സ്വാഗതം
WELCOME

News Update..

Wednesday, October 23, 2013

സോളാര്‍ കേസന്വേഷണത്തിന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ Madhyamam News Feeds

സോളാര്‍ കേസന്വേഷണത്തിന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ Madhyamam News Feeds

Link to

സോളാര്‍ കേസന്വേഷണത്തിന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍

Posted: 23 Oct 2013 12:38 AM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷന്‍ നടത്തും. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ആണ് തീരുമാനം. ഹൈകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് ആണ് ശിവരാജന്‍. ആറു മാസമാണ് കമ്മീഷന്‍്റെ കാലാവധി. 2006 മുതലുള്ള കേസുകള്‍ കമ്മീഷന്‍്റെ അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു കൊടുക്കാന്‍ ഹൈകോടതി വിസമ്മിതിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് റിട്ടയേര്‍ഡ് ജസ്റ്റിസിനെ മന്ത്രിസഭായോഗം തീരുമാനിച്ചത്.

 

ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍

Posted: 23 Oct 2013 12:11 AM PDT

Image: 

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മോശം പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൂടുതല്‍ കേരള കോണ്‍ഗ്രസ്-എം ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. ഒറ്റുകാരനെന്ന് അര്‍ഥമുള്ള അഞ്ചാംപത്തി വിശേഷണം കേരള രാഷ്ട്രീയത്തില്‍ ചേരുന്നത് പി.സി. ജോര്‍ജിനാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അസഭ്യത്തിലും പുലഭ്യത്തിലും തെറിയിലും ഡോക്ടറേറ്റ് എടുത്തയാളാണ് ജോര്‍ജ്. ശുദ്ധമലയാളം അറിയാത്തത് കൊണ്ടാണ് തന്നെ അഞ്ചാംപത്തിയെന്ന് ജോര്‍ജ് വിളിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ഭീഷണിപ്പെടുത്തുന്ന മൂന്നാംതരം രാഷ്ട്രീയമാണ് ജോര്‍ജിന്റേത്. ഇത്തരം പ്രസ്താവന തുടര്‍ന്നാല്‍ ഏറ്റവും ദോഷം ചെയ്യുന്നത് കേരള കോണ്‍ഗ്രസിനും കെ.എം. മാണിക്കുമാണ്. ജോര്‍ജ് സ്വയം നിയന്ത്രിച്ചില്ളെങ്കില്‍ പാര്‍ട്ടി വേദിക്ക് പുറത്ത് പ്രതികരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒന്നിലധികം ലോക്സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വേണമെന്ന് ജോസ് എം. പുതുശേരി ആവശ്യപ്പെട്ടു. ഇടുക്കി സീറ്റ് വേണ്ടെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന വ്യക്തിപരമാണ്. പാര്‍ട്ടിക്ക് ഒരു സീറ്റ് കൂടുതല്‍ ലഭിക്കുന്നതുവഴി യു.പി.എ ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്നും പുതുശേരി വ്യക്തമാക്കി.
ലോക്സഭാ സീറ്റ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ളെന്ന് രാജ്യസഭാംഗം ജോയ് എബ്രഹാം പ്രതികരിച്ചു. വിഷയത്തില്‍ നിലപാട് പറയേണ്ടത് പാര്‍ട്ടി ചെയര്‍മാനാണ്. ആവശ്യമായ ഘട്ടത്തില്‍ പാര്‍ട്ടി കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്നെ ആരും വിലക്കിയിട്ടില്ളെന്നും പരസ്യ പ്രസ്താവന തുടരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. യു.ഡി.എഫിന്റെ വിജയത്തിനാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയിലെ 69 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമാണ്. സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനെന്ന ബഹുമാനം നല്‍കുന്നുണ്ട്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ആഗ്രഹത്തോട് യോജിക്കുന്നു. കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ആന്‍റണി രാജുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥികളെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

Posted: 22 Oct 2013 11:53 PM PDT

Subtitle: 
ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്

ചേര്‍പ്പ്: 27ന് നടക്കുന്ന ചേര്‍പ്പ് സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയുടെ പേരില്‍ ഭിന്നത രൂക്ഷം. ചെവ്വൂര്‍ ഭാഗത്ത് നിന്നുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ഭിന്നത പ്രകടമായത്.
തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിക്കുന്നതിന് ചെവ്വൂരില്‍ തിങ്കളാഴ്ച നടന്ന കണ്‍വെന്‍ഷനില്‍ നിന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. കമ്മിറ്റി രൂപവത്കരിക്കാന്‍ കഴിഞ്ഞില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയിലെ രണ്ട് സ്ഥാനാര്‍ഥികളുടെ പേരിലുള്ള ആരോപണങ്ങളാണ് രൂക്ഷമായ ചര്‍ച്ചകള്‍ക്കും ഭിന്നതകള്‍ക്കും കാരണമായത്.
വാര്‍ഡുതല യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളാകാന്‍ യോഗ്യരായ വ്യക്തികളുടെ പേരുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ച്  വാര്‍ഡ് കമ്മിറ്റി ഒമ്പതാളുകളുടെ പേരുകള്‍ നല്‍കിയിരുന്നതായി പറയുന്നു. എന്നാല്‍, മണ്ഡലം കമ്മിറ്റി അവര്‍ക്ക് പറ്റിയ ആള്‍ക്കാരെ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ജില്ലാ നേതാക്കളടക്കം പങ്കെടുത്ത കണ്‍വെന്‍ഷനില്‍ പലപ്രവര്‍ത്തകരും നേതൃത്വത്തിനെതിരെ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. ചേര്‍പ്പ് പഞ്ചായ ത്തിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച് അംഗത്വം നഷ്ടപ്പെട്ട വ്യക്തിക്കും മുന്‍ ബാങ്ക് ഭരണസമിതിയില്‍ അഴിമതി ആരോപണത്തിന് വിധേയനായ വ്യക്തിക്കും ഇത്തവണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയ പ്രവര്‍ത്തകര്‍ പറഞ്ഞു.
 

ശബരിമല ഇടത്താവള നിര്‍മാണം: വന്‍തട്ടിപ്പ് നടന്നതായി വിവരാവകാശ രേഖ

Posted: 22 Oct 2013 11:45 PM PDT

Subtitle: 
ഏഴര ലക്ഷത്തിലധികം രൂപയുടെ കണക്ക് കാണാനില്ല

പത്തനംതിട്ട:  പത്തനംതിട്ട നഗരസഭയില്‍ താഴെ വെട്ടിപ്പുറത്ത് നിര്‍മിച്ച ശബരിമല ഇടത്താവള നിര്‍മാണത്തിനായി ചെലവഴിച്ച തുകയില്‍ ലക്ഷങ്ങളുടെ അന്തരം. വിവരാവകാശ രേഖപ്രകാരം ലഭിച്ച  മറുപടിയില്‍ ഏഴ് ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് കണക്കുകള്‍. ശബരിമല ഇടത്താവള നിര്‍മാണത്തിനായി 50 ലക്ഷം രൂപ  ചെലവഴിച്ചു എന്നാണ് ആദ്യം അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍  42.25ലക്ഷം രൂപ മാത്രമേ ചെലവായിട്ടുള്ളൂവെന്ന് വിവരാവകാശരേഖ. സര്‍ക്കാര്‍ അനുവദിച്ചതായി പറയുന്ന 49,99,522 ലക്ഷം രൂപയില്‍ ചെലവായ 42,25,212 രൂപ കഴിഞ്ഞ് ബാക്കിയുള്ള 7,74,788 രൂപ സര്‍ക്കാറിലേക്ക് തിരികെ അടച്ചിട്ടുമില്ല.
തിരുവനന്തപുരം കേന്ദ്രമായ കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (സിഡ്കോ) ചീഫ് എന്‍ജിനീയര്‍ വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറക്ക് നല്‍കിയ  മറുപടിയിലാണ് തിരിമറി വെളിച്ചത്ത് വന്നത്.
ശബരിമല ഇടത്താവള നിര്‍മാണത്തിനായി ആകെ 49 ലക്ഷം രൂപ ചെലവായി എന്നാണ് 2013 മാര്‍ച്ച് 20ന് പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറിയിച്ചിരുന്നത്. അതേ ചീഫ് എന്‍ജിനീയര്‍തന്നെയാണ്  വിവരാവകാശ അപേക്ഷക്ക് മറുപടിയായി  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 42 ലക്ഷം രൂപ ചെലവായിട്ടുള്ളൂ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. കരാറുകാരന്‍ കൈപ്പറ്റിയ വൗച്ചറില്‍ 42.98 ലക്ഷം കൈപ്പറ്റിയതായും പറയുന്നു.
 ശബരിമല ഇടത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട വൗച്ചര്‍ ലഭിക്കാഞ്ഞതിനാല്‍ റഷീദ് വിവരാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് രേഖകള്‍ നല്‍കിയത്.
ശബരിമല ഇടത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് എല്ലാ കണക്കും തീര്‍ത്ത് 42,25,212 രൂപ കോണ്‍ട്രാക്ടര്‍ സുല്‍ത്താന്‍ ചീഫ് എഞ്ചിനീയറില്‍ നിന്നും കൈപ്പറ്റിയതായി പറയുന്നു. ബാക്കിവന്ന ഏഴര ലക്ഷത്തിലധികം രൂപ സര്‍ക്കാറിലേക്ക് തിരികെ അടക്കാത്ത സ്ഥിതിക്ക് ആ തുക എവിടെപ്പോയി എന്നാരാഞ്ഞ് റഷീദ് ആനപ്പാറ വീണ്ടും സിഡ്കോയില്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിരിക്കുകയാണ്.
 

ജില്ലയിലെ ബ്ളേഡ് കേന്ദ്രങ്ങളില്‍ റെയ്ഡ്

Posted: 22 Oct 2013 11:36 PM PDT

Subtitle: 
പരിശോധന വിവരം ചോര്‍ന്നതായി സൂചന

കോട്ടയം: ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ ബ്ളേഡുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തി.
ജില്ലയില്‍ ബ്ളേഡ്മാഫിയ സംഘങ്ങള്‍ പെരുകുന്നതായും  ഇതില്‍ പൊലീസുകാര്‍ക്ക് പങ്കുള്ളതായുമുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടയം ജില്ലാപൊലീസ് മേധാവി എം.പി. ദിനേശിന്‍െറ നിര്‍ദേശപ്രകാരം കോട്ടയം, കാഞ്ഞിരപ്പള്ളി സബ്ഡിവിഷനുകളിലെ മുണ്ടക്കയം,കാഞ്ഞിരപ്പള്ളി,പാമ്പാടി, മണര്‍കാട്, മണിമല, പള്ളിക്കത്തോട്, കോട്ടയം എന്നിവിടങ്ങളില്‍ രഹസ്യമായിട്ടായിരുന്നു റെയ്ഡ്.
അതേസമയം, ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധസ്റ്റേഷനുകളിലെ സി.ഐമാരുടെയും എസ്.ഐമാരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധന വിവരം ചോര്‍ന്നതായി സൂചനയുണ്ട്.  കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്.സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മുണ്ടക്കയം പുത്തന്‍ചന്ത സോമന്‍െറ വീട്ടില്‍നിന്ന് മാത്രമാണ് ബ്ളേഡ് ഇടപാടിനായി ഉപയോഗിച്ച സാധനങ്ങള്‍ കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂര്‍ മേഖലയിലും കോട്ടയത്തും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെടുക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
മണര്‍കാട്ടെ മാലം സുരേഷ്, വേളൂര്‍ മുണ്ടേപറമ്പില്‍ സത്യന്‍, ആര്‍പ്പൂക്കര തോപ്പില്‍ ജോബി, ഏറ്റുമാനൂര്‍ ഇരുപ്പയില്‍ കുട്ടന്‍, ഏലിയാസ് സെബാസ്റ്റ്യന്‍ എന്നിവരുടെ വീടുകളും  പരിശോധിച്ചു. ബ്ളേഡ് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഇവിടെനിന്ന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിവൈ.എസ്.പി എസ്. സുരേഷ്കുമാര്‍ പറഞ്ഞു.
റെയ്ഡിന്‍െറ വിവരം ചോര്‍ന്നതോടെ പൊലീസ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ബ്ളേഡുകാരന്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്.  ഏറ്റുമാനൂര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പൊലീസും ബ്ളേഡ്തലവന്മാരും തമ്മില്‍ രഹസ്യധാരയുള്ളതായി ആരോപമുണ്ട്.ഇതിനൊപ്പം ബ്ളേഡുകാരുടെ ആക്രമണത്തിന് ഇരയാകുന്നവരുടെഎണ്ണവും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി സി.ഐ, പൊന്‍കുന്നം സി.ഐ,പാമ്പാടി സി.ഐ, മണിമല എസ്.ഐ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
 

കുരുമുളകിന് റെക്കോഡ് വില; കര്‍ഷകര്‍ക്ക് തിരിച്ചടി

Posted: 22 Oct 2013 11:31 PM PDT

അടിമാലി: കുരുമുളകിന് റെക്കോഡ് വിലയായെങ്കിലും ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ക്ക് പ്രയോജനമില്ല. പ്രതികൂല കാലാവസ്ഥ മൂലം കൃഷി നശിക്കുന്നതാണ് കാരണം.
430 രൂപയാണ് കുരുമുളകിന്‍െറ വില. ഇതിനുമുമ്പ് 1996ലാണ് മെച്ചപ്പെട്ട വില ലഭിച്ചത്. അന്ന് 276 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ ഇരട്ടിയോളം വിലവര്‍ധന ഉണ്ടായെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടുനില്ല. കനത്ത മഴയെ ത്തുടര്‍ന്ന് ചെടികളില്‍ രോഗം വര്‍ധിച്ചതു മൂലമുള്ള ഉല്‍പാദനക്കുറവാണ് വിനയായത്.
മികച്ചയിനം കുരുമുളക് 450 രൂപക്കുവരെ വാങ്ങുന്ന കച്ചവടക്കാരുമുണ്ട്. ജില്ലയില്‍ 27000 ഹെക്ടറില്‍ കുരുമുളക് കൃഷിയുണ്ട്. പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ഇത്തവണ ഉല്‍പാദനത്തില്‍ 60 ശതമാനത്തിലേറെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കാറ്റിലും മഴയിലും വന്‍തോതില്‍ കുരുമുളക് കൃഷി നശിച്ചിട്ടുണ്ട്. അഴുകല്‍-മഞ്ഞളിപ്പ് രോഗവും താങ്ങുകാലുകള്‍ക്ക് മുരടിപ്പും കുരുമുളക്് വള്ളികളുടെ നാശത്തിന് കാരണമായി.
പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷികവിളകള്‍ നശിച്ചാല്‍ കൃഷിവകുപ്പ് മുഖേന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെങ്കിലും അഴുകല്‍ ബാധിച്ച് നശിച്ചവക്ക് പ്രയോജനമില്ല. ഇതോടെ മികച്ച വില നില്‍ക്കുമ്പോഴും  ഈ കൃഷിയില്‍നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുകയാണ്.
ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ മുന്തിയ ഇനം കുരുമുളക് വള്ളി, സബ്സിഡി എന്നിവ നല്‍കിയും സ്പൈസസ് ബോര്‍ഡ് മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു. സബ്സിഡി നിരക്കില്‍ വായ്പയെടുക്കാന്‍ സാഹചര്യം ഒരുക്കിയിരുന്നപ്പോള്‍ ഹൈറേഞ്ച് മേഖലയില്‍ കൃഷി പുനരുജ്ജീവിച്ചിരുന്നു.
എന്നാല്‍, ഈ വര്‍ഷത്തെ പ്രതികൂല കാലാവസ്ഥ പ്രതിസന്ധിയിലാക്കി. രാസവളങ്ങളുടെ വിലവര്‍ധനയും തൊഴിലാളികളുടെ ക്ഷാമവും മേഖലയെ തകര്‍ക്കുന്നു.
സാമ്പത്തിക ബാധ്യതമൂലം വിളവെടുപ്പിന് ശേഷം ഭൂരിഭാഗം കര്‍ഷകര്‍ക്കും കുരുമുളക് ഉടന്‍ വില്‍ക്കേണ്ടി വരുന്നു. വിളവെടുപ്പ് കാലത്ത് കാര്യമായ വില വര്‍ധന ഉണ്ടാകില്ലെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കിട്ടുന്നവിലക്ക് ഉല്‍പന്നം വിറ്റഴിക്കാന്‍ കര്‍ഷകര്‍ തയാറാകുന്നുണ്ട്.

 

അമ്പലപ്പാറയില്‍ ഉരുള്‍പൊട്ടിയതായി അഭ്യൂഹം

Posted: 22 Oct 2013 11:14 PM PDT

Subtitle: 
നാല് വീടുകള്‍ക്ക് കേടുപാട്, ജനം ഭീതിയില്‍, വ്യാപക കൃഷി നാശം

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ ഇരട്ടവാരി മലമ്പ്രദേശത്ത് ഉരുള്‍പൊട്ടിയതായി അഭ്യൂഹം. രണ്ട് ആദിവാസി കുടുംബമടക്കം നാല് കുടുംബങ്ങളെ അധികൃതര്‍ മാറ്റി താമസിപ്പിച്ചു.
ആളപായമില്ലെങ്കിലും പ്രദേശത്ത് വ്യാപകമായി കൃഷി നശിച്ചു. മലയോരത്തെ റോഡ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തിങ്കളാഴ്ച വൈകീട്ട് സൈലന്‍റ്വാലി മലമ്പ്രദേശത്തോട് ചേര്‍ന്ന നിക്ഷിപ്ത വനമേഖലയില്‍പ്പെട്ട ഇരട്ടക്കൊമ്പന്‍ മലയിലാണ് ഉരുള്‍പൊട്ടിയതായി കരുതുന്നത്. ഇതുമൂലം മലമ്പ്രദേശത്തെ ഇരട്ടവാരി-കരടിയോട് റോഡില്‍ രണ്ട് കിലോമീറ്റര്‍ ചളിയും കല്ലും വന്ന് നിറഞ്ഞു.
പകല്‍ മുഴുവന്‍ ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് റോഡിലെ മണ്ണും കല്ലും ചളിയും മാറ്റല്‍ വളരെ വൈകിയും തുടരുകയാണ്.കരടിയോട് ആദിവാസി കോളനിയിലെ ഐനികണ്ണി കണ്ണന്‍െറ വീട്, വലിയപാടത്ത് കുറുമ്പി, അമ്പലപ്പാറ തുമ്പത്ത് വിയ്യ, ചോലക്കല്‍ മുഹമ്മദാലി എന്നിവരുടെ വീടുകളിലാണ് മണ്ണും ചളിയും കയറി കേടുപാടുകള്‍ സംഭവിച്ചത്. തുടര്‍ന്ന് മാറ്റി താമസിപ്പിക്കുകയായിരുന്നു. അമ്പലപ്പാറ തോട്ടുങ്ങല്‍ നബീസയുടെ മൂന്ന് ആടുകളടക്കം കൂട് ഒലിച്ചുപോയി. ഏറെ നേരത്തെ തിരച്ചിലിനിടെ ചളിയില്‍നിന്ന് പരിക്കേറ്റ നിലയില്‍ ആടുകളെ കണ്ടെത്തി.
വീട്ട് മുറ്റത്തുണ്ടായിരുന്ന പാത്രങ്ങളും വിറകുകളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
നബീസയുടെ മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച വീടിന്‍െറ ചുമരുകള്‍ നിലംപൊത്താറായ അവസ്ഥയിലാണ്.
പാപ്പാലി ചെറിയ കരീമിന്‍െറ വീടിന്‍െറ ഷെഡില്‍ സൂക്ഷിച്ച 250ഓളം തേങ്ങകള്‍, റബര്‍ ഒട്ടുപ്പാല്‍, അടക്ക എന്നിവയും ഒഴുകിപ്പോയി. തയ്യില്‍ കുഞ്ഞിരായീന്‍, തയ്യില്‍ സാദിഖലി, ചേലക്കോടന്‍ അബു എന്നിവരുടെ പറമ്പിലൂടെ മലവെള്ളം ഗതിമാറി ഒഴുകിയതിനാല്‍ മതിലുകള്‍ തകര്‍ന്നു.
സ്വകാര്യ മൊബൈല്‍ ടവറിന്‍െറ ഭിത്തി തകര്‍ന്നു. സമീപത്തെ വീട്ടുമുറ്റത്തെ റബര്‍ ഡിഷ്, ചെമ്പുകള്‍, തേങ്ങകള്‍ എന്നിവ ഒലിച്ചുപോയി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെക്കന്‍ അസ്മാബി, വൈസ് പ്രസിഡന്‍റ് മനച്ചിതൊടി ഉമ്മര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, പഞ്ചായത്തംഗങ്ങളായ സി.ജെ. രമേശ്, മുഹമ്മദ് ബഷീര്‍, ട്രൈബല്‍ ജില്ലാ ഓഫിസര്‍ മുരളീധരന്‍, ട്രൈബല്‍ സ്പെഷല്‍ സ്പെക്ടറല്‍ ഓഫിസര്‍ സുരേഷ്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ടി.പി. അസ്ലം, വില്ലേജ് ഓഫിസര്‍ പാറോക്കോട്ട് സലീം എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
 

ചൈന, ഇന്ത്യക്ക് മഹത്തായ അയല്‍രാജ്യമെന്ന് മന്‍മോഹന്‍ സിങ്

Posted: 22 Oct 2013 11:10 PM PDT

Image: 

ബെയ്ജിങ്: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെത്തി. ചൈന, ഇന്ത്യക്ക് മഹത്തായ അയല്‍രാജ്യമാണെന്ന് പ്രധനമന്ത്രി മന്‍മോഹന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി വിഷയങ്ങളില്‍ ചൈനയുമായി ചര്‍ച്ച നടക്കും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും. അതിര്‍ത്തിയില്‍ തര്‍ക്കങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധികള്‍ മുഖേന ശ്രമിക്കുകയാണ്. വിഷയം സങ്കീര്‍ണവും സചേതനവുമാണ്. അതിനാല്‍ പരിഹാരത്തിന് സമയമെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൈനിക സഹകരണ കരാറിലും അതിര്‍ത്തി കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമാണ് ഒപ്പുവെച്ചത്. പരസ്പര സഹകരണത്തിന് അതിര്‍ത്തിയിലെ സമാധാനം പ്രധാനമെന്ന് സംയുക്ത പ്രസ്താവനയില്‍ മന്‍മോഹന്‍ സിങ്ങും ലി കെക്വിയാങ്ങും വ്യക്തമാക്കി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് പുതിയ ഗതിവേഗമുണ്ടാകുമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനിടെ ചൈനയുമായുള്ള വിദേശ വ്യാപാരത്തിലെ കമ്മി സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കും. റഷ്യന്‍ സന്ദര്‍ശന ശേഷമാണ് മന്‍മോഹന്‍ സിങ് ചൈനയില്‍ എത്തിയത്. ഏറെ പ്രധാന്യം അര്‍ഹിക്കുന്ന സന്ദര്‍ശനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടേതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനിടെ നദീജല കരാറുകള്‍, ചൈനയുമായുള്ള വിദേശ വ്യാപാരത്തിലെ കമ്മി, വിസാ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കും. റഷ്യന്‍ സന്ദര്‍ശനശേഷമാണ് മന്‍മോഹന്‍ സിങ് ചൈനയില്‍ എത്തിയത്.
പ്രസിഡന്‍റ് സി ജിന്‍പിങ്, പ്രധാനമന്ത്രി ലി കെക്വിയാങ് എന്നിവരുള്‍പ്പെടെയുള്ള ചൈനീസ് നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ചൈനീസ് പാര്‍ലമെന്‍റ് ചെയര്‍മാന്‍ ഹാങ് ഡെജിയാങുമായും ചര്‍ച്ച നടക്കും. ഇന്ത്യ-ചൈന സി.ഇ.ഒ ഫോറത്തിന്റെ യോഗത്തിലും ലിയോടൊപ്പം പ്രധാനമന്ത്രി പങ്കെടുക്കും. അനില്‍ അംബാനി ഉള്‍പ്പെടെ 10 പ്രമുഖ ഇന്ത്യന്‍ വ്യവസായികളും യോഗത്തില്‍ പങ്കെടുക്കും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സ്കൂളിലെ ഭാവി നേതാക്കളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ജില്ലയില്‍ നിയമനം മരവിപ്പിച്ച് വേറെയും പി.എസ്.സി പട്ടികകള്‍

Posted: 22 Oct 2013 11:06 PM PDT

Subtitle: 
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് കാരണം അവ്യക്തം

മഞ്ചേരി: സര്‍ക്കാറും പി.എസ്.സിയും ഒത്തുകളിക്കുന്നതിനാല്‍ മലപ്പുറത്ത് ലാസ്റ്റ്ഗ്രേഡ്, എല്‍.ഡി.സി റാങ്ക് പട്ടികകള്‍ക്ക് പുറമെ വേറെയും ലിസ്റ്റുകള്‍ ഫ്രീസറില്‍. 2011 മേയ് 21ന് പരീക്ഷ നടന്ന സ്റ്റാഫ് നഴ്സ് ഗ്രേഡ്-ടു ഷോര്‍ട്ട് ലിസ്റ്റില്‍ 450 പേരാണുള്ളത്. കഴിഞ്ഞ നവംബര്‍ ഒന്നിന് ഇന്‍റര്‍വ്യൂവും കഴിഞ്ഞു.
ഇതുവരെയും റാങ്ക് ലിസ്റ്റായിട്ടില്ല. ഇതേ സമയപരിധിയില്‍ പരീക്ഷയും ഇന്‍റര്‍വ്യൂവും കഴിഞ്ഞ വയനാട്, കാസര്‍കോട് ജില്ലകളില്‍ മാസങ്ങള്‍ മുമ്പേ ലിസ്റ്റ് പുറത്തിറക്കി നിയമനം തുടങ്ങി. 2007ലാണ് ഇതിനു മുമ്പുള്ള ലിസ്റ്റ് നിലവില്‍ വന്നത്. അതിന്‍െറ കാലാവധി കഴിഞ്ഞു.
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്റ്റാഫ് നഴ്സുമാരില്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നെന്ന പരാതി ഒരു ഭാഗത്തിരിക്കുമ്പോഴും ജില്ലയില്‍ സ്റ്റാഫ് നഴ്സിന്‍െറ ഒരു ഒഴിവു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലപ്പുറത്തെ പുതിയ പട്ടികയുടെ ഇന്‍റര്‍വ്യൂ പൂര്‍ത്തിയാക്കി നാലു മാസം മുമ്പ് പി.എസ്.സി ഓഫിസിലേക്ക് അയച്ചുകൊടുത്തതായി പറയുന്നു.
 അധ്യാപക നിയമനത്തിലും സര്‍ക്കാറും പി.എസ്.സിയും ഒത്തുകളിച്ച് നിയമനം മരവിപ്പിക്കുകയാണ്. എല്‍.പി, യു.പി, ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മലപ്പുറത്ത് കുറഞ്ഞത് നാനൂറ് ഒഴിവുകളെങ്കിലുമുണ്ടെന്നാണ് വിവരം.
യു.പി അധ്യാപക പട്ടികയില്‍ 510 പേരാണുള്ളത്. അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ നൂറിലേറെ ഒഴിവുണ്ട്. എന്നാല്‍, നിയമനനടപടി നീളുകയാണ്.
വൈദ്യുതിവകുപ്പില്‍ മസ്ദൂര്‍ റാങ്ക് പട്ടികയില്‍  1049 പേരാണുള്ളത്. ജില്ലയില്‍ ആകെ 254 പേരുടെ ഒഴിവുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് ചെയ്തത് 65 എണ്ണം മാത്രം. ഒരുമാസം മുമ്പാണ് ഈ ലിസ്റ്റ് നിലവില്‍ വന്നത്.
 

കൊച്ചി മെട്രോ പ്രാദേശിക തൊഴില്‍ പങ്കാളിത്തം; 29ന് വീണ്ടും ചര്‍ച്ച

Posted: 22 Oct 2013 11:00 PM PDT

കൊച്ചി: കൊച്ചി മെട്രോയുടെ പൈല്‍ ക്യാപ് നിര്‍മാണത്തില്‍ പ്രാദേശിക തൊഴിലാളികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇതുസംബന്ധിച്ച് 29ന് വീണ്ടും യോഗം ചേരും. റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ എ.എസ്. ശശിപ്രകാശിന്‍െറ മധ്യസ്ഥതയിലാണ് ചര്‍ച്ച. കാക്കനാട് തൊഴില്‍ വകുപ്പിന്‍െറ ജില്ലാ ഓഫിസില്‍ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ കരാര്‍ കമ്പനികളുടെ പ്രതിനിധികളും തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു. മെട്രോ റെയിലിന്‍െറ ഒരു തൂണിന് നാലു പൈലുകളാണ് വേണ്ടത്. ഈ നാല് പൈലുകളെ ബന്ധിപ്പിക്കുന്ന പ്ളാറ്റ്ഫോമാണ് പൈല്‍ ക്യാപ്. ഇതിന്‍െറ നിര്‍മാണത്തിന് തൊഴില്‍ വൈദഗ്ധ്യം ആവശ്യമാണ്. ഒന്നാം റീച്ചിലെ ആലുവ പുളിഞ്ചോടിലെയും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെയും പൈല്‍ ക്യാപ് നിര്‍മാണം വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ഇതില്‍ ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന പൈല്‍ ക്യാപ് നിര്‍മാണത്തില്‍ പ്രാദേശിക തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സി.ഐ.ടി.യുവിന്‍െറ ആവശ്യം. നിശ്ചിത സമയത്തിനുള്ളില്‍ പൈല്‍ ക്യാപിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സമയക്രമം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. സമയപരിധി സംബന്ധിച്ച് തൊഴിലാളികളുമായി ആലോചിക്കേണ്ടതുണ്ടെന്ന് സി.ഐ.ടി.യു പ്രതിനിധികള്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് 29ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. ആലുവ പുളിഞ്ചോടില്‍ മൂന്ന് പൈല്‍ ക്യാപുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ നാലാമത്തെ പൈല്‍ ക്യാപിന്‍െറ നിര്‍മാണം ആരംഭിച്ചു. പുളിഞ്ചോടിലും ചങ്ങമ്പുഴ പാര്‍ക്കിലും 90ഓളം പൈലുകള്‍ വീതം പൂര്‍ത്തിയായി. എം.ജി റോഡില്‍ 50ഓളം പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, നാലാം റീച്ച് കരാര്‍ എടുത്ത ഇറ കൊങ്കണ്‍ ഇന്‍ഫ്രക്ക് പൈലിങ് തുടങ്ങാനായിട്ടില്ല. എസ്.എ റോഡിലെ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍, ഇവിടത്തെ മണ്ണ് പരിശോധനയും സര്‍വേയും അന്തിമഘട്ടത്തിലാണ്. മുട്ടം, കളമശേരി, ചങ്ങമ്പുഴ പാര്‍ക്, കലൂര്‍, ആലുവ തുടങ്ങിയ അഞ്ച് സ്റ്റേഷനുകളിലാണ് പൈലിങ് ജോലികള്‍ പുരോഗമിക്കുന്നത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP