സ്വാഗതം
WELCOME

News Update..

Tuesday, April 22, 2014

കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകള്‍ ഉറപ്പ് - വി.എം സുധീരന്‍ Madhyamam News Feeds

കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകള്‍ ഉറപ്പ് - വി.എം സുധീരന്‍ Madhyamam News Feeds

Link to

കേരളത്തില്‍ യു.ഡി.എഫിന് 15 സീറ്റുകള്‍ ഉറപ്പ് - വി.എം സുധീരന്‍

Posted: 22 Apr 2014 12:22 AM PDT

Image: 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  യു.ഡി.എഫിന് 15 സീറ്റുകള്‍ നേടാനാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലാണ് സുധീരന്‍ 15 സീറ്റുകളില്‍  ജയം ഉറപ്പാണെന്ന് അഭിപ്രായപ്പെട്ടത്. ബാക്കി  അഞ്ച് സീറ്റുകളില്‍ എന്തും സംഭവിക്കാമെന്നും സുധീരന്‍ പറഞ്ഞു.

പതിനാറാംകണ്ടത്ത് കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

Posted: 22 Apr 2014 12:20 AM PDT

ചെറുതോണി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും രാജമുടി, പതിനാറാംകണ്ടം മേഖലയില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായി.കൊടൈക്കനാല്‍ ഷിബു, മാത്തന്‍കുന്നേല്‍ സെബാസ്റ്റ്യന്‍, കല്ലുറുമ്പില്‍ പ്രസാദ് എന്നിവരുടെ കൃഷിത്തോട്ടങ്ങളാണ് രാജമുടിയില്‍ തകര്‍ന്നത്. പതിനാറാംകണ്ടം മേഖലയില്‍ വീശിയടിച്ച കാറ്റില്‍ സാജന്‍ പ്ളാത്തോട്ടം, ജയ്സണ്‍ പാലാട്ടില്‍, കണ്ണന്‍ പുളിയാങ്കല്‍ എന്നിവരുടെ വാഴത്തോട്ടങ്ങളും നിലംപൊത്തി.
രാജമുടിയില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന പൂവത്തുങ്കല്‍ ക്ളിന്‍റന്‍െറ ആയിരത്തിയഞ്ഞൂറോളം ഏത്തവാഴ നശിച്ചു. സമീപ പ്രദേശങ്ങളിലെ വാഴ, കപ്പ, റബര്‍ തുടങ്ങിയവയും നാമാവശേഷമായി.പതിനാറാംകണ്ടത്ത് മണ്ണൂര്‍ ഷൈനിന്‍െറ ഒരേക്കര്‍ സ്ഥലത്തെ കപ്പയും സിബി കണ്ടത്തിന്‍കരയുടെ 55 റബര്‍ മരങ്ങളും കാറ്റില്‍ നശിച്ചു. കനത്ത പലിശ നല്‍കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ക്കാണ് വേനല്‍ മഴയില്‍ തിരിച്ചടിയായത്. കാലവര്‍ഷത്തിനുമുമ്പ് വിളവെടുത്ത് മാര്‍ക്കറ്റിലെത്തിക്കാമെന്ന പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്. വാത്തിക്കുടി കൃഷിഭവനിലും അധികൃതര്‍ക്കും പരാതി നല്‍കിയതായി കര്‍ഷകര്‍ അറിയിച്ചു.

അവധി ആഘോഷിച്ച് മാഫിയ; മാസപ്പടി പിരിവുമായി പൊലീസ്

Posted: 22 Apr 2014 12:15 AM PDT

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന തുടര്‍ച്ചയായ അവധികളും 'പ്രയോജനപ്പെടുത്തി' മണ്ണ് - മദ്യ മാഫിയകള്‍ ജില്ല ഉഴുതുമറിച്ചു. തരം കിട്ടിയ പൊലീസ്- എക്സൈസ്-റവന്യൂ ഉദ്യോഗസ്ഥരാകട്ടെ മാസപ്പടി പിരിക്കാനായി സ്റ്റേഷന്‍ വാഹനങ്ങള്‍ ഉപയോഗിച്ചു. പത്താം തീയതി നടന്ന ലോക്സഭ തെരഞ്ഞെടുപ്പും തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ വന്ന അവധികളും കാര്യമായി പ്രയോജനപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളാണ് കൊയ്തത്. അവധി മൂഡിലായ മേലുദ്യോഗസ്ഥരെ വെട്ടിച്ചാണ് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി പണപ്പിരിവ് നടന്നത്. കുന്നുകള്‍ ഇടിച്ചും വയലുകള്‍ നികത്തിയും മണ്ണ് മാഫിയ വിലസിയപ്പോള്‍ മറുഭാഗത്ത് ഉത്സവ സീസണുകള്‍ കൊഴുപ്പിക്കാന്‍ ജില്ലയിലേക്ക് കോടികളുടെ മദ്യം ഒഴുകി.
അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലാണ് വ്യാപമായി മണ്ണിടിക്കലും വയല്‍ നികത്തലും നടന്നത്. നാട്ടുകാര്‍ അറിയിച്ചിട്ടും പൊലീസ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തിരക്ക് പറഞ്ഞ് ഒഴിഞ്ഞുമാറി. ചിലയിടത്ത് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ടീം എത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. ഇത് ലോക്കല്‍ പൊലീസിന് നാണക്കേടായി. ഏനാത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മണ്ണ് മാഫിയ സംഘമാണ് അടൂര്‍ താലൂക്കില്‍ കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്. പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വയലുകളും നികത്തിക്കഴിഞ്ഞു. കോഴഞ്ചേരി താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളിലും പത്തനംതിട്ട റിങ് റോഡിന് ചുറ്റുമുള്ള വയലുകളും നികത്താനും വ്യാപകമായ നീക്കം നടന്നു. താലൂക്കിലെ ഉള്‍പ്രദേശങ്ങളിലെ കുന്നുകള്‍ ഇടിച്ചുനിരത്തി വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട റിങ് റോഡിലെ വയലുകളില്‍ ചിലയിടത്ത് ആദ്യ പടിയായി മണ്ണ് ഇറക്കിയിട്ടുണ്ട്.
അടൂര്‍ കേന്ദ്രീകരിച്ചിരിക്കുന്ന വന്‍ മദ്യമാഫിയ സംഘമാണ് സമീപ ജില്ലകളില്‍നിന്ന് കള്ള് എത്തിച്ചത്. നിലവാരമില്ലെന്ന് കണ്ടെത്തിയതിനാല്‍ ജില്ലയില്‍ 17 ബാറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് പ്രയോജനപ്പെടുത്താന്‍ മദ്യ മാഫിയ, എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ വാരിവിതറി. കണ്ണില്‍ പൊടിയിടാന്‍ വ്യാജ കള്ള് പിടിച്ചിരുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും അവധി മൂഡിലായിരുന്നു. ഈ ദിവസങ്ങളില്‍ മിക്കവരും ഒപ്പിട്ട് മുങ്ങിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഓഫിസ് തുറന്നിരിക്കാന്‍ മാത്രം ഒന്നോ രണ്ടോ പേര്‍ എത്തിയിരുന്നു. ഇതിനിടെ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ നേരിട്ടെത്തിയാണ് മാഫിയ സംഘങ്ങളില്‍നിന്ന് പണം പിരിച്ചത്. പണപ്പിരിവിനായി ഓടിയ ആറന്മുള സ്റ്റേഷനിലെ പൊലീസുകാരെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ നാല് വോട്ടെണ്ണല്‍ കേന്ദ്രം

Posted: 22 Apr 2014 12:10 AM PDT

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ മേയ്16ന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയം കിഴക്കുഭാഗം (പാലാ നിയോജക മണ്ഡലം), മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയം പടിഞ്ഞാറുഭാഗം (കടുത്തുരുത്തി നിയോജകമണ്ഡലം), മൗണ്ട് കാര്‍മല്‍ ബി.എഡ് കോളജ് ഓഡിറ്റോറിയം (വൈക്കം നിയോജകമണ്ഡലം), ബി.സി.എം കോളജ് ഓഡിറ്റോറിയം(പിറവം നിയോജകമണ്ഡലം), ബസേലിയസ് കോളജ് ഓഡിറ്റോറിയം(ഏറ്റുമാനൂര്‍ നിയോജകമണ്ഡലം), എം.ഡി സെമിനാരി എച്ച്.എസ്.എസ് പ്രയര്‍ ഹാള്‍ (കോട്ടയം നിയോജകമണ്ഡലം), എം.ഡി സെമിനാരി എച്ച്.എസ്.എസ് ഓഡിറ്റോറിയം (പുതുപ്പള്ളി നിയോജകമണ്ഡലം) എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ കൗണ്ടിങ് ഏജന്‍റിനെ ഏര്‍പ്പെടുത്താന്‍ ഫോം നമ്പര്‍ 18 പൂരിപ്പിച്ച് രണ്ടു കോപ്പി വരണാധികാരിക്ക് നല്‍കണം. ഇതില്‍നിന്ന് വരണാധികാരി നല്‍കുന്ന ഒരു കോപ്പി കൗണ്ടിങ് സെന്‍ററില്‍ ഹാജരാക്കണം. കൗണ്ടിങ് സെന്‍ററില്‍ നിരീക്ഷകര്‍ക്കുമാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഓരോ കൗണ്ടിങ് ടേബിളിലും സൂക്ഷ്മ നിരീക്ഷകര്‍ ഉണ്ടാകും.

കര്‍ണാടക ജലവൈദ്യുതി പദ്ധതി: പാണത്തൂര്‍ പുഴ അകാല മൃത്യുവിലേക്ക്

Posted: 22 Apr 2014 12:06 AM PDT

കാസര്‍കോട്: കര്‍ണാടകയുടെ ജലവൈദ്യുതി പദ്ധതിക്കുവേണ്ടി വഴിമാറ്റിയ പാണത്തൂര്‍ പുഴ അകാലമരണത്തിലേക്ക്. പദ്ധതിയുടെ പവര്‍ ഹൗസിലൂടെ കയറിയിറങ്ങിയൊഴുകുന്ന വെള്ളം മലിനമായി പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാനാവാത്ത സ്ഥിതിയായി.
മാലിന്യം കലര്‍ന്ന് പുഴയിലെ വെള്ളത്തിന് ഇരുണ്ട നിറമാണിപ്പോള്‍. രാസമാലിന്യത്തിന്‍െറ മണവുമുണ്ട്. പുഴയില്‍ കുളിച്ചാല്‍ ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതായി തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ പറയുന്നു.
പുഴയില്‍നിന്ന് മണലെടുത്ത് ഉപജീവനം നടത്തുന്നവര്‍ക്കും ഇതേ അനുഭവമുണ്ടെന്ന് തൊഴിലാളിയായ രാമചന്ദ്രന്‍ പറഞ്ഞു. കല്ലേമുട്ടി, ആരല്‍, വരാല്‍ മീനുകള്‍ സുലഭമായിരുന്ന പുഴയില്‍ ഇപ്പോള്‍ ഇവയെ കാണാനില്ല. 2009ല്‍ കര്‍ണാടക സര്‍ക്കാറിനുവേണ്ടി അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചതോടെയാണ് പുഴയുടെ സ്വഭാവം മാറിയത്. കുടക് വനത്തിലെ ബ്രഹ്മഗിരി നിരകളില്‍നിന്ന് ഉദ്ഭവിക്കുന്ന പാണത്തൂര്‍ പുഴ, ചന്ദ്രഗിരി പുഴയുടെ പ്രധാന കൈവഴിയാണ്.
സംസ്ഥാന അതിര്‍ത്തിക്ക് സമീപം ചെത്തുകയത്ത് 13ാം മൈലില്‍ പുഴയെ തടഞ്ഞുനിര്‍ത്തി വഴിതിരിച്ചുവിട്ടാണ് 10 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മഞ്ഞടുക്കം ചെറുകിട ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചത്. അണക്കെട്ടില്‍നിന്ന് കനാല്‍ വഴി ഒഴുക്കി സ്പില്‍വേയിലൂടെ പവര്‍ഹൗസിലെത്തിക്കുന്ന വെള്ളം രാസവസ്തുക്കള്‍ കലര്‍ന്ന് നിറവും ഗുണവും മണവും മാറിയാണ് വീണ്ടും പുഴയിലേക്ക് ചേരുന്നത്.
പദ്ധതിക്കുവേണ്ടി മൂന്നു കിലോ മീറ്ററോളം പുഴ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. അണക്കെട്ടിന് താഴെ നേരത്തെ പുഴ ഒഴുകിയിരുന്ന ഭാഗത്ത് നീരൊഴുക്ക് വറ്റിയ നിലയിലാണ്. കുഴികളുള്ള ഇടങ്ങളില്‍ മാത്രമാണ് അല്‍പം ജലസാന്നിധ്യം കാണാനുള്ളത്. ബംഗളൂരുവിലെ ഭറൂക്ക പവര്‍ കോര്‍പറേഷനാണ് 35 വര്‍ഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തില്‍ മഞ്ഞടുക്കം മിനി ഹൈഡ്രോ പവര്‍ പ്രോജക്ട് എന്ന പേരില്‍ പദ്ധതി സ്ഥാപിച്ചത്. പാണത്തൂര്‍-മടിക്കേരി അന്തര്‍ സംസ്ഥാന പാതക്ക് സമീപം സ്ഥിതി ചെയ്യുന്ന പദ്ധതി 2009 ജൂണിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആറുമീറ്റര്‍ ഉയരവും 12 മീറ്റര്‍ വീതിയുമുള്ള അണക്കെട്ടാണ് പുഴക്ക് കുറുകെ സ്ഥാപിച്ചത്. ഇതില്‍ വെള്ളം സംഭരിച്ചു നിര്‍ത്താതെ കനാല്‍ വഴി പവര്‍ ഹൗസിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ടര്‍ബൈനിലൂടെ പുറത്തേക്ക് വിടുന്ന വെള്ളം വീണ്ടും കനാലിലൂടെ പുഴയിലേക്ക് ചെന്നുചേരുന്നു.
മുന്‍കാലങ്ങളില്‍ വീടുകളില്‍ ഭക്ഷണം പാകംചെയ്യാന്‍ പോലും ആളുകള്‍ പുഴവെള്ളം ഉപയോഗിച്ചിരുന്നു. പുഴയോരത്ത് കിണറുകളുണ്ടാക്കിയാണ് ജല അതോറിറ്റി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള വെള്ളം സംഭരിക്കുന്നത്.
കുട്ടികളും മുതിര്‍ന്നവരും നീന്തിക്കുളിക്കാനും നീന്തല്‍ പഠിക്കാനും ഉപയോഗിച്ചിരുന്ന പുഴയില്‍ വേനകാലത്ത് രാവിലെ മുതല്‍ ഇരുട്ടുന്നതുവരെ ജനസാന്നിധ്യമുണ്ടാകുമായിരുന്നു. ഇപ്പോള്‍ ആളുകള്‍ പുഴയില്‍ ഇറങ്ങാന്‍ പോലും മടിക്കുകയാണ്. നാടിന്‍െറ മുഖ്യ ജലസ്രോതസ്സിന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിട്ടും സാമൂഹിക പ്രസ്ഥാനങ്ങളോ പരിസ്ഥിതി പ്രവര്‍ത്തകരോ ഇത് ഗൗനിച്ചിട്ടില്ല.
അണക്കെട്ടിന്‍െറ നിര്‍മാണ ഘട്ടത്തില്‍ കാഞ്ഞങ്ങാട്, ഉദുമ എം.എല്‍.എമാരായിരുന്ന കെ.വി. കുഞ്ഞിരാമനും പള്ളിപ്രം ബാലനും ആശങ്ക പ്രകടിപ്പിച്ച് നിയമസഭയില്‍ സബ് മിഷന്‍ ഉന്നയിച്ചിരുന്നു.
പുഴയുടെ കേരളത്തിലേക്കുള്ള ഒഴുക്കിനെ ബാധിക്കില്ലെന്ന് കര്‍ണാടക ഉറപ്പു നല്‍കിയതായി അന്നത്തെ ജലവിഭവ മന്ത്രി മറുപടി നല്‍കിയതോടെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആശങ്ക കെട്ടടങ്ങുകയായിരുന്നു.പുഴയോരത്തുള്ള റബര്‍ തോട്ടങ്ങളില്‍ റബര്‍ ഷീറ്റ് തയാറാക്കാന്‍ ഉപയോഗിച്ച ആസിഡ് കലര്‍ന്ന മലിനജലവും പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. വേനല്‍കാലത്ത് പുരകെട്ടി മേയുന്നതിനായി മെടയാനുള്ള തെങ്ങോലകള്‍ അഴുകാനിടുന്നതും പുഴയുടെ നാശത്തിന് വേഗത വര്‍ധിപ്പിക്കുന്നു.

വാരംകടവില്‍ തണ്ണീര്‍തടം നികത്തല്‍ വ്യാപകം

Posted: 22 Apr 2014 12:01 AM PDT

കണ്ണൂര്‍: വാരംകടവ് പാലത്തിനു സമീപത്തെ അപൂര്‍വയിനം പക്ഷിസങ്കേതമായ തണ്ണീര്‍തടം വ്യാപകമായി മണ്ണിട്ട് നികത്തുന്നു. രാത്രിയുടെ മറവിലാണ് ലോറികളില്‍ മണ്ണെത്തിച്ച് പ്രധാന ജലസ്രോതസ്സായ തണ്ണീര്‍ തടം നികത്തുന്നത്. തിങ്ങിവളര്‍ന്ന കണ്ടല്‍കാടുകള്‍ക്ക് ഇടയിലാണ് മണ്ണിടുന്നത്. ഇതുകാരണം പുറമേനിന്ന് നോക്കിയാല്‍ പെട്ടെന്ന് നികത്തല്‍ ശ്രദ്ധയില്‍പെടില്ല. അടുത്തകാലത്തായി മണ്ണിട്ട് നികത്തിയ സ്ഥലം ഫുട്ബാള്‍ ഗ്രൗണ്ടാക്കി മാറ്റിയിട്ടുണ്ട്. ഇവിടെ കളിയും നടക്കുന്നുണ്ട്. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്‍െറ പരിധിയില്‍ വരുന്നതാണ് ഇവിടത്തെ തണ്ണീര്‍തടം. വലിയന്നൂര്‍ വില്ലേജ് പരിധിയില്‍ വളപട്ടണം പുഴയോരമാണിത്. 7.05ചതുരശ്ര കിലോമീറ്ററോളം വരും ഇതിന്‍െറ വിസ്തൃതി. ആറ് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് നികത്തപ്പെടുന്ന തണ്ണീര്‍ തടം. വാരം കടവ് പാലം നിര്‍മിക്കുന്നതിന്‍െറ ഭാഗമായി മണ്ണിട്ട ഭാഗങ്ങള്‍ പലരും കൈയേറിയിരുന്നു.
മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി നാല് തരത്തില്‍പെട്ട അപൂര്‍വയിനം പരുന്തുകളെ വാരം കടവില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രദേശത്തെ അപൂര്‍വ പക്ഷി സങ്കേത കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള നിര്‍ദേശം സൊസൈറ്റി മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നിര്‍ദേശം കേന്ദ്ര സര്‍ക്കാറിനും നല്‍കിയിട്ടുണ്ട്. കേരളത്തില്‍ അഷ്ടമുടി, വേമ്പനാട്, ശാസ്താംകോട്ട എന്നിവയാണ് നിലവിലുള്ള സംസ്ഥാനത്തെ മൂന്ന് രാംസര്‍ സൈറ്റ്. വാരംകടവ് ഈ ഗണത്തില്‍ പരിഗണിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ നാലാമത്തെ സൈറ്റായി ഈ പ്രദേശം മാറും. ഇതിന് ഇനി വനംവകുപ്പ്, റവന്യൂവകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനമാണ് വേണ്ടത്.

മംഗലം ഡാമിലെ ജലനിരപ്പ് താഴുന്നു; കുടിവെള്ളക്ഷാമം രൂക്ഷമാകും

Posted: 21 Apr 2014 11:57 PM PDT

വടക്കഞ്ചേരി: മംഗലം ഡാമിലെ ജലനിരപ്പ് കുറയുന്നത് കുടിവെള്ളക്ഷാമം രൂക്ഷമാക്കും. വണ്ടാഴി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് തുടങ്ങിയ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമമുണ്ടാവുക.
കഴിഞ്ഞ വര്‍ഷം വേനല്‍മഴ കൂടുതല്‍ ലഭിച്ചപ്പോള്‍ കുടിവെള്ളത്തിനായി ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നില്ല. ഏപ്രിലിലാണ് ചെറിയതോതില്‍ ലഭിച്ചത്. 15 മില്ലിമീറ്റര്‍ മഴയാണ് ഈ വര്‍ഷം മംഗലം ഡാമിന്‍െറ മലയോര മേഖലയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 39 മില്ലി മീറ്റര്‍ ലഭിച്ചിരുന്നു. ഡാമിന്‍െറ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചാലേ അല്‍പമെങ്കിലും ജലനിരപ്പ് ഉയരൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡാമില്‍ ഇപ്പോള്‍ 72 സെന്‍റിമീറ്റര്‍ വെള്ളം അധികമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുടിവെള്ള ആവശ്യത്തിന് വെള്ളം തുറന്നുവിട്ടിട്ടും 66.08 മീറ്റര്‍ വെള്ളമുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 66.80 മീറ്ററാണ്.
ഡാമിന്‍െറ സുരക്ഷ പരിശോധിക്കാന്‍ ഡാം സുരക്ഷാ അതോറിറ്റി അധികൃതര്‍ എത്തിയിരുന്നു. സംഭരണശേഷി വര്‍ധിപ്പിക്കണമെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഡാം കെട്ടിനകത്ത് മണലും ചെളിയും നിറഞ്ഞിട്ടുണ്ട്. 2007ലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങളും മറ്റും ഡാമിലേക്ക് ഒലിച്ചിറങ്ങിയിരുന്നു. ഇതുമൂലം സംഭരണശേഷി 25 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്. ജില്ലയില്‍ വര്‍ഷകാലത്ത് ആദ്യം നിറയുന്ന ഡാമും ഇതാണ്. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി, തരൂര്‍ തുടങ്ങി പഞ്ചായത്തുകളിലെ ഭൂരിഭാഗം നെല്‍കൃഷിയും മംഗലം ഡാമിലെ ജലത്തെയാണ് ആശ്രയിക്കുന്നത്.

മണലെടുപ്പ് തുടങ്ങി; പാതിയോളം കടവുകളില്‍ മുടങ്ങി

Posted: 21 Apr 2014 11:50 PM PDT

കുറ്റിപ്പുറം: സംസ്ഥാനത്തെ അംഗീകൃത കടവുകളില്‍നിന്ന് മണലെടുക്കുന്നതിനുള്ള നിരോധം നീങ്ങിയതോടെ വിതരണം ചെയ്ത പാസില്‍ മണലെടുപ്പ് തുടങ്ങി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കടവുകളിലാണ് തിങ്കളാഴ്ച മണലെടുപ്പ് തുടങ്ങിയത്. ജില്ലയിലെ ആകെയുള്ള 178 കടവുകളില്‍ 100ഓളം കടവുകളിലാണ് മണലെടുപ്പ് നടന്നത്. മറ്റ് കടവുകളില്‍ തൊഴിലാളികളുടെ നിസ്സഹകരണം മൂലം മണലെടുപ്പ് തടസ്സപ്പെട്ടു.
മലപ്പുറം നഗരസഭയിലും കോടൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, വേങ്ങര, എടവണ്ണ എന്നീ പഞ്ചായത്തുകളിലും കൂലി കുറവാണെന്നും തലച്ചുമടായി മണലെടുക്കാന്‍ സിധിക്കില്ലെന്നും പറഞ്ഞ് തൊഴിലാളികള്‍ നിസ്സഹകരിക്കുകയായിരുന്നു. എടവണ്ണ, ആനക്കയം എന്നീ പഞ്ചായത്തുകളിലെ പത്ത് കടവുകളില്‍ രണ്ടെണ്ണത്തിലാണ് ഭാഗികമായി മണലെടുത്തത്. എടരിക്കോട്, വള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലും തര്‍ക്കങ്ങള്‍ കാരണം മണലെടുപ്പ് തടസ്സപ്പെട്ടു. എന്നാല്‍, മലപ്പുറം തിരൂര്‍, പൊ ന്നാനി, താലൂക്കുകളിലെ കടവുകളില്‍ മണലെടുപ്പ് നടന്നു. തൊഴിലാളികളുടെ നിസ്സഹകരണം മൂലം മണല്‍ ലഭ്യമാകാത്തവര്‍ക്ക് പാസ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴകളിലേക്ക് ലോറിയിറങ്ങി മണലെടുക്കുന്നത് ഹൈകോടതി തടയുകയും പാസില്‍ കൃത്രിമം കാണിച്ച് ഒന്നില്‍ കൂടുതല്‍ തവണ മണലെടുക്കുകയും ചെയ്തതോടെയാണ് മണലെടുപ്പ് പൂര്‍ണമായും നിലച്ചത്. പുഴയില്‍നിന്ന് മണലെടുക്കുന്നത് തടഞ്ഞതോടെ മലകള്‍ തുരന്നുള്ള കൃത്രിമ മണലിന് മാഫിയക്ക് വഴി തുറന്ന് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ആക്ഷേപമുണ്ടായിരുന്നു. പാസിലെ കൃത്രിമം തടയാന്‍ വേണ്ടി ഇ-പാസ് സംവിധാനമാണ് നിലവിലുള്ളത്. പുഴകളില്‍ ലോറിയിറങ്ങുന്നത് തടയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കുറ്റിപ്പുറം, തവനൂര്‍, തിരുനാവായ, തൃപ്രങ്ങോട് തുടങ്ങിയ പഞ്ചായത്തുകളില്‍ ഇരുമ്പ് വേലിക്ക് പുറമെ കോണ്‍ക്രീറ്റ് ഭിത്തി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, കുറ്റിപ്പുറം പഞ്ചായത്തിലെ മഞ്ചാടി കടവില്‍ തലച്ചുമടായുള്ള മണലെടുപ്പ് ശ്രമകരമാകും. കിലോമീറ്ററോളം തലച്ചുമടായി കൊണ്ടുവന്നാണ് മണലെടുക്കുന്നത്. മണലെടുപ്പ് തടസ്സപ്പെട്ട കടവുകളില്‍ ചൊവ്വാഴ്ച മണല്‍ ലഭ്യമാക്കാന്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്.

മെട്രോ യാര്‍ഡ് നിര്‍മാണം പുനരാരംഭിച്ചു

Posted: 21 Apr 2014 11:46 PM PDT

ആലുവ: ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം മുട്ടം മെട്രോ യാര്‍ഡ് നിര്‍മാണം തടസ്സപ്പെട്ടത് പുനരാരംഭിച്ചു.
അഞ്ചു ദിവസത്തോളമായി നിലച്ചിരുന്ന നിര്‍മാണം തിങ്കളാഴ്ച പുനരാരംഭിക്കാനിരുന്നതാണ്. ഇതിനിടെയാണ് മണ്ണുമായി രാവിലെ എത്തിയ ലോറി ഭൂവുടമകള്‍ തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഏഴുമാസങ്ങള്‍ക്കുമുമ്പ് ഭൂവുടമകള്‍ക്ക് നല്‍കേണ്ടിയിരുന്ന പണം അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. പലതവണ ഭൂവുടമകള്‍ പണി തടസ്സപ്പെടുത്തിയപ്പോഴെല്ലാം കലക്ടറടക്കമുള്ളവര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ഓരോ തവണയും സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പണം നല്‍കുന്നതിന് ഓരോ തീയതികള്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഈ തീയതികളിലൊന്നും പണം നല്‍കാന്‍ അധികൃതര്‍ക്കായില്ല. ഇതിനെ തുടര്‍ന്നാണ് അഞ്ചുദിവസം മുമ്പ് വീണ്ടും സമരം ആരംഭിച്ചത്.
ഇതിനെ തുടര്‍ന്ന് കലക്ടര്‍ ചര്‍ച്ച നടത്തുകയും തിങ്കളാഴ്ചക്കകം പണം നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍, പണം കിട്ടിയാലേ പണി തുടരാന്‍ അനുവദിക്കുകയുള്ളൂവെന്ന നിലപാടാണ് ഭൂവുടമകള്‍ കൈക്കൊണ്ടത്. ഇതിനിടെ തിങ്കളാഴ്ച മുതല്‍ യാര്‍ഡിലെ പണികള്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പറയുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി യാര്‍ഡ് നിര്‍മാണ സ്ഥലത്തേക്ക് മണ്ണുമായി വന്ന ലോറി തിങ്കളാഴ്ച രാവിലെ ഭൂവുടമകള്‍ തടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭൂവുടമകളായ കുന്നത്തേരി പണിക്കര്‍വീട്ടില്‍ സുധീര്‍ എന്നിവരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു. നിര്‍മാണ സ്ഥലത്തേക്ക് അതിക്രമിച്ചുകടന്നെന്ന കരാറുകാരന്‍െറയും മെട്രോ അധികൃതരുടെയും പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്.
ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കൂടുതല്‍ ഭൂവുടമകള്‍ സ്റ്റേഷനിലെത്തി.
മെട്രോ യാര്‍ഡിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കാനുള്ള പദ്ധതികളും ഇവര്‍ ആലോചിച്ചിരുന്നു. ഇതിനിടെ പണം ഉടന്‍ ലഭ്യമാക്കുമെന്ന അറിയിപ്പ് കലക്ടറേറ്റില്‍നിന്ന് ഭൂവുടമകള്‍ക്ക് ലഭിക്കുകയും ഇതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോവുകയും ചെയ്തതായി സി.ഐ ബി. ഹരികുമാര്‍ പറഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രശ്നങ്ങള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഉച്ചക്ക് ശേഷം മെട്രോ യാര്‍ഡിലേക്കുള്ള മണ്ണടി പുനരാരംഭിച്ചു.

കായല്‍ ദ്വീപുകള്‍ റിസോര്‍ട്ട് മാഫിയയുടെ കൈയില്‍

Posted: 21 Apr 2014 11:44 PM PDT

അരൂര്‍: അരൂക്കുറ്റിയിലെ കായല്‍ ദ്വീപുകളും റിസോര്‍ട്ട് മാഫിയകള്‍ കൈയടക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന കിഴക്കേമാട്, നടുവിലമാട്, പടിഞ്ഞാറേമാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കായല്‍ ദ്വീപുകളില്‍ താമസക്കാരായി ശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം.
ഇവരെയും ഒഴിപ്പിക്കാന്‍ റിയല്‍ എസ്റേറ്റ് മാഫിയ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ദ്വീപിലെ വീടുവിറ്റ് കിട്ടുന്ന പണംകൊണ്ട് പുറത്ത് സ്ഥലംവാങ്ങി വീട് നിര്‍മിക്കാന്‍ കഴിയില്ലെന്ന് ഇനിയും ദ്വീപില്‍ പിടിച്ചുനില്‍ക്കുന്നവര്‍ പറയുന്നു.കിഴക്കേ ദ്വീപിലെ മുഴുവന്‍ വീടുകളും സ്ഥലവും വിറ്റ് ദ്വീപുവാസികള്‍ ഒഴിഞ്ഞു. ഇപ്പോള്‍ ഇവിടെയുള്ള വീടുകള്‍ ആള്‍ത്താമസമില്ലാതെ ദ്രവിച്ചുതുടങ്ങി.
എന്നാല്‍, വീടുവിറ്റ് പോയ പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ലാത്ത അവസ്ഥ തുടരുകയാണ്. പലവിധ പ്രലോഭനങ്ങളില്‍പ്പെട്ട് കായല്‍ ദ്വീപ് വിറ്റുപോയവര്‍ ഇപ്പോള്‍ ദു$ഖിക്കുന്നുണ്ട്.
ഇത്തരം അനുഭവങ്ങള്‍ കണ്‍മുന്നില്‍ കാണുന്നതുകൊണ്ട് ദ്വീപില്‍ ഇനിയും വീട് വില്‍ക്കാതെ ശേഷിക്കുന്നവര്‍, അധികമാളുകള്‍ അയല്‍വാസികളായി ഇല്ലെങ്കിലും പിടിച്ചുനില്‍ക്കുകയാണ്.ദ്വീപ് വാങ്ങിയശേഷം തീരപരിപാലന നിയമം കര്‍ശനമായതോടെയാണ് കെട്ടിട നിര്‍മാണം നടത്താതെ റിസോര്‍ട്ട് മാഫിയ കാത്തുനില്‍ക്കുന്നത്. എന്നാല്‍, മുഴുവന്‍ ദ്വീപുകളും വാങ്ങിക്കൂട്ടാനുള്ള ശ്രമവും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP