മുസഫര്‍ നഗറില്‍ കനത്ത പോളിംങ് Posted: 10 Apr 2014 12:13 AM PDT മുസഫര്‍ നഗര്‍: വോട്ടെടുപ്പ് നടക്കുന്ന യു.പിയിലെ മുസഫര്‍ നഗറില്‍ രാവിലെ മുതല്‍ കനത്ത പോളിങ്. പന്ത്രണ്ടു മണിയോടെ തന്നെ 30.99 ശതമാനത്തിലത്തെി. ഒമ്പത് മാസം മുമ്പ് നടന്ന കലാപത്തിനുശേഷം നടക്കുന്ന പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവികാരം നിര്‍ണായക ഘടകമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ സമാധാനപരമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കാഴ്ചയാണ് ഇവിടെ. യു.പിയിലെ പത്ത് മണ്ഡലങ്ങളില്‍ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി,എസ്.പി,സമാജ്വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നുണ്ട്. അതേസയമം,കോണ്‍ഗ്രസ് ആറു മണ്ഡലങ്ങളിലും ഇടതു പാര്‍ട്ടികള്‍ നാലു മണ്ഡലങ്ങളിലും ആണ് മല്‍സരിക്കുന്നത്. എല്ലായിടത്തും അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നതിനാല്‍ പോളിങ് ശതമാനം കൂടുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എല്‍.ഡി നേതാക്കളായ അജിത് സിങ്,നടി ജയപ്രദ,കോണ്‍ഗ്രസിന്‍്റെ ഇംറാന്‍ മസ്ഊദ്,രാജ് ബബ്ബാര്‍, നടി നഗ്മ,ആപിന്‍്റെ ഷാസിയ ഇല്‍മി,സജാമ്വാദി പാര്‍ട്ടിയുടെ മന്ത്രി ഷാഹിദ് മന്‍സൂര്‍ എന്നിവരാണ് യു.പിയില്‍ നിന്നും ജനവിധി തേടുന്ന പ്രമുഖര്‍. |
ഡല്‍ഹിയില്‍ പോളിങ് പുരോഗമിക്കുന്നു Posted: 09 Apr 2014 11:45 PM PDT ന്യൂഡല്‍ഹി: കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം, ഡല്‍ഹിയും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളിലെ മറ്റ് 72 മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുന്നു. രാവിലെ 11 മണിയായപ്പോള്‍ ഡല്‍ഹിയില്‍ 25 ശതമാനം പോളിങ് രേഖപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായ അരവിന്ദ് കെജ് രിവാള്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി,പ്രിയങ്ക,എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ദല്‍ഹിയില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആം ആദ്മി പാര്‍ട്ടി മല്‍സരിക്കുന്ന പ്രഥമ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത ഡല്‍ഹി ലോക്സഭാ തെരഞ്ഞെടുപ്പിന് ഉണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു മണ്ഡലങ്ങളിലും എ.എ.പി ജയിക്കുമെന്ന് കെജ് രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പു. ഡല്‍ഹില്‍ സി.പി.എമ്മിന്‍റെ പിന്തുണയും ആം ആദ്മിക്കുണ്ട്. ഡല്‍ഹിയിലെ ഏഴ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡിഷ,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 10 വീതം സീറ്റ്, മധ്യപ്രദേശില്‍ ഒമ്പത്, ബിഹാറില്‍ ആറ്, ഒമ്പത്, ജാര്‍ഖണ്ഡില്‍ അഞ്ച്,ഛത്തിസ്ഗഢ്, ജമ്മു- കശ്മീര്‍, ലക്ഷദ്വീപ്,അന്തമാന്‍-നികോബാര്‍,ചണ്ഡീഗഢ് എന്നിവിടങ്ങളിലെ ഓരോ സീറ്റ് എന്ന ക്രമത്തിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ബീഹാര്‍,ഹരിയാന,ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ആദ്യമണിക്കൂറുകളില്‍ താരതമ്യേന കുറഞ്ഞ നിലയില്‍ ആണ് പോളിങ്. പതിനൊന്ന് മണിയായപ്പോള്‍ ബീഹാറില്‍ 16.21 ശതമാനവും ഹരിയാനയിലും ചണ്ഡീഗഢിലും 15 ശതമാനവും ആണ് പോളിങ്. |
ജനങ്ങളുടെ ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമാകും -വി എസ് Posted: 09 Apr 2014 11:13 PM PDT ആലപ്പുഴ: യു.പി.എ സര്‍ക്കാരിന്‍്റെ കാലത്തെ കൊടിയ അഴിമതിയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും ഉയര്‍ത്തിയ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ ഭരണവിരുദ്ധ വികാരം എല്‍.ഡി.എഫിന് അനുകൂലമായ പ്രതികരണമുണ്ടാക്കും. ജനങ്ങള്‍ നല്‍കുന്ന പ്രതീക്ഷ എല്‍.ഡി.എഫിന്‍്റെ ഗംഭീര വിജയത്തിന്‍്റേതാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു വി. എസ് അച്യുതാനന്ദന്‍. |
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇനി വോട്ട് ചെയ്യാം Posted: 09 Apr 2014 10:53 PM PDT കൊല്ലം: പോളിങ് സമഗ്രികളുടെ വിതരണവും ബൂത്ത് ക്രമീകരണവുമടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ 19,72,177 വോട്ടര്‍മാരാണുള്ളത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടിങ്. അവസാനഘട്ട ബൂത്ത് തല പരിശോധന ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. ഉപവരണാധികാരിയുടെ നേതൃത്വത്തില്‍ സെക്ടറല്‍ ഓഫിസര്‍മാരാണ് ബൂത്തുതല പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ഇവര്‍ നല്‍കി. ബുധനാഴ്ച ഉച്ചയോടെ വിവിധ കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ലഭ്യമായ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് ഉദ്യോഗസ്ഥര്‍ വിതരണകേന്ദ്രം വിട്ടത്. വിതരണകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ കലക്ടര്‍, പൊതു നിരീക്ഷകന്‍ മദന്‍ നായിക് എന്നിവര്‍ എത്തിയിരുന്നു. വൈകുന്നേരത്തിന് മുമ്പ് ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ എത്തി സജ്ജീകരിച്ചു. ബൂത്തുകളുടെ സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഓഫിസര്‍മാരും ഉച്ചയോടെ എത്തിച്ചേര്‍ന്നു. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തുകളിലെത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ ക്രമീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി ജില്ലയില്‍ അഞ്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തിരികെയുള്ള യാത്രയുടെ ചുമതലയും ഇവര്‍ക്കാണ്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ വിവിധ കേന്ദ്രങ്ങളിലായി 18 മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീട്ടിലെത്തിക്കുന്ന ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പ്, പാന്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡ്/ റേഷന്‍ കാര്‍ഡ്/ ഡ്രൈവിങ് ലൈസന്‍സ്/ പാസ്പോര്‍ട്ട്/ ഫോട്ടോ പതിച്ച ബാങ്ക്- പോസ്റ്റ് ഓഫിസ് പാസ് ബുക്ക്/ തൊഴിലുറപ്പ് കാര്‍ഡ്/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്/ ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍ എന്നിവ ഉപയോഗിച്ച് വോട്ട് ചെയ്യാം. എന്നാല്‍, ഇതിനായി നിശ്ചിത ഫോറത്തില്‍ സത്യവാങ്മൂലം വിരലടയാളം പതിച്ച് നല്‍കണം. ബൂത്തുകളില്‍ തന്നെ ഈ ഫോറങ്ങള്‍ ലഭ്യമാകും. ഫോട്ടോ പതിച്ച സ്ളിപ്പ് ലഭിക്കാത്തവര്‍ ബൂത്തുകളില്‍ ബി.എല്‍.ഒമാരില്‍നിന്ന് കൈപ്പറ്റണം. |
ജില്ലയിലെ കാല്‍ കോടി വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് Posted: 09 Apr 2014 10:44 PM PDT തിരുവനന്തപുരം: തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളുള്‍പ്പെട്ട തലസ്ഥാനജില്ലയിലെ കാല്‍ കോടിയിലധികം വോട്ടര്‍മാര്‍ സമ്മതിദാനത്തിനായി വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. 25,14,010 വോട്ടര്‍മാരുള്ള ജില്ലയില്‍ 11,83,006 പേര്‍ പുരുഷന്മാരും 13,31,004 പേര്‍ സ്ത്രീകളുമാണ്. പുരുഷവോട്ടര്‍മാര്‍ - ആറ്റിങ്ങലില്‍ 5,72,290, തിരുവനന്തപുരത്ത് 6,10,716.സ്ത്രീവോട്ടര്‍മാര്‍ -ആറ്റിങ്ങലില്‍ 6,74,264, തിരുവനന്തപുരത്ത് 6,56,740. 18 വയസ്സിനും 22 വയസ്സിനും ഇടയിലുള്ള വോട്ടര്‍മാരുടെ എണ്ണം 1,90,742. 70 വയസ്സിനുമുകളില്‍ പ്രായമുള്ള 1,43,044 വോട്ടര്‍മാര്‍ ജില്ലയിലുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളളത് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ എണ്‍പത്തിമൂന്നാം നമ്പര്‍ പോളിങ് ബൂത്തിലാണ് - 1674 പേര്‍. (ലക്ഷ്മിവിലാസം ഹൈസ്കൂള്‍, അറയൂര്‍, പടിഞ്ഞാറേ ബില്‍ഡിങ്). വാമനപുരം നിയോജകമണ്ഡലത്തിലെ തൊണ്ണൂറ്റിഒമ്പതാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് - 212 പേര്‍. (പൊന്മുടി യു.പി.എസ്., കിഴക്കേഭാഗം). രണ്ട് മണ്ഡലങ്ങളില്‍ നിന്നായി 36 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജില്ലയിലാകെ 267 ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കമ്പനി പ്രത്യേകസേനയെ ഇവിടങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. അറുപതോളം മൈക്രോഒബ്സര്‍വര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവര്‍ പ്രശ്നബാധിത ബൂത്തുകളിലുണ്ടാകും. 47 ബൂത്തുകളില്‍നിന്ന് തത്സമയ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നെന്ന പ്രത്യേകത തിരുവനന്തപുരം മണ്ഡലത്തിനുണ്ട്. കേന്ദ്രസഹമന്ത്രി ശശിതരൂര്‍ ഉള്‍പ്പെടെ 20 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി സ്വപ്നം കാണുന്ന തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സിറ്റിങ് എം.പി. ശശിതരൂര്‍ (യു.ഡി.എഫ്), ഡോ.ബെനറ്റ് എബ്രഹാം(എല്‍.ഡി.എഫ്), ഒ. രാജഗോപാല്‍ (ബി.ജെ.പി)എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍. ആംആദ്മി പാര്‍ട്ടിയുടെ അജിത് ജോയിയും മത്സരിക്കുന്നുണ്ട്. എസ്.ഡി.പി.ഐ, എസ്.യു.സി.ഐ , ബി.എസ്.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും മത്സരത്തിനുണ്ട്. 508 പോളിങ് മേഖലകളിലായി 1060 പോളിങ് സ്റ്റേഷനുകളാണ് തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. 2009 ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 33 പോളിങ് സ്റ്റേഷനുകള്‍ ഇക്കുറി കൂടുതലാണ്. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശമേഖലകളിലാണ് പ്രശ്നബാധ്യത ബൂത്തുകള്‍ അധികവും. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മണ്ഡലം ആരെ തുണയ്ക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ആറ് മണിക്ക് അവസാനിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ അതത് വിതരണകേന്ദ്രങ്ങളില്‍ തിരികെ വാങ്ങും. അതിനുശേഷം അവ വിതരണകേന്ദ്രങ്ങളിലെ സ്ട്രോംഗ്റൂമുകളില്‍ സൂക്ഷിക്കുകയും രാത്രി തന്നെ നാലാഞ്ചിറ മാര്‍ഇവാനിയോസ് കോളജിലെ ആറ് കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്യും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 1118 പോളിങ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 44 സ്റ്റേഷനുകള്‍ ഇക്കുറി കൂടുതലാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നേരിട്ടുള്ള മത്സരമാണ് ആറ്റിങ്ങലില്‍ നടക്കുന്നതെങ്കിലും ബി.ജെ.പി, വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും സ്വതന്ത്രരുടെയും സാന്നിധ്യം ഇരുമുന്നണികളുടെയും പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. സിറ്റിങ് എം.പി ഡോ. എ. സമ്പത്തും (എല്‍.ഡി.എഫ്) യു.ഡി.എഫിന്‍െറ അഡ്വ. ബിന്ദുകൃഷ്ണയുമായാണ് പ്രധാനമത്സരം. എന്നാല്‍ ബി.ജെ.പിയുടെ എസ്. ഗിരിജാകുമാരി, വെല്‍ഫെയര്‍പാര്‍ട്ടിയുടെ പ്രിയാസുനില്‍, എസ്.ഡി.പി.ഐയുടെ എം.കെ. മനോജ്കുമാര്‍ എന്നിവരുള്‍പ്പെടെ മറ്റ് 14 സ്ഥാനാര്‍ഥികളും ശക്തമായ പ്രചാരണവുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തില്‍ നിറഞ്ഞുനിന്നത്. സ്ഥാനാര്‍ഥികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് ഇവിടെയും രണ്ട് ബാലറ്റ് യൂനിറ്റുകളാണ് ഉപയോഗിക്കുന്നത്. ആറ്റിങ്ങലിലെ രണ്ടാമത്തെ ബാലറ്റ് യൂനിറ്റില്‍ ഇവരാരുമല്ല എന്ന 'നോട്ട' ബട്ടണ്‍ മാത്രമാണുള്ളത്. ഇക്കുറിയും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. |
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കണ്ണുതുറക്കാതെ അധികൃതര്‍ Posted: 09 Apr 2014 10:39 PM PDT അടൂര്‍: അടുത്തിടെ കുന്നിടയില്‍ രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ പാറമട ദുരന്തത്തിനു സമാനമായ അപകടമാണ് ബുധനാഴ്ച മണ്ണടിയില്‍ നടന്നത്. കുന്നിടയിലും മണ്ണടിയിലും അനധികൃതമായ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. കടമ്പനാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും ഇഷ്ടിക ക്വാറി മാഫിയകളുമായുള്ള അവിഹിത ബന്ധത്തിന്‍െറ ഒരു ഉദാഹരണം മാത്രമാണ് മണ്ണടിയിലെ അപകടമെന്ന് മണ്ണടി നിവാസികള്‍ പറയുന്നു. കല്ലടയാറിന്‍െറ തീരത്തിനടുത്തുനിന്ന് കളിമണ്‍ ഖനനം നടത്തുന്നതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് നാടിനെ നടുക്കിയ ദുരന്തത്തിനു കാരണമായത്. പ്രദേശവാസിയായ ഉഷ കലക്ടര്‍ക്ക് പരാതി നല്‍കുകയും ഒരു വര്‍ഷം മുമ്പ് ആര്‍.ഡി.ഒ ഇഷ്ടിക കളത്തിന്‍െറ പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2013-14 സാമ്പത്തിക വര്‍ഷം വരെ ഇഷ്ടിക കളത്തില്‍ ചളിയെടുപ്പിന് ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം അനുമതി നല്‍കിയിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കല്ലടയാറിനു സമീപത്തെ ഇഷ്ടികക്കളത്തിലെ കളിമണ്‍ ഖനനം ആറിന്‍െറ തീരവും കവര്‍ന്നിരുന്നു. ഇവിടെ രണ്ടേക്കറോളം സ്ഥലം ആറിന്‍െറ പുറമ്പോക്കു സ്ഥലമാണ്. തൊഴിലാളികളുടെ സുരക്ഷക്ക് യാതൊരു ക്രമീകരണങ്ങളും ഏര്‍പ്പെടുത്താതെയായിരുന്നു ഇഷ്ടികക്കളത്തിന്‍െറയും ചൂളയുടെയും പ്രവര്‍ത്തനമെന്ന് മണ്ണടി പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ണെടുക്കുന്ന കളത്തിനു തൊട്ടടുത്താണ് 24 തൊഴിലാളികളുടെ ടെന്‍റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാലൊന്നിടറിയാല്‍ അഗാധമായ കുഴിയിലേക്ക് വീഴുന്ന സ്ഥിതിയിലാണ്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥരും അടൂര്‍ താലൂക് ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെയും കടമ്പനാട് വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥന്‍െറയും മൗനാനുമതിയോടെയാണ് കളിമണ്‍ ഖനനം നടന്നിരുന്നതെന്ന് നാട്ടുകാര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ എസ്. ഹരികിഷോറിനോട് പറഞ്ഞു. |
ജില്ലയില്‍ 11,57,424 പേര്‍ ഇന്ന് ബൂത്തുകളിലേക്ക് Posted: 09 Apr 2014 10:35 PM PDT തൊടുപുഴ: ജില്ലയില്‍ 11,57,424 പേര്‍ വ്യാഴാഴ്ച വിധിയെഴുത്തിനായി ബൂത്തുകളിലെത്തും. ഇവരില്‍ 5,79,479 പേര്‍ സ്ത്രീകളും 5,77,945 പേര്‍ പുരുഷന്മാരുമാണ്. ഏഴ് നിയോജകമണ്ഡലങ്ങളിലായി 1145 ബൂത്തിലേക്ക് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന് സജ്ജമായിക്കഴിഞ്ഞു. ജില്ലയില്‍ 1,102 പ്രിസൈഡിങ് ഓഫിസര്‍മാരെയും 1,124 ഒന്നാം പോളിങ് ഓഫിസര്‍മാരെയും 1,151 രണ്ടാം പോളിങ് ഓഫിസര്‍മാരെയും 1,229 മൂന്നാം പോളിങ് ഓഫിസര്‍മാരെയും 310 റിസര്‍വ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ 4,916 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ തൊടുപുഴ നിയോജകമണ്ഡലമാണ് ഏറ്റവും മുന്നില്‍. 1,86,301 വോട്ടര്‍മാരാണ് ഇവിടെയുള്ളതും. 92,624 പുരുഷന്മാരും 93,677 സ്ത്രീകളും. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കോതമംഗലം നിയോജകമണ്ഡലത്തിലാണ്. 75,056 പേര്‍. ഉടുമ്പന്‍ചോലയില്‍ 1,59,443 വോട്ടര്‍മാരില്‍ 79,293 പേര്‍ പുരുഷന്മാരും 80,150 പേര്‍ സ്ത്രീകളുമാണ്. ഇടുക്കിയില്‍ 1,75,253 വോട്ടര്‍മാരില്‍ 87,517 പേര്‍ പുരുഷന്മാരും 87,736 പേര്‍ സ്ത്രീകളുമാണ്. പീരുമേട്ടില്‍ 1,70,144 വോട്ടര്‍മാരില്‍ 83,902 പേര്‍ പുരുഷന്മാരും 86,242 പേര്‍ സ്ത്രീകളുമാണ്. ദേവികുളം മണ്ഡലത്തില്‍ 1,55,887 വോട്ടര്‍മാരില്‍ 78,053 പേര്‍ പുരുഷന്മാരും 77,834 പേര്‍ സ്ത്രീകളുമാണ്. മൂവാറ്റുപുഴയിലെ ആകെ വോട്ടര്‍മാര്‍ 1,62,164. ഇവരില്‍ 81,500 പേര്‍ പുരുഷന്മാരും 80,665 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. ജില്ലയിലെ അഞ്ച് നിയമസഭമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ രണ്ട് നിയമസഭമണ്ഡലവും ഉള്‍പ്പെടുന്ന ഇടുക്കി ലോക്സഭ മണ്ഡലത്തില്‍ 71 ഗ്രാമപഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമാണുള്ളത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 10,61,666 ആയിരുന്നു. ഇതില്‍ 7,84,243 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 73.86 ആയിരുന്നു പോളിങ് ശതമാനം. 95,753 വോട്ടര്‍മാരാണ് ഇത്തവണ കൂടുതലായുള്ളത്. 2009ല്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ എണ്ണം പതിനാറായി. രണ്ട് ബാലറ്റ് പേപ്പറാണ് ഇടുക്കി ലോക്സഭ മണ്ഡലത്തിലുള്ളത്. |
സര്‍വസജ്ജം; 14,67,832 വോട്ടര്‍മാര്‍ ബൂത്തിലേക്ക് Posted: 09 Apr 2014 10:33 PM PDT കോട്ടയം: സുഗമമായ വോട്ടെടുപ്പിന് ജില്ല സര്‍വസജ്ജമായതായി ജില്ലാ വരണാധികാരിയായ കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. എല്ലാവരും വോട്ടവകാശം സ്വതന്ത്രവും നിര്‍ഭയവുമായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടിങ്. വൈകുന്നേരം ആറിന് ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ അനുവദിക്കും. ജില്ലയില്‍ ഒമ്പത് നിയമസഭ മണ്ഡലങ്ങളിലെ 1410 പോളിങ് സ്റ്റേഷനുകളിലായി 14,67,832 വോട്ടര്‍മാരാണുള്ളത്. 23,916 പേര്‍ കന്നി വോട്ടര്‍മാരാണ്. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയോജകമണ്ഡലങ്ങള്‍ കോട്ടയം ലോക്സഭ മണ്ഡലത്തിലും ചങ്ങനാശേരി മാവേലിക്കര മണ്ഡലത്തിലും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ട മണ്ഡലത്തിലുമാണ്. പാലാ-1,72,736, കടുത്തുരുത്തി-1,75715, വൈക്കം-1,55,301, ഏറ്റുമാനൂര്‍-1,54,074, കോട്ടയം-1,52,314, പുതുപ്പള്ളി-1,61,551, ചങ്ങനാശേരി-1,56,292, കാഞ്ഞിരപ്പള്ളി-1,67,492, പൂഞ്ഞാര്‍-1,72,357 എന്നിങ്ങനെയാണ് വിവിധ നിയോജക മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം. കോട്ടയം ലോക്സഭ മണ്ഡലത്തില്‍പ്പെടുന്ന എറണാകുളം ജില്ലയിലെ പിറവം നിയമസഭ മണ്ഡലത്തില്‍ 1,87,326 വോട്ടര്‍മാരുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കടുത്തുരുത്തി മണ്ഡലത്തിലെ കീഴൂര്‍ ഗവ. എല്‍.പി സ്കൂളിലെ 14ാം നമ്പര്‍ ബൂത്തിലാണ്- 1559 പേര്‍.ഏറ്റവും കുറവ് പാലാ തലനാട് പഞ്ചായത്തിലെ ആറ്റിക്കളം വൃദ്ധസദനത്തിലെ 61ാം നമ്പര്‍ ബൂത്തിലും- 236 വോട്ടര്‍മാര്‍.ജില്ലയില്‍ 6467 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രിസൈഡിങ് ഓഫിസര്‍, ഒന്നാം പോളിങ് ഓഫിസര്‍, രണ്ടാം പോളിങ് ഓഫിസര്‍ ചുമതലകളില്‍ 1583 പേര്‍ വീതമാണുള്ളത്. |
സുരക്ഷക്ക് വന്‍ സന്നാഹം Posted: 09 Apr 2014 10:24 PM PDT തൃശൂര്‍: തെരഞ്ഞെടുപ്പിനായി കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയത്. പൊലീസിനെയും കേന്ദ്രസേനയെയും എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളെയും വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചു. ജില്ലയില്‍ 4418 ഉദ്യോഗസ്ഥ രെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. സേനാംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ജില്ലയിലെ 2016 പോളിങ് ബൂത്തുകളില്‍ നിയോഗിച്ചു. തീരദേശത്തെ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു. സുരക്ഷാസേന ബുധനാഴ്ച വൈകീട്ടോടെ പ്രദേശങ്ങളിലെത്തി ചുമതലയേറ്റു. പോളിങ് കഴിഞ്ഞ് വോട്ടിങ് യന്ത്രങ്ങളും മറ്റും സ്ട്രോങ് റൂമില്‍ എത്തിക്കുന്നതുവരെ കനത്ത സുരക്ഷ ഉണ്ടാകും. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, ജില്ലാ പൊലീസ് മേധാവി (റൂറല്‍) എന്‍. വിജയകുമാര്‍ എന്നിവര്‍ക്ക് കീഴില്‍ ഡിവൈ.എസ്.പി-അസി. കമീഷണര്‍മാര്‍, 31 സി.ഐമാര്‍, 265 എസ്.ഐമാര്‍, 2676 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 913 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ സായുധ പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 161 പേരെയും 351 കേന്ദ്ര പൊലീസ് സേനാംഗങ്ങളെയും സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. 28 സ്റ്റേഷന്‍ പരിധിയിലാണ് ജില്ലയിലെ പ്രധാന പ്രശ്നബാധിത ബൂത്തുകളുള്ളത്. 98 നിരീക്ഷണ ബൂത്തുകളുമുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ നിരീക്ഷണ കാമറാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പഞ്ചായത്തിലെ നാല് പോളിങ് ബൂത്തുകളില്‍ ബി.എസ്.എഫ് സൈനികരെ കാവല്‍ നിര്‍ത്തി. എച്ചിപ്പാറ, കന്നാറ്റുപ്പാടം, പുതുക്കാട് എസ്റ്റേറ്റ്, കുണ്ടായി എന്നീ ബൂത്തുകളിലാണ് നാലുവീതം സൈനികരെ കാവല്‍ നിര്‍ത്തിയത്. |
സര്‍വം സജ്ജം; ഇനി വിധിക്കാം Posted: 09 Apr 2014 10:12 PM PDT കൊച്ചി: സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പിനുള്ള എല്ലാസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എം.ജി. രാജമാണിക്യം. കരുത്തുറ്റ ജനാധിപത്യത്തിന് വോട്ടവകാശം വിനിയോഗിക്കുക എന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ ആഹ്വാനമനുസരിച്ച് ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരും നേരത്തേതന്നെ പോളിങ് ബൂത്തുകളിലെത്തി ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ ഇടവേളകളില്ലാതെ 11 മണിക്കൂറാണ് വോട്ടു ചെയ്യാനുള്ള സമയം. വോട്ടു ചെയ്യാനെത്തുന്നവര്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് ഹാജരാക്കേണ്ടത്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാവൂ. വോട്ടര്‍ കാര്‍ഡ് ഇല്ലാതെ ബൂത്തിലെത്തുന്ന സമ്മതിദായകര്‍ മറ്റു അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ടുചെയ്യുന്നതിനായി പ്രിസൈഡിങ് ഓഫിസര്‍ക്ക് സത്യവാങ്മൂലം നല്‍കണം. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ ഹെല്‍പ് ഡെസ്ക്കില്‍ ഇതിനുള്ള ഫോറം ലഭിക്കും. ഇതില്‍ അപേക്ഷകന്‍െറ വിരലടയാളവും കൈയൊപ്പും നിര്‍ബന്ധമാണ്. പ്രിസൈഡിങ് ഓഫിസര്‍ക്ക് മുന്നിലാണ് കൈയൊപ്പും വിരലടയാളവും രേഖപ്പെടുത്തേണ്ടത്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തതിനു കാരണം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണം. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്കിന്‍െറയോ (സഹ.ബാങ്കിന്‍െറ ഒഴികെ) പോസ്റ്റ് ഓഫിസിന്‍െറയോ ഫോട്ടോ പതിച്ച പാസ്ബുക്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പദ്ധതിയില്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ തൊഴില്‍ കാര്‍ഡ്, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍െറ പദ്ധതിപ്രകാരം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, തെരഞ്ഞെടുപ്പ് കമീഷന്‍ വിതരണം ചെയ്യുന്ന അംഗീകൃത ഫോട്ടോ വോട്ടര്‍ സ്ളിപ് എന്നിവയാണ് കമീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകള്‍. ജില്ലയില്‍ തെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ജീവനക്കാര്‍ അതത് പോളിങ് ബൂത്തുകളിലെത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ വിതരണകേന്ദ്രങ്ങളില്‍ ജീവനക്കാര്‍ എത്തിത്തുടങ്ങിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഉച്ചയോടെ എല്ലാവിതരണ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യമായ സാധനങ്ങള്‍ കൈപ്പറ്റി ജീവനക്കാര്‍ അവര്‍ക്ക് നിശ്ചയിച്ച ബൂത്തുകളിലേക്ക് യാത്രയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എം.ജി. രാജമാണിക്യം എറണാകുളം മഹാരാജാസിലും ഗവ.ഗേള്‍സ് യു.പി സ്കൂളിലും ഒരുക്കിയിരുന്ന വിതരണകേന്ദ്രങ്ങളില്‍ എത്തി പരിശോധന നടത്തി. |
No comments:
Post a Comment