തണല്‍കൂട്ടിന്‍െറ തണല്‍ സംസ്ഥാന തലത്തിലേക്ക് -മന്ത്രി അബ്ദുറബ്ബ് Posted: 12 Oct 2013 12:27 AM PDT പെരിന്തല്‍മണ്ണ: ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ തണല്‍കൂട്ട് പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ജില്ലാ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി, കോളജ് കാമ്പസുകള്‍ കേന്ദ്രീകരിച്ച് രൂപംകൊടുത്ത ‘തണല്‍കൂട്ട്’ വിദ്യാര്‍ഥി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം പുത്തനങ്ങാടി സെന്‍റ്മേരീസ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷയ, പരിരക്ഷ തുടങ്ങി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പല പദ്ധതികളും സര്‍ക്കാര്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പദ്ധതി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കുള്ള പരിഹാരവും സമൂഹത്തിന്‍െറ രോദനങ്ങള്‍ക്കുള്ള മറുപടിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. മികച്ച തണല്‍കൂട്ട് യൂനിറ്റുകള്‍ക്കുള്ള മികവ് പുരസ്കാര വിതരണം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു. കോളജ് തലത്തില്‍ പുത്തനങ്ങാടി സെന്‍റ്മേരീസും ഹയര്‍സെക്കന്‍ഡറി തലത്തില്‍ എരുമമുണ്ട നിര്‍മല സ്കൂളും പുരസ്കാരത്തിന് അര്‍ഹരായി. തണല്‍കൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ടീന്‍കെയര്‍ പദ്ധതി ഉത്തരമേഖലാ ഐ.ജി എസ്. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, അംഗങ്ങളായ സലീം കുരുവമ്പലം, ഇ. പാത്തുമ്മക്കുട്ടി, സംഗീതജ്ഞന്‍ കെ.വി. അബുട്ടി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അബൂബക്കര്‍ ഹാജി, അഡ്വ. സുജാത വര്‍മ, ഡോ. അബൂബക്കര്‍ തയ്യില്‍, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കോറാടന്‍ റംല, ഹുസൈന്‍ ചോലയില്‍, വത്താച്ചിറ ആന്‍റണി, കെ. അബ്ദുസ്സലാം, പി.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. തണല്‍കൂട്ട് ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ സ്വാഗതവും കോളജ് പ്രിന്‍സിപ്പല്‍ ഫാ. മാര്‍ട്ടിന്‍ ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. |
നഗരസഭ കൗണ്‍സില്‍ പ്രക്ഷുബ്ധം Posted: 12 Oct 2013 12:24 AM PDT Subtitle: വസ്ത്രശാലയെ സഹായിക്കാന്‍ ടാക്സ് അപ്പീല്‍ കമ്മിറ്റി ശി പാര്‍ശ കൊച്ചി: നഗരത്തിലെ സ്വകാര്യ വസ്ത്രവ്യാപാരശാലയെ സഹായിക്കുന്നവിധത്തില്‍ നഗരസഭ ടാക്സ് അപ്പീല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത് വന്‍സാമ്പത്തിനഷ്ടം ഉണ്ടാക്കിയെന്ന് കൗണ്‍സില്‍യോഗത്തില്‍ ആരോപണം. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ചര്‍ച്ചക്കിടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ടാക്സ് അപ്പീല്‍ കമ്മിറ്റിയുടെ നിലപാടുമൂലം നഗരസഭക്ക് സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടത്താനാവില്ലെന്നും മേയര്‍ വ്യക്തമാക്കി. ഇരുഭാഗത്തേയും കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായതോടെ മേയര്‍ സഭ പിരിച്ചുവിട്ടു. എം.ജി റോഡിലെ ഒരു പ്രധാന വസ്ത്രവ്യാപാരശാല വാണിജ്യ നികുതിയിനത്തില്‍ രണ്ടാമതും നികുതിചുമത്താനുള്ള തീരുമാനം റദ്ദ്ചെയ്യണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രത്നമ്മ രാജുവിന്‍െറ കുറിപ്പ് നഗരസഭക്ക് സാമ്പത്തികനഷ്ടം വരുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതുസംബന്ധിച്ച ഫയല്‍ കൗണ്‍സിലിലേക്ക് വരാന്‍ ഒന്നര വര്‍ഷം കാലതാമസമെടുത്തതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗണ്‍സില്‍ എം.അനില്‍കുമാറാണ് ആരോപണം ഉന്നയിച്ചത്. 1.35 കോടി രൂപയാണ് നഗരസഭക്ക് നഷ്ടംവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്‍െറ പാര്‍ക്കിങ് ഏരിയക്ക് പ്രത്യേകം ടാക്സ് ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് കമ്മിറ്റി റദ്ദ്ചെയ്തിരിക്കുന്നത്. നഗരസഭ അംഗീകരിച്ച പ്ളാനില്‍ പാര്‍ക്കിങ്ങിനായുള്ള സ്ഥലം ഗോഡൗണായി ഉപയോഗിച്ചതായി ടൗണ്‍ പ്ളാനര്‍ നേരത്തെ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. നഗരസഭയുടെ നടപടിക്കെതിരെ ഇവര്‍ കോടതിയെ സമീപിച്ചു. ഹൈകോടതിയുടെ നിര്‍ദേശമനുസരിച്ച് ടാക്സ് അപ്പീല്‍ കമ്മിറ്റിപരാതി കേള്‍ക്കുകയും വസ്ത്ര വ്യാപാര ശാലയുടെ അഭിഭാഷകന്‍ നല്‍കിയ മൊഴി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രേഖപ്പെടുത്തുകയും സ്വന്തം അഭിപ്രായമായി ഫയലില്‍ കുറിപ്പ് എഴുതുകയും ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. സൗത് മേല്‍പാലം വീതികൂട്ടി പുനര്‍നിര്‍മാണം നടത്തുന്ന കാര്യം നഗരസഭ ശക്തമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് ആവശ്യപ്പെട്ടു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഹോര്‍ഡിങ്ങുകള്‍ നീക്കംചെയ്യാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പിലായിട്ടില്ലെന്ന് കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ പറഞ്ഞു. ഇതുമൂലം നഗരസഭക്ക് വന്‍ നഷ്ടമാണുണ്ടാവുന്നത്. സൗത് മേല്‍പാലം വീതികൂട്ടണമെന്ന ആവശ്യം 26ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഉന്നയിക്കുമെന്ന് മേയര്‍ അറിയിച്ചു.നഗരത്തിലെ അനധികൃത മൂവിങ് പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കും. ടൗണ്‍പ്ളാനിങ് കമ്മിറ്റി ഇതേക്കുറിച്ച് പരിശോധന നടത്തണമെന്നും മേയര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളിലെയും സ്വകാര്യ സ്ഥലങ്ങളിലെയും അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സി.എസ്.ഐ പള്ളിക്കു സമീപമുള്ള കെട്ടിടത്തില്‍ അനധികൃതമായി ഹോട്ടല്‍നിര്‍മാണം നടത്തിയത് കണ്ടെത്തുന്നതില്‍ എ.എക്സ്. ഇ വീഴ്ചവരുത്തിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മേയര്‍ പറഞ്ഞു. ജനുറം ബസുകള്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപീകരിച്ചശേഷം കോര്‍പറേഷന്‍ മുന്‍ നിശ്ചയിച്ച റൂട്ടുകളിലൂടെ ഓടിക്കുന്ന കാര്യത്തില്‍ നടപടിയെടുക്കും. നഗരത്തിലെ കുടിവെള്ളടാങ്കുകള്‍ വൃത്തിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കും. ചര്‍ച്ചയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, രത്നമ്മ രാജു, കെ.വി. മനോജ്, എം. പി. മഹേഷ്കുമാര്‍, ബനഡിക്ട് ഫെര്‍ണാണ്ടസ്, കെ.എന്‍. സുനില്‍കുമാര്‍, ലിനോ ജേക്കബ്, കെ. ആര്‍. പ്രേംകുമാര്‍, വി.കെ.മിനിമോള്‍, തമ്പി സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു. |
നീര്‍ക്കുന്നത്ത് കടലാക്രമണം: 10 വീടുകള്‍ തകര്‍ന്നു Posted: 12 Oct 2013 12:17 AM PDT അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീര്‍ക്കുന്നം മാധവമുക്കിന് സമീപം വെള്ളിയാഴ്ച രാവിലെയും ഉച്ചക്കുശേഷവും ഉണ്ടായ കടലാക്രമണത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ കടലാക്രമണം വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്. നീര്‍ക്കുന്നം തറയില്‍ ജ്ഞാനസുന്ദരന്‍, പുതുവല്‍ അംബുജാക്ഷന്‍, പുതുവല്‍ ശാന്തമ്മ, സൂരജ് ഭവനില്‍ രതിമോന്‍, കൈതവളപ്പില്‍ രാജേന്ദ്രന്‍, പുതുവല്‍ അബ്ദുല്ലാക്കുഞ്ഞ്, പുതുവല്‍ സന്തോഷ്, അമ്പലപ്പുഴ കോമനയില്‍ ശങ്കര്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. നീര്‍ക്കുന്നം പുതുവല്‍ ദേവദാസ്, പുതുവല്‍ വിഘ്നേശ്വരന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. തുടരെത്തുടരെയുള്ള കടലാക്രമണം മൂലം തീരവാസികള്‍ ഭീതിയിലാണ്. കൂറ്റന്‍ തിരമാലകളാണ് തീരത്തേക്ക് അടിച്ചുകയറുന്നത്. തീരപ്രദേശത്തെ നൂറുകണക്കിന് തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. പലരും വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയംതേടി. വെള്ളിയാഴ്ച കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ ജി. സുധാകരന്‍ എം.എല്‍.എ, എ.ഡി.എം കെ.പി. തമ്പി, അമ്പലപ്പുഴ തഹസില്‍ദാര്‍ ഹുസൈന്‍, വില്ലേജ് ഓഫിസര്‍ പി. രാമമൂര്‍ത്തി, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. |
നാലുപേര്‍ക്ക് ഡെങ്കിപ്പനി Posted: 12 Oct 2013 12:14 AM PDT Subtitle: പനി: ജില്ലയില്‍ 354 പേര്‍ ചികിത്സ തേടി കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും പനി വ്യാപകമായി പടരുന്നു. കഴിഞ്ഞദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 754 രോഗികളില്‍ 304 പേരും പനി ബാധിച്ചവരായിരുന്നു. പനി ബാധിച്ച 50 പേര്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ചെര്‍ക്കള സ്വദേശികളായ മൂന്നുവയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേരെയും മലേറിയ ബാധിച്ച് ഒഡിഷ സ്വദേശിയടക്കം രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും പകര്‍ച്ചവ്യാധികളും നിയന്ത്രണാതീതമായി പടരുന്നുവെന്നതിന്‍െറ സൂചനയാണിത്. ചെങ്കള പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തവും പടരുകയാണ്. രോഗപ്രതിരോധ നടപടികളും മാലിന്യ നിര്‍മാര്‍ജനവും പ്രഖ്യാപനത്തിലൊതുങ്ങുന്നതാണ് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള കാരണം. |
കടലാക്രമണം: തീരദേശവാസികള്‍ ആശങ്കയില്‍ Posted: 12 Oct 2013 12:11 AM PDT കണ്ണൂര്‍: കടലാക്രമണം രൂക്ഷമായതോടെ തിരകള്‍ വീടു തകര്‍ക്കുമെന്ന ഭീതിയില്‍ തീരദേശകുടുംബങ്ങള്‍. പുതിയങ്ങാടി കടപ്പുറം, തയ്യില്‍ മൈതാനപ്പള്ളി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. തയ്യില്‍ മൈതാനപ്പള്ളി തീരദേശത്ത് രണ്ടു ദിവസം മുമ്പ് ക്ഷോഭിച്ചു തുടങ്ങിയ കടല്‍ ഇതുവരെയും ശാന്തമായിട്ടില്ല. പല വീടുകളുടെയും അരികുകള്‍ ഇടിഞ്ഞു വീണിട്ടുണ്ട്. സാധാരണ വേലിയേറ്റ, വേലിയിറക്ക സമയത്താണ് തിരകള്‍ അക്രമകാരികളാകുന്നത്. എന്നാല്‍, സമയം തെറ്റി അലറിയെത്തുന്ന തിരകള്‍ തങ്ങളുടെ കിടപ്പാടം കവര്‍ന്നെടുക്കുമെന്ന ഭീതിയിലാണ് കുടുംബങ്ങള്‍. കരയോട് ചേര്‍ന്നു നിര്‍മിച്ച കരിങ്കല്‍ മതില്‍ തകര്‍ന്ന് റോഡിലേക്ക് വീണിട്ടുണ്ട്. തെങ്ങുകളും കടപുഴകി. ഭയം മൂലം കുട്ടികള്‍ രാത്രി ഉറങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നും വീട്ടമ്മമാര്‍ പറയുന്നു. പുലിമുട്ട് നിര്‍മിക്കാത്തതാണ് പ്രശ്നമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ വില്ലേജ് ഓഫിസറുള്‍പ്പെടെയുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് തങ്ങളെന്നും ഈ ജോലിയല്ലാതെ തങ്ങള്‍ക്ക് മറ്റൊന്നും അറിയില്ലെന്നും ഇവിടെ ജീവിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടലാക്രമണം ഏറ്റവും രൂക്ഷമായി ഉണ്ടാകാറുള്ള പ്രദേശങ്ങളിലൊന്നാണ് കാനാമ്പുഴ കടപ്പുറം വളപ്പ്. മുപ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് പുലിമുട്ട് നിര്‍മിക്കണമെന്ന ആവശ്യവുമായി വീട്ടമ്മമാര്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും കണ്ടിരുന്നു. സ്ത്രീകളുടെ കൂട്ടായ്മ രൂപവത്കരിച്ചതിനു ശേഷം കുറച്ചു പേരെ തെരഞ്ഞെടുത്താണ് മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തുചെന്ന് നിവേദനം നല്‍കിയത്. സ്ഥലം എം.എല്‍.എയോട് പറഞ്ഞാല്‍ വേണ്ട നടപടിയെടുക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എയെ കാണാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ഇതുവരെ കണ്ടുകിട്ടിയില്ലെന്ന് സ്ത്രീകള്‍ പറയുന്നു. ആയിക്കരയില്‍ പുലിമുട്ട് നിര്‍മിച്ചതിന്‍െറ അശാസ്ത്രീയതയാണ് തയ്യില്‍ മൈതാനപ്പള്ളി ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാകാന്‍ കാരണം. ആയിക്കര ഹാര്‍ബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പുലിമുട്ട് നിര്‍മിച്ചത്. എന്നാല്‍, ഇത് വേണ്ടവിധം പഠിച്ചതിനെ തുടര്‍ന്നായിരുന്നില്ല. ഇപ്പോള്‍ തിരകള്‍ ഗതിമാറി തയ്യില്‍ മെതാനപ്പള്ളി തീരങ്ങളിലെത്തുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പഴയങ്ങാടി: പുതിയങ്ങാടി പുതിയ വളപ്പില്‍ കടലാക്രമണം രൂക്ഷമായി. ബുധനാഴ്ച വൈകീട്ട് നേരിയ തോതിലുണ്ടായിരുന്ന കടല്‍ക്ഷോഭം വ്യാഴാഴ്ച രാത്രിയോടെ ശക്തമാവുകയായിരുന്നു. കടല്‍ തീരത്ത് 100 മീറ്ററോളം ഉള്ളിലേക്കായി വെള്ളം കയറി. ചില വീടുകളിലും വെള്ളം കയറി. ഇടച്ചേരിയന്‍ ശ്രീനിവാസന്‍, ലുര്‍ധന്‍, മുഹമ്മദ് സാലി, പ്രസന്‍റിന, മൈലാഞ്ചിക്കല്‍ റിയാസ്, മാങ്ങാടന്‍ വിനോദ്, മേരി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കൊയിലേരിയന്‍ ഗോപാലന്‍, പൈതലേരിയന്‍ രഘു, കല്ലേന്‍ ഷാജി, മിനിയാടന്‍ ചന്ദ്രന്‍, കൊയിലേരിയന്‍ മാധവി, റീത്ത ദാസന്‍, സൂസമ്മ, ലക്ഷ്മി എന്നിവരുടെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് മുതല്‍ എടക്കാട് തീരത്തെ ചില്‍ഡ്രന്‍സ് പാര്‍ക്ക് വരെയുള്ള ഭാഗത്ത് കടല്‍കയറിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ദിവസങ്ങള്‍ക്കുമുമ്പ് പ്രദേശത്ത് കടലാക്രമണമുണ്ടായിരുന്നു. അന്ന്, ഡ്രൈവ് ഇന്‍ ബീച്ച് സംരക്ഷണത്തിന് കെട്ടിയുയര്‍ത്തിയ ഭിത്തികളും ഇന്‍റര്‍ലോക്ക് ചെയ്ത പ്ളാറ്റ്ഫോമുകളും തകര്‍ന്നിരുന്നു. ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ എടക്കാട് ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്കുവരെ കടല്‍വെള്ളം കയറി. തൊട്ടടുത്ത തണല്‍ മരം കടപുഴകി. കഴിഞ്ഞ ദിവസം കടലാക്രമണമുണ്ടായപ്പോള്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്‍െറ ഭാഗമായി അധികൃതര്‍ ആയിരത്തോളം മണല്‍ചാക്കുകള്‍ ഉപയോഗിച്ച് ഭിത്തി ഉണ്ടാക്കിയിരുന്നു. എന്നാല്‍, കടലാക്രമണത്തില്‍ പകുതിയിലധികം മണല്‍ചാക്കും കടലെടുത്തു. മുമ്പ് നിര്‍മിച്ച കരിങ്കല്‍ ഭിത്തികളും അനുബന്ധ കോണ്‍ക്രീറ്റ് പില്ലറും തകര്‍ന്നു. |
കലക്ടറേറ്റിന് അകത്തും പുറത്തും പ്രതിഷേധം Posted: 12 Oct 2013 12:03 AM PDT Subtitle: വിമാനത്താവളം: സര്‍വകക്ഷിയോഗം നിര്‍ത്തിവെച്ചു കല്‍പറ്റ: പനമരം ചീക്കല്ലൂരില്‍ നിര്‍ദിഷ്ട വിമാനത്താവളം സംബന്ധിച്ച് വെള്ളിയാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പ്രതിഷേധത്തെ തുടര്‍ന്ന് ഇടക്കുവെച്ച് നിര്‍ത്തി. കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, സെക്രട്ടറി എത്തിയില്ല. ജില്ലയില്‍നിന്നുള്ള മന്ത്രിയും എം.പിയും എം.എല്‍.എമാരും യോഗത്തില്‍ എത്തിയില്ല. മാതാവിന്‍െറ മരണം കാരണം ജില്ലാ കലക്ടര്‍ കെ.ജി. രാജുവിനും യോഗത്തില്‍ പങ്കെടുക്കാനായില്ല. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് എ. ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ടി. മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കാത്തതിനെ എല്‍.ഡി.എഫ് നേതാക്കളും ബി.ജെ.പിയും മറ്റും ചോദ്യം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി എന്നിവര്‍ വിമര്‍ശം ഉന്നയിച്ചു. ഇതോടെ യോഗം നിര്‍ത്തിവെച്ച് അധികൃതര്‍ പിന്‍വാങ്ങിയതോടെ യോഗത്തില്‍ പങ്കെടുത്തവര്‍ പിരിഞ്ഞു. അതേസമയം, ചീക്കല്ലൂര്‍ നിവാസികളില്‍ ഭൂരിഭാഗവും വിമാനത്താവളത്തിനെതിരെ പ്രതിഷേധവുമായി കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. ചീക്കല്ലൂര്‍ കൃഷിഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. കര്‍ഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മാര്‍ച്ച് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍, സി.പി.ഐ ആക്ടിങ് സെക്രട്ടറി പി.എസ്. വിശ്വംഭരന്‍, കെ.സി. കുഞ്ഞിരാമന്‍ (ആദിവാസി ക്ഷേമസമിതി), സി.പി.ഐ (എം.എല്‍) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി, ഹരിതസേന പ്രസിഡന്‍റ് സുരേന്ദ്രന്‍, പി.വി. മുരളീധരന്‍, റിനി ഐലി, മുഹമ്മദ് ഷരീഫ്, എ.വി. രാജേന്ദ്രപ്രസാദ്, ജാസ്മിന്‍, വി.സി. ജോണ്‍, ഡോ. പി.കെ. ഹരി, തോമസ് അമ്പലവയല്‍, സുലൈമാന്‍ മൗലവി, നസുറുദ്ദീന്‍, സി.എം. ശിവരാമന്‍, ബാലന്‍ പൂതാടി, എം.ഡി. ഔസഫ്, ഷാന്‍േറാലാല്‍, പ്രേമകുമാരി, എം. ഈശ്വരന്‍, വനമാല സനത്കുമാര്‍, അണ്ണന്‍ മടക്കിമല എന്നിവര്‍ സംബന്ധിച്ചു. സമിതി പ്രസിഡന്‍റ് അഡ്വ. ഇ.എന്‍. ഗോപാലകൃഷ്ണന്‍, സെക്രട്ടറി വമ്മേരി രാഘവന്‍, വൈ. പ്രസിഡന്‍റ് പി.കെ. ബാബുരാജ്, വനിതാ വിഭാഗം പ്രസിഡന്‍റ് സരസ്വതി വേണുഗോപാല്‍, സെക്രട്ടറി എ.ടി. അനിത, വൈഷ്ണവ സമാജം പ്രസിഡന്‍റ് പ്രേമകുമാരി, ജയറാം ദാസ്, പി. സരസ്വതി അന്തര്‍ജനം, ബിന്ദു രാജേന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍ ചീക്കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയാക്കാതെ പിരിഞ്ഞതില്‍ കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ പ്രതിഷേധിച്ചു. |
ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറി Posted: 11 Oct 2013 11:59 PM PDT Subtitle: നല്ലളം-ചേവായൂര്‍ വൈദ്യുതി ലൈന്‍ ചാര്‍ജിങ് നിര്‍ത്തിവെച്ചു കോഴിക്കോട്: പൊട്ടിത്തെറിയെ തുടര്‍ന്ന് നല്ലളം-ചേവായൂര്‍ 110 കെ.വി ലൈന്‍ ചാര്‍ജ് ചെയ്യുന്നത് വീണ്ടും നിര്‍ത്തിവെച്ചു. തൊണ്ടയാട് ബൈപാസിന് സമീപം ടി.പി. കുമാരന്‍ റോഡില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ലൈനില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇന്‍സുലേറ്റര്‍ ദുര്‍ബലമായതിനാല്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പൊരിയും ഉണ്ടായി. ടവറിന്‍െറ മുകള്‍ഭാഗത്തെ സിറാമിക് ഉപകരണങ്ങള്‍ ദൂരത്തേക്ക് തെറിച്ചുവീണു. ഒരു ടണ്ണോളം ഭാരമുള്ള ഉപകരണങ്ങളാണ് തെറിച്ചുവീണത്. ആളപായമില്ല. ശബ്ദംകേട്ട് നിരവധി പേര്‍ സ്ഥത്തെത്തി. മൂന്നു ദിവസമായി ലൈനില്‍ പണി നടക്കുകയായിരുന്നു. വെള്ളിയാഴ്ച പ്രവൃത്തി തീര്‍ത്ത് ചാര്‍ജ് ചെയ്യവെയായിരുന്നു തീപ്പൊരിയും പൊട്ടിത്തെറിയും. നേരത്തേയും സമാന രീതിയില്‍ പൊട്ടിത്തെറി ഉണ്ടായതിനെ ചാജിങ് നിര്‍ത്തിവെച്ചിരുന്നു.വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ തീര്‍ത്ത് ചാര്‍ജിങ്ങിന് ഒരുങ്ങവെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ലൈന്‍ ഓഫാക്കി പ്രവൃത്തി നിര്‍ത്തിവെച്ചു. അപായ കാരണം കണ്ടെത്തി കേടുപാടുകള്‍ തീര്‍ത്ത ശേഷമേ പ്രവൃത്തി പുനരാരംഭിക്കൂവെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. |
സുന്നത്തായ ഹജ്ജ് കുറക്കാന്‍ ആഹ്വാനം Posted: 11 Oct 2013 11:48 PM PDT Subtitle: അന്താരാഷ്ട്ര ഹജ്ജ് ഫോറത്തിന് സമാപനം മക്ക: മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഹജ്ജിന്‍െറ ചടങ്ങുകള്‍ തീര്‍ഥാടകസൗഹൃദപരമാക്കിത്തീര്‍ക്കുന്നതിനു വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി 38ാമത് അന്താരാഷ്ട്ര ഹജ്ജ് ഫോറം മക്കയില്‍ സമാപിച്ചു. ഒരാള്‍ തനിക്കു വേണ്ടി നിര്‍ബന്ധ ബാധ്യതക്കു ശേഷം നിര്‍വഹിക്കുന്നതോ, മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയവര്‍ക്കു വേണ്ടി നിര്‍വഹിക്കുന്നതോ ആയ സുന്നത്തായ ഹജ്ജ് നിയന്ത്രിക്കാനും കഴിയുന്നത്ര കുറക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. തീര്‍ഥാടകരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിര്‍ബന്ധബാധ്യത നിര്‍വഹിക്കാനെത്തുന്ന സഹോദരങ്ങള്‍ക്ക് അവസരമൊഴിഞ്ഞു കൊടുക്കാന്‍ ശ്രമിക്കണമെന്ന് സമ്മേളനാന്ത്യത്തില്‍ പുറത്തിറക്കിയ നയരേഖയില്‍ വ്യക്തമാക്കി. ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ സംബന്ധിച്ച് കാലാനുസൃതമായ പഠനവും പരിശോധനയും ഫലവത്തായ പരിഷ്കരണവും ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ഹറം വികസനപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഹജ്ജിന് ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളുടെയും ഹാജിമാരുടെ അനുഷ്ഠാനക്രമങ്ങള്‍ സുഗമവും സമാധാനപരവുമാക്കാവുന്ന രീതികളുടെയും ഇസ്ലാമികമാനം പരിശോധിക്കാനും പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും വിളിച്ചുചേര്‍ത്ത മൂന്നു ദിവസത്തെ ലോകപണ്ഡിതസമ്മേളനം സാര്‍ഥകമായിരുന്നുവെന്ന് സമ്മേളന ചീഫ് ഓര്‍ഗനൈസര്‍ ഡോ. ഹിശാം ബിന്‍ അബ്ദുല്ല അല്‍അബ്ബാസ് പറഞ്ഞു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അല്ലാഹുവിന്‍െറ അതിഥികള്‍ക്ക് സൗകര്യപ്രദമായ ആതിഥ്യമൊരുക്കുന്നതിനുള്ള ഇസ്ലാമികവഴികള്‍ ആരാഞ്ഞ സമ്മേളനം അതിനു വേണ്ട പല പ്രായോഗികനിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും വരും കാലത്തെ ഭരണകൂടത്തിന്‍െറ ഹജ്ജ് സേവനപ്രവൃത്തികളില്‍ അത് പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവും പാഥേയവും കൈവശമുള്ളവരുടെ ഹജ്ജ്, ശാരീരികാവശത നേരിടുന്നവരുടെ ഹജ്ജ്, സ്ത്രീകളുടെ തീര്‍ഥാടനം, ഹറം വികസനവും ഹജ്ജിന്‍െറ മുന്‍ഗണനാക്രമവും, ഇസ്ലാമിന്‍െറ മുന്‍ഗണനാക്രമം പ്രചരിപ്പിക്കുന്നതില്‍ പണ്ഡിതരുടെ പങ്ക്, മുത്വവ്വിഫ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ഡോ. അബ്ദുന്നാസിര്‍ അബുല്‍ബസല്‍ (ജോര്‍ഡന്‍), ഡോ. നദാ ഇസ്സുദ്ദീന്‍ അസ്സബ്ബാഗ് (സിറിയ), ശൈഖ് തറാവരി അദ്മ (ബുര്‍കിനാ ഫാസോ), ഡോ. സബാഹ് ഖിദ്ര്‍ അഹ്മദ് (സുഡാന്‍), ഡോ. നൂറ അബ്ദുല്ല അല്‍ ഹസാവി (റിയാദ്), ഡോ. റാഫിദ് നജ്ജാര്‍, ഡോ. റമദാന്‍ ഇബ്രാഹീം (ദക്ഷിണാഫ്രിക്ക), ശൈഖ് ഖാലിദ് സൈഫ് റഹ്മാനി (ഇന്ത്യ), യസാര്‍ ശരീഫ് ദാമാദോഗ്ലു (ഗ്രീസ്), ഡോ. ഫര്‍ഖന്ദ സിയ, ഡോ. മുഹമ്മദ് സിയാഉല്‍ഹഖ് (പാകിസ്താന്‍), ഡോ. മുഹമ്മദ് ഇംറാന്‍ ഹനീഫ് (പോര്‍ട്ടുഗല്‍) തുടങ്ങിയ പണ്ഡിതര്‍ പ്രബന്ധം അവതരിപ്പിച്ചു. സമാപനസെഷനില്‍ ഹജ്ജിന്‍െറ മുന്‍ഗണനാ രീതിശാസ്ത്രം എന്ന സമ്മേളനപ്രമേയത്തില്‍ സൗദി ഉന്നതപണ്ഡിതസഭ അംഗം ഡോ. അബ്ദുല്‍വഹാബ് ഇബ്രാഹീം അബൂസുലൈമന്‍ പ്രഭാഷണം നടത്തി. ഹജ്ജ് കാര്യ മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ഹജ്ജാര്‍ സംബന്ധിച്ചു. ഇരുനൂറോളം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത പണ്ഡിതര്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. |
റാക് എയര്‍വേസ് രണ്ടാം ദിവസവും യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ പൂട്ടി Posted: 11 Oct 2013 11:27 PM PDT ദോഹ: ദോഹയില്‍ നിന്ന് റാസല്‍ഖൈമ വഴി കോഴിക്കോട്ടേക്കുള്ള റാക് എയര്‍വേസ് വിമാനം തുടര്‍ച്ചയായി രണ്ടാം ദിവസവും മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. 5.40ന് പോകേണ്ട വിമാനം അഞ്ചര മണിക്കൂര്‍ വൈകി രാത്രി 11.15ന് പോകുമെന്നാണ് യാത്രക്കാരെ അറിയിച്ചത്. റാസല്‍ഖൈമ വഴി പോകേണ്ട വിമാനം സാങ്കേതിക കാരണങ്ങളാണ് വൈകലിന് കാരണമായി യാത്രക്കാരോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാന്‍ വിമാന കമ്പനി തയാറായില്ല. ഉച്ചക്ക് രണ്ടു മണിക്കും മൂന്ന് മണിക്കും വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പലരും ബോര്‍ഡിങ് പാസ് ലഭിച്ചപ്പോഴാണ് വിമാനം വൈകുമെന്ന വിവരമറിയുന്നത്. അതും കോഴിട്ടേക്കുള്ള ബോര്‍ഡിങ് പാസിന് പകരം റാസല്‍ഖൈമയിലേക്കാണ് നല്‍കിയിരിക്കുന്നത്. അവിടെനിന്ന് പിന്നെയും വെകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത് വിമാനത്തില്‍ പോകേണ്ട യാത്രക്കാര്‍ പ്രതികരിച്ചു. അവിടെ നിന്ന് വേറെ വിമാനമാണ് കോഴിക്കോട്ടേക്ക് പോകുകയെന്നാണ് സൂചന.11.15ന് ദോഹയില്‍ നിന്ന് തിരിക്കുന്ന വിമാനം യു.എ.ഇ സമയം 1.20നാണ് റാസല്‍ഖൈമയിലെത്തുക. അവിടെനിന്ന് രണ്ടുമണിയോടെ പുറപ്പെടുമെന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ സമയം 8.30 ഓടെ വിമാനം കോഴിക്കോട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 1.40ന് കോഴിക്കോട്ട് എത്തേണ്ട വിമാനമാണ് ഇത്രയും വൈകുന്നത്. പെരുന്നാള്‍ അവധിക്ക് കുടുംബസമേതം നാട്ടിലേക്ക് തിരിച്ച നിരവധി യാത്രക്കാര്‍ ഉച്ച മുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങി. വ്യാഴാഴ്ചയും കോഴിക്കോട്ടേക്കുള്ള റാക് എയര്‍വേസ് ആറ് മണിക്കൂര്‍ വൈകിയിരുന്നു. വിമാനം വൈകുന്നതിനെ കുറിച്ച് കൃത്യമായ വിവരമോ കാരണമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ആവശ്യത്തിന് വിമാനങ്ങളില്ലാതെ സര്‍വീസ് നടത്തുന്നതിനാലാണ് യാത്രക്കാരെ ദുരിതത്തിലാക്കേണ്ടി കമ്പനി നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. |
ഹാജിയാത്തില്‍ കവര്‍ച്ച നടത്താനുള്ള യുവാക്കളുടെ ശ്രമം ഷോപ്പുടമ പരാജയപ്പെടുത്തി Posted: 11 Oct 2013 11:23 PM PDT Subtitle: തുണയായത് 'ഗള്‍ഫ് മാധ്യമം' വാര്‍ത്ത മനാമ: ഈസ്റ്റ് റിഫയിലെയും സല്‍മാബാദിലെയും ഷോപ്പുകളില്‍ ആസൂത്രിതമായി കവര്‍ച്ച നടത്തിയ സംഘം അതേ മാതൃകയില്‍ ഹാജിയാത്തില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം ഷോപ്പുടമ തന്ത്രപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തി. ഹാജിയാത്തില്‍ ‘ഹജിയാത്ത് കോള്‍ഡ് സ്റ്റോര്‍’ നടത്തുന്ന മേപ്പയൂര്‍ സ്വദേശി അഷ്റഫിന് കവര്‍ച്ചാ സംഘത്തിന്‍െറ നീക്കത്തിന് തടയിടാന്‍ തുണയായതാകട്ടെ, ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്തയും. കൗണ്ടറിലുണ്ടായിരുന്ന 200 ദിനാര്‍ നഷ്ടപ്പെടാത്തതിലുള്ള സന്തോഷം അഷ്റഫ് പങ്കുവെച്ചു. ഇവിടെയും പാകിസ്താന്‍ സ്വദേശികളായ യുവാക്കള്‍ തന്നെയായിരുന്നു വില്ലന്മാര്‍. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഈ സമയത്ത് കടയില്‍ അഷ്റഫ് തനിച്ചായിരുന്നു. രണ്ട് സ്വദേശി കുട്ടികള്‍ സാധനം വാങ്ങുന്നതിന് കടയില്‍ എത്തിയ സമയത്ത് ഹിന്ദി സംസാരിക്കുന്ന യുവാവ് കയറിവന്നു. ഐസ്ക്രീമാണ് ആദ്യം ചോദിച്ചത്. പല ഐസ്ക്രീമുകളും എടുത്ത് നോക്കിയ ശേഷം ജ്യൂസ് ചോദിച്ചു. പക്ഷേ, ഒരു ജ്യൂസും ഇയാള്‍ക്ക് പറ്റുന്നില്ല. ഇതിനിടയില്‍ കടയുടെ സമീപം അല്‍പം മുന്നോട്ട് മാറി വെള്ള കൊറോള കാര്‍ ഹോര്‍ണടിച്ചു. ഇതുകേട്ട യുവാവ് കാറിലെ ഓര്‍ഡറെടുക്കാന്‍ അഷ്റഫിനോട് പറഞ്ഞു. അപ്പോഴൊന്നും ഇയാള്‍ ഒരു തട്ടിപ്പുകാരനാണെന്ന് അഷ്റഫിന് തോന്നിയിരുന്നില്ല. അങ്ങനെ പുറത്തിറങ്ങി കാറിനരികില്‍ എത്തിയപ്പോള്‍ കാറിലുണ്ടായിരുന്നത് മറ്റൊരു പാകിസ്താനി യുവാവായിരുന്നു. ഇയാള്‍ ‘സ്പ്രേ’ ചോദിച്ചതാണ് വഴിത്തിരിവായത്. ഇതോടെ ‘ഗള്‍ഫ് മാധ്യമം’ കഴിഞ്ഞ ആറ്, ഏഴ് തീയതികളില്‍ പ്രസിദ്ധീകരിച്ച കവര്‍ച്ചാ റിപ്പോര്‍ട്ടുകള്‍ അഷ്റഫിന്‍െറ മനസ്സില്‍ തെളിഞ്ഞു. അന്നും ഐസ്ക്രീമും സ്പ്രേയും ചോദിച്ചു വന്നവര്‍ തന്നെയായിരുന്നു കഥാപാത്രങ്ങള്‍. കാറിലുള്ളയാള്‍ ഇടക്ക് ഫോണില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. സംഗതി പന്തിയല്ലെന്ന് മനസ്സിലായ അഷ്റഫ് ഉടനെ ഷോപ്പിലേക്ക് ഓടിക്കയറി. ഷോപ്പിനകത്തുണ്ടായിരുന്ന യുവാവിനോട് എന്താണ് വേണ്ടതെന്ന് ചോദിച്ചു. ആദ്യം കുട്ടികള്‍ക്ക് കൊടുക്കൂ, തനിക്ക് പിന്നീട് എടുക്കാമെന്നായി യുവാവ്. ഇല്ല, തനിക്ക് സാധനം തന്നിട്ടേ കുട്ടികള്‍ക്ക് കൊടുക്കുന്നുള്ളൂ എന്നായി അഷ്റഫ്. അപ്പോള്‍ കവര്‍ച്ച നടത്താനെത്തിയ യുവാവ് പതറി. കുറച്ചുനേരം കൂടി ചുറ്റിത്തിരിഞ്ഞ ശേഷം പതിയെ പുറത്തിറങ്ങി സ്ഥലം വിട്ടു. ഉടനെ പുറത്തു നിര്‍ത്തിയ കാറും മുന്നോട്ട് നീങ്ങി. ഐസ്ക്രീമും സ്പ്രേയും വാങ്ങാതെ യുവാക്കള്‍ കാറില്‍ യാത്രയായി. കാര്‍ പോയശേഷമാണ് നമ്പര്‍ കുറിച്ചെടുക്കാമായിരുന്നുവെന്ന് അഷ്റഫിന് തോന്നിയത്. മേശയിലുണ്ടായിരുന്ന 200 ദിനാര്‍ നോക്കി അഷ്റഫ് നെടുവീര്‍പ്പിട്ടു. മുമ്പ് നടന്ന തട്ടിപ്പുകള്‍ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതാണ് തനിക്ക് തുണയായതെന്നും അതിന് നന്ദിയുണ്ടെന്നും അഷ്റഫ് പറഞ്ഞു. ഈസ്റ്റ് റിഫയിലെ അല്‍സുവൈഫ് കോള്‍ഡ് സ്റ്റോറില്‍ കഴിഞ്ഞ നാലിന് വൈകുന്നേരം നാലു മണിക്കാണ് മോഷണം നടന്നത്. വെളിയംകോട് സ്വദേശി നജീബിന്‍െറ ഷോപ്പില്‍ ഇതേ മാതൃകയിലായിരുന്നു സംഘം കവര്‍ച്ച നടത്തിയത്. നജീബ് കാറില്‍ ഓര്‍ഡര്‍ എടുക്കാന്‍ പോയ സമയത്ത് മേശയിലുണ്ടായിരുന്ന 35 ദിനാറുമായാണ് അന്ന് യുവാക്കള്‍ അപ്രത്യക്ഷരായത്. തുടര്‍ന്ന് സല്‍മാബാദിലെ മേഴ്സിഡസ് ഗാരേജിന് സമീപത്തെ എം.ഇ.എസ് ട്രേഡിങ് കമ്പനിയിലും യുവാക്കള്‍ കവര്‍ച്ച നടത്തി. കടയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ കബളിപ്പിച്ച് സാംസങ് എസ്-3, ഐഫോണ്‍ എന്നിവയാണ് അന്ന് കവര്‍ന്നത്. എല്ലാ സംഭവങ്ങളിലും വെള്ള കൊറോള കാറിലെത്തിയ സംഘമാണുണ്ടായിരുന്നത്. ഇവര്‍ ഇനിയും തട്ടിപ്പ് പയറ്റാന്‍ ഇടയുള്ളതിനാല്‍ വ്യാപാരികള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. |
No comments:
Post a Comment