തെല്‍ അവീവില്‍ ഫലസ്തീനികളുടെ കൂട്ടക്കുഴിമാടം Madhyamam News Feeds |
- തെല്‍ അവീവില്‍ ഫലസ്തീനികളുടെ കൂട്ടക്കുഴിമാടം
- നാരായണ മൂര്‍ത്തി വീണ്ടും ഇന്‍ഫോസിസില്‍
- നെയ്യാറ്റിന്‍കരയില്‍ വിദ്യാഭ്യാസകച്ചവടം കൊഴുക്കുന്നു
- ജലവിമാനം: ആശങ്കകള്‍ പരിഹരിക്കും -മന്ത്രി
- തേക്കടിയിലെ വാഹന പാര്‍ക്കിങ്: യോഗത്തില്‍ തീരുമാനമായില്ല
- ആദ്യബെല്ല് തിങ്കളാഴ്ച മുഴങ്ങും
- ഡെങ്കിപ്പനി ഭീതിയില്‍ ജില്ല
- സി.ബി.ഐക്ക് സ്വയം ഭരണാവകാശം: ഡയറക്ടര്‍ നിയമനത്തിലുള്‍പ്പെടെ കാര്യമായ മാറ്റത്തിന് ശിപാര്‍ശ
- എടവനക്കാട് ജലസംഭരണി നിര്‍മാണം: തര്‍ക്കം പരിഹരിച്ചു
- ആലപ്പുഴ മെഗാ ടൂറിസം പദ്ധതി ആദ്യഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ -മന്ത്രി
തെല്‍ അവീവില്‍ ഫലസ്തീനികളുടെ കൂട്ടക്കുഴിമാടം Posted: 01 Jun 2013 12:52 AM PDT Image: തെല്‍ അവീവ്: 1948ലെ ഇസ്രായേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരെന്ന് സംശയിക്കുന്ന ഫലസ്തീനികളുടെ കൂട്ടക്കുഴിമാടം തെല്‍അവീവില്‍ കണ്ടെത്തി. തെല്‍ അവീവിലെ യഫാ ജില്ലയിലെ ഖബറിടം വൃത്തിയാക്കുന്നതിനിടെയാണ് ബുധനാഴ്ച ഇവിടുത്തെ തൊഴിലാളികള്‍ കുഴിമാടം കണ്ടെത്തിയത്. 1948ല്‍ ഇസ്രായേല്‍ രൂപീകരണത്തിനു കാരണമായ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതാവശിഷ്ടങ്ങളാണിതെന്നാണ് കരുതുന്നത്. യുദ്ധത്തിന്റെ അവസാന നാളുകളില്‍ യഫായില്‍ കൊല്ലപ്പെട്ടവരെ തിടുക്കത്തില്‍ അടക്കം ചെയ്യാന്‍ സഹായിച്ചിരുന്നതായി പ്രദേശവാസിയായ അതാബ് സെയ്നബ് പറയുന്നു. നാലു മാസത്തിനിടെ 60ലധികം ഫലസ്തീനികളുടെ മൃതദേഹം ഖബറടക്കിയതായി അദ്ദേഹം ഓര്‍ക്കുന്നു. ഇവരില്‍ പലരേയും തിരിച്ചറിഞ്ഞിരുന്നില്ല. ഗ്രനേഡ് ആക്രമണത്തിലോ വ്യോമാക്രമണത്തിലോ കൊല്ലപ്പെട്ടവരെ കൂട്ടമായാണ് അടക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 1948നു മുമ്പേ യഫാ ഫലസ്തീന്‍ നഗരമായിരുന്നു. പീന്നീട്, ജൂത കുടിയേറ്റവും ഇസ്രായേല്‍ സൈന്യത്തിന്റെആക്രമണവും മൂലം ഇവിടെ നിന്ന് നിരവധി ഫലസ്തീനികള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. 1950ല്‍ നഗരം തെല്‍ അവീവുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
|
നാരായണ മൂര്‍ത്തി വീണ്ടും ഇന്‍ഫോസിസില്‍ Posted: 01 Jun 2013 12:07 AM PDT Image: ബംഗളൂരു: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്‍.ആര്‍ നാരായണ മൂര്‍ത്തി ഇന്‍ഫോസിസില്‍ തിരിച്ചെത്തി. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരായണ മൂര്‍ത്തി കമ്പനിയുടെഎക്സിക്യുട്ടീവ് ചെയര്‍മാനായാണ് ശനിയാഴ്ച ചുമതലയേറ്റത്. മകന്‍ രോഹന്‍ മൂര്‍ത്തി ഉള്‍പ്പെടുന്ന ടീമിനെ കമ്പനി അദ്ദേഹത്തെ സഹായിക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. രോഹന്‍ മൂര്‍ത്തി ടീമിലെ എക്സിക്യുട്ടീവ് അസിസ്റ്റന്‍്റ് ആയിരിക്കും. രോഹന്‍ ആദ്യമായാണ് ഇന്‍ഫോസിസിന്റെഉന്നത പദവിയിലെത്തുന്നത്. രാജ്യത്തെ പ്രധാന ഐ.ടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് ടെക്നോളജി ലിമിറ്റഡ് കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് നാരയണ മൂര്‍ത്തിയെ കമ്പനിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് മൂര്‍ത്തിയുടെ നിയമനം. 2011ല്‍ മൂര്‍ത്തി വിരമിച്ച ശേഷം നോണ്‍-എക്സിക്യുട്ടീവ് ചെയര്‍മാനായി ചുമതലയേറ്റ കെ.വി കാമത്ത് ഇന്നു മുതല്‍ സ്വതന്ത്ര ഡയറക്ടര്‍ പദവിയിലേക്ക് മാറും. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അവസരം നല്‍കിയതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും നാരായണ മൂര്‍ത്തി പ്രതികരിച്ചു.
|
നെയ്യാറ്റിന്‍കരയില്‍ വിദ്യാഭ്യാസകച്ചവടം കൊഴുക്കുന്നു Posted: 01 Jun 2013 12:00 AM PDT ബാലരാമപുരം: സ്കൂള്‍ തുറക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നെയ്യാറ്റിന്‍കര താലൂക്കിലെ സ്വകാര്യ സ്കൂളുകള്‍ രക്ഷാകര്‍ത്താക്കളെ കൊള്ളയടിക്കുന്നു. അമിത അഡ്മിഷന്‍ ഫീസും നിയന്ത്രണമില്ലാത്ത മറ്റ് ഫീസുകളുമായി സ്കൂളുകളില്‍ ചൂഷണം വ്യാപകമാണ്. അംഗീകാരമില്ലാത്ത സ്കൂളുകളാണ് പ്രദേശത്ത് ഏറെയും. ഇത്തരം സ്കൂളുകളില്‍ നൂറുകണക്കിന് കുട്ടികളാണ് പ്രവേശം നേടുന്നത്. ബ്ളേഡ് മാഫിയയെ വെല്ലുന്ന രീതിയില്‍ മുന്‍കൂര്‍ ഡെപ്പോസിറ്റ് വാങ്ങി വിവിധ സ്കീമുകള്‍ നടപ്പാക്കുന്ന സ്കൂളുകളുമുണ്ട്.അടിസ്ഥാന സൗകര്യമോ യോഗ്യതയുള്ള അധ്യാപകരോ ഇല്ലാത്ത ഇംഗ്ളീഷ് മീഡിയം സ്കൂളുകളാണ് തട്ടിപ്പ് നടത്തുന്നതിലധികവും. ട്രസ്റ്റുകള്‍, ചാരിറ്റബില്‍ സെസൈറ്റികള്‍, മത, സാമുദായിക സംഘടനകള്‍ എന്നിവയുടെ പേരിലാണ് സ്കൂളുകളുടെ നടത്തിപ്പ്. ഓരോ വിദ്യാര്‍ഥിയില്‍ നിന്നും പതിനായിരത്തിലധികം രൂപയാണ് അഡ്മിഷന്‍ ഫീസായി ഈടാക്കുന്നത്. മിക്ക സ്കൂളുകളിലും കിഡ്സ് സ്കൂള്‍, ഡേ കെയര്‍ സംവിധാനവുമുണ്ട്. ഇവിടെയും വന്‍ തുക ഡൊണേഷന്‍ ഇനത്തിലും ഫീസ് ഇനത്തിലും വാങ്ങുന്നു. എല്‍.കെ.ജി വിദ്യാര്‍ഥികള്‍ക്ക് 600 രൂപയും അതിന് മുകളിലുമാണ് ഫീസ്. പല സ്കൂളുകളിലും പ്രവേശം നേടുമ്പോള്‍ തന്നെ മാര്‍ച്ച്, ഏപ്രില്‍,മേയ് മാസത്തെ ഫീസ് മുന്‍കൂറായി ഈടാക്കുന്നു. സ്കൂളുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തത് മാനേജ്മെന്‍റുകള്‍ക്ക് സൗകര്യമാകുന്നു. നെയ്യാറ്റിന്‍കരയിലും ബാലരാമപുരത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്കൂളുകളില്‍ എല്‍.കെ.ജി പ്രവേശത്തിന് 10,000 രൂപയാണ് ഈടാക്കുന്നത്. യൂനിഫോമിനായും വന്‍ തുക ഈടാക്കുന്നു. ബാലരാമപുരത്തെ ഒരു സ്കൂളിള്‍ അവിടെ വിതരണം ചെയ്യുന്ന ബാഗ്,നോട്ട് ബുക്ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശവും ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. ലക്ഷങ്ങളാണ് ഇത്തരം കച്ചവടം വഴി സ്കൂളിന് ലഭിക്കുന്നത്. വാര്‍ഷികവ്യവസ്ഥയില്‍ ആകര്‍ഷകമായ പദ്ധതികളുടെ പേരിലും മാനേജ്മെന്‍റുകള്‍ പണപ്പിരിവ് നടത്തുന്നു. രണ്ട് ലക്ഷം മുതല്‍ മുകളിലോട്ട് തുക മുന്‍കൂറായി നല്‍കിയാല്‍ എല്‍.കെ.ജി മുതല്‍ 10ാം ക്ളാസുവരെ പഠിക്കുന്നതിന് കുട്ടികള്‍ക്ക് ഫീസിളവുകള്‍ നല്‍കുന്നു. പിരിക്കുന്ന പണം പലിശക്ക് നല്‍കിയും റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മറ്റ് ബിസിനസുകള്‍ക്ക് മുടക്കിയും ലക്ഷങ്ങള്‍ കൊയ്യുന്ന സ്കൂളുകളുമുണ്ട്. |
ജലവിമാനം: ആശങ്കകള്‍ പരിഹരിക്കും -മന്ത്രി Posted: 31 May 2013 11:55 PM PDT കൊല്ലം: ജലവിമാനം പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച കൊല്ലത്ത് നടക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. പരിസ്ഥിതിക്കോ മത്സ്യത്തൊഴില്‍ മേഖലക്കോ ദോഷമുണ്ടെന്ന് കണ്ടാല്‍ പിന്‍വലിക്കാന്‍ മടിയില്ല. ജലവിമാനം മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തില്‍തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഈ ആശയം മുന്നോട്ടുവെക്കുന്നത്. ഒരു കിലോമീറ്റര്‍ നീളവും 250 മീറ്റര്‍ വീതിയുമുള്ള കായല്‍ പ്രദേശം മാത്രമേ പദ്ധതിക്ക് ആവശ്യമായുള്ളു. ഒരു സ്പീഡ് ബോട്ട് സൃഷ്ടിക്കുന്ന ഓളങ്ങള്‍ പോലും ജലവിമാനം ഉണ്ടാക്കില്ല. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമാണ് സര്‍വീസ് നടത്തുക. മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം വിളിക്കാമെന്നും മന്ത്രി അറിയിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളായ ജെ. മേഴ്സിക്കുട്ടിയമ്മ , അഡ്വ. വി.വി. ശശീന്ദ്രന്‍, എച്ച്. ബെയ്സില്‍ ലാല്‍, ടി. മനോഹരന്‍, പി.പി. ജോണ്‍, ആര്‍. പ്രസാദ്, എന്‍. ടോണി, ഫ്രെഡി, സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ ബി. മോഹനന്‍, കെ.ടി.ഐ.എല്‍.എം.ഡി അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി കെ. പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. |
തേക്കടിയിലെ വാഹന പാര്‍ക്കിങ്: യോഗത്തില്‍ തീരുമാനമായില്ല Posted: 31 May 2013 11:50 PM PDT കുമളി: തേക്കടിയില്‍ വനമേഖലക്കുള്ളിലെ പാര്‍ക്കിങ് പുറത്തേക്ക് നീക്കുന്നത് സംബന്ധിച്ച് എം.പിയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായില്ല. കുമളി വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ വനമേഖലയില്‍നിന്ന് വാഹനങ്ങളുടെ പാര്‍ക്കിങ് പുറത്തേക്ക് നീക്കണമെന്ന് നാഷനല്‍ ടൈഗര്‍ അതോറിട്ടി അറിയിച്ചിട്ടുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. എന്നാല്‍, ഇതിന് പകരമായി ഏതെങ്കിലും സ്ഥലം കണ്ടെത്താനോ പകരം വാഹന ക്രമീകരണം ഒരുക്കാനോ ഒരു നീക്കവും ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമായി. വാഹന പാര്‍ക്കിങ് വനമേഖലക്ക് പുറത്തേക്ക് നീക്കാന്‍ ബദലായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനം മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുത്ത പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടി. ഇതിനെത്തുടര്‍ന്ന് ജൂണ്‍ നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുന്ന പെരിയാര്‍ ഫൗണ്ടേഷന്‍െറ ഗവേര്‍ണിങ് ബോഡിയില്‍ പ്രശ്നം ചര്‍ച്ച ചെയ്തശേഷം പരിഹാരം ഉണ്ടാക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അറിയിച്ചു. കുമളി ടൗണില്‍ ദേശീയപാത വികസനത്തിന്‍െറ ഭാഗമായി നിലവിലുള്ള റോഡിന്‍െറ അരികില്‍ നിന്ന് ഇരു ഭാഗത്തേക്കും രണ്ടര മീറ്റര്‍ വീതം സ്ഥലം ഏറ്റെടുക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അഞ്ച് മീറ്റര്‍ സ്ഥലത്ത് മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകളും നടപ്പാതയും നിര്‍മിക്കും. ഇതുസംബന്ധിച്ച് വ്യാപാരികളും സ്ഥല ഉടമകളുമായി കൂടുതല്‍ ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി. ഇതോടൊപ്പം ടൗണിലെ വാഹനത്തിരക്ക് കുറക്കുന്നതിനായി ബൈപാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യവും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ കുമളി പഞ്ചായത്ത് പ്രസിഡന്‍റ് വി. പൊന്‍രാജ്, പി.ടി. തോമസ് എം.പി, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, അഡ്വ. സിറിയക് തോമസ്, ജോയി മേക്കുന്നേല്‍, ടി.എന്‍. ശശി, ഹൈദ്രോസ് മീരാന്‍, കുഞ്ഞുമോള്‍ ചാക്കോ, ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, ദേശീയപാത എന്‍ജിനീയര്‍ ജോസ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
ആദ്യബെല്ല് തിങ്കളാഴ്ച മുഴങ്ങും Posted: 31 May 2013 11:46 PM PDT പത്തനംതിട്ട: പുത്തന്‍ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ആദ്യബെല്ല് തിങ്കളാഴ്ച മുഴങ്ങും. പ്രവേശോത്സവത്തോടെയാണ് അധ്യയന വര്‍ഷം ആരംഭിക്കുക. ജില്ലാതല പ്രവേശോത്സവം തിരുവല്ല കാവുംഭാഗം ഗവ.എല്‍.പി.എസില്‍ തിങ്കളാഴ്ച രാവിലെ 10ന് ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ‘പരിരക്ഷയുടെ പാഠങ്ങള്‍’ പുസ്തകത്തിന്‍െറ പ്രകാശനവും ചടങ്ങില്‍ നടക്കും. സ്കൂളുകളില്‍ പ്രവേശോത്സവം സംഘടിപ്പിക്കുന്നതിനായി എസ്.എസ്.എ ഫണ്ടില്‍ നിന്ന് 500 രൂപ വീതം നല്‍കിയിട്ടുണ്ട്. ജില്ലാതലം കൂടാതെ ബ്ളോക്,പഞ്ചായത്ത് തലങ്ങളിലും പ്രവേശോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 2012 -’13 വര്‍ഷത്തില്‍ 5,173 കുട്ടികള്‍ ഒന്നാംക്ളാസില്‍ പ്രവേശം നേടിയെന്നാണ് ഔദ്യാഗിക കണക്ക്. ഇക്കുറി കുട്ടികള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ വിജയ ശതമാനം വര്‍ധിച്ചത് കൂടുതല്‍ പ്രതീക്ഷക്ക് വക നല്‍കിയിട്ടുണ്ട്. പാഠപുസ്തക വിതരണവും പൂര്‍ത്തിയായി വരുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. അധ്യയന വര്‍ഷം ആരംഭിക്കുന്ന തിങ്കളാഴ്ച, സ്കൂള്‍ പരിസരം പോസ്റ്ററുകളും ബാനറുകള്‍,കൊടി-തോരണങ്ങള്‍ എന്നിവകൊണ്ട് അലങ്കരിക്കും. വര്‍ണക്കടലാസില്‍ രൂപകല്‍പ്പന ചെയ്ത പോസ്റ്ററുകള്‍ സ്കൂളുകള്‍ക്ക് തയാറാക്കി നല്‍കിയിട്ടുണ്ട്. പ്രത്യേകം ചിട്ടപ്പെടുത്തിയ അവതരണ ഗാനത്തിന്‍െറ സീഡിയും നല്‍കിയിട്ടുണ്ട്. സ്കൂള്‍ പി.ടി.എകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ആദ്യ ദിവസം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും. സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകള്‍ അറ്റകുറ്റപ്പണി നടത്തിയും വെള്ളയടിച്ചും വൃത്തിയാക്കി. എന്നാല്‍, ശോച്യാവസ്ഥയിലുള്ള സ്കൂളുകളുമുണ്ട്. ഗ്രാമപ്രദേശങ്ങളിലാണ് ഇവ കൂടുതല്‍. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കുട്ടികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. പല സ്ഥലത്തും ടോയ്ലറ്റുകള്‍ തകര്‍ന്നു. സ്കൂള്‍ പരിസരത്തെയും സമീപ സ്ഥലത്തെയും മരങ്ങളും ചില്ലകളും സ്കൂള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞുകിടക്കുന്നത് വെട്ടിമാറ്റാത്തതും ഭീഷണിയാണ്. പല സ്കൂളുകളിലും കിണറുകള്‍ വൃത്തിഹീനമായി കിടക്കുന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഇവയുടെ ശുചീകരണം നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. സ്കൂള്‍ വിപണിയില്‍ കുട്ടികള്‍ക്ക് ആവശ്യമായ പഠന സാമഗ്രികളുടെയും യൂനിഫോമിന്‍െറയുമൊക്കെ വിലവര്‍ധന രക്ഷിതാക്കളെ ദുരിതത്തിലാക്കി. നോട്ട് ബുക്കുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില വര്‍ധിച്ചതായാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇത്തവണത്തെ സ്കൂള്‍ വിപണിയില്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള നിരവധി വ്യത്യസ്തകളുമുണ്ട്. വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബാര്‍ബിഗേളും സ്പൈഡര്‍മാനും ചോട്ടാബീമുമൊക്കെയുള്ള ബാഗും വാട്ടര്‍ ബോട്ടിലുമൊക്കയാണ് കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. കാര്‍ട്ടൂണിന്‍െറ ത്രിമാന രൂപമാണ് ഇത്തവണ കൊച്ചുകുട്ടികള്‍ക്കുള്ള ബാഗിന്‍െറ പ്രത്യേകത. ചില കമ്പനികളുടെ ബാഗുകളില്‍ കാര്‍ട്ടൂണിന്‍െറ മിന്നിമായുന്ന രൂപങ്ങളുണ്ട്. ബാഗുകളുടെ വിലയാകട്ടെ 400 മുതല്‍ 700 രൂപ വരെയാണ്. എല്‍.കെ.ജി,യു.കെ.ജി, എല്‍.പി വിഭാഗം കുട്ടികള്‍ക്കാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ബാഗുകളോടും മറ്റും കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. എല്‍.കെ.ജി,യു.കെ.ജി കുട്ടികള്‍ക്കുള്ള ത്രീഡി ബാഗുകളുടെ വില 395 രൂപയാണ്. ബാഗുകള്‍ക്കൊപ്പം വാട്ടര്‍ ഗണ്ണും കുപ്പിയുമൊക്കെ സൗജന്യമായി നല്‍കുന്നുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രമായ ചോട്ടാബീമിന്‍െറ ചിത്രമുള്ള വാട്ടര്‍ ബോട്ടിലിന് 45 രൂപയാണ് വില. വര്‍ണക്കുടകളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. ഇതില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. |
Posted: 31 May 2013 11:41 PM PDT കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി ഭീതിവിതക്കുന്നു. വെള്ളിയാഴ്ച നാലുവീട്ടമ്മമാര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അരീപ്പറമ്പ് ചാരമംഗലത്ത് സി.ജെ. ജോര്‍ജിന്‍െറ ഭാര്യ റോസമ്മ ജോര്‍ജ്(കുഞ്ഞുകുഞ്ഞമ്മ-55), വയലാ ഉറുമ്പില്‍ തോമസിന്‍െറ ഭാര്യ ഏലിയാമ്മ(65), കുറവിലങ്ങാട് പടവത്ത് ഇഗ്നേഷ്യസ് ജോസഫിന്‍െറ ഭാര്യ ലീലി(51), വില്ലൂന്നി വടകര വീട്ടില്‍ മത്തായി, ആനിക്കാട് വാഴേനപ്പറമ്പില്‍ കുഞ്ഞുപെണ്ണ്(60) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി . മഴക്കാലപൂര്‍വ ശുചീകരണത്തിലടക്കം സംഭവിച്ച വീഴ്ച ജില്ലയെ വീണ്ടും പനിക്കിടക്കയിലേക്ക് നയിക്കുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച മാത്രം ഏഴുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 835 പേര്‍ പനിബാധിച്ച് ചികിത്സ തേടി. ഒരാഴ്ചത്തെ പനിബാധിതരുടെ ഔദ്യാഗികകണക്ക് 4598 ആണ്. വയറിളക്ക രോഗങ്ങള്‍ ബാധിച്ച് 42 പേരും സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം ചികിത്സതേടിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ഇതിലേറെ ആളുകളാണ് ചികിത്സ തേടുന്നത്. ക്ളിനിക്കുകളില്‍നിന്ന് മരുന്ന് വാങ്ങി വീടുകളില്‍ വിശ്രമിക്കുന്ന ആളുകളും നിരവധിയാണ്. ഇവരൊന്നും സര്‍ക്കാര്‍ കണക്കുകളില്‍ ഉള്‍പ്പെടാറില്ല. അതിനാല്‍ത്തന്നെ ഡെങ്കിപ്പനി ജില്ലയില്‍ ഭീതിതമായ നിലയില്‍ ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്‍െറ അവകാശവാദം. |
സി.ബി.ഐക്ക് സ്വയം ഭരണാവകാശം: ഡയറക്ടര്‍ നിയമനത്തിലുള്‍പ്പെടെ കാര്യമായ മാറ്റത്തിന് ശിപാര്‍ശ Posted: 31 May 2013 11:41 PM PDT Image: ന്യൂദല്‍ഹി: സി.ബി.ഐക്ക് കൂടുതല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ച് തീരുമനമെടുക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപ സമിതി കാര്യമായ മാറ്റങ്ങള്‍ക്ക് ശിപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. സി.ബി.ഐ ഡയറക്ടറുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലവിലുള്ള രീതി മാറുമെന്നാണ് സൂചന. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്നയാള്‍ എന്നിവരടങ്ങുന്ന സമിതിയുടെ നിര്‍ദേശം പരിഗണിച്ചായിരിക്കും ഇനി മുതല്‍ സി.ബി.ഐ ഡയറക്ടറുടെ നിയമനം. നിലവില്‍ കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നേതൃത്വത്തിലുള്ള പാനല്‍ നിര്‍ദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാറാണ് ഡയറക്ടറെ നിയമിക്കുന്നത്. ഡയറക്ടറുടെ കാലാവധി രണ്ടോ മൂന്നോ വര്‍ഷമാക്കാനും നിര്‍ദേശമുണ്ട്. 1947ലെ ദല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് അനുസരിച്ചാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐയുടെ ഡയറക്ടര്‍ നിയമനമുള്‍പ്പെടെ ഉദ്യോഗസ്ഥ തലത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി ഈ നിയമവും പരിഷ്‌കരിക്കേണ്ടി വരും. ഉപ സമിതിയുടെ നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിക്കും. മന്ത്രിസഭ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ സുപ്രീംകോടതിയിലും സമര്‍പ്പിക്കും. കഴിഞ്ഞമാസം, കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. തുര്‍ന്നാണ് സി.ബി.ഐയുടെ സ്വയം ഭരണാവകാശമടക്കമുള്ള കാര്യങ്ങളില്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചത്.
|
എടവനക്കാട് ജലസംഭരണി നിര്‍മാണം: തര്‍ക്കം പരിഹരിച്ചു Posted: 31 May 2013 11:38 PM PDT വൈപ്പിന്‍: എടവനക്കാട് ജലസംഭരണിയുമായി ബന്ധപ്പെട്ട പ്രശ്്നങ്ങള്‍ക്ക് കലക്ടറുടെ സന്ദര്‍ശനത്തോടെ പരിഹാരം. അണിയല്‍ മാര്‍ക്കറ്റിലെ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആരംഭിച്ച സംഭരണിയുടെ നിര്‍മാണം നിലച്ചത്. ടാങ്ക് നിര്‍മാണ സാമഗ്രികള്‍ സംസ്ഥാനപാതയിലെ പാലത്തിനോട് ചേര്‍ന്ന് ഇറക്കിയാല്‍ വ്യാപാരസ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ തടസ്സമുണ്ടാകുമെന്നായിരുന്നു വ്യാപാരികളുടെ ആരോപണം. കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ എടവനക്കാട് അണിയല്‍ പാലത്തില്‍ നിന്ന് താഴോട്ട് ഒരു റാമ്പ് നിര്‍മിക്കുമെന്ന് വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ഉറപ്പുനല്‍കി. മാര്‍ക്കറ്റിലുള്ള പഞ്ചായത്തുവക ഇരുനില കെട്ടിടത്തിന്‍െറ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് കടക്കാന്‍ പാലത്തില്‍ നിന്നും ചവിട്ടുകള്‍ സ്ഥാപിക്കും. പ്രശ്നം പരിഹരിക്കപ്പെട്ട സാഹചര്യ ത്തില്‍ നിര്‍ത്തിവെച്ച പണികള്‍ പുനരാരംഭിക്കാന്‍ കരാറുകാരന് കലക്ടര്‍ നിര്‍ദേശം നല്‍കി. 11.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കിന് 12 കോടി രൂപയാണ് എസ്റ്റിമേറ്റ് ചെയ്തിട്ടുള്ളത്. എസ്. ശര്‍മ എം.എല്‍.എ, വാട്ടര്‍ അതോറിറ്റി അധികൃതര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എച്ച.്എം. അഷ്റഫ്, വാര്‍ഡംഗം സി.കെ. വിശ്വംഭരന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. |
ആലപ്പുഴ മെഗാ ടൂറിസം പദ്ധതി ആദ്യഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ -മന്ത്രി Posted: 31 May 2013 11:33 PM PDT ആലപ്പുഴ: ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍. അരൂക്കുറ്റി മുതല്‍ കായംകുളം വരെ 52.25 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുക. ആലപ്പുഴ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 47.62 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിയായി. കേന്ദ്ര ടൂറിസം മന്ത്രാലയം 45.35 കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ ജൂണില്‍ പൂര്‍ത്തിയാകും. 14.95 കോടി രൂപ ചെലവില്‍ ഏഴ് ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ ഒന്നാംഘട്ടത്തില്‍ നിര്‍മിക്കും. അരൂക്കുറ്റിയില്‍ 2.16 കോടി, തണ്ണീര്‍മുക്ക ത്ത് 1.62, പള്ളാത്തുരുത്തിയില്‍ 95.32 ലക്ഷം, നെടുമുടിയില്‍ 96.68 ലക്ഷം, കഞ്ഞിപ്പാടത്ത് 32.86 ലക്ഷം, തോട്ടപ്പള്ളിയില്‍ 1.08 കോടി, കായംകുളത്ത് 7.83 കോടി എന്നിങ്ങനെ ഈ സ്ഥലങ്ങളില്‍ ആധുനിക ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ നിര്‍മിക്കുന്നതിന് തുക വകയിരുത്തും. ഹൗസ്ബോട്ടുകള്‍ക്ക് രാത്രിയില്‍ നങ്കൂരമിടാന്‍ നെടുമുടി വട്ടക്കായലില്‍ 12.25 കോടിയും കരുമാടി വിളക്കുമരത്ത് 85.04 ലക്ഷവും ചെലവഴിച്ച് നൈറ്റ് ഹാള്‍ട്ട് ടെര്‍മിനലുകള്‍ നിര്‍മിക്കും. മാവേലിക്കരയിലെ വയ്യാങ്കരച്ചിറയില്‍ 2.59 കോടി, ഹരിപ്പാട് പാണ്ടിയില്‍ 77.13 ലക്ഷം, അരൂര്‍ തഴപ്പില്‍ 1.38 കോടി, ചെങ്ങന്നൂര്‍ കുതിരവട്ടംചിറയില്‍ 79.10 ലക്ഷം ചെലവഴിച്ച് വിനോദസഞ്ചാര വികസന പദ്ധതി നടപ്പാക്കും. 1.59 കോടി രൂപ മുടക്കി അര്‍ത്തുങ്കല്‍ ബീച്ചും 1.02 കോടി മുടക്കി തോട്ടപ്പള്ളി ബീച്ചും രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ കേന്ദ്രമെന്ന നിലയില്‍ ആലപ്പുഴ നഗരത്തിലെ കനാലുകള്‍, പുന്നമട ഫിനിഷിങ് പോയന്‍റ്, വിജയ പാര്‍ക്ക്, സീവ്യൂ പാര്‍ക്ക് എന്നിവ നവീകരിക്കും. വാടക്കനാല്‍, കൊമേഴ്സ്യല്‍ കനാല്‍ എന്നിവ 3.12 കോടി മുടക്കി മെച്ചപ്പെടുത്തും. 1.69 കോടി രൂപ ചെലവില്‍ പുന്നമട ഫിനിഷിങ് പോയന്‍റ് വികസിപ്പിക്കും. 5.95 കോടി രൂപ ചെലവഴിച്ച് ആലപ്പുഴയിലെ കെട്ടിടങ്ങളുടെയും തെരുവുകളുടെയും പൈതൃകം സംരക്ഷിക്കുന്ന വികസന പദ്ധതി നടപ്പാക്കും. വിജയ്പാര്‍ക്കിന്‍െറ വികസനത്തിന് 9.40 ലക്ഷം രൂപ അനുവദിച്ചു. ഇവിടെ സംസ്ഥാന സര്‍ക്കാറിന്‍െറ സഹായത്തോടെ 56 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിടുന്നു. സീവ്യൂ പാര്‍ക്കില്‍ 82 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനം നടത്തും. 1.40 കോടി രൂപ ചെലവഴിച്ച് കുട്ടനാട്ടില്‍ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കും. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍, കിറ്റ്കോ എന്നിവക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. രണ്ടാഴ്ചക്കുള്ളില്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കും. ഭരണാനുമതി ലഭിച്ച് 15 ദിവസത്തിനകം ടെന്‍ഡര്‍ വിളിക്കും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കര്‍മപദ്ധതി തയാറാക്കണമെന്നും പദ്ധതി നടത്തിപ്പിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കായംകുളം നഗരത്തിലേക്കുള്ള അഞ്ചര കിലോമീറ്റര്‍ വരുന്ന ഉപജലപാത നവീകരിക്കണമെന്നും രണ്ടര മീറ്റര്‍ ആഴത്തില്‍ ഡ്രഡ്ജിങ് നടത്തണമെന്നും സി.കെ. സദാശിവന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദേശീയപാതയില്‍നിന്ന് ഹൗസ്ബോട്ട് ടെര്‍മിനലിലേക്ക് റോഡ് നിര്‍മിക്കാന്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍, സി.കെ. സദാശിവന്‍ എം.എല്‍.എ, കലക്ടര്‍ എന്‍. പത്മകുമാര്‍, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ യു.വി. ജോസ്, എ.ഡി.എം കെ.പി. തമ്പി, ഡി.ടി.പി.സി സെക്രട്ടറി സി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment