സ്വാഗതം
WELCOME

News Update..

Wednesday, April 9, 2014

ആവേശത്തിമിര്‍പ്പില്‍ കലാശക്കൊട്ട്; പലയിടത്തും സംഘര്‍ഷം Madhyamam News Feeds

ആവേശത്തിമിര്‍പ്പില്‍ കലാശക്കൊട്ട്; പലയിടത്തും സംഘര്‍ഷം Madhyamam News Feeds

Link to

ആവേശത്തിമിര്‍പ്പില്‍ കലാശക്കൊട്ട്; പലയിടത്തും സംഘര്‍ഷം

Posted: 09 Apr 2014 12:28 AM PDT

തിരുവനന്തപുരം: ആവേശം വാനോളമുയര്‍ന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കലാശക്കൊട്ടില്‍ ജില്ലയില്‍ പലയിടത്തും സംഘര്‍ഷം. രണ്ടിടത്ത് യു.ഡി.എഫ്്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കിളിമാനൂര്‍ പോങ്ങനാട് ടൗണിലും വെള്ളറടയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. പലയിടത്തും കൊട്ടിക്കലാശം സംഘര്‍ഷത്തിന്‍െറ വക്കോളമെത്തി. മണിക്കൂറുകളോളം ഗതാഗത തടസ്സത്തിനും വഴിവെച്ചു.
പോങ്ങനാട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയ ആറ് ഓട്ടോകളും യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയ ടെമ്പോ വാനും സംഘര്‍ഷത്തിനിടെ അടിച്ചുതകര്‍ത്തു. ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്.
ഗതാഗതം തടസ്സപ്പെടുത്തി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് നടത്തിയ റാലിയാണ് സംഘര്‍ഷത്തിന് വഴിതുറന്നത്. ഇതിനെ ചോദ്യം ചെയ്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തി. ഇതിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വാഹനങ്ങളിലൊന്ന് യു.ഡി.എഫ് പ്രവര്‍ത്തകനെ ഇടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഓട്ടോയുടെ ഗ്ളാസ് തകര്‍ത്തു. ഇതോടെ കൂട്ട അടിയായി. സംഘര്‍ഷത്തില്‍ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കൂടുതല്‍ പൊലീസ് എത്തി സംഘര്‍ഷം ഒഴിവാക്കി. വെള്ളറട ജങ്ഷനില്‍ ഇരുവിഭാഗവും കൊട്ടിക്കലാശത്തിനിടെ കൊടികള്‍ വീശുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഇത് അടിപിടിയില്‍ കലാശിച്ചു. അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
ജില്ലയില്‍ മറ്റിടങ്ങളിലെല്ലാം കൊട്ടിക്കലാശം സമാധാനപരമായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ കൊട്ടിക്കലാശം പേരൂര്‍ക്കടയിലാണ് അരങ്ങേറിയത്. വെടിക്കെട്ടും ഫ്ളാഷ് മോബും താളവാദ്യങ്ങളും പേരൂര്‍ക്കട ജങ്ഷനിലെ കൊട്ടിക്കലാശത്തിന് നിറപ്പകിട്ടേകി. ഉച്ചയോടെ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം പേരൂര്‍ക്കടയില്‍ എത്തി. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങളാണ് ഇവിടെ എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനായി അരങ്ങേറിയ ഫ്ളാഷ് മോബ് അവസാന സമയത്തെ ആകര്‍ഷണമായി.
വര്‍ണ ബലൂണുകള്‍ ഉയര്‍ത്തിയും ചായം വാരിപ്പൂശിയും പ്രവര്‍ത്തകര്‍ തെരുവില്‍ ചുവട് വെച്ചു. കൊടികള്‍ വീശിയും ബസുകള്‍ക്ക് മുകളില്‍ കൊടികളുമായി കയറിയുമായിരുന്നു പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. ഉന്തും തള്ളുമുണ്ടായെങ്കിലും പൊലീസിന്‍െറ ഇടപെടല്‍ കാരണം സംഘര്‍ഷം ഒഴിവായി. ആറ്റിങ്ങലില്‍ കച്ചേരി ജങ്ഷനില്‍ നടന്ന കൊട്ടിക്കലാശത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രിയാ സുനില്‍ എന്നിവരും പങ്കാളികളായി. ബി.ജെ.പി സ്ഥാനാര്‍ഥി ഗിരിജ കുമാരി വെള്ളനാട്ടായിരുന്നു പ്രചാരണത്തിന്‍െറ അവസാന മണിക്കൂര്‍ ചെലവിട്ടത്.
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ബാലരാമപുരത്ത് മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെടുമങ്ങാട് കച്ചേരി ജങ്ഷനിലും മാര്‍ക്കറ്റ് ജങ്ഷനിലും സത്രം ജങ്ഷനിലുമായിരുന്നു കൊട്ടിക്കലാശം.
വര്‍ക്കല, പാറശാല, വിഴിഞ്ഞം, വെഞ്ഞാറമൂട്, വാമനപുരം, വെമ്പായം, പാലോട്, വിതുര, നന്ദിയോട്, കുറ്റിച്ചല്‍, ആര്യനാട്, കല്ലമ്പലം, കഴക്കൂട്ടം, മുരുക്കുംപുഴ, പോത്തന്‍കോട്, ശ്രീകാര്യം തുടങ്ങിയ സ്ഥലങ്ങളിലും വീറും വാശിയും നിറഞ്ഞ കൊട്ടിക്കലാശം അരങ്ങേറി.
വിഴിഞ്ഞം, ശ്രീകാര്യം എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ പോര്‍വിളി നടന്നെങ്കിലും പൊലീസിന്‍െറയും നേതാക്കളുടെയും ഇടപെടല്‍ കാരണം സംഘര്‍ഷം ഒഴിവായി. സമാപനദിനത്തില്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി, ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ജില്ലയില്‍ പ്രചാരണത്തിനുണ്ടായിരുന്നു.
ആന്‍റണി തീരദേശ മേഖലയില്‍ റോഡ് ഷോ നടത്തിയപ്പോള്‍ അദ്വാനി ഗാന്ധിപാര്‍ക്കിലും അച്യുതാനന്ദന്‍ നെടുമങ്ങാട്ടും പ്രചാരണയോഗത്തില്‍ പ്രസംഗിച്ചു.

ഐ.പി.എല്‍ ഒത്തുകളി: ധോണിയുടെ മൊഴി പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ

Posted: 09 Apr 2014 12:15 AM PDT

Image: 

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി സംബന്ധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി നല്‍കിയ മൊഴി പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐ ഹരജി നല്‍കി. വാതുവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴിയുടെ ശബ്ദരേഖ പരിശോധിക്കാനാണ് സുപ്രീംകോടതിയുടെ അനുമതി ബി.സി.സി.ഐ തേടിയത്. ഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.

ധോണിയെ കൂടാതെ ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, ഐ.പി.എല്‍ സി.ഇ.ഒ സുന്ദര്‍രാമന്‍ എന്നിവരുടെ മൊഴിയും പരിശോധിക്കാന്‍ അനുവാദം തേടിയിട്ടുണ്ട്. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ ക്യാപ്റ്റന്‍ കൂടിയായ ധോണിക്ക് വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന ആരോപണവുമായി ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ആദിത്യ വര്‍മയാണ് രംഗത്തെത്തിയത്.
 

ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും തമ്മിലെ അന്തരം കുറക്കണം –കലക്ടര്‍

Posted: 09 Apr 2014 12:13 AM PDT

പത്തനംതിട്ട: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും തമ്മിലെ വൈജ്ഞാനിക അന്തരം കുടൂതലാണെന്നും അത് കുറച്ചുകൊണ്ടുവരുന്നതിന് പ്രാമുഖ്യം നല്‍കണമെന്നും കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
ലോകാരോഗ്യ ദിനാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള അറിവില്ലായ്മ പരിഹരിക്കണം. മറ്റുള്ള സംസ്ഥാനങ്ങള്‍ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ലക്ഷ്യമിടുമ്പോള്‍ കേരളം മാനസികാരോഗ്യം, കൗമാരപ്രായത്തിലുള്ളവരുടെ പ്രശ്നങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കേരളം അത്രത്തോളം നേട്ടം കൈവരിച്ചതിനാലാണിത്. വ്യക്തി ശുചിത്വത്തിന്‍െറയും പരിസര ശുചീകരണത്തിന്‍െറയും അവശ്യകതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക് അധ്യക്ഷത വഹിച്ചു. എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.എന്‍.വിദ്യാധരന്‍ ദിനാചരണ സന്ദേശം നല്‍കി. 'പ്രാണി കടി പ്രാണന് ഭീഷണി' എന്ന ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് വിപുലമായ രോഗനിര്‍മാര്‍ജന-ബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മറിയം കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒമാരായ ഡോ. ഷേര്‍ലി മാത്യു (ആയുര്‍വേദം), ഡോ.പ്രദീപ് (ഹോമിയോ), ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.ടി.അനിതകുമാരി, ഡോ.എല്‍.അനിതകുമാരി, ഡോ. സൈജുഹമീദ്, ജില്ലാ ടി.ബി ഓഫിസര്‍ ഡോ.മണികണ്ഠന്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.വി. അജിത, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി കെ.ബി.ലാല്‍, സി.ജി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ജനറല്‍ ആശുപത്രി അങ്കണത്തില്‍നിന്നാരംഭിച്ച ബോധവത്കരണ റാലി അസി.എക്സൈസ് കമീഷണര്‍ ചന്ദ്രപാലന്‍ ഫ്ളാഗ്ഓഫ് ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനുശേഷം നടന്ന കാമ്പയിന്‍ സെമിനാറില്‍ മാര്‍ ക്രിസോസ്റ്റം, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഇ.എ.ബഷീറുദ്ദീന്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.

മഴയില്‍ തണുക്കാതെ കലാശക്കൊട്ട്

Posted: 09 Apr 2014 12:08 AM PDT

തൊടുപുഴ: കോരിച്ചൊരിയുന്ന മഴക്കും പ്രവര്‍ത്തകരുടെ ആവേശത്തെ പിടിച്ചുനിര്‍ത്താനായില്ല. മഴയെ വെല്ലുന്ന കൊട്ടിക്കലാശമാണ് തൊടുപുഴ നഗരത്തില്‍ പ്രചാരണത്തിന്‍െറ അവസാനദിനമായ ചൊവ്വാഴ്ച അരങ്ങേറിയത്. മുതിര്‍ന്ന നേതാക്കളെന്നോ സാധാരണപ്രവര്‍ത്തകനെന്നോ വേര്‍തിരിവില്ലാതെ അണികളും നേതാക്കളും കൊട്ടിക്കലാശം അഭിമാനപോരാട്ടമാക്കി മാറ്റുന്ന കാഴ്ചക്കാണ് നഗരം വൈകുന്നേരത്തോടെ സാക്ഷ്യം വഹിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാനദിനമായ ചൊവ്വാഴ്ച ഉച്ചയോടെ തന്നെ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും പ്രവര്‍ത്തകര്‍ വാഹനങ്ങളിലും മറ്റും നഗരത്തില്‍ എത്തിയിരുന്നു.
വൈകുന്നേരം നാലോടെ ആരംഭിച്ച ചാറ്റല്‍ മഴ പ്രവര്‍ത്തകരുടെ ആവേശത്തെ കുറക്കുമോയെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍തന്നെ ബൈക്കുകളിലും ജീപ്പുകളിലും ലോറികളിലുമായി പ്രവര്‍ത്തകര്‍ തൊടുപുഴ ഗാന്ധി സ്ക്വയറിലേക്ക് ഒഴുകിത്തുടങ്ങി. 4.30ഓടെ നഗരത്തില്‍ യു.ഡി.എഫ് പ്രചാരണവാഹനങ്ങളും അനൗണ്‍സ്മെന്‍റുകളും നിരന്നു. തൊട്ടുപിന്നാലെ എല്‍.ഡി.എഫ്, ബി.ജെ.പി, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. തൊടുപുഴ സ്വകാര്യബസ് സ്റ്റാന്‍ഡില്‍നിന്ന് പ്രകടനമായാണ് വിവിധ രാഷ്ട്രീയകക്ഷികള്‍ ഗാന്ധിസ്ക്വയറില്‍ എത്തി തമ്പടിച്ചത്. എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ നഗരഹൃദയം ഉത്സവപ്രതീതിയിലായി. അഞ്ചോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ആവേശം വിതറി കടന്നെത്തി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ചുമലിലേറി വാഹനത്തിന് മുകളിലേക്ക്.കോണ്‍ഗ്രസ് പതാക കൈയിലേന്തി മഴ നനഞ്ഞ് സ്ഥാനാര്‍ഥി വാഹനത്തിന് മുകളില്‍ നിലയുറപ്പിച്ചതോടെ പ്രവര്‍ത്തകരും ആവേശത്തള്ളലിലായി.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മുഹമ്മദ് ഷറഫുദ്ദീനും പ്രവര്‍ത്തകരും നേരത്തേ തന്നെ കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. പ്രവര്‍ത്തകരോടൊപ്പം മണിക്കൂറുകളോളം കനത്ത മഴയെ അവഗണിച്ചാണ് ഷറഫുദ്ദീന്‍ കൊട്ടിക്കലാശത്തില്‍ പങ്കുചേര്‍ന്നത്.
ഇതിനിടെ, ബി.ജെ.പി സ്ഥാനാര്‍ഥി സാബു വര്‍ഗീസ് ഗാന്ധി സ്ക്വയറിലേക്ക് കടന്നുവന്നു. വാഹനങ്ങളുടെ നീണ്ടനിര സ്ഥാനാര്‍ഥിയുടെ കടന്നുവരവിന് തടസ്സം സൃഷ്ടിച്ചതോടെ പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സാബു വര്‍ഗീസിനെ ഗാന്ധി സ്ക്വയറിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ആറുവരെ നഗരം ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് സാക്ഷ്യംവഹിച്ചത്.
വണ്ടിപ്പെരിയാര്‍: പരസ്യപ്രചാരണത്തിന്‍െറ സമാപനദിനം മഴയെത്തിയതോടെ മഴയില്‍ കുതിര്‍ന്ന കലാശക്കൊട്ടിനാണ് തോട്ടം മേഖല സാക്ഷ്യം വഹിച്ചത്. ടൗണുകളില്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്താന്‍ തീരുമാനിച്ചു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മഴ തിരിച്ചടിയായി.
വൈകുന്നേരം നാലോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂറിലധികം നീണ്ടു. ശക്തി പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെ ഉച്ചഭാഷിണികളുമായി തലങ്ങും വിലങ്ങും പായുന്ന കാഴ്ചക്കാണ് നഗരം സാക്ഷ്യം വഹിച്ചത്.
പീരുമേട്: പ്രചാരണത്തിന്‍െറ കലാശക്കൊട്ടില്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പം. പ്രധാന ജങ്ഷനുകളില്‍ ശക്തിപ്രകടനങ്ങളും യോഗങ്ങളും നടത്തി യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ ശക്തി പ്രകടിപ്പിച്ചു.
നിയോജകമണ്ഡലത്തിലെ എല്ലാ കവലകളിലും മുന്നണികളുടെ പ്രചാരണവാഹനങ്ങള്‍ രാവിലെ മുതല്‍ തലങ്ങുംവിലങ്ങും പ്രചാരണം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പി സ്ഥാനാര്‍ഥിയും പ്രചാരണത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വാഹന പ്രചാരണത്തില്‍ ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളും ഇരുമുന്നണികളോടും കിടപിടിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി. ഇവര്‍ എല്ലാ ടൗണിലും ജങ്ഷനുകളിലും എത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് മത്സരത്തില്‍ പിന്നിലല്ലെന്ന് തെളിയിച്ചു.
കനത്ത മഴയും മഞ്ഞും പീരുമേട് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ കൊട്ടിക്കലാശത്തിന്‍െറ ആവേശം കെടുത്തി. കൊടുംചൂടില്‍നിന്ന് തണുപ്പിലേക്ക് അന്തരീക്ഷം മാറിയത് പ്രചാരണ ചൂടിനെയും തണുപ്പിച്ചു.
കട്ടപ്പന: രാഷ്ട്രീയമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഹൈറേഞ്ചിന്‍െറ സിരാകേന്ദ്രമായ കട്ടപ്പനയിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്‍െറ ഒരുമാസം നീണ്ട പ്രചാരണപരിപാടിയുടെ കലാശക്കൊട്ട്. ഏഴ് മണ്ഡലങ്ങളിലെ പര്യടനങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ ഏഴിന് പള്ളിവാസലില്‍നിന്ന് ആരംഭിച്ച ഓട്ടപ്രദക്ഷിണം മൂന്ന് മണ്ഡലങ്ങള്‍ പിന്നിട്ട് വൈകുന്നേരത്തോടെ സമാപനകേന്ദ്രമായ കട്ടപ്പനയിലെത്തി. കട്ടപ്പന പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തി അമര്‍ ജവാന്‍ സ്മാരക മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചശേഷമാണ് സ്ഥാനാര്‍ഥി കട്ടപ്പനയില്‍ 'ആട്ടക്കലാശ' വേദിയിലെത്തിയത്.
സ്ഥാനാര്‍ഥി എത്തിയതോടെ ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ പട്ടണത്തിലാകെ നിറഞ്ഞു. പ്ളക്കാര്‍ഡുകളേന്തിയ മൂവായിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ സംഗീത ജങ്ഷനില്‍ തടിച്ചുകൂടി.
തുടര്‍ന്ന് ആരംഭിച്ച പ്രകടനം പട്ടണത്തെ ഇളക്കിമറിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പ്രകടനം മുന്നേറിയത്. ടൗണ്‍ ചുറ്റി ഗാന്ധി പ്രതിമക്ക് മുന്നിലെത്തി സ്ഥാനാര്‍ഥി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കര്‍ഷകരെ വഞ്ചിച്ച യു.പി.എ സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും വരുന്ന 48മണിക്കൂര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും ഇത് ജയിക്കാന്‍ വേണ്ടി മാത്രമുള്ള പോരാട്ടമാണെന്നും അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. ഇടുക്കി അസംബ്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.വി. വര്‍ഗീസ്, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി ആര്‍. മണിക്കുട്ടന്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.പി. ഹസന്‍ എന്നിവര്‍ സംസാരിച്ചു.

വെയിലില്‍ വാടാതെ യു.ഡി.എഫ്, മഴയെ കൂസാതെ എല്‍.ഡി.എഫ്

Posted: 09 Apr 2014 12:06 AM PDT

കോട്ടയം: നഗരവീഥികളില്‍ ആവേശത്തിന്‍െറ അലകടലുകള്‍ തീര്‍ത്ത് യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം.
പ്രവര്‍ത്തകരുടെ മത്സര വീര്യവും വാശിയും തെരുവില്‍ മുദ്രാവാക്യ മുഴക്കങ്ങളായപ്പോള്‍ വോട്ടെടുപ്പിലേക്ക് നാടുണര്‍ത്തലായി അതുമാറി. പൊരിഞ്ഞ വെയില്‍ കണക്കിലെടുക്കാതെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നട്ടുച്ചക്ക് നഗരത്തില്‍ നിരന്നപ്പോള്‍ വേനല്‍ മഴയെ കൂസാതെ ആവേശത്തിന്‍െറ കുട പിടിക്കുകയായിരുന്നു എല്‍.ഡി.എഫ്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ കോട്ടയം ശാസ്ത്രി റോഡിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍നിന്ന് തുടങ്ങിയ യു.ഡി.എഫ് കൊട്ടിക്കലാശ പ്രകടനം തിരുനക്കര ഗാന്ധി പ്രതിമയില്‍ സ്ഥാനാര്‍ഥി ജോസ് കെ. മാണി പുഷ്പഹാരം ചാര്‍ത്തിയതോടെ അവസാനിച്ചു. പാലായില്‍ തുടങ്ങി കോട്ടയം നഗരത്തില്‍ വൈകുന്നേരം അഞ്ചോടെ അവസാനിക്കുകയായിരുന്നു എല്‍.ഡി.എഫിന്‍െറ പ്രചാരണ കലാശ പ്രകടനം.
മുന്‍വര്‍ഷങ്ങളിലെ സംഘര്‍ഷം കണക്കിലെടുത്ത് പരസ്യ പ്രചാരണം യു.ഡി.എഫ് ചൊവ്വാഴ്ച ഉച്ചയോടെ തന്നെ നിര്‍ത്തുകയായിരുന്നു. പൊരിവെയിലിനെ നിഷ്പ്രഭമാക്കുന്ന ആവേശമായിരുന്നു അണികള്‍ക്ക്. ശാസ്ത്രി റോഡിലൂടെ കലക്ടറേറ്റിന് അടുത്തെത്തി കെ.കെ റോഡിലൂടെ സെന്‍ട്രല്‍ ജങ്ഷനില്‍ എത്തി. തുടര്‍ന്ന് തിരുനക്കര മൈതാനം വലംവെച്ച് ഗാന്ധിസ്ക്വയറില്‍ പ്രകടനം അവസാനിക്കാന്‍ മണിക്കൂറുകള്‍ എടുത്തു.
പ്രകടനം വരുന്നതിന് മുമ്പ് യുവാക്കളുടെ ഫ്ളാഷ്മോബ് ഗാന്ധിസ്ക്വയറില്‍ അരങ്ങേറി. വലിയ രണ്ടില ചിഹ്നങ്ങള്‍ കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ഡ്രംസെറ്റില്‍ ദ്രുതതാളങ്ങള്‍ മുഴക്കി യുവാക്കള്‍ ആവേശം ഇരട്ടിപ്പിച്ചു. ജോസ് കെ. മാണിയുടെ ചിത്രം രേഖപ്പെടുത്തിയ ടീഷര്‍ട്ടണിഞ്ഞ് ചക്രച്ചെരിപ്പുകളില്‍ പായുന്ന കുട്ടികള്‍ വേറിട്ടകാഴ്ചയായി.
എല്ലാത്തിനും പിന്നില്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി നീങ്ങി. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്‍റ് ഇ.ജെ. ആഗസ്തി, മോന്‍സ് ജോസഫ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ ഒപ്പം നിന്നു.
ഗാന്ധിസ്ക്വയറില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് വ്യാഴാഴ്ച രാവിലെ തന്നെ വോട്ടുചെയ്യണമെന്ന് ടോമി കല്ലാനി അഭ്യര്‍ഥിച്ചു. മുമ്പത്തേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര ലക്ഷം വോട്ടിന് ജോസ് കെ. മാണി വിജയിക്കുമെന്നായിരുന്നു ഇ.ജെ. ആഗസ്തിയുടെ അവകാശവാദം.
1200 കോടിയുടെ കേന്ദ്രഫണ്ടാണ് കോട്ടയത്തേക്ക് എത്തിച്ചതെന്ന് ജോസ് കെ. മാണി പറഞ്ഞു. വികസനത്തുടര്‍ച്ചക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് അദ്ദേഹം പ്രസംഗം നിര്‍ത്തിയത്. സണ്ണി തെക്കേടം, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ബോബന്‍ തോപ്പില്‍, ഷാജന്‍ കട്ടച്ചിറ, ആര്‍.കെ. കര്‍ത്ത, ജോയി ചെട്ടിശേരി, നന്തിയോട് ബഷീര്‍, കുമാരനല്ലൂര്‍ അസീസ്, വി.കെ. അനില്‍കുമാര്‍, അസീം ജെസ്ബി, കുഞ്ഞുമോന്‍ മത്തേര്‍, മോഹന്‍ കെ.നായര്‍, രാജം ജി.നായര്‍, എസ്. രാജീവ്, ഷൈനി പാറയില്‍, ഷൈനി ജേക്കബ്, മുഹമ്മദ് കുട്ടി, ഷാജി ഫിലിപ്, സലീം മോടയില്‍, നിര്‍മല ജിമ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
പാലായിലെ പര്യടനശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി.തോമസ് വൈകുന്നേരം നാലിനാണ് കോട്ടയത്തെത്തിയത്. തിളക്കുന്ന വെയിലില്‍നിന്ന് മഴക്കാറും കാറ്റും നിറഞ്ഞ വൈകുന്നേരത്തെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാഴ്ത്തി. കലക്ടറേറ്റ് പരിസരത്തുനിന്ന് സ്ഥാനാര്‍ഥി പ്രകടനം തുടങ്ങുമ്പോള്‍ പല വര്‍ണങ്ങളിലെ കൊടികളുമായി ബൈക്കുകളും ജീപ്പുകളും നിറഞ്ഞു.
'കറ്റയേന്തിയ കര്‍ഷക സ്ത്രീ' ചിഹ്നം പതിപ്പിച്ച പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ അണിനിരന്നു. കെ.കെ റോഡിലൂടെ തിരുനക്കര ബസ്സ്റ്റാന്‍ഡിന് മുന്നില്‍ മനുഷ്യപ്രളയത്തിലേക്കാണ് സ്ഥാനാര്‍ഥിയുടെ തുറന്ന വാഹനം എത്തിനിന്നത്. എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍െറ പ്രസംഗം തീര്‍ത്ത ചിരിപ്പടക്കത്തോടെ രംഗം ഉച്ചസ്ഥായിയിലായി. 16 സീറ്റില്‍ എല്‍.ഡി.എഫ് ജയിക്കുമെന്നും ബാക്കി നാലു സീറ്റുകള്‍ കൊതി കിട്ടാതിരിക്കാന്‍ വിട്ടുകൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിജയിച്ചാല്‍ പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്യുക റബര്‍ ഷീറ്റ് തലയില്‍ അണിഞ്ഞായിരിക്കുമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. എല്‍.ഡി.എഫിന് ചരിത്ര വിജയം നല്‍കിയാണ് ഇക്കുറി വോട്ടെണ്ണല്‍ നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോര്‍ജ് തോമസ്, വി.എന്‍. വാസവന്‍, എം.കെ. പ്രഭാകരന്‍, സ്റ്റീഫന്‍ ജോര്‍ജ്, ചലച്ചിത്രനടന്‍ വിശ്വന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പു പ്രചാരണ സമാപനം കലാശക്കൊട്ടിന്‍െറ ആവേശം മഴയില്‍ തണുത്തു. എല്‍.ഡി.എഫ്-യു.ഡി.എഫ് കക്ഷികള്‍ക്ക് സമാപനം നടത്തുന്നതിന് രണ്ട് സമയം നിശ്ചയിച്ചതും മഴമൂലം ആളുകളുടെ എണ്ണം കുറഞ്ഞതുമാണ് കലാശക്കൊട്ടിന്‍െറ ആവേശം ചോര്‍ത്തിയത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ചേര്‍ന്നെടുത്ത തീരുമാനമാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ക്ക് സമാപന പരിപാടി വ്യത്യസ്ത സമയത്താക്കിയത്. ഇത് പൊലീസിനും പൊതുജനങ്ങള്‍ക്കും ഏറെ ആശ്വാസമായി.

ഒടുവില്‍ ആവേശക്കലാശം

Posted: 09 Apr 2014 12:01 AM PDT

തൃശൂര്‍: ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്ത് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. പഞ്ചവാദ്യങ്ങളും ശിങ്കാരിമേളവും കാവടിയും നിറഞ്ഞാടിയ അന്തരീക്ഷത്തില്‍ പരസ്പരം പോര്‍വിളിച്ച് സ്ഥാനാര്‍ഥികളുടെ അപദാനങ്ങള്‍ വാഴ്ത്തി നഗരത്തെ നിശ്ചലമാക്കിയ പ്രകടനമാണ് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ അരങ്ങേറിയത്. ആം ആദ്മി പാര്‍ട്ടിയാണ് വൈകീട്ട് 4.30ഓടെ കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് കൊട്ടിക്കലാശത്തിന് തുടക്കമിട്ടത്. പ്രചാരണവാഹനങ്ങളില്‍നിന്ന് ഉയര്‍ന്ന പാട്ടിനൊപ്പിച്ച് ചൂലേന്തിയ പ്രവര്‍ത്തകര്‍ക്കൊപ്പം കൈവീശി സ്ഥാനാര്‍ഥി പ്രഫ. സാറാ ജോസഫും രംഗത്തുണ്ടായി. 5.30ഓടെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സ്ഥാനാര്‍ഥി ജാസ്മിന്‍ഷാ നഴ്സുമാരുമായി യു.എന്‍.എയുടെ വെള്ളപ്പതാകയുമായി രംഗപ്രവേശം ചെയ്തു.
ശിങ്കാരിമേളത്തിന്‍െറ ശബ്ദഘോഷത്തിനൊത്ത് കൊടിപിടിച്ച് നൃത്തമാടി സ്ഥാനാര്‍ഥിയില്ലാതെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ 5.30ഓടെ കോര്‍പറേഷന്‍ ഓഫിസിന് മുന്നിലെത്തി. ആവേശം കൊടുമുടി കയറിയതോടെ രാജാവിന്‍െറ പ്രതിമക്ക് മുകളിലേക്കും കൊടികളുമായി പ്രവര്‍ത്തകര്‍ കയറിയെങ്കിലും പൊലീസ് താഴെയിറക്കി. തുടര്‍ന്ന് 5.45ഓടെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി. ശ്രീശന്‍ തുറന്ന വാഹനത്തിലെത്തി. പഞ്ചവാദ്യത്തിനൊത്ത് കാവിക്കൊടി ഉയര്‍ന്നുതാഴ്ന്നതോടെ അകലെ ചെങ്കൊടിയും കാണാനായി. 5.50ഓടെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയില്‍ ഇടതുസംഘം സ്ഥാനാര്‍ഥിയില്ലാതെ കോര്‍പറേഷന്‍ ഓഫിസിന് മുന്നിലെത്തിയതോടെ ആവേശം കൊടിമുടി കയറി. പരസ്പരം വീറും വാശിയുമേറിയ മുദ്രാവാക്യങ്ങളും അനൗണ്‍സ്മെന്‍റുകളുമായി കോര്‍പറേഷന്‍ പരിസരം ബഹളമയമായി. പ്രവര്‍ത്തകര്‍ നൃത്തമാടിയും മുദ്രാവാക്യം വിളിച്ചും അന്തരീക്ഷത്തില്‍ ശബ്ദഘോഷങ്ങള്‍ പാരമ്യത്തിലെത്തിയതോടെ രസച്ചരട് മുറിച്ച് കോര്‍പറേഷന്‍ സൈറന്‍ മുഴങ്ങി. തുടര്‍ന്ന് രണ്ട് സെക്കന്‍ഡുകൂടി ആടിത്തിമിര്‍ത്ത ശേഷം സ്വിച്ചിട്ടതിന് സമാനം കൊട്ടിക്കലാശം സമാപിച്ചു.
പ്രശ്നങ്ങളില്ലാതെ പരസ്യപ്രചാരണം സമാപിക്കുന്നതിന് പൊലീസുകാര്‍ നന്നെ വിയര്‍ത്തു. പ്രചാരണം വീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉണ്ടായിരുന്നു. സ്ത്രീകളടക്കം വന്‍ ജനാവലി കെട്ടിക്കലാശത്തിന് സാക്ഷികളായി ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു.
ചാവക്കാട്: തെരഞ്ഞെടുപ്പിന്‍െറ കലാശക്കൊട്ടിന് മുന്നണി സ്ഥാനാര്‍ഥികള്‍ എത്തിയത് നഗരത്തിന് ആവേശമായി. വൈകീട്ട് മൂന്നരയോടെ ചാവക്കാട് ട്രാഫിക് ഐലന്‍ഡില്‍ ചെറു ഗ്രൂപ്പുകളായി ആദ്യമെത്തിയത് യു.ഡി.എഫ് പ്രവര്‍ത്തകരായിരുന്നു. പിന്നീട് പ്രചാരണ വാഹനങ്ങളും വാദ്യമേളക്കാരും പച്ചപുതച്ച കുതിരയുമെത്തി. സ്ഥാനാര്‍ഥികളില്‍ ആദ്യമെത്തിയത് എല്‍.ഡി.എഫിലെ സി.എന്‍. ജയദേവനാണ്. അഞ്ചിന് മുമ്പേ കുന്നംകുളം റോഡുവഴി കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ, കെ.കെ. സുധീരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം തുറന്ന ജീപ്പിലെത്തിയ അദ്ദേഹം ട്രാഫിക് ഐലന്‍ഡിലേക്ക് പ്രവേശിച്ചു. ഇതിനിടെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.പി. സുഫീറയുമെത്തി. ബി.ജെ.പി പ്രവര്‍ത്തകരും എത്തി. ഇവര്‍ അരിയങ്ങാടിയില്‍നിന്നുള്ള റോഡിലാണ് കൂട്ടം കൂടിയത്. അഞ്ചോടെ ഏനാമാവ് റോഡുവഴി തുറന്ന വാഹനത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. ധനപാലന്‍ എത്തിയത്. നേതാക്കളായ സി.എച്ച്. റഷീദ്, പി.കെ. പോക്കുട്ടി ഹാജി, ഷാനവാസ് തിരുവത്ര, ഫൈസല്‍ ചാലില്‍, ഫിറോസ് പി. തൈപ്പറമ്പില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഇതോടെ അന്തരീക്ഷം അനൗണ്‍സ്മെന്‍റുകളാലും പാരടി ഗാനങ്ങളാലും വാദ്യമേളങ്ങളാലും ആര്‍പ്പുവിളികളാലും ശബ്ദമുഖരിതമായി. ട്രാഫിക് ഐലന്‍ഡിന് ചുറ്റും പതിവു രീതിയിലുള്ള വലംവെക്കല്‍ അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആദ്യമെത്തിയവര്‍ ഇതിനു ശ്രമിച്ചപ്പോള്‍ സി.ഐ സിബിച്ചന്‍ ജോസഫ്, എസ്.ഐ എം.കെ. ഷാജി, അഡീഷനല്‍ എസ്.ഐമാരായ ടി.സി. കലാധരന്‍, ഒ.ജെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരളാ പൊലീസും കേന്ദ്ര സേനയും തടയുകയായിരുന്നു.

12,40,460 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്

Posted: 08 Apr 2014 11:59 PM PDT

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ 12,40,460 വോട്ടര്‍മാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തുകളിലേക്ക്. വോട്ടെടുപ്പിന് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
വോട്ടിങ് മെഷീനുകളും മറ്റു സാമഗ്രികളും ബുധനാഴ്ച കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. ഇതിനായി 79 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് സാധനങ്ങള്‍ കാസര്‍കോട് കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലേക്കുള്ള സാധനങ്ങള്‍ നെഹ്റു കോളജിലുമാണ് വിതരണം ചെയ്യുന്നത്. വോട്ടിങ് സാധനങ്ങളുമായി ഉച്ചയോടെ ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളിലെത്തി ഒരുക്കങ്ങള്‍ നടത്തും. വോട്ടെടുപ്പിനുള്ള തയാറെടുപ്പുകള്‍ പൊതു നിരീക്ഷകന്‍ അംജദ് താക്ക് വിലയിരുത്തി.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലത്തിലായി 5,92,658 പുരുഷ വോട്ടര്‍മാരും 6,47,802 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ 4,43,095 പുരുഷന്‍, 4,67,946 സ്ത്രീ സഹിതം മൊത്തം 9,11,041 വോട്ടര്‍മാരാണുള്ളത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11,11,414 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്നും 28,414 പേരെ നീക്കം ചെയ്തിരുന്നു. വോട്ടര്‍ ലിസ്റ്റില്‍ പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 1,57460 വോട്ടര്‍മാരെ അധികമായി ചേര്‍ത്തിട്ടുണ്ട്. 3192 സൈനികര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യവും ലഭ്യമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നത് തടയുന്നതിന് ഫൈ്ളയിങ് സ്ക്വാഡുകള്‍, എക്സ്പെന്‍ഡിച്ചര്‍ സ്ക്വാഡുകള്‍, വീഡിയോ സര്‍വലൈന്‍സ് യൂനിറ്റുകള്‍ എന്നിവ സജീവമാണ്. സ്വതന്ത്രവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, പൊലീസ് സംരക്ഷണം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ 250 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 39 എണ്ണം അതീവ പ്രശ്നബാധിത ബൂത്തുകളാണ്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേകം സൂക്ഷ്മ നിരീക്ഷണവും പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലയില്‍ 2377 പൊലീസ്, സ്പെഷല്‍ പൊലീസ്, അര്‍ധസേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 10 ഡിവൈ.എസ്.പിമാര്‍, 12 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 108 സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പൊലീസ് സേനയെ നിയന്ത്രിക്കും. ഒരു കമ്പനി ബി.എസ്.എഫും രണ്ട് കമ്പനി സി.ആര്‍.പി.എഫും അഞ്ച് കമ്പനി സി.ഐ.എസ്.എഫും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 152 ബസുകള്‍ ഉള്‍പ്പെടെ 475 വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ വോട്ട് ചെയ്യാന്‍ വരുന്നതില്‍ തടസ്സമില്ല. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ എത്തി വോട്ട് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ 791 ബൂത്തുകളാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുള്ളത്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിങ് ഓഫിസര്‍, മൂന്ന് പോളിങ് ഓഫിസര്‍മാര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.1500ലേറെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അധികമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ കൂടി നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പിനു മുമ്പുള്ള മോക് പോളിങ് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വോട്ടിങ് മെഷീന്‍ വോട്ടെടുപ്പിനായി ഒരുക്കും. കൃത്യം രാവിലെ ഏഴിനുതന്നെ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറുവരെ വോട്ടെടുപ്പ് തുടരും.

ആവേശത്തോടെ കൊട്ടിക്കലാശം

Posted: 08 Apr 2014 11:56 PM PDT

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകരുടെ പരസ്യപ്രചാരണം ആവേശകരമായ പ്രകടനത്തോടെ സമാപിച്ചു. വൈകീട്ട് നാലരയോടെയാണ് യു.ഡി.എഫ് പ്രകടനം നഗരത്തിലെത്തിയത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി ഗാന്ധിമന്ദിരത്തിനു സമീപം സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ എ.പി. നാരായണന്‍, പെരിങ്ങോം മുസ്തഫ, എസ്.എ. ഷുക്കൂര്‍ ഹാജി, വി.എന്‍. എരിപുരം, അഡ്വ. വി. ഷാഹുല്‍ ഹമീദ്, ടി.വി. കുഞ്ഞമ്പു നായര്‍, പിലാക്കാല്‍ അശോകന്‍, കെ.കെ. ഫല്‍ഗുനന്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, എം. അബ്ദുല്ല, വി.സി. നാരായണന്‍, കെ.വി. കൃഷ്ണന്‍, റഷീദ് കവ്വായി എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് മൂന്നരയോടെയാണ് കെ. സുരേന്ദ്രന്‍െറ പ്രചാരണ സമാപനം ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. മൂന്നു സമാപന പരിപാടികള്‍ക്കും പൊലീസ് വ്യത്യസ്ത സമയം അനുവദിച്ചതിനാല്‍ പ്രകടനങ്ങള്‍ മുഖാമുഖം എത്തിയിരുന്നില്ല. സായുധരായ അര്‍ധസൈനികരുടെ കാവലിലാണ് കൊട്ടിക്കലാശം നടന്നത്.
ചെറുപുഴ: ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മലയോരത്ത് പെയ്ത കനത്ത മഴയിലും വീര്യംചോരാതെ പാര്‍ട്ടികളുടെ കൊട്ടിക്കലാശം. മലയോരത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നിവയുടെയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്‍െറ കേന്ദ്രം ചെറുപുഴ ടൗണായിരുന്നു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പെയ്തുതുടങ്ങിയ മഴയും മിന്നലും കൊട്ടിക്കലാശത്തിന്‍െറ ആവേശം ചോര്‍ത്തുമെന്ന് കരുതിയെങ്കിലും നാലരയോടെ മഴ മാറിനിന്നു. അല്‍പനേരത്തിനകം ബാന്‍ഡ്വാദ്യത്തിന്‍െറ അകമ്പടിയോടെ യു.ഡി.എഫിന്‍െറ കൊട്ടിക്കലാശം ചെറുപുഴ ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ കാവി പതാകകള്‍ പാറിച്ച് തങ്ങളുടെ സാന്നിധ്യവുമറിയിച്ചു. അഞ്ചുമണിക്ക് എല്‍.ഡി.എഫിന്‍െറ പ്രകടനം തുടങ്ങി. വനിതകള്‍ നേതൃത്വം നല്‍കിയ ചെണ്ടമേളത്തിന്‍െറ അകമ്പടിയോടെയായിരുന്നു എല്‍.ഡി.എഫിന്‍െറ കൊട്ടിക്കലാശം. ദ്രുതകര്‍മസേനയുള്‍പ്പെടെയുള്ള പൊലീസ് സംഘത്തിന്‍െറ സാന്നിധ്യത്തില്‍ സമാധാനപരമായി കൊട്ടിക്കലാശം അവസാനിക്കുകയും ചെയ്തു.
പഴയങ്ങാടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. സ്ഥലത്ത് പൊലീസും കേന്ദ്രസേനയും നേരത്തേ തന്നെ നിലയുറപ്പിച്ചിരുന്നു. കൊട്ടി ക്കലാശം കാണാനായി വന്‍ ജനാവലിയും എത്തിയിരുന്നു. എല്‍.ഡി.എഫിന്‍െറയും യു.ഡി.എഫിന്‍െറയും പ്രചാരണ വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഓടി ഉച്ച ഭാഷിണി പ്രചാരണം നടത്തിയത്. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും വാഹനങ്ങളൊന്നും ഈ സമയത്ത് എത്തിയിരുന്നില്ല. കൊടികള്‍ വീശിയും മുദ്രാവാക്യം വിളിച്ചും ആവേശത്തിലായിരുന്നു പ്രവര്‍ത്തകര്‍. ഒരു മണിക്കൂറോളം ഈ മേഖലയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
തളിപ്പറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ കൊട്ടിക്കലാശം കാണാന്‍ തളിപ്പറമ്പ് നഗരത്തില്‍ എത്തിയവര്‍ നിരാശരായി. ആറുമണി വരെയാണ് ഇത്തവണ പ്രചാരണ സമയമെങ്കിലും നാലുമണിവരെ മാത്രമാണ് പ്രചാരണ വാഹനങ്ങള്‍ക്ക് തളിപ്പറമ്പ് നഗരത്തില്‍ പൊലീസ് അനുമതി നല്‍കിയത്. രണ്ടുമണിയോടെ എല്‍.ഡി.എഫിന്‍െറയും നാലുമണിയോടെ യു.ഡി.എഫിന്‍െറയും പ്രചാരണ വാഹനങ്ങള്‍ നഗരംവിട്ടു.
നേരത്തെ പൊലീസ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലായിരുന്നു സമയം സംബന്ധിച്ച ധാരണ ഉണ്ടാക്കിയത്. നഗരത്തില്‍ ഒട്ടേറെ പേര്‍ കൂട്ടംകൂടുന്നത് സംഘര്‍ഷത്തിന് വഴിവെച്ചേക്കുമെന്ന നിഗമനത്തിലായിരുന്നു തീരുമാനം. എന്നാല്‍, തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിക്കാതിരുന്നതിനാല്‍ പൊതുജനങ്ങളും സംഭവമറിഞ്ഞില്ല. പതിവുപോലെ വന്‍ ജനക്കൂട്ടമാണ് നാലുമണിയോടെ നഗരത്തില്‍ എത്തി പാതയോരത്ത് തമ്പടിച്ചത്. അഞ്ചരയോടെയാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്.
ശ്രീകണ്ഠപുരം: എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ അലങ്കരിച്ച പ്രചാരണ വാഹനങ്ങളുമായി ബസ്സ്റ്റാന്‍ഡില്‍ കൊട്ടിക്കലാശം നടത്തി.
ബി.ജെ.പി, ആംആദ്മി പാര്‍ട്ടികളും കൊട്ടിക്കലാശത്തോടനുബന്ധിച്ച് ടൗണിലെത്തിയിരുന്നു. കൊട്ടിക്കലാശം കാണാന്‍ നിരവധി പേര്‍ സ്ഥലത്തെത്തി. കൊട്ടിക്കലാശ ദിനത്തില്‍ അണികളെ ആവേശംകൊള്ളിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ശ്രീകണ്ഠപുരത്തെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സുധാകരന്‍ ശ്രീകണ്ഠപുരത്തെത്തിയത്. സെന്‍ട്രല്‍ ജങ്ഷനില്‍നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയും മറ്റുമായി സ്ഥാനാര്‍ഥിയെ ബസ്സ്റ്റാന്‍ഡിലേക്ക് ആനയിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, പി.ജെ. ആന്‍റണി, കെ.പി. ഗംഗാധരന്‍, എം.ഒ. മാധവന്‍ മാസ്റ്റര്‍, കെ.പി. മൊയ്തീന്‍കുഞ്ഞി ഹാജി, കെ. സലാഹുദ്ദീന്‍, ഡോ. കെ.വി. ഫിലോമിന എന്നിവര്‍ നേതൃത്വം നല്‍കി.

ബി.ജെ.പി പ്രകടന പത്രിക: തമിഴ്നാട്ടിലെ സഖ്യകക്ഷികളില്‍ മുറുമുറുപ്പ്

Posted: 08 Apr 2014 11:54 PM PDT

കോയമ്പത്തൂര്‍: ബി.ജെ.പി പ്രകടന പത്രികയില്‍ തമിഴ്നാട്ടിലെ കത്തിനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്നില്ലെന്ന് സഖ്യകക്ഷികള്‍. മാത്രമല്ല, സേതു സമുദ്രം പദ്ധതി, ഏക സിവില്‍കോഡ്, രാമക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ ഘടകകക്ഷികളായ പാട്ടാളി മക്കള്‍ കക്ഷിയും എം.ഡി.എം.കെയും ബി.ജെ.പിക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളെ മുന്നണിയില്‍ അണിനിരത്താന്‍ മുന്‍കൈയെടുത്ത ബി.ജെ.പി പക്ഷേ, പ്രാദേശിക വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം.
സേതുസമുദ്രം പദ്ധതി നടപ്പാക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച കക്ഷികളാണ് എം.ഡി.എം.കെയും പി.എം.കെയും. പദ്ധതി പ്രവര്‍ത്തനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എം.ഡി.എം.കെ നേതാവ് വൈക്കോയും പങ്കെടുത്തിരുന്നു. തമിഴ്നാട്ടില്‍ നിലവില്‍ കത്തിനില്‍ക്കുന്ന പ്രശ്നങ്ങളിലൊന്നായ, തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ സൈനികരുടെ അതിക്രമങ്ങളെ സംബന്ധിച്ച് പ്രകടന പത്രികയില്‍ ഒരു വാചകം പോലുമില്ലാത്തത് എം.ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികളില്‍ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.
2002ല്‍ പാര്‍ലമെന്‍റില്‍ ഏക സിവില്‍കോഡിന് അനുകൂലമായി ബി.ജെ.പിയോട് ചേര്‍ന്ന് ഡി.എം.കെ വോട്ട് ചെയ്തതിനെ ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രചാരണ യോഗത്തില്‍ വൈക്കോ വിമര്‍ശിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. അന്ന് താന്‍ ഇതിനെതിരായാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ഇതിനായി ബി.ജെ.പി നേതാവായിരുന്ന പ്രമോദ്മഹാജന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും വൈക്കോ വെളിപ്പെടുത്തി. ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് പറയുന്നത്. ഏക സിവില്‍കോഡിനെ ശക്തമായി എതിര്‍ക്കുന്ന കക്ഷികളാണ് എം.ഡി.എം.കെയും പി.എം.കെയും.
എന്‍.ഡി.എയുടെ ധര്‍മപുരി സ്ഥാനാര്‍ഥി അന്‍പുമണി രാമദാസ് താല്‍പര്യമെടുത്ത് നടപ്പാക്കിയ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പാട്ടാളി മക്കള്‍ കക്ഷിയെ ചൊടിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി പ്രകടന പത്രികയിലെ രാമക്ഷേത്രം, ഏക സിവില്‍കോഡ്, സേതുസമുദ്രം പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം തമിഴ്നാട് സെക്രട്ടറി ജി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സേതുസമുദ്രം പദ്ധതിക്കെതിരായ നിലപാടിലൂടെ ബി.ജെ.പി വര്‍ഗീയ കക്ഷിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചതായി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ശ്രീലങ്കയില്‍ പ്രത്യേക തമിഴ് രാജ്യം വേണമെന്ന് പറഞ്ഞ് പ്രക്ഷോഭം സംഘടിപ്പിക്കുന്ന കക്ഷികള്‍ പ്രകടന പത്രികയില്‍ ശ്രീലങ്കന്‍ പ്രശ്നം പരാമര്‍ശിക്കാത്തതിനെക്കുറിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, പ്രകടന പത്രിക ബി.ജെ.പിയുടെതാണെന്നും മുന്നണിയുടേതല്ലെന്നുമാണ് പാട്ടാളി മക്കള്‍ കക്ഷി നേതാക്കള്‍ പറയുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തില്‍ അനുകൂല നിലപാട് കൈക്കൊള്ളുമെന്നും ഇവര്‍ പറയുന്നു.

നരേന്ദ്രമോദി പത്രിക സമര്‍പിച്ചു

Posted: 08 Apr 2014 11:50 PM PDT

Image: 

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ജനവിധി തേടുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മോദിയുടെ മുഖമുള്ള മാസ്കും കാവി നിറത്തിലുള്ള തൊപ്പിയും ധരിച്ച് മുദ്രാവാക്യം മുഴക്കിയ നൂറു കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ്ഷോ നടത്തിയാണ് മോദി പത്രിക സമര്‍പിക്കാന്‍ എത്തിയത്. സ്വന്തം ചിഹ്നമായ താമര പതിപ്പിച്ച തുറന്ന ജീപ്പിലായിരുന്നു റോഡ്ഷോ. നാലു കിലോമീറ്ററോളം ഇങ്ങനെ സഞ്ചരിച്ച്  ജില്ലാ കളക്ടറേറ്റില്‍ എത്തിയാണ് പത്രികാ സമര്‍പണം നടത്തിയത്.

മോദിയെ നാമനിര്‍ദേശം ചെയ്തവരില്‍ ഒരാളായ ചായക്കച്ചവടക്കാരന്‍ കിരണ്‍ മഹിദയും ഗുജറാത്ത് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ വഡോദരയില്‍ കഴിഞ്ഞ 12 വര്‍ഷമായി മോദി വിജയം കൊയ്തുവരികയാണ്.  2009ല്‍ 1.5 ലക്ഷം വോട്ട് നേടിയാണ് മോദി വിജയക്കൊടി പാറിച്ചത്.

കോണ്‍ഗ്രസിന്‍റെ മദുസൂധന്‍ മിസ്ത്രിയാണ് ഇത്തവണ മോദിയുടെ പ്രധാന എതിരാളി. വഡോദരക്കു പുറമെ യു.പിയിലെ വാരാണസിയില്‍നിന്നും മോദി മല്‍സരിക്കുന്നുണ്ട്. വഡോദരയില്‍ ഏപ്രില്‍ 30നാണ് തെരഞ്ഞെടുപ്പ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP