സ്വാഗതം
WELCOME

News Update..

Sunday, October 13, 2013

ഫൈലിന്‍ ചുഴലിക്കാറ്റ്: ബംഗാള്‍ കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയെന്ന് Madhyamam News Feeds

ഫൈലിന്‍ ചുഴലിക്കാറ്റ്: ബംഗാള്‍ കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയെന്ന് Madhyamam News Feeds

Link to

ഫൈലിന്‍ ചുഴലിക്കാറ്റ്: ബംഗാള്‍ കടലില്‍ ചരക്ക് കപ്പല്‍ മുങ്ങിയെന്ന്

Posted: 13 Oct 2013 12:41 AM PDT

Image: 

കോല്‍ക്കത്ത: ഫൈലിന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ ബംഗാള്‍ കടലില്‍ചരക്ക് കപ്പല്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. ബംഗാള്‍ തീരത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ സാഗറിലെ കിഴക്കന്‍ ഭാഗത്താണ് എം.വി. ബാങ്കോ എന്ന കപ്പല്‍ മുങ്ങിയത്. കപ്പലിലെ ജീവനക്കാര്‍ ലൈഫ്ബോട്ടില്‍ രക്ഷപ്പെട്ടതായി കോല്‍ക്കത്ത പോര്‍ട്ട്ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

8,000 ടണ്‍ ഇരുമ്പയിരുമായി ചൈനയിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഒക്ടോബര്‍ 11നാണ് സാഗര്‍ ഭാഗത്ത് നങ്കൂരമിട്ടത്. ജീവനക്കാരില്‍ 19 പേര്‍ ചൈനക്കാരും ഒരാള്‍ ഇന്തോനേഷ്യന്‍ പൗരനുമാണ്.

കപ്പല്‍ മുങ്ങിയത് സംബന്ധിച്ച് ജീവനക്കാരില്‍ നിന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. തീരദേശസേനയുടെ ഡോണിയര്‍ യുദ്ധവിമാനവും ഹോവര്‍ക്രാഫ്റ്റും കടലില്‍ തെരച്ചില്‍ നടത്തിയതായി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.പി.എസ് കഹ്ലോന്‍ അറിയിച്ചു.

2004-05ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ പനാമയില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളപ്പോള്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ക്ക് തകരാര്‍ സംഭവിക്കാത്തിരിക്കാന്‍ അവയെ പുറം കടലിലേക്ക് മാറ്റാറുണ്ട്.

യുവാവിന് പൊലീസ് മര്‍ദനം: ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ടു

Posted: 13 Oct 2013 12:18 AM PDT

തൃശൂര്‍: പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ യുവാവിനെ എസ്.ഐയും പൊലീസുകാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐ.ജി ഉത്തരവിട്ടു. തൃശൂര്‍ മേഖല ഐ.ജി എസ്. ഗോപിനാഥാണ് അന്വേഷണത്തിന് സിറ്റി കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. 
ആളൂര്‍ പള്ളിക്കര ശ്രീധരന്‍െറ മകന്‍ രതീഷാണ് (33) പൊലീസ് മര്‍ദനത്തില്‍ ഗുരുതര  പരിക്കേറ്റ് മാനസികനില തെറ്റി ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രതീഷിന്‍െറ ഭാര്യ ഐ.ജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാ ണ്  ഉത്തരവ്. എസ്.ഐ ശെല്‍വരാജും സിവില്‍ പൊലീസ് ഓഫിസറായ സുഗതനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഐ.ജി എസ്. ഗോപിനാഥ് പറഞ്ഞു.
 

നീലേശ്വരം ബാങ്കിലെ മുക്കുപണ്ടക്കേസ് ഹൈകോടതി സ്റ്റേ ചെയ്തു

Posted: 13 Oct 2013 12:07 AM PDT

കാഞ്ഞങ്ങാട്: നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കില്‍ 11 ലക്ഷം രൂപക്ക് മുക്കുപണ്ടം പണയംവെച്ച സംഭവത്തില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈകോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു.
പടന്നക്കാട് അനന്തംപള്ള താഹിറ മന്‍സിലില്‍ ഹുസൈനിന്‍െറ ഭാര്യ ഖമറുദാന്‍ (45), സഹോദരി ആയിഷ (48), സഹോദരീഭര്‍ത്താവ് അനന്തംപള്ളയിലെ കുഞ്ഞാമദ് ഹാജിയുടെ മകന്‍ എ.സി. ഇബ്രാഹിം (58), ബാങ്കിലെ അപ്രൈസര്‍ തട്ടാച്ചേരിയിലെ രാജേഷ് എന്നിവരുടെ പേരില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്  സ്റ്റേ ചെയ്തത്.
13 മാസം മുമ്പ് ഖമറുദാനും ആയിഷയും ഇബ്രാഹിമും ചേര്‍ന്ന് നീലേശ്വരം സഹകരണ ബാങ്കില്‍ പണയംവെച്ച സ്വര്‍ണത്തില്‍ മുക്കുപണ്ടം കണ്ടത്തെിയതിനെ തുടര്‍ന്ന്ഇവര്‍ ബാങ്കിനെ എതിര്‍കക്ഷിയാക്കി ഒക്ടോബര്‍ ഒന്നിന് ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. മുന്‍സിഫ് കോടതി ബാങ്ക് സെക്രട്ടറിക്കും മാനേജര്‍ക്കും അപ്രൈസര്‍ക്കും  അടിയന്തര നോട്ടീസയച്ചു. ഈ നോട്ടീസ് മൂന്നുപേരും കൈപ്പറ്റി. ഇതിനുശേഷമാണ് ബാങ്ക് നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയതും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും. 
മൂന്ന് മാസത്തിലൊരിക്കല്‍ അപ്രൈസറുടെ സാന്നിധ്യത്തില്‍ ബാങ്കിലെ ഓഡിറ്റ് വിഭാഗം പണയ സ്വര്‍ണങ്ങള്‍ പരിശോധിക്കണമെന്നാണ് നിയമം.  
പണയംവെച്ച സ്വര്‍ണം ഇത്തരത്തില്‍ പലതവണ പരിശോധിച്ചിട്ടുണ്ടെന്നും അന്ന് കണ്ടത്തൊന്‍ കഴിയാത്ത മുക്കുപണ്ടം 13 മാസത്തിനുശേഷം കണ്ടത്തെിയെന്ന് പറയുന്നത് തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. 
മുന്‍സിഫ് കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ കോടതിയെ വിശ്വാസത്തിലെടുക്കാതെ പൊലീസില്‍ പരാതി നല്‍കിയതിനെയും ഹരജിക്കാര്‍ ഹൈകോടതിയില്‍ ചോദ്യം ചെയ്തു.

ഫ്ളാറ്റ് വില്‍പനയില്‍ 71 ലക്ഷത്തിന്‍െറ വെട്ടിപ്പ്; റിക്കവറി ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി

Posted: 13 Oct 2013 12:03 AM PDT

കണ്ണൂര്‍: നഗരഹൃദയത്തിലെ അപാര്‍ട്മെന്‍റ് വില്‍പനയില്‍ നികുതി വെട്ടിപ്പ് കണ്ടത്തെിയതിനെ തുടര്‍ന്ന് പാര്‍ട്ണര്‍മാരുടെ വീടുകളില്‍ റിക്കവറി നടത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള ഭീഷണി.
കാല്‍ടെക്സിന് സമീപത്തെ  അപാര്‍ട്മെന്‍റിന്‍െറ പാര്‍ട്ണര്‍മാരായ താളിക്കാവ്, കാല്‍ടെക്സ് താമസക്കാരുടെ  വീടുകളില്‍ റിക്കവറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഭീഷണി. 5.7 കോടി രൂപയുടെ ഫ്ളാറ്റ് വില്‍പന നടത്തിയ വകയില്‍ നികുതിയടക്കുന്നതിലാണ് വീഴ്ച. പാര്‍ട്ണര്‍മാരില്‍ ഒരാള്‍ക്ക് സംസ്ഥാനത്തെ ഒരു മന്ത്രിയുമായുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് വില്‍പന നികുതി അടക്കാതിരുന്നത്.  എന്നാല്‍, ഫ്ളാറ്റുവാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസഥര്‍ക്ക് അത് രജിസ്റ്റര്‍ ചെയ്ത് നല്‍കാതിരുന്നതാണ് തട്ടിപ്പ് പുറത്തുവരാനും പാര്‍ട്ണര്‍മാരുടെ വീടുകളില്‍ റിക്കവറി നടപടിയുണ്ടാകാനും കാരണം.  
ഈ അപാര്‍ട്മെന്‍റില്‍ 66 ഫ്ളാറ്റുകളാണുള്ളത്. ഇതില്‍ 50 എണ്ണമാണ് വിറ്റത്. 30  എണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 21 ലക്ഷം രൂപ വിലവരുന്ന മൂന്ന് ബെഡ് ഫ്ളാറ്റുകള്‍ 20 എണ്ണവും 10ലക്ഷം രൂപ വിലവരുന്ന രണ്ടു ബെഡ് ഫ്ളാറ്റുകള്‍ 10 എണ്ണവുമാണ് രജിസ്റ്റര്‍ ചെയ്തത്. 5.7 കോടി രൂപയുടെ ഫ്ളാറ്റുകള്‍ വില്‍പന നടത്തിയതില്‍ 71 ലക്ഷം രൂപയാണ് വില്‍പന നികുതിയിനത്തില്‍ അടക്കേണ്ടിയിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഈ  തുകയുടെ ടോക്കണ്‍ സംഖ്യ മാത്രമാണ് അടച്ചത്. കാലാകാലങ്ങളില്‍ ഭരണതലത്തില്‍ സ്വാധീനം ചെലുത്തി നികുതിയടവില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഒരു തഹസില്‍ദാറും ഒരു ഡെപ്യൂട്ടി കലക്ടറും ഫ്ളാറ്റ് വാങ്ങി. എന്നാല്‍,  ഫ്ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ പാര്‍ട്ണര്‍മാര്‍ തയാറായില്ല. അപ്പോഴാണ് വിറ്റുകഴിഞ്ഞ 50 ഫ്ളാറ്റുകളില്‍ 20 എണ്ണം  രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നും പണം വാങ്ങുക മാത്രമാണ് ചെയ്തതെന്നും മനസിലായത്. രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്‍െറ കാരണം പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണ്. ഇതാണ് ഫ്ളാറ്റിലെ നികുതി തട്ടിപ്പ് ഉള്‍പ്പെടെ പുറത്താകാന്‍ കാരണം. 24 പാര്‍ട്ണര്‍മാര്‍ ചേര്‍ന്നാണ് ഫ്ളാറ്റ് നിര്‍മിച്ചത്. ഇതില്‍ നാല് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കാനും വില്‍പന നടത്താനുമുള്ള പവര്‍ ഓഫ് അറ്റോര്‍ണി, മറ്റ് 20 പേര്‍ ഒപ്പിട്ട് നലകി. 30 ഫ്ളാറ്റ് വില്‍പന നടത്തിയപ്പോള്‍ ഒരാളില്‍ നിന്ന് മൂന്നുലക്ഷം രൂപവീതം രേഖയില്‍പെടുത്താതെ വാങ്ങിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള 90 ലക്ഷത്തെകുറിച്ച് പാര്‍ട്ണര്‍മാരും പവര്‍ ഓഫ്അറ്റോര്‍ണി നേടിയവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് 20 പേര്‍ പവര്‍ ഓഫ് അറ്റോര്‍ണി പിന്‍വലിച്ചു. ഇതോടെ  20 പേര്‍ക്ക് വില്‍പന നടത്തിയ ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ കഴിയാതെ വന്നു. പാര്‍ട്ണര്‍മാരുടെ ഒപ്പില്ലാതെ രജിസ്റ്റര്‍ ചെയ്ത് നല്‍കാനും കഴിയില്ല.  രജിസ്ട്രേഷന് ഈ 20 പേര്‍ കൂട്ടുനില്‍ക്കണമെങ്കില്‍ ഇതുവരെയുള്ള കണക്കുകള്‍ ബോധ്യപ്പെടുത്തണമെന്നാണ് ആവശ്യം. 
20 ഫ്ളാറ്റുകള്‍ വില്‍പന നടത്തിയതായി കരാര്‍ ചെയ്തിരിക്കുന്നത് നാല് പാര്‍ട്ണര്‍മാരുടെ ബന്ധുക്കളുടെ പേരിലാണെന്നാണ് മറ്റൊരു വിവാദം. ഈ വിവാദത്തില്‍ കണ്ണൂര്‍ നഗരസഭയും ഉള്‍പ്പെടും. കരാര്‍ പേപ്പറിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭ കെട്ടിട നമ്പര്‍ നല്‍കിയെന്നതാണിത്.

നീളിപ്പാറ ചെക്പോസ്റ്റിലൂടെ നികുതി വെട്ടിച്ച് ചരക്കുകടത്ത്

Posted: 12 Oct 2013 11:58 PM PDT

ഗോവിന്ദാപുരം: നീളിപ്പാറ ചെക്പോസ്റ്റിലൂടെ നികുതി വെട്ടിച്ച് ചരക്ക് കടത്തുന്നുവെന്ന് ആക്ഷേപം. ഗോവിന്ദാപുരം, നീളിപ്പാറ ചെക്പോസ്റ്റുകളില്‍ കോഴ നല്‍കിയാണ് നികുതിവെട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി കേരളത്തിലേക്ക് ചരക്ക് കടത്തുന്നതെന്ന് പറയുന്നു. ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്ന് പരിസരവാസികള്‍ പറഞ്ഞു. കുളമ്പുരോഗം പടരുന്ന സാഹചര്യത്തില്‍ കന്നുകാലികളെ തമിഴ്നാട്ടില്‍നിന്ന് കടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിരിക്കേ വില്‍പന നികുതി ചെക്പോസ്റ്റുകളില്‍ പണം വാങ്ങി കടത്തിവിടുന്നതായി ആരോപണം ശക്തമാണ്. പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലുമാണ് നികുതി അടക്കാതെ കോഴ നല്‍കി ചെക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് പലചരക്കും പാചക എണ്ണയും ധാന്യങ്ങളും കടത്തുന്നത്. 
ഇടതു സര്‍ക്കാറിന്‍െറ കാലത്ത് അഴിമതിരഹിത വാളയാര്‍ പദ്ധതിയുടെ ഭാഗമായി ഗോവിന്ദാപുരത്തും ചെമ്മണാമ്പതിയിലുമുള്ള ചെക്പോസ്റ്റുകളില്‍ തിരുവനന്തപുരത്തുനിന്ന് വകുപ്പുമന്ത്രിയുടെയും വില്‍പന നികുതി കമീഷണറുടെയും മിന്നല്‍ പരിശോധനകള്‍ നടന്നതിനാല്‍ പ്രവര്‍ത്തനം കുറച്ചൊക്കെ സുതാര്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും അഴിമതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പരിശോധനയും നിരീക്ഷണവും മുതലമടയിലെ എല്ലാ ചെക്പോസ്റ്റുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

ആര്‍.എസ്.ബി.വൈ ഫണ്ട് തീരുന്നതോടെ എന്‍.ആര്‍.എച്ച്.എം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

Posted: 12 Oct 2013 11:52 PM PDT

മലപ്പുറം: ദേശീയ ആരോഗ്യ മിഷന് കീഴില്‍ അഞ്ചുവര്‍ഷം ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട എന്‍.ആര്‍.എച്ച്.എം ജീവനക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (ആര്‍.എസ്.ബി.വൈ) സഹായത്താല്‍ തല്‍ക്കാലം ജോലിയില്‍ തുടരാമെങ്കിലും ഡിസംബറിന്ശേഷം ജോലിക്കാര്യം അനിശ്ചിതത്വത്തിലാകും. ജില്ലയിലെ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്മാരെയാണ് എന്‍.ആര്‍.എച്ച്.എം പറഞ്ഞുവിട്ടത്. 
എന്‍.ആര്‍.എച്ച്.എമ്മിന് കീഴില്‍ കെട്ടിടനിര്‍മാണമടക്കമുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള ഫണ്ടില്‍നിന്നുള്ള തുകയെടുത്താണ് ഡോക്ടര്‍മാരൊഴികെയുള്ള പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയോഗിച്ചത്. 
ലാബ് എക്സ്റേ ടെക്നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്സുമാര്‍, സ്കൂളുകളിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവരെയാണ് ഇപ്രകാരം നിയോഗിച്ചത്. 
2008 മുതലാണ് ഇവര്‍ക്ക് നിയമനം നല്‍കിയത്. എല്ലാ മാസവും ഏപ്രില്‍ മുതല്‍ ഒരുവര്‍ഷത്തേക്ക് കരാറില്‍ നിയമന ഉത്തരവ് പുതുക്കിനല്‍കുകയായിരുന്നു.
അടിസ്ഥാന വികസനത്തിനുള്ള ഫണ്ടുപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലെ എന്‍.ആര്‍.എച്ച്.എം കര്‍ശനമായി വിലക്കിയതോടെയാണ് ഈ വിഭാഗത്തെ തുടര്‍ന്നും ജീവനക്കാരായി നിലനിര്‍ത്തേണ്ടതില്ളെന്ന് തീരുമാനമെടുത്ത് സെപ്റ്റംബര്‍ അവസാനത്തോടെ പിരിച്ചുവിട്ടത്. ഇതോടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ലാബ്, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലായി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് ആശുപത്രികളിലെ ആര്‍.എസ്.ബി.വൈ ഫണ്ടില്‍നിന്ന് തുക നല്‍കി ഇവരെ മൂന്നുമാസത്തേക്ക് തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇതുപ്രകാരം ഡിസംബറോടെ ആര്‍.എസ്.ബി.വൈ പദ്ധതിയില്‍നിന്നുള്ള തുകയുപയോഗിച്ച്  ശമ്പളം നല്‍കുന്നത് നിലക്കും. 
വര്‍ഷംതോറും 25 ശതമാനം പേരെ എന്‍.ആര്‍.എച്ച്.എമ്മില്‍നിന്ന് പറഞ്ഞുവിടാനാണ് തീരുമാനം. അടുത്തവര്‍ഷം കൂടുതല്‍ പേര്‍ക്ക് താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടമാകും. ഇപ്പോള്‍ ആര്‍.എസ്.ബി.വൈ പദ്ധതിയുള്ള ആശുപത്രികളില്‍ മാത്രമാണ് പിരിച്ചുവിട്ടവരെ വീണ്ടും നിയമിച്ചത്. 
കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ ആര്‍.എസ്.ബി.വൈ ഇല്ലാത്തതിനാല്‍ വരുംനാളുകളില്‍ ഇത്തരം ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് പിരിച്ചുവിടുന്നവരെ പുനര്‍നിയമിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. 
പെരിന്തല്‍മണ്ണ, മലപ്പുറം ഗവ. ആശുപത്രികളില്‍ നാലു വീതവും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാലും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു ഫാര്‍മസിസ്റ്റുമാണ് ആര്‍.എസ്.ബി.വൈ സഹായത്താല്‍ ജോലിക്ക് കയറിയത്.

തോപ്പുംപടി ബി.ഒ.ടി പാലം: ടോള്‍ പിരിവ് ഏപ്രിലിലും തീരില്ല

Posted: 12 Oct 2013 11:47 PM PDT

Subtitle: 
എം.എല്‍.എ പറഞ്ഞ കാര്യം മിനിറ്റ്സില്‍ ഇല്ല
മട്ടാഞ്ചേരി: തോപ്പുംപടി ബി.ഒ.ടി പാലത്തിലെ ടോള്‍ പിരിവ് 2014 ഏപ്രിലില്‍ അവസാനിപ്പിക്കുമെന്ന വാദം പൊളിയുന്നു. ജൂണ്‍ 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ഒ.ടി പാലത്തിലെ ടോള്‍പിരിവ് ഏപ്രിലില്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തെന്നാണ് എം.എല്‍.എ ഡൊമിനിക് പ്രസന്‍േറഷന്‍ മാധ്യമങ്ങളെ അറിയിച്ചത്.
 എന്നാല്‍, ഇതുസംബന്ധിച്ച യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിച്ചതായി ഇല്ല. പൊതുമരാമത്ത് അണ്ടര്‍ സെക്രട്ടറി എം.ജി. രഞ്ജിത്കുമാര്‍ ജി.സി.ഡി.എക്ക് അയച്ച മിനിറ്റ്സിന്‍െറ പകര്‍പ്പിലാണ് ടോള്‍ പിരിവ് നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു പരാമര്‍ശവുമില്ലാത്തത്.
  2014 ഏപ്രില്‍ മാസത്തോടെ കരാര്‍ പ്രകാരമുള്ള ടോള്‍ പിരിവ് അവസാനിക്കുമെന്നും ശേഷം ടോള്‍ പിരിവുണ്ടാകില്ളെന്ന് ഉറപ്പാക്കണമെന്നും എം.എല്‍.എ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ യോഗത്തില്‍ അഭ്യര്‍ഥിച്ചെങ്കിലും സെക്രട്ടറിതല നെഗോഷ്യേഷന്‍ കമ്മിറ്റി തുടര്‍ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന തീരുമാനത്തോടെ യോഗം പിരിയുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
  പാലം നിര്‍മിച്ച ഗാമണ്‍ ഇന്ത്യ വാദിയായും സംസ്ഥാന സര്‍ക്കാറും ജി.സി.ഡി.എയും എതിര്‍ഭാഗത്തുമായി ആര്‍ബിട്രേഷന്‍ കേസ് നടക്കുകയാണ്. 
അതിനാല്‍ സര്‍ക്കാര്‍  എഗ്രിമെന്‍റ് പ്രകാരം ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലിന് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലെ നിലപാടില്‍ നിന്ന് സര്‍ക്കാറിന് പിന്നാക്കം പോകാനാകില്ളെന്നും ജി.സി.ഡി.എ സെക്രട്ടറി സമവായ ഫോര്‍മുല സമര്‍പ്പിച്ചിട്ടുണ്ടെന്നും യോഗത്തില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് അധികൃതരും അറിയിച്ചു.

രോഗം പരത്തി കന്നുകാലിച്ചന്തകള്‍; നടപടിയില്ല

Posted: 12 Oct 2013 11:40 PM PDT

ചാരുംമൂട്: രോഗവാഹികളാകുന്ന കന്നുകാലി ചന്തകള്‍ക്കെതിരെ അധികൃതര്‍ മൗനംപാലിക്കുന്നതായി ആക്ഷേപം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് രോഗംബാധിച്ചത്തെുന്ന കന്നുകാലികള്‍ ജില്ലയിലെ വിവിധ ചന്തകളില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു. മധ്യതിരുവിതാംകൂറിലെ വളരെ പഴക്കമുള്ള കന്നുകാലി ചന്തകള്‍ ചാരുംമൂട് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 

ചാരുംമൂട്, കരിമുളക്കല്‍ പാലൂത്തറ, വയ്യാങ്കര ചന്ത എന്നിവയാണ് പ്രധാന ചന്തകള്‍. ദിനംപ്രതി ആയിരക്കണക്കിന് കന്നുകാലികളെയാണ് ചാരുംമൂട് മേഖലയിലെ ചന്തകളില്‍ വില്‍പനക്കായി കൊണ്ടുവരുന്നത്. ഏറ്റവും കൂടുതല്‍ കന്നുകാലികളെ എത്തിക്കുന്നത് വയ്യാങ്കര ചന്തയിലാണ്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന വയ്യാങ്കര ചന്ത കന്നുകാലികളുടെ ക്രയവിക്രയത്തില്‍ പേരുകേട്ടതാണ്. ഇറച്ചിക്കുവേണ്ടിയാണ് ഇവിടങ്ങളില്‍ നിന്ന് കന്നുകാലികളെ കൂടുതലായി വിറ്റഴിക്കുന്നത്. 
തമിഴ്നാട് ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലും കന്നുകാലികളെ ചന്തകളിലേക്ക് കൊണ്ടുവരുന്നത്. മതിയായ രേഖകളില്ലാതെയും വേണ്ടത്ര പരിശോധന കൂടാതെയുമാണ് കന്നുകാലികളെ എത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ ചെക്പോസ്റ്റുകളില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. ചെക് പോസ്റ്റുകളില്‍ കന്നുകാലികളുമായി എത്തുന്ന ഏജന്‍റുമാരുടെ വിശ്വസ്തര്‍ ഉള്ളതുകൊണ്ടാണ് പരിശോധന കൂടാതെ ഇവ ചന്തകളില്‍ എത്തുന്നത്. ചെക്പോസ്റ്റുകളില്‍ എത്തുന്ന നൂറുകണക്കിന് കന്നുകാലികളെ പരിശോധിക്കാനുള്ള സൗകര്യം ഇല്ളെന്ന വാദമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. ചെക്പോസ്റ്റ് വഴി എത്തിച്ച ചത്ത പശുവിനെ പരിശോധിച്ചപ്പോള്‍ ആന്ത്രാക്സ് ബാധയുള്ളതായി കണ്ടത്തെിയ സംഭവവും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളില്‍ കുത്തിനിറച്ച്, യാതൊരു നിയന്ത്രണവുമില്ലാതെ കൊണ്ടുവരുന്ന കന്നുകാലികളുടെ ഇറച്ചി വാങ്ങുമ്പോള്‍ മാരകമായ രോഗം കൂടി വിലയ്ക്കുവാങ്ങുന്ന സ്ഥിതിയാണ്. കന്നുകാലികളെ കൊണ്ടുപോകുന്ന അറവുശാലകളിലെങ്കിലും പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
 

പുതുപ്പള്ളിയില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസുടമക്കെതിരെ കേസെടുത്തേക്കും

Posted: 12 Oct 2013 11:31 PM PDT

കോട്ടയം: പുതുപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബസ് ഉടമക്കെതിരെയും കേസെടുത്തേക്കും. ആര്‍.ടി.ഒ ടി.ജെ.തോമസിന്‍െറ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഡ്രൈവറുടെ അശ്രദ്ധക്ക് പുറമേ ബസിന്‍െറ ടയറുകള്‍ തേഞ്ഞതായിരുന്നെന്നും സ്കൂള്‍ പരിസരത്ത് ഓടേണ്ട വേഗത്തിലല്ല ബസ് പോയിരുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 
ബസിലെ പഴഞ്ചന്‍ ടയറുകളാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന പ്രാഥമികനിഗമനമാണ് ഉടമക്കെതിരെ കേസ് എടുക്കാന്‍ സാധ്യതയൊരുക്കിയത്. അപകടം സംബന്ധിച്ച് ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക പരിശോധന പൂര്‍ത്തിയാക്കിയശേഷമേ നടപടി സ്വീകരിക്കൂ. അമിതവേഗത്തില്‍ പാഞ്ഞ ബസ് ബ്രേക്ക് ചവിട്ടിയിട്ടും നില്‍ക്കാതിരുന്നത് ടയര്‍ പഴഞ്ചനായതിനാലാണെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, മറ്റൊരു ബസിന് പകരമത്തെിയതാണ് ഈ ബസെന്നും പറയുന്നു.  സ്ഥിരമായി ഓടുന്ന ബസ് വര്‍ക്ക്ഷോപ്പില്‍ കയറ്റിയപ്പോള്‍ ഇതേ കമ്പനിയുടെ മറ്റൊരു ബസ് ഏര്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
 

പാക്സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ഇന്ത്യ തിരിച്ചടിച്ചു

Posted: 12 Oct 2013 11:17 PM PDT

Image: 

പൂഞ്ച്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സേന നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി. പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് പാക് സേന വെടിവെപ്പ് നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. പാക് വെടിവെപ്പ് ശക്തമായതോടെ ഇന്ത്യ തിരിച്ചടിച്ചു.

കൃഷ്ണ ഗാട്ടി മേഖലയിലെ ബാരാസിംഗ, മെന്ദര്‍, ഗാലി സബ്സെക്ടര്‍ എന്നിവിടങ്ങളിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. വെടിവെപ്പ് ശക്തമായതോടെ സുരക്ഷാസേന അതിര്‍ത്തിയില്‍ നില ഉറപ്പിച്ചു. എതിരാളികള്‍ ഉപയോഗിച്ച മാതൃകയിലുള്ള ആയുധങ്ങള്‍ തന്നെയാണ് പ്രത്യാക്രമണത്തിന് സുരക്ഷാസേന ഉപയോഗിച്ചതെന്ന് വക്താവ് പറഞ്ഞു.

ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷത്തില്‍ 130 തവണയാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വലിയ തോതാണിത്. 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP