്ചാണ് ഹോട്ടലിന് ബാര്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. ഹോട്ടലിന്‍െറ പ്രധാന കവാടത്തില്‍ നിന്ന് ഈ സ്ഥാപനങ്ങളിലേക്ക് 130-140 മീറ്റര്‍ ദൂരമേയുള്ളുവെന്നാണ് ആക്ഷേപം. എന്നാല്‍ ഇംഗ്ളീഷ് അക്ഷരമാലയിലെ ‘ഇസെഡ്’ ആകൃതിയില്‍ കൃത്രിമ വഴിയുണ്ടാക്കി പ്രവേശകവാടം ഇതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഹോട്ടല്‍ ഉടമകള്‍ ബാര്‍ ലൈസന്‍സിനായി കാത്തിരിക്കുന്നത്. ബാറിന് ലൈസന്‍സ് നല്‍കേണ്ട എന്ന് ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ വരെ ശാഠ്യം പിടിക്കുമ്പോള്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് കുലുക്കമില്ലാത്തത് ദുരൂഹതയുണര്‍ത്തുന്നതാണെന്ന്  മുതിര്‍ന്ന എല്‍.ഡി.എഫ് നേതാവ് പറഞ്ഞു.
ഇതേസമയം പറക്കോട് ശക്തി തിയറ്ററിന് സമീപം മാസങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ബാറും അടൂര്‍ കെ.എസ്. ആര്‍.ടി.സി കവലയിലെ ബാറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ദൂരപരിധി ലംഘിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. കേരള സര്‍വകലാശാലയുടെ എം.ബി.എ കോഴ്സ് പഠിപ്പിക്കുന്ന കോളജും പി.ജി.എം. ഹൈസ്കൂളുകള്‍, ടി.ടി.ഇ, നാഷനല്‍ സെന്‍ട്രല്‍ സ്കൂള്‍, അറുകാലിക്കല്‍ മഹാദേവര്‍ ക്ഷേത്രം എന്നിവക്ക് സമീപമാണ് പറക്കോട്ടെ ബാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയും ബാറിന്‍െറ മുറ്റത്ത് നടുവിലായി അരമതില്‍ പണിത് പിറകുവശത്തുകൂടി പ്രവേശം നല്‍കിയാണ് ദൂരപരിധി ’നിയമാനുസരണ’ മാക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി കവലയിലെ ബാര്‍ തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയത്തിന്‍െറയും ദൂരപരിധി നിയമപരമായി കാട്ടാനായി കെട്ടിടത്തിന്‍െറ കിഴക്കുവശത്ത് പുതിയ വഴിയുണ്ടാക്കിയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് അടൂര്‍ ടൗണ്‍ യു. പി.എസ്, എല്‍.പി.എസ്, എ.ഇ.ഒ ഓഫിസ്, എസ്. എസ്.എ ബ്ളോക് റിസോഴ്സ് സെന്‍റര്‍ എന്നിവ പ്രവര്‍ത്തിക്കുന്ന വളപ്പിന്‍െറ ചുറ്റുമതിലിനോടു ചേര്‍ന്ന് ‘ബാര്‍’ എന്ന ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.
പാര്‍ഥസാരഥി ക്ഷേത്രവും സമീപത്താണ്. അന്ന് ആര്‍. ഡി.ഒ തഹസില്‍ദാര്‍, പൊലീസ്, മദ്യവിരുദ്ധ സമിതി ഭാരവാഹികള്‍ എന്നിവരോട് പൊതുപ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പരാതി പറഞ്ഞപ്പോള്‍ നടപടിയുണ്ടായില്ല. അടൂര്‍ സെന്‍ട്രല്‍ ജങ്ഷന് സമീപം മറ്റൊരു ഹോട്ടലിനും അനധികൃതമായി ബാര്‍ ലൈസന്‍സ് നല്‍കാന്‍ നീക്കം നടക്കുന്നതായാണ് അറിയുന്നത്. മദ്യവിരുദ്ധ സംഘടനകളും ഇത്തരം പ്രവണതകളെ കണ്ടില്ലെന്നു നടിക്കുകയാണ്.

ചാവെസിന്റെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും

Posted: 07 Mar 2013 09:41 PM PST

Image: 
Subtitle: 
സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സച്ചിന്‍ പൈലറ്റ്

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ്‌ ഊഗോ ചാവെസിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കും. വൈസ് പ്രസിഡന്റ്‌ നിക്കോളാസ് മധുരോ അറിയിച്ചതാണ് ഇക്കാര്യം. ഔദ്യാഗിക സംസ്കാരത്തിനു ശേഷമായിരിക്കും മൃതദേഹം എംബാം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുക.

മാവോ സേ തൂങ്ങിന്റെയും ലെനിന്റെയും പോലെ ഞങ്ങളുടെ നേതാവിന്റെ മൃതദേഹവും എംബാം ചെയ്ത് സൂക്ഷിക്കും -മധുരോ പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള മൂസിയം ഓഫ് റെവല്യൂഷനില്‍ മൃതദേഹം എംബാം ചെയ്ത് പൊതുദര്‍ശനത്തിനായി തുറന്നുകൊടുക്കും.

അതേസമയം, ചൊവ്വാഴ്ച അന്തരിച്ച ഊഗോ ചാവെസിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. ക്യൂബന്‍ പ്രസിഡന്റ്‌ റൗള്‍ കാസ്ട്രേയും ഇറന്‍ പ്രസിഡന്റ്‌ അഹമദി നെജാദുമടക്കം മുപ്പതോളം വിവിധ രാഷട്ര നേതാക്കള്‍ വെള്ളിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

ചിറക്കുളത്തിലേക്ക് ഹോട്ടലില്‍നിന്ന് കക്കൂസ് മാലിന്യപൈപ്പ്

Posted: 07 Mar 2013 09:26 PM PST

ഏറ്റുമാനൂര്‍: ചിറക്കുളത്തിലേക്ക് വന്‍കിട ഹോട്ടലില്‍നിന്ന് റോഡ് വെട്ടിപ്പൊളിച്ച് മാലിന്യപൈപ്പിട്ടത് വിവാദമാകുന്നു. പഞ്ചായത്തിന്‍െറ മൂക്കിന് താഴെയാണെങ്കിലും സംഭവം അധികൃതര്‍ അറിഞ്ഞിട്ടില്ലത്രേ. ഭൂമിക്കടിയിലൂടെ പത്തിഞ്ച് വലിപ്പമുള്ള പൈപ്പിലൂടെ കക്കൂസ്മാലിന്യമാണ് ശുദ്ധജലസ്രോതസ്സായ ചിറക്കുളത്തിലേക്ക് വിടുന്നത്. 35 ലക്ഷം രൂപ മുടക്കി ശുചീകരിച്ച് ചുറ്റുമതിലും കമ്പിവേലിയും കെട്ടി തിരിച്ചതാണ് കുളം. നിര്‍മാണം നടക്കുന്നതിനിടെ ഹോട്ടലില്‍നിന്ന് കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളിയിരുന്നതായി കണ്ടെത്തിയിരുന്നു. അന്ന് പ്രതിഷേധം ഉയര്‍ന്നതോടെ പൈപ്പ് മാറ്റി മണ്ണിട്ട് മൂടിയിരുന്നു. എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്്ണ നീക്കിയാണ് മാലിന്യക്കുഴല്‍ കുളത്തിലേക്ക് വീണ്ടും സ്ഥാപിച്ചത്.   രണ്ടര ഏക്കറില്‍ വ്യാപിച്ചുകിടന്ന ചിറക്കുളം കാലാന്തരത്തില്‍ 50 സെന്‍റ് മാത്രമായി ചുരുങ്ങി.
പഞ്ചായത്ത് അധികൃതരെ സ്വാധീനിച്ചാണ് കുളത്തിലേക്ക് മലിനജലം തള്ളുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുന്നകാര്യം ആലോചിക്കുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
 

സ്ത്രീയെ ഉപഭോഗവസ്തുവാക്കുന്നത് ചെറുക്കണം -ഗൗരിയമ്മ

Posted: 07 Mar 2013 09:20 PM PST

ആലപ്പുഴ: ഭയാനകമായ ജീവിത സാഹചര്യത്തിലാണ് സ്ത്രീകള്‍ ജീവിക്കുന്നതെന്നും ഉപഭോഗ വസ്തുവായി സ്ത്രീയെ കാണാനുള്ള ത്വരയാണ് എങ്ങും ഉള്ളതെന്നും മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മ. സ്വതന്ത്രമായി പുറത്തിറങ്ങാനോ വീട്ടില്‍ കഴിയാനോ സ്ത്രീകള്‍ക്ക് പറ്റുന്നില്ല. ഇത്തരം ജീര്‍ണ സംസ്കാരത്തെ ചെറുക്കാന്‍ രാഷ്ട്രീയ-മത-ജാതി ചിന്തകള്‍ക്ക് അതീതമായ കൂട്ടായ്മ രൂപപ്പെടണമെന്നും അവര്‍ പറഞ്ഞു. ആലപ്പുഴ നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ നടന്ന സാര്‍വദേശീയ മഹിളാ ദിനാചരണം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരിയമ്മ
കേരളത്തില്‍ ഇത്രമേല്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കാലമുണ്ടായിട്ടില്ല. കൈയില്ലാത്തവന്‍ ട്രെയിനില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവംവരെ ഉണ്ടായി. തന്‍െറ ചെറുപ്പകാലത്ത് കിലോമീറ്ററുകള്‍ നടന്ന് പൊതുപ്രവര്‍ത്തനത്തിന് പോയിട്ടുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ. അക്കാലത്ത് ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ല. വലിക്കുന്ന റിക്ഷയാണ് കൂടുതലും ആശ്രയിക്കുക. അക്കാലത്തൊന്നും ഇന്നത്തെപ്പോലെ പീഡന സംഭവങ്ങള്‍ കേട്ടിരുന്നില്ല.
ഇന്ന് സ്ത്രീകള്‍ ഉയര്‍ന്ന ജോലിയിലും വിദ്യാഭ്യാസത്തിലും ഭേദപ്പെട്ട നിലയിലാണ്. ഭൂരിപക്ഷം സ്ത്രീകളും വിദ്യാഭ്യാസത്തിന്‍െറ കാര്യത്തില്‍ മുന്നിലാണ്. കണ്ടുപിടിത്തത്തിലും അവര്‍ പിന്നിലല്ല. ഇന്ന് സുരക്ഷിതമായി ഒരു സ്ത്രീക്ക് സഞ്ചരിക്കാന്‍ കഴിയുമോ. കേരളത്തില്‍ മറ്റെല്ലാ പ്രശ്നങ്ങളെക്കാളും മുന്നില്‍ നില്‍ക്കുന്നത് സ്ത്രീ പീഡനമാണ്. ഈ പ്രതിസന്ധി തരണംചെയ്യാന്‍ കൂട്ടായ ആലോചന വേണം. അമ്മമാരോടും സഹോദരിമാരോടുമെല്ലാം ക്രൂരത കാട്ടുന്ന വാര്‍ത്തകളും പുറത്തുവരുന്നു. ഇത് ഒരുതരത്തില്‍ സാമൂഹിക അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.
പണ്ടൊക്കെ മരുമക്കത്തായ സമ്പ്രദായത്തില്‍ പുരുഷന്മാര്‍ക്കായിരുന്നു സ്ഥാനം. കാര്യങ്ങള്‍ തീരുമാനിക്കുന്നത് അമ്മാവന്മാരായിരുന്നു. അതില്‍നിന്നൊക്കെ സമൂഹം എത്രയോ മാറി. വനിതകളുടെ മുന്നേറ്റം പലതലങ്ങളിലുമുണ്ടായി. എന്നിട്ടും സ്ത്രീ പീഡനത്തിന് കുറവുണ്ടായിട്ടില്ല. ഭയമില്ലാതെയും സ്വതന്ത്രമായും അഭിമാനത്തോടെയും കഴിയാനുള്ള സാഹചര്യം അവര്‍ക്കുണ്ടാകണം. അതിനുവേണ്ടിയുള്ള സംഘടിത ശ്രമമാണ് സമൂഹത്തിന്‍െറയും അധികാര കേന്ദ്രങ്ങളുടെയും ഭാഗത്തുനിന്ന് വേണ്ടതെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി അഡ്വ.സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി വനിതാമിത്രം ആരോഗ്യ സര്‍വേ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി. അരവിന്ദാക്ഷന്‍, വി.ജി. വിഷ്ണു, കെ.കെ. ജയമ്മ,എം.ജി. സതീദേവി, ആര്‍. ബേബി, കൗണ്‍സിലര്‍ സുനില്‍ ജോര്‍ജ്, എ. പ്രവീണ്‍കുമാര്‍, പ്രഭ എന്നിവര്‍ സംസാരിച്ചു.
വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച പി.കെ. മേദിനി, ഡോ. സൈറു ഫിലിപ്പ്, പ്രഫ. അമൃത എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP