സ്വാഗതം
WELCOME

News Update..

Thursday, April 24, 2014

ബാര്‍ ലൈസന്‍സ്: വാര്‍ത്തകള്‍ തെറ്റെന്ന് വി.എം സുധീരന്‍ Madhyamam News Feeds

ബാര്‍ ലൈസന്‍സ്: വാര്‍ത്തകള്‍ തെറ്റെന്ന് വി.എം സുധീരന്‍ Madhyamam News Feeds

Link to

ബാര്‍ ലൈസന്‍സ്: വാര്‍ത്തകള്‍ തെറ്റെന്ന് വി.എം സുധീരന്‍

Posted: 24 Apr 2014 12:53 AM PDT

Image: 

തിരുവനന്തപുരം: ബാര്‍ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച് പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍.                
സര്‍ക്കാര്‍ -പാര്‍ട്ടി  ഏകോപന സമിതിയില്‍ എല്ലാവരും തന്നെ എതിര്‍ത്തുവെന്ന വാര്‍ത്തയും ശരിയല്ല . മദ്യ ഉപഭോഗവും ലഭ്യതയും കുറയ്ക്കണമെന്ന പാര്‍ട്ടിനയം മാത്രമാണ് തനിക്കുള്ളത്. കെ.പി.സി.സി നിര്‍വാഹകസമിതിയുടെ വികാരമാണ് ഏകോപനസമിതിയില്‍ അവതരിപ്പിച്ചതെന്നും സുധീരന്‍ പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ബാര്‍ ലൈസന്‍സ് : സുധീരന്‍െറ നിലപാട് കടുപിടുത്തമെന്ന് കരുതാനാകില്ല -ചെന്നിത്തല

Posted: 24 Apr 2014 12:26 AM PDT

Image: 

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍്റെ നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാകില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 29 ലെ യു.ഡി.എഫ് യോഗത്തിനു മുമ്പ് ബാര്‍ ലൈസന്‍സുമായി വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഒരു പ്രശ്നത്തിറെ എല്ലാവശങ്ങളും ചര്‍ച്ച ചെയ്യുന്നത്  സാധാരണമാണ്.  ഭിന്നാഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണെന്നും  ബാര്‍ ലൈസസ് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഹമാസിന്‍റെയും ഫതഹിന്‍റെയും ഒന്നിക്കലില്‍ യു.എസിന് അതൃപ്തി

Posted: 24 Apr 2014 12:25 AM PDT

Image: 

ഗസ്സ: ഫലസ്തീനില്‍ ഹമാസും ഫതഹും ഒന്നിച്ചു മുന്നോട്ടുപോവാനുള്ള തീരുമാനത്തില്‍ യു.എസിന് കടുത്ത അതൃപ്തി. ഈ നീക്കം തങ്ങളെ നിരാശരാക്കുന്നതായും മേഖലയിലെ സമാധാന ശ്രമങ്ങളെ ഇത് ഗുരുതരമായ പരിക്കേല്‍പിക്കുമെന്നും യു.എസ് പ്രതികരിച്ചു. ഫലസ്തീനിന്‍റെ ഭാവി തന്നെ മാറ്റിയെഴുതുന്ന തരത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള കരാരില്‍ ഹമാസും ഫതഹും കഴിഞ്ഞ ദിവസം  എത്തിച്ചേര്‍ന്നിരുന്നു. ഗസ്സയില്‍ ചേര്‍ന്ന ഫലസ്തീന്‍ നേതാക്കളുടെ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം. ഏഴുവര്‍ഷം നീണ്ട ആഭ്യന്തര ഭിന്നതകള്‍ക്ക് അന്തിമ വിരാമമിട്ടാണ്  ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍റെ കുടക്കീഴില്‍ ഈ ഗ്രൂപുകളുടെ ഒരുമിക്കല്‍. അടുത്ത അഞ്ചു ആഴ്ചകള്‍ക്കുള്ളില്‍ ഇരുഗ്രൂപുകളും സംയുക്തമായുള്ള പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇവര്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍,സമധാന ശ്രമങ്ങളെ തകര്‍ക്കുമെന്ന് പറഞ്ഞ് ഈ നീക്കത്തെ എതിര്‍ക്കുകയാണ് യു.എസ്. ഇത് തങ്ങളുടെ ശ്രമങ്ങളെ മാത്രമല്ല, മേഖലയില്‍ അനുരഞ്ജന ശ്രമങ്ങളില്‍ ഏര്‍പെട്ട എല്ലാ പാര്‍ട്ടികളെയും ബാധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യു.എസ് വക്താവ് ജെന്‍ സാക്കി പറഞ്ഞു.  
ഇസ്രായേലിനും ഫലസ്തീനുമിടയില്‍ യു.എസിന്‍റെ മധ്യസ്ഥതയില്‍ നടത്തിവരുന്ന നയതന്ത്ര ചര്‍ച്ചകള്‍ വരുന്ന 29 ാം തിയതി അവസാനിക്കാനിരിക്കെ ഫലസ്തീനിന്‍റെ ഈ അപ്രതീക്ഷിത നീക്കം യു.എസിന് തിരിച്ചടിയായിരിക്കുകയാണ്. ഒന്നിക്കലിനെതിരെ ഇസ്രായേലും രംഗത്തുവന്നു. തങ്ങളുടെ പ്രതിഷേധം ഫലസ്തീനെ അറിയിച്ച ഇസ്രായേല്‍, ബുധനാഴ്ച യോഗം ചേരുകയും ചെയ്തു. ഹമാസിനെ തീവ്രവാദ സംഘടനയുടെ പട്ടികയില്‍ ആണ് ഇസ്രായേല്‍പെടുത്തിയിരിക്കുന്നത്. ഹമാസുമായാണോ, ഇസ്രായേലുമായാണോ സമാധാനമാഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടു.
2007ല്‍ ഹമാസ് ഗസ്സയില്‍ അധികാരത്തിലേറിയതു മുതല്‍ ആണ് ഫതഹും ഹമാസും തമ്മിലുള്ള ഭിന്നത പ്രകടമായത്. എന്നാല്‍, വെസ്റ്റ് ബാങ്കില്‍ അബ്ബാസ് വന്നതിനുശേഷം ഇരു ഗ്രൂപകുളും ഭരണത്തില്‍ ഒന്നിക്കുന്നതിനുള്ള നിരവധി കരാറുകള്‍ കൊണ്ടുവന്നെങ്കിലും ഒടുവില്‍ വിജയത്തില്‍ എത്തുകയായിരുന്നു.

ചുഴലിക്കാറ്റും വേനല്‍മഴയും വിതച്ചത് വ്യാപക നാശം

Posted: 24 Apr 2014 12:20 AM PDT

കരുനാഗപ്പള്ളി: കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും വന്‍ നാശം.
വൈദ്യുതിബന്ധം മുറിഞ്ഞതോടെ പല പ്രദേശങ്ങളും ഇരുട്ടിലാണ്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഇരുനൂറില്‍പരം വീടുകള്‍ തകര്‍ന്നു. നാശനഷ്ടം റവന്യൂ അധികൃതര്‍ ഇനിയും പൂര്‍ണമായി കണക്കാക്കിയിട്ടില്ല. വില്ലേജോഫിസര്‍മാര്‍ കണക്കെടുത്തുതുടങ്ങിയിട്ടുണ്ട്.നാശനഷ്ടം സംബന്ധിച്ച് നിരവധി അപേക്ഷകളാണ് വില്ലേജോഫിസുകളിലെത്തുന്നത്. കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ളാപ്പന പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.ഓച്ചിറ, ക്ളാപ്പന, കുലശേഖരപുരം, ആദിനാട്, തഴവ എന്നീ പ്രദേശങ്ങളില്‍ മരം വീണും കാറ്റില്‍ വൈദ്യുതിപോസ്റ്റുകള്‍ ഒടിഞ്ഞുവീണും തകരാറിലായ വൈദ്യുതിബന്ധം ബുധനാഴ്ച വൈകിയും പുന$സ്ഥാപിച്ചിട്ടില്ല. വൈദ്യുതി പുന$സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ പൈപ്പ് വെള്ളത്തെയും കുഴല്‍കിണറുകളെയും ആശ്രയിക്കുന്നവര്‍ ബുദ്ധിമുട്ടിലായി. വ്യാഴാഴ്ച വൈകുന്നേരത്തോടെ വൈദ്യുതിബന്ധം പൂര്‍ണമായി പുന$സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ പലയിടത്തും നാട്ടുകാര്‍ വൈദ്യുതിജീവനക്കാരോട് തട്ടിക്കയറിയത് വാക്കേറ്റത്തിനും ഇടയാക്കിയിട്ടുണ്ട്.കുലശേഖരപുരം കോയിക്കമഠത്തില്‍ കബീര്‍, പുത്തന്‍തെരുവ് പനമൂട്ടില്‍ കിഴക്കതില്‍ ഷാജി, തഴവ കുതിരപ്പന്തിയില്‍ സുരേഷ്, നീലികുളം കണ്ണങ്കര പടീറ്റതില്‍ ഫാത്തിമുത്ത്, കുതിരപ്പന്തി മാവോലില്‍ ശശിധരന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കാര്യമായ നാശനഷ്ടമുണ്ടായിട്ടുള്ളത്. ആലപ്പാട് ശ്രായിക്കാട്ട് ശ്രീപശ്ചിമേശ്വരം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നിര്‍മിച്ച കുടിലുകളെല്ലാം നിലംപൊത്തി. കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ളാപ്പന, തൊടിയൂര്‍, കരുനാഗപ്പള്ളി നഗരസഭ, ആലപ്പാട്, ചവറ, പന്മന, വടക്കുംതല, തേവലക്കര തുടങ്ങിയ പ്രദേശങ്ങളിലും വേനല്‍മഴ കനത്ത നാശം വിതച്ചിട്ടുണ്ട്.

മാലിന്യനിക്ഷേപകേന്ദ്രമായി ട്യൂട്ടേഴ്സ് ലെയ്ന്‍

Posted: 24 Apr 2014 12:13 AM PDT

തിരുവനന്തപുരം: മാലിന്യനിക്ഷേപകേന്ദ്രമായി കാല്‍നടയാത്രപോലും ദുസ്സഹമായി ട്യൂട്ടേഴ്സ് ലെയ്ന്‍. നാട്ടുകാര്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങുന്നു.
സെക്രട്ടേറിയറ്റിന് എതിര്‍വശത്ത് ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡില്‍ സെന്‍റ് ജോസഫ് സ്കൂളിന്‍െറ പിന്‍ഭാഗത്തെ മതിലിനോട് ചേര്‍ന്നാണ് മാലിന്യം തള്ളുന്നത്. മാലിന്യംകാരണം ഇരുപതോളം മീറ്റര്‍ഭാഗം ഇരുചക്രവാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കോ സാധ്യമല്ലാത്തവിധം മാറിയിട്ടുണ്ട്. പ്രദേശത്തെ നൂറുകണക്കിന് താമസക്കാര്‍ക്ക് യാത്രചെയ്യാനുള്ള പ്രധാന വഴിയാണിത്. കാറുകള്‍ക്ക് ഇതുവഴി വരാനാകാത്ത സ്ഥിതിയാണ്. നേരത്തേ പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ മാലിന്യം നീക്കി റോഡ് വൃത്തിയാക്കിയിരുന്നു. എന്നാല്‍, പ്രത്യേക ബോര്‍ഡോ സി.സി ടി.വി സംവിധാനമോ സ്ഥാപിക്കാത്തത് വീണ്ടും മാലിന്യം തള്ളാനിടയാക്കുന്നു. പ്രശ്നം രൂക്ഷമായതോടെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ റെസിഡന്‍റ് അസോസിയേഷനുകള്‍.

കാനകള്‍ നന്നാക്കിയില്ല; മഴ വീണാല്‍ നഗരം വെള്ളത്തില്‍

Posted: 23 Apr 2014 11:56 PM PDT

തൃശൂര്‍: പൂരനാളുകളില്‍ മഴ പതിവാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ കണക്കുകൂട്ടല്‍ പ്രകാരം മേയ് മൂന്നാം വാരത്തിനകം ഒന്നിടവിട്ട ദിവസങ്ങളില്‍ മഴയുണ്ടാകും. പൂരം നാളുകളില്‍ മഴ പെയ്താല്‍ വഴികള്‍ പുഴയാകും. ചെറിയ മഴ പെയ്താല്‍ ഇപ്പോള്‍ തന്നെ നഗരം വെള്ളത്തിലാണ്. കാനകളിലെ മണ്ണ് കോരാത്തതും ഇടിഞ്ഞ ഭിത്തികള്‍ കെട്ടാത്തതുമാണ് പ്രശ്നം.
പൂരത്തിന് ഇനി 16 നാള്‍ മാത്രം. പൂരത്തിന് നഗരത്തെ ഒരുക്കേണ്ടത് കോര്‍പറേഷനാണ്. നഗരത്തിലെ കാനകള്‍ മണ്ണും മാലിന്യവും നിറഞ്ഞ് കിടക്കുകയാണ്. പലയിടത്തും സ്ളാബുകള്‍ ദ്രവിച്ചും തകര്‍ന്നും അപകടാവസ്ഥയുണ്ട്. നഗരത്തിലെ വെള്ളം ഒഴുകിച്ചെല്ലുന്ന കോവിലകത്തുംപാടവും അരണാട്ടുകര പാടശേഖരവും പുഴക്കല്‍ പാടവുമെല്ലാം നികത്തി നിര്‍മാണം നടത്തി ഒഴുക്കടച്ചു. സ്വരാജ് റൗണ്ടിലെ നവീകരണമാണ് വെള്ളക്കെട്ടിന് മറ്റൊരു കാരണം.
സ്വരാജ് റൗണ്ടില്‍ പെയ്തിറങ്ങുന്ന വെള്ളമാകെ എത്തുന്നത് ജനറല്‍ ആശുപത്രിക്ക് മുന്നിലെ വളവിലാണ്. ഈ പാത രൂപപ്പെടുത്തിയ കാലത്ത് വെള്ളം പോകാന്‍ മാര്‍ഗം ഒരുക്കിയിരുന്നു. സ്വരാജ് റൗണ്ടിന്‍െറ അടിയിലായി 18ഓളം ടണലുകളുണ്ട്.
ഇവയിലൂടെയെത്തുന്ന വെള്ളം വടക്കേച്ചിറ, പടിഞ്ഞാറേ ചിറ, കിഴക്കേ ചിറ, പള്ളിക്കുളം, വഞ്ചിക്കുളം, അമ്പാടിക്കുളം തുടങ്ങിയ സ്രോതസ്സുകളിലേക്കാണ് എത്തുക. നാല് പതിറ്റാണ്ട് മുമ്പ് നഗരത്തില്‍ കുടിവെള്ളത്തിന് പ്രയാസം നേരിട്ടിരുന്നില്ലെന്ന് വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന ചിറമ്മേല്‍ ലൂവിസ് പറയുന്നു. ജനറല്‍ ആശുപത്രി വളവിലെ കാനയിലേക്ക് വടക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള കാനകളിലൂടെ വെള്ളം ഒഴുകിയെത്തും. ഇത് പള്ളിക്കുളത്തിലാണ് ചെന്നുചേരുക.
ഷൊര്‍ണൂര്‍ റോഡിലേക്കും വടക്കേ സ്റ്റാന്‍ഡിലേക്ക് തിരിയുന്നിടത്തും പെരിഞ്ചേരി റോഡിലെ വളവിലും എത്തുന്ന വെള്ളം വടക്കേച്ചിറയിലേക്ക് ഒഴുകും. എം.ജി റോഡിലേക്ക് തിരിയുന്നിടത്തും കുറുപ്പം റോഡ്, ബ്രഹ്മസ്വം മഠം റോഡ് എന്നിവിടങ്ങളിലും എത്തുന്ന വെള്ളം പടിഞ്ഞാറേ ചിറയിലേക്കെത്തും. വെള്ളത്തിനൊപ്പം അടിഞ്ഞുകൂടുന്ന മാലിന്യം വേര്‍തിരിക്കുകയും വെള്ളക്കെട്ട് ഉണ്ടാവാത്ത വിധത്തിലുമാണ് പഴയകാലത്തെ സംവിധാനം.
എന്നാല്‍, 40 വര്‍ഷത്തിനിപ്പുറം നഗരത്തിലെ സ്വരാജ് റൗണ്ടിനടിയിലൂടെയുള്ള ടണലുകള്‍ കാലങ്ങളായി വൃത്തിയാക്കിയിട്ടില്ല. പകരം സ്വരാജ് റൗണ്ടില്‍ കോര്‍പറേഷന്‍ നിര്‍മിച്ച കാന മണ്ണ് നിറഞ്ഞും മാലിന്യം മൂടിയും കിടക്കുകയാണ്. മഴ പെയ്താല്‍ വെള്ളത്തിനൊപ്പം മാലിന്യവും വന്നടിയും. രാജഭരണകാലത്ത് ശാസ്ത്രീയമായി നിര്‍മിച്ച കാന എങ്ങനെയെന്ന് ആശുപത്രി പടിക്കല്‍ നല്ല മഴയത്ത് വന്ന് പരിശോധിച്ചാല്‍ അറിയാം.
മഴ വീണാല്‍ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി കാലങ്ങളായുള്ളതാണ്. നഗരസഭാ ഭരണസമിതികള്‍ സ്വരാജ് റൗണ്ടിലെ ഭൂഗര്‍ഭ ടണല്‍ ആഴംകൂട്ടാതെയും വൃത്തിയാക്കാതെയുമുള്ള നവീകരണമാണ് നടത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് ജനറല്‍ ആശുപത്രിക്ക് മുന്നിലെ മൂലയില്‍ ഉണ്ടായ അപകടങ്ങളില്‍ ഒരു വിദേശിവനിതയും അകപ്പെട്ടിരുന്നു. നേരത്തെ ഈ മൂലയില്‍ ഉണ്ടായ കുഴി നിരന്തരം വാര്‍ത്തയായപ്പോഴാണ് അടച്ചത്.
പൂരം ആഘോഷിക്കുന്ന സ്വരാജ് റൗണ്ടില്‍ മാത്രമല്ല വെള്ളക്കെട്ട് ദുരിതമാകുന്നത്. ആശുപത്രി മൂലയില്‍ നിന്ന് വെള്ളം ഒഴുകിപ്പോകുന്നത് ഹൈറോഡിലേക്കാണ്.
ഇതുവഴി നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളുടെ കാര്യവും പ്രശ്നമാണ്. ശക്തന്‍ നഗറിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ വര്‍ഷങ്ങളായി പ്രസ്താവനകള്‍ ഇറങ്ങുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. സമീപകാലത്ത് പ്രവൃത്തി പൂര്‍ത്തിയാക്കിയ ശക്തന്‍-കെ.എസ്.ആര്‍.ടി.സി ബൈപാസ് ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.
ഇവിടെ വ്യാപാരസ്ഥാപനത്തിന് മുന്നിലെ അടഞ്ഞ കാന തുറക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. എം.ജി റോഡില്‍ കോട്ടപ്പുറം മേല്‍പാലം മുതല്‍ പാറയില്‍ ഏജന്‍സീസ് വരെ മഴ ചാറിയാല്‍ വെള്ളക്കെട്ടാണ്. പൂരത്തിന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ വാഹനങ്ങള്‍ കടന്നുവരുന്നത് ചെറുവീഥികളിലൂടെയാണ്.
ഇവിടെയൊന്നും കാനകളുടെ പ്രവൃത്തി നടത്തിയിട്ടില്ല. പൂരത്തിന്‍െറ പ്രധാന പങ്കാളിയായ തിരുവമ്പാടി ഭഗവതി എഴുന്നള്ളിവരുന്ന ഷൊര്‍ണൂര്‍ റോഡും നഗരത്തിലെ വെള്ളക്കെട്ടിന്‍െറ ദുരിത വീഥിയാണ്.
അതേസമയം, കാനകള്‍ വൃത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാനും ശ്രമമുണ്ട്. പൂരത്തിന് മുമ്പും ശേഷവും സ്വരാജ് റൗണ്ടും തേക്കിന്‍കാട് മൈതാനവും ശുചിയാക്കും.

ചിറ്റിലപ്പാടം കൊയ്യാന്‍ 100 അംഗ കാര്‍ഷിക കര്‍മസേന

Posted: 23 Apr 2014 11:50 PM PDT

പന്തളം: വെള്ളത്തില്‍മുങ്ങിയ ചിറ്റിലപ്പാടത്തെ നെല്ല് കൊയ്തെടുക്കാന്‍ പന്തളം ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക കര്‍മസേന ഇറങ്ങും. വ്യാഴാഴ്ച രാവിലെ എട്ടിന് ചിറ്റിലപ്പാടത്ത് 100 അംഗ കാര്‍ഷിക കര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടത്തും.
ബുധനാഴ്ച രാവിലെ പന്തളം പഞ്ചായത്തില്‍ പ്രസിഡന്‍റ് അഡ്വ.കെ. പ്രതാപന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കാര്‍ഷിക കര്‍മസേനയെ വിനിയോഗിക്കാന്‍ തീരുമാനമെടുത്തത്.
100 ഏക്കറോളം വരുന്ന ചിറ്റിലപ്പാടത്തെ കൊയ്ത്തുത്സവത്തിനു ശേഷം മഞ്ഞനാംകളം പാടശേഖരത്തിലെ 30 ഏക്കറോളം വരുന്ന നെല്ലും കര്‍മസേന കൊയ്തെടുക്കും.
കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ സേനാംഗങ്ങള്‍ക്കാവശ്യമായ ഭക്ഷണമടക്കമുള്ള സൗകര്യങ്ങളും ഒരുക്കി പന്തളം ഗ്രാമപഞ്ചായത്ത് ക്രമീകരിക്കുമെന്ന് പ്രസിഡന്‍റ് കെ. പ്രതാപന്‍ അറിയിച്ചു.
വരും വര്‍ഷങ്ങളിലും നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന പദ്ധതികളും പാടശേഖരസമതികളുടെയും കര്‍ഷകരുടെയും പിന്തുണയോടെ ആസൂത്രണം ചെയ്തു നടപ്പാക്കും. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് രത്നമണി സുരേന്ദ്രന്‍, ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു കല്ലുംമൂടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ രാധാ രാമചന്ദ്രന്‍, കെ.ആര്‍.വിജയകുമാര്‍, തങ്കമ്മ കുഞ്ഞുകുഞ്ഞ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.വി.ശ്രീദേവി, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖരസമതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കൃഷിനാശം നേരില്‍സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍റടക്കമുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഇത്തിത്താനം ഗജമേള നാടിന് ഉത്സവമായി

Posted: 23 Apr 2014 11:40 PM PDT

ചങ്ങനാശേരി: ആനപ്രേമികളെയും നാട്ടുകാരെയും ആവേശത്തേരിലേറ്റി കരിവീരന്മാര്‍ അണിനിരന്ന ഇത്തിത്താനം ഗജമേള നാടിന് ഉത്സവമായി.
ഇളങ്കാവ് ദേവീ ക്ഷേത്രാങ്കണത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഹര്‍ഷാവരത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ആനകളെ വരവേറ്റത്. വീറും വാശിയും നിറഞ്ഞതോടെ വിവിധ കരകളില്‍നിന്നുള്ള സേവാസമിതികളുടെ കാവടി,കുംഭക്കുടഘോഷയാത്രക്കള്‍ക്ക് അകമ്പടി സേവിച്ചാണ് ഗജരാജാക്കന്മാര്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്. ചമയങ്ങളില്ലാതെ ലക്ഷണമൊത്ത ആനകള്‍ ഓരോന്നായി നിരന്നതോടെ നാടിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ പുരുഷാരത്തിന്‍െറ ആവേശവും അലതല്ലി.
ചിറയ്കല്‍ മഹാദേവന്‍, പാമ്പാടിരാജന്‍, ചിറയ്കല്‍ കാളിദാസന്‍, വട്ടംകുഴി ബാലനാരായണന്‍, കിരണ്‍ നാരായണന്‍കുട്ടി, പുതുപ്പള്ളി സാധു, പുതുപ്പള്ളി മഹാദേവന്‍, കീഴൂട്ട് വിശ്വനാഥന്‍, പുതുപ്പള്ളി കേശവന്‍, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, ചൈത്രം അച്ചു, തിരുവാണിക്കാവ് രാജഗോപാല്‍, ചാന്നാടിക്കാട് വിജയസുന്ദര്‍, കറുകച്ചാല്‍ കേശവന്‍, ഓമല്ലൂര്‍ നന്ദനന്‍ എന്നിവരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കടുത്ത ചൂടിനെ വെല്ലാന്‍ ആനകള്‍ക്ക് വെള്ളം നനച്ച് പഴങ്ങളും നല്‍കിയിരുന്നു.
എലിഫന്‍റ് സ്ക്വാഡിന്‍െറയും പൊലീസിന്‍െറയും നിര്‍ദേശാനുസരണം ഗജമേളക്ക് കനത്തസുരക്ഷയും ഒരുക്കിയിരുന്നു.

ബളാന്തോട് പുഴ വറ്റിവരണ്ടു; ചെക്ഡാം തുറന്നുവിടണമെന്ന് നാട്ടുകാര്‍

Posted: 23 Apr 2014 11:32 PM PDT

രാജപുരം: വേനല്‍ കനത്തതോടെ മലയോരത്തെ തോടുകളും പുഴയും വറ്റിവരണ്ടു. കുടിവെള്ളത്തിനും മറ്റുമായി ആളുകള്‍ നെട്ടോട്ടമോടുകയാണ്. ബളാന്തോട് പുഴയില്‍ ചെക്ഡാമിന് താഴേയുള്ള ഭാഗത്ത് നീരൊഴുക്ക് കുറഞ്ഞ് മലിനജലം കെട്ടിക്കിടന്ന് കൊതുക് വളര്‍ത്ത് കേന്ദ്രമായി മാറിയിട്ടുണ്ട്.
ചെക്ഡാമിന് നാല് കി.മീറ്റര്‍ താഴെയുള്ള തച്ചര്‍കടവ് വരെ നീരൊഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുകയാണ്.
ആഴ്ചയിലൊരിക്കലെങ്കിലും ബളാന്തോട് ചെക്ഡാം തുറന്നുവിടുകയോ അല്ലെങ്കില്‍ പകുതി ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്‍.എസ്.എസ് എസ്റ്റേറ്റിന്‍െറ ഭാഗത്താണ് ബളാന്തോട് ചെക്ഡാം നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും എസ്റ്റേറ്റിന്‍െറ ഭാഗമായതിനാല്‍ ഈ ചെക്ഡാം കൊണ്ട് ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനമില്ല. ഇവിടെനിന്നും താഴേയുള്ള ഭാഗങ്ങളില്‍ പുഴയുടെ ഇരുവശങ്ങളും ജനവാസ പ്രദേശങ്ങളാണ്.
ഈ ഭാഗത്ത് രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ബളാന്തോട് ചെക്ഡാം കഴിഞ്ഞാല്‍ എട്ട് കിലോമീറ്റര്‍ താഴെയാണ് എരിഞ്ഞിലംകോട് ചെക്ഡാം സ്ഥിതി ചെയ്യുന്നത്. എരിഞ്ഞിലംകോട് നിന്നും മൂന്ന് കിലോമീറ്റര്‍ താഴെ പൂക്കയത്തും ചെക്ഡാം ഉണ്ടെങ്കിലും ഈ ചെക്ഡാമുകള്‍ക്ക് ഇടയിലുള്ള ഭാഗത്ത് പുഴയില്‍ ഒഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇവിടങ്ങളില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതിനാല്‍ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് എല്ലാ ചെക്ഡാമുകളും ഇടക്കിടെ തുറന്നുവിടേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഗുഡ്സ് ഷെഡ് റോഡ് വികസനം: സ്ഥലം അളന്ന് തിട്ടപ്പെടുത്തി

Posted: 23 Apr 2014 11:24 PM PDT

കണ്ണൂര്‍: റെയില്‍വേസ്റ്റേഷന്‍ ഗുഡ്സ് ഷെഡ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമായ സ്ഥലം കണ്ണൂര്‍ നഗരസഭാ എന്‍ജിനീയര്‍ അളന്ന് തിട്ടപ്പെടുത്തി. പൊലീസിന്‍െറ കൈവശമുള്ള സ്ഥലത്തില്‍നിന്ന് 48 സെന്‍റ് ആവശ്യമായി വരുമെന്നാണ് കണക്കാക്കിയത്. 169 മീറ്റര്‍ നീളത്തില്‍ അഞ്ച് മീറ്റര്‍ വീതിയലുള്ള സ്ഥലമാണ് വേണ്ടത്. ഇത്രയും സ്ഥലം നല്‍കാനുള്ള തീരുമാനം എസ്.പിക്ക് എടുക്കാനാവില്ല. ഇന്ന് ഐ.ജി സ്ഥലം സന്ദര്‍ശിച്ച് ഡി.ജി.പിയോട് ചര്‍ച്ച നടത്തി വകുപ്പിന് നിര്‍ദേശം നല്‍കാനാണ് തീരുമാനം. സ്വകാര്യവ്യക്തിയുടെ 10 സെന്‍റ് സ്ഥലം കൂടി റോഡ് വികസനത്തിന് ലഭ്യമാകേണ്ടതുണ്ട്. സ്ഥലമുടമകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.
പൊലീസ് ക്വാര്‍ട്ടേഴ്സിന് മുന്‍വശം ബസ് ഷെല്‍ട്ടര്‍ വേണമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ കലക്ടറോടും എസ്.പിയോടും ആവശ്യപ്പെട്ടു. നിലവില്‍ ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലെ ബസ്സ്റ്റോപ്പ് ഇവിടേക്ക് മാറ്റിയിട്ട് ഒരുവര്‍ഷത്തോളമായി. ബസ്ബേ പണിയാന്‍ പറ്റുമോ എന്ന് പരിഗണിക്കാമെന്ന് എസ്.പി പറഞ്ഞു. ഇതേ തുടര്‍ന്ന് ബസ്ബേക്കാവശ്യമായ സ്ഥലവും അളന്ന് തിട്ടപ്പെടുത്തി. 55 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇത്രയും സ്ഥലം എടുക്കുമ്പോള്‍ പൊലീസ് ക്വാര്‍ട്ടേഴ്സിനടുത്തേക്ക് ബസ്ബേയും റോഡും നീളും. ഇത് പ്രായോഗികമാകുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തും.
നഗരസഭാ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ്, വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍, ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍, കൗണ്‍സിലര്‍ എം.സി. ശ്രീജ, നഗരസഭാ സെക്രട്ടറി രാധാകൃഷ്ണന്‍, നഗരസഭാ എന്‍ജിനീയര്‍ എം.ഒ. യൂസുഫ്, റെയില്‍വേസ്റ്റേഷന്‍ മാനേജര്‍ എം.കെ. ശൈലേന്ദ്രന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ടി.വി.സുരേഷ്കുമാര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP