കാസര്‍കോട് അഴിമുഖത്ത് അനധികൃത മണല്‍ കടത്ത് Posted: 21 Apr 2014 01:27 AM PDT കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖത്തെ മണല്‍തിട്ട ഇടിച്ച് വന്‍ തോതില്‍ മണല്‍ കടത്തുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മത്സ്യബന്ധന തുറമുഖത്തിന് സമീപം നടക്കുന്ന അനധികൃത മണല്‍ കടത്ത് നിര്‍മാണ പ്രവൃത്തിയെ ബാധിക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. തളങ്കര തീരദേശ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഏതാനും വാര മാത്രം അകലെ മാത്രം നടക്കുന്ന ഈ മണല്‍കൊള്ള അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശത്തുകാര്‍ പറയുന്നു. രാത്രിയാവുന്നതോടെ ആരംഭിക്കുന്ന കടത്ത് പുലര്‍ച്ചെ വരെ തുടരുന്നു. തുറമുഖത്തേക്കുള്ള റോഡിനരികില്‍ പുഴക്ക് സമീപത്തെ മണല്‍ തിട്ടകളാണ് ഇടിക്കുന്നത്. തോണിയില്‍ കരയിലെത്തിക്കുന്ന മണല്‍, ലോറിയില്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മണല്‍ മാഫിയയാണ് ഇതിന് പിന്നില്‍. പ്രദേശവാസികളായ ചിലരുടെ സഹായവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തുറമുഖ റോഡിന്‍െറ കര വരെ ഇവര്‍ കാര്‍ന്നെടുത്ത് കഴിഞ്ഞു. പൊലീസ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും അഴിമുഖത്തെ മണല്‍കൊള്ള തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. |
തരുണ്‍ തേജ്പാലിന്റെ ജാമ്യപേക്ഷ തള്ളി Posted: 21 Apr 2014 12:13 AM PDT ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്‍്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ വിചാരണ പൂര്‍ത്തിയാകാതെ തേജ്പാലിന് ഇടക്കാല ജാമ്യം നല്‍കാനാവില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാല്‍ തേജ്പാല്‍ സാക്ഷികളോ പരാതിക്കാരിയോ താമസിക്കുന്ന ഡല്‍ഹിയിലേക്ക് മടങ്ങില്ളെന്നും അവരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടാകില്ളെന്നും അദ്ദേഹത്തിന്‍്റെ അഭിഭാഷകന്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തേജ്പാലിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നത്. അതേസമയം, തേജ്പാലിന്‍്റെ വിചാരണ വൈകുന്നത് ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതി ഗോവ സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിചാരണ വൈകുന്നത് സംബന്ധിച്ച് നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണ വൈകുന്നതിനാല്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 10 നാണ് തേജ്പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് മാര്‍ച്ച് പതിനാലിന് തേജ്പാലിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനും എട്ടിനും തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. നവംബര്‍ 30നാണ് ഗോവ പൊലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 376 (2), 376 സി എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിട്ടുള്ളത്. |
നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണം -പി.കെ കുഞ്ഞാലിക്കുട്ടി Posted: 21 Apr 2014 12:05 AM PDT കോഴിക്കോട്: നിലവാരമില്ലാത്ത ബാറുകള്‍ക്ക് നിയന്ത്രണം വേണമെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ മദ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു. മദ്യം വ്യാപകമാകുന്നതോടെ രാജ്യത്ത് വലിയ പ്രശ്നങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവെക്കും. ഇത് ദുഃഖകരമാണ് അവസ്ഥയാണ്. മദ്യ വില്‍പന കുറച്ചു കൊണ്ടുവരണമെന്നാണ് ലീഗ് നിലപാട്. മദ്യനയം സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മൗനവ്രതമാണ് നല്ലത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
പയ്യന്നൂര്‍ കുടിവെള്ള പദ്ധതി പാതിവഴിയില്‍ Posted: 20 Apr 2014 11:39 PM PDT പയ്യന്നൂര്‍: നാട് ദാഹിച്ച് വലയുമ്പോഴും കോടികള്‍ മുടക്കിയ പയ്യന്നൂര്‍ കുടിവെള്ള പദ്ധതി പാതിവഴിയില്‍. 65 കോടിയിലധികം ചെലവില്‍ നടപ്പാക്കുന്ന വന്‍ പദ്ധതിയാണ് നാട് ദാഹിച്ച് വലയുമ്പോഴും പാതിവഴിയില്‍ നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ചെറുകിട നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആരംഭിച്ചത്. പദ്ധതിക്ക് ചെലവാകുന്ന തുകയുടെ 70 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സര്‍ക്കാറും 10 ശതമാനം നഗരസഭയുമാണ് വഹിക്കേണ്ടത്. 65 കോടിയാണ് തുടക്കത്തില്‍ നിര്‍ദേശിച്ചത്. പൂര്‍ത്തിയാവുമ്പോള്‍ തുക ഇനിയും കൂടും. പകുതിയിലധികം തുക ചെലവഴിച്ചിട്ടും പദ്ധതി ലക്ഷ്യം കണ്ടില്ല. ചപ്പാരപ്പടവ് പുഴയില്‍നിന്ന് പൈപ്പ് വഴി വെള്ളമെത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി പൈപ്പിടുന്ന പ്രവൃത്തി പൂര്‍ത്തിയാക്കി. ചപ്പാരപ്പടവില്‍ സ്ഥലം വാങ്ങി പമ്പ് ഹൗസ് സ്ഥാപിക്കാനും കിണര്‍ കുഴിക്കാനും നടപടിയായെങ്കിലും വെള്ളമെടുക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് സ്ഥലം മാറ്റാനും പുഴയില്‍ തടയണ നിര്‍മിക്കാനും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി. എന്നാല്‍, ഇതിനുശേഷമുള്ള നടപടികള്‍ ഇഴയുന്നതായാണ് പരാതി. അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് പദ്ധതി പാതിവഴിയിലാവാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. പുഴയിലെ വെള്ളം ഉറപ്പുവരുത്താതെ 40 കിലോമീറ്ററോളം ദൂരം പൈപ്പിടുകയും കിണര്‍ കുഴിക്കാനും പമ്പ്ഹൗസ് സ്ഥാപിക്കാനും തിടുക്കം കാട്ടിയതാണ് ആക്ഷേപത്തിനിടയാക്കുന്നത്. ചപ്പാരപ്പടവ് പുഴയില്‍ വെള്ളമില്ലെന്ന് അവിടെയുള്ളവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത്രയും ദൂരെനിന്ന് വെള്ളമെത്തിക്കുക എന്നത് അപ്രായോഗികമാണെന്നാണ് ചപ്പാരപ്പടവ് പഞ്ചായത്തിന്‍െറ ഉള്‍പ്പെടെ വാദം. പദ്ധതിയില്‍ രാഷ്ട്രീയം കലര്‍ന്നതായും ആക്ഷേപമുണ്ട്. മൂന്ന് ഭാഗങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പയ്യന്നൂര്‍. എന്നാല്‍, ഉപ്പുവെള്ളമായതാണ് ഉപയോഗത്തിന് തടസ്സമാകുന്നത്. ഉപ്പ് കളഞ്ഞ് ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കില്‍ ഇതിന് മുമ്പുതന്നെ പദ്ധതി യാഥാര്‍ഥ്യമായേനേ എന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍ കനത്തതോടെ നഗരത്തിന്‍െറ വിവിധ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. ചെറുകിട പദ്ധതിയെങ്കിലും തുടങ്ങി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. |
വിത്തനശ്ശേരി പ്രദേശത്ത് കവര്‍ച്ചയും അക്രമവും വ്യാപകം Posted: 20 Apr 2014 11:31 PM PDT നെന്മാറ: വിത്തനശ്ശേരി മേഖലയില്‍ കവര്‍ച്ചയും അക്രമവും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം എല്‍.പി സ്കൂളിന് സമീപം ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ബൈക്കുകളില്‍ പിന്തുടര്‍ന്ന് നാലുപേരടങ്ങിയ സംഘം തടഞ്ഞുനിര്‍ത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ബൈക്കില്‍നിന്ന് വീണ വീട്ടമ്മക്ക് കൈയ്ക്കും നെറ്റിയിലും പരിക്കേറ്റിരുന്നു. പൊലീസില്‍ അറിയിച്ചെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് വിത്തനശ്ശേരി ജങ്ഷനടുത്ത തട്ടുകട ഏതാനും പേര്‍ അഗ്നിക്കിരയാക്കി. ഏതാനും വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് പണവും ചില വീടുകളില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും പരാതിയുയര്‍ന്നു. ഇത് സംബന്ധിച്ച് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നെന്മാറ-വല്ലങ്ങി വേല ദിവസം വിത്തനശ്ശേരിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന്‍െറ ചില്ലും മറ്റും ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു. അക്രമികളെ പിടികൂടാന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സംഘം ഓടിമറയുകയായിരുന്നു. അക്രമം വ്യാപകമായതോടെ പ്രദേശത്തെ കുടുംബങ്ങള്‍ ഭീതിയിലാണ്. സംശയം തോന്നിയ ചിലരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി ചോദ്യം ചെയ്തെങ്കിലും കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടു. വിത്തനശ്ശേരി ഭാഗത്ത് പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. വിത്തനശ്ശേരിയിലെ ഉള്‍പ്രദേശങ്ങളിലും പട്രോളിങ് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ രാത്രി വീടുകളുടെ വാതിലില്‍ മുട്ടുകയും മറ്റും ചെയ്യുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിക്കാരും തൊഴിലാളികളും മറ്റും ഏറെയുള്ള വിത്തനശ്ശേരി ഭാഗത്ത് ഭൂരിഭാഗം പേരും ജോലി കഴിഞ്ഞ് രാത്രിയാണ് വീട്ടിലെത്താറ്. വയലുകളിലൂടെ നടന്ന് വീട്ടിലെത്തുന്നവരുമുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്രദേശങ്ങളില്‍ രാത്രി നിരീക്ഷണം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. തൃശൂര്‍-ഗോവിന്ദാപുരം പാതയുടെ വശത്തായി അര കിലോമീറ്ററോളം ഭാഗത്ത് കവര്‍ച്ചാശ്രമവും അക്രമവും വ്യാപകമായിട്ടുണ്ട്. |
ആക്കോട്–കോടിയമ്മല്‍ പ്രദേശം ഭൂമാഫിയയുടെ പിടിയില്‍ Posted: 20 Apr 2014 11:21 PM PDT വാഴക്കാട്: ആക്കോട് കോടിയമ്മല്‍ കുന്നിന്‍ പ്രദേശങ്ങളില്‍ ഭൂ മാഫിയ പിടിമുറുക്കി. ആക്കോട് കോടിയമ്മല്‍ റോഡില്‍ 50 ഏക്കറോളം വരുന്ന പാലപ്ര കുന്നിന്‍െറ പകുതി ഭാഗവും മണ്ണെടുക്കല്‍ നിമിത്തം ഇല്ലാതായി. പ്രദേശത്തെ രാഷ്ട്രീയ കക്ഷി നേതാക്കളെ സ്വാധീനിച്ചും പരിസ്ഥിതി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും മുന്നേറിക്കൊണ്ടിരിക്കുന്ന ചെങ്കല്‍ - മണ്ണ് ഖനനത്തിന് അധികൃതരുടെ അനുമതിയില്ലെന്നാണറിയുന്നത്. കുന്നിന്‍ചെരിവില്‍ താമസിക്കുന്ന ആറ്റുപുറത്ത് ബീപാത്തുമ്മ, നസീം, റഹ്മത്തലി, അഷ്റഫലി, ടി.സി. മുഹമ്മദ്, കുന്നഞ്ചീരി അബൂബക്കര്‍, സെയ്ത് ഉമ്മര്‍കോയ, ബാലകൃഷ്ണന്‍, സതീശ് ബാബു തുടങ്ങി നിരവധി പേരുടെ വീടുകള്‍ മണ്ണെടുപ്പിനെ തുടര്‍ന്ന് അപകട ഭീഷണിയിലാണ്. ആറ്റുപുറത്ത് ബീപാത്തുമ്മയുടെ വീടിന് പിറകിലായി പത്താള്‍ പൊക്കത്തില്‍ കൂറ്റന്‍കല്ലുകള്‍ താഴേക്ക് ഉരുണ്ട് വീഴാറായി നില്‍ക്കുന്നുണ്ട്. കോടിയമ്മല്‍ - പട്ടയില്‍ - കുഴിപ്പന പരിസ്ഥിതി സംരക്ഷണ സമിതി രൂപവത്കരിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും സ്ഥലത്തെ രാഷ്ട്രീയ നേതൃത്വം വിഷയത്തില്‍ അലംഭാവം കാണിക്കുകയാണ്. വാഴക്കാട് വില്ലേജ് ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇത് സംബന്ധമായി നാട്ടുകാരുടെ പരാതി നിലവിലുണ്ട്. സമീപ ഗ്രാമ പഞ്ചായത്തുകളില്‍നിന്ന് സര്‍വ സജ്ജരായി എത്തുന്ന ഭൂമാഫിയ പരിസ്ഥിതി പ്രവര്‍ത്തകരെയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ആക്കോട് - കോടിയമ്മല്‍ പ്രദേശങ്ങള്‍ക്ക് പുറമെ സമീപ പ്രദേശങ്ങളിലും കളിമണ്‍ ഖനനം നടക്കുന്നുണ്ട്. പരിസരവാസികളുടെ ചെറുത്തുനില്‍പ്പ് വകവെക്കാതെ ഖനനം തുടരുന്ന പക്ഷം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലേക്ക് ജനകീയ മാര്‍ച്ച് നടത്തുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ ടി.കെ. മുഹമ്മദ്, നസീം എന്നിവര്‍ പറഞ്ഞു. |
2ജി സ്പെക്ട്രം കേസ്: എ. രാജയുടെ മൊഴി മെയ് അഞ്ചിന് രേഖപ്പെടുത്തും Posted: 20 Apr 2014 11:21 PM PDT ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയുടെ മൊഴി മെയ് അഞ്ചിന് ഡല്‍ഹി പ്രത്യേക കോടതി രേഖപ്പെടുത്തും. രാജയെ കൂടാതെ പ്രതിപട്ടികയിലുള്ള മറ്റ് 16 പേരുടെയും മൊഴികളും കോടതി അന്നേ ദിവസം രേഖപ്പെടുത്തും. ഇതിനായി കേസ് പരിഗണിക്കുന്നത് മെയ് അഞ്ചിലേക്ക് കോടതി മാറ്റി. മുന്‍ കേന്ദ്രമന്ത്രി എ. രാജ, ഡി.എം.കെ നേതാവ് കനിമൊഴി, ടെലികോം കമ്പനികള്‍, ഉന്നത കോര്‍പറേറ്റ് മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്പെക്ട്രം അഴിമതി കേസില്‍ വിചാരണ 2011 നവംബര്‍ 11നാണ് ആരംഭിച്ചത്. മൂന്ന് ടെലികോം കമ്പനികള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട 17 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സ്പെക്ട്രം കേസ് വിചാരണ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടത്താന്‍ തീരുമാനിച്ചത്. |
കലേഷ് വധം: പ്രധാനപ്രതികള്‍ റിമാന്‍ഡില്‍ Posted: 20 Apr 2014 11:15 PM PDT കോതമംഗലം: കലേഷ് വധത്തിലെ പ്രധാനപ്രതികള്‍ റിമാന്‍ഡില്‍. സംഭവത്തില്‍ ഉള്‍പ്പെട്ട ന്യൂനപക്ഷ മോര്‍ച്ച ജില്ലാ നേതാവടക്കം അഞ്ചുപേര്‍ ഒളിവില്‍. പെസഹദിനത്തില്‍ കറുകടം മാവിന്‍ചുവട്ടില്‍ വെച്ചുണ്ടായ സംഘട്ടനത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ വധിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി കറുകടം പുത്തന്‍പുര അന്‍വര്‍ (25), രണ്ടും മൂന്നും പ്രതികളും അന്‍വറിന്‍െറ ബന്ധുക്കളുമായ ഇരട്ട സഹോദരങ്ങള്‍ സബ്ജഹാന്‍, ഷാജഹാന്‍ (18), കറുകടം മൂലംകുഴി കണ്ണന്‍ എന്ന അലക്സ് (25), കറുകടം ഇളമന ചളുക്ക് എന്ന അഖില്‍ (22) എന്നിവരെയാണ് കോതമംഗലം സി.ഐ ജി.ഡി. വിജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം മാങ്കുളത്തെ കൊക്കോ തോട്ടത്തില്‍നിന്ന് പിടികൂടിയത്. കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി കറുകടം റെജി എന്ന റെജി മാത്യു, വെണ്ടുവഴി മുളവൂര്‍ സ്വദേശികളായ ഷമീര്‍, മിര്‍ഷിദ്, മാങ്കുളം സ്വദേശി അഭിലാഷ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. കറുകടം മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഗുണ്ട-മണ്ണുമാഫിയ സംഘങ്ങള്‍ തമ്മിലെ നിരന്തര ഏറ്റുമുട്ടലുകളെ തുടര്‍ന്നാണ് പട്ടാപ്പകല്‍ കലേഷ് വധിക്കപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. മൂവാറ്റുപുഴ-കോതമംഗലം റൂട്ടിലെ വിശാലമായ പാടശേഖരം മണ്ണിട്ട് നികത്തുന്നതിന് കരാര്‍ ഉറപ്പിച്ച കറുകടം റെജിക്കെതിരെ കലേഷ് അധികൃതര്‍ക്ക് പരാതി നല്‍കിയതാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. റെജിയുടെ സംഘാംഗമായിരുന്ന കലേഷിനെ മാഫിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറിയുടെ പേരില്‍ സംഘത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബജ്റംഗ്ദള്‍ എന്ന സംഘടനയില്‍ ചേര്‍ന്ന കലേഷ് കറുകടം കേന്ദ്രീകരിച്ച് റെജിയുടെ സംഘത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തി. പലവട്ടം ഇരുകൂട്ടരും ഏറ്റുമുട്ടുകയും ഇതുസംബന്ധിച്ച കേസുകള്‍ ഉടലെടുക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപ വാഗ്ദാനം നല്‍കിയിട്ടും പാടംനികത്തുന്നതിനെതിരെയുള്ള നീക്കത്തില്‍നിന്ന് കലേഷ് പിന്മാറാന്‍ തയാറായില്ല. പെസഹദിനത്തില്‍ കറുകടം മാവിന്‍ചുവടില്‍ വെച്ച് അന്‍വറിന്‍െറ ബന്ധുക്കളായ ഇരട്ട സഹോദരങ്ങളും കലേഷും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രദേശത്തെ കടയുടെ താഴില്‍ മണ്ണ് വാരിനിറച്ചത് ഇരട്ട സഹോദരങ്ങളാണെന്ന് കലേഷ് പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത ഇരട്ടകളും കലേഷും തമ്മില്‍ വാക്കേറ്റത്തിനിടെ സുഹൃത്ത് കണ്ണന്‍െറ ബൈക്കിലെത്തിയ അന്‍വര്‍ ബൈക്കിന്‍െറ ക്രാഷ്ഗാര്‍ഡ് ഉപയോഗിച്ച് കലേഷിനെ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട് മൂവാറ്റുപുഴയിലെത്തിയ അന്‍വറും കണ്ണനും സുഹൃത്ത് മിര്‍ഷിദ് ഏര്‍പ്പാടാക്കിയ റെന്‍റ് എ കാറില്‍ മാങ്കുളത്തേക്ക് രക്ഷപ്പെട്ടു. ഇവരെ മാങ്കുളത്ത് എത്തിച്ച് വാഹനം തിരികെ എത്തിച്ച ഷമീര്‍, മാങ്കുളത്ത് ഒളിയിടം ഒരുക്കിയ അഭിലാഷ് എന്നിവരും കേസില്‍ പ്രതികളാണ്. പിടിയിലായ പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.പി സതീഷ് ബിനോയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ആന്‍റണി തോമസിന്‍െറ നേതൃത്വത്തില്‍ കോതമംഗലം സി.ഐ ജി.ഡി. വിജയകുമാര്‍, എസ്.ഐമാരായ സിബി മാത്യു, രാജു മാധവന്‍, ഉണ്ണികൃഷ്ണന്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സ്ക്വാഡായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിജോ, സിബി, ബിനു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. |
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ വറുതിയില്‍ Posted: 20 Apr 2014 11:02 PM PDT ആലപ്പുഴ: കടുത്ത അവഗണനയില്‍ പ്രതീക്ഷയറ്റ് കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍. വിളവെടുത്ത പുഞ്ചകൃഷിയുടെ നെല്‍വില ഇനിയും ലഭിക്കാത്തതാണ് ഏറ്റവും ഒടുവില്‍ കര്‍ഷകരെ വലക്കുന്നത്. സപൈ്ളകോ നെല്‍വില നല്‍കാന്‍ തയാറാകാത്തത് കര്‍ഷകരുടെ രണ്ടാംകൃഷിക്കുള്ള തയാറെടുപ്പുകളെ ബാധിച്ചിരിക്കുകയാണ്. കടംവാങ്ങിയും പണയംവെച്ചുമൊക്കെയാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ ഓരോ കൃഷിയും ഇറക്കുന്നത്. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്‍വില യഥാസമയം ലഭിച്ചില്ലെങ്കില്‍ സാധാരണ കര്‍ഷകരുടെ ജീവിതം തന്നെ താളംതെറ്റും. എന്നാല്‍, ഇത് കണക്കിലെടുത്ത് കര്‍ഷകരെ സംരക്ഷിക്കാനും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമുള്ള ഒരു നടപടിയും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വലിയ പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ കുട്ടനാട്ടില്‍ പുഞ്ചകൃഷി പൂര്‍ത്തിയായത്. വിതക്കുന്നതിനും കൊയ്യുന്നതിനുമൊന്നും നിശ്ചിത സമയമോ കാര്‍ഷിക കലണ്ടറോ ഒന്നുമില്ലാതെയാണ് ഇപ്പോഴും കുട്ടനാട്ടില്‍ കൃഷി നടക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച പുഞ്ചകൃഷി വിളവെടുപ്പ് ഇപ്പോഴും തുടരുകയാണ്. മേയ് അവസാനത്തോടെ മാത്രമേ ഇത് പൂര്‍ത്തിയാകു എന്നതാണ് സ്ഥിതി. ഇതിനിടെ തെക്കന്‍ മേഖലകളില്‍ തകര്‍ന്ന ഓരുമുട്ടുകള്‍ വഴി ഉപ്പുവെള്ളം കയറി ഏക്കറുകണക്കിന് കൃഷി നശിച്ച് ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി. കടുത്ത വരള്‍ച്ചയും വലിയൊരു ഭാഗത്ത് കൃഷിനാശത്തിന് വഴിവെച്ചു. ഏറ്റവും ഒടുവില്‍ വേനല്‍മഴയിലും വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊയ്ത്തുയന്ത്രങ്ങളുടെ ലഭ്യതക്കുറവുമൂലം യഥാസമയം കൊയ്ത്ത് നടത്താന്‍ കഴിയാത്തതാണ് മറ്റൊരു പ്രശ്നം. കുട്ടനാട് പാക്കേജില്‍ കൃഷിവകുപ്പ് 193 കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ഇതില്‍ പകുതിപോലും പ്രവര്‍ത്തനക്ഷമമല്ല. തമിഴ്നാട്ടില്‍നിന്ന് മുന്നൂറിലേറെ യന്ത്രങ്ങളാണ് കൊയ്ത്തിന് കുട്ടനാട്ടില്‍ എത്തിച്ചിരുന്നത്. ഇതില്‍ നല്ലഭാഗം യന്ത്രങ്ങളും തിരിച്ചുപോയിക്കഴിഞ്ഞു. ആവശ്യമായ സ്ഥലങ്ങളില്‍ യഥാസമയം യന്ത്രം ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. യഥാസമയം കൊയ്ത്ത് നടത്താത്തതുമൂലം വിളവില്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ സഹിക്കേണ്ടിവരുന്നത്. ഈ നിലയില്‍ നഷ്ടങ്ങള്‍ സഹിച്ച് വിളവെടുപ്പ് നടത്തിയശേഷവും നല്‍കിയ നെല്ലിന് യഥാസമയം വില ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒഴിഞ്ഞുമാറുകയാണ്. ഓരോ കൃഷിയിലും കര്‍ഷകര്‍ ഏറെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. വെള്ളപ്പൊക്കവും വരള്‍ച്ചയും മൂലം ഓരോവര്‍ഷവും കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും കണക്കെടുപ്പ് നടത്തി നഷ്ടം തിട്ടപ്പെടുത്തുന്നതല്ലാതെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും സര്‍ക്കാര്‍ ജാഗ്രത കാട്ടുന്നില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മടവീഴ്ചയുണ്ടായ പല പാടശേഖരങ്ങളും സ്വന്തം ചെലവിലാണ് മടകുത്തി കൃഷിയിറക്കിയത്. ലക്ഷങ്ങള്‍ മുടക്കി ചെയ്ത ജോലികള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും ചെയ്യാത്തതിനാല്‍ കര്‍ഷകര്‍ വലിയ കടക്കെണിയിലാണ്. ഇതിന്‍െറയൊക്കെ ഭാരം ചുമക്കേണ്ടിവരുന്നതും കര്‍ഷകരാണ്. മടവീഴ്ച ഉണ്ടായ മീതപള്ളി പാടത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ ഒരേക്കറിന് 5000രൂപ എന്ന നിലയിലാണ് കര്‍ഷകരില്‍ നിന്ന് പാടശേഖര കമ്മിറ്റി ഈടാക്കുന്നത്. ഇത്തരത്തില്‍ നിരവധി പാടശേഖരങ്ങള്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും കഷ്ടപ്പെട്ട് വിളയിച്ചെടുത്ത നെല്ലിന്‍െറ വില ലഭിക്കാത്തത് കര്‍ഷകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. വിള ഇന്‍ഷുറന്‍സിന്‍െറ പേരിലും ബാങ്കുകളും മറ്റും ചേര്‍ന്ന് കുട്ടനാട്ടിലെ കര്‍ഷകരെ കൊള്ളയടിക്കുകയാണ്. വായ്പ എടുക്കുന്നവരില്‍നിന്ന് നിര്‍ബന്ധമായി പ്രീമിയം പിടിച്ചെടുക്കുന്ന ബാങ്കുകള്‍ വലിയ നഷ്ടം അനുഭവിക്കേണ്ടിവരുന്ന സമയങ്ങളില്‍ പോലും ചെറിയ സഹായം പോലും കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടനാട് പാക്കേജിന്‍െറ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. പാക്കേജിന്‍െറ ഭാവി എന്താകുമെന്ന കാര്യത്തില്‍ സര്‍ക്കാറിനും വ്യക്തമായ വിശദീകരണമില്ല. ഇതിനിടയില്‍ മുമ്പ് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ പോലും കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. |
ജില്ലയില്‍ 11.48 കോടിയുടെ നഷ്ടം; മുന്‍കാല നഷ്ടപരിഹാരമില്ലാതെ കര്‍ഷകര്‍ Posted: 20 Apr 2014 10:51 PM PDT കല്‍പറ്റ: ഇപ്രാവശ്യത്തെ വേനല്‍മഴയില്‍ ഇതുവരെ ജില്ലയില്‍ 11.48 കോടി രൂപയുടെ നഷ്ടമെന്ന് കണക്ക്. കൃഷിവകുപ്പിന്‍െറയും കണ്‍ട്രോള്‍ റൂമുകളുടെയും ബുധനാഴ്ചവരെയുള്ള കണക്കാണിത്. കാറ്റിലും മഴയിലും 11,13,89,800 രൂപയുടെ കൃഷിനാശമാണുണ്ടായത്. സര്‍ക്കാര്‍ നിശ്ചയിച്ച ചുരുങ്ങിയ നഷ്ട പരിഹാരതുക തന്നെ കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കുന്നുമില്ല. ജില്ലയില്‍ ഇഞ്ചി കൃഷി ഒഴികെ വിവിധ വിളകള്‍ക്ക് കഴിഞ്ഞകാലങ്ങളിലുള്ള നഷ്ടപരിഹാര തുക 2011 മുതല്‍ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 12 കോടിയിലധികം രൂപ ഈയിനത്തില്‍ നിലവില്‍ നല്‍കാനുണ്ട്. ഇഞ്ചി കൃഷിക്കാകട്ടെ നഷ്ടപരിഹാര തുകയായ 12 കോടിയില്‍ ആറുകോടി മാത്രമാണ് ഇതുവരെ നല്‍കിയത്. ഇതിനുപുറമെയാണ് ഇപ്പോഴുണ്ടായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം. ഇതിനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. വേനല്‍മഴയില്‍ ഇതുവരെ വീടുകള്‍ തകര്‍ന്ന് ജില്ലയില്‍ 35 ലക്ഷത്തിന്‍െറ നാശമുണ്ടായി. അതേസമയം, വൈദ്യുതി ലൈന്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകിയും മറ്റുമുണ്ടായ നഷ്ടം ഇതില്‍പെടുന്നില്ല. വയനാട്ടിലെ 25 പഞ്ചായത്തുകളിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. കുലച്ച വാഴ 3,45,950, കുലക്കാത്തത് 1,00,250, കമുക് 6000, തെങ്ങ് 660, റബര്‍ ടാപ്പ് ചെയ്യുന്നത് 7645, തൈ റബര്‍ 550, കുരുമുളക് ചെടികള്‍ 9000 എന്നിങ്ങനെ നശിച്ചുവെന്നാണ് ഏപ്രില്‍ 16 വരെയുള്ള കണക്ക്. മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളിലായി 200ഓളം വീടുകള്‍ ഭാഗികമായും ഒമ്പതെണ്ണം പൂര്‍ണമായും തകര്‍ന്നു. 20 ഏക്കര്‍ പച്ചക്കറി കൃഷി, നാലര ഏക്കര്‍ നെല്‍കൃഷി എന്നിവയും നശിച്ചു. എന്നാല്‍, കൃഷിക്ക് ചുരുങ്ങിയ നഷ്ട പരിഹാരമാണ് സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നത്. വാഴ കുലച്ചതിന് 100 രൂപ, കുലക്കാത്തതിന് 70 രൂപ, റബര്‍ 300 രൂപ, തൈ റബര്‍ 200 രൂപ, കമുക് 200 രൂപ, തെങ്ങ് 750 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര തുക. വളങ്ങള്‍, പരിപാലനം തുടങ്ങിയ ഇനങ്ങളിലായി ഇതിനെക്കാള്‍ കൂടുതല്‍ തുക കര്‍ഷകര്‍ക്ക് ചെലവാകുന്നുണ്ട്. അതേസമയം, ഔദ്യാഗിക കണക്കുകളെക്കാള്‍ ഏറെ കൂടുതലാണ് യഥാര്‍ഥ നാശനഷ്ടമെന്ന് കര്‍ഷകരും വിവിധ സംഘടനകളും പറയുന്നു. ബത്തേരി താലൂക്കില്‍ വീടുകള്‍ക്ക് നാശം സുല്‍ത്താന്‍ ബത്തേരി: വേനല്‍മഴയില്‍ ബത്തേരി താലൂക്കില്‍ 150ഓളം വീടുകള്‍ക്ക് നാശമുണ്ടായി. മീനങ്ങാടി പഞ്ചായത്തിലെ ചൂതുപാറ, പന്നിമുണ്ട, അപ്പാട്, നെടിയഞ്ചേരി, കൊങ്ങിയമ്പം എന്നിവിടങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങളുണ്ടായത്. ഈ ഭാഗങ്ങളില്‍ ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് അപ്പാട് നെടിയഞ്ചേരി ഭാഗങ്ങളിലാണ്. ഇവിടെ മൂന്ന് വീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രദേശങ്ങള്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, തഹസില്‍ദാര്‍ പ്രേംരാജ്, എസ്.ടി.ഒ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. റവന്യൂ, കാര്‍ഷിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെ താലൂക്ക് അടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുത്ത് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. |
No comments:
Post a Comment