ജോര്‍ജിനെ പുറത്താക്കാനുള്ള ധൈര്യം ഉമ്മന്‍ചാണ്ടിക്കില്ല^ കോടിയേരി Posted: 27 Mar 2015 12:48 AM PDT തൃശൂര്‍: ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ പുറത്താക്കാനുള്ള രാഷ്ട്രീയ ധൈര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം രക്ഷപ്പെടുത്തിയത് പി.സി ജോര്‍ജാണ്. അതിനാല്‍ ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല. പി.സി ജോര്‍ജ് രാജിവെക്കുകയാണെങ്കില്‍ ഒപ്പം ഉമ്മന്‍ചാണ്ടിയും കൈപിടിച്ചു വരേണ്ടിവരും. എല്‍.ഡി.എഫിന് ജോര്‍ജിനോട് തൊട്ടുകൂടായ്മയില്ല. അദ്ദേഹത്തെ എല്‍.ഡി.എഫിലേക്ക് സ്വീകരിക്കുന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ.എം മാണി നിയമസഭയില്‍ വായിച്ച ബജറ്റ് അംഗീകരിച്ച ഗവര്‍ണറുടെ നടപടി ദുരൂഹമാണ്. ജുഡീഷ്യറിയെ അറിയാവുന്ന ഗവര്‍ണര്‍ ഇക്കാര്യം ശരിയായ രീതിയില്‍ അന്വേഷിക്കാതെയാണ് തീരുമാനമെടുത്തതെന്നും കോടിയേരി ആരോപിച്ചു. |
യമനില്‍ സൗദിയുടെ ആക്രമണം തുടരുന്നു; സൗദിക്ക് പിന്തുണ നല്‍കുമെന്ന് യു.എസ് Posted: 27 Mar 2015 12:41 AM PDT സന്‍ആ: യമനില്‍ ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യസേനയുടെ വ്യോമാക്രമണം രണ്ടാം ദിവസവും തുടരുന്നു. ആക്രമണം രൂക്ഷമായതോടെ യമന്‍ അബ്ദ് റബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ രാഷ്ട്രീയാഭയം തേടി. വ്യാഴാഴ്ച രാത്രി റിയാദില്‍ എത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. ശിയാ ശക്തികേന്ദ്രമായ സദാഇല്‍ ആണ് ഇറാന്‍െറ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ ‘ആസിഫത്തുല്‍ ഹസം’ (നിര്‍ണായക കൊടുങ്കാറ്റ്) എന്നു പേരിട്ട സൈനികനടപടിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ബുധനാഴ്ച പ്രാദേശികസമയം അര്‍ധരാത്രി 12നാണ് ഉത്തരവിട്ടത്. ഇതോടെ സൗദിയുടെ നേതൃത്വത്തില്‍ ഒമാന്‍ ഒഴികെ ഗള്‍ഫ് രാഷ്ട്രങ്ങളും ഈജിപ്ത്, സുഡാന്‍, മൊറോകോ, ജോര്‍ഡന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള വിശാല സഖ്യം യമന്‍െറ വ്യോമപ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. തലസ്ഥാനമായ സന്‍ആയില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 25 പേരെങ്കിലും കൊല്ലപ്പെട്ടതായും അതില്‍ ആറു പേര്‍ കുട്ടികള്‍ ആണെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ അറിയിച്ചു. ആക്രമണത്തിനെതിരെ തലസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി ഇറങ്ങിയതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ആക്രമണത്തിന് സൗദിക്ക് തങ്ങള്‍ സൈനികമായും ബുദ്ധിപരമായും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും എന്നാല്‍, ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കില്ളെന്നും യു.എസ് അറിയിച്ചു. സൗദി ഭരണകൂടത്തിന്‍റെ വികാരം മനസ്സിലാക്കുന്നതായും അവരുടെ ശ്രമത്തിന് പിന്തുണ നല്‍കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് ജെഫ് റാത്കെ അറിയിച്ചു. ഇറാന്‍, പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് തുര്‍കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു. ഇതിനോട് സഹകരിക്കാന്‍ ആവില്ളെന്നും യെമന്‍,ഇറാഖ്,സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഹൂതി വിമത സേനയെ പിന്‍വലിക്കാന്‍ ഇറാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. |
അരുവിക്കര സീറ്റില്‍ തീരുമാനമായില്ല ^ വി.എം സുധീരന്‍ Posted: 26 Mar 2015 11:43 PM PDT തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കാലങ്ങളായി അരുവിക്കര കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇനിയും സമയമുണ്ടെന്നും അതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും സുധീരന്‍ പറഞ്ഞു. അരുവിക്കരയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കികൊണ്ടും പേരായ്മകള്‍ പരിഹരിച്ചും മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജി വെക്കണമെന്നത് സംബന്ധിച്ച വിഷയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈകാര്യം ചെയ്യും. അക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ളെന്നും സുധീരന്‍ വ്യക്തമാക്കി. |
കോര്‍പറേഷന്‍ ബജറ്റ്: സമ്പൂര്‍ണ നഗരവികസനം, എല്ലാവര്‍ക്കും വീട് Posted: 26 Mar 2015 10:26 PM PDT കൊല്ലം: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്കും സമഗ്ര നഗരവികസനത്തിനും മുന്‍തൂക്കം നല്‍കി കോര്‍പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ എം. നൗഷാദ് അവതരിപ്പിച്ചു. 668.94 കോടി വരവും 716.17 കോടി ചെലവും 38.71 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനും മുന്തിയ പരിഗണന നല്‍കുന്നു. ഡിവിഷന്‍ അടിസ്ഥാനത്തില്‍ മൂന്നുനില അപാര്‍ട്മെന്‍റുകള്‍ നിര്‍മിച്ച് 'സമ്പൂര്‍ണ' എന്ന പേരില്‍ ഭവന പദ്ധതി നടപ്പാക്കും. ഇതിനായി 55 കോടി വകയിരുത്തി. സ്വന്തമായി ഭൂമിയില്ളെന്ന കാരണത്താല്‍ വീടില്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ 12 കോടിയും വകകൊള്ളിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്ക് 15 കോടിയും പട്ടികജാതി വിഭാഗത്തില്‍പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും പദ്ധതിക്കായി 15 കോടിയും ഉള്‍പ്പെടുത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമഗ്രമായ നിര്‍ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ക്കും മഴവെള്ള സംഭരണ സംവിധാനം നിര്‍ബന്ധമാക്കും. കിണര്‍ റീചാര്‍ജ് പദ്ധതിക്കായി 50 ലക്ഷം, പൊതുടാപ്പുകളുടെ നവീകരണത്തിന് 50 ലക്ഷം, എല്ലാ ഡിവിഷനുകളിലും കുഴല്‍ കിണര്‍ നിര്‍മിച്ച് വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് രണ്ടുകോടി 75 ലക്ഷം രൂപ എന്നിങ്ങനെയും തുക വകയിരുത്തി. വിവിധ ഡിവിഷനുകളില്‍ പുതിയ ഓടകള്‍ നിര്‍മിക്കുന്നതിന് മൂന്നു കോടി 50 ലക്ഷം രൂപ ചെലവിടും. ആശ്രാമം ലിങ്ക് റോഡിന് സമീപം സ്വിവറേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിനും ആധുനിക മാലിന്യ സംസ്കരണപ്ളാന്‍റ് സ്ഥാപിക്കുന്നതിനും ഒരു കോടിവീതം വകയിരുത്തി. കുരീപ്പുഴ മാലിന്യ സംസ്കരണ പ്ളാന്‍റിലെ 10 ഏക്കര്‍സ്ഥലത്ത് ജൈവകൃഷി ഒരുക്കുന്നതിനും തീരദേശത്ത് ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണത്തിനും 25 ലക്ഷം രൂപ വീതം നീക്കിവെച്ചു. തങ്കശേരി ഫിഷിങ് ഹാര്‍ബറില്‍ ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണത്തിന് 20 ലക്ഷം, താമരക്കുളം, അയത്തില്‍, ശക്തിക്കുളങ്ങര ഡിവിഷനുകളില്‍ പച്ചക്കറി-ഭക്ഷണാവശിഷ്ട പ്ളാന്‍റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം, നഗരത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളില്‍ തുമ്പോല്‍മുറി, ആലപ്പുഴ മാതൃകയില്‍ എയറോബിക് കമ്പോസ്റ്റ് പ്ളാന്‍റ് സ്ഥാപിക്കാന്‍ ഒരുകോടി 60 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തി. പുനലൂര്‍ ഞാങ്കടവ് പദ്ധതിയുടെ പ്രാരംഭ ജോലികള്‍ക്കായി അഞ്ചുകോടി നീക്കിവെച്ചു. ഡബ്ള്‍ ട്യൂബ് ലൈറ്റ്, സോഡിയം വേപ്പര്‍ ലാമ്പ് സെറ്റ് എന്നിവ വാങ്ങുന്നതിനും പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിനും ഒരു കോടി 25 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചു. പുതുതലമുറയെ ലഹരിമുക്തരാക്കാന്‍ പ്രത്യേക ബോധവത്കരണ യൂനിറ്റുകള്‍ സംഘടിപ്പിക്കും. ഇതിനായി 15 ലക്ഷം രൂപ വിനിയോഗിക്കും. നാല് പി.എച്ച് സെന്‍ററുകളോടനുബന്ധിച്ച് ആധുനികസജ്ജീകരണങ്ങളോടെ സൗജന്യ നിരക്കില്‍ രോഗ നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ലബോറട്ടറി സംവിധാനത്തിനായി 25 ലക്ഷം രൂപ ഉള്‍പ്പെടുത്തി. ജീവന്‍ രക്ഷാമരുന്നുകള്‍ സര്‍ക്കാര്‍ അനുമതിയോടെ വാങ്ങിനല്‍കുന്നതിനായി 25 ലക്ഷം രൂപ വിനിയോഗിക്കും. കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി ഉയര്‍ത്തുന്നതിന് ഒരു കോടി വകയിരുത്തി. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വിസ് പരിശീലനത്തിന് 10 ലക്ഷം, എല്‍.പി, യു.പി സ്മാര്‍ട്ട് ക്ളാസ് പദ്ധതി നടപ്പാക്കുന്നതിന് 25 ലക്ഷം, യു.പി-ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് ഏഴു ലക്ഷം രൂപ, മാത്സ് ലാബ്@ സ്കൂള്‍ പ്രോജക്ടിന് 10 ലക്ഷവും വിനിയോഗിക്കും. കുടുംബശ്രീ അയല്‍കൂട്ട സംരംഭങ്ങളെ ഏകോപിപ്പിച്ച് സഹകരണ സംഘം രൂപവത്കരണത്തിന്‍െറ പ്രാരംഭ ചെലവുകള്‍ക്കായി 50 ലക്ഷം, ഇന്‍സെന്‍റിവ് നല്‍കാന്‍ 10 ലക്ഷം, റിവോള്‍വിങ് ഫണ്ട് നല്‍കാന്‍ 20 ലക്ഷം എന്നിങ്ങനെയും തുക വകയിരുത്തി. 'വിശപ്പുരഹിത നഗരം' പദ്ധതിക്ക് 65 ലക്ഷം രൂപ ഈ വര്‍ഷവുമുണ്ട്. സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതിക്ക് ഡിവിഷന്‍ തലത്തിയ അദാലത്തുകള്‍ നടത്തുന്നതിന് 10 ലക്ഷവും ഡിവിഷന്‍ തലത്തില്‍ സമഗ്ര സാമൂഹിക സാമ്പത്തിക സര്‍വേ നടത്തി ഡാറ്റ ബാങ്ക് തയാറാക്കുന്നതിനായി 20 ലക്ഷം രൂപയും മാറ്റിവെച്ചു. തെരുവില്‍ അലയുന്നവരുടെ പുനരധിവാസത്തിനായി ഒരു കോടി വിനിയോഗിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. അടുക്കള പച്ചക്കറിത്തോട്ടം, മട്ടുപ്പാവില്‍ കൃഷി എന്നിവക്ക് വിഹിതം ഉള്‍പ്പെടുത്തി. കൈത്തറിയുടെയും ചെറുകിട വ്യവസായങ്ങളുടെയും സംരക്ഷണത്തിനായി 60 ലക്ഷം രൂപ ചെലവിടും. മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. |
അതിയന്നൂര്‍ ബ്ളോക് പഞ്ചായത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം Posted: 26 Mar 2015 10:21 PM PDT തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവെച്ചുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അതിയന്നൂര്‍ ബ്ളോക്പഞ്ചായത്ത് 2015-16 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. കോളനി നിവാസികളുടെ സമഗ്രവികസനവും ഗ്രാമീണ ജനതക്ക് തൊഴില്‍ നല്‍കുന്നതിനുമായുള്ള തൊഴിലുറപ്പു പദ്ധതികള്‍ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഐ.എ.വൈ പദ്ധതിപ്രകാരം ഈ വര്‍ഷം 600 പുതിയ ഭവനങ്ങള്‍ പണിയുന്നതിനായി 11,76,00,000 രൂപയും വീട് മെയിന്‍റനന്‍സിനായി വീടൊന്നിന് 25,000 രൂപയും വകയിരുത്തി. പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിനായി ഒരുകോടി രൂപയും നബാര്‍ഡ് പദ്ധതിപ്രകാരം ഗ്രാമീണ ജനതക്ക് റോഡ് നിര്‍മാണത്തിനായി ഏഴുകോടി രൂപയും പി.എം.ജി.എസ്.വൈ പദ്ധതിപ്രകാരം റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമായി അഞ്ചുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.ജനകീയാസൂത്രണ പദ്ധതിയില്‍ മേഖലാ വിഭജനത്തിന് പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തിനും ജനറല്‍ വിഭാഗത്തിനുമായി 4,20,81,200 രൂപയും പട്ടികജാതി വികസനത്തിനായി പട്ടികജാതി വികസന ഫണ്ടിനത്തില്‍ രണ്ടുകോടി രൂപയും വകയിരുത്തി. അതിയന്നൂര്‍-വെങ്ങാനൂര്‍ കുടിവെള്ളപദ്ധതിക്കായി 20 ലക്ഷം രൂപയും മൂന്നു പുതിയ കുടിവെള്ള പദ്ധതിക്കായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഫണ്ടിനത്തില്‍ 3,97,00,000 രൂപയും സാക്ഷരതാ ഫണ്ടിനത്തില്‍ നാല് ലക്ഷം രൂപയും യുവജനങ്ങളെ കലാകായികരംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റേഡിയം പുനരുദ്ധാരണത്തിനുമായി യുവജനക്ഷേമ ഫണ്ടിനത്തില്‍നിന്ന് 3,25,000 രൂപയും സാമൂഹികക്ഷേമ ഫണ്ടിനത്തില്‍ 35 ലക്ഷം രൂപയും വകയിരുത്തി. സ്വയംസഹായ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനായും ബാങ്ക് വായ്പകളും സബ്സിഡികളും ഉള്‍പ്പെടെ എസ്.ജി.എസ്.വൈ മാതൃകാ പദ്ധതികള്‍ക്കായി മൂന്ന് കോടി രൂപയും വകയിരുത്തി. പുതിയ സംരംഭങ്ങള്‍ക്കും ഉല്‍പാദന യൂനിറ്റുകള്‍ക്കുമായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലെ ഖരമാലിന്യ സംസ്കരണത്തിനും സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ക്കുമായി 25 ലക്ഷം രൂപയും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കും മറ്റുമായി 75 ലക്ഷം രൂപയും വകയിരുത്തി. വികലാംഗര്‍ക്ക് ട്രൈ സ്കൂട്ടര്‍ നല്‍കുന്നതിന് 12,50,000 രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഫിസ് ചെലവുകള്‍ക്കായി 32 ലക്ഷം രൂപയും ഫ്രണ്ട് ഓഫിസ് സംവിധാനത്തിനായി രണ്ടുലക്ഷം രൂപയും ബ്ളോക് പഞ്ചായത്ത് സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും മെയിന്‍റനന്‍സിനായി 42,87,750 രൂപയും വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 93,55,47,950 രൂപ വരവും 93,06,93,950 രൂപ ചെലവും 48,54,000 രൂപ മിച്ചവുമാണ് അതിയന്നൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറ ലക്ഷ്യം. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രവിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്‍റ് ഡോ. പുഷ്പ സ്റ്റുവര്‍ട്ട് ബജറ്റ് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ശശിധരന്‍നായര്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ലോര്‍ദോന്‍, ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഡി. ശൈലജ, സെക്രട്ടറി ലിഷാമോഹന്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മംഗലത്തുകോണം രാജു, മറ്റു ബ്ളോക് പഞ്ചായത്തംഗങ്ങള്‍, നിര്‍വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങളുണ്ട്^ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് Posted: 26 Mar 2015 10:20 PM PDT ന്യൂഡല്‍ഹി: ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍. അയല്‍രാജ്യമായ പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നു. പാകിസ്താനില്‍ നിന്നുള്ള ഭീഷണി ആസന്നവും ഗൗരവതരവുമാണ്. പാകിസ്താനുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടാകണമെന്നും അജിത് ധോവല്‍ അഭിപ്രായപ്പെട്ടു. എയര്‍ ഫോഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് എല്ലാ അയല്‍ രാജ്യങ്ങളായും ചില പ്രശ്നങ്ങളുണ്ട്. മ്യാന്‍മറുമായി സായുധ കലാപം, ബംഗ്ളാദേശുമായി അനധികൃത കുടിയേറ്റ പ്രശ്നം, നേപ്പാള്‍ അതിര്‍ത്തിയിലെ അനധികൃത ഏജന്‍സികളുടെ പ്രവര്‍ത്തനം കൂടാതെ മറ്റു രണ്ടു രാജ്യങ്ങള്‍ ആണവായുധ ശേഷിയുള്ളവയുമാണ്. അയല്‍രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് സുതാര്യവും സ്വച്ഛവുമായ ബന്ധത്തോടെ മുന്നോട്ടു പോകാന്‍ രാഷ്ട്രത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. |
ഗുരുവായൂര്‍ നഗരസഭ ബജറ്റ്: 204 കോടിയുടെ വികസനപദ്ധതികള്‍ Posted: 26 Mar 2015 10:13 PM PDT ഗുരുവായൂര്‍: ചങ്ങമ്പുഴയുടെ കവിതയില്‍ തുടങ്ങി വള്ളത്തോളിന്‍െറ കവിത ചൊല്ലി ഉപസംഹരിച്ച ഗുരുവായൂര്‍ നഗരസഭ ബജറ്റില്‍ 204 കോടിയുടെ വികസന പദ്ധതികള്‍. ബൃഹദ്പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ കടലാസില്‍ അവശേഷിക്കുകയും ചെയ്യുന്ന പതിവ് ശൈലിവിട്ട് പരിസ്ഥിതിക്കും സ്ത്രീകളുടെ ഉന്നമനത്തിനും ലക്ഷ്യമിട്ടുള്ള ചെറുപദ്ധതികള്‍ ബജറ്റില്‍ സ്ഥാനം പിടിച്ചു. 204 കോടി വരവും 200 കോടി ചെലവും നാല് കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്സന്‍ മഹിമ രാജേഷ് അവതരിപ്പിച്ചത്. ജൈവ പഴം - പച്ചക്കറി പ്രദര്‍ശനം, വില്‍പന, കാര്‍ഷിക സെമിനാറുകള്‍ എന്നിവക്കായി ഒരാഴ്ച നീളുന്ന 'ഗുരുവായൂര്‍ നാട്ടുപച്ച' ഉത്സവം സംഘടിപ്പിക്കാന്‍ പത്തുലക്ഷം വകയിരുത്തി. എല്ലാ വാര്‍ഡുകളിലും ജൈവ പച്ചക്കറി മത്സരാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പത്തുലക്ഷം രൂപയുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം നഗരത്തില്‍ ജൈവ പച്ചക്കറി വില്‍പനക്കായി ചന്ത ആരംഭിക്കും (അഞ്ച് ലക്ഷം). സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നഗരത്തിലത്തെുന്ന തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ട് 'അന്നം' ജൈവ റസ്റ്റാറന്‍റ് ആരംഭിക്കും (പത്ത് ലക്ഷം). ടിഷ്യു കള്‍ച്ചറല്‍ ഫാര്‍മസി, മണ്ണു പരിശോധന ലാബ് എന്നിവക്കായി 60 ലക്ഷം വകയിരുത്തി. നഗരസഭയുടെ മേഖലയിലെ കുട്ടാടന്‍ പാടവികസനത്തിനും കാവീട് ചിറനിര്‍മാണത്തിനും 30 ലക്ഷം വകയിരുത്തി. നഗരസഭ പ്രദേശത്തെ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയാറാക്കും. പുഷ്പ കൃഷി, കൂണ്‍ കൃഷി എന്നിവ നടപ്പാക്കും. ഷീ ടാക്സിക്കായി നഗരഹൃദയത്തില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കും. വനിത സൗഹൃദ പദ്ധതികള്‍ക്ക് 30 ലക്ഷം മാറ്റിവെച്ചിട്ടുണ്ട്. നഗരസഭ ഓഫിസ് കടലാസ് രഹിത ഓഫിസാക്കി മാറ്റല്‍, പ്രധാന ഓഫിസിനെയും മേഖലാ ഓഫിസുകളെയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ബന്ധിപ്പിക്കല്‍, സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം എന്നിവക്ക് 75 ലക്ഷം മാറ്റിവെച്ചു. നഗരത്തെ സൗജന്യ വൈഫൈ സംവിധാനത്തിലാക്കും. ട്രഞ്ചിങ് ഗ്രൗണ്ട് 3.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ശാസ്ത്രീയ സംവിധാനങ്ങളോടെ വികസിപ്പിക്കാന്‍ ആറുകോടി. മറ്റ് പ്രധാന പദ്ധതികള്‍: നിര്‍ധന രോഗികള്‍ക്കായി 'കനിവ് സ്പര്‍ശം' (എട്ട് ലക്ഷം),ഫ്ളാറ്റ് ഓണേഴ്സ് മീറ്റ് (രണ്ട് ലക്ഷം), പടിഞ്ഞാറെ നടയില്‍ ട്രാവല്‍ ഹബ് (15 ലക്ഷം), നഗര സൗന്ദര്യവത്കരണം (ആറുകോടി), ലൈബ്രറി നവീകരണം (25 ലക്ഷം), വിദ്യാഭ്യാസ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (മൂന്ന് ലക്ഷം), അറവുശാലക്ക് 20 സെന്‍റ് ഭൂമി കൂടി വാങ്ങാന്‍ (60 ലക്ഷം), ആയുര്‍വേദ ആശുപത്രിയില്‍ പ്രകൃതി ചികിത്സാവിഭാഗം ആരംഭിക്കാന്‍ (പത്തുലക്ഷം), സോഷ്യല്‍ മീഡിയ വഴിയുള്ള ജനസമ്പര്‍ക്കം (ഒരു ലക്ഷം), ചിത്രകലാ പ്രദര്‍ശനം (ഒരു ലക്ഷം), പാര്‍പ്പിട പദ്ധതി (മൂന്നുകോടി), ഊര്‍ജ സംരക്ഷണം (50 ലക്ഷം). ചെയര്‍മാന്‍ പി.എസ്. ജയന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ച വെള്ളിയാഴ്ച നടക്കും. |
വഴി പിരിയാന്‍ തയാറായി പി.സി ജോര്‍ജ് Posted: 26 Mar 2015 10:08 PM PDT Subtitle: പിടിച്ചു നിര്‍ത്താന്‍ യു.ഡി.എഫ്; സ്വീകരിക്കാന്‍ ഒരുങ്ങി എല്‍.ഡി.എഫ് തിരുവനന്തപുരം: കെ.എം മാണിയുമായി വഴി പിരിയാന്‍ ഉറപ്പിച്ച് ചീഫ് വിപ്പ് സ്ഥാനത്തു നിന്നുള്ള രാജിക്കത്തുമായി ക്ളിഫ് ഹൗസിലത്തെിയ പി.സി ജോര്‍ജിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്താന്‍ വഴി തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും. പഴയതെല്ലാം മറന്നു ജോര്‍ജിനെ ഉള്‍ക്കൊള്ളാന്‍ തയാറായി സി.പി.എമ്മും. തലസ്ഥാനം ഉദ്വേഗ ജനകമായ രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാഷ്ട്രീയ മായതിനാല്‍ എടുത്തു ചാടി ഒന്നിനുമില്ളെന്നും യു.ഡി.എഫ് തീരുമാനം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം ജോര്‍ജ് പ്രതികരിച്ചു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പി.ജെ ജോസഫിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു കെ എം മാണി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഒൗദ്യോഗിക വാഹനം ഉപേക്ഷിച്ച് രാജിക്കത്തുമായി ജോര്‍ജ് ക്ളിഫ് ഹൗസിലേക്ക് പോയത്. മാണിയുമായി ഇനി തുടര്‍ന്ന് പോകാന്‍ പറ്റില്ളെന്ന് ജോര്‍ജ് യു.ഡി.എഫ് നേതാക്കളോട് വ്യക്തമാക്കി. പഴയ കേരളാ കോണ്‍ഗ്രസ് സെകുലര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് ഏതാനും ദിവസമായി അദ്ദേഹം. എന്നാല്‍ മറ്റൊരു പാര്‍ട്ടിയുമായി യു.ഡി.എഫില്‍ ജോര്‍ജിനെ തുടരാന്‍ അനുവദിക്കുക പ്രയാസമാണ്. അതേസമയം ജോര്‍ജിനെ യു.ഡി.എഫില്‍ നിന്ന് പുറത്തേക്കു വിടുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് യോജിപ്പില്ല. അകത്തു നില്‍ക്കുന്ന ജോര്‍ജിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് പുറത്തു പോകുന്ന പി.സി ജോര്‍ജെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിനാല്‍ ജോര്‍ജിനെ അനുനയിപ്പിക്കാനും മാണിയെ മയപ്പെടുത്താനുമുള്ള ഫോര്‍മുല ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി . യു.ഡി.എഫ് കക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം വീണ്ടും കാണാമെന്നു പറഞ്ഞ് രാജിക്കത്ത് വാങ്ങാതെയാണ് ഉമ്മന്‍ചാണ്ടി ജോര്‍ജിനെ തിരിച്ചയച്ചത്. ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിന്‍്റെ പ്രധാന അജണ്ട ഇതാണ്. അഴിമതിക്കും അനീതിക്കും എതിരെയുള്ള നിലപാട് തുടരുമെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് ജോര്‍ജ് യു.ഡി.എഫ് നേതാക്കളോട് ആവശ്യപ്പെട്ടത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജോര്‍ജ് പുറത്തു പോകുന്നത് അപകടകരമാണെന്നാണ് കോണ്‍ഗ്രസിന്‍്റെ വിലയിരുത്തല്‍. നാടാര്‍ സമുദായ സംഘടനയായ വി.എസ് ഡി.പി.യുമായി പി.സി ജോര്‍ജ് വളരെ അടുപ്പത്തിലാണ്. അരുവിക്കരയിലെ പ്രധാന സമുദായമാണിത്. വി.എസ്.ഡി.പി പ്രസിഡന്‍്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍്റെ കാറിലാണ് ഇന്ന് കാലത്ത് ജോര്‍ജ് ക്ളിഫ് ഹൗസില്‍ പോയത്. പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട മറ്റു ചില സമുദായങ്ങളുടെയും കാണപ്പെട്ട നേതാവായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോര്‍ജ് വളര്‍ന്നിട്ടുണ്ട് .ഇതൊക്കെ ഭീഷണിയായി കോണ്‍ഗ്രസ് നേതൃത്വം കാണുന്നു. പിണറായി വിജയനോട് കടുത്ത നിലപാട് സ്വീകരിച്ചതിന്‍്റെ പേരില്‍ ജോര്‍ജിനോട് വൈരാഗ്യം പുലര്‍ത്തിയിരുന്ന സി.പി.എം നിലപാട് മയപ്പെടുത്തി അദ്ദേഹത്തെ ഉള്‍ക്കൊള്ളാമെന്ന സമീപനത്തില്‍ എത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി പി.സി ജോര്‍ജ് പുറത്തു വന്നാല്‍ അദ്ദേഹത്തെ എല്‍.ഡി.എഫില്‍ എടുക്കും. എം.എല്‍.എ സ്ഥാനം രാജിവെച്ച് പൂഞ്ഞാറില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എല്‍.ഡി.എഫ് പിന്തുണയും കൊടുക്കും. ഇതു സംബന്ധിച്ച ആശയവിനിമയം സി.പി.എമ്മിന്‍്റെ ഉത്തരവാദപ്പെട്ട നേതാക്കളുമായി ജോര്‍ജ് നടത്തിക്കഴിഞ്ഞു. കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിലപാട് എടുത്ത ജോര്‍ജ് എന്തിനും ഏതിനും താന്‍ ഒരുക്കമാണെന്ന് അന്ന് എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. അന്ന് ഗ്രീന്‍ സിഗ്നല്‍ കൊടുക്കാതിരുന്ന സി.പി.എം ജോര്‍ജിനെ സ്വീകരിക്കാം എന്ന സമീപനത്തിലേക്ക് വന്നു കഴിഞ്ഞു. എല്‍.ഡി.എഫ് വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരുന്നതിന്‍്റെ ഭാഗമായാണ് ഈ രാഷ്ര്ടീയ നീക്കം വ്യാഖ്യാനിക്കപ്പെടുക .എല്‍.ഡി.എഫി നെ സംബന്ധിച്ചടത്തോളം പന്ത് ഇപ്പോള്‍ ജോര്‍ജിന്‍്റെ കോര്‍ട്ടിലാണ്. ജോര്‍ജ് അത് ക്ളിഫ് ഹൗസിലെക്കും തട്ടിയിരിക്കുന്നു. രാഷ്ര്ടീയ കളിയില്‍ സമര്‍ഥനായ ജോര്‍ജ് വളരെ കരുതലോടെയാണ് നീങ്ങുന്നത്. യു.ഡി.എഫില്‍ തുടരുന്നത് തന്‍റെ രാഷ്ര്ടീയ ഭാവിക്ക് ഗുണകരമല്ളെന്ന ആശങ്ക കുറച്ചായി ജോര്‍ജിനുണ്ട് . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ മാണിയുടെ ആളുകള്‍ മാത്രമല്ല കോണ്‍ഗ്രസ്സും ഉണ്ടാകുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. അതിനാല്‍ ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകുന്നതാണ് സുരക്ഷിതമെന്ന് ജോര്‍ജ് കരുതുന്നു. എന്നാല്‍ രാഷ്ര്ടീയമായത് കൊണ്ട് കാത്തിരുന്ന് കാണുക, അവസരം വരുമ്പോള്‍ തീരുമാനം എടുക്കുക എന്ന നിലപാടിലാണ് അദ്ദേഹം. |
കോട്ടയം നഗരസഭാ ബജറ്റ്: വനിതാക്ഷേമം, മാലിന്യവിമുക്ത പദ്ധതികള്‍ക്ക് മുന്‍ഗണന Posted: 26 Mar 2015 10:06 PM PDT കോട്ടയം: വനിതാക്ഷേമത്തിനും മാലിന്യവിമുക്ത പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കോട്ടയം നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ജോസഫ് അവതരിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കൗണ്‍സില്‍ ഹാളില്‍ചേര്‍ന്ന യോഗത്തില്‍ 2015-2016 സാമ്പത്തികവര്‍ഷം 146,77, 08,409 രൂപ വരവും 120,53,55,435 ചെലവും 26,23,52,974 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഖര-ദ്രവ മാലിന്യ പ്ളാന്‍റുകള്‍ സ്ഥാപിച്ച് നഗരത്തെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കുന്നതിന് 50 ലക്ഷം രൂപ ബജറ്റില്‍ വകകൊളളിച്ചു. ഭവന നിര്‍മാണം, സ്ഥാപനങ്ങള്‍ എന്നിവക്ക് അനുമതി നല്‍കുമ്പോള്‍ ഖരമാലിന്യ നിര്‍മാര്‍ജന സംവിധാനം നിര്‍ബന്ധമാക്കും. മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വൈദ്യുതിപോലും ആവശ്യമില്ലാത്ത മൂന്ന് ഇന്‍സിനറേറ്ററുകള്‍ വാങ്ങുന്നതിനും സീറോവെയ്സ്റ്റ് നഗരമാക്കുന്നതിനും 75ലക്ഷവും മഴക്കാലശുചീകരണത്തിന്‍െറ ഭാഗമായി ഓടകള്‍ വൃത്തിയാക്കുന്നതിന് 25ലക്ഷവും വകയിരുത്തി. കോട്ടയം പട്ടണം മുഴുവന്‍ വൈ-ഫൈ സേവനം ലഭ്യമാക്കുന്നതിന് ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് പദ്ധതി ആവിഷ്കരിക്കും. അടിച്ചിറ മുതല്‍ ചിങ്ങവനം വരെയും കഞ്ഞിക്കുഴി , കോടിമത, ചുങ്കം, ചാലുകുന്ന് എന്നീ ജങ്ഷനുകളിലും കുടിവെള്ളം ലഭിക്കത്തക്ക രീതിയില്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ വെയ്റ്റിങ്ഷെഡ് നിര്‍മിക്കും. വാട്ടര്‍അതോറിറ്റിയുടെ വെള്ളം എത്താത്ത മേഖലകളില്‍ ഗുണഭോക്താക്കളുടെ സഹകരണത്തോടെ മിനിവാട്ടര്‍ സപൈ്ളസ്കീം നടപ്പാക്കും. 52 വാര്‍ഡുകളിലും പുതിയ പൈപ്പ്ലൈനുകള്‍ വലിക്കും. ചിങ്ങവനത്ത് കുടിവെള്ള പദ്ധതിക്കായി ഓവര്‍ഹെഡ് ടാങ്കും കുഴല്‍കിണറുകളും നിര്‍മിക്കും. പൊതുടാപ്പുകള്‍ നിര്‍ത്തലാക്കി വാട്ടര്‍അതോറിറ്റിയുമായി ചേര്‍ന്ന് എല്ലാവീടുകളിലും സബ്സിഡി നിരക്കില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് 50ലക്ഷം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ക്ക് താമസിക്കുന്നതിന് 'സ്ത്രീനികേതന്‍' എന്നപേരില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മിക്കും. പുത്തനങ്ങാടിയില്‍ നിര്‍മിക്കുന്ന സ്ത്രീനികേതന്‍െറ പ്രാരംഭനടപടികള്‍ക്കായി 50ലക്ഷവും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടുപിടിക്കുന്നതിനും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാനും പൊലീസ്സേനയുടെ സഹായത്തോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് 10ലക്ഷവും പ്ളാസ്റ്റിക് വിമുക്തനഗരമാക്കുന്നതിന്‍െറ ഭാഗമായി വീട്ടമ്മമാര്‍ക്ക് തുണി ബിഗ്ഷോപ്പറുകള്‍ സൗജന്യമായി നല്‍കുന്നതിന് അഞ്ചുലക്ഷവും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂനിറ്റ് നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് മാര്‍ക്കറ്റില്‍ വനിതകള്‍ക്കായി വിപണന കേന്ദ്രം തുറക്കും. നഗരത്തിലത്തെുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ബസ്സ്റ്റാന്‍ഡിലും പ്രധാന വെയിറ്റിങ് ഷെഡിലും വനിതാ ടോയ്ലറ്റ് നിര്‍മിക്കും. രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ളക്സ് രണ്ടാംഘട്ട നിര്‍മാണത്തിന് ഒരു കോടിയും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷവും നഗരസഭക്ക് പുതിയ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന്‍െറ പ്രാരംഭ ചെലവിനായി ഒരുകോടിയും കഞ്ഞിക്കുഴി, കുമാരനല്ലൂര്‍, ചിങ്ങവനം എന്നിവിടങ്ങളില്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണത്തിന് ഒരു കോടിയും വകയിരുത്തി. എട്ടുവാര്‍ഡുകളിലായി കുമാരനല്ലൂര്‍ സോണിലെ 48,000 ഗാര്‍ഹിക കണക്ഷനുകളും 500ലധികം ചെറുകിടസ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ചവിട്ടുവരി കെ.എസ്.ഇ.ബി കെട്ടിടം സെക്ഷന്‍ ഓഫിസായി ഉയര്‍ത്തുന്നതിന് 10ലക്ഷവും നീലിമംഗലത്ത് ഫിഷ്മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് 10ലക്ഷവും വകയിരുത്തി. കാലിവളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് നഗരങ്ങളുടെ വിവിധപ്രദേശങ്ങളില്‍ ക്ഷീരസൊസൈറ്റികള്‍ രൂപവത്കരിക്കും. കാലിത്തീറ്റയും ഗോബര്‍ഗ്യാസ് പ്ളാന്‍റുകളും സബ്സിഡിയോടെ നല്‍കും. നഗരത്തിലെ പുറമ്പോക്കില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പനച്ചിക്കാട് പഞ്ചായത്തിലെ 57 സെന്‍റ് സ്ഥലം ഉപയോഗിച്ച് ഫ്ളാറ്റ് നിര്‍മിക്കുന്നതിന് ഒരുകോടി, നാട്ടകത്ത് നാല് ഏക്കര്‍ സ്ഥലം മണ്ണിട്ടുയര്‍ത്തി ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിക്കുന്നതിന് 25ലക്ഷം എന്നിവയും ഉള്‍പ്പെടുത്തി. കുട്ടികളുടെ പഠനത്തോടൊപ്പം ആരോഗ്യവും മാനസികവും സാമൂഹികമായ വളര്‍ച്ചക്കായി 'സ്മൈല്‍ പദ്ധതി' നടപ്പാക്കും. അധ്യയനവര്‍ഷാരംഭം മുതല്‍ കുട്ടികളുടെ ശ്രദ്ധ, പരിചരണം, കൗണ്‍സലിങ് എന്നിവക്കായി 50 അധ്യാപകര്‍ക്ക് പരിശീലനം, ഡോക്ടര്‍മാരുടെ സേവനം, മരുന്ന് എന്നിവയും ലഭ്യമാക്കും. മാനസിക വളര്‍ച്ചയും ബുദ്ധിവികാസവും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്‍റ് നല്‍കും. തെരുവ്നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍, നഗരസഭ, സമീപ പഞ്ചായത്തുകള്‍ എന്നിവരുമായി ചേര്‍ന്ന് ക്ളസ്റ്റര്‍ രൂപവത്കരിച്ച് പ്രത്യേക പദ്ധതി നടപ്പാക്കും. അങ്കണവാടികള്‍ മുഖേന ഗര്‍ഭിണികളായവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്മമാര്‍ക്കും പോഷകാഹാരവിതരണം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ചകള്‍ വെള്ളിയാഴ്ച രാവിലെ കൗണ്‍സില്‍ ഹാളില്‍ നടക്കും. |
എച്ച് എന്‍ 1: സുരക്ഷാ നടപടി സ്വയം സ്വീകരിക്കണം Posted: 26 Mar 2015 09:54 PM PDT തൊടുപുഴ: വിവിധ പ്രദേശങ്ങളില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനം മതിയായ സുരക്ഷ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതിവേഗം രോഗം പിടിപെടാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും കുട്ടികളും രോഗബാധിത പ്രദേശങ്ങളിലേക്ക് സന്ദര്‍ശനം കഴിവതും ഒഴിവാക്കണം. ശ്വാസം മുട്ടല്‍, അസഹ്യമായ ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഗര്‍ഭിണികള്‍ സ്വയം ചികിത്സ സ്വീകരിക്കാതെ വൈദ്യസഹായം തേടണം. ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്ന സമയമായതിനാല്‍ ചികിത്സ തേടാന്‍ വൈകുന്നത് ശിശുവിനും അമ്മക്കും അപകടകരമാകാന്‍ സാധ്യതയുണ്ട്. വൃക്ക, കരള്‍ സംബന്ധമായ രോഗമുള്ളവര്‍ക്കും എച്ച്1 എന്‍1 പനി മൂലം അപകടസാധ്യത ഏറെയാണ്. അടിമാലി, മുട്ടം, ഉപ്പുതറ പ്രദേശങ്ങളില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എച്ച്1 എന്‍1നുള്ള രോഗപ്രതിരോധമരുന്ന് ഒസെള്‍ട്ടാമിവിര്‍ ജില്ലയില്‍ സുലഭമാണ്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി, താലൂക്ക് ആശുപത്രി, പ്രധാന പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മരുന്ന് ലഭ്യമാണ്. |
കാഞ്ഞങ്ങാട്ട് സി.പി.എം, ബി.ജെ.പി ഓഫിസുകള്‍ക്ക് നേരെ അക്രമം Posted: 26 Mar 2015 09:50 PM PDT കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സൗത്തിലും പരിസരത്തും സി.പി.എമ്മിന്‍െറയും ബി.ജെ.പിയുടെയും ഓഫിസുകള്‍ക്ക് നേരെ വ്യാപക അക്രമം. കൊവ്വല്‍ സ്റ്റോറിലെ സി.പി.എം ഓഫിസിന് നേരെയുണ്ടായ അക്രമത്തിന്‍െറ തുടര്‍ച്ചയായി ഇവിടെയുള്ള ബി.ജെ.പി ഓഫിസായ ദീനദയാല്‍ സാംസ്കാരിക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായി. കല്ളേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മൂവാരിക്കുണ്ടില്‍ ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചു. ഒഴിഞ്ഞവളപ്പില്‍ സി.പി.എം നിയന്ത്രണത്തിലുള്ള റെഡ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന് നേരെയും ആക്രമണം നടന്നു. ഞാണിക്കടവിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് മുന്നിലെ കൊടിമരവും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊവ്വല്‍ സ്റ്റോറില്‍ സി.പി.എം ഓഫിസിന്‍െറ മതിലും കൊടിമരവും മുത്തപ്പനാര്‍കാവില്‍ കുട്ടികളുടെ പാര്‍ക്കും തകര്‍ക്കപ്പെട്ടത്. ഇ.എം.എസ് സ്മാരകത്തിന്‍െറ മതിലും ഓഫിസിലെ ജനല്‍ചില്ലുകളും തകര്‍ത്തിരുന്നു. മുത്തപ്പനാര്‍കാവിലെ യാംഗോ ബോയ്സ് എന്ന കുട്ടികളുടെ പാര്‍ക്കിലെ കസേരകളും കളിയൂഞ്ഞാലും തകര്‍ക്കുകയും പാര്‍ക്കില്‍ കരിഓയില്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണന്‍െറ പരാതിയില്‍ എം. രജ്ഞിത്ത്, സുരേഷ്, പ്രവീണ്‍കുമാര്‍, വിശ്വന്‍, കിഷോര്‍ മൂവാരിക്കുണ്ട്, രാജന്‍, രജീന്ദ്രന്‍ എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. |
അബദ്ധപഞ്ചാംഗം Posted: 26 Mar 2015 09:37 PM PDT കൊച്ചി: യു.ഡി.എഫ് ഭരണസമിതിയുടെ അവസാനത്തെ നഗരസഭാ ബജറ്റ് പൊളിച്ചെഴുതി. കണക്കില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞ ബജറ്റ് പ്രതിപക്ഷത്തിന്‍െറ ശക്തമായ ഇടപെടലോടെയാണ് മാറ്റിയത്. 881,54,16,759 കോടി വരവും 841,87,99,976 കോടി ചെലവും 23,63,16,783 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചൊവ്വാഴ്ച ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര അവതരിപ്പിച്ചത്. പ്രതിപക്ഷം കണക്കിലെ വൈരുധ്യങ്ങളും പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ചതോടെ ബജറ്റിന്‍െറ വരവുചെലവ് തുക ഭരണകക്ഷിക്ക് തിരുത്തേണ്ടിവന്നു. 921,54,16,759 കോടി വരവും 881,87,99,976 കോടി ചെലവുമാണ് ഭേദഗതി ചെയ്ത ബജറ്റില്‍. 40 കോടിയുടെ വ്യത്യാസം. നീക്കിയിരുപ്പു തുകയില്‍ മാറ്റമില്ല. പ്രതിപക്ഷത്തിന്‍െറ മുഴുവന്‍ ഭേദഗതികളും അംഗീകരിക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ ആവര്‍ത്തനത്തോടെ കേള്‍ക്കാന്‍ ഇമ്പമുള്ള ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റ് അടുത്ത നഗരസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുതല്‍ക്കൂട്ടാകേണ്ടതായിരുന്നു. എന്നാല്‍, കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ചെലവഴിക്കാനുള്ള തുക ബജറ്റില്‍ വരവുകോളത്തില്‍ കാണിച്ചിട്ടില്ളെന്നും വരവ് എങ്ങനെ പ്രതീക്ഷിക്കുന്നെന്ന് വിശദീകരിച്ചിട്ടില്ളെന്നുമടക്കം കാര്യങ്ങള്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. അഡ്വ.എന്‍.എ. ഷഫീഖാണ് ഇക്കാര്യം മുഖ്യമായും ചൂണ്ടിക്കാണിച്ചത്. പുതിയ പദ്ധതികള്‍ക്ക് ചെലവഴിക്കാന്‍ തുക എവിടെനിന്ന് വരുന്നെന്നും ആരാഞ്ഞിരുന്നു. ഇതോടെ വെട്ടിലായ ഭരണകക്ഷി വ്യാഴാഴ്ച രാവിലെ അടിയന്തരമായി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുചേര്‍ത്തു. തുടര്‍ന്നാണ് ബജറ്റ് തുകയില്‍ ഭേദഗതി വരുത്തിയത്. 40 കോടി റവന്യൂ വരുമാനത്തില്‍ അധികമായി പ്രതീക്ഷിക്കുന്നെന്നാണ് ഭേദഗതി. ഈ തുകയില്‍ 20 കോടി വീതം റോഡുകളും പാലങ്ങളും എന്ന തലക്കെട്ടിലും സ്വീവേജും ഡ്രെയിനേജും എന്ന തലക്കെട്ടിലും ചെലവഴിക്കാന്‍ നീക്കിവെച്ചെന്നുമാണ് ഭേദഗതി. 40 കോടി വരവ് എങ്ങനെ ഉണ്ടാകുന്നെന്നും ഭേദഗതിയില്‍ വ്യക്തമാക്കി. വസ്തു നികുതി പുതുക്കുന്നതിലൂടെയും എന്‍ഫോഴ്സ്മെന്‍റിലൂടെയും 10 വീതം കോടി, തൊഴില്‍ നികുതി സമാഹരണം ഊര്‍ജിതപ്പെടുത്തുന്നതിലൂടെ 10 കോടി, കുടുംബശ്രീയെ ഉപയോഗിച്ച് പരസ്യനികുതി പിരിവിലൂടെ രണ്ടുകോടി, വിനോദനികുതിയില്‍നിന്ന് മൂന്നുകോടി, ഹോര്‍ഡിങ് അദാലത് വഴി അഞ്ചുകോടി എന്നിങ്ങനെയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഈ അധിക വരുമാന പ്രതീക്ഷ യഥാര്‍ഥ ബജറ്റില്‍ കാണിച്ചിട്ട് വേണമായിരുന്നു ചെലവ് വകയിരുത്താന്‍. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ അബദ്ധം അപ്പാടെ വിഴുങ്ങി ബജറ്റ് അവതരിപ്പിച്ചതാണ് ഭരണകക്ഷിയെ വെട്ടിലാക്കിയത്. അതേസമയം, പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച ഏറക്കുറെ എല്ലാ നിര്‍ദേശവും മറുപടി പ്രസംഗത്തില്‍ മേയര്‍ അംഗീകരിച്ചു. ബ്രഹ്മപുരം മലിനീകരണ സംസ്കരണ പ്ളാന്‍റ് അറ്റകുറ്റപ്പണിക്ക് തുക വകയിരുത്തുമെന്നതാണ് അതിലൊന്ന്. മാലിന്യനിര്‍മാര്‍ജന തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്തും. ഇവര്‍ക്ക് മെഡിക്കല്‍ പരിശോധനക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നഗരത്തിലെ കിണറുകള്‍, പൊതുകുളങ്ങള്‍ എന്നിവ റീ ചാര്‍ജ് ചെയ്യും. വികേന്ദ്രീകൃത സ്വീവേജ് പദ്ധതി നടപ്പാക്കും. റോഡുകളില്‍ വിരിക്കുന്ന തറയോടുകളുടെ നിര്‍മാണത്തിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി പ്രസ്തുത യൂനിറ്റ് തുടങ്ങും. നഗരത്തിലെ തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി ആക്കും. പുറമ്പോക്ക് കോളനിവാസികളെയും വികസനത്തിന്‍െറ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരെയും പുനരധിവസിപ്പിക്കും. അതിന് പാക്കേജ് ഉണ്ടാക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. |
ബൈപാസ് നിര്‍മാണം ജനകീയവികാരം; അതിവേഗം പൂര്‍ത്തിയാക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി Posted: 26 Mar 2015 09:34 PM PDT ആലപ്പുഴ: ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണം ജനകീയവികാരമാണെന്നും അതിവേഗം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയുടെ സ്വപ്നപദ്ധതിയാണ് എന്‍.എച്ച് ബൈപാസ്. നിര്‍മാണം തുടങ്ങി അതിവേഗം പൂര്‍ത്തിയാക്കുകയെന്നത് ജനങ്ങളുടെ ആവശ്യമാണ്. ജനവികാരം മനസ്സിലാക്കി നിര്‍മാണപ്രവര്‍ത്തനം തടസ്സംകൂടാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാനടപടിയും സ്വീകരിക്കുമെന്നും എം.പി പറഞ്ഞു. ഏപ്രില്‍ 10ന് രാവിലെ 10.30ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ബൈപാസ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹീംകുഞ്ഞ് തുടങ്ങിയവരും പങ്കെടുക്കും. ഇതിനുമുന്നോടിയായി ഏപ്രില്‍ ഏഴിന് വൈകുന്നേരം 5.30ന് കളര്‍കോട് നിന്ന് കൊമ്മാടി വരെ ബൈക്ക് റാലിയും എട്ടിന് വൈകീട്ട് 5.30ന് നഗരം ചുറ്റി കൂട്ടയോട്ടവും സംഘടിപ്പിക്കും. ഏപ്രില്‍ ഒമ്പത് ഉള്‍പ്പെടെ വിവിധ ദിവസങ്ങളില്‍ കലാപരിപാടികളും ഏപ്രില്‍ 10ന് രാവിലെ കളപ്പുരയില്‍നിന്ന് ഘോഷയാത്രയും സംഘടിപ്പിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പൊലീസിന്‍െറ ബാന്‍ഡ് മേളം, എസ്.പി.സിയുടെ 100 കാഡറ്റുകള്‍ പങ്കെടുക്കുന്ന പരിപാടി, ഗതാഗതനിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തും. 2000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഉദ്ഘാടനത്തിന് കൊമ്മാടിയില്‍ സജ്ജീകരിക്കുക. നിര്‍മാണപ്രവര്‍ത്തനവുമായും ഉദ്ഘാടനവുമായും ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ എന്‍. പത്മകുമാര്‍ ആവശ്യമായ നിര്‍ദേശം നല്‍കി. തുടര്‍ന്ന് നിര്‍മാണോദ്ഘാടനം നടക്കുന്ന കൊമ്മാടിയില്‍ എം.പിയും കലക്ടറും ഉള്‍പ്പെടെ സംഘം സന്ദര്‍ശിച്ചു. യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി, കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍, അഡീഷനല്‍ ജില്ലാമജിസ്ട്രേറ്റ് ടി.ആര്‍. ആസാദ്, സബ് കലക്ടര്‍ ഡി. ബാലമുരളി, ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, പ്രസ് ക്ളബ് സെക്രട്ടറി കെ.ജി. മുകുന്ദന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ക്വാറി വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അക്രമം Posted: 26 Mar 2015 09:29 PM PDT മുതലമട: ബുധനാഴ്ച രാത്രി ക്വാറി വിരുദ്ധ സമര പ്രവര്‍ത്തകര്‍ക്കെതിരെ ക്വാറി മാഫിയ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകീട്ട് മുതലമടയില്‍ നടത്തിയ യോഗത്തിനിടയില്‍ അക്രമം അഴിച്ച് വിട്ടു. അഞ്ച് ക്വാറി വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തിനെതിരെയും ആക്രമണം ഉണ്ടായി. തുടര്‍ന്ന് നടന്ന അടിപിടിയില്‍, പ്രതിഷേധ പ്രകടനം നടത്തിയ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സന്തോഷ് (37), പത്മനാഭന്‍ (47), ജോസ്കുട്ടി (46), മോഹന്‍ദാസ് (51), അനന്തനാരായണ മൂര്‍ത്തി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുള്ളിയാര്‍മേട്ടില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കാമ്പ്രത്ത്ചള്ളയിലത്തെി തിരിച്ച് ജങ്ഷനിലെ പ്രസംഗ സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് ഒരുസംഘം ആക്രമിച്ചത്. പ്രതിഷേധ പ്രകടനം നടക്കുന്ന സ്ഥലത്ത് കൂടുതല്‍ പൊലീസിനെ നിയോഗിക്കാത്തതാണ് പ്രശ്നത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രി അടമ്പമരത്ത് ക്വാറി വിരുദ്ധ സമര പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇരുവിഭാഗത്തില്‍നിന്നും കണ്ടാലറിയുന്ന നൂറുപേര്‍ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. എന്നാല്‍, കൊല്ലങ്കോട് പൊലീസിലെ ചിലര്‍ ക്വാറി മാഫിയകളുമായി കൈകോര്‍ത്ത് അക്രമികളെ കയറൂരി വിടുകയാണെന്ന് മനുഷ്യാവകാശ പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. നിയമം ലംഘിച്ചാണ് ഇവിടുത്തെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. |
ജനമൊഴുകി; പൂരച്ചൂടില്‍ അങ്ങാടിപ്പുറം Posted: 26 Mar 2015 09:21 PM PDT പെരിന്തല്‍മണ്ണ: വാദ്യഘോഷങ്ങള്‍, വാളും പരിചയുമേന്തി വിവിധ കോവിലകങ്ങളുടെ പ്രതിനിധികള്‍, കൊടിതോരണങ്ങള്‍, ഐതിഹ്യ പെരുമയുണര്‍ത്തി ചാവേര്‍ പടയാളികള്‍, നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഗജവീരന്മാര്‍... അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര പുറപ്പാടെഴുന്നള്ളത്ത് വിസ്മയക്കാഴ്ചയായി. പൂരം പുറപ്പാടിന് സാക്ഷിയാകാന്‍ അങ്ങാടിപ്പുറത്തേക്ക് പുലര്‍ച്ചെ മുതല്‍ ഭക്തരുടെ ഒഴുക്കായിരുന്നു. വൈകീട്ട് മൂന്ന് വരെ നീണ്ട പ്രസാദ ഊട്ടില്‍ 12,000ത്തിലധികം പേരാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തെ ദര്‍ശനപുണ്യം പ്രതീക്ഷിച്ച് ആദ്യ ആറാട്ടു ദിനത്തില്‍ ഭഗവതിയെ തൊഴാന്‍ ഭക്തര്‍ മണിക്കൂറുകള്‍ വരിനിന്നു. വെയിലില്‍ തളര്‍ന്നവര്‍ക്ക് വെള്ളവും സംഭാരവും നല്‍കി സന്നദ്ധ പ്രവര്‍ത്തകരും കര്‍മനിരതരായി. സുരക്ഷ ഒരുക്കാന്‍ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ വലിയ കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റിയപ്പോള്‍ നന്ദനന്‍, ഗോപീകൃഷ്ണന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ അച്യുതന്‍ എന്നീ ഗജവീരന്മാര്‍ എഴുന്നള്ളത്തില്‍ അണിനിരന്നു. എടപ്പറ്റ ഗോവിന്ദന്‍ നായര്‍, പൂക്കാട്ട് ഗോവിന്ദന്‍, കാപ്പില്‍ നാരായണന്‍കുട്ടി, എരവിമംഗലം ശ്രീധരന്‍ എന്നിവര്‍ കോമരങ്ങളായി എഴുന്നള്ളത്തിന് മുന്നില്‍ നിന്നു. രാവിലെ പുറപ്പാട് പൂജക്ക് ശേഷം ഭഗവതിയുടെ തിടമ്പുമായി ഗജവീരന്മാര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്തു. പൂരം ആദ്യ ആറാട്ടിനായി വടക്കേനട വഴി എഴുന്നള്ളിയപ്പോള്‍ ഭക്തര്‍ തൊഴുകൈകളുമായി വരവേറ്റു. ആറാട്ടുകടവില്‍ നടന്ന കേളിയും കൊട്ടിക്കയറ്റത്തോടൊപ്പം നടന്ന പഞ്ചാരിമേളവും രാത്രി ക്ഷേത്രാങ്കണത്തില്‍ നടന്ന ഇരട്ടത്തായമ്പകയും ആറാട്ടുകടവില്‍ നടന്ന തായമ്പകയും വെടിക്കെട്ടും നിരവധി പേര്‍ ആസ്വദിച്ചു. |
പറമ്പില്‍ ബസാറില്‍ സംഘര്‍ഷം ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തി; സംഘ് പരിവാര്‍ ചാണകം തളിച്ചു Posted: 26 Mar 2015 09:05 PM PDT കോഴിക്കോട്: ഗോവധനിരോധത്തില്‍ പ്രതിഷേധിക്കാന്‍ ഡി.വൈ.എഫ്.ഐ പറമ്പില്‍ ബസാറില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെതിരെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചാണകവെളളം തളിച്ച് രംഗത്തുവന്നത് പറമ്പില്‍ ബസാറില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് നിരപരാധികള്‍ക്കടക്കം പരിക്കേറ്റു. ചേവായൂര്‍ സി.ഐ പി.കെ. സന്തോഷിനു നേരെയും ചാണകവെള്ള പ്രയോഗമുണ്ടായി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയാണ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗം കഴിഞ്ഞയുടനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പശുവിനെയുമായി വന്ന് ആലിന്‍ചുവട്ടില്‍ ഗോപൂജ നടത്തുകയായിരുന്നു. ബീഫ് ഫെസ്റ്റ് നടന്ന ഭാഗത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു. പ്രകടനവും തുടങ്ങി. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് കണ്ട് പൊലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതിനിടെ സി.ഐക്ക് നേരെയും ചാണകവെള്ള പ്രയോഗമുണ്ടായി. മറുഭാഗത്ത് ഡി.വൈ.എഫ്.ഐയും പ്രകടനവുമായി നീങ്ങി. ഇതോടെ പൊലീസ് ലാത്തി വീശി. അതുവഴി ബൈക്കിലത്തെിയ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്റഫ്് കുരുവട്ടൂരിനും ലാത്തിയടിയേറ്റു. കടകളില്‍ സാധനം വാങ്ങാന്‍ എത്തിയവരെപ്പോലും പൊലീസ് സ്ഥലത്തുനിന്ന് ഓടിച്ചു. പിന്നീട് പൊലിസ് കടകളടപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പറമ്പില്‍ ബസാര്‍ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. ഒമ്പതു മണിയോടെ രംഗം ശാന്തമായി. ഇരു വിഭാഗത്തിനെതിരെയും കേസെടുക്കുമെന്ന് എസ്.ഐ കെ. രാജേന്ദ്രന്‍ മാധ്യമത്തോടു പറഞ്ഞു. സി.ഐ. സന്തോഷിന്‍െറ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബീഫ് ഫെസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കെ. ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഷാജി, സുധീഷ്, സുര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ നൂറു പേര്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും അമ്പത് പേര്‍ ബി.ജെ.പിക്കാരുമാണ്. |
സൗദി നീക്കത്തിന് വ്യാപക പിന്തുണ Posted: 26 Mar 2015 08:32 PM PDT റിയാദ്: സൗദി നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം യമനിലെ ഹൂതി പ്രക്ഷോഭകാരികളെ തുരത്താന്‍ നടത്തുന്ന സൈനികനീക്കത്തിന് രാജ്യത്തിനകത്തും പുറത്തും ശക്തമായ പിന്തുണ. യമനില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെമ്പാടും തെരുവിലിറങ്ങി. രാജ്യത്തിനകത്ത് സൗദി ഉന്നതപണ്ഡിതസഭ ഭരണാധികാരിയുടെ നീക്കത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ നിയമാനുസൃത പ്രസിഡന്‍റിന്‍െറ അധികാരം സംരക്ഷിക്കാനും സമാധാനവും സ്ഥിരതയും പുന$സ്ഥാപിക്കാനും നടത്തുന്ന ഇടപെടല്‍ പിന്തുണയര്‍ഹിക്കുന്നുവെന്ന് പണ്ഡിതസഭ പ്രസ്താവനയില്‍ വ്യക്തമാക്കി. വിവേകപൂര്‍വവും വിജയകരവുമായ നീക്കത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സൗദി അറേബ്യയുടെയും ജി.സി.സി, അറബ് മുസ്ലിം രാഷ്ട്രങ്ങളുടെയും വിശാലതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഈ നീക്കത്തെ പിന്തുണച്ചേ തീരൂ. അറബ് ലോകത്ത് നിഷേധാത്മകതാല്‍പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മേഖലയിലെ ചില ശക്തികളുടെ സഹായത്തോടെയാണ് ഹൂതികളുടെ അതിക്രമമെന്ന് പ്രസ്താവനയില്‍ എടുത്തുപറഞ്ഞു. വ്യാഴാഴ്ച യമന്‍െറ വിവിധ നഗരങ്ങളില്‍ സൗദി നേതൃത്വത്തിലുള്ള സൈനിക ഓപറേഷനില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു നന്മനേര്‍ന്നു മുദ്രാവാക്യം മുഴക്കിയ പ്രകടനക്കാര്‍ ജി.സി.സി രാഷ്ട്രങ്ങള്‍ക്കും ഈജിപ്തിനും നന്ദി പറഞ്ഞു. സൗദിയുടെയും ഈജിപ്തിന്‍െറയും പതാകകള്‍ ചേര്‍ത്തുപിടിച്ചാണ് ചിലയിടങ്ങളില്‍ പ്രകടനക്കാര്‍ നീങ്ങിയത്. |
ദുബൈ- അല്‍ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ Posted: 26 Mar 2015 08:04 PM PDT ദുബൈ: ദുബൈ- അല്‍ഐന്‍ റോഡില്‍ എമിറേറ്റ്സ് റോഡ് ഇന്‍റര്‍ചേഞ്ച് മുതല്‍ ബൂ കദ്റ ഇന്‍റര്‍ചേഞ്ച് വരെ പരമാവധി വേഗപരിധി കുറച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് പറഞ്ഞു. അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശത്ത് വേഗപരിധി കുറക്കാന്‍ തീരുമാനമെടുത്തത്. ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഏഴ് മാരക അപകടങ്ങളും ഒമ്പത് ഇടത്തരം അപകടങ്ങളും നാല് ചെറിയ അപകടങ്ങളും ഇവിടെ നടന്നു. റോഡ് ഉപയോഗിക്കുന്ന ഹെവി ട്രക്കുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഹെവി വാഹനങ്ങളുടെ പരമാവധി വേഗം എമിറേറ്റുകളിലെ റോഡുകളില്‍ മണിക്കൂറില്‍ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിലും അധികം വേഗത്തില്‍ വാഹനങ്ങള്‍ ഓടുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. മരണത്തിന് കാരണമാകുന്ന 20 ശതമാനം അപകടങ്ങള്‍ക്കും നേരിട്ടുള്ള കാരണം അമിതവേഗമാണ്. 80 ശതമാനം മാരക അപകടങ്ങള്‍ക്കും രണ്ടാമത്തെ കാരണവും അമിതവേഗമാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഫലപ്രദമായ മാര്‍ഗം അമിതവേഗം തടയുകയാണ്. ആര്‍.ടി.എ നടത്തിയ പഠനത്തില്‍ എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന റോഡുകള്‍ കണ്ടത്തെി. ഇതിന് പരിഹാരമായി ഈ റോഡുകളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വേഗപരിധി നിശ്ചയിക്കാന്‍ തീരുമാനിച്ചു. വാഹനങ്ങള്‍ വേഗപരിധി മറികടക്കുന്നുണ്ടോയെന്ന് കണ്ടത്തൊന്‍ റോഡുകളില്‍ റഡാറുകള്‍ സ്ഥാപിക്കും. പല പാശ്ചാത്യ രാജ്യങ്ങളിലും റഡാറുകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ അപകടങ്ങള്‍ 20 ശതമാനം വരെ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മാഇത പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാന റോഡുകളിലെ വേഗപരിധി കൃത്യമായ ഇടവേളകളില്‍ പുതുക്കി നിശ്ചയിക്കുന്നുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ ദുബൈ പൊലീസിന്‍െറ സഹായവും തേടുന്നു. റോഡുകളില്‍ പുതിയ വേഗപരിധി വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ടെന്ന് മാഇത ബിന്‍ ഉദായ് കൂട്ടിച്ചേര്‍ത്തു. |
അഭിപ്രായ സ്വാതന്ത്ര്യം: യു.എന്നിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും Posted: 26 Mar 2015 07:38 PM PDT കുവൈത്ത് സിറ്റി: രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച വിശദറിപ്പോര്‍ട്ട് കുവൈത്ത് ഉടന്‍ ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നിയമ വകുപ്പ് തലവന്‍ ഗാനിം അല്‍ ഗാനിം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘടനാ പ്രതിനിധികളുമൊത്ത് വിദേശകാര്യമന്ത്രാലയത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതുപ്രകാരമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ മനുഷ്യാവകാശ കൂട്ടായ്മകളും ഏജന്‍സികളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഈ സംഘങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിദേശകാര്യ വകുപ്പില്‍ സമര്‍പ്പിക്കാം. ഇതുകൂടി ഉള്‍പ്പെടുത്തിയാവും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതികരണം ഏത് സംഘടനക്കും സമര്‍പ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് വ്യക്തമായ നിയമങ്ങളുള്ള രാഷ്ട്രമാണെന്നും അത് നടപ്പാക്കുന്ന കാര്യത്തില്‍ പിന്നോട്ടുപോകില്ളെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം -ഗാനിം പറഞ്ഞു. മനുഷ്യാവകാശത്തിന്‍െറ കാര്യത്തില്‍ നിരവധി പാരാതികളുമായി ചില എംബസികള്‍ രംഗത്തുവരാറുണ്ടെന്നും പരാതികള്‍ സത്യമാണെന്ന് ബോധ്യമായാല്‍ അത്തരം കേസുകള്‍ പബ്ളിക് പ്രോസിക്യൂഷന് വിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുന്ന പരാതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ പരാതി ഉന്നയിച്ച രാജ്യങ്ങളിലെ എംബസികള്‍ വഴി കുവൈത്ത് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ള ബിദൂനികളുടെയും മറ്റു തൊഴിലാളികളുടെയും വിഷയത്തില്‍ നിരവധി പരാതികള്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഈ വിഷയം കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ചചെയ്തതായും പരാതികള്‍ക്ക് മറുപടി നല്‍കിയതായും ഇനിയും പരാതികളുണ്ടെങ്കില്‍ രാജ്യത്തെ പാര്‍ലമെന്‍റിനും മന്ത്രിസഭക്കും സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. |
ഹജ്ജ് സര്‍വീസ്: ടെന്‍ഡര്‍ തീയതി ഇന്ന് Posted: 26 Mar 2015 07:23 PM PDT കരിപ്പൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ അനുവദിക്കുന്നതിന് വിമാനകമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുന്നതിനുള്ള കാലാവധി വെള്ളിയാഴ്ച അവസാനിക്കും. 21 വിമാനത്താവളങ്ങളില്‍ നിന്ന് ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നതിനായാണ് ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാനകമ്പനികളില്‍ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. ഇന്ന് രാത്രി 12 വരെയാണ് ടെന്‍ഡര്‍ നല്‍കുന്നതിനുള്ള സമയം. റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇത്തവണ ബി 767 വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കോഴിക്കോട് നിന്ന് ദിവസവും മൂന്ന് സര്‍വീസ് നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഇത്തവണയും ജിദ്ദയിലേക്ക് നേരിട്ടാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ പോകുന്നത്. തിരിച്ചുവരുന്നത് മദീനയില്‍ നിന്നും. സെപ്റ്റംബര്‍ രണ്ട് മുതല്‍ 17 വരെയാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ്. ഒക്ടോബര്‍ 10 മുതല്‍ 28 വരെയാണ് ഹാജിമാര്‍ തിരിച്ചത്തെുക. മുന്‍വര്‍ഷങ്ങളില്‍ സൗദി എയര്‍ലൈന്‍സിനായിരുന്നു കരിപ്പൂരിലെ ഹജ്ജ് സര്‍വീസ്. എന്നാല്‍, സൗദി എയര്‍ലൈന്‍സിന് ബി 767 ഇനത്തില്‍പ്പെട്ട വിമാനമില്ല. എയര്‍ ഇന്ത്യക്കും ഈ ഇനത്തില്‍പ്പെട്ട വിമാനമില്ല. വിമാനം വാടകക്കെടുത്ത് സര്‍വിസ് നടത്താന്‍ ഇരുകമ്പനികളും തയാറായില്ളെങ്കില്‍ ഹജ്ജ് സര്‍വീസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയേക്കും. സൗദി എയര്‍ലൈന്‍സിന്‍െറ ജംബോജെറ്റ് വിമാനങ്ങളായിരുന്നു മുന്‍വര്‍ഷങ്ങളില്‍ സര്‍വിസ് നടത്തിയിരുന്നത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയന്‍റ് വഴി ഹജ്ജിന് പോകുക. |
അവധിക്ക് പകരം കൂടുതല്‍ ജോലി ചെയ്ത് സുല്‍ത്താനോട് സ്നേഹം കാണിക്കണമെന്ന് Posted: 26 Mar 2015 07:22 PM PDT മസ്കത്ത്: ചികിത്സ കഴിഞ്ഞ് തിരിച്ചത്തെിയ സുല്‍ത്താനോട് സ്നേഹവും ആദരവും കാണിക്കേണ്ടത് ജോലി കൂടുതല്‍ ചെയ്തിട്ടാണെന്ന് പാര്‍ലമെന്‍റ് അംഗങ്ങളും സാമ്പത്തിക വിദഗ്ധരും പറയുന്നു. രാജ്യത്തിന്‍െറ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും രാജ്യത്തെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടായി സുല്‍ത്താന്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു. നവരാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ സുല്‍ത്താന്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഇരട്ടി ജോലിയാണ് ചെയ്യേണ്ടത്. അല്ലാതെ അവധികള്‍ക്കായി ആവശ്യപ്പെടുകയല്ല -മജ്ലിസു ശൂറ അംഗമായ തൗഫീഖ് അല്‍ ലവാത്തി പറഞ്ഞു. സുല്‍ത്താന്‍ ആരോഗ്യവാനായി തിരിച്ചത്തെിയതോടെ പൊതുഅവധി പ്രഖ്യാപിക്കുമെന്ന പ്രചാരണം സോഷ്യല്‍ മീഡിയകള്‍ വഴി നടന്നിരുന്നു. തിങ്കളാഴ് രാത്രി മുതല്‍ തന്നെ ഇതുസംബന്ധമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച അവധിയായിരിക്കുമെന്നാണ് ആദ്യ പ്രചാരണം. പിന്നീട വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ അവധി ലഭിക്കുമെന്നായി പ്രചാരണം. എന്നാല്‍, ഒൗദ്യോഗിക മാധ്യമങ്ങള്‍ ഇത് നിരസിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ശൂറ കൗണ്‍സില്‍ അംഗങ്ങളും സാമ്പത്തിക വിദഗ്ധരും രാഷ്ട്രപുരോഗതിക്കായി കൂടുതല്‍ ജോലി ചെയ്യണമെന്ന സന്ദേശവുമായി രംഗത്തത്തെിയത്. |
മാണി^ജോര്‍ജ് വഴിപിരിയുന്നു; കേരള കോണ്‍ഗ്രസില്‍ ദ്വന്ദ്വയുദ്ധം Posted: 26 Mar 2015 07:22 PM PDT Subtitle: രഹസ്യങ്ങള്‍ പലതും പുറത്തുപറയുമെന്ന് ജോര്‍ജിന്‍െറ മുന്നറിയിപ്പ് കോട്ടയം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി തീരുമാനം കെ.എം. മാണി-പി.സി. ജോര്‍ജ് പോരിന് കൂടുതല്‍ ശക്തിപകരുന്നു. കെ.എം. മാണിയും പി.ജെ. ജോസഫും ചേര്‍ന്ന് മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചതോടെ രണ്ടുവര്‍ഷമായി കേരള കോണ്‍ഗ്രസില്‍ സജീവമായി നിന്ന പോരിന് പുതിയ മാനം കൈവന്നു. പി.സി. ജോര്‍ജ് നടത്തിവന്ന മാണിവിരുദ്ധ നിലപാടുകള്‍ക്ക് അന്ത്യം കുറിക്കാനാണ് മാണിയുടെ മനസ്സറിഞ്ഞ എം.എല്‍.എമാര്‍ ജോര്‍ജിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന തീരുമാനമെടുത്തത്. കെ.എം. മാണിയെയും സര്‍ക്കാറിനെയും പരസ്യമായി വെല്ലുവിളിച്ചത് മാണിക്ക് മാത്രമല്ല കോണ്‍ഗ്രസിനുള്ളില്‍ തന്നെ ജോര്‍ജിനെതിരെ അപസ്വരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാറിന്‍െറ ഭാഗമായിനിന്നുള്ള വിമര്‍ശം ആര് നടത്തിയാലും അംഗീകരിക്കില്ളെന്നും മാണിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പാലായില്‍ പ്രഖ്യാപിച്ചത് മാണി വിഭാഗത്തിന് ആശ്വാസം പകര്‍ന്നിരുന്നു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഒറ്റപ്പെട്ട പി.സി. ജോര്‍ജിനെതിരെ നടപടിക്ക് സമയമായെന്ന് മാണി വിഭാഗം തീരുമാനിച്ചിരുന്നു. ദുര്‍ബലനായ ജോര്‍ജിനെ പിടിച്ചുകെട്ടേണ്ട സമയത്ത് അത് ചെയ്യുകയെന്നതാണ് രാഷ്ട്രീയ നീതിയെന്ന് അനുകൂലികള്‍ മാണിയെ ഉപദേശിക്കുകയും ചെയ്തു. ബാര്‍ കോഴ വിഷയം സ്റ്റിയറിങ് കമ്മിറ്റി തള്ളിയതും അതിന് ഉദാഹരണം. പി.ജെ. ജോസഫ് വിഭാഗവും മൗനത്തിലൂടെ മാണിയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കി. കേരള കോണ്‍ഗ്രസ് ലയനസമയത്ത് ഏറെ പ്രതീക്ഷകളാണ് പി.സി. ജോര്‍ജിന് മാണി നല്‍കിയത്. നിരുപാധിക ലയനമായിരുന്നെങ്കിലും മന്ത്രിസ്ഥാനം പി.സി. ജോര്‍ജ് മോഹിച്ചിരുന്നു. തന്‍െറ സെക്കുലര്‍ വിഭാഗത്തെ മാണിയുടെ കൂടാരത്തിലേക്ക് ലയിപ്പിച്ചെങ്കിലും യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പകരം ചീഫ് വിപ്പ് സ്ഥാനം നല്‍കി. അന്നുമുതല്‍ ജോര്‍ജ് നേതൃത്വത്തിന്‍െറ വിമര്‍ശകനായി. സെക്കുലര്‍ വിഭാഗത്തിന് അഞ്ച് ജനറല്‍ സെക്രട്ടറി സ്ഥാനവും ഒരു ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സ്റ്റിയറിങ് കമ്മിറ്റിയില്‍ 15 ഓളം പേരുടെ പ്രാതിനിധ്യവും ഒരു പൊതു സ്ഥാപനത്തിന്‍െറ ചെയര്‍മാന്‍ സ്ഥാനവും നല്‍കിയെങ്കിലും ജോര്‍ജിന് മന്ത്രി സ്ഥാനം കിട്ടാതെവന്നത് മാണിയുടെ അടവ് തന്ത്രമായി ജോര്‍ജ് അനുകൂലികള്‍ പിന്നീട് വ്യാഖ്യാനിച്ചു. ഈ പൊരുത്തക്കേടിന് ഒടുവിലാണ് ബാര്‍ കോഴ വിഷയം വന്നത്. മാണി രാജിവെക്കണമെന്ന് പരോക്ഷമായി തുടക്കത്തിലും പ്രത്യക്ഷമായി പിന്നീടും ജോര്‍ജ് ആവശ്യപ്പെട്ടു. ഇതോടെ കോഴ വിവാദത്തിന് പിന്നില്‍ പി.സി. ജോര്‍ജുകൂടിയുണ്ടെന്ന് മാണി അനുകൂലികള്‍ വിശ്വസിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗം മാണിക്കെതിരെ കരുനീക്കം നടത്തിയെന്ന് മാണി വിഭാഗം വിശ്വസിച്ചപ്പോള്‍ തന്നെ ജോര്‍ജിന്‍െറ പങ്ക് പരസ്യമായ രഹസ്യമായി നിന്നു. എന്നാല്‍, അന്നൊന്നും ജോര്‍ജിനെ കുറ്റപ്പെടുത്താന്‍ മാണി തയാറായില്ല. വിമര്‍ശം ജോര്‍ജിന്‍െറ തമാശയായി മാണി വ്യാഖ്യാനിച്ചു. ജോസ് കെ. മാണിയെ പരസ്യമായി ഇകഴ്ത്തിയപ്പോഴും മാണി ഒന്നും മിണ്ടിയില്ല. ബാര്‍ കോഴയുടെ പേരില്‍ നേരത്തേ മാണി രാജിവെക്കണമായിരുന്നെന്ന് ശക്തമായി ജോര്‍ജ് ആവശ്യപ്പെട്ടപ്പോള്‍ നടപടിക്ക് സമയമായെന്ന് മാണി നിശ്ചയിച്ചു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയാല്‍ കൂറുമാറ്റ നിയമത്തിന്‍െറ പരിരക്ഷ ജോര്‍ജിന് ലഭിക്കും. അതിനാല്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കി ദുര്‍ബലനാക്കിനിര്‍ത്തുകയെന്നതാണ് തീരുമാനം. എന്നാല്‍, ആവനാഴിയിലെ ആയുധങ്ങള്‍ ഒന്നൊന്നായി മാണിക്കെതിരെ പ്രയോഗിക്കാന്‍ തയാറെടുക്കുകയാണ് പി.സി. ജോര്‍ജ്. ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ച പലതും പുറത്തുപറയുമെന്നാണ് ജോര്‍ജിന്‍െറ മുന്നറിയിപ്പ്. |
യുദ്ധവും സമാധാനവും Posted: 26 Mar 2015 07:09 PM PDT യുദ്ധങ്ങളോളംതന്നെ പഴക്കമുണ്ടാകും യുദ്ധ-സമാധാനങ്ങളുടെ കാര്യകാരണ വിചാരങ്ങള്‍ക്കും. പുരാതന ചൈനീസ് ചിന്തകന്‍ സുണ്‍റ്റ്സു ‘യുദ്ധമെന്ന കല’ എന്ന തന്‍െറ പുസ്തകത്തില്‍ ‘യുദ്ധം അശുഭകരമെങ്കിലും അതിപ്രധാനമാണ്’ എന്ന് സൂചിപ്പിക്കുന്നു. സൈനികമേഖലയുടെ പ്രവര്‍ത്തനം ഏതു രാജ്യത്തിനും അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍തന്നെ അത് നിലനില്‍പിന്‍െറയോ സര്‍വനാശത്തിന്‍െറയോ വഴിയാകാമെന്നും അല്ളെങ്കില്‍, ചിലപ്പോള്‍ അത് ജീവിതത്തിന്‍െറയോ മരണത്തിന്‍െറയോ തെരഞ്ഞെടുപ്പിനാധാരമാകാമെന്നും സുണ്‍റ്റ്സു പറയുന്നു. അതേസമയം, യുദ്ധങ്ങളുടെ വ്യര്‍ഥതയെക്കുറിച്ചുള്ള ചിന്തയും യുദ്ധഫലമായ നാശങ്ങളെക്കുറിച്ചുള്ള വിലാപങ്ങളും നിറഞ്ഞ നിരവധി കൃതികള്‍ മനുഷ്യചരിത്രത്തില്‍ ലഭ്യമായിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിന്‍െറ നൂറാം വാര്‍ഷികത്തിന്‍െറ ഈ സമയത്ത് യുദ്ധസംബന്ധിയായ ചില വിചാരങ്ങള്‍ പങ്കിടുകയാണ് ഇവിടെ. ‘യുദ്ധത്തില്‍ ആര് ജയിച്ചു എന്ന് ചോദിക്കുന്നത്, സാന്‍ഫ്രാന്‍സിസ്കോ ഭൂകമ്പത്തില്‍ ആരു ജയിച്ചു എന്നു ചോദിക്കുന്നതിന് സമാനമാണ്’ എന്ന പറച്ചില്‍ ഉദ്ധരിച്ചുകൊണ്ടാണ് കെന്നത്ത് വാള്‍ട്സ് തന്‍െറ ‘മനുഷ്യന്‍, ഭരണകൂടം, യുദ്ധം’ എന്ന പുസ്തകം ആരംഭിക്കുന്നത്. ‘യുദ്ധത്തില്‍ വിജയങ്ങളില്ല, വ്യത്യസ്ത നിലവാരത്തിലുള്ള പരാജയങ്ങളേയുള്ളൂ’ എന്ന ചിന്തക്ക് ഇരുപതാം നൂറ്റാണ്ടിലെ ലോകയുദ്ധങ്ങളുടെ സാഹചര്യത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയുണ്ടായി. എന്നാല്‍, യുദ്ധങ്ങള്‍ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളും അവയുടെ അനന്തരഫലങ്ങളും തമ്മില്‍ ഒരു താരതമ്യവുമില്ല. വിജയശതമാനം തീരെ കുറവുള്ള ഒരു മണ്ഡലമാണിത്. യുദ്ധങ്ങള്‍ തുടര്‍ന്നുപോകാനും സമാധാനശ്രമങ്ങള്‍ വിജയിക്കാതിരിക്കാനുമുള്ള കാരണങ്ങളന്വേഷിക്കുമ്പോള്‍ കെന്നത്ത് വാള്‍ട്സിനെപ്പോലുള്ള നവയഥാതഥവാദികള്‍ എത്തിച്ചേരുന്നത് അന്താരാഷ്ട്ര രാഷ്ട്രീയ ഘടനയുടെ സ്വഭാവ വിശേഷത്തിലാണ്. സായുധീകരണ പ്രക്രിയയെ നിരന്തരം മുന്നോട്ടുകൊണ്ടുപോകുന്ന രീതി അതിന്‍െറ അവിഭാജ്യഭാഗമാണ്. ദേശരാഷ്ട്രപരമാധികാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അന്താരാഷ്ട്ര വ്യവസ്ഥ ആഗോളപരമാധികാരം എന്നൊന്ന് അനുവദിക്കുന്നില്ല. പരമാധികാരരാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, അവയുടെ ചെയ്തികളെ നിയന്ത്രിക്കാനുള്ള ഏതെങ്കിലും ശക്തിയുടെ അഭാവത്തിലാണ്. അതുകൊണ്ടുതന്നെ, അരക്ഷിതത്വം സ്വഭാവമാക്കിയിട്ടുള്ള രാഷ്ട്രീയ ഘടനയാണ് അന്താരാഷ്ട്ര തലത്തിലുള്ളതെന്ന് നവയഥാതഥവാദികള്‍ സമര്‍ഥിക്കുന്നു. അരക്ഷിതത്വം നിറഞ്ഞ ഈ അന്താരാഷ്ട്ര വ്യവസ്ഥയില്‍ രാഷ്ട്രങ്ങള്‍ അവയുടെ സുരക്ഷിതത്വത്തിനുള്ള ഉപാധികള്‍-സൈനികോപാധികള്‍ പ്രത്യേകിച്ചും-കണ്ടത്തെുന്നു. നിരന്തര സൈനികവത്കരണ ഘടകങ്ങളായി അങ്ങനെ ഭരണകൂടങ്ങള്‍ പെരുമാറുന്നു. രാഷ്ട്രതാല്‍പര്യ സംഘട്ടനങ്ങളുടെ ഈ അരക്ഷിതമണ്ഡലം അതിന്‍െറ സ്വഭാവത്തില്‍ത്തന്നെ യുദ്ധസാധ്യതകള്‍ നിറഞ്ഞതാണ്. അത്തരമൊരു വ്യവസ്ഥയില്‍ യുദ്ധം ഒഴിവാക്കാനാവില്ളെന്നാണ് മേല്‍പറഞ്ഞ വിഭാഗം ചിന്തകരുടെ അഭിപ്രായം. ദേശ-രാഷ്ട്ര വ്യവസ്ഥാ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം അപഗ്രഥനം യുദ്ധം ഒഴിവാക്കാനുള്ള മനുഷ്യപരിശ്രമങ്ങളെ മുന്നില്‍കാണുന്നതേയില്ല. നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന അന്താരാഷ്ട്ര വ്യവസ്ഥയെക്കുറിച്ചുള്ള അത്തരം ചര്‍ച്ചയില്‍ മനുഷ്യസമൂഹങ്ങളുടെ സമാധാന പരിശ്രമങ്ങള്‍ക്ക് ഇടംകിട്ടുന്നില്ളെന്ന് മാത്രമല്ല, നിലവിലുള്ള വ്യവസ്ഥയുടെ ന്യായീകരണത്തിനുതകുന്ന ആശയങ്ങള്‍ പ്രസ്തുത യഥാതഥവാദികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. സോവിയറ്റ് യൂനിയന്‍െറ പതനവും ശീതസമരത്തിന്‍െറ അന്ത്യവും സമകാലിക ആഗോളീകരണത്തിന് ഇടംനല്‍കിയപ്പോള്‍ ഈ പുതിയ കാലഘട്ടം കൂടുതല്‍ സമാധാനത്തിന്‍േറതാകുമെന്ന് പലരും വാദിച്ചിരുന്നു. സാങ്കേതിക വിദ്യയുടെയും മൂലധനത്തിന്‍േറയും ആഗോള വ്യാപാരത്തിന്‍െറയും വ്യാപനം പരമ്പരാഗത ദേശ-രാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുമെന്നും ജനാധിപത്യമൂല്യങ്ങളുടെ പ്രചാരത്തിലൂടെ കൂടുതല്‍ സമാധാന സാധ്യതകള്‍ ഉരുത്തിരിയുമെന്നും ലിബറല്‍ ചിന്തകര്‍ വാദിക്കുകയുണ്ടായി. ‘ചരിത്രത്തിന്‍െറ അന്ത്യ’മെന്ന് ഫ്രാന്‍സിസ് ഫുകുയാമയൊക്കെ ഉദ്ഘോഷിച്ചത് ഈ സാധ്യതയെ മുന്‍നിര്‍ത്തിയായിരുന്നു. ഒന്നാം ലോക യുദ്ധാനന്തരംതന്നെ മേല്‍പറഞ്ഞ രീതിയിലുള്ള ലിബറല്‍ ആശയഗതിക്ക് വലിയ സ്വീകാര്യത കിട്ടിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് വുഡ്റോ വില്‍സണ്‍ മുന്നോട്ടുവെച്ച ‘പതിനാല് പ്രമാണങ്ങള്‍’ ലിബറല്‍ അന്താരാഷ്ട്ര വാദത്തിന്‍െറ മുഖ്യ സ്രോതസ്സായിരുന്നു. തുറന്ന കമ്പോളവും നിയന്ത്രണമില്ലാത്ത ആഗോളവ്യാപാരവും ലീഗ് ഓഫ് നാഷന്‍സിനെപ്പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ ആവിര്‍ഭാവവും ദേശ-രാഷ്ട്രങ്ങളുടെ നിഗൂഢസൈനിക പടയൊരുക്കങ്ങള്‍ക്കുപകരം തുറന്ന നയതന്ത്ര പരിശ്രമങ്ങളുടെ നിരയും ലോക സമാധാനത്തിന് കളമൊരുക്കുമെന്നാണ് അത്തരമൊരു വാദത്തിന്‍െറ കാതല്‍. എന്നാല്‍, ഇതൊക്കെ സമാധാനമെന്ന വിശ്വാസത്തെ ആധാരമാക്കിയുള്ളതാണെന്നും ഇത്തരം ആശയവാദപരമായ ലിബറല്‍ ഉട്ടോപ്യ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ രാഷ്ട്രങ്ങളുടെ സൈനിക വത്കരണവും അതുകൊണ്ടുതന്നെ, യുദ്ധവും തടയാനാവില്ളെന്നും ഇ.എച്ച്. കാറിനെപ്പോലുള്ളവര്‍ വാദിച്ചു. ലീഗ് ഓഫ് നാഷന്‍സിനോ പിന്നീട് സ്ഥാപിതമായ ഐക്യരാഷ്ട്രസഭക്കോ ലോക സമാധാന കാര്യത്തില്‍ ചെയ്യാന്‍ കഴിഞ്ഞത് വളരെ കുറച്ചു മാത്രമാണെന്ന് നമുക്കറിയാം. ഒന്നാംലോക യുദ്ധാനന്തരം, യുദ്ധവിജയം നേടിയ രാഷ്ട്രങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് സാധുത നല്‍കുന്ന നടപടിയാണ് ലീഗ് ഓഫ് നാഷന്‍സില്‍നിന്നുണ്ടായത്. ഫ്രാന്‍സിനും ബ്രിട്ടനും പശ്ചിമേഷ്യയില്‍ ലഭ്യമായ മാന്‍ഡേറ്റ് ആ മേഖലയില്‍ പിന്നീടുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയോ അവക്ക് ആക്കംകൂട്ടുകയോ ചെയ്തിട്ടുണ്ടെന്ന് നമുക്കറിയാം. ഒന്നാംലോക യുദ്ധസമയത്ത് പുറത്തുവന്ന ‘ബാല്‍ഫര്‍ പ്രഖ്യാപന’വും അപ്പോള്‍ ഫ്രാന്‍സും ബ്രിട്ടനും രഹസ്യമായി ഉണ്ടാക്കിയ സൈക്സ്-പിക്കോ കരാറും ഇന്നും പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ക്ക് കാരണമായി നിലനില്‍ക്കുന്നു. ശീതസമരാനന്തരം ജനാധിപത്യ വ്യാപനത്തിനെന്ന പേരില്‍ വലിയ തോതിലുള്ള പാശ്ചാത്യ രാഷ്ട്രീയ ഇടപെടലുകള്‍ ലോകത്തിന്‍െറ പല ഭാഗങ്ങളിലും പ്രത്യേകിച്ച്, പശ്ചിമേഷ്യയിലും തകൃതിയായി നടന്നു. ഏറ്റവും പഴയതും വ്യവസ്ഥാപിതവുമായ ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍തന്നെ അഫ്ഗാനിസ്താനിലും ഇറാഖിലുമടക്കം അധിനിവേശത്തിനും യുദ്ധത്തിനും നേതൃത്വം കൊടുക്കുന്നതാണ് ആഗോളീകരണ കാലഘട്ടത്തില്‍ നമുക്ക് കാണാനായത്. ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു നിര ആവിര്‍ഭവിക്കുമ്പോള്‍ സമാധാനത്തിന്‍േറതായ ഒരു മേഖല ഉയര്‍ന്നുവരുമെന്ന് ദാര്‍ശനികനായ ഇമ്മാനുവല്‍ കാന്‍റ് അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മില്‍ തമ്മില്‍ യുദ്ധം ചെയ്യില്ളെന്നും ‘ജനാധിപത്യ സമാധാന’മെന്ന കാന്‍റിന്‍െറ സിദ്ധാന്തം സമര്‍ഥിക്കുന്നു. എന്നാല്‍, ജനാധിപത്യ രാഷ്ട്രങ്ങളായ അമേരിക്കയുടെയും ബ്രിട്ടന്‍േറയും ആഭിമുഖ്യത്തില്‍ ശീതസമരാനന്തരം നടന്ന-ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന-യുദ്ധങ്ങളുടെ വൈപുല്യവും പ്രഹരശേഷിയും ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ സമാധാനം കൊണ്ടുവരുമെന്ന ആശയഗതിക്കേറ്റ വലിയ തിരിച്ചടിയെ സൂചിപ്പിക്കുന്നു. ഏകദേശം രണ്ടു നൂറ്റാണ്ടുമുമ്പ് ക്ളോസവിറ്റ്സ് തന്‍െറ യുദ്ധത്തെപ്പറ്റിയുള്ള ഗ്രന്ഥത്തില്‍ സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയം അതിന്‍െറ സാന്ദ്രമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന യുദ്ധങ്ങള്‍ താല്‍പര്യസംഘട്ടന മണ്ഡലമായി ഇപ്പോഴും നിലകൊള്ളുന്നു. ആര്‍തര്‍ ക്ളെയ്ന്‍മാന്‍ പറയുന്നതുപോലെ, ലോകത്തിലെ ‘സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളു’ടെ നിര നിരന്തരം കൂടിക്കൂടിവരുകയാണ്. നവലിബറല്‍ കമ്പോള കാലഘട്ടം ഭരണകൂടങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍െറ ആഭ്യന്തരരംഗത്ത് വര്‍ധിച്ചതോതില്‍ പ്രയോഗിക്കുന്ന സ്ഥിതിവിശേഷത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. പൗരസമൂഹത്തിന്‍െറ അവകാശങ്ങള്‍ക്കുമേല്‍ കമ്പോളാനുകൂലമായി സൈനികശേഷിയോടുകൂടി ഇടപെടുന്ന ഭരണകൂടങ്ങളെയാണ് നാമിപ്പോള്‍ കൂടുതലായും കാണുന്നത്. ഭരണകൂടത്തിന്‍െറ മാറിവരുന്ന സ്വഭാവവിശേഷത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നില്ളെങ്കില്‍ ഈ സൈനിക പ്രയോഗത്തെ-ജനങ്ങള്‍ക്കുമേലുള്ള യുദ്ധത്തെ-ചെറുക്കാനാവില്ല. ഏകമുഖമായ രാഷ്ട്ര-സാംസ്കാരിക-ദേശീയവാദങ്ങള്‍ അത്തരം സൈനികവത്കരണത്തിന്‍െറ മുഖ്യവാഹകരായി മാറുകയും ചെയ്യുന്നു. |
ഇന്ത്യ^ഖത്തര്‍ ബന്ധങ്ങള്‍ Posted: 26 Mar 2015 07:00 PM PDT വലുപ്പത്തിലും ജനസംഖ്യയിലും കൊച്ചു രാജ്യമാണെങ്കിലും ലോക രാഷ്ട്രീയത്തിലും സമ്പദ് ഘടനയിലും വിസ്മയാവഹമായ സ്വാധീനമാണ് ഗള്‍ഫ് രാജ്യമായ ഖത്തറിന് ഇപ്പോഴുള്ളത്. പ്രകൃതി വാതകത്തിന്‍െറയും പെട്രോളിയത്തിന്‍െറയും വന്‍ശേഖരമുള്ള ഈ രാജ്യം ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമാണ്. ലോകത്തെ മുന്‍നിര ടെലിവിഷന്‍ നെറ്റ്വര്‍ക്കായ അല്‍ജസീറ ചാനലിന്‍െറ ആസ്ഥാനം, 2022ലെ ലോകകപ്പിന്‍െറ ആതിഥേയ രാജ്യം തുടങ്ങിയ നിലകളില്‍ സാംസ്കാരിക സ്ഥാനത്തും ഖത്തര്‍ അടയാളപ്പെടുത്തപ്പെട്ടു. സര്‍വോപരി അങ്ങേയറ്റം നയകോവിദത്തം നിറഞ്ഞ വിദേശനയത്തിലൂടെ സാര്‍വദേശീയ നയതന്ത്രരംഗത്തെ മികച്ച സാന്നിധ്യമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തര്‍ മാറുകയുണ്ടായി. വിവിധ അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള ഖത്തറിന്‍െറ സന്നദ്ധതയും പ്രാപ്തിയും സാര്‍വദേശീയ രാഷ്ട്രീയത്തില്‍ അതിനെ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. പതിനെട്ട് ലക്ഷമാണ് ഇന്ന് ഖത്തറിലെ ആകെ ജനങ്ങള്‍. പക്ഷേ, ഇതില്‍ വെറും 2,78,000 മാത്രമാണ് ഖത്തര്‍ പൗരന്മാര്‍. അതായത്, ആ നാട്ടില്‍ ഇപ്പോഴുള്ള ആളുകളുടെ 12 ശതമാനം മാത്രമാണ് ഖത്തരി ജനസംഖ്യ. അതായത്, സ്വന്തം ജനതയുടെ എത്രയോ ഇരട്ടി അന്യനാട്ടുകാരെ തീറ്റിപ്പോറ്റുന്ന രാജ്യമാണത്. ഇതില്‍ ഏറ്റവും കൂടുതല്‍ (23.58 ശതമാനം) ഇന്ത്യക്കാരാണ്. അതായത്, ഖത്തരികളുടെ ഇരട്ടിയോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. ആ നിലയില്‍ ഇന്ത്യഖത്തര്‍ ബന്ധങ്ങള്‍ എന്നത് കേവല നയതന്ത്ര ബന്ധങ്ങള്‍ക്കപ്പുറത്ത് ആഴവും പരപ്പുമുള്ളതാണ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ കഴിഞ്ഞ ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 2013 ജൂണില്‍ അധികാരമേറ്റെടുത്ത, 34കാരനായ ശൈഖ് തമീം അറബ് ലോകത്തെ ഏറ്റവും ചെറുപ്പക്കാരനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന്‍െറ പ്രഥമ ഇന്ത്യാ സന്ദര്‍ശനം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ വലിയ ഉന്മേഷം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ഖത്തറിലെ ആറു ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ആ സഹകരണം ഗുണപ്രദമാവുകയും ചെയ്യും. ആറു കരാറുകളിലാണ് സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവെച്ചിരിക്കുന്നത്. പരസ്പരം തടവുകാരെ കൈമാറാനുള്ള കരാറാണ് അതില്‍ പ്രധാനം. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഖത്തരികളെയും ഖത്തര്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെയും അവരവരുടെ രാജ്യത്തെ ജയിലുകളിലേക്ക് മാറ്റുന്നതാണ് കരാര്‍. ഇന്ത്യയില്‍ കാര്യമായി ഖത്തര്‍ പൗരന്മാര്‍ ജോലിയെടുക്കുന്നില്ല എന്നിരിക്കെ, ഈ കരാര്‍ ഖത്തറില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കാണ് ഗുണപ്രദമാവുക. നിലവില്‍ 96 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. 2022ലെ ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് വിശേഷിച്ചും അല്ലാതെയും നിരവധി വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഖത്തറില്‍ നടക്കുന്നുണ്ട്. അവയില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. വിഷന്‍ 2030 എന്ന പേരില്‍ ഖത്തര്‍ നടപ്പാക്കുന്ന ബൃഹദ് പദ്ധതിയില്‍ ഇന്ത്യയില്‍നിന്നുള്ള ഐ.ടി കമ്പനികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള കരാറുമുണ്ട്. സമുദ്ര ശാസ്ത്ര ഗവേഷണങ്ങളിലുള്ള സഹകരണം, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ധ പരിശീലനത്തിനുള്ള സംയുക്ത പരിപാടികള്‍, പ്രസാര്‍ ഭാരതിയും ഖത്തര്‍ മീഡിയ കോര്‍പറേഷനും തമ്മിലുള്ള സഹകരണം, ഖത്തര്‍ ന്യൂസ് ഏജന്‍സിയും യു.എന്‍.ഐയും തമ്മില്‍ വാര്‍ത്താ കൈമാറ്റത്തിനുള്ള കരാര്‍, തുടങ്ങിയവയാണ് ഒപ്പുവെക്കപ്പെട്ട കരാറിലെ മറ്റിനങ്ങള്‍. കരാറിലെ വ്യവസ്ഥകളില്‍ മിക്കതും ഇന്ത്യക്ക് ഗുണം ചെയ്യുന്നതാണ്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം എത്ര കണ്ട് ശക്തിപ്പെടുന്നോ അത്രയും നമ്മുടെ നാടിന് അത് ഗുണകരമാവും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നിവസിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ കൈക്കൊള്ളുന്നതില്‍ നമ്മുടെ ഭരണകൂടങ്ങള്‍ പൊതുവെ നിസ്സംഗമായ നിലപാടാണ് സ്വീകരിക്കാറ്. പ്രവാസി ഭാരതീയ ദിവസില്‍പോലും ഗള്‍ഫിലെ പ്രവാസികളെ അവഗണിക്കുന്നതാണ് അനുഭവം. അത്തരമൊരു പശ്ചാത്തലത്തില്‍ ഖത്തറുമായുണ്ടാക്കിയ കരാര്‍ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്. |
ആപ്പിലെ പ്രതിസന്ധി: ചര്‍ച്ച പരാജയം Posted: 26 Mar 2015 12:54 PM PDT Subtitle: പ്രശാന്ത് ഭൂഷണിന്‍െറയും യോഗേന്ദ്ര യാദവിന്‍െറയും ഭാവി ശനിയാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനിക്കും ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനായി ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ വിയോജിപ്പുകള്‍ ഒഴിവാക്കി രമ്യത സാധ്യമാക്കാനാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ഇരുവരും ദേശീയ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന കെജ്രിവാള്‍ ഡല്‍ഹിയില്‍ തിരിച്ചത്തെിയശേഷം 10 ദിവസമായി നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലാണ് വ്യാഴാഴ്ച യോഗം ചേര്‍ന്നത്. പ്രശാന്ത് ഭൂഷണും യാദവുമായുള്ള ചര്‍ച്ചകള്‍ പരാജയമായെന്ന് മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. കെജ്രിവാളിന്‍െറ ഭാവി ശനിയാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ തീരുമാനിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ പരിഹാസ രൂപേണ എഴുതി. പ്രശാന്ത് ഭൂഷണിന്‍െറയും യാദവിന്‍െറയും ഭാവിയെപ്പറ്റി ശനിയാഴ്ച ചേരുന്ന ദേശീയ കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. യോഗത്തില്‍ കെജ്രിവാള്‍, സിസോദിയ, കുമാര്‍ വിശ്വാസ് എന്നിവരും പങ്കെടുത്തു. |
No comments:
Post a Comment