നഗരവികസനത്തിന് 3,750 കോടി Posted: 02 Oct 2013 12:18 AM PDT കൊല്ലം: ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജനറം/ ജെ.എന്‍.എന്‍.യു.ആര്‍.എം) പദ്ധതി പ്രകാരം നഗരവികസനത്തിന് 3,750 കോടിയുടെ പ്രോജക്ടുകള്‍ക്ക് കൗണ്‍സില്‍ അംഗീകാരം. നഗരത്തില്‍ വന്‍വികസനം സാധ്യമാക്കുന്ന വിവിധ വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ നോഡല്‍ ഏജന്‍സിയായ കെ.എസ്.യു.ഡി.പി വഴി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. ജെ.എന്‍.എന്‍.യു.ആര്‍.എമ്മിന്‍െറ രണ്ടാംഘട്ട നടത്തിപ്പില്‍ പത്ത്ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളെയും ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് കൊല്ലവും പദ്ധതിയില്‍പ്പെട്ടത്. ഗതാഗതക്കുരുക്കിന് പരിഹാരമായി കപ്പലണ്ടിമുക്ക് മുതല്‍ ആനന്ദവല്ലീശ്വരം വരെ എലിവേറ്റഡ് കോറിഡോര്‍, പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ലോഫ്ളോര്‍ ബസുകള്‍, കുടിവെള്ള വിതരണ പദ്ധതി തുടങ്ങിയവ കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. കപ്പലണ്ടിമുക്ക് മുതല്‍ ആനന്ദവല്ലീശ്വരം വരെയുള്ള നിര്‍ദിഷ്ട എലിവേറ്റഡ് കോറിഡോറിന് 1,390 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പണം നീക്കിവെക്കുന്നതും ഈ പദ്ധതിക്കായാണ്. ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതിപ്രകാരമുള്ള നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളില്‍ എണ്‍പത്ശതമാനത്തോളം തുകയാണ് കേന്ദ്രത്തില്‍നിന്നും ലഭിക്കുക. ശാസ്താംകോട്ട തടാകത്തെ ആശ്രയിച്ചുള്ള നഗരത്തിലെ നിലവിലുള്ള കുടിവെള്ള വിതരണ സംവിധാനത്തിന് ബദലായി പുതിയ പദ്ധതിക്കും തുക വകയിരുത്തും. 350 കോടിയാണ് പദ്ധതിക്കായി ചെലവിടുക. കല്ലടയാറ്റില്‍ കുളക്കട പഞ്ചായത്ത് പ്രദേശത്തു നിന്നും കൊല്ലത്തേക്ക് വെള്ളമെത്തിക്കുന്ന പ്രോജക്ടാണ് പരിഗണനയിലുള്ളത്. നഗരത്തിലെ നിരത്തുകള്‍ സൗന്ദര്യവത്കരിക്കുന്ന പദ്ധതിക്ക് 220 കോടി ചെലവ് കണക്കാക്കുന്നു. നഗരപരിധിയിലെ പ്രധാന റോഡുകളെല്ലാം ഇതിന്‍െറ ഭാഗമായി നവീകരിക്കും. തീരദേശ റോഡിന്‍െറ പുനരുദ്ധാരണം, ആവശ്യമായ ഇടങ്ങളില്‍ ഫൈ്ളഓവറുകള്‍, പാലങ്ങള്‍ തുടങ്ങിയവക്കായി 400 കോടിയുടെ പ്രോജക്ടാണ് തയാറാക്കിയിട്ടുള്ളത്. മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ 162.93 കോടി ചെലവ് വരുന്ന സംവിധാനമൊരുക്കും. മലിനീകരണ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് പരാതിയുള്ള കോര്‍പറേഷന് കീഴിലെ അറവുശാലയുടെ വികസനത്തിന് 15.50 കോടിയുടെ പദ്ധതി നിര്‍ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലിനജലസംസ്കരണത്തിന് 25 കോടി നീക്കിവെക്കും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലേതുപോലെ ലോഫ്ളോര്‍ എസി, നോണ്‍ എ.സി ബസുകള്‍ ആരംഭിക്കുന്നതിന് 107 കോടിരൂപയാണ് ചെലവഴിക്കുക. എന്നാല്‍, ബസുകളുടെ ഉടമസ്ഥാവകാശവും നടത്തിപ്പും സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായികൂടി ആലോചിച്ചാവും അന്തിമതീരുമാനം. വിനോദസഞ്ചാര വികസനത്തിന് 200 കോടിയുടെ പദ്ധതികള്‍ ജെ.എന്‍.എന്‍.യു.ആര്‍.എമ്മില്‍ നിന്നും ലക്ഷ്യമിടുന്നു. അന്തരീക്ഷ മലിനീകരണം, ജലമലിനീകരണം എന്നിവ തടയുന്ന വിവിധ പദ്ധതികള്‍ക്കായി 200 കോടിയും ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന്ി 300 കോടിയുടെ പ്രോജക്ടും തയാറാക്കും. നഗരത്തിലെ ചേരികളുടെ വികസനത്തിന് 50 കോടിയുടെ പദ്ധതിയും നടപ്പാക്കും. ശക്തികുളങ്ങര മേഖലയിലെ ഒമ്പത് തുരുത്തുകളെ ബന്ധിപ്പിച്ച് ചെറിയ പാലങ്ങള്‍ നിര്‍മിക്കുന്നതിന് 20 കോടി നീക്കിവെക്കാനും ജെ.എന്‍.എന്‍.യു.ആര്‍.എം പ്രോജക്ടില്‍ വിഭാവനം ചെയ്യുന്നു. കൊല്ലം നഗരത്തിന്‍െറ സമഗ്രവികസനം സാധ്യമാക്കാന്‍ പദ്ധതി നിര്‍വഹണത്തിലൂടെ സാധിക്കുമെന്ന് മേയര്‍ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു. |
ചാല മാലിന്യ പ്ളാന്‍റ് നിര്‍മാണം കെ.എസ്.ഐ.ഡി.സിക്ക് Posted: 02 Oct 2013 12:16 AM PDT Subtitle: സ്വകാര്യ കമ്പനി പിന്‍വാങ്ങി തിരുവനന്തപുരം: കരാറെടുത്ത സ്വകാര്യ കമ്പനി പിന്മാറിയതിനെ തുടര്‍ന്ന് ചാല മാലിന്യ പ്ളാന്‍റ് നിര്‍മാണത്തിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 62 ബയോഗ്യാസ് പ്ളാന്‍റുകളും 30 പാറ്റൂര്‍ മോഡല്‍ സംസ്കരണ പ്ളാന്‍റുകളും സ്ഥാപിക്കാന്‍ നഗരസഭക്ക് 50 ശതമാനം തുക അനുവദിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഏഴ് കോടി രൂപയാണ് ബയോഗ്യാസ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന പ്ളാന്‍റുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. സാങ്കേതികസഹായം നല്‍കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. കരിമഠം കോളനിയിലെ ഫ്ളാറ്റുകളിലെ ഗുണഭോക്താക്കളുടെ പട്ടിക കുടുംബശ്രീയെകൊണ്ട് പരിശോധിപ്പിച്ച് ഉന്നതാധികാര സമിതിയുടെ അംഗീകാരം വാങ്ങാനും ധാരണയായി. അര്‍ഹരായ ഗുണഭോക്താക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. 72 കുടുംബങ്ങള്‍ താമസിക്കുന്ന ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പുനനിര്‍മിക്കാന്‍ രാജീവ്ഗാന്ധി യോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നഗരസഭ സന്നദ്ധത അറിയിച്ചു. രാജീവ് നഗര്‍ കോളനിയിലെ 60 ഫ്ളാറ്റുകള്‍ പുനര്‍നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് പുനക്രമീകരിച്ച് സമര്‍പ്പിക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലി നഗരസഭയോട് ആവശ്യപ്പെട്ടു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുഷ്പലത, കൗണ്‍സിലര്‍മാരായ ആര്‍. ഹരികുമാര്‍, പി.എസ്. നായര്‍, പാളയം രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വനിതകളടക്കം മൂന്നുപേര്‍ അറസ്റ്റില്‍ Posted: 02 Oct 2013 12:12 AM PDT കരുനാഗപ്പള്ളി: വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയോളം രൂപ തട്ടിയ സംഘത്തിലെ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചിതെക്ക് പഞ്ഞികുന്നും വിളയില്‍ വാടകക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ടോലില്‍ വീട്ടില്‍ സതീഷ് ചന്ദ്രന്‍ (43), ഭാര്യ രമ (36), തൊടിയൂര്‍ പുലിയൂര്‍ വഞ്ചിതെക്ക് പഞ്ഞികുന്ന് വിളയില്‍ വാടകക്ക് താമസിക്കുന്ന ശാസ്താംകോട്ട പനപ്പെട്ടി അനൂപ് ഭവനില്‍ ശോഭ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട പനപ്പെട്ടി സ്വദേശി സദാശിവന്‍പിള്ളയുടെ മകനടക്കം ഏഴുപേരില്‍നിന്ന് 12,40,000 രൂപ കബളിപ്പിച്ചെന്ന കേസിലാണ്് അറസ്റ്റ് . ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 27 ലക്ഷവും അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ലക്ഷവും കബളിപ്പിച്ചതിന് കേസ് നിലവിലുണ്ട്. മാന്നാര്‍ പൊലീസിന്‍െറ പരിധിയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു കോടിയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മിക്കവരില്‍ നിന്നും മൂന്ന് ലക്ഷത്തിലധികമാണ് വാങ്ങിയിട്ടുളളത്.ഇവരുടെ സംഘത്തിലുളള തൃശൂര്‍ സ്വദേശികളായ ഗീതാറാണി, രജിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘാംഗമായ ജോയി മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇക്കൊല്ലം മേയിലാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാര്‍ഥികളായ യുവാക്കളെ ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ റിക്രൂട്ടിങ്ങിനും കൂടിക്കാഴ്ചക്കുമെന്ന പേരില്‍ പലതവണ കൊണ്ടുപോയി താമസിപ്പിച്ച് കബളിപ്പിച്ച സംഘം പിന്നീട് മുങ്ങുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി ജയശങ്കറിന്‍െറ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി എസ്.ഐ ജസ്റ്റിന്‍ ജോണ്‍, ഗ്രേഡ് എസ്.ഐ സോമന്‍, സീനിയര്‍ പൊലീസ് ഓഫിസര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. |
‘അപകടങ്ങളില്‍ പെടുന്നത് 47 ശതമാനവും കാല്‍നടക്കാര്‍’ Posted: 02 Oct 2013 12:08 AM PDT തൃശൂര്‍: നടപ്പാതകള്‍ വഴിയോരക്കച്ചവ ടക്കാര്‍ കൈയടക്കുന്നതിനാല്‍ കാല്‍നട ക്കാര്‍ റോട്ടിലൂടെ നടക്കേണ്ട ഗതികേടാണെന്ന് ഗതാഗത കമീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് അപകടങ്ങളില്‍ പെടുന്നവരില്‍ 47 ശതമാനവും കാല്‍നടക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പാട്ടുരാക്കല്‍ ദേവമാത പബ്ളിക് സ്കൂളില്‍ ആക്ട്സിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ‘റോഡ് നിയമങ്ങള്‍ എന്‍െറയും സുരക്ഷക്ക്’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടുശതമാനം റോഡുകളില്‍ പോ ലും സീബ്രാലൈനുകളില്ല. സീബ്രാലൈ നുകള്‍ ഉള്ളിടത്ത് ട്രാഫിക് ലൈനുകളുമില്ല. ട്രാഫിക് ലൈനുകളില്ലാതെ സീബ്രാലൈനുകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ ഒരാള്‍ക്ക് ഒരുവാഹനം എന്ന നിലയിലേക്കാണ് കേരളത്തിന്‍െറ പോക്ക്. ദിനേന രണ്ടായിരത്തോളം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതില്‍ പകുതിയോളം ഇരുചക്രവാഹനങ്ങളാണ്. വര്‍ഷന്തോറും 10 ലക്ഷം വാഹനങ്ങളുടെ വര്‍ധനയുണ്ടാകുന്നു. ഓരോ രണ്ട് മണിക്കൂറിനുള്ളില്‍ ഒരാള്‍ മരിക്കുന്നു. ദിനേന 130 അപകടങ്ങളില്‍ 112 പേര്‍ക്ക് പരിക്കേല്‍ക്കുന്നു. 2012ല്‍ 4,290 പേരാണ് അപകടത്തില്‍ മരിച്ചത്. വര്‍ഷന്തോറും 45,000 അപകടങ്ങളില്‍ 35,000 പേര്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 50 ശതമാനവും ബൈക്ക് യാത്രികരാണ്. നിയമം പാലിക്കുന്നതോടൊപ്പം തെറ്റ് ചൂണ്ടിക്കാട്ടാനും വിദ്യാര്‍ഥികള്‍ തയാറാകണമെന്ന് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ട്രാഫിക് ബോധവത്കരണം സംബന്ധിച്ച ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. സിനിമകളിലും ചാനല്‍ പരിപാടികളിലും വാഹനങ്ങള്‍ ഓടിക്കുന്നത് സുരക്ഷ നടപടികള്‍ പാലിച്ചാവണമെന്ന് ആവശ്യപ്പെട്ട് കമീഷണര്‍ക്ക് ആക്ട്സ് പ്രവര്‍ത്തകര്‍ നിവേദനം സമര്‍പ്പിച്ചു. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാ ശ് അധ്യക്ഷത വഹിച്ചു. മേയര്‍ ഐ.പി. പോള്‍, ആക്ട് ജനറല്‍ സെക്രട്ടറി ഫാ. ഡേവിഡ് ചിറമേല്‍, ദേവമാതാ സി.എം.ഐ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.വി. വര്‍ഗീസ്, ലൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. |
കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കും -ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് Posted: 01 Oct 2013 11:59 PM PDT പാലക്കാട്: കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഫണ്ടും പദ്ധതികളും ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍. പ്രഥമ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ സുവര്‍ണ നേട്ടം കൈവരിച്ച കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനകം ഒട്ടേറെ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. അതിന്‍െറ ഫലമാണ് അന്താരാഷ്ട്ര നേട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു. പരിശീലകരും കായികതാരങ്ങളും ഒത്തൊരുമിച്ച് ആത്മാര്‍ഥതയോടെ പരിശ്രമിച്ചാല്‍ ഒളിമ്പിക്സില്‍വരെ മെഡല്‍ നേടാന്‍ നമുക്ക് സാധിക്കും. മീറ്റില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യയുടെ മെഡല്‍ ശേഖരത്തില്‍ ഒമ്പതു സ്വര്‍ണം ജില്ലയിലെ കുട്ടികളുടെ വകയായിരുന്നു. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.യു. ചിത്ര (മൂന്നു സ്വര്‍ണം-3000 മീറ്റര്‍, 1500 മീറ്റര്‍, (4 X400 മീറ്റര്‍ റിലേ); പറളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി. മുഹമ്മദ് അഫ്സല്‍ (രണ്ടു സ്വര്‍ണം -800 മീറ്റര്‍, 1500 മീറ്റര്‍); വി.വി. ജിഷ (രണ്ടു സ്വര്‍ണം-400 മീറ്റര്‍ ഹര്‍ഡില്‍സ്, 4X400 മീറ്റര്‍ റിലേ); കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അബ്ദുല്ല അബൂബക്കര്‍, സി. ബബിത (ഒന്ന് വീതം സ്വര്‍ണം -4X400 മീറ്റര്‍ റിലേ, 800 മീറ്റര്‍ വെങ്കലം) എന്നിവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കാഷ് അവാര്‍ഡും നല്‍കി. സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 2000 രൂപ വീതവും വെങ്കലത്തിന് 1000 രൂപയുമാണ് നല്‍കിയത്. പരിശീലകരായ പറളി സ്കൂളിലെ പി.ജി. മനോജ്, മുണ്ടൂര്‍ സ്കൂളിലെ എന്‍.എസ്. സിജിന്‍, കല്ലടി സ്കൂളിലെ ജാഫര്‍ ബാബു എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ഹനീഫ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ് റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.ജി. ജയന്തി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. അശോക്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. അബ്ദുല്‍ഖാദര്‍, എസ്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, സെക്രട്ടറി ടി.എസ്. മജീദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. ഗീത, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.ആര്‍. അജയന്‍, ഡി.ഇ.ഒ എ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. |
പുതുതായി കാന്‍സര്‍ രോഗബാധിതരാവുന്നവരുടെ എണ്ണത്തില്‍ പാലക്കാട് ഏറെ മുന്നില്‍ Posted: 01 Oct 2013 11:59 PM PDT പാലക്കാട്: സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ രോഗബാധിതരാവുന്നവരുടെ എണ്ണം പാലക്കാട് ജില്ലയില്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനാ ക്യാമ്പുകളില്‍ മറ്റ് ജില്ലകളിലേതിനെ അപേക്ഷിച്ച് പലമടങ്ങ് പുതിയ കാന്‍സര്‍ രോഗികളെയാണ് പാലക്കാട് ജില്ലയില്‍ കണ്ടെത്താനായത്. സംസ്ഥാനത്ത് പ്രതിവര്‍ഷം 35,000ഓളം പുതിയ കാന്‍സര്‍ രോഗികളുണ്ടാവുന്നുവെന്ന് ആരോഗ്യവകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ പാലക്കാട് ജില്ലയില്‍നിന്നാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. 2012 ഏപ്രില്‍ മുതല്‍ 2013 ജൂലൈ വരെ പാലക്കാട് ജില്ലയില്‍ ആരോഗ്യവകുപ്പ് നടത്തിയ 1719 രോഗനിര്‍ണയ ക്യാമ്പുകളിലായി 3,71,842 പേരെ പരിശോധിച്ചതില്‍ 718 പുതിയ കാന്‍സര്‍ ബാധിതരെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയില്‍ ഇതേ കാലയളവില്‍ 2,91,319 പേരെ പരിശോധിച്ചതില്‍ 113 പുതിയ കാന്‍സര്‍ ബാധിതരെയും കൊല്ലത്ത്് 3,40,836 പേരില്‍ 47 പുതിയ കാന്‍സര്‍ രോഗികളെയും കണ്ടെത്തി. കോട്ടയത്ത് 1,34,899 പേരെ പരിശോധിച്ചതില്‍ എട്ടു പേര്‍ക്കും പത്തനംതിട്ടയില്‍ 6,03,807 പേരില്‍ 143 പേര്‍ക്കും ഇടുക്കിയില്‍ 3,53,009 പേരില്‍ എട്ടുപേര്‍ക്കും ആലപ്പുഴയില്‍ 3,85,632 പേരില്‍ 211 പേര്‍ക്കും എറണാകുളത്ത് 2,91,969 പേരില്‍ 60 പേര്‍ക്കും തൃശൂരില്‍ 5,72,363 പേരില്‍ 361 പേര്‍ക്കും മലപ്പുറത്ത് 2,49,978 പേരില്‍ 96 പേര്‍ക്കും കോഴിക്കോട്ട് 5,47,594 പേരില്‍ 109 പേര്‍ക്കും കാസര്‍കോട്ട് 1,12,677 പേരില്‍ 30 പേര്‍ക്കും വയനാട്ടില്‍ 1,22,206 പേരില്‍ രണ്ടുപേര്‍ക്കും പുതുതായി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 3,40,313 പേരെ പരിശോധിച്ചിട്ടും ഒരാള്‍ക്കുപോലും പുതുതായി കാന്‍സര്‍ ബാധിച്ചിട്ടില്ലെന്ന് വ്യക്തമായി. പുകയില ഉല്‍പന്നങ്ങളുടെ അമിത ഉപയോഗമാണ് കാന്‍സര്‍ ബാധിതരുടെ വര്‍ധനക്ക് കാരണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നുണ്ടെങ്കിലും മറ്റ് ജില്ലകളിലും പുകയില ഉല്‍പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ, പാലക്കാട് ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ അഭൂതപൂര്‍വമായ വര്‍ധനക്ക് കാരണമെന്തെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കഞ്ചിക്കോട് വ്യവസായമേഖലയിലെ ചില വ്യവസായശാലകള്‍ കാന്‍സറിന്‍െറ ‘പ്രഭവകേന്ദ്ര’മാണെന്ന് ആരോഗ്യവകുപ്പിലെതന്നെ ചില ഡോക്ടര്‍മാര്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധനക്കെത്തുന്ന കഞ്ചിക്കോട്ടെ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്‍ററില്‍ നൂറുകണക്കിന് കാന്‍സര്‍ രോഗികളാണ് ചികിത്സക്കെത്തുന്നത്. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. |
വേഗപ്പൂട്ടില്‍ കൃത്രിമം; സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയില്ല Posted: 01 Oct 2013 11:54 PM PDT പീരുമേട്: വേഗപ്പൂട്ടില്‍ കൃത്രിമം കാട്ടി സ്വകാര്യബസുകള്‍ പായുന്നു. മിക്ക സ്വകാര്യ ബസുകളിലും വേഗപ്പൂട്ട് സ്ഥാപിച്ചെങ്കിലും കൃത്രിമം കാട്ടുന്നതിനാല്‍ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. വേഗം മണിക്കൂറില്‍ 60 കിലോമീറ്ററായി നിജപ്പെടുത്തിയ വേഗപ്പൂട്ടാണ് ബസുകളില്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍, വേഗം 90 കിലോമീറ്ററായി ഉയര്‍ത്തിയാണ് ബസുകളില്‍ ഘടിപ്പിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുകള്‍ ഓടിച്ച് പരിശോധിച്ചാല്‍ തട്ടിപ്പ് കണ്ടെത്താം. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് പായുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളുമായി മത്സരിക്കാന്‍ ചില ബസ് ഉടമകള്‍ ഗിയര്‍ ബോക്സിലും മാറ്റം വരുത്തുന്നു. മുമ്പോട്ട് അഞ്ച് ഗിയര്‍ ഉള്‍പ്പെടെ ആറ് ഗിയര്‍ ഉള്ള ഗിയര്‍ ബോക്സുകളാണ് ബസുകളില്‍ ഉപയോഗിക്കുന്നത്. ടോറസ് ലോറികളില്‍ ഉപയോഗിക്കുന്ന മുന്നോട്ട് ആറ് ഗിയറുകള്‍ ഉള്ള ഗിയര്‍ ബോക്സുകള്‍ ചില ബസുകളില്‍ ഉപയോഗിക്കുന്നു. എന്‍ജിനില്‍നിന്ന് പുള്ളിങ് കൂടുതലായി അധിക വേഗം എടുക്കാന്‍ വേണ്ടിയാണ് മാറ്റം വരുത്തുന്നത്.സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ച സമയത്ത് സര്‍വീസ് നടത്താതെ ഓടുകയും കുമളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ക്ക് അനുവദിച്ച സമയത്തുനിന്ന് 15 മിനിറ്റ് വൈകിയാണ് മിക്ക ബസുകളും പുറപ്പെടുന്നത്. നഷ്ടപ്പെടുത്തിയ സമയം ഓട്ടത്തില്‍ തിരിച്ച് പിടിക്കുന്നതുമാണ് അമിത വേഗത്തിന് കാരണമാകുന്നത്. കുമളിയില്‍നിന്ന് സ്വകാര്യ ബസുകള്‍ പുറപ്പെടുന്ന സമയം പരിശോധിച്ച് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചാല്‍ മത്സരയോട്ടം കുറക്കാന്‍ സാധിക്കുമെന്നും യാത്രക്കാര്‍ പറഞ്ഞു. വേഗപ്പൂട്ട് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ സമയം ചൊവ്വാഴ്ച അവസാനിച്ചു. ഒക്ടോബര്‍ രണ്ടിനുമുമ്പ് വേഗപ്പൂട്ട് സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. |
നിരോധിത കീടനാശിനികള്‍ അതിര്‍ത്തി കടന്നെത്തുന്നു Posted: 01 Oct 2013 11:53 PM PDT നെടുങ്കണ്ടം: കേരളത്തില്‍ നിരോധിച്ച കീടനാശിനികളും മരുന്നുകളും തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി കടന്ന് എത്തുന്നു. കമ്പംമെട്ട്, കുമളി, ബോഡിമെട്ട് തുടങ്ങിയ അതിര്‍ത്തി ചെക്പോസ്റ്റ് വഴിയാണ് ഇവ കേരളത്തിലെത്തുന്നത്. കര്‍ഷകര്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നതിന്‍െറ പേരില്‍ സംസ്ഥാനത്ത് വില്‍പനയും ഉപയോഗവും നിരോധിച്ചവയാണ് ഇവ. എന്‍ഡോസള്‍ഫാന്‍, പ്രോഫിനാഫോസ്, ഫോറൈറ്റ് തുടങ്ങിയ മാരകവിഷങ്ങളാണ് സംസ്ഥാനത്തെ തോട്ടങ്ങളിലേക്ക് വ്യാപകമായെത്തുന്നത്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് വരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ബസുകളിലും തൊഴിലാളികളുമായെത്തുന്ന വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് പ്രധാനമായും നിരോധിത മരുന്നുകള്‍ കേരളത്തിലെത്തുന്നത്. എന്‍ഡോസള്‍ഫാനും മറ്റും വിവിധ പേരുകളിലും വിവിധ പാക്കറ്റുകളിലുമായാണ് കൊണ്ടുവരുന്നത്. ഇതിനുപുറമെ പരിശോധനകളില്‍ നിന്ന് രക്ഷനേടാന്‍ ലേബലുകളില്ലാത്ത ടിന്നുകളിലും ബാരലുകളിലുമാണ് എത്തുന്നത്. ജില്ലയിലെ മിക്ക കടകളിലും പേരും ലേബലും മാറി ഇവ വില്‍പന നടത്തുന്നുണ്ട്. കാര്യമായ പരിശോധനകള്‍ നടക്കാത്ത മിക്ക വളം-കീടനാശിനി കടകളിലും നിരോധിത മരുന്നുകളുടെ വില്‍പന തകൃതിയാണ്. അതിര്‍ത്തി മേഖലകളിലെ ഇടവഴികളിലൂടെ തലച്ചുമടായും നിരോധിത കീടനാശിനികള്‍ വന്‍തോതില്‍ എത്തുന്നുണ്ട്. ഇവ പ്രധാനമായും ഏലം, വാഴ തുടങ്ങിയ കാര്‍ഷികവിളകള്‍ക്കാണ് ഉപയോഗിക്കുന്നത്. ആഗസ്റ്റ് 29ന് തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 350 കിലോ ഫോറൈറ്റ് കമ്പംമെട്ട് ചെക്പോസ്റ്റില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. തേനി-മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഉടമസ്ഥരില്ലാതെ കാണപ്പെട്ട ഫോറൈറ്റാണ് പിടികൂടിയത്. |
കണ്‍സ്യൂമര്‍ഫെഡ് ഓമല്ലൂര്‍ ജില്ലാ ഗോഡൗണില്‍ വന്‍ ക്രമക്കേടുകള്‍ Posted: 01 Oct 2013 11:50 PM PDT പത്തനംതിട്ട: കണ്‍സ്യൂമര്‍ഫെഡിന്‍െറ ഓമല്ലൂരിലെ ജില്ലാ ഗോഡൗണില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10.30 ന് ആരംഭിച്ച പരിശോധന രാത്രി 10ഓടെ അവസാനിപ്പിച്ചപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും കണ്ടെത്തിയതായാണ് വിജിലന്‍സ് വിഭാഗം നല്‍കുന്ന സൂചന. ഓപറേഷന്‍ അന്നപൂര്‍ണ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്‍െറ ഭാഗമായിട്ടായിരുന്നു ഇത്. വ്യാപക ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതികളെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്.2011 മുതലുള്ള ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കാണ് പരിശോധിച്ചത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പയര്‍, മുളക്, മല്ലി, കടല തുടങ്ങി പല ഭക്ഷ്യധാന്യങ്ങളുടെയും കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. സബ്സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ മറിച്ചുവിറ്റതായും സംശയിക്കുന്നു. കണക്കുകളില്‍ നിരവധി കൃത്രിമം നടത്തുകയും ചെയ്തിട്ടുണ്ട്. ഗോഡൗണ്‍ നിറയെ എലി, പാറ്റ, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളെക്കൊണ്ട് നിറഞ്ഞിരുന്നു. എലികള്‍ ഗോഡൗണില്‍ കൂടി ഓടി നടക്കുന്നതും കാണാമായിരുന്നു. ഭക്ഷ്യ സാധനങ്ങളുടെ പൊട്ടിയ പാക്കറ്റുകള്‍ തറയിലാകെ ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങള്‍ മുറിയില്‍ കൂട്ടിയിട്ടിരുന്നതും പരിശോധനയില്‍ കണ്ടെത്തി. ഇത് വന്‍ സാമ്പത്തികനഷ്ടത്തിനും ഇടയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ഗുരുതരവീഴ്ചയാണ് ഇതിന് കാരണമെന്നും പരിശോധകര്‍ കണ്ടെത്തി. ജോലി ചെയ്യുന്നവരില്‍ കൂടുതലും താല്‍ക്കാലിക ജീവനക്കാരാണ്. ഇവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി പി.കെ. ജഗദീഷ് പറഞ്ഞു. |
അഴിമതിയും ഒളിഞ്ഞു നോട്ടവും; നഗരസഭ ജീവനക്കാര്‍ക്കെതിരെ പരാതി Posted: 01 Oct 2013 11:46 PM PDT Subtitle: കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം കോട്ടയം: അഴിമതിയില്‍മുങ്ങിയ നഗരസഭക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശം. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ വഴിവിളക്ക് മുതല്‍ കൈക്കൂലിവരെയുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയതോടെ നഗരസഭ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാറിനും ഉത്തരംമുട്ടി. ഒടുവില്‍ പരാതികിട്ടിയാല്‍ എല്ലാവിഷയത്തിലും ഉചിതമായ നടപടി സ്വീകരിക്കുമെന്ന പതിവ് മറുപടി നല്‍കിയാണ് ക്ഷുഭിതരായ അംഗങ്ങളെ ശാന്തരാക്കിയത്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ അജണ്ട ചര്‍ച്ചക്ക് എടുക്കുംമുമ്പേ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിവിധവിഷയങ്ങള്‍ ഉന്നയിച്ച് ബഹളംവെച്ചു. നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ അംഗങ്ങള്‍ ഒരുമണിക്കൂറിലേറെ ശബ്ദമുയര്‍ത്തിയതോടെ ജീവനക്കാരുടെ ഒളിഞ്ഞുനോട്ടം മുതല്‍ അഴിമതിക്കഥകള്‍ വരെ പുറത്തായി. അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ കൗണ്‍സിലര്‍ മര്‍ദിച്ചതും ഇതിന് ചെയര്‍മാന്‍െറഒത്താശയുണ്ടായെന്നും ചൂണ്ടിക്കാട്ടി ഭരണകക്ഷി കൗണ്‍സിലര്‍ തന്നെ ആരോപണവുമായി എത്തിയിരുന്നു.ഗതാഗതത്തിന് തടസ്സമായി നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ്ബോര്‍ഡുകള്‍ നീക്കാനും വഴിയോര കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി. കോടിമത പച്ചക്കറി മാര്‍ക്കറ്റിലെ ബയോഗ്യാസ്പ്ളാന്‍റ് നവീകരിക്കാന്‍ 3.5ലക്ഷംരൂപയുടെയും തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് രണ്ടുകോടിയുടെയും പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒരുമാസത്തോളം അടച്ചിട്ട് മാമ്മന്‍മാപ്പിള ഹാളിന്‍െറ നവീകരണംപൂര്‍ത്തിയാക്കാന്‍ സ്വകാര്യട്രസ്റ്റുമായി ധാരണയിലെത്തിയതായും ചെയര്‍മാന്‍ പറഞ്ഞു. സ്ത്രീജീവനക്കാര്‍ക്ക് ഭയം;ഒളിഞ്ഞുനോട്ടം ഹോബി കോട്ടയം: പുതുതായി നിയമിതരായ താല്‍ക്കാലിക ജീവനക്കാരായ സ്ത്രീകള്‍ക്ക ്ജോലിചെയ്യാന്‍കഴിയാത്ത അവസ്ഥയാണ് നഗരസഭയില്‍ ഉള്ളതെന്ന് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ഫ്രാന്‍സിസ് ജേക്കബ്. ജോലിക്കെത്തുന്ന സ്ത്രീജീവനക്കാര്‍ തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങിയാല്‍ സ്ഥിരനിയമനം സാധ്യമാക്കാമെന്ന് വാഗ്ദാനം നല്‍കി കണ്ടിന്‍ജന്‍സി വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ കൗണ്‍സിലര്‍ പരാതിയുടെ കെട്ടഴിച്ചു. ഇതോടെ, പ്രതിപക്ഷകൗണ്‍സിലര്‍ അഡ്വ.ഷീജഅനില്‍ ആരോഗ്യവിഭാഗത്തിലെ ഒരുജീവനക്കാരന്‍ കുളിമുറിയില്‍ഒളിഞ്ഞുനോക്കിയ സംഭവം വിവരിച്ചാണ് വിഷയം അവതരിപ്പിച്ചത്. സ്ഥിരമായി വൈകുന്നേരങ്ങളിലെ ജോലി ഏറ്റെടുക്കാന്‍ സന്നദ്ധതകാട്ടുന്ന ജീവനക്കാരന്‍ നഗരത്തിലെ ചിലപ്രദേശങ്ങളിലെ വീടുകളിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നത് പതിവാണത്രെ. സ്ത്രീകളുടെ പരാതി വ്യാപകമായതോടെയാണ് പ്രശ്നം അവതരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ആരോഗ്യവിഭാഗത്തിലെ മറ്റൊരു ജീവനക്കാരനെതിരെ ചിത്രംസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ഭരണകക്ഷി അംഗം ചൂണ്ടിക്കാട്ടി. നഗരസഭക്ക് ദുഷ്പേര് ഉണ്ടാക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതോടെയാണ് ബഹളംഅവസാനിച്ചത്. റേഷന്‍കാര്‍ഡിന് 5000; വ്യാജസര്‍ട്ടിഫിക്കറ്റ് സുലഭം കോട്ടയം: തമിഴ്നാട് സ്വദേശിയുടെ റേഷന്‍കാര്‍ഡിന് 5000 രൂപ കൈക്കൂലിവാങ്ങിയ സംഭവം തനിക്ക് നേരിട്ട് അറിയാമെന്ന് മുന്‍ചെയര്‍മാന്‍ബി.ഗോപകുമാര്‍ വെളിപ്പെടുത്തി. കോട്ടയത്ത് സ്ഥിരതാമസക്കാരനാണെന്ന് വരുത്തിതീര്‍ക്കാനാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. നഗരസഭയില്‍നിന്ന് അപ്രത്യക്ഷമായ ഹെല്‍പ്ഡെസ്കിന്‍െറമറവില്‍ എത്തുന്ന ഇടനിലക്കാര്‍ അപേക്ഷാഫോറം മുതല്‍ വിവിധവകുപ്പുകളിലെ രേഖകള്‍ വരെ ശരിയാക്കി മടങ്ങുകയാണ്. അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ 100 രൂപ വാങ്ങിയെടുക്കുന്ന ഇക്കൂട്ടര്‍ രേഖകള്‍ ശരിയാക്കി വീട്ടിലെത്തിക്കാന്‍ 500 രൂപയാണ് കൈപ്പറ്റുന്നത്. കെട്ടിടനിര്‍മാണവിഭാഗത്തിലെയും എന്‍ജിനീയറിങ് വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഫീസ് പറഞ്ഞുവാങ്ങുന്ന സ്ഥിതിയും നഗരസഭയിലുണ്ടെന്ന് കൗണ്‍സിലര്‍ ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്ന് പ്രതിപക്ഷനേതാവ് എം.കെ.പ്രഭാകരന്‍ പറഞ്ഞു. വഴിവിളക്ക്: രേഖകള്‍ ഒന്നുമില്ലെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ കോട്ടയം: വഴിവിളക്കുകള്‍ മാറിയിടുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നഗരസഭയില്‍ കൃത്യമായ ഒരുരേഖയും ഇല്ലെന്ന് നഗരസഭാഎന്‍ജിനീയര്‍ മുരളീകൃഷ്ണന്‍. വിവിധവാര്‍ഡുകളില്‍ വഴിവിളക്ക് തെളിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ വിമര്‍ശിച്ച കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക്നല്‍കിയവിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരാതി ലഭിച്ചാല്‍ മൂന്നുദിവസത്തിനകം തകരാര്‍ പരിഹരിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അതൊന്നും നടക്കാറില്ല. തകരാറിലായ എല്ലാവഴിവിളക്കുകളും ഓണത്തിന് മുമ്പ് തെളിയിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. കരാര്‍ അനുസരിച്ച് പ്രതിമാസം 2,82,000 രൂപ വീതം നല്‍കാമെന്ന് പറഞ്ഞെങ്കിലും നഗരസഭ അഞ്ചുമാസത്തെ കുടിശ്ശിക നല്‍കാത്തതാണ് പ്രശ്നത്തിന് കാരണമെന്നും എന്‍ജിനീയര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ, ഇതുവരെ കരാറുകാരന്15ലക്ഷംരൂപ നല്‍കിയെന്നും ഇക്കാര്യത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. |
No comments:
Post a Comment