ആവേശം വിതറി ആന്‍റണി ഇടുക്കിയില്‍ Posted: 03 Apr 2014 11:46 PM PDT തൊടുപുഴ: യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം ആവോളം നിറച്ച് കോണ്‍ഗ്രസിന്‍െറ പടനായകന്‍ എ.കെ. ആന്‍റണി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. ബുധനാഴ്ച രാത്രി 12.30ന് തൊടുപുഴ റെസ്റ്റ് ഹൗസില്‍ എത്തിയ ആന്‍റണി രാവിലെ 9.30 ഓടെ ചെറുതോണിയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച 11.20 ഓടെ ചെറുതോണിയിലെത്തിയ ആന്‍റണിയെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി വരവേറ്റത്. ചെറുതോണിയിലെ വേദിക്ക് 20 മീറ്റര്‍ മുന്നിലായി കാറില്‍ നിന്നിറങ്ങിയ നേതാവിനെ പ്രവര്‍ത്തകര്‍ കരിമരുന്ന് പ്രകടനത്തോടെ വേദിയിലേക്ക് എതിരേറ്റു. കൈയടികളും മുദ്രാവാക്യങ്ങളും അകമ്പടി സേവിച്ചു. മലയോര കര്‍ഷകരും ഇടതുപക്ഷവും മോദിയുമായിരുന്നു എ.കെ. ആന്‍റണിയുടെ പ്രധാന വിഷയങ്ങള്‍. മലയോര കര്‍ഷകര്‍ക്ക് നേരെ ആര് വാള്‍ ഓങ്ങിയാലും യു.ഡി.എഫ് അത് തടയുമെന്ന് എ.കെ. ആന്‍റണി സ്വതസിദ്ധമായ ശൈലിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കള്ള പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു കര്‍ഷകനെയും ഇടുക്കിയില്‍നിന്ന് ഇറക്കിവിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും ആന്‍റണി സൂചിപ്പിച്ചു. ഇതിനിടെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരോട് മുദ്രാവാക്യത്തിന് മൊറട്ടോറിയം നിയന്ത്രിച്ച് വോട്ട് പിടിത്തത്തിന് മുന്‍തൂക്കം കൊടുക്കാന്‍ ആന്‍റണി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മഴ പെയ്ത് തോര്‍ന്നാലും ചില മരങ്ങള്‍ പെയ്തുകൊണ്ടിരിക്കും. അതുപോലെയാണ് കസ്തൂരിരംഗനില്‍ ചില ഉദ്യോഗസ്ഥര്‍ നിലപാടുകള്‍ എടുക്കുന്നത്. അവര്‍ക്ക് പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടെന്നും ആന്‍റണി കുറ്റപ്പെടുത്തി. എന്നെത്തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടാണ് സി.പി.എം വെച്ചുപുലര്‍ത്തുന്നതെന്ന് ആന്‍റണി പാതി ചിരിയിലൂടെ അവതരിപ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ തോല്‍വി സംഭവിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് സ്വതന്ത്രനെ ഇടുക്കിയില്‍ നിര്‍ത്തിയിരിക്കുന്നതെന്നും ആന്‍റണി ആരോപണ ശരം എയ്തു. മോദിക്കെതിരെയും പ്രസംഗത്തില്‍ ആന്‍റണി ആഞ്ഞടിച്ചു. മോദി അധികാരത്തില്‍ വന്നാല്‍ അത് വര്‍ഗീയ ശക്തികളുടെ വിജയമാണെന്ന് ആന്‍റണി വ്യക്തമാക്കി. മോദിയുടെ സംസ്ഥാനം ദരിദ്ര സംസ്ഥാനമാണെന്നും ആന്‍റണി പറഞ്ഞു. യു.ഡി.എഫില്‍ മത്സരിക്കുന്ന 20 സ്ഥാനാര്‍ഥികളില്‍ പോടായതൊന്നും കാണുന്നില്ലെന്ന് പറഞ്ഞ ആന്‍റണി ഒന്നോ രണ്ടോ സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലായി എന്ന് സൂചിപ്പിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ 20 ല്‍ 20 ഉം യു.ഡി.എഫ് നേടുമെന്ന് ആന്‍റണിയുടെ പിന്നില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അര മണിക്കൂറോളം നീണ്ട പ്രസംഗത്തിന് ശേഷം ആന്‍റണി തൊടുപുഴയിലെത്തി എറണാകുളത്തേക്ക് തിരിച്ചു. ആന്‍റണിയുടെ ജില്ലാ സന്ദര്‍ശനം യു.ഡി.എഫ് ക്യാമ്പിലും ആവേശം നിറച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കി ഏലപ്പാറയിലെ പ്രചാരണ പരിപാടിയിലും ആന്‍റണി സംസാരിക്കും. |
ടി.പിയെ ഇല്ലാതാക്കിയത് മണ്ടത്തരമായെന്ന് സി.പി.എം തിരിച്ചറിഞ്ഞു –കെ.കെ.രമ Posted: 03 Apr 2014 11:43 PM PDT കോട്ടയം: ടി.പിയെ ഇല്ലാതാക്കിയത് ഏറ്റവും വലിയ മണ്ടത്തരമായിപ്പോയെന്ന് സി.പി.എം നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആര്‍.എം.പി നേതാവ് കെ.കെ.രമ. പഴയപൊലീസ് സ്റ്റേഷന്‍ മൈതാനത്ത് ഇടതുപക്ഷ ഐക്യമുന്നണി കോട്ടയം മണ്ഡലം സ്ഥാനാര്‍ഥി എന്‍.കെ.ബിജുവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സി.പി.എമ്മിന്‍െറ പ്രത്യയശാസ്ത്ര വ്യതിയാനങ്ങളും വലതുപക്ഷ ചായ്വും തുറന്നുകാട്ടി മുന്നേറിയ തീപ്പൊരി പ്രസംഗത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. സി.പി.എമ്മിന്‍െറ കൊലപാതക രാഷ്ട്രീയത്തില്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അസന്തുഷ്ടരാണ്. പാവപ്പെട്ട കര്‍ഷക തൊഴിലാളികളും സാധാരണക്കാരും ഒരുനേരത്തെ ആഹാരംപോലും ഉപേക്ഷിച്ച് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ കൊലപാതകികളേയും ക്വട്ടേഷന്‍ സംഘത്തേയും സംരക്ഷിക്കാന്‍ വിനിയോഗിക്കുന്നതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. എല്ലാം സഹിച്ച് സി.പി.എമ്മില്‍ നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷനല്‍കുന്ന രാഷ്ട്രീയബദലാണ് ഇടതുപക്ഷ ഐക്യമുന്നണി. ആര്‍.എം.പിയെ കോണ്‍ഗ്രസിന്‍െറ വാലെന്ന് ആക്ഷേപിക്കുന്നവരാണ് കോണ്‍ഗ്രസിന്‍െറ വാലായി പ്രവര്‍ത്തിക്കുന്നത്. സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടും സീതാറാം യെച്ചൂരിയുമൊക്കെ വോട്ടുചെയ്യുന്നത് പോലും കോണ്‍ഗ്രസിനാണെന്ന് വിസ്മരിക്കരുത്. അക്രമരാഷ്ട്രീയത്തില്‍ കേരളത്തിലെ ഒരു പെണ്ണിനും തന്‍െറ അനുഭവം ഉണ്ടാകാതിരിക്കാനാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ജയ്സണ്‍ ജോസഫ് അധ്യക്ഷതവഹിച്ചു. നേതാക്കളായ ഇ.വി.പ്രകാശ്,കെ.ആര്‍.സദാനന്ദന്‍, ഡോ.വി.വേണുഗോപാല്‍, രാജീവ് കിടങ്ങൂര്‍, മിനി കെ.ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ചങ്ങനാശേരി: കേരളത്തിലെ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.യു.എഫിനു വോട്ട് ചെയ്യണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ.രമ. മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി കെ.എസ്.ശശികലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തെങ്ങണയില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാറും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറും നടപ്പാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. എസ്.യു.സി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ജെ.ജോണിക്കുട്ടി അധ്യക്ഷത വഹിച്ചു. എം.സി.പി.ഐയു കേന്ദ്ര കമ്മറ്റിയംഗം കെ.ആര്‍.സദാനന്ദന്‍, എസ്.യു.സി.ഐ സംസ്ഥാന കമ്മറ്റിയംഗം മിനി കെ.ഫിലിപ്പ്, ജ്യോതി കൃഷ്ണന്‍, ജില്ലാ നേതാക്കളായ സദാനന്ദന്‍, കെ.എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു. |
മോദി പ്രധാനമന്ത്രി ചമയുന്നു –വി.എസ് Posted: 03 Apr 2014 11:35 PM PDT ചേലക്കര: തെരഞ്ഞെടുപ്പിന് മുമ്പേ മോദി പ്രധാനമന്ത്രി ചമയുന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ബിജുവിന്‍െറ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിലെ വയസ്സന്മാരില്‍ ഒരു ചെറുപ്പക്കാരനായ മോദിയുണ്ട്. പത്രക്കാരെ സ്വാധീനിച്ച് ഇപ്പോഴെ പ്രധാനമന്ത്രിയായിട്ടാണ് നടപ്പ്. ഹിന്ദു വര്‍ഗീയത ഉണര്‍ത്തി അധികാരം നേടാന്‍ വേണ്ടി രാജ്യത്തെ പല തുണ്ടമാക്കി മാറ്റുകയാണ് മോദി ചെയ്യുന്നതെന്ന് വി.എസ് പറഞ്ഞു. കേരളത്തിന്‍െറ പ്രശ്നം തീര്‍ക്കാന്‍ ആന്‍റണിയെന്നൊരാള്‍ ഇറങ്ങിയിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിക്ക് എന്തുപറ്റി. ഉത്തരം പറഞ്ഞിട്ടെ ആന്‍റണി കേരളം വിടാവൂ -വി.എസ് പറഞ്ഞു. എല്‍.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍ എം.എല്‍.എ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, ജില്ലാ കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണന്‍, വി.എ. ബാബു, കെ.വി. ചാക്കോച്ചന്‍, ടി.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു. |
പോളിങ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ സംവിധാനങ്ങള്‍ Posted: 03 Apr 2014 11:31 PM PDT കാസര്‍കോട്: വോട്ടെടുപ്പിന് പോളിങ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളില്‍ അര്‍ധസൈനിക വിഭാഗവും കൂടുതല്‍ പൊലീസ് സേനാംഗങ്ങളുടെ സാന്നിധ്യവുമുണ്ടാകും. പോളിങ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. ബൂത്തുകളില്‍ പൂര്‍ണ സമയവും നിരീക്ഷണം നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഇവര്‍ ഇലക്ഷന്‍ കമീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനെ അറിയിക്കും. റീ പോളിങ് ആവശ്യമെങ്കില്‍ പൊതുനിരീക്ഷകന്‍െറ ശിപാര്‍ശ പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കുന്നത്. ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ അക്ഷയ ജില്ലാ കോഓഡിനേറ്റര്‍ കരീം കോയക്കീല്‍ അറിയിച്ചു. ഏപ്രില്‍ എട്ടിന് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ബൂത്തുകളില്‍ സജ്ജീകരിക്കും. ലാപ്ടോപ്പും വെബ് കാമറകളും അക്ഷയ ലഭ്യമാക്കും. ഒമ്പതിന് പരീക്ഷണാടിസ്ഥാനത്തില്‍ വെബ്കാസ്റ്റിങ് നടത്തും. സമ്മതിദായകന്‍ രഹസ്യ വോട്ട് ചെയ്യുന്നത് ഒഴികെ മറ്റെല്ലാ നടപടിയും വെബ്കാസ്റ്റില്‍ ചിത്രീകരിച്ച് നെറ്റിലൂടെ തത്സമയം മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തിലാണ് സംവിധാനം. പ്രശ്നബാധിത ബൂത്തുകളിലാണ് മുഖ്യമായും വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് കെ.എസ്. ഇ.ബി സംവിധാനം ഒരുക്കും. പോളിങ് നടപടികള്‍ മുടക്കമില്ലാതെ വെബ്കാസ്റ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. കമ്പ്യൂട്ടറില്‍ വൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. സാങ്കേതിക സഹായത്തിനായി കലക്ടറേറ്റില്‍ സാങ്കേതിക വിദഗ്ധരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഫോണിലൂടെയും നേരിട്ടും ഈ ടീമിന്‍െറ സഹായം ഉടന്‍ ലഭ്യമാക്കും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കുന്നതിന് നിയോഗിക്കുന്ന വീഡിയോ ടീമിനു പുറമെയാണ് വെബ്കാസ്റ്റ് സംവിധാനം. ജില്ലയില്‍ ആദ്യമായാണ് വിപുലമായ രീതിയില്‍ വെബ്കാസ്റ്റ് ഒരുക്കുന്നത്. |
റോഡ് പ്രവൃത്തി ഇഴയുന്നു; നാട്ടുകാര്‍ ദുരിതത്തില്‍ Posted: 03 Apr 2014 11:22 PM PDT പയ്യന്നൂര്‍: പുന്നക്കടവ്–കുന്നരു–പാലക്കോട് റോഡിന്‍െറ നവീകരണ പ്രവൃത്തി ഇഴയുന്നു. നിര്‍മാണം അനിശ്ചിതമായി നീളുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒരുകോടി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തിയില്‍ കാല്‍ഭാഗം പോലും പൂര്‍ത്തിയായിട്ടില്ല. അഞ്ച് കള്‍വര്‍ട്ട്, 800 മീറ്റര്‍ ഓവുചാല്‍, 4.5 കി.മീറ്റര്‍ ടാറിങ് എന്നിവയാണ് പൂര്‍ത്തിയാക്കേണ്ടത്. പുഞ്ചാക്കി തോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍െറ പണി പൂര്‍ത്തിയാക്കാനായില്ല. അഞ്ച് കള്‍വര്‍ട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ചെറിയ പാലങ്ങള്‍ പൊളിച്ചത് കാരണം താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ പാതയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം തിരിച്ചുവിടുന്നത്. പണി അനിശ്ചിതമായി നീളുന്നത് കാലവര്‍ഷത്തിന്മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയും അസ്ഥാനത്താക്കി. എന്‍ജിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും അഭാവവും നിര്‍മാണത്തെ ദോഷകരമായി ബാധിക്കുന്നതായി പരാതിയുണ്ട്. കരാറുകാരന്‍െറ ഇഷ്ടത്തിനനുസരിച്ചാണ് പണി നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. പ്രവൃത്തി പരിശോധിക്കാന്‍ പ്രാദേശിക കമ്മിറ്റികള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സി. കൃഷ്ണന്‍ എം.എല്‍.എ യാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. നിര്‍മാണം നീണ്ടതോടെ പൊടിപടലങ്ങളും മറ്റും കാരണം ഗതാഗതവും ദുരിതത്തിലായി. |
നീതിന്യായ ചരിത്രത്തിലെ അപൂര്‍വ വിധി Posted: 03 Apr 2014 11:21 PM PDT കൊച്ചി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വമായ വിധിയായി സൂര്യനെല്ലി വിധി മാറിക്കഴിഞ്ഞു. ഒരു ഡിവിഷന്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയ പ്രതികളെ അതേ കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച് അനുകൂലമായി വിധിക്കുന്നത് കേരള ഹൈകോടതിയുടെ ചരിത്രത്തില്‍ നേരത്തെ നടന്നതായി വിവരമില്ല. സമൂഹത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വളരെ ഗൗരവമേറിയ നിരീക്ഷണങ്ങളാണ് പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈകോടതി ബെഞ്ച് മുന്നോട്ടുവെച്ചത്. പെണ്‍കുട്ടിയുടെ വാദങ്ങളെ എല്ലാം ശരിവെച്ച കോടതി ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞു. പെണ്‍കുട്ടി ലാഭം , പ്രണയം എന്നിവക്കായി ഈ പ്രവൃത്തിയില്‍ ഏര്‍പെട്ടു എന്നതിന് തെളിവില്ല. പെണ്‍കുട്ടിയെ അവസാനം തിരികെ കിട്ടുമ്പോള്‍ കേവലം 2100 രൂപ മാത്രമാണ് കയ്യില്‍ ഉണ്ടായിരുന്നത്. 16 വയസ്സുള്ള പെണ്‍കുട്ടി തന്നെക്കാള്‍ മുതിര്‍ന്നവരുമായി സ്വന്തം ഇഷ്ടപ്രകാരം ബന്ധപ്പെട്ടു എന്നതിന് ഒരു തെളിവുമില്ല. ധര്‍മരാജന്‍, രാജു, ഉഷ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അന്യായമായി തടവില്‍ ഇടുകയായിരുന്നു. സ്വന്തം നിലയില്‍ രക്ഷപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു. തന്നെ തടവിലിട്ട കാര്യം പിന്നീടു പീഡിപ്പിച്ച ഓരോരുത്തരോടും പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്നും തന്നെ രക്ഷിക്കണമെന്ന് അപക്ഷിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയില്‍ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണങ്ങള്‍. ഒരു കൊലപാതക്കേസിനെ കാണുന്നതുപോലെയല്ല ഇതിനെ കാണേണ്ടത്. ബലാല്‍സംഗ കേസിലെ ഇരകളുടെ പിന്നീടുള്ള സാമൂഹ്യ-മാനസികാവസ്ഥകളുടെ തീവ്രത തിരിച്ചറിഞ്ഞ നിരീക്ഷണങ്ങളായിരുന്നു സംസ്ഥാന നീതി പീഠത്തില്‍ നിന്നുണ്ടായത്. 18 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍റെ ചരിത്രം ഇങ്ങനെ.. മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയെ 1996 ജനുവരി 16നാണ് കാണാതായത്. കുട്ടിയെ കാണാനില്ലന്നെ് പിതാവിന്‍െറ പരാതി ലഭിച്ചപ്പോള്‍ സംസ്ഥാനത്തെ നൂറുകണക്കിന് ‘മാന്‍ മിസിങ്’ കേസുകളില്‍ ഒന്നായി കണക്കാക്കി പൊലീസ് അവഗണിച്ചു. എന്നാല്‍, ശാരീരികമായും മാനസികമായും പിച്ചിച്ചീന്തപ്പെട്ട് ജീവച്ഛവമായി 40 ദിവസത്തിനുശേഷം വീട്ടില്‍ മടങ്ങിയത്തെിയതോടെയാണ് പീഡനക്കേസിന്‍െറ ചുരുളഴിയുന്നത്. മാധ്യമങ്ങളും സമൂഹവും ഒന്നാകെ രംഗത്തിറങ്ങിയതോടെ ആഴ്ചകള്‍ക്കകം കേസ് ക്രൈംബ്രാഞ്ചിന്‍െറ പ്രത്യകേ സംഘത്തിന് കൈമാറി. എന്നിട്ടും ഗതിവേഗം കൈവരാതിരിക്കുകയും പ്രതികള്‍ വിലസുകയും ചെയ്തതോടെ വീണ്ടും ജനരോഷമുയര്‍ന്നു. അതോടെയാണ് മൂന്നുമാസത്തിനുശേഷം അന്നത്തെ ഡി.ഐ.ജി സിബി മാത്യൂസ് അന്വേഷണച്ചുമതലയേല്‍ക്കുന്നത്. പിന്നീട്, കേസന്വേഷണം ഊര്‍ജിതമാകുകയും പ്രതികള്‍ ഒന്നൊന്നായി വലയിലാകുന്നതും കേരളം കണ്ടു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും വിവാദങ്ങള്‍ ഒഴിഞ്ഞില്ല. പല പ്രമുഖരെയും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നായിരുന്നു ആരോപണം. ആ വിവാദം ഇപ്പോഴും ചൂടാറാതെ നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് പല പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നു. കുറ്റപത്രം സമര്‍പ്പിച്ച് മൂന്നുവര്‍ഷത്തിനുശേഷമാണ് വിചാരണ നടപടി പൂര്‍ത്തിയാക്കി 35 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യകേ കോടതി വിധിച്ചത്. അപ്പോഴും മുഖ്യസൂത്രധാരന്‍ വലക്ക് പുറത്തായിരുന്നു. 35 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് 10 ദിവസത്തിനുശേഷമാണ് കര്‍ണാടകയിലെ ക്വാറിയില്‍ നിന്ന് മുഖ്യപ്രതി ധര്‍മരാജനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്ന ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. ശിക്ഷ വിധിച്ച് ഏറെതാമസിയാതെ അപ്പീലിന്‍െറ ബലത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ 2005 ജനുവരി 20ന് ഹൈകോടതി കുറ്റമുക്തരാക്കി. ഈ വിധിയില്‍ ഇരയെ സംബന്ധിച്ച് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തില്‍ ഞെട്ടലും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നു. വേട്ടയാടപ്പെട്ട പെണ്‍കുട്ടിയും കുടുംബവും പിന്നെയും നിയമയുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് ചില സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണയോടെ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയിലെ തീര്‍പ്പ് നീളുന്നതില്‍ കോടതിതന്നെ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഒടുവിലാണ് ഇരക്ക് നീതി കിട്ടുമെന്ന പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി സുപ്രീംകോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിക്കെതിരായ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ പരാമര്‍ശങ്ങളെ സുപ്രീംകോടതി വിമര്‍ശിച്ചതും പോരാട്ടത്തിലേര്‍പ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. നീണ്ട നിയമ യുദ്ധങ്ങളും ഒറ്റപ്പെടുത്തലുകളും അനാവശ്യത്തിനും അനവസരത്തിലും ‘സൂര്യനെല്ലി പെണ്‍കുട്ടി’ എന്ന വിശേഷണവുമെല്ലാം കുടുംബത്തെ മൊത്തമായി തകര്‍ത്തു. ജന്മനാട്ടില്‍ കഴിയാന്‍ പോലുമാകാത്ത അവസ്ഥയുണ്ടായി. എല്ലാം വിറ്റുപെറുക്കി ജന്മനാട്ടില്‍ നിന്ന്, കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശത്തേക്ക് പലായനം ചെയ്തു. വിവാഹംപോലുള്ള, ജീവിതത്തിലെ സന്തോഷങ്ങളും നിഷേധിക്കപ്പെട്ടു. ഈ നഷ്ടങ്ങളിലും വേട്ടയാടലുകള്‍ക്കുമുന്നിലും പതറാതെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ കണ്ണീരും കൈയുമായാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി നിയമയുദ്ധത്തില്‍ അടിയുറച്ചുനിന്നത്. |
ഗൗരവ വിഷയങ്ങളുമായി അവസാനഘട്ട പ്രചാരണം Posted: 03 Apr 2014 11:19 PM PDT കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രചാരണ വിഷയങ്ങളും ഗൗരവമുള്ളതാകുന്നു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലും കോട്ടയം, ഇടുക്കി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പിറവം, മൂവാറ്റുപുഴ, കോതമംഗലം നിയമസഭ മണ്ഡലങ്ങളിലും മത-സാമുദായിക ശക്തികളുടെ ഇടപെടലുകളും ക്രൈസ്തവ സഭാ നേതൃത്വം നടത്തുന്ന നിശബ്ദ പ്രചാരണങ്ങളും അടിയൊഴുക്കുകളും ഇരുമുന്നണികള്‍ക്കും തലവേദനയാകുന്നുണ്ട്. ക്രൈസ്തവ സഭയുടെ കോതമംഗലം രൂപതയും ഇടുക്കി രൂപതയും യാക്കോബായ സഭാനേതൃത്വം പിറവത്തും നടത്തുന്ന യു.ഡി.എഫ് വിരുദ്ധ നീക്കങ്ങളാണ് സ്ഥാനാര്‍ഥികളെയും വെട്ടിലാക്കുന്നത്. സഭാനേതൃത്വത്തെ മയപ്പെടുത്താന്‍ രമേശ് ചെന്നിത്തല അടക്കം മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചകള്‍ക്കെത്തിയെങ്കിലും സഭാനേതൃത്വം വഴങ്ങാതായതും ചില മേഖലകളില്‍ യു.ഡി.എഫിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചാലക്കുടിയില്‍ പ്രബലരായ യാക്കോബായ സഭയെ ഒപ്പം നിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങളും നടന്നുവരുന്നു. സഭാ അംഗമായ പി.സി. ചാക്കോക്ക് അനുകൂല നിലപാട് എടുപ്പിക്കാനാണ് തീവ്രശ്രമം. ഇതിനായി യു.ഡി.എഫിലെ പ്രമുഖര്‍ തന്നെ രംഗത്തുണ്ട്. സഭയിലെ പ്രമുഖര്‍ അന്ത്യോഖ്യ പാത്രിയാര്‍ക്കീസിന്‍െറ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വിദേശത്തായതിനാല്‍ യു.ഡി.എഫ് നേതാക്കളുടെ കാത്തിരിപ്പും നീളുകയാണ്. കോതമംഗലം, ഇടുക്കി ബിഷപ്പുമാര്‍ ഇപ്പോഴും പഴയ നിലപാടില്‍തന്നെ ഉറച്ചുനില്‍ക്കുന്നതും നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. എസ്.എന്‍.ഡി.പിയുടെയും എന്‍.എസ്.എസിന്‍െറയും ഈ മണ്ഡലങ്ങളിലെ നിലപാടുകളും യു.ഡി.എഫിനെതിരാണ്. ഒരുകൂട്ടം സമദൂരത്തിലും മറ്റൊരുകൂട്ടര്‍ ശരിദൂരത്തിലുമാണ്. എറണാകുളത്തും കൊല്ലത്തും ഇരുമുന്നണികളും ലത്തീന്‍ സമുദായത്തിന്‍െറ വോട്ട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. കൊല്ലത്ത് എം.എ. ബേബിക്കും എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനും ലത്തീന്‍വോട്ടുകള്‍ തരപ്പെടുത്താന്‍ ഇടതുമുന്നണിയും കെ.വി. തോമസിനും എന്‍.കെ. പ്രേമചന്ദ്രനും വോട്ട് ഉറപ്പിക്കാന്‍ യു.ഡി.എഫും സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തെത്തിയ യു.ഡി.എഫ്- എല്‍.ഡി.എഫ് നേതാക്കള്‍ ലത്തീന്‍ സമുദായ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളത്ത് മത്സരിക്കുന്ന ഇരുമുന്നണി സ്ഥാനാര്‍ഥികളും കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും ലത്തീന്‍ വിഭാഗക്കാരാണ്. ചാലക്കുടിയില്‍ ക്രൈസ്തവ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പുവരുത്താന്‍ ഇരുമുന്നണികളും തുല്ല്യ പോരാട്ടത്തിലാണ്. തൃശൂരില്‍ സഭയുടെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിന്‍െറയും സി.പി.ഐയുടെയും സ്ഥാനാര്‍ഥികള്‍ സഭാവോട്ടിനായി നെട്ടോട്ടം നടത്തുന്നുണ്ട്. എന്നാല്‍, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ മുസ്ലിം, ഈഴവ, നായര്‍ വോട്ടുകള്‍ ഇരുമുന്നണികളും തങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. എറണാകുളത്ത് 2.35 ലക്ഷം മുസ്ലിം വോട്ട് വരുമെന്നാണ് കണക്ക്. കളമശേരി, കൊച്ചി മണ്ഡലങ്ങളിലാണ് ഈ വോട്ടുകള്‍ ഏറെയും. ഇവിടെ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും യു.ഡി.എഫിന് അനുകൂല നിലപാട് എടുക്കുമെന്നാണ് സൂചന. എറണാകുളത്ത് ഇടതുമുന്നണി തീരദേശ പരിപാലന നിയമത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് പ്രചാരണം കേന്ദ്രീകരിക്കുന്നത്. യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഇതും യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനും തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. ആം ആദ്മി പാര്‍ട്ടി യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളാണ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് തലവേദനയാകുന്നത്. നവവോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതും മുന്നണികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിയുന്നത്ര യുവ വോട്ടര്‍മാരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലെങ്ങും. തീരദേശ പരിപാലന നിയമത്തിനെതിരെയുള്ള പോരാട്ടം പ്രചാരണം ആക്കുന്നതോടെ തീരദേശമനസ്സിനെ തങ്ങളോട് അടുപ്പിക്കാനാകുമെന്ന് ഇടതുമുന്നണി കരുതുന്നു. കടലോരത്തെ കസ്തൂരിരംഗനെ കടലിലെറിയുമെന്ന പ്രഖ്യാപനവുമായാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുന്നോട്ടു വന്നിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൊണ്ടുവന്ന തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ സാധാരണക്കാരന്‍െറ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യും വിധമാണെന്ന് അദ്ദേഹം വാദിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ഇഴകീറി തുറന്നുകാട്ടിയാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. ഈ വിഷയത്തില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരുന്ന തീരവാസികള്‍ക്ക് ഇടതു പ്രചാരണം പലപ്പോഴും ആവേശമാകുന്നുമുണ്ട്. അതേസമയം, ഇതും ഫാക്ട് പ്രതിസന്ധിയും യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നു. വൈപ്പിന്‍ ജനതയുടെ തീരാ ദു$ഖമായ കുടിവെള്ളപ്രശ്നവും യു.ഡി.എഫിനെതിരെ പ്രചാരണ ആയുധമാക്കുന്നുമുണ്ട്. പ്രചാരണരംഗത്ത് ഇരു മുന്നണികളും ബി.ജെ.പിയും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ചാലക്കുടിയില്‍ ദേശീയ രാഷ്ട്രീയവും മണ്ഡലത്തിലെ വികസനവുമാണ് പ്രധാന പ്രചാരണ വിഷയം. വ്യവസായ മേഖല ഉള്‍പ്പെടുന്ന ആലുവക്ക് മുന്‍ എം.പി എന്തുചെയ്തുവെന്നും ഇടതു സ്ഥാനാഥി ഇന്നസെന്‍റ് ചോദിക്കുന്നു. 55,000 കോടിയുടെ വികസനം നടപ്പാക്കിയെന്ന മുന്‍ എം.പിയുടെ അവകാശവാദം പൊള്ളയാണെന്നും ഫാക്ട് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി ഇടതുമുന്നണി പ്രചാരണം കൊഴുപ്പിക്കുകയാണ്. ഇന്നസെന്‍റിനെതിരെ ശക്തമായ പ്രചാരണമാണ് യു.ഡി.എഫ് നടത്തിവരുന്നത്. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തിലെ ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി മണ്ഡലങ്ങളിലും പൊരിഞ്ഞ പ്രചാരണമാണ് ഇരു കൂട്ടരും നടത്തുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചാരണം കൊഴുപ്പിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാണ്. ഇന്നസെന്‍റിനായി സിനിമരംഗത്തെ പ്രമുഖര്‍ അടുത്ത ദിവസം മണ്ഡലത്തിലെത്തും. ഇടതുമുന്നണിയുടെ പ്രചാരണം സജീവമാക്കാന്‍ ശനിയാഴ്ച പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഞായറാഴ്ച കൊച്ചിയിലെത്തും. വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാകും മുന്നണികള്‍ നടത്തുക. |
വോട്ടേഴ്സ് സ്ളിപ് വീടുകളില്‍ എത്തിച്ചു തുടങ്ങി Posted: 03 Apr 2014 11:17 PM PDT ആലപ്പുഴ: ബൂത്തുതല ഓഫിസര്‍മാര്‍ മുഖേന വോട്ടര്‍മാരുടെ വീടുകളില്‍ വോട്ടേഴ്സ് സ്ളിപ് എത്തിച്ചുതുടങ്ങിയതായി വരണാധികാരിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വോട്ടേഴ്സ് സ്ളിപ്പുണ്ടെങ്കില്‍ വോട്ട് ചെയ്യാം. വോട്ടേഴ്സ് സ്ളിപ് വീടുകളില്‍ ലഭിക്കാത്ത വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലെ വോട്ടര്‍ സഹായകേന്ദ്രത്തില്‍ നിന്ന് പോളിങ് ദിവസം ലഭ്യമാക്കും. വോട്ടെടുപ്പിന് അഞ്ചുദിവസം മുമ്പ് സ്ളിപ് വിതരണം പൂര്‍ത്തിയാക്കും. ഗുണനിലവാരമുള്ള പേപ്പറിലാണ് സ്ളിപ് തയാറാക്കിയിട്ടുള്ളത്. വോട്ടറുടെ വിവരങ്ങളും ഫോട്ടോയും വോട്ടര്‍ പട്ടികയിലെ ക്രമനമ്പറും സ്ളിപ്പിലുണ്ടാകും. ബൂത്തില്‍ വോട്ടറെ തിരിച്ചറിയാനും ക്രമനമ്പര്‍ കണ്ടെത്തി വേഗം വോട്ട് ചെയ്യാനും സ്ളിപ് സഹായകമാകും. സ്ളിപ്പിന്‍െറ ഫോട്ടോകോപ്പിയോ പകര്‍പ്പോ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. ബൂത്തുതല ഓഫിസര്‍മാരുടെ കൈയൊപ്പ് സ്ളിപ്പിലുണ്ടാകും. വോട്ടര്‍ക്ക് നേരിട്ടോ വോട്ടറുടെ കുടുംബത്തിലെ സമ്മതിദാനാവകാശമുള്ള മുതിര്‍ന്ന അംഗത്തിനോ ബൂത്തുതല ഓഫിസര്‍ സ്ളിപ് നല്‍കും. സ്ളിപ് സ്വീകരിക്കുന്ന ആളുടെ കൈയൊപ്പോ വിരലടയാളമോ ബൂത്തുതല ഓഫിസര്‍ തെളിവായി രേഖപ്പെടുത്തണം. മരണപ്പെട്ട ഒരാളുടെ സ്ളിപ് ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൈമാറില്ല. ഇങ്ങനെയുള്ള സ്ളിപ്പിന്‍െറ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തി താലൂക്ക് ഓഫിസില്‍ തിരികെ ഏല്‍പിക്കും. ഇതിനു പുറമെ സ്ഥലത്തില്ലാത്തത്, സ്ഥലം മാറിപ്പോയത് തുടങ്ങിയ വോട്ടര്‍മാരുടെ വിവരങ്ങളും അതത് സ്ളിപ്പില്‍ രേഖപ്പെടുത്തും. രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാര്‍ക്കും സ്ഥാനാര്‍ഥിയുടെ ഏജന്‍റുമാര്‍ക്കും സ്ളിപ് വിതരണം നടത്തു ന്ന ബൂത്തുതല ഉദ്യോഗസ്ഥനെ അനുഗമിക്കാം. യഥാര്‍ഥ വോട്ടര്‍ക്കാണ് സ്ളിപ്പുകള്‍ നല്‍കിയതെന്നത് ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെയും കൈയൊപ്പ് ബൂത്തുതല ഉദ്യോഗസ്ഥന്‍ ശേഖരിക്കണം. സ്ളിപ് വിതരണത്തില്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കുമെന്ന് വരണാധികാരി ഉറപ്പുവരുത്തും. സ്ളിപ് വിതരണം സംബന്ധിച്ച വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാരുമായോ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായോ അവരുടെ ഏജന്‍റുമാരുമായോ പങ്കുവെക്കാതിരിക്കുകയോ സ്ളിപ് വിതരണത്തില്‍ അനുഗമിക്കാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്തെന്ന് പരാതി ലഭിക്കുകയും ആരോപണം തെളിയുകയും ചെയ്താല്‍ ബൂത്തുതല ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. സ്ളിപ് വിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് സെക്ടറല്‍ ഓഫിസര്‍മാര്‍ ഉറപ്പാക്കണം. പോരായ്മയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുകയും വേണം. സ്ളിപ് വിതരണം കാര്യക്ഷമമാണെന്ന് സെക്ടറല്‍ ഓഫിസര്‍മാര്‍ മുഖേന വരണാധികാരി ഉറപ്പാക്കും. സ്ളിപ് വിതരണത്തില്‍ അപാകതയുണ്ടെങ്കില്‍ കണ്ടെത്തുന്നത് സെക്ടറല്‍ ഓഫിസര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ളിപ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കും. വിതരണം ചെയ്യപ്പെടാത്ത സ്ളിപ്പുകള്‍ ഓരോ നിയമസഭ മണ്ഡലത്തിലെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ ഓഫിസില്‍ സൂക്ഷിക്കും. സ്ളിപ്പിന്‍െറ ക്രമവിരുദ്ധമായ വിതരണം, കൈവശം വെക്കല്‍ എന്നിവ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. വിതരണവേളയില്‍ ഏതെങ്കിലും വോട്ടര്‍ സ്ളിപ്പില്‍ തെറ്റായ ഫോട്ടോ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍/പരാതി ഉയര്‍ന്നാല്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ ആ ഫോട്ടോയില്‍ കുറുകെ വരച്ചശേഷം വോട്ടര്‍ സ്ളിപ് വിതരണം ചെയ്യണം. ഈ വിവരം വോട്ടര്‍ സ്ളിപ് രജിസ്റ്ററില്‍ പ്രത്യേകം രേഖപ്പെടുത്തി ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇങ്ങനെയുള്ള കേസുകളില്‍ വോട്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്താം. |
ജലസ്രോതസ്സുകള്‍ വരളുന്നു; കുടിവെള്ളക്ഷാമം തുടങ്ങി Posted: 03 Apr 2014 11:10 PM PDT കോങ്ങാട്: ഗ്രാമീണ മേഖലയിലെ ജലസ്രോതസ്സുകള്‍ വരളുന്നത് ഉയര്‍ന്ന പ്രദേശങ്ങളെ കുടിവെള്ള ക്ഷാമ ഭീഷണിയിലാക്കുന്നു. അതിര്‍ത്തി പ്രദേശമായ മണിക്കശ്ശേരിയിലെ പുഴയും വറ്റുകയാണ്. കുളങ്ങളും കിണറുകളുമാണ് കോങ്ങാടും പരിസരങ്ങളിലുമുള്ളവരുടെ മുഖ്യ ജലസ്രോതസ്സ്. അത്യുഷ്ണത്തിന്‍െറ തോത് ക്രമാതീതമായി ഉയര്‍ന്നത് മൂലം താഴ്ന്ന പ്രദേശങ്ങളിലെ ഉറവിടങ്ങളില്‍ പോലും വെള്ളം താഴ്ന്ന നിലയിലാണ്. ചല്ലിക്കല്‍-കവളേങ്ങല്‍, കോട്ടപ്പടി, സീഡ്ഫാം, അഴിയന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ ജലസ്രോതസ്സുകള്‍ വറ്റിയതുമൂലം നാഴികകള്‍ താണ്ടി വയല്‍ പ്രദേശങ്ങളില്‍നിന്ന് തലച്ചുമടായാണ് കുടിവെള്ളം കൊണ്ടുവരുന്നത്. കുന്നിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാനും നിര്‍ബന്ധിതരാവുകയാണ്. വയല്‍ പ്രദേശങ്ങളില്‍ കിണര്‍ നിര്‍മിച്ച് കുടിവെള്ളം പമ്പ്ചെയ്ത് വിതരണം ചെയ്യുന്ന ചെറുകിട കുടിവെള്ള വിതരണ പദ്ധതികളിലും ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. |
സമ്മതിദാനത്തിന് സന്നാഹമൊരുക്കം Posted: 03 Apr 2014 11:06 PM PDT മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഏപ്രില്‍ അഞ്ചിന് ബാലറ്റ് പേപ്പറുകള്‍ സജ്ജീകരിക്കും. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായുള്ള 2,288 പോളിങ് ബൂത്തുകള്‍ക്ക് അനുവദിച്ച മെഷീനുകളില്‍ അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് ബാലറ്റ് പേപ്പറുകള്‍ സജ്ജീകരിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അധികമായി അനുവദിച്ച മെഷീനുകളിലും ബാലറ്റ് പേപ്പറുകള്‍ സജ്ജീകരിച്ച് പരീക്ഷണ വോട്ടെടുപ്പ് നടത്തും. ഓരോ നിയോജകമണ്ഡലത്തിലേക്കും 10 ശതമാനം മെഷീനുകള്‍ വീതം അധികമായി അനുവദിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും നിശ്ചിത കേന്ദ്രങ്ങളിലാണ് ബാലറ്റ് പേപ്പര്‍ സജ്ജീകരിക്കലും പരീക്ഷണ വോട്ടെടുപ്പും നടക്കുക. ബാലറ്റ് പേപ്പറുകള്‍ ഘടിപ്പിച്ച ശേഷം മെഷീനുകള്‍ എ.ആര്‍.ഒ മാരുടെ ചുമതലയിലാണ് സൂക്ഷിക്കുക. അധിക മെഷീനുകളുടെ സംരക്ഷണ ചുമതല സെക്റ്ററല്‍ ഓഫിസര്‍മാര്‍ക്കാണ്. കനത്ത പൊലീസ് സുരക്ഷയുമുണ്ടാവും. ഇവ ഏപ്രില്‍ ഒമ്പതിന് എ.ആര്‍.ഒമാര്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറും. പാലക്കാട്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മെഷീനുകളാണ് ജില്ലയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ നിയമസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചവയും ഇക്കൂട്ടത്തിലുണ്ട്. |
No comments:
Post a Comment