കടല്‍ രക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍ Madhyamam News Feeds |
- കടല്‍ രക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍
- മുസ്ലിം ലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകം -മുഖ്യമന്ത്രി
- ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
- കൊച്ചി മെഡിക്കല്‍ കോളജ് വികസനം മാസ്റ്റര്‍പ്ളാന്‍ തയാറാക്കണം -മന്ത്രി കെ.വി. തോമസ്
- മണിമലത്തേ് പാറമടയില്‍ അളവെടുപ്പ്; പ്രതിഷേധവുമായി സമരസമിതി
- കുമളി ആദിവാസിക്കോളനിയില്‍ ദുരിതം
- ഇല്ലിക്കല്‍ കല്ലിന്‍െറ പതനം പാറമടകള്‍ പരിസ്ഥിതിയെ ബാധിക്കുമെന്നതിന് ബലമേകുന്നു
- തൊഴിലുറപ്പു പദ്ധതി 98 ശതമാനം തുകയും ചെലവഴിച്ചു
- നാലുദിവസം കുടിവെള്ളമില്ല; ജനം റോഡ് ഉപരോധിച്ചു
- മരുതിങ്ങല്‍-നീലാഞ്ചേരി-കാളികാവ് റോഡ് പ്രവൃത്തി തീരുംമുമ്പേ തകര്‍ന്ന് തുടങ്ങി
കടല്‍ രക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തം; മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍ Posted: 30 Jun 2013 12:19 AM PDT കാസര്‍കോട്: കടലില്‍ അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് ആക്ഷേപം. വാടകക്കെടുക്കുന്ന സാധാരണ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയത്. ഇതില്‍ ജീവന്‍രക്ഷാ സംവിധാനങ്ങളൊന്നുമില്ല. ഇത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നാട്ടുകാരായ മത്സ്യത്തൊഴിലാളികളാണ് പലപ്പോഴും അപകടത്തില്‍പെടുന്നവരെ രക്ഷിക്കുന്നത്. ഏത് കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനത്തിന് ഉപകരിക്കുന്ന മുങ്ങല്‍ വിദഗ്ധരും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള ടഗ്ഗുകളുമാണ് മുന്‍കാലങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍ മരിച്ചു. ബേക്കല്‍ ചിമ്മലിലെ രമേശന്‍, കോട്ടിക്കുളം ഗോപാലപേട്ടയിലെ ബാലന്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വള്ളവും വലകളും എന്‍ജിനും നഷ്ടപ്പെട്ടു. കടല്‍ക്ഷോഭത്തിലകപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യവകുപ്പും നല്‍കുന്ന രേഖകള്‍ പ്രകാരമാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. പലപ്പോഴും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഹൃദയാഘാതമാണെന്ന് രേഖപ്പെടുത്തുന്നതിനാല്‍ സഹായധനം നഷ്ടപ്പെടുന്നു. കടലിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും കടലിലെ അപകടങ്ങളിലുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. യു.എസ്. ബാലന്‍ ആവശ്യപ്പെട്ടു. |
മുസ്ലിം ലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകം -മുഖ്യമന്ത്രി Posted: 30 Jun 2013 12:19 AM PDT Image: തിരുവനന്തപുരം: മുസ്ലിം ലീഗ് മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലീഗിനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പ്രസ്താവനയെ കുറിച്ച് രമേശ് തന്നെ വിശദീകരിച്ചിട്ടുണ്ട്. മുന്നണി ബന്ധം വഷളാക്കുന്ന യാതൊരു നടപടിയും കോണ്‍ഗ്രസ് കൈകൊള്ളില്ല. ലീഗ് കടുത്ത നിലപാടുകളൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. |
ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു Posted: 30 Jun 2013 12:16 AM PDT ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതി നേരിടുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി അടൂര്‍ പ്രകാശും കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും സന്ദര്‍ശിച്ചു. ജില്ലയിലെ നാശനഷ്ടങ്ങള്‍ കലക്ടര്‍ മന്ത്രിമാരെ ധരിപ്പിച്ചു. ആറ് താലൂക്കുകളിലെ 91 വില്ലേജുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 3580 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഏഴുപേര്‍ മരണമടഞ്ഞു. 906.39 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. 1992.5 ഹെക്ടര്‍ സ്ഥലത്തെ കൃഷിയെയും കാലവര്‍ഷം ബാധിച്ചു. 381.66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 667 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 34 വീടുകള്‍ പൂര്‍ണമായും 633 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്കുണ്ടായ നാശം മൂലം 88.99 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നതുമൂലം 45.48 ലക്ഷം രൂപയുടെയും ഭാഗികമായി തകര്‍ന്നതുമൂലം 40.72 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ജലവിതരണ സംവിധാനങ്ങള്‍, റോഡ് തുടങ്ങിയവക്കുണ്ടായ നാശനഷ്ടം 1212.50 ലക്ഷം രൂപയുടെതാണ്. കൂടാതെ വിവിധ പൊതുമുതലും നശിച്ചിട്ടുണ്ട്. ആകെ 1683.25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ജില്ലയില്‍ 416 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്. വെള്ളം ഇറങ്ങുന്നതുവരെ ക്യാമ്പ് തുടരണമെന്ന് കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ 1,92,923 പേരെയാണ് ഇതുവരെ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചത്. കുട്ടനാട്ടില്‍ മാത്രം ക്യാമ്പുകളില്‍ 1,30,986 പേരാണുള്ളത്. 13 പഞ്ചായത്തുകളിലായി 280 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആറുപങ്കില്‍ മടവീണ പ്രദേശങ്ങളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു. തോമസ് ചാണ്ടി എം.എല്‍.എ, കലക്ടര്‍ എന്‍. പത്മകുമാര്‍, എ.ഡി.എം കെ.പി. തമ്പി, ആര്‍.ഡി.ഒ ആന്‍റണി ഡൊമനിക്, കുട്ടനാട് തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, മുന്‍ എം.എല്‍.എ എ.എ. ഷൂക്കൂര്‍, കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുധിമോന്‍, എം.എന്‍. ചന്ദ്രപ്രകാശ് തുടങ്ങിയരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു. |
കൊച്ചി മെഡിക്കല്‍ കോളജ് വികസനം മാസ്റ്റര്‍പ്ളാന്‍ തയാറാക്കണം -മന്ത്രി കെ.വി. തോമസ് Posted: 30 Jun 2013 12:14 AM PDT കളമശേരി: കൊച്ചി മെഡിക്കല്‍ കോളജിന്‍െറ വികസനത്തിനായി മാസ്റ്റര്‍പ്ളാന്‍ തയാറാക്കണമെന്ന് മന്ത്രി കെ.വി. തോമസ്. കൊച്ചി മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നഴ്സിങ് കോളജിന്‍െറയും സ്കൂളിന്‍െറയും കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളജിന്‍െറ 60 ഏക്കര്‍ വരുന്ന ഭൂമിയില്‍ പല സ്ഥലത്തായി കെട്ടിടങ്ങള്‍ നിര്‍മിക്കാതെ ഒരു മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിന്‍െറ വികസനത്തിനായി ലാബ് നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 3.5 കോടിയും കാഷ്വല്‍റ്റി ബ്ളോക്കിനായി നെസ്റ്റ് ഗ്രൂപ് 25 ലക്ഷവും തീവ്ര പരിചരണ വിഭാഗത്തിനായി ഗെയ്ലും പെട്രോനെറ്റും ഒരു കോടിയും വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇവരുടെ യോഗം ജൂലൈ 10ന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജിലേക്കുള്ള രണ്ട് സര്‍ക്കുലര്‍ ബസിനായി എം.പി ഫണ്ടില്‍നിന്ന് പണം അനുവദിക്കുകയും സര്‍ക്കാര്‍ അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. പി. രാജീവ് എം.പി, നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് കുസാറ്റ് രജിസ്ട്രാര്‍ എ. രാമചന്ദ്രന്‍, മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ജുനൈദ് റഹ്മാന്‍, കൗണ്‍സിലര്‍ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. |
മണിമലത്തേ് പാറമടയില്‍ അളവെടുപ്പ്; പ്രതിഷേധവുമായി സമരസമിതി Posted: 30 Jun 2013 12:10 AM PDT റാന്നി: ചെമ്പന്മുടി മലയില്‍ പ്രവര്‍ത്തിച്ചുവന്ന മണിമലത്തേ് പാറമടക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ജില്ല ഭരണകൂടത്തിന്‍െറ നീക്കത്തിന്‍െറ ഭാഗമായി ശനിയാഴ്ച താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ പാറമടയും പരിസരവും അളന്നുതിട്ടപ്പെടുത്തി. പരിധിക്കുള്ളില്‍ വീടുകളുണ്ടോ എന്നറിയാന്‍ ഉച്ചക്ക് ഒന്നോടെ താലൂക്ക് സര്‍വേയര്‍ ഷാജഹാന്‍െറ നേതൃത്വത്തിലാണ് അളവെടുപ്പ് നടന്നത്. 200 മീറ്റര്‍ പരിധിക്കുള്ളില്‍ നാല് വീടുണ്ടെന്നും അതിര്‍ത്തി മേഖലയില്‍ നിരവധി വീട് വേറെയുണ്ടെന്നും അളവെടുപ്പില്‍ രേഖപ്പെടുത്തിയതായി ഒപ്പം എത്തിയിരുന്ന സമരസമിതി നേതാക്കള്‍ അറിയിച്ചു. സര്‍വേയര്‍ ഇതുസംബന്ധിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ആര്‍.ഡി.ഒക്കും കലക്ടര്‍ക്കും കൈമാറും.അതേ സമയം ജനരോഷം പരിഗണിക്കാതെ വീണ്ടും പാറമടക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് ജില്ലയിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ഇതിനായി അനുകൂല റിപ്പോര്‍ട്ട് നല്‍കാന്‍ റാന്നി തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍, അത്തിക്കയം വില്ലേജ് ഓഫിസര്‍ എന്നിവരോട് ആവശ്യപ്പെട്ടതായി നേരത്തേ സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. ക്രിമിനല്‍ നടപടി പ്രകാരം ചെമ്പന്മുടി മലയില്‍ എന്നും എരുമേലി അയ്യപ്പക്ഷേത്ര സമീപത്തേക്ക് ഒഴുകുന്ന പൊന്നരുവി തോടിന്‍െറ ഉദ്ഭവം അടച്ചു എന്നത് മാത്രമാണ് മണിമലത്തേ് പാറമടയുടെ അനുമതി താല്‍ക്കാലികമായി നിരോധിക്കാന്‍ കാരണമായതെന്നാണ് തിരുവല്ല ആര്‍.ഡി.ഒ എ. ഗോപകുമാര്‍ പറയുന്നത്. തോട് ആരംഭിക്കുന്ന ഭാഗം പാറമട ഉടമ കല്ലും മണ്ണുമിട്ട് നികത്തിയിരിക്കുകയാണെന്നും തടസ്സങ്ങള്‍ നീക്കി തോടിന്‍െറ നീരൊഴുക്ക് പുനഃസ്ഥാപിച്ചാല്‍ വീണ്ടും താല്‍ക്കാലിക പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് തടസ്സമില്ലെന്നുമാണ് ആര്‍.ഡി.ഒയുടെ നിലപാട്. എന്നാല്‍, തോട് മണിമലത്തേ് പാറമടക്ക് മധ്യത്തിലൂടെയായിരുന്നെന്നും ഇതു പുനഃസ്ഥാപിക്കപ്പെടുക എളുപ്പമാകില്ലെന്നും സമര സമിതി നേതാക്കളും നാട്ടുകാരും പറയുന്നു. തോടിന്‍െറ ഗതി പുനഃസ്ഥാപിക്കുക മാത്രമല്ല പരിസ്ഥിതി ദുര്‍ബല മേഖലയായ ചെമ്പന്മുടിയില്‍ ഇനി പാറമടകളോ ക്രഷറുകളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. മണിമലത്തേ് പാറമടക്ക് ചുറ്റുമുള്ള വീടുകളിലെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ശ്വാസകോശാര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. പാറമടയുടെ പ്രവര്‍ത്തനം നിലച്ചതോടെ ശ്വാസകോശരോഗ വ്യാപ്തി കുറഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അനധികൃത ഖനനം മൂലം ദുര്‍ബലമായ ചെമ്പന്മുടി മലയില്‍ ഇനി പാറഖനനവും പ്രകൃതി ചൂഷണവും തുടര്‍ന്നാല്‍ വന്‍ പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നാണ് ആശങ്ക. മണിമലത്തേ് പാറമടയില്‍ നിബന്ധനകള്‍ പാലിച്ചല്ല പാറഖനനം നടത്തിയിരുന്നതെന്ന് മുന്‍ കലക്ടര്‍ ജിതേന്ദ്രനും തിരുവല്ല ആര്‍.ഡി.ഒ ഗോപകുമാറും നേരത്തേ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതാണ്. ഇതിന്‍െറയെല്ലാം വെളിച്ചത്തിലാണ് പാറമടകള്‍ക്കെതിരെ ആര്‍.ഡി.ഒ താല്‍ക്കാലിക നിരോധാജ്ഞ ഏര്‍പ്പെടുത്തിയത്. പാറമടക്ക് നാറാണംകുഴി ഗ്രാമപഞ്ചായത്ത് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് പാറമട ഉടമ അവകാശപ്പെടുകയും അത് കലക്ടര്‍ മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നെങ്കിലും രേഖ വ്യാജമാണെന്നും അപ്രകാരം ഒന്ന് നല്‍കിയിട്ടില്ലെന്നും ഗ്രാമപഞ്ചായത്ത് വെളിപ്പെടുത്തുകയും വിവരം രേഖാമൂലം കലക്ടറെയും തിരുവല്ല ആര്‍.ഡി.ഒയെയും അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അതേ സമയം താലൂക്ക് സര്‍വേയര്‍ ശനിയാഴ്ച നടത്തിയ അളവെടുപ്പില്‍ പാറമടയും വീടുകളും തമ്മിലുള്ള അകലം രേഖപ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരം ഏതറ്റം വരെ കൊണ്ടുപോയാലും ചെമ്പന്മുടി മലയില്‍ ഇനി ഒരു പാറമടകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. |
കുമളി ആദിവാസിക്കോളനിയില്‍ ദുരിതം Posted: 30 Jun 2013 12:09 AM PDT Subtitle: ചോരുന്ന വീടുകളും കാട്ടാന ശല്യവും കുമളി: പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന ആദിവാസിക്കോളനികളില്‍ മഴക്കാലം ദുരിതത്തിന്‍േറതായി. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആദിവാസി കുടുംബങ്ങള്‍ രാത്രി ഉറക്കമില്ലാതെയാണ് കഴിച്ചുകൂട്ടുന്നത്. കാടിറങ്ങി വരുന്ന ആനക്കൂട്ടം ദുരിതം ഇരട്ടിയാക്കുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന് മന്നാക്കുടി, പളിയക്കുടി ആദിവാസിക്കോളനികളാണുള്ളത്. തേക്കടി തടാകത്തില്‍ മത്സ്യബന്ധനം നടത്തിയും വനത്തില്‍നിന്ന് തേനും വിറകും ശേഖരിച്ചും ഉപജീവനം നടത്തുന്ന 600 ലധികം കുടുംബങ്ങളാണ് രണ്ട് കോളനിയിലുമായി കഴിയുന്നത്. ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ വഴി നല്‍കിയ സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തതിന്‍െറ തെളിവുകളാണ് ആദിവാസിക്കോളനികളിലുള്ളത്. ഓരോ കുടുംബത്തിനും ഭവന നിര്‍മാണത്തിനായി രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. വീട് നിര്‍മിക്കുന്നതിനൊപ്പം വീട്ടിലെ ഇലക്ട്രിക്കല്‍ ജോലികളും കക്കൂസ് നിര്‍മാണവും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കണം. എന്നാല്‍, പല വീടുകള്‍ക്കും കക്കൂസ് നിര്‍മിച്ച് നല്‍കുകയോ വയറിങ് നടത്തിക്കുകയോ അധികൃതര്‍ ചെയ്തില്ല. വനം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് പഞ്ചായത്ത് ഫണ്ട് കൈമാറിയായിരുന്നു നിര്‍മാണമെന്ന് വാര്‍ഡ് അംഗം ഷാജിമോന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, നിര്‍മാണം നടത്തിയവര്‍ വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ മിക്ക വീടുകളും ചോര്‍ന്നൊലിക്കുന്ന നിലയിലായി. കോണ്‍ക്രീറ്റ് മേല്‍ക്കൂര ചോരുന്നതിനാല്‍ വെള്ളം ബക്കറ്റ് വെച്ച് ശേഖരിക്കുകയാണ് ചെയ്യുന്നത്. വെള്ളം ചോര്‍ന്നിറങ്ങിയതോടെ കോണ്‍ക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് തുടങ്ങി. വൈകാതെ മേല്‍ക്കൂര തകര്‍ന്ന് വീഴുമെന്ന ഭീതിയും കുടുംബങ്ങള്‍ക്കുമുണ്ട്. ഇതിന് പുറമെയാണ് ആനശല്യം. ആദിവാസികള്‍ വീടിന്‍െറ പരിസരത്ത് നട്ടുവളര്‍ത്തിയ ഏലം, കുരുമുളക്, വാഴ, കപ്പ എന്നിവയെല്ലാം കാട്ടാനക്കൂട്ടം നശിപ്പിച്ചു. വൈദ്യുതി വേലിയും കിടങ്ങുകളും നശിച്ചതാണ് വന്യജീവികള്‍ കൃഷിയിടങ്ങളിലെത്താന്‍ കാരണമായത്. ആദിവാസിക്കോളനികളില്‍ ഉല്‍പാദിപ്പിക്കുന്ന കുരുമുളകിന് വിദേശ വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. കീടനാശിനികള്‍ ഉപയോഗിക്കാതെ ഉല്‍പാദിപ്പിക്കുന്ന കുരുമുളക് പെരിയാര്‍ ഫൗണ്ടേഷന്‍ വഴി പ്രത്യേകമായി രൂപവത്കരിച്ച ഇ.ഡി.സിയുടെ നേതൃത്വത്തിലാണ് സംഭരിക്കുന്നതും കയറ്റുമതി ചെയ്യുന്നതും. പെരിയാര്‍ വനമേഖലയില്‍ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ഉറക്കം നഷ്ടപ്പെട്ട് കാട്ടാനയെ ഭയന്ന് ആദിവാസി കുടുംബങ്ങള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. |
ഇല്ലിക്കല്‍ കല്ലിന്‍െറ പതനം പാറമടകള്‍ പരിസ്ഥിതിയെ ബാധിക്കുമെന്നതിന് ബലമേകുന്നു Posted: 30 Jun 2013 12:05 AM PDT ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കല്‍മലയില്‍ കൂറ്റന്‍ പാറക്കഷണം താഴേക്ക് പതിക്കാനിടയായതില്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ കാരണമായിട്ടുണ്ടെന്ന ആരോപണം ശക്തമാകുന്നു. കാലാകാലങ്ങളില്‍ മേഖലകളിലുണ്ടായ ഉരുള്‍ പൊട്ടലിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും പോലും ഇല്ലിക്കല്‍മലയും ഇല്ലിക്കല്‍കല്ലും സുരക്ഷിതമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ത്തിനിടെ മൂന്നിലവ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപംകൊണ്ട പാറമടകള്‍ പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിച്ചതോടെയാണ് ഇല്ലിക്കല്‍ മലയും ദുര്‍ബലമായത്. ഇതിന് തെളിവാണ് കഴിഞ്ഞദിവസം നാടിനെ നടുക്കിയ അപകടമെന്ന് നാട്ടുകാര്‍ പറയുന്നു. പാറയുടെ പതനത്തില്‍ തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിഞ്ഞുമാറിയത്. ഇവിടത്തെ പാറമടകള്‍ പലതും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവരുടേതാണ്. ആധുനിക യന്ത്ര സംവിധാനങ്ങളാണ് മിക്കവയിലും ഉപയോഗിക്കുന്നത്. പാറമടകളുടെ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ പാറമട വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ മലഅരയ സംരക്ഷണ സമിതിയും പാറമട ആക്ഷന്‍ കൗണ്‍സിലും പാറമടയുടെ പ്രവര്‍ത്തനം ഇല്ലിക്കല്‍ മലക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്തതോടെ വന്‍ സമരമായി മാറുകയും പാറമടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കോടതി തടയുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധത്തെ അവഗണിച്ച് പാറമടയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു പാറമട ലോബി. അതിന് അനുകൂല സമീപനമാണ്് അന്വേഷണ ഉദ്യോഗസ്ഥരുടേതെന്നാണ് വിവരം. ഇവരുടെ ആഗ്രഹത്തിന് മങ്ങലേല്‍പിച്ചാണ് കഴിഞ്ഞ ദിവസം പാറ പതിച്ചത്. |
തൊഴിലുറപ്പു പദ്ധതി 98 ശതമാനം തുകയും ചെലവഴിച്ചു Posted: 30 Jun 2013 12:01 AM PDT തൃശൂര്‍: ഗ്രാമ വികസന വകുപ്പുമുഖേന ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പി.സി. ചാക്കോ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയോഗം വിലയിരുത്തി. 2012 -13 സാമ്പത്തിക വര്‍ഷം ദേശീയതൊഴിലുറപ്പുപദ്ധതിക്ക് ലഭ്യമായ 10425.61 ലക്ഷം രൂപയില്‍ 10227.73 ലക്ഷവും ചെലവഴിച്ചതായി യോഗത്തില്‍ വ്യക്തമാക്കി. 2012 ഡിസംബര്‍ 31 വരെ 78. 48 ശതമാനം രൂപയാണ് ചെലവഴിച്ചത്. ഇത് 98. 10 ശതമാനമായി ഉയര്‍ന്നു. പദ്ധതിപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സൃഷ്ടിച്ച 42,41,495 തൊഴില്‍ദിനങ്ങള്‍ ഈവര്‍ഷം 57,51,308 ആയി ഉയര്‍ന്നു. സ്്രതീ സാന്നിധ്യം 95.65 ശതമാനം. 100 ദിവസവും തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 11,535ല്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 33,288 ആയി. 88 പഞ്ചായത്തില്‍ 263.98 ലക്ഷം രൂപ ചെലവഴിച്ച പഴയന്നൂര്‍ പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 10 പഞ്ചായത്തുകള്‍ 165 ലക്ഷത്തിലധികം തുക ചെലവഴിച്ചു. ഒല്ലൂക്കര, പഴയന്നൂര്‍ ബ്ളോക്കുകളിലായി നടപ്പാക്കി വരുന്ന ഹരിയാലി നീര്‍ത്തട പദ്ധതിപ്രകാരം പഴയന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിന് ലഭ്യമായ 287.753 ലക്ഷം രൂപയില്‍ 237.54 ലക്ഷം രൂപ ചെലവഴിച്ച് 82.6 ശതമാനവും ഒല്ലൂക്കര ബ്ളോക്കിന് ലഭ്യമായ 224.996 ലക്ഷം രൂപയില്‍ 149.05 ലക്ഷം രൂപയും ചെലവഴിച്ചു സമ്പൂര്‍ണ ശുചിത്വയജ്ഞ പ്രകാരം ജില്ലാ ശുചിത്വ മിഷന്‍ 7051 എ.പി.എല്‍ കുടുംബങ്ങള്‍ക്കും 5107 ബി.പി.എല്‍ കുടുംബങ്ങള്‍ക്കും വ്യക്തിഗത കക്കൂസുകള്‍ ക്കുള്ള ധനസഹായം നല്‍കി. 316 സ്കൂള്‍ ടോയ്ലറ്റുകളും 839 അങ്കണവാടിക്ക് കക്കൂസുകളും 48 സാനിറ്ററി കോംപ്ളക്സുകളും പൂര്‍ത്തീകരിച്ചു . രാജ്യസഭാംഗം സി.പി. നാരായണന്‍, സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ പ്രതിനിധി പി.എ. ശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
നാലുദിവസം കുടിവെള്ളമില്ല; ജനം റോഡ് ഉപരോധിച്ചു Posted: 29 Jun 2013 11:58 PM PDT അഗളി: നാലുദിവസമായി കുടിവെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് നക്കുപ്പതിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുമ്പപ്പാറയില്‍ നിന്ന് എട്ട് കോടി രൂപ ചെലവില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ് പ്രതിഷേധവുമായി എത്തിയത്. മഴപെയ്ത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുകയും പൈപ്പ് വഴി വെള്ളം എത്താതിരിക്കുകയും ചെയ്തതോടെ നൂറിലേറെ കുടുംബങ്ങള്‍ ദുരിതത്തിലായി. ശനിയാഴ്ച രാവിലെ 11ഓടെ സ്ത്രീകളും കുട്ടികളുമടക്കം കുടങ്ങളുമായി റോഡിലിറങ്ങിയതോടെ രണ്ട് മണിക്കൂറോളം ആനക്കട്ടി-മണ്ണാര്‍ക്കാട് പ്രധാന പാതയില്‍ ഗതാഗതം മുടങ്ങി. ഈ സമയത്ത് ഇതുവഴിയെത്തിയ സംസ്ഥാന പട്ടികജാതി - ഗോത്രവര്‍ഗ കമീഷനും ഉപരോധത്തില്‍ കുടുങ്ങി. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജെ. ആന്‍റണി, സി.ഐ മനോജ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. രണ്ട് മണിക്കൂറിനകം വെള്ളം എത്തിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. |
മരുതിങ്ങല്‍-നീലാഞ്ചേരി-കാളികാവ് റോഡ് പ്രവൃത്തി തീരുംമുമ്പേ തകര്‍ന്ന് തുടങ്ങി Posted: 29 Jun 2013 11:57 PM PDT കരുവാരകുണ്ട്: ഉദ്ഘാടനം എവിടെ വേണമെന്ന തര്‍ക്കം നിലനില്‍ക്കെ, പൊതുമരാമത്ത് ഫണ്ടില്‍നിന്ന് കോടികള്‍ ചെലവിട്ട് നവീകരിച്ച റോഡ് തകര്‍ന്നു. മൂന്നരക്കോടി രൂപ ചെലവില്‍ നവീകരണം പൂര്‍ത്തിയാവാനിരിക്കുന്ന മരുതിങ്ങല്‍-നീലാഞ്ചേരി-കാളികാവ് റോഡാണ് കുഴികള്‍ നിറഞ്ഞും മണ്ണിടിഞ്ഞും തകര്‍ച്ച തുടങ്ങിയത്. ആയിരത്തില്‍പരം കുടുംബങ്ങള്‍ വര്‍ഷങ്ങളായി കാത്തിരുന്ന റോഡാണിത്. ജനകീയ മുറവിളിയും ഗതാഗതം നിര്‍ത്തിയുള്ള സമരവും വഴിയാണ് ഈ റോഡ് പൊതുമരാമത്ത് വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിച്ചത്. നിരവധി കുടുംബങ്ങള്‍ സ്ഥലവും ഇതിനായി വിട്ടുനല്‍കി. കാളികാവ്, തുവ്വൂര്‍, കരുവാരകുണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏഴു കിലോമീറ്റര്‍ റോഡിന് 375 ലക്ഷം രൂപയാണ് നവീകരണ തുക. അതായത് ഒരു കിലോമീറ്ററിന് അരക്കോടിയിലേറെ. ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാത്തതിനാല്‍ കാറുകള്‍ തിരിക്കുമ്പോള്‍ തന്നെ ടാറിങ് അടര്‍ന്നുപോരുന്നുവെന്നാരോപിച്ച് നിര്‍മാണപ്രവൃത്തി രണ്ടിലേറെ തവണ നാട്ടുകാര്‍ തടഞ്ഞിരുന്നു. എസ്റ്റിമേറ്റ് പ്രകാരം നിര്‍മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ നിര്‍മാണപ്രവൃത്തി പരിശോധിക്കുന്നില്ലെന്നുമുള്ള ആരോപണവുമുയര്‍ന്നിരുന്നു. ടാറിങ് തീര്‍ന്നതോടെ മഴയെത്തി. ഒരാഴ്ച പെയ്ത മഴയില്‍ ടാറിങ് അടര്‍ന്ന് കുഴികള്‍ പ്രത്യക്ഷപ്പെട്ടു. ചിലയിടങ്ങളില്‍ മണ്ണിടിയുകയും പാര്‍ശ്വഭിത്തികള്‍ തകരുകയും ചെയ്തു. ഇതോടെ കുഴികളില്‍ വാഴനട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേസമയം, ഉറവയെടുക്കുന്ന സ്ഥലങ്ങളിലാണ് കുഴികള്‍ ഉണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. മാര്‍ച്ച് 31ന് പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ തുക മാത്രമേ കൈപ്പറ്റിയിട്ടുള്ളൂവെന്നും തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തുമെന്നുമാണ് കരാറുകാര്‍ പറയുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment