സ്വാഗതം
WELCOME

News Update..

Sunday, April 27, 2014

സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് - വെള്ളാപ്പള്ളി Madhyamam News Feeds

സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് - വെള്ളാപ്പള്ളി Madhyamam News Feeds

Link to

സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് - വെള്ളാപ്പള്ളി

Posted: 27 Apr 2014 12:49 AM PDT

Image: 

ആലപ്പുഴ: സംസ്ഥാനത്ത് ഭരണം നടത്തുന്നത് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനാണെന്ന്  എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.പി.സി.സി പ്രസിഡന്‍്റിന്‍്റെ ഭരണം ആശാസ്യമല്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യലഭ്യത കുറയ്ക്കാന്‍ ബീവറേജസ് ഒൗട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബാറുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ജസ്റ്റിസ് രാജേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
 

ദലിത് യുവാവിന് ചിറയിന്‍കീഴ്, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ

Posted: 26 Apr 2014 11:42 PM PDT

നെടുമങ്ങാട്: നെടുമങ്ങാട്, ചിറയിന്‍കീഴ് സ്റ്റേഷനുകളിലെ എസ്.ഐമാര്‍ ചേര്‍ന്ന് വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ദലിത് യുവാവിന് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗിച്ചു. ഗുരുതര പരിക്കുകളോടെ ബന്ധുക്കള്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ഇരിഞ്ചയം ഐക്കരക്കോണം ഗിരിജഭവനില്‍ ഗിരീശനെയാണ് (45) മോഷണക്കുറ്റം ആരോപിച്ച് ചിറയിന്‍കീഴ്, നെടുമങ്ങാട് സ്റ്റേഷനുകളില്‍ വെച്ച് മര്‍ദിച്ച് അവശനാക്കിയത്.
ഗിരീശന്‍െറ ജ്യേഷ്ഠന്‍െറ മകള്‍ തുഷാര താമസിക്കുന്ന ചിറയിന്‍കീഴ് വലിയ ഏലായിലെ വീട്ടില്‍നിന്ന് നാലേമുക്കാല്‍ പവന്‍ സ്വര്‍ണമാല മോഷണംപോയതുസംബന്ധിച്ച് ചിറയിന്‍കീഴ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ ഗിരീശനെ ഇരിഞ്ചയത്തെ വീട് വളഞ്ഞ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. പൊലീസുകാര്‍ക്ക് പുറമെ ഒരുസംഘം ആളുകളും ഗിരീശനെ പിടിച്ചുകൊണ്ടുപോകാന്‍ എത്തിയിരുന്നു. വീട്ടില്‍നിന്ന് പിടിച്ചിറക്കിയതു മുതല്‍ മര്‍ദനം ആരംഭിച്ചു. ചറിയിന്‍കീഴ് സ്റ്റേഷനിലെത്തിച്ച ഗിരീശനെ വിലങ്ങണിയിച്ച് ലോക്കപ്പിലെ ഗേറ്റില്‍ കെട്ടിത്തൂക്കിയായിരുന്നു മര്‍ദനം. ബഞ്ചില്‍ കിടത്തി കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ടടിച്ചുപൊട്ടിക്കുകയും കഴുത്തില്‍ കമ്പുവെച്ചുകെട്ടി തൂക്കിയും മര്‍ദിച്ചു. 21 മണിക്കൂറോളം സ്റ്റേഷനില്‍ വെച്ച് പീഡിപ്പിച്ചശേഷം ബുധനാഴ്ച രാത്രി 10.30ഓടെ ഗിരീശനല്ല സ്വര്‍ണം മോഷ്ടിച്ചതെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ ബന്ധുക്കളോടൊപ്പം ഇയാളെ പൊലീസ് വിട്ടയച്ചു. വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ രക്തം ഛര്‍ദിച്ച് അവശനായ ഗിരീശനെ കന്യാകുളങ്ങര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് ആനാട് ഗവ. ആയുര്‍വേദ ആശുപത്രിയിലേക്ക് മാറ്റിയ ഗിരീശന്‍ ഇവിടെ ചികിത്സയിലാണ്.
തുഷാരയുടെ വീട്ടില്‍ മോഷണം നടന്നെന്നു പറയുന്ന സമയം ഗിരീശന്‍ നെടുമങ്ങാട്ടെ ഒരു വര്‍ക്ഷോപ്പില്‍ ഓട്ടോ പണിയിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോഷണമുതല്‍ കണ്ടെടുക്കാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സ്വര്‍ണം വിലയ്ക്ക് വാങ്ങി നല്‍കാനാണ് ചിറയിന്‍കീഴ് എസ്.ഐ ബന്ധുക്കളോട് പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ തെളിയാത്ത മോഷണക്കേസുകള്‍ മുഴുവന്‍ ഗിരീശന്‍െറ തലയില്‍ കെട്ടിവെക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഗിരീശന്‍െറ ഭാര്യ ആഭ്യന്തരമന്ത്രി, റൂറല്‍ എസ്.പി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 21 മണിക്കൂര്‍ സ്റ്റേഷനില്‍ പലവിധ മര്‍ദനങ്ങള്‍ക്ക് വിയേമാക്കിയശേഷം ഗിരീശനെ കേസൊന്നുമെടുക്കാതെ വിട്ടയച്ചെങ്കിലും അന്നേദിവസം വീട്ടില്‍നിന്ന് നെടുമങ്ങാട് എസ്.ഐ എടുത്തുകൊണ്ടുപോയ ഗിരീശന്‍െറ ബൈക്ക് ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. കൂടാതെ ഗിരീശന്‍െറ വീട്ടില്‍ നിന്ന് ചിറയിന്‍കീഴ് പൊലീസ് കൊണ്ടുപോയ ഗിരീശന്‍െറ ഷര്‍ട്ട്, പഴയ ചെരുപ്പ്, മുണ്ട് എന്നിവയും തിരികെ നല്‍കിയിട്ടില്ല.

നഗരത്തെ ശ്വാസംമുട്ടിച്ച് അനധികൃത പാര്‍ക്കിങ്

Posted: 26 Apr 2014 11:38 PM PDT

തൃശൂര്‍: നഗരത്തിലെ റോഡുകളിലെ വെട്ടിപ്പൊളിക്കു പുറമെ അനധികൃത പാര്‍ക്കിങ്ങും ഗതാഗതത്തെ ശ്വാസംമുട്ടിക്കുന്നു. പൂരപ്പന്തലുകളുടെ പണി ഊര്‍ജിതമാകുന്നതോടെ നഗരത്തിലെ ഗതാഗതം ക്ളേശകരമാകും. മൂന്നുവരിയുള്ള സ്വരാജ് റൗണ്ടില്‍ രാവിലെയും വൈകീട്ടും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ലൈന്‍ട്രാഫിക്കും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാണ് ഒരു പരിധിവരെ ഗതാഗതം മുന്നോട്ടുപോകുന്നത്. റൗണ്ടില്‍ കുറുപ്പം റോഡ് ജങ്ഷനില്‍ പന്തലിന്‍െറ നിര്‍മാണം ആരംഭിച്ചതോടെ രാഗം തിയറ്റര്‍ മുതല്‍ ഗതാഗതക്കുരുക്കാണ്. നായ്ക്കനാലിലും നടുവിലാലിലും പന്തല്‍ പണി ആരംഭിക്കുന്നതോടെ കുരുക്ക് വര്‍ധിക്കും. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ അധികവും ഇനി നഗരത്തിലെ ഇടറോഡുകളെയാകും ആശ്രയിക്കുക. ഷൊര്‍ണൂര്‍ റോഡ്, എം.ജി റോഡ്, എം.ഒ റോഡ്, പാലസ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലും ഈ റോഡുകളില്‍ നിന്നുള്ള ഇടവഴികളിലും അനധികൃത പാര്‍ക്കിങ്ങിന് പരിശോധന ഉണ്ടാകാറില്ല.
താരതമ്യേന തിരക്കു കുറഞ്ഞ പാലസ് റോഡില്‍ കേബ്ള്‍ ഇടാന്‍ കുഴിയെടുത്തതോടെ ഗതാഗതക്കുരുക്ക് വര്‍ധിച്ചു. കാറുകളും മറ്റു വാഹനങ്ങളും റോഡിലേക്ക് ഇറക്കി പാര്‍ക്ക് ചെയ്തതോടെ ഗതാഗതക്കുരുക്ക് വര്‍ധിച്ചിരിക്കുകയാണ്. ഷൊര്‍ണൂര്‍ റോഡിലും സ്ഥിതി വ്യത്യസ്തമല്ല. കടകളിലേക്കും മറ്റും എത്തുന്നവര്‍ റോഡിലേക്ക് ഇറക്കിയാണ് വാഹനങ്ങള്‍ നിര്‍ത്തുന്നത്. ഷൊര്‍ണൂര്‍ റോഡില്‍ നിന്നും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ തിരിഞ്ഞു പോകാനുള്ള റോഡുകളെല്ലാം കുത്തിപ്പൊളിച്ചിരിക്കുകയാണ്. ഇവയുടെ റീടാറിങ് നടന്നുവരുന്നേയുള്ളൂ. ഷൊര്‍ണൂര്‍ റോഡ് പാട്ടുരായ്ക്കല്‍ ജങ്ഷന്‍ എത്തുന്നതുവരെയും തിരക്കുതന്നെയാണ്. പന്തല്‍ പണി തുടങ്ങിയതോടെ കുറുപ്പം റോഡും ഗതാഗതക്കുരുക്കിലാണ്. അനധികൃത പാര്‍ക്കിങ്ങുകള്‍ മാറ്റി റൗണ്ടില്‍ പ്രവേശിക്കാതെ സ്റ്റാന്‍ഡുകളിലെത്താനുള്ള റോഡുകള്‍ ഒരുക്കി കൊടുത്തില്ലെങ്കില്‍ പൂരത്തിരക്കില്‍ നഗരം ഗതാഗതക്കുരുക്കിലമരുന്ന സ്ഥിതിയാകും. സര്‍വീസ് ബസുകള്‍ക്ക് പരമാവധി സഞ്ചരിക്കാന്‍ സൗകര്യം ഒരുക്കി കാറുകളും മറ്റു ചെറുവാഹനങ്ങള്‍ക്കും താല്‍ക്കാലിക പാര്‍ക്കിങ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. കോര്‍പറേഷന്‍െറ പേ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല.
ട്രാഫിക് പൊലീസ് ഇതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആവശ്യം. പന്തല്‍പണി തുടങ്ങിയതോടെ ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ രണ്ട് പൊലീസിനെ നിയമിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടുമുണ്ടാകുന്ന തിരക്ക് നിയന്ത്രണാതീതമാണ്. തിരക്കുള്ള സമയങ്ങളില്‍ അപകടമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് സ്വരാജ് റൗണ്ടില്‍ ബൈക്കില്‍ ബസ് തട്ടി സ്ത്രി മരിച്ചത്.

അനധികൃത മണ്ണ് ഖനനം; കന്നിമലയില്‍ ദുരന്തം പതിയിരിക്കുന്നു

Posted: 26 Apr 2014 11:32 PM PDT

അടൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കടമ്പനാട് പഞ്ചായത്തിന്‍െറ അതിരുകാക്കുന്ന കന്നിമലയില്‍ റവന്യൂജിയോളജി വകുപ്പിന്‍െറ മൗനാനുവാദത്തോടെ മണ്ണെടുപ്പ് വീണ്ടും സജീവമായി.
ദിനംപ്രതി നൂറു കണക്കിന് ലോഡ് മണ്ണാണ് കന്നിമല കുന്നുകള്‍ ഇടിച്ചുതകര്‍ത്ത് ടിപ്പറുകളില്‍ കഴുത്തുംമൂട്, ബദാംമുക്ക് വഴി കടത്തിക്കൊണ്ടു പോകുന്നത്. കന്നിമല ക്വാറിയോട് ചേര്‍ന്നുകിടക്കുന്ന സര്‍വേ നമ്പര്‍ 93/1,93/7 എന്നീ വസ്തുക്കളില്‍നിന്ന് അനധികൃതമായി മണ്ണെടുത്തുമാറ്റുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത് എത്തിയതോടെ ഉടമയും തൊഴിലാളികളും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുകയാണ് ഇവിടെ.
ഏനാത്തെ എസ്.ഐ അവധിയില്‍ പ്രവേശിച്ചതിനാല്‍ രാപകല്‍ വ്യത്യാസമില്ലാതെ തകൃതിയിലാണ് ഖനനമെന്ന് പരിസരവാസികള്‍ ആരോപിച്ചു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഷാഡോ പൊലീസ് കഴിഞ്ഞദിവസം ബദാംമുക്കില്‍ മണ്ണുമായി വന്ന ടിപ്പര്‍ പിടികൂടിയിരുന്നു.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നിടയില്‍ മാസങ്ങള്‍ക്കുമുമ്പ് ഉണ്ടായ അപകടത്തിനും മണ്ണടി ഇഷ്ടികച്ചൂള ദുരന്തത്തിനും സമാനമായ രീതിയിലാണ് കന്നിമലയില്‍ പാറതെളിക്കുന്നതിനുവേണ്ടി എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് കുന്നുകള്‍ തുരക്കുന്നത്.
പാറഖനനത്തിന് അനുവദിച്ചിരിക്കുന്ന 24 സെന്‍റ് വസ്തുവിന്‍െറ പതിന്‍മടങ്ങ് സ്ഥലത്തേക്കും സര്‍ക്കാര്‍ വക ഭൂമിയിലേക്കും ഖനനം വ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. അടിയന്തരമായി ജില്ലാഭരണകൂടം ഇടപെട്ട് തടയണമെന്ന് കന്നിമല ക്വാറിക്ക് അനുവദിക്കപ്പെട്ട സ്ഥലം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ അളന്ന് തിട്ടപ്പെടുത്തണമെന്ന് പശ്ചിമഘട്ടസംരക്ഷണ ഏകോപന സമിതി കണ്‍വീനര്‍ എം. ജി. സന്തോഷ്കുമാറും കന്നിമല ക്വാറിവിരുദ്ധ സംയുക്ത സമരസമിതി കണ്‍വീനര്‍ പനവിള അലിക്കുട്ടിയും ആവശ്യപ്പെട്ടു.

ഫലം പ്രഖ്യാപിക്കും മുമ്പേ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര്

Posted: 26 Apr 2014 11:22 PM PDT

പീരുമേട്: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് രൂക്ഷമായി. കഴിഞ്ഞ ദിവസം കുമളിയില്‍ നടന്ന ഐ ഗ്രൂപ് യോഗത്തില്‍ എ വിഭാഗത്തിനും ഡി.സി.സി പ്രസിഡന്‍റിനുമെതിരെ വിമര്‍ശം ഉയര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തം എ ഗ്രൂപ്പിനാണെന്നും ആരോപണം ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടായ വീഴ്ചകളെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്‍റിന് പരാതി നല്‍കാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുത്ത പൊതുയോഗങ്ങളില്‍ ആവേശമുണ്ടായെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അതുണ്ടായില്ല. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും എത്തി പ്രചാരണം കൊഴുപ്പിക്കുമ്പോഴും അടിത്തട്ടില്‍ ഗ്രൂപ്പുകള്‍ തമ്മിലെ വൈരം നിലനിന്നിരുന്നു. ഐ വിഭാഗക്കാരനായ ജോയ്സ് ജോര്‍ജിന് ഐ വിഭാഗത്തിന്‍െറ വോട്ടുകള്‍ ചോര്‍ന്നതായി എ വിഭാഗവും പ്രചാരണത്തിലെ പാളിച്ചമൂലം എ വിഭാഗം തോല്‍വി വിളിച്ചുവരുത്തുകയാണെന്ന് ഐ വിഭാഗവും ആരോപിക്കുന്നു. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്കും വഴിയൊരുക്കുമെന്നാണ് സൂചന.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പല മേഖലകളിലും പ്രചാരണം ശക്തമായിരുന്നില്ല. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ ചുഴുപ്പില്‍ ബൂത്ത് സ്ഥാപിക്കാനും പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന്‍െറ കോട്ടയായ പീരുമേട്ടില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.എം. ആഗസ്തി പരാജയപ്പെട്ടപ്പോള്‍ എ ഗ്രൂപ്പുകാര്‍ കാലുമാറിയെന്ന് വിമര്‍ശമുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്‍റിന് സീറ്റ് ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ നിസ്സംഗനായിരുന്നെന്നും ഇത് പ്രചാരണത്തെ ബാധിച്ചെന്നും ഐ വിഭാഗം ആരോപിച്ചു. എ വിഭാഗത്തിന് സ്വാധീനമുള്ള ഏലപ്പാറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളില്‍ സി.പി.ഐയിലെ ഇ.എസ്. ബിജിമോള്‍ വന്‍ഭൂരിപക്ഷമാണ് നേടിയത്.
ആഗസ്തിയുടെ പരാജയത്തിലൂടെ 2016ലെ തെരഞ്ഞെടുപ്പില്‍ പീരുമേട് സീറ്റ് സ്വന്തമാക്കാനും എ വിഭാഗം നേതാവ് ശ്രമിക്കുന്നതായാണ് വിവരം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ആര്‍.എം ലോധ ചുമതലയേല്‍ക്കും

Posted: 26 Apr 2014 11:21 PM PDT

Image: 

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ആര്‍.എം ലോധ ഇന്ന് ചുമതലയേല്‍ക്കും. രാജ്യത്തെ 41ാമത്തെ ചീഫ് ജസ്റ്റിസ് ആണ് 64കാരനായ ലോധ. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് സദാ ശിവത്തിനുശേഷം സുപ്രീംകോടതിയിലെ ഏറ്റവും മുതര്‍ന്ന ജഡ്ജി ആണ് ആര്‍.എം ലോധ. സെപ്തംബര്‍ 27ന് ഒൗദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ഇദ്ദേഹത്തിന്  അഞ്ചു മാസം മാത്രമായിരിക്കും ചീഫ് ജസ്റ്റിസ് പദവയില്‍ ഇരിക്കാനാവുക.
നിരവധി സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്ത ലോധ സി.ബി.ഐ അന്വേഷിക്കുന്ന കല്‍ക്കരിപ്പാടം അഴിമതി പരിഗണിക്കുന്ന ബെഞ്ചിന്‍റെ മേധാവിയാണ്. ആസിഡ് ആക്രമണത്തിന്‍റെ ഇരകള്‍ക്കനുകൂലമായ വിധി, സൈനികര്‍ക്ക് സേവനത്തില്‍ ഏര്‍പെട്ടിടത്ത് വോട്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കല്‍ തുടങ്ങി ഇദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകള്‍ നിരവധി.
മുന്‍ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ ഗാംഗുലിക്കെതിരായ ലൈംഗിക പീഡനകേസ് പരിശോധിച്ച പാനലിന്‍റെ മേധാവി ആയിരുന്നു ആര്‍.എം ലോധ. പ്രായം തിരുത്തലുമായി ബന്ധപ്പെട്ട കേസില്‍ ജനറല്‍ വി.കെ സിങ്ങിന്‍റെ അപേക്ഷ തള്ളിയതും ലോധയായിരുന്നു.

 

പകര്‍ച്ച വ്യാധികളുടെ നിയന്ത്രണത്തിന് ദ്രുതകര്‍മസേന

Posted: 26 Apr 2014 11:19 PM PDT

ചങ്ങനാശേരി: മേഖലയില്‍ പകര്‍ച്ച വ്യാധികളുടെ നിയന്ത്രണത്തിന് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ദ്രുതകര്‍മസേന രൂപവത്കരിക്കും. ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പനിവാര്‍ഡ് തുറക്കാനും തീരുമാനമായി. ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കുന്നതിന്‍െറ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. നഗരസഭാധ്യക്ഷ സ്മിതാജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദുകുമാരി മുഖ്യപ്രഭാഷണം നടത്തി. കൊതുകുജന്യരോഗങ്ങള്‍ പടരാന്‍ ഇടയാകത്തക്കവിധം കൊതുകിന് വളരാന്‍ സാഹചര്യം ഒരുക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
മാലിന്യം ഉറവിടങ്ങളില്‍തന്നെ നശിപ്പിക്കണമെന്നും കുടിവെള്ളസംഭരണികള്‍, വല ഉപയോഗിച്ച് ശരിയായവിധം കൊതുകു കടക്കാത്തവിധം അടച്ചുസൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എം.എച്ച്. ഹനീഫ, ഗീതാ അജി, സന്ധ്യാമനോജ്്, ഡോ. ബിന്ദുവിശ്വനാഥ്, മധുരാജ്്, ലീലാമ്മദേവസ്യ, ജീമോള്‍ ജോര്‍ജ്, മോളമ്മ സെബാസ്റ്റ്യന്‍, ജില്ലാമലേറിയ ഓഫിസര്‍ വി. രാജശേഖരന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ടി. സി. ബാബുരാജ്, ഇ.കെ. ഗോപാലന്‍, ജയപ്രകാശ്, ടി. ഗീതാകുമാരി, ഡോ. പി.എസ്. സാമുവല്‍, പി.സി. രാമചന്ദ്രന്‍, കെ.പി. ജയകുമാര്‍, ജയിംസുകുട്ടി തോമസ്, കെ.എം. സൈനുദ്ദീന്‍, സോമസുന്ദരം, നിതിന്‍ എസ് ബാബു, ഇ. വി. സുമംഗല എന്നിവര്‍ സംസാരിച്ചു.

പുനരധിവാസ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കില്ല

Posted: 26 Apr 2014 11:08 PM PDT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പുനരധിവാസ ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് കിയാല്‍. എന്നാല്‍, ഈ പ്രദേശത്ത് മൂന്നുപേര്‍ക്ക് നല്‍കിയ ഭൂമി ഏറ്റെടുക്കുമെന്നും അവര്‍ക്ക് ഉചിതമായ സ്ഥലത്ത് ഭൂമി വീണ്ടും നല്‍കുമെന്നും കിയാല്‍ പ്രോജക്ട് മാനേജര്‍ അജയ കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. വീടുകളോട് ചേര്‍ന്ന് പുതുതായി മാര്‍ക്ക് ചെയ്ത അടയാളങ്ങള്‍ 'മാധ്യമം' വാര്‍ത്തയെ തുടര്‍ന്ന് അധികൃതര്‍ നീക്കം ചെയ്തു. പുതുതായി ഏറ്റെടുക്കുന്ന മൂന്ന് പ്ളോട്ടുകളില്‍ നിര്‍മാണം പുരോഗമിക്കുന്ന ഒരു വീടും ഉണ്ട്. പുനരധിവാസ ഭൂമിയിലെ ഈ വീടു നിര്‍മാണം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ അറിയിച്ചതായി കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി ദേശത്തുനിന്ന് കുടിയൊഴിപ്പിച്ച്, കല്ലേരിക്കര വയലാട്ടില്‍ പ്രദേശത്ത് നിര്‍മാണം പുരോഗമിക്കുന്ന നിര്‍മല എന്ന സ്ത്രീയുടെ വീടുപണി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വീടും പുനരധിവാസത്തിനു നല്‍കിയ തൊട്ടടുത്ത രണ്ട് പ്ളോട്ടുകളുമാണ് വീണ്ടും ഏറ്റെടുക്കുന്നത്. കല്ലേരിക്കര മടപ്പുരയില്‍ നിന്ന് കൊതേരിക്ക് പോകുന്ന റോഡിന്‍െറ ഇടതു വശത്തെ റണ്‍വേയുടെ അവസാന ഭാഗത്തിനു തൊട്ടാണ് വീണ്ടും ഏറ്റെടുക്കുന്ന വീടും പ്ളോട്ടുകളും. റോഡിന്‍െറ വലതുവശത്ത് 13 വീടുകള്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്. പുനരധിവാസത്തിനായി പതിച്ചു നല്‍കിയ സ്ഥലത്താണ് ഈ വീടുകള്‍. കഴിഞ്ഞ ദിവസം ഈ വീടിനോട് ചേര്‍ന്ന് സ്ഥലം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ അധികൃതര്‍ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ള അടയാളങ്ങളാണ് നീക്കിയത്. ഈ സ്ഥലം ഏറ്റെടുക്കില്ലെന്നും സര്‍വേക്ക് മാത്രമാണ് അടയാളങ്ങള്‍ ഇട്ടതെന്നും കിയാല്‍ വ്യക്തമാക്കി.

വേട്ടസംഘങ്ങളുടെ വിളയാട്ടം; വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു

Posted: 26 Apr 2014 11:04 PM PDT

നെല്ലിയാമ്പതി: വനമേഖലയില്‍ വേട്ട സംഘങ്ങള്‍ വ്യാപകമായതോടെ, ഉള്‍ക്കാടുകളില്‍ നിന്ന് അതിര്‍ത്തികളിലേക്ക് വവന്യജീവികള്‍ എത്തിച്ചേരുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു.
നെല്ലിയാമ്പതി മലനിരകളിലാണ് വേട്ടക്കാര്‍ തമ്പടിച്ച് വേട്ട നടത്തുന്നത്. വേട്ടക്കാരുടെ ശല്യം കാരണം കരടി, കടുവ, പുലി, മാന്‍, പന്നി തുടങ്ങിയ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളായ നെല്ലിയാമ്പതി മലയടിവാരത്തേക്കും ആതിരപ്പള്ളി പ്രദേശത്തേക്കുമാണ് ഇറങ്ങുന്നത്.
നെല്ലിയാമ്പതി മലനിരകളില്‍ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ മലയോര കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. അനധികൃതമായി വനത്തില്‍ കടന്ന് മൃഗങ്ങളെ വേട്ടയാടുന്നവര്‍ക്ക് നേരെ നടപടിയെടുക്കാനോ, കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കാനോ വനം വകുപ്പ് അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. നെല്ലിയാമ്പതി വനമേഖലയില്‍പ്പെട്ട അടിപ്പെരണ്ട ഓവുപാറക്ക് സമീപം റബര്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു മാനിനെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രദേശത്ത് വളരെ കാലമായി വേട്ടസംഘങ്ങള്‍ സജീവമാണെന്ന സൂചനയും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അയിലൂര്‍ പാളിയമംഗലം ഭാഗത്ത് ചില വേട്ട സംഘങ്ങളില്‍ നിന്ന് മാനിറച്ചിയും മറ്റും പിടിച്ചെടുത്ത വനം അധികൃതര്‍ അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ നാട്ടിന്‍പുറത്ത് മൃഗവേട്ട വ്യാപകമാണെന്ന വിവരമാണ് ലഭിച്ചത്.
നിബിഡ വനങ്ങള്‍ കേന്ദ്രീകരിച്ചാണ് വേട്ടക്കാര്‍ തമ്പടിക്കുന്നത്. ഇറച്ചിക്കും തോലിനും വേണ്ടി മാനിനേയും പുലിയേയും വേട്ടയാടുന്ന സംഘങ്ങള്‍ അന്യ ജില്ലകളിലേക്ക് ഇവ കടത്തുന്നതായും വിവരമുണ്ട്. നെല്ലിയാമ്പതിയിലെ വനമേഖലയില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തുന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസുകളിലാണ് ഇറച്ചി കടത്തുന്നത്. വനാതിര്‍ത്തിയില്‍ കഴിയുന്നവരുടെ സഹായവും ഇവര്‍ക്ക് ലഭിക്കാറുണ്ടെന്ന് വനം വകുപ്പധികൃതര്‍ പറയുന്നു.

കോട്ടക്കുന്നിനെ വികസിപ്പിക്കുന്നു

Posted: 26 Apr 2014 10:58 PM PDT

മലപ്പുറം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോട്ടക്കുന്നിന്‍െറ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറായി. ഇതുസംബന്ധിച്ച് ശനിയാഴ്ച രാവിലെ മലപ്പുറം ഗവ. ഗെസ്റ്റ്ഹൗസില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മാസ്റ്റര്‍ പ്ളാന്‍ അവതരണവും ചര്‍ച്ചയും നടന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് ഏകദേശം 150 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്റ്റുകളില്‍ നിന്ന് ഇന്‍റര്‍വ്യൂ നടത്തിയാണ് ചെന്നൈ ആസ്ഥാനമായുള്ള ദാരാഷ്വാ എന്ന സ്വകാര്യകമ്പനിയെ പ്ളാന്‍ തയാറാക്കുന്നതിനായി ഏല്‍പിച്ചത്. കര്‍ണാടക, ഗോവ, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടൂറിസം പദ്ധതികള്‍ ഈ കമ്പനി നേരത്തെ ഏറ്റെടുത്തിരുന്നു. തീര്‍ത്തും പരിസ്ഥിതി സൗഹൃദ ടൂറിസമാണ് ലക്ഷ്യമിടുന്നതെന്നും നിര്‍ദിഷ്ട പദ്ധതി സംബന്ധിച്ച് വിദഗ്ധരുമായുള്ള വിശദ ചര്‍ച്ചക്കും വിശകലനങ്ങള്‍ക്കും ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്ക് സര്‍ക്കാരില്‍ നിന്ന് സഹായമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത 25 വര്‍ഷത്തെ വികസനം കണക്കാക്കിയാണ് മാസ്റ്റര്‍ പ്ളാന്‍ രൂപകല്‍പന ചെയ്യുന്നത്. നിലവില്‍ കോട്ടക്കുന്നിലുള്ള സൗകര്യങ്ങളെ നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്ത് പുതിയ പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം. ജില്ലയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരു ദിവസം മുഴുവന്‍ കോട്ടക്കുന്നില്‍ ചെലവഴിക്കാനാകുംവിധം വിവിധ വിനോദസൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി 38 ഏക്കര്‍ ഭൂമിയില്‍ വിശാലമായി കിടക്കുന്ന കോട്ടക്കുന്നിനെ അഡ്വഞ്ചര്‍ സോണ്‍, ചില്‍ഡ്രന്‍സ് സോണ്‍, ഫ്രാഗ്രന്‍സ് സോണ്‍, ഫുഡ്പാര്‍ക്ക്, അക്വാ സോണ്‍, ആക്ടിവിറ്റി സോണ്‍, മ്യൂസിക് ഫൗണ്ടന്‍, കേബിള്‍ കാര്‍, സൈക്ളിങ്ങ് തുടങ്ങി വിവിധ മേഖലകളാക്കി തിരിക്കും. ഇതിനു പുറമെ മികച്ച സൗകര്യങ്ങളോടു കൂടിയ കോണ്‍ഫറന്‍സ് ഹാളും വിശാലമായ കുളവും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അടക്കം ഓപണ്‍ എയര്‍ തിയേറ്ററും പദ്ധതിയിലുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസിന് പുറമെ വിവിധ വിനോദങ്ങള്‍ക്ക് പ്രത്യകം ഫീസ് ആണ് പ്ളാന്‍ നിര്‍ദേശത്തിലുള്ളത്.
മാസ്റ്റര്‍ പ്ളാന്‍ അവതരണയോഗത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, ഡി.ടി.പി.സി സെക്രട്ടറി ഉമ്മര്‍കോയ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. ഗിരിജ, വീക്ഷണം മുഹമ്മദ്, മുന്‍ കലക്ടര്‍ ബാലകൃഷ്ണന്‍, എം.കെ. മുഹസിന്‍, എ.കെ.എ. നസീര്‍, വി. മധുസൂദനന്‍, സി. സുകുമാരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കോട്ടക്കുന്ന് കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP