ലോക്സഭ തെരഞ്ഞെടുപ്പ്: ഗൂഗ്ള്‍ സര്‍വേ ഫലം പുറത്തുവന്നു; മനം തുറക്കാതെ 40 ശതമാനം നഗരവോട്ടര്‍മാര്‍ Posted: 09 Oct 2013 12:38 AM PDT ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയെ അനുകൂലിക്കണമെന്ന വിഷയത്തില്‍ നഗര പ്രദേശങ്ങളിലെ 40 ശതമാനം വോട്ടര്‍മാര്‍ അനിശ്ചിതത്തിലെന്ന് ഗൂഗ്ള്‍ സര്‍വേ ഫലം. ലോക്സഭ തെരഞ്ഞെടുപ്പിന് രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങിയ പശ്ചാതലത്തിലാണ് ഗൂഗ്ള്‍ ഇന്ത്യ സര്‍വേ സംഘടിപ്പിച്ചത്. ഗൂഗ്ള്‍ സെര്‍ച് എന്‍ജിനില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ പത്ത് രാഷ്ട്രീയക്കാരില്‍ ഒന്നാമന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയാണ്. കഴിഞ്ഞ ആറുമാസത്തെ സേര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരമാണിത്. സേര്‍ച്ച് ചെയ്യപ്പെട്ട ബി.ജെ.പി നേതാക്കളില്‍ ഒന്നാം സ്ഥാനവും മോഡിക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ എന്നിവരും ആദ്യപത്തിലുണ്ട്. പട്ടികയിലെ 10 രാഷ്ട്രീയ നേതാക്കളില്‍ നാലുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും രണ്ടുപേര്‍ ബി.ജെ.പിയില്‍ നിന്നുള്ളവരുമാണ്. ബി.ജെ.പിയെ കൂടാതെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ശിവസേന എന്നീ അഞ്ച് പാര്‍ട്ടികളെ കുറിച്ചും ഇന്‍റര്‍നെറ്റില്‍ കൂടുതലായി അന്വേഷിച്ചവരുണ്ട്. 42 ശതമാനം വോട്ടര്‍മാര്‍ ഇതുവരെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് അറിയാനായി 11 ശതമാനം വോട്ടര്‍മാര്‍ കാത്തിരിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 108 നിയോജക മണ്ഡലങ്ങളിലെ 7,000 ഇന്‍റര്‍നെറ്റ് ഉപയോക്താക്കളാണ് സര്‍വേയുടെ ഭാഗമായത്. രജിസ്റ്റര്‍ ചെയ്ത മൂന്നില്‍ രണ്ട് വോട്ടര്‍മാര്‍ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ വിസമ്മതിച്ചതായും ഗൂഗ്ള്‍ സര്‍വെ വ്യക്തമാക്കുന്നു. |
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തെന്ന് എ.ജി Posted: 09 Oct 2013 12:02 AM PDT കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചാദ്യം ചെയ്തെന്ന് അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി ഹൈകോടതിയില്‍. ഒരാഴ്ച മുമ്പ് ക്ളിഫ് ഹൗസില്‍ വെച്ച്, എഴുതി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും മറുപടി എഴുതി വാങ്ങുകയായിരുന്നുവെന്നും ദണ്ഡപാണി അറിയിച്ചു. എ.ഡി.ജി.പി, ചെങ്ങന്നുര്‍ ഡി.വൈ.എസ്.പി എന്നിവര്‍ ചേര്‍ന്നാണ് ചോദ്യം ചെയ്തത്. ആഗസ്റ്റ് 28ന് മുഖ്യമന്ത്രിയുടെ ഒഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളും വെബ് കാമറയും കമ്പ്യൂട്ടറും പടിച്ചെടുത്തുവെന്നും വിശദമായ പരിശോധനക്കയച്ചുവെന്നും ബോധിപ്പിച്ചു. കേസില്‍ അഡ്വക്കറ്റ് ജനറലിന്‍്റെ വാദത്തിനിടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ വാദം പൂര്‍ത്തിയായതിനുശേഷമാണ് എ.ജിയുടെ വാദം തുടങ്ങിയത്. അതേസമയം, പരാതിയില്ളെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്ന് കോടതി എ.ജിയോട് മറു ചോദ്യം ഉന്നയിച്ചു. |
പ്രതിരോധ ഇടപാട്: പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുന്നതായി പ്രഫുല്‍ പട്ടേല്‍ Posted: 08 Oct 2013 11:45 PM PDT ന്യൂദല്‍ഹി: 13,000 കോടി രൂപയുടെ പ്രതിരോധ ഇടപാട് സംബന്ധിച്ച് യു.പി.എ സര്‍ക്കാരിലെ ഖനി വ്യവസാന മന്ത്രി പ്രഫുല്‍ പട്ടേലും പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയും ഏറ്റുമുട്ടലിലേക്ക്. പ്രതിരോധ മന്ത്രാലയത്തിന്റെ ഇടപാടുകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അഗവണിക്കുന്നതായി പ്രഫുല്‍ പട്ടേല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.കെ. ആന്‍റണിക്ക് പ്രഫുല്‍ പട്ടേല്‍ കത്തയച്ചു. വ്യോമസേനക്കായി 56 ഗ്രാന്‍സ്പോര്‍ട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡറില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) അവഗണിച്ചെന്നാണ് പ്രഫുല്‍ പട്ടേലിന്റെ ആരോപണം. സ്വകാര്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി നിലനിര്‍ത്തുന്നതാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍. ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ അവഗണിക്കുന്നത് നല്ല കീഴ് വഴക്കമല്ല. ഇത്തരം നിലപാടുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും ഒക്റ്റോബര്‍ ഏഴാം തീയതി അയച്ച കത്തില്‍ പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ഉചിതമായ നടപടി പ്രതിരോധമന്ത്രി സ്വീകരിക്കണം. കോണ്‍ഗ്രസ്-എന്‍.സി.പി തര്‍ക്കമായി ഇതിനെ കാണേണ്ടെന്നും ആകാശത്തിന്റെ താഴെ തങ്ങള്‍ക്കും ഒരു സ്ഥാനമുണ്ടെന്നും പട്ടേല്‍ വ്യക്തമാക്കുന്നു. ഗ്രാന്‍സ്പോര്‍ട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ മറികടന്ന് ഇല്യൂഷിന്‍, ആന്‍റനോവ് എന്നീ റഷ്യന്‍, യൂറോപ്യന്‍ കമ്പനികളെയും എയര്‍ബസ് കമ്പനിയെയും ചുരുക്കപ്പട്ടികയില്‍ പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. |
ഹജ്ജിനു നാലുനാള്‍; ഒരുക്കം പൂര്‍ത്തിയാക്കി പുണ്യഭൂമി Posted: 08 Oct 2013 11:12 PM PDT ജിദ്ദ: ദശലക്ഷക്കണക്കിനു വിശ്വാസികള്‍ തമ്പുകളുടെ നഗരിയായ മിനായിലേക്കു പുറപ്പെടാന്‍ നാലുനാള്‍ മാത്രം അവശേഷിക്കെ ഹജ്ജിനു വേണ്ടിയുള്ള അവസാനത്തെ ഒരുക്കവും സൗദി ഭരണകൂടം പൂര്‍ത്തിയാക്കി. തീര്‍ഥാടകരുടെ സുരക്ഷക്കും സുഗമമായ അനുഷ്ഠാനനിര്‍വഹണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടുള്ള നടപടിക്രമമാണ് ഈ വര്‍ഷം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര, വിദേശതീര്‍ഥാടകരുടെ ക്വോട്ട ഗണ്യമായി വെട്ടിച്ചുരുക്കിയെങ്കിലും സംവിധാനങ്ങള്‍ പലതും പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. മിനായിലെ ഗവണ്‍മെന്‍റ് ഓഫിസുകള്‍ മുഴുവന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെ ഹാജിമാര്‍ കൂടുതല്‍ നാള്‍ തങ്ങുന്ന പ്രദേശത്ത് വിപുലമായ സ്ഥലസൗകര്യമൊരുങ്ങി. മസ്ജിദുല്‍ഹറാമിലെയും കഅ്ബാപ്രദക്ഷിണഭാഗത്തെയും തിക്കും തിരക്കും നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ ജന നിയന്ത്രണ പദ്ധതി് ആവിഷ്കരിച്ചു. പ്രളയം, കാറ്റ്, തിക്കിത്തിരക്ക്, സ്ഫോടനം തുടങ്ങി അപായസാധ്യതകള്‍ ഏതും നേരിടാനുള്ള ക്രമീകരണങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തമായി രൂപം കൊടുക്കുകയും അതിനുവേണ്ട ആളും ഉപകരണവും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സിവില്‍ ഡിഫന്‍സ്, പ്രതിരോധസേന, ഹജ്ജ് സുരക്ഷാസേന, ഹറം സുരക്ഷാസേന, ഹജ്ജ് മന്ത്രാലയത്തിന്‍െറ സുരക്ഷാവിഭാഗം, ക്രൈസിസ് മാനേജ്മെന്‍റ് ടീം എന്നീ വകുപ്പുകള്‍ ഒന്നുചേര്‍ന്നുള്ള സുരക്ഷാക്രമീകരണങ്ങള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭായോഗം ഹജ്ജിന്‍െറ അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തി. സമാധാനത്തോടെയും സുഗമമായും തീര്‍ഥാടകലക്ഷങ്ങള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കണമെന്ന സൗദി ഭരണാധികാരി അബ്ദുല്ലരാജാവിന്‍െറ നിര്‍ദേശം അമീര്‍ സല്‍മാന്‍ ഓര്‍മിപ്പിച്ചു. അഞ്ചുലക്ഷം പേര്‍ക്ക് യാത്രാസൗകര്യമുള്ള മശാഇര്‍ ട്രെയിനില്‍ ഇത്തവണ 3,77,000 പേര്‍ക്കു മാത്രമേ സ്ഥലം അനുവദിക്കുകയുള്ളൂ എന്നു സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ മാനിച്ചാണ് ഈ തീരുമാനം. വിദഗ്ധപരിശീലനം നേടിയ 12 ടീമുകളെ മസ്ജിദുല്‍ഹറാമിലും മുറ്റങ്ങളിലുമായി നിരീക്ഷണത്തിനു വിന്യസിക്കുമെന്നും ഏത് അടിയന്തര സാഹചര്യം നേരിടാനും ഹറം സുരക്ഷാസേന സജ്ജമാണെന്നും സേനാമേധാവി മേജര്‍ ജനറല്‍ യഹ്യ അസ്സഹ്്റാനി പറഞ്ഞു. തീര്‍ഥാടകരുടെ താമസസ്ഥലങ്ങള്‍, മിനായിലെയും മുസ്ദലിഫയിലെയും ക്യാമ്പുകള്‍, വിവിധയിടങ്ങളിലെ തുരങ്കങ്ങള്‍, പള്ളികള്‍, ആശുപത്രികള്‍, അറവുശാലകള്‍ എന്നിവിടങ്ങളിലെല്ലാം ഹജ്ജ്മന്ത്രാലയത്തിന്‍െറ സുരക്ഷാപരിശോധകര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കാലാവസ്ഥാനിരീക്ഷണത്തിന് മുഴുസമയം പ്രവര്‍ത്തിക്കുന്ന പ്രത്യേകം വിഭാഗമുണ്ടെന്നും പ്രളയമോ ശക്തമായ കാറ്റോ ഉണ്ടായാലുള്ള പ്രതിവിധികളെക്കുറിച്ച് സംഘം ജാഗ്രത്താണെന്നും മുഴുവന്‍ ജീവനക്കാരെയും ഉപകരണങ്ങളും രംഗത്തിറക്കിയുള്ള സമഗ്രമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും ഹജ്ജ് മന്ത്രാലയത്തിലെ ക്രൈസിസ് മാനേജ്മെന്‍റ് വിഭാഗം തലവന്‍ കേണല്‍ അലി അശ്ശഹ്റാനി പറഞ്ഞു. രോഗപ്രതിരോധത്തിനുള്ള പ്രാഥമികമുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. പനി, തൊണ്ട, കണ്ണ്, വയറ് എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്-എ തുടങ്ങിയവക്ക് ജനസാന്ദ്രത വര്‍ധിക്കുന്നയിടങ്ങളില്‍ സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുമ്മുമ്പോള്‍ ടിഷ്യു പേപ്പര്‍ കരുതുക, തൊട്ടുടനെ കൈകഴുകുക, മാസ്കുകള്‍ ധരിക്കുക, കൈയുറകള്‍ ധരിക്കുക, ആള്‍ത്തിരക്കില്‍ കൂടുതല്‍ സമയം നില്‍ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കി. |
ശമ്പളക്കുടിശ്ശിക: അനുകൂല വിധി നേടിയ യുവാവിനെ മറ്റൊരു കേസില്‍ കുടുക്കിയതായി പരാതി Posted: 08 Oct 2013 10:59 PM PDT സൊഹാര്‍: ശമ്പളം ലഭ്യമാകാത്തതിന് ഒമാനിലെ കോടതികളില്‍ നല്‍കിയ കേസില്‍ അനുകൂല വിധി നേടിയ മലയാളി യുവാവിനെ തൊഴിലുടമ മറ്റൊരു കേസില്‍ കുടുക്കിയതായി പരാതി. ഇതുമൂലം നാട്ടിലെത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണ് കൊല്ലം ഉമയനല്ലൂര്‍ സ്വദേശിയായ ഈ യുവാവ്. സൊഹാറിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം ഉമയനല്ലൂര്‍ ആനക്കുഴി ചരുവിള വീട്ടില്‍ അബ്ദുല്‍ ഖാദറിന്‍െറ മകന്‍ നസീര്‍ ഖാനാണ് നീതിപീഠങ്ങളുടെ കാരുണ്യമുണ്ടായിട്ടും നാട്ടിലെത്താന്‍ കഴിയാതെ രണ്ട് വര്‍ഷമായി ദുരിതജീവിതം നയിക്കുന്നത്. സൊഹാറിലെ പ്രാഥമിക കോടതിയും മേല്‍ക്കോടതിയും നസീറിന് നല്‍കാനുള്ള 1750 റിയാലും മടക്കയാത്രക്കുള്ള ടിക്കറ്റും യാത്രാരേഖകളും നല്‍കാന്‍ ഉത്തരവിട്ടെങ്കിലും രണ്ട് വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തെ ചൊല്ലി സ്പോണ്‍സര്‍ ലിവയിലെ പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു.10,000 ഒമാനി റിയാല്‍ (16.2 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് കൊടുത്തിരിക്കുന്നത്. ഇതിനാല്‍ നസീറിന്‍െറ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരിക്കുകയാണ്. തന്‍െറ യാത്രാരേഖകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസ് തൊഴിലുടമയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും വൈകുന്നേരം തന്നെ നാട്ടിലയക്കാം എന്ന് പറഞ്ഞ് മുങ്ങുകയായിരുന്നുവെന്നും നസീര്‍ പറഞ്ഞു. ദുബൈയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്ത് പരിചയമുള്ള നസീര്‍ സൊഹാറില്‍ 250 റിയാല്‍ ശമ്പളവും ഭക്ഷണവും എന്ന വ്യവസ്ഥയിലാണ് എത്തിയത്. പിന്നീട് ഇയാളെ മറ്റൊരു കമ്പനിയില്‍ കരാറടിസ്ഥാനത്തില്‍ പണിയെടുപ്പിച്ച് ആദ്യ നാളുകളില്‍ ശമ്പളം കൃത്യമായി നല്‍കി. പിന്നീട് ഏഴു മാസത്തോളം ശമ്പളം കുടിശ്ശികയായി. ശമ്പളം നിലച്ചതോടെ നസീര്‍ ആദ്യം തൊഴില്‍വകുപ്പിനെയും ഇന്ത്യന്‍ എംബസിയെയും സമീപിച്ചു. പല പ്രാവശ്യം തൊഴില്‍വകുപ്പില്‍നിന്ന് നോട്ടീസ് അയച്ചെങ്കിലും തൊഴിലുടമ കൈപ്പറ്റാന്‍ തയാറായില്ല. തുടര്‍ന്ന് തൊഴില്‍ വകുപ്പ് 2012 ജൂണ്‍ 30ന് പ്രാഥമിക കോടതിയിലേക്ക് കേസ് റഫര്‍ ചെയ്തു. 2013 ഫെബ്രുവരി ഒമ്പതിന് തൊഴിലുടമ കുടിശ്ശിക ശമ്പളമായ 1750 റിയാലും ടിക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍, ഇതിനെതിരെ ഇയാള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. 2013 ആഗസ്റ്റ് അഞ്ചിന് മേല്‍ക്കോടതി പ്രാഥമിക കോടതി വിധി ശരിവെക്കുകയും അപ്പീല്‍ തള്ളുകയും ചെയ്തു. എന്നാല്‍, വിധി അനുസരിക്കാന്‍ തൊഴിലുടമ തയാറായില്ല. തുടര്‍ന്ന് നസീര്‍ കോടതിവിധിയുമായി നിരന്തരം കോടതി വരാന്തകള്‍ കയറിയിറങ്ങി. നസീറിന്‍െറ ദയനീയ സ്ഥിതി അറിഞ്ഞ പൊലീസ് ഒരു ദിവസം കോടതി ഉത്തരവ് പ്രകാരം തൊഴിലുടമയെ പിടികൂടി കോടതിയില്‍ ഹാജരാക്കി. വൈകുന്നേരം പാസ്പോര്‍ട്ടും ടിക്കറ്റും നല്‍കാമെന്ന ഉറപ്പില്‍ കോടതി വിട്ട സ്പോണ്‍സര്‍ പിന്നീട് മറ്റൊരു കേസില്‍ നസീറിനെ കുടുക്കുകയായിരുന്നു. തൊഴിലുടമ നല്‍കിയ കേസിനെതിരെ സ്വദേശിയായ അഭിഭാഷകന്‍ മുഖേന നസീര്‍ ലിവയിലെ കോടതിയുടെ കരുണ കാത്ത് കഴിയുകയാണ്. തൊഴില്‍രഹിതനായ ഇയാളുടെ പ്രയാസം മനസ്സിലാക്കിയ ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ നസീറിന്‍െറ ജീവിതം. നാല് വയസ്സുള്ള മകന്‍ നബീലിനെയും വൃദ്ധയും രോഗിയുമായ മാതാവിനെയും ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും എന്നാണ് കാണാന്‍ കഴിയുക എന്നോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് ഇരുപത്തിയഞ്ചുകാരനായ ഈ യുവാവ്. സൊഹാര്‍ സനാഇയയിലെ കൊട്ടിയം സ്വദേശി സോളമന്‍, ഡേവിഡ് പാലക്കാട്, സുനി അഞ്ചല്‍, അനീഷ്, സാബു സ്റ്റീഫന്‍ എന്നിവരുടെ നിര്‍ലോഭമായ സഹായമാണ് നസീറിന് തണലേകുന്നത്.ഇന്ത്യന്‍ എംബസിയുടെ നിയമ സഹായം ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് സൊഹാറിലെ സാമൂഹികപ്രവര്‍ത്തകര്‍. |
രൂപയുടെ മൂല്യം 51 പൈസ ഇടിഞ്ഞു Posted: 08 Oct 2013 10:55 PM PDT മുംബൈ: രൂപയുടെ മൂല്യം 51 പൈസ ഇടിഞ്ഞു. 62.30 രൂപയാണ് ഡോളറിന്റെ വിനിമയ നിരക്ക്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) താഴ്ത്തിയതാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്. കൂടാതെ ആഗോള വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ യൂറോക്കും മറ്റ് കറന്‍സികള്‍ക്കും എതിരെ ശക്തി പ്രാപിച്ചതും രൂപക്ക് തിരിച്ചടിയായി. 5.7 ശതമാനത്തില്‍ നിന്ന് 2013ല്‍ 3.75 ശതമാനമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഐ.എം.എഫ് താഴ്ത്തിയത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബുധനാഴ്ച 135 പോയന്‍റ് ഇടിഞ്ഞാണ് ബോംബെ ഓഹരി വിപണി വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 135.16 പോയന്‍റ് താഴ്ന്ന് 19,848.45ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 50.20 പോയന്‍റ് ഇടിഞ്ഞ് 5,878.20ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യന്‍ വിപണിയില്‍ ജപ്പാന്‍ സൂചിക നിക്കി 0.44 ശതമാനം ഉയര്‍ന്നും ഹോങ്കോങ് സൂചിക ഹാങ്ഷെങ് 0.62 ശതമാനം ഇടിഞ്ഞുമാണ് വ്യാപാരം നടക്കുന്നത്. |
സിറ്റിസ്കേപ്പ് തുടങ്ങി; മുഖ്യ ആകര്‍ഷണം വാട്ടര്‍ കനാല്‍ പദ്ധതി Posted: 08 Oct 2013 10:50 PM PDT ദുബൈ: ദുബൈയുടെ മുഖച്ഛായ മാറ്റുന്ന വാട്ടര്‍ കനാല്‍ പദ്ധതിയെക്കുറിച്ച് കൂടുതലറിയണോ? അതിന്‍െറ കൊച്ചുമാതൃക കാണണോ? വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഇന്നലെയാരംഭിച്ച സിറ്റിസ്കേപ്പ് ഗ്ളോബല്‍ 2013 റിയല്‍എസ്റ്റേറ്റ് മേളയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുടെ സ്റ്റാളിലേക്ക് വരിക. ബിസിനസ് ബേ മുതല്‍ ജുമൈറ ബീച്ച് പാര്‍ക്കില്‍ അറേബ്യന്‍ ഗള്‍ഫ് വരെ മൂന്നു കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന കനാലിന്‍െറയും അതിന്‍െറ ഇരുകരകളിലും വരുന്ന കെട്ടിടങ്ങളുടെയും രൂപരേഖ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. കെട്ടിടങ്ങളുടെ നിര്‍മാണകരാര്‍ ഏറ്റെടുത്ത മെയ്ദാന്‍ ഗ്രൂപ്പും മിറാസ് ഹോള്‍ഡിങുമായി ചേര്‍ന്നാണ് ആര്‍.ടി.എ സിറ്റിസ്കേപ്പില്‍ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കനാലിന്‍െറ ഇരുകരകളിലും നിര്‍മിക്കുന്ന ഷോപ്പിങ് മാളുകളും റീട്ടെയില്‍ ഷോപ്പുകളും ഹോട്ടലുകളും താമസകേന്ദ്രങ്ങളുമെല്ലാം ഏതുരൂപത്തിലായിരിക്കും എന്നതിന്‍െറ നഖചിത്രം ഇവിടെ നിന്ന് ലഭിക്കും. ശൈഖ് സായിദ് റോഡ് മുറച്ച് കടന്നുപോകുന്ന കനാല്‍ വിദേശ ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ വലിയൊരു അദ്ഭുത ലോകം തന്നെ തുറക്കുമെന്നുറപ്പ്. കനാല്‍ വരുന്നതോടെ അല്‍സഫ പാര്‍ക്കില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പൊതുജനങ്ങള്‍ക്കായി ബീച്ചും വിനോദ സ്ഥലവും ഒരുങ്ങും. 140 ലക്ഷം ചതുരശ്ര അടി വാണിജ്യ സ്ഥലമാണ് കനാല്‍ വികസനത്തിലൂടെ ഇരുകരകളിലുമായി ഉയരുക. 200 മീറ്റര്‍ വരെ നീളമുള്ള വലിയ ബോട്ടുകള്‍ക്ക് സഞ്ചരിക്കാവുന്ന വിധം ആറു മീറ്റര്‍ ആഴത്തിലാണ് കനാല്‍ നിര്‍മിക്കുന്നത്. കനാലിനു മുകളിലൂടെ പാലങ്ങള്‍ മാത്രമല്ല കെട്ടിടങ്ങളുമുണ്ടാകും. ബോട്ടുകള്‍ക്ക് പോകാനായി എട്ടു മീറ്റര്‍ ഉയര്‍ത്തിയാണ് ഇവ പണിയുക.കനാലിന്‍െറ കവാടത്തില്‍ തന്നെ 35 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ടവറാണ് പദ്ധതിയുടെ പ്രധാന വാണിജ്യ ആകര്‍ഷണം. 468 അപാര്‍ട്ട്മെന്‍റ്,470 സര്‍വീസ് അപാര്‍ട്ട്മെന്‍റ്, 617 ഹോട്ടല്‍മുറികള്‍, നാലുലക്ഷം ചതുരശ്ര അടിയില്‍ റിട്ടെയില്‍ വ്യാപാരത്തിനുള്ള സ്ഥലം 7.35 ലക്ഷം ചതുരശ്രഅടി കമേഴ്സ്യല്‍ ഓഫീസുകള്‍ക്കുള്ള സ്ഥലം എന്നിവയെല്ലാം ചേര്‍ന്നതാണ് ടവര്‍. ജുമൈറ ബീച്ച് പാര്‍ക്കിന്‍െറ രൂപവും പുതിയപദ്ധതി വരുന്നതോടെ അടിമുടി മാറും. 19 വാട്ടര്‍ വില്ലകളും 44 ടൗണ്‍ഹൗസുകളും ഇവിടെയുയരും. മൂന്നുഘട്ടമായി നിര്‍മിക്കുന്ന വാട്ടര്‍ കനാല്‍ മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദ്യേശിക്കുന്നത്. ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വരാന്‍ പോകുന്ന നിരവധി പദ്ധതികള്‍ അവതരിപ്പിക്കുന്ന സിറ്റിസ്കേപ്പ് പ്രദര്‍ശനം ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തുമാണ് ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തത്. ഈ മാസം 10 വരെ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രദര്‍ശനം. |
അമേരിക്ക വായ്പാ പരിധി ഉയര്‍ത്തിയില്ളെങ്കില്‍ ഇന്ത്യയും ചൈനയുമുള്‍പ്പെടെ പ്രതിസന്ധിയിലേക്ക് Posted: 08 Oct 2013 10:46 PM PDT അമേരിക്കയില്‍ സര്‍ക്കാര്‍ ചെലവുകള്‍ക്ക് പണം കണ്ടത്തൊനായി വായ്പകള്‍ എടുക്കാവുന്ന പരിധി 16.7 ലക്ഷം കോടി ഡോളറില്‍നിന്ന് ഉയര്‍ത്താനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സാമ്പത്തിക ലോകം മുള്‍മുനയില്‍. സമ്പാദ്യം നിക്ഷേപിച്ച ബാങ്കിന് പലിശ നല്‍കാന്‍ വഴിയില്ളെന്ന് കേള്‍ക്കുമ്പോഴുള്ള അവസ്ഥയാണ് ലോകമെങ്ങും വിപണികളില്‍. ബജറ്റ് പാസാക്കാത്തതിനെ തുടര്‍ന്നുള്ള ട്രഷറി അടച്ചുപൂട്ടല്‍ പ്രതിസന്ധിക്ക് പിന്നാലെ വായ്പാ പരിധി ഉയര്‍ത്തല്‍ കൂടി പാര്‍ലമെന്‍റില്‍ നിഷേധിക്കപ്പെട്ടാല്‍ കടുത്ത പ്രതിസന്ധിയിലേക്കാവും അമേരിക്ക ലോക സമ്പദ്വ്യവസ്ഥയെ തള്ളിവിടുക. ഒക്ടോബര്‍ 17ന് സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പെങ്കിലും, 2011 ആഗസ്റ്റിലെ പോലെ പ്രതിസന്ധി ഒഴിവാക്കാന്‍ അമേരിക്കയിലെ ഭരണപക്ഷമായ ഡെമോക്രാറ്റുകളും പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍മാരും ഒത്തുതീര്‍പ്പിലത്തെുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഇന്ത്യയും ചൈനയുമുള്‍പ്പെടെ ലോകരാജ്യങ്ങളും നിരവധി ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും പ്രതിസന്ധിയിലാവും. ലോകത്തെ ഏറ്റവും വലിയ വായ്പക്കാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയില്‍ വായ്പാ തിരിച്ചടവുകളില്‍ വീഴ്ചയുണ്ടായാല്‍ 2008ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് തുടക്കമിട്ട സാമ്പത്തിക സ്ഥാപനമായ ലേമാന്‍ ബ്രദേഴ്സിന്‍െറ സമാന അനുഭവമായിരിക്കും ഉണ്ടാവുകയെന്നാണ് ഭീതി. ലേമാന്‍ ബ്രദേഴ്സ് തകരുമ്പോള്‍ 51,700 കോടി ഡോളര്‍ മാത്രമായിരുന്നു നല്‍കാനുള്ള ബാധ്യതകളെങ്കില്‍ അതിന്‍െറ 23 ഇരട്ടിയിലേറെയാണ് അമേരിക്കന്‍ സര്‍ക്കാറിന്‍െറ ബാധ്യത. 12 ലക്ഷം കോടിയിലധികം ഡോളറാണ് വായ്പാ ഇനത്തില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കാനുള്ളത്. അമേരിക്കന്‍ സര്‍ക്കാര്‍ ട്രഷറി ബോണ്ടുകളിലും മറ്റും വന്‍തോതിലുള്ള നിക്ഷേപമാണ് വിവിധരാജ്യങ്ങളും ബാങ്കുകളും മറ്റും നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ കാര്യമെടുത്താല്‍ വിദേശനാണയ ശേഖരത്തിന്‍െറ 21 ശതമാനം അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങളാണ്. 27,600 കോടി ഡോളറോളം വരുന്ന വിദേശനാണയശേഖരത്തില്‍ 5,910 കോടി ഡോളറിന്‍െറ അമേരിക്കന്‍ സെക്യൂരിറ്റികളാണ്്. ഇവയുടെ പശിലയിലും മറ്റുമുണ്ടാവുന്ന വീഴ്ച രൂപയുടെ മൂല്യത്തകര്‍ച്ചക്കുള്‍പ്പെടെ വഴിവെക്കും. വായ്പാ പരിധി ഉയര്‍ത്താനായില്ളെങ്കില്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ 68 നിലവാരത്തിലേക്ക് മടങ്ങിയത്തെുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ലിഞ്ച് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ അത്തരമൊരു സാഹചര്യം 80 അടിസ്ഥാന പോയന്‍റുകള്‍ വരെ കുറവുവരുത്താമെന്നും ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ധരായ ഇന്ദ്രാനില്‍സെന്‍ ഗുപ്തയും അഭിഷേക് ഗുപ്തയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ 3.8 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തും. കയറ്റുമതി വളര്‍ച്ച നിലക്കുന്ന സ്ഥിതിയുമുണ്ടാക്കും. അതേസമയം, ഇന്ത്യയേക്കാള്‍ ഗുരുതര സ്ഥിതി നേരിടേണ്ടി വരുന്ന മറ്റ് നിരവധി രാഷ്ട്രങ്ങളുണ്ട്. ഇന്ത്യക്ക് 5910 കോടി ഡോളറിന്‍െറ നിക്ഷേപങ്ങളേയുള്ളൂവെങ്കില്‍, അമേരിക്കന്‍ ട്രഷറിയുടെ ജൂലൈ 31ലെ കണക്കനുസരിച്ച് ചൈനക്ക് 1.27 ലക്ഷം കോടി ഡോളറിന്‍െറ നിക്ഷേപമാണുള്ളത്. ബ്രസീലിന് 25,640 കോടി, തായ്വാന് 18,580 കോടി, സിംഗപ്പൂരിന് 8,150 കോടി, ഫിലിപ്പീന്‍സിന് 3,890 കോടി, മലേഷ്യക്ക് 1,590 കോടി എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍. എറിയും കുറഞ്ഞും ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കും അമേരിക്കയില്‍ നിക്ഷേപമുണ്ട്. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച് ലോകത്തെ വിദേശ നാണയശേഖരത്തിന്‍െറ മൂന്നിലൊന്നും സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ബാങ്കുനോട്ടുകള്‍ തുടങ്ങി വ്യത്യസ്ത രൂപത്തില്‍ അമേരിക്കന്‍ ഡോളറിലാണ്. വികസിത രാജ്യങ്ങളുടെ വിദേശനാണയ ശേഖരത്തിന്‍െറ 56 ശതമാനവും ഇത്തരത്തിലാണെന്നും പറയുന്നു. പലിശയിലോ മുതലിലോ ഇതിന്‍െറ തിരിച്ചടവിലുണ്ടാകുന്ന വീഴ്ച ആഗോള സാമ്പത്തിക വിപണികളെയെല്ലാം തകര്‍ക്കും. വായ്പാ പരിധി ഉയര്‍ത്തിയില്ളെങ്കില്‍ വായ്പാ വിപണികളുടെയും ഡോളറിന്‍െറയും തകര്‍ച്ചക്കും പലിശ കുതിച്ചു കയറുന്നതിനും വഴിവെക്കുമെന്ന് ട്രഷറി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലേമാന്‍ ബ്രദേഴ്സിന്‍െറ തകര്‍ച്ചയത്തെുടര്‍ന്ന് അമേരിക്കയില്‍ സ്റ്റോക് എക്സ്ചേഞ്ചുകള്‍ പകുതിയോളം നേട്ടം നഷ്ടപ്പെടുത്തിയപ്പോള്‍ തൊഴിലില്ലായ്മ 10 ശതമാനമത്തെിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാവും ഇനിയുമുണ്ടാവുക. ലോക ഓഹരി വിപണികളിലെല്ലാം തകര്‍ച്ചക്കും വ്യാവസായികോല്‍പാദന മാന്ദ്യത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമാവും ഇതിടവരുത്തുക. അതേസമയം, പ്രതിസന്ധിക്ക് വഴിവെക്കാതെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഒരുവിഭാഗം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നു. പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയില്ളെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റിന് വായ്പാ പരിധി ഉയര്‍ത്തുന്നതിനും പലിശയടവ് നടപ്പാക്കുന്നതിനും ഭരണഘടനാപരമായ അധികാരമുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇത് അമേരിക്കയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തിരിച്ചടവ് വീഴ്ചയുടെ അനന്തരഫലങ്ങള്‍ നേരിടാന്‍ അമേരിക്കക്ക് കരുത്തില്ളെന്ന് ഇരുവിഭാഗത്തിനും ഉറപ്പുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായി പലിശ തിരിച്ചടവ് ഏറ്റവും കൂടുതല്‍ വരുക ഡിസംബര്‍-ജനുവരി മാസത്തിലാണെന്നും കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 9600ഉം 9300 കോടി ഡോളറായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 1300 കോടി മാത്രമായിരുന്നു പലിശ അടവ്. ആ നിലക്ക് പരിധി ഉയര്‍ത്തിയില്ളെങ്കിലും പലിശക്ക് മുടക്കം വരുത്താതെ പിടിച്ചുനില്‍ക്കാന്‍ ട്രഷറിക്ക് കഴിയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ തുക പലിശക്കായി വിനിയോഗിച്ചാല്‍ അത്യാവശ്യകാര്യങ്ങളുള്‍പ്പെടെ പലതും മുടങ്ങുമെന്നത് ഇവരും നിക്ഷേധിക്കുന്നില്ല. അതിനിടെ, ഹ്രസ്വകാലത്തേക്ക് വായ്പാ പരിധി ഉയര്‍ത്താനും നീക്കമുണ്ട്. അങ്ങനെവന്നാലും അടുത്തകാലത്തൊന്നും ഭീഷണി പൂര്‍ണമായി മാറില്ല. മൂന്ന് റേറ്റിങ് എജന്‍സികള്‍ അമേരിക്കയുടെ റേറ്റിങ് കുറക്കാന്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ളെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ചൈന പ്രതികരിച്ചിരിക്കുന്നത്. |
ഐസ്ക്രീം കേസുമായി വി.എസ് സുപ്രീംകോടതിയില്‍ Posted: 08 Oct 2013 10:37 PM PDT ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍. ഈ ആവശ്യത്തില്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേസിലെ പ്രതി മന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പട്ടുവെന്നും ഉന്നതര്‍ ഉള്‍പ്പെട്ടതിനാല്‍ കേസില്‍ ലോക്കല്‍ പൊലീസ് അന്വേഷണം അപര്യാപ്തമാണെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു. കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കും ലഭിച്ച പണത്തിന്‍്റെ സ്രോതസ്സ് അന്വേഷണത്തില്‍ വന്നില്ളെന്നും ഹരജിയില്‍ പറയുന്നു. |
ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനം ഡിസംബറില്‍ Posted: 08 Oct 2013 10:37 PM PDT മനാമ: ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനം ഡിസംബര്‍ മൂന്ന് മുതല്‍ മൂന്ന് ദിവസം ബഹ്റൈനില്‍ നടക്കും. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്കിന്‍െറ സഹകരണത്തോടെ നടക്കുന്ന 20ാമത് സമ്മേളനത്തില്‍ 50 രാജ്യങ്ങളില്‍നിന്ന് 1300ഓളം വ്യവസായ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ പരിണാമവും വികാസവും ചര്‍ച്ച ച്ചെയ്യാന്‍ പ്രശസ്ത സാമ്പത്തിക വിദഗ്ധരും ചിന്തകരും ഉള്‍പ്പെടെ 100ഓളം പ്രഭാഷകരാണ് എത്തുക. രണ്ട് പതിറ്റാണ്ടായി തുടര്‍ന്നു വരുന്ന അന്താരാഷ്ട്ര ഇസ്ലാമിക് ബാങ്കിങ് സമ്മേളനം ലോകത്താകെ സ്വാധീനം ചെലുത്താന്‍ പര്യാപ്തമാണെന്ന് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടതാണെന്ന് ഡബ്ള്യു.ഐ.ബി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് മക്ലീന്‍ പറഞ്ഞു. ’94ല്‍ സമ്മേളനം നടത്തുമ്പോള്‍ 120 പ്രതിനിധികളാണ് പങ്കെടുത്തതെങ്കില്‍ 2013ല്‍ അത് 1300 കവിഞ്ഞിരിക്കയാണ്. ഇത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ വികാസമാണ് പ്രകടമാക്കുന്നത്. എല്ലാ ആഗോള സാമ്പത്തിക പ്രതിസന്ധികളെയും അതിജയിക്കാന്‍ ഇസ്ലാമിക് ബാങ്കിങ് മേഖലക്ക് കഴിഞ്ഞെന്നതുതന്നെയാണ് ഇതിനെ കൂടുതല്‍ സ്വീകാര്യമാക്കിയിരിക്കുന്നത്. ഇത്തവണ കാനഡ, തുര്‍ക്കി, അസര്‍ബൈജാന്‍, ലക്സംബര്‍ഗ്, യു.കെ തുടങ്ങിയ രാജ്യങ്ങളും പ്രതിനിധികളെ അയക്കുന്നുണ്ട്. ‘മത്സരാധിഷ്ഠത ലോകത്ത് വ്യവസായ രൂപാന്തരീകരണം’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ഇസ്ലാമിക ബാങ്കിങ്ങിന്‍െറ എല്ലാ സാധ്യതകളും വശങ്ങളും ചര്‍ച്ചയില്‍ വിഷയീഭവിക്കും. സമ്മേളനത്തിന്‍െറ മുന്നോടിയായി ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് (ഐ.ഐ.എഫ്.എം) ഇസ്ലാമിക് കാപിറ്റല്‍, മണി മാര്‍ക്കറ്റ് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. മിനാ മേഖലയില്‍ ഇസ്ലാമിക് ബാങ്കിങ് വന്‍ മുന്നേറ്റമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.ഐ.എഫ്.എം സി.ഇ.ഒ ഇജ്ലാല്‍ അഹ്മദ് അല്‍വി പറഞ്ഞു. ബദല്‍ സാമ്പത്തിക സംവിധാനമായി ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഇന്‍ഡസ്ട്രി മാറിക്കഴിഞ്ഞു. ഇതിനനുസരിച്ച് പ്രൊഡക്ടുകള്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബര്‍ നാലിന് നടക്കുന്ന മുഖ്യ സമ്മേളനം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഗവര്‍ണര്‍ റഷീദ് മുഹമ്മദ് അല്‍മറാജ് ഉദ്ഘാടനം ചെയ്യും. ഇന്‍റര്‍നാഷനല്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അബ്ദുല്‍ ജലീല്‍ അല്‍ ഫാഹിം മുഖ്യ പ്രഭാഷണം നടത്തും. ലോക സാമ്പത്തിക മേഖലയിലെ പ്രമുഖ ചിന്തകര്‍ വിഷയം അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ എക്സി. ഡയറക്ടര്‍ ഖാലിദ് ഹമദ് അബ്ദുല്‍റഹ്മാന്‍ ഹമദ്, അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സി.ഇ.ഒ ഡോ. ഖാലിദ് അല്‍ ഫകീഹ്, ഇസ്ലാമിക് ബാങ്കിങ് എക്സലന്‍സ് സെന്‍റര്‍ മേധാവി അഷര്‍ നാസിം, ഇ.ഡി.ബി ചീഫ് ഇക്കണോമിസ്റ്റ് ഡോ. ജാര്‍മോ കോട്ടിലൈന്‍ എന്നിവരും പങ്കെടുത്തു. |
No comments:
Post a Comment