സ്വാഗതം
WELCOME

News Update..

Monday, June 24, 2013

ക്രിയാത്മക ഭാവിക്കായി ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കും -ജോണ്‍ കെറി Madhyamam News Feeds

ക്രിയാത്മക ഭാവിക്കായി ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കും -ജോണ്‍ കെറി Madhyamam News Feeds

Link to

ക്രിയാത്മക ഭാവിക്കായി ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കും -ജോണ്‍ കെറി

Posted: 24 Jun 2013 12:03 AM PDT

Image: 
ന്യൂദല്‍ഹി: ക്രിയാത്മക ഭാവിക്കായി ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ന്യുദല്‍ഹിയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരു രാജ്യങ്ങളും പൊതുവായി നേരിടുന്ന സാമ്പത്തികം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍  കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മൂന്നു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി ദല്‍ഹിയിലെത്തിയ അദ്ദേഹം ഇന്ത്യ ഹാബിറ്റാറ്റ് സെന്‍്ററില്‍ സംസാരിക്കവെയാണ് ഇങ്ങനെ പ്രസ്താവിച്ചത്. തുടര്‍ന്ന്, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 
 
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും പഴയ ജനാധിപത്യ രാജ്യവും കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ശക്തമായ ഫലമാണ് ഉണ്ടാവുക. ഒന്നും ഒന്നും ചേര്‍ന്ന് പതിനൊന്നാകുമെന്ന ( ഏക് ഓര്‍ ഏക് ഗ്യാരഹ് ഹോതാ ഹൈ) പഴഞ്ചൊല്ല് ഉദ്ധരിച്ചഅദ്ദേഹം ഭാവിതലമുറയെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇരുരാജ്യങ്ങള്‍ക്കുമെന്നും അഭിപ്രായപ്പെട്ടു.
 
ഹിലരി ക്ളിന്‍്റനില്‍ നിന്ന് അഞ്ചു മാസം മുമ്പ് വിദേശകാര്യ സെക്രട്ടറി സ്ഥാനമേറ്റടെുത്ത കെറി ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ബറാക് ഒബാമ രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലേക്കുള്ള ആദ്യത്തെ യു.എസ് ഉന്നതതല സന്ദര്‍ശനം കൂടിയാണിത്.
 
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങുമായും കെറി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധ രംഗത്തെ സഹകരണം, ആണവബാധ്യതാ ബില്‍ എന്നിവയായിരിക്കും നേതാക്കളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന പ്രധാനവിഷയങ്ങള്‍.  ഇന്ത്യാ-പാക് ബന്ധം, അഫ്ഗാനില്‍നിന്ന് യു.എസ് സേനയുടെ പിന്മാറ്റം തുടങ്ങിയ മേഖലയിലെ മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.

സബ്സിഡി വേണ്ട, സിലിണ്ടര്‍ മതിയെന്ന് ഉപഭോക്താക്കള്‍

Posted: 23 Jun 2013 10:30 PM PDT

തിരുവല്ല: സബ്സിഡി കിട്ടിയില്ലെങ്കിലും ഗ്യാസ് സിലിണ്ടര്‍ തന്നാല്‍മതിയെന്ന് ഉപഭോക്താക്കള്‍. തിരുവല്ല വൈ.എം.സി.എ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഏജന്‍സിയില്‍ രാവിലെ ഏഴുമുതല്‍ ക്യൂ നിന്ന വീട്ടമ്മമാരുടെ ആവശ്യമാണിത്. ശനിയാഴ്ചയും തിരുവല്ലയില്‍ പാചക വാതക സിലിണ്ടര്‍ വിതരണം തടസ്സപ്പെട്ടു.
കമ്പ്യൂട്ടര്‍ തകരാറിന്‍െറ പേരില്‍ ഗ്യാസ് ഏജന്‍സി ഉപഭോക്താക്കളില്‍നിന്ന് 830  മുതല്‍ 1000 രൂപാ വരെ ഈടാക്കിയിരുന്നത് ഏറെ വിവാദമായിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഉപഭോക്താക്കളില്‍നിന്ന് കൂടുതലായി വാങ്ങിയ പണം ഏതാനും ഉപഭോക്താക്കള്‍ക്ക് പരാതിയെ തുടര്‍ന്ന് തിരികെ കൊടുത്തുതുടങ്ങി. 
കമ്പ്യൂട്ടര്‍ പ്രവര്‍ത്തന സജ്ജമായെങ്കിലും ശനിയാഴ്ച ഉച്ചവരെ പണം അടച്ച് രസീത് നല്‍കിയവര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ലഭിച്ചില്ല. ഗ്യാസ്  സബ്സിഡി ബാങ്കിലൂടെ ലഭിക്കാന്‍ ആയിരത്തിലേറെ രൂപാ കൊടുത്ത് രജിസ്റ്റര്‍ ചെയ്തെങ്കിലും സബ്സിഡി പണം ബാങ്കില്‍ എത്തുന്നില്ലെന്ന പരാതിയുമായി ഒരുപറ്റം ഉപഭോക്താക്കളെത്തി. ആധാര്‍ കാര്‍ഡ് ലഭിക്കാത്തത് മൂലം രജിസ്ട്രേഷന്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് 430 രൂപക്ക് തന്നെ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്തത് ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. പ്രതികൂല കാലാവസ്ഥയില്‍ വിറക് ലഭ്യമല്ലാത്തതും വിറക് ഉള്ളത് തീ കത്താത്ത സ്ഥിതിയിലുമായതിനാലാണ് ഏതാനും  ഉപഭോക്താക്കള്‍ സബ്സിഡി കിട്ടിയില്ലെങ്കിലും ഗ്യാസ് സിലിണ്ടര്‍ മതിയെന്ന് ആവശ്യപ്പെടാന്‍ ഇടയായത്.ഗ്യാസ് സിലിണ്ടര്‍ ബുക് ചെയ്യാന്‍ ഏജന്‍സിയില്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന ആക്ഷേപവും വ്യാപകമാണ്. ബുക് ചെയ്യേണ്ടവര്‍ ഗ്യാസ് ഏജന്‍സിയില്‍ നേരിട്ടെത്തി ഏജന്‍സിയുടെ തൊട്ടടുത്തുള്ള കടയില്‍ ബുക് ചെയ്താല്‍ മാത്രമേ 20 ദിവസത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുകയുള്ളൂവെന്നും ഉപഭോക്താക്കള്‍ പറയുന്നു.
 ശനിയാഴ്ച പണം വാങ്ങി രസീത് നല്‍കിയെങ്കിലും ഗ്യാസ് സിലിണ്ടര്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും തിങ്കളാഴ്ച ഉപഭോക്താക്കള്‍ ഏജന്‍സിയില്‍ എത്തി പുതിയ നമ്പര്‍ വാങ്ങിവേണം സിലിണ്ടര്‍ കൈപ്പറ്റേണ്ടതെന്ന നിര്‍ദേശവും  ഉപഭോക്താക്കളെ ദുരിതത്തിലാക്കി.

കുമളി-ലോവര്‍ ക്യാമ്പ ് പാത അപകട ഭീതിയില്‍

Posted: 23 Jun 2013 10:24 PM PDT

കുമളി: മഴ ശക്തമായതോടെ കൊല്ലം -തേനി ദേശീയ പാതയില്‍ ഉള്‍പ്പെട്ട കുമളി മുതല്‍ തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്പ് വരെയുള്ള റോഡ് അപകട ഭീതി ഉയര്‍ത്തുന്നു. കുമളി മുതല്‍ ലോവര്‍ ക്യാമ്പ് വരെയുള്ള ആറ്് കി.മീ. മലമ്പാത വീതികുറഞ്ഞതും വളവുകള്‍ ഏറെയുള്ളതുമാണ്. റോഡിന്‍െറ ഇരുവശത്തുമുള്ള മരങ്ങളും മണ്ണും പാറയും ശക്തമായ മഴവെള്ളപ്പാച്ചിലില്‍ റോഡിലേക്ക് മറിഞ്ഞുവീഴുന്നതും ഒഴുകിയെത്തുന്നതുമാണ് ഇതുവഴിയുള്ള ഗതാഗതത്തിന് ഭീഷണിയാകുന്നത്. 
മഴ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു പ്രാവശ്യമാണ് മരവും മണ്ണും വീണ് പാത സ്തംഭിച്ചത്. മണിക്കൂറുകളോളം ഇരു ഭാഗത്തേക്കുമുള്ള വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.  പാതയുടെ സുരക്ഷക്കായി നിര്‍മിച്ച ഭിത്തികളും റോഡിന്‍െറ വശങ്ങളിലെ കലുങ്കുകളും സിമന്‍റിന് പകരം മണ്ണ് ഉപയോഗിച്ചാണ് പല ഭാഗത്തും നിര്‍മിച്ചത്. ഇതുമൂലം മഴക്കാലത്ത് ഇത്തരം നിര്‍മാണങ്ങള്‍ വേഗത്തില്‍ തകരുന്നത് പതിവ് സംഭവമാണ്. 
ദേശീയപാത അധികൃതര്‍ തേനി മുതല്‍ ലോവര്‍ ക്യാമ്പ് വരെ റോഡ് വീതികൂട്ടി വിവിധ നിര്‍മാണപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും കുമളി-ലോവര്‍ ക്യാമ്പ് റോഡ് ഇപ്പോഴും പഴയ നിലയിലാണ്. ഇരുവശത്തും വനഭൂമിയായതിനാല്‍ ഈ ഭാഗത്ത് വീതികൂട്ടല്‍ ജോലി വേഗത്തിലാക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല. 
ദിവസങ്ങള്‍ക്ക് മുമ്പ് പാതയിലേക്ക് വന്‍ തോതില്‍ മണ്ണ് ഇടിഞ്ഞുവീണപ്പോഴും മരം വീണ സന്ദര്‍ഭത്തിലും ഇതുവഴി നിരവധി വാഹനങ്ങള്‍ കടന്നുപോയിരുന്നു. ഡ്രൈവര്‍ നിര്‍ത്തിയിരുന്നില്ലെങ്കില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിന്‍െറ മുകളിലേക്ക് മരം വീഴുമായിരുന്നു. 

കൊല്ലത്ത് 5.74 കോടിയുടെ നാശനഷ്ടം

Posted: 23 Jun 2013 10:20 PM PDT

കൊല്ലം: ജില്ലയില്‍ ദിവസങ്ങളായി പെയ്യുന്ന കനത്തമഴയില്‍ വ്യാപകനഷ്ടം. ജൂണ്‍ ഒന്നുമുതല്‍ 23 വരെയുള്ള കണക്കുപ്രകാരം 5,74,37950 രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ ഇതുവരെ 14  വീടുകള്‍ പൂര്‍ണമായും 186 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
14  വീടുകള്‍ക്ക് മാത്രം 11,68000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഭാഗികമായി 186 വീടുകള്‍ തകര്‍ന്ന വകയില്‍ 17,30000 രൂപയുടെ നഷ്ടമാണുള്ളത്. ഞായറാഴ്ച മാത്രം 25 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പേരയം, പുത്തൂത്തടം, കരിക്കുഴി, ഇടക്കര, കാഞ്ഞിരംകോട്, കൊറ്റംങ്കര, കല്ലുവാതുക്കള്‍ എന്നിവിടങ്ങളിലാണ് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. മണ്‍റോതുരുത്ത് മേഖലയില്‍ ഇന്നലെ മാത്രം രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കരുനാഗപ്പള്ളിയില്‍ ഇന്നലെ ഒരു കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
ജൂണ്‍ ഒന്നുമുതലുള്ള കണക്കനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ വന്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യുന്നു. 97,72500 രൂപയുടെ കൃഷിനാശമാണ് ഇത്തവണയുണ്ടായിട്ടുള്ളത്. 1210 കര്‍ഷകര്‍ക്കാണ് ജില്ലയില്‍ കാലാവര്‍ഷക്കെടുതി നഷ്ടം വരുത്തിവെച്ചത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ റോഡ് തകര്‍ന്ന്  3,50,00000 രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 97,00000 രൂപയുടെ  നഷ്ടമാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബിക്കുണ്ടായത്. ജില്ലയില്‍ ഇതുവരെ 11 കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഈ വകയില്‍ 56,200 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആറ് തൊഴുത്തുകളും (11,250 രൂപ നഷ്ടം) മഴയിലും കാറ്റിലും തകര്‍ന്ന് വീണിട്ടുണ്ട്.
ജില്ലയില്‍ ഞായറാഴ്ചയും മഴ ശക്തമായി തുടര്‍ന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നഗരത്തിലെ ഉള്‍പ്പെടെ കോളനികളില്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതെ കെട്ടിനില്‍ക്കുകയാണ്. പടിഞ്ഞാറന്‍മേഖലയില്‍ കടല്‍കയറ്റവും രൂക്ഷമായി തുടരുന്നു.
 

തിരുവനന്തപുരത്ത് 40 വീടുകള്‍ തകര്‍ന്നു; രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Posted: 23 Jun 2013 10:20 PM PDT

തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതിയില്‍ 40 വീടുകള്‍ തകര്‍ന്നു.നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഇനിയും കൂടുതല്‍ നാശനഷ്ടം ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നു.  മലയോര-തീരമേഖലയിലെല്ലാം  മഴയുടെ ഭാഗമായുള്ള നാശനഷ്ടങ്ങള്‍ വര്‍ധിച്ചു. ഞായറാഴ്ച ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ചിറയിന്‍കീഴ് താലൂക്കിലാണ് ഇവ രണ്ടും. അഞ്ചുതെങ്ങ് സെന്‍റ്ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, മേല്‍വെട്ടൂര്‍ വിളബ്ഭാഗം ആശാന്‍ മെമ്മോറിയല്‍ ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.
മല്‍സ്യബന്ധനമേഖലയിലുള്ള കുടുംബങ്ങളെയാണ് ഇവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.  തീരം കടലെടുത്തതോടെ ഇവരില്‍ പലരുടെയും  പാര്‍പ്പിടങ്ങള്‍ തകരുകയോ തകര്‍ച്ചാഭീഷണി നേരിടുകയോ ചെയ്യുന്നുണ്ട്. അഞ്ചുതെങ്ങില്‍ 50 കുടുംബങ്ങളും 150 അംഗങ്ങളും മേല്‍വെട്ടൂരില്‍ 11 കുടുംബങ്ങളും 70 അംഗങ്ങളുമാണ് ക്യാമ്പിലുള്ളത്.

കാലവര്‍ഷം: ഹൈറേഞ്ചില്‍ വ്യാപക നാശം

Posted: 23 Jun 2013 10:19 PM PDT

അടിമാലി: ഹൈറേഞ്ചില്‍ വ്യാപക നാശം വിതച്ച് കാലവര്‍ഷം ശക്തമായി. മൂന്ന് ആദിവാസി കേന്ദ്രങ്ങള്‍ പുറം ലോകവുമായി ഒറ്റപ്പെട്ടു. 12 വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷി നാശമാണുണ്ടായത്. ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ മഴ കഴിഞ്ഞ മൂന്നുദിവസമായി ശക്തമായതോടെ കുറത്തികുടി, കള്ളകുട്ടികുടി,  ഇടമലക്കുടി എന്നിവയാണ് ഒറ്റപ്പെട്ടത്. കനത്ത മഴയില്‍ തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നതാണ് കുടികള്‍ ഒറ്റപ്പെടാന്‍ ഇടയാക്കിയത്. മൂന്നാര്‍ ടൗണടക്കം പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. കനത്ത മഴയില്‍ റോഡിന്‍െറ വശങ്ങള്‍ ഇടിഞ്ഞ് വീഴുന്നത് പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി. നാട്ടുകാരും പൊലീസും ശ്രമദാനമായിട്ടാണ് ഇപ്പോള്‍ തടസ്സപ്പെട്ട ഗതാഗതം പുന$സ്ഥാപിക്കുന്നത്. 
കൊന്നത്തടി പഞ്ചായത്തില്‍ മൂന്നിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി-മധുര ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് പലയിടങ്ങളും അപകടാവസ്ഥയിലാണ്. പൊറ്റാസ് വളവില്‍ കലുങ്കിന്‍െറ സംരക്ഷണ ഭിത്തി തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. ഇരുമ്പുപാലം 12ാം മൈല്‍ മുസ്ലിം പള്ളിക്ക് സമീപം മണ്ണ് ഇടിഞ്ഞ് കലുങ്കും അപകടാവസ്ഥയിലാണ്. കാലവര്‍ഷം കാര്‍ഷിക മേഖലയില്‍ കനത്ത നാശം വിതക്കുന്നുണ്ട്. പാവല്‍, വാഴ, കപ്പ, ഇഞ്ചി, ചേന തുടങ്ങിയ കാര്‍ഷിക വിളകള്‍ മഴയിലും കാറ്റിലും നശിച്ചു. ഏലത്തോട്ടങ്ങളില്‍ അഴുകല്‍ വ്യാപക നാശം വിതക്കുന്നുണ്ട്. 

ഫ്ളക്സ് ബോര്‍ഡുകള്‍ നിറഞ്ഞ് നഗരം

Posted: 23 Jun 2013 10:14 PM PDT

കൊച്ചി: നഗരത്തിലെ തിരക്കേറിയ റോഡുകളില്‍ ഒരുനിയന്ത്രണവുമില്ലാതെ നിറയുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു.  ഫ്ളക്സ് നിരോധിത മേഖലകളില്‍ പോലും പ്രതിദിനം നൂറുകണക്കിന് ബോര്‍ഡുകളാണ് ഉയരുന്നത്. ചിലയിടങ്ങളില്‍നിന്ന് നീക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും തീയതി കഴിഞ്ഞ നിരവധി പരസ്യ ഫ്ളക്സുകളിപ്പോഴുമുണ്ട്.
ഓരോ ദിവസം നൂറുക്കണക്കിന് ബോര്‍ഡുകളാണ് കൊച്ചി നിരത്തില്‍ പുതുതായി സ്ഥാപിക്കുന്നത്. കാല്‍നടക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നഗര ഹൃദയഭാഗത്ത് ഒരു മാനദണ്ഡങ്ങളും ഇല്ലാതെ റോഡിലേക്കു തള്ളി  അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി ഫ്ളക്സ് ബോര്‍ഡുകള്‍ ഉണ്ട്. നീക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ കോണ്‍വെന്‍റ് ജങ്ഷന് സമീപത്തെ പറമ്പില്‍ കൂട്ടിയിടുക മാത്രമാണ് ചെയ്യുന്നത്.
വിവിധ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ നേതാക്കന്മാര്‍ എം.എല്‍.എമാര്‍, മന്ത്രിമാരുടെയും ഫ്ളക്സ് ബോര്‍ഡുകളാണ് നഗരത്തില്‍  അധികവും. മത സംഘടനകളുടേയും വിദ്യാഭ്യാസ സ്ഥപാനങ്ങളുടെയും ഫ്ളക്സുകളും കുറവല്ല. നഗരത്തില്‍ നടക്കുന്ന പരിപാടികളുടെയും ആഘോഷങ്ങളുടെയും ബോര്‍ഡുകള്‍ വേറെ. കക്കൂസ് നിര്‍മിച്ച് നല്‍കിയത് മുതല്‍ കമ്പ്യൂട്ടര്‍ അനുവദിച്ചത് പരസ്യപ്പെടുത്തുന്ന ഫ്ളക്സുകളാണ് മറ്റൊന്ന്. പുതിയ സിനിമകള്‍ റിലീസാകുമ്പോള്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ സ്ഥാപിച്ച ഫ്ളക്സുകളാണ് മറ്റൊന്ന്. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ നീക്കേണ്ടത് നഗര സഭയാണ്. നഗരത്തില്‍ ഫ്ളക്സ്  സ്ഥാപിക്കണമെങ്കില്‍ നഗരസഭയുടെ അനുമതി വേണം. ഇതിന് അനുമതി നല്‍കേണ്ടതാകട്ടെ  ധനകാര്യ വിഭാഗമാണ്. അനുമതിയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നഗരസഭയുടെ സ്റ്റിക്കര്‍ പതിച്ചിരിക്കണം. എന്നാല്‍, നഗരത്തില്‍ ഇപ്പോഴുള്ള മിക്ക ഫ്ളക്സ് ബോര്‍ഡുകള്‍ക്കും ഇത്തരത്തിലുള്ള അനുമതി സ്റ്റിക്കര്‍ പതിച്ചിട്ടില്ല. ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നഗരസഭക്ക് പ്രത്യകേ സ്ക്വാഡുകളുണ്ടെങ്കിലും പ്രവര്‍ത്തനം ഇപ്പോള്‍ കാര്യക്ഷമമല്ല. 
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  ഫ്ളക്സ് വെക്കാനിടമില്ലാതെ വരുമ്പോഴാണത്രെ ഇവ ജീവനക്കാരുടെ നേതൃത്വത്തില്‍ നീക്കുന്നത്. ഫ്ളക്സ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന് പഠനങ്ങളുണ്ടെങ്കിലും അതൊന്നുമറിയാത്ത മട്ടിലാണ് അധികൃതര്‍. 
ദേശീയപാതകളിലും ഫുട്പാത്തുകളിലുമടക്കം നഗരത്തില്‍ പലയിടത്തും നിയമവിരുദ്ധമായാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പലയിടത്തും പരസ്യങ്ങള്‍ക്ക് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന ആക്ഷേപവുമുണ്ട്. 
ട്രാഫിക് അലൈന്‍മെന്‍റ്, നടപ്പാത, ട്രാഫിക് സൈന്‍ ബോര്‍ഡ്, ഗതാഗത തടസ്സമുണ്ടാക്കുന്ന സ്ഥലങ്ങള്‍, ടെലിഫോണ്‍ -വൈദ്യുതി പോസ്റ്റുകളില്‍ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നതിന് പുറമെ ഫ്ളക്സ് ബോര്‍ഡിനെച്ചൊല്ലി വിവിധ പാര്‍ട്ടികള്‍ തമ്മില്‍ സംഘട്ടനം പതിവാണ്. 
മിക്ക ബോര്‍ഡുകളും റോഡിലേക്ക് ഇറക്കിയാണ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ എതിര്‍വശത്തുനിന്നുവരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും  അപകടത്തിനിടയാക്കുന്നുണ്ട്. പരിപാടിക്ക് മാസങ്ങള്‍ക്ക് മുമ്പാണ് പലരും നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കൂടാതെ പരിപാടി കഴിഞ്ഞാല്‍ ഇവ തിരികെ എടുക്കാറില്ല. പിന്നീട് അതെ സ്ഥലത്ത് സ്ഥാപിക്കാന്‍ വരുന്നവര്‍ നിലവിലുള്ളതിളക്കി റോഡരികില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. 
പരിപാടിക്ക് നാലുദിവസം മുമ്പ് മാത്രം ബോര്‍ഡുകള്‍ സ്ഥാപിക്കുക, പരിപാടി കഴിഞ്ഞാല്‍ ഒരു ദിവസത്തിനകം എടുത്തുമാറ്റുക, റോഡിലെ വളവുകള്‍, തിരക്കേറിയ മറ്റുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കാതിരിക്കുക എന്നീ കര്‍ശന നിര്‍ദേശങ്ങള്‍ ചെറിയ നഗര സഭകളില്‍ പോലും നടപ്പാക്കുമ്പോഴാണ് കേരളത്തിലെ  ഏറ്റവും വലിയ നഗരത്തില്‍ ഒരു വിലക്കുമില്ലാതെ ഫ്ളക്സുകള്‍ സ്ഥാപിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡ് നിരോധിച്ചെങ്കിലും ഹൈകോടതി അത് റദ്ദാക്കുകയായിരുന്നു.
 

മഴക്കെടുതി ജില്ലയില്‍ 20 ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു

Posted: 23 Jun 2013 10:09 PM PDT

ആലപ്പുഴ: മഴയും വെള്ളപ്പൊക്കവും ദുരിതം വിതക്കുന്ന ജില്ലയില്‍ 20 ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു. അമ്പലപ്പുഴ താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. ഇതോടെ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. വിവിധ താലൂക്കിലായി 120 ക്യാമ്പാണ് ഇപ്പോള്‍ ഉള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ക്യാമ്പുകളിലേക്ക് മാറാന്‍ മടിച്ചിരുന്നവര്‍ ഇപ്പോള്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടുതലായി ക്യാമ്പുകളില്‍ എത്തുന്നത്. 
കുട്ടനാട്ടിലാണ് പ്രളയം ഏറെ നാശം വിതക്കുന്നത്. എന്നാല്‍, വളര്‍ത്തുമൃഗങ്ങളെയും മറ്റും സംരക്ഷിക്കേണ്ടതിനാല്‍ കൂടുതല്‍ കുടുംബങ്ങളും ക്യാമ്പുകളിലേക്ക് മാറാന്‍ മടിച്ച് തട്ടുകെട്ടിയും മറ്റും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. നിരവധി കുടുംബം വീട് അടച്ചുപൂട്ടി നേരത്തേ തന്നെ ബന്ധുവീടുകളിലും മറ്റും അഭയം തേടുകയും ചെയ്തു. നിര്‍ത്താതെ തുടരുന്ന മുഴമൂലം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്. 
ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത് അമ്പലപ്പുഴ താലൂക്കിലാണ്. ആറ് ക്യാമ്പുകൂടി തുറന്നതോടെ താലൂക്കില്‍ മാത്രം 41 എണ്ണമായി . കുട്ടനാട് താലൂക്കില്‍ ഞായറാഴ്ച  ആറ് പുതിയ ക്യാമ്പുകൂടി തുറന്നതോടെ 34 എണ്ണമായി. ചേര്‍ത്തല താലൂക്കില്‍ 32 ഉം മാവേലിക്കരയില്‍ അഞ്ചും ചെങ്ങന്നൂരില്‍ ഒന്നും പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതിനായിരത്തിലധികംപേര്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നതായാണ് കണക്ക്.
ഞായറാഴ്ച കുട്ടനാട് താലൂക്കില്‍ രണ്ടു വീട് ഭാഗികമായും ഒരെണ്ണം  പൂര്‍ണമായും തകര്‍ന്നു. വേഴപ്ര കാര്‍ത്തികയില്‍ മോഹനപ്പണിക്കരുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. 1.68 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിന് മുകളില്‍ മരം വീണ് ഇയാളുടെ ഭാര്യക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജിലും ഒരു വീട് ഭാഗികമായി തകര്‍ന്നു. 
താമരക്കുളത്ത് ചത്തിയറ അനുസദനത്തില്‍ ശിവരാമപിള്ളയുടെ വീട് ഞായറാഴ്ച വൈകുന്നേരം ഭാഗികമായി തകര്‍ന്നു. മഴയെ തുടര്‍ന്ന് വീടിന്‍െറ അടുക്കള ഭാഗം പൂര്‍ണമായും തകരുകയായിരുന്നു. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ അത്യാഹിതമൊഴിവായി.
ചെന്നിത്തല പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശം വെള്ളക്കെട്ടിലായി. ശക്തമായ മഴയെ തുടര്‍ന്ന് പുഞ്ചപ്പാടശേഖരങ്ങളും തോടുകളും കരകവിഞ്ഞ് ഒഴുകി വെള്ളം റോഡിലേക്കും വീടുകളിലേക്കും കയറി. തൃപ്പെരുന്തുറ വില്ലേജില്‍ മാത്രം ആറ് ദുരിതാശ്വാസ ക്യാമ്പ്  തുറന്നിട്ടുണ്ട്. ഇവിടെ 350 കുടുംബമാണ് താമസിക്കുന്നത്. ഒന്നാംബ്ളോക് പാടശേഖത്തിലെ തേവര്‍കടവ് കോതവന്‍പാട്ട് മേച്ചാമ്പ് മോട്ടോര്‍തറ അപകട ഭീഷണിയിലായി. ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞ് മോട്ടോര്‍തറയുടെ അടിത്തറ കല്ലുകള്‍ പൂര്‍ണമായി തകര്‍ന്നു.

 

നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകും-എം.പി

Posted: 23 Jun 2013 10:09 PM PDT

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി ആക്ഷന്‍ കമ്മിറ്റി ബത്തേരിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. നിര്‍ദിഷ്ട റെയില്‍പാത കേവല സ്വപ്നമെന്ന തലത്തില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് മുന്നേറുകയാണെന്നും അതില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നിശ്ചയദാര്‍ഢ്യം അഭിനന്ദനീയമാണെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത എം.ഐ. ഷാനവാസ് എം.പി പറഞ്ഞു.
 ദല്‍ഹിയിലത്തെിയാലുടന്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് നിര്‍ദിഷ്ട റെയില്‍പാത അടിയന്തരമായി നടപ്പാക്കാന്‍ വേണ്ടതുചെയ്യും.
നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ലയണ്‍സ് ഹാളിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ശശി അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് ആമുഖപ്രസംഗം നടത്തി. ഗൂഡല്ലൂര്‍ എം.എല്‍.എ ദ്രാവിഡ മണി, കര്‍ണാടക മന്ത്രി മഹാദേവ പ്രസാദിന്‍െറ പ്രതിനിധിയും മൈസൂര്‍ ഡി.സി.സി സെക്രട്ടറിയുമായ ഡോ. അനില്‍ തോമസ്, എ. രാജു എം.പിയുടെ പ്രതിനിധി വിവേകാനന്ദ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എം. ജോര്‍ജ്, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, വിവിധ  പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത് സ്വാഗതവും അഡ്വ. പി.സി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റിയംഗങ്ങളായ ജോസ് കപ്യാര്‍മല, നാസര്‍ കാസിം, റാം മോഹന്‍, ഷംസാദ്, സി.എച്ച്. സുരേഷ്, മോഹന്‍ നവരംഗ് എന്നിവര്‍ നേതൃത്വം നല്‍കി.

‘ഓപറേഷന്‍’ മണ്‍സൂണ്‍; 476 വാഹനങ്ങള്‍ പിടികൂടി

Posted: 23 Jun 2013 10:07 PM PDT

കാസര്‍കോട്: ജില്ലയില്‍ മഴക്കാലത്തെ മോഷണവും മറ്റും തടയാന്‍  ആരംഭിച്ച ‘ഓപറേഷന്‍ മണ്‍സൂണ്‍’ പദ്ധതിയുടെ ഭാഗമായി 476 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 
സ്ഥിരം മോഷ്ടാക്കളുടെ പട്ടികയില്‍പെട്ട 42 പേരും മോഷണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 പേരും നിരീക്ഷണത്തിലാണെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍ അറിയിച്ചു.
അന്തര്‍ സംസ്ഥാന ബന്ധമുള്ള  കുപ്രസിദ്ധ മോഷ്ടാക്കളായ അബ്ദുല്‍ ബഷീര്‍, സിബി കാലയില്‍, ഷഹദ് റഹ്മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബേക്കല്‍, പള്ളിക്കര ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 1653 വാഹനങ്ങള്‍  രാത്രികാല പരിശോധനക്ക് വിധേയമാക്കി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം വാഹനങ്ങളുമായി ബന്ധപ്പെട്ട 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമീപകാലത്ത് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കള്‍, ജാമ്യത്തില്‍ വിട്ടയച്ചവര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍,ഒഴിഞ്ഞ കെട്ടിടങ്ങള്‍, ജ്വല്ലറികള്‍  തുടങ്ങിയ സ്ഥലങ്ങള്‍  നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസിനെ നിയോഗിച്ചു. 
ജില്ലയിലെ മുഴുവന്‍ സ്റ്റേഷന്‍ പരിധികളിലും എസ്.ഐമാരുടെ  നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്.  ട്രെയിനുകളിലെ   കവര്‍ച്ച തടയാന്‍ രാത്രിയിലും പുലര്‍ച്ചെയും പൊലീസ് പരിശോധന ശക്തമാക്കി.  കേരള  കര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക വാഹന പരിശോധന ഏര്‍പ്പെടുത്തി. സംശയാസ്പദമായി ആരെയെങ്കിലും കണ്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. 100 അല്ലെങ്കില്‍ 1000 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. 
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP