സ്വാഗതം
WELCOME

News Update..

Monday, June 10, 2013

അമ്പലപ്പുഴ മേഖലയില്‍ കടലാക്രമണം രൂക്ഷം Madhyamam News Feeds

അമ്പലപ്പുഴ മേഖലയില്‍ കടലാക്രമണം രൂക്ഷം Madhyamam News Feeds

Link to

അമ്പലപ്പുഴ മേഖലയില്‍ കടലാക്രമണം രൂക്ഷം

Posted: 10 Jun 2013 01:06 AM PDT

അമ്പലപ്പുഴ: പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഏറ്റവും കൂടുതല്‍ കടല്‍ കരയിലേക്ക് കയറുന്നത് പുറക്കാട് പഞ്ചായത്തിലാണ്. ഇവിടെ പുറക്കാട് ജങ്ഷന് പടിഞ്ഞാറ് മുതല്‍ കരൂര്‍ വരെയുള്ള പ്രദേശത്താണ് ശക്തമായ കടലേറ്റം. തിരമാലകള്‍  ശക്തിയായി കരയിലേക്ക് അടിച്ചുകയറുകയാണ്. പ്രദേശത്തെ 200ഓളം വീടുകളില്‍ കടല്‍വെള്ളം കയറി. പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. തകരാറിലായ വീടുകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് അവിടേക്ക് മാറ്റി.
കടല്‍ഭിത്തി കെട്ടിയിട്ടും കരിങ്കല്ലുകള്‍ ഇളകിയതാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കോമന തീരത്തെ പ്രദേശങ്ങളില്‍ കടല്‍ കരയിലേക്ക് കയറാന്‍ കാരണം. ഇവിടെ കടലാക്രമണം ശക്തമാണ്. നൂറുകണക്കിന് വീടുകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ കടല്‍ഭിത്തി  തകരാനുള്ള സാധ്യതയുമുണ്ട്. പുറക്കാട് പഴയങ്ങാടിയിലും കടലാക്രമണം ശക്തമാണ്.  കോമന, കാക്കാഴം തീരദേശ റോഡ് നിര്‍മാണത്തിനായി ഗ്രാവല്‍ വിരിച്ച പ്രദേശവും കടലാക്രമണത്തില്‍ ഒലിച്ചുപോയി. പുന്നപ്ര ഗലീലിയ കടപ്പുറം, എന്‍ജിനീയറിങ് കോളജിന് പടിഞ്ഞാറ്, വാടക്കല്‍ കടപ്പുറം, പൂമീന്‍പൊഴി എന്നിവിടങ്ങളിലും കടല്‍ കയറ്റം രൂക്ഷമാണ്.

രാജ് കുന്ദ്രയെ സസ്പെന്‍ഡ് ചെയ്തു

Posted: 10 Jun 2013 12:53 AM PDT

Image: 

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ ആരോപണ വിധേയനായ രാജസ്ഥാന്‍ റോയല്‍സ് ടീം സഹ ഉടമ രാജ് കുന്ദ്രയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു. വാതുവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്പെന്‍ഷന്‍. ബി.സി.സി.ഐ അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട് സ്വന്തം ടീമിന്റെ പേരില്‍ രാജ് കുന്ദ്ര വാതുവെപ്പ് നടത്തിയതായി ദല്‍ഹി പൊലീസ് വ്യക്തമാക്കിയതിന്‍െറ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ നടപടിയെടുത്തത്. കഴിഞ്ഞ ആഴ്ച കുന്ദ്രയെ ദല്‍ഹി പൊലീസ് 12 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. രാജ് കുന്ദ്രക്ക് വാതുവെപ്പ് വഴി ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കുന്ദ്രക്ക് രാജസ്ഥാന്‍ റോയല്‍സില്‍ കാര്യമായ റോളില്ലെന്ന് പറഞ്ഞ് കൈയൊഴിയാനാണ് സഹ ഉടമകളുടെ നീക്കം. ഫ്രാഞ്ചൈസിയുടെ ചട്ടങ്ങള്‍ കുന്ദ്ര ലംഘിച്ചതായി കണ്ടെത്തിയാല്‍ ഓഹരികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് ചെയര്‍മാന്‍ രഞ്ജിത് ഭരത്കൂറും സി.ഇ.ഒ രഘു അയ്യും അറിയിച്ചിരുന്നു.

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കും  11.7 ശതമാനം ഓഹരികളാണ് രാജ്സഥാന്‍ റോയല്‍സ് ടീമിലുള്ളത്.

മന്ത്രിസഭാ പ്രവേശം: അഭിപ്രായം പറയുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല

Posted: 10 Jun 2013 12:28 AM PDT

Image: 

തിരുവനന്തപുരം: മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് പരസ്യമായി അഭിപ്രായം പറയാന്‍ തനിക്ക് മേല്‍ നിയന്ത്രണങ്ങളുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്തെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അത് പറയേണ്ടിടത്ത് പറയും. വിഷയം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നുവെന്നത് ശരിയാണ്. കേരളയാത്രയുടെ സമയത്തും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. താന്‍ ഒരു സ്ഥാനത്തിന്റേയും പിന്നാലെ പോകുന്ന ആളല്ലെന്ന് എല്ലാവര്‍ക്കും അറിയാം. മന്ത്രിസ്ഥാനത്തെക്കുറിച്ച് അനാവശ്യമായ വിവാദങ്ങളുണ്ടായതില്‍ ദു:ഖമുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഷമമുണ്ടാക്കുന്ന തരത്തില്‍ വിഷയം മാറിയെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്.

കരുണാകരനാണ് ഇരുപത്തിയേഴാം വയസില്‍ തന്നെ മന്ത്രിയാക്കിയത്. അന്ന് അദ്ദേഹത്തിന് തന്നിലുണ്ടായിരുന്ന വിശ്വാസം മൂലമാണ് തന്നെ മന്ത്രിയാക്കിയത്. പിന്നീട് ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും തനിക്ക് ഏറെ അവസരങ്ങള്‍ നല്‍കി. അവരെ വഞ്ചിക്കാതെ, അവര്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് കഠിനാധ്വാനത്തിലൂടെ മുന്നോട്ടുപോയതിനാലാണ് തന്നെ തേടി കൂടുതല്‍ പദവികള്‍ വന്നത്. ആരു വിചാരിച്ചാലും തന്നില്‍ അവര്‍ പുലര്‍ത്തിയ വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല. ആര് വിചാരിച്ചാലും തന്നെ ജനമനസ്സുകളില്‍ നിന്ന് ഇറക്കിവിടാനും സാധിക്കില്ല. കേരളത്തിലെ കെ.പി.സി.സി പ്രസിഡന്റിനെ എല്ലാവര്‍ക്കും അറിയാം. എല്ലാ മന്ത്രിമാര്‍ക്കും മുകളിലാണ് കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനം. ഉചിതമായ സമയത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഒരു സമുദായ സംഘടനയോടും കൊമ്പുകോര്‍ക്കുകയോ ഏറ്റുമുട്ടുകയോ ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെ സമീപനമല്ലെന്നും അതേ സമീപനം തന്നെ തുടരുമെന്നും എന്‍.എസ്.എസുമായുള്ള തര്‍ക്കം ചൂണ്ടിക്കാട്ടിയപ്പോള്‍ ചെന്നിത്തല പറഞ്ഞു. അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അഭിപ്രായങ്ങള്‍ കേള്‍ക്കും. സുകുമാരന്‍ നായര്‍ക്കെതിരെ ആലപ്പുഴ ഡി.സി.സി പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഡി.സി.സിക്ക് പ്രമേയം പാസാക്കാനുള്ള അധികാരമുണ്ടെന്നും അവര്‍ അത് അയച്ചുതന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

 

പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും അക്രമാസക്തമായി

Posted: 10 Jun 2013 12:09 AM PDT

പരപ്പനങ്ങാടി: റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍പിരിവേര്‍പ്പെടുത്തിയതിനെതിരെ നടന്ന സമരത്തിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം എല്‍.ഡി.എഫ്, ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലിയും അക്രമാസക്തമായി.
പ്രകടനം ടോള്‍ബൂത്ത് പോയന്‍റിലെത്തിയപ്പോള്‍ പൊലീസ് ലാത്തിവീശി. മേല്‍പ്പാല ഉദ്ഘാടനത്തിന്‍െറ ഭാഗമായി നാട്ടിയ കമാനങ്ങള്‍ പ്രകടനക്കാര്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്.
ഇതോടെ പ്രവര്‍ത്തകരും റോഡോരത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടവുംചിതറിയോടിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി പ്രവര്‍ത്തകരെ നിയന്ത്രിച്ചതോടെ രംഗം ശാന്തമായി.

നാളെ മുതല്‍ അനിശ്ചിതകാല  ധര്‍ണ
പരപ്പനങ്ങാടി: ടോള്‍ ബൂത്ത് പോയന്‍റിനടുത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല ധര്‍ണ നടത്താന്‍ ടോള്‍ വിരുദ്ധ പ്രക്ഷോഭസമിതിയുടെ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തില്ല.

സമരം ശക്തമാക്കും -ഐ.എന്‍.എല്‍
പരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹയുടെ സ്മാരകമായി പണിതീര്‍ത്ത റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനിറങ്ങിയത് ഉദാരവത്കരണനയത്തിന്‍െറ പരിണതഫലമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ.പി. അബ്ദുല്‍ വഹാബും എന്‍.വൈ.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാലിഹ് മേടപ്പിലും പറഞ്ഞു. സമരം ശക്തമാക്കുമെന്നും  നേതാക്കള്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ  പ്രതിഷേധിച്ചു
മലപ്പുറം: പരപ്പനങ്ങാടി ടോള്‍ ബൂത്ത് സമരത്തില്‍ പോലീസിന്‍െറ അതിക്രമമുണ്ടായതില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം പ്രതിരോധിക്കുമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
 

ഇന്‍റര്‍വ്യൂ പ്രഹസനം; അധ്യാപക നിയമനങ്ങളില്‍ ക്രമക്കേട്

Posted: 09 Jun 2013 11:50 PM PDT

കാസര്‍കോട്: ഇന്‍റര്‍വ്യൂ പ്രഹസനമാക്കി ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ താല്‍ക്കാലിക അധ്യാപക നിയമനങ്ങളില്‍ ക്രമക്കേട് നടത്തുന്നതായി പരാതിയുയരുന്നു. യോഗ്യതയും മുന്‍പരിചയവുമുള്ളവരെ അവഗണിച്ച്  പല സ്കൂളുകളിലും സ്വന്തക്കാരെയും സ്കൂളധികൃതര്‍ക്ക് വേണ്ടപ്പെട്ടവരെയുമാണ് നിയമിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
പത്രങ്ങളില്‍ വ്യാപകമായി അറിയിപ്പ് നല്‍കിയാണ് ഇന്‍റര്‍വ്യൂ നടത്താറുള്ളതെങ്കിലും മാര്‍ക്ക് പോലും കണക്കിലെടുക്കാതെ മുന്‍കുട്ടി നിശ്ചയിച്ചവരെയാണ് പലപ്പോഴും ജോലിക്ക് തെരഞ്ഞെടുക്കുന്നത്. സ്വാധീനത്തിന്‍െറയും ശിപാര്‍ശയുടെയും ബലത്തിലും റാങ്ക് പട്ടികയില്‍ താഴെയുള്ളവര്‍ ജോലിയില്‍ കയറി കൂടുന്നുണ്ട്.
പി.എസ്.സി നിയമനത്തിന് വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും  നിയമന നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പി.എസ്.സി  റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുമ്പോള്‍ ഈ ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലവിലുണ്ടെങ്കിലും ഇത്  പാലിക്കപ്പെടുന്നില്ല. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചിരുന്നു. അതും പ്രാബല്യത്തിലായിട്ടില്ല.  
താല്‍ക്കാലിക അധ്യാപക നിയമനങ്ങളിലെ അപാകതക്കെതിരെ പരാതി ഉയര്‍ന്നാലും ഇത് പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ഫലപ്രദമായ സംവിധാനമില്ലാത്തത്  ക്രമക്കേട് നടത്തുന്നവര്‍ക്ക് സഹായകമാകുന്നു.

ഉള്‍ക്കടലില്‍ ബോട്ടിടിച്ച് വള്ളം തകര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്

Posted: 09 Jun 2013 11:44 PM PDT

കണ്ണൂര്‍:  ഉള്‍ക്കടലില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം അന്യസംസ്ഥാന ബോട്ട് ഇടിച്ച് തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ പൊന്നാനി കൊള്ളീന്‍റവിട ബദറു (36), പുതുപൊന്നാനി ചിപ്പന്‍റവിട സലാം (39) എന്നീ മത്സ്യത്തൊഴിലാളികളെ കണ്ണൂര്‍  ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
ആയിക്കരയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ കണ്ണൂര്‍ സിറ്റിയിലെ അബൂഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കുഞ്ഞിംവലക്കാര്‍ ഫൈബര്‍ വള്ളമാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ  ധര്‍മടം ഭാഗത്തുനിന്ന്  18 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നെത്തിയ  ഐ.എന്‍.ഡി കെ.എ 02 എം.എം. 51 നമ്പര്‍  മത്സ്യ ബന്ധന ബോട്ട് ഇവരുടെ വള്ളത്തില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബോട്ടിന്‍െറ ഡ്രൈവര്‍ കാബിനില്‍ ആരുമുണ്ടായിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു.
വള്ളം ബോട്ടിനു മുന്നില്‍ കുടുങ്ങി വേഗത കുറഞ്ഞപ്പോഴാണ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ സംഭവം അറിഞ്ഞത്. എന്നാല്‍, ഇരുവരെയും ബോട്ടില്‍ കയറ്റാന്‍ തയാറായില്ല. പിന്നീട്  ബദറുവിനെയും സലാമിനെയും ബോട്ടില്‍ കയറ്റിയെങ്കിലും ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തങ്ങളെ കണ്ണൂരിലോ തലശ്ശേരിയിലോ ഇറക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും ബോട്ടിലുണ്ടായിരുന്നവര്‍ അതിനു തയാറാകാതെ കര്‍ണാടകയിലെ മലപ്പ ഹാര്‍ബറിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് മലപ്പ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ കടലില്‍നിന്ന് രക്ഷപ്പെടുത്തിയതാണെന്ന് പറഞ്ഞ് ബോട്ടിലുള്ളവര്‍ പോയെന്ന് ആശുപത്രിയില്‍ കഴിയുന്ന സലാമും ബദറുവും പറഞ്ഞു. തങ്ങളുടെ വള്ളം ഇടിച്ചു തകര്‍ത്തതാണെന്ന പരാതി കേള്‍ക്കാതെ ബോട്ടുടമസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചില കടലാസുകളില്‍ ഒപ്പിടുവിച്ചതിനു ശേഷം ആയിരം രൂപയും നല്‍കി വിട്ടയക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
മലപ്പയില്‍നിന്നാണ് വള്ളം അപകടത്തില്‍പെട്ട കാര്യം ഉടമയെ അറിയിക്കുന്നത്. പിന്നീട് കണ്ണൂരിലെത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്തു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഇതിനിടെ, ഞായറാഴ്ച രാവിലെ ധര്‍മടം ഭാഗത്ത്  തകര്‍ന്ന  നിലയില്‍ കണ്ടെത്തിയ വള്ളം  ഫിഷറീസ് ബോട്ട് ഉപയോഗിച്ച്  വൈകീട്ടോടെ  ആയിക്കരയിലെത്തിച്ചു.  14 ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്.  വളപട്ടം കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഉടമ പരാതി നല്‍കി.

പി.പി. ആലി കല്‍പറ്റ നഗരസഭ ചെയര്‍മാനാവും; ഒ.എം. ജോര്‍ജ് ബത്തേരി പഞ്ചായത്ത് പ്രസിഡന്‍റും

Posted: 09 Jun 2013 11:31 PM PDT

കല്‍പറ്റ: ഡി.സി.സി ജനറല്‍ സെക്രട്ടറിയും ഐ .എന്‍. ടി.യു .സി ജില്ലാ പ്രസിഡന്‍റുമായ പി.പി. ആലിയെ കല്‍പറ്റ നഗരസഭാ ചെയര്‍മാനായും ഒ.എം. ജോര്‍ജിനെ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്‍റായും തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം.
 യു.ഡി.എഫ് ധാരണപ്രകാരം പൊഴുതനയിലും മൂപ്പൈനാടും മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ രാജിവെക്കാത്ത സാഹചര്യത്തില്‍ ലീഗിനോട് രാജി ശക്തമായി ആവശ്യപ്പെടാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
രണ്ടരവര്‍ഷം പൂര്‍ത്തിയായപ്പോള്‍ മേയ് എട്ടിന് തന്നെ രാജിയെക്കുറിച്ച് യു.ഡി.എഫില്‍ ചര്‍ച്ച സജീവമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടെങ്കിലും യു.ഡി.എഫ് ധാരണപ്രകാരം മുസ്ലിം ലീഗ് കല്‍പറ്റയിലും ബത്തേരിയിലും സ്ഥാനമൊഴിഞ്ഞു.
കല്‍പറ്റ ബ്ളോക്കില്‍ അടുത്തദിവസം പ്രസിഡന്‍റിന്‍െറ രാജിയുണ്ടാകും.
പൊഴുതനയില്‍ കോണ്‍ഗ്രസ്-ഐ ഗ്രൂപ്പാണ് പ്രസിഡന്‍റ് സ്ഥാനത്തിന് കാത്തിരിക്കുന്നത്. ഇവിടെ മുസ്ലിംലീഗില്‍നിന്ന് രണ്ടുപേരുടെ പേരുകള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ രാജി നീളുന്നത് ഇവിടെ ലീഗിലും കോണ്‍ഗ്രസിലും ചര്‍ച്ചയാണ്. അതേസമയം, പൊഴുതനയില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ഇപ്പോള്‍ മാറ്റംവേണ്ടെന്ന നിലപാടും ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഐ ഗ്രൂപ്പിന് തിരിച്ചടിയാണ്. ഇവിടെ വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നത് എ ഗ്രൂപ്പാണ്. മൂപ്പൈനാട്, അമ്പലവയല്‍ പഞ്ചായത്തുകളിലും അധികാര കൈമാറ്റം മുന്നണിയില്‍ സജീവചര്‍ച്ചയാണ്.
തദ്ദേശ സ്ഥാപനങ്ങളില്‍ രണ്ടരവര്‍ഷത്തിനുശേഷം ലഭിച്ച സ്ഥാനങ്ങള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമിതി യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, നേതാക്കളായ പി.കെ. ഗോപാലന്‍, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, വി.എ. മജീദ് എന്നിവര്‍ പങ്കെടുത്തു.
കല്‍പറ്റ ബ്ളോക്, പൊഴുതന, തരിയോട്, അമ്പലവയല്‍, മൂപ്പൈനാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ തീരുമാനം ജൂണ്‍ 17ലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയും കല്‍പറ്റയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 12നുമാണ്.
ബത്തേരിയില്‍ കോണ്‍ഗ്രസ്-ഒമ്പത്, ലീഗ്-അഞ്ച്, കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില.  സി.പി.എം-ഏഴ്, എന്‍.സി.പി ഒന്ന് എന്നിങ്ങനെയാണ് എല്‍.ഡി.എഫ് കക്ഷിനില.
28 അംഗ കല്‍പറ്റ നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസ്-ഒമ്പത്, ലീഗ്-എട്ട്, സോഷ്യലിസ്റ്റ് ജനത-നാല് എന്നിങ്ങനെയാണ് യു.ഡി.എഫ് കക്ഷിനില. സി.പി.എമ്മിന് ഇവിടെ ഏഴ് അംഗങ്ങളുണ്ട്.

കര്‍ണാടക സംഗീതജ്ഞ രഞ്ജനി ഹെബ്ബര്‍ അന്തരിച്ചു

Posted: 09 Jun 2013 11:26 PM PDT

Image: 

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞ രഞ്ജനി ഹെബ്ബര്‍ (31) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ കര്‍ണാടക സംഗീതത്തില്‍ കഴിവ് തെളിയിച്ച രഞ്ജനി മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയില്‍ എ ഗ്രേഡ് ആര്‍ടിസ്റ്റ് ആയിരുന്നു. കല്‍ക്കി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഗുരുപ്രസാദ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ്.
 

കരിപ്പൂര്‍ വിമാനത്താവള വികസനം: സ്ഥലം ഏറ്റെടുക്കാത്തതിനെതിരെ സമരസമിതി പ്രക്ഷോഭത്തിന്

Posted: 09 Jun 2013 11:23 PM PDT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി കണ്ടെത്തിയ 137 ഏക്കര്‍ സ്ഥലം 15 വര്‍ഷം കഴിഞ്ഞും ഏറ്റെടുക്കാത്ത സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത സമരസമിതി പ്രക്ഷോഭത്തിന്.
കാലിക്കറ്റ് ചേംബര്‍, മലപ്പുറം ചേംബര്‍ ഓഫ് കോമേഴ്സ്, കാലിക്കറ്റ് ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് നോര്‍ത് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ടാക്സ് പെയേഴ്സ് അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുടെ  ആഭിമുഖ്യത്തിലുള്ള  സമരസമിതി പ്രഥമ നടപടിയെന്ന നിലക്ക് ജൂണ്‍ 10ന് മലപ്പുറം കലക്ടര്‍ക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും തുടര്‍ന്ന് സമീപിക്കും. എന്നിട്ടും നടപടിയില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാനാണ്  തീരുമാനം.
കഴിഞ്ഞ 15 വര്‍ഷമായി സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ കോഴിക്കോട് വിമാനത്താവള വികസനം പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമടക്കം ജനപ്രതിനിധികള്‍ ഈ കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ല. 9000 അടി റണ്‍വേയുള്ള കോഴിക്കോട് വിമാനത്താവളം 11,000 അടി ആക്കി ഉയര്‍ത്തിയാലേ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കൂ. നെടുമ്പാശ്ശേരി, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങള്‍ മതിയായ സൗകര്യങ്ങളോടുകൂടി നടപ്പാക്കുമ്പോള്‍ ചില പ്രാദേശിക, രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ സ്ഥലം ഏറ്റെടുക്കല്‍ മുടങ്ങിക്കിടക്കുകയാണെന്ന് കാലിക്കറ്റ് ചേംബര്‍ പ്രസിഡന്‍റ് അഡ്വ. പി.ടി.എസ്. ഉണ്ണി, സെക്രട്ടറി ഷംസുദ്ദീന്‍ മുണ്ടോളി, വൈസ് പ്രസിഡന്‍റ് എന്‍ജി. പി. മമ്മദ്കോയ, ട്രഷറര്‍ കുഞ്ഞോത്ത് അബൂബക്കര്‍, ഡോ. കെ. മൊയ്തു, എം. മുസമ്മില്‍, സി.വി. വില്‍സണ്‍, സി.ഇ. ചാക്കുണ്ണി എന്നിവര്‍ ആരോപിച്ചു.

അബൂദബി സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 27 മുതല്‍

Posted: 09 Jun 2013 10:43 PM PDT

Image: 

അബൂദബി: വേനല്‍ കാലത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അബൂദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് ജൂണ്‍ 27 മുതല്‍ നടക്കും. 52 ദിവസം നീളുന്ന മേള ആഗസ്റ്റ് 17ന് സമാപിക്കും. റമദാനും ചെറിയ പെരുന്നാളും അടക്കമുള്ള ആഘോഷ നാളുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് മേള സംഘടിപ്പിക്കുന്നത്.  
അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നാല് ഹാളുകള്‍ ഷോയുടെ ഭാഗമായി ഉണ്ടാകും. ലോകോത്തര ഷോകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാ അവതരണങ്ങളും നടക്കും. അറബിക് സംഗീത ഷോകള്‍ക്കൊപ്പം ദ്വിഭാഷാ തമാശ പരിപാടികളും നാടകങ്ങളും ശ്രദ്ധേയ ഇനങ്ങളാകും. യാസ് ഐലന്‍റും വിവിധ പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും. പ്രശസ്തര്‍ പങ്കെടുക്കുന്ന കായിക വിനോദങ്ങള്‍ ഇവിടെ അരങ്ങേറും. അബൂദബിയുടെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായ മേളയായിരിക്കും അരങ്ങേറുകയെന്ന് അബൂദബി സമ്മര്‍ ഫെസ്റ്റ് മാനേജര്‍ സുല്‍ത്താന്‍ അല്‍ മുഹൈരി പറഞ്ഞു.  യാസ് ഐലന്‍റിലെ ഡു ഫോറത്തിലും എക്സിബിഷന്‍ സെന്‍ററിലുമായി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന ഒട്ടനവധി പരിപാടികള്‍ നടക്കും. വരും മാസങ്ങളില്‍ അബൂദബിയെ മേഖലയിലെ യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ ഫെസ്റ്റ് സമയത്ത് അബൂദബിയിലെ 35 ഹോട്ടലുകളില്‍ മൂന്ന് ദിവസം തങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഫെറാരി വേള്‍ഡ് അബൂദബി തീം പാര്‍ക്കിലേക്കും യാസ് വാട്ടര്‍ വേള്‍ഡിലേക്കുമുള്ള ടിക്കറ്റുകള്‍ ഈദിനൊഴികെ ഹോട്ടലില്‍ തങ്ങുന്നവര്‍ക്ക് ലഭിക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഭക്ഷണം സൗജന്യമായിരിക്കും.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്‍മാരെ അബൂദബി സമ്മര്‍ഫെസ്റ്റിലേക്ക് ആകര്‍ഷിക്കാനായി ഒരുക്കിയ റോഡ് ഷോകളും ആരംഭിച്ചു.  
ജൂണ്‍ 13 വരെ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലായാണ് റോഡ് ഷോകള്‍ നടക്കുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP