സ്വാഗതം
WELCOME

News Update..

Friday, October 4, 2013

ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ Madhyamam News Feeds

ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ Madhyamam News Feeds

Link to

ആധാറില്‍ വ്യക്തത വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Posted: 04 Oct 2013 12:16 AM PDT

Image: 

ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23ാം തിയ്യതിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്. എന്നാല്‍, ആധാര്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ പദ്ധതിയിട്ട സേവനങ്ങളുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാറിന് കഴിയാതെ വന്ന സന്ദര്‍ഭത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്‍്റെ  ആവശ്യം ചൊവ്വാഴ്ച കോടതി പരിഗണിക്കും.

രൂപയില്‍ മുന്നേറ്റം; ഡോളറിനെതിരെ 28 പൈസ നേട്ടത്തില്‍

Posted: 04 Oct 2013 12:01 AM PDT

Image: 

ന്യൂദല്‍ഹി: ഡോളറിനെതിരെ രൂപ 28 പൈസ മുന്നേറി. 61.45 എന്ന മൂല്യത്തില്‍ ഇപ്പോള്‍ വിനിമയം നടക്കുന്ന രൂപ ഏഴാഴ്ചക്കിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ബാങ്കുകള്‍ വഴിയും കയറ്റുമതിക്കാര്‍ വഴിയും ഡോളറുകള്‍ വിറ്റഴിച്ചതാണ് രൂപക്ക് കരുത്തായത്. ആഭ്യന്തര വിപണിയിലേക്കുണ്ടായ വിദേശ മൂലധനമൊഴുക്കും രൂപയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 61.73 മൂല്യത്തിലായിരുന്നു വ്യാഴാഴ്ച രൂപ വിനിമയം അവസാനിപ്പിച്ചത്.

നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സേന കൊലപ്പെടുത്തി

Posted: 03 Oct 2013 11:22 PM PDT

Image: 

ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലക്കടുത്ത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ ഇന്ത്യന്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം. സൈനിക വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കിയതായും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

കുളമ്പുരോഗം കൊണ്ടുവരുന്നത് ‘അന്യസംസ്ഥാനക്കാര്‍’

Posted: 03 Oct 2013 11:17 PM PDT

കൊല്ലം: ജില്ലയില്‍ കുളമ്പുരോഗം വ്യാപിക്കാന്‍ പ്രധാനകാരണം അന്യസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കന്നുകാലികളെന്ന് നിഗമനം. രോഗം ബാധിച്ചതല്ലെന്നതടക്കമുള്ള രേഖകള്‍ പരിശോധിച്ചാണ് മൃഗങ്ങളെ ചെക്പോസ്റ്റിലൂടെ കടത്തിവിടാറുള്ളത്. എന്നാല്‍ ആര്യങ്കാവ് ചെക്പോസ്റ്റിലൂടെയല്ലാതെയും കന്നുകാലികളെ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്നുണ്ട്.
തമിഴ്നാട്ടില്‍ മൃഗങ്ങളിലെ കുളമ്പുരോഗമടക്കമുള്ള അസുഖങ്ങള്‍ക്ക് വേണ്ടത്ര പ്രതിരോധനടപടികള്‍ സ്വീകരിക്കാറില്ല. രോഗങ്ങള്‍ ബാധിച്ചവയെ ആരോഗ്യമുള്ള കന്നുകാലികള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തി കൊണ്ടുവരുന്നതും രോഗംപടരാന്‍ കാരണമാവുന്നു.
ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കന്നുകാലികളെ കൊണ്ടുവരുന്നത് മൃഗസംരക്ഷണവകുപ്പ് നിരോധിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് നിരോധം.
ഒരാഴ്ചത്തെ നിരോധം കൊണ്ടുമാത്രം ഫലമില്ലെങ്കിലും നിരോധം നീട്ടാന്‍ സാധ്യത കുറവാണ്. അന്യസംസ്ഥാനത്തുനിന്നുള്ള കന്നുകാലികളുടെ വരവ് നിയന്ത്രിച്ചാലേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധനടപടികള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു.രോഗം കൂടുതലായി കണ്ടുവരുന്ന നെടുമ്പന, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. 85 ശതമാനത്തിലധികം കന്നുകാലികള്‍ക്കും ജില്ലയില്‍ ഇതിനകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു.
എല്ലാ മൃഗാശുപത്രികളും വാക്സിനുകള്‍ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ക്രമീകരണവും ഒരുക്കിയതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു.
 

201 പേരുടെ ലൈസന്‍സ് റദ്ദാക്കി; 817 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Posted: 03 Oct 2013 11:09 PM PDT

Subtitle: 
വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിനനുവദിച്ച സമയപരിധി അവസാനിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി. വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടിനല്‍കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പും സര്‍ക്കാറും വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനം. ഇതുവരെ 95 ശതമാനം വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചതായാണ് മോട്ടോര്‍ വാഹനവകുപ്പിന് ലഭിച്ച വിവരം. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഓടിച്ച് നോക്കിയുള്ള പരിശോധനകളാണ് നടത്തുന്നത്. വേഗപ്പൂട്ട് സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ മുഖേന വാങ്ങിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. രണ്ടുദിവസത്തിനകം സീലിങ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. സ്വകാര്യബസുകളിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
സംസ്ഥാനവ്യാപകമായി നടത്തിയ വാഹനപരിശോധനയില്‍ അമിതവേഗത്തിലും ഹെല്‍മറ്റ് ധരിക്കാതെയും യാത്ര ചെയ്ത 201 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 817 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം-അഞ്ച്, പത്തനംതിട്ട- 26, ആലപ്പുഴ- ആറ്, കോട്ടയം- 15,  തൃശൂര്‍-ഏഴ്, പാലക്കാട്- ആറ്, മലപ്പുറം- 25, കാസര്‍കോട്- 22, ആറ്റിങ്ങല്‍-നാല്, എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ്- 14, തിരുവനന്തപുരം ആര്‍. ടി.ഒ എന്‍ഫോഴ്സ്മെന്‍റ്- 56, തൃശൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ്- 12, കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ്- 11 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലായി ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിന്‍െറ ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ.
തിരുവനന്തപുരം- 84, കൊല്ലം- ഒമ്പത്, പത്തനംതിട്ട- 74, ആലപ്പുഴ- 58, കോട്ടയം- 22, ഇടുക്കി- 20, എറണാകുളം- 5, തൃശൂര്‍- 32, പാലക്കാട്- 100, മലപ്പുറം- 32, കോഴിക്കോട്- 9, വയനാട്- 15, കണ്ണൂര്‍- 18, കാസര്‍കോടക്- 27, ആറ്റിങ്ങല്‍- 10, മൂവാറ്റുപുഴ- 26, വടകര- 15, എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ്- 20, തിരുവനന്തപുരം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ്- 144, തൃശൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ്- 82, കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ്- 15.

ദേശീയപാത വികസനത്തിന് ഭൂമി കൊടുത്തവര്‍ പണംകിട്ടാന്‍ നെട്ടോട്ടത്തില്‍

Posted: 03 Oct 2013 11:03 PM PDT

തൃശൂര്‍: ദേശീയപാതാ വികസന അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയും മെല്ലെപ്പോക്ക് നയവും മൂലം വികസനത്തിന് ഭൂമിവിട്ടുകൊടുത്തവര്‍ നഷ്ടപരിഹാരത്തിനായി നെട്ടോട്ടത്തില്‍. മണ്ണുത്തി-വടക്കുഞ്ചേരി പാത ആറുവരിയാക്കി വികസിപ്പിക്കാന്‍ ഭൂമി വിട്ടുകൊടുത്ത 1050 പേര്‍ക്കാണ് ആര്‍ബിട്രേഷന്‍ നടപടിയില്‍ തുക ഉയര്‍ത്തിയത്. ഇതില്‍ 700പേരുടെ ചെക്കുകള്‍ ദേശീയപാത അതോറിറ്റി പാസാക്കിയിട്ടുണ്ട്.
എന്നാല്‍ എന്‍.എച്ച്.ഡി.പി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മെല്ലെപ്പോക്കും അനാസ്ഥയും മൂലം ഇവയുടെ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. 425പേരുടെ ചെക്കുകളാണ് നിലവില്‍ വിതരണം ചെയ്തത്. വിതരണം ചെയ്തവരുടെ ചെക്കുകളില്‍ പലതിലും തെറ്റുകള്‍ വന്നതിനാല്‍ തിരിച്ചയക്കേണ്ട സ്ഥിതിയാണ്.
ഇന്‍കം ടാക്സ് ഉള്‍പ്പെടെ  സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് പലര്‍ക്കും ഉദ്യോഗസ്ഥര്‍ ചെക്കുകള്‍ നല്‍കിയില്ല. മണ്ണുത്തി, പാണഞ്ചേരി ഭാഗത്ത് സ്ഥലം വിട്ടു നല്‍കിയവര്‍ക്കുള്ള ചെക്കുകളുടെ വിതരണമാണ് നടക്കുന്നത്.
തുകകള്‍ വിഭജിച്ച് എഴുതുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളും അവകാശികള്‍ മരിച്ചവര്‍ക്ക് ചെക്കുകള്‍ മാറ്റിയെഴുതേണ്ട നടപടിക്രമങ്ങളും ഇഴയുകയാണ്.
അഞ്ചുകോടി വരെ നഷ്ടപരിഹാരം കിട്ടാനുള്ളവര്‍ക്കാണ് ചെക്കുകള്‍ വിതരണം നടത്തുന്നത്. ദേശീയപാത അതോറിറ്റി ചെക്ക് പാസാക്കി വികസന അതോറിറ്റിയുടെ പാലക്കാട് ഓഫിസിലേക്കാണ് അയക്കുന്നത്. ചെക്ക് ഒപ്പിട്ട് വീണ്ടും തൃശൂര്‍ ഓഫിസിലേക്കെത്തിയ ശേഷമാണ് വിതരണം നടത്തുക. മുന്‍ഗണനാ ക്രമം പാലിച്ചാണ് ചെക്കുകള്‍ നല്‍കുന്നത്.
ഇതിനിടെ ചെക്കുകള്‍ വാങ്ങി നല്‍കാന്‍ ഏജന്‍റുമാരും സജീവമാണെന്ന് ആരോപണമുണ്ട്. പണം നല്‍കിയാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വേഗത്തില്‍ ചെക്ക് പാസാക്കി നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ വ്യാപക പണപ്പിരിവ് നടത്തിയതായി പറയുന്നു. 2004ലാണ് ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കാനുള്ള നടപടി  ആരംഭിച്ചത്.
കഴിഞ്ഞ മേയിലാണ് ഭൂമി ഏറ്റെടുത്തത്. കേരളത്തില്‍ ഈ പാത മാത്രം ആറുവരിയാക്കിയാണ് വികസിപ്പിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയുംവേഗം നഷ്ടപരിഹാരം കൊടുത്തു തീര്‍ക്കണമെന്നാണ് ആവശ്യം.
 

കോര്‍പറേഷന്‍ സ്റ്റോറിലെ വൈദ്യുതി ഉപകരണങ്ങള്‍ നഷ്ടപ്പെട്ടത് മേയര്‍ അറിഞ്ഞില്ല

Posted: 03 Oct 2013 10:59 PM PDT

തൃശൂര്‍: കോട്ടപ്പുറത്തെ കോര്‍പറേഷന്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച വൈദ്യുതി വിഭാഗത്തിന്‍െറ ട്രാന്‍സ്ഫോര്‍മറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയില്ലെന്ന് മേയര്‍ ഐ.പി പോള്‍. ആഗസ്റ്റ് 27ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തന്നെ കോര്‍പറേഷന്‍ അധികൃതരാരും വിവരം അറിയിച്ചിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ക്ക് നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് കഴിഞ്ഞ 25ന് കോര്‍പറേഷന്‍ സെക്രട്ടറിക്ക് നല്‍കിയെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചു.
തൃശൂര്‍ കോട്ടപ്പുറത്തെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച വിലകൂടിയ അഞ്ച് ട്രാന്‍സ്ഫോര്‍മറുകളും ഏഴ് സ്വിച്ച്ബോര്‍ഡുകളും 7,657 മീറ്റര്‍ കേബ്ളുമാണ് രേഖകളില്ലാതെ സ്റ്റോറില്‍ നിന്നും നഷ്ടപ്പെട്ടത്. സ്റ്റോക്ക് രജിസ്റ്റര്‍ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ യഥാര്‍ഥ നഷ്ടം പൂര്‍ണമായി കണക്കാക്കാനായിട്ടില്ല.  
നഷ്ടപ്പെട്ടവയെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരിശോധന നടത്തിയ ദിവസം നല്‍കിയ കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിലുണ്ട്.
വൈദ്യുതി സാമഗ്രികളുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സ്റ്റോറില്‍ സൂക്ഷിക്കുന്നില്ല.
കോര്‍പറേഷന്‍ അധികൃതരുടെ ആവശ്യപ്രകാരം ഉപകരണങ്ങള്‍ സ്റ്റോറില്‍ നിന്നും നല്‍കുകയാണ് പതിവ്.
 

‘പൂട്ടി’ല്ലാത്ത ബസുകള്‍ യാത്രക്കാരെ ‘പൂട്ടി’

Posted: 03 Oct 2013 10:56 PM PDT

പത്തനംതിട്ട: ജില്ലയില്‍ കൂടുതല്‍ സ്വകാര്യബസുകള്‍ വേഗപ്പൂട്ട് ഘടിപ്പിച്ചുതുടങ്ങി. വേഗപ്പൂട്ട് ഇല്ലാത്തത് കാരണം സ്വകാര്യ ബസുകളില്‍ ചിലത് വ്യാഴാഴ്ച സര്‍വീസ് നടത്തിയില്ല. ഇതുകാരണം യാത്രക്കാരും ബുദ്ധിമുട്ടി. വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ സമയപരിധി ബുധനാഴ്ച വരെയായിരുന്നു.
ജില്ലയില്‍ സര്‍വീസ് നടത്തുന്ന 491 സ്വകാര്യബസുകളില്‍ 101 എണ്ണം മാത്രമാണ് വ്യാഴാഴ്ച വരെ വേഗപ്പൂട്ട് ഘടിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് വരെ 25 ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചു. ഇതിനു ശേഷവും ബസുകള്‍ വേഗപ്പൂട്ട് പരിശോധനക്ക് എത്തിയിരുന്നു.
വേഗപ്പൂട്ട് ഘടിപ്പിക്കാതെ സ്വകാര്യ ബസുകള്‍ ഓടിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
വേഗപ്പൂട്ട്  ഘടിപ്പിച്ച വാഹനങ്ങള്‍ ആര്‍.ടി ഓഫിസുകളില്‍ ഹാജരാക്കി സീല്‍വെക്കുകയാണ് ചെയ്യുന്നത്. 60 കി.മീറ്ററില്‍ കൂടുതല്‍ വേഗത ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ആര്‍.ടി ഓഫിസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വ്യാഴാഴ്ച വേഗപ്പൂട്ട് ഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ മുന്നില്‍ സ്വകാര്യബസുകളുടെ നീണ്ടനിര കാണാമായിരുന്നു. മുഴുവന്‍ സ്വകാര്യബസുകള്‍ക്കും വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസം കൂടി എടുക്കുമെന്ന് കരുതുന്നു.
ജില്ലയില്‍ കുമ്പഴ, മഞ്ഞാടി തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ക്ഷോപ്പുകളില്‍ മാത്രമാണ് ഇപ്പോള്‍ വേഗപ്പൂട്ട് ലഭിക്കുന്നത്. ഇവിടങ്ങളില്‍ രണ്ടും മൂന്നും ജീവനക്കാര്‍ മാത്രമാണുള്ളത്. ഒരു ബസില്‍ വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ ഏറെ സമയവുമെടുക്കുന്നുണ്ട്. ബസുകള്‍ ധാരാളമായി എത്താന്‍ തുടങ്ങിയതോടെ വേഗപ്പൂട്ടിന് വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ 9000 രൂപ വരെയായിരുന്നെങ്കില്‍ ഇപ്പോള്‍ 11,000 രൂപ വരെ വാങ്ങുന്നുണ്ട്. ഇപ്പോള്‍ ഫിറ്റിങ് ചാര്‍ജും പ്രത്യേകമായി നല്‍കേണ്ടിവന്നിരിക്കുകയാണെന്ന് വാഹന ഉടമകള്‍ പറഞ്ഞു.
നേരത്തേ ഇത് കമ്പനി ചെലവില്‍ത്തന്നെയായിരുന്നു ചെയ്തിരുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനിയും വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിട്ടില്ല. ഇതില്‍ സ്വകാര്യബസ് ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ജില്ലയിലെ ചില കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വേഗപ്പൂട്ട്  സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഏറെക്കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടും ഇതിന്‍െറ തകരാര്‍ പരിഹരിക്കാത്തതിന് കാരണമായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നത്. എന്നാല്‍, കുറഞ്ഞ സമയം കൊണ്ട് ദീര്‍ഘദൂരം സര്‍വീസുകള്‍ നടത്തുന്ന ചില കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വേഗപ്പൂട്ട്  സ്ഥാപിച്ചാല്‍ നിശ്ചിത സമയംകൊണ്ട് ഓടിയെത്താന്‍ കഴിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
നിശ്ശേഷം തകര്‍ന്ന റോഡുകള്‍, ഗതാഗതക്കുരുക്ക് ഇവയൊക്കെ ബസുകളുടെ സമയം നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്.
 പ്രധാന സ്ഥലങ്ങളില്‍ ചിലപ്പോള്‍ ഏറെ സമയം ബസുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതും പതിവാണ്. നഷ്ടപ്പെടുന്ന സമയം വീണ്ടെടുക്കാന്‍ പിന്നീട് അമിതവേഗത്തില്‍ പോകുകയാണ് ചെയ്യാറുള്ളത്.
സ്വകാര്യബസുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് അവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ജില്ലയിലെ സ്വകാര്യബസുകള്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള സമയക്രമത്തെ സംബന്ധിച്ച് നിരവധി ആക്ഷേപമുണ്ട്. അശാസ്ത്രീയമായ രീതിയിലാണ് ബസുകള്‍ക്ക് സമയം നിശ്ചയിച്ചു നല്‍കിയിട്ടുള്ളത്.
ഒരേ റൂട്ടിലൂടെ പത്തും പതിനഞ്ചും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സ്വകാര്യബസുകള്‍ക്ക് റൂട്ട് അനുവദിച്ചുകൊടുത്തിട്ടുള്ളത്.
ഇത് പലപ്പോഴും മത്സരയോട്ടത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ബസ് ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റങ്ങള്‍ക്ക് യാത്രക്കാര്‍ സാക്ഷ്യം വഹിക്കുന്നതും പതിവാണ്.
റോഡുകളുടെ ശോച്യാവസ്ഥ കാരണം നിശ്ചയിച്ചുനല്‍കിയിട്ടുള്ള സമയത്ത് ഓടി എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.
 

പെരിയാര്‍ കടുവ സങ്കേതത്തിനുചുറ്റും കുളമ്പുരോഗം വ്യാപിക്കുന്നു

Posted: 03 Oct 2013 10:54 PM PDT

കുമളി: രാജ്യത്തെ പ്രമുഖ കടുവ-വന്യജീവി സങ്കേതമായ പെരിയാറിന്‍െറ സമീപങ്ങളില്‍ കുളമ്പുരോഗം പടര്‍ന്നതോടെ കടുവ സങ്കേതം രോഗ ഭീഷണിയിലായി.
വന്യജീവി സങ്കേതത്തിന്‍െറ സമീപ പ്രദേശങ്ങളായ അമരാവതി, വലിയകണ്ടം, മുരിക്കടി, നൂലാംപാറ പ്രദേശങ്ങളിലാണ് കന്നുകാലികള്‍ കുളമ്പുരോഗം കണ്ടെത്തിയത്. രോഗം ബാധിച്ച് പശുക്കളില്‍ ചിലത് ചത്തു.  കന്നുകാലികളുടെ വായില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്രവത്തില്‍ രോഗം പടര്‍ത്തുന്ന വൈറസ് ധാരാളമായി ഉണ്ടാകാറുണ്ട്. ഇവ മേയുന്ന പുല്‍മേടുകളില്‍ മ്ളാവ്, കാട്ടുപോത്ത്, കേഴ ഉള്‍പ്പെടെ ജീവികള്‍ തീറ്റ തേടി എത്തുന്നതോടെ രോഗം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് എത്താന്‍ വഴിതുറക്കും. രോഗം ബാധിച്ച ജീവികളെ വനത്തിനുള്ളില്‍ ചികിത്സിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  മാത്രമാണ് ഫലപ്രദമാകുക. എന്നാല്‍, പെരിയാര്‍ കടുവ  സങ്കേതത്തില്‍ ഒരു വര്‍ഷത്തോളമായി ഡോക്ടര്‍ ഇല്ലാത്തത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന കന്നുകാലികള്‍ വഴിയാണ് കുളമ്പ് രോഗം ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ എത്തുന്നത്. കുളമ്പ് രോഗം പടരാന്‍ സാധ്യതയുള്ള ഘട്ടങ്ങളില്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വനംവകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് പതിവാണ്.
എന്നാല്‍,ഇപ്രാവശ്യം ഇതിന് വനംവകുപ്പ് അധികൃതര്‍ വീഴ്ച വരുത്തിയതും പ്രശ്നം രൂക്ഷമാകാനിടയാക്കി. മുഴുവന്‍ കന്നുകാലികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത്-മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍ കെ. ദിനകരന്‍െറ നേതൃത്വത്തില്‍ ആറംഗ ഡോക്ടര്‍മാരുടെ ടീം ഇതേ വരെ ആയിരത്തോളം കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എങ്കിലും രോഗം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്തതിനാല്‍ വന്യജീവി സങ്കേതത്തിലേക്ക് പടരാനുള്ള സാധ്യത ഭീഷണി ഉയര്‍ത്തുന്നുണ്ട്.

 
 

പ്ളാറ്റ്ഫോമിന്‍െറ നീളക്കുറവ്; വലയുന്നത് സ്ത്രീകള്‍

Posted: 03 Oct 2013 10:50 PM PDT

കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ളാറ്റ്ഫോമിന്‍െറ നീളക്കുറവ് മൂലം കഷ്ടത്തിലാകുന്നത് വനിത യാത്രക്കാര്‍. കൂടുതല്‍ കമ്പാര്‍ട്ടുമെന്‍റുകളുള്ള ട്രെയിനുകള്‍ എത്തുമ്പോള്‍ വനിത കമ്പാര്‍ട്ട്മെന്‍റും തൊട്ടുമുന്നിലെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റും പ്ളാറ്റ്ഫോമിന് പുറത്താണ് നിര്‍ത്തുന്നത്. പാളത്തിനരികില്‍നിന്ന് ട്രെയിനിലേക്ക് വലിഞ്ഞു കയറാനും ഇറങ്ങാനും കഷ്ടപ്പെടുകയാണ് ഇതിലെ യാത്രക്കാര്‍.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നും മൂന്നും പ്ളാറ്റ്ഫോമുകളില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഈപ്രശ്നമില്ല. തെക്കുഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് മിക്കവാറും രണ്ടാമത്തെ പ്ളാറ്റ്ഫോമില്‍ എത്തുന്നത്.
 ഈ ട്രെയിനുകളുടെ ഏറ്റവും പിന്നിലെ കമ്പാര്‍ട്ടുമെന്‍റുകള്‍ പ്ളാറ്റ്ഫോമിന് പുറത്താകുന്നതോടെ വൃദ്ധരും സ്ത്രീകളും വലയുന്നു.
ചരക്കുകള്‍ കയറ്റുന്ന കമ്പാര്‍ട്ടുമെന്‍റും ചിലപ്പോള്‍ പ്ളാറ്റ്ഫോമിന് പുറത്താകും.
ഇതോടെ തൊഴിലാളികള്‍ ചരക്കുകള്‍ തലച്ചുമടായി കൊണ്ടുവന്നുകയറ്റുകയാണ് പതിവ്. പകല്‍ സമയങ്ങളില്‍ തിങ്ങിനിറഞ്ഞ് എത്തുന്ന ട്രെയിനുകളില്‍ യാത്രചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്.വൃദ്ധരെയും കുഞ്ഞുങ്ങളെയും കൈപിടിച്ചും എടുത്തും കമ്പാര്‍ട്മെന്‍റിലേക്ക് കയറാന്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടകരമാണ്. പ്ളാറ്റ്ഫോമിന്‍െറ നീളം കൂട്ടുകയോ മൂന്നാമത്തെ പ്ളാറ്റ്ഫോമിലേക്ക് നീളമേറിയ ട്രെയിനുകള്‍ നിര്‍ത്തുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP