സ്വാഗതം
WELCOME

News Update..

Thursday, April 3, 2014

തിളയ്ക്കുന്ന വേനലിലും തളരാതെ Madhyamam News Feeds

തിളയ്ക്കുന്ന വേനലിലും തളരാതെ Madhyamam News Feeds

Link to

തിളയ്ക്കുന്ന വേനലിലും തളരാതെ

Posted: 03 Apr 2014 12:03 AM PDT

തിരുവനന്തപുരം: വേനല്‍ചൂടിന്‍െറ കാഠിന്യത്തിനൊപ്പം പ്രചാരണച്ചൂടും കൊടുമ്പിരിക്കൊണ്ടു. പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പരക്കംപാച്ചിലില്‍.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ശശിതരൂര്‍ കോവളം നിയോജകമണ്ഡലത്തില്‍ രണ്ടാംഘട്ടപര്യടനം നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാം ബീമാപള്ളി ഉറൂസിലും പാളയം ഇമാമിനെയും കഴക്കൂട്ടത്ത് വോട്ടര്‍മാരെയും നേരില്‍കണ്ടു. ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ കഴക്കൂട്ടം മണ്ഡലത്തില്‍ പര്യടനം നടത്തി.
ശശി തരൂരിന്‍െറ കോവളത്തെ രണ്ടാംഘട്ട പര്യടനം പൂവാറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. സാമുദായിക വികാരം ഉണര്‍ത്തി തിരുവനന്തപുരത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം വന്‍വികസനത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പൂവാര്‍ മണ്ഡലം പ്രസിഡന്‍റ് എന്‍. ആര്‍. സോമന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍മന്ത്രി എം. ആര്‍.രഘു ചന്ദ്രപാല്‍, മുന്‍ എം.എല്‍.എ ജോര്‍ജ് മെഴ്സിയര്‍, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മര്യാപു രം ശ്രീകുമാര്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍, പൂവാര്‍ ഷാഹുല്‍, പി.കെ. സാംദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞിരംകുളം ബ്ളോക്കിലെ കാഞ്ഞിരംകുളം, പൂവാര്‍, കരുംകുളം, വിഴിഞ്ഞം പഞ്ചായത്തുകളിലായിരുന്നു പര്യടനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാമിന്‍െറ പ്രചാരണപരിപാടി പാങ്ങോട്ട് മുന്‍മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അഴിമതിയിലൂടെയും കുംഭകോണത്തിലൂടെയും സമാഹരിച്ച കള്ളപ്പണം ഒഴുക്കി വോട്ടുനേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 2004 ലെ ചരിത്രം തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടന്ന് ബീമാപള്ളി ഉറൂസിന്‍െറ കൊടിയേറ്റത്തില്‍ പങ്കെടുത്തു. പാളയം ഇമാമിനെയും കൈരളി ടി.വിയില്‍ ജീവനക്കാരുടെ സ്വീകരണത്തിലും പങ്കെടുത്തു.
കഴക്കൂട്ടം ജങ്ഷനില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട ് വോട്ടഭ്യര്‍ഥിച്ചു. ബിഷപ് പെരേറ ഹാളില്‍ ഇടയസംഗമത്തില്‍ പങ്കെടുത്തു. വൈകുന്നേരം ശ്രീകാര്യം ജങ്ഷനില്‍ വോട്ടര്‍മാരെ നേരില്‍കണ്ടു. അധ്യാപകരുടെ ഒത്തുചേരലില്‍ പങ്കെടുത്തു.ബെനറ്റ് എബ്രഹാമിന്‍െറ രണ്ടാംഘട്ട പ്രചാരണം ഇന്ന് ആരംഭിക്കും. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വട്ടവിളയില്‍ രാവിലെ എട്ടിന് വട്ടവിളയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ഉദ്ഘാടനം ചെയ്യും. പര്യടനം വൈകുന്നേരം ഏഴോടെ പഴയ ഉച്ചക്കടയില്‍ സമാപിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്‍െറ രണ്ടാംഘട്ട പ്രചാരണപരിപാടി കരിക്കകം ക്ഷേത്രനടയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
ഒ. രാജഗോപാല്‍ ഇന്ന് നെയ്യാറ്റിന്‍കരയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് കാരോട് പഞ്ചായത്തിലെ പുളിമൂട്ട് കടയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.

അടുക്കള പൂട്ടിച്ച് സ്ത്രീകളെ സമരത്തിനിറക്കിയതിന്‍െറ ഉത്തരവാദിത്തം യു.പി.എ സര്‍ക്കാറിനെന്ന്

Posted: 02 Apr 2014 11:56 PM PDT

പത്തനംതിട്ട: വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതിരുന്ന യു.പി.എ സര്‍ക്കാര്‍ അടുക്കള പൂട്ടിച്ച് സ്ത്രീകളെ സമരത്തിലെത്തിച്ചതായി ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് നിര്‍മലാദേവി ടീച്ചര്‍.
എന്നാല്‍ വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്നും ഇതിന്‍െറ ഫലമാണ് നമ്മളും അനുഭവിക്കുന്നതെന്നും ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ സ്റ്റെല്ല തോമസ്.
പത്തനംതിട്ട പ്രസ് ക്ളബിന്‍െറ നേതൃത്വത്തില്‍ നടത്തിയ 'സ്ത്രീപക്ഷം' തെരഞ്ഞെടുപ്പ് സംവാദമാണ് ചൂടേറിയ ചര്‍ച്ചക്ക് ഇടമായത്. വിലക്കയറ്റമായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം. സ്ത്രീകളെ സംബന്ധിക്കുന്ന സ്ത്രീസുരക്ഷ, സ്ത്രീ സംവരണം തുടങ്ങിയ വിഷയം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
സ്ത്രീ സുരക്ഷക്കായി ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് യു.പി.എ ഭരണകാലത്താണെന്ന് സ്റ്റെല്ലാ തോമസ് പറഞ്ഞു.
ഒന്നാം യു.പി.എ സര്‍ക്കാരിന്‍െറ കാലത്താണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് യു.ഡി.എഫിനാണ്. സ്ത്രീകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സ്ത്രീവോട്ടുകള്‍ കൂടുതല്‍ ലഭിക്കാന്‍ ഇടയാക്കിയത്.
അടിക്കടിയുള്ള വിലക്കയറ്റം സ്ത്രീകളെയാണ് ഏറെ ബാധിച്ചതെന്ന് നിര്‍മലാദേവി ടീച്ചര്‍ പറഞ്ഞു. 530 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. പല കുടുംബങ്ങളും പട്ടിണിയിലാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്‍െറ കൈയില്‍ മാന്ത്രിക വടിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സ്ത്രീ സംവരണം രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പുരുഷാധിപത്യ സമൂഹമാണ് നമ്മുടേതെന്നും നിര്‍മലാദേവി പറഞ്ഞു.യു.പി.എ സര്‍ക്കാറിന്‍െറ ഭരണത്തില്‍ ജനം അനുഭവിച്ച ദുര്‍ഗതി മറക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ശോഭന അച്യുതന്‍ പറഞ്ഞു.
പ്രസ്ക്ളബ് ഭാരവാഹികളായ ബിജു കുര്യന്‍ സ്വാഗതവും പ്രഹ്ളാദന്‍ നന്ദിയും പറഞ്ഞു.

നിരീക്ഷിച്ചത് യുവതിയുടെ അറിവോടെയെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Posted: 02 Apr 2014 11:53 PM PDT

Image: 

ന്യൂഡല്‍ഹി: യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ പുതിയ വാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍. യുവതിയുടെ അറിവോടെയാണ് നിരീക്ഷിച്ചതെന്നും ഐ.എ.എസ് ഒഫീസര്‍ പ്രദീപ് ശര്‍മയില്‍ നിന്നും യുവതിക്ക് ഭീഷണി ഉണ്ടായിരുന്നതിനാലാണ് നിരീക്ഷിച്ചതെന്നും ഇതില്‍ അവര്‍ കൃതഞ്ജത അറിയിച്ചതായും സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.  ശര്‍മക്ക് യുവതിയുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ടെലഫോണ്‍ സംഭാഷണത്തിന്‍റെ പകര്‍പ്പ് സീല്‍ വെച്ച കവറില്‍ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ മോദി ഭരണകൂടം യുവതിയെ നിരീക്ഷിച്ച സംഭവം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പ്രദീപ്ശര്‍മയും കോടതിയെ സമീപിച്ചിരുന്നു.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡി രംഗത്തുവരാന്‍ തുടങ്ങിയതിന്‍റെ ആരംഭത്തില്‍ വിവാദമായ സംഭവം ബി.ജെ.പിയെ ഏറെ പ്രതിരോധത്തില്‍ ആഴ്ത്തിയിരുന്നു. ഇതോടെ സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിരുന്നു.

ഗുജറാത്തിലെ ബുജ് സ്വദേശിനിയായ യുവതിയെ 2008 ഓഗസ്റ്റ് ഒന്നു മുതല്‍ ഒരു വര്‍ഷം മോദിക്ക് വേണ്ടി അമിത്ഷായുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന വാര്‍ത്ത ഗുലൈല്‍ ഡോട്ട് കോമാണ് പുറത്തു വിട്ടത്. മോദി യുവതിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങളും യുവതി ഉപയോഗിച്ചിരുന്ന ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിവരങ്ങളും ഗുലൈല്‍ പുറത്തുകൊണ്ടു വന്നിരുന്നു.

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കം അന്തിമഘട്ടത്തില്‍

Posted: 02 Apr 2014 11:52 PM PDT

തൊടുപുഴ: ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കം അന്തിമ ഘട്ടത്തിലെത്തിയതായി കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം പൂര്‍ത്തിയായി. ഏഴ് നിയോജക മണ്ഡലത്തിലായി 1145 ബൂത്തിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവരുടെ രണ്ടാംഘട്ട പരിശീലനം വ്യാഴാഴ്ച അവസാനിക്കും.
ജില്ലയില്‍ 1102 പ്രിസൈഡിങ് ഓഫിസര്‍മാരെയും 1124 ഒന്നാം പോളിങ് ഓഫിസര്‍മാരെയും 1151 രണ്ടാം പോളിങ് ഓഫിസര്‍മാരെയും 1229 മൂന്നാം പോളിങ് ഓഫിസര്‍മാരെയും 310 റിസര്‍വ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ 4916 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിച്ചിരിക്കുന്നത്. ഇതുവരെ വിവിധ കാരണങ്ങളാല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് നാല്, അഞ്ച് തീയതികളില്‍ അതത് സ്ഥലങ്ങളിലും സമയത്തും പ്രത്യേക പരിശീലനം നല്‍കും.
തുടര്‍ന്ന് മൈക്രോ ഒബ്സര്‍വര്‍മാരുടെ പരിശീലനം നടക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് ഈ പരിശീലനം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങള്‍ക്കായി ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ ആര്‍. രാമമൂര്‍ത്തിയെ ചുമതലപ്പെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യം ഉണ്ടായാല്‍ ഇദ്ദേഹത്തെ ബന്ധപ്പെടാം. 25,000 രൂപ വരെയുള്ള അടിയന്തര ചികിത്സ സഹായം നല്‍കുന്നതിന് ഇദ്ദേഹത്തിന് അധികാരമുണ്ട്. അതോടൊപ്പം ഏതെങ്കിലും കാരണത്താല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പില്‍ വിവിധ ബൂത്തുകളില്‍ ഉപയോഗിക്കുന്ന ബാലറ്റ് യൂനിറ്റുകളുടെയും കണ്‍ട്രോള്‍ യൂനിറ്റുകളുടെയും തരംതിരിക്കല്‍ പൂര്‍ത്തിയായി.
കമ്പ്യൂട്ടര്‍ സഹായത്തോടെയായിരുന്നു തരംതിരിക്കല്‍. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഹരിഹര്‍ മല്ലിക്കിന്‍െറ നേതൃത്വത്തില്‍ ഒരുക്കത്തിന്‍െറ പുരോഗതി ദിവസന്തോറും വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍െറ ചെലവ് നിരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്രീതം ദത്തയാണ്. ജില്ലയില്‍ മൊത്തം 1157419 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 577945 പുരുഷന്മാരും 579474 സ്ത്രീകളും ഉള്‍പ്പെടും. ഈ വര്‍ഷം 74815 പേരാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബൂത്തുകള്‍, ക്രമനമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറേറ്റ്, താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിവരങ്ങള്‍ അറിയാം. കൂടാതെ ബ്ളോക് ലെവല്‍ ഓഫിസര്‍മാരുടെയും വില്ലേജ് ഓഫിസര്‍മാരുടെയും സേവനം ഇതിനായി വിനിയോഗിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകം കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. 04862-233040 നമ്പറിലും വോട്ടര്‍മാര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാം. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങളില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂവാറ്റുപുഴ-നിര്‍മല ഹൈസ്കൂള്‍, കോതമംഗലം-മാര്‍ അത്തനേഷ്യസ് കോളജ്, ദേവികുളം-ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍, ഉടുമ്പന്‍ചോല-മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ- ന്യൂമാന്‍ കോളജ്, ഇടുക്കി-ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാഴത്തോപ്പ്, പീരുമേട്-മരിയഗിരി ഇ.എം.എച്ച്.എസ്.എസ് എന്നിവയാണ് വിതരണ കേന്ദ്രങ്ങള്‍. പൊലീസ് സുരക്ഷാ ഭാഗമായി ജില്ലയിലുള്ള പൊലീസ് സേനക്ക് പുറമെ ജില്ലക്ക് പുറത്തുനിന്ന് ആയിരത്തിലധികം പൊലീസുകാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷാക്രമീകരണത്തിനായി കേന്ദ്രസേനയെ നിയോഗിക്കും. ഇരട്ട വോട്ടിങ് തടയുന്നതിന്‍െറ ഭാഗമായി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാമറ സഹിതം പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യു.ഡി.എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനില്‍കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

Posted: 02 Apr 2014 11:46 PM PDT

മണിമല: ആന്‍േറാ ആന്‍ണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യു.ഡി.എഫ് മണിമല പഞ്ചായത്തു കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.
ഇതോടെ കണ്‍വെന്‍ഷന്‍ അവസാനിപ്പിച്ച് നേതാക്കള്‍ സ്ഥലം വിട്ടു. കറിക്കാട്ടൂര്‍ പെന്‍ഷന്‍ ഭവനില്‍ ബുധനാഴ്ച 11.30നായിരുന്നു സംഭവം.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്‍െറ ഭാഗമായ മണിമലയിലെ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. മണിമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസിലെ ഏതാനും അംഗങ്ങളും കേരള കോണ്‍ഗ്രസ് അംഗങ്ങളും ഒത്തു ചേര്‍ന്ന് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നതിന് ജില്ലാനേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടും ഇത് പാലിക്കാതെ അവിശ്വാസ പ്രമേയം പാസാക്കി. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ഇവര്‍ക്ക് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവരെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരിച്ചെടുക്കാമെന്നും ഇവര്‍ക്കെതിരെ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നതായി പറയുന്നു. ബുധനാഴ്ച യോഗത്തിലെത്തിയ ഇവരോട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം സംഘട്ടനത്തിലേക്ക് കടന്നതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.

ആന്‍റണിയുടെ ആദര്‍ശം കടലില്‍ പോയി –വൃന്ദ കാരാട്ട്

Posted: 02 Apr 2014 11:40 PM PDT

വടക്കാഞ്ചേരി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷതയുടെ പാത പിന്നിടുന്നത് ഇടതുപക്ഷം മാത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആലത്തൂര്‍ ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ബിജുവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായ ഓട്ടുപാറ- വടക്കാഞ്ചേരി ലോക്കല്‍ കമ്മിറ്റി റാലിയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അഴിമതിയും കൊള്ളയും അക്രമവും വിലക്കയറ്റവും പതിവ് പരിപാടിയാക്കിയതാണ് കോണ്‍ഗ്രസിന്‍െറ നേട്ടം. ആര്‍.എസ്.എസ്- ബജ്റഗ്ദള്‍ തുടങ്ങിയ ജനവിരുദ്ധ വര്‍ഗീയ ശക്തികളെ മുഖംമൂടി അണിയിച്ച് നിര്‍ത്തിയതാണ് ബി.ജെ.പിയുടെ രീതി. ഇവ രണ്ടും ചെന്നെത്തുന്നത് ഒരു ദിശയിലേക്കാണെന്ന് അവര്‍ പറഞ്ഞു.
1994ല്‍ ധാര്‍മികതയുടെ പേരില്‍ ഉന്നതാധികാര കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച എ.കെ. ആന്‍റണിയുടെ ധാര്‍മികത ടുജി സ്പെക്ട്രം- കല്‍ക്കരി കുംഭകോണം തുടങ്ങി യു.പി.എ സര്‍ക്കാറില്‍ കോടികളുടെ അഴിമതി നടന്നപ്പോള്‍ അറബിക്കടലില്‍ പതിച്ചെന്ന് അവര്‍ പരിഹസിച്ചു. യു.പി.എയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി ആന്‍റണി ഇറങ്ങിയിട്ടുണ്ട്. വിമാനാപകടങ്ങളും കപ്പല്‍ ദുരന്തങ്ങളുമാണ് പ്രതിരോധമന്ത്രിയുടെ വകുപ്പില്‍.
ഭക്ഷ്യമന്ത്രി കെ.വി. തോമസിന്‍െറ വകുപ്പ് സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യം എലികള്‍ തിന്ന് തടിച്ചുകൊഴുക്കുന്നു. എന്നിട്ടും അവ സാധാരണക്കാര്‍ക്ക് നല്‍കുന്നില്ല. എ.പി.എല്‍ -ബി.പി.എല്‍ ഭേദമില്ലാതെ കുടുംബത്തിന് 35 കി. ഗ്രാം അരി, അങ്കണവാടി -ആശാവര്‍ക്കര്‍ എന്നിവര്‍ക്ക് പ്രതിമാസം 10,000 രൂപ വേതനം എന്നീ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഇടതുപക്ഷ പ്രകടനപത്രിക. കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കുമെന്ന് വൃന്ദ കാരാട്ട് അവകാശപ്പെട്ടു.
സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എം.എ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ബാബു എം. പാലിശേരി, എ.കെ. ബാലന്‍, സി.പി.എം ഏരിയാ സെക്രട്ടറി സേവ്യര്‍ ചിറ്റിലപ്പിള്ളി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.ആര്‍. സോമനാരായണന്‍, എന്‍.ആര്‍. ബാലന്‍, എ. പത്മനാഭന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, അഡ്വ. എം.എസ്. സ്കറിയ, പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചെറിയരീക്കാമലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ സമരത്തിന്

Posted: 02 Apr 2014 11:33 PM PDT

ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ചെറിയരീക്കാമലയില്‍ സര്‍ക്കാര്‍ മിച്ചഭൂമിയിലെ അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ സമരത്തിന്. 300ലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിയും ക്രഷറും ജനജീവിതത്തിന് ഭീഷണിയായിട്ടും അധികൃതര്‍ ക്വാറിക്കാര്‍ക്ക് ഒത്താശ ചെയ്തതായി നാട്ടുകാര്‍ ആരോപിക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍ക്കാര്‍ മിച്ചഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്വാറി പരിസരത്തായി സ്കൂളും നിരവധി വീടുകളുമുണ്ട്. രാപ്പകല്‍ ഭേദമന്യെ വന്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ പ്രദേശവാസികള്‍ തീരാദുരിതത്തിലാണ്. സ്ഫോടക വസ്തുക്കള്‍ ക്വാറിയില്‍ ഉപയോഗിക്കുന്നതിനാല്‍ പ്രദേശത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കിണറുകളില്‍ വെള്ളം വറ്റി. നേരത്തേ പലതവണ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം കൂടിയാണിത്.
അനധികൃത ക്വാറിക്കും ക്രഷറിനും ഏരുവേശ്ശി പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. പഞ്ചായത്തിന്‍െറ ലൈസന്‍സോ സ്ഫോടക ശേഖരത്തിനും ഉപയോഗത്തിനുമുള്ള പൊലീസ് ലൈസന്‍സോ ക്വാറിക്കില്ലെന്നിരിക്കെ ഏരുവേശ്ശി വില്ലേജോഫിസിലെ ചിലരുടെ ഒത്താശയിലാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു.
സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത 3.85 ഏക്കറില്‍പെട്ട 1.85 ഏക്കറിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. റവന്യൂ ജിയോളജി വകുപ്പുകളിലെ ചിലര്‍ ചേര്‍ന്ന് അനധികൃത ക്വാറിക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തളിപ്പറമ്പ് തഹസില്‍ദാര്‍, ഏരുവേശ്ശി വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കി. ക്വാറി പ്രവര്‍ത്തനം തടയുന്നില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ ജോണ്‍ജോസ് തുണ്ടത്തില്‍ പറഞ്ഞു.

വിജയം അവകാശപ്പെട്ട് ഇരു മുന്നണി സ്ഥാനാര്‍ഥികളും

Posted: 02 Apr 2014 11:28 PM PDT

കൊച്ചി: പ്രചാരണം അവസാനിക്കാന്‍ ഇനി ഏഴു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇരു മുന്നണി സ്ഥാനാര്‍ഥികളും വിജയം അവകാശപ്പെട്ട് രംഗത്ത്.
മികച്ച ഭൂരിപക്ഷത്തിന് എറണാകുളത്ത് വിജയിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ ഇത്തവണ എറണാകുളം ഇടത്തോട്ടു ചായുമെന്നാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിലെ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരില്‍ യു.ഡി.എഫ് ആഭിമുഖ്യം പ്രകടമാണെന്നും പ്രമുഖ നേതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍, എറണാകുളത്തെ ഒരു വലത് ആഭിമുഖ്യമുള്ള മണ്ഡലമായി കാണാന്‍ കഴിയില്ലെന്നാണ് ഇടത് വിലയിരുത്തല്‍. ഇതിനായി മുന്‍കാല രാഷ്ട്രീയ സാധ്യതകളും എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ വി. വിശ്വനാഥമേനോനും സ്വതന്ത്രരായി സേവ്യര്‍ അറക്കലും ഡോ. സെബാസ്റ്റ്യന്‍ പോളും ജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണ സിന്ധു ജോയി കീഴടങ്ങിയത് കെ.വി. തോമസിനെ വിറപ്പിച്ചുകൊണ്ടാണെന്നും ഭൂരിപക്ഷം 11,000ത്തില്‍ താഴെയായിരുന്നുവെന്നും ഇടത് നേതാക്കള്‍ പറയുന്നു.
നിയമസഭ മണ്ഡലങ്ങള്‍ പുന$ക്രമീകരിച്ച ശേഷം എറണാകുളം ഇരു മുന്നണികള്‍ക്കും തുല്യ സാധ്യതകള്‍ അവശേഷിപ്പിക്കുന്നു. ആലുവ ഇപ്പോഴില്ല. പറവൂര്‍ പുതുതായി ചേര്‍ക്കപ്പെട്ടു. സിന്ധു ജോയിയുടെ മുന്നേറ്റത്തെ ഇതും തുണച്ചിട്ടുണ്ട്.
കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടായിരുന്നപ്പോഴായിരുന്നു കെ.വി. തോമസിന്‍െറ മോശം പ്രകടനമെന്നാണ് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്താകമാനം യു.പി.എ വിരുദ്ധ വികാരമുണ്ടെന്നും ഡല്‍ഹിയിലെ തിരിച്ചടി രാജ്യത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇടത് നേതാക്കള്‍ വ്യക്തമാക്കി. വിലവര്‍ധനയും അഴിമതിയുമാണ് ദേശീയ തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. യു.പി.എ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പോലും ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കും. എറണാകുളം പോലെ മിഡില്‍ ക്ളാസ്, ന്യൂജനറേഷന്‍ വോട്ടര്‍മാര്‍ പ്രധാന സ്വാധീനശക്തിയായ മണ്ഡലങ്ങളില്‍ ഈ തിരിച്ചടി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. നഗരത്തിലെ നാല് ഫൈ്ളഓവറുകള്‍ കെ.വി.തോമസ് പ്രചാരണ ആയുധമാക്കുമ്പോള്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്‍െറ വ്യക്തിത്വവും അനുഭവസമ്പത്തും വോട്ടര്‍മാര്‍ക്ക് ആകര്‍ഷകമായിട്ടുണ്ടെന്നാണ് എല്‍.ഡി.എഫിന്‍െറ വിലയിരുത്തല്‍. പേഴ്സനാലിറ്റി വോട്ടുകള്‍ ക്രിസ്റ്റിക്ക് വേണ്ടുവോളം ലഭിക്കാനാണ് സാധ്യതയെന്നും 'വൈ ക്രിസ്റ്റി' പ്രചാരണം ഏറെ ഫലപ്രദമായെന്നും ഇടതുമുന്നണി പറയുന്നു. അതേസമയം നമ്മളറിയാത്ത ക്രിസ്റ്റി എന്ന പ്രൊഫൈല്‍ പ്രചാരണവും.
ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ഥിയാക്കിയതിലെ യുക്തി വിശ്വാസ്യയോഗ്യമാകുംവിധം വിശദീകരിക്കാന്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും കഴിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
എല്‍.ഡി.എഫിന് ഇപ്രാവശ്യം വോട്ടുചോര്‍ച്ച ഭീഷണിയില്ല. ബി.ജെ.പി ശക്തമായ മത്സരം നല്‍കുന്നതിനാല്‍ അവിടെയും വോട്ടുചോര്‍ച്ചക്കിടയില്ല. നേരത്തേ യു.ഡി.എഫിന് അവസാന നിമിഷം കിട്ടിയിരുന്ന വോട്ടുകളാണിവ. ആം ആദ്മി മണ്ഡലത്തില്‍ ദുര്‍ബല പ്രകടനമാണ് നടത്തുന്നതെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടി.
എങ്കിലും വോട്ടുകള്‍ അഞ്ചക്കം കടക്കുമെന്ന് നേതാക്കള്‍ പറയുന്നു. നിഷേധ വോട്ടുകള്‍ ഇപ്രാവശ്യം ഗണ്യമായി ഉണ്ടാകാനിടയുണ്ടെന്ന സൂചനയും അവര്‍ തള്ളിക്കളയുന്നില്ല.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെ.വി. തോമസിനെപ്പോലെ തന്നെ മണ്ഡലത്തിലെ പ്രബല സമുദായത്തിന് സ്വീകാര്യനാണ്. തീരദേശത്തെ കൂടെ നിര്‍ത്താന്‍ സി.ആര്‍.ഇസഡ് ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത് ക്രിസ്റ്റിക്ക് തെരഞ്ഞെടുപ്പുരംഗത്ത് നല്ല മേല്‍ക്കൈ നല്‍കുന്നുണ്ട്. തീരമേഖല തീര്‍ത്തും അസ്വസ്ഥമാണ്.
കെ.വി. തോമസിനും, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കുമെതിരെ ജനരോഷവും ശക്തമാണ്. ഇങ്ങനെ പോകുന്നു ഇടത് നേതാക്കളുടെ വാദങ്ങള്‍.

കൈനകരിയില്‍ യുവാവിനെ കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Posted: 02 Apr 2014 11:26 PM PDT

ആലപ്പുഴ: കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാലുപ്രതികള്‍ അറസ്റ്റില്‍. അഞ്ചാം പ്രതി കൈനകരി പഞ്ചായത്ത് 12ാം വാര്‍ഡ് തോട്ടുവാത്തല മാമ്മൂട്ടിച്ചിറ കുഞ്ഞുമോന്‍െറ മകന്‍ കുടു എന്ന സലിംകുമാര്‍(24), ആറാം പ്രതി കൈനകരി പഞ്ചായത്ത് 11ാം വാര്‍ഡ് തോട്ടുവാത്തല ചെമ്മനാട് വീട്ടില്‍ ഉല്ലാസ് (21), ഏഴാം പ്രതി 11ാം വാര്‍ഡ് മംഗലശേരി വീട്ടില്‍ സായിപ്പ് എന്ന വിനീത്(21), എട്ടാം പ്രതിയും ഒന്നാം പ്രതിയുടെ അച്ഛനുമായ പുത്തന്‍പറമ്പില്‍ പുരുഷോത്തമന്‍(57) എന്നിവരെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയുകയായിരുന്നു. ഭവനഭേദനം, ഗൂഢാലോചന, കൊലക്കുറ്റത്തിന് സഹായം ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസംതന്നെ ഒന്നു മുതല്‍ നാലുവരെ പ്രതികളെ കോട്ടയം ജില്ലയിലെ കൊല്ലാട് നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബുധനാഴ്ച നാലുപ്രതികളെ അറസ്റ്റ് ചെയ്തതെന്നും ആദ്യ നാലുപ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് കൈനകരി ഗ്രാമപഞ്ചായത്ത് തോട്ടുവാത്തല ജയേഷ്ഭവനില്‍ ജയേഷ് (28) കൊല്ലപ്പെട്ടത്.
വീട്ടിലെത്തിയ ഗുണ്ടാസംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയേഷിനെ വീടിന് പിന്‍ഭാഗത്തെ കൊയ്ത്ത് കഴിഞ്ഞ പുത്തന്‍തുരം പാടശേഖരത്തില്‍വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജില്ലാ പൊലീസ് ചീഫ് ബാലചന്ദ്രന്‍, ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ്, അമ്പലപ്പുഴ സി.ഐ എസ്.സാനി, എസ്.ഐമാരായ ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, കെ. ശിവന്‍കുഞ്ഞ്, കെ.എസ്. പോപ്പച്ചന്‍, എ.എസ്.ഐ ടി.പുഷ്ക്കരന്‍, സീനിയര്‍ സി.പി.ഒ മാരായ കുര്യന്‍, സജി, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വലിയങ്ങാടിയില്‍ തീപിടിത്തം: രണ്ട് കടകള്‍ നശിച്ചു

Posted: 02 Apr 2014 11:15 PM PDT

പാലക്കാട്: വലിയങ്ങാടി കര്‍ണ്ണകിയമ്മന്‍ കോവില്‍ തെരുവിലെ നാല് കടകളില്‍ തീപിടിത്തം. രണ്ട് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണാ സ്റ്റോര്‍ എന്ന മിഠായി മൊത്തവ്യാപാരക്കട, ഇര്‍ഷാദിന്‍െറ മരുവാ കമ്യൂണിക്കേഷന്‍സ് മൊബൈല്‍ ഷോപ്പ് എന്നിവയാണ് പൂര്‍ണമായും കത്തിയത്.
എം. ഹസ്സന്‍െറ സഫ സ്റ്റോര്‍ പാത്രക്കടയിലേക്കും അയ്യപ്പന്‍െറ ഗണേഷ് ട്രേഡേഴ്സ് പലചരക്ക് കടയിലേക്കും തീപടര്‍ന്നെങ്കിലും കാര്യമായ നാശമുണ്ടായില്ല.
രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന്് തീയണച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. അഗ്നിശമനസേനയുടെ അസി. ഡിവിഷന്‍ ഓഫിസര്‍ കെ.കെ. ഷിജു, സ്റ്റേഷന്‍ ഓഫിസര്‍ കെ.എം. അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട്, കഞ്ചിക്കോട് സ്റ്റേഷനുകളിലെ അഞ്ച് യൂനിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ശ്രീകൃഷ്ണ സ്റ്റോറില്‍ ബുധനാഴ്ച ഉച്ചയോടെ വീണ്ടും തീപടര്‍ന്നു. നേരത്തെ തീപിടിച്ച ചൂടിയില്‍നിന്നാണ് വീണ്ടും തീപടര്‍ന്നത്. അഗ്നിശമന സേന വീണ്ടുമെത്തി അരമണിക്കൂറിനകം തീ പൂര്‍ണമായും കെടുത്തി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP