രൂപയുടെ മൂല്യം 29 പൈസ ഇടിഞ്ഞു Madhyamam News Feeds |
- രൂപയുടെ മൂല്യം 29 പൈസ ഇടിഞ്ഞു
- ബാബുരാജ്: എക്കാലത്തെയും പാട്ട്
- വേഗപ്പൂട്ടിട്ട ബസ് പാഞ്ഞത് 70 കിലോമീറ്ററിന് മുകളില്‍
- വൈദ്യുതി ജീവനക്കാരുടെ സമരം പിന്‍വലിച്ചു; ജഗന്റെ ആരോഗ്യനില വഷളായി
- ഇസ്ലാമിക് സെന്‍റര്‍ ആക്രമണത്തില്‍ പ്രതിഷേധം ശക്തം; മാര്‍ച്ചും കൂട്ടായ്മയും നടത്തി
- പാണഞ്ചേരി പഞ്ചായത്തോഫിസിന് മുന്നില്‍ ആദിവാസികളുടെ സത്യഗ്രഹസമരം
- സേവനങ്ങള്‍ക്ക് ഇടനിലക്കാര്‍; ജനം വലയുന്നു
- കെ.എസ്.ആര്‍.ടി.സി ബസ് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി 19 പേര്‍ക്ക് പരിക്ക്
- പി.സി.ജോര്‍ജ് നന്ദികേട് കാട്ടി -കോണ്‍ഗ്രസ്
- ജനജാഗ്രതാ സമിതി പി.സി.ബി ഓഫിസ് ഉപരോധിച്ചു
Posted: 10 Oct 2013 12:30 AM PDT Image: മുംബൈ: രൂപയുടെ മൂല്യം 29 പൈസ ഇടിഞ്ഞു. 62.22 രൂപയാണ് ഡോളറിന്റെ വിനിമയ നിരക്ക്. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതാണ് രൂപയുടെ ഇടിവിന് കാരണം. കൂടാതെ ഡോളറിന് കയറ്റുമതിക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് ഉയര്‍ന്നതും രൂപക്ക് തിരിച്ചടിയായി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) താഴ്ത്തിയതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം ബുധനാഴ്ച ഇടിഞ്ഞിരുന്നു. |
ബാബുരാജ്: എക്കാലത്തെയും പാട്ട് Posted: 10 Oct 2013 12:01 AM PDT Image: മലയാള സിനിമാഗാനശാഖയിലെ എക്കാലത്തെയും മികച്ച ദേവരാജന്‍-ദക്ഷിണാമൂര്‍ത്തി-ബാബുരാജ് സംഗീതത്രയങ്ങളില്‍ ബാബുരാജ്തന്നെയാണ് എറ്റവും ജനകീയന്‍. സംഗീതഞ്ജാനത്തിന്‍്റെ കാര്യത്തില്‍ ഇതില്‍ പല അഭിപ്രായമുണ്ടായേക്കാമെങ്കിലും ജനപ്രീതിയുടെയും ആത്മര്‍ത്ഥമായ അടുപ്പത്തിന്‍്റെയും കാര്യത്തില്‍ ബാബുരാജ്തന്നെ മുന്നില്‍. അദ്ദഹം മരിച്ചിട്ട് മുപ്പത്തിയഞ്ച് വര്‍ഷമാകുന്നു എന്നതുതന്നെ അതിന് സാധുതയേകുന്നു. മേല്‍പ്പറഞ്ഞ മൂവര്‍ക്കും ഉണ്ട് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നൂറുകണക്കിന് ഗാനങ്ങള്‍. എന്നാല്‍ ബാബുരാജിന്‍്റേത് ഒന്ന് വേറിട്ടതുതന്നെയെന്ന് അദ്ദേഹത്തിന്‍്റെ ആരാധകരുടെ എപ്പോഴുമുള്ള വികാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ജീവിതത്തിലുടനീളം കള്‍ട്ട് ഫിഗറായി അദ്ദേഹം കൊണ്ടാടപ്പെട്ടതും അതുകൊണ്ടാണ്. വളരെ ഏകാന്തമായി മനസിന്‍്റെ അടിത്തട്ടുകൊണ്ട് ആസ്വദിക്കാവുന്നവയാണ് അദ്ദേഹത്തിന്‍്റെ ഒട്ടുമിക്ക പാട്ടുകളും. സംഗീതം വരുന്ന വഴിയും അത്തരം ഏകാന്തതകളാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ അങ്ങനെയൊരേകാന്തത ജീവിതത്തില്‍ അത്രയധികം അനുഭവിച്ചിട്ടുള്ളയാളല്ല ബാബുരാജ് എന്ന് അദ്ദേഹത്തോട് അടുത്തിടപഴകിയിട്ടുള്ളവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കാരണം കുട്ടിക്കാലം മുതല്‍ തെരുവിന്‍്റ പാട്ടുകാരനായി വളര്‍ന്ന ഒരാള്‍ മനസില്‍ പിതാവിന്‍്റെ പാരമ്പര്യം നിക്ഷേപിച്ച സംഗീതം കൈമുതലാക്കി ഇത്രയധികം നേട്ടങ്ങളുണ്ടാക്കുക എന്നതൊക്കെ ഒരു അറബിക്കഥ പോലെ തോന്നാം. അത്തരം യാദൃശ്ചികതകളായിരുന്നു അദ്ദേഹത്തിന്‍്റെ ജീവിതത്തിലുടനീളം. തെരുവില്‍ നിന്ന് മനുഷ്യസ്നേഹിയായ ഒരാളുടെ സംരക്ഷണയില്‍ ബാബുരാജ് എന്ന മുഹമ്മദ് സബീര്‍ ബാബുരാജ് സംഗീതത്തിന്‍െറ വഴിയേ വളര്‍ന്നു. വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന് സ്വതന്ത്രവഴിയായി. കൃത്യമായ ചട്ടക്കൂടുകളിലൂടെയായിരുന്നില്ല അദ്ദേഹത്തിന്‍്റെ ജീവിതം ആദ്യവസാനം. ഓരോ ഗാനവും ആസ്വദിക്കുന്നപോലെ അദ്ദേഹം ജീവിതത്തിലെ ഓരോ നിമിഷത്തെയും ആസ്വദിച്ചു. അദ്ദേഹം പാട്ടൊരുക്കുന്നതും ഒരു അരങ്ങായിരുന്നു. എപ്പോഴും ഒരു വലിയ സംഘം കൂടെയുണ്ടാകും. പാട്ട് ചെയ്യുന്നത് ഇവരെയൊക്കെ കൂടെയിരുത്തിയാണ്. പിന്നെ അത് പാടലും ഹാര്‍മോണിയം വായിക്കലും ഒരു മെഹ്ഫില്‍ പോലെ. റെക്കോഡിംഗ് കഴിഞ്ഞാല്‍ പിന്നെ ആഘോഷം. ഇത്തരം കൂട്ടായ്മകള്‍ അദ്ദേഹത്തിന്‍്റെ ജീവതത്തെ തകര്‍ത്തെറിഞ്ഞതും ചരിത്രം. എല്ലാക്കാലത്തേക്കുമുള്ള സംഗീതമായിരുന്നു ബാബുരാജ് ചെയ്തിരുന്നത്. അതിനുദാഹരണം അദ്ദേഹത്തിന്‍്റെ ഗാനങ്ങള്‍ തന്നെ. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ഹസ്കി വോയിസ്, ഒതുക്കി പാടുന്ന രീതി, മെലോഡിയസ് സംഗീതം ഇതെല്ലാം അന്ന് മലയാളത്തിന് പുതുമയായിരുന്നു. കര്‍ണാടക സംഗതത്തിന്‍്റെ പശ്ചാത്തലത്തില്‍ തുറന്നു പാടുന്ന രീതിയായിരുന്നു അക്കാലത്ത് നിലനിന്നത്. റഫി സാഹിബിന്‍്റെ പാട്ടുകള്‍ പാടിപ്പഠിച്ച യേശുദാസിനുപോലും ആദ്യകാലത്ത് ബാബുരാജിന്‍്റെ ട്രാക്കിലേക്ക് വരാന്‍ ബുദ്ധിമുട്ടായിരുന്നു. ആ രീതിയില്‍ ബാബുരാജ് യേശുദാസിന്‍്റെ സംഗീതശൈലിയെയും പരിഷ്കരിച്ചു എന്ന് പറാന്‍ കഴിയും. ഹിന്ദുസ്ഥാനിയുടെ മെലോഡിയസ് സൗന്ദരം മലയാളഭാഷയിലേക്ക് ആദ്യം പകര്‍ത്തിയയാള്‍ എന്ന മഹോന്നതസ്ഥാനം എന്നും ബാബുരാജിന് അവകാശപ്പെട്ടതാണ്. പ്രാണസഖീ..., ഇന്നലെ മയങ്ങുമ്പോള്‍, അകലെയകലെ നീലാകാശം, സുറുമയെഴുതിയ മിഴികളേ തുടങ്ങിയ ഗാനങ്ങളെ നമുക്ക് ഏതു കാലഘട്ടത്തിന്‍്റെ പാട്ടായി ഒതുക്കാന്‍ കഴിയും. തീര്‍ച്ചയതായും ഇവയൊക്കെ എക്കാലത്തെയും പാട്ടുകളാണ്; അങ്ങനെ ബാബുരാജ് എക്കാലത്തെയും സംഗീതസംവിധായകനും. features: Facebook Twitter |
വേഗപ്പൂട്ടിട്ട ബസ് പാഞ്ഞത് 70 കിലോമീറ്ററിന് മുകളില്‍ Posted: 09 Oct 2013 11:59 PM PDT Subtitle: രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി കൊല്ലം: 60 കി.മീ പരിധിയില്‍ വേഗപ്പൂട്ട് ക്രമീകരിച്ച സ്വകാര്യബസ് ഓടിയത് 70 കി.മീറ്റര്‍ വേഗത്തില്‍. പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വേഗപ്പൂട്ടില്‍ സീല്‍ പതിച്ചശേഷം കൃത്രിമം നടത്തിയത് കണ്ടെത്തി. ഇതിനെതുടര്‍ന്ന് കൊല്ലം-ഭരണിക്കാവ് റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്‍െറ ഫിറ്റ്നസ് റദ്ദാക്കി. 60 കി.മീ പരിധിയില്‍ വേഗപ്പൂട്ട് ക്രമീകരിച്ച ബസ് ഇക്കഴിഞ്ഞ രണ്ടിന് ആശ്രാമം മൈതാനത്ത് ഹാജരാക്കി സീല്‍ പതിപ്പിച്ചിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളില്‍ പലസമയത്തും 70 കി.മീറ്ററിനുമുകളില്‍ വേഗത്തില്‍ പാഞ്ഞിരുന്ന ബസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ 10.20 ഓടെ ആണ്ടാമുക്കത്തെത്തിയ ബസ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ബീച്ച്റോഡില്‍ ഓടിച്ചപ്പോഴാണ് 70 കി.മീറ്ററിനുമുകളില്‍ വേഗമെടുക്കുന്നതായി കണ്ടെത്തിയത്. ഇതിനെതുടര്‍ന്നാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. ആക്സിലേറ്ററില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള സ്പീഡ് ഗവേണര്‍ ആണ് ഇതില്‍ ക്രമീകരിച്ചിരുന്നത്. ഇതിലെ സോഫ്റ്റ്വെയറില്‍ കൃത്രിമം കാട്ടി വേഗപരിധി ഉയര്‍ത്തിയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. സ്പീഡ് ഗവേണറിനോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പോര്‍ട്ട് പോലുള്ള ഭാഗത്തിലൂടെയാണ് കമ്പനി അധികൃതര്‍ 60 കി.മീ. വേഗപരിധി ക്രമീകരിക്കുന്നത്. ഇത് വഴി സാങ്കേതികവിദഗ്ധനായ ഒരാളുടെ സഹായത്തോടെയാണ് കൃത്രിമം കാണിച്ചതെന്നാണ് കരുതുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പതിപ്പിച്ച സീല്‍ ഒരു കോട്ടവും തട്ടാതെ സ്പീഡ് ഗവേര്‍ണറില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരത്തില്‍ മറ്റ് ബസുകളിലും ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്നതുസംബന്ധിച്ച് അധികൃതര്‍ കര്‍ശന പരിശോധന നടത്തുമെന്നാണ് അറിയുന്നത്. ഇതിന് പുറമേ കൊട്ടാരക്കരയില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ മറ്റൊരു ബസിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ റദ്ദാക്കി. വേഗപ്പൂട്ട് ഘടിപ്പിച്ചെങ്കിലും സീല്‍ ചെയ്യാതിരുന്ന മൂന്ന് ബസുകള്‍ക്ക് ഉടന്‍ പരിശോധനക്ക് ഹാജരാക്കണമെന്ന് കാട്ടി ബുധനാഴ്ച നോട്ടീസ് നല്‍കി. ഇതില്‍ ഒരെണ്ണം കൊല്ലത്തും രണ്ടെണ്ണം കൊട്ടാരക്കരയിലുമാണ്. വേഗപ്പൂട്ട് ഘടിപ്പിച്ച ബസുകളില്‍ സീല്‍ പതിപ്പിക്കല്‍ നടപടികള്‍ ബുധനാഴ്ചയും തുടര്‍ന്നു. കൊല്ലത്ത് 15 ഉം കൊട്ടാരക്കരയില്‍ ആറും ഉള്‍പ്പെടെ 21 ബസുകളിലാണ് സീല്‍ പതിപ്പിച്ചത്. ഇതോടെ ജില്ലയിലെ 790 ബസുകളില്‍ 597 എണ്ണത്തിലും സീലിങ് പൂര്‍ത്തിയാക്കി. |
വൈദ്യുതി ജീവനക്കാരുടെ സമരം പിന്‍വലിച്ചു; ജഗന്റെ ആരോഗ്യനില വഷളായി Posted: 09 Oct 2013 11:55 PM PDT Image: ഹൈദരാബാദ്: ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ ആന്ധ്രാപ്രദേശ് പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ആന്ധ്ര-ഒഡിഷ തീരത്ത് "ഫൈലിന്‍" ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. 30,000 ജീവനക്കാരാണ് അഞ്ച് ദിവസമായി സമരം നടത്തിയിരുന്നത്. ഇതോടെ വൈദ്യുതി ഉദ്പാദനം 11,000 മെഗാവാട്ട്സില്‍ നിന്ന് 7,200 മെഗാവാട്ട്സ് ആയി കുറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മേഖലയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും കുടിവെള്ള വിതരണവും തടസപ്പെട്ടിരുന്നു. അതേസമയം, ആന്ധ്ര വിഭജനത്തിനെതിരെ ആശുപത്രിയില്‍ നിരാഹാരം തുടരുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആരോഗ്യനില വഷളായി. ജഗന്റെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതായും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നെന്നും നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്റ്റര്‍മാര്‍ അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കാന്‍ തയാറാകാത്ത ജഗന് ആശുപത്രി അധികൃതര്‍ ബലം പ്രയോഗിച്ച് ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കി. നില വഷളായതോടെ ഇന്നലെ രാത്രിയാണ് ജഗനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. വിഴിയനഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പൊലീസ് ഇളവ് ചെയ്തു. ഉച്ചക്ക് ശേഷം രണ്ട് മുതല്‍ നാലുവരെ രണ്ട് മണിക്കൂര്‍ ഇളവാണ് അനുവദിച്ചത്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണിതെന്ന് ഡി.ഐ.ജി പി. ഉമാപതി അറിയിച്ചു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് വിഴിയനഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വിവിധ അക്രമങ്ങളില്‍ പങ്കെടുത്ത 280ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അര്‍ധസൈനികരും ദ്രുതകര്‍മസേനയും പൊലീസും പെട്രോളിങ് നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മേഖലയില്‍ സംഘര്‍ഷം കുറഞ്ഞിട്ടുണ്ട്. അക്രമങ്ങള്‍ തടയാന്‍ ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി അറിയിച്ചു. |
ഇസ്ലാമിക് സെന്‍റര്‍ ആക്രമണത്തില്‍ പ്രതിഷേധം ശക്തം; മാര്‍ച്ചും കൂട്ടായ്മയും നടത്തി Posted: 09 Oct 2013 11:51 PM PDT തിരുവനന്തപുരം: തലസ്ഥാനത്തെ മതസാംസ്കാരിക കേന്ദ്രമായ ഇസ്ലാമിക് സെന്‍ററിന് നേരെ സാമൂഹികവിരുദ്ധര്‍ നടത്തിയ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ ജില്ലാ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന പാളയം മാര്‍ക്കറ്റിന് സമീപത്തെ ഇസ്ലാമിക് സെന്‍ററിന് നേരെ ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ബഹുജന മാര്‍ച്ചും പാളയം മാര്‍ക്കറ്റിന് മുന്നില്‍ ബഹുജനകൂട്ടായ്മയും നടന്നു. ചൊവ്വാഴ്ച യൂനിവേഴ്സിറ്റി കോളജില്‍ എസ്.ഐ.ഒ പ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമിക് സെന്‍ററിന് നേരെ രണ്ടംഗ സംഘം മൂന്ന് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്. ബോംബേറില്‍ സെന്‍ററിലെ ബോര്‍ഡുകള്‍ നശിച്ചു. പാളയത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ബഹുജനകൂട്ടായ്മ കേരള മത്സ്യത്തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് കരുത്ത് കാട്ടേണ്ടവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് പരിഹാസ്യമാണെന്നും ബോംബേറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് മുഖ്യ പ്രഭാഷണം നടത്തി. യൂനിവേഴ്സിറ്റി കോളജില്‍ എസ്.ഐ.ഒ നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ അസഹിഷ്ണുതയാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് മധു കല്ലറ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി.മുഹമ്മദ് വേളം ,അബ്ദുല്‍ മജീദ് നദ്വി (മൈനോറിറ്റി റൈറ്റ് വാച്ച്), ഷാജര്‍ഖാന്‍ (എസ്.യു.സി.ഐ), സൈജു (എ.ഐ.ഡി.എസ്.ഒ സെക്രട്ടറി) ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എച്ച്.ഷഹീര്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എന്‍.എം. അന്‍സാരി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം സ്വാഗതവും ഹംസാ മൗലവി ഫാറൂഖി സമാപന പ്രസംഗവും നടത്തി |
പാണഞ്ചേരി പഞ്ചായത്തോഫിസിന് മുന്നില്‍ ആദിവാസികളുടെ സത്യഗ്രഹസമരം Posted: 09 Oct 2013 11:34 PM PDT Subtitle: ഭൂമി അനുവദിച്ചില്ല മണ്ണുത്തി: നിരവധി സമരങ്ങള്‍ നടത്തിയിട്ടും ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാണഞ്ചേരി പഞ്ചായത്തോഫിസിന് മുന്നില്‍ ബുധനാഴ്ച സത്യഗ്രഹസമരം സംഘടിപ്പിച്ചു. രാവിലെ പത്തിന് പീച്ചി ജങ്ഷനില്‍ നിന്നും ജാഥയായി എത്തിയ 300 ഓളം ആദിവാസികള്‍ ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തി. വാണിയമ്പാറ, ഒളകര സംയുക്ത ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹസമരം സാമൂഹിക പ്രവര്‍ത്തകരായ സദാനന്ദന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബെന്നി വാണിയമ്പാറ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.എ. കുട്ടന്‍, ലാലൂര്‍ സമരസമിതി നേതാവ് ടി.കെ. വാസു, വര്‍ഗീസ് നെടുപറമ്പില്‍, സി.എ. അജിതന്‍, പി.ടി. ചാമി, ടി.കെ. രതീഷ്, കെ.എ. ആണ്ടവന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അനസ് നദ്വി എന്നിവര്‍ സംസാരിച്ചു. സത്യഗ്രഹത്തിന് മൈക്ക് നിഷേധിച്ച പൊലീസ് നടപടിയില്‍ സമരക്കാര്‍ പ്രതിഷേധിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മൈക്ക് അനുവദിക്കാറുള്ള പൊലീസ് തങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ഭൂ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കലക്ടറേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. |
സേവനങ്ങള്‍ക്ക് ഇടനിലക്കാര്‍; ജനം വലയുന്നു Posted: 09 Oct 2013 11:31 PM PDT മൂന്നാര്‍: സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കാന്‍ ഇടനിലക്കാര്‍ വേണമെന്നായതോടെ ജനം വലയുന്നു. ദേവികുളം താലൂക്ക് ഓഫിസടക്കമുള്ള ഇടങ്ങളിലാണ് ഇടനിലക്കാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. താലൂക്ക് പരിസരങ്ങളില്‍ അപേക്ഷ എഴുതിക്കൊടുക്കുന്നവര്‍ മുതല്‍ ചെറുകിട രാഷ്ട്രീയ നേതാക്കള്‍ വരെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു. അധികാരികളുടെ അറിവോടെ നടക്കുന്ന പിരിവുകള്‍ വൈകുന്നേരങ്ങളില്‍ ഹോട്ടലുകളിലും മറ്റുമെത്തി വീതിച്ചെടുക്കുകയാണ് പതിവ്. തോട്ടം തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന മലയോര ഗ്രാമമായ മൂന്നാറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ താലൂക്ക് ഓഫിസുകളില്‍ നിന്നോ വില്ലേജ് ഓഫിസുകളില്‍ നിന്നോ ലഭിക്കണമെങ്കില്‍ ആവശ്യക്കാരന്‍ ദിവസങ്ങളോളം നടക്കണം. എന്നാല്‍, ഇടനിലക്കാരുടെ കൈയില്‍ 5000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കിയാല്‍ ഒരു മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാരന്‍െറ വീട്ടിലെത്തും. ദേവികുളത്ത് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനെത്തുന്നവരെ ഓഫിസുകളുടെ പടിക്കല്‍ തന്നെ ഇടനിലക്കാര്‍ സമീപിക്കും. എസ്റ്റേറ്റ് മേഖലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലര്‍ അധികാരികളുടെ ഇടനിലക്കാരാകുന്നതോടെ നേരിട്ടെത്തുന്ന സാധാരണക്കാരുടെ അപേക്ഷകള്‍ ചവിറ്റുകൊട്ടയിലാകും. താലൂക്ക് ഓഫിസ് പരിസരങ്ങളില്‍ ഇടനിലക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി പരാതി വന്നതോടെ മാസങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ദേവികുളം സബ് കലക്ടര്‍ എം.ജി. രാജമാണിക്യം ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. |
കെ.എസ്.ആര്‍.ടി.സി ബസ് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി 19 പേര്‍ക്ക് പരിക്ക് Posted: 09 Oct 2013 11:25 PM PDT പത്തനംതിട്ട: മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വേണാട് ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലും ബൈക്കിലും ഇടിച്ച ശേഷം മണ്‍തിട്ടയിലേക്ക് കയറി. അപകടത്തില്‍ 19പേര്‍ക്ക് പരിക്കേറ്റു. ക്ഷുഭിതരായ നാട്ടുകാര്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ മണ്ണാറക്കുളഞ്ഞി ശബരിമല പാതിയില്‍ ചേന്നാത്തുപടിയിലായിരുന്നു അപകടം. ബൈക് യാത്രക്കാരനായ കട്ടച്ചിറ നീലിപിലാവ് വടക്കേചരുവില്‍ വീട്ടില്‍ രഞ്ജിത്തിന്(25) ഗുരുതര പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ കലഞ്ഞൂര്‍ വടക്കേകുറ്റിക്കാട്ടില്‍ കെ.പി. വിജയകുമാര്‍, ബസ് യാത്രക്കാരായ കൊല്ലം കരുനാഗപ്പള്ളി വണ്ടുവേലിയില്‍ അഷ്ടമന്‍പിള്ള (46), ആങ്ങമൂഴി കരിമ്പില്‍ സുമേഷ് (20), റാന്നി ഉതിമൂട് കാവടപ്പടിക്കല്‍ എലിസബത്ത് (40), ഉതിമൂട് തോപ്പില്‍ ഇന്ദിര(53), റാന്നി ഐരൂര്‍ പൂവന്‍മലയില്‍ കൊച്ചുമണ്ണില്‍ അമ്മുക്കുട്ടി ഡാനിയേല്‍ (52), റാന്നി മന്ദിരം തൈപ്പറമ്പില്‍ സുമയ്യ(23), കാഞ്ഞിരപ്പള്ളി കൂവപ്പള്ളി എട്ടാനിയില്‍ വീട്ടില്‍ എബ്രഹാം മാത്യു(32), റാന്നി ഉതിമൂട് തേക്കുനില്‍ക്കുന്നതില്‍ സന്ധ്യ (33), തിരുവനന്തപുരം ചാക്ക രജിതഭവനില്‍ അനില്‍ (38), മുണ്ടക്കയം ഏന്തയാര്‍ മേലേതില്‍ മുഹമ്മദ് കുട്ടി (54), റാന്നി ഉതിമൂട് മാമ്പാറാ ചരുവില്‍ ആര്യ (21), റാന്നി വലിയ പറമ്പില്‍ അശ്വതി(24), പെരുനാട് പാറക്കല്‍ മഞ്ചു(19), കോട്ടയം വാഴൂര്‍ ചാമപതാലില്‍ ഉള്ളാട്ടുവീട്ടില്‍ പി.ആര്‍. ശിവശങ്കരന്‍ നായര്‍ (60), നാറാണംമൂഴി കൊച്ചു തുണ്ടിയില്‍ നാന്‍സി വര്‍ഗീസ് (48), മൈലപ്ര മേക്കൊഴൂര്‍ കളീക്കല്‍ കെ. ജോണ്‍സണ്‍ (43), വടശേരിക്കര മേലത്തേ് ജിസ (25) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. മണ്ണാറക്കുളഞ്ഞി ആശുപത്രി ജങ്ഷന് സമീപം യാത്രക്കാരെ കയറ്റുന്നതിനിടെ ബസിന്‍െറ എന്‍ജിന്‍ നിലച്ചു. സ്റ്റാര്‍ട്ടാക്കുന്നതിന് യാത്രക്കാര്‍ ബസ് തള്ളി വടശേരിക്കര ശബരിമലപാതയിലെ ഇറക്കത്തിലേക്ക് നീക്കുന്നതിനിടെ ബസിന്‍െറ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പിന്നോട്ട് ഉരുണ്ട ബസ് കുമ്പളാംപൊയ്ക ഭാഗത്തുനിന്നു വന്ന ഓട്ടോയിലും ബൈക്കിലും ഇടിച്ചു. തുടര്‍ന്ന് ചേന്നാത്ത് ജങ്ഷന് സമീപം റബര്‍തോട്ടത്തിന്‍െറ മണ്‍തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിന് പവര്‍ ബ്രേക്കും പവര്‍ സ്റ്റിയറിങ്ങും ഉള്ളതിനാല്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമെ ബ്രേക്, സ്റ്റിയറിങ് എന്നിവ പ്രവര്‍ത്തനസജ്ജമാവുകയുള്ളൂ. എന്നാല്‍, ഇത് അവഗണിച്ചാണ് ബസ് കുത്തിറക്കത്തിലേക്ക് തള്ളിനീക്കിയത്. ബസ് ഇറക്കത്തിലേക്ക് തള്ളി നീക്കാന്‍ അനുവദിച്ചതില്‍ ക്ഷുഭിതരായാണ് നാട്ടുകാരില്‍ ചിലര്‍ ബസ് കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. |
പി.സി.ജോര്‍ജ് നന്ദികേട് കാട്ടി -കോണ്‍ഗ്രസ് Posted: 09 Oct 2013 11:21 PM PDT മുണ്ടക്കയം: പി.സി.ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നന്ദികേട് കാട്ടിയെന്ന് കോണ്‍ഗ്രസ് മുണ്ടക്കയം ബ്ളോക്ക് പ്രസിഡന്‍റ് പി.ജെ. വര്‍ക്കി,ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് ഇല്ലിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുകയാണ് ജോര്‍ജ്. സ്വാര്‍ഥ ലാഭത്തിനായി പൊതുപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പുലഭ്യം പറയുന്ന എം.എല്‍.എയാണ് മണ്ഡലത്തിലെ വികസനത്തിന് തടസ്സം നില്‍ക്കുന്നത്. മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിഭാഗീയതയുടെ പേരുപറഞ്ഞ് തമ്മിലടിപ്പിക്കാമെന്നത് വ്യാമോഹമാണ്. യു.ഡി.എഫിനെ തകര്‍ക്കാനുളള ശ്രമമാണ് ജോര്‍ജ് നടത്തുന്നത്. തെരഞ്ഞടുപ്പുകളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വത്തുവിവരം തെരഞ്ഞെടുപ്പു കമീഷന് നല്‍കിയത് ജോര്‍ജാണ്. പാപ്പരായി പ്രഖ്യാപിച്ച കുടുംബത്തിലെ അംഗമായ ഒരാള്‍ക്ക് ഇത്രയധികം സമ്പാദ്യം എവിടെ നിന്നുണ്ടായി എന്നതിന് മറുപടി നല്‍കണം. പണവും,മദ്യവും കൊടുത്ത് വോട്ടു പിടിക്കുന്ന രീതി ജോര്‍ജിന്‍േറതാണ്. തെരഞ്ഞെടപ്പ് ചെലവിന് പത്തുലക്ഷം രൂപയാണ് കോണ്‍ഗ്രസ് പി.സി.ജോര്‍ജിന് നല്‍കിയത്. ഒരുരൂപ പ്രതിഫലം പറ്റാതെ പ്രവര്‍ത്തനവും നടത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ ആത്മാര്‍ഥത കാട്ടിയ കോണ്‍ഗ്രസുകാര്‍ നിരാശയിലാണ്.കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റുമാരോട് ആലോചിക്കാതെ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്ന എം.എല്‍.എ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണ്. സര്‍ക്കാര്‍ 140 മണ്ഡലങ്ങളിലും നടപ്പാക്കുന്ന വികസന പദ്ധതികള്‍ തന്‍േറതാണെന്ന് പ്രചരിപ്പിക്കുന്നത് മാന്യതയല്ല. കേന്ദ്രസര്‍ക്കാരും എം.പിയും നടപ്പാക്കുന്ന വികസനം തന്‍േറതാണെന്ന് വരുത്താന്‍ പദ്ധതികളുടെ മുന്നില്‍ കയറി നില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു. എരുമേലി,എയ്ഞ്ചല്‍വാലി മേഖലകളില്‍ പട്ടയം നല്‍കാന്‍ ആന്‍േറാ ആന്‍റണി നേതൃത്വം നല്‍കി നടപടിയായപ്പോള്‍ തന്‍െറ നേട്ടമാക്കാനാണ് ജോര്‍ജ് ശ്രമിക്കുന്നത്. ജോസ് കെ.മാണിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാണ് ജോര്‍ജിന്‍െറ ശ്രമം. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് മാണിക്കെതിരെ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കളെ അസഭ്യം പറഞ്ഞ് മിടുക്കന്‍ ചമയുന്ന ഒരാളെയല്ല, വികസനം നല്‍കുന്ന എം.എല്‍.എയെയാണ് പൂഞ്ഞാറിന് ആവശ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ പെരുമ്പക്കാട്ട്,അനിത ഷാജി, കെ.എസ്.രാജു,സെബാസ്റ്റ്യന്‍ ചുള്ളിത്തറ,റോയി കപ്പലുമാക്കല്‍, കെ.ജി.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു. |
ജനജാഗ്രതാ സമിതി പി.സി.ബി ഓഫിസ് ഉപരോധിച്ചു Posted: 09 Oct 2013 11:15 PM PDT Subtitle: ഏലൂരിലെ മലിനീകരണം കളമശേരി: ഏലൂര്‍ പാതാളം പരിസര പ്രദേശങ്ങളില്‍ എടയാര്‍ വ്യവസായമേഖലയിലെ എല്ലുകമ്പനികളില്‍നിന്നുള്ള ദുര്‍ഗന്ധത്തിനും വിഷപ്പുകക്കും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ജനജാഗ്രതാ സമിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു. ഉപരോധത്തിനെത്തിയ കൗണ്‍സിലര്‍മാരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ 11ഓടെ ഏലൂര്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫിസിന് മുന്നിലാണ് സംഭവം. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. സമരക്കാരെത്തുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്ലാതിരുന്നതിനാല്‍ അസി. എന്‍വയണ്‍മെന്‍റ് എന്‍ജിനീയറെയും അസി. എന്‍ജിനീയറെയുമാണ് സമരക്കാര്‍ ഉപരോധിച്ചത്.ബുധനാഴ്ച വൈകുന്നേരം നാലിന് ഉന്നത ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്നറിയിച്ചതനുസരിച്ച് രണ്ടോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മുമ്പും നാട്ടുകാര്‍ പി.സി.ബി ഓഫിസിലെത്തി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് എടയാറിലെ എട്ട് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് നല്‍കിയ നോട്ടീസ് കമ്പനികള്‍ക്ക് കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാനുള്ള അവസരമൊരുക്കുകയായിരുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. 2004ല്‍ ലോക്കല്‍ എന്‍വയണ്‍മെന്‍റ് കമ്മിറ്റി നടത്തിയ പരിശോധനയില്‍ പല എല്ലുകമ്പനികളും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ കമ്പനികള്‍ക്കെതിരെ നിയമനടപടി എടുത്തില്ലത്രേ. ഉപരോധത്തിന് ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ ജനജാഗ്രതാ സമിതി ചെയര്‍മാന്‍ സുബൈദ ഹംസ, ജനറല്‍ സെക്രട്ടറി സാജന്‍ മലയില്‍, പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി കണ്‍വീനര്‍ പുരുഷന്‍ ഏലൂര്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗം കെ.ജി. ജോഷി, സമിതി വൈസ് ചെയര്‍മാന്‍ പി.ബി. ഗോപിനാഥ്, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം ജോയന്‍റ് സെക്രട്ടറിമാരായ ഹുസൈന്‍ എടയാര്‍, സദക്കത്ത് പാനായിക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment