സ്വാഗതം
WELCOME

News Update..

Sunday, June 16, 2013

കേന്ദ്രമന്ത്രി സി.പി ജോഷിയും രാജിവെച്ചു Madhyamam News Feeds

കേന്ദ്രമന്ത്രി സി.പി ജോഷിയും രാജിവെച്ചു Madhyamam News Feeds

Link to

കേന്ദ്രമന്ത്രി സി.പി ജോഷിയും രാജിവെച്ചു

Posted: 16 Jun 2013 12:33 AM PDT

Image: 

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുടെ മുന്നോടിയായി ഒരു മന്ത്രി കൂടി രാജിവെച്ചു. കേന്ദ്ര റെയില്‍വേ സഹമന്ത്രി സി.പി ജോഷിയാണ് ഞായറാഴ്ച രാജി സമര്‍പ്പിച്ചത്. യു.പി.എ സര്‍ക്കാറില്‍ നേരത്തെ പഞ്ചായത്തിരാജ്, റോഡ് വികസനം, ഗതാഗതം തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2009ലാണ് ആദ്യമായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്.

ശനിയാഴ്ച ഭവന, നഗര ദാരിദ്യനിര്‍മാര്‍ജനകാര്യ മന്ത്രി അജയ് മാക്കനും രാജിവെച്ചിരുന്നു.
 

സോളാര്‍ വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി.എസ്

Posted: 15 Jun 2013 11:59 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആരോപണവിധേയരായതിനാല്‍ എ.ഡി.ജി.പിയുടെ അന്വേഷണം മതിയാകില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് സര്‍ക്കാര്‍ തട്ടിപ്പ് കമ്പനിയായി തരം താഴ്ന്നിരിക്കയാണ്. ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണം. അഴിമതിയിലും പെണ്‍വാണിഭക്കേസുകളിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സുതാര്യ ഭരണമെന്ന് പുറമെ കൊട്ടിഘോഷിച്ച് തട്ടിപ്പ് ഭരണമാണ് നടത്തുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അധികാരവും പദവിയും അവിഹിതമായി ഉപയോഗിക്കുകയാണ്. ഇതൊന്നും നിഷേധിക്കാനാവാത്ത തരത്തില്‍ രേഖകള്‍ പുറത്തുവന്നിരിക്കയാണ്. ഫോണ്‍ വിളികളിലെ ദുരൂഹത മാറ്റേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജോപ്പനും ജിക്കുവും അഴിമതിക്കു കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡില്‍ തട്ടിപ്പിന് ശിപാര്‍ശക്കത്ത് നല്‍കിയെന്നാണ് കേസിലെ പ്രതിയായ സരിത എസ്.നായര്‍ മൊഴി നല്‍കിയിരിക്കുന്നത്. തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി.

ബിജു രാധാകൃഷ്ണനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. സോളാര്‍ കമ്പനി ജീവനക്കാരുമായുള്ള ബന്ധം മുഖ്യമന്ത്രി തുറന്നുപറയണം. ഒരുതരത്തിലും രക്ഷപ്പെടാനാവാത്ത തെളിവുകളാണ് മുഖ്യമന്ത്രിക്കെതിരെ പുറത്തുവന്നിരിക്കുന്നത്. കോടികളുടെ അഴിമതി നടത്തിയവരെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. സരിതയുമായുള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. പി.സി. ജോര്‍ജാണ് സോളാര്‍ തട്ടിപ്പിന്റെ കാര്യം തന്നോട് പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇതു കള്ളമാണ്. പ്രതികള്‍ത്തന്നെ ഇക്കാര്യം തെറ്റാണെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയും അദ്ദേഹത്തിനു ചുറ്റുമുള്ളവരും വന്‍ തട്ടിപ്പിനാണ് കൂട്ടുനിന്നത്്. സലീം രാജ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് അയാളെ ഉമ്മന്‍ ചാണ്ടി ഗണ്‍മാനാക്കിയിരിക്കുന്നത്. ഇത് എന്തിനാണെന്ന് വിശദീകരിക്കണം.

ദല്‍ഹിയിലെ 'പാവം പയ്യന്‍' തോമസ് കുരുവിള, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമല്ല. എന്നിട്ടും അയാള്‍ മുഖ്യമന്ത്രിക്കു വേണ്ടി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. കോട്ടയത്തുനിന്ന് ദരിദ്രനായി ദല്‍ഹിയിലേക്കു പോയ കുരുവിള ഇന്നു കോടീശ്വരനാണ്. അയാളുടെ വരുമാന സ്രോതസ് എന്താണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. സര്‍ക്കാര്‍ ചെലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ട മുഖ്യമന്ത്രി അതു ചെയ്യാത്തത് എന്താണ്. അലര്‍ജി ആയിട്ടൊന്നുമല്ലല്ലോ? അവിഹിത ഇടപാടുകള്‍ നടത്താനാണ് അദ്ദേഹം സ്റ്റാഫുകളുടെ മൊബൈല്‍ ഉപയോഗിച്ചത്. ആരോപണം വന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനാണിതെന്ന് കരുതിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല.

ബിജു കഴിഞ്ഞദിവസം ചാനലുകളോട് മണിക്കൂറുകളോളം സംസാരിച്ചിട്ടും ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചില്ല. ഈ സമയത്ത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതെ രക്ഷപ്പെടാന്‍ അവസരം നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു തട്ടിപ്പിന് കൂട്ടുനിന്നിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം പ്രതികരിക്കാത്തത് ദുരൂഹമാണ്. സംസ്ഥാനത്ത് പനിമരണങ്ങള്‍ കൂടുകയാണ്, രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കയാണ്, അട്ടപ്പാടിയില്‍ പട്ടിണിമൂലം ആളുകള്‍ മരിക്കുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. എല്ലാവരും തട്ടിപ്പിന്റെ പിറകെയാണ്. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ ഐക്യരാഷ്ട്രസഭ നല്‍കിയ അവാര്‍ഡ് റദ്ദാക്കണം.

സാധാരണക്കാര്‍ക്ക് മൂന്നു മണി മുതല്‍ അഞ്ചു മണി വരെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമുള്ളത്. എന്നാല്‍ സരിതക്ക് ഏതു സമയവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാന്‍ അനുവാദമുണ്ട്. മുഖ്യമന്ത്രി എവിടെ പോയാലും അവിടെയെല്ലാം സരിത ചെല്ലുന്നുണ്ട്. ഇത് എങ്ങനെ സാധിക്കുന്നു. ദല്‍ഹി വിജ്ഞാന്‍ ഭവനില്‍പ്പോലും ഉമ്മന്‍ ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അവരുടെ അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്.

കസ്റ്റഡിയിലുള്ള സരിതയെ വിളിച്ചതാരാണെന്ന് അന്വേഷിക്കണം. കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ അല്ലാത്ത എം.പിമാര്‍ തട്ടിപ്പിന് ഇടനിലക്കാരായി വര്‍ത്തിക്കുകയാണ്. കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രനെ അന്വേഷണത്തിന് നിയോഗിച്ചത് ഉചിതമല്ല. കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ബന്ധു കൂടിയാണ് ഹേമചന്ദ്രന്‍. ഈ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഈ ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ടു പോവില്ലെന്നും വി.എസ് വ്യക്തമാക്കി.
 

വിജയം കൊത്തി മഞ്ഞക്കിളികള്‍

Posted: 15 Jun 2013 10:38 PM PDT

Image: 

ബ്രസീലിയ: ആരാധകരെ ആഹാദത്തിലാഴ്ത്തിയ നെയ്മറുടെഅതിവേഗ ഗോളടക്കം മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിന് തകര്‍പ്പന്‍ തുടക്കം.
ഗ്രൂപ്പ ്എയിലെ കന്നി മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ നെയ്മറും 48ാം മിനിറ്റില്‍ പൗളിഞ്ഞോയും ഇഞ്ച്വറി സമയത്ത് ജോയുമാണ് മഞ്ഞക്കിളികള്‍ക്ക് വിജയം സമ്മാനിച്ച ലക്ഷ്യം കണ്ടത്. നിലവിലെ ജേതാക്കളും ആതിഥേയരുമായ ബ്രസീലിന്‍െറ  ആരാധകരുടെ മഞ്ഞക്കുപ്പായത്താല്‍ ‘പഴുത്തു തുടുത്ത’ മാനോ ഗാരിഞ്ച സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയാണ്  സൂപ്പര്‍ താരം നെയ്മര്‍ മൂന്നാം മിനിറ്റില്‍ വലകുലുക്കിയത്. ഇടതുപാര്‍ശ്വത്തില്‍ നിന്ന് മാര്‍സെലോ നീട്ടി നല്‍കിയ പന്ത് ഫ്രെഡ് നെഞ്ചില്‍ തടുത്തിട്ട് നെയ്മര്‍ക്ക് മറിച്ചു നല്‍കി. ലോകഫുട്ബാളിലെ മിന്നുംതാരമായി വളരുന്ന നെയ്മര്‍ 20 വാര അകലെ നിന്ന് പായിച്ച ഷോട്ട് ജപ്പാന്‍ ഗോളി കവാഷിമക്ക് പിടികൊടുക്കാതെ ഗോള്‍വലയുടെ മോന്തായത്തില്‍ പതിച്ചു. പന്ത് വലയിലത്തെും മുമ്പേ നെയ്മര്‍ ഗോളാഘോഷം തുടങ്ങിയിരുന്നു. അഞ്ചു മിനിറ്റിന് ശേഷം ജപ്പാന്‍െറ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഷിന്‍ജി കഗാവ രണ്ട് ബ്രസീല്‍ താരങ്ങളെ വെട്ടിച്ച് ഷിന്‍ജി ഒകാസികിക്ക് പന്ത് നീട്ടി. ഒകാസാകിയില്‍ നിന്ന് പന്ത് സ്വീകരിച്ച കീസുകെ ഹോണ്ടക്ക് ലക്ഷ്യത്തിലത്തെിക്കാനായില്ല.
20ാം മിനിറ്റിലും ഹോണ്ടയുടെ കരുത്തുറ്റ ‘എഞ്ചിന്‍’ ബ്രസീല്‍ ഗോളി യൂലിയോ സീസറെ പരീക്ഷിച്ചു. പിന്നീട് യാസുഹിതോ എന്‍ഡോയും ഹോണ്ടയും കഗാവയും ആതിഥേയ പ്രതിരോധം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
 മറുഭാഗത്ത് ഫ്രെഡിനൊപ്പം നെയ്മര്‍  ജപ്പാന്‍കാര്‍ക്ക് തലവേദനയുണ്ടാക്കി. ഡാനി ആല്‍വേസിന്‍െറ ക്രോസില്‍ ഫ്രെഡിന് ഗോളടിക്കാനുള്ള മികച്ച അവസരം ഇതിനിടെ നഷ്ടമായി. ഇടവേളക്ക് മൂന്നു മിനിറ്റ് മുമ്പ് ഫ്രെഡിന്‍െറ ഗോളെന്നുറച്ച ഷോട്ട് ജപ്പാന്‍ ഗോളി രക്ഷപ്പെടുത്തി.
 കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ പിറന്നെങ്കിലും പിന്നീട് ബ്രസീലിന്‍െറ പ്രകടനത്തില്‍ കാണികള്‍ക്ക് നിരാശയുണ്ടായിരുന്നു. ഈ നിരാശയെ കഴുകിക്കളയുന്നതായിരുന്നു മഞ്ഞപ്പടയുടെ രണ്ടാം ഗോള്‍. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിലായിരുന്നു രണ്ടാംഗോള്‍. ഡാനി ആല്‍വേസിന്‍െറ കൃത്യമായ പാസില്‍ നിന്ന് പൗളിഞ്ഞോയുടെ വലംകാലന്‍ ഷോട്ട് ജപ്പാന്‍ ഗോളിയുടെ കൈയ്യകലത്തിലുടെ വലയിലത്തെി. പിന്നീട് ഗോളിയുടെ മികവാണ് രണ്ടു തവണ ആതിഥേയര്‍ക്ക് തുണയായത്. 74ാം മിനിറ്റില്‍ നെയ്മര്‍ കളംവിട്ടു. ലൂകാസ് മൗറ പകരമത്തെി.
ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ ജയിക്കാനുറച്ച് ഇറ്റലി ഇന്ന് മെക്സികോയെ നേരിടും.

ബിജുവിന്റെ കൂടെയുണ്ടായിരുന്നത് ശാലുമേനോനും അമ്മയുമാണെന്ന്

Posted: 15 Jun 2013 10:21 PM PDT

Image: 

തൃശൂര്‍: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് രക്ഷപ്പെട്ട ദിവസം നടി ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പൊലീസ്.

സരിത പിടിയിലായ വിവരം ബിജു അറിയുന്നത് തൃശൂരിലെ ഹോട്ടലില്‍ വെച്ചാണ്. ഡോ. ബിജു എന്ന പേരിലാണ് ഇവിടെ മുറിയെടുത്തിരുന്നത്. സരിത അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ ബിജു തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

അതിനിടെ മകള്‍ നൃത്തപരിപാടിക്കായി തൃശ്ശൂരിലേക്ക് പോകുന്നവഴി ബിജു ഫോണില്‍ ബന്ധപ്പെടുകായിരുന്നെന്ന് ശാലുമേനോന്റെ അമ്മപറയുന്നു. തന്നെക്കൂടി കൂട്ടുമോയെന്ന് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്നാണ് എറണാകുളത്തുനിന്ന് ബിജുവിനെ കാറില്‍ കയറ്റിയതെന്നും അവര്‍ പറഞ്ഞു. യാത്രക്കിടെ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വന്നുള്ള പരിചയമാണ് ബിജുവുമായി അടുപ്പിച്ചത്. തുടര്‍ന്ന് നൃത്ത സ്‌കൂളിന്റെ പ്രമോട്ടറായി അയാള്‍ സ്വയം മുന്നോട്ടു വന്നു സഹായിക്കുകയായിരുന്നുവെന്നും ശാലുവിന്റെ അമ്മ പറഞ്ഞു.

അതേസമയം ബിജു രാധാകൃഷ്ണനെ പിടികൂടാന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. ആറ് ഡി.വൈ.എസ്.പിമാരാണ് സംഘത്തിലുള്ളത്. സോളാര്‍തട്ടിപ്പുകേസുകള്‍ മുഴുവന്‍ ഈ അന്വേഷണസംഘത്തിന്റെ പരിധിയില്‍വരും. കെ.എസ്.ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതലയോഗമാണ് സംഘത്തെ നിയോഗിച്ചത്്.

 

ഖത്തര്‍ സ്വദേശിയും ഭാര്യയും സൗദി മരുഭൂമിയില്‍ അപകടത്തില്‍ മരിച്ചു

Posted: 15 Jun 2013 10:03 PM PDT

Image: 
ദോഹ: സൗദി അറേബ്യയിലെ റുബ്ഉല്‍ ഖാലി മരുഭൂമിയില്‍ കാര്‍ മറിഞ്ഞ് ഖത്തര്‍ സ്വദേശിയും ഭാര്യയും മരിച്ചതായി അല്‍ ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 
ബത്ത്ഹ പ്രദേശത്തെ സൗദി അതിര്‍ത്തി സുരക്ഷ ഉദ്യോഗസ്ഥന് സൗദിയില്‍ താമസിക്കുന്ന ഖത്തര്‍ സ്വദേശിയില്‍ നിന്ന് ലഭിച്ച ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തന്‍െറ ബന്ധുവിനെയും ഭാര്യയേയും കാണാനില്ലെന്നും കാറില്‍ മരുഭൂമിയിലേക്ക് പോയതാണെന്നുമായിരുന്ന സന്ദേശം. 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബത്ത്ഹാ അതിര്‍ത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ജീപ്പ് മറിഞ്ഞു കിടക്കുന്നതായും സമീപത്ത് സ്ത്രീയുടെ മൃതശരീരവും കണ്ടതെന്ന് കേണല്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍ ആര്‍ക്കൂബി പറഞ്ഞതായി അല്‍ ശര്‍ക് റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത കാറ്റിനിടയിലും  സൗദി നേവി വിഭാഗം നടത്തിയ തെരച്ചിലിനൊടുവില്‍ സംഭവസ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ മണലില്‍ ഭര്‍ത്താവിന്‍െറ മൃതശരീരം വ്യാഴാഴ്ച കണ്ടെത്തിയതായി സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്തയില്‍ പറയുന്നു. റുബ്ഉല്‍ ഖാലി മരുഭൂമി ഏറെ അപകടം പിടിച്ചതാണെന്നും അവിടേക്ക് പോകുന്നവര്‍ വെള്ളം, ഭക്ഷണം എന്നിവക്ക് പുറമേ അത്യവശ്യത്തിന് പുറംലോകത്തോട് ബന്ധപ്പെടുവാനുള്ള സംവിധാങ്ങള്‍ കൂടെ കരുതണമെന്നും കേണല്‍ ആര്‍ക്കൂബി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ചൂടു കൂടുന്നു: വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

Posted: 15 Jun 2013 09:59 PM PDT

Image: 
മസ്കത്ത്: വേനല്‍ ചൂട് കഠിനമാകുന്നതോടെ വാഹനാപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. കടുത്ത ചൂടുള്ള ദിവസങ്ങളില്‍ വാഹനങ്ങളുടെ ബാറ്ററി, കൂളിങ് സിസ്റ്റം, ടയറുകള്‍ എന്നിവ കേടുവരാന്‍ സാധ്യതയുണ്ട്. ചൂടു കാലത്ത് ടയറുകള്‍ പൊട്ടിയും മറ്റും വാഹനങ്ങള്‍ മറിയാനും തീപിടിക്കാനുമുള്ള സാധ്യത കൂടുതലാണ്. ചൂട് പിടിച്ച് ടയറുകള്‍ പൊട്ടി അപകടങ്ങളുണ്ടാവുന്ന സംഭവങ്ങള്‍ ഒമാനില്‍ വര്‍ധിക്കുകയാണ്. 
എണ്ണടാങ്കിന്‍െറ കേട്പാട് മൂലം ഇന്ധന ചോര്‍ച്ചയുണ്ടാവുകയും അത് വഴി വാഹനത്തിന് തീപിടിക്കുന്ന സംഭവങ്ങളും നിരവധിയാണ്. അതിനാല്‍ വേനല്‍ കാലത്ത് വാഹനത്തിന്‍െറ ബ്രേക്ക്, ടയര്‍ തുടങ്ങിയ ഭാഗങ്ങള്‍ സ്ഥിരമായി പരിശോധന നടത്തണമെന്ന് പൊലീസ് അധികൃതര്‍ ആവശ്യപ്പെട്ടു. സ്ഥിരമായ പരിശോധന വേനല്‍ക്കാല അപകടങ്ങള്‍ കുറക്കാന്‍ സഹായിക്കും.
അപകടങ്ങള്‍ കുറക്കുന്നതിനുള്ള ശ്രമത്തിന്‍െറ ഭാഗമായി ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് കമ്പനി ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ പരിശീലന ക്ളാസുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘ ദുര യാത്ര നടത്തുന്ന വാഹനങ്ങള്‍ ശരിയായ പരിശോധന നടത്തിയില്ലെങ്കില്‍ അപകട സാധ്യത വര്‍ധിപ്പിക്കും. ചൂട് സമയത്ത് വാഹനങ്ങളുടെ റേഡിയേറ്റര്‍ ശരിയായി പരിശോധിക്കണം. ബാറ്ററിക്കുള്ളിലെ ലായനി പുറത്ത് വരുന്നത് അപകടമുണ്ടാക്കും. അതിനാല്‍ കൃത്യമായി പരിശോധന നടത്തി ബാറ്ററിയുടെ ചാര്‍ജ്ജിങ് കഴിവ് ഉറപ്പ് വരുത്തണമെന്ന് ബാറ്ററി കമ്പനികളും ആവശ്യപ്പെടുന്നു. ബാറ്ററിയൂടെ മുകള്‍ ഭാഗത്തുള്ള മാലിന്യങ്ങളും മറ്റും ചുറ്റുമുള്ള വയറുകളെ കേടുവരുത്താനും അത് തീപിടിത്തമുണ്ടാക്കാനും കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. 
മതിയായ സുരക്ഷ പാലിക്കാതെ ചില വസ്തുക്കള്‍ വാഹനത്തില്‍ സൂക്ഷിക്കുന്നതും തീപിടിത്തമുണ്ടാക്കും. പെയ്ന്‍റ്, എയര്‍ഫ്രഷ്നസുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. വാഹനമോടിക്കുമ്പോള്‍ ചൂട് മാപിനി ശ്രദ്ധിക്കുകയും സൂചകം ഉയരുമ്പോള്‍ പരിശോധന നടത്തുകയും വേണം.
തീപിടിത്തമുണ്ടവുമ്പോള്‍ വാഹനമോടിക്കുന്നവര്‍ പരിഭ്രാന്തരാകരുതെന്നും റോഡില്‍ നിന്ന് മാറ്റി വാഹനം സുരക്ഷിതമായി പാര്‍ക് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കി തീയണക്കാന്‍ ശ്രമിക്കണം. വാഹനത്തിലെ തീക്കെടുത്താനുള്ള സംവിധാനം പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

 

ജിദ്ദയില്‍ തീപിടിത്തം: 11 ഗോഡൗണുകള്‍ കത്തിനശിച്ചു

Posted: 15 Jun 2013 09:54 PM PDT

Image: 
ജിദ്ദ: വ്യവസായമേഖലയിലെ അല്‍ഖുംറയില്‍ വിവിധയിനം രാസവസ്തുക്കളും പെയിന്‍റുമടക്കമുള്ള വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിനു തീപിടിച്ച് വന്‍ നാശനഷ്ടം. അഗ്നിബാധയില്‍ 11 ഗോഡൗണുകള്‍ നിശ്ശേഷം കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തം ശനിയാഴ്ച ഉച്ചയോടെയാണ് അണക്കാന്‍ കഴിഞ്ഞത്. സിവില്‍ ഡിഫന്‍സിന്‍െറ 25 യൂണിറ്റുകളെത്തി മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് തീയണച്ചത്. ഖുംറയിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകളോളം പുകപടലങ്ങള്‍ നിറഞ്ഞു. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ വ്യാപിക്കാതിരിക്കാന്‍ സിവില്‍ ഡിഫന്‍സ് നടത്തിയ രക്ഷാപ്രവര്‍ത്തനം സഹായിച്ചെന്നും  മക്ക പ്രവിശ്യ ഡിഫന്‍സ് വക്താവ് സഈദ് സര്‍ഹാന്‍ പറഞ്ഞു.  
 

അമേരിക്കന്‍ അംബാസഡര്‍ക്കെതിരായ ഒപ്പ് ശേഖരണം ശക്തമാക്കണം: ശൈഖ് അബ്ദുല്ലത്തീഫ്

Posted: 15 Jun 2013 09:49 PM PDT

Image: 
മനാമ: അമേരിക്കന്‍ അംബാസഡര്‍ തോമസ് ക്രാജസ്കിയെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് നല്‍കാനുള്ള ഭീമഹരജിയില്‍ എല്ലാ പൊതുജനങ്ങളും ഒപ്പുവെക്കണമെന്ന് ദേശീയ ഐക്യ സമിതി ചെയര്‍മാന്‍ ശൈഖ് അബ്ദുല്ലത്തീഫ് ആല്‍മഹ്മൂദ് ആവശ്യപ്പെട്ടു. അറബിയിലും ഇംഗ്ളീഷിലുമാണ് ഒബാമക്കുള്ള അപേക്ഷ തയാറാക്കിയിട്ടുള്ളത്. ബഹ്റൈനിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്യമായ മാറ്റം പ്രകടമാണ്. പുറമെ നിന്നുള്ള ഗൂഢാലോചനകള്‍ തിരിച്ചറിയാനും അവ പ്രതിരോധിക്കാനും ജനങ്ങള്‍ ആര്‍ജവം കാണിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമ-ഭരണവാഴ്ച്ചയെ സംരക്ഷിക്കുന്നതിനും ദേശീയ ഐക്യം നിലനിര്‍ത്തുന്നതിനും ഒറ്റക്കെട്ടായി നീങ്ങാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധം വേണമെന്നാണ് ജനങ്ങള്‍ താല്‍പര്യപ്പെടുന്നത്. വഞ്ചകരുടെയും കുഴപ്പകാരികളുടെയും കൈകളില്‍ രാജ്യം അകപ്പെട്ട് പോകാതിരിക്കാന്‍ തങ്ങളുടെ രാഷ്ട്രീയ ബോധം ശക്തമാക്കി നിലനിര്‍ത്തുന്നതില്‍ ജനങ്ങള്‍ ഔസുക്യം കാണിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും യൂറോപ്യന്‍ രാജ്യങ്ങളും ബഹ്റൈനെ പല രൂപത്തില്‍ കബളിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. പല അന്താരാഷ്ട്ര വേദികളുടെയും മറ പിടിച്ചുകൊണ്ട് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താനും ചിലര്‍ തയാറാകുന്നു. അന്താരാഷ്ട്ര കരാറുകളുടെ വെളിച്ചത്തില്‍ ബഹ്റൈനെതിരെ പല തരത്തിലുള്ള ആരോപണങ്ങളുന്നയിക്കുവാനും ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍, ഇത്തരം ഗൂഢാലോചനകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 

ബിജുവിന്റെ വീട്ടിലും സോളാറിന്റെ ഓഫീസുകളിലും വ്യാപക റെയ്ഡ്

Posted: 15 Jun 2013 09:49 PM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കര കുളക്കടയിലുള്ള വീട്ടിലും ടീം സോളാറിന്റെ വിവിധ ഓഫീസുകളിലും പൊലീസ് റെയ്ഡ് നടത്തുന്നു. കൊട്ടാരക്കരയില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബിജുവിന്റെ വീട്ടില്‍ അമ്മ രാജമ്മാള്‍ മാത്രമാണ് ഇപ്പോള്‍ താമസിക്കുന്നത്. കേസിലെ പ്രതി സരിത എസ്. നായര്‍ തന്നെയും പറ്റിച്ചെന്ന് രാജമ്മാള്‍ പറഞ്ഞു. വീടിന്റെ ജപ്തി ഭീഷണി ഒഴിവാക്കിതരമാമെന്നുപറഞ്ഞ് ഒരു ലക്ഷം രൂപവാങ്ങി. പിന്നീട് സരിതയെ കണ്ടിട്ടില്ലെന്നും പണംകൊടുത്തതിന് തെളിവുണ്ടെന്നും അവര്‍ പറഞ്ഞു.

ടീം സോളാറിന്റെ കൊച്ചി, കല്‍പ്പറ്റ, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ഓഫീസുകളിലും സരിതയുടെ തൃപ്പൂണിത്തുറയിലുള്ള ഓഫീസിലും റെയ്ഡ് നടക്കുകയാണ്. തൃപ്പൂണിത്തുറയില്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
 

അല്‍ഐന്‍ ശരീക്കാത്തില്‍ വന്‍ തീപിടിത്തം; മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

Posted: 15 Jun 2013 09:45 PM PDT

Image: 
അല്‍ഐന്‍: അല്‍ഐന്‍െറ വ്യവസായ മേഖലയായ ശരീക്കാത്തില്‍ വന്‍ തീപിടിത്തം. ശരീക്കാത്ത് മുനിസിപ്പാലിറ്റി ക്യാമ്പിന് സമീപമുള്ള മൂന്ന് വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. ഫര്‍ണിച്ചര്‍, അലൂമിനിയം, കോണ്‍ട്രാക്റ്റിങ് കമ്പനികളുടെ വെയര്‍ഹൗസുകളാണ് കത്തിനശിച്ചത്. ഇതിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും ചാരമായിട്ടുണ്ട്. മണിക്കൂറുകളെടുത്താണ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീകെടുത്തുന്നതിനിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട സിവില്‍ ഡിഫന്‍സ് ജീവനക്കാരനെ അല്‍ഐന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 
ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടിത്തം. ഓപറേഷന്‍സ് റൂമില്‍ 2.48ന് വിവരം ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചതായി അല്‍ഐന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ റാശിദ് ഹമര്‍ ഐന്‍ അല്‍ ദര്‍മാകി പറഞ്ഞു. അല്‍ഐന്‍ ടൗണ്‍ സെന്‍റര്‍, അല്‍ സാഹിറ, സനാഇയ, സാഖിര്‍, അല്‍ അഖബിയ, മസിയാദ്, ജിമി തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ യൂനിറ്റുകള്‍ തീയണക്കലിന് നേതൃത്വം നല്‍കി. അടുത്തുള്ള വെയര്‍ഹൗസുകളിലേക്ക് തീ പടരാതിരിക്കാന്‍ ഇവര്‍ മുന്‍കരുതലെടുത്തു. മൂന്നര മണിക്കൂറോളമെടുത്താണ് തീയണച്ചത്. തീപിടിത്തത്തിന്‍െറ കാരണത്തെക്കുറിച്ചറിയാന്‍ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതേ മേഖലയില്‍ ഒരാഴ്ച മുമ്പ് മറ്റൊരു തീപിടിത്തം ഉണ്ടായിരുന്നു.  
തീപിടിത്തം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ദര്‍മാകി വെയര്‍ഹൗസ് ഉടമകളോട് ആവശ്യപ്പെട്ടു. സ്വിച്ചുകളും ഇലക്ട്രിക് വയറുകളും പരിശോധനക്ക് വിധേയമാക്കി സുരക്ഷിതത്വം ഉറപ്പാക്കണം. ചൂടുകാലത്ത്, പ്രത്യേകിച്ച് രാത്രിയില്‍ തീപിടിത്തത്തിന് സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP